സുറുമി: ഭാഗം 27

surumi

എഴുത്തുകാരി: അവന്തിക

രാവിലെ സുറുമി പതിവിലും നേരത്തെ എഴുനേറ്റു. തലയ്ക്കു വല്ലാത്ത ഭാരം പോലെ.. രാത്രിയിലെ സംഭവങ്ങൾ ഓർക്കേ നെഞ്ചിലൊരു കനം വന്ന് മൂടി... ഉറങ്ങുകയായിരുന്നപ്പോ എന്തൊരു സുഖമായിരുന്നു... ഒരു ടെൻഷനും ഇല്ല... ഒന്നും അറിയുകയും വേണ്ടാ...ഇനി ഈ മനസ്സിലെ ഭാരം ഒന്നഴിയണമെങ്കിൽ ഇന്ന് രാത്രി ഒന്ന് ഉറങ്ങി കിട്ടണം.. അത് വരെ ഉള്ളം നീറി പുകഞ്ഞു കൊണ്ടിരിക്കും...അവൾ ഒരു നിശ്വാസത്തോടെ കിടക്ക വിട്ടെഴുന്നേറ്റു.... രാത്രി എപ്പോഴോ ആണ് കണ്ണൊന്നു ചിമ്മിയത്.....മനസ്സ് അസ്വസ്ഥതമായത് കൊണ്ടായിരിക്കാം നേരത്തെ തന്നെ ഞെട്ടി ഉണർന്നതും ... സമയം നോക്കിയപ്പോ പുലർച്ചെ അഞ്ചേ ആയിട്ടുള്ളൂ.. എഴുനേറ്റ് ഫ്രഷ് ആയി നമസ്ക്കാരവും പ്രാർത്ഥനയും കഴിച്ചു... പ്രാർത്ഥനയിൽ മുഴുവൻ നിറഞ്ഞ് നിന്നത് മഷൂന്റെ പേരായിരുന്നു ... ഇന്നലെ രാത്രി നടന്നതൊക്കെ അറിയുമ്പോ പാവം ഒരുപാട് വിഷമിക്കും.....

എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ഇന്നലെ ഓരോന്ന് പറയുമ്പോഴും ആളുടെ വാക്കുകളിൽ ആവോളം നോവ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു .... മനസ്സിലെ ഭാരം ഒഴുകി ഞാൻ ഒഴുക്കി കളയുമ്പോ മറുവശം ആളുടെ നെഞ്ച് പിടയുന്നത് എനിക്ക് അറിയാമായിരുന്നു... .... പടച്ചോനെ മനസ്സുറപ്പ് കൊടുക്കണേ...... എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ.... പ്രാർത്ഥന കഴിഞ്ഞതും കുറച്ച് നേരം കൂടെ കട്ടിലിൽ ഒന്ന് ചുരുണ്ടു കൂടി...ഓരോന്ന് ഓർത്ത് എന്തും നേരിടാനുള്ള കരുത്ത് സ്വയം ആർജ്ജിച്ചെടുക്കെ വാപ്പച്ചി ഇന്നലെ അവളെ സംബോധനം ചെയ്ത ഓരോ വാക്കുകളും അവളുടെ കാതിൽ അലയടിച്ചു.. ധിക്കാരിയെന്നും അഹങ്കാരിയെന്നും നന്ദികെട്ടവളെന്നുമുള്ള അയാളുടെ വാക്കുകൾ അവളുടെ മനസ്സിനെ കൂടെ കൂടെ അസ്വസ്ഥമാക്കി... ഇനിയും ഓർക്കാൻ ഇഷ്ടമില്ലാത്തവളെ പോലെ അവൾ കണ്ണുകൾ ഇറുകിയടച്ചു... ഓരോ പണികളായി വേഗം തീർത്തു കോളേജിലേക്ക് പോകാനായി അവൾ ഒരുങ്ങിയിറങ്ങി..

ഭക്ഷണം കഴിക്കുമ്പോഴാണ് വാപ്പച്ചി വന്നത്..രണ്ട് കയ്യിലും സാധനം നിറച്ച കവറുകളുണ്ട്.. കടയിൽ നിന്ന് സാധനം വാങ്ങി വരുന്നതാകും എന്നവൾ ഊഹിച്ചു.. "ഇന്നലെ കാണാൻ വന്ന കൂട്ടർ വിളിച്ചിരുന്നു... അവർക്ക് ഈ ആലോചന മുന്നോട്ടു കൊണ്ട് പോകാൻ താൽപ്പര്യമില്ല... ചെക്കെനെന്തോ ഒരു താല്പ്പര്യ കുറവ് എന്നാ പറഞ്ഞേ ....എങ്ങനെയാ പറ്റാ ... മുഖവും വീർപ്പിച്ച് കൊന്നാലും തല പൊക്കൂല എന്ന മട്ടല്ലായിരുന്നോ അന്റെ മോൾക്ക്... " ഉമ്മയോടാണ് പറയുന്നതെങ്കിലും കണ്ണുകൾ അവളുടെ മേലായിരുന്നു.. മുഖമുയർത്തി ഒന്ന് നോക്കാൻ പോലും മെനക്കേടാതെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു....ഇട്ടിരിക്കുന്ന തട്ടം കൊണ്ട് ഉമ്മ കണ്ണീരൊപ്പുന്നത് അവൾ നോക്കാതെ തന്നെ അറിയുന്നുണ്ടായിരുന്നു... കൈ കഴുകി തിരിഞ്ഞപ്പോൾ പുറകിൽ സൽമാൻ... വാപ്പച്ചി പറഞ്ഞത് കേട്ടെന്ന് വ്യക്തം....

നിർവികാരതയോടെ അവനെയൊന്ന് നോക്കി ആരോടും ഒന്ന് പറയുക പോലും ചെയ്യാതെ അവൾ ദൃതിയിൽ നടന്നകന്നു... ദിവസങ്ങൾ ശരവേഗത്തിൽ മാറിമറിഞ്ഞു... ദിവസം കഴിയും തോറും സുറുമി അവളിലേക്ക് തന്നെ ചുരുങ്ങുകയായിരുന്നു... കോളേജിൽ ചെന്നാൽ ഹന ചോദിച്ചതിന് മാത്രം ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറയും.. സഫയെ കാണുമ്പോ വരണ്ടൊരു ചിരി സമ്മാനിക്കും... വീട്ടിലെത്തിയാൽ അവളുടേതായ പണികളിൽ മുഴുകി രാത്രിയാക്കും.. സൽമാനെ പോലും കാത്ത് നിൽക്കാതെ വേഗം റൂമിൽ കയറി വാതിലടക്കും... രാത്രി മിക്കദിവസങ്ങളിലും അവൻ വന്ന് വാതിലിൽ മുട്ടി വിളിക്കുമെങ്കിലും അവളതിനെ കേട്ടതായി പോലും ഭാവിക്കാറില്ല... ഉറങ്ങിയെന്നു അവൻ ധരിക്കാൻ വേണ്ടി ലേറ്റ് ഓഫ്‌ ചെയ്ത് കട്ടിലിൽ ചുരുണ്ടു കൂടും.... രാവിലെ അവൻ എഴുനേറ്റു വരുന്നതിന് മുമ്പ് അവൾ കോളേജിൽ പോവുകയും ചെയ്യും .... ഉമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി എന്തെങ്കിലും പറഞ്ഞാലായി..

വാപ്പച്ചി എന്നൊരാൾ അവിടെ ഉള്ളത് പോലും അവളുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു... ഇങ്ങനെയൊക്കെ ആയാലും വെള്ളിയാഴ്ചകളിൽ അവളുടെ കണ്ണും കാതും വാപ്പച്ചിയുടെ റൂമിലെ ലാൻഡ്‌ഫോണിലേക്ക് നീളും ... പക്ഷെ, കഴിഞ്ഞ് പോയ രണ്ട് വെള്ളിയാഴ്ചയും നിരാശയായിരുന്നു ഫലം.. റംസാൻ കൂട്ടുകാരുമൊത്ത് ഒരു ട്രിപ്പ്‌ പോയൊരു ദിവസം. സമീറ മക്കളെയും കൊണ്ട് വലിയേടത്ത് എത്തി ..അവൾ രാവിലെ എത്തിയപ്പോഴേക്കും സുറുമി കോളേജിലും സൽമാൻ കമ്പനിയിലേക്കും പോയിരുന്നു.. ഫെറക്ക് ചെറിയൊരു പനി കോളുണ്ടായത് കൊണ്ട് ഫഹീമിനെ സ്‌കൂളിൽ ആക്കി ഫെറയെയും കൊണ്ടാണ് അവൾ വന്നത് .. സുറുമിയെ കുറിച്ചുള്ള ആകുലത ഉമ്മ സമീറയുമായി പങ്ക് വെച്ചു ... സമീറയും അവളുടെ കാര്യത്തിൽ ദുർബലയായിരുന്നു... വാശിക്കാരിയാണ്....

.മശൂദ്മായിട്ടുള്ള കല്യാണത്തിന് സമ്മതിക്കാത്തതിലേറെ അവളെ തകർത്തിയിട്ടുണ്ടാവുക മറ്റൊരു ആലോചന കൊണ്ട് വന്നു എന്നതായിരിക്കും.. അതിനെതിരെയുള്ള അവളുടെ ശക്തമായ പ്രതിഷേധമാണ് ഈ മൗനം പോലും.. പക്ഷെ സൽമാന് പോലും അവൾ മുഖം കൊടുക്കുന്നില്ല എന്നത് സമീറയെ ആശയകുഴപ്പത്തിലാക്കി..അവൾ വന്നാൽ സംസാരിക്കാമെന്ന് ഉമ്മക്ക് സമീറ വാക്ക് കൊടുത്തു.. ഉമ്മയെ കുറിച്ച് ആലോചിക്കെ സമീറക്ക് അവരോട് സഹതാപം തോന്നി.. പാവമാണ്.. വാപ്പച്ചിയെ അനുസരിച് മാത്രേ ശീലിച്ചിട്ടുള്ളൂ.. വാപ്പച്ചിയുടെയും മക്കളുടെയും വാശിയേറിയ ചെയ്തികളിൽ നീറുന്നത് ആ അമ്മ മനസ്സാണ്.. ഉച്ച കഴിഞ്ഞതോടെ ഫെറയുടെ പനി കൂടി... പൊള്ളുന്ന പനിയും തലവേദനയും.. ഡോക്ടറെ കാണിക്കാൻ സൽമാനെ വിളിക്കാൻ ഒരുങ്ങിയെങ്കിലും വാപ്പച്ചി കാറിന്റെ ചാവി എടുത്ത് ഇറങ്ങിയപ്പോ അവൾ മറുത്തൊന്നും പറഞ്ഞില്ല...

ഡോക്ടറെ കണ്ട് തിരിച്ചപ്പോഴേക്കും ഒരു മഴക്കെന്ന പോലെ ആകാശത്ത് കാർമേഘം ഇരുണ്ടുമൂടിയിരുന്നു.. വേനൽ മഴയുടെ വരവറിയിച്ചു കൊണ്ട് ഇളം തണുത്തകാറ്റും വീശിയടിച്ചു തുടങ്ങിയിരുന്നു... "വാപ്പച്ചി... നല്ല മഴക്കോളുണ്ടല്ലോ.. " ചുറ്റും നോക്കി കൊണ്ടാണ് അവൾ പറഞ്ഞത്.. രണ്ട് കയ്യിലുമായി ഫെറയെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. പനി വന്ന് ആകെ ക്ഷീണിച്ച് കിടക്കുകയാണവൾ.. "ഹ്മ്മ്.... നല്ല തണുത്ത കാറ്റുമുണ്ട്..എവിടെയോ നല്ല തിമിർത്തു മഴ പെയ്യുന്നുണ്ട് ...നമുക്കും നല്ലം തിമിർത്തൊന്ന് പെയ്താൽ മതിയായിരുന്നു.... ഇങ്ങനെ മൂടി കെട്ടിയാണേൽ ഉള്ള വെള്ളം കൂടെ വറ്റി പോകും ചെയ്യും ഒന്ന് പെയ്തോഴിഞ്ഞാൽ ചൂടിന് നല്ല ആക്കവും കിട്ടുമായിരുന്നു... " " ശരിയാ... ജനുവരി കഴിയുന്നതേ ഒള്ളൂ.. പക്ഷെ എന്താ ചൂടല്ലേ... " "ഹ്മ്മ്... " "വാപ്പച്ചി... സമയം നാലാകാറായി... സുറുമിയുടെ കോളേജ് വിട്ട് കാണും.. ഇപ്പൊ പോയാൽ അവളെ കൂടെ കൂട്ടാ... മഴ പെയ്താൽ അവളാകെ പെട്ട് പോകും... "വാച്ചിൽ സമയം നോക്കുന്നതിനോടൊപ്പം അവൾ പറഞ്ഞു അയാളൊരു നിമിഷം മൗനമായി.. "അവള്... അവൾ എനിക്കൊപ്പം വരോ... ഞാനാണ് ഓടിക്കുന്നതെന്ന് കണ്ടാൽ.. " അയാളുടെ വാക്കുകളിൽ വേദന നിഴലിച്ചു .. സമീറ അത്ഭുതത്തോടെ വാപ്പച്ചിയെ നോക്കി..

വാപ്പച്ചിയുടെ മുഖത്തപ്പോൾ വാശിയോ ദേഷ്യമോ അല്ല സമീറ കണ്ടത്..സുറുമിയുടെ സ്വഭാവ മാറ്റത്തിൽ വേദനയും നിസ്സഹായതയും കലർന്ന അയാളുടെ ഭാവം പ്രതീക്ഷയുടെ സൂചനയാണ് എന്നത് സമീറ സന്തോഷത്തോടെ മനസ്സിലാക്കി . "ഏയ്... അങ്ങനെ ഒന്നും അവൾ ചെയ്യില്ല വാപ്പച്ചി.. വാപ്പച്ചിക്ക് അറിയാവുന്നതല്ലേ അവളെ .. വാപ്പച്ചി വണ്ടി നേരെ കോളേജിലെക്ക് വിട്... " അവൾ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അയാൾ വണ്ടി കോളജിലേക്ക് വിട്ടു. അവർ അവിടെ എത്തിയപ്പോഴേക്കും ഒരുവിധം കുട്ടികൾ എല്ലാം പോയി കഴിഞ്ഞിരുന്നു.. രണ്ട് വശത്തേക്കായി പോകാനുള്ള ബസ് സ്റ്റോപ്പിൽ കുറച്ച് കുട്ടികൾ മാത്രം... നേരം ഇരുട്ടിയ പോലെ ആകാശം കറുത്തിരുണ്ടിരിന്നതിനാൽ അകലെ നിന്ന് കുട്ടികളുടെ മുഖവും വ്യക്തമല്ലായിരുന്നു.. "ഇതിലിപ്പോ അവളെ എങ്ങനെയാ കണ്ട് പിടിക്കാ... വാപ്പച്ചി കുറച്ച് മുന്നോട്ട് എടുത്തേ.. അവിടെ സൈഡ് ആക്കാം...അവളതിൽ ഉണ്ടേൽ നമ്മുടെ കാർ കാണുമ്പോ ഇങ്ങോട്ടേക്കു വന്നോളും.. "

മുന്നിൽ കാണുന്ന കുട്ടികളുടെ കൂട്ടം നോക്കി സമീറ പറഞ്ഞു അവൾ പറഞ്ഞത് പോലെ അവർക്ക് കുറച്ച് ഇപ്പുറത്തായി ഓരോരം ചേർന്ന് അയാൾ കാർ നിർത്തി.. "സഫാ ... " സുറുമിയെ തിരഞ്ഞ് ചുറ്റുഭാഗവും കണ്ണോടിക്കുന്നതിന്റെ ഇടയിൽ സഫയെ കണ്ടപ്പോൾ സമീറ പെട്ടന്ന് കണ്ട ആവേശത്തിൽ പറഞ്ഞതാണെങ്കിലും പിന്നെയാണ് വാപ്പച്ചി അടുത്തിരിപ്പുണ്ടല്ലോ എന്നോർത്ത്. ആ ഓർമയിൽ അവളൊന്ന് നാക്ക് കടിച്ചു... "മാമി എവിടാ ... " സമീറയിൽ നിന്ന് സഫയുടെ പേര് കേട്ടതും മടിയിൽ തളർന്നു കിടക്കുന്ന ഫെറ ആയാസപ്പെട്ട് കണ്ണ് തുറന്ന് എഴുനേൽക്കാൻ നോക്കി. ഫെറയുടെ ചോദ്യം കൂടെ കേട്ടപ്പോ ഉള്ളിൽ തോന്നിയ ചെറിയൊരു പേടിയോടെ അവൾ അയാളെ പാളി നോക്കി.. ഇല്ല്യാ...അയാളുടെ മുഖത്തോ കണ്ണുകളിലോ വെറുപ്പിന്റെയൊ , ദേഷ്യത്തിയോ അതൃപ്തിയുടെയോ കണിക പോലുമില്ല... മറിച്ച് അയാളുടെ കണ്ണുകൾ ആകാംഷയോടെ ചുറ്റു ഭാഗവും എന്തോ തിരയുന്നുണ്ടായിരുന്നു...

വാപ്പച്ചി... അതാ ... അതാണ് സഫ.... സൽമാന്റെ.. അല്ല... മശൂന്റെ പെങ്ങൾ.. " അയാളുടെ മുഖത്തെ ആകാംഷ മനസ്സിലാക്കിയ സമീറ അവസരം പാഴാക്കാതെ പറഞ്ഞു.. അപ്പോഴേക്കും ഫെറ പണിപ്പെട്ട് സമീറയുടെ മടിയിൽ നിന്ന് എഴുനേറ്റ് കാറിന്റെ ഡാഷ് ബോർഡിൽ കൈകുത്തി ഇരുന്ന് കൊണ്ട് ചുറ്റും നോക്കാൻ തുടങ്ങിയിരുന്നു .. "ഏതാ കുട്ടി..? ആ പച്ച കളർ ചുരിദാർ ആണോ ... " വാക്കുകളിൽ ആകാംഷ.. "അല്ല വാപ്പച്ചീ.. അതിന്റെ പുറകിലായി ഒരു ലേറ്റ് ബ്ലൂ ഷാൾ കണ്ടോ... അത്.. " അത് കേട്ടതും അയാൾ കാർ കുറച്ചൂടെ മുമ്പിലേക്ക് എടുത്തു. സഫ നിൽക്കുന്നതിന്റെ കുറച്ച് ഇപ്പുറത്തായി കാർ കൊണ്ട് നിർത്തി... പക്ഷെ അവളതൊന്നും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.. ഇരുണ്ട് മൂടി കിടക്കുന്ന ആകാശത്തേയും കയ്യിലെ വാച്ചിലേക്കും ബസ് വരുന്നുണ്ടോ എന്നും മാറിമാറി നോക്കി കൊണ്ടിരിക്കുകയാണ് അവൾ. ആ നിഷ്കളങ്കമായ മുഖം മഴ വരുന്നുണ്ടോ എന്ന പരിഭ്രാന്തിയിലും ബസ് വരാത്തതിലുള്ള നിരാശയിലും ആകുലതപെട്ടിരിക്കുകയാണ്.... അവളൊന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് സൽമാന്റെ കാർ കണ്ടത്..

ഒരു ചിരിയോടെ അവൾ കാറിന്റെ അടുത്തേക്ക് വന്നതും സമീറ ഗ്ലാസ് താഴ്ത്തി.. സമീറയെ കണ്ട് ചിരിയോടെ കുനിഞ്ഞപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലുള്ള വാപ്പച്ചിയെ അവൾ കണ്ടത്.. "വാപ്പച്ചി... "അത്ഭുദത്തോടെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. "ഹാ... നിനക്ക് കണ്ടപ്പോഴേ ആളെ മനസ്സിലായല്ലോ... ഇതാണ് ഞങ്ങളുടെ വാപ്പച്ചി.. " സമീറ ചിരിയോടെ പറഞ്ഞപ്പോൾ അവൾ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.. "അള്ളോഹ്... എന്ത് പറ്റി മോൾക്ക്... സുഖമില്ലേ... ആകെ ക്ഷീണിച്ചല്ലോ... " കയ്യെത്തിച്ച് ഫെറയുടെ മുടി മാടി വെക്കുന്നതിനോടൊപ്പം അവൾ ചോദിച്ചു "ആഹ്.. പനിയാണ് .. ഡോക്ടറെ കാണിച്ചു വരുന്ന വഴിയാ...തീരെ വെയ്യായിരുന്നു. ഇപ്പൊ ടാബ്ലറ്റ് കഴിച്ചപ്പോ കുറവുണ്ട്.. " പറയുന്നതിനോടൊപ്പം മടിയിലേക്ക് ചാഞ്ഞു കിടന്ന ഫെറയെ സമീറ പൊതിഞ്ഞു പിടിച്ചു.. "ഹ്മ്മ്.. ആളാകെ ക്ഷീണിച്ച്.... നിങ്ങള് സുറുമിയെ കൂട്ടാൻ വന്നതാണോ..അവള് അഞ്ചു മിനിറ്റ് ആയല്ലോ പോയിട്ട്..... " വാപ്പച്ചിയെ നോക്കിയാണ് അവൾ മറുപടി പറഞ്ഞത്... വാക്കുകളിൽ വിനയവും നിഷ്കളങ്കതയും...

"ആണോ... മഴക്കാറു കണ്ടപ്പോ പോകുന്ന പോക്കിൽ അവളേം കൂട്ടി പോകാമെന്നു വെച്ചു.. ഇനി സാരല്ല്യ....." സമീറയാണ് മറുപടി പറഞ്ഞത് മറുപടിയായി അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. എന്നാ ഞങ്ങളങ് പോയാലോ... അല്ല നിനക്കെപ്പഴാ ബസ്..? " സമീറയാണ് "എന്നും കയറാറുള്ള ബസ് പോയി... ലൈബ്രറിയിൽ കയറേണ്ട ആവിശ്യം വന്നു.. ദൃതി പിടിച്ച് ഓടി വന്നപ്പോഴേക്കും അത് പോയി.. " "ആണോ ഇനിയപ്പഴാ മോളെ ബസ്......? ഒത്തിരി ലേറ്റ് ആവോ..? " "ഹേയ്.. ഇല്ല സമിത്ത... അഞ്ചു പത്ത് മിനിറ്റ്... അതിനുള്ളിൽ വരേണ്ടതാണ്.. " "എന്നാ ഞങ്ങള് പോയാലോ... വാപ്പച്ചി പൂവാം..? " ചിരിച്ചു കൊണ്ട് അവൾക്ക് മറുപടി കൊടുത്ത് സമീറ വാപ്പച്ചിയുടെ മുഖത്തേക്ക് നോക്കി... "അല്ല... ഈ മഴ ഇങ്ങനെ മൂടി നിൽക്കുമ്പോ..മോള് വീട്ടിലെത്തുമ്പോഴേക്ക് ഒത്തിരി വൈകില്ലെ... പോകുന്ന വഴിക്ക് മഴ പെയ്താൽ ആകെ പെട്ട് പോകും... കുടയൊന്നും എടുക്കാത്തതല്ലേ... മോള് കയറ്..ഞങ്ങൾ കൊണ്ട് വിടാം... "

അത് വരെ അവരുടെ സംഭാഷണം കേട്ട് നിന്ന വാപ്പച്ചി പറഞ്ഞു.. വാക്കുകളിൽ അതൃപ്പ്തിയോ ഇഷ്ടക്കേടോ ഒന്നും തന്നെയില്ല... കേട്ടത് വിശ്വസിക്കാനാവാതെ സഫയും സമീറയും അയാളുടെ മുഖത്തേക്ക് നോക്കി.. പിന്നെ സന്തോഷത്തോടെ അവളത് നിരസിച്ചെങ്കിലും അയാൾ വീണ്ടും സ്നേഹത്തോടെ പറഞ്ഞപ്പോ അവൾക്ക് അനുസരിക്കാതിരിക്കാനായില്ല.. കാർ മുന്നോട്ട് എടുത്തതും സമീറയും സഫയും ഓരോന്ന് സംസാരിച്ചു കൊണ്ടിരിന്നു... മുഖത്ത് ഗൗരവമില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണാവുന്ന ഒരിളം പുഞ്ചിരിയിൽ അയാൾ അതൊക്കെ കേട്ടിരുന്നു.. മുഖഭാവത്തിൽ നിന്ന് അയാൾ പൂർണ്ണ തൃപ്പ്തനും സന്തോഷവാനും ആണെന്നത് സമീറയെ കൂടുതൽ സന്തോഷിപ്പിച്ചു... വീട്ടിലെ വിശേഷങ്ങൾ സമീറ ചോദിച്ചപ്പോഴാണ് ഷെറി മാസം തികഞ്ഞിരിക്കുകയാണ് ഇനി കൂടിയാൽ ഡെലിവറിക്ക് പത്തോ പതിനഞ്ചോ ദിവസം കൂടെയൊള്ളൂ എന്ന് പറഞ്ഞത്.. കുറച്ച് കഴിഞ്ഞതും അയാൾ നല്ല ഒരു ബേക്കറി നോക്കി വണ്ടി നിർത്തി..അത്യാവശ്യം വലിയൊരു ബേക്കറിയാണ്..

അയാൾ അവരോട് ഒന്ന് പറഞ്ഞ ശേഷം ബക്കറിയിലേക്ക് കയറി പോകുന്നത് സമീറ അത്ഭുദത്തോടെയാണ് നോക്കി കണ്ടത്... "സഫാ... ഇപ്പൊ വാപ്പച്ചി എന്തിനാ ബക്കറിയിലേക്ക് പോയതെന്ന് അറിയോ... " സമീറയുടെ വാക്കുകളിൽ കുസൃതി.. " സാധനം വാങ്ങാൻ.. " "ആർക്ക്...? ന്റെ പൊട്ടീ... നീ നേരത്തെ പറഞ്ഞില്ലേ.. ഷെറിക്ക് ഡെലിവറി അടുത്തു എന്ന്.. അപ്പൊ നിന്നെ വീട്ടിലേക്ക് കൊണ്ട് വിടുമ്പോ അവൾക്ക് വല്ലതും വാങ്ങി കൊടുക്കാൻ ആണ്... " "ആണോ... സത്യായിട്ടും....." നിഷ്ങ്കളങ്കതയോടെ സഫ ചോദിച്ചു... "ആഹ്...ന്ന്.. നീ ശ്രദ്ധിച്ചോ.. നീ ഓരോന്ന് പറയുമ്പോഴും വാപ്പച്ചി നല്ല ഹാപ്പി ആയിട്ടാ കേൾക്കുന്നേ.... " "സത്യം പറഞ്ഞാൽ.. ഞാനും വിചാരിച്ചു.. ആള് നല്ല കൂൾ ആണല്ലോ.... കേട്ടറിഞ്ഞ വാപ്പച്ചി നല്ല ദേഷ്യക്കാരനും ഗൗരവക്കാരനുമാണല്ലോ എന്നൊക്കെ... " "അതേടി ..... വാപ്പച്ചി നിങ്ങളുടെ റിലേഷൻ അറിഞ്ഞ ശേഷം ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു.. പക്ഷെ നിന്നെ ഇന്ന് കണ്ടപ്പോ മുതൽ ആൾക്ക് എന്തോ ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട്..

വാപ്പച്ചി തന്നെ മുൻകയ്യെടുത്ത് വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് നിന്നേ കാറിൽ കയറ്റി.. ഇപ്പൊ സാധനം വേടിക്കാൻ പോയേക്കുന്നു... ആകെ കൂടെ അത്ഭുതം തോന്നാ..." അത് കേട്ടപ്പോ സമീറ പറഞ്ഞതിലും കാര്യമുണ്ടെന്ന് സഫക്കും തോന്നി... ."എടി ഭയങ്കരി... നീ ഇപ്പൊ തന്നെ അമ്മായിപ്പനെ കുപ്പിയിലാക്കിയല്ലോ... " അവളുടെ ചുണ്ടിലെ ചിരി കണ്ടതും കുസൃതിയോടെ സമീറ പറഞ്ഞു.. "അതേയ്... സമിത്താടെ കയ്യിൽ ഫോണുണ്ടോ...? "അത് കേട്ട് ചിരിച്ചെങ്കിലും പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ ചോദിച്ചു.. "ആഹ്.. ഉണ്ട്.. ന്നാ... എന്തിനാ... " ചോദിക്കുന്നതിനോടൊപ്പം ഡാഷ്ബോർഡിൽ നിന്ന് ഫോൺ എടുത്ത് കൊടുക്കുകയും ചെയ്തു സമീറ "അതൊക്കെയുണ്ട്.... ഒരു സർപ്രൈസ്... " കുസൃതിയോടെ പറഞ്ഞു കൊണ്ടവൾ ഫോൺ വാങ്ങി നമ്പർ ടൈൽ ചെയ്തു കാതോട് ചേർത്തു.. മറുവശത്ത് ഫോൺ എടുത്തതും ചുരുങ്ങിയ വാക്കുകളിൽ അവർ വീട്ടിലേക്ക് വരുന്നതും വാപ്പച്ചിയുടെ മാറ്റവും അവൾ പറഞ്ഞു .. ഇപ്പോ ചെറുതായി തോന്നിയ സോഫ്റ്റ്‌ കോർണർ വാപ്പച്ചി അവിടെന്ന് ഇറങ്ങുമ്പോഴേക്ക് എങ്ങനെയെങ്കിലും മുഴുവനാക്കി കൈയിൽ കൊടുക്കണം എന്നുമൊക്കെ അവൾ ഓർമിപ്പിക്കുന്നുണ്ടായിരുന്നു ..

രണ്ട് കയ്യിലും സാധനം നിറച്ച കവറുമായി വരുന്ന വാപ്പച്ചിയെ കണ്ടതും അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് സമീറയെ ഏൽപ്പിച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നു.. കാര്യം ചോദിക്കണമെന്ന് ഉണ്ടെങ്കിലും വാപ്പച്ചി വരുന്നത് കണ്ടപ്പോ സമീറ മൗനം പാലിച്ചു... കാർ വെങ്ങാട്ട് വീടിന്റെ മുറ്റത്തായി കൊണ്ട് നിർത്തി.. സമീറ ആദ്യമായി കാണുകയായിരുന്നു വീട്.. അന്ന് അപമര്യാദയായി സംസാരിച്ച് ഇറങ്ങിപോന്നതാണെന്ന് ഓർക്കേ വാപ്പച്ചിക്ക് ഇറങ്ങാൻ ഒരു ജാള്യത തോന്നിയിരിക്കണം.. അത് മനസ്സിലായ പോലെ സഫ ഇറങ്ങാൻ അയാളെ നിർബന്ധിച്ചു.. "സഫ... നീ ചെല്ല്.. ഞാൻ വാപ്പച്ചിയുമായി വരാ... ദേ ഫെറ ഉറങ്ങി.. നീ ഇവളെ അവിടെ കൊണ്ട് പോയി കിടത്ത്.. " സ്നേഹത്തോടെ സമീറ പറഞ്ഞപ്പോൾ അവൾ വാപ്പച്ചിയെ സ്നേഹത്തോടെ ഒന്നൂടെ ക്ഷണിച്ചു കൊണ്ട് ഡോർ തുറന്നിറങ്ങി മുൻവശത്തെ ഡോർ തുറന്ന് സമീറയുടെ മടിയിൽ നിന്ന് മെല്ലെ ഫെറയെ എടുത്ത് തോളിലിട്ട് നടന്നു..

"വാപ്പച്ചീ.... അവസാനായി പറയാ.. ഇതിലും നല്ലൊരു കുട്ടിയെ സൽമാന് ഇനി കിട്ടൂല... കൊറേ സ്വത്തിലും പണത്തിലും പേരിലും ഒന്നും കാര്യല്ല...നാലാളെ കണ്ടാൽ പെരുമാറാൻ അറിയണം.. സഫയെ നോക്ക് വാപ്പച്ചി... എന്ത് നല്ല പെരുമാറ്റമാണ്... ഈ വീട്ടിൽ നിന്ന് എത്ര അപമര്യാദയോടെ പെരുമറിയാണ് വാപ്പച്ചി അന്ന് ഇറങ്ങിയത്.. എന്നിട്ടും അവളെന്തൊരു വിനയത്തിലും നിഷ്കളങ്കതയോടെയുമാണ് വാപ്പച്ചിയോട് പെരുമാറുന്നത് . വലിയേടത്ത് വീട്ടിലേക്ക് ഇതിലേറെ നല്ലൊരു കുട്ടിയെ വാപ്പച്ചിക്ക് കൊണ്ട് വരാൻ പറ്റോ........ഇത് തന്നെയാണ് മശൂന്റെ കാര്യത്തിലും പറയാൻ ഉള്ളെ...അവനും പാവാ... സ്നേഹമുള്ളവനാ.. ഞാൻ കണ്ടില്ലെങ്കിലും സൽമാനിലൂടെ ഞാൻ അവനെ അറിഞ്ഞിട്ടുണ്ട്... വാപ്പച്ചീ.... ഇനി വീടും കുടുംബോം ആണ് പ്രശ്നം എങ്കിൽ.. എന്റെ കാര്യം ഒന്ന് ഓർത്ത് നോക്ക്....വലിയ വീടും തറവാടും ഏക്കറ കണക്കിന് സഥലവും.. എന്നിട്ട് ഇപ്പൊ എന്തുണ്ട്....അത് അനുഭവിക്കാൻ വല്ല യോഗവും ഉണ്ടായോ...

ആ വീട്ടിൽ ഞാൻ നിന്ന ഓരോ നിമിഷവും ഞാൻ നീറി നീറിയാ ജീവിച്ചേ... ഒരു അവകാശവും വേണ്ടെന്ന് പറഞ്ഞിട്ടാ റംസിക്ക അവിടെന്ന് ഇറങ്ങി പോന്നത്.. .. ഈ വീടിന്റെ വലുപ്പം പോലുമില്ലാത്ത ഒരു വീട്... ജീവിച്ചു പോകാൻ ഒരു ജോലി.... അത് മാത്രാ ഇപ്പൊ ഞങ്ങൾക്ക് സ്വന്തമായി ഉള്ളെ.. പക്ഷെ ഞങ്ങളുടെ ജീവിതം സന്തോഷമാണ്...ആ ചെറിയ വീട്ടിലും, ഞങ്ങൾക്ക് പടച്ചോൻ തന്നതിലും ഞങ്ങൾ പരിപൂർണ്ണ തൃപ്തരാണ്... ഇപ്പൊ മനസമാധാനം എന്താണെന്ന് ആവോളം അറിയാൻ പറ്റുന്നുണ്ട്.....മതിവരോളം ഞങ്ങളെ മക്കളെ കൊഞ്ചിക്കാനും ഞങ്ങൾക്ക് പരസ്പരം മനസ്സറിഞ്ഞു സ്നേഹിക്കാനും പറ്റുന്നുണ്ട്....തറവാട്ടിൽ ഉള്ളവരെ കാണാൻ ഓരോ ആഴ്ചയും റംസീക്കയും ഞാനും ചെല്ലുമ്പോ ഇപ്പോഴും.. എന്തിന്, ഇന്നലെ പോലും കടുത്ത അവഗണന നേരിട്ടാ ഞാൻ അവിടെന്ന് ഇറങ്ങി പോന്നത്... വാപ്പച്ചി.... വീണ്ടും വീണ്ടും പറയാണ്... കുടുംബത്തിലും പേര് കേട്ട തറവാട്ട്ക്കാരാണെന്ന് പറയുന്നതിലുമല്ല കാര്യം... സ്നേഹവും സമാധാനവും സന്തോഷവും അതാണ് വലുത്... അത് മാത്രാണ് വലുത്.... "

സമീറ വാപ്പച്ചിയുടെ കൈകളിൽ പിടിച്ചാണ് അത്രെയും പറഞ്ഞു തീർത്തത്.... അയാൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ മൗനം സമ്മതത്തിനുള്ള ശുഭ സൂചനയാണെന്ന് തോന്നി സമീറക്ക്... "വാപ്പച്ചി... ഇറങ്ങാം... "അവൾ അയാളോടായി ചോദിച്ചു... എന്തൊക്കെയോ ആലോചിക്കുകയാണെന്ന് അയാളുടെ മുഖത്ത് നിന്ന് വ്യക്തം.. പറയാനുള്ളത് ഞാൻ പറഞ്ഞു.. പടച്ചോനേ.. ഇനിയെങ്കിലും ആരെയും വിഷമിപ്പിക്കാത്ത ഒരു തീരുമാനം വാപ്പച്ചിയുടെ മനസ്സിൽ തോന്നിപ്പിക്കണേ.... അവൾ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു... ഡോർ തുറന്നു ഇറങ്ങാനായി ഭാവിച്ചതും വാപ്പച്ചിയുടെ ഡോറിന്റെ വശം ഒരാൾ കുനിഞ്ഞു നിന്ന് ഗ്ലാസിന് ഒന്ന് മുട്ടി കൊണ്ട് വാപ്പച്ചിയുടെ ശ്രദ്ധ ആകർഷിപ്പിച്ചു... പെട്ടന്ന് ചിന്തകളിൽ നിന്നുണർന്ന് കൊണ്ട് വാപ്പച്ചി തലചെരിച്ച് നോക്കിയതും വാപ്പച്ചിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു... "വാപ്പച്ചി...? " സമീറ സംശയത്തോടെ നെറ്റി ചുളിച്ചു .. "മഷൂ....!! "

അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. പതുക്കെ ആണെങ്കിലും വാപ്പച്ചി പറഞ്ഞത് സമീറ വ്യക്തമായി കേട്ടു.. അത്ഭുദത്തോടെ, കേട്ടത് വിശ്വസിക്കാനാവാതെ സമീറ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി.. ചുണ്ടിൽ ശാന്തമായ ഒരിളം പുഞ്ചിരി... അലസമായി വളർന്ന താടിയും മീശയും ... ഉറക്കത്തിന്റെ കുറവ് കൊണ്ടോ മനസ്സിലെ സംഘർഷം കൊണ്ടോ മുഖത്തെ ക്ഷീണം തെളിഞ്ഞു കാണാം ... കണ്ണുകൾ ഉറക്കം ഉണർന്ന് എഴുന്നേറ്റ പോലെ വീർത്തു കെട്ടിയിരിക്കുന്നു..നീണ്ട കോലൻ മുടി അവൻ കുനിഞ്ഞു നിൽക്കുന്നതിനാൽ നെറ്റിയിലേക്ക് വീണു കിടപ്പുണ്ട്.... വിടർന്ന കണ്ണുകളോടെ കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ സമീറ അവനെ നോക്കി കണ്ടു.. സുറുമിയുടെ മഷൂ....!! അവളുടെ ഉള്ളം മന്ത്രിച്ചു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story