സുറുമി: ഭാഗം 28

surumi

എഴുത്തുകാരി: അവന്തിക

സുറുമിയുടെ മഷൂ....!! അവളുടെ ഉള്ളം മന്ത്രിച്ചു... വാപ്പച്ചി അന്തം വിട്ട് നോക്കുന്നത് കണ്ടാകാം അവൻ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.. അന്താളിപ്പ് മാറിയില്ലെങ്കിലും പണിപ്പെട്ട് വാപ്പച്ചിയും കൊടുത്തു ഒരു വരണ്ട പുഞ്ചിരി... വാപ്പച്ചി ഡോർ തുറന്നു ഇറങ്ങിയതിന്റെ പുറകെ സമീറയും ഡോർ തുറന്നിറങ്ങി.. മനസ്സിൽ കൊറേ ചോദ്യങ്ങൾ ഉണ്ടെങ്കിൽ പോലും ഏറെ നാളായി കേട്ട് മാത്രം പരിചയമുളള ആളെ ഒന്ന് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു അവളും.. വാപ്പച്ചിയുടെ കൈ പിടിച്ച് സലാം പറഞ്ഞ ശേഷം വിശേഷങ്ങൾ ആരായുന്ന അവനെ കൺ നിറയെ കാണുകയായിരുന്നു സമീറ.. സാധാരണ ഒരു ലുങ്കിയും ടീഷർട്ടുമാണ് വേഷം.. മഴക്ക് മുന്നോടിയായിയുള്ള കാറ്റിൽ അവന്റെ നീളൻ മുടി പാറി കളിക്കുന്നുണ്ട്...ദൃഢമായ ശരീരപ്രകൃതം... ക്ഷീണം ബാധിച്ച മുഖവും ഉറങ്ങി എഴുനേറ്റ പോലെ തോന്നിക്കുന്ന കൺ തടവും... അലസമായി വളർന്ന താടിയും മുടിയും ...

മുഖത്തെ പുഞ്ചിരി വിടാതെയുള്ള ശാന്തമായ സംസാരം.... സമീറയോടും ഒന്ന് രണ്ട് വാക്കിൽ കുശലം ചോദിച്ച ശേഷം അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.. അപ്പോഴേക്കും പുറത്ത് ചാറ്റൽ മഴയും ഇടിയും ശക്തമായ കാറ്റു വീശിയടിച്ചു തുടങ്ങിയിരുന്നു.. അകത്തേക്ക് കയറിയപ്പോൾ ഉമ്മയും ഷെറിയും പുഞ്ചിരിയോടെ അവരെ സ്വീകരിച്ചിരുത്തി.. ഷെറിക്കായി വാങ്ങിയ സാധനങ്ങൾ വാപ്പച്ചി തന്നെ സന്തോഷത്തോടെ അവളെ ഏൽപ്പിച്ചു.. സിറ്റിംഗ് റൂമിൽ തനിക്ക് അഭിമുഖമായി ഇരിക്കുന്ന മശൂദ്നോട്‌ എന്ത് സംസാരിച്ച് തുടങ്ങുമെന്നറിയാതെ ഇരിക്കുകയാണ് വാപ്പച്ചി..അവിടെ ഇരിക്കാനും അവനോട് സംസാരിക്കാനുമൊക്കെ എന്തോ ഒരു ജാള്യത പോലെ... അത് പോലെ തന്നെ എന്തോ ഒന്ന് അയാളെ നിർബന്ധയാക്കുകയും ചെയ്യുന്നുണ്ട്...... ആകെ കൂടെ മനസ്സ് ചിന്താഭാരത്താൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്.. എന്നാൽ സമീറക്കും ഉമ്മക്കും ഷെറിക്കും സംസാരത്തിന് വിഷയം കിട്ടാത്ത ഒരു കുറവും ഇല്ലായിരുന്നു..

ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അവരുടെ സംസാരങ്ങൾ നീണ്ടു നീണ്ടു പോയി.... അത് പിന്നെ ഒരു വിധ സ്ത്രീകളിലെല്ലാം കണ്ടു വരുന്ന ജന്മ സിദ്ധമായ കഴിവാണല്ലോ... അവർ പരസ്പരം വിശേഷങ്ങൾ പറഞ്ഞിരിക്കുന്ന നേരം കൊണ്ട് സഫ ചായയും പലഹാരങ്ങളും ടേബിളിൽ കൊണ്ട് വെച്ചു.. വരാൻ മടിച്ച് നിന്ന വാപ്പച്ചിയെ സഫ നിർബന്ധിച്ച് ഇരുത്തി.... "ഉമ്മ കാര്യമായി മെനക്കെട്ടിട്ടുണ്ടല്ലോ... ഇന്നെത്തെ ദിവസത്തിന് എന്തെങ്കിലും പ്രതേകതയുണ്ടോ..? " ടേബിളിൽ നിരത്തി വെച്ച വിഭവ സമൃദ്ധമായ പലഹാരങ്ങൾ കാണേ കൈ കഴുകി ഇരിക്കുന്നതിനിടെ സമീറ ചോദിച്ചു .. "ഇന്നല്ലാതെ പിന്നെ എന്നാ ഉമ്മ സ്പെഷ്യൽ ഉണ്ടാക്കാ....? ഉമ്മാടെ 'ന്റെ കുട്ടി' വന്ന ദിവസല്ലേ..... " വാപ്പച്ചിയുടെ പ്ലേറ്റിലേക്ക് പലഹാരങ്ങൾ വെച്ച് കൊടുത്ത് ഫ്ലാസ്കിൽ നിന്ന് ചായ ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുത്തു കൊണ്ട് ഒരു പ്രതേക ഈണത്തിനാലാണ് സഫ പറഞ്ഞത് .

പറഞ്ഞു കഴിഞ്ഞതിനു ശേഷം സമീറയുടെ പ്ലേറ്റിലേക്ക് പലഹാരങ്ങൾ വെച്ച് കൊടുക്കുന്ന ഉമ്മയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി.. "ആണോ... സത്യം പറഞ്ഞാൽ അവൻ എന്നാ വന്നതെന്ന് ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും സംസാരത്തിനിടെ അതൊക്കെ മറന്ന്... " അമളി പറ്റിയ പോലെ അവളൊന്ന് ഒരു കണ്ണിറുക്കി നാവ് കടിച്ചു .. "ഇന്നപ്പഴാ എത്തിയെ....? " വാപ്പച്ചിക്ക് അഭിമുഖമായി ഇരുന്ന് ചായ കുടിക്കുന്ന മശൂദ്നെ നോക്കിയാണ് സമീറ ചോദിച്ചത്.. "പത്തു പന്ത്രണ്ടു മണി ഒക്കെ ആയിക്കാണും.. " അവൻ പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു.. " വന്ന വിശേഷം ഒന്നും പറയണ്ട.... രാത്രി എങ്ങാനും ഷെറിക്ക് പൈനോ മറ്റോ ഉണ്ടായാലുള്ള ആവലാതി മഷൂച്ച വിളിക്കുമ്പോഴൊക്കെ ഉമ്മ പറയും ... അത് കേട്ട് കേട്ട് അവിടെ നിൽക്ക്ണ മഷൂച്ചക്ക് വരെ അവസാനം പേടിയായി തുടങ്ങി... സർപ്രൈസ് ആയി വരാൻ നോക്കിയതാ... ടികെറ്റ് എടുത്തതും വരുന്നതും ഒന്നും ആരോടും പറഞ്ഞിട്ടുമില്ല...

ഇന്നലെ രാത്രി അവിടെന്ന് ഇറങ്ങുന്നതിന്റെ മുമ്പ് മഷൂച്ച ഒന്ന് വിളിച്ചു....വെറുതെ വിളിച്ചതാ... അപ്പോഴും ഉമ്മക്ക് ഇതെന്നെയാ പറയാൻ ഉള്ളെ... ഷെറിക്ക് രാത്രി എങ്ങാനും എന്തേലും ഉണ്ടായാൽ ആരാ ഒന്ന് താങ്ങാൻ ഉണ്ടാവാ....അവസാനം ഉമ്മാടെ ബേജാറ് കണ്ടപ്പോ മഷൂച്ച ക്ക് പറയേണ്ടി വന്നു ഇന്നെത്തുന്ന കാര്യം ...... അറിഞ്ഞപ്പോ കോളേജ് പോകണ്ട എന്നൊക്കെ വിചാരിച്ചതാ.. പക്ഷെ ഈ ഉമ്മ സമ്മതിച്ചില്ല..... " കുശുമ്പോടെയാണ് സഫ പറഞ്ഞു നിർത്തിയത്.. "അത് ശരി തന്നെയാ... ഡേറ്റ് അടുക്കാറാകുമ്പോ വീട്ടിൽ ആണുങ്ങൾ ആരേലും വേണം... രാത്രിയൊക്കെ പ്രതേകിച്ചും... " സഫയുടെ സംസാരം കേട്ടപാടെ വാപ്പച്ചി പറഞ്ഞു തുടങ്ങി... "നിനക്കോർമയുണ്ടോ സമീറ... ഇവൾക്ക് മൂത്ത മോനെ തികഞ്ഞു നിൽക്കുന്ന നേരം...

ഞാനന്ന് കടയിലെ ആവിശ്യത്തിനെന്തോ പുറത്ത് പോയതാ... കോയമ്പത്തൂരോ മറ്റോ ആണ്.. അന്ന് സൽമാൻ പതിനഞ്ചോ പതിനാറോ വയസ്സേ കാണൂ...കൃത്യം ഞാൻ പോയ അന്ന് രാത്രി തന്നെ ഇവൾക്ക് വേദന വന്നു .... വീട്ടിലാണേൽ സുറുമിക്ക് ശേഷം ഒരു കുട്ടി ഉണ്ടാവാ....ഇവളുടെ ഉമ്മ ആകെ പേടിച്ച് കരഞ്ഞ് എന്റെ ജേഷ്ടന്റെ മോനെ വിളിച്ചു... അവൻ വന്നിട്ടാ പിന്നെ കൊണ്ട് പോയത്...ഇപ്പഴും അവള് പറയും അവൻ വരുന്നത് വരെ അനുഭവിച്ച പേടിയും വെപ്രാളവും....'' "അതിന് അങ്ങനെ വല്ല പേടിയും അവൾക്കുണ്ടോ.. ഇന്നിപ്പോ മഷൂനെ കാണുന്നത് വരെ ന്റെ ഉള്ളിൽ പേടിയായിരുന്നു...... ഇവൾക്ക് ഇന്ന് ഞാൻ കോളേജിൽ പറഞ്ഞു വിട്ടതിന്റെ കലിയാ....മഷൂ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞപ്പോ തുടങ്ങിയതാ എന്റെ പുറകെ നടന്ന് ഇന്ന് പോണില്ലന്നും പറഞ്ഞ് ശല്യം ചെയ്യാൻ... അവള് പോകാനേ വിചാരിച്ചിട്ടില്ലായിരുന്നു....ഞാൻ സമ്മതിക്കാത്തപ്പോ ചവിട്ടി തുള്ളിയാ രാവിലെ പോയത്...

അവൻ പന്ത്രണ്ട് മണി കഴിയും വരാന് .... ഭക്ഷണം കഴിച്ച് അവനൊന്ന് കിടന്നെഴുനേൽക്കുമ്പോഴേക്ക് അവള് വരാനായില്ലേ.....അതിന് ഇവള് ക്ലാസ്സ്‌ കട്ട്‌ ചെയ്യേണ്ട ആവിശ്യം ഇല്ലാലോ... " "ആ കാര്യത്തിൽ ഞാന് ഉമ്മാടെ ഭാഗാ....അവൻ വരുന്നതിന് ക്ലാസ്സ്‌ കട്ട്‌ ചെയ്യണ്ട ഒരാവിശ്യവുമില്ല .... അവനിവിടെ തന്നെ കാണുമല്ലോ..വെറുതെ എന്തിനാല്ലേ ഒരൂസത്തെ ക്ലാസ്സ്‌ കളയുന്നെ... " ഉമ്മാടെ വിശദീകരണത്തിൽ കുശുമ്പ് കേറി കെറുവോടെ അവരെ നോക്കി നിൽക്കുന്ന സഫയെ ഇടം കണ്ണിട്ട് നോക്കിയാണ് സമീറ പറഞ്ഞത്... "എന്നെ പറഞ്ഞു വിടുന്നത് മോനെ നല്ലോം തീറ്റിച്ച് ഉറക്കാനാ... അല്ലാതെ എന്റെ ക്ലാസ്സ്‌ കട്ടാവോ എന്ന പേടി കൊണ്ടൊന്നുമല്ല... " സഫ ചുണ്ട് കോട്ടി.. "അവൻ രാത്രി ഒക്കെ ഉറക്കമുളച്ച് വരുന്നതല്ലേ... ഇവളുണ്ടായാൽ ഇവനെ ഒന്ന് കിടക്കാൻ പോലും സമ്മതിക്കൂല....വെറുതെ ഓരോന്ന് പറഞ്ഞ് അവന്റെ ചെവി തിന്നും.... "

"ഓഹ്.. അപ്പൊ ഞാൻ ശല്യമായിട്ടാല്ലേ... ശല്യം ഇല്ലാതായപ്പോൾ ' ന്റെ കുട്ടി' നല്ലോം ഉറങ്ങിയോ...? '' കുറുമ്പൊടെ ഈണത്തിലാണ് ചോദ്യം.. "അതിന് ഒരു ചെവി തിന്നുന്ന കീടമല്ലേ ഇല്ലാത്തതൊള്ളൂ... ഒന്നിവിടെ തന്നെ ഉണ്ടല്ലോ... അതോണ്ട് കുറച്ചെ ഉറങ്ങിയൊള്ളൂ.. .... " എങ്ങും തൊടാതെ മറ്റെവിടെയോ നോക്കിയുള്ള മശൂദ്ന്റെ മറുപടി കേട്ടപ്പോൾ എല്ലാവർക്കും ഒപ്പം ഷെറിയും ചിരിയിൽ പങ്ക് ചേർന്നു.... തന്നെ നോക്കിയാണ് എല്ലാവരും ചിരിക്കുന്നതെന്ന് കണ്ടാപ്പോ മാത്രമാണ് അവൾക്ക് അവന്റെ മറുപടിയിലെ കക്ഷി താനാണെന്ന് കത്തിയത്.. സ്വിച്ച് ഇട്ട പോലെ അവളുടെ ചിരി നിന്നു...ചുണ്ട് കൂർപ്പിച്ചുകൊണ്ടവൾ മശൂദ്നെ നോക്കി...

സഫ ചായ കുടിക്കാൻ വിളിച്ചപ്പോൾ മടിയൊന്നും കൂടാതെ വന്ന് ചായ കുടിച്ചതും അവള് പറയുന്ന ഓരോന്നിനും വാപ്പച്ചി മറുപടി പറയുകയോ ചിരിയോടെ അവളെ കേൾക്കുകയോ ശരി വെക്കുകയോ ചെയ്യുന്നതും സംസാരിച്ചിരിക്കുന്നതിന്റെ ഇടയിൽ ഫെറ എഴുനേറ്റ് വന്നപ്പോൾ സമീറയെ തന്നെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ച അവളെ സമീറയുടെ മടിയിൽ തന്നെ ഇരുത്തി കഥ പറഞ്ഞും കളിപ്പിച്ചും ചായയും പലഹാരങ്ങളും കൊടുത്ത് ഫെറയുടെ ഉറക്കമുണർന്നുള്ള കുറുമ്പ് മാറ്റി കൊടുത്തപ്പോഴും വാപ്പച്ചിയുടെ കണ്ണുകൾ വാത്സല്യത്തോടെ സഫയെ പിന്തുടരുന്നത് മറ്റുള്ളവർ ആശ്വാസത്തോടെയാണ് കണ്ടത്...

പുറത്ത് മഴ പെയ്ത് തുടങ്ങിയപ്പോൾ അവർ പോകാനിറങ്ങി.. സഫയോട് സ്നേഹത്തോടെ അതിൽ കലർന്ന വാത്സല്യത്തോടെ വാപ്പച്ചി യാത്ര പറയുന്നത് കണ്ടപ്പോൾ ഒരു നിമിഷം അയാൾ മശൂദ്നോട് അവരുടെ ബന്ധത്തെ പറ്റിയും അതിന് സമ്മതമാണെന്നും പറഞ്ഞെങ്കിൽ എന്ന് ആശിച്ചു പോയി സമീറ .. മശൂദ്ന്റെയും ഉമ്മയുടെയും ഷെറിയുടെയും മുഖം കണ്ടപ്പോൾ അവരും അതാഗ്രഹിക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്.. പക്ഷെ ഒന്നുമുണ്ടായില്ല... എല്ലാവരോടും യാത്ര പറഞ്ഞ് വാപ്പച്ചി മുമ്പിൽ നടന്നു..സമീറയും അവരോട് യാത്ര പറഞ്ഞു .. ഒരു പ്രതീക്ഷയും ഇല്ലാതെ വണ്ടിയിൽ കയറിയ സഫയെ പ്രതീക്ഷ കൊടുത്ത് ആശിപ്പിച്ചതാണ്... അവസാനമായിട്ടെങ്കിലും വാപ്പച്ചി കല്യാണകാര്യത്തെ പറ്റി സംസാരിക്കുമെന്ന് വിചാരിച്ചു...

അതോർക്കും തോറും സഫയുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു വിമ്മിഷ്ടം തോന്നി സമീറക്ക് .. അവൾ സഫയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... അവളുടെ ഉള്ളിലെ സംഘർഷം മനസ്സിലായത് പോലെ ഒന്നുമില്ല ന്ന് കണ്ണടച്ച് കാണിച്ചു സഫ.അവളുടെ മുഖത്തപ്പോൾ നിരാശയോ പരിഭവമോ ഇല്ലായിരുന്നു... കാത്തിരിപ്പിന്റെ അവസാനം സുഗമമായ ഒരന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു അവളുടെ മുഖത്തപ്പോൾ.. "ഉപ്പാ.... " ഫെറയെ എടുത്ത് തോളിൽ കിടത്തി കൊണ്ട് സമീറ വാപ്പച്ചിക്ക് പുറകെ ഉമ്മറത്തേക്ക് കടന്നതും പുറകിൽ നിന്ന് മഷൂദ് ന്റെ വിളികേട്ടു.. എന്താണെന്ന ഭാവത്തിൽ സമീറക്കു പുറമെ വാപ്പച്ചിയും തിരിഞ്ഞു നോക്കി.. "ഉപ്പാ....ചോദിക്കുന്നത് ഇഷ്ട്ടപെടോ ന്ന് അറിയൂല... എന്നാലും ആഗ്രഹം കൊണ്ട് ചോദിച്ചു പോവ്വാ.. ഇവൾടേം സൽമാന്റേം നിക്കാഹിനു ഉപ്പാക്ക് സമ്മതം കൊടുത്തൂടെ...? " ചോദിക്കുന്നതിനോടൊപ്പം സഫയുടെ കൈ മുട്ടിന് പിടിച്ച് മുമ്പിലേക്ക് നിർത്തി അവൻ...

" ഇവരെ രണ്ട് പേരേം എന്നെ ഏൽപ്പിച്ചിട്ടാ എന്റുപ്പ പോയത്.... ഷെറി ആഗ്രഹിച്ച ജീവിതം അവൾക്ക് കൊടുക്കാൻ എനിക്ക് പറ്റി... പക്ഷെ... ഇവളെ.. ഇവളെ ഓർക്കുമ്പോ നെഞ്ച് നീറാ... എന്റെ നെറികേട് കൊണ്ടും എന്റെ കഴിവില്ലായ്മ കൊണ്ടുമാണല്ലോ അവളാഗ്രഹിച്ച ജീവിതം കൊടുക്കാൻ പറ്റാത്തേ എന്നോർത്ത് .... " അവനൊന്ന് നിർത്തി...തിരിച്ചറിയാനാവാത്ത ഭാവത്തോടെ വാപ്പച്ചി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു... "ഉപ്പാന്റെ സ്ഥാനത് കണ്ടത് കൊണ്ടാ തുറന്ന് പറയണേ... സുറുമിയെ ഞാൻ സ്നേഹിച്ചു പോയി.. ഇപ്പഴും സ്നേഹിക്കുന്നുണ്ട്..വാപ്പച്ചി ഒരിക്കലും സമ്മതിച്ചില്ലേലും എന്റെ മരണം വരെയും അവള് മാത്രേ ഈ ഖൽബില് ഉണ്ടാവൂ... അവളെ എനിക്ക് തരണമെന്നോ നിങ്ങളുടെ അനുവാദം ഇല്ലെങ്കിലും അവളെ ഞാൻ നിക്കാഹ് ചെയ്യുമെന്നൊന്നും പറയുന്നില്ല... പക്ഷെ ഇവള്... ഇവളുടെ വേദനയും കണ്ണുനീരും എനിക്ക് ഇനിയും കാണാൻ വയ്യ....

നിങ്ങള് പറയുന്നതെന്തോ അത് ഞാൻ തന്നോളാം.. അതിന് വേണ്ടി ഇനി ഈ വീടും പുരയിടവും വിൽക്കേണ്ടി വന്നാലും ശരി... എനിക്കത് പ്രശ്നമല്ല.. ഇവളുടെ ജീവിതം മാത്രേ ഇപ്പൊ എന്റെ മുമ്പിലൊള്ളൂ...... " അവൻ പറഞ്ഞു തീർന്നതും വാപ്പച്ചി അവന്റെ മുഖത്ത് നിന്ന് കണ്ണ് വെട്ടിച്ചു.. വേഗത്തിൽ ചലിച്ചു കൊണ്ടിരിക്കുന്ന കൺ പോളകളിൽ നിന്നും വലിഞ്ഞു മുറുകിയ മുഖഭാവത്തിൽ നിന്നും അയാളുടെ മനസ്സ് ചിന്താ ഭാരത്താൽ അസ്വസ്ഥമാണെന്ന് മശൂദ്ന് തോന്നി.. സമീറയും വാപ്പച്ചിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു... കളയാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ ഉഴറുകയായിരിക്കും വാപ്പച്ചിയുടെ മനസ്സെന്ന് സമീറ ഊഹിച്ചു.. സമ്മതം മൂളിയാൽ കുടുംബക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾ.... കാണാൻ മോശമല്ലാത്ത സൗന്ദര്യവും ഇട്ട് മൂടാനുള്ള സ്വത്തും പണവും പേരും തറവാടും ഉണ്ടായിട്ടും ഹാജിയാരുടെ മോന് സ്നേഹിച്ച് കെട്ടിയത് സാധാരണ ഒരു വീട്ടിലെ കുട്ടിയെയാണ് എന്ന് നാട്ടുകാരും ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്..

എത്രയൊക്കെ അകറ്റി നിർത്തിയാലും കുറച്ച് കഴിയുമ്പോ മറക്കുമെന്ന് ആശ്വസിക്കുന്ന സുറുമിയുടെയും മശൂദ്ന്റെയും ബന്ധം ദൃഢമാവുകുമെന്ന ചിന്ത.. ഈ കല്യാണത്തോടെ അവർക്ക് പരസ്പരം കാണാനും സംസാരിക്കാനും അടുക്കാനും അവസരം ഉണ്ടാകുമെന്ന ഭയം.. ഇതൊക്കെ ആയിരിക്കും വാപ്പച്ചിയെ അസ്വസ്ഥമാക്കുന്നത് എന്ന് സമീറക്ക് അറിയാമായിരുന്നു.. എന്നിരുന്നാലും അയാൾ എന്തെങ്കിലും ഒരു വാക്ക് പറയുമെന്ന് സമീറ വിചാരിച്ചെങ്കിലും ഒന്നുമുണ്ടായില്ല... "ഉപ്പാ... മഴ കൂടുന്നുണ്ട്... ഇരുട്ടും വീണു തുടങ്ങി.....ഇനിയും ലേറ്റ് ആയാൽ ഡ്രൈവ് ചെയ്യാൻ ചിലപ്പോ ബുദ്ധിമുട്ടാകും... '' വാപ്പച്ചിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടായിരിക്കാം മഷൂദ് അവരെ യാത്രയാക്കി... അവനെ നോക്കും തോറും നെഞ്ചിലൊരു നീറ്റൽ വന്ന് മൂടി സമീറക്ക്... പക്ഷെ അവനപ്പോഴേക്കും ഉള്ളിലെ നോവിന് മീതെ ഒരിളം പുഞ്ചിരി ചാലിച്ചിട്ടിരിന്നു .. ഉമ്മയോടും സഫയോടും ഷെറിയോടും ഒരിക്കൽ കൂടെ മൗനമായി സമീറ യാത്ര ചോദിച്ചു.. അവർ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും മഴ തിമിർത്തു പെയ്ത് തുടങ്ങിയിരുന്നു...

ഒപ്പം നല്ല കാറ്റും ഇടിയും...നേരം ഇരുട്ടി തുടങ്ങുന്നതിനോടൊപ്പം മാനം ഇരുണ്ട് മൂടിയിരുന്നു.. "വാപ്പച്ചി.. കുറച്ച് നേരം നിന്ന് നോക്കാം. മഴ ഒന്ന് തോർന്നാൽ അതല്ലേ നല്ലത്.... ഇപ്പൊ നല്ല മഴയും ഇടിയുമുണ്ട്.. പോരാത്തതിന് കാറ്റും... നേരം ഇരുട്ടി തുടങ്ങിയില്ലേ... ഇപ്പൊ പോയാൽ വാപ്പച്ചിക്ക് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാകും... " സാധാരണ ഗതിയിൽ രാത്രിയായാൽ തന്നെ വാപ്പച്ചി ഡ്രൈവ് ചെയ്യാറില്ല....പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും .. വാപ്പച്ചി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയോടെയാണ് സമീറ പറഞ്ഞത്.. മഷൂദ് അകത്തേക്ക് ഇരിക്കാൻ നിർബന്ധിച്ചപ്പോ ഒന്ന് മൂളിയെങ്കിലും മഴ ഉടനെ തോരുമെന്ന പ്രതീക്ഷയിൽ അവിടെ നിന്നതേയൊള്ളൂ അയാൾ .. സമീറയെ കേൾക്കാതെ കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവ് ചെയ്ത് പോകാനുള്ള ധൈര്യം അയാൾക്കില്ലായിരുന്നു.. കൂടെ മഷൂദ് അത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ മുഖം തിരിച്ചതിലുള്ള മനപ്രയാസം ഉണ്ട് താനും.. എന്തെങ്കിലും കുറ്റവും കുറവും പറയാന്നു വെച്ചാൽ പറയാൻ തക്ക കുറവും കുറിച്ചിലും ഇല്ല..

പക്ഷെ സമ്മതം മൂളാൻ ആത്മാഭിമാനം അടിയറവ് വെക്കാൻ പറ്റുന്നുമില്ല.. അവിടെ നിൽക്കുന്ന ഓരോ നിമിഷവും അയാളുടെ മനസ്സ് ചിന്താഭാരത്താൽ ഉഴറി.... ശക്തമായ കാറ്റിലും ഇടിയിലും കറന്റും പോയി.. കൂടെ തിമിർത്തു പെയ്യുന്ന മഴക്കൊപ്പം കാറ്റും കൂടെ ആയപ്പോൾ ഉമ്മറം മുഴുവൻ വെള്ളം വീണ് നനഞ്ഞു തുടങ്ങി .. മഷൂദ് വീണ്ടും നിർബന്ധിച്ചപ്പോൾ മടിച്ച് മടിച്ചാണെങ്കിലും അയാൾ അകത്തേക്ക് കയറിയിരുന്നു.. സമയം കടന്ന് പോയി.. എമർജൻസി ഓൺ ചെയ്ത് കറന്റ്‌ ഇല്ലാത്ത കുറവ് ഒരു വിധം പരിഹരിച്ചെങ്കിലും പുറത്തെ തിമിർത്തു പെയ്യുന്ന മഴക്ക് കുറവൊന്നും വന്നില്ല.. "മഴ കുറയുന്ന മട്ടൊന്നുമില്ല... ഉപ്പക്ക് വിരോധമില്ലെങ്കിൽ ഞാൻ കൊണ്ട് വിടാം....." സംഘർഷം അനുഭവിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ മഷൂദ് പറഞ്ഞു.. "ഹേയ്.. അതിന്റെ ആവിശ്യമില്ല.. മഴ കുറച്ചൊന്നു അമർന്നാൽ എനിക്ക് തന്നെ ഡ്രൈവ് ചെയ്യാം... " അയാൾ അസ്വസ്ഥനായിരുന്നു . "വാപ്പച്ചി.. മഷൂ കൊണ്ട് വിട്ട് തന്നോളും..

ഇനി ഈ നേരം ഇരുട്ടിയ നേരത്ത് വാപ്പച്ചി ഡ്രൈവ് ചെയ്യണ്ട... പോരാത്തതിന് മഴയും.. കറന്റും ഇല്ലാത്തതാ.. വാപ്പച്ചി ഇനി റിസ്ക് എടുക്കണ്ട... " സമീറ മശൂദ്നെ പിന്താങ്ങി.. "അതേ.. സമിത്ത പറഞ്ഞതിലും കാര്യമുണ്ട്... ഞാൻ കൊണ്ട് വിടാം... " "അത്...ഞങ്ങളെ കൊണ്ട് വിട്ട് നിനക്ക് ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടല്ലേ... മഴയത്ത് ഇനി ഓട്ടോ ഒക്കെ കിട്ടോ...? " "അതിന് വാപ്പച്ചി... അവിടെ സൽമാൻ ഉണ്ടാവില്ലേ.. അവൻ കൊണ്ട് വിടൂലെ.. ഇനി അതുമല്ലെങ്കിൽ മഷൂ നമ്മുടെ കാറുമായി ഇങ്ങോട്ട് വന്നോട്ടെ.. നേരം പുലർന്നിട്ട് അവൻ കാർ തിരിച്ചെത്തിക്കുകയോ സൽമാൻ വന്ന് എടുക്കകയോ ചെയ്തോളും.... അതൊക്കെ വലിയ കാര്യമാണോ... " സമീറയുടെ വിശദീകരണം കേട്ടിട്ടും ഒരു തീരുമാനം എടുക്കാനാവാതെ നിൽക്കുന്ന വാപ്പച്ചിയോട് മഷൂദ്, തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് വ്യക്തമാക്കിയപ്പോൾ വേറെ നിവർത്തിയില്ലാതെ അയാൾ സമ്മതം മൂളി ...

ഉമ്മയോട് സഫയേയും ഷെറിയെയും കൊണ്ട് വാതിൽ ലോക്ക് ചെയ്തു അകത്തിരിക്കാനും പെട്ടന്ന് എത്തിക്കോളാമെന്നും പറഞ്ഞ് ഏൽപ്പിക്കുകയും അവർ അകത്തേക്ക് കയറി വാതിലടച്ചു എന്ന് ഉറപ്പായതിന് ശേഷം മഴയെ തടുക്കാൻ എന്നവണ്ണം രണ്ടും കയ്യും തലയ്ക്കു കുറുകെ വെച്ച് ഓടി ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്ന മശൂദ്നെ കോ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് വാപ്പച്ചിയുടെ കണ്ണുകൾ സസൂക്ഷ്മം വീക്ഷിക്കുന്നത്, കാറിൽ തെളിച്ചിരിക്കുന്ന ഡോർ ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ഫ്രണ്ട് മിററിലൂടെ പുറകിലെ സീറ്റിൽ ഇരുന്ന് സമീറ കാണുന്നുണ്ടായിരുന്നു... 💕 💕 💕 💕 💕 💕 💕 മുറിയിലെ തുറന്ന് വെച്ച ജനാലയിലൂടെ കൈ നീട്ടി കോരിച്ചൊരിയുന്ന മഴയെ എത്തി പിടിക്കുകയായിരുന്നു സുറുമി... ഇരുണ്ട് മൂടി കിടക്കുന്ന ഈ മാനം പോലെയാണ് ഇപ്പൊ തന്റെ ഉള്ളം .. ഈ മഴ പെയ്തൊഴിയുമ്പോൾ മാനം തെളിയുമായിരിക്കും.. പക്ഷെ ഇത് പോലെ ഇരുണ്ട് മൂടി കിടക്കുന്ന തന്റെ ഉള്ളം എപ്പഴാ ഒന്ന് പെയ്തൊഴിയുക..

വാപ്പച്ചി വാശി ഉപേക്ഷിക്കാത്തടുത്തോളം കാലം തന്റെ ഉള്ളം പെയ്തൊഴിയാൻ വെമ്പൽ കൊള്ളുന്ന കാർമേഘം കണക്കെ ഇരുണ്ട് മൂടി കിടപ്പായിരിക്കും.. അവളൊരു നിശ്വാസത്തോടെ തല ജനൽ കമ്പിയിൽ മുട്ടിച്ച് കട്ടിലിൽ കാൽ നിവർത്തി ചാഞ്ഞിരുന്നു.. നോട്ടം അപ്പോഴും പേമാരിയായി ഊർന്ന് വീഴുന്ന മഴയിലേക്കായിരുന്നു....മഴക്കൊപ്പമുള്ള കാറ്റിൽ ചീറ്റലിടിച്ച് മഴ തുള്ളിയുടെ അംശങ്ങൾ അവളുടെ മുഖത്തും മുടിയിലും അങ്ങിങ്ങായി പറ്റി ചേർന്ന് കിടപ്പുണ്ടായിരുന്നു... മഴ നനയുന്നത് എന്നും ഒരു ഹരമായിരുന്നു.. എത്ര വഴക്ക് അതിന്റെ പേരിൽ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.. എന്നാലും ഓരോ മഴയും വരുമ്പോ തെളിഞ്ഞ മനസ്സോടെ അവയെ വരവേൽക്കാറുണ്ട്.. ഇഷ്ടത്തോടെ അവയെ നോക്കി നിൽക്കാറുണ്ട്.. പക്ഷെ ഇപ്പൊ ഈ മഴക്കെന്നല്ല ഒന്നിനും എന്റെ ഉള്ളിലെ കനലിനെ കെടുത്താൻ പറ്റുന്നില്ലല്ലോ..... ഒന്നിനും ഒരു താൽപ്പര്യവും തോന്നുന്നില്ല....

ആരോടും മിണ്ടാനോ സംസാരിക്കാനോ തോന്നാറില്ല.. സലുക്കനോട് പോലും സംസാരിക്കാനോ എന്തിന് ഒന്ന് കാണാൻ പോലും തോന്നാറില്ല...വല്ലപ്പോഴും ഒന്ന് കണ്ടാൽ... എന്തെങ്കിലും ഒന്ന് ചോദിച്ചാൽ.... ചുരുക്കം വാക്കുകളിൽ ഉത്തരം പറഞ്ഞാലായി.. രാത്രി ഏറെ വൈകി വീട്ടിലെത്തുമ്പോ മിക്ക ദിവസവും വാതിലിൽ മുട്ടി വിളിക്കാറുണ്ട്.. കേൾക്കാത്ത പോലെ ചുരുണ്ടു കൂടും.. അറിയാം.. ഉപദേശിക്കാനും ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനുമൊക്കെയാണ് വിളിക്കുന്നതെന്ന്.. പക്ഷെ, ഇപ്പൊ ആ സമാധാനപ്പെടുത്തുന്ന വാക്കുകളോ ആ ചേർത്ത് പിടിക്കലോ മനസ്സ് ആഗ്രഹിക്കുന്നില്ല... കോളേജിൽ പോയാൽ ഹന വാതോരാതെ സംസാരിക്കുമ്പോ അത് ശ്രദ്ധിക്കുന്നുണ്ട് എന്ന് വരുത്താനായി മാത്രം എന്തേലും ഒന്നോ രണ്ടോ വാക്ക്.. എന്നിരുന്നാലും കേൾക്കാൻ ആഗ്രഹിക്കുന്ന ആളുടെ പേര് അതിലുണ്ടോ എന്ന് ചികയാറുണ്ട്.. പക്ഷെ അവളൊന്നും പറയാറില്ല.. ഞാൻ ചോദിക്കാറുമില്ല..

വൈകുന്നേരങ്ങളിൽ ദൃതി പിടിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോ മിക്ക ദിവസവും സഫയെ കാണാറുണ്ട്....തന്നെ കണ്ട് എന്തെങ്കിലും ആശ്വാസവാക്ക് പറയാനും ഒരു പുഞ്ചിരിയോടെ എല്ലാം ശരിയാവുമെന്നും അവൾ പറയാൻ ശ്രമിക്കാറുണ്ട്.... മഷ്‌ക്കയെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് കരുതി മാത്രം അവളുടെ ആശ്വാസ വാക്കുകൾക്ക് കാതോർക്കാറുണ്ട്..രണ്ടോ മൂന്നോ ദിവസം കൂടുമ്പോ ചുരുങ്ങിയ വാക്കുകളിൽ വിശേഷങ്ങൾ പങ്കിടൽ.. അതിൽ കൂടുതൽ വിവരമൊന്നും അവളുടെ പക്കലും ഇല്ല.. അവളെ ഇന്നും കണ്ടു..അവളുടെ കണ്ണുകൾ ചുറ്റും പരതുന്നത് തന്നെയാണ് എന്നറിയാമായിരുന്നിട്ടും, അവളുടെ ആശ്വാസ വാക്കുകൾ കൊണ്ടൊന്നും ഉള്ളിലെ നോവിന് ഒരു കുറവും വരില്ല എന്നറിയാവുന്നത് കൊണ്ട് അവൾ കാണുന്നതിന് മുമ്പ് തന്നെ കിട്ടിയ ബസിൽ കയറി ഇങ്ങ് പോന്നു... അന്ന് ഹനയുടെ വീട്ടിൽ വെച്ച് സംസാരിച്ച ശേഷം കഴിഞ്ഞ് പോയ രണ്ട് വെള്ളിയാഴ്ചയും കാൾ വന്നിട്ടില്ല.. അന്ന് നടന്ന സംഭവങ്ങളും വാപ്പച്ചിയുടെ ഉറച്ച നിലപാടും അറിഞ്ഞിരിക്കണം..

പാവം...മൈലുകൾക്ക് അപ്പുറം ഉള്ള് തുറന്ന് സംസാരിക്കാൻ ഒരാളില്ലാതെ ഒറ്റക്ക് വേദന അനുഭവിക്കുന്നുണ്ടാകും.. എല്ലാം അറിഞ്ഞിട്ടും ഒന്ന് വിളിച്ചത് പോലുമില്ലല്ലോ.... സങ്കടം കൊണ്ടായിരിക്കും... വിളിച്ചാലും ഒന്ന് സമാധാനിപ്പിക്കാൻ പോലും പറ്റില്ലല്ലോ.. അത് കൊണ്ടായിരിക്കും..... എന്നാലും ആ നിശ്വാസം ഒന്ന് കേൾക്കാമായിരുന്നല്ലോ... ചിന്താഭാരം ഹൃദയ വേദനയെ കീഴ്പെടുത്തിയപ്പോൾ ദീർഘ ശ്വാസത്തോടെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... റോഡിൽ നിന്ന് വാപ്പച്ചിയുടെ കാറിന്റെ ഹോണടി കേട്ടപ്പോഴാണ് കണ്ണുകൾ തുറന്നത്.. ഫെറയെ ഡോക്ടറെ കാണിക്കാൻ സമിത്തയെയും കൂട്ടി ഉച്ചക്ക് പോയതാണ് എന്ന് ഉമ്മ പറഞ്ഞത് അവളോർത്തു... ഹെഡ് ലേറ്റ് തെളിച്ച് കൊണ്ട് ഗേറ്റ് കടന്ന് വരുന്ന കാർ കണ്ടതും അവൾ കയ്യെത്തിച്ച് ജനലിന്റെ കുറ്റിയിൽ പിടിച്ച് വലിച്ചു. ചെറിയ ശബ്ദത്തോടെ ജനൽ അടഞ്ഞു... ""വേണ്ടാ.. വാപ്പച്ചിയെ കാണണ്ട....ആ മുഖം കാണും തോറും ദേഷ്യവും സങ്കടവും വരും..

സ്വത്തും പണവും പേരും തറവാടും കെട്ടിപിടിച്ച് ഇരുന്നോട്ടെ.....എനിക്ക് കാണണ്ട... ""അവൾ കാൽമുട്ടിൽ മുഖം പൂഴ്ത്തി.. ഡോർ തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദം ആ മഴയത്തും അവൾക്ക് കേൾക്കാമായിരുന്നു.. വാപ്പച്ചിയോടുള്ള ദേഷ്യത്തിൽ പനിച്ചു വയ്യാണ്ടായി വരുന്ന ഫെറ എന്ത് ചെയ്തു.. പാവം.. ആകെ ക്ഷീണിച്ച് കാണും....ചിലപ്പോ ട്രിപ്പ്‌ ഒക്കെ ഇട്ട് കാണും.. അതായിരിക്കും ഇത്രേം ലേറ്റ് ആയത്....ആ ഓർമയിൽ അവൾ ജനൽ പാളി ഒന്ന് തള്ളി... അൽപ്പം തുറന്ന ജനാലയിലൂടെ അവൾ താഴേക്ക് നോട്ടമെത്തിച്ചു... 💕 💕 💕 💕 💕 💕 💕 "മഴ ഒന്ന് കുറഞ്ഞാൽ സൽമാൻ വരും.. അവൻ കൊണ്ട് വിട്ടോളും.. " "വേണ്ടാ.. വീട്ടിൽ അവരൊറ്റക്കല്ലേ...ഞാൻ ലേറ്റ് ആയാൽ അവർ പേടിക്കും...മഴയല്ലേ... കറന്റുമില്ല....നേരം വൈകിയിട്ടൊന്നുമില്ലലോ..ഇവിടുന്ന് ഇറങ്ങിയാൽ ഓട്ടോ കിട്ടും.ഞാൻ പൊയ്ക്കോളാം....." ചാവി അയാളുടെ കയ്യിൽ ഏൽപ്പിച്ച് യാത്ര പറഞ്ഞു കൊണ്ടവൻ ആ തിമിർത്തു പെയ്യുന്ന മഴയിലൂടെ ദൃതിയിൽ നടന്നു ..

വീട് ഇതാണെന്ന് പറഞ്ഞ് വാപ്പച്ചി കാണിച്ചു തന്നപ്പോൾ തുടങ്ങിയതാണ് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത നീറ്റല്... വലിയ വീടും പേരും പെരുമയുമുള്ള തറവാട്ട്ക്കാരാണെന്ന് അറിയാമായിരുന്നെങ്കിലും താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ പെണ്ണ് ഇത്രയും സൗകര്യങ്ങളിൽ ജീവിക്കുന്ന ഇത്രയും വലിയൊരു വീട്ടിലെ കുട്ടിയാണെന്ന് അറിയില്ലായിരുന്നു... വാപ്പച്ചിയെ പറഞ്ഞിട്ട് കാര്യമില്ല...അത്രയും സുഖത്തിലും സൗകര്യങ്ങളിലും വളർത്തി വലുതാക്കിയ തന്റെ മക്കൾ അവരുടെ പകുതി പോലും വരാത്ത ഒരു കുടുംബവുമായിയുള്ള ബന്ധത്തിന് നിർബന്ധം പിടിക്കുമ്പോ അയാൾ എങ്ങനെ സമ്മതിക്കും... എങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും .... ഒരു വർഷമായി കാണാൻ ഏറെ ആഗ്രഹിക്കുന്ന ആ മുഖം ... ദൂരന്നെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയിരുന്നെങ്കിൽ ... വേണ്ടാ... കാണണ്ട....കൊറേ കാര്യങ്ങൾ ചെയ്തു തീർക്കാനാണ് പെട്ടന്ന് ലീവ് സംഘടിപ്പിച്ച് വന്നത്.. ഇനി അതൊന്നും വേണ്ടാ....

ഷെറിയുടെ പ്രസവം കഴിയുന്നതോടെ തിരിച്ചു പോകണം.. പറ്റുമെങ്കിൽ സഫയെ പറഞ്ഞു മനസ്സിലാക്കി മറക്കാൻ പറയണം....സമയം എടുത്താണെങ്കിലും വേറെ കല്യാണത്തെ കുറിച്ച് ആലോചിക്കാൻ പറയണം....... പക്ഷെ.. തന്റെ പെണ്ണ്...അവളനുഭവിക്കുന്ന വേദന.....പോകുന്നതിന് മുമ്പ് നവീടെ വീട്ടിൽ വെച്ച് കണ്ടപ്പോൾ അവസാനമായി അവളെന്നെ നോക്കിയ നോട്ടം... അതോർക്കുമ്പോ ഇപ്പഴും ഇടനെഞ്ചിൽ ഒരു തരിപ്പാണ്....ഇട്ടിട്ട് പോകല്ലേ ന്ന് ആ കണ്ണുകൾ തന്നോട് കെഞ്ചുന്നത് കാണായിട്ടല്ല... എന്നെങ്കിലും എല്ലാം ഒതുങ്ങി ഒരുമിക്കാൻ പറ്റുമെന്ന പ്രതീക്ഷയായിരുന്നു ഇന്ന് വരെ... പക്ഷെ, ഇപ്പൊ... വേദന മാത്രം സമ്മാനിക്കാൻ ആണെങ്കിൽ തന്റെ ഇഷ്ട്ടം പറയേണ്ടിയില്ലായിരുന്നു.. കണ്ടില്ലെന്ന് നടിച്ച് വിട്ട് കളയാമായിരുന്നു..., ഒരിക്കലും അവളിൽ നിന്നോ അവളുടെ ഓർമകളിൽ നിന്നോ ഒരു മോചനമില്ലാത്ത വണ്ണം സ്നേഹിച്ചു പോയില്ലേ.... ജീവനിലേറെ....

അവളുടെ ഓർമ്മകൾ പേറി ആ സുഖമുള്ള നോവിൽ മരണം വരെ ജീവിച്ച് തീർക്കാം ഞാൻ.. പക്ഷെ എന്റെ പെണ്ണ്.. അവള് വിങ്ങി വിങ്ങി ജീവിക്കുന്നത് ഓർക്കുമ്പോ നെഞ്ച് പൊടിഞ്ഞു പോവാണല്ലോ പടച്ചോനേ..... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... നിന്നെ, നീ വളർന്ന പോലെ സുഖത്തിലും സൗകര്യത്തിലും നോക്കാൻ ഈ നെറികെട്ടവന് ഒരിക്കലും പറ്റില്ലെന്ന് പറഞ്ഞു മനസ്സിലാക്കാമായിരുന്നു... .. വേണ്ടാ... കണ്ടാൽ ചിലപ്പോ നിയന്ത്രണം വിട്ട് പോകും....ഒരിക്കലും ആർക്കും വിട്ട് കൊടുക്കാൻ കഴിയാത്തവണ്ണം ചേർത്ത് പിടിക്കാൻ ഉള്ളം തിടുക്കം കൂട്ടും... അത് കൊണ്ട് കാണണ്ട..... ഒരിക്കലും കാണണ്ട.... തന്റെ പ്രണയവും ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്നോടൊപ്പം മണ്ണിൽ അലിഞ്ഞില്ലാതാകട്ടെ... അവളെ ചേർത്ത് നെയ്‌ത് കൂട്ടിയ അവന്റെ സ്വപനങ്ങൾ വെറും എരിഞ്ഞമരുന്ന ഓർമ്മകൾ മാത്രമാണെന്ന ചിന്തയിൽ അവൻ കണ്ണുകൾ ഇറുക്കി അടച്ചു... തലയിലൂടെ ഊർന്ന് വീണ്, കവിളിനെ തഴുകി വീണുടയുന്ന മഴത്തുള്ളികൾക്കൊപ്പം അവന്റെ കണ്ണുനീരും കലർന്നിന്നു...

പുറകിൽ നിന്ന് കോരിച്ചൊരിയുന്ന മഴയുടെ താളത്തിനൊപ്പം ഉറക്കെ ആരോ വിളിക്കുന്ന പോലെ തോന്നിയപ്പോൾ അവൻ സംശയത്തോടെ തിരിഞ്ഞു നോക്കി..... കണ്ട കാഴ്ചയിൽ അവന്റെ ഉള്ളം പിടഞ്ഞു... അപ്രതീക്ഷിതമായി അവനെ കണ്ടപ്പോൾ പരിസരം മറന്ന് അവന്റെ അടുത്തേക്ക് ഓടി എത്താൻ ശ്രമിച്ച സുറുമിയെ , അവളുടെ ഒരു കൈയിൽ വാപ്പച്ചി പിടിച്ച് വെച്ചിരിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച .. അയാളിൽ നിന്ന് പിടഞ്ഞു മാറാൻ തന്നാൽ ആകും വിധം ശ്രമിക്കുന്നുണ്ടവൾ... വാപ്പച്ചിയുടെ കൈയിലേക്ക് നോക്കി മറുകൈ കൊണ്ട് പിടി വിടുവിക്കാൻ ശ്രമിക്കുന്നുമുണ്ട്... "മഷ്ക്കാ..." അവൻ അവളെ കണ്ടെന്നു മനസ്സിലായതും അവളുടെ മിഴികൾ വിടർന്നു.... "മഷ്‌ക്കാ.... പോകല്ലേ... ഞാനൊന്ന് കണ്ടോട്ടെ വാപ്പച്ചി.... ഞാൻ പോകില്ല... സത്യായിട്ടും കൂടെ പോകില്ല... എനിക്കൊന്ന് കണ്ടാൽ മാത്രം മതി.... എന്നെയോർത്ത് വിഷമിക്കരുതെന്ന് മാത്രം പറഞ്ഞാൽ മതി... വാപ്പച്ചി... വിട് വാപ്പച്ചി... ഞാനൊന്ന് പൊയ്ക്കോട്ടേ...

ഒരു വാക്ക് സംസാരിച്ചോട്ടെ.... " പിടിത്തം മുറുകിയ അയാളുടെ കൈകളിൽ കൈ പിടിച്ചു കൊണ്ടവൾ യാചിക്കുകയായിരുന്നു... അയാളുടെ പിടിത്തം മുറുകുന്നതിനോടൊപ്പം അയാളുടെ മുഖവും ദേഷ്യത്താൽ വിറക്കുന്നുണ്ടായിരുന്നു... "മഷ്‌ക്കാ..... പോകല്ലേ.... ഞാനൊന്ന് കണ്ടോട്ടെ....പ്ലീസ്... വാപ്പച്ചി.... പ്ലീസ് ......" ആർത്തലച്ച് പെയ്യുന്ന മഴയിൽ നിസ്സഹായനായി കുറച്ചകലെ അവളെ നോക്കി നിൽക്കുന്ന അവനെ കാണേ അവളുടെ നെഞ്ച് പൊട്ടിപോകുന്ന പോലെ തോന്നി അവൾക്ക്... "സുറുമി... അകത്തേക്ക് കയറി പോ.... " അലർച്ചയായിരുന്നു അത്... ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്റെ അകമ്പടിയോടെ അവൾ നിഷേധാർത്ഥത്തിൽ തല അനക്കി... "ഞാനൊന്ന് കണ്ടോട്ടെ... പ്ലീസ്... ഒരു പ്രാവിശ്യം... ഒരേയൊരു പ്രാവിശ്യം.." അവസാന പ്രതീക്ഷയെന്നോണം അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി കെഞ്ചി... തുറിച്ചു നോക്കുന്ന വാപ്പച്ചിയെ പാടെ അവഗണിച്ചു കൊണ്ടവൾ പ്രതീക്ഷയോടെ മശൂദ്നെ നോക്കി... മുഖത്തെ ഭാവം വ്യക്തമല്ല..

പക്ഷെ നിസ്സംഗ ഭാവത്തോടെ തകർന്നുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ച് പൊട്ടി കരഞ്ഞു... അവനും കരയുകയായിരുന്നു... കൺമുമ്പിൽ തന്റെ പെണ്ണ് വേദനിക്കുന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായൻ... അവൻക്ക് അവനോട് തന്നെ ദേഷ്യവും വെറുപ്പും തോന്നി.. ... ഇപ്പോ എന്ത് ചെയ്താലും അതയാളുടെ വീറും വാശിയും ഇരട്ടിപ്പിക്കുകയെ ഒള്ളൂ ... രണ്ട് പേരെയും ചുട്ടെരിക്കാനുള്ള ദേഷ്യത്തിലാണ് അയാളിപ്പോൾ..അയാളുടെ മുഖഭാവത്തിൽ നിന്ന് പ്രതികരിക്കാൻ ശ്രമിച്ചാൽ അയാൾ അവളെ ഉപദ്രവിക്കുമെന്ന് അവൻ ഭയന്നു... നിസ്സഹായതയോട അവൻ വിങ്ങി പൊട്ടി..... കണ്ണുകൾ ഇറുകി അടച്ചു കൊണ്ടവൻ തിരിഞ്ഞു നടന്നു... അവളുടെ ചങ്ക് പൊട്ടിയുള്ള തേങ്ങൽ ആ മഴയിൽ ചേർന്ന് ഇല്ലാതാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story