🌻സൂര്യകാന്തി 🌻: ഭാഗം 47

Sooryakanthi mizhi

രചന: മിഴി

 ഡോറിൽ തട്ടിയുള്ള വിളി കേട്ടാണ് വിദ്യ ഓർമകളിൽനിന്നും തിരികെവന്നത്.. താനിപ്പോഴും വെറും നിലത്തു ദയയുടെ മടിയിൽ തലചായ്ച്ചു കിടക്കയാണെന്നു അപ്പോൾ മാത്രമാണവൾ അറിഞ്ഞതും.. പുറത്തുനിന്നും സൂര്യന്റെ ശബ്ദം കേട്ടപ്പോഴേ മനസ്സിലായി ആൾ ഫുഡ്‌ വാങ്ങി വന്നെന്ന്.. എഴുന്നേൽക്കാനായി തുടങ്ങിയ വിദ്യയുടെ കൈകളിൽ ദയ മുറുകെപ്പിടിച്ചു... മുഖത്തുനിറഞ്ഞ ആധി താൻ ഇനിയെന്താണ് ചെയ്യാൻ പോകുകയെന്ന് ഉള്ള ഭയമാണെന്ന് വിദ്യയ്ക്ക് മനസ്സിലായി.. ഇല്ല.. ദയ... ഞാൻ ഒരിക്കലും നിന്നെവിട്ടു പോകില്ല... എന്നെ ഞാനായി ഉൾക്കൊള്ളാൻ ഈ ഭൂമിയിൽ നീയുള്ളപ്പോൾ മറ്റെന്തു വേണമെനിക്ക്.. നമ്മുടെ ശരികൾ ഈ സമൂഹത്തിനു തെറ്റായിരിക്കാം.. പക്ഷേ.. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ സ്വന്തം സ്വത്വം ആത്മാഹൂതി ചെയ്തു അഭിനയിക്കാൻ നമുക്കാവുമോ..? ഇല്ല.... നമുക്ക് നാമായി ജീവിക്കണം.. അതിനീ നാടുവിട്ടു പോകണം.. ആരും തിരിച്ചറിയാത്ത.. ഒരു ബന്ധനങ്ങളുമില്ലാത്ത ഒരിടത്തേയ്ക്ക്.. അതിനു മുൻപ് ജന്മം നൽകിയവരോടുള്ള കടപ്പാട് അതു നിറവേറ്റണം.. അച്ഛന്റെ അവസ്ഥ അമ്മയ്ക്കുണ്ടാകരുത്.. അതിനു മനസ്സ് കുറച്ചു കല്ലാക്കേണ്ടി വന്നാലും സാരമില്ല..

ഏട്ടൻ എന്നെ മനസ്സിലാക്കും... നിക്കറിയാം... ദയയെ ആശ്വസിപ്പിക്കും പോൽ പറഞ്ഞുകൊണ്ട് വിദ്യ എഴുന്നേറ്റു. അവളുടെ നിശ്ചയധാർഷ്ട്യത്തിൽ ആശ്വാസം തോന്നിയെങ്കിലും സൂര്യനോട് അണുവിട കുറയാതെയുള്ള സ്നേഹത്തിൽ തെല്ലസൂയ കുത്താതിരുന്നില്ല.. ദയ... ആ ഡോർ തുറന്നേക്ക്.. ഞാൻ ഒന്നു ഫ്രഷായി പെട്ടെന്ന് വരാവേ.. നീ അങ്ങോട്ടേക്കു ചെല്ല് ജിത്തേട്ടൻ ഫുഡ്‌ എടുത്തുവെക്കാരിയ്ക്കും.. ബാത്‌റൂമിലേയ്ക്ക് കയറുംവഴി വിദ്യ വിളിച്ചുപറഞ്ഞു.. ദയ ചെല്ലേ സൂര്യൻ ടേബിളിൽ പാഴ്‌സൽ ഓരോന്നായി എടുത്തുവെയ്ക്കുകയായിരുന്നു.. ഹാളിൽ തന്നെ ഒരു വശത്തായി ഒരു കുഞ്ഞു മേശയും രണ്ടു കസേരയും... അവളൊരു നിമിഷം അവനെത്തന്നെ നോക്കിനിന്നു. അത്യാവശ്യം ഉയരമുള്ള ഇളംനിറത്തിൽ മെലിഞ്ഞ യുവാവ്.. പത്തുമുപ്പതു വയസുണ്ടേലും കണ്ടാൽ അധികം പ്രായം പറയില്ല.. എന്നാണ് ആദ്യമായി താനിയാളെ കണ്ടത്.. താൻ കോളേജിൽ ജോയിൻ ചെയ്തു രണ്ടു മാസങ്ങൾക്കിപ്പുറം ഒരിയ്ക്കൽ വിഷ്ണുവിനോപ്പം വിദ്യയേക്കാണാൻ വന്നപ്പോൾ.. അന്ന് അവളുമായി അധികം അടുത്തു തുടങ്ങിയിരുന്നില്ല. ഒരു റൂമിൽ കഴിയുമ്പോൾ ഉണ്ടാകുന്ന കോമൺ ടോക്ക്സ്..

അവളായിത്തന്നെ അടുക്കാൻ ശ്രമിച്ചാലും ഒരു അപകർഷതാ ബോധം പിന്നോട്ട് വലിച്ചിരുന്നു. അന്നും അല്പം നന്നായി കൂടെ ചെല്ലാൻ നിർബന്ധിച്ചപ്പോൾ പോയതാണ്.. പലതരത്തിലുള്ള ചൂഷണങ്ങളിൽ കടന്നുപോയതിനാലാകാം പുറം ലോകത്ത് ആരെയും വിശ്വാസമില്ലായിരുന്നു. ആ ഒരു അകലം പാലിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ഒട്ടും അപരിചിതത്വമില്ലാതെ തന്നെയും സൂര്യനും വിഷ്ണുവും സ്വീകരിച്ചു. വിഷ്ണുവിനോടും വിദ്യയോടും സൂര്യനുള്ള കരുതലും വാത്സല്യവുമാണ് അവനിലേയ്ക്ക് ശ്രദ്ധ പതിപ്പിക്കാൻ കാരണമായത്.. അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഭാവിപോലും ശൂന്യമായി കഴിഞ്ഞിരുന്നവൾക്ക് അതെല്ലാം പുതിയ അനുഭവമായിരുന്നു.. സ്നേഹിക്കപ്പെടാൻ മനം തുടിച്ചു.. ഓരോ നിമിഷവും ആ തൃഷ്ണ കൂടിക്കൂടിവന്നു.. അന്നേദിവസത്തിനുശേഷം മനസ്സിൽ സൂര്യൻ കുടിയേറിയിരുന്നു.. ഒരുതരം ആവേശമായി... ഹൃദയം തുളയ്ക്കുന്ന ഭ്രാന്തായി.. ആദ്യം തോന്നിയ ആകർഷണം പിന്നീട് ആസക്തിയായി മാറി.. ആ സ്നേഹവും കരുതലും തനിയ്ക്ക് വേണമെന്ന വാശിയായി.

ഉറ്റവരോ ഉടയവരോയില്ലാത്ത ഒരു അനാഥപ്പെണ്ണിന് ഇവനെ സ്വപ്നം കാണാൻ യോഗ്യതയില്ലെന്ന് മനസും ഹൃദയവും ആവർത്തിച്ചു പറഞ്ഞിട്ടും കീഴടങ്ങിയില്ല.. അവനിലേയ്ക്കെത്താനുള്ള വഴിയായിരുന്നു വിദ്യായുമായുള്ള സൗഹൃദം.. വിഷ്ണുവിനെപ്പോലെ മൂത്ത ജേഷ്ഠൻ ആകുമെന്നെ കരുതിയുള്ളൂ. പക്ഷേ പോകേപ്പോകേയാണ് സൂര്യൻ മുറച്ചെറുക്കനാണെന്നും അവന്റെ കഥകളൊക്കെ അറിയുന്നതും. അന്നാദ്യമായി സൗഹൃദം അസൂയയിലേയ്ക്കും പരിഭ്രമത്തിലേയ്ക്കും വഴിമാറി. നാളെ ഒരിയ്ക്കൽ സൂര്യൻ വിദ്യയുടേതാകുമോയെന്നു ഭയന്നു. എന്നാൽ ഭാഗ്യമെന്നോണം വിദ്യയുടെ സ്വത്വം മനസ്സിലാക്കാൻ ഇടയായി. അവൾ തന്നെ പ്രണയിക്കുന്നുവെന്നും ഒരു സ്വവർഗ്ഗനുരാഗിയാണെന്നും അറിഞ്ഞപ്പോൾ ഉള്ളിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതിയായിരുന്നു.. സൂര്യനിലേയ്ക്കുള്ള ദൂരം വിദ്യയിലൂടെ കുറയ്ക്കാൻ... അവളുടെ പ്രണയം സ്വീകരിച്ചു.. ആ അടുപ്പം നാളെയൊരിക്കൽ വിദ്യയുടെ അഭാവത്തിൽ തന്നിലേയ്ക്ക് ചായ്ക്കാൻ വഴികൾ വെട്ടി.

ആഹാ... നോക്കി നിൽക്കാതെ വന്നിരുന്നു കഴിക്കെടോ... അല്ല...വിദ്യ എവിടെ..? വാതിൽക്കൽ എന്തോ ഓർത്തെന്നപോലെ നിൽക്കുന്ന ദയയെകണ്ടു സൂര്യൻ ചോദിച്ചു. വിദ്യാ... അവള് ഇപ്പൊ വരും.. ഫ്രഷ് ആകുന്നതേയുള്ളൂ.. ഒരു പുഞ്ചിരിയോടവൾ മേശയ്‌ക്കരികിലേയ്ക്ക് വന്നു.. ആണോ... എന്നാൽ ദയ ഇരിയ്ക്ക്.. കഴിച്ചു തുടങ്ങുമ്പോഴേയ്ക്കും അവളിങ്ങു വന്നോളും... ടേബിളിൽനിന്നും ഒരു പ്ലേറ്റ് എടുത്തു കൊണ്ട് സൂര്യൻ പറഞ്ഞു.. ആഹ്.. കഴിക്കാം... വിദ്യ കൂടെ വരട്ടെ ഏട്ടാ... അവൾ ഇരിയ്ക്കാതെ കസേരയിൽ പിടിച്ചവനടുത്തായി നിന്നു.. അല്ല ദയാ... കൂട്ടുകാരി ആകെ ടെൻസ്ടാണല്ലോ..? എനിതിങ് സീരിയസ്..? യെസ് .. സൂര്യന്റെ മുഖത്തുനിന്നും കണ്ണെടുക്കാതവൾ പറഞ്ഞു.. നാട്ടിൽ പോയിവന്നശേഷം വിദ്യയാകെ സങ്കടത്തിലാണ്.. അതാണ് ഒന്നുമാലോചിക്കാതെ അവളുടെ ജിത്തേട്ടനെ കാണാൻ വന്നതും... പക്ഷേ... ഒരുനിമിഷം നിർത്തിയവൾ സൂര്യന്റെ ഭാവം വീക്ഷിച്ചു.. പക്ഷേ.... സൂര്യൻ ചോദ്യഭാവത്തിൽ അവളെ നോക്കി. പക്ഷേ.. വിദ്യ പറയുന്നത്...

ദയ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ സൂര്യന്റെ ഫോൺ റിങ് ചെയ്തു... ആഹ്... ഇയാളിരിക്ക്.. വിച്ചുവാണ് വിളിക്കുന്നത്‌.. ഞാൻ വിദ്യ വന്ന കാര്യം പറഞ്ഞിരുന്നു.. സൂര്യൻ ഫോൺ ചെവിയോട് ചേർത്തുകൊണ്ട് പുറത്തേയ്ക്ക് നടന്നു.. ശ്ശേ. .. നശിപ്പിച്ചു.. അവനോടു സംസാരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതോർത്തു ദയ പല്ലിറുമ്മി.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ വിദ്യാ... മോളേ... എന്താ നിന്റെ പ്രശ്നം..? എന്താ എന്നോട് പറയാനുള്ളത്..? സൂര്യൻ തനിക്കു മുൻപിലായി തലകുനിച്ചു നിൽക്കുന്ന പെൺകുട്ടിയെ വാത്സല്യത്തോടെ നോക്കി. കുറച്ചു നിമിഷങ്ങളായി തങ്ങൾ വീടിനു കുറച്ചു മുൻപായി കാണുന്ന കടലോരത്തു വന്നിട്ടെന്നവനോർത്തു... ദയയപ്പോഴും വീടിനു മുൻപിലായി നിന്നു കുറച്ചകലെയായി കാണുന്ന ഇരുവരെയും അക്ഷമയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.. ഇതുവരെയും നമുക്കിടയിൽ ഇത്രയും അകലമുണ്ടായിരുന്നോ..? ഏട്ടനോടെന്തേലും പറയാൻ രണ്ടാമതൊന്നാലോചിയ്‌ക്കേണ്ടി വന്നിട്ടുണ്ടോ..? വാക്കുകൾ പുറത്തേയ്‌ക്കെടുക്കാൻ വീർപ്പുമുട്ടുന്നവളെ നോക്കി സൂര്യൻ തിരക്കി.. ജിത്തേട്ടാ... ഞാൻ.. എനിക്ക്... അവൾക്ക് എങ്ങനെ പറയുമെന്നോരൂഹവുമില്ലായിരുന്നു.... ഈശ്വരാ... ഈ നിമിഷം പോലും എന്നോട് സ്നേഹം മാത്രമുള്ളീ മനുഷ്യനോട് ഞാനെങ്ങനെ പറയാനാണ്..

ഒരു ജന്മം മുഴുവൻ നിറയുന്നൊരു ചതിയെങ്ങനെ ആവശ്യപ്പെടാനാണ്... സത്യത്തിൽ ഇതുവരെയും സ്വരുക്കൂട്ടിയ ധൈര്യമൊക്കെയും അവളുടെ ഉള്ളിൽത്തന്നെ ചിതകൂട്ടിക്കഴിഞ്ഞിരുന്നു. ആ മുഖത്തേയ്ക്കൊന്നു നോക്കാൻ പോലുമവൾ ആശക്തയായി.. ഒരുവേള തന്റെ സത്യം പറഞ്ഞാലോയെന്നു പോലും ചിന്തിച്ചു.. കണ്ണുകൾ മുറുകെയടച്ചു മനസ്സിനെ ബാലപ്പെടുത്താൻ നോക്കി. എന്നാൽ തൊട്ടടുത്തനിമിഷം ഉള്ളിൽ സ്നേഹാർദ്രമായൊരു മുഖം തെളിഞ്ഞു.. നാളെ ആരുമില്ലാതെ അവഗണിക്കപ്പെടേണ്ടവളെ.. വെറുക്കപ്പെടേണ്ടവളെ.. ചേർത്തുപിടിച്ച കരങ്ങളുടെ ചൂട് ദേഹത്തു തൊട്ടുതലോടും പോലെ തോന്നി.. ഇല്ല... ദയ.. അവളെ കണ്ടില്ലെന്നു നടിക്കാൻ ഒരിക്കലുമെനിക്കാകില്ല.. വിദ്യ ദൂരെ തങ്ങളെ ആകാംഷയോടെ നോക്കി നിൽക്കുന്നവളെ തിരിഞ്ഞു നോക്കി. അവളിൽ മാത്രം പൂർണയാകുന്നവളാണ് ഞാൻ.. ഒരിക്കൽ തകർന്ന മനസ്സിന് പ്രാണൻ പകർന്നതവളാണ്.. മനസ്സ് ഗതിയറിയാതെ ഉഴറി. പക്ഷേ.. ഒന്നറിയാം..

ഈ ജന്മത്തിൽ തനിക്കൊരാളെ സ്നേഹിക്കാൻ ആകുമെങ്കിൽ.. ഈ ഹൃദയത്തിലൊരാളെ ഏൽക്കാൻ കഴിയുമെങ്കിൽ.. അതു ദയ മാത്രമാണ്... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. ഒരുപക്ഷേ.. എന്നെക്കാളും.. സൂര്യൻ പറഞ്ഞു നിർത്തി.. കേട്ട വാക്കുകൾ വിശ്വസിക്കാനാകാതവൾ ഉൾക്കിടിലത്തോടെ അവനെ നോക്കി. സത്യം.... നിന്നെയും വിച്ചുവിനെയും ഒരിക്കലും ഞാൻ വേറിട്ടു കണ്ടിട്ടില്ല... ഒരുതരി പോലും അരുതായ്മ അതിൽ കലർന്നിട്ടില്ല.. ഇത്തവണ വിദ്യയുടെ ഉള്ളം കുളിർക്കാറ്റിലെന്നപോലെ തണുത്തു. അതേനിമിഷം അതിലേയ്ക്കൊരു തീമല വന്നുപതിച്ചു. അവിടെ പൊള്ളിയടർന്നു പ്രാണൻ പിടഞ്ഞു.. എന്താ... അതിൽ സംശയമുണ്ടോ..? സൂര്യന്റെ ചോദ്യത്തിൽ സംശയമേതുമില്ലാതെത്തന്നെ അവൾ ഇല്ലയെന്നു തലകുലുക്കി. പിന്നെന്തിനാ അമ്മായി ഒരാഗ്രഹം പറഞ്ഞെന്നു കരുതി അതിനിങ്ങനെ വിഷമിക്കുന്നത്..? ജിത്തേട്ടാ... ഏട്ടനെങ്ങനെ..? മ്മ്.... ഇക്കാര്യം ഞാനെങ്ങനെ അറിഞ്ഞുന്നാകുമല്ലേ..? എന്റെ കുഞ്ഞേ.. നാട്ടിലേക്കാര്യം വിച്ചുപറഞ്ഞല്ലാതെ എങ്ങനെ അറിയാനാ.. കുറച്ചു മുൻപേ വിളിച്ചിരുന്നു.. നീ ഇവിടെയെത്തിയെന്നറിഞ്ഞപ്പോൾ കാര്യം പറഞ്ഞു.. സൂര്യൻ ചെറു ചിരിയോടെ പറഞ്ഞു.. അത് ശരിയാണ്..

ജിത്തേട്ടനറിയാതെ ഒന്നു ശ്വാസം പോലും വിടാത്ത ചെറുക്കനാണ്. പിന്നെ വീട്ടിൽ നടന്നതൊക്കെ എങ്ങനെ പറയാണ്ടിരിക്കും. അവളോർത്തു. അമ്മാവന് നമ്മളുടെ വിവാഹം നടത്തണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു.. അതിപ്പോൾ അമ്മായി പറഞ്ഞു എന്നുള്ളത് നേരാണ്.. ചെറുതിലെത്തൊട്ടെ ഒരുപാട് ഒക്കത്തെടുത്തു നടന്ന കണക്ക്‌ നിരത്തി പറയുവല്ല.. പക്ഷേ.. അതാണ് സത്യം.. എനിക്ക് അന്നും ഇന്നും നീയെന്റെ കുഞ്ഞിപ്പെങ്ങളോ.. മകളോ ഒക്കെയാണ്... അതുകൊണ്ട് ഇപ്പോൾ ഈ നിമിഷം പോലും അങ്ങനൊന്നും മാറ്റിചിന്തിക്കാൻ എനിക്കാകുന്നില്ല.. എന്നാൽ... മരണക്കിടക്കയിലും ആ മനുഷ്യന് കൊടുത്തൊരു വാക്കുണ്ട്. നിന്റെ ഇഷ്ടങ്ങൾ ഒരു എതിർപ്പും കൂടാതെ നടത്തിക്കൊടുക്കുമെന്ന്.... ഒരിക്കലും തനിച്ചാക്കില്ലെന്ന്.. ആ വാക്കിൽ നിനക്ക് സമ്മതമായിരുന്നെങ്കിൽ ഞാൻ കൂടെ കൂട്ടിയേനെ.. കുറച്ചു വൈകിയെങ്കിലും മനസ്സിനെ പകപ്പെടുത്തിയേനെ.. എന്നുകരുതി എന്റെ കുഞ്ഞിന്റെ ഉള്ള് നോവിച്ചിട്ടു ഞാൻ അങ്ങനൊന്നു ചെയ്യുമെന്ന് തോന്നുന്നുണ്ടോ? വിച്ചു പറഞ്ഞു ജിത്തേട്ടനെ വിവാഹം കഴിക്കാൻ നിനക്കാകില്ലെന്നു പറഞ്ഞു

ഒത്തിരി സങ്കടപ്പെട്ടാ അവിടുന്ന് പോന്നതെന്ന്.. അവൻ വിദ്യയുടെ നനഞ്ഞ കവിൾതടം അമർത്തിത്തുടച്ചു.. പോട്ടെ.. സാരമില്ല... ജിത്തേട്ടൻ അമ്മായിയെ പറഞ്ഞു മനസിലാക്കാം.. എന്നിട്ട് എന്റെ കുഞ്ഞിനെ ജീവനായി സ്നേഹിക്കുന്നൊരാളെ തന്നെ കൈപിടിച്ചേൽപ്പിക്കും.. അതോ.. ഇനി ആരേലും ഈ ഉള്ളിൽ കയറിക്കൂടിയിട്ടുണ്ടോ..? പറഞ്ഞോടി.. എന്തിനും ഈ ജിത്തേട്ടൻ കൂടുണ്ടാകും.. എന്നും നിങ്ങടെ ഇഷ്ടങ്ങൾ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ.. അൽപ്പം കുസൃതിയും എന്ൽ കാര്യവും നിറച്ചവൻ പറഞ്ഞു നിർത്തുമ്പോൾ അവളുടെ ഉള്ളിൽ ദയയുടെ മുഖം തെളിഞ്ഞു.. പറഞ്ഞാലോയെന്നു മനസ്സ് മുറവിളികൂട്ടുമ്പോൾ.. തൊട്ടുമുന്നേ പറഞ്ഞതുപോലെ.. പെങ്ങളുടെ.. മകളുടെ ഭാവിയിൽ വ്യാകുലപ്പെടുന്ന ആൾ ഇതൊക്കെ അംഗീകരിക്കുമോയെന്നൊരുവേള ശങ്കിച്ചു.. വാക്കുകൾ അറിയാതെ പുറത്തുവന്നു... ജിത്തേട്ടൻ എന്നെ വിവാഹം കഴിക്കണം.. വിറയ്ക്കുന്ന ചുണ്ടുകളിൽനിന്നും പുറത്തുവന്ന മൊഴികളിൽ അവനൊരുനിമിഷം അന്തിച്ചു നിന്നു.. വിശ്വാസം വരാത്ത പോലെ പുരികം ചുളിച്ചു.. കവിൾതടം തുടച്ചിരുന്ന കൈകൾ നിശ്ചലമായി....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story