സുറുമി: ഭാഗം 24

surumi

എഴുത്തുകാരി: അവന്തിക

റിസീവർ ചെവിയിൽ വെച്ച് ഹലോ എന്ന് രണ്ട് മൂന്ന് പ്രാവിശ്യം പറഞ്ഞിട്ടും മറുഭാഗത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കാനില്ല.. എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാനായി ഒന്ന് രണ്ട് നിമിഷം കാതോർത്തു നിന്നു .. മറുവശത്ത് നിന്നുയരുന്ന നിശ്വാസത്തിന്റെ, മുറുകുന്ന നെഞ്ചിടിപ്പിന്റെ സാന്നിധ്യം അറിയേ വയറിലൂടെ ഒരു വിറയൽ കടന്ന് പോയി.. ക്രമാതീതമായി അവളുടെ നെഞ്ചിടിപ്പും ഉയർന്നു.....നെറ്റിയിലും ചെന്നിയിലുമായി വിയർതുള്ളികൾ പൊടിഞ്ഞു..... വാക്കുകൾ ഒന്നും വരുന്നില്ല.. എല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നതേയൊള്ളൂ.... ഒന്ന് രണ്ട് നിമിഷം ഉയർന്നു താഴുന്ന നിശ്വാസം കാതോർത്തവൾ നിന്നു.. "നിന്നോട് ചോദിച്ചേ കേട്ടില്ലേ ആരാ റൂമി........? '' ഉമ്മിയുടെ ശബ്ദം അടുത്തെത്തിയതും വിറച്ചു കൊണ്ടവൾ റിസീവർ അൽപ്പം താഴ്ത്തി വെച്ചു.. "അറിയില്ലുമ്മാ...കേൾക്കുന്നില്ല...വാപ്പച്ചിക്കാന്ന് തോന്നുന്നു.. " എന്ന് പറഞ്ഞു കൊണ്ടവൾ റിസീവർ വീണ്ടും കാതോട് ചേർത്തു....

" വാപ്പച്ചി ഇവിടെ ഇല്ലാത്ത നേരത്ത് ഇതാരാണാവോ.... പരിചയക്കാർക്കൊക്കെ അറിയുന്നതല്ലേ ഈ നേരത്ത് ഇവിടെ ഉണ്ടാവാറില്ലെന്ന്..... അത്യാവിശ്യമുള്ളവർ വാപ്പച്ചി ഉള്ള സമയത്ത് വിളിച്ചോളും... ഞാൻ ഫോൺ കട്ട്‌ ചെയ്തൂട്ടോ ഉമ്മാ...... " മറുവശം അപ്പോഴും അവന്റെ സാന്നിധ്യം അവൾ അറിയുന്നുണ്ടായിരുന്നു.. "അത് ശരിയാ ...... വേണോര് വാപ്പച്ചി ഉള്ള സമയം വിളിച്ചോളും... നീ വെച്ചേക്ക്...." ഉമ്മയുടെ മറുപടിയും വന്നു..... ഒന്ന് രണ്ട് നിമിഷം കൂടെ അവൾ റിസീവർ ചെവിയിൽ വെച്ച് കാതോർത്തു .. മറുവശത്തവൻ എല്ലാം കേട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ മനസ്സില്ലാതെയാണെങ്കിലും അവൾ ഫോൺ കട്ട്‌ ചെയ്തു.. ഒന്ന് രണ്ട് നിമിഷം കൂടെ ഏതോ ആലോചനയിൽ അവളൊന്ന് നിന്നു.

പിന്നെ പതിയെ നടന്ന് റൂമിന്റെ വെളിയിലേക്ക് തലയിട്ട് ഉമ്മ അവിടെ എവിടെങ്കിലും ഉണ്ടോ എന്ന് നോക്കി.. ഇല്ല്യാ..ഇവിടെങ്ങും ഇല്ല്യാ.. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കാനുമുണ്ട്.. ആശ്വാസത്തോടെയവൾ ശ്വാസം വിട്ടു.. പതിയെ റൂമിൽ നിന്ന് ഇറങ്ങാൻ നേരം കണ്ണുകൾ പോയത് റൂമിന്റെ ഒരു കോർണറിലായി സ്റ്റാൻഡിൽ ശാന്തമായി ഇരിക്കുന്ന ഫോണിലേക്ക് തന്നെയാണ്... ഒന്നൂടെ ഉമ്മ വരുന്നില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടവൾ പതുക്കെ ചെന്ന് റിസീവർ ചെവിയിൽ വെച്ച് കാതോർത്തു.. മറുവശം കുറുകി കൊണ്ടിരിക്കുന്ന അതിന്റെ സ്ഥായി ശബ്ദം കേട്ടപ്പോൾ നിരാശയോടെയവൾ റിസീവർ താഴെ വെച്ച് പുറത്തേക്ക് ഇറങ്ങി.. റൂമിലേക്ക് എത്തിയിട്ടും കയ്യിന്റെ വിറയലും ഉയർന്ന നെഞ്ചിടിപ്പും യാഥാസ്ഥിതിയിൽ ആയിട്ടില്ലായിരുന്നു.. മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടുന്നതിനോടൊപ്പം ഒരു വാക്ക് പോലും സംസാരിക്കാനോ ... ആ ശബ്ദം ഒന്ന് കേൾക്കാനോ പോലും പറ്റിയില്ലല്ലോ എന്ന നിരാശയും....

എന്തേലും ഒരു വാക്ക് പറയാമായിരുന്നു... ഇതിപ്പോ ആ നേരത്തെ വെപ്രാളം കൊണ്ട് ഒന്നും ഓർമയും വന്നില്ല.. ശ്യോ..... ജസ്റ്റ്‌ മിസ്സായല്ലോ..... ഇനി പറഞ്ഞിട്ട് കാര്യല്ല.. പോയ ബസിന് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ.... ഇപ്പോഴും കൈയുടെ വിറയൽ മാറിയിട്ടില്ല.. ആ നേരത്താണെങ്കിൽ നാശം പിടിക്കാൻ ശബ്ദം പോലും പുറത്തേക്കും വന്നില്ല.... ഇനിയിപ്പോ മഷൂ അല്ലേ അത്... തോന്നിയതാവോ... ഹേയ് അല്ലല്ല..... ഫോണിലൂടെ അറിഞ്ഞ നിശ്വാസം അത് മശൂന്റെ തന്നെയാ... എനിക്ക് സംശയം ഉണ്ടെങ്കിലും എന്റെ ഹൃദയം വേഗം തിരിച്ചിറഞ്ഞല്ലോ.. ആദ്യം ഫോൺ എടുത്ത് ചെവിയിൽ വെച്ച നിമിഷം തന്നെ അകാരണമായി തുടികൊട്ടിയത് ഈ ഇടനെഞ്ചാണ്.. പിന്നെയാ ഈ പൊട്ട തലച്ചോറിന് പോലും മനസ്സിലായത്... പക്ഷെ... ഇങ്ങോട്ട് ഒന്ന് മിണ്ടിയത് പോലുമില്ലല്ലോ.. പടച്ചോനേ.... ഇനിയിപ്പോ ഉമ്മനോട് പറഞ്ഞ പോലെ കേൾക്കാത്തതാണോ.... അല്ലല്ല... മഷൂ തന്നെയാ...

ഇനിയിപ്പോ മഷൂ ആണേൽ എന്നോട് പരിഭവം തോന്നി കാണോ ഒരു വാക്ക് പോലും മിണ്ടാത്തതിൽ.... പിണക്കായി കാണോ.. റബ്ബേ... നീ കാത്തോളണേ... അങ്ങനെയൊന്നും തോന്നിപ്പിക്കല്ലേ..... സ്വയം സമാധാനിപ്പിച്ച് ആശ്വാസം കണ്ടെത്താൻ നോക്കിയെങ്കിലും അവൻക്ക്‌ ദേഷ്യമായി കാണോ എന്ന ചിന്ത അവൻ വിളിച്ചല്ലോ എന്ന സന്തോഷത്തെയും മദിച്ച് കൊണ്ടവളെ കൂടുതൽ അസ്വസ്ഥയാക്കി.... കസേര വലിച്ച് അതിലേക്ക് ഇരുന്ന് കൊണ്ടവൾ അടുക്കി വെച്ച പുസ്തക കെട്ടുകളിൽ നിന്ന് അവളുടെ ഡയറി വലിച്ചെടുത്തു ... എപ്പോഴും എഴുതുന്ന ശീലമൊന്നുമില്ല.. വല്ലപ്പോഴും എന്തേലും കുത്തികുറിക്കും... വിശേഷദിവസങ്ങളോ സംഭവങ്ങളോ അടയാളപ്പെടുത്തിയിടും... ഭാരിച്ച ചിന്തയോടെ തന്നെ അവളാ ഡയറി തുറന്നു..മഷൂ ഹനയുടെ കയ്യിൽ കൊടുത്ത് വിട്ട, അവൻ അവൾക്ക്‌ വേണ്ടി ആദ്യമായി എഴുതിയ ആ കത്ത് രണ്ടായി മടക്കി വൃത്തിയായി സൂക്ഷിച്ചിരുന്നു അതിൽ .. കൂടാതെ അവൻ കഴിഞ്ഞ തവണ കൊണ്ടുവന്ന സഫ അവൾക്കായി സമ്മാനിച്ച മിഠായി കവറുകളും, ഹനയുടെ കല്യാണ ദിവസം.. അവൻ ഇഷ്ട്ടം തുറന്ന് പറഞ്ഞ ദിവസം....

അവൾ കാത്തിരിക്കാം എന്ന് വാക്ക് കൊടുത്ത ദിവസം... അന്ന് അവൻ വാങ്ങി കൊടുത്ത ചോക്ലേറ്റ് കവറും അതിൽ ഭദ്രമായിരുന്നു... ആ കത്ത് തുറന്ന് അതിലെ വരികളിലൂടെ അവൾ കണ്ണുകൾ പായ്ച്ചു ... പതിയെ ആ അക്ഷരങ്ങളിലൂടെ അവൾ വിരലോടിച്ചു... മഷ്‌കാക്ക... ഇന്ന് വിളിച്ചത് നിങ്ങളല്ലേ... എന്താ ഒരു വാക്ക് പോലും സംസാരിച്ചില്ലല്ലോ... ഉമ്മ റൂമിലേക്ക് വരും എന്ന് തോന്നിയത് കൊണ്ടല്ലേ ഞാൻ കേൾക്കുന്നില്ല എന്ന് കള്ളം പറഞ്ഞേ.. ഈ സമയം വാപ്പച്ചി ഇല്ലാത്ത സമയം ആണെന്ന് പറഞ്ഞതും നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാ... പൊട്ടന് മനസ്സിലായോ എന്തോ... വിളിച്ചതൊക്കെ കൃത്യ സമയത്താ.. വാപ്പച്ചി ഇല്ലെങ്കിൽ മാത്രം.. അതും ഉമ്മ തിരക്കിലാണെങ്കി മാത്രേ ഞാൻ ഫോൺ എടുക്കാറുള്ളൂ..... വാപ്പച്ചി വിലക്കിയത് കൊണ്ട് എപ്പോ ഞാൻ ഫോൺ എടുത്താലും പുറകെ ഉമ്മയും വരും ആരാ എന്താന്ന് അറിയാൻ... അതല്ലേ ഞാൻ അങ്ങനെയൊരു കള്ളം പറഞ്ഞേ....

ഇനിയും ഈ സമയത്തു തന്നെ വിളിക്കാൻ വേണ്ടിയാ വാപ്പച്ചി ഇവിടെ ഇല്ലാത്ത സമയവും ഇതുതന്നെയാണെന്ന് പറഞ്ഞത്....ഒന്നും സംസാരിച്ചില്ലേലും ആ നിശ്വാസം എങ്കിലും കാതോർക്കാല്ലോ.... എന്നോട് പരിഭവം തോന്നല്ലേ.... സാഹചര്യം അതായി പോയി... ഇനി വിളിക്കൂലേ... പരിഭവം കൊണ്ട് വിളിക്കാതിരിക്കല്ലേ.... ഇനി വിളിക്കുമ്പോ ഉമ്മ അടുത്തൊന്നും ഇല്ലേൽ ഞാൻ എന്തേലും സംസാരിക്കാൻ നോക്കാ...ഞാൻ കാത്തിരിക്കും ട്ടോ... ഇത്തവണത്തേക്ക് ക്ഷമിച്ചേക്കണേ... പാവല്ലേ ഞാൻ.... അവനോടെന്ന പോലെ ആ അക്ഷരണങ്ങളോടും അവൾ അവളുടെ ആകുലത പങ്കുവെച്ചു.... ഒരു നിശ്വാസത്തോടെയവൾ ആ കത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു... പിന്നീട് അങ്ങോട്ട് കാത്തിരിപ്പായിരുന്നു.. വൈകീട്ട് അവൻ അന്ന് വിളിച്ച ആ സമയം അവളെന്തെലും ജോലിയിൽ മുഴുകി അവിടെ ചുറ്റി പറ്റി നിൽക്കും... വാപ്പച്ചി വരുന്നത് വരെ അത് തുടരും... വാപ്പച്ചി വന്ന് കയറിയാൽ റൂമിലേക്ക് പോകും....

പക്ഷെ ശ്രദ്ധ മുഴുവൻ താഴെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നുണ്ടോ എന്നതിലായിരിക്കും... അഞ്ചാറു ദിവസങ്ങൾ കൂടെ പ്രതീക്ഷയോടെ, ആകുലതയോടെ, നിരാശയോടെ കഴിഞ്ഞു പോയി.. വൈകീട്ട് അവൻ വിളിക്കുമെന്ന് പ്രതീക്ഷിക്കും.. വാപ്പച്ചി വന്ന് കഴിഞ്ഞാൽ അത് ആകുലതയായി മാറും.. അവൻ വിളിക്കോ.. വാപ്പച്ചിക്ക് സംശയം തോന്നോ എന്ന ആകുലത.... ആ ദിനം കൂടെ കൊഴിഞ്ഞു പോകുന്നതോടെ പറഞ്ഞറിയിക്കാൻ പറ്റാത്ത നിരാശയായിരിക്കും.. ദിവസം കോഴിയും തോറും അവൻ പിണങ്ങി കാണുമോ എന്ന വേവലാതിയും അവളുടെ മനസ്സിന്റെ സ്വസ്ഥത ഇല്ലാതാക്കി .... അടുത്തൊരു വെള്ളിയാഴ്ച കൂടെ വന്നെത്തി.... പതിവ് പോലെ മനസ്സും കാതും വാപ്പച്ചിയുടെ റൂമിൽ വെച്ച് റൂമിന് വെളിയിൽ പല കാര്യങ്ങളിലായി മുഴുകിയിരിപ്പാണവൾ..... ഇന്ന് കൂടെ അവൻ വിളിച്ചില്ലെങ്കിൽ അവൻ ഇനി വിളിക്കില്ല എന്നവൾക്ക് തന്നെ തോന്നി തുടങ്ങിയിരുന്നു... അല്ലെങ്കിൽ കഴിഞ്ഞ ആഴ്ച അവൻ വിളിച്ചു എന്നും, അവന്റെ സാന്നിധ്യം മനസ്സിലായി എന്നതും അവളുടെ വെറും തോന്നൽ മാത്രമാണ് എന്നവളുടെ ഉള്ളിൽ നിന്നാരോ പറഞ്ഞു തുടങ്ങിരിയിരുന്നു ...

അങ്ങനെ വിശ്വസിക്കാൻ അവൾ അവളുടെ മനസ്സിനെ സജ്ജമാക്കിയിരുന്നു എന്ന് വേണം പറയാൻ..... ഒട്ടൊരു നേരം കഴിഞ്ഞിട്ടും വിളിയൊന്നും കാണാത്തപ്പോ നോവിനും അപ്പുറം ഉള്ളം മുഴുവൻ വേവലാതിയായിരുന്നു.. അവൻ പിണങ്ങി കാണോ.. ദേഷ്യം വന്ന് കാണോ എന്ന ആകുലതയായിരുന്നു അവൾക്ക്.....നിമിഷങ്ങൾ മിനുട്ടുകളായി ഓടി മറിയുമ്പോ ഉള്ളിലെ പ്രതീക്ഷയും അസ്തമിച്ചിരിന്നു.. നിരാശയോടെ.... നീറുന്ന മനസ്സോടെ ഉള്ളിൽ കുമിഞ്ഞു കൂടിയ ഭാരത്തോടെ അന്നത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് ചെയ്യുന്ന ജോലി മതിയാക്കി പോകാനൊരുങ്ങുമ്പോഴാണ് ലാൻഡ് ഫോൺ റിങ് ചെയ്തത്..... ആ ഒരു നിമിഷം മതിയായിരുന്നു അവൾക്ക് എരിഞ്ഞടങ്ങിയ പ്രതീക്ഷകൾ വീണ്ടെടുക്കാൻ.... ""ഫോൺ എടുത്ത് നോക്കെന്ന്"" ഉമ്മ വിളിച്ച് പറയുമ്പോ, ഉള്ളിലുള്ള ആകാംഷ പുറത്തേക്ക് കാണിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു..... ഉമ്മ കേൾക്കാനും സംശയം തോന്നാതിരിക്കാനും റിങ് ചെയ്യുന്ന ഫോൺ എടുക്കാനുള്ള എതിർപ്പ് പിറുപിറുത്തുകൊണ്ടവൾ പ്രകടിപ്പിച്ചു കൊണ്ടിരിന്നു.....

ഉമ്മ ഫോൺ എടുക്കാൻ പറഞ്ഞത് ഇഷ്ട്ടപെടാത്തത് പോലെ തകർത്തഭിനയിച്ച് റിസീവർ കാതോട് ചേർക്കുമ്പോൾ മറുവശം ഉയർന്നു വരുന്ന അവന്റെ നിശ്വാസവും അവന്റെ സാന്നിധ്യവും അവൾ ഞെട്ടലോടെ മനസ്സിലാക്കി.. ഒന്ന് രണ്ട് നിമിഷം അവളാ നിശ്വാസം കാതോർത്തു നിന്നു.... ഉമ്മയുടെ ആരാണെന്നുള്ള ചോദ്യം കേട്ടപ്പോൾ ""കേൾക്കുന്നില്ല... ഹലോ.. ആരാണ്...... '"' എന്ന് പറഞ്ഞു തുടങ്ങിയിരുന്നു അവൾ... ഒടുവിൽ ഉമ്മ വരുമെന്ന് തോന്നിയതും ഒന്നും കേൾക്കുന്നില്ല ഫോൺ പുതിയതൊരെണ്ണം വാങ്ങാൻ സമയമായെന്നും പിറുപിറുത്തു കൊണ്ടവൾ ഊക്കോടെ റിസീവർ താഴെ വെച്ചിരുന്നു... അവന്റെ സാന്നിധ്യമെങ്കിലും അറിയാൻ പറ്റിയ സന്തോഷത്തിൽ മനസ്സ് തുള്ളിച്ചാടുമ്പോ, മുമ്പെങ്ങോ സംസാരത്തിനിടക്ക് വെള്ളിയാഴ്ചയാണ് മഷൂച്ചക്ക് ലീവ് എന്ന് സഫ പറഞ്ഞത് അവൾ ഓർത്തെടുത്തു..... ആഴ്ചകൾ പ്രതേകതകൾ ഒന്നുമില്ലാതെ കടന്ന് പോയി...

ഓരോ വെള്ളിയാഴ്ച്ചയും സുറുമിക്ക് കാത്തിരിപ്പിന്റേതായിരിന്നു... പുതുമയൂടേതായിരിന്നു.. പ്രതീക്ഷകളുടേതായിരുന്നു... ആ ദിവസം വന്നെത്തിയാൽ കാറ്റിൽ പറത്തി വിട്ട പട്ടം പോലെയായിരിക്കും മനസ്സ്... ആ സമയത്ത് തന്നെ, പല രീതിയുള്ള കള്ളത്തരം ചെയ്ത്, അവന്റെ നിശ്വാസം കാതോർക്കാനായി, അവന്റെ സാന്നിധ്യം അറിയാനായി അവൾ കാത്തിരുന്നു..... അങ്ങനെയൊരു വെള്ളിയാഴ്ച.. ഇന്നവൻ വിളിക്കുമെന്ന സന്തോഷത്തിൽ കോളേജ് വിട്ട് വരുമ്പോൾ കാണുന്നത് എവിടെയോ പോകാനായി ഒരുങ്ങുന്ന ഉമ്മയെയാണ്... ചോദിച്ചപ്പോൾ ഉമ്മയുടെ മാമന്റെ വീട്ടിൽ കല്യാണം....സൽമാൻ കൊണ്ടുപോകാൻ വരുമെന്നും പെട്ടന്ന് തന്നെ അവളോട് ഒരുങ്ങാനും പറഞ്ഞു അവർ.... വാപ്പച്ചി പതിവ് പോലെ പുറത്താണ്... ഇനി സന്ധ്യ മയങ്ങി പള്ളിയിൽ കയറി പ്രാർത്ഥന കഴിഞ്ഞേ വരൂ.... പെട്ടന്ന് തോന്നിയ ബുദ്ധിയിൽ തലവേദനയുണ്ട് ഒന്ന് കിടക്കട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ടവൾ റൂമിൽ കയറി കതകടച്ചു...

.ഒരുങ്ങാൻ വിട്ട അവളെ സൽമാൻ വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. കലി തുള്ളി കൊണ്ട് ഉമ്മ റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്ന കാഴ്ച, തളർന്നു കിടക്കുന്ന സുറുമിയെയാണ്... കോളേജിൽ നിന്ന് വന്ന അതേ പടിയാണ് കിടപ്പ് .. വസ്ത്രം പോലും മാറ്റിയിട്ടില്ല.... നനഞ്ഞ തുണി നെറ്റിയിൽ വെച്ച് കണ്ണ് തുറക്കാൻ പോലും കഴിയാതെ കിടക്കുകയാണവൾ ... നെറ്റിയിലും കഴുത്തിലും ആകുലതയോടെയവർ തൊട്ട് നോക്കി.. എവിടെ നിന്നോ വേദന സംഹാരിക്കുള്ള മരുന്നും ഒരു ഗ്ലാസ്‌ വെള്ളവും ചൂടുള്ള ചായയും കൊടുത്ത് അവർ വരുന്നത് വരെ കിടന്നോളാൻ പറഞ്ഞു കൊണ്ടവർ വീട് പൂട്ടിയിറങ്ങി.. സൽമാന്റെ കാർ മുറ്റത്ത് എത്തിയ ഇരമ്പലും അവളെ അന്വേഷിക്കുന്ന സൽമാന്റെ ശബ്ദവും ഉമ്മയുടെ വിശദീകരണവും ഒടുവിൽ കാർ അകന്ന് പോകുന്ന ശബ്ദവും കേട്ടപ്പോൾ ഒരായിരം തവണ മനസ്സ് കൊണ്ട് ഉമ്മയോട് ക്ഷമ ചോദിച്ചു കൊണ്ടവൾ എഴുന്നേറ്റിരുന്നു...

ഓരോ നിമിഷവും ചങ്കിടിപ്പോടെ കടന്ന് പോയി... ലാൻഡ് ഫോണിലേക്കും ക്ലോക്കിലേക്കും മാറി മാറി നോക്കി കൊണ്ടവൾ സമാധാനം നഷ്ട്ടപ്പെട്ടവളേ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിന്നു... വാപ്പച്ചിയുടെ റൂമിലേക്ക് കയറി ജനൽ പാളി അൽപ്പം തുറന്നിട്ടു.. ഇപ്പൊ ഫോണിൽ സംസാരിക്കുകയാണെങ്കിലും അൽപ്പം തുറന്ന് കിടക്കുന്ന ജനാലയിലൂടെ റോഡ് വ്യക്തമായി കാണാം...വാപ്പച്ചി നടന്നാണ് പോയിട്ടുള്ളത്..നേരം ഇരുട്ടിയാലും അടുത്തുള്ള വീടുകളിലെ ലൈറ്റ് തെളിയുമ്പോ റോഡും റോഡിലേ കാഴ്ചയും വ്യക്തമാണ്.... നിമിഷങ്ങൾ കടന്ന് പോയി... കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഫോൺ ശബ്ദിച്ചു... നെഞ്ചിടിപ്പിന്റെ വേഗതയേറി.... കൈകൾ വിറക്കുന്നുണ്ടായിരുന്നു അവൾക്ക്... റിസീവർ കാതോട് ചേർക്കുമ്പോൾ ഉമിനീർ പോലും തൊണ്ടയിൽ കുരുങ്ങി കിടന്നതേയുള്ളൂ.. ഒരു നിമിഷം അവൾ കാതോർത്തു.. മറുവശം അവന്റെ സാമീപ്യം അവളെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി.. പൊട്ടിപോകാറും വിധം മിടിച്ച് കൊണ്ടിരിക്കുന്ന നെഞ്ചിടിപ്പിനെ നേരെയാക്കുമ്പോ കണ്ണുകൾ ജനാലയിലൂടെ കാണുന്ന റോഡിലായിരുന്നു.... "ഹെ.... ഹലോ.... ".

............... "മഷ്‌ക്കാ.. ഞാനാ..... സുറുമി... " വാക്കുകൾ ഇടറുന്നുണ്ടായിരുന്നു അവൾക്ക്.. "സു... സുറുമി..... നീ .... അവിടെ ആരുമില്ലേ...? " ഭയം കലർന്നിരുന്നു അവന്റെ സ്വരത്തിൽ "ച്ചും... " അവൾ ഇല്ലെന്ന് ശബ്ദിച്ചു "പറയ്‌....." ഇപ്പൊ ചെറുതായ് ശാന്തനായ പോലെ... "ഇല്ല്യാ... " "ഗോളടിച്ചല്ലോ.... എവിടെ പോയി എല്ലാരും ... " വാക്കുകളിൽ കുസൃതിയുള്ളത് പോലെ... "ഉമ്മാടെ മാമന്റെ വീട്ടിൽ കല്യാണം...... " "ഹാ.. ന്ന്ട്ട്.. നീ പോയില്ലേ.. " "ഇല്ല്യാ... " "അതെന്തേ....? '' "അത്... അതൊന്നുല്ല്യ... ". "പറയ്‌.... കേൾക്കട്ടെ... " "നിങ്ങൾക്ക് അറിയൂലെ.. എന്തിനാ ചോദിക്കുന്നെ... " "അത് നല്ല കാര്യം... എനിക്കെങ്ങനെ അറിയാനാ...? " "ഓഹ് .....അതൊന്നുല്ല്യ... കുറച്ചാഴ്ചകളായി എന്നെ തേടി ഒരു കാൾ വരാനുണ്ട്... ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ലെങ്കിലും എന്റെ സ്വസ്ഥതയും സമാധാനാവും എന്തിന്, എന്റെ ചിന്തയും ഞാനുമടക്കം എല്ലാം ആ ഒരു ദിവസത്തെ നിമിഷങ്ങൾ മാത്രം ദൈർഗ്യമുള്ള ആ ഫോൺ കാളിലാ..... "

മറുവശത്ത് അടക്കി പിടിച്ച ചിരി മാത്രം.. "ചിരിച്ചോ.. ചിരിച്ചോ .. നെഞ്ചില് തീയാണ്.... " "ഞാൻ വിളിക്കുന്നത് കൊണ്ടാണോ നിന്റെ നെഞ്ച് കത്തുന്നത്... അങ്ങനെ ആണേൽ ഇനി വിളിക്കിണില്ല്യ .... " "അതൊന്നുമല്ല.... " ' "പിന്നെ...? '' "വിളിക്കുമ്പോ സമാധാനമാണ്.... അതിത്തിരി വൈകിയാൽ സങ്കടോം വരും.. പക്ഷെ... ഓരോ വെള്ളിയാഴ്ച്ചയും വരുമ്പോ പേടിയാ.... അതെങ്ങാനും പിടിക്കപെടോ ആർക്കേലും മനസ്സിലാകോ എന്നൊക്കെ.... " "അറിയാ.... പറഞ്ഞു തരേണ്ട ആവിശ്യം ഒന്നുമില്ലെടി .... വിളിക്കുമ്പോ നീ തന്നെയാണെന്ന് ഉറപ്പാക്കുന്നത് വരെ എന്റെ നെഞ്ചിലും തീയാ... ". "ആണോ.... സാരല്ല... ഞാൻ ആണേൽ ഉമ്മയോട് ആണേലും എന്തേലുമൊക്കെ സംസാരിക്കാൻ നോക്കാറില്ലേ... വേറെ ആരെടുത്തലും ഒന്നും മിണ്ടാതെ ഇരുന്നാൽ മതി... പേടിക്കൊന്നും വേണ്ടാട്ടോ.... "

"കല്പ്പന പോലെ....... ന്നട്ട്..? " "നാളെ ഒമ്പത്.... " "അയ്യേ.... ഓഞ്ഞ തമാശ.... അതൊക്കെ ഔട്ട്‌ ആയതാടി... " "സാരല്ല.... സഹിച്ചു.... " വീണ്ടും അടക്കി പിടിച്ച ചിരി മാത്രം... "എന്താ കിണിക്കുന്നേ..? " "അല്ല... നിന്നെ കല്യാണത്തിന് പോകാം വിളിച്ചില്ലേ അവര്....? " "മ്മ്... വിളിക്കാതെ.... മലയാള സീരിയൽ ലോകത്തെ ഞെട്ടിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചിട്ടല്ലേ ഇവിടെ നിൽക്കുന്നെ... തലവേദന എന്ന് പറഞ്ഞ് നനഞ്ഞ തുണിയും നെറ്റിയിൽ ഇട്ട് കണ്ണ് പോലും തുറക്കാൻ പറ്റാത്ത പോലെ അങ്ങ് അഭിനയിച്ചു.. സിമ്പിൾ.. ഉമ്മ പാവം..... വിശ്വസിച്ചു... മരുന്നും വെള്ളോം ചായേം ഒക്കെ റൂമിൽ കൊണ്ട് തന്നിട്ടാ പോയെ... " "അമ്പടി.... നീ ആള് കൊള്ളാലോ... എവിടുന്ന് പഠിച്ചു ഇമ്മാതിരി കള്ളത്തരമൊക്കെ ?? ... " " പഠിച്ചതൊന്നുമല്ല... ഒക്കെ സാഹചര്യം വരുമ്പോ പഠിഞ്ഞു പോകുന്നതാ.... ". "ഹാ ഹാ...... ന്നട്ട് ആരൊക്കെ പോയി..." "സലുക്കാ... ഉമ്മ... " "പടച്ചോനേ... വാപ്പച്ചി എവിടെ ടി....? '

' "പേടിത്തൊണ്ടൻ.... " കിണുങ്ങി ചിരിച്ചു കൊണ്ടവൾ പറഞ്ഞു... "അത് നിന്റെ വാപ്പ... അങ്ങേര് എവിടെ ടി... എനിക്ക് നിന്നെ കെട്ടി എന്റെ അഞ്ചു മക്കളേം കൺനിറയെ കാണാനുള്ളതാ..... നീ കളിക്കല്ലേ..... " "പൊട്ടാ.... വാപ്പച്ചി ഇവിടെ ഇല്ല.. ഉണ്ടേൽ ഞാൻ ഇങ്ങനെ സംസാരിക്കോ... പുറത്ത് പോയതാ.... പള്ളി പോയിട്ടൊക്കെ വരുള്ളൂ... " "നടന്നാ പോയെ...? " "ഹാ... നടന്ന്.. " വാപ്പച്ചി വരുന്നത് കാണോ... വണ്ടിയിലോ മറ്റോ ആണേൽ ശബ്ദം എങ്കിലും കേൾക്കും... " "ഞാനാരാ മോള്... ജനൽ കുറച്ച് തുറന്ന് വെച്ചിട്ടുണ്ട്.. ഇതിലൂടെ നോക്കിയാൽ വാപ്പച്ചി നടന്ന് വരുന്നത് സൂപ്പറായി കാണാം... ഇപ്പൊ കണ്ടാൽ വാപ്പച്ചി അവിടെന്ന് ഇവിടെ എത്തുമ്പോഴേക്കും ഫോൺ കട്ട്‌ ചെയ്ത് മേലെ പോയി വേദന അഭിനയിച്ച് കിടക്കാം.. ... ഒരു പേടിയും വേണ്ടാ.... "

"എടി ഭയങ്കരി.....എന്നാലും സൂക്ഷിക്കണേ... " "അതേറ്റു ന്നെ.... " "പിന്നെ...? " "എന്നാ വരാ... കാണാൻ കൊതിയായി... " "ഇപ്പൊ ഞാൻ പോയിട്ട്..... "... "പത്തു മാസോം പതിനേഴ് ദിവസോം .... " അവൻ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു.. "ഹാ.... കറക്റ്റ് ആണല്ലോ.... അപ്പോ.... ഷെറിയുടെ ഡെലിവറിക്കിനി ഏകദേശം......... " "രണ്ടര മാസം കൂടെ... ഫെബ്രുവരി അഞ്ചിനാ ഡേറ്റ് പറഞ്ഞേ... " അവൻ ഓർത്തെടുക്കുന്നതിന് മുമ്പേ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു "ആണോ... ഒക്കെ അറിയാലോ... അപ്പൊ പടച്ചോന്റെ വിധി ഉണ്ടേൽ അപ്പോഴേക്ക് വരും.... " "ഹ്മ്മ്.... അപ്പൊ വന്നാ എന്നാ പൂവ്വാ...? " "അതിന് ഞാൻ വന്നിട്ടില്ലല്ലോ പെണ്ണേ പോകാൻ..... " "എന്നാലും... എത്രൂസം കാണും ലീവ്...? " "രണ്ട് മാസം കാണുമായിരിക്കും.. " "ഇനി വന്നാ പോകാതിരുന്നൂടെ... എന്തിനാ പോണേ... ഇവിടെ ഉണ്ടേൽ എനിക്ക് ഇടക്കിടക്ക് കണ്ടൂടെ.... " മറുപടിയായി ഒന്ന് ചിരിച്ചു അവൻ... " ആഗ്രഹം ഇല്ലായിട്ടല്ല സുറുമി.... സാഹചര്യം അങ്ങനെ ആയി പോയി.... " "അതെന്താ...? "നിഷ്കളങ്കമായിരുന്നു അവളുടെ ചോദ്യം..

"എന്താ ന്ന് ചോദിച്ചാൽ... നിനക്ക് എത്ര കണ്ട് മനസ്സിലാകും എന്നറിയില്ല....എന്നാലും പറഞ്ഞു തരാ... ഷെറിയുടെ കല്യാണം... അതിന് വേണ്ടി മേടിച്ച കടം ഒരു വിധം തീർന്നിട്ടേ ഒള്ളൂ.. അപ്പോഴേക്ക് അടുത്ത ചിലവായില്ലേ... അവളുടെ പ്രസവവും മറ്റും... ഹോസ്പിറ്റൽ ചിലവൊക്കെ നിയാസ് നോക്കും.. എന്നാലും വീട്ടിൽ വന്നാ പ്രസവ ശുശ്രൂഷ എന്നൊരു ചടങ്ങ്...മുടികളയൽ ചടങ്ങ്... പിന്നെ ഉപ്പാപ്പാടെ സ്ഥാനത് നിന്നും മാമന്റെ സ്ഥാനത്തു നിന്നും ഞാനല്ലേ ഉള്ളെ... കയ്യിലോ കഴുത്തിലോ പോന്നെന്തെലും വേണ്ടി വരും... അതൊക്കെ ഈ ഞാൻ അധ്വാനിച്ചിട്ട് വേണ്ടേ....പിന്നെ വരുമ്പോഴേക്ക് നമ്മടെ കാര്യത്തിൽ എന്തേലും വഴി ഉണ്ടാക്കണം.. അപ്പൊ സഫയെ സൽമാന് വെറും കയ്യോടെ കൊടുക്കാൻ പറ്റോ... എന്നാലാവും വിധം എന്തേലുമൊക്കെ വേണ്ടേ... "

"ഇതൊക്കെ ന്റെ മഷ്‌ക്കനെ കൊണ്ട് ഒറ്റക്ക് പറ്റോ...? " "പറ്റാതെ..... " "സാരല്ല.. ഒക്കെ ശരിയാകും.... വിഷമിക്കണ്ട ട്ടോ...... " "മ്മ്.... " "എന്താ ഇപ്പൊ ഓർത്തെ....? " "ഒന്നും ഓർത്തില്ലല്ലോ.... " "കള്ളം... ഞാൻ പറയട്ടെ മഷ്‌ക്ക എന്താ ഓർത്തെന്ന്...? " "പറയ്‌ ... " "ഈ പ്രാരബ്‌ധ കണക്കൊന്നും അറിയാത്ത ഇവളൊക്കെ തലയിലായാലുള്ള അവസ്ഥ ഓർത്തതല്ലേ ...? " "ഹാ. . ഹ .. ഹാ ..... ഇത്തിരി മാറ്റമുണ്ട് .. ഈ എടുത്താൽ പൊങ്ങാത്ത ഭാരം കൊണ്ട് നടക്കുന്ന എന്നെ കെട്ടി, ഒന്നുമറിയാത്ത... ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന നിന്റെ ജീവിതം കൂടെ ഇല്ലാതാകുന്നത് ആലോചിച്ച് പോയതാ..... " "ഓഹ്... അതാണോ.... ഞാനങ്ങു സഹിച്ചു.... " "പറ്റില്ലെന്ന് പറഞ്ഞാലും ഞാൻ നിന്നെ വിട്ട് പോവൂല മോളെ.... " മറുപടിയായി കുണുങ്ങി ചിരിച്ചു അവൾ... "അതേയ് കുണുങ്ങുന്നതൊക്കെ കൊള്ളാം... നിന്റെ കണ്ണ് എവിടെയാ.... " "കണ്ണ് മുഖത്ത്.... " "ഹാഹാ.. എന്തൊരു തമാശ.... നിന്റെ തല നരച്ച പൊന്നാര വാപ്പ വരുന്നുണ്ടോ ന്ന് നോക്കാൻ... " "അതൊക്കെ ഞാൻ നോക്കുന്നുണ്ട്.... പിന്നേയ്... " "മ്മ്... " "വരുന്നത് വരെ എല്ലാ ആഴ്ചയും വിളിക്കണേ.... " "മ്മ്... " "എന്നും....? "

"ഹ്മ്മ്.. ഹ്മ്മ്... ഫ്രൈഡേ...." നിഷേധാർത്ഥത്തിൽ അവനൊന്ന് മൂളി "മ്മ്.... " "പെണ്ണേ... ഞാൻ എന്നും വിളിച്ചാൽ നീ ഈ ഫോണിന് ചുറ്റും കറങ്ങുന്നത് ഉമ്മാടെ കണ്ണിൽ പെടും.. ആഴ്ചയിൽ ആകുമ്പോ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ സൂക്ഷിക്കാം ... വയ്യ സുറുമി റിസ്ക് എടുക്കാൻ.. എന്റെ കൈയിൽ നിന്ന് വന്ന ഒരു പിഴവ് മൂലം നിന്നെ നഷ്ടപെടുത്താൻ വയ്യാ.... ഞാൻ വിളിക്കുമ്പോ പോലും ഒന്നും മിണ്ടാതെ നിൽക്കുന്നത് പോലും അതോർത്തിട്ടാ....ഈ ഒരു കാര്യം അറിഞ്ഞ് മനസ്സലിവ് വരുന്ന വാപ്പച്ചിയുടെ മനസ്സ് കല്ലാക്കണോ......? " അവളുടെ നിരാശ മനസ്സിലാക്കിയ പോലെ അവൻ പറഞ്ഞു.. അത് മതിയായിരുന്നു അവളുടെ നിരാശയെ ഇല്ലാതാക്കാൻ.. അവൾ മൗനത്തെ കൂട്ട് പിടിച്ചപ്പോൾ അവൻ പറഞ്ഞു തുടങ്ങി.. "... എല്ലാം കൂടെ ഓർക്കുമ്പോ ഭ്രാന്ത് പിടിക്കുന്നു ഡീ ...ഇവിടുത്തെ ജോലിയുടെ സ്ട്രസ്സ്... ഖഫീലാണെങ്കിൽ ഒരു ചൂടനും... മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കും.... എല്ലാം കഴിഞ്ഞ് ഒരു വിധത്തിലാ റൂമിലേക്ക് എത്താ....കിടന്നപാടേ ക്ഷീണം കൊണ്ട് ഉറങ്ങുകയും ചെയ്യും.. രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് ഉമ്മക്ക് വിളിക്കാറ് പോലും...

വെള്ളിയാഴ്ച ഉച്ച വരെയും വർക്ക്‌ ഉണ്ടെടി... അതൊക്കെ തീർത്തു പള്ളിയിൽ പോയി വന്നാൽ ഒന്നുറങ്ങി എഴുന്നേൽക്കും.. പിന്നെയാണ് നിന്നെ വിളിക്കാറ്.. ഇനിയിപ്പോ രാത്രിക്കുള്ള ഫുഡ്‌ എന്തേലും നോക്കണം.. റൂം മേറ്റ്സ് ഉണ്ട്.. എന്നാലും... എല്ലാരും കൂടെ കൂടി ഒരു തട്ടി കൂട്ട് കറി... ഒരു കുബ്ബൂസും... അലക്കാൻ സോപ്പ് പൊടിയിൽ ഇട്ട് വെച്ചിട്ടുണ്ട്.. മൂന്ന് നാല് ദിവസത്തേത് ഉണ്ട്.... അതൊരു ഭാഗത്ത്‌ കിടപ്പുണ്ട്.... " "സാരല്ല്യ മഷ്‌ക്ക.... ഒക്കെ ശരിയാകും... ഞാനില്ലേ കൂടെ.... " "അതാണ് എന്റേം സമാധാനം.. " "റംസീക്കയും ഒരൂസം വന്നപ്പോ വാപ്പനോട് സംസാരിച്ചിരുന്നു... .. സലുക്കാ പറഞ്ഞതായിരുന്നു കാര്യങ്ങളൊക്കെ...ഈ കാര്യം പറഞ്ഞോണ്ട് വരേണ്ടെന്ന് റംസിക്കയോടും വാപ്പച്ചി പറഞ്ഞെന്ന്.... " "ഹ്മ്മ്... സാരല്ല്യ... ഒക്കെ ശരിയാകും.." ദീർഘമായി ഒന്ന് നിശ്വസിച്ചു അവൻ... "സമീറത്തയെയും മക്കളേം റംസിക്ക കൂട്ടി കൊണ്ട് പോയി ല്ലേ.... സഫ പറഞ്ഞു...

പിന്നെ ഒരൂസം സൽമാന് വിളിച്ചപ്പോ അവനും പറഞ്ഞറിഞ്ഞു.... " "മ്മ്മ്... പോയി... ഇപ്പൊ ഹാപ്പി ആയിട്ടിരിക്കുന്നു.. " "ഹ്മ്മ്..... അറിഞ്ഞു.. ഉമ്മയെ ഒക്കെ കൈയിലെടുത്തു എന്നും അറിഞ്ഞു... " "കൈലെടുത്തതൊന്നുമല്ല.... എനിക്കെന്തോ പ്രതേക അടുപ്പം തോന്നി... ഞാൻ കൂടുതലായി സംസാരിച്ചത് പോലുമില്ലല്ലോ കൈയിലെടുക്കാൻ.... " " ആവോ... വിളിച്ചപ്പോ ഉമ്മയും പറഞ്ഞു.... " "എന്താ... എന്താ പറഞ്ഞേ... " "അയ്യടാ.... അങ്ങനെയിപ്പോ നീ അറിയണ്ട... ഉമ്മ പറഞ്ഞത് എന്താണെന്ന് അറിഞ്ഞിട്ട് നിനക്ക് അഹങ്കാരിച്ച് നടക്കാനല്ലേ ..... " "എന്തൊരു കഷ്ട്ടാ... പറയ് ന്നേ... " അവൾ ചിണുങ്ങി... മറുപടിയായി പൊട്ടിച്ചിരിച്ചു അവൻ... "കാ... ക്കാ.. ക്കാ.. .... ഹ്മ്മ്... 😏" "എടി.... നമ്മളെ വേഗം ഒരുമിപ്പിക്കാൻ പ്രാർത്ഥിക്കാറുണ്ടെന്ന് ഉമ്മ പറഞ്ഞു... " "ഹ്മ്മ്.... " "ഒരു കണ്ണെപ്പോഴും റോഡിൽ വേണം കേട്ടോ പൊട്ടത്തി... " "ഹാ... ഒന്നല്ല രണ്ടും അവിടെയാ....... പിന്നേയ്.... " "ഹ്മ്മ്മ്...? " "മഷ്‌ക്കാ... നേരത്തെ പറഞ്ഞില്ലേ അലക്കുന്ന കാര്യം.... "

"നീ ഇപ്പോഴും അവിടെന്ന് പോന്നില്ലേ... " "അതല്ല... അവിടെ വാഷിംഗ്‌ മിഷീൻ കിട്ടാനില്ല....? " "ഹാ... ഉണ്ടെടി... എന്റെ കാലാണ് മെഷീൻ.... " "കാലോ...? " "ഹാ.. കാലൊക്കെ നല്ലോം കഴുകി ബക്കറ്റിൽ കുതിർത്തി വെച്ച ഡ്രസ്സിൽ ചവിട്ടി അങ്ങ് നിൽക്കും... നിന്റെ വാപ്പച്ചിയോടുള്ള കലി മുഴുവൻ എന്റെ ഡ്രസ്സിനോട് അങ്ങ് തീർക്കും.. ചവിട്ടി ചവിട്ടി കൂട്ടും.... പിന്നെ നല്ല വെള്ളത്തിൽ രണ്ട് മൂന്ന് തവണ മുക്കി അഴയിൽ കൊണ്ടിടും ... സിമ്പിൾ.... " "വാപ്പച്ചിയോട് ദേഷ്യമാണോ മഷ്‌ക്കാക്ക്... " "ചുമ്മാ പറഞ്ഞതാടി... വാപ്പച്ചിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോ ശരിയല്ലേ... ഒരു കുറവും വരുത്താതെ നോക്കി വളർത്തിയ മകൾ ഒരു കുടുംബ ഭാരം മുഴുവൻ തലയിലേറ്റി നടക്കുന്നവനെ കെട്ടണം എന്നൊക്കെ പറഞ്ഞാൽ... " "അതേ കുറിച്ച് ഓർക്കണ്ട... എനിക്ക് കേൾക്കുകയും വേണ്ടാ.... എന്തോ... എല്ലാം ഒറ്റക്ക് ചെയ്യാ എന്നൊക്കെ കേട്ടപ്പോ ഒരു സങ്കടം... " "അതൊക്കെ ഞങ്ങൾക്ക് പറഞ്ഞതാടി.... അത് വിട്ടേക്ക്‌.. ഇപ്പൊ ശീലായി... "

"ഹ്മ്മ്... എന്തോ... കൊറേ സംസാരിച്ചപ്പോൾ കാണാൻ കൊതിയാവാ... " "ന്നട്ട് എനിക്കില്ലല്ലോ... " "സ്നേഹമുള്ളവർക്കേ കാണാനോക്കെ കൊതിണ്ടാവൂ... " "അപ്പോ എനിക്ക് സ്നേഹമില്ലെന്നല്ലേ നീ ഉദേശിച്ചേ.... ആയിക്കോട്ടെ... " "അങ്ങനെ പറഞ്ഞോ.... കാണാൻ കൊതി ഇല്ലെന്ന് പറഞ്ഞത് കൊണ്ടല്ലേ... " "എനിക്കെന്താ കൊതി ഇല്ലാത്തത് എന്നറിയോ..? "ദേ മഷ്‌ക്കാ... വാപ്പച്ചി... '' "ആണോ.. ഫോൺ വെച്ച് ഓടിക്കോ... " "ഹാ.... വേഗം പറയ്‌... " "എന്ത്.. നീ കട്ട്‌ ചെയ്ത് പോകാൻ നോക്കെടി... " "അതല്ല... എന്താ കൊതിയില്ലാത്തത്.. പറയ്‌... " ''ന്റെ പൊന്നോ... ഞാനിവിടെ അല്ലേ.. കൊതി ഉണ്ടായിട്ട് കാര്യമില്ലലോ.. അത് കൊണ്ടാ... നീ വെച്ച് പോയെ..." "ഓഹ്.. അതാണോ.....എന്നാ കട്ട്‌ ചെയ്യാ ട്ടോ... " "ഹാ... ഒക്കെ.. ഒരു സാധനം കൊടുത്ത് വിട്ടിട്ടുണ്ട്... ഇപ്പോ ജിദ്ദ എയർപോർട്ടിൽ എത്തി കാണും ഫ്ലൈറ്റ് വഴി എത്തിക്കോളും... " "അതെന്താത്.. " "ഒലക്ക.. വെച്ചോ വെച്ചോ... ഒന്നിരുത്തി ആലോചിക്ക്.. അപ്പോ മനസ്സിലാകും...

ഒന്നല്ല ഒരായിരണ്ണം പറത്തി വിട്ടിട്ടുണ്ട്... " " കട്ട്‌ ചെയ്യാട്ടോ.... ബൈ.. " അവന്റെ മറുപടി വന്നതും അവൾ വിറയലോടെ റിസീവർ താഴെ വെച്ചു... ശബ്ദം ഉണ്ടാക്കാതെ മേലേക്ക് ഓടി കയറി... റൂമിൽ കയറി പുതച്ച് കിടന്നു... തല വഴി പുതച്ച് കിടക്കുമ്പോഴും വാപ്പച്ചി എങ്ങനെയെങ്കിലും കണ്ടുപിടിച്ചാലുള്ള സ്ഥിതി ഓർക്കേ വല്ലാത്തൊരു ഭയം അവളെ വന്ന് പൊതിഞ്ഞു .... നെഞ്ചിടിപ്പിന്റെ വേഗത ഏറുന്നതിനനുസരിച്ച് കൈകളും വിറക്കുന്നുണ്ടായിരുന്നു.. കൂടുതൽ ഒന്നും ചിന്തിക്കാതിരിക്കാൻ കണ്ണടച്ച് അവൻ പറഞ്ഞ ഓരോ കാര്യങ്ങളും ഓർത്തിരിക്കെ ഉള്ളിലെ ഭയം മാറി അവിടെ അവനോടുള്ള ഇഷ്ട്ടം സ്ഥാനം പിടിച്ചിരുന്നു.... ഒടുവിൽ, അവൻ അവസാനം പറഞ്ഞ വാക്കുകളുടെ അർത്ഥം ഗ്രഹിച്ചെടുക്കുമ്പോ അപ്പോഴത്തെ വെപ്രാളത്തിൽ അതെന്താണെന്നു മനസ്സിലാവാത്തതിൽ തെല്ലൊരു ജാള്യത തോന്നാതിരുന്നില്ല അവൾക്ക്.... അപ്പോഴും ഒരിളം പുഞ്ചിരി ആ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story