സുറുമി: ഭാഗം 12

surumi

എഴുത്തുകാരി: അവന്തിക

"ഇവളേം കൊണ്ട് നീ എവിടൊക്കെ വരും... ഈ യാത്ര തീരുന്ന വരേ അല്ലെ....... അത് കഴിഞ്ഞാ നിന്നെ ന്റെ കൈയിൽ തന്നെ കിട്ടും "അവസരം കിട്ടിയപ്പോൾ അവളുടെ ചെവിയിലായ് പറഞ്ഞു നിഹാൽ.. ആരെങ്കിലും കേട്ടോ ന്ന് അറിയാൻ ചുറ്റും കണ്ണോടിച്ച് കൊണ്ടവൾ സഫയോട് ചേർന്ന് നടന്നു.. അവളുടെ മുഖത്തെ ഭയവും വെപ്രാളവും കണ്ട് അവൻ ചിരികടിച്ചു പിടിച്ചു ... പെട്ടന്നാണ് അവൻക്ക് വെള്ളിടി വെട്ടിയത്.... പടച്ചോനേ.... മഷൂ... സുറുമി.... അവരെ ഷൂ സെക്ഷനിലേക്ക് ആക്കി കൊടുത്ത് നിഹാൽ ഫോൺ എടുത്ത് മഷൂദ് ന് ടൈൽ ചെയ്തു... തുടർന്ന് വായിക്കൂ... ഈ സമയം മഷൂദ് സുറുമിയെയും കൊണ്ട് കാർ മുന്നോട്ട് എടുത്തിരുന്നു.. കാർ ഓടി തുടങ്ങിയപ്പോൾ സുറുമി കണ്ണ് തുറന്ന് ചുറ്റും നോക്കി.... രണ്ട് ഭാഗത്തും കെട്ടിട സമുച്ചയങ്ങളും കൊറേ വാഹനങ്ങളും ഓടി കൊണ്ടിരിക്കുന്ന അത്യാവശ്യം തിരക്കുള്ള ടൌണിലാണ് ഇപ്പൊ ഉള്ളത് .. എവിടെക്കാ എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു ധൈര്യകുറവ്.... ചോദിക്കാൻ ധൈര്യം ഇല്ലെങ്കിലും അവന്റെ കൂടെ ഒറ്റക്കാണെന്നുള്ള ചിന്ത അവൾക്ക് തെല്ലൊരാശങ്ക പോലും കൊടുത്തില്ല..

ആളെ ഒന്ന് പാളി നോക്കിയപ്പോ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുകയാണെന്ന് തോന്നി അവൾക്ക്.. ഇടക്ക് രണ്ട് ഭാഗത്തേക്കും നോക്കുന്നുണ്ട്.. അഞ്ചു മിനുട്ട് കഴിഞ്ഞ് കാണും ഒരു റെസ്റ്റോറന്റ് ലക്ഷ്യമാക്കി കാർ പാർക്ക്‌ ചെയ്തു.. ഇറങ്ങെന്നു മാത്രം പറഞ്ഞു കൊണ്ടവൻ ഡോർ തുറന്ന് ഇറങ്ങി.. ചെറിയ ഒരു ആശങ്കയിൽ അവളും.. അവന്റെ കൂടെ ആണെന്നതിലേറെ അവളെ ഭയപെടുത്തിയത് വാപ്പാനെ അറിയുന്ന സലുക്കാനെ അറിയുന്ന ആരേലും ഉണ്ടാവോ എന്ന ചിന്തയാണ്.. മഷൂദ് ന്റെ ഫോൺ റിംഗ് ചെയ്യുന്നതും കട്ടാക്കി പോക്കറ്റിലേക്ക് ഇടുന്നതും ചുറ്റുഭാഗവും നോക്കി അവൻ നടക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.. തല ഉയർത്തി നടക്കാനൊരു പേടി പോലെ... അവൻ നേരെ ചെന്ന് നിന്നത് ലേഡീസ് ടോയ്ലറ്റ് എന്ന ബോർഡ്‌ എഴുതിയ സ്ഥലത്തേക്കാണ്. അവിടെ എത്തിയപോ മാത്രം അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കി..."ഒന്ന് ഫ്രഷ് ആയി വാ... മുഖമെല്ലാം നല്ലോം കഴുക്.. ആ ക്ഷീണം ഒക്കെ ഒന്ന് മാറട്ടെ... " അവൻ പറഞ്ഞപ്പോൾ അവൾ ഡോർ തുറന്ന് കയറി..

ലേഡീസ്ന് മാത്രം ആയിട്ടുള്ള ഏരിയ ആണ്.. ഉച്ച കഴിഞ്ഞ സമയം ആയത് കൊണ്ട് ഹോട്ടലിലും വാഷിംഗ്‌ ഏരിയയിൽ ഒന്നും ആളില്ല..ചുറ്റുഭാഗവും നോക്കി കൊണ്ട് അവൾ തിരിഞ്ഞ് നിന്ന് പുറത്തേക്കുള്ള ഡോർ വീണ്ടും തുറന്നു.. മാറിൽ കൈ പിണച്ചു വെച്ച് വേറെങ്ങോട്ടോ മിഴികൾ നട്ടിരിക്കുന്ന മഷൂദ് പോയ പോലെ വന്ന അവളെ കണ്ടപ്പോൾ സംശയഭാവത്തിൽ നോക്കി... "ഈ ഷാൾ ഒന്ന് പിടിക്കോ..." തെല്ലൊരു സങ്കോചത്തോടെയാണ് അവൾ ചോദിച്ചത്..നെറ്റി ചുളിച്ച് അവളെയൊന്ന് നോക്കി കൊണ്ടവൻ കൈ നീട്ടി.. "ഇങ്ങനെ അല്ല.. തിരിഞ്ഞ്....." പറയുന്നതിനോടൊപ്പം അവൾ തിരിഞ്ഞ് നിൽക്കാൻ കൈകൊണ്ട് കാണിച്ചു.. അവൻ തിരിഞ്ഞ് നിന്നപ്പോ അവൾ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി പാതി തുറന്ന ഡോറിലൂടെ ഷാൾ ഊരി കയ്യെത്തിച്ച് അവന്റെ തോളിലൂടെ ഇട്ടു കൊടുത്തു...ഡോർ ചാരി ടാപ് തുറന്ന് കൈകുമ്പിളിൽ വെള്ളം എടുത്ത് തുടർച്ചയായി മുഖത്തേക്ക് വെള്ളം ഒഴിച്ചു.... ഷാൾ ഉണ്ടായാൽ അതിലെല്ലാം വെള്ളം വീഴും.. പിന്നെ അത് തലയിലൂടെ ഇടുമ്പോ ഭയങ്കര അസ്വസ്ഥത ആയിരിക്കും..

നീ ചെയ്തത് മോശമായോ സുറുമി..... ഏയ്യ്..ഇല്ല... പിന്നെ എന്താ ചെയ്യാ... ഇവിടെങ്ങും ഹാങ്ങ്‌ ചെയ്യാൻ ഒരു ആണി പോലും ഇല്ലാലോ.. അതോണ്ടല്ലേ... മെല്ലെ ഡോർ തുറന്ന് നോക്കി..പാവം ആ നിൽപ്പ് അത് പോലെ നിൽക്കുന്നുണ്ട്.. അവൾ മെല്ലെ കയ്യെത്തിച്ച് അവന്റെ തോളിൽ നിന്ന് ഷാൾ വലിച്ചു എടുത്തു .. അത് വരേ ആ ഷാളിൽ നിന്ന് വരുന്ന ഷാമ്പുവിന്റെയും പെർഫ്യൂമിന്റെയും നേരിയ മണം ആസ്വദിച്ചു നിൽക്കുകയായിരുന്ന അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു.. ഷാൾ തല വഴി ഒതുക്കി ഇട്ടുകൊണ്ടവൾ വാഷിംഗ്‌ റൂമിൽ നിന്ന് ഇറങ്ങി.. അവൻ മുന്നോട്ട് നടന്നപ്പോൾ അവളും അവനെ അനുഗമിച്ചു... രണ്ട് പേർക്ക് ഇരിക്കാൻ പാകത്തിലുള്ള ടേബിളിൽ അഭിമുഖമായി അവർ ഇരിന്നു... ചെറിയൊരു പേടി തോന്നിയെങ്കിലും മുന്നിട്ട് നിൽക്കുന്നത് തന്റെ പ്രണയത്തോടൊപ്പം ആണെന്ന സന്തോഷമാണ് എന്നവൾ വേദനയോടെ ഓർത്തു .... ഹൃദയമേ.... അടങ്ങൂ.... ഈ യാത്ര അവസാനിക്കുന്നതോട് കൂടെ ഈ ബന്ധവും മുറിയും... ഇയാൾ നിന്റെ ഫ്രണ്ട്ന്റെ സഹോദരൻ മാത്രമാണ്...

ആവിശ്യമില്ലാത്ത കാര്യങ്ങൾ ആലോചിക്കണ്ട ...ഒരുപാട് കരയേണ്ടി വരും... വിഷമിക്കേണ്ടി വരും... സുറുമിക്കത് താങ്ങാൻ പറ്റിയെന്ന് വരില്ല... അവളുടെ ഉള്ളിൽ നിന്ന് ആരോ അലമുറ കൂട്ടികൊണ്ടിരിന്നു .. ഓഡർ എടുക്കാൻ വന്ന പയ്യന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.... അപ്പൊ മാത്രമാണ് അവൾ തന്നെ നോക്കുന്ന മഷൂദ് നെ ശ്രദ്ധിച്ചത് പോലും.... മനസ്സിൽ വലിയൊരു യുദ്ധം തന്നെ നടക്കുന്നുണ്ട്... ഇയാള് പറയ്... എന്താ ഞാൻ ചെയ്യാ... കളയാനും കൊള്ളാനും ആകാതെ അവൾ അവന്റെ മുഖത്തേക്ക് മിഴി നട്ടു... "എന്താ വേണ്ടേ....??? ." അവൻ പറഞ്ഞത് കേട്ടിട്ടില്ലെന്ന് അവളുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകളിൽ മിന്നി മറിയുന്ന ഭാവങ്ങൾ എന്താണെന്ന് മനസ്സിലാക്കാനാവാതെ അവൻ ഒരു നിമിഷം നിന്നു ... ഏതോ ആലോചനയിൽ നിന്ന് ഉണർന്ന് മുഖം ചുളിച്ച് കൊണ്ടവൾ അവനെ നോക്കി... "ചായ വേണോ... അതോ വെള്ളോ..?" "ചായ മതി........ ...സ്ട്രോങ്ങ്‌ ആയിട്ട്....." ഉള്ളിലെ സംഘർഷം പുറത്ത് കാണിക്കാതെ അവൾ പറഞ്ഞൊപ്പിച്ചു..

"ഒരു സ്ട്രോങ്ങ്‌ പാൽചായ.. ഒരു ലേറ്റ് കട്ടനും..... സ്നാക്സ് എന്തേലും...?? " "മ്മ് മ്മ്.. "വേണ്ടെന്നവൾ ചുമൽ കോച്ചി..... "തലവേദയുണ്ടോ...? " ഇടക്കിടക്ക് ഉയർന്നു താഴുന്ന പുരികങ്ങളും കുറുകുന്ന കണ്ണുകളും അവളുടെ വേദനിയുടേതാകാമെന്നവൻ ഊഹിച്ചു.. മറുപടിയായി ഒന്ന് മൂളി കൊണ്ടവൾ ചിരിക്കാൻ ശ്രമിച്ചു .. പറയാതെ പോലും അവൻ തന്റെ വേദനകളെ പോലും മനസിലാക്കുന്നു.. തന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി തന്നെ മനസിലാക്കേണ്ട ആവിശ്യം പോലും അവൻക്കില്ല എന്ന ചിന്ത പോലും അവളുടെ മനസിന് കുളിരേകി.......ഒപ്പം നെഞ്ചിനകത് ഒരു പിടച്ചിലും... ബുദ്ധി അരുതെന്ന് പറയുന്നു... പക്ഷെ ആകുന്നില്ല... ഹൃദയം വല്ലാതെ വിങ്ങുന്നു.... നെഞ്ചിനുള്ളിൽ ഒരു ഭാരം പോലെ....ഓരോ നിമിഷവും അത് അവന്റെ പേര് ഉറക്കെ ഉച്ചരിക്കും പോലെ തോന്നി അവൾക്ക് ......രണ്ട് പേരും പരസ്പരം നോക്കുന്നില്ലെങ്കിലും അവന്റെ ഹൃദയതാളവും ശ്വാസഗതിയെ പോലും കാതോർത്ത് അവളും അവളുടെ ചലനങ്ങളും നിശ്വാസത്തിന്റെ താളം വരേ മനസ്സിലാക്കി കൊണ്ട് അവനും ഇരുന്നു....

ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുന്ന പോലെ... പക്ഷെ നാവുകൾക്ക് ബലക്ഷയം തോന്നുന്നു... മനസ്സ് തുറക്കണം.. ഉള്ളിലെ സംഘർഷങ്ങൾ എല്ലാം ഒന്നൊഴിയാതെ പറയണം എന്നൊക്കെയുണ്ടെങ്കിലും എന്തോ ഒരു തടസ്സം പോലെ.. ടേബിളിൽ കൊണ്ട് വെച്ച ചായ അവൾ ചൂടോടെ ഊതി ഊതി കുടിച്ചു തീർത്തു....ഉള്ളിലെ സംഘർഷം നാവിന് വിലങ്ങു വെച്ച പോലെ... ചോദിക്കാനോ പറയണോ വയ്യാതെ അവൻ ഇരിന്നു അവിടെ നിന്ന് ഇറങ്ങി അവൻ ഒരു മെഡിക്കൽ സ്റ്റോറിന്റെ മുമ്പിലാണ് കാർ നിർത്തിയത്... തിരിച്ചു വന്നപ്പോൾ കൈയിൽ ഒരു ടാബ്ലെറ്റും ഒരു കുപ്പി വെള്ളവും ഉണ്ടായിരിന്നു.. ഒന്നും മിണ്ടാതെ തന്നെ അവൾ അത് വാങ്ങി കഴിച്ചു ... കയ്യിലിരുന്ന ഡയറി മിൽക്ക് അവൾക്ക് നേരെ നീട്ടി പിടിച്ചു അവൻ... അവനെയൊന്ന് നോക്കി അവളത് വാങ്ങി... തിരിച്ചു പോയി നിഹാലിനെയും സഫയേയും ഹിബയെയും കൂട്ടി.. നിഹാൽ വല്ലാത്ത ഭാവത്തോടെ നോക്കുന്നുണ്ടെങ്കിലും അവനെ നോക്കി ഒരു ചിരി കൊടുത്തു മഷൂദ്.. പിന്നെ അവർക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു...

ഒരു ചായ വാങ്ങി കുടിച്ചു.... ടാബ്ലറ്റ് വാങ്ങി കൊടുത്തു...എല്ലാവർക്കും ഓരോ ഡയറി മിൽക്ക് വിധം വാങ്ങി.. ന്നാ പിടിക്കെന്നും പറഞ്ഞു കൊണ്ട് പുറകിലേക്ക് രണ്ടെണ്ണവും അവനെ തന്നെ നോക്കി കൊണ്ടിരിക്കുന്ന നിഹാലിന്റെ മടിയിലേക്ക് ഒന്നും വെച്ച് കൊടുത്തു.... പിന്നെ അങ്ങോട്ടുള്ള യാത്ര എല്ലാവരും ഒരു പോലെ ആസ്വദിച്ചു..മരുന്ന് കഴിച്ചത് കൊണ്ടാണോ തന്ന ആളുടെ പ്രതേകത കൊണ്ടാണോ അറിയില്ല തലവേദന അൽപ്പം പോലും ഇല്ലാതെ വിട്ടൊഴിഞ്ഞു പോയിരുന്നു അവൾക്ക്.... ഇടവില്ലാതെ എത്ര നിയന്ത്രിച്ചിട്ടും പാറി വീഴുന്ന നോട്ടങ്ങൾ.. പരസ്പരമല്ലാത്ത സംസാരങ്ങളിൽ ഉണ്ടാകുന്ന ചിരികൾ, ഭാവങ്ങൾ എല്ലാം ഇരു ഹൃദയങ്ങളും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു... നദീനിന്റെ വീട്ടിൽ എത്തിയപ്പോൾ കൂടെ വന്ന ആളുകൾ എല്ലാം എത്തി ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു.. സുറുമിയെ കണ്ട ഉടനെ കെട്ടിപിടിച്ചു ഹന... എനിക്കിവിടെ ശ്വാസം മുട്ടുന്നു....... വെള്ളത്തിൽ നിന്നെടുത്ത മീനിനെ പോലെ.... എന്ന ഹനയുടെ കമന്റ്‌ കേട്ടപ്പോൾ ഞാനൊന്നും ചെയ്തീല്ല എന്ന നദീനിന്റെ ഭാവം കണ്ട് അവിടെ കൂട്ടച്ചിരി മുഴങ്ങി..

നിഹാലിനോട് സംസാരിക്കുമ്പോഴും നദീനിനും വീട്ട്കാർക്കും സുറുമിയെ പരിചയപെടുത്തുമ്പോഴും ഹനയുടെ ഒരു കൈ സുറുമിയുടെ ഒരു കൈയുമായി കോർത്തു പിടിച്ചിരുന്നു.. കൂടെ വന്നവരൊക്കെ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അവർ ഭക്ഷണം കഴിക്കാൻ ഇരുന്നത്. അവരുടെ കൂടെ ഹനയും നദീനും ഇരിന്നു. നദീനെ കൊണ്ട് ഹനക്കും നിഹാലിനെ കൊണ്ട് ഹിബക്കും ആദ്യത്തെ പിടി ഭക്ഷണം കൊടുപ്പിച്ചു മഷൂദ്.. തിരിച്ച് അവരും ആദ്യത്തെ ഒരു പിടി അവരുടെ പാതിക്കായി നീട്ടി.. അവർ ഏഴ് പേര് ഇരിക്കുന്ന വലിയ റൗണ്ട് ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് ഏതെടുക്കണം എന്ന് സംശയിച്ച സുറുമിയുടെ നോട്ടം ചെന്നെത്തിയത് അഭിമുഖമായി ഇരിക്കുന്ന മഷൂദ് ന്റെ മേലാണ്.. അവൻ കണ്ണ് കൊണ്ട് എന്തോ കാണിക്കുന്നുണ്ട്.. അവൾ കണ്ണുകൾ കുറുക്കി സംശയഭാവത്തിൽ അവനെ നോക്കി.. വീണ്ടും എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..മൂന്ന് നാല് തവണ അവളെയും ഭക്ഷണത്തിനെയും നോക്കി കണ്ണ് കൊണ്ട് താളമിടുന്ന മഷൂദ് നെ സുറുമി കണ്ണുകൾ കുറുക്കി നോക്കി ഇരിന്നു ...

''കുറച്ച് കഴിച്ചാൽ മതി '' മഷൂദ് ന്റെ കുറച്ചുറക്കെയുള്ള ശബ്ദം കേട്ട് ബാക്കി അഞ്ചു പേരും അവനെ നോക്കി... കണ്ണുകൾ വിടർത്തി അന്തം വിട്ടു നോക്കുന്ന സുറുമിയുടെ അതേ ഭാവമായിരുന്നു ബാക്കി അഞ്ചു പേർക്കും.. ഒന്നും പറയാതെ ചോദിക്കാതെ ഇവനെന്താ ഇങ്ങനെ പറയുന്നത് എന്ന ഭാവം... "തിരിച്ചു അങ്ങോട്ട് പോകാനുള്ളതല്ലേ.. അപ്പോ കുറച്ചൊക്കെ വിഴുങ്ങിയാൽ മതിയെന്ന് പറഞ്ഞതാ ഞാൻ നിഹാലിനോട്‌.... അല്ലെ ടാ...." പറയുന്നതിനൊപ്പം അടുത്തിരിക്കുന്ന നിഹാലിനിട്ട് ഒരു ചവിട്ടും കൊടുത്തു മഷൂദ്... കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശ ദാരണ വന്ന നിഹാൽ അവനെ ഒന്നും ഉഴിഞ്ഞു നോക്കി അത് ശരിവെച്ചു... ഇനി തിരിച്ചങ്ങോട്ടുള്ള യാത്രയിൽ ഛർദിക്കാതിരിക്കാൻ, തനിക് വേണ്ടിയാണ് മഷൂദ് അങ്ങനെ പറഞ്ഞതെന്നു ചിന്ത അവളുടെ മനസ്സ് നിറച്ചു.. അതിന്റെ ബാക്കി പാത്രമെന്നോണം ഒരു ചിരി അവളിൽ ഉണ്ടായിരിന്നു.. അതിന്റെ പുറകെ അരുതെന്നു ഓർമിപ്പിച്ച് കൊണ്ടൊരു ഉൾവിളിയും.. വന്നവരെല്ലാം പോയ ശേഷമാണു അവർ പോകാനായി ഇറങ്ങിയത്.. അവർ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോഴേക്കും ഹനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു...നേരം ഇരുട്ടി ഇനി പോട്ടെ നാളെ വാപ്പച്ചിയും ഉമ്മിയും ഒക്കെ കൂട്ടി വരാമെന്നൊക്കെ നിഹാൽ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..

.അവന്റെ നെഞ്ചിൽ കിടന്ന് ഏങ്ങലടിച്ചു കരയുമ്പോൾ പോലും അവളുടെ കയ്യ് സുറുമിയെ മുറുകെ പിടിച്ചിരുന്നു.. ഒരാഴ്ച ലീവ് തീർന്ന് വേഗം വാ.... ഒരു കൂട്ടം പറയാനുണ്ട്... അത് വരേ ഹാപ്പി ആയിരിക്കണം.....ഹനയോട് യാത്ര പറഞ്ഞു കെട്ടിപിടിച്ച് കവിളിലും നെറ്റിയിലും സ്നേഹചുംബനം കൊടുത്തു സുറുമി.... തിരിച്ചങ്ങോട്ടുള്ള യാത്ര എല്ലാവരും സംസാരിച്ചുകൊണ്ട് തന്നെ തുടർന്നു ..അങ്ങോട്ട് പോയപ്പോൾ തോന്നിയ അപരാജിതത്വം പൂർണ്ണമായും വിട്ടൊഴിഞ്ഞിരുന്നു.. ഹിബക്കും നിഹാലിനോട് സംസാരിക്കാനുള്ള ചമ്മലും ജാള്യതയും അത്രേം ആയപ്പോഴേക്ക് മാറി കിട്ടിയിരിന്നു .. സുറുമി നേരിട്ടു സംസാരിച്ചില്ലെങ്കിലും പൊതുവായി സംസാരിച്ചും അഭിപ്രായം പറഞ്ഞും മശൂദ്നും നിഹാലിനൊപ്പവും കൂടി... അവിടെ നിന്ന് ഇറങ്ങിയപ്പോ തന്നെ മഷൂദ് ന്റെ ഫോണിൽ നിന്ന് സൽമാന് വിളിച്ചു വിവരം പറഞ്ഞിരുന്നു സുറുമി..

ബ്ലോക്കും റോഡിലെ തിരക്കും കഴിഞ്ഞ് നിഹാലിന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പത്ത് മണി ആയിരുന്നു.. രാവിലെ മുതൽ വൈകീട്ട് വരെയുള്ള അലച്ചിലും യാത്രയും വയറു നിറച്ചുള്ള ഭക്ഷണവും.. എല്ലാം കൂടെ വീടെത്തിയപ്പോഴേക്കും ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു എല്ലാവരും... സൽമാനെ വിളിക്കാൻ ഒരുങ്ങിയ സുറുമിയെ വീട്ടിലെത്തിച്ചേക്കാം എന്ന് നിഹാലിന്റ വാപ്പച്ചിയോടും ഉമ്മിയോടും പറഞ്ഞ് അവളോട് അവന്റെ കാറിൽ കയറാൻ പറഞ്ഞു.... ഒന്നാലോചിച്ച ശേഷം അവൾ കാറിൽ കയറി.... അപ്പോഴേക്കും ഫ്രണ്ട് സീറ്റിൽ പുറകിലോട്ട് ചാരി സഫ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു... നിഹാലും മഷൂദും സംസാരിക്കുന്നതും നിഹാലിന്റെ മുതുകിന് ഇട്ട് മഷൂദ് അടിക്കുന്നതും നിഹാൽ പൊട്ടിച്ചിരിക്കുന്നതും ഒക്കെ സുറുമി ഗ്ലാസ്‌ വിൻഡോയിലൂടെ കാണുന്നുണ്ടായിരുന്നു... ഇന്നേ ദിവസം... അല്ല.. മിനിയാന്ന് കണ്ടത് മുതൽ അവന് ചുറ്റും വലയം ചെയ്യുന്ന ഒരു ബിന്ദുവായി താൻ മാറി.... എങ്ങനെയാ ഒന്ന് പറിച് കളയാ....ഹൃദയത്തിൽ ഉറച്ചു പോയില്ലേ.....അവളുടെ ഉള്ളം അവന്റെ ഓർമയിൽ നീറി... "ഫോൺ ഒന്ന് തരോ.. "

കാർ ഓടി തുടങ്ങിയപ്പോൾ സുറുമി അവനോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. "വീട് പറഞ്ഞു തന്നാൽ മതി.. ഞാൻ ഡ്രോപ്പ് ചെയ്യാ.. " "മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളോട്ട് പോകാനുണ്ട്... വിളിച്ചു പറഞ്ഞാൽ ഇക്കാക്ക വന്നോളും... " അവൻ ഫോൺ പുറകിലേക്ക് നീട്ടിയപ്പോ അവളത് വാങ്ങി സൽമാന് വിളിച്ചു.. കാത്തിരുന്നു ഉറങ്ങി പോയി.. വേഗം വരാ എന്നു മറുപടി കൊടുത്തു അവൻ .. നിശബ്ദമായി തന്നെ കാർ ഓടി തുടങ്ങി.. മിററിലൂടെ തനിക്ക് നേരെ പാറി വീഴുന്ന നോട്ടങ്ങൾ അവൾ അറിയുന്നുണ്ടായിരുന്നു... അത് അറിയാത്തവണ്ണം പുറത്തെ കാഴ്ചകളിലേക്ക് അവൾ കണ്ണ് നട്ടിരുന്നു.. പിടിവലി നടന്നോണ്ടിരിക്കുന്ന മനസ്സിനെ അവളുടെ കൈപ്പിടിയിൽ ഒതുക്കി.. ഈ യാത്ര എന്ത് കൊണ്ടും മറക്കാനാവാത്തതാണ്... ഇതിവിടെ തീരും... ഇനി കാണാൻ പോലും പറ്റിയെന്നു വരില്ല... നിന്റെ പ്രണയവും നിന്നോടൊപ്പം മണ്ണടിയട്ടെ... പ്രിയപ്പെട്ടവർക്ക് വേണ്ടി... വീട്ടിലേക്കുള്ള ഇടവഴി എത്തിയപ്പോൾ അവിടെ നിർത്താൻ പറഞ്ഞു അവൾ.. ഓരോരം ചേർന്ന് കാർ ഒതുക്കി നിർത്തി മഷൂദ്.. ചാരി കിടന്ന് ഉറങ്ങുന്ന സഫയെ ഒന്ന് നോക്കി ...

അവന്റെ മിഴികൾ തന്റെ മേലാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിനെ പാടെ അവഗണിച്ച് അവൾ ഡോർ തുറന്ന് ഇറങ്ങി.. ചെറിയൊരു അങ്ങാടിയാണ്.. നേരം പത്തരയോട് അടുതിരിക്കുന്നതിനാൽ കടകൾ എല്ലാം തന്നെ അടച്ചിട്ടുണ്ട്..ആളുകളും കുറവാണ്.. പണി കഴിഞ്ഞ് നടന്നു പോകുന്ന തൊഴിലാളികൾ മാത്രം... അതും വിരലിലെണ്ണാവുന്നത്... സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അവൾ നടന്ന് റോഡിന്റെ അരികിലായി ഒതുങ്ങി നിന്നു . നിലാവുള്ള രാത്രിയാണ്.. പൂർണ്ണ ചന്ദ്രൻ അതിന്റെ എല്ലാ വിധ ശോഭയോടെയും ഉദിച്ചു നിൽക്കുന്നു..അവളാ ചന്ദ്രനെ ഒരു നിമിഷം നോക്കി നിന്നു.... ഇത് വരേ സൽമാൻ എത്തിയിട്ടില്ല.. ഒതുക്കി നിർത്തിയിരിക്കുന്ന കാറിലെക്ക് ഒന്ന് എത്തി നോക്കി.. ചാരി കിടന്നുറങ്ങുന്ന സഫയുടെ കുഞ്ഞു മുഖം അവളാ ഇരുണ്ട വെളിച്ചത്തിലും കണ്ടു.. ഡ്രൈവിങ് സീറ്റിലേക്ക് കണ്ണുകൾ തേടി പോയി.. കാഴ്ച വ്യക്തമല്ല എന്നാലും അവന്റെ അരണ്ട രൂപം അവളുടെ ഉള്ളിലെ നോവിന് ആക്കം കൂട്ടി ... വേണ്ടാ ... എല്ലാം ഇവിടം കൊണ്ട് തീരട്ടെ.... അവൾ കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു..

പെട്ടന്നാണ് മഷൂദ് ഡോർ തുറന്ന് ഇറങ്ങി വന്നത്.. അവൾക്ക് അരികിലായി കുറച്ചകലത്തിൽ അവൻ വന്നു നിന്നു.. "സുറുമി... " അവൻ വിളിച്ചപ്പോൾ അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. പിന്നെ കാറിലേക്കും... സഫ ഗാഢമായ ഉറക്കത്തിലാണ്... "ഇയാളെ എനിക്ക് ഇഷ്ട്ടമാണ്... ഒരുപാടൊരുപാട്...ഒട്ടും പ്രതീക്ഷിക്കാതെ അന്ന്, ആ വൈകുന്നേരം എന്നെ ഇടിച്ച് നീ കടന്ന് പോയപ്പോ നീ കയറി കൂടിയത് എന്റെ ഹൃദയത്തിലേക്കാണ് .... ഒരു കാഴ്ച്ചയിൽ ഒരാളെ ഇത്രക്ക് സ്നേഹിക്കാൻ പറ്റോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട് .... അറിയില്ല... അന്ന് മുതൽ ഇന്ന് വരേ ഒരു പെണ്ണിനെ ഓർത്ത് ഞാൻ സന്തോഷിച്ചിട്ടുണ്ടെങ്കിൽ..... നീറിയിട്ടുണ്ടെങ്കിൽ.....സ്വപ്‌നങ്ങൾ നെയ്‌ത് കൂട്ടിയിട്ടുണ്ടെങ്കിൽ അത് നീ മാത്രാണ്..... സുറുമി..... ഇന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടു നിനക്ക് എന്നോടുള്ള ഇഷ്ടത്തെ... പക്ഷെ... എന്തോ ഒന്ന് നിന്നെ പുറകിലേക്ക് വലിക്കുന്നുണ്ട്... വീടും വീട്ടുക്കാരുമായിരിക്കാം.... അല്ലെങ്കിലും പ്രണയിച്ചു നടക്കാനോ കത്തുകളിലൂടെയും ഫോണിലൂടെയും സ്നേഹിക്കാനോ ഒന്നും എനിക്കറിയില്ല......

നിന്നെ കാണുന്നത് വരേ പ്രേമിക്കണം... കൂട്ട് വേണം,, എന്നൊന്നും തോന്നിയിട്ടുമില്ല....ഉമ്മക്ക് വേണ്ടി സഹോദരങ്ങൾക്ക് വേണ്ടി ജീവിക്കണം ബാക്കിയൊക്കെ അതിന്റെ സമയം ആകുമ്പോ സംഭവിക്കും എന്നായിരുന്നു... പക്ഷെ നിന്നെ കണ്ടത് മുതൽ.. കൂടെ കൂട്ടാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു കൊതി.. വലിയേടത്ത് തറവാട്ടിൽ ജനിച്ച് വളർന്ന കുട്ടിയെ ആഗ്രഹിക്കാൻ,,, തികച്ചും സാധാരണകാരനായ എനിക്ക് അർഹതയുണ്ടോ എന്ന് ചോദിച്ചാൽ..... ഇല്ല.. അർഹതയില്ല.. എന്ത് വന്നാലും എന്റെ കൂടെ.... എന്നോടുള്ള സ്നേഹത്തിൽ ഒരംശം പോലും കുറയാതെ.... എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് നേരിട്ട്.. എനിക്ക് വേണ്ടി കാത്തിരിക്കാം എന്നൊരു വാക്ക് നീ പറയുകയാണേൽ ഞാൻ വീട്ടിൽ വന്നു ചോദിക്കാം....നിന്നെ എനിക്ക് തരോ ന്ന്.. പക്ഷെ നീ വാക്ക് തരണം..സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ അവർ നമ്മടെ നിക്കാഹിന് സമ്മതം തരുന്ന വരേ കാത്തിരിക്കാം എന്നൊരു വാക്ക്....

ഇപ്പൊ പറയാൻ നിനക്ക് ബുദ്ധിമുട്ടാകും... ഞാൻ നാളെ വരും.. കോളേജിലോ പരിസരത്തോ വഴിയിലോ എവിടേലും... ഞാൻ കാത്തിരിക്കും... നിന്റെ മറുപടിക്ക് വേണ്ടി ....ഇനി നിന്റെ വീട്ടുകാരെ ഓർത്ത് കൊണ്ട് നീ തരുന്ന മറുപടി മറിച്ചാണെൽ നിന്റെ കൺവട്ടത്ത് പോലും ഞാൻ വരില്ല.......ഒരിക്കലും.. ഒന്നിനും.. നിന്നെ കുറ്റപ്പെടുത്തുകയും ഇല്ല...കാരണം നിന്റെ ഉള്ളിൽ ഒരു മകളും സഹോദരിയുമുണ്ട് .. " മാറിൽ കൈ പിണച്ചു കെട്ടി മറ്റെങ്ങോ നോട്ടമെയ്ത് ശാന്തമായി അവൻ പറഞ്ഞു നിർത്തി.... മറുപടിക്കായി കാതോർത്ത് നിന്ന് മഷൂദ് സുറുമിയെ തല ചെരിച്ചു നോക്കി... സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികളെ തുടച്ച് മാറ്റാൻ പോലും മെനക്കെടാതെ ദൂരേക്ക് മിഴിയൂന്നി നിൽക്കുന്ന സുറുമിയെ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story