സുറുമി: ഭാഗം 17

surumi

എഴുത്തുകാരി: അവന്തിക

പിറ്റേന്ന് കോളജിൽ എത്തിയ ഉടനെ സുറുമി ആദ്യം പോയത് സഫയുടെ അടുത്തേക്കാണ്....കണ്ടപാടെ സഫയുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി കൂട്ടി പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു അവൾ... അത് വരെ കണ്ട സഫയിൽ നിന്നും അന്ന് കാണുമ്പോൾ ഒരുപാട് വിത്യാസം പോലെ തോന്നി സുറുമിക്ക്‌.. തന്റെ മനസ്സിൽ മഷൂദ്ന്റെ സഹോദരിയാണെന്നുള്ള സ്ഥാനമായിരുന്നു അവൾക്കിതുവരെ... എന്നാൽ ഇന്നതിൽ നിന്നും തന്റെ സലുക്കാടെ പെണ്ണ് എന്നൊരു സ്ഥാനം കൂടെ..... സാധാരണ അവളോട് സംസാരിക്കുമ്പോ മഷൂദ് ന്റെ പേര് ഒന്ന് പറയണേ... അവനെ കുറിച്ച് എന്തേലും ഒന്ന് പറയണേ എന്ന പ്രാർത്ഥനയായിരിക്കും മനസ്സിൽ.. പക്ഷെ ഇപ്പൊ ഓരോന്ന് സംസാരിക്കുമ്പോ ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി പോകുന്നു ...താൻ പോയാലും സമീറക്ക് ഒരു കുഞ്ഞനുജത്തി ആകേണ്ടവളാണ് ... എന്നെങ്കിലും മഷൂദ് ന്റെ വീട്ടിൽ നിന്നും വിരുന്ന്കാരിയെ പോലെ സ്വന്തം വീട്ടിലേക്ക് വരുമ്പോ നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിക്കേണ്ടവൾ....

സംസാരിക്കുമ്പോ ഭംഗിയിൽ ചലിക്കുകയും ചിരിക്കുമ്പോൾ ചെറുതാകുകയും ചെയ്യുന്ന അവളുടെ കണ്ണുകളും മുഖത്ത് വിരിയുന്ന ഭാവങ്ങളും നോക്കി നിൽക്കെ തന്റെ ബാബി ഒരു കുഞ്ഞു സുന്ദരി തന്നെയാണെന്ന് തോന്നി അവൾക്ക്.. ആദ്യമായി കാണുന്ന പോലെ അവളുടെ ഭാവങ്ങളും ചലനങ്ങളും നോക്കികാണുകയായിരിന്നു സുറുമി... "സുറുമി....ഒരു കാര്യം പറഞ്ഞാൽ വിശ്വാസിക്കോ എന്നറിയില്ല... അന്ന് ഷെറിയുടെ കല്യാണ തലേന്ന് വീട്ടി വന്ന് നീ പോയില്ലേ... അന്ന് ഉമ്മ പറഞ്ഞിരിന്നു ... ഉമ്മാടെ സങ്കല്പത്തിലെ മഷൂച്ചാടെ പെണ്ണ് നിന്നെ പോലെയാണെന്ന്... ഇന്നലെ... മഷൂച്ച കമ്പനിയിൽ പോയതും സംസാരിച്ചതുമെല്ലാം പറഞ്ഞപ്പോ ഉമ്മ ഒരുപാടൊരുപാട് ഹാപ്പി ആയിരുന്നു ടി... " "ഞാനും ഇന്നലെ ഒരുപാടൊരുപാട് ഹാപ്പി ആയിരുന്നെടി ... മഷൂദ് വന്നു സംസാരിച്ചു എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ആകെ ......അറിയില്ലെടാ പറയാൻ........അതിന്റെ കൂടെ നിന്റെ കാര്യം കൂടെ കേട്ടപ്പോ.... " മറുപടിയായി ഒന്ന് ചിരിച്ചു അവൾ... "സുറുമി.... " "മ്മ്... "

"മഷൂച്ച പാവമാണെടി... ഇന്നലെ നിന്നെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു നിന്നോടുള്ള ഇഷ്ട്ടത്തിന്റെ ആഴം.. പാവമാണ്... സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നേ ഒള്ളൂ... " ദൃഷ്ട്ടി നിലത്തേക്ക് ഊന്നി അവളെ കേൾക്കുന്ന സുറുമിയെ ഒന്ന് നോക്കി സഫ പറഞ്ഞു തുടങ്ങി... "ഞങ്ങളോട് ഒരുപാട് നേരം ഇരുന്ന് സംസാരിക്കുകയോ തമാശ പറയുകയോ ഒന്നും ചെയ്യാറില്ല.... തിരിച്ചു പോയാൽ തന്നെ ഉമ്മക്ക് വിളിക്കുമ്പോ ഞങ്ങളെ കുറിച്ച് ചോദിക്കും എന്നല്ലാതെ മഷൂച്ചയായിട്ട് ഞങ്ങളെ വിളിക്കെ സംസാരിക്കേ ചെയ്യാറില്ല..... പക്ഷെ ആ മനസ്സ് മുഴുവൻ ഞങ്ങളെ ജീവിതമോർത്തുള്ള ആവലാതിയാണ്.. നാട്ടിലാകുമ്പോ ഞങ്ങളുടെ മുഖമൊന്ന് വാടിയാൽ ആൾക്ക് മനസ്സിലാകും... നിനക്കറിയോ... ഉപ്പ പോകുന്നത് വരെ ബാംഗ്ലൂർ ലൈഫ് അടിച്ച് പൊളിച്ച് ജീവിച്ചിരുന്ന ആളായിരുന്നു... എന്നും ഫ്രണ്ട്സ് ന്റെ കൂടെ ട്രിപ്പും പുറത്ത് നിന്ന് ഫുഡും.... വീട്ടിലെ കാര്യങ്ങൾ ഒന്ന് പോലും നോക്കിയിരുന്നുന്നില്ല... അല്ല.. നോക്കേണ്ട ആവിശ്യവും ഇല്ലായിരുന്നു.... "

സുറുമി അവൾ പറയുന്നത് മുഴുവൻ ഒരു കൊച്ച് കുട്ടിയുടെ ലാഘവത്തോടെ കേട്ടിരിക്കുകയായിരുന്നു.. ഒട്ടുമിക്ക ചെറുപ്പക്കാരുടെയും പോലെ ജീവിതം ആസ്വദിച്ച് കിട്ടുന്ന പൈസ മുഴുവൻ സ്വന്തത്തിന് മാത്രം ചിലവഴിച്ച് മാസാവസാനം ഉപ്പ വീട്ടിലേക്ക് അയക്കുന്ന പൈസയിൽ നിന്ന് പോലും പലകാരണങ്ങൾ പറഞ്ഞ് പങ്കു പറ്റി ജോളിയായി നടക്കുന്നിനടിയിൽ വിളിക്കാതെ വന്ന ഒരതിഥിയെ പോലെ മരണം ഉപ്പയെ കവർന്നെടുത്തപ്പോ, എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന മഷൂദ്നെ.... ഉപ്പാടെ മയ്യിത്ത് കണ്ട് നിലവിളിക്കൂട്ടിയ അവരെ മാറോട് ചേർത്ത് പിടിച്ച് വിങ്ങിപ്പൊട്ടിയ മശൂദ്നെ... അത് വരെ കണ്ട മഷൂദിൽ നിന്നും പക്വതയുള്ള മഷൂദായി, ഇപ്പോ ഉള്ള് നിറയെ സ്നേഹവും വാത്സല്യവും കൊണ്ട് നടക്കുന്ന മശൂദ്നെ.... ഒരു സഹോദരൻ എന്നതിലുപരി ഒരു അച്ഛന് മക്കളെയോർത്ത് വേവലാതി പെടുന്ന പോലെ അവർക്ക് വേണ്ടിയും വേവലാതിയോടെ കണ്ണുനീർ പൊഴിക്കുന്ന മശൂദ്നെ... ഒരു മാസത്തെ ലീവിന് വന്നു തിരിച്ചു പോകുമ്പോ നെഞ്ച് പൊട്ടുന്ന വേദനയിലും അവരെ ചേർത്ത് പിടിച്ച് പുഞ്ചിരിക്കുന്ന മശൂദ്നെ......

ഒരു മാസം പോലും മുടങ്ങാതെ കൊച്ചപ്പാടെ മോനോട് പറഞ്ഞ് വീട്ടിലേക്കുള്ള മുഴുവൻ സാധനങ്ങളും എത്തിക്കുമ്പോ അതിന്റെ കൂട്ടത്തിൽ അവർക്കുള്ള നാപ്കിൻ പാടുകൾ പോലും മറക്കാതെ ഏൽപ്പിക്കുന്ന മശൂദ്നെ... സുറുമി കേൾക്കുകയായിരുന്നു അവളുടെ പ്രാണനെ കുറിച്ച്...സഫയുടെ ഓരോ വാക്കുകളും കേൾക്കുമ്പോ അവളുടെ മനസ്സിൽ മശൂദ്നോടുള്ള സ്നേഹവും ബഹുമാനവും നിറയുകയായിരുന്നു... സഫയിൽ നിന്നും കൂടുതലായി മശൂദ്നെ അറിഞ്ഞപ്പോൾ മുതൽ കാണാൻ വല്ലാത്ത കൊതിയായിട്ടിരിക്കുകയായിരുന്നു അവൾ... കോളേജ് വിട്ട ഉടനെ ഹനയെയും കൊണ്ട് ലൈബ്രറിയിൽ കയറി... "നോക്ക് സുറുമി.... ടൈം ആകാറായി... " സമയം അടുക്കും തോറും ഒരു വെപ്രാളം വന്നു തുടങ്ങിയിരുന്നു സുറുമിക്ക്..അവളെ നോക്കി ഹന ഓർമിപ്പിച്ചു.. "മൂന്നേ അമ്പത് കഴിഞ്ഞോട്ടെ.... " കയ്യിലെ നഖം തിന്ന് തീർക്കുന്നതിനടയിൽ അവൾ പറഞ്ഞു.. "രാവിലെ സഫയോട് പറഞ്ഞൂടായിരുന്നോ... മഷൂച്ച കാണാൻ വരുമെന്ന്... എന്നാ ഈ ടെൻഷൻ വേണമായിരുന്നോ..

ഇതിപ്പോ ഇതിന്റെ ഉള്ളിൽ കയറിയിരുന്ന് അവള് പോയോ മഷൂച്ച വന്നു കാണുമോ എന്നൊക്കെ ആലോചിച്ചിട്ടിരിന്നിട്ട് എന്താ...? " "സഫ അറിയേണ്ടെന്ന് വെച്ചിട്ടല്ലേ സഫ പോയതിന് ശേഷം വരാമെന്ന് പറഞ്ഞത്... അതാ ഞാൻ അവളോട് അതേ പറ്റി പറയാതിരുന്നേ... " "അത് ശരിയാ.. " "ടാ.. ഇനിയിപ്പോ മഷൂ വന്ന് എന്നെ കാണാതെ പോയി കാണോ..? " സുറുമി ആകുലതയോടെ തിരക്കി "അതെന്നോട് ചോദിച്ചിട്ടെന്താ.... ഞാനും നിന്നെ പോലെ ഇവിടെ നിൽക്കല്ലേ.. " "അത്ശരിയാണല്ലോ.... സമയം നോക്ക്.... ഇപ്പൊ സഫ പോയി കാണുമല്ലേ....? " "ടീ.. പൊട്ടെ... ഞാൻ ഇവിടെ അല്ലെ... എനിക്കെങ്ങനെ അറിയാനാ... നീ വാ... പോയി നോക്കാ..ഇനി സഫയെ കാണുന്നെങ്കിൽ തന്നെ ലൈബ്രറിയിൽ കയറിയെന്ന് പറഞ്ഞാ പോരെ.... " "അത് ശരിയാണല്ലോ.... നിന്റെ ഒരു ബുദ്ധി.... താങ്ക്സ് ടീ... " സുറുമി ഹനയെ കെട്ടിപിടിച്ച് അവളേം കൊണ്ട് കോളേജിന്റെ മെയിൻ എൻട്രി ലക്ഷ്യമാക്കി ദൃതിയിൽ നടന്നു.... "നിനക്ക് പ്രേമം തലയ്ക്കു പിടിച്ച് തലയുടെ എന്തോ ഒന്ന് പോയിട്ടുണ്ട്... ചുമ്മാ ടെൻഷൻ അടിക്കാ.... വിരലിലെ നഖമെല്ലാം തിന്ന് തീർക്കാ....ഒരാവശ്യവും ഇല്ലാതെ കേട്ടിപിടിക്കാ.... "

"നീ വേഗം ഒന്ന് വന്നേ ഹനാ... എന്റെ തലയ്ക്കു ഒന്നും പറ്റിയിട്ടില്ല.... " ദൃതിയിൽ ഹനയുടെ കൈ പിടിച്ച് നടക്കുന്നതിനടയിൽ സുറുമി പറഞ്ഞു.... "മഷൂച്ച ഇനി കാണാൻ വരുമ്പോ തിന്നാൻ ഇനി നഖം ഉണ്ടോ നിന്റെ വിരലിൽ..? " നടക്കുന്നതിനടയിൽ അവള് പിടിച്ച കൈ പൊക്കി നോക്കി കൊണ്ട് ഹന ചോദിച്ചു... "എന്റെ കഴിഞ്ഞ്... അടുത്ത തവണ നിന്റെ ആക്കാ.. നീ ഒന്ന് വേഗം നടന്നെ..... " "അയ്യേ..... ഈ പെണ്ണിനെന്താ പറ്റിയെ....? " മറുപടിയായി കുലുങ്ങി ചിരിച്ചു കൊണ്ടവൾ ഹനയെയും വലിച്ച് മുന്നോട്ട് നടന്നു മുന്നോട്ട് നടന്നു... "സഫ പോയിട്ട് കാണാം എന്ന് പറഞ്ഞത് നിന്നേ ഒന്ന് ഒറ്റക്ക് കിട്ടാനായിരിക്കും... അതിന് നീ എന്നെ കൂടെ വലിച്ചു കൊണ്ട് പോകുന്നതെന്തിനാ.... " "നീയും നിന്റെ ഇക്കാക്കയുമല്ലേ ഹൈലൈറ്റ്... നിങ്ങളുടെ വീട്... നിങ്ങളുടെ കല്യാണം....ഇതൊക്കെയല്ലേ ഞങ്ങളെ ഇത് വരെ എത്തിച്ചത്.. അതോണ്ട് നീ ഇല്ലാതെ പറ്റില്ല.... പിന്നെ ഞങ്ങൾ സംസാരിക്കുമ്പോ ഉള്ള കാര്യം... നിന്നെ മാറ്റി നിർത്തി ഞങ്ങൾ സംസാരിച്ചോളാം.... " "ഓഹോ.. അതോണ്ടാണല്ലേ.. അല്ലാതെ നിനക്ക് ഒറ്റക്ക് നിൽക്കാൻ ചമ്മലുണ്ടായിട്ടല്ലല്ലേ... "

"ഈഹ്... 😁 " "അല്ലേലും എല്ലാം ഒരു നിമിത്തമാണെടി... ഞങ്ങളും സഫയും സലുക്കയും എല്ലാം നിങ്ങൾ ഒരുമിക്കാനുള്ള ഒരോരോ കാരണങ്ങൾ ആണ് .. അല്ലേൽ നീ ഒന്ന് ആലോചിച്ച് നോക്കിയേ... സലുക്കക്ക് സഫയോട് ഇഷ്ട്ടം തോന്നിയില്ലായിരുന്നെങ്കിൽ നിങ്ങളുടെ ഈ ബന്ധത്തിന് സമ്മതിക്കുമായിരിന്നോ ... " "ആവോ... " "നിന്നെ കാണുമ്പോ.... നിന്റെ സന്തോഷം കാണുമ്പോ അറിയാണ്ട് പ്രാർത്ഥിച്ച് പോവാ.. നിന്റെ ഈ സന്തോഷം നിലനിർത്തി കൊടുക്കണേ ന്ന്.... " "ഇനി അറിഞ്ഞോണ്ടും പ്രാർത്ഥിക്കണേ... " മറുപടിയായി സുറുമി പിടിച്ച കൈ ഒന്ന് കുടഞെറിഞ്ഞ് കൊണ്ട് ചുണ്ട് കോട്ടി അവൾ... അപ്പോഴേക്ക് അവർ കോളേജിന്റെ മെയിൻ ഗേറ്റ് കടന്ന് കഴിഞ്ഞിരുന്നു... വലിയ തിരക്കൊക്കെ ഒഴിഞ്ഞു പോയിരിന്നു.. മശൂദ്നെ തിരഞ്ഞു കൊണ്ട് ചുറ്റും കണ്ണോടിച്ചപ്പോഴാണ് ബൈക്കിൽ ചാരി നിന്ന് സംസാരിക്കുന്ന സൽമാനെയും എന്തോ പറഞ്ഞ് ചിരിക്കുന്ന സഫയേയും ഹന കണ്ടത്.... "ബെസ്റ്റ് .... നിനക്ക് വിധിയില്ല മോളെ... " പ്രതേക ഈണത്തിൽ ഹന പറഞ്ഞു... "എന്തേടി ... "

അപ്പോഴും മശൂദ്നായി അവളുടെ കണ്ണുകൾ പരതുകയായിരുന്നു.. "നിന്റെ മഷൂനോട് ഇങ്ങനെ കട്ട് കാണാൻ വരുമ്പോ അളിയനോട് കൂടെ വിവരം പറയാൻ പറയ്‌... " "എന്ത്... " ഒന്നും മനസ്സിലാകാതെ സുറുമി ഹനയുടെ മുഖത്തേക്ക് നോക്കി... സൽമാനും സഫയും നിൽക്കുന്നിടം കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു ഹന... അറിയാതെ വാ പൊളിച്ച് നിന്ന് പോയി സുറുമി... "എന്തായാലും പണി പാളി... നിന്റെ കെണവൻ വരുന്നതിന് മുമ്പ് രണ്ട് പേരെയും നാത്തൂൻ ചമഞ്ഞ് പറഞ്ഞ് വിട്.... " ഹന ചിരിയോടെ പറഞ്ഞു... രണ്ട് കൈയുടെയും സ്ലീവ് അൽപ്പം പൊക്കി തോളിലുള്ള ബാഗ് ഒന്നൂടെ വലിച്ചിട്ട് അവരെ ലക്ഷ്യമാക്കി സുറുമി നടന്നു... പൊട്ടി വരുന്ന ചിരിയെ കടിച്ചമർത്തി കൊണ്ട് അവളുടെ പുറകെ ഹനയും... സൽമാൻ സഫയോട് എന്തോ പറഞ്ഞ് ചിരിച്ച് കൊണ്ട് നോക്കിയത് തങ്ങളെ ലക്ഷ്യമാക്കി നടന്ന് വരുന്ന സുറുമിയെയും ഹനയെയുമാണ്... സ്വിച്ച് ഇട്ട പോലെ നിന്നു ചിരി.. ചുണ്ടൊക്കെ കൂർപ്പിച്ച് വെച്ച് കുറുമ്പൊടെയാണ് അവളുടെ വരവ്... "പടച്ചോനേ പെട്ട്.." സൽമാൻ പറഞ്ഞത് കേട്ട് സഫ തിരിഞ്ഞ് നോക്കി.. അപ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു

" നിങ്ങളെന്താ ഇവിടെ....? " ഗൗരവം നടിച്ചു കൊണ്ട് സുറുമി ചോദിച്ചു.. "ഇതിലൂടെ പോയപ്പോ... നിന്നെ എടുക്കാമെന്ന് കരുതി.... " "ഇപ്പൊ ടൈം നാലാകുന്നു....ഞാൻ പോകുന്ന ബസ് പോയി കഴിഞ്ഞാണോ എന്നെ എടുക്കാൻ വരുന്നേ... " കൈകൾ മാറിൽ പിണച്ച് വെച്ച് കൊണ്ട് സുറുമി ചോദിച്ചു "നീ പോകുന്ന ബസ് പോയി കഴിഞ്ഞോ... എന്നിട്ട് നീ എന്താ പോവാത്തെ...? " അതേ ഈണത്തിൽ സഫയും തിരിച്ചടിച്ചു. "അത്... അത്.. പിന്നെ.. ആഹ്.. ലൈബ്രറിയിൽ പോയി.... അതോണ്ട്... നാത്തൂൻ ഇപ്പഴേ ഭരിക്കാൻ തുടങ്ങിയോ... " "ലൈബ്രററിയിൽ പോയത് കൊണ്ട് ലേറ്റ് ആയി.. അല്ലാതെ മഷൂ വരുമെന്ന് പറഞ്ഞിട്ടല്ല.... " സൽമാൻ അത് പറഞ്ഞപ്പോൾ അവൻ നോക്കുന്നിടത്തേക്ക് സഫയും സുറുമിയും ഹനയും ഒരു പോലെ തിരിഞ്ഞ് നോക്കി... മറുവശം ഓരോരം ചേർന്ന് കാർ സ്ലോ ആക്കി വരുകയാണ് മഷൂദ്... തിരിഞ്ഞ് സൽമാനെയും സഫയേയും നോക്കി ചമ്മലോടെ ചിരിക്കാൻ ശ്രമിച്ചു സുറുമി.... ചിരി കടിച്ചമർത്തി ബാക്കി മൂന്ന് പേരും നിന്നു... കാർ പതുകെ കൊണ്ട് വന്ന് ചുറ്റുഭാഗവും ആരെയോ തേടുന്ന മശൂദ്നെ കൈ പൊക്കി അവന്റെ ശ്രദ്ധ ആകർഷിപ്പിച്ചു സൽമാൻ...

അവരെ കണ്ടപ്പോൾ അവർ നിൽക്കുന്നതിന്റെ കുറച്ച് മുമ്പിലായി കാർ കൊണ്ട് നിർത്തി. " കുളിച്ച് മാറ്റി കുട്ടപ്പനായല്ലോ... എങ്ങോട്ടെങ്കിലും പോവാണോ..? " അവൻ കാറിൽ നിന്നറങ്ങി അടുത്ത് എത്തിയപ്പോ സഫ ചോദിച്ചു "ഹേയ്... അല്ല... അത്.. ഇത് വഴി പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു... അപ്പോ നിന്നെ കൂട്ടാമെന്ന് വെച്ചു... " ജാള്യത മറച്ചു വെച്ചുകൊണ്ടവൻ പറഞ്ഞൊപ്പിച്ചു... "ഹാ.... ബെസ്റ്റ്...അളിയന്മാർക്ക് രണ്ട് പേരും ഈ ഡയലോഗ് പഠിച്ച് വന്നേക്കാണല്ലേ.. ആര് ചോദിച്ചാലും തിരിച്ചും മറിച്ചും പറയാൻ..... " ഹന അത് പറഞ്ഞു ചിരിച്ചപ്പോൾ ബാക്കിയുള്ളവരും അവൾക്കൊപ്പം കൂടി.. "സംഭവം എല്ലാം ഫ്ലോപ്പ് ആയ സ്ഥിതിക്ക് ഞങ്ങളെന്നാ പോയാലോ... " കുറച്ച് നേരത്തെ സംസാരത്തിനും വിശേഷങ്ങൾക്കൊമുടുവിൽ മഷൂദ് പറഞ്ഞു.. അത് കേൾക്കെ സുറുമിയുടെ മുഖം വാടുന്നത് അവൻ കണ്ടു ... പാവം.. ഒരുപാട് പ്രതീക്ഷയോടെ നിന്നതാണ്.... അവരൊക്കെ ശ്രദ്ധിക്കുന്നത് കൊണ്ട് അവളെയൊന്ന് ശ്രദ്ധിക്കാൻ പോലും പറ്റിയില്ല.. മശൂദ്ന് അവളുടെ മുഖം കാണെ നെഞ്ചിലെവിടെയോ നീറ്റൽ പോലെ ..

പോകുന്ന വഴി ഹനയെ വീട്ടിലാക്കാമെന്ന് പറഞ്ഞപ്പോ സഫക്കൊപ്പം ഹനയും കാറിൽ കയറി... ഒരിക്കൽ കൂടെ സൽമാനോട് യാത്ര പറഞ്ഞ് സുറുമിയെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു മഷൂദ്.. ഒന്ന് കൺ നിറയെ കാണാൻ പറ്റാത്ത വിഷമം അവനെയും വന്ന് മൂടിയിരുന്നു... അത് മനസ്സിലായ പോലെ സൽമാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അത്യാവശ്യമായി ഒരു കാൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ് കുറച്ചപ്പുറം മാറി നിന്നു.. "സുറുമി.... " "മ്മ്.... " "പൊട്ടെ... " "എന്തിനാ സഫ പോയിട്ട് കാത്തിരിക്കണം എന്ന് പറഞ്ഞേ....? " "കാണാനായിരുന്നു.... " "കണ്ടില്ലേ... ഇനി പൊയ്ക്കൂടേ.... " പരിഭവത്തോടെ അവൾ മുഖം തിരിച്ചു... "സോറി... കുറച്ച് നേരം സംസാരിക്കണം എന്ന് കരുതി വന്നതാ... അതിപ്പോ ഇങ്ങനെ ആയില്ലേ... " "സാരല്ല്യ... പിന്നൊരൂസം ആകാം... " "ദേഷ്യമാണോ എന്നോട്....? " മറുപടിയായി അവൾ അല്ലെന്ന് തല അനക്കി... "പിന്നെ......??? പിണക്കം...? "

"ഹ്മ്മ്.. ഹ്മ്മ്... " ചുമൽ കോച്ചി കൊണ്ടവൾ അവനെ നോക്കി കണ്ണടച്ച് കാണിച്ചു... "നിന്റെ മുഖത്തെ ചിരി കാണാനാണ് എനിക്കിഷ്ട്ടം... വെറുതെ പോലും അതിങ്ങനെ ഉരുട്ടി കയറ്റുന്നത് എനിക്കിഷ്ടമല്ല.... അത് കാണുമ്പോ വല്ലാത്തൊരു നീറ്റലാ ഉള്ളില്... അതോണ്ട് എപ്പഴും എനിക്ക് വേണ്ടി ഒരു ചിരി വേണം ഈ മുഖത്ത്... " കണ്ണിമ വെട്ടാതെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ തലകുലുക്കി സമ്മതമറിയിച്ചു.. "വരട്ടെ.. കാണാം.... " അവളെ നോക്കി കൊണ്ടവൻ പറഞ്ഞു.. "ഹ്മ്മ്....ഇനി എന്നാ..? "വൈകാതെ കാണാം " "എന്നെ ഓർക്കാറുണ്ടോ...? " "ഹ്മ്മ്.. " "ഹ്മ്മ്... അത്രേയൊള്ളൂ..? " "ഹ്മ്മ്.. ഹ്മ്മ്... " അവൻ അല്ലെന്ന് ചുമൽ കോച്ചി.. "പിന്നെ...? " "കൊറേ...." "എന്ന് വെച്ചാ....? എന്നും ഓരോ തവണയോ... അതോ മണിക്കൂറിൽ ഓരോ തവണയോ... എങ്ങനെയാ കണക്ക്...? " അവന്റെ ഉള്ളിലുള്ള സ്നേഹത്തിന്റെ ആഴം അവന്റെ വാക്കുകളിലൂടെ അറിയാനുള്ള ആകാംക്ഷയിൽ സുറുമി നിന്നു.. "എപ്പഴും.... " "തെളിയിച്ചു പറയ്‌....എന്തോ ഒന്ന് തൊണ്ടയിൽ കുരുങ്ങി കിടക്കുന്നില്ലേ .... അതൊന്ന് തുറന്ന് പറയുന്നേ.. "

അവൾ ചിണുങ്ങി.... അവനെ കൊണ്ട് പറയിപ്പിക്കും എന്നൊരു കുഞ്ഞു വാശി അവൾക്കുമുണ്ടായിരുന്നു... "കൺ നിറയെ കാണാനോ കൊതി തീരും വരെ സംസാരിക്കാനോ പറ്റുന്നില്ലെങ്കിലും മനസ്സ് നിറയെ ഈ മുഖവും നിന്റെ ചിരിയുമാണ്.....ദിവസോം മണിക്കൂറും ഒന്നുല്ല്യ.... ഓരോ ശ്വാസത്തിലും.... "ഒന്ന് രണ്ട് നിമിഷത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു... ആഗ്രഹിച്ചതെന്തോ കേട്ട പോലെ അവളുടെ കണ്ണുകൾ വിടർന്നു.. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അവൾക്ക്... "താങ്ക്സ്.... ഉള്ളിലുള്ളത് പുറത്ത് വരാൻ വലിയ പാടാണല്ലേ... സാരല്ല്യ.. ശരിയാക്കിക്കോളാം... " അവൾ കുറുമ്പൊടെ പറഞ്ഞപ്പോ അവൻ ചിരിച്ചു..... അപ്പോഴേക്ക് കാറിൽ നിന്ന് ഹനയും സഫയും ഉറക്കെ ചുമച്ച് ശബ്ദം ഉണ്ടാക്കി തുടങ്ങിയിരുന്നു..... "അവളുണ്ടാകുമ്പോ അധികം നിന്നാൽ ശരിയാവൂല...രണ്ട് പേരും ചാരന്മാരാണ്... അതുമല്ല..അവരുടെ മുമ്പിലുള്ള എന്റെ മസിൽ പിടിത്തം തകർന്നടിയും.... " അവൻ പറഞ്ഞപ്പോ അവൾ ചിരിച്ചു കൊണ്ട് പോകാൻ മൗനമായി അനുവാദം കൊടുത്തു..

അവളുടെ സമ്മതം കിട്ടിയപ്പോ അവൻ ഇരുക്കണ്ണുകളുമടച്ച് പുഞ്ചിരിച്ചു... യാത്ര പറഞ്ഞു കൊണ്ടവൻ കാർ ലക്ഷ്യമാക്കി നടന്നു.... അപ്പോഴേക്ക് ഫോൺ കാൾ അവസാനിപ്പിച്ച് സൽമാനും എത്തിയിരുന്നു.. അവൻ വരുന്നത് കണ്ടപ്പോൾ അവനെ കൈ കൊണ്ട് മാടി വിളിച്ചു മഷൂദ്... "കഷ്ട്ടിച്ച് ഒരു മാസം കൂടെ ഞാൻ കാണൂ.. അത് വരെ ഇവളെ കാണാൻ എന്നും പറഞ്ഞ് ഈ വഴിക്ക് വന്നാൽ ഇന്ന് കണ്ട പോലെ ആയിരിക്കില്ല ഞാൻ... ഞാൻ പോയിട്ട് നീ കാണെ.. പോകെ എന്താന്ന് വെച്ചാ ചെയ്തോ.... " സൽമാൻ അടുത്ത് എത്തിയപ്പോൾ അവന്റെ ചെവിയിലായി കപട ദേഷ്യത്തിൽ മഷൂദ് പറഞ്ഞു... "ശരി... സമ്മതം..." സൽമാൻ കുസൃതിയാലെ കണ്ണുകളടച്ചു കാണിച്ചു.. ചിരിയോടെ ഒരിക്കൽ കൂടെ യാത്ര പറഞ്ഞു കൊണ്ടവൻ കാർ മുന്നോട്ടെടുത്തു.. ◾️◾️◾️ ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു ചെറിയ മയക്കത്തിലായിരിന്നു മഷൂദ്..

സൽമാനും വാപ്പയും വന്നിട്ടുണ്ടെന്ന് ഉമ്മ വന്ന് പറഞ്ഞപ്പോ അവൻ വേഗം ഫ്രഷ് ആയി അവർക്കടുത്തേക്ക് ചെന്നു.. അവൻ ഹൃദ്യമായി തന്നെ അവരെ സ്വാഗതം ചെയ്ത് ഇരുത്തി... സൽമാൻ സംസാരത്തിന് തുടക്കിമിട്ടു കൊണ്ട് മശൂദ്നെയും അവനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വാപ്പാക്ക് പരിചയപെടുത്തി.. സൽമാനൊപ്പം കൂടി മഷൂദും വിശേഷേങ്ങളും ജോലി സംബദ്ധമായ കാര്യങ്ങൾ പറഞ്ഞു.. അപ്പോഴെല്ലാം ഒരു തരം നിർവികാരത മാത്രമായിരുന്നു അയാളുടെ മുഖത്ത് പ്രതിഫലിച്ചത്. .... അധികം വൈകാതെ തന്നെ, വീടും പരിസരവും വീക്ഷിക്കുന്ന അയാളുടെ മുഖവും ഭാവങ്ങളും കാണേ അയാൾ തന്നിലോ തന്റെ കുടുംബത്തിലോ തൃപ്തനല്ലെന്ന് മശൂദ്നും മനസ്സിലായി തുടങ്ങി... അപ്പോഴേക്കും ഉമ്മ ചായയും പലഹാരങ്ങളുമായി വന്നിരിന്നു .. പേരിന് പോലും അയാൾ ഉമ്മയെ നോക്കുകയോ ഒരു വീട്ടിൽ വന്ന അതിഥിയാണെന്നുള്ള മര്യാദയിൽ പോലും ഒരു വാക്ക് സംസാരിക്കുകയോ ചെയ്തില്ല എന്നുള്ളത് മശൂദ്നെ മനസ്സിനെ മുറിവേൽപ്പിച്ചു ...

ഒന്ന് താഴ്ന്നു കൊടുക്കൽ തന്റെ കൂടെ ആവിശ്യമാണെന്നത് കൊണ്ട് ആതിഥ്യ മര്യാദയോടെ അവൻ അവരോട് ചായ കുടിക്കാൻ പറഞ്ഞു... ചായ എടുക്കാൻ പോലും കൂട്ടാക്കാതെ നിൽക്കുന്ന അയാളെ കണ്ടപ്പോൾ മാത്രമാണ് സൽമാൻ സംശയത്തിന്റെ കണ്ണുകളോടെ അയാളെ നോക്കിയത് ...അത് വരെ ഉത്സാഹത്തിലും സന്തോഷത്തിലും ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്തിരുന്ന അവൻ അയാളുടെ ഗൗരവത്തിലുള്ള മുഖവും, അവിടെ മുന്നിട്ട് നിൽക്കുന്ന അനിഷ്ടവും കാണേ പെട്ടന്ന് നിശബ്ദനായി... "വാപ്പച്ചി .മശൂദ്നോട് ഒന്നും ചോദിച്ചില്ല....? " തെല്ലൊരു ആശങ്കയോടെ ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.. "നീ പറയുന്നുണ്ടല്ലോ.... ഞാനെന്ത് പറയാൻ..... " താൽപ്പര്യമില്ലാത്ത മട്ടിൽ അയാൾ പറഞ്ഞു.. "വാപ്പച്ചി..... " ആവലാതിയോടെ സൽമാൻ വിളിച്ചു "എനിക്ക് പറയാനുള്ളത് നിങ്ങളോടാണ്...നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളെ അപമാനിക്കുകയോ ചെറുതാക്കുകയോ അല്ല..ഈ കാര്യത്തിൽ ഞാനെന്റെ നിലപാട് വ്യക്തമാക്കുകയാണ്.. എന്റെ മകളും മകനും എന്തെങ്കിലും വാഗ്ദാനങ്ങൾ തന്ന് നിങ്ങളെയും നിങ്ങളുടെ പെങ്ങളെയും മോഹിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം... എല്ലാം ഇന്നത്തോടെ മറന്നേക്കണം.... ഇനി എന്റെ മകളെ കാണാൻ ശ്രമിക്കരുത്... ഇവനോട് ഞാനും പറയാം അവളെ കാണാൻ ശ്രമിക്കരുതെന്ന്....

ഇത് ഇലയിലെ നുള്ളി കളയുന്നതല്ലേ നല്ലത്..... " ശാന്തമായിട്ടാണെങ്കിലും ഒരു താക്കീതിന്റെ ചുവ ഉണ്ടായിരുന്നു അയാളുടെ വാക്കുകൾക്ക്.... "വാപ്പച്ചി എന്താ ഈ പറയണേ... " ഇടർച്ചയോടെ സൽമാൻ ചോദിച്ചു "നീ കേട്ടില്ലേ ഞാൻ പറഞ്ഞത്.... എനിക്കീ ബന്ധത്തിന് താൽപ്പര്യമില്ല എന്ന് ... കുടുംബക്കാർക്കും ബന്ധുക്കൾക്കുമിടയിലും എനിക്കൊരു വിലയുണ്ട്... അത് കളഞ്ഞു കുളിച്ച് ഇത് പോലൊരു സാധാരണക്കാരുടെ കുടുംബത്തേക്ക് സുറുമിയെ അയക്കാൻ ഞാൻ ഒരുക്കമല്ല..... " ഞെട്ടിതരിച്ചിരിക്കുകയായിരുന്നു സൽമാൻ... കുറച്ച് ദിവസം കൊണ്ടാണെണെങ്കിലും സഫയെയും ചേർത്ത് നെയ്‌ത് കൂട്ടിയ തന്റെ സ്വപ്‌നങ്ങൾ... അവളുടെ കണ്ണിൽ തെളിഞ്ഞു നിന്ന തന്നോടുള്ള അടങ്ങാത്ത പ്രണയം... തന്റെ സുറുമിയുടെ മുഖത്ത് ഇത് വരെ കണ്ടിരുന്ന നിറഞ്ഞ ചിരി.... അതിലെല്ലാമുപരി ഇപ്പൊ മശൂദ്ന്റെ മുഖത്ത് കാണുന്ന വേദന.... എല്ലാം ഒരു കുടുംബ മഹിമയുടെ പേരിൽ തകർന്നിരിക്കുന്നു... അവന്റെ ഉള്ളം വേദന കൊണ്ട് നീറി.. "ഇറങ്ങാം.... " സൽമാനോടായി പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങാനൊരുങ്ങി "ഉപ്പാ...... "

മഷൂദ് വിളിച്ചു... അവൻ വിളിച്ചപ്പോൾ അയാൾ ഒരു നിമിഷം നിന്നു.. അവന്റെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും മറ്റെവിടേക്കോ ദൃഷ്‌ടിയൂന്നി കൊണ്ടയാൾ അവന്റെ വാക്കുകൾക്ക് കാതോർത്തു.. "ആദ്യം പറഞ്ഞ കാര്യം.... മറക്കണം എന്ന്...എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ സുറുമിക്ക്‌ മാത്രമായിരിക്കും എന്റെ മനസ്സിലും ജീവിതത്തിലും സ്ഥാനം.... പിന്നെ കാണാൻ ശ്രമിക്കരുത് എന്ന് പറഞ്ഞത്....ഞാനായി കാണാൻ ശ്രമിക്കില്ല, നിങ്ങളിലൊരാൾ സമ്മതം അറിയിക്കുന്നത് വരെ..... ഇത് തന്നെയാണ് സഫയുടെയും കാര്യത്തിലും പറയാനുള്ളത് ... നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മക്കളുടെ ജീവിതം സുരക്ഷിതമാക്കാം... അതിന് ഞാനോ എന്റെ പെങ്ങളോ ഒരിക്കലും തടസ്സമാവില്ല... " ഉള്ളം നുറുങ്ങിയരിയുന്ന വേദനയിലും അവൻ പറഞ്ഞു.. മറുപടി ഒന്നും പറയാതെ അയാൾ കാറിൽ കയറിയിരുന്നു...അപ്പോഴും വേദനയോടെ അവനെ നോക്കികാണുകയായിരുന്നു സൽമാൻ.. " മഷൂ....ടാ....ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ വിചാരിച്ചത് പോലുമില്ലെടാ... " സൽമാൻ വേദനയോടെ പറഞ്ഞു..

" അവളുണ്ടാകും ഇവിടെ.... നിന്നേം കാത്ത്.... വാപ്പച്ചി സമ്മതിക്കുന്നത് വരെ നിനക്ക് വേണ്ടി അവൾ കാത്തിരിക്കും.....അവളില്ലാതെ നീ പൂർണ്ണമാകില്ല എന്ന് അറിയാവുന്നത് കൊണ്ടാ വാപ്പനോട് അങ്ങനെ പറഞ്ഞേ.. " ഇരുകണ്ണുകളുമടച്ചുകൊണ്ടവൻ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.... " ഇയ്യ് പോരുന്നുണ്ടോ... അതോ.... " അയാൾ അക്ഷമയോടെ കാറിന്റെ ഹോൺ മുഴക്കി... മൗനമായി അവനെ മഷൂദ് യാത്രയാക്കി... അവർ വന്ന കാർ കണ്ണിൽ നിന്ന് മറഞ്ഞതും കണ്ണിൽ ഊറി വന്ന വെള്ളം പുറം കയ്യാലെ തുടച്ചു കൊണ്ടവൻ തിരഞ്ഞു നോക്കിയത് തട്ടം കൊണ്ട് കണ്ണുനീര് ഒപ്പുന്ന ഉമ്മയെയാണ്... "അവൾ വന്നിട്ട് സാഹചര്യം പോലെ ഞാൻ സംസാരിച്ചോളാം ..... അവൾ ക്ഷമയുള്ളവളാണ്... സൽമാൻ സ്നേഹമുള്ളവനും... " "മഷൂ.... ഇയ്യോ.. ഇയ്യ് കാരണം വേദനിക്കുന്ന ആ പെണ്ണോ...? " മറുപടിയായി വേദനയോടെ ഒന്ന് ചിരിച്ചൊന്ന് വരുത്തി അവൻ.... പിന്നെ ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story