സുറുമി: ഭാഗം 26

surumi

എഴുത്തുകാരി: അവന്തിക

"വാപ്പച്ചി വിചാരിച്ചിരിക്കുന്ന പോലെ നിങ്ങള് കൈപിടിച്ച് കൊടുക്കാതെ അവള് പോവൂല.. ഇനി അവള് തയാറായാലും മഷൂദ് കൊണ്ട് പോയിട്ട് വേണ്ടേ... വാപ്പച്ചി വിചാരിക്കുന്ന പോലെ ഒരാളല്ല മഷൂ.... അതോർത്ത് വാപ്പച്ചി പ്രഷർ കൂട്ടണ്ട.. " വീറോടെ അതും പറഞ്ഞു കൊണ്ടവൾ അകത്തേക്ക് പോയി... മറുത്ത് ഒന്നും പറയാനാകാതെ ഇരുന്നതേയൊള്ളൂ അയാൾ.. സമയം കടന്ന് പോയി.റംസാൻ ഇടാതിരിവില്ലാതെ സൽമാന് വിളിച്ചു നോക്കുന്നുണ്ടായിരുന്നു.... സുറുമിയുടെ അടുത്ത കൂട്ടുകാരികളുടെ കുറിച്ച് വാപ്പച്ചിയോട് റംസാൻ ചോദിച്ചെങ്കിലും അനുകൂലമായിട്ടൊരു മറുപടി അയാളിൽ നിന്നുണ്ടായില്ല. അയാൾക്ക്‌ അതേ കുറിച്ച് വലിയൊരു അറിവില്ലായിരുന്നു എന്ന് വേണം പറയാൻ.. അവൻ ഉമ്മയോട് ചോദിച്ചെങ്കിലും അവളെ കൊണ്ട് വിടലും കൊണ്ട് വരലും എല്ലാം സൽമാൻ ആയത് കൊണ്ട് അവർക്കും വലിയ അറിവൊന്നും ഇല്ലായിരുന്നു.

ഗേൾസ് ഹൈ സ്കൂളിന്റെ അവിടെ എവിടെയോ ആണെന്നും ഹനയാണ് കുട്ടിയുടെ പേരെന്നും വാപ്പ ഗൾഫ് ഒക്കെ നിർത്തി വന്ന ആളാണെന്നും ഒരു വർഷം മുമ്പ് ഈ കുട്ടിയുടെയും അവളുടെ സഹോദരന്റെയും കല്യാണം ഒരുമിച്ചായിരുന്നു എന്ന പൊതു വിവരം മാത്രേ അവർക്കും ഉണ്ടായിരുന്നോള്ളൂ .. സമയം കഴിയും തോറും ഉമ്മക്ക്‌ മാത്രമല്ല പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും വാപ്പച്ചിയുടെ മനസ്സും അസ്വസ്ഥമായി കൊണ്ടിരിന്നു. അവൾ ഹനയുടെ വീട്ടിൽ ഉണ്ടാകുമെന്ന സമീറയുടെ ഉറപ്പിലും നിർബന്ധത്താലും എല്ലാവരും ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുനേറ്റു.. ഉമ്മയിൽ നിന്ന് കിട്ടിയ വിവരം വെച്ച് അവിടെ പോയി ആരോടെങ്കിലും ഒന്ന് അന്വേഷിച്ചിട്ട് വരാമെന്ന് പറഞ്ഞ് റംസാൻ ഇറങ്ങിയതും മുറ്റത്ത് സൽമാന്റെ കാർ കൊണ്ട് നിർത്തിയതും ഒരുമിച്ചായിരുന്നു. കാറിൽ നിന്ന് സൽമാനൊപ്പം ഇറങ്ങിയ സുറുമിയെ കണ്ടതും വാപ്പച്ചിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

എന്നാൽ സമീറക്ക് ചിരിയാണ് വന്നത് . പൊട്ടി വന്ന ചിരിയെ കടിച്ചപിടിച്ചു നിൽക്കുന്ന അവളെ കണ്ടതും റംസാൻ അത്ഭുതത്തോടെ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു . "അവളെന്തേലും ഒപ്പിച്ചിട്ടുണ്ടെങ്കിൽ അത് സൽമാൻ കൂടെ അറിഞ്ഞാകും എന്നെനിക്ക് ഉറപ്പായിരുന്നു. അതല്ലേ എനിക്ക് വല്ല്യ പേടിയൊന്നും തോന്നാതിരുന്നേ.... വാശിയുടെ കാര്യത്തിൽ വാപ്പച്ചി പുലിയാണെങ്കിൽ അവള് അതിലും വീര്യം കൂടിയ ഐറ്റമാ " സമീറ റംസാന്റെ ചെവിയിലായി അടക്കിപ്പിടിച്ച ശബ്ദത്തിൽ പറഞ്ഞു.. അത് കേട്ടപ്പോ ചിരി വന്നെങ്കിലും അവൻ കണ്ണ് കൊണ്ട് വാപ്പച്ചി കേൾക്കുമെന്ന് ആംഗ്യം കാണിച്ചു.. സൽമാനും സുറുമിയും അകത്തേക്ക് കയറാനൊരുങ്ങിയതും വാപ്പച്ചി അവർക്ക് മുമ്പിൽ തടസ്സമായി നിന്നു. രണ്ട് പേരെയും തുറുപ്പിച്ച് നോക്കുന്നതിനോടൊപ്പം പല്ലിറുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു അയാൾ.. എന്നാൽ ഇതൊക്കെ പ്രതീക്ഷിച്ചതാണ് എന്ന ഭാവമായിരുന്നു സുറുമിക്കും സൽമാനും..

ഒന്നും സംഭവിക്കാത്തത് പോലെയാണ് രണ്ട് പേരും നിൽക്കുന്നത്.... രാവിലെ ചങ്ക് പൊട്ടുന്ന ഹൃദയ ഭാരത്താൽ തല കുനിച്ച് ഇറങ്ങിപ്പോയ സുറുമിയല്ല ഇപ്പൊ മുന്നിലുള്ളതെന്ന് തോന്നി അയാൾക്ക്...വരുന്നത് എന്തും നേരിടാനുള്ള ചങ്കൂറ്റത്തോടെയുള്ള അവളുടെ ഭാവം അയാളിലെ ദേഷ്യത്തെ ഇരട്ടിയാക്കി .. അയാളുടെ ദേഷ്യത്തോടെയുള്ള മുഖം കണ്ടതും ഉമ്മ യാചനയോടെ അയാളെ നോക്കി ഒന്നും പറയല്ലേ എന്ന് കെഞ്ചി.. അവരുടെ കണ്ണുനീർ അയാളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല അയാൾ വീണ്ടും ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.. " ആങ്ങളയും പെങ്ങളും കൂടെ എന്നെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ..." അയാൾ മുരണ്ടു.. "ഞങ്ങൾ ആരേം തോൽപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല വാപ്പച്ചി... വാപ്പച്ചിയല്ലേ ഞാനില്ലാത്ത ദിവസം നോക്കി ഓരോ... "വായയിൽ വന്നത് മുഴുവനാക്കാതെ അവൻ നിർത്തി....

"എന്താ നിർത്തി കളഞ്ഞത്.. ബാക്കി കൂടെ പറയ്‌... നീ ഇല്ലാത്ത ദിവസം നോക്കി ഞാനീ ചെറ്റത്തരം കാണിച്ചതെന്ന് എന്തിനാണെന്നല്ലേ നീ ചോദിക്കാൻ വന്നേ .... " അയാൾ ശബ്ദമുയർത്തി.. "അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചില്ല.. അപ്പൊ ചെയ്തത് ചെറ്റത്തരമാണെന്ന് വാപ്പച്ചിക്ക് അറിയാല്ലേ "പരിഹാസത്തോടെ മറ്റെവിടെയോ നോക്കി കൊണ്ട് സൽമാൻ പറഞ്ഞു. "ഡാ... തറുതല പറയുന്നോ... " അയാൾ അവനെ അടിക്കാനായി കയ്യോങ്ങി.. "വാപ്പച്ചി... എന്താ ഇത്....മുറ്റമാണ്.. ആളുകൾ ശ്രദ്ധിക്കും... വെറുതെ എന്തിനാ നമ്മുടെ കുടുംബ പ്രശ്നം ഒച്ചയെടുത്ത് നാട്ടുകാരെ കൂടെ അറിയിക്കുന്നെ...അകത്തേക്ക് കയറിരുന്ന് സംസാരിക്കാം... " പ്രശ്നം വഷളാവുമെന്ന് കണ്ടെത്തും റംസാൻ ഇടപെട്ടു .. "സൽമാനെ.... നീ കയറ് ... റൂമീ... നീയും വാ.. " റംസാൻ പറഞ്ഞതും വാപ്പച്ചി അവരെയൊന്ന് കടുപ്പിച്ച് നോക്കി അകത്തേക്ക് കയറി പോയി.. പുറകെ ബാക്കിയുള്ളവരും ... ലിവിങ് റൂമിൽ എത്തിയതും വാപ്പച്ചി പരാതിയുടെയും കുറ്റങ്ങളുടെയും ഭീഷണിയുടെയും കെട്ടഴിച്ചു വിട്ടു .

. ഇപ്പൊ വന്ന കല്യാണാലോചന എന്ത് വന്നാലും മുന്നോട്ട് കൊണ്ട് പോകാൻ തന്നെയായിരുന്നു അയാളുടെ തീരുമാനം.. ചെക്കൻ സിറ്റി ഹോസ്പിറ്റലിൽ പുതുതായി ചാർജടുത്ത ന്യൂറോ സർജൻ ആണെന്നും പേര് കേട്ട തറവാട്ട്ക്കാരാണെന്നും ഇതിലും നല്ലൊരു ബന്ധം കിട്ടാനില്ലെന്നുമൊക്കെ പറഞ്ഞു കൊണ്ടിരിന്നു അയാൾ . വന്ന ആളുകളുടെ മുമ്പിൽ ഒന്ന് മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ തന്നെ സുറുമി മനഃപൂർവം നാണകെടുത്തിയെന്നും ഇത്രയും വർഷം വളർത്തി വലുതാക്കിയ ഞാൻ ആണോ അതല്ല ഇന്നലെ കണ്ട, സ്വന്തം കുടുംബത്തിനെ പോറ്റാൻ പോലും മര്യാദക്ക് വരുമാനമാർഗമില്ലാത്ത ആ ചെക്കനാണോ നിനക്ക് വലുതെന്നു വാപ്പച്ചി ചോദിച്ചപ്പോൾ അവളുടെ ഉള്ളം നീറി... പണ്ടെങ്ങോ പഠിച്ച, പിതാവിന്റെ തൃപ്തിയിലാണ് പടച്ചവന്റെ തൃപ്തി എന്ന നബി വചനമാണ് അവൾക്ക് ഓർമ വന്നത്.. ഇപ്പോ വാപ്പച്ചിയെ എതിർത്ത് സ്വയം ഒരു തീരുമാനം എടുത്താൽ താൻ തിരഞ്ഞെടുക്കുന്ന മഷുവുമൊത്തുള്ള ജീവിതത്തിൽ തനിക്കൊരു സമാധാനവും സന്തോഷവും കാണില്ല ..

അങ്ങനെ സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു ജീവിതം മശൂന്റെ കൂടെ ജീവിച്ച് തീർക്കേണ്ടി വരുന്നത് ഓർക്കേ അവളുടെ മനസ്സ് അവനെ ഓർത്ത് പിടഞ്ഞു ..വാപ്പച്ചിയെ അനുസരിച്ചാൽ ശിഷ്ട കാലം മുഴുവൻ മഷൂന്റെ ഓർമയിൽ നീറി നീറി ജീവിക്കേണ്ടി വരുന്നത് ഓർത്തപ്പോ ഒരു തീരുമാനം എടുക്കാനാവാതെ അവളുടെ ഉള്ളം വിങ്ങി.. ആരുടെയും മുഖത്ത് നോക്കാതെ വാപ്പച്ചി പറയുന്നതെല്ലാം കേട്ട് തലകുനിച്ച് നിന്നതേയുള്ളു അവൾ.. ഒരു നിമിഷം മഷൂദ് നെ കണ്ട് മുട്ടിയിരുന്നില്ലെങ്കിൽ എന്ന് ചിന്തിച്ചു പോയി അവൾ..അവനെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നെങ്കിൽ എവിടെങ്കിലും സുഖമായി, സ്വസ്ഥമായി ജീവിച്ചിരുന്നേനെ അവൻ ... ഇന്നിപ്പോ അവൾക്കൊപ്പമോ അതിലും കൂടുതലോ മൈലുകൾക്ക് അപ്പുറം, സമാധാനിപ്പിക്കാനോ, ആശ്വസിപ്പിക്കാനോ, ഒരാള് പോലുമില്ലാതെ അവനും നീറി പുകയുന്നുണ്ടാകും.....എത്ര സമാധാനപരമായി കഴിഞ്ഞിരുന്നതാ അവൻ... അവൻക്കും അവന്റെ കുടുംബത്തിനും താൻ കാരണം വേദനയല്ലാതെ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നോർത്തപ്പോ അവളുടെ ഉള്ളം കുറ്റബോധം കൊണ്ടും സങ്കടം കൊണ്ടും നീറി ....

""പടച്ചോനേ... എന്റെ മുമ്പിലൊരു വഴി തെളിയിച്ചു താ.."". അവൾ മനസ്സ് കൊണ്ട് പടച്ചവനോട് കേണു ... "കണ്ടില്ലേ അവളുടെ വാശി... ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ... കുടുംബത്തിന് ചീത്ത പേരുണ്ടാക്കാൻ...നന്ദികെട്ടവൾ.....ഇത്രേം കാലം വളർത്തി വലുതാക്കിയതിന് നീ ഞങ്ങൾക്ക് തന്ന സമ്മാനം... അതായിരിക്കും അല്ലേടി നിന്റെ ഈ ധിക്കാരം " അയാളുടെ ഓരോ വാക്കും അവളുടെ ഉള്ളിൽ കുത്തി മുറിവേൽപ്പിച്ചു.. ആ മുറിയിൽ നിന്ന് ചോര കനിയുന്നുണ്ടെന്ന് തോന്നി അവൾക്ക്.. അവളുടെ തകർന്നുള്ള നിൽപ്പ് കണ്ടപ്പോൾ അയാൾ ഉള്ളിൽ സന്തോഷിക്കുകയായിരുന്നു.. സ്നേഹബന്ധം പറഞ്ഞും അവൾ ചെയ്യുന്ന നന്ദികേട് ഓർമിപ്പിച്ചും ഇത് വരെ വളർത്തി വലുതാക്കിയ കണക്കു പറഞ്ഞും അവളെ മാനസികമായി വേദനിപ്പിച്ചാൽ ഒരു പക്ഷെ അവൾ അവനെ മറക്കാൻ തയാറാകുമെന്നും താൻ പറയുന്നത് അനുസരിക്കാൻ തയാറാകുമെന്നും അയാൾ കണക്ക് കൂട്ടി ... "ഇവള് എന്ത് നന്ദികേട് കാണിച്ചൂന്നാ വാപ്പച്ചി പറയണേ.... ആരെ ധിക്കരിച്ചെന്നാ പറയണേ... ഒരാളോട് ഇഷ്ട്ടം തോന്നിയത് മഹാ അപരാധമാണോ .. അവൻ നന്മയുള്ളവനാ...

അങ്ങനെ ഒരാളെ ജീവിതം പങ്കാളി ആയി കിട്ടാൻ അവൾ ആഗ്രഹിച്ചതിൽ എന്താ തെറ്റ്..? അവള് അവന്റെ കൂടെ ഇറങ്ങി പോവുകയോ അവൻ വിളിച്ചിറക്കി കൊണ്ട് പോവുകയോ മറ്റോ ചെയ്തോ... ഇല്ലാലോ.. അങ്ങനെ ആണേൽ വാപ്പച്ചി പറയുന്ന ധിക്കാരിയും നന്നിക്കെട്ടവളും എല്ലാം ആയേനെ ഇവൾ.... ഇഷ്ട്ടം തോന്നിയ ഉടനെ അവൻ മാന്യമായി പെണ്ണ് ചോദിച്ചു...തറവാട് പേര് പറഞ്ഞും അവന്റെ മരിച്ചു പോയ ഉപ്പന്റെ പേരിൽ മുമ്പെങ്ങോ ഉണ്ടായിരുന്ന ഒരു കേസിന്റെ പേര് പറഞ്ഞും വാപ്പച്ചി ഈ കല്യാണത്തിന് സമ്മതിക്കാത്തതിൽ ഞങ്ങൾ എന്തെങ്കിലും എതിര് പറഞ്ഞോ..തന്നിഷ്ടം ചെയ്തോ... എന്നിട്ടും ഞങ്ങളുടെ ഇഷ്ടവും സന്തോഷവും നോക്കാതെ അനുവാദം പോലും ചോദിക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്ന വാപ്പച്ചി തന്നെയല്ലേ ഞങ്ങളോട് നന്ദികേട് കാണിക്കണേ... " സൽമാന്റെ ശബ്ദം ഉയർന്നു.. ഓരോ വാക്ക് പറയുമ്പോഴും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വിറയ്ക്കുന്നുണ്ടായിരുന്നു അവൻ....

ഒരു കൈ സുറുമിയുടെ തോളിലൂടെ ഇട്ട് അവന്റെ മാറോട് ചേർത്ത് പിടിച്ചിരിന്നു... അവന്റെ കൈക്കുള്ളിൽ നെഞ്ച് പൊട്ടുന്ന വേദനയാൽ തല കുനിച്ച് നിൽക്കുകയാണ് സുറുമി..ശക്തമായി ഉയർന്നു താഴുന്ന അവളുടെ ശ്വാസഗതിയിൽ ഉണ്ടായിരുന്നു അവൾ അനുഭവിക്കുന്ന വേദനയുടെയും നോവിന്റെയും വ്യാപ്തി.... "എന്തിനാ വാപ്പച്ചി ഈ വാശി കാണിക്കണേ... വാപ്പച്ചി എന്തിന് വേണ്ടിയാ ഈ ആലോചന കൊണ്ട് വന്നേ... ഇവള് ഒരു പണക്കാരന്റെ കൂടെ സന്തോഷമായി ജീവിക്കണം... ഇതല്ലേ വാപ്പച്ചിയുടെ ആഗ്രഹം ... അങ്ങനെയൊരു ലൈഫിൽ ഒരിക്കലും ഇവൾ സാറ്റിസ്‌ഫൈഡ് അല്ലെങ്കിൽ, ഒരിക്കലും ഇവൾക്ക് സന്തോഷിക്കാൻ കഴിയില്ലെങ്കിൽ വാപ്പച്ചി ഇവളുടെ കാര്യത്തിൽ എടുത്ത ഈ തീരുമാനം തെറ്റില്ലേ.... ഇനി അതല്ല..ഇട്ട് മൂടാനുള്ള പണവും വലിയ വീടും പേര് കേട്ട തറവാടും മാത്രം മതി..... അവൾ നീറി നീറി ജീവിച്ചോട്ടെ എന്നാണോ... "പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ ശബ്ദം ഇടറി...

"മതി.... എനിക്ക് വേണ്ടി ആരും ഒച്ച വെക്കേണ്ട .... വാപ്പച്ചിക്കോ കുടുംബത്തിനോ ഞാൻ ചീത്ത പേര് ഉണ്ടാക്കുന്നില്ല.... പോരെ.....അപ്പൊ വാപ്പച്ചിക്ക് തൃപ്തി ആവുമല്ലോ... അതിന് ഞാൻ എന്താ വേണ്ടേ... മഷൂവുമൊത്തുള്ള ജീവിതം ആഗ്രഹിക്കരുത്. . അവനെ മറക്കണം.. ഇതല്ലേ വേണ്ടൂ... അവനൊപ്പം എന്നല്ല ആരുടെ കൂടെയും എനിക്ക് ജീവിക്കണ്ട... എനിക്ക്‌ ആരെയും കല്യാണവും കഴിക്കണ്ട... പക്ഷെ, മഷൂനെ മറക്കാൻ മാത്രം പറയരുത് ..... വാപ്പച്ചി സന്തോഷത്തോടെ കൈ പിടിച്ച് തന്നെങ്കിൽ അല്ലേ ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ ... മനസ്സിൽ കൊണ്ട് നടക്കാൻ വാപ്പച്ചിയുടെ തൃപ്തി വേണ്ടല്ലോ....അത് കൊണ്ട് എന്റെ ഇനിയുള്ള കാലം ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചോളാം... ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിച്ച് അയാളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും തച്ചുടച്ച് നീറി നീറി ജീവിക്കുന്നതിലേറെ നല്ലതല്ലേ സ്വയം നീറി ജീവിക്കുന്നത്.. എന്റെ വിധി ഇതാണെന്ന് കരുതി ഞാനങ്ങു സമാധാനിച്ചോളാം... "

വാശിയോടെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ടവൾ സൽമാന്റെ കൈക്കുള്ളിൽ നിന്ന് അകന്ന് മാറി കൊണ്ട് മേലേക്കുള്ള കോണി പടികൾ ഓടി കയറി.. നാലഞ്ചു പടികൾ കയറിയതും അവളൊന്ന് നിന്നു.. "ഞങ്ങളുടെ കല്യാണം നടത്തി തരുന്നതിലല്ലേ വാപ്പച്ചിക്ക് എതിർപ്പ്.. സഫ.. അവളുടെം സലുക്കാടേം കല്യാണത്തിനെങ്കിലും വാപ്പച്ചി സമ്മതിക്കണം... ഇനി അതല്ല.. സലുക്ക കെട്ടി കൊണ്ട് വരുന്ന പെണ്ണും ഇട്ട് മൂടാനുള്ള സ്വർണ്ണവും കൊണ്ട് വരണം എന്നാണെങ്കിൽ വാപ്പച്ചിയുടെ മനസ്സിലുള്ളത് എത്രയാണെന്ന് വെച്ചാ മഷൂനോട് പറഞ്ഞാ മതി...എങ്ങനെയെങ്കിലും അത് തന്ന് അവൻ കല്യാണം നടത്തിക്കോളും.."ദേഷ്യവും വാശിയും പരിഹാസവും കലർന്നിരുന്നു അവളുടെ വാക്കുകളിൽ... ആരുടേയും വാക്കുകൾക്ക് പോലും കാതോർക്കാതെ അവൾ കോണിപ്പടികൾ ഓടി കയറി.... റൂമിലേക്ക് കയറി വാതിലടച്ച് സാക്ഷ ഇട്ടതും കിതച്ചുകൊണ്ടവൾ പിൻതല വെച്ച് വാതിലിൽ ചാരി നിന്നു..... നെഞ്ചകം നീറി പുകയുന്നുണ്ട്.... ഉള്ളിൽ മാത്രമല്ല, ആ നീറ്റലും വേദനയും ശരീരമൊട്ടാകെ പകരുന്നുണ്ട്.. കാലുകൾക്ക് തളർച്ച വന്നത് പോലെ. .

ഉള്ളും പുറവും ചൂടുള്ള തീയിൽ ഇടപ്പെട്ടത് പോലെ നീറി പിടയുന്നു ... അവൾ തലയിലുള്ള ഷാൾ വലിച്ചൂരി കളഞ്ഞു ... എല്ലാ സ്വപ്നങ്ങളും തകർന്നവളെ പോലെ നിലത്തേക്ക് ഊർന്ന് ഇരുന്ന് കൊണ്ടവൾ തല മുട്ടുകാലിൽ പൂഴ്ത്തി വെച്ചു . രണ്ട് കൈയും മുട്ട് കാലിനെ വരിഞ്ഞു മുറുകി .. അവൾ അനുഭവിക്കുന്ന വേദനയും വിങ്ങലും ക്രമാതീതമായി ഉയർന്നു താഴുന്ന ശ്വാസഗതികളായി പുറത്തേക്ക് വന്നു.. ആരോടെക്കെയോ ദേഷ്യവും വാശിയും തോന്നി ... വേദനയു വിങ്ങലും തോന്നി.. പക്ഷെ, എല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നതേയുള്ളൂ.. ഒരു തുള്ളി കണ്ണുനീർ പോലും വരുന്നില്ല... ആർത്തു കരയണം, ഉള്ളിലെ നോവ് കണ്ണുനീരായി പുറത്തേക്ക് ഒഴുക്കി വിടണം എന്നുണ്ട് .. പക്ഷെ പറ്റുന്നില്ല.. മനസ്സ് മരവിച്ചത് പോലെ... കണ്ണുകൾ കരയാൻ മറന്നത് പോലെ... ഇന്ന് രാവിലെ വാപ്പച്ചി അവർക്ക് മുമ്പിൽ എന്നെ കൊണ്ട് നിർത്തുന്നത് വരെ എന്തൊക്കെ പ്രതീക്ഷകളായിരുന്നു...ഒരു മാസം കൊണ്ട് മഷൂ വരും.. എങ്ങനെയെങ്കിലും കല്യാണത്തിന് പറഞ്ഞ് സമ്മതിപ്പിക്കും...

സഫയെ സലുക്ക നിക്കാഹ് ചെയ്യുന്നതോടൊപ്പം വാപ്പച്ചിയുടെ പൂർണ്ണ തൃപ്തിയോടെ മഷൂ എന്നേം നിക്കാഹ് ചെയ്യും .. അങ്ങനെങ്ങനെ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു ... ഉറങ്ങാൻ വേണ്ടി കണ്ണടച്ചാൽ പോലും മുന്നിൽ തെളിഞ്ഞു വരാ ആ കുസൃതിയോടെയുള്ള നോട്ടവും എനിക്ക് വേണ്ടി മാത്രം വിരിയുന്ന ആ ചിരിയോടെയും മഷ്‌ക്ക കഴുത്തില് മഹർ ഇടുന്നതാ.... ഇന്ന്, സിറ്റിങ് റൂമിലേക്ക് അറുക്കാൻ കൊണ്ട് പോകുന്ന മാടിനെ പോലെ വാപ്പച്ചി എന്നെ കൊണ്ട് പോയപ്പോ... അവസാനം നിമിഷം വരെ മനസ്സിലൊരു പ്രതീക്ഷയായിരുന്നു, അവിടെ ഇരിക്കുന്നത് മഷൂ ആണെന്ന്... പക്ഷെ ഒന്നും ഉണ്ടായില്ല.. എല്ലാത്തിനും മൂകസാക്ഷിയായി നിന്ന് കൊടുക്കുമ്പോ മനസ്സ് മുഴുവൻ ഒരു തരം മരവിപ്പായിരുന്നു .. വീട്ടിൽ നിന്നും ഇറങ്ങി ലക്ഷ്യമില്ലാതെ നടക്കുമ്പോ മഷ്‌ക്ക അല്ലാതെ ഒരാളുടെ ഭാര്യ ആകുന്നത് ഓർക്കുകയായിരുന്നു ഞാൻ ... അങ്ങനെ സംഭവിച്ചാൽ.... പിന്നെ ഞാനുണ്ടകോ.... ഇല്ല്യാ....

മഷ്‌ക്ക ഇല്ലാതെ സുറുമി ഇല്ല...വേറൊരാളുടെ മഹറിനു കഴുത്ത് നീട്ടുന്നതിലും ഭേദം മരിച്ചു പോകുന്നതാണ്.. മഷ്‌ക്ക ഇല്ലാത്ത എന്റെ ജീവിതം ഓർക്കാൻ പോലും വയ്യ....... ബസ് സ്റ്റോപ്പിലേക്ക് എത്തി ഹനയുടെ വീട്ടിലേക്കുള്ള ബസ് കയറുമ്പോ മനസ്സിൽ മുഴുവൻ 'എന്തുണ്ടെങ്കിലും നവിയെ അറിയിക്കണം 'എന്ന മഷ്‌ക്കാടെ വരികളായിരുന്നു.... എന്തോ, അപ്പൊ ഹനയുടെ വീട്ടിലേക്ക് പോയി നാവിക്കയെ കണ്ട് കാര്യങ്ങളൊക്കെ പറയാനാണ് തോന്നിയത്.. ഒരു പക്ഷെ സലുക്കായെക്കാളും അപ്പൊ എന്നെ സഹായിക്കാൻ നവികാക്കേ കഴിയൂ എന്ന് ഉള്ളിൽ നിന്ന് ആരോ പറയും പോലെ.. ബുധനാഴ്ചയാണ്, നവിക്ക വീട്ടിൽ ഇല്ലാത്ത ദിവസമാണ് എന്നൊന്നും അപ്പൊ ചിന്തിച്ചത് പോലുമില്ല... ഹനയുടെ വീടിന്റെ മുമ്പിൽ ബസിറങ്ങി ഗേറ്റ് തുറന്ന് അവളുടെ വീട്ടിലേക്ക് കയറുമ്പോ ഒരു നിമിഷം റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി നിന്നു ...

മഷ്ക്കാനെ ആദ്യമായി കണ്ട് മുട്ടിയ ഈ സ്ഥലം സാക്ഷിയാക്കി തന്നെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ മുന്നിലേക്ക് ഓടിയാലോ എന്ന് ചിന്തിച്ചു പോയി.. എന്തോ അങ്ങനെയൊരു പൈശാചിക ചിന്തയാണ് തോന്നിയത് .... പെട്ടന്ന് തന്നെ മശൂന്റെ ചിരിക്കുന്ന മുഖം ഓർമ വന്നു... ഞാൻ ഇല്ലാണ്ടായാൽ ന്റെ സലുക്കാ ചങ്ക് പൊട്ടി കരയുന്നതും, ഉമ്മ തളർന്നു പോകുന്നതും, തന്റെ ചെയ്തിയാണല്ലോ എന്റെ മകളുടെ ജീവനെടുത്തതെന്ന് ഓർത്ത് എന്റെ വാപ്പച്ചി നീറുന്നതും ഓർത്തപ്പോ...ഒരു നിമിഷം കണ്ണടച്ചു പിടിച്ചു... ഇല്ല്യാ... സുറുമിക്ക് കഴിയില്ല... ലോകം മുഴുവൻ എതിര് നിന്നാലും സ്നേഹിക്കാനും കാത്തിരിക്കാനും ഓർത്തിരിക്കാനും മഷൂ ഉള്ളുടുത്തോളം കാലം സുറുമിക്ക് സ്വയം ജീവിതം അവസാനിപ്പിക്കാൻ കഴിയില്ല... ഹനയുടെ വീട്ടിൽ ചെന്ന് കാളിങ് ബെൽ അടിച്ചപ്പോഴാണ് അവളുടെ ഉമ്മയോട് എന്ത് പറയും എന്ന് ചിന്തിച്ചത്.. വാതിൽ തുറന്ന അവരുടെ മുമ്പിൽ എന്ത് പറയുമെന്നറിയാതെ നിന്നപ്പോൾ എന്റെ മുഖം കണ്ടിട്ടായിരിക്കാം കൂടുതൽ ഒന്നും ചോദിക്കാതെ അകത്തേക്ക് കയറ്റിയിരുത്തി .

തലവേദനയുണ്ടോ എന്ന് ചോദിച്ചതിന് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല....അപ്പോഴേക്കും രക്ഷക്കായി ഹിബ എത്തി.അവളും എന്റെ മുഖത്ത് നിന്ന് എന്തൊക്കെയോ വായിച്ചെടുത്തിരിക്കാം.. വേഗം മേലെ ഹനയുടെ റൂമിൽ കൊണ്ട് പോയി ഇരുത്തി .. ഹന കോളേജിൽ പോയത് കൊണ്ട് ഹിബയും ഉമ്മയും മാത്രേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നൊള്ളു...എന്താ കാര്യമെന്ന് ആകുലതയോടെ തിരക്കിയ അവളോട് ചുരുക്കം ചില വാക്കുകളിൽ കാര്യം പറഞ്ഞു.. ഇപ്പൊ ആലോചിക്കുമ്പോ എന്റെ ഭാഗ്യം എന്ന് തന്നെ തോന്നുന്നു.. ഹിബയെ ഏഴ് മാസം തികഞ്ഞ് അവളെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്ന ചടങ്ങാണ് രണ്ടൂസം കഴിഞ്ഞാൽ .. ഹന പറഞ്ഞിരുന്നെങ്കിലും ഹിബ പറഞ്ഞപ്പോഴാണ് അതോർമ്മ വന്നത് പോലും.. ആ കാരണം കൊണ്ട് തന്നെ നവിക്ക ഈ ആഴ്ച ബാംഗ്ലൂർ പോയിട്ടില്ല എന്നറിഞ്ഞപ്പോ ആ അവസ്ഥക്കിടയിലും ഇച്ചിരി ആശ്വാസം തോന്നി.. നവിക്ക പുറത്ത് പോയതായിരുന്നു..

ഹിബ വിളിച്ച് കാര്യം പറഞ്ഞതും അര മണിക്കൂർ കൊണ്ട് കോളേജിൽ നിന്ന് ഹനയെയും കൂട്ടി നവിക്ക വന്നു..കോളേജിൽ പോയ ഹനയെ വിളിച്ചു കൊണ്ട് വന്നതിന്റെ കാരണം ചോദിച്ചപ്പോൾ അവർക്ക് ഉമ്മയോട് കാര്യങ്ങളൊക്കെ പറയേണ്ടി വന്നു.. വിചാരിച്ച എതിർപ്പൊന്നും ഉണ്ടായില്ലെന്ന് തോന്നുന്നു.. അത് കൊണ്ടാണല്ലോ രാവിലെ മുതൽ സലുക്ക വരുന്നത് വരെ അവിടെ നിർത്തിയതും ഓരോ നേരവും നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചതും... ഓടി പാഞ്ഞ് വെപ്രാപ്പെട്ടാണ് ഹന വന്നത്.. പെട്ടന്ന് ഒരു മുന്നറിയിപ്പുമില്ലാതെ നവിക്ക കോളേജിൽ വന്ന് കൂട്ടി കൊണ്ട് വന്നപ്പോ അവളാകെ പേടിച്ചു പോയിരുന്നു.. നവിക്ക തന്നെയാണ് സലുക്കാനെ വിളിച്ചറിയിച്ചത്.. അപ്പൊ മാത്രമാണ്, വാപ്പച്ചി കൊണ്ട് വരുന്ന കല്യാണലോചനകൾ എല്ലാം തന്നെ പലതും പറഞ്ഞ് സലുക്ക മുടക്കി കൊണ്ടിരിക്കുകയായിരുന്നു എന്നും ഇപ്പൊ സലുക്ക വീട്ടിലില്ലാത്ത അവസരം വാപ്പച്ചി ശരിയായി വിനിയോഗിച്ചതാണെന്നും മനസ്സിലായത്..

കേട്ടപാതി അവിടെത്തെ പർച്ചേസ് കഴിഞ്ഞ് വേഗം പുറപ്പെടാമെന്നും സലുക്ക വരുന്നത് വരെ എന്നെ അവിടെ നിർത്തണമെന്നും നവിക്കയെ പറഞ്ഞേൽപ്പിച്ചു... പിന്നെയും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മഷ്‌ക്കയെ ഫോണിൽ ഒന്ന് കിട്ടിയത്.. ആള് ഡ്യൂട്ടിയിൽ ആയിരിക്കണം...എന്താടാ.. ഞാന് ഡ്യൂട്ടിയിലാ.. ഫ്രീ ആയിട്ട് വിളിച്ചാൽ മതിയോ എന്ന് ചോദിച്ചു കൊണ്ടാണ് മഷ്‌ക്ക ഫോൺ എടുത്തത് തന്നെ... വളരെ ശാന്തമായി നവിക്ക കാര്യം പറയുന്നത് കേട്ടു.. അപ്പോഴത്തെ ആളുടെ അവസ്ഥ ഓർക്കേ നെഞ്ചിലൊരു കനം വന്ന് മൂടി.. എനിക്ക് അപ്പൊ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ചേർത്ത് പിടിക്കാനും ചുറ്റും ഒരുപാട് പേരുണ്ട്.. പക്ഷെ മഷ്ക്കാക്കോ... "ന്നാ നിനക്ക് തരാൻ പറഞ്ഞു "എന്ന് പറഞ്ഞു കൊണ്ട് ഫോൺ എനിക്കായി നീട്ടി പിടിച്ചു നവിക്ക... ഹനയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്ന ഞാൻ എഴുനേറ്റ് ഇരുന്നു.. അനുവാദത്തിനായി ഹനയെയും അടുത്തിരിക്കുന്ന ഹിബയെയും നോക്കി.

അവർ കണ്ണ് കൊണ്ട് അനുവാദം തന്നപ്പോൾ ഞാൻ ഫോൺ വാങ്ങി... ഫോൺ കാതോട് ചേർത്ത് ആ നിശ്വാസത്തെ അടുത്തറിയുമ്പോ അഞ്ചാറു മാസങ്ങളായി വെള്ളിയാഴ്ചകളിൽ എന്നെ തേടി വരാറുള്ള, ആ നിശ്വാസങ്ങളിൽ നിന്നും ഏറെ ദൂരയാണ് അപ്പോഴത്തെ നിശ്വാസവും നെഞ്ചിടിപ്പുമെന്ന് തോന്നി... സംസാരിച്ചു തുടങ്ങാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ടത് കൊണ്ടായിരിക്കാം അവർ മൂന്ന് പേരും റൂം വിട്ടിറങ്ങി... അവർ പോയതും ഞാൻ വിളിച്ചു... "മഷ്‌ക്കാ .... " വിളിച്ചതും വിതുമ്പി പോയിരുന്നു ഞാൻ... അത് വരെ മരവിച്ച പോലെ നിന്നിരുന്ന മനസ്സും പ്രിയപ്പെട്ടവന്റെ സാന്നിധ്യത്തിൽ എല്ലാം മറന്നു കൊണ്ട് തേങ്ങി.... അവ ചീളുകളായി പുറത്തേക്ക് ഒഴുകി... "എന്താ പെണ്ണേ ഇത്..... നീ സ്ട്രോങ്ങ്‌ ആണെന്നല്ലെ ഞാൻ കരുതിയെ... അയ്യേ... " എന്റെ തേങ്ങലൊന്നടങ്ങിയതും മഷ്‌ക്കാടെ അടഞ്ഞ ചിലമ്പിച്ച ശബ്ദം കാതിലെത്തി... "ന്റെ പെണ്ണേ... ഞാൻ ജീവിച്ചിരിക്കുമ്പോ നിന്നെ വേറൊരാള് നിക്കാഹ് ചെയ്യേ... ഒരിക്കലുമില്ല... നിന്റെ മനസ്സിൽ ഞാൻ ഉള്ളടുത്തോളം കാലം ലോകത്ത് ആർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കൂല..

.ഇനി നിന്നെ സ്വന്തമാക്കാൻ വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നാലും ശരി...ഞാൻ ഇല്ലേ കൂടെ... പിന്നെ നീ എന്തിനാ പേടിക്കണേ..ആര് വിചാരിച്ചാലും സുറുമിയെ മഷൂദിൽ നിന്നകറ്റാൻ പറ്റില്ല... " അവന്റെ ഉറച്ച ശബ്ദം കാതിൽ വീണു... അവന്റെ ഓരോ വാക്കുകളും മനസ്സിന് മാത്രമല്ല ശരീരത്തിനും ഊർജ്ജം പകർന്നു... കുറച്ച് നേരം കൊണ്ടാണെങ്കിലും തകർന്നടിഞ്ഞു പോയ എനിക്കും, എന്റെ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും ആ വാക്കുകൾ പുതുജീവൻ നൽകി... കുറച്ച് നേരം കൂടെ സംസാരിച്ചെങ്കിലും ഇടക്കിടക്ക് മഷ്‌ക്കയെ കഫീൽ വിളിക്കുന്നതും അറബിയിൽ എന്തൊക്കെയോ പറയുന്നതും കേൾക്കാമായിരുന്നു..അറബിയും ഇംഗ്ലീഷും ചേർത്ത് മഷ്‌ക്ക അയാളോടും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു... മഷ്‌ക്ക അയാളോട് പത്തു മിനുട്ട്, നാട്ടിൽ നിന്ന് ഒരു അർജെന്റ് കാളാണ് എന്നൊക്കെയാണ് പറയുന്നത് എന്ന് സംഭാഷണം ശ്രദ്ധിച്ച കേട്ടപ്പോ എനിക്ക് മനസ്സിലായി.. കാൾ അവസാനിപ്പിക്കാൻ നേരത്തും അധികം സംസാരിക്കാൻ പറ്റാത്ത നിരാശ മഷ്‌ക്കയുടെ വാക്കുകളിൽ പ്രകടമായിരുന്നു... രാത്രി സലുക്ക വരുന്നത് വരെ അവരുടെ കൂടെ നിന്നു....

അവനിൽ നിന്ന് പകർന്നു കിട്ടിയ ഒരു പോസറ്റീവിറ്റി, അത് പിന്നീട് അങ്ങോട്ടുള്ള എന്റെ ഓരോ പ്രവർത്തിയിലും പ്രകടമായിരുന്നു.... സലുക്കാടെ കൂടെ വീട്ടിലെത്തുന്നത് വരെ മനസ്സിൽ മുഴുവൻ മഷ്‌ക്കാടെ വാക്കുകൾ ആയിരുന്നു..മഷ്‌ക്ക എന്റെ കൂടെ ഉണ്ട്.. ആ ഒരു വാക്ക് മാത്രം മതിയായിരുന്നു വാപ്പച്ചിയുടെ മുമ്പിൽ ചങ്കൂറ്റത്തോടെ നിൽക്കാൻ... പക്ഷെ എന്നിട്ടും നന്ദികെട്ടവളെന്നും ധിക്കാരിയെന്നും ജന്മം നൽകിയവരിൽ നിന്ന് കേട്ടപ്പോ, ഉണ്ടാക്കി എടുത്ത ധൈര്യമെല്ലാം ചോർന്നു പോയി... വളർത്തി വലുതാക്കിയവരാണോ മഷ്ക്ക ആണോ വലുതെന്നു ചോദിച്ചപ്പോൾ പതറി പോയി... മഷ്‌ക്കാ... ഞാൻ തോറ്റു പോയി മഷ്‌ക്കാ.... വാപ്പച്ചിയുടെ മുമ്പിൽ പതറി പോയി..... മാപ്പ്... എന്നും എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാകും...

.മരണം വരെയും എന്റെ മനസ്സിലും ജീവിതത്തിലും മഷ്‌ക്ക മാത്രം ഉണ്ടാവൊള്ളൂ.... എന്റെ ഈ ഒരു പ്രണയം കൊണ്ട് നിങ്ങൾക്ക് വേദന മാത്രേ ഞാൻ സമ്മാനിച്ചിട്ടുള്ളൂ ....മാപ്പ് ....മോഹിപ്പിച്ചതിന് ...ആശിപ്പിച്ചതിന് .... അവളുടെ ഉള്ളം അവന്റെ ഓർമയിൽ നീറിപിടഞ്ഞു ... എന്തൊക്കെയോ ചിന്തിച്ചു തീരുമാനിച്ചു കൊണ്ടവൾ എഴുനേറ്റ് വേച്ച് വേച്ച് ബാത്റൂമിലേക്ക് നടന്നു... മനസ്സിന്റെ ഭാരം ശരീരത്തെയും തളർത്തിയിരുന്നു... ഫ്രഷ് ആയി വന്നതും കാട്ടിലേക്ക് കിടന്നു .. സലുക്ക അവളെ വിളിച്ചു കൊണ്ട് വാതിലിൽ മുട്ടുന്നതും ഏറെ നേരം കഴിഞ്ഞും മറുപടി ഒന്നുമില്ലാതെ ആയപ്പോ ശബ്ദം കുറഞ്ഞു കുറഞ്ഞു വരുന്നതും ഒടുവിൽ അത് നിലക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു...... ജനാലയിലൂടെ കാണുന്ന ആകാശത്തെയും എണ്ണമറ്റ നക്ഷത്രങ്ങളെയും നാണിച്ചു കൊണ്ട് മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു പോകുന്ന ചന്ദ്രനെയും നോക്കി കൊണ്ടവൾ കട്ടിലിന്റെ ഒരറ്റത്തേക്ക് ചുരുണ്ടു കൂടി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story