സുറുമി: ഭാഗം 18

surumi

എഴുത്തുകാരി: അവന്തിക

പതിവ് പോലെ ഒരു മൂളിപ്പാട്ടോടെ സുറുമി വീട്ടിലേക്ക് വന്ന് കയറി ...അകത്തേക്ക് കയറിയപ്പോൾ തന്നെ അടുക്കളയിൽ നിന്ന് എണ്ണയിൽ എന്തോ പൊരിച്ചു കോരുന്ന കൊതിപ്പിക്കുന്ന മണം..... സമീറ ഉണ്ടായത് കൊണ്ട് വൈകീട്ട് കോളേജ് കഴിഞ്ഞ് വന്നാൽ ഇത് പോലെ എന്തേലും പതിവാണ്.. ഓടി പോയി അവിടെ ഹാജർ വെച്ച് ഫ്രഷ് ആയി വരുമ്പോഴേക്കും റെഡി ആക്കി വെക്കാൻ ചട്ടം കെട്ടി കൊണ്ടവൾ റൂമിലേക്കുള്ള കോണിപ്പടികൾ ഓടി കയറി.... നാവിന്റെ തുമ്പിൽ കെട്ടി പിണഞ്ഞ് കിടക്കുന്ന അതേ മൂളിപാട്ടോടെയവൾ റൂം ലക്ഷ്യമാക്കി നടന്നു.. സൽമാന്റെ റൂം അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അവളാ റൂമിന്റെ ഹാൻഡിൽ പിടിച്ചൊന്ന് തുറക്കാൻ നോക്കി.. സൽമാൻ ഉണ്ടെങ്കിലാണ് സാധാരണ റൂം പൂട്ടി കിടക്കാറ് ... ഈ സമയം വീട്ടിൽ ഉണ്ടാവാകാറുമില്ല.... ഇതെന്ത് പറ്റി ഈ സമയം റൂമിൽ കതകടച്ചിരിക്കാൻ...? തലവേദനയോ മറ്റോ ഉണ്ടാകും... കിടന്നോട്ടെ ശല്യം ചെയ്യണ്ട... ശബ്ദം ഉണ്ടാക്കാതെ ഹാൻഡിലിൽ നിന്നുള്ള പിടിത്തം പതുക്കെ വിട്ടുകൊണ്ടവൾ അവളുടെ റൂമിലേക്ക് കയറി വാതിലടച്ചു..

ബാഗും ഷാളും അഴിച്ചു വെച്ചുകൊണ്ടവൾ കണ്ണാടിയിലൂടെ സ്വന്തം പ്രതിബിംബിത്തെ നോക്കി.. തൊട്ടടുത്ത് മഷൂദ് ഉണ്ടെന്നും അവൻ തന്നോട് എന്തൊക്കെയോ വാ തോരാതെ സംസാരിക്കുകയാണെന്നും സങ്കൽപ്പിച്ച് കൊണ്ടവൾ കണ്ണാടിയിലൂടെ കാണുന്ന തന്നോട് തന്നെ കുറച്ച് നേരം സംസാരിച്ചിരുന്നു.. പിന്നെ തന്റെ ചെയ്തികളെ ഓർത്ത് ചിരിയോടെ സ്വയം തലയ്ക്കു ഒരു കൊട്ട് കൊടുത്തു കൊണ്ടവൾ തോർത്തെടുത്ത് ബാത്‌റൂമിൽ കയറി.. ഷവർ ഓൺ ചെയ്ത് രണ്ട് കയ്യും ഉയർത്തി പിടിച്ച് നിൽക്കേ, തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങി കൈകുമ്പിലേക്ക് അടർന്നു വീഴുമ്പോൾ താനും മഷൂദുമൊരുമിച്ചൊരു മഴ കൊള്ളുന്ന പോലെ അവളതിനെ സങ്കൽപ്പിച്ചു.. അവളും മഷൂദ്മായിയുള്ള മധുരമൂറൂന്ന നിമിഷങ്ങൾ അവളവിടെ മെനെഞ്ഞെടുത്തു.. കുളിച്ചിറങ്ങി കണ്ണാടിയിൽ നോക്കി തല തുവർത്തുമ്പോ മഷൂദ് പറഞ്ഞത് എത്ര യാഥാർഥ്യമാണെന്ന് അവൾ തിരിച്ചറിയിക്കുയായിരുന്നു.. ഓരോ ശ്വാസത്തിലും ഓരോ അണുവിലും അവനാണ് ... അവൻ കൂടെ ഉണ്ടെന്നുള്ള ചിന്തയാണ്..

ആ ചിന്തകൾ അവളുടെ പ്രവർത്തികളെ പോലും സാരമായി ബാധിക്കുന്നു..ഭക്ഷണം കഴിക്കുമ്പോൾ , പഠിക്കുമ്പോൾ, ബസ് ഇറങ്ങി നടന്ന് വരുമ്പോൾ ഉറങ്ങുമ്പോൾ എല്ലാമെല്ലാം അവൻ കൂടെയുണ്ടെന്നുള്ള പോലെയാണ്.. അറിയാതെ പോലും ആ ചിന്തകൾ അവളുടെ ചെയ്തികളെ അവളറിയാതെ മനോഹരമാക്കുന്നു... ഇതേസമയം അവളുടെ പ്രാണൻ അവളെന്ന അവന്റെ മാത്രം ജീവവായു അവനിൽ നിന്ന് എന്നെന്നേക്കുമായി തട്ടിയെറിയപ്പെടുന്ന ഓർമയിൽ വെന്തുരുകുകയായിരുന്നു .. മനസ്സിലെ ഭാരം താങ്ങാനാവാതെ അവളുടെ ഒരിറ്റ് സ്നേഹത്തിന് വേണ്ടി, അവളുടെ സ്വാന്തനത്തിൽ ചാലിച്ച ഒരു വാക്കിന് വേണ്ടി അവന്റെ ഹൃദയം പൊള്ളി പിടയുകയായിരുന്നു.. താഴേക്ക് പോകുന്നതിന്റെ ഇടക്ക് അവൾ സൽമാന്റെ വാതിലിൽ കാതോർത്ത് ഒരു നിമിഷം നിന്നു ... ശബ്ദമൊന്നും ഇല്ല... ഫോണിലൂടെ കുറുകുന്ന വല്ല ശബ്ദോം ഉണ്ടേൽ കയ്യോടെ പിടിക്കാനായിരിന്നു.. ചിരിയോടെ അവൾ അടുക്കളയിലേക്ക് നടന്നു.. നാലഞ്ചു ഉന്നക്കായയും ചൂടോടെയുള്ള നല്ല കടുപ്പത്തിലുള്ള ചായയും കുടിച്ചപ്പോഴേക്ക് അവളുടെ വയർ നിറഞ്ഞിരുന്നു...

തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്ത കൂട്ട്, പഴുത്ത പാകമായി വെന്തുടച്ച പഴത്തിൽ പൊതിയുകയാണ് സമീറ... അത് ചൂടുള്ള എണ്ണയിൽ ബ്രൗൺ കളർ ആകുന്നത് വരെ മൊരിച്ച് കോരിയെടുക്കുകയാണ് ഉമ്മയും... അവളുടെ ഉള്ളിൽ അലയടിക്കുന്ന സന്തോഷം കൊണ്ട്, അവരുടെ നെഞ്ചിലെ തീയോ, തിമിർത്ത് പെയ്യാനായി വെമ്പൽ കൊള്ളുന്ന കാർമേഘം കണക്കെ ഇരുണ്ട് നിൽക്കുന്ന അവരുടെ മുഖമോ, അതിന്റെ കാരണമോ അവളറിഞ്ഞില്ല .. പ്ലേറ്റിൽ ബാക്കിയായ എണ്ണയുടെ അംശം വിരൽ കൊണ്ട് കോറി അവളുടെയും അവന്റെം പേരെഴുതി, നാണത്തോടെ ചിരിക്കുമ്പോഴാണ് വാപ്പാടെ വിളി വന്നത്.. ചിരിയോടെ ആ പേരുകൾക്ക് ചുറ്റും വലിയൊരു ഹാർട്ട്‌ ഷേയ്പ് കൂടെ വരച്ച് ചേർത്തവൾ വാപ്പാടെ റൂമിലേക്ക് നടന്നു.. ഇത് വരെ പടുത്തുയർത്തിയെ തന്റെ സ്വപ്നങ്ങളെ തച്ചുടക്കാൻ കെൽപ്പുള്ള സംഭവങ്ങളാണ് ഇനി അരങ്ങേറാൻ പോകുന്നതെന്നറിയാതെ.........

ഗൗരവം നിറഞ്ഞ വാപ്പാടെ മുഖവും എല്ലാം തകർന്നവനെ പോലെയുള്ള സൽമാന്റെ നിൽപ്പും കണ്ടവൾ ഒരു നിമിഷം അമാന്തിച്ചു നിന്നു... ഒടുവിൽ വാപ്പ തന്നെ അവളോട് കാര്യം പറഞ്ഞു... മശൂദ്മായോ സഫയുമായോ ഉള്ള ബന്ധത്തിന് അയാൾക്ക് സമ്മതമല്ല എന്നും ഇന്ന് അവിടെ പോയതും , ഒരിക്കലും നിന്നെ കാണാൻ ഇനി വരില്ല എന്നവൻ പറഞ്ഞതും നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ അവനോ അവന്റെ പെങ്ങളോ തടസ്സമാകില്ല എന്ന് അവൻ പറഞ്ഞതായും അയാൾ പറഞ്ഞു.... മരണം വരെ അവന്റെ മനസ്സിലും ജീവിതത്തിലും അവൾ മാത്രേ ഉണ്ടാവൂ എന്ന അവന്റെ വാക്കുകൾ അയാൾ മനഃപൂർവം മറച്ചു വെച്ചു.. അയാൾ പറഞ്ഞത് തിരുത്തി ഇങ്ങനെ കൂടെ അവൻ പറഞ്ഞു എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു സൽമാന് .. പക്ഷെ വാപ്പാടെ മുമ്പിൽ ശബ്ദം ഉയർത്താൻ അവന്റെ നാവ് പൊങ്ങിയില്ല.. കഴിഞ്ഞ നിമിഷം വരെ താൻ നെയ്‌ത് കൂട്ടിയ സ്വപ്‌നങ്ങൾ തകർന്നടിയുന്നതും അവിടെ ശ്യൂനത വന്ന് മൂടുന്നതും സുറുമി അറിയുന്നുണ്ടായിരുന്നു.. വാപ്പാടെ ഓരോ വാക്കും കെട്ടികൊണ്ടിരിക്കെ ഹൃദയം പറിച്ചെടുക്കുന്ന വേദന തോന്നി അവൾക്ക്... ഉള്ളിൽ നിന്ന് ആരോ തന്റെ മഷൂനെ തന്നിൽ നിന്നകറ്റല്ലേ എന്ന് അലമുറ കൂട്ടുമ്പോൾ, പുറത്തേക്ക് ഒരിറ്റ് കണ്ണുനീർ പോലും വരാതെ നിശ്ചലമായി അവൾ നിന്നു..

സൽമാൻ ആയിരുന്നു ആകെ പ്രതീക്ഷ... അവൻ തനിക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന് വെറുതെ ആശിച്ചു പോയി.. പക്ഷെ, വാപ്പാടെ മുമ്പിൽ എതിർത്ത് സംസാരിക്കാനാവാതെ നിസ്സഹായനായി നിന്നതേയുള്ളൂ അവൻ.. "വാപ്പച്ചി... തറവാടും സ്വത്തും കണ്ട് കെട്ടിച്ചയച്ചതല്ലേ എന്നെ... വാപ്പച്ചി കാണുന്നില്ലേ എന്റെ ജീവിതം തകർന്നടിയുന്നത്.. ഇനിയുമെന്തിനാ കുടുംബമഹിമ പറഞ്ഞ് ഇവരുടെ ജീവിതം കൂടെ ഇല്ലാതാകുന്നത്.... " പുറകിൽ നിന്ന് സമീറയുടെ ശബ്ദം കേട്ടപ്പോൾ വാപ്പയും സുറുമിയും സൽമാനും ഞെട്ടലോടെ തിരിഞ്ഞു നോക്കി.. ശാന്തമായിരുന്നു അവളുടെ വാക്കുകൾ.. പക്ഷെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു...അപേക്ഷയും വേദനയും കലർന്നിരുന്നു അവളുടെ വാക്കുകളിൽ.. "വെറും കുടുംബം മഹിമ ഇല്ലാത്തതും പേര്കേട്ട തറവാട്ടുക്കാരല്ലാ എന്നതും മാത്രാണോ..? ഓന്റെ ഉപ്പ.. മരിച്ച് പോയ ബഷീർ, പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കായലിൽ കെട്ടി താഴ്ത്തിയ കേസിലെ പ്രതി കൂടിയായിരുന്നു...." അറപ്പോടെ അയാൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ സുറുമി മാത്രമല്ല, സമീറയും ഉമ്മയും ഞെട്ടി ....

കൂരിരുമ്പ് പോലെ ആ വാക്കുകൾ അവളുടെ കാതിൽ പതിഞ്ഞു.. "ആരോ എന്തോ പറഞ്ഞെന്ന് കരുതി വാപ്പച്ചി അതിന്റെ സത്യാവസ്ഥ അറിയാതെ അത് വിശ്വസിക്കരുത്..... ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാ ഞാൻ അവളെ ഇഷ്ട്ടപെട്ടതും അവന് എന്റെ പെങ്ങളെ കൊടുക്കാം എന്നൊരു വാക്ക് കൊടുത്തതും... പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മശൂന്റെ ഉപ്പ, അതെങ്ങനെ ആയി എന്നും വാപ്പച്ചിയോട് പറഞ്ഞ് തന്ന ആളോട് ചോദിക്ക്.. " അത് വരെ മിണ്ടാതിരുന്ന സൽമാൻ ഈർഷ്യതയോടെ പറഞ്ഞു.. "എന്ത് തന്നെയായാലും ഒരു ക്രിമിനൽ പശ്ചാത്തലത്തിലുള്ള ഒരാളുടെ മകന് എന്റെ മകളെ കൊടുക്കാൻ ഞാൻ തയാറല്ല... ഞാനാണ് ഇവളുടെ വാപ്പ.. ഞാനാണ് ഇവളെ വളർത്തി വലുതാക്കിയത്... ആ എനിക്കാണ് അവളെ ആർക്ക് നിക്കാഹ് ചെയ്തു കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം.. നീ ആരോട് ചോദിച്ചിട്ടാ അവൻക്ക്‌ വാക്ക് കൊടുത്തത്.... " അയാൾ പരിഹസിച്ചു.. "അവളെന്റെ പെങ്ങളെല്ലേ.... കുടുംബോം തറവാടും നോക്കി വാപ്പച്ചി ഒരാളെ നിക്കാഹ് കഴിപ്പിച്ചല്ലോ..

എന്നിട്ട് എന്തായി.. ഇനിയും ഒരു സമീറയാകാൻ ഞാനിവളെ സമ്മതിക്കില്ല.. " സൽമാൻ തറപ്പിച്ചു പറഞ്ഞു "ഞാൻ പറഞ്ഞല്ലോ സൽമാൻ.. അത് മാത്രമാണോ ഞാൻ ഈ ബന്ധം നടക്കില്ലെന്നു പറയാൻ കാരണം...? ആണോ...? ഞാനിന്നലെ നീ ഈ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ എനിക്ക് വേണ്ടപെട്ടെരാളെ അവിടം അന്വേഷിക്കാൻ ഏൽപ്പിച്ചിരുന്നു.....മോളെ എങ്ങോട്ടാ കെട്ടിച്ചേ.. മോനിവിടുന്നാ പെണ്ണ് കെട്ടിയെ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരുമ്പോൾ അവന്റേം അവന്റെ വാപ്പാന്റേം പേരും കുടുംബോം പറഞ്ഞാൽ അവിടെയുള്ള ഓരോ പുൽക്കൊടിക്കും അറിയാ.. അയാളുടെ കേസും കോടതീം... എന്റെ മകളെ അങ്ങോട്ടാണ് കെട്ടിച്ചേ എന്ന് പറഞ്ഞാൽ ആരും ആ വാർത്തക്ക് പിന്നിലുള്ള സത്യാവസ്ഥയല്ല അറിയാൻ ശ്രമിക്കാ ... അതെനിക്ക് ഒരു കുറിച്ചിൽ തന്നെയാ... ഞാനത് ഇന്ന്, അവന്റെ മുമ്പിൽ വിളിച്ച് പറയാതിരുന്നതും എന്റെ മാന്യത, ഒന്ന് കൊണ്ട് മാത്രാ ....അവൻ നല്ലവനാ....വെറുതെ ആ ചെക്കന്റെ മനസ്സ് വിഷമിപ്പിക്കണ്ട ന്ന് കരുതി..

മാന്യമായി പറഞ്ഞപ്പോൾ അവനും സമ്മതിച്ചല്ലോ, ഇനി അവൻ കാണാൻ വരില്ല എന്നും നിങ്ങളുടെ ജീവിതത്തിൽ അവനോ അവന്റെ പെങ്ങളോ ശല്യമായി വരില്ല എന്നും......." " ... ആളുകൾ എന്ത് പറയും എന്നത് നമ്മളെന്തിനാ നോക്കുന്നെ , അവർ എത്ര ദിവസം പറയും... ഒരു ജീവിതകാലം മുഴുവൻ ജീവിച്ച് തീർക്കേണ്ടത് ഞങ്ങളല്ലേ.... " സൽമാന്റെ സ്വരത്തിൽ അപേക്ഷയുടെ ധ്വനിയുണ്ടായിരുന്നു.. തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന അയാളെ കണ്ടപ്പോൾ സൽമാൻ തുടർന്നു... "വാപ്പച്ചി... ഓന്റെ ഉപ്പ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല .. ചില മോശം കൂട്ട്കെട്ടിൽ അവന്റെ വാപ്പ പെട്ട് പോയി എന്നൊരു തെറ്റ് മാത്രേ അദ്ദേഹം ചെയ്തിട്ടൊള്ളൂ..ഒരു രാത്രി കൂട്ടുക്കാർ വിളിച്ച് കുറച്ച് വേസ്റ്റ് ആരുമറിയാതെ കായലിൽ തള്ളാനുണ്ടെന്നു പറഞ്ഞപ്പോൾ ആ പാവം അവരെ വിശ്വസിച്ച് വീട്ടിലെ ജീപ്പെടുത്ത് പോയി.. വേറെയൊന്നും ഓന്റെ ഉപ്പാക്ക് അറിയില്ലായിരുന്നു.. വണ്ടി തിരിക്കുമ്പോഴേക്ക് കായലിൽ തള്ളി വരാമെന്ന് കൂട്ടകാർ പറഞ്ഞപ്പോ അവരുടെ കയ്യിലുള്ള ചാക്കിൽ ഒരു പെൺകുട്ടി ജീവന് വേണ്ടി പിടയുകയായിരുന്നു എന്നദ്ദേഹം അറിഞ്ഞത് പോലും ഇല്ല....

പിറ്റേന്ന് കായലിൽ പൊങ്ങിയ അജ്ഞാത മൃതദേഹവും അതിന്റെ ചുരുളും അഴിഞ്ഞപ്പോഴാണ് കായലിൽ തള്ളാനാണെന്ന് പറഞ്ഞു കൂട്ടുകാർ കൊണ്ടിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു എന്നയാൾ അറിയുന്നത് പോലും.. നിരപരാധിത്വം തെളിഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുമ്പോ ഇരുപത്തി നാല് വയസ്സ് മാത്രേ ഓന്റെ ഉപ്പയ്ക്കൊള്ളു .. പിന്നെയാണ് ഗൾഫിലേക്ക് പോയതും മശൂദ്ന്റെ ഉമ്മനെ കല്യാണം കഴിച്ചതും മക്കളുണ്ടായതും.. അന്ന് മുതൽ മരിക്കുന്നത് വരെ അറിയാതെ ആണെങ്കിലും താൻ ചെയ്ത് പോയ പാപം ഓർത്ത് പശ്ചാത്തിപ്പിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..ആ പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് കരഞ്ഞു മാപ്പ് ചോദിച്ച ശേഷം ഓരോ തവണയും നാട്ടിലേക്ക് ലീവിന് വരുമ്പോൾ അവരെ കണ്ട് അവരുടെ സുഖവിവരങ്ങൾ അറിയാതെ അദ്ദേഹം തിരിച്ച് പോകാറില്ലായിരുന്നു.. ഇരുപത്തി എട്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾ അറിയാതെ ചെയ്ത് പോയ തെറ്റിന് അയാളുടെ മക്കളെ പോലും നോവിക്കുന്നത് എന്തിനാ വാപ്പച്ചി....."

മരിച്ച് പോയ ഒരാള് വർഷങ്ങൾക്ക് മുമ്പ് അറിയാതെ ചെയ്ത് പോയ തെറ്റിന് അയാളും മക്കളും ഇപ്പോഴും പഴി കേൾക്കേണ്ടി വരുന്നതിലുള്ള വേദന സൽമാന്റെ വാക്കുകളിൽ പ്രകടമായിരുന്നു... "എന്ത് തന്നെയായാലും എനിക്കി ബന്ധത്തിന് താല്പര്യമില്ല... "അയാൾ തീർത്തു പറഞ്ഞു.. എന്തോ പറയാൻ സൽമാൻ ഒരുങ്ങിയെങ്കിലും അവിടെ ഉണ്ടായിരുന്ന ലാൻഡ് ഫോൺ ശബ്ദിച്ചത് കൊണ്ട് അവൻ പറയാൻ വന്നത് നിർത്തി.. സുറുമിയെയും സൽമാനെയും ഒന്ന് നോക്കിയ ശേഷം വാപ്പച്ചി ഫോൺ എടുത്തു. "ഓളിപ്പോ കോളേജിൽ നിന്നല്ലേ വന്നേ...ഇത് വരെ പറഞ്ഞ് തീരാത്ത എന്ത് കാര്യാ നിങ്ങൾക്ക് പറയാനുള്ളത്.... " ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു.. "ഒരു കാര്യം ഞാൻ പറയാ... ഇനി മോള് സുറുമിയെ വിളിക്കെ കോളേജിൽ വന്നാലും അവളോട് മറ്റവനുമായി കാണാനുള്ള അവസരം ഉണ്ടാക്കുകയോ അവന്റെ വല്ല വിവരോം അവളെ അറിയിക്കുകയോ ചെയ്താൽ, നിനക്ക് ഇപ്പൊ എന്നും അവളെ കാണാൻ കിട്ടുന്ന അവസരം പോലും ഇല്ലാതായെന്നു വരും.. " പുരുഷമായി അയാൾ പറഞ്ഞവസാനിചിപ്പിച്ചു കൊണ്ട് റെസീവർ ഊക്കോടെ താഴെ വെച്ചു.. "ഫാത്തിമാ... കാര്യം ഞാൻ പറഞ്ഞേക്കാം...

സുറുമിക്കെന്ന് പറഞ്ഞു ഇതിലേക്ക് വരുന്ന ഒരു കാളും അവൾക്ക് കൊടുക്കരുത്... ഇനി ഞാൻ പറഞ്ഞത് കേൾക്കാതെ നിന്റെ മക്കളൊപ്പം കൂടി എന്നെ ധിക്കരിക്കാൻ ആണ് ഭാവമെങ്കിൽ....... " അയാളൊന്ന് നിർത്തി.. തീ പാറുന്ന കണ്ണുകളോടെ ഉമ്മയെയും മറ്റു മൂന്ന് പേരെയും നോക്കി... മറുത്തൊന്നും പറയാൻ ഇല്ലാതെ ഉമ്മ തലയാട്ടി കൊണ്ട് സമ്മതിച്ചു.. ഒരുതരം മരവിപ്പ് മാത്രമായിരുന്നു സുറുമുക്ക്... ഒന്നും പറയാനോ കരയാനോ പറ്റുന്നില്ല.. ഉറക്കെ ഉറക്കെ കരയണം എന്നൊക്കെയുണ്ട്.. പക്ഷെ എല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നതേയുള്ളു.. പതുക്കെ, ആരെയും നോക്കുക പോലും ചെയ്യാതെ അവൾ കോണിപ്പടി കയറി.. റൂമിലേയ്ക്ക് കയറി വാതിലടച്ച് സാക്ഷ ഇട്ടു.. ബെഡിൽ ഓരോരം ചേർന്ന് ചുരുണ്ടു കൂടി കിടന്നു... വാപ്പാടെ വാക്കുകളാണോ വേദനിപ്പിച്ചത്.. അതല്ല, എനിക്കൊരു ശല്യമായി മഷൂദ് വരില്ല എന്ന് പറഞ്ഞതോ, എന്റെ ജീവിതം സുരക്ഷിതമാക്കാൻ പൂർണ്ണ അനുവാദം വാപ്പാക്ക് കൊടുത്തതോ..? എന്താണ് സത്യം, വാപ്പ കളവ് പറഞ്ഞതാണെങ്കിൽ സലുക്ക അത് തിരുത്തേണ്ടതല്ലേ...ഈ പ്രൊപോസൽ മുന്നോട്ടു കൊണ്ടുപോകാൻ വാപ്പച്ചിക്ക്‌ താൽപ്പര്യമില്ല എന്ന് പറയുമ്പോഴേക്ക് വിട്ടു കൊടുക്കാനായിരുന്നോ എന്നെ മോഹിപ്പിച്ചത്.... അധികം ചിന്തിക്കേണ്ടി വന്നില്ല അവൾക്ക്..

വാപ്പച്ചിയുടെ എതിർപ്പ് എത്ര വേണമെങ്കിലും സഹിക്കാമായിരിന്നു.. മഷൂദ് പറഞ്ഞു എന്ന് വാപ്പ പറഞ്ഞ വാക്കുകളാണ് തന്നെ കുത്തി നോവിക്കുന്നത് എന്നവൾക്ക് മനസ്സിലായി... സഹിക്കാൻ പറ്റണില്ലാ... ഒരുപാടൊരുപാട് ആഗ്രഹിച്ചു പോയി.... ഓരോ അണുവിലും അവനായിരുന്നു... ഓരോ ശ്വാസത്തിലും... ഇപ്പൊ എല്ലാം തകർന്നില്ലേ... വാപ്പച്ചി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ... മഷൂ കൂടെ ഉണ്ടായിരുന്നെങ്കിൽ എല്ലാം മറികടന്നേനെ... സന്തോഷത്തോടെ നിക്കാഹ് കഴിപ്പിച്ച് തരുന്ന വരെ കാത്തിരുന്നേനെ... മുന്നോട്ടുള്ള ചിന്തകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു.. എത്ര നേരം ആ കിടപ്പ് കിടന്നു എന്നറിയില്ല.. സമീറയും ഉമ്മയും ഭക്ഷണം കഴിക്കാൻ വന്ന് വിളിച്ചു.. എല്ലാം കേട്ടിട്ടും ഒന്നെഴെന്നേറ്റു പോകാനോ അവർക്ക് മറുപടി കൊടുക്കാനോ തോന്നിയില്ല... ചിന്തകളുടെ ഭാരം അവളെ അത്രയും തളർത്തി കളഞ്ഞിരുന്നു.. ഒരു തരം മരവിപ്പ് മാത്രമായിരുന്നു അവിടെ.. " ഇതിന്റെ ഉള്ളിൽ പട്ടിണി കിടന്ന് എന്നെ തോൽപ്പിക്കാമെന്ന് നീ വിചാരിക്കണ്ട സുറുമി... ഇറങ്ങി വരുന്നതാ നിനക്കും എനിക്കും നല്ലത്..

ഇനിയും വാശി ആണേൽ അന്റെ പഠിത്തം ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കും "വലിയ ശബ്ദത്തോടെ കതകിൽ ആഞ്ഞടിക്കുകയും ഭീഷണിയുടെ ധ്വനിയോടെ വാപ്പച്ചിയുടെ പറഞ്ഞു കോളേജിൽ പോകാൻ കൂടെ സമ്മതിച്ചില്ലേൽ ഭ്രാന്തായി പോകും.. അവൾ എഴുനേറ്റ് വാതിൽ തുറന്നു.പോയി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി മുകളിലേക്ക് ചെന്നപ്പോൾ റൂമിൽ സൽമാൻ ഇരിപ്പുണ്ട്.. ഒന്നും മിണ്ടാതെ അവന്റെ മടിയിൽ തലവെച്ച് കിടന്നു കുറച്ച് നേരം.. വാക്ക് കൊണ്ട് പോലും അവളെ ഒന്ന് ആശ്വസിപ്പിക്കാനാവാതെ അവൻ നിസ്സഹായനായി..പതിയെ അവളുടെ മുടിയിൽ തഴുകി കൊണ്ടിരിന്നു.. "എന്തിനാ... എന്തിനാ.. മഷൂ വാപ്പച്ചിയോട് അങ്ങനെയൊക്കെ പറഞ്ഞേ...."ഒട്ടൊരു നിമിഷത്തെ മൗനത്തിന് ശേഷം അതേ കിടപ്പിൽ കടന്ന് കൊണ്ടവൾ ചോദിച്ചു..

"അത് മാത്രമല്ല, അവന്റെ ഹൃദയത്തിനും ജീവിതത്തിനും ഒരുവകാശി ഉണ്ടേൽ അത് നീ മാത്രമാണ് എന്നും അവൻ വാപ്പച്ചിയോട് പറഞ്ഞു.. " "അപ്പൊ ഞാനോ...? മനസ്സിൽ മഷൂനെ വെച്ച് വാപ്പച്ചി കൈ കൊടുക്കുന്ന ആളെ കൂടെ പോണോ...? " തെല്ലൊരു ഈർഷ്യതയോടെ അവൾ ചോദിച്ചു.. ഉത്തരം അവൻക്കും ഇല്ലായിരുന്നു.. ''എന്തേലും പരിഹാരം ഉണ്ടാവാതിരിക്കില്ല... നീയിങ്ങനെ സങ്കടപെടല്ലേ.... " അവന്റെ സ്വരം ഇടറി.. ഒന്നും മിണ്ടാനാകാതെ മരവിച്ച മനസ്സോടെ അവന്റെ തലോടലിൽ, അവന്റെ മടിയിലായി അവൾ ചുരുണ്ടു കൂടി ... മനസ്സിലെ മുറിവിനും വേദനക്കും മേലെ മശൂദ്നോട്, കരണമറിയാതെ അവൻ പറഞ്ഞ വാക്കുകളോട്, ഒരു കുഞ്ഞു പരിഭവമായും വാശിയായും അവളുടെ മൗനം മാറുകയായിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story