സുറുമി: ഭാഗം 30

surumi

എഴുത്തുകാരി: അവന്തിക

ഭക്ഷണം കഴിഞ്ഞുള്ള പരിപാടി സഫയെ വലിയേടത്ത് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുന്നതായിരുന്നു..സഫയേയും കൊണ്ട് ഒരുമിച്ച് അവിടേക്ക് പോയതിന് ശേഷം അവിടെ വെച്ചാണ് സുറുമിയെ വെങ്ങാട്ടിലേക്ക് കൊണ്ട് പോകുന്ന ചടങ്ങ്.. സൽമാന്റെ കൈ പിടിച്ച് റിസെപ്ഷൻ ഹാളിൽ നിന്ന് ഇറങ്ങുമ്പോ വല്ലാത്തൊരു വിങ്ങലായിരുന്നു സഫക്ക്.. ഒരു കുറവും വരുത്താതെ കല്യാണത്തിനും അതിന്റെ ഒരുക്കങ്ങൾക്കും തനിക്ക് ധരിക്കാനുള്ള ആഭരണങ്ങളും തനിക്കും സുറുമിക്കും വസ്ത്രങ്ങൾ വാങ്ങാനും മഷൂച്ച ഓടി പാഞ്ഞ് എവിടെന്നൊക്കെയോ കടം വാങ്ങിയ പൈസയുമായി വീട്ടിലേക്ക് വരുമ്പോൾ നിസ്സഹായായി നിൽക്കാനേ കഴിഞ്ഞിട്ടൊള്ളൂ.... ആ കടമെല്ലാം എങ്ങനെ കൊടുത്ത് വീട്ടുമെന്ന് ഓർക്കും തോറും നെഞ്ച് പിടിയാറുണ്ട് ...പക്ഷെ എന്നിട്ടും എത്ര ലാഘവത്തോടെയാണ് മഷൂച്ച മുഖത്തെ ആ പുഞ്ചിരിയിൽ എല്ലാം ഒളുപ്പിച്ച് വെച്ചേക്കുന്നേ...

യാത്ര പറഞ്ഞ് കൊണ്ട് മശൂദ്ന്റെ കൈകളിൽ പിടിച്ചപ്പോഴേക്കും കണ്ണുകൾ പെയ്ത് തുടങ്ങിയിരുന്നു.. "എന്തിനാ കരയണേ... ഇഷ്ട്ടപ്പെട്ട ആളെ തന്നെ കിട്ടിയില്ലേ..?? അപ്പൊ ചിരിക്കല്ലേ വേണ്ടേ...?? " ചോദിക്കുന്നതിനോടൊപ്പം സ്നേഹത്തോടെ മഷൂദ് അവളെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി... "മഷൂച്ചാ..." അവളുടെ സ്വരം നേർന്നു പോയിരുന്നു... അവൻ തോളിലൂടെ കൈയിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു.. "ഒന്നും ഓർത്ത് ആവലാതിപെടേണ്ട..കടം വാങ്ങിയതാണെങ്കിൽ അത് തിരിച്ച് കൊടുക്കാനുള്ള കഴിവും പടച്ചോന്റെ അനുഗ്രഹം കൊണ്ട് ഇപ്പൊ എനിക്കുണ്ട്... അതാണീ കണ്ണീരിന്റെ കാരണം ന്ന് എനിക്കറിയാം.. അവിടെ ആരോടും ഇതൊന്നും പറയരുത്.. നമ്മുടെ ഉമ്മനോടും,.... അറിയാലോ.. ഉമ്മക്ക് അതൊന്നും താങ്ങിയെന്ന് വരില്ല.. " അവളെ ചേർത്ത് പിടിച്ച് കാറിന്റെ അരികിലേക്ക് നടക്കുന്നതിനിടെ അവൻ പറഞ്ഞു.. അവൾ സമ്മതത്തോടെ തലയാട്ടുന്നതോടൊപ്പം മുഖത്തെ കണ്ണുനീർ പുറം കയ്യാലെ തുടച്ചു...

ഡോർ തുറന്ന് കാറിലേക്ക് അവളെ ഇരുത്തുന്നതിനിടെ എല്ലാം ശരിയാകുമെന്ന് കണ്ണടച്ച് കാണിച്ച് പുഞ്ചിരിക്കുന്നുണ്ടായിരുന്നു മഷൂദ് ... ആ കാഴ്ച കാണേ അൽപ്പം നേരത്തിനുള്ളിൽ സഫയുടെ അതേ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് ഓർക്കും തോറും വല്ലാത്തൊരു വെപ്രാളം തോന്നുന്നുണ്ടായിരുന്നു സുറുമിക്ക്.. "ഇപ്പഴാ കരഞ്ഞാൽ അപ്പൊ ഫോര്മാലിറ്റിക്ക് പോലും കണ്ണുനീര് വരില്ലാട്ടോ. " സുറുമിയുടെ നിൽപ്പ് കണ്ട് നദീനും നിഹാലും, അവർക്കൊപ്പം ചേർന്ന് ഹനയും ഹിബയും കളിയാക്കുന്നുണ്ടായിരുന്നു.. സൽമാനും സഫയും വലിയേടത് വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ബാക്കിയുള്ളവരും പുറപ്പെട്ടു .. ഷെറിക്ക് നടുവേദനയും കാലിനൊരു കോച്ചി പിടിത്തവുമൊക്കെ ഉണ്ടായത് കൊണ്ട് ഷെറിയും നിയാസും വെങ്ങാട്ടിലേക്ക് പോയിരുന്നു ..

സുറുമി വരുമ്പോൾ സ്വീകരിക്കാൻ അവിടെ വേണ്ടത് കൊണ്ട് ഉമ്മയും അവർക്കൊപ്പം പോയി.. മശൂദ്ന്റെ ഉപ്പാടെ വീട്ടിൽ നിന്നും ഉമ്മാടെ വീട്ടിൽ നിന്നും അടുത്ത ബന്ധുക്കളും കൂട്ടുകാരായി നിഹാലും നദീനും മാത്രമായിരുന്നു നിക്കാഹിനുള്ള ക്ഷണം.. അവർ തന്നെയാണ് വലിയേടത്ത് വീട്ടിലേക്കും പോയത്.. ബാക്കി ബന്ധുക്കൾക്കും അയൽവാസികൾക്കും വൈകീട്ട് വെങ്ങാട്ട് വെച്ച് റിസെപ്ഷനിലേക്കാണ് ക്ഷണം.. വലിയേടത്ത് വീട്ടിലേക്കെത്തിയ പുയ്യാപ്ലന്മാർക്കും പുതുനാരികൾക്കും ഉഗ്രനൊരു സ്വീകരണമാണ് സുറുമിയുടെ കസിൻസ് ഒരുക്കിയത്.. പരസ്പ്പരം മധുരം കൊടുപ്പിച്ചും പാട്ട് പാടിച്ചും അവർ പരിപാടി ഗംഭീരമാക്കി.. ഇറങ്ങാനുള്ള നേരം അടുക്കും തോറും ഉള്ളിലൊരു വെപ്രാളം തോന്നുണ്ടായിരുന്നു സുറുമിക്ക്.. വയറിന് വേദനയാണോ നെഞ്ചിനകത്തൊരു ആളലാണോ എന്നറിയില്ല... തൊണ്ടയൊക്കെ വറ്റി വരണ്ട് ദാഹിക്കുന്ന പോലെ ഒരു തോന്നൽ.. ഒടുക്കം എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോ തുടർച്ചയായി കൺ പീലികളെ പുണരാൻ അനുവദിച്ചു കൊണ്ട് ഉരുണ്ട് കൂടിയ മിഴിനീർ തുള്ളികളെ അവൾ അടക്കി നിർത്തി ..

വാപ്പച്ചിയോട് യാത്ര പറയുകയും അദ്ദേഹം ചേർത്ത് പിടിക്കുകയും ചെയ്യുമ്പോൾ ഇറ്റു വീഴുന്ന മിഴിനീർ തുള്ളികൾ ആരും കാണാതിരിക്കാൻ ക അയാളുടെ ഇടനെഞ്ചിലേക്കവൾ മുഖം ഒളുപ്പിച്ചു.. " ചടങ്ങ് പ്രകാരം കരയണം. അത് കൊണ്ട് പിടിച്ചു വെക്കാതെ ധൈര്യമായി കരഞ്ഞോ സുറുമി.. " ഇപ്പോ പൊട്ടുമെന്നുള്ള സുറുമിയുടെ മുഖം കാണേ നിഹാൽ അവളെ കളിയാക്കുന്നുണ്ടായിരുന്നു.. "അതെയതെ..ഇപ്പൊ കരഞ്ഞില്ലെങ്കി അത് നാണക്കേടാണേ .... കരഞ്ഞോ കരഞ്ഞോ .. " നദീനിന്റെ വകയാണ്.... അതൂടെ കേട്ടപ്പോൾ കപടദേഷ്യത്തിൽ അവരൊയൊക്കെ കൂർപ്പിച്ചു നോക്കി കൊണ്ടവൾ സൽമാൻ തുറന്ന് പിടിച്ച കാറിൽ കയറി ഇരുന്നു... നിഹാലും ഹിബയും ഉണ്ടായത് കൊണ്ട് വെങ്ങാട്ടിലേക്കുള്ള യാത്രയിൽ ഉടനീളം തമാശയും കളിയും ചിരിയും തന്നെയായിരുന്നു.. ഇടക്ക് തനിക്കായി നീളുന്ന നോട്ടങ്ങളും ചുണ്ടിലെ കുസൃതി ചിരിയും അവൾ കാണുന്നുണ്ടായിരുന്നെങ്കിലും അതൊന്നും കാണാത്ത മട്ടിൽ പുറത്തെ കാഴ്ചകളിലേക്കും സംസാരത്തിലും മാത്രം ശ്രദ്ധ കൊടുത്തു..

അവർ വെങ്ങാട്ട് എത്തിയപ്പോഴേക്കും അവരെ സ്വീകരിക്കാനായി ഉമ്മയും ഷെറിയും നിയാസും അടുത്ത ബന്ധുക്കളും നിൽപ്പുണ്ടായിരുന്നു .. പ്രാർത്ഥനയോടെ അവൾ വലത് കാൽ വെച്ച് വെങ്ങാട്ട് വീട്ടിലേക്ക് കയറി.. വൈകീട്ട് ആറോടെ റിസപ്ഷൻ തുടങ്ങും. അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ മാമിമാരെയും അമ്മായികളെയും ഒക്കെ പരിചയപ്പെട്ടു.. നടുവേദനയും കാലിൽ നീരും ഉണ്ടായത് കൊണ്ട് ഷെറി ഒരു ഭാഗത്തായി ഇരുപ്പ് തന്നെയായിരുന്നു.. ഹിബയും ഹനയും കൂടെ തന്നെ ഉണ്ടായത് ഒരു തരത്തിൽ സുറുമിക്ക് ആശ്വാസവുമായി.. പരിചയപെടലിന് ശേഷം സുറുമിയെ ഒരുക്കാനായി മുകളിലെ മുറിയിലേക്ക് കൊണ്ട് പോയി.. ആദ്യമായിട്ടായിരുന്നു സുറുമി മശൂദ്ന്റെ റൂം കാണുന്നത്.. ഷെറിയുടെ കല്യാണ ദിവസം മുകളിലേക്ക് വന്നിരുന്നെങ്കിലും അന്ന് അതൊന്നും നോക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നല്ലോ.. മുകളിൽ ഒരു മുറിയും ഒരു ബാത്റൂമും അത്യാവശ്യം വലുപ്പമുള്ള ഒരു ഹാളും അതിനോട് ചേർന്ന് ഒരു ബാൽക്കണിയും ആയിരുന്നു ഉണ്ടായിരുന്നത്..

അവളുടെ റൂമിന്റെ അത്ര വലുപ്പം ഒന്നുമില്ലാത്ത ചെറിയ റൂമായിരുന്നു അത്.. ഒരു വാഡ്രോബും ഡബിൾ കോട്ടിന്റെ ഒരു കട്ടിലും മാത്രമുള്ള ഒതുങ്ങിയ ഒരു മുറി .. ബാത്ത്റൂം അറ്റാച്ഡ് അല്ലെങ്കിലും റൂമിനോട് ചേർന്ന് തന്നെയാണ്..എന്തോ കണ്ടപ്പോൾ തന്നെ ആ മുറിയുമായി വല്ലാത്തൊരു അടുപ്പം തോന്നി സുറുമിക്ക്.. മനസ്സിനൊരു കുളിർമ പോലെ.. ഷെറിക്ക് മേലേക്ക് കയറാനുള്ള ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് സുറുമിയെ ഒരുക്കാൻ ഹനയെയും ഹിബയെയും സഫ പ്രതേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു.. രണ്ട് പേരും കൂടെ അവളെ ഒരുക്കന്നതിന്റെ ഇടയിലാണ് കതകിൽ ആരോ മുട്ടുന്നത് കേട്ടത്.. "ആരിത്... മഷൂച്ചയോ... " വാതിൽ തുറന്ന ഹന അവനെ കണ്ടതും ആക്കി ചിരിക്കാൻ തുടങ്ങി.. മഷൂദ്ന്റെ പേര് കേട്ടതും സുറുമിയുടെ കണ്ണുകൾ വിടർന്നു.. "എന്താ... ഒരിത്തിരി നേരം പോലും കെട്ട്യോളെ പിരിഞ്ഞിരിക്കാൻ വയ്യേ..? " പാതി തുറന്ന് വെച്ച വാതിലിലൂടെ തലയിട്ടാണ് ചോദ്യം..

"പിരിഞ്ഞിരിക്കാൻ ഇതെന്താ പാലോ... ഞാനെന്റെ ഡ്രസ്സ് എടുക്കാൻ വന്നതാ.. " "യ്യോ... എന്തൊരു തമാശ... എവിടാ ഡ്രസ്സ് ഞാനെടുത്ത് തന്നാൽ മതിയോ.. " "ഡ്രസ്സ് മാത്രല്ല.. വേറെയും എടുക്കാനുണ്ട്.. നീ മാറിക്കെ... " "സുറുമി ഇവിടെ ഡ്രസ്സ് ചെയ്യാ... മഷൂച്ച പറയ്‌... വേണ്ടതൊക്കെ ഞാൻ എടുത്തു തരാം... " ഹന വിടാനുള്ള ഭാവമില്ല.. "അവളെന്താ ഒന്നും ഇടാതെയാണോ നിൽക്കുന്നെ...എനിക്ക് കൊണിയാനുള്ള നേരമില്ല.. അങ്ങോട്ട് മാറ് പെണ്ണേ... " പറയുന്നതോടൊപ്പം അവൻ കതകിൽ തള്ളി അകത്തേക്ക് കയറി കഴിഞ്ഞിരുന്നു.. അവൻ അകത്തേക്ക് കയറിയതും സുറുമി ഇരിക്കുന്നടുത്ത് നിന്നും പിടഞ്ഞെഴുനേറ്റു.. ഇളിഞ്ഞു നിൽക്കുന്ന ഹനയുടെ മുഖം കാണേ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു ഹിബ.. ഉച്ചക്ക് ധരിച്ച സ്യൂട്ടിന്റെ ഓവർ കോട്ട് ഊരി മാറ്റി അതിന് താഴെയുള്ള വെള്ള ഫുൾ സ്ലീവ് ഷർട്ട്‌ ആണ് അവൻ ധരിച്ചിരിക്കുന്നത്....ഷിർട്ടിന്റെ സ്ലീവ് അലസമായി മടക്കി വെച്ചിരിക്കുകയാണ്..

ഓടി കിതച്ച് ദൃതിയിൽ വരുവാണെന്ന് കണ്ടാൽ അറിയാം.. ഷർട്ട്‌ എല്ലാം വിയർപ്പിൽ നനഞ്ഞ് കുതിർന്നിരിക്കുന്നു... അന്ന് കണ്ടത് പോലെയല്ല.. താടിയും മുടിയും ഭംഗിയായി വെട്ടിയൊതിക്കിയിരിക്കുന്നു.... ആദ്യമായി അവനെ കാണും പോലെ നോക്കി നിന്നു സുറുമി... വെപ്രാളം കൊണ്ടും വിറയൽ കൊണ്ടും ഇത്രയും നേരം അടുത്തുണ്ടായിരിന്നിട്ടും മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നതാണ് സത്യം ... അവളുടെ നോട്ടം കണ്ടതും ഹന ഒന്ന് ചുമച്ചു.. അബദ്ധം പിണഞ്ഞത് പോലെ കണ്ണൊന്നു മുറുക്കി ചിമ്മിതുറന്ന് കൊണ്ട് നോട്ടം മാറ്റുകയും ചെയ്തു അവൾ .. അലമാര തുറന്ന് ഇടാനുള്ള ഡ്രസ്സും സാധനങ്ങളും എടുത്തു കൊണ്ടിരിക്കുകയായിരുന്ന അവനിലും ഒരു പുഞ്ചിരി വിരിഞ്ഞു . എല്ലാം എടുത്തെന്ന് ഉറപ്പ് വരുത്തി ദൃതിയിൽ തന്നെ അവൻ തിരിഞ്ഞു നടന്നു.. ഒന്ന് നോക്കിയത് പോലുമില്ലല്ലോ എന്ന നിരാശയിൽ സുറുമിയും.. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവനൊന്ന് നിന്നു.. " ആരാ ഒരുക്കി കൊടുക്കണേ...? "

തിരിഞ്ഞു നിന്ന് ഹനയോടും ഹിബയോടുമാണ് ചോദ്യം.. ഒരു നിമിഷം അവരൊന്ന് മുഖത്തോട് മുഖം നോക്കി.. പിന്നേ രണ്ട് പേരും ഒരുപോലെ അങ്ങോട്ടും ഇങ്ങോട്ടും കൈ ചൂണ്ടി കാണിച്ചു.. "ഓഹോ.. അപ്പൊ ഒരാളല്ലേ.. രണ്ട് പേരും കൂടിയാ..? ആരായാലും ഒരു കാര്യം പറഞ്ഞേക്കാം അപെക്സ് അൾട്ടിമാ പൈന്റ് ചെയ്യാൻ ചുമരല്ല ഇവളുടെ മുഖം.. അത് കൊണ്ട് ഒരു കൺമഷിയിൽ കവിഞ്ഞ് ഒന്നും വേണ്ടാ..." അതൊരു ആജ്ഞയായിരിന്നു.... അറിയാതെ തന്നെ രണ്ട് പേരും സമ്മതത്തോടെ തലയാട്ടി... "അതേയ്.. കല്യാണല്ലേ.. ഒരിച്ചിരി ഒരുക്കം ആയിക്കൂടെ...? ഓവർ ആക്കൂല... സത്യം... " മടിച്ചാണെങ്കിലും ഹന ചോദിച്ചു.. "ഹേയ്....പായലും പൂപ്പലും ഉണ്ടെങ്കിലല്ലേ പൈന്റിന്റെ ആവിശ്യമുള്ളൂ...ഇതൊന്നുമില്ലാത്ത ഒരു നല്ല മുഖം എന്തിനാ വെറുതെ നിങ്ങള് കൈ വെച്ച് കൊളമാക്കുന്നെ ..." അവൻ സംസാരിക്കുന്നത് അത്രെയും ഹനയുടെയും ഹിബയുടെയും മുഖത്ത് നോക്കിയാണ്.... അത് കേട്ടപ്പോൾ ഹനയൊന്ന് തൊണ്ടയനക്കി... ഹിബയാണേൽ തുടുത്തു ചുവന്നിരിക്കുന്ന സുറുമിയുടെ മുഖത്ത് നോക്കി ഒരാക്കി ചിരിയും.. ഈ മനുഷ്യന് ഒരു നാണവുമില്ല..

ഇനിയിപ്പോ ഇത് മനോരമ ന്യൂസ്‌ പോലെ പരക്കെ അറിയുകയും ചെയ്യും എല്ലാവരും എന്നെ കളിയാക്കി കൊല്ലോം ചെയ്യും... ചമ്മലോടെ മുഖം കുനിച്ചു പിടിച്ചു സുറുമി ... പെട്ടന്നായിരുന്നു മശൂദ്ന്റെ പ്രവർത്തി..സുറുമിക്ക് അടുത്ത് വന്ന് അവളുടെ മൂക്കിന് പിടിച്ചോന്ന് വലിച്ചു അവൻ... "കണ്ടോ എന്തൊരു മൊഞ്ചത്തിയാ നോക്ക്യേ... ഇതിലിപ്പോ വെള്ള പൂശിയാൽ ഒരു മാതിരി വൈറ്റ് വാഷ് ചെയ്ത പുര പോലെ ഉണ്ടാകും... അതുമാത്രമല്ല... ഈ കാക്ക പുള്ളിയുടെ ഭംഗിയൊക്കെ പോയി പോകും.. അതോണ്ട്.. അതിങ്ങനെ തന്നെ മതി... " .. അന്തം വിട്ട് നിൽക്കുകയാണ് ഹനയും ഹിബയും എന്തിന്, സുറുമി പോലും.... അത് പറയുകയും ആരുടേയും മറുപടിക്ക് കാത്ത് നിൽക്കാതെ ചിരിയോടെ തന്നെ അവൻ മുറി വിട്ടിറങ്ങി പോവുകയും ചെയ്തു.. അവൻ പോയതിന് ശേഷമാണ് സുറുമിയുടെ പോയ ബോധമണ്ഡലം പോലും തിരികെ വന്നത് .. "ഹോ... അടുത്തേക്ക് വരലും മൂക്കിന് പിടിക്കലും പറയലും കഴിഞ്ഞ് മൂപ്പര് ഇറങ്ങി പോവുകയും ചെയ്തു.... മഷൂച്ചക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് ഇപ്പഴാ അറിയുന്നേ.. " ആദ്യത്തെ അമാന്തിപ്പ് മാറിയ ശേഷം ഹന പറഞ്ഞു തുടങ്ങി.

. "ഇപ്പഴേ ഇങ്ങനെ ആണേൽ... അപ്പൊ പിന്നെയുള്ള കാര്യം പറയണോ...". ഹിബയുടെ വകയാണ്.. പിന്നീട് അങ്ങോട്ട് ഒരുങ്ങി തീരുന്നത് വരെ അവരുടെ കളിയാക്കലും ക്ലാസ്സെടുക്കലും ഉപദേശവും തന്നെയായിരുന്നു.. എല്ലാം കേട്ട് ആകെ കിളി പോയ അവസ്ഥയായിരുന്നു സുറുമിയുടേത്.. ഒരുക്കം കഴിഞ്ഞ് താഴെ ഹാളിൽ എത്തിയപ്പോഴേക്കും ഓരോരുത്തരായി വന്ന് തുടങ്ങിയിരുന്നു.. സ്കൈ ബ്ലു ചോളിയും അതിലേക്ക് റോയൽ ബ്ലു ദുപ്പട്ടയുമായിരുന്നു സുറുമിയുടെ വേഷം . അധികം വർക്ക്‌ ഒന്നും ഇല്ലാത്ത ഒരു സിമ്പിൾ പാർട്ടി വെയർ.. കുറച്ച് കഴിഞ്ഞതും വലിയേടത്ത് വീട്ടിൽ നിന്നും എല്ലാവരും എത്തി.. മൊഞ്ചത്തിയായി ഒരുങ്ങിയാണ് സഫ വന്നത്.. സുറുമിയും സമീറയും കൂടെ സെലക്ട്‌ ചെയ്ത സ്റ്റോൺ വർക്ക്‌ ചെയ്ത പർപ്ൾ കളർ അനാർക്കലിയാണ് അവൾ ധരിച്ചിരിക്കുന്നത്.. വന്നപാടെ തന്നെ സുറുമിയെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചു അവൾ.. ഡ്രസ്സ് ഇഷ്ട്ടായോ.. സിമ്പിൾ ഡ്രസ്സ് മതിയെന്നത് മഷൂച്ചയുടെ ഓഡർ ആയിരുന്നു..

അതാ ഹെവി വർക്ക്‌ ചെയ്തതൊന്നും എടുക്കാഞ്ഞേ.. ഒരുക്കി തരാൻ ഒരാളെ വെക്കാൻ ഞാനും ഷെറിയും എത്ര പറഞ്ഞെന്നറിയോ.. ആള് കേൾക്കേണ്ടേ.. ഒരു മേക്കപ്പും വേണ്ടാന്ന് ഒരൊറ്റ വാശിയായിരുന്നു...പരിഭവം പോലെ എണ്ണിപൊറുക്കി പറയുന്നുണ്ടായിരുന്നു സഫ.. അതിനൊക്കെ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു സുറുമി.. പിന്നീട് അങ്ങോട്ട്‌ റെസ്പെഷന് വന്നവരുടെ തിരക്ക് തന്നെയായിരുന്നു.. ഒരു കൈയിൽ സുറുമിയുടെ കൈ പിടിച്ച് ഓരോരുത്തരെയും പരിചയപ്പെടുത്തി കൂടെ തന്നെ ഉണ്ടായിരുന്നു സഫ.. ആണുങ്ങളുടെ സെക്ഷൻ വേറെ ആയത് കൊണ്ട് വരുന്നവർ ഒക്കെയും സ്ത്രീകൾ ആയിരുന്നു.. അവരുടെയൊക്കെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും അവർക്കായി ചുണ്ടിൽ ഒരു ചിരി ഫിറ്റ്‌ ചെയ്തും ക്ഷീണിച്ചിരുന്നു സുറുമി.. അതിന്റെ ഇടയിൽ മശൂദ്ന്റെ ഫ്രണ്ട്സ് ന്ന് പരിചയപ്പെടാൻ വേണ്ടി ഹിബ അവളെ പുറത്തേക്ക് കൂട്ടി കൊണ്ട് പോയി.. അവിടെ ഒരു കൂട്ടം ആളുകളുമായി എന്തോ പറഞ്ഞ് ചിരിക്കുകയാണ് മഷൂദ്.. സ്കൈ ബ്ലു പ്ലെയിൻ ഷർട്ടും അതിലേക്ക് മാച്ച് ആയ പാന്റ്സുമിട്ടു കാഷ്വൽ ആയാണ് അവൻ ഒരുങ്ങിയിട്ടുള്ളത്..

ഷർട്ട്‌ ന്റെ സ്ലീവ് വൃത്തിയായി മടക്കി വെച്ചിരിക്കുന്നു.. കയ്യിൽ ഒരു സ്ട്രാപ്പിന്റെ വാച്ചും കെട്ടിയിട്ടുണ്ട്.. അവൻ അവളെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോഴും അവർ കുശലാന്വേഷണം നടത്തുമ്പോഴും അവർക്കുള്ള മറുപടി ചുരുക്കം വാക്കുകളിൽ ഒതുക്കി ഒരു പുഞ്ചിരിയോടെ അവന്റെ അരികിലായി നിന്നതേയൊള്ളൂ അവൾ .. വന്നവരൊക്കെ പോയി കഴിഞ്ഞ് ഒടുവിൽ അടുത്ത ബന്ധുക്കൾ മാത്രം ബാക്കിയായി.. വലിയേടത്ത് നിന്ന് വന്നവർ പോയെങ്കിലും സൽമാനും സഫയും പോയിരുന്നില്ല.. നദീന് രാവിലെ സൈറ്റിലേക്ക് പോകേണ്ടത് കൊണ്ട് അവനും ഹനയും മുമ്പേ പോയി കഴിഞ്ഞിരുന്നു.. ഹിബ ഉണ്ടായിരുന്നെങ്കിലും രാവിലെ മുതലുള്ള നിൽപ്പും നടത്തവും ഒക്കെ ആയി ആകെ ക്ഷീണിച്ച് വശം കെട്ടിരുന്നു അവൾ....ഒരു ഭാഗത്തായി ചടഞ് കൂടി ഇരിപ്പ് തന്നെയായിരുന്നു .. ഷെറിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. ആകെ ക്ഷീണിച്ച് കിടപ്പായിരുന്നു അവൾ..

സഫ ഫ്രഡ്ജിൽ നിന്ന് പാലെടുത്ത് ചൂടാക്കി അവളെ കുടിപ്പിച്ചു .. അവൾ കിടന്ന് ഉറക്കമായി എന്നുറപ്പായതിന് ശേഷമാണ് സഫയും സുറുമിയും മുറിവിട്ടിറങ്ങിയത്.. കുറച്ച് നേരം കൂടെ നിന്നിട്ട് യാത്ര പറഞ്ഞ് ബന്ധുക്കളും പോയി.. നിഹാലും മഷൂദും നിയാസും സൽമാനുമൊക്കെ പുറത്ത് തന്നെയായിരുന്നു.... ഉമ്മയും ആകെ ക്ഷീണിച്ചിരുന്നു. ഉമ്മക്കുള്ള ടാബ്ലറ്റ് കൊടുത്ത് ഇൻസുലിൻ ചെയ്ത് ആവിശ്യമുള്ളതൊക്കെ ചെയ്ത് കൊടുക്കുന്നുണ്ടായിരുന്നു സഫ.. ഓരോന്നും വളരെ പക്വതയോടെ ചെയ്യുന്ന അവളുടെ ചെയ്തികൾ എല്ലാം അത്ഭുദത്തോടെ നോക്കികാണുകയായിരുന്നു സുറുമി .. സുറുമിയെ ഒറ്റക്കാക്കി പോകല്ലേ...പുറത്തെ പണിക്കാരൊക്കെ പറഞ്ഞ് വിട്ടാൽ മഷൂദ് വരും. എന്നിട്ട് പോകാം ... ഒട്ടും വയ്യായിട്ടാ.. ഉറക്കത്തിലേക്ക് വഴുതുന്നതിന് മുമ്പും ഉമ്മ സഫയെ ഓരോന്ന് പറഞ്ഞേൽപ്പിക്കുന്നുണ്ടായിരുന്നു... ഉമ്മ ഉറങ്ങിയെന്നു ഉറപ്പായതും ശബ്ദം ഉണ്ടാക്കാതെ റൂമിലെ കതക് ചാരി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് നിയാസ് പോകാണെന്ന് പറയാൻ വേണ്ടി അകത്തേക്ക് വന്നത് .

ഷെറിയുടെ മുറിയിൽ പോയി അവളുറക്കമായത് കണ്ട സമാധാനത്തിലാണ് അവനും.. അവളുടെ ക്ഷീണവും അസ്വസ്ഥയും കാണേ ഇന്ന് ഫങ്ക്ഷന് ഇടയിലൂടെ കൊണ്ട് പോകേണ്ടി വരുമെന്ന ആധിയായിരുന്നു അവന്.. പേടിച്ചതൊന്നുമില്ലാതെ നല്ല രീതിയിൽ കല്യാണം തീർന്ന് കിട്ടിയതിന്റെ ആശ്വാസവും അവൻ അവരുമായി പങ്ക് വെച്ചു .. രണ്ട് പേരോടും യാത്ര പറഞ്ഞ് കൊണ്ട് അവനും പോയി.. സഫയും ഹിബയും മാത്രമായതോടെ വീടാകെ ഒഴിഞ്ഞത് പോലെ തോന്നി സുറുമിക്ക്.. രാവിലെ മുതലുള്ള നിൽപ്പും നടപ്പുമായി കാല് കഴഞ്ഞിരുന്നു.. തലക്കാണേൽ വല്ലാത്തൊരു ഭാരം പോലെ.. വലിയൊരു ദുപ്പട്ടയും ചോളിയും ഒക്കെ ആയി ആകെ കൂടെ ചൂടും പുകയും.. അവളുടെ അവസ്ഥ മനസ്സിലാക്കിയെന്ന പോലെ സഫ തന്നെ അവളെ മുകളിലേക്ക് കൊണ്ട് പോയി അവളുടെ വേഷം മാറിയിടാൻ സഹായിച്ചു. ഒരു ചുരിദാർ കയ്യിൽ കൊടുത്ത് ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു.. തലയിലൂടെ തണുത്ത വെള്ളം അരിച്ച് ഇറങ്ങുമ്പോൾ തന്നെ ക്ഷീണം പകുതി കുറഞ്ഞത് പോലെ തോന്നി സുറുമിക്ക്.. ഫ്രഷ് ആയി ഇറങ്ങിയപ്പോഴാണ് ഹിബയോട് ഇറങ്ങാൻ പറഞ്ഞ് കൊണ്ട് നിഹാൽ വന്നത്.

ഒരേ സമയം രണ്ട് പേരുടെയും കഴുത്തിലൂടെ കൈയിട്ട് രണ്ട് കയ്യാലും അണച്ച് പിടിച്ചു കൊണ്ട് അവരുടെ ചെവിയിലായ്‌ ഒരു ആൾ ദെ ബെസ്റ്റ് കൊടുത്ത് അവളും പോയി.. അവളും കൂടെ പോയതോടെ സുറുമിയുടെ ചിന്തകളും വേവലാതികളും അവളെ അസ്വസ്ഥമാക്കി കൊണ്ടിരിന്നു.... കുറച്ച് നേരം സഫയുടെ കൂടെ നിന്ന് അവൾ അവരെയൊക്കെ കെയർ ചെയ്യുന്നതും ഓരോ കാര്യത്തിനായി ഓടി നടക്കുന്നതും കണ്ടപ്പോൾ വല്ലാത്തൊരു വെപ്രാളം.. അവളെ പോലെയൊക്കെ ഓടി നടന്ന് അവർക്കൊരു താങ്ങാകാൻ തന്നെ കൊണ്ട് പറ്റോ.. അവൾ എത്ര നിസ്സാരമായാണ് ഉമ്മക്ക് ഇൻസുലിൻ വെച്ചതൊക്കെ....അതൊന്നും തനിക്ക് അറിയുക പോലുമില്ലല്ലോ.. ഉമ്മനെയും ഷെറിയെയും സഫ കെയർ ചെയ്യുന്ന പോലെ കെയർ ചെയ്യൽ നാളെ മുതൽ തന്റെ മാത്രം ചുമതലയാണ്... ഇനി അതിലെങ്ങാനും വല്ല വീഴ്ചയും സംഭവിച്ചാൽ മഷ്‌ക്കാക്ക് ദേഷ്യമാവോ.. ഇന്ന് കല്യാണം കഴിഞ്ഞതാണ്.. കാത്തിരുന്നു ആഗ്രഹിച്ച് സ്വപനം കണ്ട ജീവിതം ഇനി അനുഭവിച്ച് അറിയാൻ പോവുകയാണ് എന്നൊക്കെ മറന്ന് പോയിരുന്നു അവൾ.. ഉള്ളം മുഴുവൻ പലതരത്തിലുള്ള ചിന്തയായിരുന്നു..

സഫയെ അടുത്ത് കിട്ടിയപ്പോൾ ഒന്ന് ആലോചിച്ച ശേഷം അവളാ വേവലാതി സഫയുമായി പങ്ക് വെച്ചു ... മടിച്ച് മടിച്ചാണ് തന്റെ വേവലാതി പങ്ക് വെച്ചത്.. മറുപടിയായി ചിരിക്കുകയായിരുന്നു സഫ .. ഇവിടെ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്ന് മാത്രമല്ല ഉമ്മയുടെയും ഷെറിയുടെയും കാര്യങ്ങൾ അവർ തന്നെ ചെയ്യുകയും ചെയ്യും.. ഇന്ന് രണ്ട് പേരും നല്ല ടൈർഡ് ആണ്. അത് കൊണ്ടാണ് ടാബ്ലറ്റ് കൊടുത്തതും പാല് കൈയിൽ കൊടുത്ത് കുടിപ്പോച്ചതുമൊക്കെ.. ഉമ്മക്ക് നല്ലൊരു അളവിൽ ഷുഗറും പ്രേഷറും ഉണ്ട്.. മുട്ട് വേദനക്കും മറ്റും മരുന്നും കുടിക്കുന്നുണ്ട്.. ഇൻസുലിൻ മാത്രം നമ്മൾ ചെയ്താൽ മതി.. അത് മഷൂച്ച ഒരു പ്രാവിശ്യം കാണിച്ച് തരും.. പിന്നേ സുഖായി ചെയ്യാവുന്നതേയുള്ളൂ... നീ വിചാരിക്കുന്ന പോലെ മഷൂച്ച വെറുതെ ദേഷ്യം വരുന്ന ആളൊന്നുമല്ല.. ഒരു പ്രാവിശ്യം സോഫ്റ്റ്‌ ആയി വാണിംഗ് തന്ന കാര്യം വീണ്ടും അവർത്തിക്കുമ്പോ മാത്രേ മഷൂച്ച ഹാർഡ് ആയി സംസാരിക്കാറുള്ളൂ... സഫ അത്രയും പറഞ്ഞ് കഴിഞ്ഞപ്പോ ഉള്ളിലെ ആധിക്ക് തെല്ലൊരു ആശ്വാസം തോന്നി ...

കാണുകയും വളരെ കുറച്ച് മാത്രം അടുത്ത് പരിചയപ്പെടുകയും ചെയ്തവരാണ് താനും മഷ്‌ക്കയും... ജീവിച്ചു വരുമ്പോൾ താനുമായി മഷ്‌ക്കക്ക് പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിലോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു അവളുടെ ഉള്ളം നിറയെ.... സൽമാൻ ഇറങ്ങാൻ വേണ്ടി വിളിച്ചപ്പോഴാണ് അവർ സമയം പോലും നോക്കുന്നത്.. പതിനൊന്നു മണി കഴിഞ്ഞു.. അവരെ യാത്രയാക്കാൻ ഉമ്മറം വേറെ അവർക്കൊപ്പം ചെന്നു.. സൽമാൻ സുറുമിയെ ഇറുകെ പുണർന്ന് കൊണ്ട് യാത്ര പറഞ്ഞു.. റെന്റ് ന്ന് വേണ്ടി എടുത്ത സാധനങ്ങൾ കൊണ്ട് പോകാനായി വണ്ടി വന്നിട്ടുണ്ട്.. അവരെ കൂടെ പറഞ്ഞ് വിട്ടാൽ മഷൂദ് വരും....പേടിയൊന്നും വേണ്ടാട്ടോ .. മിടുക്കിയാവണം.. കേട്ടല്ലോ.. വാത്സല്യത്തോടെ തോളിലൂടെ കൈയിട്ട് ശരീരത്തോട് ചേർത്ത് നിർത്തി കൊണ്ട് സൽമാൻ പറഞ്ഞപ്പോൾ, മറുപടിയായി പുഞ്ചിരിയോടെ തല കുലുക്കി സമ്മതിച്ചു അവൾ.. ഒരിക്കൽ കൂടെ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്ത് യാത്ര പറഞ്ഞു അവൻ.. "പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. പേടിയൊന്നും വേണ്ടാ ട്ടൊ.."

സഫയും രണ്ട് കയ്യ് കൊണ്ടും പുണർന്ന് കൊണ്ട് കവിളിൽ മൃദുവായി ചുംബിച്ചു... സ്നേഹത്തോടെ... അകന്ന് പോകുന്ന കാർ നോക്കി അവൾ കൈ വീശി കാണിച്ചു.. വല്ലാത്തൊരു നീറ്റലായിരുന്നു ഉള്ളിൽ... വാപ്പച്ചി.. ഉമ്മ.. സമിത്ത.. മക്കൾ.. സലുക്ക... ആരും ഇല്ലാതെ ഇനി ഒറ്റക്കാണെന്ന് ഓർക്കുമ്പോ, വലിയേടത്ത് വീട്ടിൽ വല്ലപ്പോഴും ചെന്ന് കയറുന്ന അഥിതി മാത്രമാണെന്ന് ഓർക്കുമ്പോ... ആ വീടും, സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും സാക്ഷിയായ ആ മുറിയും ഇനി അന്യയാണെന്ന് ഓർക്കുമ്പോ, വല്ലാത്തൊരു ശ്യൂനത പോലെ...നെഞ്ചകം വിങ്ങുന്ന പോലെ.. നെടുവീർപ്പോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാണ് ലോഡ് കയറ്റി കൊണ്ടിരിക്കുന്ന ലോറിക്കടുത്ത് നിന്ന് അവളെ നോക്കി എന്തോ ആംഗ്യം കാണിക്കുന്ന മശൂദ്നെ കണ്ടത്.. നെറ്റി ചുളിച്ച് അതെന്താണെന്ന് ഗ്രഹിച്ചെടുക്കുമ്പോ ഇതൊന്ന് സെറ്റ് ചെയ്തിട്ട് ഇപ്പോ വരുമെന്നാണ് എന്ന് മനസ്സിലായി... പുഞ്ചിരിയോടെയവൾ ശെരിയെന്ന് തലയാട്ടി സമ്മതിച്ചു.. .. മുറിയിലേക്കുള്ള കോണിപ്പടികൾ കയറുമ്പോ ഒരു വെപ്രാളം തോന്നുണ്ടായിരുന്നു സുറുമിക്ക്..

റൂമിലെത്തി കട്ടിലിന്റെ ഓരോരം ചേർന്ന് ഇരുന്നു അവൾ.. താഴെ ലോഡ് കയറ്റി കഴിഞ്ഞ് വണ്ടി ഇരമ്പലോടെ അകന്ന് പോകുന്ന ശബ്ദവും നിമിഷങ്ങൾക്കകം മെയിൻ ഡോർ അടയുന്ന ശബ്ദവും കേൾക്കുന്നുന്നുണ്ടായിരുന്നു.. നിമിഷങ്ങൾ കൊണ്ട് തന്നെ റൂമിന്റെ വാതിൽ തുറന്ന് മഷൂദ് കയറി വന്നു. ഒരു പുഞ്ചിരിയോടെ അവളെഴുനേറ്റു.. ആകെ വിയർത്ത് കുളിച്ചാണ് വരവ്.. രാവിലെ കണ്ട തിളക്കം ഇപ്പൊ ആ കണ്ണുകൾക്കില്ല....ക്ഷീണം വന്നത് പോലെ.. ചീകിയൊതുക്കിയ മുടിയൊക്കെ ഇപ്പൊ ആകെ അലങ്കോലമായി കിടപ്പാണ്....ചുണ്ടിലപ്പോഴും ഒരു ഇളം പുഞ്ചിരിയുണ്ട്.. ഒന്ന് ഫ്രഷ് ആവട്ടെ എന്ന് പറഞ്ഞു കൊണ്ടവൻ വാച്ച് അഴിച്ച് വാഡ്രോബ് തുറന്ന് അതിലേക്ക് വെച്ചു.. ഹാങ്ങറിൽ നിന്ന് തോർത്തെടുത്ത് അരയിൽ ചുറ്റി.. പാന്റ് അഴിച്ച് ഹാങ്ങറിൽ ഇട്ടു..അപ്പോഴേക്കും വാഡ്രോബ് തുറന്ന് അവൾ ഒരു ലുങ്കിയും ബനിയനും എടുത്തു കൊടുത്തു.. അത് വാങ്ങി ഒരു കണ്ണിറുക്കി കുസൃതിയോടെ ചിരിച്ചു കൊണ്ടവൻ ഡോർ തുറന്ന് ഇറങ്ങി പോയി.. വിറയ്ക്കുന്ന കൈകൾ മറച്ച് വെക്കാൻ ശ്രമിച്ചു കൊണ്ടവളും..

അവൻ ഫ്രഷ് ആയി മുറിയിലേക്ക് വരുമ്പോൾ സുറുമി കണ്ണാടിക്ക് മുമ്പിൽ നിന്ന് മുടി ചീകുയായിരുന്നു.. അവൻ മുറിയിലേക്ക് കയറിയതും പെട്ടന്ന് തന്നെ തട്ടത്തിന്റെ ഒരറ്റം തലയിലൂടെ ഇട്ടു അവൾ .... തോർത്ത് ഹാങ്ങറിൽ ഇട്ട് ഒരു ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് വന്നു.. കണ്ണാടിയിലൂടെ കാണുന്ന അവളെ നോക്കി കൊണ്ട് അവളുടെ പുറകിലായി അവൻ പോയി നിന്നു.. പതുക്കെ അവളുടെ തല മറച്ചിരിക്കുന്ന തട്ടം മാറ്റി.. അറിയാതെ മിഴിച്ച് നിന്ന് പോയി അവൻ .... ഇളം കാപ്പി നിറമുള്ള മിനിസമുള്ള മുടിയാണ്.. പക്ഷെ കഷ്ട്ടിച്ച് തോളറ്റം വരെയൊള്ളൂ ... ഇടതൂർന്ന് നിൽക്കുന്ന മുടി വിടർത്തി ഇട്ടിരിക്കുകയാണ്.. ആദ്യം കണ്ട ഞെട്ടൽ പെട്ടന്നാണ് ചിരിയിലേക്ക് വഴിമാറിയത്.. എളിയിൽ കൈ കുത്തി ചിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ച് കൊണ്ട് കണ്ണാടിയിലൂടെ കാണുന്ന അവനെ നോക്കി കണ്ണുരുട്ടി.. അത് കണ്ടപ്പോൾ ഒരു വിധം ചുണ്ട് കൂട്ടിപ്പിടിച്ച് ചിരി അടക്കപിടിച്ചു അവൻ..

"നിന്ന് കിണിക്കാൻ മാത്രം എന്തപ്പോ ഉള്ളെ ...." വാക്കുകളിൽ പരിഭവം.. " കാർകൂന്തൽ വരെയുള്ള അവളുടെ ഇടതൂർന്ന മുടി ... എന്നൊക്കെ വായിച്ചിട്ടില്ലേ .. ഞാൻ വിചാരിച്ചു മൂടി കെട്ടി കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ അത് പോലെയായിരിക്കുമെന്ന്.... " പറഞ്ഞു തീർന്നുള്ള അവന്റെ ചിരി കണ്ടപ്പോൾ അവൾ പരിഭവത്തോടെ മുഖം വെട്ടിച്ചു.. തോളിലൂടെ വീണ് കിടക്കുന്ന തട്ടം തലയിലൂടെ ഇട്ടു കൊണ്ടവൾ അവനെ നോക്കി ചുണ്ട് കോട്ടി.... ചിരിയോടെ അവൻ അവളെ അവൻക്ക് അഭിമുഖമായി നിർത്തി.അവളുടെ മുടിയിഴകളെ മറച്ചിരിക്കുന്ന തട്ടം മെല്ലെ എടുത്ത് മാറ്റി.. രണ്ടു കയ്യും അവളുടെ തോളിലൂടെ ഇട്ട് അവളുടെ പിൻകഴുത്തിൽ വെച്ച് അവന്റെ കൈകൾ കോർത്തു. ... ഇപ്പൊ അവന്റെ രണ്ട് കൈകൾക്കുള്ളിൽ വെച്ച് അവളെ ലോക് ചെയ്തിരിക്കുകയാണ്.. അവന്റെ മിഴികൾ അവളുടെ മുഖമാക്കെ ഓടി നടന്നു.. അവൾ പുരികം പൊക്കി എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഇരുകണ്ണുമടച്ച് ഒന്നുമില്ലെന്ന് കാണിച്ചു.. "അല്ല.. എന്തോ പറയാൻ നാവ് തരിക്കുന്നില്ലേ.. " അവന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്...

മറുപടിയായി കണ്ണുകൾ ചെറുതാക്കി ചിരിച്ചു കാണിച്ചു അവൻ.. ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ... "പറയ്‌... " "അതേയ്.. ഈ കഥകളിലൊക്കെ നമ്മൾ കണ്ടിട്ടുള്ള സ്നോ വൈറ്റ് ഇല്ലേ.. ഒരു... " "ബാർബി ഗേൾ..അല്ലേ.. " "ഹാ.. അത് തന്നെ.. അത് പോലെ ഉണ്ട് ഇപ്പൊ നിന്നെ കാണാൻ.. ഇളം കാപ്പി കളറുള്ള ചെവിക്ക് താഴെയായി എന്നാൽ തോൾ വരെ ഇല്ലാത്ത നീണ്ട മുടി... ഒരു ചുവപ്പോ പച്ചയോ ഹയർബാൻഡും കൂടെ വെച്ചാൽ ഒരു കുഞ്ഞു ബാർബി ഗേൾ ആകും... " "കൊറേ മുടിയുണ്ടാകും എന്നൊക്കെ പ്രതീക്ഷിച്ചെങ്കിലും ഇത് സൂപ്പർ ആയിട്ടുണ്ട്.. " അവളുടെ ചുവന്നു തുടുത്ത മുഖം കാണേ അവൻ പറഞ്ഞു.... "അതേയ്.. നമുക്ക് കിടക്കണ്ടേ... നേരം പന്ത്രണ്ട് മണി ആകാറായി... ഈ നിൽപ്പ് നിന്നാൽ മതിയോ... " തെല്ലൊരു നേരം അവളുടെ മുഖത്ത് വിരിയുന്ന നാണത്തിന്റെ അലയൊലികൾ ആസ്വദിച്ച് നിൽക്കെ അവൻ ചോദിച്ചു.. പുഞ്ചിരിയോടെ തലയാട്ടി അവൾ..

അവന്റെ കൈക്കുള്ളിൽ നിന്ന് അവളെ സ്വതന്ത്രമാക്കി അവൻ കട്ടിലിൽ പോയി ഇരുന്നു..അവന്റെ അടുത്തേക്ക് വരാനായി അവളെ നോക്കിയപ്പോൾ എന്തോ ചിന്തിച്ചിരിക്കുകയാണ് അവൾ.... "എന്താ ആലോചിക്കുന്നേ.. " "ഹേയ്.. ഒന്നുല്ല്യ.. ഞാനെവിടാ കിടക്കാ ന്ന് ആലോചിക്കായിരുന്നു.. എനിക്ക് എന്റെ ബെഡ് ഷെയർ ചെയ്യുന്നത് എന്തോ ഭയങ്കര ഇറിറ്റേഷൻ ആണ്.. " കട്ടിലിലേക്കും നിലത്തേക്കും നോക്കിയാണ് പറയുന്നത്.. അവളുടെ നിഷ്കളങ്കതയോടെയുള്ള നിൽപ്പും കുട്ടിത്തത്തോടെയുള്ള വിശദീകരണവും കേട്ട് പകച്ച് പണ്ടാരമടങ്ങി നിൽക്കുകയാണ് മഷൂദ്.... വാ പൊളിച്ച് അവളുടെ മുഖത്തേക്ക് നോക്കി നിന്ന് പോയി അവൻ. ഇനിയിപ്പോ കളിപ്പിക്കാവോ ഇല്ല.. മുഖത്ത് ഒരു ചിരിയുടെ ലാഞ്ചന പോലുമില്ല.. ആള് സീരിയസ് ആയിട്ടാണ് പറയുന്നത്..ഇനിയിപ്പോ അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.. പകൽ കിനാവ് പോലെ എല്ലാം സ്വപ്നം കണ്ടപ്പോൾ ഇങ്ങനെയൊരു പണി പടച്ചോൻ എനിക്കിട്ട് തരുമെന്ന് വിചാരിച്ചതേയില്ല.. ഇനിയിപ്പോ ഇവിടെ കിടന്നാൽ മതിയെന്നങ്ങാനും പറഞ്ഞാൽ അലറി കൂവി കൊളമാക്കോ..

തന്റെയൊരു ചങ്ങാതിയുടെയും അനുഭവമാണ് ഓർമയിൽ വന്നത്. കല്യാണം കഴിഞ്ഞ അന്ന് രാത്രി പരവേശത്തോടെ മുറിയിൽ കയറി കതകടച്ച് ലോക്ക് ചെയ്തതും പെണ്ണ് കാറി കൂവി.. കൂവൽ കേട്ട് അവന്റെ വീട്ടുകാരൊക്കെ ഓടി ചെന്നു . അപ്പൊ ആ കൊച്ചു അവരോട് പറയാ...ഇയാളുടെ ഉദ്ദേശം ശരിയല്ല ന്ന്... അതിന്റ പേരിൽ പിന്നീട് അവനെ കാണുമ്പോഴൊക്കെ.. എന്തിന് ഇന്ന് പോലും നിന്റെ ഉദ്ദേശം ശരിയല്ല എന്ന് പറഞ്ഞ് കളിയാക്കി വിടാറുണ്ട്.. പക്ഷെ.. അപ്പോ പോലും ഓർത്തില്ല.. ഇങ്ങനെയൊരു അധോഗതി തനിക്ക് വരുമെന്ന്... ഇനിയിപ്പോ ഇവള് കാറി കൂവി വേറെന്തെലും വിളിച്ച് പറഞ്ഞാൽ അതും കേൾക്കേണ്ടി വരും.. "തൽക്കാലം ഞാനീ ബെഡ് ഷീറ്റ് താഴെ വിരിച്ച് കിടന്നോളാം.. മഷ്‌ക്ക അവിടെ കിടന്നോ.. നാളെ നമുക്കൊരു സിംഗിൾ ബെഡ് വാങ്ങാം താഴെ വിരിക്കാൻ.. " മിഴിച്ച് നിൽക്കുന്ന അവനെ നോക്കിയാണ് അവൾ പറയുന്നത്.. ഒപ്പം തന്നെ വാഡ്രോബിൽ നിന്ന് ഒരു പുതപ്പെടുത്തത് താഴെ വിരിച്ചു. കട്ടിലിൽ കിടന്ന ഒരു തലയേണയും എടുത്ത് അവൻക്കായി ഒരു ഗുഡ് നെറ്റും കൊടുത്ത് അവൾ കിടന്ന് കഴിഞ്ഞിരുന്നു. എന്തോ പറയാനായി വാ തുറന്നെങ്കിലും അവൾ തിരിഞ്ഞു കിടന്ന് കഴിഞ്ഞിരുന്നു.. കരയണോ ചിരിക്കണോ എന്നറിയാതെ അവനും...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story