🌻സൂര്യകാന്തി 🌻: ഭാഗം 60

Sooryakanthi mizhi

രചന: മിഴി

കുഞ്ഞിനെ തോളിലിട്ട് ഉറക്കുന്ന മകളെ കാൻകെ കുറ്റബോധം കൊണ്ടു അഗ്നിയിലെന്നപോൽ ലതിക ഉരുകി.. അന്നൊരു പ്രാവശ്യമെങ്കിലും മകളെ കേട്ടിരുന്നെങ്കിൽ.. ഈ ചെറുപ്രായത്തിൽ ഒരു കുഞ്ഞുള്ളോരാളെ വിവാഹം കഴിക്കേണ്ടി വരുമായിരുന്നില്ല.. ഈ പ്രായത്തിനിടയിൽ എന്തോരം അനുഭവിച്ചു. സ്വന്തം അമ്മയായ താൻ ആ വീട്ടിലുള്ളപ്പോഴല്ലേ എന്റെ കുഞ്ഞ് അയാളുടെ കാമ കണ്ണുകൾക്ക് മുന്നിൽ തളർന്നിരുന്നത്.. അവളെപ്പോഴും തന്നെ ചുറ്റിപ്പറ്റി നടക്കുന്നത്തിനു പിന്നിലുണ്ടായിരുന്ന കാരണം ഓർക്കുമ്പോൾ സഹിക്കാനായില്ലവർക്ക്.. മോളേ..... ഒടുവിൽ വന്നപ്പോഴും നോവിച്ചാണ് വിട്ടത്. അതോർക്കേ ശബ്ദം പോലും നേർത്തുപോയി ലതികയ്ക്ക്.. അമ്മയെ കണ്ടെങ്കിലും നിർവികാരയായി നിൽക്കാനേ കാന്തിക്കായുള്ളൂ.. കുഞ്ഞിനെ ഒന്നുകൂടി ചേർത്തുപിടിച്ചവൾ നിന്നു. പക്ഷേ... ദൃഷ്ടി അമ്മയുടെ മുഖത്തെ ഭാവങ്ങൾ ഒപ്പുകയായിരുന്നു. മോളേ..... അമ്മയോട് പൊറുക്കെടി.. ഒന്നും അറിഞ്ഞില്ല.. വിശ്വസിച്ചുപോയി. അവർ കുനിഞ്ഞ മുഖത്തോടെ പറഞ്ഞു.

സ്വന്തം മകളെ അവിശ്വസിച്ചു അല്ലേ... അമ്മയുടെ കണ്ണും കാതും എപ്പോഴും സഹോദരനെ ചുറ്റിപ്പറ്റിയായിരുന്നില്ലേ.. പിന്നെങ്ങനെ അറിയാനാണ്.. കാന്തി ഉള്ളിലെ അമർഷവും വേദനയും വാക്കുകളായി പുറത്തേയ്ക്ക് തള്ളി.. തെറ്റ് പറ്റിപ്പോയി മോളേ... ഈ അമ്മയോട് ക്ഷമിക്കെടി... പറയുമ്പോൾ കാന്തിയുടെ ദേഷ്യത്താൽ ചുമന്ന മുഖവും വിറയ്ക്കുന്ന മൂക്കിൻതുമ്പും അതിശയത്തോടെ നോക്കിക്കാണുകയായിരുന്നു ലതിക... എന്റെ അമ്മയല്ലേ.... നിങ്ങൾ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കാൻ എനിക്ക് കഴിയുമായിരുന്നു.. പക്ഷേ.... ഇത്... ഇത് ഞാൻ ക്ഷമിച്ചെന്നു പറഞ്ഞാൽ അസത്യമായിപ്പോകും.. തന്റെ ദേഹത്തിന്റെ വിറയലിലും ഉയർന്ന ഒച്ചയിലും ഞെട്ടിയ കുഞ്ഞിന്റെ ചുമലിൽ തട്ടിയവൾ വാതിൽക്കലേയ്ക്ക് നടന്നു. ഹാളിലായി ഇതൊക്കെ കേട്ടു ഇരുവശത്തുമായി ഇരിക്കുന്ന കിച്ചനെയും സൂര്യനെയും നോക്കി കുഞ്ഞിനെ സൂര്യനടുത്തായി സോഫയിൽ കിടത്തി.. അവൻ മോൾക്ക് വശത്തായി പില്ലോ തടയായി വെച്ചു. കാന്തി പറഞ്ഞിട്ട് പോയ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു ലതികയപ്പോൾ.. കുഞ്ഞിനെ കിടത്തി കാന്തി തിരികെ മുറിയിലേയ്ക്ക് വന്നു..

അമ്മ പറഞ്ഞില്ലേ ഒന്നും അറിഞ്ഞിരുന്നില്ലെന്നു... ഒരിക്കലെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ ? സ്നേഹത്തോടെ ഒന്നു ചേർത്തു പിടിച്ചിട്ടുണ്ടോ..? അമ്മ അച്ഛയുടെ വീട്ടിൽ ആയിരിക്കുമ്പോൾ ഞാൻ അമ്മമ്മയോടും മുത്തശ്ശനോടുമൊപ്പമായിരുന്നില്ലേ.. കിച്ചനെപ്പോലെ അമ്മയ്‌ക്കൊപ്പം നിൽക്കാൻ എന്തോരം കൊതിച്ചിട്ടുണ്ടെന്നറിയാമോ..? ആരുമില്ലായ്മയിൽ സ്നേഹം കിട്ടുന്ന ഇത്തിരിയിടങ്ങൾ ഞാനും ചേർത്തുപിടിച്ചിരുന്നു.. അമ്മാവന്റെ അമിത വാത്സല്യമായി വീട്ടുകാർ കണ്ണടയ്ക്കുമ്പോൾ. അതിന്റെ പവിത്രത നഷ്ടപ്പെടുന്നത് വേദനയോടെ സഹിക്കാനേ ആ കുഞ്ഞ് പ്രായത്തിൽ എനിക്കയുള്ളൂ.. അതിനിടയ്ക്ക് നഷ്ടമായത്... എനിക്ക് മാത്രമായിരുന്നു.. ആ.. നഷ്ടം... നികത്താൻ അമ്മയ്ക്കാകുമോ..? അയാൾ പിച്ചിച്ചീന്തിയ ഈ ശരീരം..... വേദനകളുടെ മരിക്കാത്ത ഓർമ്മകൾ പേറുന്ന ഈ ജീവിതം തിരുത്തിയെഴുതാനാകുമോ..? ആകുമെങ്കിൽ.... അതിനാകുമെങ്കിൽ ഞാൻ എല്ലാം മറക്കാം.. പൊറുക്കാം..

പറയുമ്പോഴേയ്ക്കും മുഖം കൈക്കുള്ളിൽ മറച്ചവൾ പൊട്ടികരഞ്ഞിരുന്നു.. ശരിയാണ്.. തനിക്കു തെറ്റ് പറ്റിയിരിക്കുന്നു.. ഒരിക്കലും തിരുത്താനാകാത്ത.. പൊറുക്കനാകാത്ത തെറ്റ്... ലതിക വാക്കുകൾ കിട്ടാതെ ഉഴറി.. മോളേ... ഒന്നും മനപ്പൂർവമല്ല.. വിവാഹം കഴിഞ്ഞ അന്ന് തുടങ്ങിയ ദുരിതമാണ്.. നിന്റെ അച്ഛന്റെ മദ്യപാനവും കൂട്ടുകെട്ടും അതിനൊപ്പം അവിടുത്തെ വഴക്കുമെല്ലാം കൂടെ ആകെ ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയായിരുന്നു.. അങ്ങനൊരു അവസരത്തിൽ ഒരാളെ വീട്ടിൽ നിർത്താൻ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ.. ഞാൻ നീയെങ്കിലും സമാധാനത്തോടെ നിൽക്കട്ടെയെന്നു കരുതി.. അത്.. അത്.. ലതിക സാരിത്തുമ്പു കൊണ്ടു മുഖം പൊത്തി വിതുമ്പി. എന്നിട്ട്.. എനിക്ക് സമാധാനം കിട്ടിയോ.. ഹേ.. കിട്ടിയോ... അയാളുടെ രതി വൈകല്യങ്ങൾക്ക് ഉള്ളൊരു കളിപ്പാട്ടമായി എന്നെ ഏൽപ്പിച്ചു പോയില്ലേ.. മിട്ടായിപ്പൊതിക്കും ചേർത്തുപിടിക്കലിലും കിട്ടാത്ത സ്നേഹം കണ്ടുപോയി.. ആ തലോടലുകളിൽ വേദന കലർന്നപ്പോൾ ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചതാണ്.. എന്നാൽ ആരും വിശ്വസിച്ചില്ല..

അമ്മയ്ക്കറിയോ.. അയാളെന്നെ പിച്ചി ചീന്തിയപ്പോൾ വെറും ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളു... അന്ന് ദേഹത്തുണ്ടായ മുറിവുകൾ ദിവസം കടക്കെ ഉണങ്ങിയെങ്കിലും അതിനേക്കാൾ നീറുന്നൊരു മനസ്സുമായാ ഞാൻ നടക്കുന്നെ.. നടക്കാനോ... എന്തിന് ഒന്നു ബാത്‌റൂമിൽ പോകാൻ പോലും കഴിയാതെ.. എന്തോരം കഷ്ടപ്പെട്ടെന്നോ..? എന്താണ് സംഭവിച്ചതെന്നു പോലും അറിയാനാകാത്ത പ്രായത്തിൽ... എല്ലാം പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന ഭീഷണിയിൽ... ഉരുകിയുരുകി ഇത്രയും നാളും കഴിഞ്ഞു.. മക്കളിലെ മാറ്റങ്ങൾ എളുപ്പംമനസ്സിലാക്കുക അമ്മമാരാണെന്നു കേട്ടിട്ടുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ നേരെ തിരിച്ചായിപ്പോയി.. സ്വന്തം അമ്മ തന്നെ മകളെ സ്വാതന്ത്രത്തോടെ അയാൾക്ക്‌ നൽകി.. ഒടുവിൽ അന്ന് കോളേജിൽ വെച്ചും ഞാൻ കേണ് പറഞ്ഞതല്ലേ... എന്നിട്ട് വിശ്വസിച്ചോ... വേണ്ട.. ഒന്നു കേൾക്കാനെങ്കിലും തയ്യാറായോ..? അന്ന് സാർ എന്നെ കൂടെ കൂട്ടിയില്ലായിരുന്നെങ്കിൽ ലിജിയുടെ സ്ഥാനത്തു എന്റെ ശവം അമ്മയ്ക്ക് കാണാമായിരുന്നു.. കാന്തി... നിർത്തു മോളേ...

പറഞ്ഞല്ലോ അമ്മയ്ക്ക് തെറ്റുപറ്റിപ്പോയി... നിന്റെ അച്ഛനെപ്പോലെ കഴിവുകെട്ടൊരാളെ മാത്രം കണ്ടു ജീവിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോൾ... കൂടപ്പിറപ്പിനെ ആശ്രയിച്ചുപോയി. ദൈവത്തെപോലെ കണ്ടുപോയി.. ഇനിയൊന്നും തിരുത്താനാകില്ല.. അറിയാം.. പക്ഷേ... ഇങ്ങനൊരു ജീവിതത്തിൽ എന്റെ മോള് കടിച്ചു തൂങ്ങി കിടക്കേണ്ട.. അമ്മയെപ്പോലെ നിന്റെ ഭാവി നശിപ്പിക്കരുത്.. അന്ന് നീയും പഠിപ്പിക്കുന്ന സാറും തമ്മിൽ ബന്ധമുണ്ടെന്നു കേട്ടപ്പോൾ... അമ്മയാകെ തകർന്നുപോയെടി.. നിന്നെ നല്ലൊരുത്തന്റെ കൈപിടിച്ച് ഏൽപ്പിക്കണമെന്ന സ്വപ്നം തകർന്നപ്പോൾ അറിയാണ്ട് പ്രതികരിച്ചുപോയതാ.. ഇനിയൊന്നും സഹിക്കേണ്ട.. എല്ലാം മോള് മറന്നേക്കൂ.. ലതിക ബെഡിലായിരുന്നവൾക്കരികിലിരുന്നു ചുമലിൽ കൈചേർത്തു പറഞ്ഞു.. അമ്മ.. അമ്മ.. എന്താ ഉദ്ദേശിക്കുന്നെ...? കാന്തി അമ്മയെതന്നെ സൂക്ഷ്മം നോക്കി തിരക്കി.. നിന്നെ കൂട്ടിക്കൊണ്ട് പോകാനാ ഞങ്ങൾ വന്നേ.. അയാള് പറഞ്ഞതൊക്കെ കള്ളമാണെന്ന് അമ്മയ്ക്ക് മനസ്സിലായി. ഇനിയും അവനൊപ്പം കടിച്ചുതൂങ്ങി ഈ കൊച്ചിനെയും നോക്കി നിന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..

നീ ചെറു പ്രായമാണ് ... ഇതിലും നല്ല ബന്ധം അമ്മ നടത്തിത്തരും.. ലതിക കാന്തിയുടെ നെറുകയിൽ തഴുകി പറഞ്ഞു.. എന്റെ ജീവിതം നശിപ്പിച്ചത് നിങ്ങളാണ്... എന്റെ തകർന്ന ജീവിതത്തിനു കിട്ടിയ പിടിവള്ളിയാണ് ആ മനുഷ്യനും കുഞ്ഞും... അതു നഷ്ടപ്പെടുത്തി ഒരു നിമിഷം പോലും കഴിയാൻ എനിക്കാകില്ല.. അവരില്ലെങ്കിൽ കാന്തിയില്ല.. തന്റെ കവിളിൽ തലോടിയ കൈകൾ തൂത്തെറിഞ്ഞുകൊണ്ട് കാന്തി എഴുന്നേറ്റു... മോളേ... നിന്റെ നല്ലതിന് വേണ്ടിയല്ലേ അമ്മ പറയുന്നത്.. ഇപ്പോൾ ഒരാവേശത്തിന് ഇങ്ങനൊക്കെ തോന്നും. എന്നാല് കാലം കഴിയുമ്പോൾ പശ്ചാത്തപിക്കേണ്ടിവരും.. നിന്നെക്കാളും ഒത്തിരി പ്രായവ്യത്യാസമുണ്ട്.. അതുമല്ല ഒരു കുഞ്ഞുമുണ്ട്.. അതിന്റെ അമ്മ ജീവനോടെയുമുണ്ട്.. നാളെയൊരിക്കൽ നീയീ നോക്കുന്ന കൊച്ചുപോലും നിന്നെ തള്ളിപ്പറഞ്ഞു തള്ളയ്ക്കൊപ്പം പോകും.. അതുമല്ല നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ ഇതൊരു ബാധ്യതയായി നിനക്കും തോന്നും. ഒടുവിൽ പകുതിയ്ക്കു വെച്ചു പിരിയേണ്ടി വരും.. അന്ന് പക്ഷേ... ഒന്നും സമയം വൈകിയിട്ടുണ്ടാകും..

അതുകൊണ്ട് എന്റെ പൊന്നുമോളൊന്നു കേൾക്ക്.. അവനോടു അമ്മ സംസാരിക്കാം.. അമ്മയ്ക്കറിയാം.. എന്റെ മോൾക്ക്‌ കാര്യങ്ങൾ മനസ്സിലാകുമെന്ന്.. കാന്തിയിലെ നിശ്ശബ്ദത സമ്മതമായിക്കണ്ടു ലതിക ആശ്വസിച്ചു. വാതിൽക്കൽ എല്ലാം കെട്ടേന്നപോൽ സൂര്യനുണ്ടായിരുന്നു .. ലതികയുടെ നിഗമനങ്ങൾ മനസ്സിലൂടെ വിലയിരുത്തുകയായിരുന്നു അവനപ്പോൾ... അർഹതയില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചുപോയി.. ഒരുതവണ പരാജയപ്പെട്ട സ്നേഹം... വീണ്ടും തന്നെ നോക്കി പല്ലിളിക്കുന്നതായി അവനു തോന്നി.. സോഫയിൽ നിഷ്കളങ്കമായുറങ്ങുന്ന റിച്ചുമോളെ കാണെ ഉള്ളുരുകി.. കാന്തിയിൽ അമ്മയെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇനിയൊരു മാറ്റം അവൾ സഹിക്കുമോ..? അവൻ തിരികെ മോൾക്കരുകിൽ വന്നിരുന്നു . കിച്ചനും കുറച്ചൊക്കെ കേട്ടിരുന്നു.. സൂര്യൻ കൂടി കേൾക്കാനായി തെല്ലുറക്കെയാണ് ലതിക സംസാരിച്ചത്.. കാന്തി ലതികയെ നോക്കാതെ നേരെ ഹാളിലേയ്ക്ക് പോയി.. സോഫയിൽ മുഖം കുനിച്ചിരിക്കുന്നവനരികിലെത്തി.. ഒന്നു നോക്കിയ ശേഷം കിച്ചനെ വിളിച്ചു..

കിച്ചാ... അമ്മയെ കൂട്ടി പൊയ്ക്കോളൂ... കിച്ചൻ മനസ്സിലാകാത്തപോലെ അവളെ നോക്കി.. നിങ്ങൾക്കെന്നെ തോന്നുമ്പോൾ വലിച്ചെറിയാനും സ്വീകരിക്കാനും കഴിയുമായിരിക്കും.. പക്ഷേ.. എനിക്കാകില്ല.. മരണം മാത്രം മുന്നിൽക്കണ്ടു നിന്നപ്പോൾ ഒന്നുമാഗ്രഹിക്കാതെ ചേർത്തുപിടിച്ച ആളാണ്‌ .. ഈ മനുഷ്യന്റെ കൈപിടിക്കാനുള്ള യോഗ്യതപോലുമില്ലാത്തവളാണ് ഞാൻ.. എന്നിട്ടും സ്വന്തം ജീവനായിക്കണ്ടു സ്നേഹിക്കാ... പിന്നെ റിച്ചുമോളുടെ കാര്യം... അവളൊരിക്കലും ഈ അമ്മയെ തള്ളിപ്പറയില്ല... അതു എന്റെ അഹങ്കാരമായിതന്നെ കൂട്ടിക്കോ.. അതുപോലെ ഞങ്ങൾക്ക് ഇനിയും കുട്ടികളുണ്ടാകും... അവരും റിച്ചുമോൾക്കൊപ്പം വളരും... അമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെയല്ലേ... അങ്ങനെ കാണാത്തതിന്റെ ദുഃഖം അറിയാവുന്നതുകൊണ്ട് എനിക്കൊരിക്കലും അവരെ വേറിട്ടു കാണാൻ കഴിയില്ല.. പറഞ്ഞത് അവിവേകമാണെങ്കിൽ പൊറുക്കണം.. പക്ഷേ... എനിക്ക് ഇങ്ങനെ പറയാനേ പറ്റുള്ളൂ...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story