സുറുമി: ഭാഗം 20

surumi

എഴുത്തുകാരി: അവന്തിക

പുതിയ തീരുമാനങ്ങളോടെ കോളേജിൽ എത്തിയ അവളെ വരവേറ്റത് നാലായി മടക്കിയ ഒരു വെള്ള കടലാസായിരുന്നു.. പുഞ്ചിരിയോടെ ഹന അത് അവളുടെ കൈകളിലേക്ക് വെച് കൊടുത്തു.. വിറയാർന്ന കൈകളോടെ അവളത് തുറന്ന് വായിച്ചു.... "ഡീ പൊട്ടിക്കാളി..... ന്റെ പെണ്ണേ.... എനിക്കീ കത്തെഴുതിയും കൊടുത്തുമൊന്നും പരിചയമില്ല.... ഒട്ടും അറിയുകയുമില്ല... ഞാൻ ഈ മണങ്ങോടൻ നവിയോട് പറഞ്ഞതാ.. എന്റെ ഈ പേപ്പറിന്റേം മഷീടേം ആവശ്യമൊന്നുമില്ല എന്റെ പെണ്ണിന് എന്നെ മനസ്സിലാക്കാനെന്ന്... അപ്പൊ അവൻക്കും അവന്റെ പെങ്ങൊളൊരുത്തിയില്ലേ അവൾക്കും എഴുതിയെ പറ്റൂ... പിന്നെ.. സഫയും വന്ന് പറഞ്ഞു ആകെ മൂടിക്കെട്ടിയിരിപ്പാണെന്ന്.. എടി ബുദ്ദൂസേ.... ഈ പ്രണയമെന്നത് സന്തോഷവും സങ്കടവും നോവും വേദനയും സ്നേഹവും പരിഭവവും വഴക്കും കുറുമ്പും ഇഷ്ടവും എല്ലാം ഇത്തിരി ഇത്തിരി കൂടി ചേർന്നൊരു മനോഹരമായ വികാരമാണ്.. അല്ലെ..... ആണ്....... ഇപ്പോ നമ്മൾ ഇതിലൊരു ഇച്ചിരി കടുപ്പമേറിയ സ്റ്റേജിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്...അത് വെച്ച് ഉള്ളിലുള്ള സ്നേഹം ഇല്ലാതാവോ....

അതിങ്ങനെ മൂടി കെട്ടി ഇരുന്നാൽ മാറോ... ഇല്ല.. ഞാൻ പറഞ്ഞിട്ടില്ലേ നിന്റെ മുഖത്ത് എന്നും ആ പുഞ്ചിരി കാണാനാണിഷ്ടമെന്ന്.... എന്റെ കുറുമ്പീ... നിന്റെ ആ നിറഞ്ഞ ചിരിയിലും കുറുമ്പ് നിറഞ്ഞ ആ മറുകുള്ള കണ്ണുകളിലും നിന്നെ കൂടുതൽ മൊഞ്ചത്തിയാക്കുന്ന മൂക്കിൽ പറ്റിചേർന്ന് കിടക്കുന്ന ആ കാക്കപുള്ളിയിലുമല്ലേ ഞാൻ കമിഴ്ന്നിടച്ച് വീണത്.. ഇപ്പൊഴുള്ള ഈ അവസ്ഥ മറികടക്കണം.. അതിന് നിന്റെ ഈ മൗനമോ എന്റെ എടുത്തുചാടിയുള്ള വെല്ലുവിളികളോ പരിഹാരമല്ല... അതൊക്കെ വാപ്പച്ചിയുടെ ദേഷ്യവും വാശിയും കൂട്ടുകയേയുള്ളൂ... അത് കൊണ്ട് ഒരു ഗ്യാപ് കൊടുക്കണം... പതിയെ ആണെങ്കിലും വാപ്പച്ചിയൊരാള് വിചാരിച്ചാൽ നമ്മളെ പിരിക്കാൻ പറ്റില്ലെന്ന് ബോധ്യമാകണം... സൽമാൻ ഇന്നലെ രാത്രി ഏറെ വൈകിയും ഇവിടെ ഉണ്ടായിരുന്നു.. അവനും ആകെ ഒരാവസ്ഥയിലാ വന്നത്.. കാത്തിരിക്കാൻ ഞങ്ങൾ ഒരുക്കമാണേൽ നിങ്ങളെന്തിനാ പേടിക്കണേ.... ചെറിയൊരു മാറ്റം ഇപ്പൊ നമുക്ക് ആവിശ്യമാണ്..

അത് കൊണ്ട് ഞാൻ തിരിച്ച് പോവുകയാണ്.. ചെറിയൊരു ഇടവേള.. തിരിച്ച് വരും പൂർവ്വാധികം ശക്തിയോടെ.... അത് വരെ എന്റെ പെണ്ണ് ക്ഷമയോടെ കാത്തിരിക്കണം.. ഇനി നമ്മുടെ കണ്ടുമുട്ടലുകൾ വാപ്പച്ചിയുടെ ദേഷ്യത്തെ ഇരട്ടിക്കുകയെ ഒള്ളൂ... മുന്നോട്ട് എങ്ങനെ വേണമെന്നതൊക്കെ സൽമാൻ പറഞ്ഞു തരും. അത് പോലെ ചെയ്താൽ മതി.. എന്താവശ്യമുണ്ടെങ്കിലും നവിയെ അറിയിക്കണം... അപ്പൊ ഞാൻ നിർത്തട്ടെ.... എന്ന് സ്നേഹത്തോടെ.. ഒരുപാടൊരുപാട് ഇഷ്ടത്തോടെ നിന്റെ മാത്രം .. മഷ്‌ക്ക.... "എന്റെ സുറുമി കുട്ടീടെ മുഖത്തെ മൊഞ്ചുള്ള ആാ ചിരി തിരിച്ച് വന്നല്ലോ... " കൈയിലുള്ള കുറിപ്പ് വായിച്ച് കഴിഞ്ഞും അത് നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന അവളെ നോക്കി ഹന പറഞ്ഞു.. "പൊടി... അങ്ങനെയൊന്നുമില്ല... ഞാൻ ചുമ്മാ.... " "... ഇപ്പൊ സന്തോഷായില്ലേ.... " ഹന അവളുടെ തടിക്ക് പിടിച്ച് കൊണ്ട് ചോദിച്ചു. "എടി... ഒരുപാടൊരുപാട് താങ്ക്സ്...അറിയില്ലെടി പറയാൻ.... മിനിയാന്ന് മുതൽ ഒരുതരം ശ്യൂനത മാത്രമായിരുന്നു...ശ്വാസം മുട്ടുന്ന പോലെ... രാവും പകലും എനിക്കൊരു പോലെ ആയിരുന്നു...

ഇതാ ഇവിടെ, നെഞ്ചിനകത്തൊരു വിങ്ങലായിരുന്നു... ഒരു കല്ല് കയറ്റി വെച്ച പോലെ... ഇപ്പൊ... ഒരു നിമിഷം കൊണ്ട്.... എല്ലാം മാറി.. ഇപ്പഴാ ഒന്ന് നേരെ ശ്വാസം എടുക്കാൻ പോലും പറ്റുന്നെ... എങ്ങനെയാ നിനക്ക് പറഞ്ഞു തരാ....അറിയില്ല... ചുറ്റും ഇരുട്ട് മൂടി ഞാനതിൽ ഒറ്റക്ക് ഇരിക്കുന്ന പോലെയുള്ള ഒരു ഫീൽ ആയിരുന്നു.. ഇപ്പൊ... ഇപ്പൊ.... " " എനിക്ക് മനസ്സിലായി.... ഇന്നലെ നിന്നെ അങ്ങനെ കണ്ടത് മുതൽ വല്ലാത്തൊരു വിങ്ങലായിരുന്നു.. നദിയോട് പോലും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ലാസ്റ്റ് നദി തന്നെയാ ഈ ഐഡിയ പറഞ്ഞു തന്നേ.... " ഹന പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ അമർത്തി പിടിച്ചു.. ഇനിയൊരു നോക്ക് മഷുവിനെ കാണുന്നത് വരെ അവൾക്ക് ആശ്വാസമേകാൻ ആ കത്തും അതിലെ വരികളും മാത്രം മതിയായിരുന്നു ... വിടരും മുമ്പേ പൊഴിഞ്ഞു പോയെന്ന് കരുതിയ അവളുടെ പ്രണയത്തിന്, പ്രതീക്ഷകൾക്ക്‌, സ്വപ്നങ്ങൾക്ക് അതിലെ ഓരോ അക്ഷരങ്ങളും പുതുജീവൻ നൽകി ..

വരണ്ട ഭൂമിയിലേക്ക് മഴ പെയ്തിറങ്ങുമ്പോൾ അതിൽ സസ്യങ്ങളും പുൽക്കൊടികളും നാമ്പിടുന്നത് പോലെ അതിലെ ഓരോ അക്ഷരങ്ങളും അവളുടെ ഹൃദയത്തിലേക്ക് പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ പുതു ചിറക് വിരിച്ചു.. മൗനം കൊണ്ടും നിശ്ചിത അകലം പാലിച്ചും ശക്തമായ ഭാഷയിൽ പ്രതിരോധിക്കുക എന്ന നയമായിരുന്നു സുറുമിയും സൽമാനും വാപ്പച്ചിക്ക് എതിരെ എടുത്തത്.. അതയാളുടെ മനസ്സിനെ മുറിവേൽപ്പിക്കുമെന്നും പതിയെ ആണെങ്കിലും അവരുടെ ബന്ധത്തിന് സമ്മതം തരുമെന്നും അവർ വിശ്വസിച്ചു. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.. കോളേജിൽ വെച് സഫയെ കാണുമ്പോ അവളുടെ മുഖത്തെ പുഞ്ചിരിയും മഷു സുഖമായിരിക്കുന്നു എന്നൊരു കുഞ്ഞു വിശേഷവും, പലയാവർത്തി വായിച്ചിട്ടും മടുപ്പ് തോന്നാത്ത ആ കത്തിലെ വരികളും മാത്രമായിരുന്നു അവളുടെ മുന്നോട്ടുള്ള കരുത്ത്.. പതിവ് പോലെ തിരക്കിട്ട് കോളജിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സൽമാൻ ആ വഴിക്ക് ആണെന്നും കോളജിലേക്ക് ഡ്രോപ്പ് ചെയ്യാമെന്നും പറയുന്നത്.

ഇടക്ക് സുറുമിയെ കൂട്ടാൻ വൈകീട്ട് കോളേജിൽ വരാറുണ്ട് അവൻ . അത് വഴി സഫയെ ഒരു നോക്ക് കാണും.. സുറുമി കയ്യോടെ കൂട്ടി വന്നെങ്കിൽ മാത്രം ഒന്നോ രണ്ടോ വാക്ക് സംസാരിക്കും.. അന്നവൾ അവന്റെ കൂടെയാണ് കോളജിലേക്ക് പോയത്.കോളേജിലേക്കുള്ള റോഡിലേക്ക് പോകാതെ നേരെ എതിർവശം പോയപ്പോൾ തന്നെ കോളേജ് അല്ല പോകുന്നത് എന്ന് അവൾക്ക് മനസ്സിലായി. എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് അവൾ ചോദിച്ചതുമില്ല. ഹനയുടെ വീടിന്റെ മുമ്പിൽ ബൈക്ക് നിർത്തിയപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി. കണ്ണടച്ച് ഒന്നുമില്ലെന്ന് കാണിച്ചുകൊണ്ട് അവളെ അവിടെ നിർത്തി അവൻ ബൈക്കോടിച്ച് പോയി. വീട്ടിലേക്ക് കയറിയതും ഹിബ വന്ന് സ്വീകരിച്ചു. പതിയെ എന്തോ പറയാൻ അവളൊരുങ്ങിയെങ്കിലും അപ്പോഴേക്ക് ഹനയുടെ ഉമ്മ വന്നു. " മോള് വന്നോ.. പേടിക്കാൻ ഒന്നുല്ല്യാ.. ചെറിയൊരു വേദന... അത്രേയൊള്ളൂ.. "അവർ പറഞ്ഞപ്പോൾ സുറുമി ഒന്നും മനസ്സിലാകാതെ ഹിബയെ നോക്കി.. "അതെയതെ.. ഞാൻ പറഞ്ഞതാ ഹനയോട് ഇവളെ പറഞ്ഞു പേടിപ്പിക്കണ്ടെന്ന്...

അപ്പോ അവൾക്ക് എന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞ് നിർബന്ധം പിടിച്ചു.. അറിഞ്ഞാൽ നീ ഓടി കിതച്ച് വരുമെന്ന് അറിയാലോ..അല്ലെ ഉമ്മാ.......അതാ അവിടെ ആ റൂമിലാ അവള്.. നീ വാ.... " സുറുമി എന്തെങ്കിലും പറയുന്നതിന് മുമ്പ് ഹിബ ചാടി കയറി പറഞ്ഞു. കൈപിടിച്ച് ദൃതിയിൽ അവളേം കൊണ്ട് ഹന ഇരിക്കുന്ന റൂമിലേക്ക് പോയി. അവിടെ എത്തിയതും ഹിബ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു .. ബെഡിൽ ചാരി, മടിയിൽ രണ്ട് തലേണയും വെച്ച് കാല് നീട്ടിയിരിക്കുകയാണ് ഹന.. പ്രത്യക്ഷത്തിൽ വലിയ കേടുപാടുകളൊന്നും കാണാനില്ല.. "എന്താ എന്ത്.. പറ്റി.. എന്നോടൊന്നും പറഞ്ഞില്ലല്ലോ... സലുക്ക ഒന്നും പറഞ്ഞതുമില്ല.. " അവളുടെ അടുത്ത് പോയി ഇരിക്കുന്നതതോടൊപ്പം സുറുമി ആകുലതയോടെ തിരക്കി.. "അതിന് അവൾക്ക് ഒന്നുമില്ല.. അതില്ലേ....... " "അള്ളോഹ്... ന്റുമ്മാ.. എന്തൊരു വേദന.... സഹിക്കാൻ പറ്റുന്നില്ല.. " രഹസ്യം പോലെ ഹിബ എന്തോ ഒന്ന് പറയാൻ വന്നെങ്കിലും ഹനയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോ ഹിബ പുറകിലേക്ക് നോക്കി. അപ്പോഴേക്ക് ഉമ്മ ചൂടുവെള്ളം നിറച്ച ഹോട് ബാഗുമായി റൂമിലേക്ക് വന്നിരിന്നു .

ഒന്നും മനസ്സിലാകാതെ കണ്ണൊക്കെ വിടർത്തി എല്ലാവരെയും മാറി മാറി നോക്കി സുറുമിയും.. " ഈ ചൂട് വെള്ളം വയറ്റിൽ കുറച്ചു നേരം വെച് അമർത്തി പിടിക്ക്.. കുറവില്ലേൽ ഒരു ഡോക്ടറെ കണ്ട് ഇൻജെക്ഷൻ ചെയ്യാം... " ഉമ്മ പറയുന്നതോടൊപ്പം മടിയിലുള്ള തലയണ മാറ്റി അവിടെ ഹോട് ബാഗ് വെച്ചു കൊടുത്തു.. അലിവോടെ അവർ അവളെ തലോടി.. " മോൾക്കെന്താ കുടിക്കാൻ വേണ്ടേ....? " അവർ സുറുമിയോടായി ചോദിച്ചു " ഒന്നും വേണ്ടുമ്മാ... ചായ കുടിച്ചാ ഇറങ്ങിയേ.. " "ഉമ്മ ഇത് ഞാൻ വെച്ചോളാം.....ഉമ്മ പൊയ്ക്കോ.... നാളെ സബ്മിറ്റ് ചെയ്യാനുള്ള കുറച്ച് വർക്ക്‌ പെന്റിങ് ഉണ്ട് . മേലെയാണ് നോട്ടൊക്കെ... ഞാനും വരാ... കുറച്ചെങ്കിലും അവളെഴുതിയാൽ ബാക്കി എനിക് തന്നെ കംപ്ലീറ്റ് ചെയ്യാലോ......അതിനാ ഞാൻ കാര്യമായി അവളെ വിളിച്ച് വരാൻ പറഞ്ഞേ " പറയുന്നതോടപ്പം ശരീരത്തെ പിടികൂടിയിരിക്കുന്ന വേദന സഹിച്ചു കൊണ്ടവൾ എഴുനേൽക്കാൻ ശ്രമിച്ചു .. ഹിബ അവളെ മെല്ലെ പിടിച്ച് എഴുന്നേൽപ്പിച്ചു...

അപ്പോഴും ഏത് വർക്ക്‌, എന്ത് നോട്ട് എന്ന് പോലും മനസ്സിലാകാതെ അമാന്തിച്ച് നിൽക്കുകയാണ് സുറുമി.. പതുക്കെ വേച്ച് വേച്ചവൾ മേലേക്കുള്ള സ്റ്റെപ്പുകൾ കയറി. അവളെ സഹായിച്ചു കൊണ്ട് ഹിബയും അവർക്ക് പുറകെ സുറുമിയും മേലേക്കുള്ള പടികൾ കയറി... "ഏത് നോട്ട്..എന്ത് വർക്ക്‌.. നീ എന്തൊക്കെയാ ഉമ്മാടെ മുമ്പിൽ നിന്ന് പറഞ്ഞത് .. " റൂമിലെത്തിയതും സുറുമി ഹനയെ തിരിച്ചു നിർത്തി അക്ഷമയോടെ ചോദിച്ചു... " ഹെന്റമ്മോ.... ഒക്കെ പറയാം.. ആദ്യം ഈ ഹോട്ബാഗ് ഒന്ന് എടുക്കട്ടെ .... എന്തൊരു ചൂട്... " കുനിഞ്ഞു നിന്ന് വയറിൽ അമർത്തി പിടിച്ച ഹോട്ബാഗ് കട്ടിലിലേക്ക് എറിഞ്ഞ് കൊണ്ടവൾ നിവർന്നു നിന്നു.. അത് വരെ വേദന കൊണ്ട് മുഖം ചുളിക്കുകയും കൈകൾ വയറിൽ അമർത്തി പിടിക്കുകയും ചെയ്തിരുന്ന അവൾ ആശ്വാസത്തോടെ ശ്വാസം വിട്ടു.. "എന്തിനാ ഇങ്ങനെയൊരു ഡ്രാമ...ആരെങ്കിലും ഒന്ന് പറയ്‌ ...? " ഹനയെയും ഹിബയെയും മാറി മാറി നോക്കികൊണ്ടവൾ ചോദിച്ചു.. "ഞങ്ങൾ പറഞ്ഞു തന്നാൽ മതിയോ....? " പുറകിൽ നിന്ന് ശബ്ദം കേട്ടപ്പോൾ സുറുമി തിരിഞ്ഞു നോക്കി. അവിടെ, കതകിൽ ചാരി നിഹാലും അവന്റെ തൊട്ടടുത്തായി അവളെ തന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ മഷൂദും നിൽപ്പുണ്ടായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story