സുറുമി: ഭാഗം 22

surumi

എഴുത്തുകാരി: അവന്തിക

ഹൃദയങ്ങൾ വിങ്ങി പൊട്ടുകയായിരുന്നു... ഒരിക്കലും അവളിൽ നിന്ന് അവനോ അവനിൽ നിന്ന് അവൾക്കോ തിരികെ പോകാൻ ആഗ്രഹമില്ലായിരുന്നു.. കണ്ണിൽ ഊറി വന്ന മിഴിനീർ കണങ്ങൾ അവൻ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു.. അവളുടെ മുഖത്തെ വേദന ഇനിയും കാണാൻ ത്രാണി ഇല്ലാത്തത് പോലെ അവൻ കണ്ണുകളടച്ച് കൊണ്ട് തിരിഞ്ഞു നടന്നു.... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് പുറകെ അവളും... മഷൂദ് വാതിൽ തുറന്നതും മുമ്പിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് നിലയിൽ വാതിലിനോട് ചേർന്ന് മൂന്ന് ചെവികൾ... ! മഷൂദ് ദയനീയമായി സുറുമിയേ നോക്കി.. അവൾ അവനെയും.. വാതിൽ തുറക്കുന്നത് പ്രതീക്ഷിക്കാത്ത നീക്കമായത് കൊണ്ട് തന്നെ ഹിബയുടെയും നിഹാലിന്റെയും ഹനയുടെയും മുഖത്തെ ചമ്മൽ കണ്ട് സുറുമി ചിരിയടക്കാൻ പാടു പെട്ടു.. ഗൗരവം നടിച്ചു കൊണ്ട് മഷൂദ് നിഹാലിന്റെ ചെവിയിൽ പിടിത്തമിട്ടു . അവനെയും കൊണ്ട് റൂമിന്റെ വെളിയിലേക്ക് ഇറങ്ങി.. അടുത്ത നിമിഷം തന്നെ ഹനയും ഹിബയും റൂമിലേക്കു പാഞ്ഞു കയറി. സുറുമുയെ വലിച്ച് അവർക്ക് മുമ്പിലായി നിർത്തി.. രണ്ട് പേരും ചുണ്ടിൽ ഒളിച്ച് വെച്ച ചിരിയോടെ തന്നെ അവളെ നോക്കാൻ തുടങ്ങി.. രണ്ട് പേരും വിദഗ്ദ്ധമായി പരിശോധിക്കുന്നത് കാണേ സുറുമി കൈ കെട്ടി ചിരിയോടെ തന്നെ നിന്ന് കൊടുത്തു..

"എന്തെ.. കഴിഞ്ഞോ ബോഡി ചെക്കപ്പ്... കഴിഞ്ഞെങ്കിൽ എനിക്കങ്ങോട്ട് പോകായിരുന്നു.... " ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശയോടെ ഹനയും ഹിബയും പരസ്പരം നോക്കുന്നത് കണ്ട് പ്രതേക താളത്തോടെ സുറുമി ചോദിച്ചു.. " ഇല്ല്യാ .. മാറങ്ങോട്ട് ... ക്രൈം നടന്ന സ്ഥലം ഒന്ന് പരിശോധിക്കട്ടെ... " ഹന അവളെ പുച്ഛിച്ചു കൊണ്ട് ചുറ്റും നോക്കി.. വൃത്തിയായി വിരിച്ച ബെഡ്ഷീറ്റ് പോലും ചുളിവ് വീഴാതെ അത് പോലെ ഉണ്ടെന്ന് കണ്ടപ്പോൾ അവൾ നിരാശയോടെ ഹിബയുടെ മുഖത്തേക്ക് നോക്കി.. " അതേയ്... ഇത് നദീനോ നിഹാലോ അല്ല... വെങ്ങാട്ട് മഷൂദ് ആണ്.. ഓർമയിലിരിക്കട്ടെ.... " ഒരിത്തിരി അഹങ്കാരത്തോടെ രണ്ട് പേരോടായി പറഞ്ഞു കൊണ്ട് സുറുമി തിരിഞ്ഞു നടന്നു... അപ്പോഴേക്ക് കൊടുക്കലും വാങ്ങലും കഴിഞ്ഞ ശേഷം മഷൂദും നിഹാലും എത്തിയിരിന്നു .. മുഖം ചുളിച്ചു കൊണ്ട് പതുക്കെ ചെവിയിലും തോളിലുമായി തടവുന്നുണ്ടായിരുന്നു നിഹാൽ... "ആർക്കാ ഇത്രയും ത്വര... " കുറുമ്പ് നിറഞ്ഞിരുന്നു അവന്റെ ചോദ്യത്തിൽ.. "നവിക്കയാ... " ഹിബയും ഹനയും ഒരേ സ്വരത്തിൽ പറഞ്ഞു.. ".ഒരുമ്പിട്ടവൾമാരെ .. രണ്ട് പേരും കൂടെ എന്നെ ഇളക്കിയതാ മഷൂ...അല്ലാതെ പടച്ചോനാണേ എനിക്കൊരു പൂതിയും ഇല്ലായിരുന്നു... ഇവറ്റകള് തന്നെയാ.. " അവൻ അവരെ നോക്കി പല്ലിറുമ്പി.. " അവര് ഇളക്കുമ്പോഴേക്ക് ഇളകാൻ നിന്നിട്ടല്ലേ..

സാരല്ല.. പൊട്ടെ... എല്ലാം കഴിഞ്ഞെങ്കിൽ എനിക്ക് ഇറങ്ങായിരിന്നു... " മഷൂദ് നിഹാലിന്റെ രണ്ട് തോളിലും പിടിച്ച് സ്നേഹത്തോടെ ഞെരിച്ചമർത്തി....വേദന കൊണ്ട് നിഹാൽ പുളയുന്നുണ്ടായിരുന്നു... മഷൂദ് പറഞ്ഞത് കേൾക്കേ അത് വരെ പുഞ്ചിരിയോടെ നിന്നിരുന്ന സുറുമിയുടെ മുഖം വാടി.. പെട്ടന്ന് തന്നെയവൾ തിരികെ ആ പുഞ്ചിരി എടുത്തണഞ്ഞു.. നോക്കിയില്ലെങ്കിലും മഷൂദ് കാണുന്നുണ്ടായിരുന്നു അവളുടെ വേദന... ഒരിക്കലും വിട്ട് പോകാത്ത വണ്ണം അവളെ ചേർത്ത് പിടിച്ച് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാതെ മതിവരോളം കാണാനും സംസാരിക്കാനും പറ്റിയിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു പോയി... യാത്ര പറഞ്ഞു കൊണ്ടവൻ പോകാനൊരുങ്ങി.. കരിങ്കല്ല് കയറ്റി വെച്ച പോലെ നെഞ്ചകം വിങ്ങുന്നുണ്ടായിരുന്നു....തൊണ്ടയിൽ എന്തോ കുരുങ്ങി കിടക്കുന്ന പോലെ...അപ്പോഴും അവൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. വേദനയും നിസ്സഹായാവസ്ഥയും കലർന്ന പുഞ്ചിരി.. ഇനിയെന്ന് കാണുമെന്ന് അറിയാതെ വേദനയോടെ അവനെ നോക്കി കാണുന്ന അവളുടെ മിഴികളിൽ മിഴിനീർ തുള്ളികൾ ഉരുണ്ടു കൂടി മുന്നിൽ നിൽക്കുന്ന അവന്റെ രൂപത്തിന് മങ്ങലേൽപ്പിച്ചപ്പോൾ തുടരെ തുടരെ കൺപീലികളെ പുണരാൻ അനുവദിച്ചു കൊണ്ടവൾ അവയെ അടക്കി നിർത്തി..

യാത്ര ചോദിച്ചു കൊണ്ടവന്റെ മിഴികൾ ഹനയെയും ഹിബയെയും നിഹാലിനെയും വേദനയോടെ, പുഞ്ചിരിയോടെ നോക്കി. അവസാനം പ്രിയപെട്ടവളിൽ അതുടക്കി നിന്നു... പിൻവലിക്കാൻ മടിച്ചു കൊണ്ടത് അവളുടെ മുഖത്തെ ഭാവം എന്താണെന്ന് തിരഞ്ഞു.. അവനെ അനുസരിച്ചു കൊണ്ട് അവൻക്ക്‌ വേണ്ടി മനോഹരമായ പുഞ്ചിരി അവളിലപ്പോഴും ഉണ്ടായിരുന്നു.. കഷ്ടപ്പെട്ട് അവളിൽ നിന്ന് കണ്ണുകളെ അടർത്തി മാറ്റി തിരിഞ്ഞു നടക്കുമ്പോ, ഇനിയൊരു നോക്ക് കാണുന്നത് വരെ ഓർത്തിരിക്കാൻ എന്നവണ്ണം കൂടുതൽ തെളിമയോടെ ആ മുഖം അവനിൽ നിറഞ്ഞു നിന്നു..... 💕 💕 💕 💕 💕 💕 പിറ്റേന്ന് കോളജിലേക്ക് എത്തിയപാടെ സുറുമി പോയത് സഫയുടെ അടുത്തേക്കാണ്.. കലങ്ങിയ കണ്ണുകളും ചുവന്നിരിക്കുന്ന മൂക്കിന്റെ തുമ്പും വിളിച്ചോതുന്നുണ്ടായിരുന്നു സഫയുടെ നോവിന്റെ ആഴം.. ഒട്ടൊരു നേരം വാക്കുകൾ പോലും അവർക്കിടയിലേക്ക് ഇറങ്ങി വരാൻ മടിച്ചു നിന്നു... "എപ്പഴാ ഇറങ്ങിയേ....? " സുറുമിയാണ്.... "പുലർച്ചെ ഒരു മണി... " നേർന്നു പോയിരിന്നു സഫയുടെ ശബ്ദം.. " നവിക്ക വന്നോ.... കൊണ്ടുപോകാൻ..? " "ഹ്മ്മ്.. ഹ്മ്മ്... നിയസ്ക്ക... " അവൾ വിലങ്ങനെ തലയാട്ടി കൊണ്ട് പറഞ്ഞു "ങും ... " വെറുതെയൊന്ന് മൂളിയവൾ " പോകുന്ന സമയം ഉമ്മനെ കെട്ടിപിടിച്ച് കരഞ്ഞു മഷൂച്ച.... അത് കണ്ടപ്പോ.... സഹിക്കാൻ പറ്റിയില്ല.... ആദ്യമായാ മഷൂച്ച പോകുന്ന സമയത്ത് കരയുന്നതായി കാണുന്നത്....." കവിളിനെ തഴുകിയിറങ്ങിയ കണ്ണുനീർ അവൾ ഉള്ളം കയ്യാലെ തുടച്ചു മാറ്റി.. വെറുതെ പോലും ഒരു വാക്ക് പറഞ്ഞ് അവളെ സ്വാന്തനിപ്പിക്കാൻ കഴിയുന്നില്ല... വല്ലാത്തൊരു നീറ്റൽ....

നെഞ്ചിലെ ഭാരം തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്ന പോലെ....സുറുമി ചുണ്ടുകൾ കൂട്ടിപ്പിടിച്ചു...എന്നിട്ടും അവ വിറകൊള്ളുന്നുണ്ടായിരുന്നു.. നീർതുള്ളികൾ അനുസരണയില്ലാതെ ചാലിട്ടൊഴുകുമെന്നായപ്പോ അവൾ സഫയുടെ കൈ പിടിച്ചൊന്ന് അമർത്തി... കാഴ്ചയെ മറച്ച കണ്ണുനീർ തുള്ളികളെ സ്വതന്ത്രമായി ഒഴുകാൻ വിട്ടുകൊണ്ടവൾ തിരിഞ്ഞു നടന്നു.... വൈകീട്ട് കോളേജ് വിട്ടിറങ്ങുമ്പോ സൽമാൻ കാത്തിരിപ്പുണ്ടായിരുന്നു.. സൽമാൻ നിൽക്കുന്നത് കണ്ടപ്പോൾ സഫയേയും കൂട്ടി സുറുമി അവന്റെ അടുത്തേക്ക് വന്നു "ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മഷൂ അവിടെ എത്തി.. ഉച്ചക്ക് എന്നെ വിളിച്ചിരുന്നു.. " രണ്ടുപേരോടായി സൽമാൻ പറഞ്ഞു.. മറുപടിയായി രണ്ട് പേരും ആശ്വാസത്തോടെ പുഞ്ചിരിച്ചു.. "ഇന്നലെ ഒട്ടും ഉറങ്ങിയില്ലേ.. കണ്ണൊക്കെ വല്ലാണ്ടിരിക്കുന്നു..." സുറുമിയുടെ തോളിലൂടെ ഒരു കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞെങ്കിലും നോട്ടം ഉടക്കി നിന്നത് സഫയുടെ മുഖത്താണ്... മറുപടിയായി ഒന്ന് കണ്ണ് അടച്ചു കാണിച്ചു സഫ... എത്ര അടക്കി നിർത്തിയിട്ടും വിളിക്കാതെ വന്ന അഥിതിയെ പോലെ, നീർമണിമുത്തുകളെ പോലെ മിഴികളിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെ മറക്കാനെന്നവണ്ണം സുറുമി സൽമാന്റെ തോളിലേക്ക് മുഖം ഒളുപ്പിച്ചു.. ഒട്ടും അനുസരണയില്ലാതെ , സ്ഥലകലാ ബോധമില്ലാതെ വരുന്ന കണ്ണുനീരിനോട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.. "കണ്ടോ സഫാ.... ഇവൾക്കൊരു സ്വഭാവമുണ്ട്.. ചെറുതിലെയൊക്കെ ഞാനും ഇവളും നല്ല അടിയുണ്ടാക്കും.. എനിക്ക് പിടിത്തം കിട്ടാ ഇവളുടെ മുടിയിലാ... ഞാൻ അത് പിടിച്ചങ് വലിക്കും....

വേദന കൊണ്ട് ഇവള് പിടയുന്നുണ്ടാകും..ഇവള് സഹിച്ചിരിക്കും....എന്തിന്, മുഖത്ത് പോലും വേദനയുടെ ഒരംശം പോലും കാണിക്കൂല... വാശിയോടെ പൊരുതും... ഒക്കെ കഴിഞ്ഞ് പിന്നെ വല്ല കോണിലും ഇരുന്ന് നമ്മള് കാണാ.... ഒരാള് കാണേ കരയുന്നത് ഇവൾക്ക് ഭയങ്കര നാണക്കേടാ... ഇപ്പൊ തന്നെ കണ്ടില്ലേ മുഖം മറച്ച് വെച്ച് കരയണേ.. എന്റെ ഷർട്ട്‌ എല്ലാം അപ്പടി വർത്തിക്കേടാക്കി... " ചിരിയോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ അവന്റെ ഷർട്ടിൽ മുഖം അമർത്തി തുടച്ചു കൊണ്ട് നേരെ നിന്നു.. കണ്ണുകൾ കലങ്ങിയിരുന്നെങ്കിലും ചുണ്ടിൽ ആ പുഞ്ചിരി അപ്പോഴേക്കും അവൾ എടുത്തണിഞ്ഞിരിന്നു..... ദിവസങ്ങൾ കൊഴിഞ്ഞു പോകെ മനസ്സിലെ നീറ്റലിനും ശമനം വന്നിരിന്നു.. .. അവനോടുള്ള പ്രണയം ഹൃദയത്തിൽ നിന്നും ആത്മാവിലേക്കും വ്യാപിക്കുമ്പോൾ ഇനി നീണ്ടൊരു കാത്തിരിപ്പാണെന്ന് മനസ്സും അംഗീകരിച്ചു തുടങ്ങിയിരുന്നു...കാണാതെ... അറിയാതെ.... ഒരു വാക്ക് പോലും സംസാരിക്കാതെ സഫയിൽ നിന്ന് കേൾക്കുന്ന സുഖവിവരങ്ങൾ മാത്രം മതിയായിരുന്നു അവൾക്ക് അവനെ ഓർത്തിരിക്കാൻ.. കാത്തിരിക്കാൻ.... തനിക്ക് വേണ്ടി അവനെഴുതിയ ആ കത്തായിരുന്നു അവളുടെ ജീവനും ശ്വാസവും... അതിലെ ഓരോ അക്ഷരങ്ങളും ഓരോ വരികളും മനഃപാഠമാണെങ്കിൽ പോലും ദിനചര്യ പോലെ അതെടുത്തു വായിക്കലും ഭംഗിയായി എഴുതിയ ആ കൈപ്പടയെ സ്നേഹപൂർവ്വം തഴുകലും അവളുടെ പതിവ്‌ ചെയ്തിയായി മാറിയിരിന്നു . സൽമാനും സുറുമിയും മാത്രമല്ല പതുക്കെ സമീറയും വാപ്പയിൽ നിന്ന് അകലം പാലിച്ചു തുടങ്ങി..

സുറുമിയുടെയും സമീറയുടെയും ആവശ്യങ്ങൾക്കുള്ള പൈസ പോലും സൽമാൻ കൊടുക്കുന്നത് കൊണ്ട് അതിന് പോലും അവർ വാപ്പയെ സമീപിക്കാതെയായി.. എതിർത്ത് സംസാരിച്ചോ, ധിക്കരിച്ചോ വാപ്പാനെ തോൽപ്പിക്കാൻ അവർക്ക് ആവില്ലായിരുന്നു.... എന്നും ബഹുമാനിച്ചും അനുസരിച്ചും മാത്രേ ശീലിച്ചൊട്ടൊള്ളൂ....... കമ്പനിയുടെ പൂർണ്ണ ഉത്തരവാദിത്തം സൽമാനേറ്റടുത്തതും അയാൾക്ക് ഇനി കമ്പനി സംബന്ധമായ കാര്യങ്ങളിൽ ഇടപെടാനും നോക്കി നടത്താനുമുള്ള ആരോഗ്യ സ്ഥിതിയുമില്ലാത്തതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.... മൗനം സമ്മതം മാത്രമല്ല..... നിശബ്ദമായ പ്രതിഷേധത്തിന്റെ ശക്തമായ ഭാഷകൂടിയാണെന്ന് അവർ തെളിയിക്കുകയായിരുന്നു .. .... വാപ്പയുടെയും മക്കളുടെയും മൗനം പൂണ്ട പ്രതിഷേധം കൂടുതൽ അസ്വസ്ഥയായിക്കിയത് അവരുടെ ഉമ്മയെ ആയിരുന്നു... എല്ലാം നന്മയിൽ ചെന്നവസാനിക്കാൻ ആ മാതൃഹൃദയം പടച്ചവനോട് താണുകേണ് പ്രാർത്ഥിച്ചു കൊണ്ടിരിന്നു ...... പക്ഷെ അവരുടെ മൗനപ്രതിഷേധം അയാൾക്ക് തെല്ലൊരു വിഷമവും നൽകിയില്ല എന്ന് മാത്രമല്ല അയാൾ സുറുമിക്ക് കല്യാണം ആലോചിച്ച് തുടങ്ങുകയും ചെയ്തു.. വാപ്പ സുറുമിക്ക് കല്യാണം ആലോചിച്ച് തുടങ്ങിയെന്ന് ബ്രോക്കർ രവിയേട്ടൻ പറഞ്ഞറിഞ്ഞാണ് സൽമാൻ അറിയുന്നത്.. കാര്യം നിഹാലുമായി കൂടിയാലോചിച്ച് വരുന്ന ആലോചനകൾ എന്തെങ്കിലും പറഞ്ഞ് വാപ്പയുടെ കാതിലെത്താതെ അവൻ ശ്രദ്ധിച്ചു..അതിനായി രവിയേട്ടനോട്‌ വാപ്പയോട് പറയുന്നതിന് മുമ്പ് അവനെ അറിയിക്കണമെന്ന് അവൻ ചട്ടം കെട്ടി.... സുറുമിയോട് ഈ കാര്യം സൽമാൻ മറച്ച് വെക്കുകയും ചെയ്തു...

മഷൂദ്നൊപ്പമുള്ള ഓരോ ചെറിയ നിമിഷങ്ങളും ഓർത്താണ് അവൾ ദിവസങ്ങൾ തള്ളി നീക്കുന്നത് പോലും... വാപ്പയുടെ നീക്കം അവളെ കൂടുതൽ മാനസിക സംഘർഷണത്തിലാക്കുകയെ ഒള്ളൂ.. അത് കൊണ്ട് തന്നെ അവൻ അത് മറച്ച് വെച്ചു. ഫഹീമിനെയും ഫെറയെയും വലിയേടത്ത് നിന്നും പോകാൻ എളുപ്പമുള്ള സ്‌കൂളിൽ ചേർക്കാമെന്ന അഭിപ്രായം മുന്നോട്ടു വെച്ചത് സൽമാനാണ് .. കാര്യങ്ങളുടെ നചസ്ഥിതിയിൽ മാറ്റം ഒന്നുമില്ലാത്തത് കൊണ്ടും വലിയേടത്ത് നിന്ന് ഇപ്പൊ കുട്ടികൾ പോയ്കൊണ്ടിരിക്കുന്ന സ്‌കൂളിലേക്ക് പോകാൻ പ്രയാസമായത് കൊണ്ടും സമീറ സൽമാന്റെ അഭിപ്രായത്തോട് യോജിച്ചു.. കുട്ടികളെയും കൊണ്ട് പുതിയ സ്‌കൂളിൽ അഡ്മിഷൻ എടുത്ത് വരുന്ന വഴിയാണ് കേട്ട് മാത്രം പരിചയമുളള, സഫയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന് സമീറ പറഞ്ഞത്.. കേട്ടപാടെ ഫഹീമും ഫെറയും ബഹളമായി.. മാമിയെ കാണാൻ അവർക്കും തിടുക്കമായി... അങ്ങനെ അവർ വണ്ടി നേരെ കോളേജിലേക്ക് വിട്ടു.. ഭാഗ്യവശാൽ കൃത്യം കോളേജ് വിടുന്ന സമയത്താണ് അവർ അവിടെ എത്തിയത്.. കോളേജിലേക്ക് വരുന്ന സമയത്തും കോളേജ് വിടുന്ന സമയത്തും മാത്രേ സുറുമിക്കും സഫക്കും കാണാൻ പറ്റാറൊള്ളൂ.. അത് കൊണ്ട് തന്നെ മിക്കദിവസവും കോളേജ് വിട്ടത് മുതൽ ബസ് വരുന്നത് വരെ ഓരോന്ന് സംസാരിച്ചോണ്ട് നടക്കുന്നത് അവർക്കും പതിവാണ്..

വെള്ളിയാഴ്ച അല്ലാത്ത ദിവസങ്ങളിൽ ഹനയുമുണ്ടാകും.. വെള്ളിയാഴ്ച ഹനയെ നദീൻ കൂട്ടി കൊണ്ട് പോകാറാണ് പതിവ്.. അന്നൊരു വെള്ളിയാഴ്ച ആയത് കൊണ്ട് ഹനയെ നദീൻ നേരത്തെ വന്നു കൊണ്ട് പോയിരുന്നു.. ഉപ്പിലിട്ട നെല്ലിക്കയും തിന്ന് , എന്തൊക്കെയോ സംസാരിച്ച് നടന്ന് വരുന്ന സുറുമിയെയും സഫയേയും സൽമാൻ കാറിൽ ഇരുന്ന് കൊണ്ട് തന്നെ സമീറക്കും മക്കൾക്കും കാണിച്ചു കൊടുത്തു.. " ദീദിടെ ഒപ്പം ഉള്ളതാണോ മാമി.. " ഫഹീമാണ് ചോദിച്ചത്... അതെയെന്ന് തലകുലുക്കി കാണിക്കുമ്പോൾ അവന്റെ ചുണ്ടിലെ ചിരിയും കണ്ണിലെ തിളക്കവും സമീറ കാണുന്നുണ്ടായിരുന്നു... സൽമാന്റെ മുഖത്തെ സന്തോഷം കാണേ വെറുമൊരു തറവാടിന്റെയും മരിച്ചു പോയ ഉപ്പ പണ്ടെങ്ങോ അറിയാതെ ചെയ്ത് പോയ തെറ്റിനെയും ചൂണ്ടി വാപ്പ വാശി കാണിക്കുന്നത് ഓർത്തപ്പോ സമീറക്ക് വാപ്പയോട് പരിഭവം തോന്നി.... സൽമാൻ ഹോൺ മുഴക്കിയതും സുറുമിക്കും മുമ്പേ സഫ കണ്ടിരുന്നു മറുവശം ചേർന്ന് നിർത്തിയിട്ടിരിക്കുന്ന സൽമാന്റെ കാർ....അവൾ സുറുമിക്ക്‌ കാണിച്ചു കൊടുത്തു.. സുറുമി ഒരു കൈ പൊക്കി വരുന്നുണ്ടെന്ന് കാണിച്ച് അവളേം കൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് നടന്നു വരുന്നത് സമീറയും സൽമാനും ഒരിളം പുഞ്ചിരിയോടെ നോക്കി കണ്ടു.. അവർ അടുത്തെത്തിയപ്പോഴാണ് സൽമാനൊപ്പം സമീറയും മക്കളും കാറിൽ നിന്നിറങ്ങിയത്...

പ്രതീക്ഷിക്കാതെ അവരെ കണ്ടപ്പോഴുള്ള സുറുമിയുടെയും സഫയുടെയും മുഖത്തെ അമ്പരപ്പ് പെട്ടന്ന് തന്നെ സന്തോഷത്തിലേക്ക് വഴി മാറി.. എന്ത് സംസാരിക്കും, എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ഒരു വെപ്രാളം സഫക്ക് ഉണ്ടായിരുന്നെങ്കിലും സമീറയുടെ കരുതലയോടെയുള്ള ഇടപെടൽ മൂലം പെട്ടന്ന് തന്നെ അതും മാറി കിട്ടി ... സഫയേയും കൊണ്ട് ബീച്ചിലേക്ക് പോയാലോ എന്ന് ചോദിച്ചതും സമീറയാണ്... പറയാതെ പോയാൽ ഉമ്മ പേടിക്കുമെന്നത് കൊണ്ട് ആ ക്ഷണം സ്നേഹത്തോടെ സഫ നിരസിച്ചെങ്കിലും സമീറ തന്നെ വീട്ടിലേക്ക് വിളിച്ച് ഉമ്മയോട് അനുവാദം ചോദിച്ചു.. ഉമ്മ സന്തോഷത്തോടെ അനുവാദം കൊടുത്തപ്പോൾ അവർ വണ്ടി നേരെ നല്ലൊരു ഹോട്ടലിൽ കൊണ്ട് നിർത്തി....അവിടെന്ന് ചായയും സ്നാക്സുമൊക്കെ കഴിച്ച ശേഷം നേരെ ബീച്ചിലേക്ക്........ അവിടെ എത്തിയപ്പോഴേക്കും സഫക്ക്‌ സമീറയുമായും മക്കളുമായുള്ള അപരാജിതത്വം പൂർണ്ണമായും വിട്ടുമാറിയിരുന്നു.. കുറച്ച് നേരം വറുത്ത കടല കൊറിച്ചും ഐസ് ക്രീം കഴിച്ചും സംസാരിച്ചും കുട്ടികളുടെ കയ്യും പിടിച്ച് എല്ലാവരും കൂടെ കടൽ കാറ്റേറ്റ് ആ മണലിലൂടെ നടന്നു.. .. വൈകുന്നേരം ആയത് കൊണ്ട് അത്യാവിശ്യം തിരക്കുണ്ടായിരുന്നു.. ഒടുവിൽ സമീറയും സുറുമിയും കൂടെ സൽമാനെയും സഫയേയും അവരുടെതായ ലോകത്തേക്ക് പറഞ്ഞു വിട്ട് കുട്ടികളെയും കൊണ്ട് ചെറുകിട കച്ചോടം നടത്തുന്നവരിൽ നിന്ന് ബലൂണും, ചെറുതും വലുതുമായ കുപ്പികളിൽ നിറച്ച ബബ്ബിൾസിന്റെ ലിക്വിഡും വാങ്ങി.. അപ്പോഴേക്ക് ഫഹീമും ഫെറയും തിരയെ പുൽകാൻ ഇരമ്പി വരുന്ന തിരമാലയിൽ ഓടി കളിച്ച് തുടങ്ങിയിരുന്നു .

ആർത്തിരുമ്പുന്ന തിരമാലകളും അസ്തമയ സൂര്യന്റെ കുങ്കുമരാശിയിൽ നവവധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന ആകാശവും അതിന്റെ ഭംഗിയെയും കൺനിറയെ നോക്കി കണ്ടു സുറുമി.. കാൽ മുട്ടിൽ കൈകളൂന്നി ഇരിക്കുന്ന സമീറയുടെ തോളിൽ തലചായ്ച്ച് ചമ്രം പടിഞ്ഞ് സുറുമിയും ഇരുന്നു.. കുറച്ചകലെ എന്തൊക്കെയോ സംസാരിച്ച് നടന്നകലുന്ന സൽമാനെയും സഫയേയും കാണേ ഏതോ ഓർമയിൽ അവളൊന്ന് നിശ്വസിച്ചു.. "എന്തെ.... മഷൂനെ ഓർമ വന്നോ...? " തോളിൽ ചായ്ച്ച അവളുടെ തലയ്ക്കു മേലെ സമീറയും തലചായ്ച്ചു "....ഹ്മ്മ്... വല്ലാണ്ടെ മിസ്സ്‌ ചെയ്യുന്നു.. " നേർന്നു പോയിരിന്നു അവളുടെ ശബ്ദം... സാരല്ലെടോ...ഒക്കെ ശരിയാകും.... വാപ്പച്ചി സമ്മതിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.. ഇപ്പൊ സഫയേയും കൂടെ കണ്ടപ്പോ... എന്തോ.. കൊതിയാവാ.. ഇപ്പൊ തന്നെ അവളേം കൊണ്ട് വലിയേടത്ത് പോകാനൊക്കെ.... നല്ല രസമായിരിക്കും ല്ലെ....ഇപ്പൊ ഒരുമാതിരി മരണ വീട് പോലെയാ മ്മടെ വീട്.... " നിരാശയോടെ സമീറ പറഞ്ഞു ... "ശരിയാണ്... കോളേജ് വിട്ട് വീട്ടിലേക്ക് വരാൻ തന്നെ ഇപ്പോ തോന്നാറില്ല.. ഫഹീമിന്റെയും ഫെറയുടെയും കുസൃതികൾ മാത്രാ വീടിനെ ഉണർത്തുന്നത് പോലും.... ഉമ്മാന്റെ വിഷമം കാണായിട്ടല്ല.... പക്ഷെ.. എന്തോ.... വാപ്പച്ചി വല്ലാതെ സ്വാർത്ഥയാകുന്ന പോലെ .......

ഉമ്മ മാത്രേ വേദനിക്കുന്നോള്ളൂ..അത് കണ്ടിട്ട് പോലും വാപ്പച്ചിയുടെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല... " "അതത്ര പെട്ടന്ന് അലിയുന്ന മനസ്സല്ല റൂമി....ശരിയാകുമായിരിക്കും...അ ത്രേ ഇപ്പൊ പറയാനൊക്കൂ... റംസീക്കാടെ പ്രൊപോസൽ വന്ന സമയത്ത് റംസീക്കയുടെ വീടും ചുറ്റുപാടും അറിയുന്ന ആരൊക്കെയോ പറഞ്ഞതാ....ഈ ബന്ധം വേണ്ടെന്ന്... അന്ന് വാപ്പച്ചി റംസീക്കയുടെ തറവാടിന്റെ പെരുപ്പും പേരും കണ്ട് അതൊക്കെ തള്ളി...ഇതിലും നല്ലൊരു ആലോചന ഇനി വരാനില്ലെന്ന് കരുതി കാണും... ഹാ... അതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യല്ല.... ഇതൊക്കെ എന്റെ തലവരയാ.... അന്നത്തതിൽ നിന്ന് ഇപ്പഴും മാറ്റമൊന്നുമില്ല വാപ്പച്ചിയുടെ നിലപാടിന്.... മക്കളെ ഓർക്കുമ്പോഴാണ് പാവം തോന്നാ..... അവരുടെ ഉപ്പാടെ വീട്ടിലേ സ്വസ്ഥതയും സമാധാനവും അവർക്ക് അനുഭവിക്കാൻ പറ്റിയിട്ടില്ല.. ഇപ്പൊ... വലിയെടുത്തും അത് പോലെയായി... " ലോകത്തിന്റെ ചതിയൊ വഞ്ചനയോ സ്വാർത്ഥതയോ ഒന്നുമറിയാതെ ആർത്തലച്ചു വരുന്ന തിരമാലയിലൂടെ ഓടി കളിക്കുന്ന ഫഹീമിന്റെയും ഫെറയുടെയും നിഷ്കളങ്കത നിറഞ്ഞ മുഖത്തേക്ക് നോക്കിയിരുന്നു പോയി സുറുമി.. " സമിത്ത... ഒരു കാര്യം ചോദിക്കട്ടെ.. എന്തേലും പ്രതീക്ഷയുണ്ടോ സമിത്തക്ക്‌.. റംസീക്ക വരുമെന്ന് തോന്നാറുണ്ടോ.....? " " ഓരോരുത്തരും ഓരോ പ്രതീക്ഷയും സ്വപ്നവും പേറിയല്ലേ ജീവിക്കണേ... നീ വാപ്പച്ചിയുടെ സമ്മതത്തോടെ മശൂന്റെ പെണ്ണാകാൻ... സൽമാൻ സഫയെ കൂടെ കൂട്ടാൻ....അങ്ങനെങ്ങനെ..... ഞാനും പ്രതീക്ഷയിലാണ്... എനിക്കെന്നും തോന്നാറുണ്ട്.. റംസിക്ക വരുമെന്നും എന്നേം മക്കളേം കൊണ്ട് പോകുമെന്നും...

ഇപ്പൊ അവിടെ ഉള്ളവരുടെ വാക്കുകളിൽ കുരുങ്ങി കിടപ്പായിരിക്കും ആ മനസ്സ് ... ഞാനോ മക്കളോ ഇല്ലാതെ റംസീക്ക പൂർണ്ണമാകില്ല എന്ന് തോന്നുന്ന നിമിഷം റംസീക്ക വരും.... അങ്ങനെ വിചാരിക്കാനാണ് എനിക്കിഷിട്ടം ..." "സമിത്ത..... ഇത്രയൊക്കെയായിട്ടും സമിത്തക്ക്‌ എങ്ങനെയാ റംസീക്കയെ സ്നേഹിക്കാനും വരുമെന്ന പ്രതീക്ഷയിൽ ജീവിക്കാനും പറ്റുന്നെ...? " "അതോ... മഷൂനെ നീ എത്ര കണ്ട് ഓർക്കാറുണ്ട്.. ഇഷ്ട്ടപെടുന്നുണ്ട് ....? " " അതോ..... ഈ തിര തീരത്തെ തൊട്ടുണർത്തുന്നത് ഒരിക്കലും അവസാനിക്കറില്ലല്ലോ... അത് പോലെയാണ് എന്റെ മനസ്സും..ഈ തിരയെ പോലെ അവനെ കുറിച്ചുള്ള ഓർമ എന്നെ എപ്പഴും തൊട്ടുണർത്തി കൊണ്ടിരിക്കുകയാണ് .. ഇഷ്ട്ടം..... അതിങ്ങനെ ഈ അറ്റമില്ലാത്ത കടല് പോലെ എന്റെ മനസ്സിലും ചോരയിലും ഓരോ നാഡീഞരമ്പുകളിലും പരന്ന് കിടക്കല്ലേ... " "ഒരു ദിവസം പോലും അവനോടപ്പം നീ കഴിഞ്ഞിട്ടില്ല.. ഓർമ്മിക്കാൻ കുറച്ച് നല്ല നിമിഷങ്ങൾ മാത്രമല്ലേ നിനക്കൊള്ളൂ.. എന്നിട്ടും നിന്റെ ഹൃദയതാളം പോലും അവന്റെ പേരാണ് ഉച്ചരിക്കുന്നത്.. അപ്പൊ എന്റെ കാര്യം ഒന്ന് ഓർത്തു നോക്ക്..... ... വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞവർ ... റംസീക്കടെ ഹൃദയതാളം പോലും എനിക്ക് മനഃപാഠമാണ്...... ആ ആളെ ഞാനെങ്ങനെയാ വെറുക്കാ.. പരിഭവമുണ്ട്.... എന്നെ വിളിക്കാത്തതിലും ഞങ്ങളെ കാണാൻ വരാത്തതിലും ഒക്കെ.... അതൊക്കെ ആള് ഇപ്പൊ ഒരു വാശിപ്പുറത്ത് ചെയ്ത് കൂട്ടുന്നതാ.... സൽമാനും വാപ്പച്ചിയും പെട്ടെന്നൊരു ദിവസം ഞങ്ങളെ കൂട്ടികൊണ്ട് വന്ന പരിഭവം... ആ സമയത്ത് റംസീക്ക വീട്ടിലില്ല.. വാപ്പച്ചി വിളിച്ച് പറയാ ചെയ്തത്... '

കൊണ്ടുപോകാണ്.... കഷ്ട്ടപെടുത്താതെ നിനക്ക് ഇനി എന്ന് നോക്കാൻ പറ്റോ അന്ന് വലിയേടത്ത് വീട്ടിലേക്ക് വാ... അത് വരെ ഞാൻ നോക്കിക്കോളാം ന്ന്...'വാപ്പച്ചി അന്ന് വീട്ടിലുള്ളവരോട് ഇത്തിരി പുരുഷമായാണ് പെരുമാറിയെ.... റംസീക്ക വന്നപ്പോ അവിടെ ഉള്ളവർ എന്തായാലും പൊടിപ്പും തുങ്ങലും വെച്ച് വിശദീകരണവും കൊടുത്ത് കാണും.. എല്ലാം കേട്ടപ്പോ ദേഷ്യം വരുന്നത് സ്വാഭാവികമല്ലേ ... ഒരു പരാതിയോ പരിഭവമോ കാണിക്കാതെ നിന്ന് പോയവൾ പെട്ടന്ന് വീട്ടുകാരുടെ കൂടെ ഇറങ്ങി പോയപ്പോ..... അതാ..." സമീറയുടെ വാക്കുകളിൽ റംസാനോടുള്ള സ്നേഹവും കരുതലും സുറുമി റംസീക്ക കുറ്റപ്പെടുത്തി സംസാരിച്ചോ എന്ന് വേവലാതിയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.. "ഞാൻ വെറുതെ പറഞ്ഞതാ ന്റെ ഇത്താത്താ... ഇങ്ങളെ റംസീക്ക ഒരു തെറ്റും ചെയ്തിട്ടില്ല.. പോരെ.... അവിടെ കഷ്ട്ടപെടുന്നത് കണ്ട് വിളിച്ചിറക്കി കൊണ്ട് വന്ന ഞങ്ങളാ തെറ്റ് ചെയ്തേ....അതോണ്ട് ഞാൻ സലുക്കാനോട് പറഞ്ഞു ഇന്ന് തന്നെ നിങ്ങളെ അവിടെ കൊണ്ടുവിടാൻ പറയാം... പോരെ.... " സുറുമി കുറുമ്പൊടെ സമീറയുടെ നെറ്റിയിൽ തല മുട്ടിച്ച് കൊണ്ട് പറഞ്ഞു... "പോടീ... ഇനിയാ വീട്ടിലേക്ക് ഒരു തിരിച്ച് പോക്ക് പറയല്ലേ പൊന്നെ... റംസീക്ക വന്നോളും... ദേഷ്യവും വാശിയും ഒക്കെ ഒന്നടങ്ങുമ്പോ വരും... അവിടേക്ക് പോകുന്ന കാര്യം മാത്രം പറയല്ലേ... " താണുകേണുള്ള സമീറയുടെ മറുപടി കേട്ടപ്പോൾ സുറുമി വാ പൊത്തി ചിരിച്ചു.. അപ്പോഴേക്കും ഫഹീമും ഫെറയും സുറുമിയെ അവരുടെ കൂടെ വരാൻ നിർബന്ധിച്ചു...

ഷൂ നനയും ഷൂവിൽ മണല് കയറും എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും രണ്ട് പേരും കൂടെ അവളെ കൈ പിടിച്ച് വലിച്ചു.. സമീറയും കൂടെ നിർബന്ധിച്ചപ്പോൾ സുറുമി അവർക്കൊപ്പം ഇറങ്ങി... അവർക്കൊപ്പം നടന്ന് പോകുമ്പോ വെറുതെയൊന്ന് സുറുമി തിരിഞ്ഞ് നോക്കി.. അവിടെയിരുന്ന് പോയവരാൻ കൈവീശി കാണിക്കുന്നുണ്ടായിരുന്നു സമീറ.... കുറച്ച് നേരം സുറുമി അവർക്കൊപ്പം കൂടി.. ഓരോ തവണയും തീരത്തെ തൊട്ടുണർത്താൻ ആർത്തിരമ്പി വരുന്ന തിരമാലയിൽ എല്ലാം മറന്ന് ഫഹീമിനും ഫെറക്കുമൊപ്പം സുറുമി ഓടി ....കാലിനേയും മറികടന്ന് ചിലപ്പോഴൊക്കെ കാൽ മുട്ട് വരെയും നനച്ച് ഓടി മറയുന്ന തിരയുടെ അലയൊലികൾ അവരിൽ ആവേശം നിറച്ചു.. ഒരു കൈയിൽ ഫീഹിമിന്റെ കയ്യും മറു കൈയിൽ ഫെറയുടെ കൈയും കോർത്ത് തിരമാലക്കൊപ്പം ഓടുമ്പോൾ സുറുമി വെറുതെയൊന്ന് സമീറ ഇരിക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കി..... ആർത്തിരമ്പി വരുന്ന തിരമാല കാൽ മുട്ടിനേയും ബേധിച്ച് ഇട്ടിരിക്കുന്ന സൽവാറിന്റെ താഴ്ഭാഗം മുഴുവൻ നനച്ചിട്ടും കണ്ണിൽ കാണുന്ന കാഴ്ചയുടെ അന്താളപ്പിൽ സുറുമി അവരുടെ കൈപിടിച്ച് ആ നിൽപ്പ് നിന്നു ..... മുട്ടിന് മേലേക്ക് വെള്ളം നനച്ചിട്ടും അനങ്ങാതെ നിൽക്കുന്ന സുറുമിയെ കണ്ട് ഫഹീമും ഫെറയും അവളുടെ മുഖത്തേക്കും പിന്നീട് അവൾ നോക്കുന്നേടത്തേക്കും ദൃഷ്ട്ടി പായിച്ചു.... "അബീ.... "ഒന്ന് അമാന്തിച്ച് നിന്ന ശേഷം സുറുമിയുടെ കൈ വിടുവിച്ച് ഫെറ സമീറ നിന്നിടത്തേക്ക് ഓടി..... തരിച്ച് നിൽക്കുയാണ് സമീറ.... കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി റംസാനും ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story