സുറുമി: ഭാഗം 32

surumi

എഴുത്തുകാരി: അവന്തിക

നേരം പുലർച്ചെ രണ്ടോടടുക്കുന്നു.. ഷെറിക്ക് ലേബർ പൈൻ ആയത് കൊണ്ട് നേരെ ലേബർ റൂമിലേക്ക് മാറ്റുകയാണ് ചെയ്തത്.. നിയാസിന് രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും ആള് ഫോൺ എടുത്തിട്ടില്ല... ഇനിയിപ്പോ ആര് വന്നാലും ഈ ഇരിപ്പ് ഇരിക്കണം എന്നുള്ളത് കൊണ്ട് നേരം പുലരാനാകുമ്പോ അവന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചറിയിക്കാമെന്ന് മഷൂദ് പറഞ്ഞപ്പോൾ ശരിയാണെന്ന് ഉമ്മക്കും തോന്നി.. വേറെ ഡെലിവറി കേസ് ഒന്നുമില്ലാത്തത് കൊണ്ട് കുറച്ച് നേരം അവർ മൂന്ന് പേരും പുറത്തെ സിറ്റിങ് ലോഞ്ചിൽ ഇരിന്നു..ഒടുവിൽ ഉമ്മയുടെയും സുറുമിയുടെയും മുഖത്തെ ക്ഷീണം കണ്ട് മഷൂദ് ഇരുവരെയും റൂമിലേക്ക് പറഞ്ഞു വിട്ടു.... റൂമിലെത്തി ഉമ്മ കിടന്ന് ഉറക്കമായെന്ന് കണ്ടതും സുറുമി പതുക്കെ എഴുനേറ്റ് പുറത്തിറങ്ങി... എന്തോ ഉറക്കം മുറുകുന്നില്ല... തിരിച്ച് മശൂദ്ന്റെ അടുത്തേക്ക് തന്നെ പോയി.. സിറ്റിങ് ലോഞ്ചിൽ പുറകിലേക്ക് ചാരി കണ്ണടച്ച് കിടക്കുകയാണ് അവൻ.

അവൾ വന്ന പെരുമാറ്റം കണ്ടതും അവൻ കണ്ണ് തുറന്നു.. "നീ ഉറങ്ങിയില്ലേ... വാ ഇവിടെ ഇരിക്ക്... " പറയുന്നതിനോടൊപ്പം അവന്റെ അടുത്തായി ഇരിക്കാൻ കൈ കാണിച്ചു അവൻ.. "മഷ്‌ക്ക വേണേൽ പോയി കിടന്നോ.. ഞാൻ ഇവിടെ ഇരിക്കാം.. എന്തേലും പ്രതേകിച്ച് ഉണ്ടേൽ ഞാൻ വന്ന് വിളിക്കാം...കുറച്ചൂസായി അലച്ചിൽ തന്നെ അല്ലേ.... " മറുപടി പറയുന്നതിനോടൊപ്പം അവന്റെ അടുത്തായി ഇരുന്നു അവൾ.. "കിടന്നാലും ഉറക്കം വരില്ല സുറുമീ.... ആകെ കൂടെയൊരു വേവലാതി.. സഫയെ പോലെയല്ല ഷെറി.. വേദനയൊക്കെ ഭയങ്കര പേടിയുള്ള കൂട്ടത്തിലാ... കൈ ഒന്ന് മുറിഞ്ഞാൽ പോലും രണ്ടൂസം കൈ കെട്ടി കൊണ്ട് നടക്കുന്ന ആളാ... എന്താവോ എന്തോ...? " "അതൊക്കെ മഷ്‌ക്കക്ക് അവള് എന്നും ചെറുതായത് കൊണ്ട് തോന്നുന്നതാ... ഒരു സ്ത്രീ ഒമ്പത് മാസം പ്രെഗ്നൻസി പീരിയഡ്‌സിൽ തന്നെ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും മെന്റലി പ്രിപ്പേഡ് ആകും.. ഇപ്പൊ തന്നെ കണ്ടില്ലേ.. ഇങ്ങോട്ടുള്ള യാത്രയിലൊക്കെ അത്യാവശ്യം പൈൻ ഉണ്ടായിട്ടും മുഖം ചുളിച്ച് ഇരിന്നു എന്നല്ലാതെ കരഞ്ഞൊന്നും ഇല്ലാല്ലോ ...

സ്നേഹത്തിന്റെയും സഹനതയുടെയും പര്യായ പദമല്ലേ ഉമ്മ എന്നത്.. തന്റെ കുഞ്ഞിന് വേണ്ടി ഒക്കെ ക്ഷമിക്കാൻ ഷെറിക്ക് കഴിയും... മഷ്‌ക്കാ ടെൻഷൻ ആകാതെ .... " അവന്റെ കയ്യിൽ കൈ കോർത്തു കൊണ്ടവൾ ഒന്നമർത്തി... ആശ്വസിപ്പിക്കാനെന്ന പോലെ... അവളുടെ വാക്കുകൾ കേട്ടപ്പോൾ തെല്ലൊരു ആശ്വാസം തോന്നി അവൻക്ക്.. എന്നാലും ഒരു വല്ലായ്മ പോലെ .. അത് മനസ്സിലായ പോലെ സുറുമി സംസാരിച്ചു തുടങ്ങി... ഷെറിയിൽ നിന്നാണ് തുടങ്ങിയതെങ്കിലും ഒടുവിലത് കഴിഞ്ഞ ഒന്നര വർഷത്തെ സന്തോഷങ്ങളിലും വേദനയിലും നോവിലും സ്വപ്നങ്ങളിലും എത്തി നിന്നു.... അവനെ ആദ്യമായി കണ്ട് മുട്ടിയത് മുതൽ ഒട്ടും പ്രതീക്ഷിക്കാതെ കോഫി ഷോപ്പിൽ വെച്ച് കണ്ടപ്പോൾ സഫയെ അവന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചതും അല്ല എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയതും പിന്നീട് അങ്ങോട്ടുള്ള അവന്റെ തിരിച്ചു വരവിനിടയിൽ അവനെ ഓർമിക്കുകയും അവന്റെ ഓർമയിൽ സന്തോഷിക്കുകയും ചെയ്യുന്ന മനസ്സിനെ സ്വയം ശാസിച്ച് നിർത്തിയതും ഹനയുടെ കല്യാണ തലേന്ന് കണ്ടപ്പോൾ മനസ്സ് തുള്ളിച്ചാടിയതും ഒടുവിൽ ഒരുമിച്ചുള്ള ആദ്യ യാത്രയിൽ തന്നെ കുറഞ്ഞ സമയം കൊണ്ട്... അവന്റെ കരുതൽ കൊണ്ട്....

അവനവളുടെ മനസ്സ് മുഴുവൻ കയറിപറ്റിയതും ഒടുവിൽ ബുദ്ധിയെയും ചിന്തകളെയും തോൽപ്പിച്ചു ഇഷ്ടമാണെന്ന് അറിയിച്ചതും പിന്നെ അവനെ ചേർത്ത് നെയ്‌ത് കൂട്ടിയ സ്വപ്നങ്ങളും വാപ്പച്ചി അമ്പിനും വില്ലിനും അടുക്കാത്ത നാളുകളിൽ അനുഭവിച്ച മാനസിക സംഘർഷവും രണ്ട് നാളെങ്കിൽ രണ്ട് നാൾ അവന് അവളെ വേണ്ടെന്ന് തോന്നിയപ്പോഴുണ്ടായ മനസ്സിന്റെ വേദനയും അപ്പോഴത്തെ പൊട്ടബുദ്ധിക്ക് ചിന്തിച്ച് കൂട്ടിയ കാര്യങ്ങളും പിന്നീട് പ്രാണ വായു എന്ന പോലെ ഹന കത്ത് കൊണ്ട് തന്നതും ആ കത്തും അതിലെ ഓരോ വരികളും അവൾക്ക് മുമ്പോട്ടുള്ള കരുത്ത് ആയതും ... ഒടുവിൽ ആാ പെരുമഴയത് വാപ്പച്ചി സമ്മതം അറിയിച്ചതും അങ്ങനെ ഓരോന്നും ഉണ്ടായിരുന്നു അവൾക്ക് പങ്കു വെക്കാൻ.. വിജനമായ ഇടനാഴിയിലൂടെ അവന്റെ കൈയിൽ തൂങ്ങിയും കൈ കോർത്തു പിടിച്ചും അവർ നടന്നു... അവൻ കേൾക്കുകയായിരുന്നു അവളുടെ ഉള്ളിലെ തന്നോടുള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ...

ആ ഓർമയിൽ ചിലപ്പോഴൊക്കെ അവളുടെ കവിളുകൾ നാണം കൊണ്ട് തുടുത്തു.. ചിലപ്പോഴത് അവളുടെ വദനത്തിലെ സുന്ദരമായ പുഞ്ചിരിയായി മാറി.. ചിലപ്പോഴത് ശബ്ദം ഇടറി പോകുന്ന ഓർമയായി... അപ്പോഴെല്ലാം അവന്റെ കൈകൾ അവളുടെ തോളിലൂടെ പിടിച്ച് അവനോട്‌ ചേർത്തു... തന്റേതാണെന്ന പോലെ ... കൂടെയുണ്ടെന്ന പോലെ.... "ഇപ്പൊ ഞാൻ ഒരുപാട് പറഞ്ഞില്ലേ... ഇനി മഷ്‌ക്ക പറയ്‌... എങ്ങനെയായിരുന്നു ആ നാളുകൾ...? '' തിരിച്ച് മുമ്പ് ഇരുന്ന സിറ്റിംഗ് ലോഞ്ചിൽ എത്തിയിരുന്നു അവർ.... അവളുടെ മടിയിലായി തല വെച്ചു കിടന്നു അവൻ... പുഞ്ചിരിയോടെ അവൾ അവന്റെ മുടിയിഴകളിലൂടെ വിരലുകൾ കോർത്ത് അവയെ പതിയെ തഴുകി തലോടി തുടങ്ങി .. "ഓഹ്.. എനിക്കങ്ങനെയുള്ള ഓർമ്മകൾ ഒന്നുമില്ലേ... അല്ലെങ്കിൽ തന്നെ നിന്നെ പോലെ ഓർത്ത് കൂട്ടാൻ എനിക്കെവിടെയാ നേരം... " ചുണ്ടുകളിൽ കുസൃതിയുമായാണ് അവന്റെ മറുപടി.. അവന്റെ ശബ്ദത്തിൽ ഇതൊക്കെ എന്ത് എന്ന ഭാവം കേട്ടതും ഞൊടിയിടെ തലോടി കൊണ്ടിരിക്കുന്ന അവന്റെ മുടിയിൽ പിടിച്ചൊന്ന് വലിച്ചു അവൾ..

"ഔ... വേദനിച്ചു പെണ്ണേ.. " വേദന കൊണ്ട് ഒച്ച വെക്കുന്നതിനോടൊപ്പം തലമുടിയിൽ പതിയെ തടവി അവൻ.. "വേദനിക്കട്ടെ ... പറഞ്ഞത് കള്ളമാമെന്ന് ഈ മുഖം പറയുന്നുണ്ട്... മാഷ്ക്ക എന്നേ തീരെ ഓർക്കാറെ ഇല്ല്യാ ..? " കണ്ണുകൾ കുറുക്കി ചുണ്ട് മേലേക്ക് ഉന്തി പരിഭവത്തോടെയാണ് ചോദ്യം .... "മുഖം വിളിച്ചു പറയുന്നുണ്ടെങ്കിൽ പിന്നെ ഞാനും കൂടെ പറയുന്നത് എന്തിനാ... " "മഷ്‌ക്കാ... " അവളൊന്ന് ചിണുങ്ങി.. അവനൊന്ന് ചിരിച്ചു .....മനോഹരമായി ... "നിന്നെ പോലെ കൊറേയെറെ ചിന്തിച്ചിരിന്നിട്ടൊന്നുമില്ല ...പക്ഷെ നീ പറഞ്ഞ പോലെ നവീടെ വീട്ടിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ എന്തോ ഒരു.... കാണുമ്പോ തോന്നുന്ന ഒരു അട്രാക്ഷൻ ...... അപ്പൊ അങ്ങനെയേ വിചാരിച്ചോള്ളൂ ... അന്ന് തിരിച്ച് വീട്ടിലേക്ക് മങ്ങുമ്പോ ഉള്ളിലൊരു ആന്തൽ... ആളെ പറ്റി അറിയാനോ അന്വേഷിക്കാനോ ഒക്കെ തോന്നുന്ന പോലെ.... ഒക്കെ തോന്നൽ മാത്രമാണെന്ന് സ്വയം പറഞ്ഞ് തിരക്കിലേക്ക് ഊളിയിടുമ്പോ ഇടക്ക് ഒരു ഓർമപ്പെടുത്തൽ പോലെ ഈ മുഖം തെളിഞ്ഞു വരും... പിന്നെ കോഫി ഷോപ്പിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ...

തിരിച്ച് ദമ്മാമിലേക്ക് പോകുമ്പോ മറക്കുമെന്ന് കരുതി... പിന്നെ പിന്നെ ഡ്യൂട്ടി കഴിഞ്ഞ് ബെഡിലേക്ക് വീഴുമ്പോഴോ നാടിനെ കുറിച്ചും നവിയെ കുറിച്ചും ചിന്തിക്കുമ്പോഴും ഒക്കെ വരും ഈ മുഖം... ഓരോ പ്രാവശ്യവും ഓർക്കുമ്പോഴും അറിഞ്ഞോ അറിയാതെയോ ഈ മുഖവും ഈ കണ്ണും മറുകും കാക്ക പുള്ളിയും അങ്ങനെ എന്തൊക്കെയോ ഉള്ളിൽ പതിയുകയായിരുന്നു.... അതായിരിക്കാം നവി ഹനയുടെ കല്യാണ കാര്യം പറഞ്ഞപ്പോൾ ആകാംഷ അടക്കാനാവാതെ ചോദിച്ചത് .... തനിക്ക് ഉള്ളത് തന്നെ എന്ന് ഓർത്ത് സന്തോഷിക്കുമ്പോഴാ വാപ്പച്ചിയുടെ എൻട്രി... ഒടുവിലത്തെ രണ്ടാഴ്ചയാണ് ഓർക്കാൻ കൂടെ വയ്യാത്തത്...സൽമാനെ വിളിച്ച് നിന്നോട് ഒന്ന് സംസാരിക്കാം എന്ന് വെച്ചപ്പോൾ നീ അവനെ കാണാൻ പോലും മെനക്കെടുന്നില്ല.. നവിയെ വിളിക്കുമ്പോ അവനും പറയും ആകെ കൈവിട്ട് പോകുന്ന അവസ്ഥയാണെന്ന്... ആകെ കൂടെ ഭ്രാന്ത് വരുന്ന പോലെ... കഴിക്കാനും ഉറങ്ങാനും പറ്റുന്നില്ല...

.ഒന്നിനും പറ്റാത്ത അവസ്ഥ.... ഇപ്പൊ എല്ലാം തീർന്ന്... ഇപ്പൊ ന്റെ മാത്രം ബീവിയായി... അവളുടെ മടിയിൽ തലവെച്ച് കിടക്കുന്നു.... " അവനൊരു പുഞ്ചിരിയോടെ കൈയ്യെത്തിച്ച് ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് അവളുടെ മൂക്കിലൊന്ന് തട്ടി.... അതേ പുഞ്ചിരിയോടെ സ്നേഹത്തോടെ അവൾ അവന്റെ തലമുടി തഴുകി തലോടി തുടങ്ങി... "മഷ്‌ക്കാ... ഇനീം പോവൂലെ... " പ്രതീക്ഷിച്ചതാണെങ്കിലും അവളുടെ ചോദ്യത്തിൽ അവന്റെ ഉള്ളൊന്ന് നീറി... അതിന് മറുപടി പറയുമ്പോഴുള്ള പെണ്ണിന്റെ മായുന്ന പുഞ്ചിരിയും വാടിയ മുഖവും ഓർക്കേ അവനൊന്ന് നിശ്വസിച്ചു... കണ്ട് പോലും കൊതി തീർന്നിട്ടില്ല.. കൈയിൽ തൂങ്ങി ഓരോ കൊച്ച് കൊച്ച് കാര്യങ്ങളും ഓർത്തെടുത്ത് പറയുമ്പോ കൗതുകത്തോടെ നോക്കികാണുകയായിരുന്നു ആ മുഖം.. അതിൽ വിരിയുന്ന ഭാവങ്ങൾ.... ഒരിക്കലും പിരിയാതെ എന്നും കാണാനും കൂടെ ഉണ്ടാകാനുമൊക്കെ മനസ്സ് കൊതിക്കുന്നുണ്ട്.. പക്ഷെ.. കൊടുക്കാനുള്ള കടങ്ങളുടെ കണക്ക് തന്നെ നോക്കി പല്ലിളിക്കുമ്പോ പോകാതിരിക്കാൻ വയ്യല്ലോ... "പോകണ്ടേ...? " വെറുതെ ആണെങ്കിലും അവൻ ചോദിച്ചു..

"പോകണ്ട... " അതേ ട്യൂണിൽ മറുപടിയും കൊടുത്തു അവൾ.. അവളുടെ മറുപടിയിൽ ഒരു ദീർഘ ശ്വാസം ആഞ്ഞുടുത്തു അവൻ... "കഴിഞ്ഞ് പോയ ഓർക്കാൻ ഇഷ്ടമില്ലാത്ത നാളുകൾ പോലെ ഇനിയും നമുക്ക് മുമ്പിൽ കിടപ്പുണ്ട് അത് പോലെയുള്ള നാളുകൾ.. നിന്നോടുപ്പമുള്ള ഓരോ നിമിഷങ്ങൾ എനിക്കും എന്നോടൊപ്പമുള്ളവ നിനക്കും വരാനിരിക്കുന്ന നാളുകളിൽ ഓർമിക്കാൻ ഉതകുന്ന നീറുന്ന മധുരമൂറും ഓർമ്മകൾ മാത്രമാണ്... കഴിഞ്ഞു പോയവ ഓർക്കാൻ ഇഷ്ട്ടപ്പെടാത്തത് പോലെ വരാനിരിക്കുന്നവയും ഓർക്കണ്ട... ഇപ്പൊ നമ്മൾ ഒരുമിച്ചാണ് അതേ കുറിച്ച് മാത്രം ഓർത്ത് ഈ ഓരോ കുഞ്ഞ് കുഞ്ഞു നിമിഷങ്ങളും ആസ്വദിക്കുക..." അവന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന നോവിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാകാതെ അവൾ അവനെ മിഴിച്ച് നോക്കി... "പൊയ്ക്കോ... പോകണ്ട ന്ന് പറഞ്ഞതിനല്ലേ ഇത്രേം വലിയ മറുപടി... പൊയ്ക്കോ.. പ്രശ്നം തീർന്നില്ലേ... " ചിരിയോടെ രണ്ടും കയ്യും കൂപ്പിക്കൊണ്ടവൾ പറഞ്ഞപ്പോൾ അവനൊന്ന് മന്ദഹസിച്ചു.... വേദനയോടെ... പാവം പെണ്ണ്.....

അവനൊരു നിശ്വാസത്തോടെ അവളുടെ കൈ എടുത്ത് അവന്റെ ചുണ്ടിന് മേലെയായി വെച്ചു.. മൃദുവായ് അവളുടെ പുറം കയ്യിൽ അവൻ ചുംബിച്ചു.. ചുണ്ടിൽ വിരിഞ്ഞ മനോഹരമായ പുഞ്ചിരിയോടെ തന്നെ അവൾ അവന്റെ മുടിയിൽ കൈ വെച്ചു പതിയെ അവന്റെ നെറ്റിയിലും മുടിയിഴകളിലും വിരലുകൾ ഓടിച്ചു തുടങ്ങി.... അവളുടെ മൃദുലമായ തലോടലിൽ ഉറക്കം കണ്ണുകളെ കീഴ്പെടുത്തിയപ്പോൾ പതിയെ അവൻ കണ്ണുകൾ അടച്ചു... പുറകിലേക്ക് ചാരി കൊണ്ട് അവളും.. 🍁 🍁 🍁 🍁 🍁 എന്തോ ശബ്ദം കേട്ടത് പോലെ തോന്നിയപ്പോഴാണ് രണ്ട് പേരും ഞെട്ടി എഴുന്നേറ്റത്.. ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നഴ്സ് തല പുറത്തേക്ക് ഇട്ടിരിക്കുന്നത് കണ്ടതും അവർ പിടഞ്ഞെഴുനേറ്റു.. "ഷെറിയുടെയും ഡെലിവറി അടുത്തു.. മാറാനുള്ള വസ്ത്രങ്ങളും ക്ലോത്തും റെഡി ആക്കി വെച്ചേക്കൂ.... " എന്താണെന്ന ഭാവത്തിൽ അവരെ നോക്കിയപ്പോൾ അവർ വീണ്ടും പറഞ്ഞു കൊണ്ട് വാതിൽ അടച്ചു..

സമയം നോക്കിയപ്പോൾ വെളുപ്പിന് നാലര.. ആ ഇരിപ്പിൽ ഉറങ്ങി പോയതാണ്.. സുറുമി പെട്ടന്ന് തന്നെ ഉമ്മ പ്രതേകം മാറ്റി വെച്ച ബാഗ് കയ്യിലെടുത്തു.. ബാക്കിയൊക്കെ റൂമിലെക്ക് കൊണ്ട് പോയപ്പോ ഉമ്മ ആവിശ്യമുള്ളതാണെന്ന് പറഞ്ഞു മാറ്റി വെച്ചതാണ്... ഒരു കൈ എളിയിലും മറുകൈയിലെ ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് നെറ്റിയിലും പിടിച്ചിരിക്കുന്ന മശൂദ്നെ കാണേ അവന്റെ ആകുലത അവളെയും അസ്വസ്ഥയാക്കി.. പെട്ടന്ന് ഓർത്ത പോലെ അവൻ സുറുമിയോട് പറഞ്ഞു കൊണ്ട് ഫോൺ എടുത്ത് കുറച്ചപ്പുറം മാറി നിന്നു.. ഉമ്മയെ വിളിച്ചാലോ.. പക്ഷെ ഇപ്പൊ ഉമ്മാടെ അടുത്തേക്ക് പോയാൽ നേഴ്സ് വല്ല ആവശ്യത്തിനും വന്നാൽ അതും പ്രശ്നമാകും.. ഒരു നിമിഷം അവളൊന്ന് ശങ്കിച്ച് നിന്നു.. നിമിഷങ്ങൾ ആകുലതയോടെ കടന്ന് പോയി.. പെട്ടന്നാണ് ലേബർ റൂം തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നത്.. കയ്യിൽ വെള്ള ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞുമായി...

"ഷെറി പ്രസവിച്ചു.... പെൺകുഞ്ഞാണ്‌.. " അവർ പറയുന്നതിനോടൊപ്പം കുഞ്ഞിനെ അവൾക്കായി നീട്ടി.. ഒരു നിമിഷം അവൾ മഷൂദ് പോയ വഴിയേ നോക്കി.. ഇല്ല... അവനെ അവിടെ എങ്ങും കാണുന്നില്ല.. വിറയലോടെ ആണെങ്കിലും അവൾ ഇരു കയ്യാലും നഴ്സിൽ നിന്ന് കുഞ്ഞിനെ വാങ്ങി.. തുടുത്ത കവിളുകളും കുഞ്ഞ് ചുണ്ടുകളുമൊക്കെയായി ഒരു സുന്ദരി പെണ്ണ്....സുറുമി തന്റെ മാറോട് ചേർത്ത് പിടിച്ചു.. പതിയെ കുഞ്ഞി പെണ്ണിന്റെ നെറ്റിയിലായ് മുകർന്നു... "സിസ്റ്റർ... ഷെറി... " പെട്ടന്നാണ് ഓർമ വന്നത്.. "ആള് ഒക്കെയാണ്... കൊഴപ്പമില്ല.." അവർ പുഞ്ചിരിയോടെ മറുപടി കൊടുത്തു.. ഇതേസമയം മഷൂദ് നിയാസിന് വിളിച്ചെങ്കിലും അവൻ ഫോൺ എടുക്കാതെ ആയപ്പോൾ അവന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് അവന്റെ ഉപ്പയോട് കാര്യം പറഞ്ഞു... ക്ഷീണം കാരണം നിയാസ് നല്ല ഉറക്കമായത് കൊണ്ടാണ് ഫോൺ റിങ് ചെയ്തിട്ടും അറിയാതെ പോയത് ... അവനേം കൊണ്ട് വേഗം വരാമെന്ന് പറഞ്ഞ് ആകുലതയോടെയാണ് അവർ കാൾ അവസാനിപ്പിച്ചത്.. സൽമാനും വിളിച്ചു പറഞ്ഞു.. സഫയേയും കൂട്ടി വേഗം വരാമെന്ന് അവനും പറഞ്ഞു..

ഉമ്മയെ വിളിച്ചുണർതുന്നതിന് മുമ്പ് സുറുമിയോട് ഒന്ന് വിവരം പറയാൻ വേണ്ടി ദൃതിയിൽ ലേബർ റൂമിന്റെ വശത്തേക്ക് പോയതും കാണുന്ന കാഴ്ചയിൽ അവനൊരു നിമിഷം മതിമറന്നു നിന്നു.... വെങ്ങാട്ട് വീട്ടിലെ കുഞ്ഞതിഥിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് തന്റെ പെണ്ണ്... ഒരേസമയം കാണുന്ന കാഴ്ച മനസ്സും കണ്ണും നിറച്ചു.. ഇത് പോലെ എന്നും വെങ്ങാട്ട് വീടിനെയും അവിടെ ഉള്ളവരെയും ഇത് പോലെ നെഞ്ചോട് ചേർത്ത് സ്നേഹിക്കാൻ അവൾക്കെന്നും കഴിയട്ടെ... അവൻ ഉള്ളാലെ മന്ത്രിച്ചു.. തന്റെ അടുത്തേക്ക് സന്തോഷത്തോടെയും കാണുന്ന കാഴ്ചയിൽ മനസ്സ് നിറഞ്ഞും വെപ്രാളപ്പെട്ട് നടന്ന് വരുന്ന മശൂദ്നെ കണ്ടപ്പോൾ സുറുമി അവനെ നോക്കി പുഞ്ചിരിച്ചു.. "മഷ്‌ക്കാ... ബേബി ഗേളാണ്... ദേ നോക്കിയേ... ഒരു സുന്ദരി പെണ്ണ് ല്ലേ... " കുഞ്ഞിപ്പെണ്ണിനെ അവൻക്ക് കാണാൻ പാകത്തിൽ വെച്ച് കൊണ്ടവൾ പറഞ്ഞു... അവനും കണ്ണിമ വെട്ടാതെ അവളുടെ കൈയാൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കി.. "മഷ്‌ക്കാ.. ബാങ്ക് വിളിക്ക്..."പറയുന്നതിനോടൊപ്പം കുഞ്ഞിനെ പതിയെ അവന്റെ വശത്തേക്ക് ചെരിച്ചു അവൾ...

ഒരു കൈ കൊണ്ട് തലയും മറുകൈ കൊണ്ട് കുഞ്ഞിപ്പെണ്ണിന്റെ ചുറ്റും പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് സുറുമി .. മഷൂദ് പതിയെ സുറുമിയുടെ കൈക്ക് മുകളിൽ അവന്റെ കൈ വെച്ചു.. വലത് ചെവിക്കരികിൽ മുഖം അടുപ്പിച്ച് ബാങ്ക് വിളിച്ചു.. ശേഷം ഇടത് ചെവിയിലും... ഉമ്മ എടുത്ത് വെച്ച ബാഗിൽ നിന്ന് കാരക്കയുടെയും ഒരു ചീന്ത് എടുത്ത് അതിന്റെ മധുരം കുഞ്ഞിപ്പെണ്ണിന്റെ വായലായി തൊട്ടു കൊടുത്തു... "നിനക്ക് കുഞ്ഞിനെ പിടിക്കാൻ ഒക്കെ അറിയോ.. എനിക്ക് ഒട്ടും അറിയില്ല ട്ടൊ.. കഴുത്ത് നല്ലത് പോലെ ഉറച്ചാലേ ഞാൻ എടുക്കാറുള്ളൂ... " അവന്റെ വാക്കുകളിൽ അത്ഭുതം.. "ഫെറയെ എടുത്തുള്ള പരിചയം അത്രേ ഒള്ളൂ... " കുഞ്ഞി പെണ്ണിനെ പതിയെ തട്ടി കൊടുത്ത് കൊണ്ടാണവൾ മറുപടി പറഞ്ഞത്.. ഉറക്കമാണെങ്കിലും മധുരം തൊട്ടുടുത്തതിന്റെ ആകാം കുഞ്ഞിപ്പെണ്ണ് നാവ് നുണയുന്നുണ്ട്.. " ആണോ... പക്ഷെ നല്ല എക്സ്പേർട്ട് ഉള്ള പോലെ.... ഞാൻ ഉമ്മ വിളിച്ചുണർത്തട്ടെ... നീ കുഞ്ഞിനേം പിടിച്ച് ഇവിടെ ഇരിക്കോ... അല്ലേൽ നഴ്സനെ വിളിക്കാം.. " സന്തോഷം കൊണ്ടുള്ള ഒരു തരം വെപ്രാളത്തിലായിരുന്നു അവൻ..

"വേണ്ട മഷ്‌ക്ക... പോയിട്ട് വാ.. ഞാനിവിടെ ഉണ്ടല്ലോ... " അവൾ പറഞ്ഞപ്പോൾ അവളെയും അവളുടെ നെഞ്ചോട് ചേർത്തിരിക്കുന്ന കുഞ്ഞിനേയും ഒന്ന് നോക്കി അവൻ ദൃതിയിൽ ഉമ്മാടെ അടുത്തേക്ക് നടന്നു.. ഉമ്മയുടെ സന്തോഷ പ്രകടനത്തിന് പുറകെ നിയാസും വീട്ടുകാരും എത്തി.. ആകെ വിളറി പിടിച്ചാണ് നിയാസ് എത്തിയതെങ്കിലും സുറുമിയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു... ഹോസ്പിറ്റലിൽ ആണ്. ഷെറിയുടെ ഡെലിവറി അടുത്തിട്ടുണ്ട് എന്നാണ് മഷൂദ് ഉപ്പയെ അറിയിച്ചത്... അത് കൊണ്ട് തന്നെ നല്ല ടെൻഷൻ ആയിട്ടാണ് വന്നതും.. പക്ഷെ കൺമുമ്പിൽ കാണുന്ന കാഴ്ച്ചയിൽ അവന്റെ മനസ്സ് നിറഞ്ഞു.. അവന്റെ ഉമ്മ തന്നെ സുറുമിയിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൻക്കായി നീട്ടി... പതിയെ ഉമ്മയുടെ കൈക്ക് മുകളിൽ കൈ വെച്ച് കുഞ്ഞിപ്പെണ്ണിന്റെ മൃദുവായ നെറ്റിയിൽ ഒന്ന് മുത്തി അവൻ.... ഒരച്ഛന്റെ ആദ്യത്തെ സ്നേഹ ചുംബനം...

അതറിഞ്ഞ പോലെ കണ്ണുകളടച്ച് ഗാഢമായ ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണിന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.. 'സുഖ പ്രസവം' ആയത് കൊണ്ട് മൂന്ന് മണിക്കൂർ കൊണ്ട് ഷെറിയെ റൂമിലേക്ക് മാറ്റുമെന്ന് അറിയിച്ചു... അതനസരിച്ച് അവർ റൂമിലേക്ക് പോയി.. "മാമാടേം മാമിടേം സ്വപ്നരാവ് കൊളമാക്കി കയ്യിൽ കൊടുത്ത അബീടെ പൊന്നെ... " കുഞ്ഞിനെ കാണുന്ന അവസരങ്ങളിലെല്ലാം നിയാസ് ഇടം കണ്ണിട്ട് സുറുമിയെയും മശൂദ്നെയും നോക്കി കളിയാക്കി കൊണ്ടിരിന്നു... പുറകെ തന്നെ സഫയും സൽമാനും നിയാസിന്റെ ഉമ്മൂമയും മൂത്തുമ്മയുമൊക്കെയായി കുറച്ചാളുകളും കൂടെ വന്നതോടെ റൂം മൊത്തം വിശേഷങ്ങൾ പറയലും സംസാരവും ചിരിയുമൊക്കെയായി ആകെ ബഹളമായി... ഷെറിയെ റൂമിലേക്ക് മാറ്റിയതിന് പുറകെ സുറുമിയോടും മഷൂദ്നോടും വീട്ടിൽ പോയി നല്ല പോലെ ഉറങ്ങി എഴുനേറ്റ് വൈകീട്ട് വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ മറ്റുള്ളവരും അത് ശരിവെച്ചു...

ഉറക്കം ശരിയാവാകാത്തതിന്റെയും ഇരുന്ന് ഉറങ്ങിയതിന്റെയുമൊക്കെയാകാം കണ്ണിന് വല്ലാത്ത ഭാരം പോലെയും കഴുത്തും പുറവുമൊക്കെ ഒരു വേദന പോലെയും തോന്നി തുടങ്ങിയിരുന്നു സുറുമിക്ക്.. അവളുടെ മുഖത്തെ ക്ഷീണം മനസ്സിലായ പോലെ മഷൂദ് ഇറങ്ങാൻ വേണ്ടി ദൃതി വെക്കുമ്പോ ഒന്നാക്കി ചുമച്ചും ചിരിച്ചും കളിയാക്കാൻ നിയാസും സൽമാനും മറന്നില്ല... യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് വലിയേടത്ത് നിന്ന് വാപ്പച്ചി ഉമ്മയും സമീറയുമൊക്കെയായി വന്നത്.. പുലർച്ചെ തന്നെ സഫയും നിയാസും വന്നത് കൊണ്ട് വിവരങ്ങൾ അറിഞ്ഞ് പതിയെ പോയാൽ മതിയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു അവർ.... എല്ലാവർക്കും കഴിക്കാനുള്ള നാസ്തയമായിട്ടാണ് അവർ വന്നത്... എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചും വിശേഷങ്ങൾ പങ്കിട്ടും നാസ്തയും കഴിച്ചു.. മഷൂദും സുറുമിയും വെങ്ങാട്ടിലേക്ക് പോകാൻ ഇരിക്കാണെന്നു പറഞ്ഞപ്പോ പകരമായി സഫയോട് അവിടെ നിൽക്കാനും വൈകീട്ട് കമ്പനിയിൽ നിന്നും മടങ്ങുമ്പോൾ അവളേം കൂട്ടി വന്നാൽ മതിയെന്ന് വാപ്പച്ചി സൽമാനെ പറഞ്ഞേൽപ്പിച്ചു..

കമ്പനിയിൽ പോകാനോ എന്തിന് ഇന്ന് വർക്കിംഗ്‌ ഡേ ആക്കാൻ പോലും സൽമാൻ വിചാരിച്ചിട്ടില്ലായിരുന്നു.. വാപ്പച്ചി അന്തിമ തീരുമാനം പോലെ പറഞ്ഞതോടെ അവന് വേറെ നിവർത്തി ഇല്ലാതെയായി.. വാപ്പച്ചിക്ക് പുറകെ തന്നെ അവനോടും ഇറങ്ങാൻ പറഞ്ഞപ്പോൾ മുഖം ചുളിച്ച് പിറുപിറുത്തു കൊണ്ട് വാപ്പച്ചിക്ക് പുറകെ യാത്ര പറഞ്ഞിറങ്ങിയ അവനെ കാണേ മറ്റുള്ളവർ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു .. വലിയേടത്ത് നിന്നുള്ളവർ ഇറങ്ങിയതിന് പുറകെ മഷൂദും സുറുമിയും യാത്രപറഞ്ഞിറങ്ങി.. തിരികെ വെങ്ങാട്ടിലേക്ക് പോകുമ്പോ മശൂദ്ന്റെ മുഖത്തെ പ്രതേക സന്തോഷം സുറുമി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എന്താണെന്നു ചോദിച്ചപ്പോൾ നിനക്ക് ചുമ്മാ തോന്നുന്നതാ എന്ന് പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും കൈനിട്ടൊരു നുള്ള് കൊടുത്തപ്പോൾ ആള് കാര്യം പറഞ്ഞു... ഒരു നല്ല കാര്യത്തിന് പുറകെ വേറൊരു നല്ല കാര്യം സംഭവിക്കുക..അതും വീട്ടിലേക്ക് ഇന്നലെ വന്ന പെണ്ണിന്റെ കൈ കൊണ്ട് തന്നെ ആ നല്ല കാര്യത്തെ സ്വീകരിക്കുക...

ഒക്കെ വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യമാണെന്നാണ് കുഞ്ഞിപ്പെണ്ണിനെ ആദ്യം കൈയിലെടുത്തത് സുറുമിയാണെന്ന് പറഞ്ഞപ്പോൾ നിയസിന്റെ ഉമ്മൂമയും മൂത്തുമ്മുയുമൊക്കെ പറഞ്ഞത്... നല്ലത് സംഭവിച്ചാലും ഇനിയൊരു ശകുനം സംഭവിച്ചാലും അടുത്തായി കുടുംബത്തിൽ ഉണ്ടായ വിശേഷങ്ങളുടെ ഫലമാണെന്ന് പറയുക എന്നത് പണ്ടുള്ളവരുടെ പതിവാണല്ലോ... "അത്തരം പല്ലവികൾ എല്ലാം സ്ഥിരം കേൾക്കുന്നതാണെങ്കിലും അത് ചേർത്ത് പറയുന്നത് തന്റെ പെണ്ണിനെ ചേർത്താണല്ലോ എന്നോർത്തപ്പോ വല്ലാത്തൊരു സന്തോഷം തോന്നി " ഇതും പറഞ്ഞു കൊണ്ട് അവളുടെ കൈകളിൽ അവൻ കൈ കോർത്ത് ആ ആ കൈകൾ ഉയർത്തി തന്റെ ചുണ്ടോട് ചേർത്ത് വെച്ചപ്പോൾ അവന്റെ കണ്ണുകളിലെ സ്നേഹം തൊട്ടറിയെ അവളുടെ മനസ്സും നിറഞ്ഞു..

പുഞ്ചിരിയോടെ ഉള്ളിൽ അലയടിക്കുന്ന അവനോടുള്ള അടങ്ങാത്ത സ്നേഹത്തോടെ അവൾ അവന്റെ ചുമലിലേക്ക് ചാരി കിടന്നു .. അവന്റെ പ്രണയം ആർത്തലച്ച് പെയ്യുന്ന മഴ പോലെ ഒരു പേമാരിയായി അവളിലേക്ക് പെയ്തിറങ്ങുമ്പോ പേരറിയാത്ത അനുഭൂതിയുടെ നോവിൽ.... അവന്റെ പ്രണയം ഏറ്റു വാങ്ങി ...ഒടുവിൽ കടലിലേക്ക് ലയിച്ചു ഇറങ്ങുന്ന പുഴയെ പോലെ അവൾ തളർന്നു കിടന്നു.... ''ലവ് യൂ മഷ്‌ക്ക....ലവ് യു മാഡ്‌ലി... " അവന്റെ കാതോരം ചേർന്ന് അവൾ മന്ത്രിക്കുമ്പോ ആവേശത്തോടെ തീരത്തെ പുൽകുന്ന തിരമാലകളെ പോലെ അവൻ അവളിലേക്ക് അമർന്നു.. വീണ്ടും ഒരു സംയമനത്തിന്റെ തുടക്കമെന്നോണം ...തന്റെ മാത്രമാണെന്ന പോലെ... തന്റെ ജീവനാണെന്ന പോലെ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story