സുറുമി: ഭാഗം 29

surumi

എഴുത്തുകാരി: അവന്തിക

കണ്ണുകൾ ഇറുകി അടച്ചു കൊണ്ടവൻ തിരിഞ്ഞു നടന്നു... അവളുടെ ചങ്ക് പൊട്ടിയുള്ള തേങ്ങൽ ആ മഴയിൽ ചേർന്ന് ഇല്ലാതാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..... "മഷൂദ്... " പുറകിൽ നിന്ന് വാപ്പച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.. ഒരു കൈ സുറുമിയുടെ കൈയിൽ മുറുകി പിടിച്ചു കൊണ്ടയാൾ അവന്റെ അടുത്തേക്ക് നടന്ന് വന്നു... മഴ തുള്ളികൾ അയാളെയും സുറുമിയെയും നനച്ചു കൊണ്ട് ഭൂമിയെലേക്ക് ഊർന്ന് വീണു .. അവന്റെ അടുത്ത് എത്തിയതും അയാൾ അവളുടെ കൈയിലെ പിടിത്തം വിട്ടു.. "പരസ്പരം കാണാതിരിക്കുമ്പോ മറക്കാൻ പറ്റുന്ന ബന്ധമാണ് നിങ്ങളുടേത് എന്ന വിശ്വാസമായിരുന്നു എനിക്ക് ... എന്നെങ്കിലും എല്ലാം മറന്ന് സുറുമി മറ്റൊരു വിവാഹത്തിന് സമ്മതിക്കുമെന്ന പ്രതീക്ഷയായിരുന്നു .. പക്ഷെ.. ഇന്ന്.. ഇപ്പൊ എനിക്ക് ബോധ്യമായി....പരസ്പരം കാണാതിരുന്നാലോ സംസാരിക്കാതിരുന്നാലോ അവസാനിക്കുന്നതല്ല നിങ്ങളുടെ ബന്ധമെന്ന്...

നിന്നെ മറക്കാൻ ഇവൾക്കോ ഇവളെ മറക്കാൻ നിനക്കോ സാധിക്കില്ല എന്ന്..... പേരും പെരുമയും കൊണ്ടല്ല രണ്ട് പേര് തമ്മിലുള്ള സ്നേഹവും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ നെടുംതൂണെന്ന്.. ഇവളുടെ തകർന്നുള്ള നിൽപ്പും നിന്റെ ഈ നിസ്സഹായാവസ്ഥയും എന്നെ പോലും അലിയിപ്പിച്ചു കളഞ്ഞല്ലോ ഡാ....." പറഞ്ഞു തീർന്നപ്പോഴേക്കും നേർന്നു പോയിരുന്നു അയാളുടെ ശബ്ദം..... "നിങ്ങൾ ചേരേണ്ടവരാണ്..... നിങ്ങൾ തന്നെയാണ് ചേരേണ്ടത്.... "അയാൾ അവന്റെ പുറത്ത് സ്നേഹത്തോടെ തട്ടി.. കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു മഷൂദും സുറുമിയും... "ഡാ.... എന്താടാ സന്തോഷമില്ലാത്തത്... നിനക്ക് വേണ്ടേ ഇവളെ നിന്റെ പെണ്ണായി... നീ എടുത്തോ ഡാ..... അവള് നിനക്കുള്ളത് തന്നെയാ.... " അയാൾ അവന്റെ തോളിൽ പിടിച്ചുലച്ചു... "സുറുമി....മോളെ... ഇനിയെങ്കിലും എന്റെ മുഖത്തേക്ക് ഒന്ന് നോക്കി സംസാരിക്കെടി.... "

വാക്കുകളിൽ ദയനീയത നിറച്ച് പറയുന്നതിനോടൊപ്പം അയാൾ അവളെ നെഞ്ചോട് ചേർത്തു... "വാപ്പച്ചി.. സോറി... സ്നേഹിച്ചു പോയി....മറക്കാൻ പറ്റാത്തത് കൊണ്ടാ .. എന്നെ വെറുക്കല്ലേ.... " അവളുടെ കൈ അയാളെ ചുറ്റി.. ആ നെഞ്ചിൽ കിടന്നവൾ വിങ്ങി പൊട്ടി... "ഇല്ല്യ മോളെ... ഒരു വെറുപ്പുമില്ല... പൂർണ്ണ സന്തോഷത്തോടെ.. സംതൃപ്തിയോടെയാണ് ഞാൻ പറയുന്നത്... ഇനിയും നിങ്ങളുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് എന്റെ വാശിയിൽ ഞാൻ ഉറച്ചു നിന്നാൽ നീ ഈ ഗേറ്റ് കടക്കുന്നതോടെ എന്റെ മോള് ചങ്ക് പൊട്ടി കരയുന്നത് ഞാൻ കാണേണ്ടി വരും.. കുടുംബത്തിന് വേണ്ടി അവൾ ജീവിക്കുമായിരിക്കും.. പക്ഷെ അത് വെറും ജീവനുള്ള സുറുമി മാത്രമായിരിക്കും... ചിരിക്കാതെ സംസാരിക്കാതെ ഒന്ന് കരയുക പോലും ചെയ്യാതെ അവൾ നീറി ജീവിക്കുന്നത് ഞാൻ കാണേണ്ടി വരും....ഇപ്പൊ തന്നെ അവളുടെ മൗനം ഈ വീട്ടിലുള്ളവരുടെ സമാധാനം തച്ചുടച്ചു...

ഇനിയും എന്റെ മോളെ അങ്ങനെ കാണാൻ എനിക്ക് വയ്യ മഷൂ... അത് കൊണ്ട് പൂർണ്ണ മനസ്സോടെയാണ് പറയുന്നത്.. എനിക്ക് സമ്മതമാണ് .. ഞാൻ ഏൽപ്പിക്കുകയാണ്.... ഞാൻ കൈ പിടിച്ചു തരും എന്റെ മോളെ നിനക്ക്......" അയാൾ മറുകൈ കൊണ്ട് മഷൂനെയും നെഞ്ചോട് ചേർത്ത് പിടിച്ചു... കുറച്ച് മുമ്പ് തന്റെ മോള് ചങ്ക് തകർന്ന് ദയനീയമായി പൊട്ടി കരഞ്ഞ രംഗം ഓർക്കും തോറും അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഒരിക്കലും പിരിക്കില്ലെന്ന പോലെ രണ്ട് പേരെയും അയാൾ അയാളുടെ മാറോടണച്ചു .... പെയ്തൊഴിയുന്ന മഴക്ക് മീതെ വാപ്പച്ചിയുടെ ചൂടേറ്റ് ആ നെഞ്ചിൽ പറ്റി ചേർന്ന് നിൽക്കുമ്പോൾ പെയ്തൊഴിഞ്ഞ മാനം പോലെ അവളുടെ മനസ്സും തെളിഞ്ഞിരുന്നു.... കണ്ണുകൾ ഉയർത്തി വാപ്പച്ചിയുടെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന മശൂദ്നെ നോക്കി സുറുമി.... നിറഞ്ഞൊഴുകുന്ന കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ടവൻ പുഞ്ചിരിച്ചു...കൂടെയുണ്ടെന്ന് പറയാതെ പറയുംപോലെ... ഇറ്റിറ്റ് വീഴുന്ന മഴ തുള്ളികൾക്കൊപ്പം അവളുടെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു..

വരാൻ പോകുന്ന വസന്ത കാലത്തിന്റെ മധുരമാർന്ന ഓർമയിൽ അവളുടെ കവിളുകളും രക്തമയമായി.....ഏറെ നാളുകൾക്കു ശേഷം ചുണ്ടുകളിൽ ചിരി വിരിഞ്ഞു..... 🍁 🍁 🍁 🍁 കല്യാണത്തിനുള്ള വാപ്പച്ചിയുടെ സമ്മതം അത്ഭുദത്തോടെയും അതിലുപരി സന്തോഷത്തോടെയുമാണ് ഉമ്മയും സമീറയുമെല്ലാം കേട്ടത്.. മഴതോർന്നു ഏറെ വൈകി വീട്ടിലെത്തിയ സൽമാനും ആദ്യമൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.. പക്ഷെ പതിവില്ലാത്ത വിധം പുഞ്ചിരിയോടെ അവനെ കാത്ത് നിന്ന സുറുമിയെ കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാൻ നിർവ്വാഹവും ഇല്ലായിരുന്നു...കൂടെ വാപ്പച്ചിയുടെ നാവിൽ നിന്നും കാര്യം സത്യമാണെന്ന് അറിഞ്ഞപ്പോൾ സുറുമിയെ ഇറുകെ പുണർന്നു കൊണ്ടാണ് അവൻ സന്തോഷം പ്രകടിപ്പിച്ചത് .. അന്ന് ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഒരുമിച്ചിരുന്ന് സംസാരിക്കുകയും സൽമാന്റെയും സുറുമിയുടേയും കുറുമ്പും കളിചിരികളും വലിയേടത്ത് വീട്ടിൽ ഉയർന്നു

കേൾക്കുകയും ചെയ്തപ്പോൾ കുറച്ചൊന്നു വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെങ്കിലും വൈകിയാണെങ്കിലും താനെടുത്ത തീരുമാനം തെറ്റിയില്ല എന്ന് ഓർക്കേ വാപ്പച്ചിയുടെ മനസ്സ് അഭിമാനം കൊണ്ടു... പിറ്റേന്ന് രാവിലെ തന്നെ കുടുംബത്തിലേ അടുത്ത ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ പറയുകയും കൂടിയാലോചിക്കുകയും ചെയ്തു വാപ്പച്ചി.. ഉച്ചയോടെ യാത്ര കഴിഞ്ഞ് റംസാനും എത്തിയതോടെ പിറ്റേന്ന് രാവിലെ കുടുംബത്തിലെ വേണ്ടപ്പെട്ട ആണുങ്ങൾ കുറച്ചാളുകൾ മാത്രമായി വെങ്ങാട്ട് വീട്ടിൽ പോകാൻ തീരുമാനായി.. വാപ്പച്ചി തന്നെ മശൂദ്നെ വിളിച്ച് വിവരം പറയുകയും ചെയ്തു.. വലിയേടത്ത് നിന്ന് മുതിർന്ന ആണുങ്ങൾ മാത്രം വരുന്നത് കൊണ്ട് മോശമാക്കാത്ത വിധം നല്ലൊരു വിരുന്ന് തന്നെ മഷൂദ് ഒരുക്കിയിരുന്നു...കാര്യം അറിഞ്ഞ പാടെ നിഹാൽ എത്തിയത് കൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്താൻ മഷൂദ് ന്ന് പറ്റി...

വലിയേടത്ത് നിന്ന് എത്തിയ അതിഥികളും മഷൂദ്ന്റെ ഉമ്മയുടെയും ഉപ്പയുടെ വീട്ടിലേ മുതിർന്ന ആണുങ്ങളും പരസ്പരം പരിചയപ്പെടുകയും കാര്യങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു.. വാപ്പച്ചി ഭയന്ന പോലെ ആരും ബന്ധത്തിന് എതിരഭിപ്രയം ഒന്നും പറഞ്ഞില്ലെങ്കിലും ഒന്ന് രണ്ടാളുകൾ ഒന്നൂടെ ആലോചിച്ചിട്ട് പോരെ.. ഇതിലും നല്ലൊരു ബന്ധം കിട്ടുമായിരുന്നില്ലേ എന്ന രീതിയിൽ സംസാരിച്ചു .. അവരോട് സമീറയുടെ ജീവിതം ഉദാഹരണം കാണിച്ചു കൊണ്ട് അതിലൊന്നും വലിയ കാര്യമില്ല എന്ന മട്ടിൽ തന്നെ വാപ്പച്ചി സൗമ്യതയോടെ വിശദീകരിച്ചതോടെ ആ മുറുമുറുപ്പുകൾ അവസാനിച്ചു.... രണ്ട് ദിവസമായി കോളജിലേക്ക് വരുന്ന സുറുമിയിലും ആകെ മൊത്തം മാറ്റമാണ്.... പഴയതിലേറെ ഉത്സാഹത്തിലും സന്തോഷത്തിലുമാണവൾ എന്ന് ഹന നെടുവീർപ്പോടെ ഓർത്തു.. കുറച്ച് ദിവസമായുള്ള അവളുടെ മൗനം തന്നെയും ഏറെ അസ്വസ്ഥയാക്കിയിരുന്നു .

അത് കൊണ്ടാണല്ലോ ഇക്കാക്കനോട് പറഞ്ഞ് സുറുമിയുടെ അവസ്ഥ മഷൂച്ചയെ അറിയിച്ചത്.....വേറൊന്നും പ്രതീക്ഷിക്കാതെ സുറുമിയെ ഒന്ന് നേരിൽ കണ്ട് സമാധാനിപ്പിക്കണം..... മൂടി കെട്ടിയിരിക്കാതെ പഴയ പോലെ ഉത്സാഹത്തിലും സന്തോഷത്തിലും ഇരിക്കണം.. എന്നൊക്കെ പറഞ്ഞ് അവളെയൊന്ന് മാറ്റിയെടുക്കാനും കൂടെയായി വന്നതായിരുന്നു മഷൂച്ച . പക്ഷെ വന്ന അന്ന് തന്നെ വാപ്പച്ചിയുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു ഉഗ്രൻ പോസറ്റീവ് റിയാക്ഷൻ ഉണ്ടാകുമെന്ന് മഷൂച്ച സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല... പാവം.... ഇക്കാക്കയെ വിളിച്ച് വാപ്പച്ചി സമ്മതിച്ച കാര്യങ്ങൾ വിവരിക്കുമ്പോ മഷൂച്ച സന്തോഷം കൊണ്ട് കരയാണോ ചിരിക്കാണോ എന്ന് പോലും മനസ്സിലാവുന്നില്ലായിരുന്നു എന്ന് ... വാപ്പച്ചി സമ്മതം മൂളിയ സന്തോഷം നേരിൽ കണ്ട് പ്രകടിപ്പിക്കാനും മശൂദ്ന്റെ വീട്ടിൽ കാരണവന്മാർ എല്ലാം പോകുന്നുണ്ട് എന്ന വാർത്ത നേരിട്ടു സഫയെ അറിയിക്കാനുമായി ഇന്നലെ വൈകീട്ട് സൽമാൻ വന്നെങ്കിലും അധികമൊന്നും സഫയുമായി കുറകാൻ സുറുമി സമ്മതിച്ചിട്ടില്ല....

അല്ലെങ്കിൽ തന്നെ വാപ്പച്ചി സമ്മതിക്കാത്ത നാളുകളിലും അവരുടെ കണ്ടുമുട്ടലുകളും കുറുകലും സുറുമിയെ കൂട്ടാൻ വരുമ്പോഴും മറ്റുമായി അതിന്റെ മുറ പോലെ നടക്കാറുണ്ടായിരുന്നു ...അത് കൊണ്ട് തന്നെ അധികം അവർക്ക് സംസാരിക്കാനുള്ള അവസരമൊന്നും സുറുമി കൊടുത്തില്ല....അവർ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഒരംശം പോലും തനിക്കും മശൂദ്നും പറ്റാറില്ല എന്ന കുശുമ്പുമുണ്ടായിരുന്നു അതിൽ എന്ന് വേണം പറയാൻ .. 'ബാക്കിയൊക്കെ കെട്ട് കഴിഞ്ഞിട്ട് മതി' എന്ന് പറഞ്ഞ് കൊണ്ട് സുറുമി അവർക്കിടയിലെ കട്ടുറുമ്പാവുകയായിരുന്നു... ഇന്ന് ആണുങ്ങൾ മാത്രം പോകുന്ന ചടങ്ങ് ആയത് കൊണ്ട് സുറുമി കോളേജിൽ എത്തിയിരുന്നു.. വെങ്ങാട്ട് വീട്ടിൽ വെച് ആയത് കൊണ്ട് സഫ ലീവുമായിരുന്നു.. അത് കൊണ്ട് തന്നെ അന്ന് കണ്ടതിൽ കവിഞ്ഞ് മശൂദ്ന്റെ ഒരു വിവരവും സുറുമിക്ക് ഇല്ലായിരുന്നു.. ഇന്നലെ ചോദിക്കാൻ വന്നപ്പോഴേക്കും സൽമാൻ വന്നതോടെ ഒന്നും ചോദിക്കാനും പറ്റിയില്ല.. "

വൈകാതെ സ്വന്തം പ്രോപ്പർട്ടി തന്നെ ആവുമെടി...അത് വരെ നീ ഒന്ന് ക്ഷമി.... "ഒന്ന് കാണാൻ കൂടെ വന്നില്ലല്ലോ എന്ന അവളുടെ പരിഭവവും മുറുമുറുപ്പും കേൾക്കുമ്പോഴൊക്കെ ഹന ഓരോന്ന് പറഞ്ഞ് കളിയാക്കി കൊണ്ടിരിന്നു ... ഉച്ചയോടെ പരിപാടി തീരും...അത് കൊണ്ട് അന്ന് സുറുമിയെ കാണാൻ മഷൂദ് വരുമെന്ന് അവൾ പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും അവൻ വന്നില്ല.. അവൻ വരാത്തതിലുള്ള പരിഭവത്തിലും കുറുമ്പിലും വീട്ടിലെത്തിയ അവളെ വരവേറ്റത് ഷെറിയുടെ ലാസ്റ്റ് ഡേറ്റ്ന്ന് അധിക ദിവസങ്ങൾ ഇല്ലാത്തത് കൊണ്ടും മഷൂദ് ന്ന് അധികം ലീവ് ഇല്ലാത്തത് കൊണ്ടും അടുത്ത ഞായറാഴ്ച കല്യാണമാണെന്ന വാർത്തയായിരുന്നു ... കല്യാണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്രയും അടുത്ത ദിവസം കല്യാണത്തിനുള്ള ഡേറ്റ് തീരുമാനിച്ചിട്ടാണ് വെങ്ങാട്ട് പോയവർ തിരിച്ചുവരുന്നതെന്ന് സുറുമി മാത്രമല്ല വലിയേടത് വീട്ടിലെ മറ്റു അംഗങ്ങൾ പോലും ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു...

വെറും ഒമ്പതു ദിവസമാണ് അവർക്ക് മുമ്പിൽ ഉണ്ടായിരുന്നത്..അത് കൊണ്ട് തന്നെ സ്വർണ്ണം എടുക്കലും സുറുമിക്കും സഫക്കുമുള്ള ഡ്രസ്സ് എടുക്കലും തയ്പ്പിക്കാൻ കൊടുക്കലും ഒരു ഭാഗത്തു നടന്ന് കൊണ്ടിരിന്നു.. കല്യാണത്തോട്‌ അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ക്ഷണവും മറുഭാഗത്തും... വലിയേടത് വീട്ടിലെ അവസാനത്തെതും അത് രണ്ട് പേരുടെയും കൂടെ ആയത് കൊണ്ട് നാടും നാട്ടുകാരെയും വിളിച്ചു കൊണ്ടുള്ള കല്യാണം വേണെമെന്ന് വാപ്പച്ചിക്ക് നിർബന്ധം ഉണ്ടായിരുന്നു ..... ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അത്രയും വലിയൊരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്തുക എന്നതും വളരെ ശ്രമകരവുമായിരുന്നു.... അത് കൊണ്ട് തന്നെ രാവും പകലും മാറി മറിയുന്നതും കല്യാണ ദിവസം വന്നെത്തിയതും എല്ലാം പെട്ടന്നായിരുന്നു.. രണ്ട് നിക്കാഹും ഹാളിൽ വെച്ചാണെങ്കിലും തലേന്ന് അടുത്ത കുടുംബക്കാർക്കും വീട്ടുകാർക്കും ക്ഷണം ഉണ്ടായിരുന്നത് കൊണ്ട് രണ്ട് ദിവസം മുമ്പ് തന്നെ വലിയേടത് വീട്ടിൽ പന്തൽ ഉയർന്നു..

അകലെയുള്ള കുടുംബക്കാരൊക്കെ വലിയേടത്ത് വന്ന് തുടങ്ങി... ദിവസം അടുക്കും തോറും സുറുമിയുടെ ഉള്ളിൽ ഭയവും വെപ്രാളവും നിറഞ്ഞ ഒരസ്വസ്ഥയായിരുന്നു... അന്ന് കണ്ടതിൽ പിന്നെ മശൂദ്നെ ഒന്ന് കാണാൻ പോലും പറ്റാത്ത നിരാശ ഒരു ഭാഗത്തും, ഒന്ന് കണ്ട് സംസാരിച്ചിരുന്നെങ്കിൽ ഉള്ളിലെ പിരിമുറുക്കത്തിന് കുറച്ചൊരു അയവു വന്നേനെ എന്നൊരു പ്രതീക്ഷ മറുഭാഗത്തും...... തയ്പ്പിക്കാൻ ഉള്ള ഡ്രെസ്സിന്റെ അളവും കാര്യങ്ങളും ചോദിക്കാനും മറ്റും സഫക്ക് അങ്ങോട്ടും അവൾ ഇങ്ങോട്ടും വിളിച്ചു എന്നല്ലാതെ കഴിഞ്ഞ ഒരാഴ്ച പിടിപ്പത് ഒരുക്കങ്ങൾ ഉണ്ടായത് കൊണ്ട് കോളേജിൽ പോകാനോ തിരക്കൊഴിഞ്ഞ് മനസ്സിലെ ആധി ഹനയോട് പോലും ഒന്ന് പങ്കു വെക്കാൻ പോലും പറ്റിയിട്ടില്ല... സഫയെ ഉമ്മ കണ്ടിട്ടില്ലാത്തത് കൊണ്ട് ഒന്ന് പോയി കാണാൻ വാപ്പച്ചിയോട് അനുവാദം ചോദിച്ചെങ്കിലും വീട്ടിലെ പെയിന്റിംങ്ങിനും മറ്റും വന്ന ജോലിക്കാരും അവർ പോയി കഴിഞ്ഞുള്ള ക്‌ളീനിങ്ങും കഴിഞ്ഞ് തിരക്കൊഴിഞ്ഞ സമയം ഇല്ലാത്തത് കൊണ്ട് അവളെ ഒന്ന് കാണാൻ പോകാൻ പോലും പറ്റിയില്ല എന്നത് വേറൊരു സത്യം......

ഷെറിയെ കൊണ്ട് ഭാരിച്ച പണികളും യാത്രകളും ഒരേ നിൽപ്പും പറ്റാത്തത് കൊണ്ട് എല്ലാത്തിനും ഞാൻ ഒരാള് ഓടി എത്തണം എന്ന പരിഭവമായിരുന്നു രണ്ട് മൂന്ന് തവണ വിളിച്ചപ്പോഴും സഫക്ക് പറയാനുള്ളത്.. അത് കൊണ്ട് തന്നെ മശൂദ്നെ പറ്റി ചോദിച്ചാലും ഇവിടെ ഓടി പാഞ്ഞു നടപ്പുണ്ട് എന്ന ഒഴുക്കിൻ മട്ടിലൊരു മറുപടിയായിരിക്കും കിട്ടുക എന്നറിയാവുന്നത് കൊണ്ട് അവളോട് ചോദിക്കാനും സുറുമിക്ക് തോന്നിയില്ല.. തിരക്കായത് കൊണ്ടാണ് കാണാൻ വരാത്തതെന്ന് സ്വയം മനസ്സിനെ സമാധാനിപ്പിച്ചാലും ഒന്ന് വിളിച്ചു നോക്കിയത് പോലുമില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിച്ചു കൊണ്ടിരിന്നു.. ലാൻഡ് ഫോണിലേക്ക് വിളിക്കാൻ മടിയാണെങ്കിൽ സലുക്കാടെ ഫോൺ ഉണ്ടല്ലോ.. ഒരഞ്ചു മിനുട്ട് എങ്കിലും തിരക്കൊക്കെ മാറ്റി വെച്ച് ഒന്ന് വിളിച്ചൂടെ... രണ്ട് മൂന്ന് തവണ, പറഞ്ഞ് പഠിച്ച ചോദ്യവുവുമായി സൽമാന്റെ അടുത്തേക്ക് പോയെങ്കിലും ചോദിക്കാനുള്ള ചമ്മല് കാരണം ഒന്നുമില്ലെന്ന് പറഞ്ഞ് തിരികെ പോരേണ്ടി വന്നു അവൾക്ക്...

ഓരോ പ്രാവിശ്യവും പലകാരണങ്ങളും പറഞ്ഞ് ചോദിക്കാൻ വന്ന കാര്യം മാത്രം ചോദിക്കാനാകാതെ വിമ്മിഷ്ട്ടപെടുന്ന സുറുമിയെ കാണുമ്പോഴൊക്കെ സൽമാന്റെ ഉള്ളിൽ ചിരി പൊട്ടും... തലേന്ന് അയൽവാസികളുടേയും കുടുംബക്കാരുടേയും തിരക്കിനിടയിൽ കിട്ടിയ അവസരം നോക്കി ഹനയെ വലിച്ചോണ്ട് തന്റെ മുറിയിലേക്ക് കൊണ്ട് പോയി സുറുമി.... മനസ്സിലെ ആധിയും വെപ്രാളവും പങ്കു വെക്കുന്നതിനോടൊപ്പം മഷൂദ് ഒന്ന് വിളിച്ചു പോലും നോക്കാത്തതിലുള്ള പരിഭവവും അവൾ പങ്ക് വെച്ചു.. ആദ്യം കൊറേ കളിയാക്കിയെങ്കിലും കെറുവോടെ ചുണ്ട് കൂർപ്പിച്ച് കുറുമ്പ് കാണിച്ച സുറുമിയുടെ മുഖം കണ്ടപ്പോൾ ഹന തന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.. കല്യാണം ക്ഷണിക്കാൻ ഉമ്മാന്റെ കൂടെ പോകണം.. ഡ്രസ്സ് എടുക്കാനും അത് തയ്പ്പിക്കാൻ കൊടുക്കാനും മറ്റ് ആവിശ്യങ്ങൾക്കും സഫയുടെ കൂടെ പോകണം.. തലേന്നും പിറ്റേന്നുമുള്ള പരിപാടിക്കുള്ള ആളുകളെ അതാത് സമയത്ത് ഏൽപ്പിക്കാൻ ഓടണം... അങ്ങനെ എന്തെല്ലാമുണ്ട്... ഇവിടെ സൽമാൻക്കും വാപ്പച്ചിക്കുമുള്ള ഉത്തരവാദിത്തങ്ങൾ അവിടെ മഷൂദ്ന്റെ മാത്രമാണ്...

ഹന കാരണങ്ങൾ നികത്തി അവന്റെ അവസ്ഥ ബോധിപ്പിച്ചപ്പോൾ ശരിയെണെന്ന് സുറുമിക്കും തോന്നി.... എന്നാലും ഒരഞ്ചു മിനിറ്റ് വിളിച്ചൂടെ... അതിനത്ര പെരുത്ത് സമയം വേണോ...സ്വയം എത്ര ആശ്വാസം കണ്ടെത്തിയാലും അതിനെയെല്ലാം നിഷ്പ്രയാസം തൂത്തെറിയാൻ ഈ ഒരു സംശയം മാത്രം മതിയായിരുന്നു .. 💕 💕 💕 💕 💕 💕 ഇന്നാണ് കല്യാണം... വലിയേടത്ത് വീട്ടിൽ സൽമാൻ വെങ്ങാട്ട് വീട്ടിൽ സഫയേയും വെങ്ങാട്ട് വീട്ടിൽ മഷൂദ് വലിയേടത്ത് വീട്ടിൽ സുറുമിയെയും തന്റെ പാതി ആക്കുന്ന ദിവസം... രാവിലെ പതിനൊന്നു മണിക്കാണ് നിക്കാഹ്. പത്തര കഴിഞ്ഞതോടെ മഷൂദും വീട്ടുകാരും എത്തി.. റോയൽ ബ്ലു വെഡിങ് സ്യൂട്ട് ആയിരുന്നു അവന്റെ വേഷം.. അതിന്റെ തന്നെ ബ്ലാക്ക് കളർ സ്യൂട്ട് ആണ് സൽമാനും ധരിച്ചത്.. നിക്കാഹ് ആണുങ്ങളുടെ മാത്രം പരിപാടി ആയത് കൊണ്ട് മശൂദ്നൊപ്പം വന്ന സഫയെ സമീറയും കുടുംബത്തിലെ തന്നെ മറ്റു പെൺപടകൾ എല്ലാം ചേർന്ന് സൽമാനെ ഒരു നോക്ക് പോലും കാണിക്കാതെ തന്നെ റിസെപ്ഷൻ ഹാളിന്റെ പുറകിലെ സീറ്റിൽ സുറുമിക്ക് അടുത്തായി കൊണ്ടിരുത്തി...

റിസെപ്ഷൻ ഹാളിലേക്ക് വന്ന് കയറിയ മശൂദ്ന്റെ കണ്ണുകൾ ആദ്യം ചുറ്റുമൊന്ന് പരതി... "നോക്കണ്ടളിയാ....ഒളിപ്പിച്ചു വെച്ചേക്കുവാ... ഒരു പത്തു മിനുട്ടും കൂടെ ഒന്ന് കാക്ക് " സുറുമിയുടെ കസിൻസ് എല്ലാരും കൂടെ ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ അവൻ ചമ്മിയ ചിരിയോടെ സ്റ്റേജിലേക്ക് കയറി .. വാപ്പച്ചിയും സൽമാനും കുടുംബത്തിലെ മുതിർന്ന ആണുങ്ങളും അവനെ സ്വീകരിച്ചിരുത്തി.. ആദ്യം സൽമാൻ മഷൂദ് ന്റെ കൈയിൽ കൈ ചേർത്ത് എല്ലാവരെയും സാക്ഷിയാക്കി വചനങ്ങൾ ഏറ്റു പറഞ്ഞ് സഫയെ തന്റെ പാതിയാക്കി... പരസ്പരമുള്ള ആലിംഗനത്തിന് ശേഷം സഫക്കുള്ള മഹർ സൽമാൻ മശൂദ്നെ ഏൽപ്പിച്ചു... പിന്നെ വരന്റെ സ്ഥാനത് മഷൂദും അത് വരെ സുറുമിയെ സംരക്ഷിച്ച വ്യക്തി എന്ന നിലയിൽ വാപ്പച്ചിയും പരസ്പരം കൈ പിടിച്ചു.കാത്തിരിപ്പിനും നോവുകൾക്കും അന്ത്യം കുറിച്ചു കൊണ്ട് മഷൂദ് വചനങ്ങൾ ഏറ്റു പറഞ്ഞ് സുറുമിയെ തന്റെ ജീവന്റെയും ജീവിതത്തിന്റെയും പാതിയാക്കി..

.'വലിയേടത്ത് അഹമ്മദ് ഹാജിയുടെ മകൾ സുറുമിയെ ഈ ഈ സ്വർണ്ണം മഹറാക്കി നിശ്ചയിച്ചു കൊണ്ട് ഞാനെന്റെ ഭാര്യയായി സ്വീകരിച്ചിരിക്കുന്നു' എന്ന് പറയുമ്പോ സ്വരം ഇടറാതിരിക്കാൻ അവൻ പണിപ്പെട്ടു .... മഷൂദ് സുറുമിക്കുള്ള മഹർ വാപ്പച്ചിയെ ഏൽപ്പിച്ച ശേഷം പരസ്പരം ആലിംഗനം ചെയ്തു .. രണ്ട് കുടുംബാഗങ്ങൾ തമ്മിലുള്ള കുശലാന്വേഷനിങ്ങൾക്കും ഫോട്ടോ എടുപ്പിനും ശേഷം ഇരു വീട്ടുകാരും ചേർന്ന് സഫയേയും സുറുമിയെയും സ്റ്റേജിലേക്ക് കൊണ്ട് വന്നു.. കടും നീല കളർ ചോളിയും അതിലേക്ക് ഇളം റോസ് കളർ ദുപ്പട്ടയുമായിരിന്നു സുറുമിയുടെ വേഷം.. മുടിയൊന്നും കാണാത്ത രീതിയിൽ ദുപ്പട്ട ഭംഗിയായി പിൻ ചെയ്തിരുന്നു.. അവൾക്ക് ഉപയോഗിക്കാനുള്ള സ്വർണത്തിൽ കവിഞ്ഞ് ഒരു തരി പോലും ഏറെ വേണ്ടെന്നുള്ള കടുത്ത നിർദേശം കൊടുത്തിരുന്നു മഷൂദ്.. അങ്ങനെ ഏറെ ഉണ്ടെങ്കിൽ തന്നെ വലിയേടത്ത് തിരിച്ച് ഏൽപ്പിക്കുമെന്നും വാപ്പച്ചിയോടും സൽമാനോടും പ്രതേകം പറഞ്ഞിരുന്നു..

അത് കൊണ്ട് ലളിതമായ ആഭരണങ്ങൾ അണിഞ്ഞ് ഭംഗിയായി ഒരുങ്ങിയാണ് സുറുമി എത്തിയത്... പാസ്സ്റ്റെൽ ഗ്രീൻ ലെഹങ്കയായിരുന്നു സഫയുടെ വേഷം.. തിരിച്ച് സൽമാനും അതേ കാര്യം പറഞ്ഞത് കൊണ്ട് സഫയും മിതമായ ആഭരണങ്ങൾ ധരിച്ച് ഭംഗിയായി ഒരുങ്ങിയാണ് വന്നത്.. എല്ലാവരും പാട്ടും കരഘോഷവുമായി പുതുനാരികളെ സ്റ്റേജിലേക്ക് കയറ്റി..ഒരുപാട് പേരുടെ നടുവിലായി വരുന്ന തന്റെ പാതിയെ ചെറു ചിരിയോടെ നോക്കി നിൽക്കുകയിരുന്നു സൽമാനും മഷൂദും.. സൽമാന്റെയും മശൂദ്ന്റെയും നടുവിലായി സഫയേയും സുറുമിയെയും കൊണ്ട് നിർത്തി.. ജ്വല്ലറി ബോക്സ്‌ തുറന്ന് സമീറയാണ് മഹർ സൽമാന്റെ കയ്യിൽ കൊടുത്തത്.. സൽമാൻ സമീറയുടെ കയ്യിൽ നിന്നും മഹർ വാങ്ങി സഫയെ അണിയിച്ചു.. ഏത് നിമിഷവും പൈൻ ഉണ്ടാകുനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യം ആയത് കൊണ്ട് ഷെറിയോട് ഈ കല്യാണം കഴിയുന്നത് വരെ എഴുനെൽക്കരുതെന്ന് പറഞ്ഞ് ഒരു ഭാഗത്ത്‌ ഇരുത്തി പോയതാണ് നിയാസ്...

അത് കൊണ്ട് ഷെറിക്ക് പകരമായും സമീറ തന്നെയാണ് മശൂദ്ന്റെ കയ്യിൽ മഹർ കൊടുത്തത്.. അത് വാങ്ങി സുറുമിയുടെ കഴുത്തിൽ അണിയിക്കുമ്പോ മാത്രമാണ് അവനൊന്ന് അവളുടെ മുഖത്തേക്ക് നോക്കിയത്... നോട്ടം താഴേക്ക് പതിപ്പിച്ചു കൊണ്ട് മഹർ ഏറ്റു വാങ്ങുകയായിരുന്നു അവളപ്പോൾ .. തന്നെ നോക്കാതെ താഴേക്ക് നോക്കിനിൽക്കുന്ന സുറുമിയുടെ മുഖത്തെ ഭാവം എന്താണെന്ന് പരതുകയായിരുന്നു മഷൂദും .. രണ്ട് ഉമ്മമാരും വന്ന് രണ്ട് പേരുടെയും കയ്യിൽ ഓരോ വളകൾ വീതം ഇട്ടു കൊടുത്തു.. സൽമാന്റെ ഉമ്മ സ്നേഹത്തോടെ സഫയെ ചേർത്ത് പിടിച്ചപ്പോൾ മശൂദ്ന്റെ ഉമ്മ സുറുമിയുടെ നറുകിലായി ഒരു സ്നേഹചുംബനം നൽകി.. ഓരോരുത്തരായി വരികയും പരിചയപ്പെടുകയും വധു വരന്മാർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുമ്പോഴെല്ലാം ഒളിഞ്ഞും തെളിഞ്ഞും സുറുമിയുടെ മുഖത്തെ ഭാവം അറിയാനുള്ള ശ്രമത്തിലായിരുന്നു മഷൂദ് ... വന്നവരോടും പോകുന്നവരോടും ചിരിക്കുന്നു സംസാരിക്കുന്നു എന്നല്ലാതെ പെണ്ണ് ഒന്ന് നോക്കുന്നു പോലുമില്ല...

സൽമാനെ പാളി നോക്കിയപ്പോൾ സഫക്കൊപ്പം നിന്ന് പഞ്ചാരയടിച്ച് ചിരിക്കുന്നു... സൽമാന്റെ നോട്ടം വീണതും പല്ലിറുമ്പി കൊണ്ടവൻ സുറുമിയെ കണ്ണ് കാണിച്ചു.. കയ്യിലെ കർചീഫ് കൊണ്ട് മുഖത്ത് പൊടിഞ്ഞിരിക്കുന്ന വിയർപ്പൊന്ന് ഒപ്പി ദുപ്പട്ട ശരിയാക്കുകയാണ് സുറുമി.. അറിയാതെ പോലും മശൂദ്നെ നോക്കുന്നു പോലുമില്ല എന്ന് കണ്ടതും ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട് സൽമാൻ ചിരിയടക്കാൻ പാട് പെട്ടു.. കണ്ണുകൊണ്ട് ഒരു കോംപ്രമൈസിന് കെഞ്ചിയെങ്കിലും ചുണ്ടു ഉപയോഗിച്ച് ക്യാരി ഓൺ എന്ന് കാണിച്ചു സൽമാൻ.. ആദ്യത്തെ ബഹളമൊന്നു അടങ്ങിയതും കിട്ടിയ അവസരത്തിൽ അവളുടെ ശ്രദ്ധയൊന്ന് ആകർഷിപ്പിക്കാൻ നോക്കി മഷൂദ്.. പക്ഷെ അങ്ങനെയൊരാള് ഇവിടെ പന കുറ്റി പോലെ നിൽപ്പുണ്ടെന്ന ഭാവം പോലും പെണ്ണ് കാണിച്ചില്ല ... കൈ വിറകൊള്ളുന്നുണ്ടെങ്കിലും പതിയെ അവളുടെ മൈലാഞ്ചി കയ്യുമായി ഒന്ന് കോർക്കാനുള്ള ശ്രമം നടത്തി മഷൂദ്...

ഊക്കോടെയുള്ള ഒരു നുള്ള് കിട്ടിയതും പിടച്ചിലോടെ കൈ വലിച്ചെടുത്തു അവൻ .. തൊണ്ട വരെ വന്ന ശബ്ദം വിഴുങ്ങി കൊണ്ടവൻ പതുക്കെ കയ്യൊന്ന് കുടഞ്ഞു... ഇത്തവണ ഒന്നും സംഭവിക്കാത്തത് പോലെയുള്ള നിൽപ്പിനൊപ്പം മുഖം കൂർപ്പിച്ച് വെച്ചിരുന്നു അവൾ.. ആരും കണ്ടില്ലെന്നുള്ള ആശ്വാസത്തോടെ ചുറ്റും ഭാഗവും കണ്ണോടിച്ചപ്പോൾ സ്റ്റേജിന്റെ റൂഫിലേക്ക് നോക്കി ലൈറ്റിന്റെ എണ്ണമെടുക്കുകയാണ് സൽമാൻ... ചുണ്ടിൽ ആ കള്ള ചിരിയും.. അളിയനായി പോയി.. ഇല്ലേൽ ഒറ്റയടിക്ക് തീർത്തേനെ... കുടുംബം കലക്കി... മഷൂദ് പിറുപിറുത്തു.... "സുറുമീ... എടി ഒന്ന് നോക്കെടി.... " കിട്ടിയ ഒരിടവേളയിൽ അവളുടെ ചെവിക്കരികിലായി ചാഞ്ഞു കൊണ്ട് പതിയെ മഷൂദ് കെഞ്ചി.... "സൗകര്യല്ല... " മുഖത്ത് പോലും നോക്കാതെ മറുപടിയും കിട്ടി.. നോക്കുന്നുല്ലെങ്കിലും അവളുടെ ശ്രദ്ധ തന്റെ മേലാണെന്ന അറിവിൽ മശൂദ്ന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു... "ദേ പെണ്ണേ... പഴയ പോലെയല്ല... നിന്റെ മേലുള്ള പൂർണാധികാരം നിന്റെ വാപ്പാടെ കയ്യിന്ന് ഇത്രേം ആളുകളെ സാക്ഷിയാക്കി ഒപ്പിട്ട് വാങ്ങിയിട്ട് അര മണിക്കൂർ തികഞ്ഞിട്ടില്ല...

നിന്റെ ഉരുട്ടി വെച്ച മുഖം കണ്ടിട്ട് പിടിച്ച് വെച്ച് കടിക്കാനാ തോന്നണേ... വെറുതെ എനിക്ക് ചീത്ത പേരുണ്ടാക്കരുത്.... " പതിയെ ആണെങ്കിലും ശബ്ദത്തിൽ അധികാര ഭാവം... "ആ അധികാരത്തിന്റെ പേരും പറഞ്ഞ് എന്നെ തൊട്ടാൽ വിവരം അറിയും.. " കുറുമ്പൊടെയുള്ള മറുപടിയും വന്നു.. "ന്റെ സുറുമീ.... ഞാൻ വിളിക്കായിട്ടല്ല.. നിന്റെ ആങ്ങള ഒറ്റയൊരുത്തനാ ഇതിനൊക്കെ കാരണം.... ഞാൻ നിന്നെ കിട്ടാൻ വിളിക്കുമ്പോഴൊക്കെ നീ മൗനവൃതത്തിലായപ്പോൾ നോക്കിയില്ല, മിണ്ടിയില്ല, സഫയെ കാണാൻ വന്നപ്പോൾ സംസാരിക്കാൻ സമ്മതിച്ചില്ല എന്നൊക്കെ പറഞ്ഞ് അവനാ അതൊക്കെ മുടക്കി കൊണ്ടിരുന്നേ..... " വാക്കുകളിൽ സൗമ്യത ... മറുപടിയായി തറപ്പിച്ചൊരു നോട്ടമാണ് കിട്ടിയത്.. അത് കണ്ടതും അവനൊന്ന് പരുങ്ങി... "സത്യായിട്ടും ... നീ അവനോട് ചോദിച്ചു നോക്ക്..." ഒന്നൂടെ അവനെയൊന്ന് ഇരുത്തി നോക്കിയ ശേഷം സഫയുമായി ചിരിച്ചു സംസാരിക്കുന്ന സൽമാനെയൊന്ന് പാളി നോക്കി സുറുമി...

അവിടെ ഒന്നുമറിയാത്ത മട്ടിൽ നിഷ്കളങ്കമായ മുഖഭാവം.. സൽമാനെയും കവച്ചു വെക്കുന്ന നിഷ്കളങ്ക ഭാവമാണ് ഇവിടെയും .. ഇതിലിപ്പോ ആരെ വിശ്വസിക്കും... അവളൊരു നിമിഷം രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.....ഒന്ന് വിളിച്ചു പോലും നോക്കാതെ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ... മരങ്ങോടൻ... മഷൂദ് നെ നോക്കി കൊണ്ടവൾ പിറുപിറുത്തു ... "സത്യം...'' അവളുടെ നോട്ടം കണ്ടതും അവൻ കണ്ണും ചുണ്ടും വെച്ച് കെഞ്ചി... ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയ സുറുമി മശൂദ്ന്റെ അപ്പുറം നിൽക്കുന്ന സൽമാനെ ഒരു വലിക്ക് തന്റെ അടുത്തേക്ക് എത്തിച്ചു... ഒരു മുന്നറിയിപ്പില്ലാതെ ഇട്ടിരിക്കുന്ന സ്യൂട്ടിന് പിടിച്ചുള്ള വലിയായത് കൊണ്ട് വരാതിരിക്കാൻ ഒരു നിവർത്തിയും ഇല്ലായിരുന്നു സൽമാന്... "അത് ചെറിയൊരു തമാശക്ക്... രണ്ട് മൂന്ന് തവണ നിന്നെ കിട്ടാൻ വിളിച്ചതാ അവൻ.... വാപ്പച്ചിയോടുള്ള പിണക്കത്തിന് നീ എന്നോട് പോലും മിണ്ടാതെ ഇരുന്നില്ലേ...

സഫയുമായി ഒന്ന് സംസാരിക്കാൻ വന്നപ്പോൾ കട്ടുറുമ്പ് ആയില്ലേ.. അതിനുള്ള ഒരു മറുപണി അത്രേയുള്ളൂ... "കൂർപ്പിച്ചുള്ള അവളുടെ നോട്ടം കണ്ടതും സൽമാൻ കുറ്റ സമ്മതം നടത്തി.. "ഇന്ന് എന്റേം കൂടെ കല്യാണം ആയി പോയി... ഇല്ലേൽ നിങ്ങളുടെ അറ കൂട്ടലും ഫസ്റ്റ് നൈറ്റുമടക്കം എല്ലാം ഞാൻ കൊളമാക്കി ഇതിനുള്ള മറുപണി വേറെ തന്നേനെ... " കുറുമ്പൊടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ രണ്ടുകണ്ണുമടച്ച് ചിരിച്ചു കാണിച്ചു സൽമാൻ.. തുറുപ്പിച്ച് കൊണ്ട് അവനെ നോക്കിയ അവളുടെ കണ്ണുകൾ അവന്റെ അടുത്തായി നിൽക്കുന്ന മഷൂദിലും ചെന്നെത്തി... അവനും ചിരിയോടെ കണ്ണിറുക്കി കാണിച്ചു... രണ്ട് പേരുടെയും മുഖത്തെ ഭാവവും ചിരിയും കണ്ടപ്പോൾ ദിവസങ്ങളായി അവളുടെ ഉള്ളിൽ നീറിയെരിഞ്ഞ പരിഭവം അലിഞ്ഞില്ലാതാവുകയും ചുണ്ടിൽ ചിരി വിരിയുകയും ചെയ്തു... ഫ്രണ്ട്‌സ് ആരോ വന്നതും സൽമാൻ അവർക്കടുത്തേക്ക് നടന്നു..

മഷൂദ് ചിരിയോടെ സുറുമിക്കടുത്തായി ചേർന്ന് നിന്നു.. പരിഭവവും പിണക്കവും എത്ര പഴക്കമുള്ളതായാലും പ്രിയപ്പെട്ടവന്റെ സാന്നിധ്യം കൊണ്ട്, അവന്റെ മുഖത്തെ ഒരു പുഞ്ചിരി കൊണ്ട് എത്ര പെട്ടന്നാണ് അവയൊക്കെ കാറ്റിൽ പറത്തി വിട്ട പട്ടം പോലെയായി മാറിയത്... അവൾ കുസൃതിയോടെ മശൂദ്നെ നോക്കി ...... രണ്ട് പുരികവും പൊക്കി കൊണ്ടവൻ എങ്ങനെയുണ്ടെന്ന് കാണിച്ചു.. ചിരി വന്നെങ്കിലും ചുണ്ട് കൂർപ്പിച്ച് വെച്ചുകൊണ്ടവൾ ചിരിയെ അടക്കി നിർത്തി... ഫോട്ടോ എടുപ്പും പരിചയപ്പെടലും നടന്ന് കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് മഷൂദ്ന്റെ കയ്യിലെ ചെറുവിരൽ സുറുമിയുടെ ചെറുവിരലുമായി കോർത്തത്..... ഞെട്ടലോടെ അവനെയൊന്ന് നോക്കിയവൾ .. ഒരു ഭാവമാറ്റവുമില്ലാതെ സൽമാന്റെ ഫ്രണ്ട്സുമായി സംസാരിക്കുകയാണ് മഷൂദ് .. പതിയെ കയ്യൊന്ന് വലിക്കാനുള്ള ശ്രമം നടത്തി....

ഒന്നൂടെ അവന്റെ ചെറുവിരൽ അവളുടെ ചെറുവിരലമായി മുറുകി എന്നല്ലാതെ പിടിവിടാൻ അവൻ ഒരുക്കമല്ലായിരുന്നു... ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്തയിൽ അവളൊന്ന് ചുറ്റും കണ്ണോടിച്ചു.. ചേർന്ന് നിൽക്കുന്നതിനാലും ദുപ്പട്ട തങ്ങൾക്കിടയിലായി തൂങ്ങി കിടക്കുന്നതിനാലും ആരും കാണാൻ പോകുന്നില്ല എന്ന് കണ്ടതും അവൾ ആശ്വാസത്തോടെ പതിയെ ശ്വാസം വലിച്ചു വിട്ടു.... നെഞ്ചിടിപ്പോടെ നിമിഷങ്ങൾ പൊയ്ക്കൊണ്ടിരുന്നു..പരസ്പരം കോർത്തു കൊണ്ട് വിരലുകളും... പതിയെ, ഒന്നും സംഭവിക്കാത്തത് പോലെ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും അവൻ അവളുടെ ചെറുവിരൽ അവന്റെ വിരലിനാൽ ഒന്നൂടെ കോർത്തു പിടിച്ചു.. ഞെട്ടലോടെ അവൾ നോട്ടം മാറ്റുകയും ചെയ്തു .. വീണ്ടും ഇടം കണ്ണിട്ട് അവനെ നോക്കിയപ്പോഴും വിരലിലുള്ള അവന്റെ മുറുക്കം കൂടി..

അനുസരണയില്ലാതെ അവളുടെ നോട്ടം അവന്റെ മേൽ പാറി വീഴുമ്പോഴെല്ലാം അവൻ കൈകളുടെ മുറുക്കം കൂട്ടി കൊണ്ടിരുന്നു ... ഒടുവിൽ അവളുടെ വിരലുകൾക്കിടയിലൂടെ അവൻ വിരലുകൾ കോർത്തു കൊണ്ട് പതുക്കെ പിടിച്ചമർത്തി... കയ്യൊന്ന് വലിച്ചെടുക്കാൻ നോക്കിയെങ്കിലും തണുത്ത് വിറകൊള്ളുന്ന ആ കൈകളെ അവൻ ഒന്നൂടെ ചേർത്ത് പിടിച്ചു ... ഒരിക്കലും ആർക്കും വിട്ടുകൊടുക്കാൻ ഒരുക്കമല്ലാത്തവനെ പോലെ.. പിടച്ചിലോടെ ചുറ്റും നോക്കുന്ന അവളെ കണ്ടതും വന്നവരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.. അത് കാണേ അവളുടെ മുഖം കുനിഞ്ഞു.. വിറക്കുന്നുണ്ടെങ്കിലും ആ കൈകളിൽ അവളും പതിയെ അമർത്തി.. ഒരിക്കലും പിരിയില്ലെന്ന പോലെ... തിരക്കൊന്ന് അമർന്ന് ആദ്യം വന്നവരും ഫോട്ടോ എടുത്ത് തീർന്നവരും ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് നിറവയറും താങ്ങി പിടിച്ച് ഷെറി സ്റ്റേജിലേക്ക് വന്നത്.. പുറകെ നിയാസുമുണ്ട്.. "എന്താണ്..... ഉള്ളിലുള്ള സാധനം ചാടി പോകുമ്പോ പിടിക്കാനാണോ ഈ പുറകെയുള്ള നടപ്പ്... "

സ്റ്റേജിലേക്കുള്ള സ്റ്റെപ് കയറാനായി ഷെറിയെ സഹായിക്കുന്ന നിയസ്നെ കണ്ടപ്പോൾ സൽമാനാണ് ചോദിച്ചത്.... "ഓഹ് പിന്നേ... എനിക്കെങ്ങനെയുള്ള പേടിയൊന്നുമില്ല..ഈ ദിവസം ഒന്ന് കഴിയുന്ന വരെ അതവിടെ തന്നെ കിടന്നോട്ടെ ന്ന് വെച്ചാ അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞ് പുറകെ നടക്കുന്നെ...ഈ കല്യാണം ഒന്ന് തീർന്നാൽ എന്താന്ന് വെച്ചാ ആയിക്കോട്ടെ.....നല്ലൊരു ദിവസായിട്ട് വെറുതെ ബിരിയാണി മിസ്സാക്കി ലേബർ റൂമിന്റെ മുമ്പിലിരിക്കേണ്ടല്ലോ... അത് കൊണ്ടിട്ടാണെ... " നിയാസ് പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു... ഷെറിയും നിയാസും അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ ഇടക്കാണ് നിഹാൽ വന്നത്.. കൂടെ വീർത്തുന്തിയ വയറുമായി ഹിബയുമുണ്ട്... നിക്കാഹ് കഴിഞ്ഞ പാടെ ഹിബയെ അവളുടെ വീട്ടിൽ പോയി കൂട്ടാൻ പോയതാണ് നിഹാൽ.. ഹിബയുടെ ഡേറ്റ്ന്ന് ഇനി ഒരു മാസം തികച്ചില്ല...

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോ തന്നെയാണ് നദീനും വന്നത്.. ഹന നേരത്തെ വന്നിരുന്നെങ്കിലും നദീനിന് നിക്കാഹിന് എത്താൻ പറ്റിയിരുന്നില്ല.. എല്ലാവരും കൂടിയായപ്പോൾ ഷെറിയുടെയും നിയാസിന്റെയും കല്യാണത്തിന് എടുത്ത പോലെ എല്ലാവരും കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാമെന്ന് പറഞ്ഞത് നിയസാണ്.. അന്നെടുത്ത അതേ പോസിൽ നിന്ന് കൊണ്ട് പത്തു പേരും കൂടെ ചേർന്ന് ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.. "നമ്മുടെയൊക്കെ കല്യാണങ്ങൾ ഇവർക്ക് പരസ്പരം കണ്ടുമുട്ടാനുള്ള ഓരോ വേദിയായിരുന്നു ല്ലേ...എന്തൊരു പാവം പിടിച്ച കുട്ടിയായിട്ടാണ് അന്ന് സുറുമി വന്നത്...എന്തൊരു നിഷ്‌കളങ്ക ലുക്കായിരുന്നു.... ഇപ്പൊ നോക്കിയേ... നിക്കാഹ് കഴിഞ്ഞത് മുതൽ ആ കൈ മശൂന്റെ കൈക്കുള്ളിലാ.... " അത് കേട്ടതും എല്ലാവരുടെയും നോട്ടം അവരുടെ കൈകളിലേക്കായി..

നിയാസ് പറഞ്ഞത് കേൾക്കെ ചമ്മലോടെ സുറുമി അവന്റെ കൈകൾക്കുള്ളിലായി കോർത്തു പിടിച്ചിരിക്കുന്ന കൈ വലിക്കാൻ നോക്കിയെങ്കിലും പ്രതേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ലാതെ ഒന്നൂടെ മുറുകെ കൈ കോർത്ത് പിടിച്ചതേയുള്ളൂ അവൻ... അതേ ചിരിയോടെ... അവന്റെ കൂസലില്ലാതെയുള്ള നിൽപ്പും സുറുമിയുടെ ചമ്മലും വെപ്രാളവും കാണെ എല്ലാവരും ഒന്നാക്കി ചിരിക്കാനും ചുമക്കാനും തുടങ്ങി... "പാവാണളിയാ... അവരുടെ പ്രണയത്തിന് നമ്മടെ കല്യാണത്തിലേറെ പഴക്കുമുണ്ട്.. കാര്യം ഒരുമിച്ച് യാത്ര ചെയ്തതും ഇഷ്ട്ടം പറഞ്ഞതും കട്ട് സംസാരിച്ചതുമൊക്കെ നമ്മുടെ കല്യാണ സമയത്ത് ആണെങ്കിലും അതിനും മുമ്പ് കണ്ട് മുട്ടി ഉള്ളിന്റെ ഉള്ളിൽ പ്രണയം ആണെന്ന് പോലും അറിയാതെ, ഇനി കാണോ, കണ്ടുമുട്ടുമോ എന്ന് പോലും അറിയാതെ പരസ്പരം ഓർത്ത് വെച്ച് കാത്തിരുന്നവരാ ഈ കാണുന്ന പ്രണയിതാക്കൾ... അത് കൊണ്ട് അവര് എൻജോയ് ചെയ്യട്ടേന്നേ.... "

നദീൻ ആണ് അവർക്ക് പിന്തുണ അറിയിച്ചത്.... "ഹാ.. നടക്കട്ടെ..നടക്കട്ടെ..." ബാക്കിയുള്ളവരും പിന്താങ്ങി.. "ഈ ഒരു അവസരത്തിൽ ഈ നിൽക്കുന്ന ഗർഭിണികളുടെ ഉത്തരവാദികളായ മഹത് വ്യകതികളോടും ഇനി അതിനൂഴം കാത്തിരിക്കുന്ന പകൽമാന്യന്മാരോടും എനിക്കൊരു കാര്യം പറയാനുണ്ട്..... " ഹനയാണ് പറഞ്ഞ് തുടങ്ങിയത്... അവളുടെ സംസാരം ഏത് വഴിക്കാ പോകുന്നതെന്ന ആകാംക്ഷയിൽ അവളെ തന്നെ നോക്കി നിൽക്കുകയാണ് നദീനടക്കമുള്ളവർ.. നദീനിന്റെ മുഖത്ത് പതർച്ചയൊക്കെ കാണാനുണ്ട്.. "നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ സഹധർമണികൾക്ക് പല മധുര വാഗ്ദാനങ്ങൾ കൊടുത്തവരും ഇനി കൊടുക്കാനുള്ളവരുമാണ് ... അല്ലേ... ആണ്.... പക്ഷെ.. കൊടുക്കുമ്പോൾ ഒരിക്കലും അവർക്ക് വലിയ വലിയ പ്രതീക്ഷകൾ നൽകുന്ന വാഗ്ദാനങ്ങൾ നൽകാതിരിക്കുക ." "വ്യക്തമായില്ല... ഒരു ഉദാഹരണം പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും.. അല്ലേ... "

നിയാസാണ്.. "ഉദാഹരണത്തിന്........ കല്യാണത്തിന് മുമ്പ് ഞാനോ എന്നോടൊപ്പമുള്ള ജീവിതമോ നിന്റെ പഠിപ്പിന് ഒരു തടസ്സമാകില്ല എന്ന് പറയുന്നു എന്ന് വെക്ക്.....ഇവിടെ ചിലവരുണ്ട് വലിയ വലിയ മോഹങ്ങൾ തന്ന് നമ്മളെ കമ്പിളിപ്പിക്കും.... എന്റെ പ്രിയകൂട്ടുകാരികളെ നിങ്ങളാ വഞ്ചനയിൽ കുരുങ്ങരുത്.. " കണ്ണീര് തുടച്ച് മൂക്ക് പിഴിഞ്ഞെടുക്കുന്ന പോലെ കാണിച്ച് ദുഃഖം അഭിനയിച്ചു ഹന... കൂടെ കൂടെ നദീനിനെ ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്.. "ആഹാ.. ആരാണാ ചെറ്റത്തരം കാണിച്ച് നിന്നെ പറ്റിച്ചേ.... " നിയസാണ്.. ഒരാവിശ്യവുമില്ലാതെ പറയാൻ പോകുന്ന കാര്യത്തെ വലിയ സംഭവാമാക്കി പറയാനുള്ള തയാറെടുപ്പിലാണ് ഹന .. ഇടക്കിടക്ക് അടിമുടി നദീനിനെ നോക്കി ദഹിപ്പിക്കുന്നുമുണ്ട്... "മ്മ്.. പറയ്‌... പറയ്‌...എന്താ സംഭവിച്ചേ... "

കാര്യം എന്താണെന്ന് മനസ്സിലാവാതെ നിന്ന് വിയർക്കുന്ന നദീനിനെ നോക്കി നിഹാലും പിന്താങ്ങി... "ഒരു മൂന്നോ നാലോ വർഷത്തേക്ക് എന്നെ ഒന്നിനും പറ്റാത്ത നിലയിൽ ബ്ലോക്ക്‌ ചെയ്തു ഈ മനുഷ്യൻ.... " നദീനിനെ ചൂണ്ടിയാണ് പറയുന്നത്.. ആർക്കും ഒന്നും മനസ്സിലായില്ല എന്ന് കണ്ടതും അവൾ ചുണ്ട് കൂർപ്പിച്ച് എല്ലാവരെയും മാറി മാറി നോക്കി... "പഠിക്കാൻ റെഡി ആണെങ്കിൽ പഠിപ്പിക്കാൻ ഞാൻ റെഡിയാണെന്ന് വലിയ വീമ്പ് പറഞ്ഞ്, ഡിഗ്രി ഇവിടെ നിന്നും പിജി ട്രിവാൻഡ്രത്ത് നിന്നും കംപ്ലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് എന്നെ മോഹിപ്പിച്ച് ഈ കല്യാണത്തിന് സമ്മതിപ്പിച്ച ഈ മനുഷ്യനുണ്ടല്ലോ...എന്നെ ചതിച്ചു..." ദുഖവും നിരാശയും അഭിനയിക്കുന്നുണ്ടെങ്കിലും മുഖത്ത് കുസൃതി ചിരിയാണ്... ഇവള് ഇത് എന്തോന്നാ പറയണേ എന്ന ചിന്തയിൽ അന്താളിപ്പിലാണ് നദീൻ. "മിഴിച്ച് നോക്കണ്ട... നിങ്ങളൊറ്റരുത്തനാ ഇതിനു ഉത്തരവാദി ... "നദീനിന് നേരെ നിന്ന് പറയുന്നതിനോടൊപ്പം അവൾ കൈ വയറിലേക്ക് ചേർത്ത് വെച്ചു...

അത് കണ്ടതും എല്ലാവരുടെയും മുഖം വിടർന്നു.. അവളുടെ കണ്ണിലെ തിളക്കവും മുഖത്തെ ചിരിയിലുമുണ്ടായിരുന്നു ഒരുമ്മയാകാൻ പോകുന്നതിൻറെ സന്തോഷം... ആകെ അന്തം വിട്ട് നിൽക്കുകയാണ് നദീൻ.. "കോൺഗ്രാജുലേഷൻ ഡിയെർസ്......." ബാക്കിയെല്ലാവരും ഉറക്കെ ഒന്നിച്ച് പറഞ്ഞ് കൊണ്ട് കൈയ്യടിച്ചപ്പോഴാണ് നദീൻ കേട്ട വാർത്തയുടെ ഷോക്കിൽ നിന്ന് മോചിതനായത്.. പെട്ടന്ന് തന്നെ സന്തോഷത്തോടെ ഹനയെ ചേർത്ത് നിർത്തി അവളുടെ ഉള്ളം കയ്യിൽ അവന്റെ കൈ ചേർത്ത് പിടിച്ചു ... ".. എന്നാലും മോഹിപ്പിച്ച് പണി തന്നില്ലേ... എന്നോടിത് വേണ്ടായിരുന്നു " മൂക്കൊന്ന് വലിച്ച് ദുഃഖം അഭിനയിച്ചു അവൾ... "ഹെ ഗയ്‌സ്.... ഒരു കൈ മാത്രം ഉപയോഗിച്ച് കൊട്ടിയാൽ ശബ്ദം ഉണ്ടാകോ.... അതിന് രണ്ടും കയ്യും കൂട്ടിയടിക്കുക തന്നെ വേണ്ടേ......"അവളുടെ ഓവർ എക്സ്പ്രഷെൻ കണ്ടതും സൽമാൻ ചോദിച്ചു .. അത് കേട്ടതും അത് വരെ കുറുമ്പൊടെ നിന്നിരുന്ന ഹനയുടെ മുഖം വിളറി...

"വേണം.. വേണം... "ബാക്കിയുള്ളവർ ഒന്നിച്ച് പറഞ്ഞു... "അപ്പൊ നമ്മടെ ചെക്കനെ മാത്രം പറയാൻ പറ്റോ...." സൽമാന് വിടാനുള്ള ഉദ്ദേശമില്ല... "ഒരിക്കലുമില്ല.... " കോറസ് പോലെ ഒരുമിച്ചാണ് മറുപടി... "അപ്പൊ ശരിക്കും ഇവിടെ ആരാ പകൽ മാന്യ...???? " വീണ്ടും സൽമാനാണ്.... "മതി.. മതി... ഓഹ്.. നിങ്ങളൊക്കെ വലിയ പുണ്ണ്യാളന്മാർ... രണ്ട് കൈ വേണമെന്നില്ല ശബ്ദം ഉണ്ടാകാൻ.. അതിന് വല്ല പലകയിലോ പാത്രത്തിലോ തട്ടിയാലും ശബ്ദം ഉണ്ടാകും.... ഇല്ലേ...." ഹനയാണ്... "പലകയിലും പാത്രത്തിലും തട്ടിയാലും ശബ്ദിക്കും... പക്ഷെ ഇത് പോലെ ശബ്ദിക്കണമെങ്കിൽ മറു കൈ തന്നെ വേണം... " ഹനയുടെ വയറിലേക്ക് നോക്കിയാണ് നിയാസ് അതിനുള്ള മറുപടി പറഞ്ഞത്.. നിയാസ് പറഞ്ഞു തീർന്നതും കൂട്ടച്ചിരി മുഴങ്ങി... ചമ്മല് കാരണം മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൾ ചുണ്ട് കോട്ടി അവരെയൊക്കെ പുച്ഛിച്ചു.. 'ഇതാണ് ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്താ ന്ന് പണ്ടുള്ളോർ പറയണേ.... "

ഇപ്പ്രാവശ്യം നിഹലാണ്.. "ന്റെ പൊന്നെ.. ഇത്രയും ബ്യുൾഡപ്പ് ഇടേണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ.... നേരെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ... " നദീനിന്റെ മറുപടി കൂടെ ആയപ്പോൾ വീണ്ടും കൂട്ടച്ചിരി മുഴങ്ങി.. സമീറ വന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ അവരുടെ സംസാരവും കളിയാക്കലും കൂട്ട ചിരിയും നീണ്ടു... എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനും ഇരുന്നത്... സുറുമിയുടെ ഓർമ പോയത് ഹനയുടെ കല്യാണദിവസം ഒരു ടേബിളിന് ചുറ്റുമിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചതും പോകുന്ന വഴി ശർദ്ധിക്കാതിരിക്കാൻ വയറു നിറച്ച് കഴിക്കണ്ട എന്ന് തന്നോട് പറയാനായി മഷൂദ് കാണിച്ച കുസൃതിയുമൊക്കെയാണ്... അന്നാ മനസ്സും ശരീരവും അതിലേക്കുള്ള വഴിയും എത്രയോ അകലയായിരുന്നു.. പക്ഷെ.. ഇന്നിപ്പോൾ ഏറെ പ്രാർത്ഥനയോടെ, ആഗ്രഹത്തോടെ കാത്തിരുന്ന ജീവിതം തന്റെ കൈപ്പിടിയിൽ...

ആ ഓർമയിൽ അവളൊരു നിമിഷം തന്റെ തൊട്ടടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന മശൂദ്നെ നോക്കി.... അതേ നിമിഷം തന്നെ അവനും തല ചെരിച്ചു നോക്കിയവളെ... "കഴിച്ചോ... വെങ്ങാട്ടിലേക്ക് അധിക ദൂരമൊന്നുമില്ല... അതോണ്ട് ശർദ്ധിക്കുന്ന പേടി വേണ്ടാ... വയറു നിറച്ചു കഴിച്ചോ... " ആലോചനയിൽ ഇരിക്കുന്ന സുറുമിയെ നോക്കിയാണ് മഷൂദ് പറഞ്ഞത് .. അത് കേട്ടതും അത്ഭുദത്തിൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു.. "നീ അതല്ലേ ഓർത്തെ... വേഗം കഴിച്ചോ... നിന്റെ മിഴിച്ചുള്ള നോട്ടം കണ്ടാൽ അവന്മാർക്ക് പിന്നേ കളിയാക്കാൻ അത് മതിയാകും... അതോണ്ട് ആ കണ്ണ് ഉള്ളിലേക്ക് ഇട്ട് നേരെ നോക്കി കഴിക്ക്.... " പെണ്ണിന്റെ മിഴിച്ചുള്ള നിൽപ്പും നോട്ടവും കാണേ മശൂദ് കുസൃതിയോടെ പറഞ്ഞു... പിടച്ചിലോടെ ചുറ്റുമൊന്ന് നോക്കി, ആരും കണ്ടിട്ടില്ല എന്ന് കണ്ടതും അവൾ ആശ്വാസത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങി... നോക്കാതെ തന്നെ അടുത്തിരിക്കുന്നവളുടെ ചെയ്തികൾ വീക്ഷിക്കേ അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story