🌻സൂര്യകാന്തി 🌻: ഭാഗം 55

Sooryakanthi mizhi

രചന: മിഴി

ഇല്ലടി.... എനിക്ക് ജിത്തേട്ടന് മുൻപിൽ അഭിനയിക്കാൻ ആകില്ല... ആ മുറിയിൽ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുകാ... പറ്റില്ല.. ഇന്ന് തന്നെ ഞാൻ എല്ലാം തുറന്നു പറയാൻ പോകാ... കവിളിലേ നീർതുള്ളി പുറം കൈയാൽ തുടച്ചുകൊണ്ട് വിദ്യ പറഞ്ഞു... ആഹ്.. ബെസ്റ്റ്... എന്നാൽ പോയി പറയ്... നീയെന്താ പറയാൻ പോകുന്നത്.. നമ്മൾ തമ്മിൽ ഈഷ്ടത്തിലാണെന്നോ? അതോ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി അയാളെ ബലികൊടുക്കുവാരുന്നെന്നോ..? ഉന്മാദിയെപ്പോലെ ദയ വിദ്യയുടെ ചുമലിൽ പിടിച്ചു കുലുക്കി തിരക്കി.. ദയ... നീയും.... നീയും എന്നെ കുറ്റപ്പെടുത്താണോ..? നീ.. നീപറഞ്ഞിട്ടല്ലേ ഇതെല്ലാം ഞാൻ ചെയ്തുകൂട്ടിയെ... ഇടറുന്ന വാക്കുകൾ പെറുക്കിക്കൂട്ടിയവൾ വിതുമ്പി.. സോറി ഡീ... എനിക്കും മനസ്സുണ്ടായിട്ടല്ല... നിന്നെ നഷ്ടപ്പെടുത്താൻ വയ്യ.. അത്രയ്ക്ക് ഇഷ്ടവാടി നിന്നെ.. ഇത്രയും കഷ്ടപ്പെട്ടിട്ട് എല്ലാം ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കിയാൽ.. അതോർത്തപ്പോൾ അറിയാണ്ട് പറഞ്ഞതാടി.. നീ ക്ഷമിച്ചേക്ക്... വിദ്യയെ പ്രകോപിപ്പിക്കുന്നത് നല്ലതല്ലെന്ന ഓർമയിൽ ദയ ഒന്നടങ്ങി.. 💫💫💫💫💫💫💫💫💫💫💫💫💫

(ഇനി പാസ്റ്റും പ്രെസെന്റും മിക്സ്‌ ആക്കിയാണേ പോകുന്നത്.. ഒരുപാട് നീട്ടിയാലും ഭംഗി കാണില്ല.... ഇനി ഇവരുടെ പാസ്ററ് സൂര്യന്റെ വ്യൂ പോയിന്റ് ആണുട്ടോ....) 💫💫💫💫💫💫💫💫💫💫💫💫💫 കാന്തി..... തനിക്കെന്നെ കേൾക്കാൻ ഒട്ടും മടി തോന്നുന്നില്ലേ...? തന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരിക്കുന്നവളുടെ കൈയിൽ പിടിത്തമിട്ടുകൊണ്ട് സൂര്യൻ തിരക്കി... ഇല്ല... ഇതൊക്കെ സർ അനുഭവിച്ചതല്ലേ.... അപ്പോഴൊക്കെ ഈ ഉള്ള് എത്ര പൊള്ളിയിരിക്കും.. ഒന്നു തുറന്നുപറയാൻ പോലും ആരുമില്ലാതെ എത്ര നൊന്തിരിക്കും... നമ്മളെ സ്നേഹിക്കേണ്ടവർ തന്നെ അത് മുതലെടുത്താൽ എങ്ങനെ സഹിക്കും... എനിക്കറിയാം... നന്നായറിയാം.. ഒന്നും പറയാനാകാതെ.. നീറി നീറി.... ഏതോ ഓർമയിൽ കാന്തിയുടെ ഉടലൊന്നു വിറകൊണ്ടു. ഏയ്... എന്റെ കുഞ്ഞേ... അതൊക്കെ മറക്കാൻ ഇന്നെനിക്കു കഴിയും... ഇതുപോലെ ചേർത്തുപിടിക്കാൻ നീയുള്ളപ്പോൾ.. അതൊക്കെ ഒരു ദുസ്വപ്നം പോലെ മറക്കാനാണെനിക്കിഷ്ടം.. എന്റെ കാന്തിയ്ക്കും അതിനു കഴിയണം...

സ്നേഹിക്കാൻ ഒരു കടൽദൂരം നമുക്കുമുന്നിലുണ്ട്... കുന്നോളം പ്രണയം നിറച്ച ആ മിഴികളും ഓരോ തലോടലിലും ഉണരുന്ന സ്നേഹച്ചൂടിലും കാന്തിയ്ക്കുള്ളവും തുളുമ്പി.. അന്ന് വിവാഹം കഴിഞ്ഞ രാത്രി ഏതൊരു പുരുഷനെയും പോലെ കുറച്ചു സങ്കൽപ്പങ്ങൾ എനിക്കും ഉണ്ടായിരുന്നെടോ..... വിദ്യയുടെ മാനസികാവസ്ഥ എനിക്കറിയാമായിരുന്നല്ലോ.... അതുകൊണ്ടുതന്നെ പെട്ടെന്നൊരു ദാമ്പത്യമൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ... ഒരു കൈയകലത്തിലെങ്കിലും.. എന്റെ പെണ്ണിനെ ഞാൻ കൊതിച്ചിരുന്നു. ആ സ്നേഹം വിദൂരമല്ലെന്നൊരു നോട്ടമെങ്കിലും ഞാൻ ആഗ്രഹിച്ചു. എന്നിട്ട്... എന്നിട്ടെന്തായി... ആ രാത്രിതന്നെയവൾ... ബാക്കി പറയാനാവാതെ സൂര്യന്റെ നാവ് വിദ്യയുടെ ആ രാത്രിയിലെ വാക്കുകളിൽ തളർന്നു. എനിക്ക് ജിത്തേട്ടനെ ഒരിക്കലും ഭർത്താവായി സ്വീകരിക്കാനാകില്ല..... ഏട്ടനെയെന്നല്ല ഒരു പുരുഷനെയും... എന്നോട് പൊറുക്കാണെയേട്ടാ... എനിക്കൊട്ടും പറ്റാഞ്ഞിട്ടാണ്... അച്ഛനെപ്പോലെ മകളുടെ അസ്തിത്വമറിഞ്ഞു അമ്മയും കണ്മുന്നിൽ തീരുന്നതു കാണാൻ പറ്റാഞ്ഞിട്ടാണ്... എന്റെ വിച്ചു..

ഈ ചേച്ചിയെ വെറുപ്പോടെ നോക്കുന്നത് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്... ഓർമയിലെന്നോണം നിറയുന്ന വാക്കുകൾക്കൊപ്പം അന്ന് തന്റെ കാലിൽ ചുറ്റിപ്പിടിച്ചു കരഞ്ഞ വിദ്യയുടെ കണ്ണീരിന്റെ ചൂട് അവനെ പൊള്ളിച്ചു... സർ.... മതി... ഇനിയൊന്നും.. ഒന്നും പറയേണ്ട... ഒന്നും എനിക്ക് കേൾക്കേണ്ട... ഈ നെഞ്ച് അതോർത്തിനിയും പിടയുന്നത് കണ്ടു നിൽക്കാൻ വയ്യ... ഒരു കുഞ്ഞിനെപ്പോലെ തന്നെ മുറുകെപ്പിടിച്ചു കരയുന്നവനെ മാറോടണയ്ക്കുമ്പോൾ... കാന്തിയും നീറുകയായിരുന്നു.. അടുത്ത ദിവസം രാവിലെ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലും പിന്നീട് പാപനാശം ബീച്ചിലുമൊക്കെയൊന്ന് പോകാമെന്നു തീരുമാനിച്ചിരുന്നു.. വളരെ പ്രശസ്തമായ ഒരു ഐതീഹ്യം വർക്കലയ്ക്കും ക്ഷേത്രത്തിനുമുണ്ട്... കാന്തി അത് സൂര്യനായി പറഞ്ഞു. ഒരു ദിവസം നാരദമഹർഷി ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് മുകളിലുള്ള ആകാശത്തുകൂടെ മഹാവിഷ്ണുവിനൊപ്പം സഞ്ചരിയ്ക്കുകയായിരുന്നു. അപ്പോൾ നാരദന്റെ ജ്യേഷ്ഠന്മാരായ ഒമ്പത് പ്രജാപതിമാർ (മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ, ദക്ഷൻ, ഭൃഗു) ഇത് കാണുന്നുണ്ടായിരുന്നു.

എന്നാൽ, അവർക്ക് ഭഗവാനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ വിവരം അവർ പിതാവായ ബ്രഹ്മാവിനെ അറിയിച്ചു. എന്നാൽ, ബ്രഹ്മാവ് ആ ധാരണ തിരുത്തി. തുടർന്ന്, സ്വന്തം സഹോദരനെ സംശയിച്ചതിൽ ഏറെ ദുഃഖിതരായ അവർ പാപപരിഹാരാർത്ഥം തപസ്സനുഷ്ഠിയ്ക്കാൻ തീരുമാനിച്ചു. നാരദൻ തന്റെ വൽക്കലം (മരവുരി) വലിച്ചെറിഞ്ഞ് അവർക്ക് തപസ്സനുഷ്ഠിയ്ക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. അങ്ങനെ, നാരദന്റെ വൽക്കലം വന്നുവീണ സ്ഥലം 'വൽക്കല' എന്നും പിന്നീട് അത് ലോപിച്ച് 'വർക്കല' എന്നും അറിയപ്പെട്ടു. അതുപോലെ ക്ഷേത്രത്തിനുമുണ്ട് ഒരു ചരിത്രം.. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. പാപനാശം ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളീയ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ചക്രതീർഥം, ഹനുമാൻ ക്ഷേത്രം, ശാസ്താ ക്ഷേത്രം, തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തു കാണാം. കൂടാതെ അരയാൽമരം. ആനക്കൊട്ടിൽ, ബലിക്കൽപ്പുര, ഗണപതി ക്ഷേത്രം തുടങ്ങിയവയും ഇവിടെ കാണാം.

പിതൃതർപ്പണത്തിന് ഏറെ പേരുകേട്ട ഈ ക്ഷേത്രം ദക്ഷിണ കാശി എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. ദേവൻമാർ നിർമ്മിച്ച ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം.. ധർമ ശാസ്താവിനെയും ജനാർദ്ദന പരബ്രഹ്മത്തെയും തൊഴുതു ഉപ ദേവന്മാരുടെ അനുഗ്രഹവും വാങ്ങി അവർ നേരെ ബീച്ചിലേയ്ക്ക് പോയി.. ഒരു പാട് ടൂറിസ്റ്റ് പോയിന്റുകൾ ഉള്ളിടമാണ്.. വിദേശികളും സ്വദേശികളുമായി ഒത്തിരി പേർ വരുന്നിടം.. കണ്ണെത്താദൂരം പരന്നുകിടക്കുന്ന കടലിന്റെ പുലർകാല സൗന്ദര്യം നുകർന്നു സൂര്യനും കാന്തിയും മണൽ പരപ്പിലിരുന്നു.. റിച്ചുമോൾ അടുത്തുതന്നെ മണ്ണിൽക്കളിച്ചിരിപ്പുണ്ടായിരുന്നു. അപ്പോഴും കാന്തിയുടെ വലതുകരം സൂര്യന്റെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു.. വിദ്യേച്ചി... സ്നേഹിക്കുന്നയാൾ ദയ ചേച്ചിയാണല്ലേ... മുഖവുരയേതുമില്ലാതെ കാന്തി ചോദിച്ചു. മ്മ്.. അതേ... വിദ്യയുടെ മനസ്സ് നിറയെ ദയയോടുള്ള അടങ്ങാത്ത പ്രണയമാണ്.. ആ പ്രണയം അവളെ അന്ധയാക്കി മാറ്റി.. എന്തോ ഓർത്തെന്നപ്പോൾ സൂര്യൻ പറഞ്ഞു. അതറിഞ്ഞപ്പോൾ സാറിന് ഒരുപാട് വിഷമായില്ലേ...

അതാണോ ദയ ചേച്ചിയോടുള്ള ദേഷ്യമായി മാറിയത്... കാന്തിയുടെ വാക്കുകൾ മനസ്സിലാകാതെന്ന പോലെയവൻ അവളെ നോക്കി.. എന്തോ.... എനിക്ക് തോന്നി.. ദയ ചേച്ചിയെ കാണുമ്പോൾ സാറിന്റെ മുഖം ഇരുളുന്നത്.. നോക്കാൻ പോലും താല്പര്യമില്ലാതെ പിൻവലിയുന്നത്. വിദ്യ ചേച്ചിയെ ജീവനോളം സ്നേഹിക്കുന്ന ആളല്ലേ.... അവർ എല്ലാം മനസ്സിലാക്കി ഒരുമിച്ചതല്ലേ... പിന്നെന്താ സാറിന് ഇങ്ങനെ തോന്നാൻ... കാന്തി ഉത്തരത്തിനായി സൂര്യനെ നോക്കി.. ദേഷ്യമോ.... അവളോടോ.. ഇല്ലെടോ.. സ്നേഹം പോയിട്ട് അറ്റ്ലീസ്റ്റ് എന്തേലും ഫീലിംഗ് തോന്നുന്നൊരടുത്തെ നമുക്ക് ദേഷ്യം തോന്നാറുള്ളു.. എനിക്ക് ദയയോട് വെറുപ്പാണ്.. ഐ ഹേറ്റ് ഹേർ.... ഒരിക്കലും കാണാൻ കൂടി ആഗ്രഹിക്കാത്ത മുഖമാണ് അവളുടേത്‌... പറയുമ്പോൾ ഉള്ളിലെ വെറുപ്പ്‌ നെറ്റിയിലും മുഖത്തും ചോരത്തിളപേറ്റി.. സാർ.... പക്ഷേ.... ഇത്രയും വെറുക്കാൻ.. ദയ ചേച്ചി എന്താ ചെയ്തേ.. പിന്നെങ്ങനാ ചേച്ചി റിച്ചുമോളെ അമ്മയായത്... കാന്തി ഉള്ളിലെ സംശയം അതുപോലെ ചോദിച്ചു..

നോ... അവളെന്റെ കുഞ്ഞിന്റെ അമ്മയല്ല.. ആരും.. ആരുമല്ല.. നെറ്റിയിൽ കൈയൂന്നി സൂര്യൻ കുനിഞ്ഞിരുന്നു... ഓർമകളുടെ തള്ളിച്ചയിൽ പലതും ഉള്ളു പൊള്ളിച്ചു.. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഞാൻ പോണ്ടിച്ചേരിയിലും വിദ്യ ബാംഗ്ലൂരും പോയി... എന്റെ റിസർച്ച് വർക്ക്‌ കഴിഞ്ഞ് നാട്ടിൽ കോളേജിൽ കയറാനായിരുന്നു പ്ലാൻ. പക്ഷേ... അപ്പോഴാണ് വിധിയുടെ അടുത്ത കളി തുടങ്ങിയത്. അമ്മായിയുടെ ആഗ്രഹം... കടപ്പാട് എന്ന പേരിൽ ഒരു കുഞ്ഞ് വേണമെന്ന ആവശ്യം വിദ്യ പറയുമ്പോൾ ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടിവന്നു... വിദ്യയുടെ ഹെൽത്ത്‌ ok അല്ലാത്തതുകൊണ്ട് ദയ ആ ദൗത്യം ഏറ്റെടുത്തു. പക്ഷേ.. അത് ചതിയാണെനിന്നറിയാൻ ഞാൻ വൈകിപ്പോയി.. എന്റെയും വിദ്യയുടെയും കുഞ്ഞ്.. ദയ വെറുമൊരു സരോഗറ്റ് മദർ... എന്നതായിരുന്നു ഉടമ്പടി.. എന്നാൽ അവിടെയും വിദ്യയെ കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചവൾ സ്വയം മാതൃത്വം ഏറ്റെടുത്തു.. രണ്ടാളും ഇത് മറച്ചുവെച്ചു.. രണ്ടാമത്തെ ചതി.. പക്ഷേ... ഇതൊന്നുമറിയാതെ ഞാനെന്റെ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായിരുന്നു..... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story