സുറുമി: ഭാഗം 19

surumi

എഴുത്തുകാരി: അവന്തിക

പിറ്റേന്ന് ശ്യൂനത നിറഞ്ഞ മനസ്സോടെയാണ് സുറുമി കോളേജിൽ ചെന്നത്..മിണ്ടാനോ ആരെയും മുഖമുയർത്തി നോക്കാനോ പോലും അവൾ മെനക്കെട്ടില്ല ....ആരോടെക്കെയോ ദേഷ്യവും വാശിയും തോന്നി അവൾക്ക്... അവളെ കാത്തെന്ന പോലെ സഫ നിൽപ്പുണ്ടായിരുന്നു ... സുറുമിയെ കണ്ട പാടെ ഓടി വന്ന് രണ്ട് കയ്യും കൂട്ടി പിടിച്ചു..പക്ഷെ അവളെയൊന്ന് മുഖമുയർത്തി നോക്കാൻ പോലും സുറുമിക്ക് തോന്നിയില്ല . ശിലപോലെ നിന്നതേയൊള്ളൂ അവൾ.. കൂട്ടിപിടിച്ച തന്റെ പുറം കയ്യിൽ അവളുടെ കണ്ണുനീർ വീണപ്പോഴാണ് അവൾ കരയുകയാണെന്ന് സുറുമിക്ക് മനസ്സിലായത്.. അപ്പൊ പോലും അവളെ നോക്കാനോ തന്നാൽ ആകും വിധം അവളെ സ്വാന്തനിപ്പിക്കാനോ സുറുമിക്ക് തോന്നിയില്ല... തന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ നിർവികാരതയോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്തൊക്കെയോ പറഞ്ഞ് സുറുമിയെ സമാധാനിപ്പിക്കണമെന്നും വാപ്പച്ചി സമ്മതിക്കുന്നത് വരെ മഷൂച്ച കാത്തിരിക്കുമെന്നുമൊക്കെ പറയണം എന്നുണ്ടായിരുന്നു സഫക്ക്..

അവളുടെ മുഖത്തെ നിസ്സംഗ ഭാവം കണ്ടപ്പോൾ സഫ മിണ്ടാതെ നിന്നതേയൊള്ളൂ.. കുറച്ചകലെ നിന്ന് ഹന വരുന്നത് കാണേ കവിളിൽ ചാലിട്ടൊഴുകുന്ന കണ്ണുനീർ സഫ അമർത്തി തുടച്ചു. ഹന എത്തിയിട്ടും ഭാവബേധമില്ലാതെ നിൽക്കുന്ന സുറുമിയെ കണ്ടപ്പോൾ അവളൊരു നിശ്വാസത്തോടെ സഫയോട് ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. "പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സമാധാനിപ്പിക്കാ വേണ്ടേ...... ഇതൊരുമാതിരി സീരിയൽ നായികമാരെ പോലെ...അല്ലെ.. " അവസ്ഥയിൽ ഒരയവ് വരുത്താൻ എന്ന പോലെ ഹന സുറുമിയുടെ മുഖമുയർത്തി അവളോടായി പറഞ്ഞു.. അപ്പൊ മാത്രം സുറുമി അവളുടെ മുഖത്തേക്ക് നോക്കി. സുറുമിയുടെ കണ്ണുകളിൽ അലയടിക്കുന്ന ദുഃഖത്തിന്റെയും വേദനയുടെയും വ്യാപ്തി ആ കണ്ണുകളിൽ ഹന അറിഞ്ഞു . "നിന്നെ അഞ്ചു അന്വേഷിക്കുന്നുണ്ട്.. അവളുടെ നോട്ട് നിന്റെ കയ്യിലല്ലേ.. നീ ചെല്ല്.. ഞാൻ വന്നേക്കാം.. " അത് കേൾക്കെ ഒന്ന് നോക്കുക പോലും ചെയ്യാതെ സുറുമി നടന്ന് പോകുന്നത് ഒരു നിശ്വാസത്തോടെ ഹനയും സഫയും നോക്കി നിന്നു.. "ഇന്നലെ നല്ല പ്രോബ്ലം ആയോ..? "

അവൾ പോയെന്ന് ഉറപ്പായതും ഹന ചോദിച്ചു.. " അറിയില്ല.. ഉമ്മ കാര്യമായി ഒന്നും പറഞ്ഞില്ല.. മഷൂച്ചയാണ് പിന്നേം എന്തേലുമൊക്കെ വാ തുറന്നത്.. അതും ഞാൻ കൂടെ അറിയേണ്ടേ കാര്യം ആയത് കൊണ്ട് .. " "എന്താ പറഞ്ഞേ..? " "മുഴുവനായിട്ട് പറഞ്ഞതൊന്നുമില്ല. വന്നെന്നും താല്പര്യക്കുറവ് പ്രകടിപ്പിച്ചെന്നും മാത്രം പറഞ്ഞു.. മാന്യമായാണ് അവളുടെ വാപ്പ സംസാരിച്ചതെന്ന് പറഞ്ഞു.. ഒക്കെ ശരിയാകും. അത് വരെ നീ കാത്തിരിക്കണം എന്നും പറഞ്ഞു..മഷൂച്ചക്ക്‌ ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഇടക്കൊക്കെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ... അതാ എനിക്ക് സഹിക്കാൻ പറ്റാണ്ടേ ആയെ... സുറുമിയെ കണ്ട് സംസാരിക്കുമ്പോ ഇത്തിരി സമാധാനം കിട്ടുമെന്ന് വിചാരിച്ചു.. അവളൊന്ന് നോക്കുക പോലും ചെയ്തില്ലല്ലോ.. "നിരാശയും വേദനയും കലർന്നിരുന്നു അവളുടെ വാക്കുകളിൽ.. " ഇത് തന്നെയാ മഷൂച്ച ഇക്കാക്കാടെ അടുത്തും പറഞ്ഞേ.. ഇന്നലെ അവളുടെ വീട്ടിലും എന്തൊക്കെയോ സംസാരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു ... ഇക്കാക്ക പറഞ്ഞപ്പോ ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു.

പക്ഷെ അവളുടെ വാപ്പച്ചിയാ ഫോൺ എടുത്തേ.. ഭയങ്കര ഹാർഡ് ആയാ പുള്ളി എന്നോട് സംസാരിച്ചേ... ഇനി വിളിക്കുകയോ മഷൂച്ചയുമായി കാണാൻ അവസരം ഉണ്ടാക്കുകയോ ചെയ്താൽ അവളെ പിന്നെ കോളജിലേക്ക് വിടില്ലെന്നൊക്കെ പറഞ്ഞു..." "ആണോ... ഇനിയിപ്പോ എന്താ ചെയ്യാ.... " "അവളെന്തെലും പറയോ ന്ന് നോക്കട്ടെ...." "അവളൊന്ന് നോക്കിയത് പോലുമില്ലല്ലോ... " "സാരല്ല്യടോ... അവൾക്ക് സങ്കടോം ദേഷ്യവും ഒക്കെ കാണും.. അതാ.. ഇത്തിരി വാശിക്കാരിയാ... എപ്പോഴൊന്നുമില്ല..പക്ഷെ വാശി കയറിയാൽ കയറിയതാ... അവളെ കുറിച്ചെന്തേലും പറഞ്ഞോ മഷൂച്ച......? " "മ്മ്.. മ്മ്... " സഫ ഇല്ലെന്ന് തലയാട്ടി.. " നിനക്ക്‌ സപ്പോർട്ടിന് മഷൂച്ച ഉണ്ടല്ലോ.. കാത്തിരിക്കാൻ സലുക്കയും.. അവളുടെ കാര്യം അങ്ങനെയല്ലല്ലോ... വാപ്പച്ചി ഉണ്ടാകുമ്പോ സലുക്കക്ക് ഒറ്റക്ക് തീരുമാനം എടുക്കാനും പറ്റില്ലാ.... നീ വിഷമിക്കാതിരി....ഒക്കെ ശരിയാകും.. " ഹനയുടെ വാക്കുകൾക്ക് സഫയുടെ ഉള്ളിലെ തീയെ ശമിപ്പിക്കാൻ കഴിയുമായിരുന്നില്ല.. പിന്നെയും ചിന്തയിലാണ്ട് നിൽക്കുന്ന സഫയെ കണ്ടപ്പോൾ ഹന അവളെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു.

സുറുമിയെ കണ്ടതും അവളുടെ അവസ്ഥയും മശൂദ്നോട്‌ ഒന്ന് സൂചിപ്പിക്കണമെന്നും ഹന സഫയോട് പറഞ്ഞേൽപ്പിച്ചു.. ഹന ക്ലാസ്സിൽ എത്തിയിട്ടും സുറുമി മറ്റെവിടെയോ കണ്ണും നട്ടിരിക്കുകയായിരിന്നു. പലതും പറഞ്ഞ് അവളെയൊന്ന് പഴയപടിയാക്കാൻ ഹന കൊറേ ശ്രമിച്ചു.. "വാപ്പച്ചി ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ നിനക്ക് വിഷമായോ..? " ഒട്ടൊരുനേരത്തെ ശ്രമത്തിനൊടുവിൽ അവൾ ചോദിച്ചു.. "ഏയ്... നീയൊന്ന് പോയെ... ആ അവസ്ഥയിൽ എന്റെ വാപ്പച്ചി ആണേലും അങ്ങനെയൊക്കെ തന്നെ പറയൂ... ഞാനാ രീതിയിലെ എടുത്തിട്ടൊള്ളൂ.. " മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു അവൾ.. പിന്നെയും ഒരുപാട് നേരം അവളുമായി സംസാരിച്ചെങ്കിലും അവളുടെ മൗനത്തിന് കാരണമോ ഇന്നലെ വീട്ടിൽ വെച് നടന്നതോ പറയാൻ സുറുമി ഒരുക്കമല്ലായിരുന്നു... ഒരുതരം നിസ്സംഗ ഭാവമായിരുന്നു അവൾക്ക്.. വൈകുന്നേരം ആയപ്പോഴേക്കും ഹനയുടെ ക്ഷമയും നശിച്ചിരുന്നു... "നീയൊന്ന് വാ തുറന്ന് വല്ലതും പറയോ... രാവിലെ മുതൽ ഞാനിങ്ങനെ ഓരോന്ന് പറയുകയും ചോദിക്കുകയും ചെയ്യുന്നില്ലേ..

മൂളിയും തലയാട്ടിയുമുള്ള ഉത്തരം മാത്രല്ലേ നീ തന്നൊള്ളൂ... അറ്റ്ലീസ്റ്റ് എന്താ നിനക്ക് പറ്റിയെ എന്നെങ്കിലും പറ.... " ക്ഷമ നശിച്ചപ്പോൾ ഹന നുരഞ്ഞ് വരുന്ന ദേഷ്യം ഉള്ളുതുക്കി കൊണ്ട് പറഞ്ഞു "ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് വാപ്പച്ചിക്ക്.....പി.. പിന്നെ.......ഒന്നുല്ല്യ.... ഇത്രേയുള്ളൂ.. നീ കുറച്ചൊരു സമാധാനം താ... " അത് പറയുമ്പോഴും മഷൂദ് പറഞ്ഞെന്ന് അവളറിഞ്ഞ വാക്കുകളായിരുന്നു അവളുടെ ഉള്ളം നിറയെ.. അവ ഉള്ളും പുറവും ഒരു പോലെ ചുട്ടുപൊള്ളിക്കുന്ന പോലെ തോന്നി അവൾക്ക്... വൈകീട്ട് ബസ് കാത്തുനിൽക്കുമ്പോഴും മഷൂദ് അവളെ കാണാൻ വരുമെന്നും അവളെ ആശ്വസിപ്പിക്കുമെന്നും വെറുതെ ആശിച്ചു പോയി അവൾ ... വീട്ടിലേക്ക് എത്തുന്നത് വരെ അവളുടെ ഉള്ളം ആ പ്രതീക്ഷയിൽ ആയിരുന്നു.. അവൾ മനസ്സിലാക്കിയ മഷൂദ്ന് ആരെങ്കിലും പറഞ്ഞെന്നോ ഭീഷണി മുഴക്കിയെന്നോ കരുതി അവളെ വിട്ടു കൊടുക്കാൻ കഴിയിയുമായിരുന്നില്ല ... അവൻ തന്നെ ഒരു നോക്ക് കാണാൻ പോലും വന്നില്ല എന്ന ചിന്ത അവളിൽ അവശേഷിച്ച നേരിയ പ്രതീക്ഷയെ പോലും തച്ചുടച്ചു..

വീട്ടിലെത്തിയ പാടെ റൂമിലേക്ക് ഓടി കയറി വാതിലടച്ച് ലോക്ക് ചെയ്തു.അടഞ്ഞ വാതിലിൽ കിതപ്പോടെ ചാരി നിൽക്കെ നെഞ്ചിലെ ഭാരം കൂടി കൂടി തൊണ്ട വരെ കുരുങ്ങി കിടക്കുന്നത് അവളറിഞ്ഞു .... ശ്വാസം തിങ്ങി നിൽക്കുന്ന പോലെ.. ഇനി വേദനിക്കാൻ ഇടം കിട്ടാതെ നിന്ന നിൽപ്പിൽ മരിച്ചു പോയെങ്കിൽ എന്നതിയായി ആഗ്രഹിച്ചു പോയി അവൾ.. ബാത്റൂമിലേക്ക് കയറി ടാപ്പും ഷവറും തുറന്ന് വെച്ച് വെള്ളം ഒഴുകിയിറങ്ങുന്ന ഷവറിന് താഴെ അവൾ നിന്നു .. എത്ര അടക്കി നിർത്തിയിട്ടും കരച്ചിലിന്റെ ചീളുകൾ അവളുടെ തൊണ്ട വരെ എത്തി നിന്നു.. പുറം കയ്യാൽ വായ അമർത്തി പിടിച്ചു കൊണ്ട് കരച്ചിലടക്കാൻ അവൾ പാടുപെട്ടു.. എന്നിട്ടും കുത്തി മുറിവേൽപ്പിച്ച പോലെ അവളുടെ നെഞ്ചം വിങ്ങി വിങ്ങി അവ കണ്ണുനീരായി കവിളിലൂടെ ഒഴുകിയിറങ്ങി, തലയിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തിൽ കലർന്നില്ലാതായി.. ഒടുവിൽ, തോറ്റു പോയവളെ പോലെ, എല്ലാം തകർന്നവളെ പോലെ അവൾ നെഞ്ച് പൊട്ടി കരഞ്ഞു... ഇന്നലെ ഷവറിന് താഴെ നിന്ന് നെയ്‌ത് കൂട്ടിയ സ്വപനങ്ങൾ ഇന്നവളെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി അവൾക്ക്...

ഇന്നലെ തന്റെ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ തന്നിരുന്ന ഈ വെള്ളം ഇന്നവളെ ചുട്ടു പൊള്ളിക്കുന്ന പോലെ ..അവളുടെ കരച്ചിലും ഉയർന്നു വരുന്ന ഏങ്ങലടികളും ആ നാല് ചുമരുകൾക്കുള്ളിൽ അലയടിച്ചു ...കുമിഞ്ഞു കൂടിയ നെഞ്ചിലെ ഭാരം ഒഴിഞ്ഞു പോകുന്ന വരെ അവൾ കരഞ്ഞു.. അവസാനം ഏങ്ങലടികൾ മാത്രം ബാക്കിയായി.. പെയ്തൊഴിഞ്ഞ ആകാശം പോലെ മൂടി കെട്ടിയ മനസ്സുമായി അവൾ ബാത്‌റൂമിൽ നിന്നിറങ്ങി.. നനഞ്ഞ വസ്ത്രമെല്ലാം ഊരി മാറ്റി വേറെ ധരിച്ചു. കണ്ണാടിയിലൂടെ കാണുന്ന തന്റെ പ്രതിംബിബത്തെ നോക്കി തല തുവർത്തി കൊണ്ടിരിക്കെ അറിയാതെ പോലും രണ്ടിറ്റ് കണ്ണുനീർ കവിളിനെ ചുംബിച്ച് കൊണ്ട് താഴേക്ക് പതിച്ചു.. വാശിയോടെ അവ തുടച്ചു മാറ്റി കൊണ്ടവൾ കസേര വലിച്ച് അതിലിരിന്നു.. മേശയിൽ വൃത്തിയായി അടുക്കി വെച്ച പുസ്തകങ്ങളിൽ ദൃതിപെട്ട് വാശിയോടെ എന്തിനോ വേണ്ടി അവളുടെ കൈകൾ പരതി നടന്നു .. ഒടുവിൽ ഒരു പേപ്പറും ഒരു പേനയും അവൾ കയ്യിലെടുത്തു..അതിൽ എന്തൊക്കെയോ കുറിച്ചു..

അപ്പോഴും ഒഴുകിയിറങ്ങുന്ന മിഴിനീർ തുള്ളികൾ കവിളിനെ തഴുകി ആ പേപ്പറിൽ ഇറ്റ് വീണു കൊണ്ടിരിന്നു ... പിന്നീട് അങ്ങോട്ടുള്ള ഓരോ ജോലികളും ഒരു യന്ത്രം കണക്കെ അവൾ ചെയ്തു. ഉമ്മയുടെയും സമീറയുടെയും ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം കൊടുത്തു. വാപ്പച്ചി ക്ക്‌ മുഖം കൊടുക്കാതെ അവളുടേതായ ജോലികളിൽ മുഴുകി സമയം തള്ളി നീക്കി. രാത്രി ഏറെ വൈകി ഉറക്കം അവളെ കീഴ്പെടുത്തുമ്പോഴും സൽമാൻ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല.. പിറ്റേന്ന് കോളജിലേക്ക് പോകുന്നതിന് മുമ്പ് സൽമാനെ ഒന്ന് കാണാനായി റൂമിലേക്ക് പോയെങ്കിലും റൂം അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നു.. അവനോട് ഒന്ന് സംസാരിക്കണമെന്നും ഇനിയും താൻ മശൂദ്ന് വേണ്ടി കാത്തിരിക്കെണ്ടാതുണ്ടോ എന്നും ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക്. കമ്പനിയിൽ കുറച്ച് ലോഡ് കയറ്റി പോകാനുണ്ടായിരുന്നു നല്ല ലേറ്റ് ആയിട്ടാ വന്നത്.. ഒന്നും കഴിക്കാതെ കിടക്കുകയും ചെയ്തു എന്നാ സമീറയുടെ വിശദീകരണത്തിൽ പിന്നീട് സ്വസ്ഥമായി സംസാരിക്കാമെന്ന കണക്ക് കൂട്ടലിൽ അവൾ കോളജിലേക്ക് പുറപ്പെട്ടു .. ഇന്നലെയുള്ള പോലെയല്ല..

മനസ്സിന് കുറച്ച് ആശ്വാസം തോന്നുന്നുണ്ട്. ഈ ഒരു സമയവും മറികടക്കണം..മറക്കണം.. ഓർമ്മിക്കാൻ ഒരുപാട് മധുരമൂറുന്ന ഓർമ്മകൾ ഒന്നുമില്ലല്ലോ മറക്കാതിരിക്കാൻ... മറക്കണം.. പഠിക്കാതെയും തിന്നാതെയും സ്വയം ശിക്ഷികൾ ഏറ്റു വാങ്ങിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.. അപ്പോഴും നഷ്ട്ടം എനിക്കായിരിക്കും.. ഒരു വാക്കിൽ എല്ലാം തീർത്തവൻ സുഖമായി ജീവിക്കേ ഒള്ളൂ... ഇത്രയൊക്കെ അവനോട് പരിഭവം തോന്നിയിട്ടും വേദനിച്ചിട്ടും ചങ്ക് പൊട്ടുന്ന വേദനയിൽ ഏങ്ങലടിച്ച് കരഞ്ഞിട്ടും അവനോട് ഒരു തരി ദേഷ്യം തോന്നുന്നില്ല വെറുക്കാനും പറ്റുന്നില്ല .. ഇനി വേണ്ടത് മറക്കുകയാണ്.. പതുക്കെ ആണെങ്കിലും ഈ നെഞ്ചിൽ കയറ്റി വെച്ച ഈ ഭാരം എടുത്ത് കളയണം.. അവളൊന്ന് വേദനയോടെ നിശ്വസിച്ചു.. പുതിയ തീരുമാനങ്ങളോടെ കോളേജിൽ എത്തിയ അവളെ വരവേറ്റത് നാലായി മടക്കിയ ഒരു വെള്ള കടലാസായിരുന്നു.. പുഞ്ചിരിയോടെ ഹന അത് അവളുടെ കൈകളിലേക്ക് വെച് കൊടുത്തു.. വിറയാർന്ന കൈകളോടെ അവളത് തുറന്ന് വായിച്ചു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story