സുറുമി: ഭാഗം 10

surumi

എഴുത്തുകാരി: അവന്തിക

ഇതേ സമയം സുറുമി ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു. സ്വന്തത്തെ പഴിച്ചും ശാസിച്ചും ഉപദേശിച്ചും അവളുടെ ഉള്ളിലെ പ്രണയത്തെ കുഴിച്ചു മൂടാൻ ഉള്ളിൽ നിന്ന് ആരോ അലമുറകൂട്ടികൊണ്ടിരിന്നു.... അയാൾക്കും ഇഷ്ട്ടമുണ്ടെന്ന് അയാളുടെ കണ്ണുകളിൽ നോക്കിയാൽ അറിയാം സുറുമി.. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ല.. എങ്ങാനും അയാൾ നിന്നെ സ്നേഹിച്ച് വഞ്ചിച്ച് പോയി കളഞ്ഞാലോ.. അയാൾക്ക് ഒന്നോ രണ്ടോ മാസത്തെ ലീവ് ആയിരിക്കും.. അത് കഴിഞ്ഞ് ഇനി വരുമ്പോഴേക്ക് നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടുമുണ്ടാകും.. അല്ലേൽ അയാളുടെ കാര്യത്തിൽ.. എന്ത് കണ്ടിട്ടാ നീ ഈ സ്വപ്നം കാണുന്നെ.. വാപ്പ അറിഞ്ഞാൽ എന്താ സംഭവിക്കാൻ പോവാ ന്ന് അറിയോ.. ഇതെങ്ങാനും അറിഞ്ഞാൽ ഒന്നും നോക്കില്ല വന്ന ആലോചനക്ക് സമ്മതം കൊടുക്കും.. നിക്കാഹ് കഴിപ്പിക്കും..... നിന്റെ സലുക്കാ നെ കുറിച്ച് നീ ഓർത്തോ... ഇതറിഞ്ഞാൽ വാപ്പ ഉമ്മനെ അല്ലെ പഴിചാരാ.... സലുക്കനെ അല്ലെ പറയാ...കൊഞ്ചിച്ച് വഷളാക്കി...

താളത്തിന് അനുസരിച്ചു തുള്ളി എന്നൊക്കെ പറയൂലെ.. വളർത്തു മോശമാണെന്നു ബന്ധുക്കാരും പറയൂലെ.... എന്താ നിനക്ക് പറ്റിയെ... അയാളെ കുറിച്ച് എന്തേലും നിനക്ക് അറിയോ... എന്തിനാ ഇന്നലെ ഒട്ടും വയ്യായിട്ടും മനസ്സ് അവിടെ എത്താൻ കൊതിച്ചത്... നീ ഹനയുടെ ഇക്കാക്കടെ കല്യാണം എന്നൊക്കെ പറഞ്ഞാലും നിന്റെ മനസാക്ഷിയോട് ചോയ്ക്ക്... അയാളെ കാണാൻ അല്ലെ.....? ഇപ്പോഴും നീ കണ്ണാടി ക്ക് മുമ്പിൽ ഇരുന്ന് കൊണ്ട് പതിവിലും നേരം അണിഞ്ഞു ഒരുങ്ങുന്നത് അയാൾ ഉണ്ടാകുമെന്നുള്ള ചിന്തയിലല്ലേ.. എന്തിനാ നിന്റെ കണ്ണുകൾ അയാളോട് സംസാരിക്കുന്നത്...... ഇതിന് മാത്രം നീ മനസ്സിൽ കൊണ്ട് നടക്കാൻ അയാൾ നിന്റെ ആരാ...? കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോ എല്ലാവർക്കും ഉണ്ടാകും ഒരിളക്കം... നിന്റെ മനസ്സിന്റെ താളത്തിന് അനുസരിച്ച് തുള്ളൂല എന്നുണ്ടെങ്കിൽ മാത്രം ഇന്ന് പോയാൽ മതി.. അല്ലെങ്കിൽ ഹനയോട് കള്ളം പറഞ്ഞോ.. വയ്യെന്ന്.... അയാളെ അന്വേഷിക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്യരുത്...

അങ്ങനെ ആണേൽ മാത്രം പോയാൽ മതി... അയാൾ നിന്റെ മനസിൽ ഇല്ലെന്ന് നീ ആണയിടുന്നുണ്ടല്ലോ.. അങ്ങനെ ആണേൽ നിന്റെ ഡയറിയിൽ എടുത്ത് വെച്ചിരിക്കുന്ന അയാൾ കൊണ്ട് വന്ന മിഠായി കവർ എടുത്തു കളയ് സുറുമി ... എന്നിട്ട് നീ പൊയ്ക്കോ... ഒരിക്കലും പതറരുത്.... പെൺകുട്ടിയാണ്... അവസാനം ഇലക്ക് ആയിരിക്കും എപ്പഴും കേട്.. ഓർത്ത് വെച്ചോ... ഇന്ന് അയാളെ കണ്ടാൽ ചിലപ്പോ ഇനി കാണാൻ പറ്റിയെന്നു പോലും വരില്ല.... മറക്കണം.. പറ്റും സുറുമി.. പറ്റും... നിനക്ക് പറ്റും ... ചിന്തകൾ പല ഭാവത്തിലും രൂപത്തിലും സമാധാനം നഷ്ട്ടപെടുത്തിയപ്പോൾ അവൾ കണ്ണടച്ച് കൊണ്ട് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു ... ടേബിളിൽ കിടന്ന ഡയറിയിൽ നിന്ന് മഷൂ കൊണ്ട് വന്ന മിഠായി കവറുകൾ കയ്യിലെടുത്തു..ഇന്നലെ രാത്രി പോലും ഇത് കയ്യിലെടുത്ത് പ്രണയപൂർവ്വം നോക്കിയിട്ടുണ്ട്....അവൾകയ്യിൽ പിടിച്ച മിഠായി കവറിലേക്ക് നോക്കി. ഉറച്ച മനസ്സോടെ അത് ചവറ്റുകൊട്ടയിൽ കൊണ്ട് പോയി ഇട്ടു.. ദാ സുറുമി മാറാൻ പോവാ.. ഇത് പുതിയ സുറുമിയാണ്..

വാപ്പാടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന ഒന്നും ന്റെ ഭാഗത്തു നിന്ന് ഉണ്ടാവൂല... ഇത് ഞാൻ എനിക്ക് തന്നെ കൊടുക്കുന്ന വാക്കാണ്.... സുറുമിയുടെ ഹൃദയം മന്ത്രിച്ചു.. റിസപ്ഷൻ നടക്കുന്ന മെയിൻ ഹാളിൽ നിന്ന് ചെറിയ ശബ്ദത്തിൽ ഒഴുകുന്ന പാട്ടുകൾ ....സ്റ്റേജിൽ ഹന ചുവപ്പ് കളർ ലാച്ചയിൽ ഭംഗിയായി ഒരുങ്ങിയിരിക്കുന്നു.. സ്റ്റേജിലേക്ക് കയറി വരുന്ന ബന്ധുക്കളും കൂട്ടുകാരുമായി ഫോട്ടോയിടുപ്പ് നടന്നോണ്ടിരിക്കുന്നുമുണ്ട്.. പെട്ടന്ന് പാട്ട് ഉച്ചത്തിലാവുകയും രണ്ട് മൂന്ന് പാട്ട് മാറി വന്ന ശേഷം കെരളമൊട്ടാകെ തരംഗമായി കൊണ്ടിരിക്കുന്ന, ഓരോരുത്തരും ഒരു പോലെ പാടുകയും അറിയാതെ പോലും കൈകൾ താളമിടുകയും ചെയ്യുന്ന മനോഹരമായ പാട്ടിന്റെ ഈരടികൾ ഹാളെങ്ങും മുഴുങ്ങി കേട്ടു... "കിഴക്ക് പൂക്കുമൊരുക്കിനെന്തൊരു ചുകചുകപ്പാണ്... " പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണ്....... " രണ്ട് മൂന്ന് നിമിഷത്തിന് ശേഷം പാട്ടിനൊപ്പം മുഴങ്ങി കേൾക്കുന്ന കയ്യടികൾ കേട്ട് കൊണ്ടാണ് ഭക്ഷണം കഴിക്കുന്ന സ്ഥലത്തുള്ള തിരക്ക് നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന മഷൂദ് ചുറ്റുമൊന്ന് ശ്രദ്ധിച്ചത്..

എന്താണെന്നു ചിന്തിക്കുമ്പോഴേക്ക് അവന്റെ കയ്യിൽ പിടിത്തം വീണിരുന്നു.. എന്താ ന്ന് ചോദിക്കുമ്പോഴേക്കും നിഹാൽ അവനെയും കൊണ്ട് റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് പാഞ്ഞു.. മെയിൻ ഡോർ ന്റെ അവിടെ അവനെ കൊണ്ട് നിർത്തി കിതച്ചു കൊണ്ട് മുന്നോട്ട് നോക്കാൻ ആംഗ്യം കാണിച്ചു നിഹാൽ... സ്റ്റേജിൽ സുറുമിയടക്കം ആറു പേര് ആ പാട്ടിനൊത്ത് ചുവട് വെക്കുകയാണ്.... പിങ്ക് കളർ അനാർക്കലിയിൽ സുന്ദരിയായി ഒരുങ്ങിയിരിക്കുന്ന സുറുമി... പാട്ടിന്റെ ഈരടികൾക്കൊപ്പം അവളുടെ മൈലാഞ്ചി അണിഞ്ഞ കൈകളും വായുവിൽ ഉയർന്നു താഴുന്നു..... തലയിലൂടെ ഇട്ട തട്ടം അറിയാതെ പോലും സ്ഥാനം തെറ്റാതെയാണ് ഓരോ ചുവടും വെക്കുന്നത്.. ഒതുക്കത്തോടെ.... അത്യധികം മനോഹരതയോടെ.... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആണ് സുറുമിയും കൂട്ടുകാരും തന്നതെന്ന് ഹനയുടെ മുഖം വിളിച്ചോതുന്നുണ്ട്... അവളാകെ പകച്ചു നിൽക്കുകയാണ്.....

ആദ്യത്തെ അന്ധാളിപ്പ് മാറിയതിൽ പിന്നെ ഹനയും കയ്യടിയോടെ നിറഞ്ഞ ചിരിയോടെ അവരുടെ ചുവടുകളെ നോക്കി നിന്നു.. "തേനൂറും... തേനൂറും.. പുഞ്ചിരിയാണോ..... അലകൾ ഞൊറിയിണ..പാൽ നിലാവോ... പാൽ നിലാവോ..തേൻകിനാവോ... നാണമോ .... " തങ്ങളെ ഏറ്റു പിടിക്കുന്ന സദസ്സിലേക്ക് പുഞ്ചിരിയോടെ നോക്കിയ സുറുമി കാണുന്നത് മെയിൻ ഡോറിൽ ഇങ്ങോട്ട് നോക്കി നിൽക്കുന്ന മഷൂദ്നെയാണ്....ആളുടെ മുഖത്ത് ഇപ്പോഴുള്ള ഭാവങ്ങൾ എന്തെക്കെയാണെന്ന് സുറുമിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... പക്ഷെ തന്നെയാണ് നോക്കുന്നത് എന്ന് അവൾക്ക് ഊഹിക്കാൻ കഴിയുന്നതെ ഉണ്ടായിരുന്നോള്ളൂ.... കണ്ണിമവെട്ടാതെ സ്റ്റേജിലേക്ക് നോക്കി നിൽക്കുന്ന മഷൂദ് നെ കണ്ട് നിഹാൽ ചിരിയടക്കാൻ പാടുപെടുകയാണ്.. "എടാ മഷൂ..." നിഹാൽ വിളിച്ചു.. "മ്മ്..? "അവൻ നോട്ടം അങ്ങോട്ട് എയ്ത് കൊണ്ട് തന്നെ മൂളി.. "ഡാ.... " നിഹാൽ തോള് കൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടി "എന്താ പറയ്.. "മഷൂദ്ന്റെ നോട്ടത്തിന് ഭംഗം വന്നത് പോലെ അവനൊന്ന് മുരണ്ടു "നീ സീൻ കണ്ടിട്ടുണ്ടോ..? " "സീനോ..? "

അവന്റെ ചോദ്യത്തിൽ ആശ്ചര്യം... "ഒന്ന് പതുകെ കാറെടാ .. ഈ പാട്ടിന്റെ സീൻ കണ്ടിട്ടുണ്ടോ.. ന്ന്? "മ്മ്. മ്മ്... ഇല്ല്യാ.. എന്തെ..? '' "ദാ.. ഏകദേശം ഇത് പോലെയാണ്... ഹീറോ ഡാൻസ് കളിക്കുന്ന ഹെറോയിനെ വായിനോക്കുന്നു.... പക്ഷെ ഇത് പോലെ അല്ലാട്ടോ... നിന്റെ വായ്നോട്ടം നല്ല ബോറാ മഷൂ.... നീ ഒന്ന് ചിരിച്ചു കൊണ്ട് റൊമാന്റിക് ആയിട്ട് വായിനോക്ക് ... എന്നിട്ട് ദാ ഈ കാണുന്ന വരാന്തയിലൂടെ നടന്ന് ഈ ഗ്ലാസ്‌ വിൻഡോയിലൂടെ ഒക്കെ നോക്കി നോക്കി ലാസ്റ്റ് ആ കാണുന്ന എൻട്രി വഴി ഒന്ന് എത്തി നോക്ക്..... സൂപ്പർ ആയിരിക്കും.... " മഷൂദ് പല്ലിറുമ്പി കൊണ്ട് നിഹാലിനെ നോക്കി.... "ഞാനൊരു ഐഡിയ പറഞ്ഞതല്ലേ.... അവിടെ എത്തുമ്പോ അവളും നിന്നെ നോക്കും.. ചിരിക്കും.... നിന്റെ മുഖത്തേക്ക് കണ്ണ് നട്ട് അവൾ ഡാൻസ് ചെയ്യും.....എനിക്ക് നേരിട്ടൊരു റൊമാന്റിക് സോങ് കണ്ട ഫീലും കിട്ടും.... എങ്ങനെയുണ്ട്..? " മഷൂദ് ഇരുത്തിയൊന്ന് നിഹാലിനെ നോക്കികൊണ്ട് വീണ്ടും സ്റ്റേജിലേക്ക് തന്നെ കണ്ണനട്ടു ... "ഞാനൊരു ഐഡിയ പറഞ്ഞതാ... അതിന് നീ ഇങ്ങനെ നോക്കി പേടിപ്പിക്കണോ ....

നീ എന്തൊരു മൂരാച്ചിയാ.... ഇതൊക്കെ ഞാൻ ആകണമായിരിന്നു... നിനക്ക് നല്ലൊരു സീൻ തന്നെ ലൈവ് ആയി കാണാമായിരുന്നു... "അതാ മുമ്പിൽ നിന്റെ പെണ്ണുംപിള്ള നിൽക്കുന്നു.. ഇവടെ പറഞ്ഞ ഷോ അവിടെ പോയി എടുക്ക്... അപ്പൊ എനിക്കും ലൈവ് ആയി കാണാം... "നിഹാൽ മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ അവന്റെ ചെവിയിലായി മഷൂദ് പറഞ്ഞു നിർത്തി.. കാതടിപ്പിക്കുന്ന കരഘോഷത്തോടെയാണ് അവരുടെ ചുവടുകളെ സദസ് ഏറ്റെടുത്തത്... ഡാൻസ് കഴിഞ്ഞതും ഹന സുറുമി യെ പോയി ഇറുകെ പുണർന്നിരിന്നു.. "എടി.... താങ്ക്സ്.. ടി.. പണ്ട് നീ കളിച്ചിരുന്നു എന്നല്ലാതെ ഇപ്പൊ.. ഇതെങ്ങനെ..?? "ഹന അവളെ ഇറുക്കി പിടിച്ചോണ്ട് തന്നെ ചോദിച്ചു... "നീ കുറച്ചൂസം ലീവ് ആയപ്പോ വെറുതെ.. രണ്ടൂസം കൊണ്ട് ഉണ്ടായതാ.. ഇവരൊക്കെ റെഡി ആയപ്പോ .. കൊറിയഗ്രാഫർ ഞാൻ തന്നെ ആയി... കൊറേ ആയില്ലേ..

ഒക്കെ ഒന്ന് പൊടിതട്ടിയെടുത്തു.. "സുറുമി അവളുടെ താടിയിൽ പിടിച്ചു കൊണ്ട് തന്നെ മറുപടിയും കൊടുത്തു.. കെട്ടിപിടിച്ച് കവിളിരുമ്മയായിരുന്നു ഹനയുടെ മറുപടി.. ആ ക്ലിക്ക് അതിന്റെ ഭംഗി ഒട്ടും കളയാതെ ഫോട്ടോഗ്രാഫർ എടുക്കുകയും ചെയ്തു... കുറച്ച് കഴിഞ്ഞപ്പോൾ തന്നെ നദീനും വീട്ടുകാരും വന്നു... കൈകൊട്ടി പാട്ടും മേളവുമായി അവനെ ഹനയുടെ കാസിൻസ് സ്റ്റേജിലേക്ക് കയറ്റി.. നദീനിനെ കൊണ്ട് മുട്ടുകുത്തി ഹനക്ക് പൂവ് കൊടുപ്പിച്ചും പാട്ട് പാടിപ്പിച്ചും കഴിഞ്ഞാണ് നദീൻ ഹനക്ക് മഹർ അണിയിപ്പിച്ചത് .. ഭക്ഷണം കഴിഞ്ഞ് ഫോട്ടോ സെക്ഷൻ കഴിഞ്ഞ് യാത്ര പറയാൻ ചെന്ന സുറുമിയെ ഹന പോകാൻ സമ്മതിച്ചില്ല.. പെണ്ണിനൊപ്പം വരുന്നവരുടെ കൂടെ വരണം.. അവിടെ എത്തുമ്പോ നിന്നെ കാണുമ്പോ എനിക്ക് ഇത്തിരി ടെൻഷൻ കുറയും എന്നൊക്കെ പറഞ്ഞവളെ പിടിച്ചു വെച്ചു... സലുക്കനോട്‌ പറഞ്ഞിട്ടില്ലന്ന് പറഞ്ഞപ്പോ ഉടൻ തന്നെ ആരുടെയോ ഫോൺ പൊക്കി കൊണ്ട് വന്നു.... വിളിച്ചു അറിയിക്കാൻ.. പിന്നെയും മടിച്ച് നിന്ന അവളെ കൊണ്ട് നമ്പർ ഡയൽ ചെയ്യിപ്പിച്ച് ഹന തന്നെ വിളിച്ചു പറഞ്ഞു....

പേടിക്കാൻ ഒന്നുല്ല്യ.. ഇവിടെ കൊറേ കസിൻസ് ഉണ്ട്. അവരുടെ കൂടെയാണ് എന്നൊക്കെ അവൾ പറഞ്ഞപ്പോ സൽമാനും സമ്മതം .. ഒരു വിധം ആളെ കാണാതെ ഉള്ളിലെ നോവിനെ അടച്ചു പൂട്ടി മാറി നടന്നതായിരിന്നു.. ....ഇനിയിപ്പോ... ഹന നിർബന്ധിക്കുമ്പോൾ വേറെ നിവർത്തിയില്ലല്ലോ..... സുറുമിയുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു.. പിന്നെ പോകാൻ ഇറങ്ങുമ്പോഴുള്ള ഹനയുടെ കരച്ചിൽ ചടങ്ങ്.... ഉമ്മിയുടെയും വാപ്പച്ചിയുടെയും നിഹാലിനെയും എന്തിന് ഇന്നലെ വന്ന ഹിബയെ വരേ കെട്ടിപിടിച്ച് കരഞ്ഞു ഹന.... അവസാനം നിന്ന് കാല് കുഴഞ്ഞ നദീൻ തന്നെ അവളെ പിടിച്ചു കാറിൽ കയറ്റി... പോകാൻ നേരം നിഹാലിനെ കൈ കാട്ടി വിളിച്ചു അവൾ.... നിനക്ക് പോകാനായില്ലേ.. നീ പോയിട്ട് വേണം എനിക്കും എന്റെ പെണ്ണുമ്പിള്ളക്കും ഒന്ന് ആഘോഷിക്കാൻ എന്ന് പറഞ്ഞ നിഹാലിനെ കോക്രി കാണിച്ച് മുഖം കയ്യിലെടുത്ത് നെറ്റിയിൽ ചുംബിച്ചു.... നിഹാലിന്റെ കണ്ണുകളും നിറഞ്ഞെങ്കിലും 'പോയെടി.. ആ ചുണ്ടിലെ സാധനം ന്റെ മേലെ ആക്കല്ലേ' ന്ന് പറഞ്ഞു കൊണ്ടവാളെ അടർത്തി മാറ്റി....

ഡോർ അടച്ചു കൊടുത്തു കൊണ്ട് പോയി വാ.. ഞങ്ങളും വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്ക് പറയമുണ്ടായിരുന്നത് സുറുമിയെ കുറിച്ചാണ്... എന്റെ നിർബന്ധത്തിന് നിന്നതാ... അവരുടെ കൂടെ ബസിൽ ആക്കി കൊടുത്തേക്കണേ.. രാത്രി ലേറ്റ് ആയാൽ ഒന്ന് വീട് വരേ ആക്കി കൊടുക്കണം ട്ടോ.. എന്ന് പറഞ്ഞേൽപ്പിക്കുമ്പോ കിട്ടിയ അവസരം എങ്ങനെ വിനയോഗിക്കണമെന്ന് കണക്ക് കൂട്ടി തുടങ്ങിയിരിന്നു നിഹാൽ ..... മറക്കല്ലേ ന്ന് വീണ്ടും അവൾ ഓർമിപ്പിക്കുമ്പോ സഫയുണ്ട്.. അവളുടെ കൂടെ നിന്നോളും.. ബാക്കി ഒക്കെ ഞാൻ ഏറ്റെന്നു അവനും മറുപടി പറഞ്ഞവളെ യാത്രയാക്കി.... ചെക്കനും പെണ്ണും പോയിക്കഴിഞ്ഞപ്പോ സഫ പോകാൻ ഇറങ്ങി.. മഷൂദ് നെ അന്വേഷിച് കൊണ്ടിരിക്കുന്ന സഫ വന്നു പെട്ടത് നിഹാലിന്റെ മുമ്പിലും.. " മഷൂച്ചയോട്‌ വീട് വരേ ആക്കി തരാൻ പറയോ??... "എന്ന് ചോദിക്കുമ്പോൾ ''സുറുമിയുണ്ട്..അവൾക്കൊരു കൂട്ടിനു നിന്നേം നിർത്തണം എന്ന് പറഞ്ഞാ ഹന പോയത്.. നീ സുറുമിയുടെ അടുത്തേക്ക് ചെല്ല്.. ഞാൻ ഈ ട്രാവലറിൽ സീറ്റ് എല്ലാം ഓക്കെ ആണോ ന്ന് നോക്കട്ടെ ''എന്ന് പറഞ്ഞു കൊണ്ട് അവളെ ഹാളിലേക്ക് തന്നെ പറഞ്ഞു വിട്ടു അവൻ.. സഫയെ വീട്ടിൽ കൊണ്ടുവിട്ട് വരാമെന്ന് പറഞ്ഞ മഷൂദ്നെയും ഒന്നും രണ്ടും പറഞ്ഞ് അവിടെ പിടിച്ചു നിർത്തി...

പയ്യന്റെ വീട്ടിലേക്ക് പോകുന്ന ട്രാവലറും മറ്റ് വണ്ടികളും പോകാൻ റെഡി ആക്കി കൊണ്ട് നിഹാൽ നേരെ പോയത് ഹിബയുടെ അടുത്തേക്കാണ്... അവളേം കൊണ്ട് അവന്റെ കാറിൽ പുറകിൽ കയറ്റി ഇരുത്തി... പിന്നെ നേരെ ഹാളിൽ ചെന്ന് സഫയോടും സുറുമിയോടും ഹിബയിരിക്കുന്ന കാർ കാണിച്ചു കൊടുത്തു അതിൽ പോയി കയറാൻ പറഞ്ഞു.. മഷൂദ് നോട്‌ ചെന്ന് വണ്ടി എടുക്കാൻ പറയുമ്പോ ഹിബയെയും കൊണ്ട് നീ പൊയ്ക്കോ.. നിങ്ങളുടെ ആദ്യത്തെ യാത്ര അല്ലെ എന്നൊക്കെ പറഞ്ഞെങ്കിലും അതിൽ വേറേം ആളുകൾ ഉണ്ട്.. വേഗം പോയി വണ്ടി എടുക്കെന്ന് പറഞ്ഞു കൊണ്ട് ചാവി കയ്യിൽ വെച്ച് കൊടുത്തു.. പാന്റിന്റെ പോക്കറ്റിൽ നിന്ന് ടവൽ എടുത്തു നെറ്റിയിൽ പറ്റിച്ചേർന്നു കിടക്കുന്ന വിയർപ്പ് തുള്ളികളെ ഒപ്പിയെടുത്ത് .. കയ്യിലിരുന്ന ചാവി എടുത്ത് കാർ അൺലോക്ക് ചെയ്ത് നടന്ന് വരുന്ന മഷൂദ്നെ കാറിന്റെ ഗ്ലാസ്‌ വിൻഡോയിലൂടെ,മുറുകുന്ന ഹൃദയമിടിപ്പോടെയാണ് സുറുമി കണ്ടത് ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story