🌻സൂര്യകാന്തി 🌻: ഭാഗം 5

Sooryakanthi mizhi

രചന: മിഴി

വിഷ്ണുവിന് പുറകെ ഓഫീസറൂമിലേയ്ക്കു കടക്കുമ്പോൾ ആദ്യം കണ്ണിലുടക്കിയത് കസേരയിൽ പുറകോട്ടു ചാഞ്ഞു കണ്ണുകൾ ഇടം കൈയാൽ മറച്ചിരിക്കുന്ന സൂര്യനെയാണ്.. കണ്ണുകൾക്കുമീതെ വച്ചിരിക്കുന്ന വലംകൈയിലെ വിരലുകളുടെ മുറുക്കം ആ മനസ്സിന്റെയുള്ളിൽ ആർത്തിരമ്പുന്ന തിരമാലകളെ ഓർമിപ്പിച്ചു.. അതിന്റെ അലയൊലികൾ തന്റെ ഹൃദയത്തിലും മുഴങ്ങിക്കേൾക്കുന്നതായി കാന്തിയ്ക്കു തോന്നി. സർ... ഒരുനിമിഷം നോക്കിനിന്നശേഷം വിഷ്ണു മെല്ലെ വിളിച്ചു.. വിഷ്ണുവിന്റെ വിളികേട്ടു കണ്ണുതുറന്ന സൂര്യയുടെ നോട്ടം എത്തിനിന്നത് മുൻപിൽ റിച്ചുസിനെ നെഞ്ചോടു ചേർത്തു നിൽക്കുന്ന കാന്തിയിലാണ്.. വിഷ്ണുവിന്റെ ഒച്ചകേട്ട ആസ്വസ്ഥതയിൽ ഒന്നു ഞെരങ്ങിയ കുഞ്ഞിനെ ഒന്നുകൂടി ഒതുക്കിയവൾ പതിയെ തട്ടിക്കൊടുത്തു... സർ... മോളുറങ്ങി... ദേ.. ഇയാളുടെ കൂടെ കുറച്ചു ഫുഡ്‌ കഴിച്ചായിരുന്നു.. വയറു നിറഞ്ഞപ്പോൾ ഉറങ്ങി.. വിഷ്ണു കാന്തിയെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. അപ്പോഴും സൂര്യയുടെ കണ്ണുകൾ അത്ഭുതത്തോടെ അതിലേറെ നിർവൃതിയോടെ കാന്തിയിലും അവളുടെ മാറോടു പറ്റിച്ചേർന്നുറങ്ങുന്ന തന്റെ കുഞ്ഞിലും തളഞ്ഞുനിന്നു...

നാട്ടിൽവന്നിതുവരെ ആരോടും അടുക്കാത്ത കുഞ്ഞാണ്.. ആകെ ഒത്തിരിയേലും ആശ്വാസം വിഷ്ണുവാണ്... കോളേജിൽ വന്നുതുടങ്ങിയപ്പോൾ മുതൽ നേരാംവണ്ണമൊന്ന്‌ ആഹാരം കൊടുക്കാൻ പോലും കഴിയ്യുന്നില്ലായിരുന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയോട് അവനു ഒരേസമയം കടപ്പാടും സ്നേഹവും തോന്നി.. അതിന്റെ പ്രതിഫലനമെന്നോണം അവൾക്കായി ഒരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.. കാന്തിയുടെ മുഖം അതുകാൺകേ ഒന്നു തിളങ്ങി... ഒപ്പം ആ പുഞ്ചിരിയിൽ സ്പുരിച്ചിരുന്ന നന്ദിയുടെ തെളിർമയിൽ അവളുടെ ഉള്ളവും... ഓഫീസ് റൂമിൽ നിലത്തായി ഒരു ചെറിയ മെത്തയിൽ ടവൽ വിരിച്ചു ഒരു കുഞ്ഞി തലയിണ കൂടി വെച്ചു സൂര്യൻ റിച്ചുവിനായി കിടക്ക ഒരുക്കി.. നിലത്തു കുത്തിയിരുന്ന് ഇതെല്ലാം സൂക്ഷ്മതയോടെ ചെയ്യുന്ന സൂര്യനെക്കാൻകെ കാന്തിയുടെ ഉള്ളിൽ തെളിഞ്ഞത് വളരെ ഗൗരവത്തോടെ തലയെടുപ്പോടെ രാവിലെ അവനെ ആദ്യമായി കണ്ടതാണ്.. തികച്ചും ഒരു കർക്കശക്കാരനായി തോന്നിയപ്പോൾ..

എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു ഭാവം... ഒരുവേള പാവം തോന്നി ആ അച്ഛനോട്... ഇവിടേയ്ക്ക് കിടത്തിക്കോളൂ.. ഇനി കൈമാറിയാൽ അവളുണർന്നാലോ..? പിന്നെ നിർബന്ധമായിരിക്കും... പറഞ്ഞത് കാന്തിയോടാണെങ്കിലും നോട്ടം വേറെങ്ങോട്ടോ ആയിരുന്നു.. കുഞ്ഞുങ്ങളെ മുൻപ് എടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ അടുത്തിടപഴകുന്നതും പെരുമാറുന്നതുമൊക്കെ ആദ്യമായാണ്. അതിന്റെയൊരു ശീലമില്ലായ്മ ഉള്ളതുകൊണ്ട് വളരെ ശ്രദ്ധിച്ചാണവൾ കുഞ്ഞിനെ പിടിച്ചിരുന്നത്.. നിലത്തു പതിയെ പണിപ്പെട്ടു മുട്ടുന്നിയിരുന്നു കുഞ്ഞിനെ കിടത്തി.. മെല്ലെ നിവരാൻ നോക്കുമ്പോഴാണ് ആ കുഞ്ഞിക്കൈ തന്റെ ചുരിദാർ ടോപ്പിന്റെ കഴുത്തിൽ മുറുക്കെപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.. ഒന്നുകൂടി കുനിഞ്ഞു നോവിക്കാതെ ആ പിടിവിടുവിക്കുമ്പോൾ കുഞ്ഞിക്കണ്ണുകൾ ഒന്നു ചിമ്മിയടഞ്ഞു.. പെട്ടെന്ന് ഉള്ളിൽ ഒരാന്തൽ കടന്നുപോകുംപോലെതോന്നിയവൾക്കു.. ആ പ്രേരണയിൽ പതിയെ കുഞ്ഞിനെ ഒന്നുകൂടിചേർത്തണച്ചു തുടയിൽ തട്ടിക്കൊടുത്തു...

വിഷ്ണുവിനൊപ്പം തിരികെ ക്ലാസ്സിലേയ്ക്ക് നടക്കുന്നതിനിടയിൽ പിന്തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു.. മോളെ പുതപ്പിച്ചു തടവെയ്ക്കുന്ന സൂര്യസാറിനെ... ആ കണ്ണുകളിൽ വിരിയുന്ന വാത്സല്യവും നിസ്സഹായതയും തന്റെ ഉള്ളിലൊരു മുറിവായ് പരിണമിക്കുന്നതവളറിഞ്ഞു.. അപ്പോഴും ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു... ഈ കുഞ്ഞുവാവയെ ഉപേക്ഷിച്ചു ആ മനുഷ്യനെ നിസ്സഹായനാക്കി എങ്ങനെ പോകാൻ കഴിഞ്ഞു ആ പെൺകുട്ടിയ്ക്ക്... എന്തായിരിക്കും അവർക്കിടയിൽ സംഭവിച്ചിരിക്കുക.. കലുഷിതമായ മനസ്സുമായി ക്ലാസ്സ്‌മുറിയിലേയ്ക്ക് കയറുമ്പോഴേയ്ക്കും അടുത്ത അവർ അറിയിച്ചുകൊണ്ടുള്ള ബെൽ മുഴങ്ങിയിരുന്നു... ഉച്ചയ്ക്കു കഴിക്കാൻ പോകും മുന്നേ റിച്ചുസിനെ മിഴികൾ പരതിയെങ്കിലും കാണാൻ കഴിഞ്ഞില്ല.. അതുകൊണ്ടുതന്നെ നന്നായൊന്നും കഴിക്കാനും തോന്നിയില്ല.. ഊണ് കഴിക്കാൻ വീട്ടിൽ പോയിവന്ന വിഷ്ണുവാണ് പറഞ്ഞത് സൂര്യസാർ ഉച്ചയ്ക്ക് ശേഷം ലീവ് ആണെന്നും മോളെയും കൊണ്ടു വീട്ടിൽപോയെന്നും.. കുറച്ചുസമയം കൊണ്ടുതന്നെ തന്റെ ഹൃദയം കീഴടക്കിയ ആ മാലാഖക്കുഞ്ഞായിരുന്നു അപ്പോഴും മനസ്സ് നിറയെ... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

നെറ്റിയിൽ തണുത്ത കരസ്പർശമേറ്റാണ് സൂര്യൻ കണ്ണുതുറന്നത്... തന്റെ വയറിൽ കമിഴ്ന്നുകിടന്നുറങ്ങുന്ന റിച്ചുസിനെ ഒന്നുനോക്കിയശേഷം മെല്ലെ ചരിഞ്ഞു അവളെ കട്ടിലിലേക്ക് കിടത്തി.. അവൻ എഴുന്നേറ്റിരുന്നു... എന്താടാ കുഞ്ഞേ.. നിനക്ക് വയ്യായ്ക എന്തേലുമുണ്ടോ? ഉച്ചയ്ക്ക് നേരത്തേ ഇങ്ങു പോന്നു.. സൂര്യന്റെ അമ്മ രാഗിണി ആധിയോടെ മകന്റെ കവിളിലും നെറ്റിയിലുമൊക്കെ തഴുകിക്കൊണ്ടു ചോദിച്ചു.. ഏയ്... പ്രത്യേകിച്ചൊന്നുമില്ലമ്മേ... ഞാൻ ക്ലാസ്സിൽ നിന്നപ്പോഴാണ് മോളുണർന്നത്.. എന്തോ ഉറക്കം തെളിയാഞ്ഞിട്ടായിരിക്കും വല്ലാത്ത നിര്ബന്ധവും കരച്ചിലുമായിരുന്നു.. പിന്നവിടെ നിന്നാൽ ശരിയാകില്ലെന്നു തോന്നി.. കൂടെ എന്തോ ഒരു വല്ലാത്ത തലവേദനയും.. അതുകൊണ്ടാ ലീവ് എടുത്തു പോന്നത്... അവൻ അമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചു ചുണ്ടോടു ചേർത്തുകൊണ്ട് പറഞ്ഞു.. മോളെ ഇവിടെ നിർത്തിയേച്ചും പോകാൻ പറഞ്ഞതല്ലേ ജിത്തുട്ടാ... അവിടെ നീ ഇതിനേം കൊണ്ടു എങ്ങനെ പിള്ളേരെ പഠിപ്പിക്കാനാ...

സൂര്യനടുത്തായി ചേർന്നുറങ്ങുന്ന കുഞ്ഞിനെനോക്കി രാഗിണി പറഞ്ഞു.. അമ്മയ്ക്കറിയാല്ലോ അവളെന്നെക്കാണാഞ്ഞു നിൽക്കില്ലന്ന്... ഇവിടെ ആക്കിയിട്ടു പോയാലെനിക്ക് സമാധാനമായി അവിടിരിക്കാൻ പറ്റുമോ ? പിന്നവിടെ കൊണ്ടുപോയിട്ട് നിനക്ക് സമാധാനം കിട്ടിയോ ? അവർ അതേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു.. എന്റെ മോളെനിക്കൊരു സമാധാനക്കേടല്ല......... ഇവളെക്കഴിഞ്ഞേയുള്ളൂ ഈ സൂര്യന് ജോലിയും ജീവിതവുമൊക്കെ... അതുകൊണ്ടുതന്നാ ഇത്രയുംനാൾ ഇവളെയും നോക്കി കഴിഞ്ഞത്.. അവന്റെ ശബ്ദം തെല്ലുയർന്നു.. നീ ദേഷ്യപ്പെടാൻവേണ്ടി പറഞ്ഞതല്ല ജിത്തൂ.. നിന്റെ ഈ ഉള്ളുരുകിയുള്ള നടപ്പ് കാണുമ്പോൾ അറിയാണ്ട് പറഞ്ഞുപോകുന്നതാ.. അമ്മയുടെ സ്നേഹവും കരുതലും അറിഞ്ഞു വളരേണ്ട പ്രായമാ റിച്ചുമോൾക്ക് .. ഈ കുഞ്ഞിന്റെ സന്തോഷവും അവകാശവുമാണ് നിങ്ങൾ രണ്ടാളും കൂടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്... കിതച്ചുകൊണ്ടത്രയും പറഞ്ഞെത്തുമ്പോഴേയ്ക്കും സൂര്യൻ ദേഷ്യത്തിൽ കട്ടിലിൽനിന്നും എഴുന്നേറ്റിരുന്നു..

അമ്മയോട് ഒരു നൂറുവട്ടം പറഞ്ഞുകഴിഞ്ഞു കഴിഞ്ഞതൊന്നും വീണ്ടും വീണ്ടും ഓർമിപ്പിക്കരുതെന്ന്... ജനാലയുടെ കമ്പികളിൽ മുറുക്കെപ്പിടിച്ചു ഉള്ളിലെ സംഘർഷം അടക്കാൻ ശ്രമിച്ചുകൊണ്ട് സൂര്യൻ പറഞ്ഞു.. എങ്ങനെ പറയാതിരിക്കും ജിത്തൂ... നിന്റെ കാര്യമോർത്തു കണ്ണീരോഴുക്കി തീരാനായിരിക്കും എന്റെ വിധി... അല്ലാതെ ഞാൻ പറയുന്നതൊന്നും കേൾക്കാൻ നീ തയ്യാറല്ലല്ലോ... ഇന്നും നിനക്കും അവൾക്കും മാത്രമല്ലെയറിയുള്ളു നിങ്ങൾക്കിടയിലെ പ്രശ്നം... നിങ്ങൾ പിരിഞ്ഞിട്ടും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്... പിന്നെന്തിനാണെടാ ഈ സാഹസം കാട്ടിയത്.. രുഗ്മിണി റിച്ചുമോളുടെ കാലിൽ വാത്സല്യത്തോടെ തഴുകികൊണ്ട് സൂര്യനെ നോക്കി.. അവനപ്പോഴും ജനാലയ്‌ക്കരികെ പുറത്തേയ്ക്കു ദൃഷ്ടിയൂന്നി നിൽക്കുകയാണ്.. കണ്ണിലെ നീർത്തിളക്കം ജനൽ ചില്ലിൽത്തട്ടി പ്രതിഭലിക്കുന്ന വെയിലിൽ മിന്നിതിളങ്ങി.. സൂര്യന്റെ മനസിൽ ഓർമ്മകളുടെ വേലിയേറ്റം തുടങ്ങിയിരുന്നു.. മറക്കാനാഗ്രഹിച്ച എന്നാലതിനേക്കാൾ മികവോടെ ഓരോ നിമിഷവും ഉള്ളിൽ തെളിയുന്ന കഴിഞ്ഞ നാളുകളുടെ നോവോർമ്മകൾ...

കണ്ണടയ്ക്കുമ്പോൾ സ്വപ്നങ്ങളിലും ഉണർന്നിരിക്കുമ്പോൾ ജീവിതമെന്ന യഥാർഥ്യത്തിലും ഒരുപോലെ തന്നെ മദിച്ചുകൊണ്ടിരിക്കുന്ന സത്യം.. മോനേ.... ജിത്തൂട്ടാ... എന്താടാ നീയിങ്ങനെ...? ആണായിട്ടും പെണ്ണായിട്ടും ആകെയുള്ള കുഞ്ഞാടാ നീ.. എന്റേം സച്ചിയേട്ടന്റേം ആകെയുള്ള സമ്പാദ്യം. ആ നിന്റെ ജീവിതം ഇങ്ങനെ ചോദ്യചിഹ്നമായി നിൽക്കുമ്പോൾ ഈ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നില്ലെടാ... നിനക്കറിയാല്ലോ ? അച്ഛൻ മരിക്കുമ്പോൾ മോന് പതിനഞ്ചു വയസേ ഉണ്ടാർന്നുള്ളു... ആ നഷ്ടത്തിലും ജീവിക്കാനുള്ള പ്രചോദനവും പ്രതീക്ഷയും നീയായിരുന്നു... നിന്നെയോർത്തു ഒരുപാട് അഭിമാനിച്ചിരുന്നു ഈ അമ്മ.. ആർക്കും നല്ലൊരാഭിപ്രായമുള്ള പഠനത്തിലും ജീവിതത്തിലും വിജയം കൊയ്യുന്ന ഒരു സന്തതി ഏതൊരമ്മയ്ക്കും അഭിമാനം തന്നായിരിക്കുമല്ലോ ? എന്റെ ഒരാഗ്രഹത്തിനും നീ ഇതുവരെ എതിര് നിന്നിട്ടില്ല.. ആ ഉറപ്പിലാണ് ഒരിക്കൽ നിന്റെ അച്ഛൻ പറഞ്ഞിരുന്ന ആഗ്രഹം നിന്നിലൂടെ നടത്താൻ നോക്കിയത്.. രുഗ്മിണി സൂര്യന്റെ തലയിൽ തഴുകി അവനടുത്തായി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി...

അപ്പോൾ അവന്റെ ഉള്ളിലും ഈ ഭൂതകാല സ്മരണകൾ തന്നെയായിരുന്നു... അച്ഛന്റെ മരണശേഷം അമ്മായിയും അമ്മാവനും തങ്ങളെ കൂടെ കൂട്ടി.. സ്വന്തം മക്കളോടൊപ്പം സ്നേഹത്തോടെ വളർത്തി.. പഠിപ്പിച്ചു... എല്ലാക്ലാസുകളിലും ഉയർന്നമാർക്കൊടെ പാസ്സായി.. അധ്യാപകനാകാനായിരുന്നു കുഞ്ഞിലേ ഇഷ്ടം. അതും സാധിച്ചു.. അമ്മാവന്റെതന്നെ ഉടമസ്ഥതയിലുള്ള ട്രെയിനിങ് കോളേജിൽ ലക്ചറക്റായി കയറി.. പക്ഷേ പെട്ടെന്നായിരുന്നു അമ്മാവനെ ഒരു ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ മരണം വിളിച്ചത്.. അതോടെ അമ്മായി ആകെ തകർന്നു.. ഒരുവർഷം തികയും മുന്നേ അവരും കിടപ്പിലായി.. ആകെ ആവശ്യപ്പെട്ടത് മകൾ വിദ്യയെ വിവാഹം കഴിക്കണമെന്ന് മാത്രമായിരുന്നു.. അച്ഛനും അങ്ങനൊരാഗ്രഹം ഉണ്ടായിരുന്നുവെന്നമ്മപറഞ്ഞറിഞ്ഞപ്പോൾ തടസ്സം നിന്നില്ല.. എങ്കിലും വിദ്യയ്ക്ക് ഇഷ്ടമാകുമോയെന്നു ചെറിയൊരു പേടിയുണ്ടായിരുന്നു.. കാരണം ഒരു വീട്ടിൽ കഴിഞ്ഞിട്ടുപോലും ഇങ്ങനൊരു ചിന്ത ഞങ്ങളിരുവരിലും വളർന്നിരുന്നില്ല.. അതുമല്ല എന്നും ഒരുനല്ല സുഹൃത്തുമായിരുന്നു..

അമ്മായിയുടെ അവസ്ഥയും അപേക്ഷയും അവളിലും സമ്മതം മൂളാൻ പ്രേരിപ്പിച്ചു.. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. വിവാഹം.... അതുകഴിഞ്ഞുള്ളതൊന്നും മനസിൽ അയവിറക്കാൻ ഹൃദയത്തിലടിഞ്ഞുകൂടിയ ഭാരം അനുവദിച്ചില്ല... എല്ലാത്തിനുമൊടുവിൽ ഒരേയൊരു മുഖം മാത്രം ഉള്ളിൽ തെളിയുന്നു.. റിച്ചുമോൾ... തന്റെ പ്രാണൻ.. അമ്മ പറയുംപോലെ ഇന്നും വിദ്യയെ വെറുക്കാനോ കൈയൊഴിയാനോ തനിക്കാവുന്നില്ലല്ലോ? ഒരു നെടുവീർപ്പോടെ അതോർക്കുമ്പോഴും കൈവെള്ളയിൽ അമ്മായിയുടെ തണുത്തു മരവിച്ച കൈകളുടെ തണുപ്പുണ്ടായിരുന്നു.. കണ്ണടയും മുന്നേ ആ കൈകൾ നെഞ്ചോടു ചേർത്തു നൽകിയ വാക്കുകൾ ഇന്നും തെറ്റിക്കാതെ കൊണ്ടുപോകുന്നു... കൈയൊഴിഞ്ഞിട്ടില്ല... സങ്കടപ്പെടുത്തിയിട്ടില്ല... തനിച്ചാക്കിയിട്ടില്ല... എല്ലാം അവൾക്കായി നൽകി... സ്വന്തം ജീവിതം... സന്തോഷം... ഈ ഡിവോഴ്സ് പോലും അവളുടെ സന്തോഷത്തിന് വേണ്ടിയാണല്ലോയെന്നോർക്കുമ്പോൾ സൂര്യന്റെ ചുണ്ടുകൾ വിഷാദത്താൽ ഒന്നു കോടി.. എല്ലാം അവൾക്കായി നൽകി... ഒന്നൊഴിച്ചു തന്റെ റിച്ചുമോൾ.. കാരണം ഈ സൂര്യനു മാത്രം മതി നഷ്ടങ്ങൾ..... എന്റെ മോളൊരിക്കലും വിഷമിക്കാനിടവരരുത്.. കണ്ണടച്ചൊഴുക്കിവിട്ട നീർതുള്ളികൾക്കൊപ്പം ഓർമകളെയും ഒഴുക്കിക്കളയണയെങ്കില്ലെന്നവനൊരുവേള ആശിച്ചു..... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story