സുറുമി: ഭാഗം 23

surumi

എഴുത്തുകാരി: അവന്തിക

മുട്ടിന് മേലേക്ക് വെള്ളം നനച്ചിട്ടും സ്തംഭിച്ചു നിൽക്കുന്ന സുറുമിയെ കണ്ട് ഫഹീമും ഫെറയും അവളുടെ മുഖത്തേക്കും പിന്നീട് അവൾ നോക്കുന്നേടത്തേക്കും ദൃഷ്ട്ടി പായിച്ചു.... "അബീ.... "ഒന്ന് അമാന്തിച്ച് നിന്ന ശേഷം സുറുമിയുടെ കൈ വിടുവിച്ച് ഫെറ സമീറ നിന്നിടത്തേക്ക് ഓടി..... തരിച്ച് നിൽക്കുയാണ് സമീറ.... കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി റംസാനും ... ഫെറ ഓടി അയാളെ വട്ടം പിടിച്ചു.. അയാളവളെ കോരിയെടുത്തു മാറോടണച്ചു .. അവളുടെ നെറ്റിയിലും മുഖത്തുമെല്ലാം അയാൾ ചുംബനങ്ങൾ കൊണ്ട് മൂടി.. അതിൽ വാത്സല്യമുണ്ടായിരുന്നു... വേദനയുണ്ടായിരുന്നു.. കുറ്റബോധമുണ്ടായിരുന്നു.. ആരോടെക്കെയോ ഉള്ള പരിഭവമുണ്ടായിരുന്നു.. "ഫെറാ... അബീടെ മോൾക്ക് സുഖം തന്ന്യാ....? " പറയുന്നതിനോടൊപ്പം അവളെ നിലത്തു നിർത്തി തലയിലും മുഖത്തുമെല്ലാം വാത്സല്യത്തോടെ തഴുകി അയാൾ ... "മ്മ്.... അബിക്കോ.....അബി എത്രൂസായി പോയിട്ട്.. ഞങ്ങളെ കാണാൻ പോലും വന്നില്ലല്ലോ... ഫാഹിനോട്‌ ഞാനെന്നും ചോദിക്കും.. എവിടെയാ അബീന്ന്.... അപ്പൊ അവൻ പറയാ... അബി ഇവിടെ ഇല്ല്യാ.... പർച്ചേസിങ്ങിന് വേണ്ടി ഇന്നാള് പോയ പോലെ ബാംഗ്ലൂർ പോയതാന്ന്...ഇത്രേം ദിവസം അബി അവിടെ ആയിരുന്നോ..."ചോദിക്കുന്നതിനോടൊപ്പം കുരുന്നു വിരലുകൾ അവന്റെ മുഖത്ത് ഓടി നടന്നു... "ഫാഹി അങ്ങനെ പറഞ്ഞോ.... അബിക്ക്‌ വരാൻ പറ്റിയില്ലഡാ...

ആരുടെക്കെയോ വാക്ക് കേട്ട് അബി അവിടെ കുരുങ്ങി പോയി.. ന്നിട്ട് ഫാഹി എവടാ..? '' പറയുന്നതോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞ് തുളുമ്പി "ദാ .. അവിടെ.... ദീദീടെ കൂടെ... " ഫെറ കൈ ചൂണ്ടുന്നിടത്തേക്ക് റംസാൻ കണ്ണുകൾ പായ്ച്ചു.. അവൻ നോക്കുന്നത് അറിഞ്ഞതും ഫഹീം സുറുമിക്ക് പുറകിലായി മുഖം ഒളുപ്പിച്ചു..അവന്റെ മുഖത്തെ ഭാവമെന്താണെന്ന് റംസാൻക്ക്‌ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നോള്ളൂ... ഫെറയെ പോലെയല്ല.. കാര്യങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാനും എല്ലാം ഉള്ളിലൊതുക്കി വെക്കാനും അവൻക്കറിയാം.. അവന്റെ ഉമ്മയെ പോലെ.... ചെറുതിലെ അവളുടെ വേദന കണ്ട് വളർന്നത് കൊണ്ടായിരിക്കാം പ്രായത്തിലേറെ പക്വത പലപ്പോഴും അവൻ കാണിക്കാറുണ്ട്.... ഇപ്പൊ, കാര്യങ്ങളെല്ലാം അവൻ മനസ്സിലാക്കായിട്ടും ഫെറയെ അതറിയിച്ചിട്ടില്ല എന്ന് മാത്രമല്ല താനിവിടെ ഇല്ലെന്ന വലിയൊരു കള്ളം പറഞ്ഞ് അവളിൽ നിന്ന് തന്റെ തെറ്റുകളെ പോലും മറച്ചു പിടിച്ചിരിക്കുന്നു... നീറുന്ന ഓർമയിൽ അവനൊന്ന് നിശ്വസിച്ചു... റംസാൻ നോക്കുന്നത് കണ്ടപ്പോൾ സുറുമി മുട്ട് കുത്തി നിന്ന് ഫഹീമിന്റെ മുഖത്തും തലയിലുമെല്ലാം തലോടി എന്തോ പറയുന്നതും അവനതിന് നിഷേധാർത്ഥത്തിൽ തലയാട്ടുന്നതും അവൾ പിന്നെയും അവന്റെ താടിയിൽ പിടിച്ച് വാത്സല്യത്തോടെ സംസാരിക്കുന്നതും റംസാൻ നിൽക്കുന്നിടത്തേക്ക് ഒന്ന് നോക്കിയ ശേഷം മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവൾ പറയുന്നതെല്ലാം തലയാട്ടി സമ്മതിക്കുന്നതും ഒരു നിശ്വാസത്തോടെ റംസാൻ നോക്കി കണ്ടു..

. "സമീറ.... നീ ഒന്നും പറഞ്ഞില്ല... നിന്നെ കണ്ട് എല്ലാം പറഞ്ഞ് തീർത്ത് നിങ്ങളെ കൂടെ കൂട്ടാനാ ഞാൻ വന്നേ.. നീ വരില്ലേ.... " ഒരു കൈ കൊണ്ട് ഫെറയെ ചേർത്ത് പിടിച്ച് സമീറയെ നോക്കി അവൻ ചോദിച്ചു.. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി എന്നല്ലാതെ അവളിൽ നിന്ന് ഒരു മറുപടിയുമുണ്ടായില്ല...കുറച്ച് നേരം ഫെറയെ അവന്റെ ശരീരത്തോട് ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്ത് കണ്ണടച്ച് നിന്നു റംസാൻ " റംസീക്ക എപ്പോ വന്നു... " സുറുമിയുടെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.. ഒരു കൈ ഫഹീമിന്റെ കൈയുമായി കോർത്ത് പിടിച്ചിരുന്നു സുറുമി ....ഫഹീമിന്റെ നോട്ടമപ്പോഴും മറ്റെവിടെയോ ആയിരുന്നു.. മനസ്സൊന്നു പിടഞ്ഞെങ്കിലും ഈ നോവനുഭവിക്കാൻ താൻ ബാധ്യസ്ഥനാണെന്ന പൂർണ്ണ ബോധ്യം റംസാനുണ്ടായിരുന്നു.. "ഇപ്പൊ വന്നൊള്ളൂ .. ഒരു കൂട്ടുക്കാരൻ പറഞ്ഞു.. നിങ്ങളെ ഇവിടെ കണ്ടെന്ന് ... ഞാൻ വീട്ടിലോട്ട് വരാൻ നിൽക്കായിരുന്നു..." വാക്കുകൾ പൊറുക്കി കൂട്ടി റംസാൻ പറഞ്ഞൊപ്പിച്ചു.. നോട്ടം അപ്പോഴും അവനെയൊന്ന് നോക്കുക പോലും ചെയ്യാത്ത ഫഹീമിന്റെ മേലായിരുന്നു .. "എന്തിനാ... വീട്ടിലോട്ട് വരണേ.... കൊണ്ട് പോവാനാണോ....

അബീടെ വീട്ടിലോട്ട് ഞങ്ങൾ വരുന്നില്ല... " രോഷത്തോടെ ഫഹീം പറഞ്ഞു. "ഫഹീ.... " ശാസനയോടെയുള്ള സൽമാന്റെ വിളി കേട്ടപ്പോൾ റംസാൻ തിരിഞ്ഞു നോക്കി..ഫഹീമിനെ രൂക്ഷമായി നോക്കി കൊണ്ടാണ് സൽമാൻ നടന്ന് വരുന്നത് .. കൂടെ ഒരുപെൺകുട്ടിയുമുണ്ട്....അവന്റെ ഉയർന്ന ശബ്ദവും ദേഷ്യത്തോടെയുള്ള ഭാവവും ആ കുട്ടി ആദ്യമായി കാണുകയാണെന്ന് റംസാൻക്ക് തോന്നി .. ഫെറയെ വാരിയെടുത്ത് കൊണ്ട് റംസാൻ നേരെ നിന്നു സൽമാനെ നോക്കി ചിരിക്കാൻ ശ്രമിച്ചു "അബിയോട് ഇങ്ങനെ ആണോ സംസാരിക്കിണേ... " സൽമാന്റെ ശബ്ദം ഉയർന്നു...ഫഹീം ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നതേയൊള്ളൂ.. "റംസീക്ക.... നമുക്ക് സംസാരിക്കാം.... ഇവിടെ വേണ്ടാ...... വരൂ..... " തൃപ്തിയോടെ അല്ലെങ്കിലും ശബ്ദത്തിൽ സൗമ്യത കൈവരിച്ചിരിന്നു അവൻ.. ഒരു സന്ധി സംഭാഷണതിനെന്നോണം ബീച്ചിനോട് ചേർന്നുള്ള ഒരു റെസ്റ്റോറന്റിലാണ് അവർ കയറിയത് .. അവിടെ ഫാമിലിക്കായി ഒരുക്കിയ ക്യാബിനിൽ ഒരു ടേബിളിൽ അഭിമുഖമായി അവർ ഇരുന്നു.. സമീറയും സുറുമിയും സഫയും ഒരു ഭാഗത്തും മറുഭാഗത്ത് സൽമാനും റംസാനും ഫെറയും ഫഹീമുമായിരുന്നു.. ആരെയും നോക്കുക പോലും ചെയ്യാതെ തലകുനിച്ച് ഇരുന്നതേയുള്ളൂ ഫഹീം.. ഫെറക്ക് എന്തൊക്കെയോ സംസാരിക്കണം ചോദിക്കണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെ മുഖത്തും മുന്നിട്ട് നിൽക്കുന്ന മ്ലാനത അവളെയും ഭയപെടുത്തിയിരിന്നു "

ഇവരെ നീയും വാപ്പച്ചിയും വന്ന് കൂട്ടി കൊണ്ട് പോയപ്പോ, അതും ഞാൻ അവിടെ ഇല്ലാത്ത സമയത്ത്, ആദ്യം ദേഷ്യമാണ് തോന്നിയത്.. വീട്ടിൽ വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പിന്നെ വാശിയായി മാറി.... " ഒട്ടൊരു നേരത്തെ മൗനം ബേധിച്ച് സംസാരത്തിന് തുടക്കമിട്ടത് റംസാൻ തന്നെയാണ്.. "സത്യം പറഞ്ഞാൽ അതിത്രയും നീണ്ടു പോകുമെന്നോ ഇത്രേം ദിവസം ഇവരെ വലിയേടത്ത് നിർത്തണമെന്നോ ഒരു ഉദ്ദേശവും ഇല്ലായിരുന്നു.... വീട്ടിൽ വന്നപ്പോ വാപ്പച്ചി കടുപ്പമായി പെരുമാറിയതും മറ്റും പറഞ്ഞറിഞ്ഞപ്പോ.... കൊണ്ട് പോയവർ തന്നെ കൊണ്ട് വിടട്ടെ എന്നായി... സമീറ വിളിച്ചപ്പോഴൊക്കെ ഫോൺ എടുക്കാത്തതും അത് കൊണ്ടൊക്കെ തന്നെയായിരിന്നു .. പലപ്പോഴും എന്റെ വീട്ടിൽ നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് അവൾ പറയാൻ ശ്രമിക്കാറുണ്ടെങ്കിലും അതിത്ര ഗൗരവമുള്ളതാണെന്നും അവളിത്രയും മാനസികമായി ബുദ്ധിമുട്ടുന്നുണ്ടെന്നതും എനിക്ക് അറിയില്ലായിരുന്നു.. ഞാൻ മനസ്സിലാക്കിയില്ല എന്ന് പറയുന്നതായിരിക്കും നല്ലത്.. അതൊക്കെ ഒരു വീടും കൂട്ടുകുടുംബവും ആകുമ്പോഴുള്ള പ്രശ്നങ്ങൾ ആയിരിക്കുമെന്നെ കരുതിയൊള്ളോ... പിന്നെ എന്റെ ജോലി... ഒരു കച്ചോടം ആകുമ്പോഴുള്ള ടെൻഷനും സ്‌ട്രെസും സൽമാന് പ്രതേകം പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലാലോ....അതൊക്കെ ഓർത്ത് തല പുകഞ്ഞായിരിക്കും വീട്ടിലോട്ട് വരാ.. അപ്പൊ ഇവളെ കേൾക്കാനോ ശ്രദ്ധിക്കാനോ ശ്രമിക്കാറില്ല...

അവളെന്തെലും പറയുമ്പോ ഞാനതിനെ വലിയ കാര്യമായി എടുക്കാറുമില്ലായിരുന്നു... പെട്ടന്ന് നിങ്ങൾ വന്ന് കൊണ്ട് പോയെന്ന് പറഞ്ഞപ്പോ, അവിടെയുള്ളവരുടെ വിശദീകരണം കൂടെ ആയപ്പോ..." അവൻ പറയുന്നതിനോടൊപ്പം മുന്നോട്ടൊന്നാഞ്ഞിരിന്നു... എല്ലാവരും നിശബ്ദമായി അവനെ കേട്ടിരുന്നതേയൊള്ളൂ.. "അതൊക്കെ രണ്ട് കൂട്ടരുടെയും വാശിയും ദേഷ്യവും തണുക്കുമ്പോ ശരിയാകുമെന്ന് കരുതി വലിയ പ്രാധാന്യം ഞാനതിന് കൊടുത്തില്ല എന്നത് എന്റെ തെറ്റ് ... അത് കൊണ്ടായിരിക്കും ഒരിക്കലും ആലോചിക്ക പോലും ചെയ്യാത്ത കാര്യം എന്റെ വീട്ടുകാർ ആവിശ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്ന് പോയത്... " അവനൊന്ന് നിർത്തി സമീറയെ നോക്കി... ടേബിളിൽ വെച്ച കൈ കോർത്ത് പിടിച്ച് അതിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു അവൾ.. "വേറൊരു കല്യാണം കഴിക്കാൻ അവരെന്നോട് ആവശ്യപ്പെട്ടു.." അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.... നടുക്കത്തോടെ സമീറ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ ഉള്ളിലെ മാനസിക സംഘർഷം ഉയർന്നു താഴുന്ന അവന്റെ ശ്വാസഗതിയിൽ നിന്ന് മനസ്സിലാക്കാമായിരുന്നു.. സമീറ മാത്രമല്ല ഫഹീമടക്കം എല്ലാവരും ഞെട്ടലോടെയാണ് അവന്റെ വാക്കുകളെ കേട്ടത്..

"അവർ ആ കാര്യം ആവിശ്യപെട്ടപ്പോൾ ഞാനതിനെ ശക്തമായി എതിർത്തു.. അതിനവർ സമീറയെ മോശപ്പെട്ടവളാക്കി.. അതെന്താണെന്ന് എന്റെ മക്കളുടെ മുമ്പിൽ നിന്ന് ഞാൻ പറയുന്നില്ല.... ദേഷ്യപ്പെട്ടാണ് ഞാനവിടെ നിന്ന് ഇറങ്ങി പോന്നത് .. അന്ന് രാത്രി ഞാനെന്റെ കൂട്ടുകാരന്റെ വീട്ടിലായിരുന്നു... ഇന്നലെ പിന്നെയും ഞാനവിടെ പോയി.... അതേ കാര്യം തന്നെയാണ് അവർ അപ്പോഴും ആവശ്യപ്പെട്ടത്....ഇത് അറിയിക്കാനും ഇവളേം മക്കളേം കൂട്ടി കൊണ്ട് പോകാനുമാണ് ഞാൻ വന്നത്... ഇവരില്ലാതെ ഇനി ഞാനാ വീട്ടിലേക്ക് ഇല്ല ... " പറഞ്ഞു തീർന്നപ്പോഴേക്കും അവൻ കിതക്കുന്നുണ്ടായിരുന്നു.. ആരും ഒന്നും മിണ്ടാതെ, ഒന്ന് ചിരിക്ക പോലും ചെയ്യാതെ ഇരിക്കുന്നത് കണ്ട് ആശങ്ക തോന്നിയതുകൊണ്ടായിരിക്കാം ഫെറ എഴുനേറ്റ് കസേരയിൽ മുട്ട് കുത്തി നിന്ന് റംസാന്റെ നെറ്റിയിലും മുഖത്തെമെല്ലാം അവളുടെ കുഞ്ഞി കൈ കൊണ്ട് മെല്ലെ തലോടി കൊടുത്തു ... ഉയർന്നു താഴുന്ന അവന്റെ ശ്വാസഗതിയും എസി റൂമിലിരുന്നിട്ടും അവൻ വിയർക്കുന്നതും കാണേ അവൾ മേലേക്ക് നോക്കി ചുറ്റും വീക്ഷിച്ച ശേഷം എസി പ്രവർത്തിക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തി എല്ലാവരും നിശബ്ദമായി ഇരുന്നതേയുള്ളൂ.... ഓഡർ ചെയ്ത ഭക്ഷണം എത്തിയപ്പോൾ അതെല്ലാം സെർവ് ചെയ്യുന്നതും കഴിക്കുന്നതും യാന്ത്രികമായി തന്നെ നടന്നു.. പൊറോട്ട മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി മൃദുവായ ചിക്കൻ കഷ്ണം ചേർത്ത് റംസാൻ ഫെറയുടെ വായേലേക്ക് വെച്ച് കൊടുത്തു..

ചിക്കന്റെ കൂടെ ചെറിയ പാക്കറ്റിലാക്കി കിട്ടിയ ടൊമാറ്റോ സോസ് ഞെക്കിയെടുത്ത് കഴിക്കുന്ന തിരക്കിലായിരുന്നു അവൾ.. എന്നിരുന്നാലും റംസാൻ നീട്ടിപ്പിടിച്ച പൊറോട്ടയുടെ കുഞ്ഞു കുഞ്ഞു കഷ്ണങ്ങളും ചെറിയ ചിക്കൻ കഷ്ണങ്ങളും അവൾ വാങ്ങി കഴിച്ചു.. "റംസീക്ക..... ആ വീട്ടിലേക്ക് ഇനി ഇ ഇവളേം മക്കളേം കൊണ്ട് പോകാന്നു പറഞ്ഞാൽ... അതവരുടെ ദേഷ്യത്തെ ഇരട്ടിപ്പിക്കുകയല്ലേ ഒള്ളൂ.. അതിവൾക്ക് ഇതുവരെ ഉണ്ടായിരുന്ന സമാധാനം പോലും ഇല്ലാതാക്കുകയും ചെയ്യും... " ചെറിയ ഒരു ആശങ്കയോടെയാണ് സൽമാൻ പറഞ്ഞു തുടങ്ങിയത്.. "അതിനിവളേം മക്കളേം ആ വീട്ടിൽ പൊറുപ്പിക്കാനല്ല കൊണ്ട് പോണേ.......ഞാൻ കൂട്ടി കൊണ്ട് വന്നൂന്ന് ഇവരെ കാണിച്ച് കൊണ്ട് പറയാനാ... എന്റെ കയ്യിലുള്ള എമൗണ്ട് വെച്ച് ഒരു വീടിനുള്ള അഡ്വാൻസ് കൊടുത്തിട്ടിട്ടുണ്ട്... ഒരു വർഷം കൊണ്ട് ബാക്കി തുക കൂടെ കൊടുത്താൽ മതി.. ഞാനെന്റെ കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവൻ അവന്റെ ഒരു പരിചയക്കാരൻ വഴി തരപ്പെടുത്തിയതാ...സൗകര്യങ്ങളും സാധനങ്ങളും കുറവാണെങ്കിലും സമാധാനം ഉണ്ടാവും... അതല്ലേ വേണ്ടതും... " പറയുന്നതോടൊപ്പം അവൻ സമീറയെ ഒന്ന് നോക്കി...

എല്ലാം ശ്രദ്ധിക്കുന്നുണെങ്കിലും അവൾ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുകയാണെന്ന് തോന്നി അവൻക്ക്‌.. "റംസിക്കാ.. അതൊക്കെ നല്ലത് തന്നെ..പക്ഷെ... ഉപ്പ ഇല്ലാതെ സ്ഥിതിക്ക് കുടുംബത്തിലെ മുതിർന്ന ആണുങ്ങളോട് ഒന്ന് അഭിപ്രായം ചോദിക്കണ്ടേ... ഒരു വീട് പെട്ടന്ന് മാറാ എന്നൊക്കെ പറയുമ്പോ... " " ഞാൻ സംസാരിച്ചതാ... എന്റെ ഇക്കാക്കന്മാരോടും മൂത്തുപ്പനോടൊമൊക്കെ......അഭിപ്രായം പലരും പലതും പറഞ്ഞെങ്കിലും ഞാനെന്റെ നിലപാടിൽ ഉറച്ച് നിന്നു.. ആ വീട് ഇനി അവർ ആരാന്ന് വെച്ചാ എടുത്തോട്ടെ... എനിക്കൊരു അവകാശവും വേണ്ടാ എന്നും ഞാൻ തീർത്തു പറഞ്ഞു.. അവർക്കൊക്കെ ഒരു പരിധി വരെ അല്ലെ സൽമാനേ നമ്മുടെ ലൈഫിൽ സ്ഥാനമുള്ളൂ.. ജീവിക്കേണ്ടത് നമ്മളല്ലേ... " "അറിയായിട്ടല്ല റംസീക്ക.... പക്ഷെ ഒരു കൂട്ടു കുടുംബം ഒക്കെ ആകുമ്പോ നമ്മൾ എല്ലാ വശവും നോക്കേണ്ടേ.. " " ഇത് വരെ ഞങ്ങൾ ജീവിച്ചത് അവർക്ക് വേണ്ടിയാ.. അവരുടെ സന്തോഷങ്ങൾക്ക് വേണ്ടിയാ.... ഇനി ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി.. ഞങ്ങളുടെ മക്കൾക്ക് വേണ്ടി ജീവിക്കട്ടെ... " പറയുന്നതോടൊപ്പം അവൻ കഴിപ്പ് നിർത്തി എഴുനേറ്റു.. ഫെറയെയും എടുത്ത് വാഷ് റൂം ലക്ഷ്യമാക്കി നടന്നു..

വാഷ്‌റൂമിൽ നിന്നിറങ്ങുമ്പോൾ അവൻക്ക്‌ മുമ്പിലായി തലകുനിച്ച് ഫഹീം നിൽപ്പുണ്ടായിരുന്നു... ഫെറയെ നിലത്തു വെച്ച് അവളെ ഒരു ഭാഗത്തേക്ക് ചേർത്ത് പിടിക്കുന്നതിനോടൊപ്പം ഫഹീമിനെയും അവൻ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു.. "അബീ... സോറി അബീ... " നേർന്നു പോയിരുന്നു അവന്റെ ശബ്ദം.. പറയുന്നതിനോടൊപ്പം അവൻ റംസാന്റെ കഴുത്തിലൂടെ വട്ടം ചുറ്റി മുഖം ഒളുപ്പിച്ചു.. ഒന്നും മിണ്ടാതെ ഒരു കയ്യാലെ അവനെ ചേർത്ത് പിടിച്ച് തലയിലൂടെ തഴുകി കൊണ്ടിരിന്നു റംസാൻ... കണ്ണുകൾ നിറഞ്ഞിരുന്നു... അവനെ തലോടി കൊണ്ടിരിക്കുന്ന കൈ കൊണ്ടവൻ ശ്രമപ്പെട്ട് കണ്ണുനീരൊപ്പി....കണ്ണ് തുറന്ന് നോക്കിയത് നിറമിഴിയാലെ അവരെ നോക്കി കാണുന്ന സമീറയുടെ മുഖത്താണ് ... ഇപ്പൊ തൽക്കാലം സമീറയും മക്കളും വലിയേടത്ത് നിൽക്കട്ടെ എന്നും രണ്ടാഴ്ചക്ക് ശേഷം വീട് മാറുമ്പോ അങ്ങോട്ടേക്ക് കൊണ്ട് പോകാമെന്നും തീരുമാനായി.. എല്ലാം ഒന്നൊതുങ്ങിയപ്പോൾ സൽമാൻ തന്നെ സഫയെ പരിചയപ്പെടുത്തി... വാപ്പച്ചിയുടെ എതിർപ്പും സൂചിപ്പിച്ചു...അതൊക്കെ നമുക്ക് സമ്മതിപ്പിക്കാമെന്ന് റംസാനും വാക്ക് കൊടുത്തു..

അവർ രണ്ട് പേരും റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ നേരം റംസാൻ സൽമാന്റെ ചെവിയിലായി എന്തോ പറയുന്നുണ്ടായിരുന്നു... തിരികെ പോയി രണ്ട് ചോക്ലെറ്റ്സും വാങ്ങി ഫഹീമിനും ഫെറക്കും കൊടുത്ത് അവരെ അവന്റെ കാറിൽ കയറ്റിയിരുത്തി.. സഫയും സുറുമിയും കയറിയതും സൽമാൻ കാർ മുന്നോട്ടെടുത്തിരിന്നു.... കാർ പോകുന്നത് കണ്ടതും സമീറ റെസ്റ്റോറന്റിൽ നിന്ന് ഓടി ഇറങ്ങിയപ്പോഴേക്കും കാർ പോയിക്കഴിഞ്ഞിരുന്നു... എന്താപ്പോ ഉണ്ടായേ എന്ന് ശങ്കിച്ചു നിന്നപ്പോഴേക്കും റംസാൻ ബൈക്ക് അവൾക്ക് മുമ്പിലായി കൊണ്ട് നിർത്തി.... കുറുമ്പൊടെ അവനെയൊന്ന് നോക്കിയ അവളോട് കുസൃതിയോടെ ചിരിച്ചു കൊണ്ടവൻ കയറാനായി കണ്ണ് കാണിച്ചു... ചുണ്ടിൽ അവനായി വിരിഞ്ഞ ചിരിയോടെ അവൾ അവന്റെ പുറകിൽ കയറി ഇരുന്നതും അവൻ ബൈക്ക് മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു.. ഏറെ നാളത്തെ പരിഭവത്തിനും പിണക്കത്തിനും അവിടെ അന്ത്യം കുറിച്ചു കൊണ്ട്, പുതിയൊരു ജീവിതത്തിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു അവർ..... സ്നേഹം അങ്ങനെയാണ്... എത്ര പരിഭവം തോന്നിയാലും ദേഷ്യം തോന്നിയാലും പിണങ്ങിയിരുന്നാലും പ്രിയപ്പെട്ടവന്റെ ഒരു ചിരിയോ അല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു നോക്കോ വാക്കോ ചേർത്തുപിടിക്കലോ മതി എത്ര വലിയ പരിഭവവും ദേഷ്യവും പിണക്കവും അലിഞ്ഞില്ലാതാകാൻ ... അതാണ് നിസ്വാർഥതയോടെയുള്ള സ്നേഹം....... 💕 💕 💕 💕

സൽമാന്റെ കാർ വെങ്ങാട്ട് വീട്ടു മുറ്റത്ത് കൊണ്ട് നിർത്തി.. "കയറുന്നില്ലേ.. " സഫ കാറിൽ നിന്നിറങ്ങി അവരോടായി ചോദിച്ചു.. "ഇല്ല്യാ.. നേരം വൈകിയില്ലേ... പോകട്ടെ... ആരോ വന്നിട്ടുണ്ടല്ലോ..."പോർച്ചിൽ പാർക്ക്‌ ചെയ്തിരിക്കുന്ന കാർ നോക്കി കൊണ്ട് സൽമാൻ പറഞ്ഞു... " ഞങ്ങളാ.... കയറി വാ... ഇവിടെ വരെ വന്നിട്ട് കയറാതെ പോവാണോ...." പുറകിൽ നിന്ന് നിയാസ്ന്റെ ശബ്ദം കേട്ടു....ആർദവമായി അവൻ സ്വീകരിച്ചപ്പോൾ കുറച്ചൊരു മടിയോടെ ആണെങ്കിലും സൽമാനും സുറുമിയും മക്കളും കാറിൽ നിന്നിറങ്ങി ..... വാപ്പച്ചി പുരുഷമായി സംസാരിച്ച് ഒരതിഥിയുടെ മര്യാദ പോലും കാണിക്കാതെ പടിയിറങ്ങിയതാണ്... അന്നത്തെ അന്താളിപ്പിൽ ഉമ്മയോട് ഒരു യാത്ര പോലും പറയാതെയാണ് പോന്നത്... സൽമാന് അവരെ അഭിമുഖീകരിക്കാൻ പ്രയാസം തോന്നി... സുറുമിയാണെങ്കിൽ ഒരിളം പുഞ്ചിരിയോടെ സൽമാന്റെ പുറകിലായി മക്കളേം കൊണ്ട് നിന്നതേയൊള്ളൂ.. മുഖത്ത് ചിരി വരുത്തിയെങ്കിലും മനസ്സ് മുഴുവൻ തന്റെ പ്രിയപ്പെട്ടവന്റെ സാന്നിധ്യമായിരുന്നു... അവന്റെ വീടും അവൻ സ്നേഹിക്കുന്നവരും അവന്റെ കൊച്ചു ലോകം തന്നെയാണ് ഇവിടം... വെറുതെയെങ്കിലും അകത്തു നിന്ന് തനിക്കായി ഒരു നോട്ടവും ഒരു ചിരിയും സമ്മാനിച്ച് കൊണ്ട് അവൻ ഇറങ്ങി വരുമെന്നും ഹൃദ്യമായി തങ്ങളെ സ്വീകരിച്ചിരിത്തുമെന്നും അവൾ വൃഥാ ആശിച്ചു പോയി... അകത്തേക്ക് കയറുമ്പോൾ തന്നെ ഉമ്മയും ഷെറിയും ഉണ്ടായിരുന്നു..

ഹൃദ്യമായി തന്നെ അവരും സ്വീകരിച്ചു.. ഉമ്മ ഒരു സങ്കോചവും കൂടെ ഹൃദ്യമായി സൽമാനോടും സംസാരിച്ചു.. അതോടെ എങ്ങനെ ഫേസ് ചെയ്യുമെന്ന അവന്റെ വേവലാതിയും മാറി കിട്ടി... സുറുമി ഉമ്മയുടെ കൈ പിടിച്ച് വിശേഷം ചോദിക്കുമ്പോഴാണ് വെങ്ങാട്ട് വീട്ടിൽ ഇരട്ടി സന്തോഷം നൽകി കൊണ്ട് ഒരാള് കൂടെ വരവറിയിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത നിയാസ് അവരെ അറിയിച്ചത് ...... കേട്ടതും സന്തോഷത്തോടെ സഫ ഓടി പോയി ഷെറിയെ പുണർന്നു.. "ഞാനൊന്ന് വരാൻ ലേറ്റ് ആയപ്പോഴേക്കും എന്തൊക്കെയാ കേൾക്കുന്നേ... " ഷെറിയുടെ വയറ്റിൽ കൈ വെച്ചവൾ സന്തോഷത്തോടെ ചോദിച്ചു.. "അതിന് ഞങ്ങൾ തന്നെ ഇപ്പഴല്ലേ അറിയണേ....ഹോസ്പിറ്റലിൽ പോയി കൺഫേം ആയി വരുന്ന വഴിയാ.... അറിഞ്ഞപ്പോൾ ഉമ്മയെ ആദ്യം അറിയിക്കണം... കാണണം എന്നൊക്കെ ഇവള് പറഞ്ഞു.. അപ്പൊ കയ്യോടെ കൂട്ടി കൊണ്ട് വന്നതാ... " പറയുന്നതോടൊപ്പം നിയാസ് കൊണ്ട് വന്ന മധുരം എല്ലാവർക്കും നൽകി...... വിശേഷങ്ങളും പറയലും ചോദിക്കലുമായി സമയം കടന്ന് പോയി.. കുറച്ച് നേരം കൊണ്ട് തന്നെ നിയാസും സൽമാനും നല്ല കൂട്ടാവുകയും ചെയ്തു "പുതിയൊരാള് വരുന്നു എന്ന വാർത്ത കേട്ടത് കൊണ്ടാണോ അതോ പുതിയ മരുമോനും മരുമോളും വന്നത് കൊണ്ടാണോ എന്നറിയില്ല ഉമ്മാന്റെ മുഖത്ത് പതിവില്ലാത്ത സന്തോഷം ഉണ്ട് ല്ലേ... ഷെറീ.... "

സുറുമിയുടെ കൈയിൽ നിന്ന് പിടിവിടാതെ അവളെ ചേർത്ത് പിടിച്ച് സംസാരിക്കുന്ന ഉമ്മയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് നിയാസ് പറഞ്ഞു... ഉമ്മക്ക് അവരോടാണോ കൂടുതൽ സ്നേഹം എന്നൊരു കുശുമ്പ് കൂടെ ഉണ്ടായിരുന്നു ആ ദ്വനിയിൽ...... " അതെയതെ.... മഷൂച്ച പോയതിന് ശേഷം ആദ്യമായിട്ടാ ഇത്രയും എനെർജിറ്റിക് ആയിട്ട് ഉമ്മനെ കാണുന്നേ... നമ്മളൊക്കെ പതിവ് വിരുന്ന്ക്കാരല്ലേ.... അവരൊക്കെ വന്ന തെളിച്ചം ആയിരിക്കും... " കുശുമ്പോടെ കണ്ണ് കൊണ്ട് ഒന്ന് ആംഗ്യം കാണിച്ച് ഷെറിയും പറഞ്ഞു... "അതിലിപ്പോ എന്താ സംശയം..... ഞങ്ങൾ വന്ന സന്തോഷം തന്നെയാ.... അല്ലെ ഉമ്മാ... " സൽമാനും വിട്ട് കൊടുത്തില്ല.. "എനിക്കെന്റെ മക്കളെല്ലാം ഒരു പോലെയാ.......... " ചിരിയോടെ ഉമ്മ തീർപ്പ് കല്പ്പിച്ചു "നോക്കിയേ ഷെറി... ഞാനിപ്പോ ഇങ്ങനെ ആലോചിക്കായിരിന്നു...... നമ്മടെ കല്യാണത്തിന് നിന്റെ കയ്യിലത്രേം മൈലാഞ്ചി ഒക്കെ ഇട്ട കുട്ടി എന്നും പറഞ്ഞ് സുറുമിയെ നീ പരിചയപ്പെടുത്തിയപ്പോൾ... അതിന്റെ കൂടെ തന്നെ അവളുടെ ബ്രദർ ആണെന്നും പറഞ്ഞ് ഇവനേം പരിചപ്പെടുത്തിയപ്പോൾ.... അതി വിദഗ്ധമായി മഷൂദും അതിലേറെ വിദഗ്ധമായി ഇവനും പഞ്ചാരയടിക്കുകയായിരുന്നു എന്ന് നമ്മളാരും വിചാരിച്ചത് പോലുമില്ലല്ലോ... നമ്മടെ കാലമൊക്കെ കഴിഞ്ഞ് പോയെടി .

. നിന്നെ കണ്ടിഷ്ടപെട്ട് മാന്യമായി പെണ്ണ് ചോദിക്കുന്നതിന് പകരം വല്ല സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിലോ കാറ്റ് വീശിയടിക്കുന്ന മനോഹരമായ ഒരു വൈകുന്നേരം പാടത്തോ പറമ്പിലോ മരങ്ങളെയൊക്കെ ചുറ്റി സിനിമ സ്റ്റൈലിൽ നേരിട്ടു നിന്നോടങ്ങ് പറഞ്ഞാൽ മതിയായിരുന്നു... അളിയനും അളിയന്റെ അളിയനും കാട് കയറി പ്രണയിക്കുമ്പോ ഞാനായി നന്മയുടെ സ്ത്രോതസ്സായി നിൽക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു.... " നിരാശയോടെ, ഒരു നെടുവീർപ്പോടെ നിയാസ് പറഞ്ഞപ്പോൾ ജാള്യതയോടെ നിന്നതേയൊള്ളൂ സൽമാൻ...ഷെറിയെ നോക്കി നിനക്കുള്ളത് തരാട്ടോ എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു സഫ..... എല്ലാം കേട്ട് ഒരു കൈ ഉമ്മാടെ കൈയിൽ കോർത്ത് ഒരിളം പുഞ്ചിരിയോടെ നിന്നതേയുള്ളു സുറുമി...അമ്മായിമ്മയെ ഇപ്പഴേ കറക്കി തുടങ്ങിയെന്നൊക്കെ കളിയാക്കുന്നുണ്ടായിരുന്നു നിയാസ്... കുറച്ച് നേരം കൂടെ നിന്നതിനു ശേഷം അവർ പോകാനായി ഇറങ്ങി.. ഉമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു സുറുമിക്ക്‌.. കാറിൽ കയറുന്നത് വരെ അവരുടെ ഒരു കൈ അവളുടെ കൈക്കുള്ളിലായിരുന്നു... "എല്ലാവരുടെയും സമ്മതത്തോടെ എന്റെ മശൂന്റെ പെണ്ണായി വേഗം വായോ... ഇവരൊക്കെ അങ്ങ് പോയാൽ എനിക്ക് കൂട്ടായി നീയും നിനക്ക് കൂട്ടായി ഞാനും തന്നെ ഉണ്ടാവോള്ളൂ... " കാറിൽ കയറാൻ നേരം സ്നേഹത്തോടെ, വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ഉമ്മ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... തിരിച്ച് വലിയേടത്തേക്കുള്ള യാത്രയിൽ സുറുമിയുടെ മനസ്സ് മുഴുവൻ വെങ്ങാട്ട് വീട്ടിലായിരുന്നു...

അവിടെ നിന്ന കുറച്ച് നേരം മഷൂദ് കൂടെ ഉള്ളത് പോലെ മനസ്സ് സംതൃപ്തമായിരുന്നു ....അവന്റെ ഇടമായത് കൊണ്ടായിരിക്കാം കൊറേ ദിവസത്തിന് ശേഷം മനസ്സും ശരീരവും ഒന്ന് തണുത്ത പോലെ.... ദിവസങ്ങൾ വീണ്ടും ഓടി മറഞ്ഞു... സമീറയും മക്കളും പുതിയ വീട്ടിലേക്ക് താമസം മാറി.. കൂടുതൽ മനോഹരതയോടെ അവർ ജീവിച്ച് തുടങ്ങി... ഇതിന്റെ ഇടയിൽ ഹിബയും പ്രെഗ്നന്റ് ആണെന്ന വാർത്ത സന്തോഷത്തോടെയാണ് ഹന വന്നറിയിച്ചത്.. സുറുമിയും ഹനയും സഫയും ഡിഗ്രി ഫൈനൽ ഇയർ ആയി... ഹന ഈ വർഷം കൂടെ അവർക്കൊപ്പം ഉണ്ടാവൂ... അത് കൊണ്ട് കോളേജിൽ ചിലവഴിക്കാൻ കിട്ടുന്ന സമയം ഒന്ന് പോലും പാഴാക്കാതെ അവർ ഗംഭീരമാക്കി.. വീട്ടിലെത്തിയാൽ ഉമ്മയോട് വല്ലതും പറയുമെന്നതൊഴിച്ചാൽ സൽമാൻ വരുന്നത് വരെ സുറുമിക്ക് ബോറടിയാണ്.... ഫോൺ എടുക്കുന്നത് വിലക്കിയത് കൊണ്ട് അതെടുക്കാനോ വിളിക്കാനോ അവൾ പോകാറുമില്ല... വാപ്പച്ചി വീട്ടിലില്ലാത്ത നേരത്ത് എടുത്താലായി.... ഷെറിയുടെ പ്രസവത്തോട് അടുപ്പിച്ച് മഷൂദ് വരുമെന്ന വാർത്ത സന്തോഷത്തോടെയാണ് സുറുമി കേട്ടത്... പിന്നീട് കാത്തിരിപ്പായിരുന്നു...

ഒരുപക്ഷെ ഷെറിക്ക്‌ അറിയുന്നതിലേറെ അവൾക്ക് ഇപ്പൊ എത്ര മാസമായി എത്രയാ ഡേറ്റ് എന്നൊക്കെ കൃത്യമായി സുറുമിക്കായിരുന്നു അറിവ് ..... അങ്ങെനെയൊരു വെള്ളിയാഴ്ച.. കോളേജ് വിട്ട് വന്ന് കുളിയും ചായകുടിയും കഴിഞ്ഞ് രാവിലത്തെ പത്രം നോക്കിയിരുന്ന സമയമാണ് ലാൻഡ് ഫോൺ ശബ്ദിച്ചത്... വാപ്പച്ചി പുറത്തേക്ക് ഇറങ്ങിയതാണ്...ഉമ്മ ആണെങ്കിൽ തിരക്കിട്ട എന്തോ പണിയിലും ... ആദ്യത്തെ ബെൽ അടിച്ച് തീർന്നതും വീണ്ടും ശബ്ദിക്കാൻ തുടങ്ങി.. "വാപ്പച്ചി ഇവിടെ ഇല്ലാലോ.. ഒന്ന് ഫോൺ എടുക്കെന്റെ റൂമി.. " ഉമ്മയുടെ അപേക്ഷയോടെയുള്ള ശബ്ദം കേട്ടപ്പോൾ അവൾ പിറുപിറുത്തു കൊണ്ട് ലാൻഡ് ഫോൺ ലക്ഷ്യമാക്കി നടന്നു.... റിസീവർ കാതിൽ വെച്ച് ഹലോ എന്ന് രണ്ട് മൂന്ന് പ്രാവിശ്യം പറഞ്ഞിട്ടും മറുഭാഗത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാനില്ല.. എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാനായി ഒന്ന് രണ്ട് നിമിഷം കാതോർത്തു നിന്നു .. മറുവശത്ത് നിന്നുയരുന്ന നിശ്വാസത്തിന്റെ, മുറുകുന്ന നെഞ്ചിടിപ്പിന്റെ സാന്നിധ്യം അറിയേ വയറിലൂടെ ഒരു വിറയൽ കടന്ന് പോയി.. ക്രമാതീതമായി അവളുടെ നെഞ്ചിടിപ്പും ഉയർന്നു.....നെറ്റിയിലും ചെന്നിയിലുമായി വിയർതുള്ളികൾ പൊടിഞ്ഞു..... വാക്കുകൾ ഒന്നും വരുന്നില്ല.. എല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നതേയൊള്ളൂ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story