🌻സൂര്യകാന്തി 🌻: ഭാഗം 50

Sooryakanthi mizhi

രചന: മിഴി

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. സൂര്യന്റെ കോഴ്സ് വർക്ക്‌ കംപ്ലീറ്റ് ആകും മുൻപേതന്നെ വിവാഹം തീരുമാനിച്ചു... കുടുംബത്തിലെ ആദ്യ വിവാഹം... വളരെ ആർഭാടമായിത്തന്നെ നടത്താൻ തീരുമാനിച്ചു... ഉള്ളിലൊരു കടലിരമ്പുമ്പോഴും പുറമേ ചിരിച്ചുകൊണ്ട് വിദ്യ സൂര്യന്റെ ആശങ്കകളെ ഇല്ലാതാക്കി. ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് വിച്ചു തന്നെയായിരുന്നു... കുഞ്ഞേച്ചിയെ എന്നും കൂടെ കിട്ടുമല്ലോ..? അതുമല്ല ഏറ്റവും സുരക്ഷിതമായ കൈകളിലേയ്ക്കല്ലേ തന്റെ ചേച്ചിപ്പെണ്ണ് എത്തിച്ചേരുന്നത്.. വിവാഹം അടുക്കുംതോറും വിച്ചൂവും അമ്മയും ആകമഴിഞ്ഞാഹ്ലാദിച്ചു.. രാഗിണിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... കുടുംബ വീട്ടിൽ വെച്ചു മകളെ സൂര്യന്റെ കൈപിടിച്ചേൽപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം...

രണ്ടു ദിവസം കഴിഞ്ഞാൽ വിവാഹമാണ്... വീട്ടിൽ തന്റെ മുറിയ്ക്ക് പുറത്തു ബാൽക്കണിയിൽ ഇരിക്കുകയാണ് സൂര്യൻ... പകൽ മുഴുവൻ വിവാഹത്തിന്റെ തിരക്കാണ്. ചടങ്ങെല്ലാം തറവാട്ടിലാണ്... അമ്മാവൻ മരിച്ച ശേഷം അമ്മയും മകനും അവിടെത്തന്നെയാണ്.. സൂര്യൻ നാട്ടിൽ ഇല്ലാതിരുന്നപ്പോൾ രാഗിണി അവിടെത്തന്നെയായിരുന്നു.. വിദ്യയുടെ അമ്മയ്ക്ക് വയ്യാത്തതിനാൽ രാഗിണി തന്നെയാണ് അവരുടെ കൂടെ എപ്പോഴും... വിവാഹം കഴിഞ്ഞു പോകുന്നവരെ സൂര്യനും വിദ്യയും സ്വന്തം വീട്ടിൽ നിൽക്കാനാണ് തീരുമാനം.. വളരെ സന്തോഷത്തോടെയാണ് വിദ്യ ഇടപെടുന്നത്... ഈ വിവാഹം ഏറെക്കുറെ അംഗീകരിച്ച മട്ടാണ്.. താനും മാറേണ്ടിയിരിക്കുന്നു.. പക്ഷേ... എന്തോ... പൂർണമായും അവളെ ഒരു ഭാര്യയുടെ സ്ഥാനത്തു കാണാൻ കഴിയുന്നില്ല... ആ മുഖത്ത് നോക്കുമ്പോൾ പ്രണയം വരുന്നില്ല... പകരം വാത്സല്യമാണ് നിറയുന്നത്.. ഇതുവരെയും ആ സാമീപ്യം ഒരു വികാരവുമുണർത്തുന്നില്ല.. മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.. രണ്ടു ദിവസം...

അതുകഴിഞ്ഞാൽ വിദ്യ തന്റെ നല്ല പാതിയാണ്... ഈ മനസ്സിനും ശരീരത്തിനും അവകാശി... ചിന്തകൾ കാടുകയറുമ്പോൾ ഉള്ളം ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾക്ക് പിന്നാലെ ചേക്കേറി.. ഒടുവിൽ ഉത്തരം ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചു... വിദ്യ അവളൊരിക്കലും വിഷമിക്കാൻ പാടില്ല.. പക്ഷേ.. തന്നെ ഭർത്താവായി കാണാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നതല്ലേ... അപ്പോഴത്തെ മനോവികാരമായേ അത് പരിഗണിച്ചുള്ളൂ.. ജിത്തൂട്ടാ... മോനെ.. എന്തൊരുരിപ്പാടാ ഇത്.. നേരമെത്രായീന്നാ... അമ്മയുടെ സ്നേഹത്തോടെയുള്ള ശാസനയും ഒപ്പം ആ സ്നേഹസ്പർശം നെറുകിൽ പതിഞ്ഞു.. നെറുകിൽ തഴുകിയ കൈകൾ നെഞ്ചോടു ചേർത്തവൻ ഉള്ളിലെ പിടപ്പടക്കാൻ നോക്കി... എന്താടാ കുഞ്ഞേ... കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കൊരു സന്തോഷമില്ലാത്ത പോലെ.. അംബികേടത്തിയും സംശയം പറഞ്ഞു.. നീയും കുഞ്ഞോളുമായി എന്തേലും പിണക്കമുണ്ടോന്നു... ഏയ്‌... ഇല്ലമ്മാ... ഇതെന്താപ്പോ അങ്ങനെ തോന്നാൻ? മുഖത്ത് നോക്കിയാൽ കള്ളത്തരം പിടിക്കപ്പെടുമോയെന്നു ഭയന്നവൻ കൈകൾ വിട്ടു മുറിയിലേയ്ക്ക് നടന്നു..

ഒന്നുമില്ലെന്നു ഞാനും പറഞ്ഞു.. പക്ഷേ... ഇപ്പോൾ ഉറപ്പായി എന്തോ ഉണ്ടെന്ന്‌... ആദ്യം കുഞ്ഞോൾക്കായിരുന്നു പ്രശ്നം.. അന്ന് അംബികേടത്തി ഒരുപാട് സങ്കടപ്പെട്ടു.. ഏട്ടന്റെ ആഗ്രഹം നടക്കാതെ വരുമെന്ന് ഭയന്നു. ഒടുവിൽ അവളുത്തന്നെ കൈയോടെ വന്നു സമ്മതം പറഞ്ഞു.. ഇപ്പോൾ നിന്റെ മൗനം.. എനിക്കെന്തോ പേടിതോന്നുന്നെടാ... നിനക്ക് വേറെ എന്തേലും ഇഷ്ടം... പറഞ്ഞു പൂർത്തിയാക്കാനാകാതെ അവർ വാതിൽക്കൽ നിന്നു.. സൂര്യൻ അപ്പോൾ മുറിയിൽ കട്ടിലിൽ ഇരുന്നിരുന്നു.. തനിക്കഭിമുഖമായി നിൽക്കുന്ന അമ്മയുടെ വിചാരങ്ങളെ എങ്ങനെ മനസ്സിലാക്കിക്കുമെന്നവന്നപ്പോഴും ഊഹമുണ്ടായിരുന്നില്ല.. ഇല്ല..... ഇന്നേവരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല... അല്ലെങ്കിലും അതിനൊന്നും പറ്റിയ സാഹചര്യമായിരുന്നില്ലല്ലോ അമ്മാ.. എങ്ങനെയും പഠിക്കണം സ്വന്തം കാലിൽ നിൽക്കാനൊരു ജോലി വേണം..

അമ്മാവനെ ബുദ്ധിമുട്ടിക്കാതെ നമ്മുടെ ജീവിതം ഒന്നു കരപറ്റിക്കണമെന്നെയുണ്ടായിരുന്നുള്ളു.. അതിനിടയിൽ പ്രണയം പോയിട്ട് കൗമാരത്തിന്റെയോ പ്രായത്തിന്റെയോ ഒരു ആഘോഷങ്ങളിലും പങ്കെടുത്തിട്ടുപോലുമില്ല.. സൂര്യൻ ഇനിയും പറയാതെ മൗനിയായി.. അറിയാം മോനെ... എന്റെ കുഞ്ഞ് ഒരുപാട് സഹിച്ചു... ചെറുപ്പം മുതൽ അവഗണയും ദാരിദ്രവും ഒരുപാട് അനുഭവിച്ചു.. അതെല്ലാം മാറിയത് ഏട്ടൻ നമ്മളെ ഇങ്ങോട്ട് കൂട്ടിവന്നതിനു ശേഷമാണ്.. ആ ഏട്ടന്റെ ജീവനാണ് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നത്... ഇന്ന് നമ്മൾ നിൽക്കുന്ന ഈ മണ്ണും... നീ നേടിയിരിക്കുന്ന സ്ഥാനവും എല്ലാം ആ മനുഷ്യന്റെ കാരുണ്യമാണ്.. വിയർപ്പാണ്... ഇപ്പോൾ ഈ വിവാഹം പോലും നമ്മുടെ ഭാഗ്യമാണ്.. ഹൃദയം നിറഞ്ഞ സ്നേഹത്തിനു നന്ദി കാട്ടാനുള്ള അവസരമാണ്.. അതുകൊണ്ട് എന്തുണ്ടെങ്കിലും എന്റെ കുട്ടി മറക്കണം.. കുഞ്ഞോളെ വിഷമിപ്പിക്കരുത്.. അവളെ അറിയാല്ലോ... കുറച്ചു വാശിയുണ്ടെന്നേയുള്ളൂ.. നീയെന്നു വെച്ചാൽ ജീവനാണ്..

ഒരിക്കലും കരയിക്കരുത്.. ഏട്ടൻ സഹിക്കില്ല.. സരിതലപ്പിനാൽ മുഖം പൊത്തി മുറിയിൽ നിന്നുമിറങ്ങുന്ന അമ്മയെ നോക്കി സൂര്യൻ മെല്ലെ കട്ടിലിലേയ്ക്ക് ചാഞ്ഞു.. മാറണം..... ഇന്നീ രാത്രിയോടെ സൂര്യജിത്ത് വിദ്യയുടെ ജിത്തേട്ടനായി മാറണം.... ഉള്ളിൽ അച്ഛൻ വീട്ടിലെ പരിഹാസവും ദാരിദ്രവും ഓർമകളായി വന്നപ്പോൾ പൂട്ടിയ മിഴികളിൽ നിന്നും മിഴിനീർ പരന്നോഴുകി.. ആ അകത്തളങ്ങളിൽ ഒന്നുമല്ലാതായി തീരുമായിരുന്ന ജീവിതത്തിനു പുതു സ്വപ്‌നങ്ങൾ തന്നത്.. സ്വന്തം മക്കളെക്കാൾ സ്ഥാനം തന്നതിന്.. ഈ ജീവിതം പകരം നൽകാൻ സൂര്യജിത്തിന് മറുത്തൊന്നാലോചിക്കേണ്ടെന്നു അവനു തോന്നി... പുതിയൊരു നാളെക്കായവൻ മിഴികൾ പൂട്ടി.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ദയാ... വയ്യേടി...? നേരം വെളുത്തിട്ടും കട്ടിലിൽ നിന്നും എഴുന്നേൽക്കാതെ ചുരുണ്ടുകൂടി കിടക്കുന്നവളെ നോക്കി വിദ്യ തിരക്കി. വീട്ടിൽ ഉള്ളപ്പോൾ വിദ്യ തന്നെയാണ് അംബികയുടെ കാര്യങ്ങൾ നോക്കുന്നത്.. അതവൾക്ക് സന്തോഷമുള്ള കാര്യമാണ്..

രാവിലെ എഴുന്നേറ്റു അമ്മയെ സഹായിച്ചു വന്നതായിരുന്നു.. ഒരുമിച്ചു ചേർത്തു ബൺ ചെയ്തിരുന്ന മുടി വിടർത്തിയിട്ടു കുളിക്കാനായി തയ്യാറാകുന്നതിനിടയിൽ ദയയുടെ മറുപടി കിട്ടാഞ്ഞവൾ തിരിഞ്ഞുനോക്കി.. ഭവമാറ്റമൊന്നുമില്ലാതെ പഴയപടി കിടക്കുന്നവളെ നോക്കി വിദ്യ അടുത്തായി വന്നിരുന്നു... ദയാ... എന്താ മോളേ ഇങ്ങനെ മിണ്ടാതെ കിടക്കുന്നെ.. സത്യത്തിൽ നിന്റെ മനസ്സിലെന്താ... ചിലപ്പോഴൊക്കെ എനിക്ക് നിന്നെ ഒട്ടും പിടി കിട്ടുന്നില്ല കേട്ടോ... അവൾ ഇടത്തേയ്ക്ക് തിരിഞ്ഞു കിടന്നവളെ തനിക്കുനേരെ പിടിച്ചു കിടത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.. ദയയ്ക്കുള്ളിലപ്പോഴും നാളേക്കഴിഞ്ഞു വിദ്യയുടെ കഴുത്തിൽ താലി ചാർത്തുന്ന സൂര്യന്റെ ഓർമയായിരുന്നു.. തന്റേതെന്നു മനസ്സിൽ ഉറപ്പിച്ചവൻ.... ഓരോ നിമിഷവും ആ സ്നേഹത്തിൽ കുളിരണമെന്ന് കൊതിച്ചവൻ.. കണ്മുന്നിൽ മറ്റൊരുവളുടേതാകും... എല്ലാം സ്വന്തം കണക്കുകൾക്കുള്ളിൽ ആണെങ്കിലും.. അകാരണമായൊരു ഭയം ഉള്ളിൽ നിറയുന്നു... കാര്യം വിദ്യയ്ക്കൊരു പുരുഷനെ ജീവിതത്തിൽ ഉൾക്കൊള്ളാൻ സാധിക്കില്ല... പക്ഷേ.... അവളെപ്പോലെ ഇത്രയും കുടുംബവുമായി ഇമോഷണൽ അറ്റാച്ച്മെന്റ്റ് ഉള്ള ഒരാൾ.. അതും സൂര്യനെ ജീവനായി കരുതുന്നൊരാൾ...

അയാൾക്ക്‌ വേണ്ടി... വീട്ടുകാർക്കുവേണ്ടി സ്വയം സമർപ്പിക്കാൻ തയ്യാറായാൽ... ഇല്ല... ഒരിക്കലും സഹിക്കാൻ കഴിയില്ല.. നോ.. ഒരു നിമിഷം ചിന്തിക്കാൻ കൂടി പറ്റുന്നില്ല... കണ്ണുതുറന്നു കിടക്കുന്നെങ്കിലും ദയയുടെ മനസ്സ് ഈ വിധം ചിന്തകളാൽ ഉഴറി നടന്നു.. എന്റെ കൊച്ചേ നീയെന്താ കണ്ണുതുറന്നു സ്വപ്നം കാണുന്നോ...? വിദ്യ കവിളിൽ തട്ടി വിളിച്ചപ്പോൾ ദയയുടെ നോട്ടം അവൾക്കുനേരായി... ഇവൾ.... സൂര്യന്റെതാകും... അല്ല... സൂര്യൻ ഇവളുടേതാകും.. ആ സ്നേഹം.. വാത്സല്യം... ആ തലോടൽ എല്ലാം വിദ്യയ്ക്ക് സ്വന്തമാകും... അതൊന്നും അർഹിക്കാത്ത ഇവൾ അവനൊപ്പം... ഓരോ അണുവിലും സൂര്യനെ നിറച്ച ഞാനോ...? പെട്ടെന്ന് ദയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.. നീ.. നീയെന്നെ ചതിക്കുമോടി..? എന്റെ... എന്റെ... ഭ്രാന്തമായി ചുമലിൽ പിടിച്ചു കുലുക്കുന്നവളെ ഭയത്തോടെ അതിലേറെ ആധിയോടെ വിദ്യ നോക്കി.. ദയാ... എന്തുപറ്റി..? എന്താ നീ കാണിക്കുന്നേ..? വിദ്യ കുതറിക്കൊണ്ട് ചോദിച്ചു.. ഏയ്... നത്തിങ്.. പെട്ടന്ന് സ്ഥലകാല ബോധം വന്നപോലെയവൾ വിദ്യയെ മോചിപ്പിച്ചു.. വിദ്യ അവളുടെ കൈകൾ മുറുകിയിടം കൈകൊണ്ടു തടവി.. ആവിശ്വാസത്തോടെ നോക്കി..

സോറി മോളേ... ഞാൻ അറിയാതെ... പെട്ടെന്ന് അതോർത്തപ്പോ.. ഉള്ളിലെ അമർഷം മറച്ചു നിർദോഷിയെപ്പോൽ ദയ തലകുനിച്ചു. എന്താ.. എന്താ ഓർത്തെ... നിനക്കെന്താ പെട്ടെന്ന് പറ്റിയത്...? നാട്ടിൽ വന്നപ്പോ മുതൽ ശ്രദ്ധിക്കാ.. ഇത്രേം ദിവസം ഞാൻ വിവാഹത്തിന് മുൻകൈ എടുക്കാത്തതായിരുന്നു പ്രശ്നം.. ഇപ്പോൾ ഇനി എന്താ..? വിദ്യയൽപ്പം നീരസത്തോടെ തിരക്കി... അവളുടെ മുഖം മാറുന്നതുകണ്ടു ദയ ശബ്ദത്തിൽ ഇടർച്ച കലർത്തി.. എനിക്കുമതറിയില്ല വിദ്യാ... ഈ വിവാഹത്തിന് ഞാൻ നിർബന്ധം പിടിച്ചതിന്റെ റീസൻ നിനക്ക് നന്നായറിയാമല്ലോ..? പക്ഷേ... ദിവസം അടുക്കുംതോറും ഉള്ളിൽ എന്തോ ഭയം പോലെ... എന്ത് ഭയം.....? തലകുനിച്ചിരിക്കുന്നവളെ താടിയിൽ പിടിച്ചു മുഖമുയർത്തി അവൾ ചോദ്യത്തോടെ ആ കണ്ണുകളിലേയ്ക്ക് നോക്കി... അത്... ആ സ്വപ്നത്തിലെ പോലെ... നീയും ഏട്ടനും... ഞാനും ഏട്ടനും... എന്ത് സ്വപ്നം..? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. എന്തായാലും തെളിച്ചു പറയ്‌..?..... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story