🌻സൂര്യകാന്തി 🌻: ഭാഗം 61

Sooryakanthi mizhi

രചന: മിഴി

 അമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെയല്ലേ... അങ്ങനെ കാണാത്തതിന്റെ ദുഃഖം അറിയാവുന്നതുകൊണ്ട് എനിക്കൊരിക്കലും അവരെ വേറിട്ടു കാണാൻ കഴിയില്ല.. പറഞ്ഞത് അവിവേകമാണെങ്കിൽ പൊറുക്കണം.. പക്ഷേ... എനിക്ക് ഇങ്ങനെ പറയാനേ പറ്റുള്ളൂ.. മകളെ ഒന്നു കാണണമെന്നേ അമ്മ പറഞ്ഞിരുന്നുള്ളൂ.. വന്നതിനു പിന്നിൽ ഇങ്ങനൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നെന്നു കിച്ചന് ഇപ്പോഴാണ് മനസ്സിലായത്. തല കുനിച്ചിരിക്കുന്ന സൂര്യനെ കാൻകെ അവനു അമ്മയോട് ചെറുതല്ലാത്ത ഈർഷ്യ തോന്നി.. ഉള്ളിൽ ചേച്ചിയോട് സ്നേഹമുണ്ടെങ്കിലും ഇതുവരെ തുറന്നു കാട്ടാത്ത സ്നേഹം പെട്ടെന്ന് പ്രകടമാക്കാൻ മനസ്സ് വരുന്നില്ല.. ഇതുവരെയും സ്നേഹത്തോടെ ഒന്നു സംസാരിക്കുക പോലും ചെയ്തിട്ടില്ല. അടുപ്പം കൂടുതലും അച്ചുവിനോടായിരുന്നു.. അല്ലെങ്കിലും ഉള്ളിൽ പൂട്ടിവെച്ച സ്നേഹം കൊണ്ടു എന്തു പ്രയോജനം...

അമ്മ ഇതെന്തൊക്കെയാ പറയുന്നേ... വാ നമുക്ക് പോകാം.. അല്പം ദേഷ്യത്തിൽ കിച്ചൻ ലതികയെ വിളിച്ചു.. ഞാൻ കാര്യം തന്നാ പറഞ്ഞേ.. ഇവൾക്കതു മനസ്സിലായില്ലെങ്കിലും സൂര്യന് മനസ്സിലാകും. ദേ.. ഈ കുഞ്ഞിന്നാണ് ഈ അവസ്ഥ വന്നതെങ്കിൽ അവനു സഹിക്കാൻ ആകുമോ..? ലതിക വിടാൻ ഉദ്ദേശമില്ലാത്ത പോലെ ചോദിച്ചു.. എന്താ.. സൂര്യാ.. ഞാൻ പറഞ്ഞത് ശരിയല്ലേ...? ഒരമ്മയുടെ ആധിയായി കണ്ടു മോൻ തന്നെ ഇവളെ പറഞ്ഞു മനസ്സിലാക്കണം.. സൂര്യനോടായി അവർ പറഞ്ഞു.. അതുവരെയും തല കുനിച്ചിരുന്നവൻ പെട്ടന്ന് നിവർന്നിരുന്നു. ഇതുവരെയും കാന്തിയ്ക്കുണ്ടായ ദുഖങ്ങൾക്കൊക്കെ ഇവർക്കും നല്ലൊരു പങ്കുണ്ടെന്നു അറിയാമെങ്കിലും അതു വാശിയിൽ ചോദിക്കാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും... അവർ പറഞ്ഞതുപോലെ അമ്മയല്ലേ... പറഞ്ഞതൊക്കെ തന്റെ ആയോഗ്യതകളാണെന്നിരിക്കെ മനസ്സാന്നിധ്യം കൈമോശം വന്നപോലെ തോന്നിയവന് ... മൂവരും ഒരുപോലെ സൂര്യനിലേയ്ക്ക് മിഴിനട്ടു. കാന്തിയ്ക്കു സൂര്യന്റെ മനസ്സ് നീറുന്നത്... ആ മിഴികളിലെ നനവ്...

ഒന്നും സഹിക്കാൻ പറ്റുന്നുണ്ടായില്ല.. സ്നേഹിക്കുന്നവർക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചും ത്യജിച്ചുമാണ് ശീലം.. അതുകൊണ്ട് തന്നെ ഇനിയവൻ പറയുന്നതെന്തെന്നു അവൾക്ക് ഊഹമുണ്ടായിരുന്നു.. അതു പറയാൻ വേപതുവോടെ തുനിയുന്നവനെ ഒരുപാട് നോട്ടത്താൽ വിലക്കിയവൾ.. വേണ്ടെന്നു തല ചലിപ്പിച്ചു.. ഇനിയും ഇതുപോലെ സ്വയം നാണം കെടുന്ന വാക്കുകൾ പറയാതെ അമ്മേ... ആധിയുടെയും സ്നേഹത്തിന്റെയും കണക്ക് പറഞ്ഞു ചേച്ചിയ്ക്കിപ്പോഴുള്ള ജീവിതം കൂടി നശിപ്പിക്കാതെ.... ഇനിയെങ്കിലും അവളൊന്നു സന്തോഷത്തോടെ ജീവിക്കട്ടെ.. ഞാൻ ഇറങ്ങുന്നു.. അമ്മ വരുന്നെങ്കിൽ വാ... ലതികയോട് ഉത്തരം പറയാനായി തുനിഞ്ഞവളെ അമ്പരപ്പിച്ചുകൊണ്ട് കിച്ചന്റെ ശബ്ദം അവിടെ ഉയർന്നു.. മനുഷ്യനിവിടെ നാണം കെട്ടിട്ടു പുറത്തിറങ്ങി നടക്കാൻ വയ്യ.. അറപ്പോടെയും ഭയത്തോടെയുമാ ഇപ്പോഴും പലരും നോക്കുന്നത്..

നല്ല പേരല്ലേ അമ്മാവൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്.. അപ്പോഴാണ് വീണ്ടും കെട്ടിക്കാൻ നടക്കുന്നത്.. കൊട്ടയ്ക്ക് വീതം കൊടുക്കാമെന്നു പറഞ്ഞാലും ഒറ്റൊരണ്ണം തിരിഞ്ഞു നോക്കില്ല.. പിറുപിറുത്തുകൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നു... തന്നെ നോക്കി ദഹിപ്പിക്കുന്നവളെ ഒന്നു നോക്കി ലതികയും അവനു പുറകെയിറങ്ങി. കിച്ചനൊപ്പം എത്താൻ വേഗത്തിൽ നടക്കുമ്പോഴും കാന്തിയെ തിരികെ കൊണ്ടു പോകാൻ കഴിയാത്തത്തിലുള്ള നിരാശയായിരുന്നു അവരിൽ.. അവർ പോയിട്ടും ഒന്നും മിണ്ടാതെ ഇരുവരും അൽപ്പ സമയം കൂടി അതുപോലെ നിന്നു.. ഇനി എന്തുണ്ടായാലും കൈവിടില്ലെന്ന് പറഞ്ഞവനാണ് അമ്മയുടെ വാക്കിലും കണ്ണീരിലും തന്നെ പറഞ്ഞുവിടാൻ തുനിഞ്ഞത്.. പറ്റില്ലെന്നറിയാം.. എങ്കിലും ചങ്ക് പറിക്കുന്ന വേദന സഹിച്ചും സൂര്യൻ അതു ചെയ്യുമെന്ന് അവൾക്കറിയാം.. ആ സങ്കടം ദേഷ്യവും പരിഭവവുമൊക്കെയായി ഉള്ളിൽ നിറഞ്ഞു. ഒരു കൂർത്ത നോട്ടം നൽകി കുഞ്ഞിനെയുമെടുത്തവൾ റൂമിലേയ്ക്ക് നടന്നു. ഏറെ നേരം കഴിഞ്ഞാണവൻ റൂമിലേയ്ക്ക് ചെന്നത്..

കുഞ്ഞിനടുത്തായി ഒരു വശം ചെരിഞ്ഞാണ് കിടപ്പ്.. മുഖം കാണാൻ വയ്യ.. പക്ഷേ... ഉലയുന്ന ദേഹം ആളു കരയുകയാണെന്ന് അറിയിച്ചു.. മെല്ലെ അവൾക്കരികിലേയ്ക്ക് കിടന്നു.. തന്റെ സാമീപ്യം അറിഞ്ഞിട്ടും നോക്കാത്തവളെ വയറിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു .. സോറി... ആ മുടിയിഴകളിൽ മുഖമമർത്തി പതിയെ മൊഴിഞ്ഞു.. അതു കേൾക്കെ കരച്ചിലിന്റെ ശബ്ദം ഒന്നുകൂടി അധികരിച്ചു.. ഏയ്.. എന്റെ കുഞ്ഞേ.. പറ്റില്ലെടി.. നിന്നെ നഷ്ടപ്പെടുത്താൻ ഒരിക്കലും കഴിയില്ല.. എങ്കിലും അമ്മ പറഞ്ഞതൊക്കെ ശരിയല്ലേ .. എന്റെ അയോഗ്യതകൾക്കിടയിൽ നിന്നെ തളച്ചിടുന്നത് ശരിയല്ലല്ലോ.. പറഞ്ഞു തീരും മുന്നേ കാറ്റുപോലെ വേഗത്തിലവൾ തിരിഞ്ഞവനെ ചുറ്റിപ്പിടിച്ചു.. വേണ്ട.. പറയേണ്ട.. എനിക്കെയുള്ളു യോഗ്യതക്കുറവ്... ഇനിയും ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടിയെന്നെ വിഷമിപ്പിക്കല്ലേ... ഇനിയൊന്നും പറയേണ്ട.. എനിക്കെന്റെ സാറിനെ വേണം.. നമ്മുടെ മോൾക്കൊപ്പം സന്തോഷായി ജീവിക്കണം.. അതിനു ഇടയിൽ സ്നേഹത്തിന്റെ കുഞ്ഞു പിണക്കങ്ങളല്ലാതെ വേറൊന്നും വേണ്ട.

പറയുന്നതിനൊപ്പം ആ നെഞ്ചിലൊന്നു അമർത്തി ചുംബിച്ചിരുന്നവൾ.. അതു മാത്രം മതിയായിരുന്നു ഇതുവരെയും ചിന്തിച്ചു കൂട്ടിയ അപകർഷതയുടെ കൊടുമുടികൾ ഇടിഞ്ഞു വീഴാൻ... പതിയെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അതു പിന്നെയൊരു കുസൃതി ചിരിയായി മാറി.. തന്നെ പുണർന്നു കിടക്കുന്നവളെ ഒന്നുകൂടി മുറുക്കെ പിടിച്ചു.. മുഖം കവിളൊടടുപ്പിച്ചു. നിശ്വാസ ചൂടിൽ പൊള്ളിപ്പിടഞ്ഞു പോയിരുന്നു പെണ്ണ്.. സാർ... വേ.. വേണ്ട... വേണ്ടേ... എന്നിട്ടാണോ കുറച്ചു മുൻപ് ഈ വീരവാദമൊക്കെ മുഴക്കിയത്.. പറയുമ്പോൾ വലം കൈവിരലാൽ അവളുടെ കവിളിലും നാസിക തുമ്പിലുമൊക്കെ തഴുകുന്നുണ്ടായിരുന്നു. സൂര്യന്റെ ഗൗരവവും സങ്കടവും നിസ്സഹായതയും വാത്സല്യവും മാത്രം കണ്ടു ശീലിച്ചവൾക്കിതൊരു പുതു ഭാവമായിരുന്നു.. പ്രണയം മാത്രം നിറഞ്ഞ നിമിഷങ്ങൾ.. ഏ.. എന്ത് പറഞ്ഞുന്നു.. അവന്റെ വിരലുകളുടെ പുളകത്തിൽ മുഖം വെട്ടിച്ചുകൊണ്ട് ചോദ്യഭാവത്തിൽ നോക്കി.. അല്ല... നമുക്ക് ഇനിയും കുഞ്ഞുങ്ങൾ വരുമെന്നോ..

അവരും റിച്ചു മോൾക്കൊപ്പം വളരുമെന്നോ.. അങ്ങനെന്തൊക്കെയോ...? മ്മ്... പറഞ്ഞുല്ലോ.. അതിനെന്താ... അവൾ ചോദിച്ചു മുഴുമിപ്പിക്കും മുന്നേ സൂര്യന്റെ അധരം തന്റെ ഇണയെ കണ്ടെത്തിയിരുന്നു.. പതിയെ തുടങ്ങിയ ചുംബനം ഇരുവർക്കും പുതിയൊരു അനുഭൂതിയായിരുന്നു.. ഒരു കുഞ്ഞ് പൂവിനെ ചുംബിച്ചുണർത്തും പോലെ... ഇരു ഹൃദ്യങ്ങളിലെയും പ്രണയ ചൂടിന് ആദ്യ ചുംബനം തീവ്രതയേകി. ഒടുവിൽ തളർന്നു പിന്മാറുമ്പോൾ കാന്തിയ്ക്കു സൂര്യനെ നോക്കാൻ ആകെ നാണമായിരുന്നു.. ആ നെഞ്ചിൽ മുഖമമർത്തി കഴിഞ്ഞു പോയ നിമിഷങ്ങൾ ഉള്ളിൽ താലോലിച്ചുകൊണ്ടവൾ ശ്വാസമെടുത്തു.. കണ്ടോ... ഇതാ പറഞ്ഞേ.. ഇങ്ങനെ നാണിച്ചാൽ എന്തു ചെയ്യുമെന്റെ കുഞ്ഞേ... സൂര്യൻ കുസൃതിയോടെ തിരക്കുമ്പോൾ പെണ്ണിന്റെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. അപ്പോഴും മുഖം നെഞ്ചിൽ നിന്നും ഉയർത്താൻ.. സൂര്യനെ നോക്കാൻ അവൾക്കാകെ പരവേശം തോന്നി.. നോക്ക് കുഞ്ഞേ.... അവളുടെ മുഖം നെഞ്ചിൽ നിന്നും ഉയർത്താൻ ശ്രമിച്ചുകൊണ്ട് സൂര്യൻ പറഞ്ഞു..

പെട്ടെന്നവൾ അവനെ വിട്ടു തിരിഞ്ഞു കിടന്നു.. എടോ.. ഒന്നിങ്ങട് നോക്ക് കുഞ്ഞേ... എന്താ... എന്താ ഇത്ര നാണിക്കാൻ ഞാനല്ലേ.... മുഖം വീണ്ടും അവളുടെ മുടിക്കുള്ളിലേയ്ക്ക് പൂഴ്ത്തി മെല്ലെ ചോദിച്ചു.. എനിക്ക്.. സർ.. പെട്ടെന്ന്. ഇങ്ങനൊക്കെ പെരുമാറുമ്പോൾ ആകെ എന്തോ പോലെ... ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. കാന്തി അത്ഭുതത്തോടെ പറഞ്ഞു.. ഇതുപോലെ ഒന്നു സ്നേഹിക്കാൻ.. ചേർത്തുപിടിക്കാൻ... എന്റേതെന്ന അവകാശത്തിൽ ചുംബിച്ചുണർത്താൻ എന്തോരം കൊതിച്ചിട്ടുണ്ടെന്നോ...? ഞാനും ഒരു മനുഷ്യനല്ലേ... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നൊരു മനസ്സ് എനിക്കുമില്ലേ..? സൂര്യൻ ഉള്ളിലെ സന്തോഷം അടക്കി പറഞ്ഞു. അവന്റെ വാക്കുകളിൽ.. എന്തിന് ആ നെഞ്ചിടിപ്പിൽ പോലും സംതൃപ്തിയുടെ.. ആഗ്രഹിച്ചതെന്തോ കൈവന്നതിന്റെ ആഹ്ലാദം അലതല്ലി..

അതു മാത്രം മതിയായിരുന്നവൾക്കും.. എത്ര നേരം കണ്ണുകളിൽ നോക്കി കിടന്നെന്നറിയില്ല.. കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ... കണ്ണുകൾ മത്സരിച്ചുകൊണ്ടിരുന്നു.. പരസ്പരം ഉള്ളിൽ ആവാഹിക്കുകയായിരുന്നു. കുഞ്ഞേ..... ഇനി നമുക്ക് പതിയെ ജീവിച്ചു തുടങ്ങിയാലോ... പരസ്പരം അറിഞ്ഞു തുടങ്ങിയാലോ... സൂര്യൻ പ്രതീക്ഷയോടെ കാന്തിയെ നോക്കി.. നാണം ചുവപ്പ് പടർത്തിയിരുന്ന മുഖത്ത് പതിയെ വിളർച്ചയുടെ ഛായ തെളിഞ്ഞു.. ഭയം കണ്ണുകളിൽ നിറയും പോലെ.. സ്നേഹം കൊണ്ടു മൂടണമെന്നുണ്ട്... തൊട്ടു മുന്നെപോലും പ്രണയത്താൽ നെഞ്ച് പൊട്ടിപോകുമെന്ന് തോന്നിയിരുന്നതാണ്.. മനസ്സും ശരീരവും ഒരു പാതി ഇതൊക്കെ ആഗ്രഹിക്കുമ്പോഴും.. മറുപാതി പിന്നോട്ട് വലിയ്ക്കുംപോലെ... ഞരമ്പുകൾ പോലും വേദന കൊണ്ട് പിടയും പോലെ.. പഴയ ഓർമ്മകൾ തനിയ്ക്ക് നേരെ പല്ലിളിയ്ക്കുമ്പോൾ പൂർണമായും അവനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്നവളുടെ മനസ്സിൽ ആരോ അടിവരയിട്ടുറപ്പിക്കും പോലെ തോന്നി....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story