🌻സൂര്യകാന്തി 🌻: ഭാഗം 46

Sooryakanthi mizhi

രചന: മിഴി

 മ്മ്.. എല്ലാം പറയാം... എന്തായാലും സംഭവം അൽപ്പം സീരിയസ് ആണെന്ന് തോന്നുന്നു.. അതുകൊണ്ടുതന്നെ ആദ്യം മൈൻഡ് ഒന്നു റിലാക്സ് ആക്കു. എന്നിട്ട് സമാധാനമായി പറഞ്ഞാൽ മതി.. സൂര്യൻ വിദ്യയുടെ തോളിലൊന്നു തട്ടി റൂമിലേയ്ക്ക് വിരൽചൂണ്ടി.. തന്നെ ഗൗനിക്കാതെയുള്ള സൂര്യന്റെ പ്രവർത്തിയിൽ ദയയ്ക്കല്പം നീരസം തോന്നിയെങ്കിലും സന്ദർഭം മനസ്സിലാക്കി അവൾ പിൻവലിഞ്ഞു.. വിഷമിക്കേണ്ട കേട്ടോ.. എല്ലാം നമുക്ക് ശരിയാക്കാം. വീണ്ടും വിഷമത്തോടെ നോക്കിനിൽക്കുന്നവളെ സൂര്യൻ ആശ്വസിപ്പിച്ചു.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഒരു സിംഗിൾ ബെഡും ജനലോരത്തായി കുഞ്ഞൊരു മേശയും കസേരയും.. തുറന്നുകിടക്കുന്ന ജനാലയിൽക്കൂടി കടലിരമ്പം കേൾക്കാം.. ജനലഴികളിൽ മുഖം ചേർത്തു അധികം ദൂരയല്ലാതെ കാണുന്ന നീലസാഗരത്തിലേയ്ക്ക് നോട്ടമയച്ചു വിദ്യ നിന്നു.. യാത്രയുടെ കാഠിന്യത്തിൽ ചിതറിപ്പോയ മുടിയിഴകൾ കടൽക്കാറ്റിൽ പാറിനടന്നു. ദയ ഫ്രഷ് ആയി വരുമ്പോഴും വിദ്യ അതേ നിൽപ്പ് തന്നാണ്..

അതു കാൺകെ അവൾക്കുള്ളിൽ ഈർഷ്യ തോന്നി. ഇറ്റ്സ് ഇനൗഫ് വിദ്യ... ഇത്ര ബുദ്ധിമുട്ടി നീയൊന്നും ചെയ്യേണ്ട... ഒരാവേശത്തിൽ ചാടിക്കേറി തീരുമാനങ്ങൾ എടുത്തേച്ചു ഒടുക്കം വിഷമിക്കേണ്ടല്ലോ.. യൂ നോ വൺ തിങ്... ഐആം എ ബിഗ് ഫൂൾ.... ദയ... ഞാൻ.. നൊ... ജസ്റ്റ്‌ സ്റ്റോപ്പ്ഡ് വിദ്യ.. നീ.. നീയും എന്നെ പറ്റിക്കുവാണ്.. എന്നും ദയ ഒറ്റയ്‌ക്കാണ്.. ഇനിയും അങ്ങനെതന്നെ മതി.. എനിക്ക് വേണ്ടി നീയൊന്നും സാക്രിഫൈസ് ചെയ്യേണ്ട.. പക്ഷേ... ഒന്നോർക്കുന്നത് നല്ലതാ.. ഇതൊന്നും ഞാൻ ഒറ്റയ്‌ക്കെടുത്ത തീരുമാനങ്ങളല്ല.. എല്ലാത്തിനും തുടക്കമിട്ടത് നീയാണ്.. ദയനീയമായി തന്നിലേയ്ക്കടുക്കുന്നവളെ വകവെയ്ക്കാതെ ദയ ബാക്പാക്ക് കൈയിലെടുത്തു തിരിഞ്ഞു നടന്നു.. ദയ... പ്ലീസ്... ഒന്നുനിൽക്കെടീ.. എല്ലാം നിനക്കറിയുന്നതല്ലേ.. ഈ യാത്ര പോലും നമുക്കുവേണ്ടിയല്ലേ... പറയുന്നതൊപ്പം വിദ്യ ദയയെ പുറകിൽനിന്നും പുണർന്നിരുന്നു... ചുണ്ടിലൂറിയ പുഞ്ചിരി വിദഗ്ധമായി മറച്ചുകൊണ്ടവൾ വിദ്യയെ ദുർബലമായി പ്രതിരോധിച്ചുകൊണ്ടിരുന്നു.. ദയ... മോളേ...

എന്നെ വിട്ടു പോകല്ലേടീ... ഈ ലോകത്ത് എന്നെ മനസ്സിലാക്കാൻ നീ മാത്രേയുള്ളൂ.. അതു കൂടി ഇല്ലാണ്ടായാൽ പിന്നെ ഞാനില്ല.. നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേയ്ക്കടുക്കാൻ എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷേ.. ജിത്തേട്ടൻ.. ഏട്ടൻ പാവാടീ.. എനിക്ക് ഏട്ടനെ ചതിക്കാൻ പറ്റില്ല.. വിദ്യയുടെ ചിന്തകളെ ഇതിനകം അളന്നുമുറിച്ചവൾ അവസാന വാചകം കേട്ട് ഒരുനിമിഷം കാതോർത്തു.. ബലമായി അവളുടെ കൈകൾ വിടുവിച്ചു തനിക്കു മുൻപിൽ നിർത്തി.. എന്താ വിദ്യാ നീ പറഞ്ഞു വരുന്നത്.? എടാ... എനിക്ക് ജിത്തേട്ടനെ ഒരിക്കലും വേദനിപ്പിക്കാനാകില്ല.. ഏട്ടൻ പാവമാടി.. ഞാൻ എല്ലാം ഏട്ടനോട് തുറന്നു പറയാൻ പോകാ.. എല്ലാമറിയുമ്പോൾ ജിത്തേട്ടൻ എന്നെ മനസ്സിലാക്കും.. എന്റെ അച്ഛൻ മനസ്സിലാക്കിയതുപോലെ.. വിദ്യയുടെ കണ്ണിൽ വിരിയുന്ന പ്രതീക്ഷയുടെ തിളക്കം ദയയിൽ തെല്ലസ്വസ്ഥതയുണ്ടാക്കി.. എന്നിട്ടെന്തായി എല്ലാം അംഗീകരിച്ചു കൂടിനിന്ന അച്ഛനുണ്ടോ ഇപ്പോൾ ...? സൂര്യൻ അംഗീകരിക്കുമോ? എന്തിന് നിന്റെ അനിയനെങ്കിലും മനസ്സിലാക്കുമോ..?

മകളെ സുരക്ഷിതമായൊരു കൈകളിലേൽപ്പിച്ചു കണ്ണടക്കാൻ കാത്തിരിക്കുന്ന അമ്മ സമ്മതിച്ചുതരുമോ? നോ.. നെവർ... നമ്മുടെ സോസൈറ്റി ഇതൊന്നും ഒരിക്കലും ഉൾക്കൊള്ളാൻ പോകുന്നില്ല.. ഒടുവിൽ അച്ഛനെപ്പോലെ നെഞ്ചുപൊട്ടി ആ പാവം അമ്മയും തീരും.. ക്രൂരമായൊരാനന്ദത്തോടെ ദയ വിദ്യയ്ക്കുനേർക്കു അമ്പുകൾ പായിച്ചു. ഇല്ല... അമ്മ.. അമ്മയ്‌ക്കൊന്നും സംഭവിക്കരുത്.. ഞാൻ കാരണാ.. എന്റെ അച്ഛൻ.. എന്റെ ഭാവിയോർത്തു ഉള്ളു നീറിയാ ആ പാവം കണ്ണടച്ചത്.. ഇപ്പോഴും ആത്മാവിനു ശാന്തി കിട്ടികാണില്ല.. പക്ഷേ... ജിത്തേട്ടനെ വിഷമിപ്പിച്ചാൽ അച്ഛനൊരിക്കലും എന്നോട് ക്ഷമിക്കില്ല ദയ... എനിക്ക്.. ഓർത്തിട്ടു ആകെ ഭ്രാന്ത് പിടിക്കുവാ.. മുന്നിലെന്തെന്നറിയാതെ അവൾ നിലത്തേയ്ക്ക് മുട്ടുകുത്തിയിരുന്നു.. വിരലുകൾ മുടിയിഴകളെ ഞെരിച്ചുടച്ചു.. വിദ്യാ.. റിലാക്സ്.. നോക്ക് മോളേ.. ഞാൻ നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ലാ.. ഇവിടെ ശരിയും തെറ്റും നോക്കിയിരുന്നാൽ നിനക്കുമുൻപിൽ നഷ്ടങ്ങൾ മാത്രമേ കാണുള്ളൂ..

ഒരുകണക്കിന് നോക്കിയാൽ നീ സൂര്യനോടൊരു തെറ്റും ചെയ്യുന്നില്ല.. നമ്മുടെ കാര്യങ്ങൾ സേഫ് ആകുന്നവരെ ഒരു അഡ്ജസ്റ്മെന്റ്.. അതുകഴിഞ്ഞു നമുക്ക് നമ്മുടെ വഴി.. സൂര്യന് അവന്റെ വഴി.. ദയ അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം മുടിയിൽ തഴുകിക്കൊണ്ടിരുന്നു.. നിലത്തായി ദയയുടെ മടിയിൽ തലചായ്ച്ചുകിടക്കെ വിദ്യയുടെ ഉള്ളിൽ ഭൂതവും ഭാവിയും പരസ്പരം പോർവിളിച്ചുകൊണ്ടിരുന്നു.. നഴ്സിംഗിന് ബാംഗ്ലൂരിൽ ചേരണമെന്ന് വാശിപിടിച്ചപ്പോൾ ആദ്യം എതിർത്തെങ്കിലും അച്ഛൻ തന്റെ ഇഷ്ടത്തിന് പതിയെ പച്ചക്കൊടി കാട്ടി.. വിച്ചൂനെ വിട്ടുനിൽക്കാൻ ഇഷ്ടമുണ്ടായിട്ടല്ല മനസ്സിൽ ഇതിനകം മുളച്ചിരുന്ന വികട ചിന്തകളെ തല്ലിക്കെടുത്താനെന്നോണമാണ് ഇങ്ങനൊരു മാർഗം തിരഞ്ഞെടുത്തത് തന്നെ.. ലക്ഷ്മി... തന്റെ ലെച്ചു.. പ്ലസ് വണ്ണിന് ചേർന്നപ്പോൾ കിട്ടിയ കൂട്ടാണ്... വെളുത്തു നീണ്ടൊരു പൂച്ചക്കണ്ണി.. അതുവരെയും ആഴമുള്ള സൗഹൃദങ്ങൾ ഇല്ലാതിരുന്ന വിദ്യയ്ക്ക് ആദ്യമായി കിട്ടിയ ആത്മാർത്ഥ സുഹൃത്ത്‌.. കാണാൻ നന്നേ സുന്ദരിയായിരുന്നതുകൊണ്ട് തന്നെ ഒരുപാട് പ്രണയഭ്യർത്ഥനകൾ ഒളിഞ്ഞും തെളിഞ്ഞും സ്കൂളിൽ വന്നിട്ടുണ്ടെങ്കിലും അവൾക്കാരോടും ചെറു താല്പര്യം പോലും തോന്നിയിരുന്നില്ല.

പിന്നെ അച്ഛൻ അതേ സ്കൂളിൽ ആയിരുന്നതിനാൽ ആരും അധികം ശല്യപ്പെടുത്തിയുമില്ല. എന്നാൽ മാസങ്ങൾ കഴിയെ വിദ്യയ്ക്ക് തന്നിൽ ചില മാറ്റങ്ങൾ അറിയാനായി.. ഇതുവരെയും തോന്നിയിട്ടില്ലാത്ത എന്തൊക്കെയോ പുതിയ വികാരങ്ങൾ.. എല്ലാത്തിനും ഒരൊറ്റ ബിന്ദു.. ലെച്ചു.. അവളോടൊപ്പം സമയം ചിലവിടാൻ തിടുക്കമേറി.. ലെച്ചുവില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥ.. അവളില്ലാത്ത ദിവസങ്ങൾ വിരസവും ദുസ്സഹവുമായി. താനല്ലാതെ മറ്റൊരാൾ അവളെ കൂടുതൽ ശ്രദ്ധിക്കുന്നതുപോലും അനിഷ്ടമായി.. ചുറ്റുമുള്ളവർക്കും ലെച്ചുവിനും അതു സൗഹൃദത്തിന്റെ ആഴമായേ കാണാൻ കഴിഞ്ഞുള്ളൂ. എന്നാൽ ലെച്ചു തന്റെ വീടിനടുത്തുള്ള പയ്യനെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞനാൾ വിദ്യ തിരിച്ചറിഞ്ഞു തനിക്ക് അവളോട്‌ തോന്നിയിരുന്നത് വെറും സൗഹൃദമല്ല.. മറിച്ചു പ്രണയമാണെന്ന്.. തികച്ചും അവിശ്വസനീയമായിരുന്നു ആ തിരിച്ചറിവ്.. തനിക്കെങ്ങനെ ഒരു പെൺകുട്ടിയെ പ്രണയിക്കാനാകും.. ഇനി ഇത് മനസ്സിന്റെ ഭ്രമമാകുമോ..? അല്ല.. ലെച്ചുവിന്റെ സാമീപ്യം തന്നിലൂണർത്തുന്ന വികാരങ്ങൾ.. മറ്റൊരാളൊത്തവളെ കാണുമ്പോൾ നീറുന്ന ഹൃദയം.. ഒരു പുഞ്ചിരിപോലും കുളിരേകുന്ന ദേഹം.. എന്നാൽ.. ഇതൊന്നും തുറന്നുപറയാനോ..

ലെച്ചുവിന്റെ സന്തോഷം തകർക്കണോ വിദ്യയ്ക്കായില്ല. അല്ലെങ്കിൽത്തന്നെ ഇതൊക്കെ അറിഞ്ഞാൽ അവൾ പിന്നെ വെറുപ്പോടെയാകും തന്നെ കാണുക.. എന്റെ ശരികൾ സമൂഹത്തിനു തെറ്റാണ്.. ജീവൻ പറിഞ്ഞുപോകുന്ന വേദനയോടെ ലെച്ചുവിനെ മറക്കാൻ കൂടിയാണ് പ്ലസ് ടുവിന് ശേഷം ദൂരേയ്ക്കുള്ള ഈ പറിച്ചുനടൽ... ഒപ്പം സ്വന്തം മാറ്റങ്ങൾക്ക് തൃപ്തികരമായൊരു ഉത്തരം നേടുകയെന്ന ലക്ഷ്യവും.. ബാംഗ്ലൂരിൽ പഠനത്തിന് ചേർന്നശേഷം ആദ്യമൊക്കെ ആരോടുമധികം മിണ്ടാതെ ലെച്ചുവിന്റെ ഓർമകളിൽ തള്ളിനീക്കി.. പിന്നെ തിരക്കിട്ട പഠനവും ആഴ്ചകളിൽ വീട്ടിലേയ്ക്കുള്ള പോക്കും വിച്ചൂവുമൊത്തുള്ള കളിയും ചിരിയുമായി ജീവിതം മാറീതുടങ്ങിയയിടയാണ് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു മൂന്നു മാസങ്ങൾക്ക് ശേഷം ലേറ്റ് അഡ്മിഷൻ ആയി ദയ വരുന്നത്.. ചെറുപ്പം മുതൽ അനാഥാലയത്തിൽ കഴിഞ്ഞ ഉൾവലിഞ്ഞ സ്വഭാവമുള്ളൊരു പെൺകുട്ടി.. നല്ല മാർക്കുണ്ടായിട്ടും പണമില്ലാത്തതിനാൽ പഠിക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി കഴിഞ്ഞവൾ..

പക്ഷേ.. ഭാഗ്യമെന്നു പറയട്ടെ അൽപ്പം വൈകിയെങ്കിലും ആരോ സ്പോൺസർ ചെയ്തു കോഴ്സിന് ചേരാൻ പറ്റി. നാട്ടിൽ സീറ്റ് കിട്ടാഞ്ഞതിനാൽ ഇവിടെയെത്തി.. റൂം മേറ്റ് ആയി എത്തി പതിയെ വിദ്യയുടെ എല്ലാമായവൾ.. ലെച്ചുവിനെപ്പോലെ നഷ്ടപ്പെടുത്താൻ വയ്യാത്തതിനാൽ സൗഹൃദം അതിരുവിടാതെ നോക്കി. എന്നാൽ എപ്പോഴോ തന്റെ മനസ്സിന്റെ വിചിത്രതലങ്ങൾ വെളിപ്പെടുത്തേണ്ടിവന്നു.. വെറുക്കുമെന്നും തള്ളിക്കളയുമെന്നുമാണ് കരുതിയത്.. എന്നാൽ... ഒരിക്കലും കൈവിടില്ലെന്ന വാഗ്ദാനത്തോടെ ചേർത്തുപിടിക്കയാണ് ചെയ്തത്. അവിടുന്നിങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു ഇരുവർക്കും.. ദയ ഉൾവലിഞ്ഞ പ്രകൃതത്തിൽനിന്നും പുറത്തുവന്നു.. ആർക്കുമുന്നിലും തങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താതെ നാട്ടിലും കോളേജിലും ഉറ്റ സുഹൃത്തുക്കളായി കഴിഞ്ഞു.

പഠനം കഴിഞ്ഞു വിദേശത്തേയ്ക്ക് പോകാനായി പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് ഒരിക്കൽ നാട്ടിൽ പോയപ്പോൾ അച്ഛൻ സൂര്യനുമായുള്ള വിവാഹമെന്ന തന്റെ ആഗ്രഹം വിദ്യയോട് പറയുന്നതും തുടർന്നു അവൾ സ്വന്തം ആഗ്രഹം അച്ഛനോട് വെളിപ്പെടുത്തുന്നതും.. ആദ്യമൊന്നും ആ പിതാവിനതുൾക്കൊള്ളാനായില്ല പക്ഷേ.. വൈകിയെങ്കിലും യാഥാർഥ്യം അയാൾ ഉൾക്കൊണ്ടു്. പക്ഷേ... മനസ്സിനതെല്ലാം താങ്ങാനുള്ള ശക്തിയുണ്ടായില്ല. അതാകാം പെട്ടെന്ന് ഹൃദയഘാതം വന്നതും. ജീവൻ അകന്നതും.. ഇന്നിപ്പോൾ അമ്മയും അതേ ആഗ്രഹം പറഞ്ഞിരിക്കയാണ്.. അച്ഛനെപ്പോലെ ഇതൊന്നും അംഗീകരിക്കാൻ യഥാസ്ഥിതീകയായ അവർക്കാകില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോൾ സൂര്യനെക്കാണാനായി വന്നതും........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story