സുറുമി: ഭാഗം 25

surumi

എഴുത്തുകാരി: അവന്തിക

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.. ഇതിനോടകം രണ്ട് വരിയായിട്ടുള്ള അവന്റെ മൂളിപ്പാട്ടിലോ അവളുടെ കിണുങ്ങി ചിരികളിലോ അവരുടെ പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ നാല് വെള്ളിയാഴ്ചകൾ കൂടെ കടന്ന് പോയി.. ഷെറിയുടെ ഡേറ്റ് അടുക്കും തോറും സുറുമിക്കായിരുന്നു ആകാംഷയും സന്തോഷവും കാത്തിരിപ്പും. നോട്ട് ബുക്കിന്റെ ബേക്ക് പേജിൽ കോളം വരച്ചു ഉണ്ടാക്കിയ കലണ്ടറിൽ ഓരോ ദിവസം കഴിയും തോറും വെട്ടി ചേർത്ത് അവന്റെ വരവിന് വേണ്ടി എണ്ണി കാത്ത് കാത്തിരിക്കുകയായിരുന്നു അവൾ..... കോളേജുള്ള തിരക്ക് പിടിച്ച ഒരു രാവിലെ.. എഴുനേൽക്കാൻ വൈകിയത് കൊണ്ട് തന്നെ പടിപടിയായി ചെയ്യാറുള്ള കാര്യങ്ങൾ എല്ലാം ഒപ്പത്തിനൊപ്പം വൈകി.. അത് കൊണ്ട് തന്നെ കണ്ണാടിക്ക് മുമ്പിൽ നിന്ന് ദൃതി പിടിച്ച് ഒരുങ്ങുകയാണ് സുറുമി.. സാധാരണ ഇങ്ങനെ വൈകാറുള്ള ദിവസങ്ങളിൽ സൽമാൻ ആണ് കൊണ്ട് വിടാറ്. അന്നാണെങ്കിൽ സൽമാൻ സ്ഥലത്തുമില്ല ...

കടയിലെ ആവിശ്യത്തിന് വേണ്ടി തലേന്ന് രാവിലെ കോയമ്പത്തൂർ വരെ പോയതാണ്. ഇന്ന് രാത്രിയാകും എത്താൻ.. സാധാരണ തലയിലൂടെ പിൻ ചെയ്തിടാറുള്ള ഷാള് അന്നവൾ നേരത്തിന്റെ കുറവ് കൊണ്ടും കോട്ടൺ ഷാൾ ആയത് കൊണ്ടും തലയിലൂടെ ഒതുക്കി ഇട്ട് കഴുത്തും മാറും മറച്ച് ഒരറ്റം തോളിലൂടെ ഇട്ട് ഭംഗിയായി ഒരുങ്ങി. കണ്ണിൽ നേരിയതായി കാജൽ എഴുതി. മുഖത്ത് കോംപാക്ട് ഇട്ട് ചുണ്ടിൽ ലേറ്റ് പിങ്ക് കളർ ഷേഡുള്ള ലിപ് ലൈനറും ഇട്ടു. അതവളുടെ ഇളം റോസ് ചുണ്ടുകളുടെ മൊഞ്ചു കൂട്ടി.. ഇടത് കയ്യിൽ സ്ട്രാപ്പിന്റെ ഒരു വാച്ച് കെട്ടി മൊത്തത്തിൽ ഒന്ന് കണ്ണാടിയിലൂടെ വിലയിരുത്തി.. ഇപ്പൊ മാറ്റിയൊരുങ്ങി നിൽക്കുന്ന എന്നെ മഷ്‌ക്ക കണ്ടാൽ ഒരു ചിരിയുണ്ട് പുള്ളിക്ക് ... ഡ്രസ്സിങ് ഇഷ്ട്ടായാൽ ആ കണ്ണുകളിലെ തിളക്കവും ചുണ്ടുകളിലെ എനിക്ക് മാത്രം കാണാവുന്ന ആ ചിരിയുമായി ഒരു നോട്ടം ... കാണുമ്പോ തന്നെ അറിയാ നല്ല ഇഷ്ട്ടായിട്ടുണ്ടെന്ന്...

അപ്പൊ ആ മുഖത്തെ മൊഞ്ചൊന്ന് വേറെ തന്നെയാണ്.. ഓർക്കുമ്പോ തന്നെ കാണാൻ കൊതിയാവാ... ഇനിയൊരു ഒന്നൊന്നര മാസം കൂടെ.. ഏതോ ഓർമയിൽ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു. പിന്നെ ചമ്മി കൊണ്ടവൾ അവളുടെ തലയ്ക്കു ഒന്ന് തട്ടി..അയ്യേ.. എന്തൊരു ഓഞ്ഞ കാമുകിയാ ഞാൻ. ഓരോന്ന് ഓർത്ത് വെറുതെ ചിരിക്കാ..കണ്ണാടിയിലൂടെ കാണുന്ന എന്നെ തന്നെ നോക്കി ഒറ്റക്ക് സംസാരിക്കാ..ഒറ്റക്ക് ചിണുങ്ങാ.. അയ്യേ... മുറ്റത്ത് ഒരു കാർ കൊണ്ട് നിർത്തിയ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. കയ്യിലെ വാച്ചിലേക്ക്‌ നോക്കി കൊണ്ടവൾ അൽപ്പം തുറന്ന് വെച്ച ജനാലയിലൂടെ താഴേക്ക് നോട്ടമെറിഞ്ഞു.. ""വലിയൊരു കാർ ആണല്ലോ.. ഇതാരപ്പാ ഈ നേരത്ത്.. "" ഡോർ തുറന്ന് അടയുന്ന ശബ്ദത്തോടൊപ്പം നാലഞ്ചു ആളുകൾ ഇറങ്ങുകയും ചെയ്തപ്പോ അവൾ തല ഉള്ളിലേക്ക് തന്നെ വലിച്ചു... ""ഹാ.. വാപ്പച്ചിയെ കാണാൻ വല്ല കച്ചവടക്കാരും വന്നതായിരിക്കും .

അല്ലാതെ രാവിലെ തന്നെ വിരുന്നുകാര് വരോ...ആവോ... ഇനിയിപ്പോ അവരുടെ ചർച്ച ഇപ്പോഴൊന്നും തീരൂല.. പുറകിലൂടെ ഓടേണ്ടി വരുമല്ലോ...നടന്ന് എത്തുമ്പോഴേക്ക് പ്രോമിസ് പോയി കാണും.. ഇനിയിപ്പോ ഒമ്പതേ അഞ്ചിന്റെ ആർ ടി സി കിട്ടിയാൽ കിട്ടി .."" ഓരോന്ന് ഓർത്തുകൊണ്ടവൾ മേശയിൽ കിടന്ന ബാഗ് എടുത്തു. പോകുന്ന പോക്കിൽ കണ്ണാടിയിലൂടെ ഒന്നൂടെ നോക്കി. കാജൽ എടുത്ത് മൂക്കുത്തിയുടെ സ്ഥാനത്തുള്ള അവളുടെ ഇളം കാപ്പി കാക്കപുള്ളിയിൽ പതിയെ ഒന്ന് തൊട്ടു.. ഇപ്പൊ അത് ഒന്നൂടെ തെളിഞ്ഞു കാണാം.. ബാഗിൽ എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തന്നതിനോടൊപ്പം കോണിപ്പടികൾ ഓടി ഇറങ്ങിയവൾ നേരെ പോയത് അടുക്കളയിലേക്കാണ്. സിറ്റിംഗ് റൂമിൽ നിന്ന് വന്നവരുടെയും വാപ്പച്ചിയുടെയും സംസാരം കേൾക്കുന്നുണ്ട്.. "ആരാ ഉമ്മാ വന്നേ.. "കൈ കഴുകി ടേബിളിൽ ഇരിക്കുന്നതിനോടൊപ്പം അവൾ ചോദിച്ചു "ഉമ്മാ.. ആരാന്ന്... "

കാസ്രോളിൽ നിന്ന് പുട്ടെടുത്ത് പ്ലേറ്റിലേക്ക് വെച്ച് കറി ഒഴിക്കുന്നതിനിടെ അവളൊന്ന് കൂടെ ചോദിച്ചു.. മറുപടിയൊന്നും കാണാത്തപ്പോ അവൾ സംശയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി. അവൾക്ക് മുഖം കൊടുക്കാതെ വന്നവർക്കുള്ള ചായ ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ് അവർ . "ഉമ്മാ.. നിങ്ങളോടാ ചോദിക്കുന്നെ.." അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അവൾ അവരുടെ അടുത്തേക്ക് ചെന്ന് അവരെ അവൾക്ക്‌ അഭിമുഖമായി തിരിച്ച് നിർത്തി... "എന്താ ഇങ്ങള് ഒന്നും പറയാത്തെ...? ആരാ വന്നേ ന്ന്... "അവരുടെ മുഖത്തെ വെപ്രാളവും വേവലാതിയും കണ്ടപ്പോൾ അവൾ ഒന്നൂടെ ചോദിച്ചു "അത് റൂമി.... " "ഫാത്തിമാ ഇയ്യാ ചായ ഇങ് എടുക്ക്.. സുറുമി ആ പ്ലേറ്റും ഇങ്ങെടുത്ത് വാ...... " പുറകിൽ നിന്ന് വാപ്പച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടലോടെ ഉമ്മയെ നോക്കി.. ദയനീയമായി അവളെയൊന്ന് നോക്കി ശേഷം അവർ ചായ എടുത്ത് മുന്നോട്ട് നടന്നു..

വാപ്പച്ചി അവളെ തന്നെ നോക്കി നിൽക്കുന്നതിനാൽ ഒന്നും ചോദിക്കാനുള്ള അവസരം പോലും അവൾക്കുണ്ടായില്ല... വിറയ്ക്കുന്ന കൈകളോടെ പലഹാരം നിറച്ച പ്ലേറ്റ് കയ്യിലെടുത്ത് കൊണ്ടവൾ നടന്നു.. അവളെ പുറകിലായി വാപ്പച്ചിയും.. എന്താ സംഭവിക്കാൻ പോകുന്നതെന്ന ഒരു ധാരണ ഉണ്ടായിരുന്നിട്ടും ചാവി തിരിച്ചാൽ നടന്ന് പോകുന്ന കളി പാവയെ പോലെ അവൾ ഉമ്മയെ അനുഗമിച്ചു.. "ഇതാണ് ട്ടോ ചെറുക്കൻ... " സിറ്റിംഗ് റൂമിൽ ചെന്ന് പലഹാരം കൊണ്ട് വെച്ചതും ആരോ പറയുന്നത് കേട്ടു.. തന്റെ പ്രണയവും കാത്തിരിപ്പും സ്വപനങ്ങളും പ്രതീക്ഷകളും തകരുന്നത് വേദനയോടെ അവൾ മനസ്സിലാക്കി.. നിറചിരിയലെ അവളെ നോക്കുന്ന മശൂദ്നെ ഓർക്കേ അവളുടെ ഉള്ളം അവന്റെ ഓർമയിൽ വിങ്ങി പൊട്ടി...അവളുടെ ഉള്ളം ആർത്തലച്ചു കരയുകയായിരുന്നു ...തല ഉയർത്താതെ ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ നിസ്സഹായിയായി നില്കാൻ മാത്രേ അവൾക്ക് ആയൊള്ളൂ...

തന്നെ തുറിച്ചു നോക്കുന്ന വാപ്പച്ചിയെ അവൾ നോക്കാതെ തന്നെ അറിയുന്നുണ്ടായിരുന്നു.. എന്നിട്ടും അവൾ തല ഉയർത്തിയില്ല.. ഞാൻ സമ്മതിക്കില്ല.... എനിക്ക് ഇഷ്ട്ടല്ല ഈ കല്യണത്തിന്....എന്റെ അനുവാദം ആരും ചോദിച്ചിട്ട് പോലുമില്ല..... ഞാൻ അറിഞ്ഞിട്ടുമില്ല.... എനിക്ക് ന്റെ മഷ്‌ക്ക മാത്രം മതി.. എനിക്ക് ആരേം കാണണ്ട.... ആരും വരണ്ട... ഞാനെന്റെ മഷ്‌ക്കാടെയാ .... മഷ്‌ക്ക മനസ്സൊണ്ട് നിക്കാഹ് ചെയ്ത പെണ്ണാ.... എനിക്ക് ആരേം കാണണ്ട.... ആരും എന്നേം കാണണ്ട... പൊയ്ക്കോ എല്ലാരും എന്റെ മുമ്പീന്ന്....കാല് പിടിക്കാം ഞാൻ ... ഒരുമിപ്പിച്ചിട്ടില്ലെങ്കിലും ഞങ്ങളെ പിരിയിപ്പിക്കാണ്ടിരിന്നൂടെ.....എനിക്ക് വയ്യാ... ന്റെ മഷ്‌ക്ക അല്ലാതെ വേറൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ.... എന്നൊക്കെ അവളുടെ ഉള്ളം മുന്നിൽ ഇരിക്കുന്നവരോട് കെഞ്ചി കരയുന്നുണ്ടായിരുന്നു..

നെഞ്ചകം നീറി പുകയുന്നുണ്ടായിരുന്നു.. ആരോ കൂരിരുമ്പ് കൊണ്ട് നുറുങ്ങിയരിഞ്ഞ പോലെ വേദനിക്കുന്നുണ്ടായിരുന്നു.... കൺമുമ്പിൽ കാണുന്നതെല്ലാം തട്ടിയെറിഞ്ഞ് ആർത്തു വിളിക്കാൻ തോന്നി അവൾക്ക്... പക്ഷെ ഒന്നിനും കഴിയുന്നില്ല... എല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നതേയൊള്ളു ... നാവിന് ആരോ വിലങ്ങു വെച്ച പോലെ... വാപ്പച്ചിയും വന്നവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും മരവിച്ച പോലെ നിന്നതേയൊള്ളൂ അവൾ .. "ഈ കുട്ടിയല്ലേ ഇളയ മോള് ..." ആരോ ചോദിക്കുന്നത് കേട്ടു.. "ഹാ... ഇവള് ചെറുത്.. മൂത്തത് ഒരു പെണ്ണും ഒരാണും... മോളെ കെട്ടിച്ചു.. അവളവിടെയാ.. രണ്ട് മക്കളുണ്ട്.. മോന് ഇപ്പം ഇവിടെ ഇല്ല.. കടയിലെ അവിശ്യത്തിന് വേണ്ടി കോയമ്പത്തൂർ വരെ പോയതാ.... "

"അവനല്ലേ ഫർണിച്ചർ കമ്പനിയിൽ മാനേജർ ആയി നിൽക്കുന്നത്... " വീണ്ടും ആരോ ചോദിക്കുന്നത് കേട്ടു "അതേ..... അവന്റെ പഠിപ്പ് കഴിഞ്ഞ ശേഷം അവൻ തന്നെയാ കമ്പനി കാര്യങ്ങൾ എല്ലാം നോക്കാറ് .... " " ഈ ആലോചന ഒന്ന് രണ്ട് മാസം മുമ്പ് വന്നിരുന്നു.. അന്ന് കമ്പനിയിൽ അന്വേഷിച്ചപ്പോൾ മോനാണെന്ന് തോന്നുന്നൂ രണ്ട് വർഷം കഴിഞ്ഞേ കല്യാണം ഉണ്ടാക്കുന്നൊള്ളൂ എന്ന് പറഞ്ഞു.. പിന്നെ ഇപ്പൊ വീണ്ടും ഈ ആലോചന തന്നെ വന്നപ്പോൾ ഞങ്ങൾക്ക് ഒരാശങ്ക....അതാ ചോദിച്ചേ.... ഹാ.. അത് ചിലപ്പോ വേറെ ആരേലും പറഞ്ഞതായിരിക്കും.... " "അത്... അത് അവൻ തന്നെയായിരിക്കും..അവൻക്ക്‌ ഇവളെന്നും ചെറുതാ ...കല്യാണം ഇപ്പോഴൊന്നും ഉണ്ടാക്കെണ്ടന്നാ അവൻ പറയണേ....ഇതൊക്കെ ......" വാപ്പച്ചി പതർച്ചയോടെ പറഞ്ഞൊപ്പിക്കുന്നതിനോടൊപ്പം ഇനി ആ വിഷയം സംസാരിക്കാതിരിക്കാൻ വന്ന ആളുകൾ ആരൊക്കെയാണെന്നയാൾ തിരക്കി..

"എനിക്ക് നാല് മക്കളാ.... ഇവനാണ് ചെറുത്.. ഇവന്റെ മൂത്തത് ഒരാണും രണ്ട് പെണ്ണും... അവരൊന്നും വന്നിട്ടില്ല... ഇവൻക്ക്‌ കണ്ടിഷ്ട്ടായാൽ അവർക്ക് സൗകര്യം പോലെ വരാലോ...ചെറുക്കന്റെ ഇഷ്ട്ടല്ലേ മുഖ്യം... വീട്ടില് ചെറിയ മോള് പ്രസവിച്ചു കിടക്കാണെ... അത് കൊണ്ടിട്ടാ... ഇത് രണ്ടും അവന്റെ കൂട്ടുകാരാ....ഇത് ഈ ആലോചന കൊണ്ട് വന്ന ആളാ.. നമ്മടെ നാട്ടുകാരനാ...ഞങ്ങൾ സുഹൃത്തുക്കളുമാണ് കെട്ടോ.." അയാൾ മറ്റുവള്ളരെ പരിചയപ്പെടുത്തുന്നത് കേട്ടപ്പോൾ അതായിരിക്കും ചെറുക്കൻറെ വാപ്പ എന്നവൾ ഊഹിച്ചു . . വാപ്പച്ചി ഹൃദ്യമായി തന്നെ അവരോട് പെരുമാറുമ്പോഴും എല്ലാത്തിലും മൂകസാക്ഷിയായി പ്രതിമ കണക്കെ നിന്നതേയൊള്ളൂ അവൾ... "കുട്ട്യാൾക്ക് തമ്മിൽ സംസാരിക്കാൻ ഉണ്ടാവും .... ഇപ്പോഴത്തെ കുട്ടികളല്ലേ... എന്തേലും ഉണ്ടെങ്കിൽ അവർക്ക് പരസ്പരം തുറന്ന് പറയാലോ...." അത് കേട്ടതും അവൾ ഞെട്ടലോടെ മുന്നിലുള്ളവരെ നോക്കി..

ഉള്ളം വിങ്ങി പൊട്ടുന്നുണ്ടായിരുന്നു...നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെ... എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞു വന്നു... എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് വരെ ചിന്തിച്ചു പോയി അവൾ.... മുമ്പിൽ മൂന്ന് ചെറുപ്പക്കാരും വേറെ രണ്ട് പ്രായം ചെന്ന ആളുകളും ഇരിക്കുന്നത് അപ്പോൾ മാത്രമാണ് അവൾ കണ്ടത് പോലും.. അവരുടെ നോട്ടം തന്റെ മേൽ ആണെന്ന് കണ്ടതും പെട്ടന്ന് തന്നെ അവൾ മിഴികൾ താഴ്ത്തി ..... "അത് വേണ്ടാ... ഇപ്പൊ തന്നെ അതിന്റെ ആവിശ്യം ഇല്ലാലോ.. ആ ചടങ്ങൊക്കെ വീട്ടുക്കാരുമൊക്കെയായി വരുമ്പോ ആക്കാം ... " ആരുടെയോ ഉറച്ച ശബ്ദം.. "അതെന്താ മോനെ അങ്ങനെ... ഇപ്പൊ നീ കണ്ട്, സംസാരിച്ച് ഇഷ്ടാമായാലല്ലേ അവരെ കൂടെ കൊണ്ട് വരാനൊക്കൂ... നീ കുട്ടിയുമായി ഒന്ന് സംസാരിക്ക്... " കൂടെ വന്ന ബ്രോക്കർ അയാളുടെ അഭിപ്രായം പറഞ്ഞു.. "അത് ശരിയാ.. അതല്ലേ അതിന്റൊരു രീതി...." ചെറുക്കന്റെ വാപ്പയും അയാളെ ശരിവെച്ചു..

"അത് വേണ്ടുപ്പാ.. വേറൊന്നും കൊണ്ടല്ല.. നമ്മള് കാണാൻ വരുന്നത് ആള് അറിഞ്ഞില്ലെന്നു തോന്നുന്നു .... കണ്ടില്ലേ ആകെ പേടിച്ച് നിൽക്കുന്നത് ... വീട്ടുകാരേം കൊണ്ട് വരുമ്പോഴേക്ക് ഇയാള് ഒന്നൂടെ മെന്റലി പ്രിപ്പേഡ് ആകും... സമയമുണ്ടല്ലോ... നമുക്ക് തിരക്കുമില്ല...അതല്ലേ ഒന്നൂടെ ബെറ്റർ.... " ശബ്ദം ഉറച്ചതാണെങ്കിലും വാക്കുകളിൽ സൗമ്യതയുണ്ടായിരുന്നു.. അത് കേട്ടപ്പോൾ അവൾ മുഖമുയർത്തി.. കണ്ണുകൾ നിറഞ്ഞ് മുന്നിലെ കാഴ്ച മങ്ങിയിരുന്നു .... എന്നിരുന്നാലും മുന്നിൽ നിൽക്കുന്നത് അവളെ രക്ഷിക്കാൻ വന്ന ദൂതനാണെന്ന് തോന്നി അവൾക്ക്... ഒന്നുമില്ലെങ്കിലും വാപ്പച്ചിയെലേറെ തന്നെ മനസ്സിലാക്കാൻ ശ്രമിച്ചാല്ലോ.... വീട്ടിലുള്ളവരെയും കൂട്ടി വരുന്ന ദിവസവും സമയവുമൊക്കെ അറിയിക്കാം എന്ന് പറഞ്ഞ് കൊണ്ട് വന്നവർ യാത്ര പറഞ്ഞിറങ്ങി... അവർ ഇറങ്ങിയതും ഒന്നും മിണ്ടാതെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു..

ഉമ്മയെയോ വാപ്പച്ചിയെയോ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാഗെടുത്ത് അവൾ പോകാനിറങ്ങി ... അവൾ കഴിക്കാൻ വേണ്ടി എടുത്ത്, കറി ഒഴിച്ച് വെച്ച ഭക്ഷണവുമായി ഉമ്മ പുറകെ ഓടി വന്നെങ്കിലും അവൾ ദൃതിയിൽ നടന്നകന്നിരുന്നു... ഹൃദയം പൊട്ടുന്ന വേദനയിലും ഒന്ന് കരയുക പോലും ചെയ്യാതെ അവൾ നടന്നകലുന്നത് ഒരു തേങ്ങലോടെ അവർ നോക്കി നിന്നു... കയ്യിലിരിക്കുന്ന പ്ലേറ്റിലേലേക്കും അവൾ നടന്നകന്ന റോഡിലേക്കും ഒരു നിശ്വാസത്തോടെ നോക്കി കൊണ്ടവർ തിരിഞ്ഞതും മുമ്പിൽ വാപ്പച്ചി നിൽപ്പുണ്ടായിരുന്നു.. അയാളെ കണ്ടതും തന്റെ മകളെ ഓർത്ത് സങ്കടവും വിഷമവും ദേഷ്യവും കാരണം അവരുടെ മുഖം വിവർണ്ണമായി.. ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കൊണ്ടവർ കരച്ചിലടക്കാൻ പാട് പെട്ടു.. "എന്തിനാ... എന്തിനാ ഇങ്ങളെന്റെ കുട്ട്യാളെ വേദനിപ്പിക്കുന്നെ... അവരെ വിഷമിപ്പിച്ച് എന്ത് ലാഭാ നിങ്ങൾക്ക് കിട്ടാനുള്ളെ ... ന്റെ മോള് ചങ്ക് പൊട്ടിയാ ഇവിടുന്ന് ഇറങ്ങി പോയെ ...

ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിച്ചിട്ടില്ല ... എന്തിനാ ഈ വേദനയൊക്കെ അവർക്ക് കൊടുക്കണേ... " ഇടർച്ചയോടെ, വേദനയോടെ അവർ ചോദിച്ചു.... "മിണ്ടരുത് നീ.... നിന്റെ മക്കളെ പക്ഷം ചേർന്ന് എന്നെ തോൽപ്പിക്കാനാണ് ഭാവമെങ്കിൽ ആരേം ഞാൻ വെറുതെ വിടൂല... അങ്ങനെ ഒന്നുണ്ടായാൽ ആ നിമിഷം ഇറങ്ങിക്കോണം നീയും നിന്റെ മക്കളും ഈ വീട്ടിൽ നിന്ന് ... " അയാൾ മുരണ്ടു.. "ആരുടേം പക്ഷം ചേരുന്നതല്ല... അവർക്ക് ഇഷ്ട്ടപ്പെട്ടവരെ അവർ കണ്ടുപിടിച്ചു..അതൊരു തെറ്റാണോ.. അന്തസായി മാന്യമായി അവർ ചോദിച്ചതല്ലേ കല്യാണം നടത്തി താരോന്ന് ... നിങ്ങൾ എതിർത്തിട്ടും, വാശി പിടിക്കേ നിങ്ങളോട് ശബ്ദമുയർത്തി സംസാരിക്കേ തന്നിഷ്ടം പ്രവർത്തിക്കെ എന്തേലും ചെയ്തോ അവര്.. ഇല്ലാലോ... ഇനിയൊട്ടും അവര് ചെയ്യൂല്ല്യ...

അവർ മറുത്ത് ഒന്നും പറയില്ല എന്ന് വിചാരിച്ച് അത് മുതലെടുക്കരുത് .. ഇപ്പൊ തന്നെ സൽമാന് ഇല്ലാത്ത ദിവസം നോക്കി നിങ്ങളീ കാട്ടികൂട്ടന്നതൊക്കെ എന്തിന് വേണ്ടിയാ... എന്താ നിങ്ങൾക്ക് അത് കൊണ്ട് കിട്ടിയേ.... സ്വത്തും പണവു നിങ്ങളുടെ അഭിമാനവുമാണോ നിങ്ങൾക്ക് വലുത് അതോ നിങ്ങളുടെ മക്കളോ..." ദേഷ്യം കൊണ്ടവർ വിറക്കുന്നുണ്ടായിരുന്നു "വായ അടക്കി വെക്കുന്നതാ ഫാത്തിമാ നിനക്ക് നല്ലത്...എനിക്ക് നേരെ ഒച്ച ഉയർത്താൻ എവിടെന്നാ നിനക്കിത്ര ധൈര്യം കിട്ടിയേ...'' അയാൾ അവർക്ക് നേരെ അടിക്കാൻ കയ്യുയർത്തി.. " എന്റെ മക്കളെ ഓർത്താ എനിക്കീ ധൈര്യം കിട്ടിയേ.... അവരുടെ മനസ്സ് വിഷമിപ്പിച്ച് നിങ്ങളെന്തെലും തീരുമാനിച്ചാ അത് കാണാൻ ഞാനോ മക്കളോ ഉണ്ടാവില്ല.... " ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവർ അകത്തേക്ക് കയറി പോയി...

വൈകീട്ട് സുറുമി വരുന്ന സമയം ആയപ്പോഴേക്കും അവൾക്ക് ഇഷ്ട്ടമുള്ള പലഹാരം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു ഉമ്മ ... രാവിലെ ഒന്നും കഴിച്ചിട്ടില്ല.. ഉച്ചക്ക് ചോറും കൊണ്ട് പോയിട്ടില്ല...പട്ടിണിയിലായിരിക്കും ന്റെ മോള്... ഓർക്കും തോറും ആ മാതൃഹൃദയം തേങ്ങി... വരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തപ്പോൾ എന്തോ ഒരു ഭയം വന്ന് മൂടിയിരുന്നു അവർക്ക്... ഒട്ടൊരു നേരം കാത്തിരുന്നിട്ടും അവളെ കണ്ടില്ല.. ഒടുവിൽ നിവർത്തിയില്ലാതെ അവർ പുറത്ത് പോയ വാപ്പച്ചിയെ ഫോൺ ചെയ്തു .. "അഞ്ചര അല്ലേ ആയിട്ടുള്ളൂ.. വിശന്നു വലയുമ്പോ വന്നോളും.. " പുരുഷമായി പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട്‌ ചെയ്തു... നേരം ഇരുട്ടി തുടങ്ങിയിട്ടും സുറുമി വീട്ടിലെത്തിയില്ല.. സൽമാന് വിളിച്ചു നോക്കിയെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.. സമയം ഇഴഞ്ഞു നീങ്ങി..

വീട്ടിലെ വിശേഷങ്ങൾ അറിയാൻ സമീറ വിളിച്ചപ്പോഴേക്കും സുറുമി ഇത് വരേക്കും വീട്ടിലെത്തിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് ഉമ്മ വിതുമ്പി പോയിരുന്നു.... സൽമാൻ നാട്ടിലില്ലാത്ത സ്ഥിതിക്ക് അവളുടെ ഏതേലും കൂട്ടുകാരികളുടെ വീട്ടിലേക്ക് വിളിച്ച് ചോദിക്കാൻ സമീറ ഉപദേശിച്ചെങ്കിലും മശൂദ്മായുള്ള ബന്ധം അറിഞ്ഞ ദിവസം അന്നത്തെ വാശിപുറത്ത് സുറുമിയുടെ കൂട്ടുകാരികളുടെ നമ്പറുകൾ എഴുതി വെച്ച ഫോൺ ബുക്ക് വാപ്പച്ചി കീറി കളഞ്ഞതിനാൽ ആ വഴിയും അടഞ്ഞു.. പുറത്ത് പോയ വാപ്പച്ചി വീട്ടിലെത്തിയിട്ടും സുറുമി എത്തിയില്ല ..നേരം ഇരുട്ടിയിട്ടും അവളെത്തിയില്ല എന്നത് അയാളെയും ഭയപെടുത്തുന്നുണ്ടായിരുന്നു.. വിവരം അറിഞ്ഞ് കുറച്ച് നേരം കൊണ്ട് തന്നെ സമീറയും റംസാനും വലിയടത്ത് എത്തി..അവർ എത്തിയപ്പോഴേക്കും ഉമ്മ തളർന്നു കിടക്കുകയായിരുന്നു ... അവൾ പോകാൻ സാധ്യതയുള്ള കുടുംബക്കാരുടെ വീട്ടിലെല്ലാം അന്വേഷിച്ചിട്ടായിരുന്നു റംസാനും സമീറയും വന്നത്..

ഇനിയെന്ത് ചെയ്യുമെന്ന് ആകുലതയോടെ റംസാൻ തിരക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മനോഭാവമായിരുന്നു വാപ്പച്ചിക്ക്..എന്തൊക്കെ ഭാവിച്ചാലും അയാളുടെ ഉള്ളിലും ഭയം വന്നു മൂടിയിരുന്നു .. എന്ത് ചെയ്യുമെന്നറിയാതെ ആരോടും ചോദിക്കുമെന്നറിയാതെ അയാളും നിസ്സാഹായാനായി.... റംസാൻ ഇടക്കിടക്ക് സൽമാനെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ തന്നെയായിരുന്നു.. "വാപ്പച്ചി... പോലീസിൽ കംപ്ലയിന്റ് ചെയ്യേണ്ടേ...? "മടിച്ച് മടിച്ചാണെങ്കിലും സമീറ ചോദിച്ചു.. "അവളുടെ കൂട്ടുകാരികളുടെ വീട്ടിൽ അന്വേഷിച്ചോ... ഇല്ലല്ലോ... അവിടെ എവിടേലും ഉണ്ടാകും... അവളുടെ വാശിയും കുറുമ്പും അടങ്ങുമ്പോ കേറി വന്നോളും.... " ഉള്ളിലെ തീയും വേവലാതിയും പുറത്തെക്ക് കാണിക്കാതെയാണ് മറുപടി... വാപ്പച്ചിയുടെ മറുപടിയിൽ നിരാശയായി റംസാനെ ഒന്ന് നോക്കിയ ശേഷം സമീറ തിരിഞ്ഞു നടന്നു.. "സമീറാ.... ഒന്നവിടെ നിന്നേ... " അയാൾ വിളിച്ചപ്പോൾ അവൾ സംശയത്തോടെ നോക്കി. "അവനിവിടെ ഉണ്ടോ...? "

"ആ... ആര്...? " "മഷൂദ്.. " "ഇല്ലെന്നാണ് എന്റെ അറിവ്.." അവൾ പറഞ്ഞതും അയാളുടെ ഫോൺ ശബ്ദിച്ചു.. ഫോൺ എടുത്ത് കാതോട് ചേർത്ത് വിളിക്കുന്ന ആൾക്കുള്ള മറുപടിയായി മൂളുന്നുണ്ടായിരുന്നു അയാൾ. "അവനിവിടെ ഇല്ല...ഉണ്ടെങ്കിലല്ലേ അവന്റെ കൂടെ ഇറങ്ങി പോകൂ... അപ്പൊ പേടിക്കാനൊന്നുമില്ല... " നിമിഷങ്ങൾ കൊണ്ട് തന്നെ ഫോൺ കാൾ അവസാനിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു. മഷൂദ് നാട്ടിൽ ഇല്ല എന്ന വാർത്ത അയാളെ സന്തോഷിപ്പിച്ചു.. "വാപ്പച്ചി വിചാരിച്ചിരിക്കുന്ന പോലെ നിങ്ങള് കൈപിടിച്ച് കൊടുക്കാതെ അവള് പോവൂല.. ഇനി അവള് തയാറായാലും മഷൂദ് കൊണ്ട് പോയിട്ട് വേണ്ടേ... വാപ്പച്ചി വിചാരിക്കുന്ന പോലെ ഒരാളല്ല മഷൂ.... അതോർത്ത് വാപ്പച്ചി പ്രഷർ കൂട്ടണ്ട.. " വീറോടെ അതും പറഞ്ഞു കൊണ്ടവൾ അകത്തേക്ക് പോയി മറുത്ത് ഒന്നും പറയാനാകാതെ ഇരുന്നതേയൊള്ളൂ അയാൾ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story