സുറുമി: ഭാഗം 2

surumi

എഴുത്തുകാരി: അവന്തിക

ചിന്തകളെ കടിഞ്ഞാൺ ഇട്ട് നിർത്തി കൊണ്ട് അവൻ വീട്ടിലേക്ക് കയറി. അപ്പോഴും എന്തെന്നില്ലാത്ത ഒരിളം പുഞ്ചിരി ആ ചുണ്ടുകളിൽ തത്തി കളിക്കുന്നുണ്ടായിരുന്നു.. തുടർന്നു വായിക്കൂ ... മഷൂദ് ഹാളിലേക്ക് കയറിയപ്പോൾ തന്നെ കേട്ടു....ഭക്ഷണം കഴിക്കുന്ന ഹാളിൽ നിന്ന് നിഹാലിന്റെയും ഹന യുടെയും സംസാരം. "എടി പോത്തേ.. ആ കൊച്ചിനെ കണ്ടു പഠിക്ക്.. എന്തൊരു അടക്കവും ഒതുക്കവും..പെൺകുട്ടികൾ ആയാൽ അങ്ങനെ വേണം.. കൊറേ പഠിപ്പ് ഉണ്ടായിട്ട് കാര്യമില്ല.. സ്വഭാവം അതാണ്‌ മെയിൻ.. "നിഹാൽ ഹന യെ ദേഷ്യം പിടിപ്പിക്കുകയാണ്. " സ്റ്റോപ്പ്‌.. സ്റ്റോപ്പ്‌... അതേയ്.. എങ്ങോട്ടാ ഈ അടിച്ചു കയറുന്നത് .. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്.. അതിൽ ഗുണവും ദോഷങ്ങളും ഉണ്ട്.. എനിക്ക് ഞാൻ ആകാനേ പറ്റൂ.. വേറൊരാളെ പോലെ ആകാൻ പറയുന്നത് എന്തൊരു പ്രഹസനമാണ് ഇക്കാക്കാ.. സൊ സാട്.. 😏'' ''എടി.. എടി.. ഈ സ്ഥിരം ക്ളീഷേ ഡയലോകുകൾ മാറ്റി പിടി... " "ഇങ്ങനെ കംമ്പയർ ചെയ്യുന്ന കൺട്രി ഫെലോസിനോട് എനിക്ക് ഇതേ പറയാനൊള്ളൂ.. "😏

ഇത് കേട്ട് കൊണ്ടാണ് മഷൂദ് ഡൈനിങ്ങ് ഹാളിലേക്ക് കയറുന്നത്. നിഹാൽ പുറം തിരിഞ്ഞിരിക്കുന്നത് കൊണ്ട് മഷൂദ് വരുന്നത് കണ്ടില്ല. മഷൂദിനെ കണ്ട ഹനയുടെ മിഴികൾ വിടർന്നെങ്കിലും ഞൊടിയിടയിൽ അവൻ വലതു കയ്യ് ചുണ്ടിൽ വെച്ച് മിണ്ടല്ലേ ന്ന് ആംഗ്യം കാണിച്ചു കൊണ്ട് നിഹാലിന്റെ രണ്ട് കണ്ണുകളും പൊതിഞ്ഞുപിടിച്ചു... പെട്ടന്നുള്ള പിടിത്തത്തിൽ നിഹാൽ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമമായി. മഷൂദ് ന്റെ കയ്യിന്റെ മുകളിൽ കയ്യ് വെച്ച് കൊണ്ട് ഒന്ന് രണ്ട് പേരുടെ പേര് പറഞ്ഞെങ്കിലും ഹന അല്ല എന്നുള്ള ഉത്തരം നൽകി . "ഇതിപ്പോ ആരാണെളിയാ..."നിഹാൽ അക്ഷമനായി. "ഡാ.... കുതരെ... ഇത് ഞാനാഡാ... " മഷൂദ് കയ്യ് എടുത്തു കൊണ്ട് നിഹാലിന്റെ മുമ്പിലേക്ക് നിന്നു. "എടാ..... മഷൂ...എപ്പ ലാൻഡ് ചെയ്തെഡാ.... " നിഹാൽ ചാടി എഴുനേറ്റ് മഷൂദ് നെ കെട്ടിപിടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. നിഹാൽ മഷൂദ് നെ ഒന്നകറ്റിയെ ശേഷം അടിമുടി നോക്കി കൊണ്ട് വീണ്ടും മുറുകെ കെട്ടിപിടിച്ചു..

ഒന്നൊന്നര വർഷം കാണാതിരിന്നിട്ടുള്ള വിഷമവും പരിഭവവുമെല്ലാം അതിലുണ്ടായിരിന്നു. നിഹാൽ മഷൂദ് ന്റെ വയറിൽ കുത്തിയും തോളിൽ അടിച്ചും അവന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിന്നു. "ഡാ.. പറയടാ.. വിശേഷം.. ശരിക്കും സർപ്രൈസ് ആയി... എപ്പോ വന്ന്... നീ പറഞ്ഞില്ലല്ലോ... എങ്ങനെയുണ്ട് ജോബ്... ഇനി എന്നാടാ പോവ്വാ... നമ്മൾക്ക് കൂടെണ്ടേ... " "ഇന്റെ ഇക്കാക്ക.. നിർത്തി നിർത്തി ചോയ്ക്ക്.... അതിന് ഉത്തരം പറയാൻ ഒരിടം കൊടുക്ക് "... "നീ പൊടി... പന്ത്രണ്ടു കൊല്ലം ഒരു മനസ്സും രണ്ട് ശരീരവുമായി നടന്നവരാ.. എന്നിട്ട് ഈ... പോത്ത്..നിശ്ക്രൂരം എന്നെ ഇട്ടിട്ട് പറന്നില്ലേ....ഡാ ഇവിടെ ഇരിക്ക് നീ .. ഇന്നിവിടെ കൂടാം.. ഹനാ .. ഉമ്മിയോട്‌ ഫുഡ്‌ ഓഡർ ചെയ്യാൻ പറ.. " സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ ഓവർ എക്സ്പ്രഷൻ ഇട്ട് കുളമാക്കുന്ന നിഹാലിനെയും ഇതൊക്ക കണ്ട്‌ ചിരിച്ചോണ്ടിരിക്കുന്ന മഷൂദ് നെയും നോക്കി ഹന അടുക്കളയിലേക്ക് നടന്നു. പന്ത്രണ്ടു കൊല്ലത്തെ സുഹൃത് ബന്ധം ആണവർ. നിഹാലും മഷൂദും .

പിന്നെയുമുണ്ട് ശ്യാമും ഫസലും ഒക്കെ.. അവരൊന്നും ഇവർ തമ്മിലുള്ള ബന്ധം പോലെ വേരൂന്നിയത് അല്ല ... അവസാനം എംബിഎ എടുത്തത് പോലും ഒരുമിച്ച്.. ഒരു മാസം നിഹാലിന്റെ കൂടെ മഷൂദ് ജോലി നോക്കിയെങ്കിലും പ്രവാസിയായ ഉപ്പ ബഷീർ ന്റെ പെട്ടന്നുള്ള മരണം, മഷൂദ് നെ ഉത്തരവാദിത്വത്തിലേക്ക് കൊണ്ട് പോയി. രോഗങ്ങൾ പിടികൂടിയ ഉമ്മയെയും പ്രായപൂർത്തിയായ അനിയത്തിമാരെയും നോക്കാൻ വേണ്ടി അവസാനം മഷൂദ് ദമാമിലേക്ക് പറന്നു. മഷൂദ് വീട്ടുകാർക്കും കൂട്ടുകാർക്കും മഷൂ ആണ്. രണ്ട് അനിയത്തിമാർ. 'ഷെറിനും' ' സഫ' യും. മഷൂ ഇപ്പൊ ജീവിക്കുന്നത് പോലും അവർക്ക് വേണ്ടിയാണ്.അവന്റെ ലോകവും അവന്റെ ചിന്തകളും അവരെ ചുറ്റി പറ്റിയാണ്.. അവരെ രണ്ട് പേരെയും നല്ല രീതിയിൽ രണ്ട് സുരക്ഷിത കരങ്ങളിലേക്ക് ഏൽപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവന്റെ ഉള്ളിൽ. ഷെറിൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്. സഫ പ്ലസ് ടു വിനും. "എടാ.. പറയടാ.. വിശേഷങ്ങൾ.. " നിഹാൽ ഒരു കപ്പ്‌ ചായ പകർന്ന് മഷൂദ് നു കൊടുത്തു കൊണ്ട് പറഞ്ഞു.

"വിശേഷം ഒരുപാടുണ്ട് പറയാൻ .. നീ ആദ്യം പറ..എങ്ങനെയുണ്ട് ജോബ്.. എന്താ നാട്ടിലെ വിശേഷം.. " "നാട്ടിൽ ദാ . ഇത് പോലെ തന്നെ.. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോ വരുന്നു.. കൊറേ തിന്ന്, ഉറങ്ങി, ഹനയെ വട്ടം കറക്കി.... " നിഹാലിനെ പറഞ്ഞ് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഹന തുടർന്നു.. "വരുന്ന വരേ ഓർമ്മിക്കാൻ മാക്സിമം അടി സ്റ്റോക്ക് ഇട്ട് പോകുന്നു.. " കയ്യിലെ പ്ലേറ്റ് നിറച്ചും പൊരിച്ചെടുത്ത ചൂടുള്ള പഴം പൊരിയും മറു കയ്യിൽ ചായ നിറച്ച ജഗ്ഗും കൊണ്ട് ഹന ഹാളിലേക്ക് വന്നു ഇത് കേട്ട് മഷൂ ചിരിച്ചെങ്കിലും മനസ്സിലേക്ക് പെട്ടന്ന് ഓടി വന്നത് കണ്ണിൽ നീല മഷി മറുകുള്ള, മൂക്കിൽ ഇളം കാപ്പി കളറിൽ ചെറിയ കാക്ക പുള്ളി പതിഞ്ഞവളെയാണ് "അത് പറഞ്ഞപ്പോഴാ... ഞാൻ വന്നപ്പോ നവി നിന്നെ അടക്കവും ഒതുക്കവും പഠിപ്പിക്കുന്നത് കേട്ടല്ലോ.. ആരെ വെച്ചാ ഹനാ ഇവൻ നിന്നെ കംപയർ ചെയ്യുന്നേ... " വന്നപ്പോൾ കണ്ട ആളെ ആയിരിക്കുമെന്ന് അവൻക്ക് ഉറപ്പുണ്ടായിരുന്നു.. അതാരാണെന്നറിയാനുള്ള ആകാംക്ഷയിൽ അവൻ ഇരിന്നു.

"അതിവളുടെ വാലാണെടാ... ഒരു പാവം കുട്ടി.. നീ വന്നപ്പോൾ കണ്ടോ.. ഇപ്പൊ ഇവിടുന്ന് ഇറങ്ങിയിട്ടൊള്ളൂ.. എത്രയോ പ്രാവിശ്യം ഞാൻ ഇവളെയും ആ കുട്ടിയേയും സ്‌കൂളിൽ നിന്ന് കൊണ്ട് വരുകയും ഇവള് ലേറ്റ് ആകുന്ന ദിവസങ്ങളിൽ രണ്ട് പേരെയും സ്‌കൂളിലേക്ക് ആക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്... ഇവള് കളകള പറയും എന്നല്ലാതെ... ആ കുട്ടി ഉറക്കെ സംസാരിക്കുന്നത് പോലും ഞാൻ കേട്ടിട്ടില്ല..ആ കുട്ടിയെ കണ്ടു പഠിക്കാൻ പറയുകയായിരുന്നു.. " നിഹാൽ മഷൂനെ നോക്കി രണ്ട് കണ്ണും അടച്ചു കാണിച്ചു.. എന്തോ പറയാനായി ഹന വാ തുറന്നെങ്കിലും അപ്പോഴേക്ക് ഉമ്മി രണ്ട് കയ്യിലും മധുര പലഹാരങ്ങൾ നിറച്ച പ്ലേറ്റുമായി വന്ന് അത് ടേബിളിൽ നിരത്തി . ആ കുട്ടീടെ പേര് മാത്രം ഇവന്റെ വായയിൽ നിന്ന് വന്നില്ലല്ലോ എന്ന് മഷൂദ് നിരാശയയോടെ ഓർത്തപ്പോഴേക്കും ഉമ്മി അവനോട്‌ വിശേഷം ചോദിക്കലും പറയലും ഒക്കെ തുടങ്ങി കഴിഞ്ഞിരുന്നു . അപ്പോഴേക്ക് നിഹാൽ അടുത്തുള്ള ഹോം ഡെലിവറി നടത്തുന്ന ഹോട്ടലിൽ വിളിച്ച് രാത്രിക്കുള്ള ഭക്ഷണം ഓഡർ ചെയ്തു.

നവിക്ക് ആ വീട്ടിലുള്ള അതെ സ്ഥാനം മഷൂനും ആ വീട്ടിൽ ഉണ്ടായിരുന്നു. "ഞാൻ വന്നത് ഒരു ഹാപ്പി ന്യൂസ്‌ കൂടെ പറയാനാണ്.. " മഷൂദ് പറഞ്ഞു തുടങ്ങി.. "ഷെറിന്റെ നിക്കാഹ് ഉറപ്പിച്ചു ... " "ഷെറിന്റെയോ.? " "മ്മ്.. അവളിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്. ഞാൻ അടുത്ത വർഷം കൂടെ കംപ്ലീറ്റ് ചെയ്തിട്ട് ആലോചിച്ച് തുടങ്ങാം ന്ന് കരുതിയിരിക്കുകയായിരുന്നു.. അതിന് മുമ്പ് ഇങ്ങോട്ട് നല്ലൊരു പ്രൊപോസൽ വന്നപ്പോ..." മഷൂദ് നിർത്തി അവരെ ഒന്ന് നോക്കി കൊണ്ട് തുടർന്നു "അവളുടെ കോളേജിൽ തന്നെയാണ് പയ്യൻ . ഗവണ്മെന്റ് ലചർ ആണ്.... അവളെ കണ്ട്‌ ഇഷ്ട്ടപെട്ടു.. വീട്ടുക്കാർ മുഖേന പ്രൊപോസൽ മുന്നോട്ട് വെച്ചപ്പോൾ പിന്നെ എനിക്കും മറുത്ത് പറയാൻ തോന്നിയില്ല .. എന്നെ കൊണ്ട് ആകും വിധം ഞാൻ അന്വേഷിച്ചു..അവിടെ ആയിരിക്കുമ്പോൾ തന്നെ അവനോട് ഞാൻ സംസാരിച്ചിരുന്നു. കേട്ടതും അറിഞ്ഞതും വെച്ച് നല്ല കൂട്ടരാണ് . അവർക്ക് ഇപ്പൊ നിക്കാഹ് മാത്രം മതിയെന്ന്.. .. അടുത്ത വർഷം കല്യാണം.. "

ഏതായാലും നന്നായി...എന്നായാലും നടത്തേണ്ടതല്ലേ.. നല്ല ആലോചന വരുമ്പോ നമ്മളായിട്ട് മുടക്കം പറയണ്ട.... എന്നിട്ട് കാര്യങ്ങൾ എങ്ങനെയാ തീരുമാനിചേ.."ഉമ്മി ചോദിച്ചു "അവൾക്കും സഫ ക്കും ഇപ്പൊ എക്സാം ഒക്കെ അല്ലെ..അവൻ ക്കും ഡ്യൂട്ടിയുണ്ട്.. അപ്പൊ.. അത് കഴിഞ്ഞ വരുന്ന വെള്ളിയാഴ്ച രാവിലെ പള്ളിയിൽ വെച്ച് നിക്കാഹ്. അവരുടെ മഹല്ലിൽ വെച്ചാണ് നിക്കാഹ്.. അത് കഴിഞ്ഞ് അന്ന് രാത്രി അവർ കുറച്ച് പേര് ഇങ്ങോട്ട് വരുന്നുണ്ട്. ചെറിയ പരിപാടിയായിട്ടാണ് ഞാൻ വിചാരിക്കുന്നെ.... ഇപ്പൊ അടുത്ത ബന്ധുക്കളും അവളുടെയും എന്റെയും ഫ്രണ്ട്സുമൊക്കെയായി ചെറിയ ഒരു പരിപാടി . കല്യാണം പിന്നെ ഗ്രാൻഡ് ആക്കാം. " "അവൾ ചെറുതല്ലേ.. ടാ.. എന്ത് പറയുന്നു അവൾ... '' നിഹാലിന്റെ വാക്കുകളിൽ ഒരു കൂടപ്പിറപ്പിന്റെ ആധിയുണ്ടായിരുന്നു "ഇപ്പൊ കൊഴപ്പല്ല. ടെൻഷൻ ഉണ്ട്. അത് അവർ അടുത്ത് കഴിയുമ്പോ ശരിയാകുമായിരിക്കും . ഞാൻ അവളോട്‌ സംസാരിച്ചിരുന്നു.. ഉപ്പാടെ സ്ഥാനത്ത് നിക്കാഹ് ചെയ്തു കൊടുക്കേണ്ടത് ഞാൻ അല്ലേ ... അവർക്ക് തോന്നാൻ പാടില്ലല്ലോ ഉപ്പാ ഇല്ലായിട്ടാണ് ഞാൻ മുമ്പും പിൻപും നോക്കാതെ തീരുമാനമെടുത്തത് ന്ന്..

പിന്നെ എനിക്ക് ആകെ ഉണ്ടായിരുന്ന നിബന്ധന നാട്ടിൽ ജോലിയുള്ള ആളാകണം എന്നായിരുന്നു. ഉപ്പാടേം അങ്കിൾന്റെയും ഒക്കെ അവസ്ഥ നമുക്ക് അറിയാവുന്നത് അല്ലേ.. ഇനി മുതൽ എന്റെയും..... ജീവിതത്തിന്റെ നല്ല ഭാഗം മുഴുവൻ വിയർപ്പൊഴുക്കി ഊണും ഉറക്കവും കളഞ്ഞ് വളർന്ന് വരുന്ന മക്കളുടെ ഉയർച്ച പോലും കാണാതെ... സ്നേഹിക്കപെടുന്നവരുടെ സ്നേഹം പോലും കണ്ടില്ലന്നു നടിച്ച്, ഉള്ളിലുള്ള സ്നേഹവും കരുതലും മുഴുവൻ അടക്കി വെച്ച് വർഷങ്ങൾ.... അവസാനം..... ഒന്നെങ്കിൽ കൊറേ അസുഖങ്ങൾ മാത്രം കൂട്ട്പിടിച്ച് നാട്ടിലേക്ക് ഒരു പറിച്ചു നടൽ.. ചിലപ്പോൾ മക്കൾക്ക് പോലും ഭാരമായി...കൂടെ വേണമെന്ന് ആഗ്രഹിച്ച സമയങ്ങളിൽ എല്ലാം ഇല്ലാതെ പോയി അവസാനം വാർധ്യക്യത്തിൽ ഭാരമായ ഭർത്താവിനെ നോക്കുന്ന ഭാര്യയുടെ കീഴിൽ..... അതുമല്ലെങ്കിൽ.... തണുത്തു മരവിച്ച ജീവനറ്റ ശരീരമായി നാട്ടിലേക്ക്.... ഇതല്ലേ മിക്ക പ്രവാസി കുടുംബത്തിന്റെയും അവസ്ഥ... അവരുടെ രണ്ട് പേരുടെയും കാര്യത്തിൽ എനിക്ക് ആ നിർബന്ധം ഉണ്ട്.. നാട്ടിൽ ജോലിയുള്ളവർ മതി.. കയ്യിലുള്ളത് വെച്ച് ജീവിക്കുക. ഒന്നുമില്ലെങ്കിലും സ്നേഹിക്കുന്നവരെയും സ്നേഹിക്കപ്പെടുന്നവരെയും കണ്മുന്നിൽ കാണാലോ..

രാത്രി പണി കഴിഞ്ഞ് ക്ഷീണിച് വരുമ്പോ ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് തരാൻ പ്രിയപ്പെട്ടവരുണ്ടാകുമല്ലോ.. " മഷൂദ് പറഞ്ഞു കഴിഞ്ഞപ്പോൾ ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. "അങ്കിൾ എന്നാ നാട്ടിലേക്ക്...? എക്സിറ്റ് അടിച്ചു പോരാൻ പറ ഉമ്മി.. പോത്ത് പോലെ വളർന്ന ഒരൊത്ത ആൺകുട്ടി ഇവിടെ ഉണ്ടാകുമ്പോ അങ്കിൾ ഇനി എന്തിനാ അവിടെ നിൽക്കുന്നെ... " ചായ കപ്പ്‌ ടേബിളിൽ ചലിപ്പിച്ച് കൊണ്ട് ചിന്തകളിൽ മുഴുകിയിരിക്കുന്ന നിഹാലിനെ നോക്കി മഷൂദ് പറഞ്ഞപ്പോൾ നിഹാൽ കണ്ണുകൾ കുറുക്കി മഷൂദ് നെ നോക്കി. മറുപടിയായി മഷൂദ് രണ്ടുക്കണ്ണും അടച്ചു കാണിച്ചു കൊണ്ട് പുഞ്ചിരിച്ചു. "അടുത്ത വർഷം വരണം എന്ന് പറയുന്നുണ്ട്..." ഉമ്മി പറഞ്ഞപ്പോൾ മഷൂദ് ഒരു പുഞ്ചിരി സമ്മാനിച്ചു. തന്റെ ഉപ്പയും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.. ഷെറിനെയും സഫയേയും നല്ല നിലയിൽ കയ്യ് പിടിച്ചു കൊടുക്കണം.. നാട്ടിൽ വരണം.. വീടിനോട് ചേർന്നുള്ള സ്ഥലത്ത് കൃഷി ചെയ്യണം... ഓരോ പ്രാവിശ്യം വരുമ്പോഴും പറയും ഓരോ ആഗ്രഹങ്ങൾ..

നല്ല പ്രായത്തിൽ ഉമ്മാക്ക് കൊടുക്കാതെ പോയ സ്നേഹമൊക്കെ വാർധ്യക്യത്തിൽ കൊടുക്കണം.. നാട്ടിൽ തന്നെ എനിക്ക് ജോലി ശരിയാക്കണം... അങ്ങനെ അങ്ങനെ.... ആഗ്രഹങ്ങൾ എല്ലാം ഒരു അറ്റാക്കിന്റെ രൂപത്തിൽ പടച്ചോൻ തീർത്തപ്പോൾ... എനിക്കായി ഉപ്പ സമ്മാനിച്ചത് കുറവുകൾ അറിയിക്കാതെ ഞങ്ങളെ വളർത്തി വലുതാക്കിയ ഉമ്മനെയും പ്രായപൂർത്തിയായ രണ്ട് സഹോദരങ്ങളെയും... മഷൂദ് ഒരു നെടുവീർപ്പോടെ ചിന്തകളെ കടിഞ്ഞാൺ ഇട്ട് നിർത്തി.. അന്ന് രാത്രിയിലെ ഭക്ഷണം കഴിച്ചാണ് മഷൂദ് മടങ്ങിയത്. പിറ്റേന്ന് തിങ്കൾ ആയത് കൊണ്ടും രാവിലെ തിരിച്ചു ബാംഗ്ലൂർ പോകേണ്ടത് കൊണ്ടും അന്നവിടെ താങ്ങാൻ നിഹാൽ നിർബന്ധിച്ചില്ല.. നിക്കാഹിനു മുമ്പുള്ള ഒരാഴ്ച ലീവ് എടുത്ത് വരാമെന്ന് മഷൂദ് നിഹാലിൽ നിന്ന് വാക്ക് വാങ്ങാനും മറന്നില്ല. നിക്കാഹിന് അന്ന് ഇടാനുള്ള ഷെറിന്റെ ഡ്രസ്സ് തന്റെ വകയാണെന്നും അതിന് തടസ്സം ഒന്നും പറയരുതെന്നും നിഹാൽ മഷൂദ് നോട്‌ ചട്ടം കെട്ടിയിരുന്നു.

തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ മഷൂദ് ന്റെ മനസ്സിൽ മുഴുവൻ വൈകുന്നേരം കണ്ട മഷി മറുകുള്ള കണ്ണുകളായിരുന്നു.. ഒരുപാട് നേരം നിഹാലിനോട് സംസാരിച്ചെങ്കിലും ആ കണ്ണുകളുടെ ഉടമ ആരാണെന്നും എന്താണെന്നും ചോദിക്കാൻ മാത്രം മഷൂദ് ന്ന് ധൈര്യം വന്നില്ല. അല്ലെങ്കിലും എന്ത് പറഞ്ഞ് ചോദിക്കും... ഹനയുടെ ആ ഉറ്റ കൂട്ടുകാരി ആരാണെന്നോ... എന്ത് പറഞ്ഞു ചോദിക്കും... അവളുടെ കണ്ണുകളിലും കാക്കപുള്ളിയിലും ഈ പിശുക്കൻ വീണെന്നോ.... അതൊക്കെ വെറുതെ തോന്നുന്നതാണെന്നും നികാഹിന്റെ തിരക്കിൽ പെടുമ്പോൾ അനാവശ്യ ചിന്തകൾ എല്ലാം മാറുമെന്നും അവൻ സ്വയം ആശ്വസിച്ചു. ഒരു മാസം കഴിഞ്ഞാൽ തിരിച്ചു പോകും പിന്നെ ഒന്നര വർഷം കഴിയാതെ ഒരു മടക്കം ഉണ്ടാകില്ല.. ഇനി കാണോ എന്ന് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി എന്തിനാ തന്റെ ഹൃദയം മിടിക്കുന്നത് എന്ന് വീട്ടിലെത്തി കിടക്കാൻ നേരവും അവൻ ചിന്തിച്ചു. ഉറക്കത്തിലേക്ക് വഴുതുമ്പോഴും മഷി മറുകുള്ള കണ്ണുകളും മൂക്കിലെ ഇളം കാപ്പി കാക്കപുള്ളിയും വെള്ളയും ഇളം റോസും കലർന്ന ചുണ്ടുകളും കൂടുതൽ തെളിമയോടെ അവൻക്ക് മുമ്പിൽ തെളിഞ്ഞു നിന്നു .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story