സുറുമി: ഭാഗം 16

surumi

എഴുത്തുകാരി: അവന്തിക

ബസ് ഇറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോഴാണ് ഓരോരം ചേർന്ന് നിർത്തിയ കാർ സഫയുടെ കണ്ണിൽ പെട്ടത് .. പ്രതേകിച്ചു ഒന്നും തോന്നിയില്ല... മറുവശം അരിക് ചേർന്ന് അവൾ നടന്നു .. കാറിന്റെ അടുത്തായി എത്തിയതും ഫ്രണ്ട് ഡോർ തുറക്കുകയും പെട്ടന്ന് തന്നെ അടക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു.... ഒന്നേ നോക്കിയൊള്ളൂ.. ആളെ മനസ്സിലായതും വയറിലൂടെ ഒരു വിറയൽ കയറി പോയി... നെഞ്ചിടിപ്പ് കൂടുന്നത് അവളറിഞ്ഞു... കാലുകൾക്ക് വിറയൽ പോലെ... അവൾ നടത്തത്തിന്റെ വേഗത കൂട്ടി ... പടച്ചോനെ.. ഇങ്ങേരെന്താ ഇവിടെ... മൂന്ന് നാല് വീടും കൂടെ കഴിയണം വീട്ടിലെത്താൻ...... തല പൊക്കി നോക്കാനുള്ള ധൈര്യമില്ല.. ആ കണ്ണുകൾ തനിക്ക് പുറകെയാണെന്ന് അറിയാം... ഓടിയാലോ.. വേറെ വഴിയില്ല... റെഡി.. വൺ... ടൂ..... "ഓടരുത്.... " മനസ്സിൽ എണ്ണമിട്ടു തുടങ്ങിയതും പുറകിൽ നിന്ന് ശബ്ദം കേട്ടു... കാലുകൾ നിശ്ചലമായി...തോളിലുള്ള ബാഗിന്റെ സ്ലിങിൽ കൈകൾ മുറുക്കി പിടിച്ചു. എന്നിട്ടും അവ വിറകൊള്ളുന്നത് അവളറിഞ്ഞു.. "വന്ന് കയറ്... "

പുറകിൽ നിന്ന് ആജ്ഞ പോലെ അവൻ പറഞ്ഞു.. നിന്ന നിൽപ്പിൽ തിരിഞ്ഞ് നോക്കാതെ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. "ഇല്ലേൽ തൂക്കിയെടുത്തു കയറ്റും..." ഉടനടി മറുപടിയും വന്നു.. മറുപടി ഒന്നും പറയാനില്ല.. പറഞ്ഞ പോലെ ചെയ്ത് കളയോ... അവളൊന്ന് ആലോചിച് നിന്നു.. പെട്ടന്ന് പുറകിൽ കാൽ പെരുമാറ്റം പോലെ... എന്താ സംഭവം എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് ചെവിയുടെ അടിയിലായി ഒരു ചൂടുനിശ്വാസം....ആള് പതിയെ ഊതുകയാണ്... വയറിലൂടെ ഒരു മിന്നൽപിണർ കടന്ന് പോകുന്ന പോലെ തോന്നി അവൾക്ക് ... ഹൃദയമിടിപ്പ് പൊട്ടാറാകും വിധം ഉച്ചത്തിലാകുന്നത് അവളറിഞ്ഞു ...കാലുകൾക്ക്‌ ബലക്ഷയം വന്ന പോലെ... കൈകൾ ഒന്നൂടെ ബാഗിന്റെ സ്ലിങിൽ മുറുകി .. നെറ്റിയിലും ചെന്നിയിലെ കുറുനിരകൾക്കിടയിലൂടെയും വിയർപ്പ് പൊടിയുന്നത് അവളറിഞ്ഞു.. "റോഡാണ് ....എന്റെ കൈയ്യിന് പണി ഉണ്ടാക്കരുത്...വന്ന് വണ്ടിയിൽ കയറ്... ഒരു പത്ത് മിനുട്ട് .... ഇനിയും വാശി ആണേൽ എനിക്കും വാശി കയറും... തൂക്കിയെടുത്ത് കൊണ്ടുപോകും... "

ശാന്തമായിട്ടാണെങ്കിലും അവന്റെ സ്വരത്തിലുള്ള അധികാരഭാവം അവളെ തെല്ലൊന്ന് ഭയപ്പെടുത്തി... അനുസരണയോടെ കാറിന്റെ പുറകിൽ ചെന്ന് കയറി.. അവൻ കാർ മുന്നോട്ട് എടുത്തു. ആ റോഡ് അവസാനിക്കുന്നത് ചുറ്റുഭാഗവും കണ്ണെത്താ ദൂരത്തോളം നെൽക്കതിരുകൾ പാകിയ പാടത്താണ്.. ശൈത്യകാലത്തെ വൈകുന്നേരങ്ങളിൽ വീശാറുള്ള ഇളം തണുത്ത കാറ്റിൽ ആടിയുലയുന്ന നെൽക്കതിരുകൾ.. മണ്ണിനാൽ നികത്തിയ റോഡിന്റെ രണ്ട് ഭാഗങ്ങളിലും അങ്ങകലെ ഡിസംബറിന്റെ സാഹ്യയാനങ്ങളിൽ പതിവായി വന്ന് മൂടാറുള്ള കോടമഞ്ഞിനാൽ മൂടപെട്ട മലനിരകൾ കാണാം... സൽമാൻ കാറിൽ നിന്നിറങ്ങി മുൻവശത്തെ ഡോറിൽ ചാരി നിന്നു... "എന്താ... എന്താ വേണ്ടേ..? " പുറകിലെ ഡോർ തുറന്നിറങ്ങി സഫ അവനോടായി ചോദിച്ചു.... മാറിൽ കൈകൾ പിണച്ചു വെച്ച് ദൂരേക്ക് മിഴികൾ നട്ട് നിൽക്കുകയാണ് സൽമാൻ... "നിന്നെ... "

അവന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടവൾ തലവെട്ടിച്ചു.. "സഫാ.... " അവൻ വിളിച്ചപ്പോൾ അവൾ തലചെരിച്ച് അവനെ നോക്കി... അവൻ നടന്ന് വന്ന് അവൾക്കരികിലായി മുട്ട് കുത്തി നിന്നു... രണ്ട് കൈകളും രണ്ട് ഭാഗത്തേക്ക്‌ വിടർത്തി... " നോക്ക്... ഈ പച്ചപ്പ് നിറഞ്ഞ പാടവും ആ നിൽക്കുന്ന മലനിരകളും നമുക്ക് മേലെ ഉയർന്നു നിൽക്കുന്ന ആകാശവും സാക്ഷി..... ഞാൻ നിന്നെ സ്നേഹിക്കുന്നു.... ഞാൻ നിന്നെ സ്നേഹിക്കുന്നു.... ഞാൻ നിന്നെ സ്നേഹിക്കുന്നു.... " പതിഞ്ഞ ശബ്ദത്തിൽ തല പൊക്കി അവളുടെ മിഴികളിൽ അവന്റെ മിഴികൾ കോർത്ത് ആർദ്രമായിട്ടാണ് അവൻ പറഞ്ഞു തുടങ്ങിയെതെങ്കിലും ഒടുക്കം ശബ്ദം ഉയർത്തി...ഉയർത്തി.. ഉറക്കെ പറഞ്ഞുകൊണ്ടവൻ അവസാനിപ്പിച്ചു...അവന്റെ ശബ്ദം പച്ച പുതച്ച പാടത്തു മുഴങ്ങി കേട്ടു.. കിതച്ച് കൊണ്ടവൻ പ്രതീക്ഷയോടെ അവളെ നോക്കി... അത്ഭുതമൂറുന്ന മിഴികളോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.. പരിസര ബോധം വന്നപ്പോൾ അവൾ കണ്ണുകൾ കൊണ്ട് ചുറ്റും പരതി.. ഇല്ലാ.. ആരും ഇല്ല...

പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ എന്നവണ്ണം പാറി നടക്കുന്ന ചെറു തുമ്പികൾ അല്ലാതെ.... "നിങ്ങൾക്ക്‌ ഇത് പറയാൻ മഷൂച്ചേടെ മൂക്കിന്റെ തുമ്പേ കിട്ടിയൊള്ളൂ..??" തെല്ലൊരു അമർഷത്തോടെ, അടക്കി പിടിച്ച ശബ്ദത്തിൽ അവൾ ചോദിച്ചു.. "അതാണോ നിന്റെ പ്രശ്നം...? " അവൻ എഴുനേറ്റു നിന്ന് കൈകൾ മാറിൽ പിണച്ചു വെച്ച് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.. "ആണേൽ....? " "എനിക്കതൊരു പ്രശ്നമല്ല.... " "നിങ്ങൾക്ക് വട്ടാണ്... " അവളത് പറഞ്ഞതും അവൻ ചിരിച്ചു... പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടവൻ കുനിഞ്ഞ് കൈകൾ കാൽ മുട്ടിൽ ഊന്നി വെച്ച് അവളുടെ മുഖത്തേക്ക് നോക്കി... "പ്രണയിക്കുന്നത് വട്ടാണേൽ എനിക്കും നിനക്കും നിന്റെ മഷൂച്ചക്കും എന്റെ റൂമിക്കും ഒക്കെ വട്ടാ.... " ഒരു നിമിഷം എടുത്തു അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാൻ... മിഴിച്ചു വന്ന കണ്ണുകളോടെ അവൾ കുനിഞ്ഞ് അവന്റെ മുഖത്തിന്റെ അടുത്തേക്ക് അവളുടെ മുഖം അടുപ്പിച്ചു വെച്ചു.. "എന്താ പറഞ്ഞെ... " "ആദ്യം നീ നിന്റെ ഉണ്ടക്കണ്ണൊന്ന് ഉള്ളിലേക്ക് ഇട്.....അതിപ്പോ പുറത്ത് വരും... പിന്നെ ... ഞാൻ പറഞ്ഞത് സത്യാ.... അവരെപ്പോഴോ സെറ്റ് ആയെന്ന്...."

അത് പറഞ്ഞുകൊണ്ടവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതി... അപ്പോഴും കേട്ട ഷോക്കിൽ സ്തബ്ദതയായി നിൽക്കുകയാണ് അവൾ.. കണ്ണൊക്കെ മിഴിചുള്ള നിൽപ്പാണ്.. അവൻ അവന്റെ മുഖം ഒന്നൂടെ അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു... ചൂടു നിശ്വാസം മൂക്കിൻ തുമ്പിൽ തട്ടിയപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്... തന്റെ മുഖത്തിന് നേരെയാണ് അവന്റെ മുഖമുള്ളത്.....താൻ ഒന്നുലഞ്ഞാൽ അവന്റെ മുഖത്തേക്ക് തട്ടുമാറ് അടുത്തിട്ടാണ് അവൻ ഉള്ളത്... അവളുടെ മിഴികൾ അവന്റെ മുഖമാകെ ഓടി നടന്നു... നെറ്റിയിലേക്ക് വീണു കിടക്കുന്ന ഇളം കാപ്പി കളറുള്ള നീണ്ട കോലൻ മുടികൾ... നീണ്ട പീലികൾക്കിടയിലൂടെ തന്നെ പ്രണയപൂർവ്വം നോക്കുന്ന കണ്ണുകൾ....അധികം വളർന്നിട്ടില്ലാത്ത മീശയും വെട്ടിയൊതുക്കിയ താടിയും... ഒരു പുരികം പൊക്കി കൊണ്ടവൻ എന്താന്ന് ചോദിച്ചപ്പോഴാണ് തനിക്ക് പറ്റിയ അമളി അവൾക്ക് മനസ്സിലായത്... ഒരു കണ്ണടച്ചുകൊണ്ടവൾ നാക്ക് കടിച്ചു... പിന്നെ നേരെ നിന്നു.... "മ്മ്... എന്തെ..? " അവൾക്ക് അഭിമുഖമായി നിന്നുകൊണ്ടവൻ ചോദിച്ചു "സത്യാണോ പറഞ്ഞെ...?

"ഹാ... സത്യം... " "വിശ്വസിക്കാൻ പറ്റണില്ലാ....എപ്പഴാ അതൊക്കെ നടന്നെ.. എന്തായാലും ഒരുപാട് സന്തോഷായി... " "വായേം തുറന്ന് വെച്ചുറങ്ങിയാ അങ്ങനെയൊക്കെ ഉണ്ടാകും.. " മറുപടിയായി അവൾ ചുണ്ട് കോട്ടി.. "എനിക്കുള്ള മറുപടി തന്നില്ല..... " "മഷൂച്ചാ... "... അവളൊന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "അതിന് ഞാൻ നിന്നെയല്ലേ ഇഷ്ട്ടാണെന്ന് പറഞ്ഞേ.. അവനെയല്ലല്ലോ... " "അല്ല...പക്ഷെ... " "അവൻ എന്നോട് ചോദിച്ചിട്ടാണോ എന്റെ പെങ്ങളെ പ്രൊപോസ് ചെയ്തേ... " "അല്ല.. " "പിന്നെ...?... നിനക്കിഷ്ട്ടാണോ എന്നാ ഞാൻ ചോദിച്ചേ... " "മഷൂച്ചക്ക് സമ്മതമാണേൽ മാത്രം....." "സമ്മതമല്ലെങ്കിൽ...? " "മറക്കും... " "അപ്പോ നീ സമ്മതിച്ചു.... നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന്... " "അങ്ങനെ ഞാൻ പറഞ്ഞോ..? " "ഒരാള് മനസ്സിൽ ഉണ്ടെങ്കിലല്ലേ മറക്കേണ്ടതൊള്ളൂ.....ഞാൻ നിന്റെ മനസ്സിൽ ഉണ്ട്.. അതല്ലേ മഷൂ സമ്മതിച്ചില്ലേൽ മറക്കും എന്ന് പറഞ്ഞത്.. " മറുപടി ഒന്നും കിട്ടിയില്ല അവൾക്ക് പറയാൻ... അല്ലേലും എന്ത് പറയും... "സഫാ.... ഷെറിയുടെ കല്യാണത്തിന് റൂമി വന്നപ്പോ മുതൽ നിന്റെ കണ്ണുകൾ എന്നെ തേടുന്നത് ഞാൻ കണ്ടിരുന്നു...

ഒടുവിൽ എന്നെ കണ്ടുപിടിച്ചപ്പോൾ ഈ ഉണ്ടക്കണ്ണുകൾ വിടരുന്നതും പിന്നീട് നീ നോക്കാതെ തന്നെ നിന്റെ ഹൃദയം എനിക്ക് ചുറ്റും പ്രദിക്ഷണം ചെയ്യുന്നതും... ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ കാത്തിരുന്ന പോലെ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തന്നതും..... എല്ലാം... എല്ലാം എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ ഡി..... " അവനൊന്ന് നിർത്തിയ ശേഷം പറഞ്ഞു തുടങ്ങി.. "പറയ്... അല്ലെ... ഞാൻ വിശ്വസിച്ചോട്ടെ എന്നെ പെരുത്ത് ഇഷ്ട്ടാണെന്ന്.... എന്നോടൊപ്പം ഈ ജന്മം മുഴുവൻ ജീവിക്കാൻ തയാറാണെന്ന്... നിന്റെ ഈ മൗനം അതിനുള്ള സമ്മതമാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ... " "ഫാമിലി തമ്മിൽ നല്ല ഡിഫറെൻറ് ഉണ്ട് ... എന്തേലും വന്നാൽ ഇട്ടിട്ട് പോവോ..??? " നിഷ്കളങ്കതയോടെ അവൾ ചോദിച്ചു "കുറേ പറഞ്ഞ് ഓവർ ആകുന്നില്ല.. ഇതിന് ഉത്തരം നിന്നെ എന്റെ കൂടെ കൂട്ടി ഞാൻ കാണിച്ചു തന്നിരിക്കും... " മറുപടിയായി അവനെ നോക്കി അവൾ പുഞ്ചിരിച്ചു.. "സഫാ.... സുറുമി പറഞ്ഞിട്ടുണ്ടോ ന്ന് അറിയൂല... സുറുമിയെ കൂടാതെ ഒരു പെങ്ങൾ കൂടിയുണ്ട് എനിക്ക്... എന്റേം റൂമിയുടെയും ഇത്താത്ത.. സമീറ....

അവൾ ഇപ്പൊ കുറച്ചായി വീട്ടിൽ തന്നെയാ... ചെറിയ ചെറിയ പ്രശ്നങ്ങൾ.... അത് കുറയാതെ നീണ്ടു പോയപ്പോ ഞാൻ പോയി കൊണ്ട് വന്നു... രണ്ടു മക്കളുണ്ട്... ഇപ്പൊ അങ്ങോട്ടേക്ക് പോകാറില്ല.. അവർ പിന്നെ വിളിച്ചിട്ടുമില്ല.....രണ്ട് മക്കൾ ഉണ്ടായത് കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനം എടുക്കാനും വയ്യ.... ഞാൻ പറഞ്ഞു വന്നത്...... എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് വരുമ്പോൾ.... അവളേം മക്കളേം നീ നിന്റേതെന്ന പോലെ ചേർത്ത് പിടിക്കണം എന്ന് പറയാനാ... അവളായിട്ട് നിന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല..ആ കാര്യത്തിൽ ഉറപ്പ് തരാം... പാവമാണവൾ...അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കാനും അവൾക്കറിയില്ല... ഇന്ന് അവൾ വേദനിക്കുന്നത് എനിക്കും ഞാൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണിനും അവൾ ഭാരമാകുമെന്ന് ഓർത്തിട്ടാണ്... നീ ചേർത്ത് പിടിക്കണം.. .. നിന്റെ കൂടപിറപ്പിനെ പോലെ......സമ്മതമല്ലേ... " പതിഞ്ഞതാണെങ്കിലും ശബ്ദം ഇടറി പോകുന്നത് അവളറിഞ്ഞു.. ആ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആവലാതി അവളറിയുന്നുണ്ടായിരുന്നു.. "ഇങ്ങോട്ട് പറഞ്ഞത് തന്നെ എനിക്കും പറയാനൊള്ളൂ...

ആഗ്രഹം പോലെ ജീവിച്ചു കാണിച്ചു തരുന്നതല്ലേ നല്ലത്... '' "മതി ..... സന്തോഷായി... താങ്ക്സ്.. " "എന്തിനാ താങ്ക്സ്.. " " സമീറയെ കൊണ്ട് വന്നപ്പോൾ മുതൽ ഒരു കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷണങ്ങൾക്കുള്ള അറുതിയാണ് നിന്റെ ഈ വാക്കുകൾ..." "പറയാൻ എളുപ്പമാണ്... ജീവിച്ച് കാണിക്കാൻ പ്രയാസവും.. അത് കൊണ്ട് നേരിട്ട് ബോധ്യമായിട്ട് പോരെ ഈ താങ്ക്സ്...? " "ഇപ്പൊ ഈ താങ്ക്സ് കിടക്കട്ടെ... ജീവിച്ചു കാണിക്കുമ്പോൾ പകരമായി നിനക്ക് താരാനുള്ളത് എന്റെയുള്ളിൽ കെട്ടികിടക്കുന്ന നിന്നോടുള്ള അടങ്ങാത്ത പ്രണയത്തെയാണ് ... അപ്പോ അതിങ്ങനെ ഒരു ശാന്തമായ പുഴ പോലെ നിന്നിലേക്ക് മാത്രമായി ഒഴുകും... " അവന്റെ വാക്കുകൾ അവളിൽ ഒരു കുളിർ കാറ്റായി വീശി.. അതിന്റെ ബാക്കിയെന്നോണം നാണത്തിന്റെ അലയൊലികൾ അവളുടെ മുഖത്തും പ്രത്യക്ഷമായി.. തിരിച്ചവളെ കയറ്റിയ സ്ഥലത്ത് തന്നെ അവൻ ഇറക്കി.. പുറകിലെ സീറ്റിൽ നിന്നിറങ്ങി സൽമാൻ ഇരിക്കുന്ന ഫ്രണ്ട് സൈഡിലേക്ക് വന്ന് നിന്നു അവൾ... "പോട്ടെ...? "

ഒരു കൈ സ്റ്റൈറിങ്ങിലും മറുകൈ കാറിന്റെ ഗ്ലാസ്‌ വിൻഡോ താഴ്ത്തി വെച്ച് അതിൽ കൈമുട്ട് ഊന്നി ഇരിക്കുന്ന അവനെ നോക്കി അവൾ ചോദിച്ചു.. "മഷൂനോട് നിന്നോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് .. അതല്ലായിരുന്നോ നിന്റെ പേടി... അവന്റെ പൂർണ്ണ സമ്മതം കിട്ടിയ ശേഷമാണ് ഈ വരവ് പോലും... " വിടർന്ന കണ്ണുകളോടെ അവനെ കേൾക്കുന്ന സഫയെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ.. പോകാൻ മൗനമായി അനുവാദം ചോദിച്ചു കൊണ്ടവൻ കാർ മുന്നോട്ടെടുത്തു.. കാർ മുന്നോട്ടെടുത്തിട്ടും അവനെ തന്നെ നോക്കി അവിടെ തന്നെ നിൽക്കുന്ന സഫയെ കണ്ടവൻ കാർ നിർത്തി കുറച് പുറകിലേക്ക് എടുത്തു..... "പത്ത് മിനിറ്റ് ലേറ്റ് ആണല്ലോ... വീട്ടിൽ ചോദിച്ചാൽ എന്താ പറയാ...? " കാറിന്റെ വിൻഡോയിലൂടെ തല അൽപ്പം പുറത്തേക്ക് ഇട്ട് കൈയിലെ വാച്ചിൽ നോക്കി അവൻ ചോദിച്ചു ... "ബസ് കിട്ടിയില്ലെന്നു പറഞ്ഞോളാം.. " "വൈകീട്ട് ഏത് ബസിലാ വരാറ്...? " "മൂന്നേമുക്കാലിന്റെ 'പ്രോമിസ് ' " പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാകാതെ അവൾ മറുപടി കൊടുത്തു..

"സുറുമിക്കും ഏകദേശം ആ ടൈമിൽ തന്നെയാണ് ബസ്..നാളെ അവള് പോയി കഴിഞ്ഞ് ഞാൻ വരാ ... നീ കാത്തിരിക്കണം.. " മറുപടിയായി അവൾ തലയാട്ടി സമ്മതിച്ചു... "പൊയ്ക്കോ... നീ വീട്ടിലോട്ട് കയറിയിട്ടേ ഞാൻ പോകുന്നുള്ളൂ... " സൽമാൻ പറഞ്ഞപ്പോൾ അവൾ ഒന്നൂടെ അവനോട് യാത്ര പറഞ്ഞ് നടന്നകന്നു... വീട്ടിലേക്കുള്ള ഗേറ്റ് കടക്കുന്നത് വരെ ഇടക്കിടക്ക് പുറകിലേക്ക്‌ തിരിഞ്ഞു നോക്കികൊണ്ടിരുന്നു അവൾ.. കണ്ണിൽ നിന്ന് മറയുവോളം അവനും അവളെ നോക്കിയിരുന്നു. ⬛️⬛️⬛️ രാത്രി നോട്സ് എഴുതുന്നതിനിടയിലാണ് സുറുമിക്ക് ഫോൺ വന്നത്.. വാപ്പാടെ റൂമിലാണ് ലാൻഡ് ഫോൺ ഉള്ളത്.. ഹനയായിരുന്നു ഫോണിൽ... ഒരാഴ്ച ലീവ് ആയത് കൊണ്ട് കുറച്ചധികം എഴുതാൻ ഉണ്ടായിരിന്നു ഹനക്ക്...ഡൌട്ട് ചോദിക്കാൻ സുറുമിയെ വിളിക്കുന്നത് ഇപ്പൊ പതിവ് കാഴ്ചയാണ്... പതിവ് പോലെ ഡൌട്ട് എല്ലാം ക്ലിയർ ചെയ്തു.. " അടുത്ത് ആരേലും ഉണ്ടോ..? " പെട്ടന്നവൾ ചോദിച്ചു "ആഹ്.. അത് തന്നെ.. അങ്ങനെ എഴുതിയാൽ മതി.. " "ഓക്കേ.. ഓക്കെ.. കേൾക്കുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം... ഇങ്ങോട്ട് ഒന്നും പറയണ്ട "

"ശരിയാ... എനിക്കും അവിടെ ഒരു ഡൌട്ട് ഉണ്ട്.. നാളെ കാണുമ്പോ ഡിസ്‌കസ് ചെയ്താൽ പോരെ.. " "ഹാ.. അത് മതി... പ്രതേകിച്ചു ഒന്നുല്ല്യ ... നാളെ മൂന്നേമുക്കാലിന്റെ 'സൂപ്പർ സോണിക്കി'ൽ നിന്നോട് കയറണ്ട ന്ന് പറയാൻ പറഞ്ഞു...സെയിം ടൈം ആണ് ഇപ്പുറം 'പ്രോമിസ് '..അതിൽ സഫ പോയാൽ ആള് വരും...കണ്ടിട്ടേ പോകാവൂ ന്ന്.. " "അതേറ്റു.. ഞാൻ എഴുതി കൊണ്ട് വന്നോളാം... " "ശരി.. ശരി.. നീ വെച്ചോ ... " "ഹാ.. ഓക്കേ ബൈ.. " "എന്തെ .. " ഹന ഫോൺ വെച്ചിട്ടും ചിരിച്ചു കൊണ്ട് ചിന്തയിലാണ്ട്‌ നിൽക്കുന്ന സുറുമിയെ കണ്ട് വാപ്പ ചോദിച്ചു.. "ഹെ.... ഒന്നുല്ല്യ... " വാപ്പാടെ ശബ്ദത്തിലെ ഖനം തിരിച്ചറിഞ്ഞത് കൊണ്ട് അവൾ വേഗം തടി തപ്പി.. പുസ്തകം തുറന്ന് വെച്ച് താടിക്ക് കൈ കൊടുത്ത് ചിന്തയിൽ ഇരിക്കുമ്പോഴാണ് സൽമാൻ റൂമിലേക്കു വന്നത്.. "എന്തോ കാര്യമായി ചിന്തയിൽ ആണല്ലോ.. അവളുടെ അരികെ വന്ന് തലയിൽ ഒന്ന് കിറുക്കി കൊണ്ടവൻ ചോദിച്ചു... "ഏയ് ... വെറുതെ... ഓരോന്ന്... " "ഹ്മ്മ്.. റൂമി... ഒരു കാര്യം പറയട്ടെ.. " "ഹാ... പറയ്.. എന്തിനാ മുഖവുര.. " "നിനക്കൊരു പ്രൊപോസൽ വന്നിട്ടുണ്ട്...

മുന്നോട്ടു കൊണ്ട് പോകാം എന്നൊരു അഭിപ്രായം ആണ് വാപ്പക്ക്‌... " അവൾക്ക് പുറകിലുള്ള കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ടവൻ പറഞ്ഞു തുടങ്ങി... ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ പോലുമാകാതെ തറഞ്ഞു ഇരുന്നു അവൾ ....ഇതൊക്കെ മുന്നിൽ കണ്ടിരുന്നു.. പക്ഷെ ഇത്രേം പെട്ടന്ന്.. ഒന്നും എതിർത്ത് പറഞ്ഞ് ശീലമില്ല .. ഇത് വരെ പറഞ്ഞിട്ടുമില്ല... എടുത്ത് ചാടി എന്തേലും പറഞ്ഞു പോയാൽ സംശയം തോന്നും... നാളെ കാണുമ്പോ മശൂദ്നോട് പറയാം..പെട്ടന്ന് സലുക്കാനെ കണ്ട് സംസാരിക്കാൻ... "എന്താ നീ ഒന്നും മിണ്ടാത്തെ.. " "ഒന്നൂല്ല്യ... അടുത്ത വർഷം കൂടെ കഴിഞ്ഞ് പോരെ.. ".. "നല്ല പ്രൊപോസൽ ആണ്... അങ്ങോട്ടും ഇങ്ങോട്ടുമുള്ള അന്വേഷണം എല്ലാം കഴിഞ്ഞു.. നാളെ രാവിലെ നീ കോളേജ് പോകുന്നതിന് മുമ്പ് അവർ കാണാൻ വരും... " ഇടിതീ പോലെയാണ് ആ വാക്കുകൾ അവളുടെ കാതിൽ പതിഞ്ഞത്..ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി..... കൂടെ നുറുങ്ങിയരിയുന്ന വേദനയും.... നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെ ഭാരം തോന്നുന്നു.....എന്നിരുന്നാലും പതറാൻ പാടില്ലല്ലോ..

"എന്താ ഇത്രയും പെട്ടന്ന്...എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ... " സംയമനം പാലിച്ചു കൊണ്ടവൾ ചോദിച്ചു.. "നിന്നോട് ഇപ്പൊ ഒന്നും പറയണ്ട ന്നാ വാപ്പ പറഞ്ഞേ.. നാളെ രാവിലെ അവർ വരുമ്പോ പറഞ്ഞാൽ മതീന്ന്.. പിന്നെ നിനക്കൊരു ഷോക്ക് ആകണ്ട ന്ന് കരുതി ഞാൻ ഇപ്പഴേ പറഞ്ഞതാ... " കട്ടിലിൽ നിന്നെഴുന്നേറ്റ് അവളുടെ മുഖം കാണാൻ പാകത്തിൽ അവളുടെ കസേരക്ക് അഭിമുഖമായി ടേബിളിൽ കയറി അവൻ ഇരിന്നു.. ഒരു വശത്തേക്ക് ചെരിച്ച് അവളുടെ മുഖത്തേക്ക് നോക്കിയവൻ .. തല കുമ്പിട്ട് ഇരിക്കുകയാണ്... മുഖത്ത് പ്രതേകിച്ചു ഭാവമാറ്റം ഒന്നുമില്ല... "എന്താ നീ ഒന്നും മിണ്ടാത്തെ.... നിനക്ക്‌ സമ്മതമല്ലേ .? " അവളുടെ മുഖഭാവം ഒപ്പിയെടുക്കവേ ഗൗരവം നടിച്ചു കൊണ്ടവൻ ചോദിച്ചു.. അപ്പോഴും ഉള്ളാകെ ഒരു തരം ശ്യൂന്യത മാത്രമായിരുന്നു അവൾക്ക്‌....ഇനിയെന്ത് എന്നുള്ള വലിയ ചോദ്യം മാത്രമാണ് മുമ്പിൽ.. "അതല്ല... നിന്റെ മനസ്സിൽ ആരേലും ഉണ്ടോ..? " അത് കേട്ടപ്പോൾ അത് വരെ ഉണ്ടായിരുന്ന ശ്യൂന്യത മാറി ഉള്ളിൽ ഒരു പ്രകമ്പനം തന്നെ രൂപപ്പെട്ടു.. കാൽ മുതൽ ഒരു വിറയൽ കയറി പോയി...

നിന്ന നിൽപ്പിൽ ഒന്ന് ബോധം പോയെങ്കിൽ എന്നാശിച്ചു പോയി അവൾ.... മനസ്സിനെ തന്റെ കൈപ്പിടിയിൽ ഒതുക്കി, ഒരു ദീർഘശ്വാസം വലിച്ചു വിട്ടു അവൾ... ധൈര്യം വീണ്ടെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി.. "മഷൂനെ ഇഷ്ട്ടമാണെന്നല്ലേ പറയാൻ പോകുന്നത് ...? " കണ്ണിറുക്കി അവളെ നോക്കി കൊണ്ടവൻ ചോദിച്ചു.. "അവൻ ഇന്ന് കമ്പനിയിലേക്ക് വന്നിരിന്നു...നിന്നെ തരോ ന്ന് ചോദിക്കാൻ... എന്റെ പൂർണ്ണ സമ്മതം കൊടുത്തു ഞാൻ... ഇനി വാപ്പനോട് സംസാരിക്കണം..അത് ഞാൻ രണ്ടൂസം കൊണ്ട് സാഹചര്യം പോലെ സംസാരിക്കാം......" കണ്ണുകൾ മിഴിച്ച് അവനെ നോക്കി നിൽക്കുന്ന സുറുമിയോടായി സൽമാൻ പറഞ്ഞു... "അപ്പൊ... പ്രൊപോസൽ...? കാണാൻ വരും എന്നൊക്കെ പറഞ്ഞതോ..? " പൊട്ടാറാകും വിധം മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പും നേരത്തെ പിടിവിട്ട് പോയ മനസ്സും ഒരു വിധം അടക്കി നിർത്തിയാതായിരിന്നു.. പിന്നേം പിന്നേം ഞെട്ടിയപ്പോൾ പൊറുക്കി കൂട്ടിയ ബോധം വീണ്ടും പോയി...അത് വീണ്ടും പൊറുക്കിയെടുത്ത് അവൾ എങ്ങനെയൊക്കെയോ ചോദിച്ചെന്നു വരുത്തി..

"അത് നിന്നെ ചുമ്മാ പറ്റിക്കാൻ... ഞാനൊന്ന് പേടിപ്പിക്കാൻ നോക്കിയതാ...പൊട്ടാറായി നിൽക്കുന്ന നിന്നെ കണ്ടപ്പോൾ പാവം തോന്നി... ഇല്ലേൽ നിന്നെ കരയിപ്പിച്ചേ ഈ ഡ്രാമ അവസാനിപ്പിക്കുമായിരുന്നോള്ളൂ... " "ഓഹോ... അപ്പൊ തുനിഞ്ഞിറങ്ങിയതായിരുന്നല്ലേ..." ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടുകൊണ്ടവൾ അടുത്തിരുന്ന പേന വെച്ച് അവന്റെ കൈയിൽ ഒരു കുത്ത് വെച്ചു... "ഔ... കുത്തല്ലേ പിശാശ്ശെ... " കുത്ത് കിട്ടിയ ഭാഗം തടവി കൊണ്ടവൻ മുഖം ചുളിച്ചു.... "നിനക്ക് വിലയിട്ടാ അവൻ വന്നത്... " പുറകിൽ നിന്ന് സമീറയുടെ ശബ്ദം കേട്ടപ്പോഴാണ് അവളും കൂടെ അറിഞ്ഞു കൊണ്ടുള്ള പണിയായിരുന്നു എന്ന് സുറുമിക്ക് മനസ്സിലായത്... "വിലയോ.... " "ഹാ... നിനക്ക് പകരം..." "എനിക്ക് പകരം എന്ത് തരാനാ.... " സമീറയെയും സൽമാനെയും മാറി മാറി നോക്കി കൊണ്ടവൾ ചോദിച്ചു.. "ഇളിക്കാതെ ആരേലും ഒന്ന് വേഗം പറയ്‌...." സമീറയും സൽമാനും പരസ്പരം നോക്കി കുസൃതിയായി ചിരിക്കുന്നത് കണ്ടവൾ ഒന്നും മനസ്സിലാകാതെ അക്ഷമയോടെ രണ്ട് പേരെയും നോക്കി.. "സഫ... അവളെ ഇവന് ഇഷ്ട്ടാണെന്ന്.... "

സമീറയാണ് മറുപടി പറഞ്ഞത്.. അന്താളിപ്പായിരിന്നു അവൾക്കാദ്യം.... അത്ഭുതത്തോടെ അവൾ സൽമാനെ നോക്കി.. ഇരു കണ്ണുകളും ചിമ്മികാണിച്ചു കൊണ്ടവൻ ഷർട്ടിന്റെ കോളർ കയറ്റിയിട്ടു...പെട്ടന്ന് തോന്നിയ സന്തോഷത്തിൽ അവൾ അവനെ കെട്ടിപിടിച്ചു... "കരയാ...? " തോളിന്റെ ഭാഗത്തെ ഷർട്ട്‌ നനഞ്ഞപ്പോൾ അവളെ അടർത്തി മാറ്റി കൊണ്ടവൻ ചോദിച്ചു... "സന്തോഷം കൊണ്ടാ.... " "ഇതൊക്കെ എപ്പഴാ നടന്നെ..? " പുറം കൈ കൊണ്ടവൾ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ചോദിച്ചു.. "ഇന്ന്... അവൻ വന്നു.. സംസാരിച്ചു... നിന്റെ ഇഷ്ട്ടം കൂടെ അറിഞ്ഞപ്പോൾ ആദ്യ കാഴ്ച്ചയിൽ ഇഷ്ട്ടം തോന്നിയ സഫയെ ഞാൻ അങ്ങ് പകരമായി ചോദിച്ചു.. ടോട്ടലി ഞാനും ഹാപ്പി.. അവനും ഹാപ്പി... " "ശരിക്കും സഫയെ ഇഷ്ട്ടമായിരുന്നോ... അതോ...? " "എന്ത് അതോ... ശരിക്കും ഇഷ്ട്ടമായിട്ട് തന്നെയാ.....സെക്കന്റ്‌ ഇയർ കഴിഞ്ഞോട്ടെ ന്ന് വിചാരിച്ചിരിക്കുവായിരിന്നു.... അതിച്ചിരി നേരത്തെ ആയി... " "എന്നാലും.... ഇഷ്ട്ടം തോന്നാനോക്കെ അതിനുമാത്രം ടൈം എവിടെന്നാ നിങ്ങൾക്ക് കിട്ടിയേ...? "

ഒരു കൈ മടക്കി അവന്റെ തോളിൽ താങ്ങി വെച്ച് കൊണ്ടവൾ കണ്ണുകൾ മേലോട്ട് ഉയർത്തി ചിന്തയിലാണ്ടു.. "നിനക്കും മശൂദ്നും അതിന് മാത്രം ടൈം എവിടെന്നാ.... അവിടെന്ന് തന്നെ... " അവൾ കൈ വെച്ച തോളിന്റെ വശം മുഴുവനായി ചെരിച്ചു കൊണ്ടവൻ അവളുടെ കൈ തട്ടിഎറിഞ്ഞു കൊണ്ട് കുറുമ്പൊടെ പറഞ്ഞു.. "നീ ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ അവനെ... നിനക്കിപ്പോ എന്താ അറിയേണ്ടേ... അവൻ മഷൂദ്നോട്‌ ചോദിച്ചു... അവന്റെ സമ്മതം കിട്ടിയപ്പോ അവൻ പോയി അവളെ കണ്ടു... സംസാരിച്ചു... അല്ലേടാ.. " സമീറ ബാക്കികൂടെ വിവരിച്ചു കൊടുത്തു.... "നീ പറയടാ... ഇനിയെന്താ പ്ലാൻ... ഉമ്മച്ചി... വാപ്പ... അവരോട് കൂടെ സംസാരിക്കണ്ടേ...? " ഒരു കൈ എളിയിൽ കുത്തി വാ പൊളിച്ച് നിൽക്കുന്ന സുറുമിയെ നോക്കി കോക്രി കാണിച്ച് ദേഷ്യം പിടിപ്പിക്കുന്ന സൽമാന്റെ താടിക്ക് പിടിച്ച് അവളുടെ വശത്തേക്ക് തിരിച്ചു കൊണ്ട് സമീറ ചോദിച്ചു... "എന്ത് പ്ലാൻ... സാഹചര്യം പോലെ രണ്ടൂസം കൊണ്ട് ഉമ്മനോട്‌ നീ കാര്യങ്ങൾ പറയണം... റൂമി ഇഷ്ടമാണെന്നു പറഞ്ഞു എന്നൊന്നും പറയണ്ട....

അവർക്കതൊന്നും അംഗീകരിക്കാൻ പറ്റിയെന്നു വരില്ല... അവളെ കണ്ടു ഇഷ്ടപ്പെട്ട് ഒരു കൂട്ടർ എന്റെ അടുത്ത് വന്നു എന്ന് പറഞ്ഞാൽ മതി.. അവൻ ക്ക്‌ ഒരു പെങ്ങൾ ഉണ്ട്.. അവളെ എനിക്കും ഇഷ്ട്ടായി എന്നും ചേർത്ത് പറയുക.. വാപ്പാട് ഞാൻ പറഞ്ഞോളാം... " സമീറ അത് ശരിക്കുന്ന പോലെ തല കുലുക്കി സമ്മതിച്ചു... "ഈ കക്ഷികളെ ഒക്കെ എനിക്കെപ്പഴാ ഒന്ന് കാണാൻ പറ്റാ... " സമീറയുടെ വാക്കുകളിൽ ആകാംഷയുണ്ടായിരുന്നു.. "കാണിച്ചു തരാം... ഇവളെ അങ്ങ് പറഞ്ഞു വിട്ടാൽ പിന്നെ സഫ അല്ലെ ഇവിടെത്തെ റാണി... " ചൂണ്ട് വിരൽ വായേലിട്ട് എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന സുറുമിയെ ഇടംകണ്ണിട്ട് നോക്കി കൊണ്ട് സൽമാൻ പറഞ്ഞു... "നീ എന്താ ഈ ആലോചിക്കുന്നേ... " വായേലിട്ട അവളുടെ കൈതട്ടി എറിഞ്ഞു കൊണ്ട് സമീറ ചോദിച്ചു.. "ആദ്യം ചങ്ക് പറിച്ചെറിയുന്ന സങ്കടം... പിന്നെ സന്തോഷം... പിന്നെ വലിയൊരു ഞെട്ടൽ.... വീണ്ടും വീണ്ടും ഞെട്ടൽ... എല്ലാം കൂടെ ആയപ്പോ മനസ്സിന്റെ നിലവിലുള്ള എന്തോ ഒന്ന് പോയി.. ഇനി എല്ലാം കൂടെ ഒന്നൂടെ റിമൈൻഡ് ചെയ്തിട്ട് വേണം... നിങ്ങളൊക്കെ ഒന്ന് പോയാട്ടെ...

എനിക്കിത്തിരി ചിന്തിക്കാൻ ഉണ്ട്... " "പഠിക്കാനുണ്ട്.. എഴുതാനുണ്ട് എന്നൊക്കെ പറഞ്ഞ് റൂമിൽ നിന്ന് ഓടിക്കുന്നവരെ കണ്ടിട്ടുണ്ട്... ചിന്തിക്കാനുണ്ടെന്ന് പറഞ്ഞ് പറഞ്ഞു വിടുന്നവളെ ആദ്യമായി കാണാ... " സമീറയുടെ തോളിലൂടെ കൈയിട്ട് അവളേം കൊണ്ട് റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുന്നതിനടിയിൽ സൽമാൻ പിറുപിറുത്തു.. "എടാ നീ പറഞ്ഞത് സത്യാ... ആ കുട്ടി അങ്ങനെയൊക്കെ പറഞ്ഞോ..? " ചൂണ്ട് വിരൽ കൊണ്ട് തിരിച്ചും മറിച്ചും ആംഗ്യം കാണിക്കുകയും ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്യുന്ന സുറുമിയെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങുന്നതിനടിയിൽ സമീറ സൽമാനോടായി ചോദിച്ചു.. "ഏത്.... നിന്നെ പൊന്ന് പോലെ നോക്കും എന്നോ.. " "ഹ്മ്മ് ... " "ആന്നെ.. " "അല്ലേലും നീയും മക്കളും എനിക്കെങ്ങനെ ഭാരമാവാ... എനിക്ക് മാത്രല്ല... അവൾക്കും... " സൽമാൻ കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു നിർത്തി... "ഒന്നും ചിന്തിച് കൂട്ടണ്ട... ഒരാള് തന്നെ അവിടെ ഇരുന്ന് കൂട്ടുന്നുണ്ട്.. നാളെ രാവിലെ എന്താവോ എന്തോ......പോയി കിടന്നോ.. മക്കളൊക്കെ ഉറങ്ങീലെ.."ഏതോ ചിന്തയിൽ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന സമീറയെ നോക്കി സൽമാൻ പറഞ്ഞു "മ്മ്.. " "ഒക്കെ ശരിയാകും... പടച്ചോനില്ലേ കൂടെ.. മ്മ്.... ചെല്ല്.. പോയി കിടക്ക്.. " വേദനയോടെ അവനോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ റൂമിലേക്ക് പോയി..ഒരു നെടുവീർപ്പോടെ സൽമാൻ അവന്റെ റൂമിലേക്കും........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story