സുറുമി: ഭാഗം 33

surumi

എഴുത്തുകാരി: അവന്തിക

സ്നേഹം കൊടുത്തും അനുഭവിച്ചും ആ സ്നേഹം വലയത്തിൽ നമ്മൾ അന്തയായി തീരുക... ചുറ്റുള്ളതൊന്നും നമ്മളെ ബാധിക്കുകയോ മറ്റു കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കുകയോ ചെയ്യാതിരിക്കുക... കാരണം അതിന്റെ ഒക്കെ ഒരു പടി മേലെയായിരിക്കും നമ്മൾ അനുഭവിക്കുന്ന സ്നേഹവും നമ്മളെ സ്നേഹിക്കുന്ന ആ ആളുടെ സാന്നിധ്യവും.... അത് പോലെയൊരു അവസ്ഥയിലൂടെ കടന്ന് പൊവുകയായിരുന്നു സുറുമിയും.. രണ്ട് ദിവസം കൊണ്ട് തന്നെ ഷെറിയെ ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നു കൃത്യം ഏഴിന് അന്ന് കുഞ്ഞിപ്പെണ്ണിന്റെ മുടികളയാനും പേര് വെക്കാനും തീരുമാനമായി.. ഷെറിയെ നോക്കാനും കുഞ്ഞിനെ നോക്കാനും മെയ്ഡ് ഉണ്ടായിരുന്നെങ്കിലും രാവിലെ മുതൽ തുടങ്ങുന്ന പ്രസവാനന്തര ശ്രുശ്രൂഷയും അതിനോട് അനുബന്ധിച്ചുള്ള ബഹളങ്ങളും ഉച്ചക്ക് ശേഷം അവളേം കുഞ്ഞിനേം കാണാൻ വരുന്നവരുടെ തിരക്കും ഒക്കെയായി വെങ്ങാട്ട് വീട് എന്നും ഉണർന്നു തന്നെയിരുന്നു..

അടുക്കളയിൽ കയറിയോ ഭക്ഷണം ഉണ്ടാക്കിയോ ഉള്ള പരിചയം ഒന്നുമില്ലാത്തത് കൊണ്ട് അവളെ സംബന്ധിച്ച് ഉമ്മയുടെ കൂടെ കൂടി സഹായിക്കുക എന്നത് തന്നെ നല്ല ഭാരിച്ച പണികളായിരുന്നു... ഏഴിന്റെ അന്ന് ഫങ്ക്ഷൻ കൂടെ ഉറപ്പിച്ചതോടെ അതിന് മുന്നോടിയായി ഉള്ള തിരക്കും ബഹളങ്ങളും വേറെയും... എല്ലാം ആദ്യത്തെ അനുഭവങ്ങൾ ആയത് കൊണ്ട് തന്നെ കൗതുകപൂർവ്വം ഓരോന്നും അവൾ നോക്കി കണ്ടു .. ഇടക്ക് പറ്റുന്ന അബദ്ധങ്ങൾ വേറെയും... തിരക്ക് പിടിച്ച ജോലികളും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടവും നടത്തുവുമൊക്കെയായി ശരീരത്തിന് അവശത തോന്നുമെങ്കിലും ഇതിന്റെയെല്ലാം ഇടയിലും തനിക്ക് മേലുള്ള അവന്റെ കരുതലോടെയുള്ള പെരുമാറ്റവും സ്നേഹത്തോടെ മാത്രം നോക്കുന്ന അവന്റെ നോട്ടങ്ങളും കൊണ്ട് മനസ്സിന് ഇത്തിരി പോലും ക്ഷീണം തോന്നാറില്ല അവൾക്ക് .. പ്രണയമെന്ന മനോഹരമായ ഒരു തരം ലഹരി...

മനസ്സിനെ അസ്വസ്ഥമാക്കാനോ ഭാരിച്ച ചിന്തകൾക്കോ ക്ഷീണത്തിനോ ആ ലഹരി ഇടം കൊടുക്കാറില്ല ..... മനസ്സും ചിന്തകളും ചെയ്തികളും അവളുടെ പ്രണയത്തെ മാത്രം കേന്ത്രീകരിച്ചായിരുന്നു... പകലുകൾ തിരക്ക് പിടിച്ചും രാത്രികൾ അവന്റെ പ്രണയമേറ്റ് വാങ്ങി അവന്റെ നെഞ്ചോട് ചേർന്ന് നിദ്രയെ പുൽകിയും ഒന്നിന് പുറകെ ഒന്നായി ദിവസങ്ങൾ കടന്ന് പോയി... ഇതിനടയിൽ നാലകത്തെയും വെങ്ങാട്ടിലേയും ആദ്യത്തെ കണ്മണിയുടെ ഏഴിന്റെ പരിപാടി ഗംഭീരായി നടന്നു ... ഏഴിന്റെ അന്ന് രാവിലെ മാടിനെ അറുക്കലും മുടികളയലും ഉച്ചക്ക് രണ്ട് വീട്ടിലെയും വലിയേടത് വീട്ടിലെയും ഒഴിച്ച് കൂടാൻ പറ്റാത്ത അടുത്ത ബന്ധുക്കളുമോക്കെയായി ഗംഭീര വിരുന്ന് തന്നെ മഷൂദ് ഒരുക്കി... ഒരുപാട് പേർ നിർദേശിച്ച നല്ല പേരുകളിൽ നിന്ന് സുറുമിയാണ് കുഞ്ഞിപ്പെണ്ണിനുള്ള പേര് തിരഞ്ഞെടുത്തത്.. "റുമ്മാൻ " സ്വർഗ്ഗ ലോകത്തെ സ്വാദിഷ്ടമായ പഴങ്ങളിൽ ഒന്നിന്റെ പേര്..

നമ്മുടെ നാട്ടിൽ സർവ്വ സാധാരമായി കണ്ട് വരുന്ന മധുരവും ഭംഗിയും ഒത്തിണങ്ങിയ ഉറുമാൻ പഴത്തിന്റെ അറബി നാമം .. അതാണ് സുറുമി കുഞ്ഞിപ്പെണ്ണിന് വേണ്ടി തിരഞ്ഞെടുത്തത്... വീട്ടിൽ വിളിക്കാൻ റൂമി എന്ന് വെച്ചു . .. അവളെ ആദ്യമായി വാങ്ങിയത് അവളുടെ മാമിയല്ലേ.. അപ്പൊ മാമിയുടെ പേര് തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ആ പേര് നിർദേശിച്ചത് നിയാസാണ്.... വെങ്ങാട്ട് വീട്ടിൽ ആരും തന്നെ റൂമി ന്ന് സുറുമിയെ വിളിക്കാറുമില്ല.... ഏഴിന്റെ പരിപാടിക്ക് പുറകെയായി വലിയേടത്ത് വീട്ടിൽ മഷൂദ്നും സുറുമിക്കും നല്ലൊരു വിരുന്ന് ഒരുക്കിയിരുന്നു.. അതിനെ പുറകെയായി സൽമാനെയും സഫയേയും അടക്കം രണ്ട് നവദമ്പതിമാർക്കും രണ്ട് വീട്ടിലെയും ബന്ധുക്കളും നിഹാലും നിയാസിന്റെ വീട്ടിലും സമീറയുടെ വീട്ടിലുമെല്ലാം ഓരോ ദിവസമായി വിരുന്നിന്റെ തിരക്ക് തന്നെയായിരുന്നു.... വലിയേടത്ത് വീട്ടിലെ പരിപാടിയുടെ അന്ന് മഷൂദും സുറുമിയും അന്നവിടെ തങ്ങി..

അന്ന്, തന്റെ മാത്രം ഇടമാണെന്ന് പറഞ്ഞ് അവളുടെ മുറിയിലേക്ക് അവനെ കൂട്ടികൊണ്ട് പോവുകയും അവളുടെ കണ്ണുനീർ കൂടുതലായി ഏറ്റു വാങ്ങിയ തലേണയും സ്വപനങ്ങൾ പങ്കിട്ട കണ്ണാടിയുമൊക്കെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും അതിലെല്ലാമുപരി ആ നീറുന്ന ഓർമയിൽ ഒരു പുഞ്ചിരി വിരിയിച്ച് കൊണ്ടും ഓരോന്നും അവന് പരിചയപ്പെടുത്തി അവൾ ... പക്ഷെ ഈ സമയമെല്ലാം അവനെ അസ്വസ്ഥമാക്കിയത് തന്റെ ഇല്ലായ്മയായിരുന്നു.. പഴമ വിളിച്ചോതുന്ന ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന വലിയേടത്ത് വീടും മരത്തടിയാൽ അലങ്കരിച്ച മുറികളും അതിലെ സൗകര്യങ്ങളും കാണേ ഇത്രയും സൗകര്യത്തിൽ വർഷങ്ങൾ ജീവിച്ചവളാണ് തന്റെ കൂടെ തന്റെ ചെറിയ കൂരക്കുള്ളിൽ ചെറിയ നാല് ചുമരുക്കുള്ളിൽ സന്തോഷം കണ്ടെത്തുന്നത് എന്ന ചിന്ത അവന്റെ ഉള്ളിൽ നീറ്റലുണ്ടാക്കി ... എന്നാൽ സുറുമി അവളുടെ മുറിയിലുള്ള ഓരോന്നും എടുത്ത് അവനെ കാണിക്കുകയും അവ ഓരോന്നിനെ പറ്റിയും തീരാത്ത അത്രയും വിശേഷങ്ങൾ പറയുന്നതും തുടർന്ന് കൊണ്ടിരിന്നു..

മശൂദ്നെ ആദ്യമായി കണ്ട അന്ന് ധരിച്ച വസ്ത്രവും ഹനയുടെ റിസപ്ഷൻ ദിവസം ധരിച്ച പിങ്ക് അനാർക്കലിയും അവൾ കളയാതെ സൂക്ഷിച്ചിരുന്നു.. ഒന്ന് അവനെ ആദ്യമായി കണ്ട് മുട്ടിയ അന്ന് ധരിച്ചതും മറ്റൊന്ന് ആദ്യമായി അടുത്തറിഞ്ഞ് ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം ധരിച്ചതും.. അതവൾ അവനെ കാണിക്കുമ്പോൾ അവന്റെ കണ്ണുകളിലെ ഭാവം എന്തെന്ന് തേടുകയായിരുന്നു അവൾ.... അതെന്നല്ല... അവന്റെ ഓർമ്മകൾ പേറിയ ഓരോന്നും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.. ഒടുവിൽ അവന്റെ അഭാവത്തിൽ തന്റെ ജീവനും ശ്വാസവും ഇതായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഹനയുടെ പക്കൽ കൊടുത്തുവിട്ട ആ കത്ത് ഉയർത്തി കാണിക്കുമ്പോൾ അവന്റെ ഉള്ളിലെ നീറ്റൽ കണ്ണുകളെയും ബാധിച്ചിരുന്നു ... പുറകെയായി ഈ വീട്ടിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പറഞ്ഞ് അവൻ അറിഞ്ഞു കൊണ്ട് അല്ലെങ്കിൽ പോലും അവനെ കുറിച്ചറിയാൻ വെമ്പി നിൽക്കുന്ന ഒരു സാഹ്യാനത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ കോളേജിൽ വെച്ച് സഫ കയ്യിലേക്ക് വെച്ച് കൊടുത്ത ആ മിഠായി കവറുകളും ഹനയുടെ റെസ്പെഷൻ ദിവസം അവനെ ആദ്യമായി അടുത്തറിഞ്ഞ ആ ദിവസം അവൻ ആദ്യമായി നേരിട്ടു സമ്മാനിച്ച ആ ചോക്ലേറ്റ് കവറുകളും കാണിച്ചപ്പോൾ അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു..

പെട്ടന്നായിരുന്നു അവന്റെ പ്രവൃത്തി... ഞൊടിയിടെ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ച് തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു അവൻ... ഒരിക്കലും അവളുടെ ഈ സ്നേഹത്തിന് താൻ അർഹയല്ല എന്നും എന്റെ കഴിവ് കേട് ഒന്ന് കൊണ്ട് മാത്രം അവൾ വെങ്ങാട്ട് അനുഭവിക്കുന്ന അസൗകര്യങ്ങളിൽ മാപ്പ് ചോദിക്കണമെന്നും ഈ സ്നേഹത്തിന് പകരമായി നൽകാൻ തന്റെ പക്കൽ ഒന്നുമില്ല എന്നുമൊക്കെ പറയണം എന്നുണ്ടായിരുന്നു അവന് .. പക്ഷെ ഒന്നിനും പറ്റുന്നില്ല... അവൾക്ക് തന്നോടുള്ള അടങ്ങാത്ത പ്രണയത്തിന് മുമ്പിൽ തോറ്റു പോയവനെ പോലെ അവളെ നെഞ്ചോട് ചേർത്ത് അവൻ നിന്നു.. അവളെ വലയം ചെയ്തിരിക്കുന്ന ആ കരങ്ങൾക്കുള്ളിൽ ഒരു അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ ആ നെഞ്ചോട് ചേർന്നവളും.. തുറന്ന് പറഞ്ഞില്ലെങ്കിലും ക്രമാതീതമായി മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയതാളവും കൊഞ്ചലോടെ അവൾ സംസാരിക്കുമ്പോ സാധാരണ പ്രണയപൂർവ്വം നോക്കാറുള്ള ആ കണ്ണുകളിൽ കണ്ട നോവും അവന്റെ മാനസിക പിരിമുറക്കത്തിന്റെ ആണെന്ന് അവൾക്കറിയാമായിരുന്നു...

"ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ട്ടം ന്റെ മഷ്‌ക്കാടെ അടുത്താ .... മഷ്ക്കാടെ വീടും നമ്മുടെ മാത്രം ലോകമായ ആ മുറിയും പിന്നെ എന്നെ ചുറ്റി പിടിച്ചിരിക്കുന്ന ഈ കൈകൾക്കുള്ളിൽ ഈ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഈ സ്ഥലവുമാണ് ഈ ലോകത്ത് എനിക്ക് ഏറ്റവും സമാധാനം തരുന്ന ഇടം.. എനിക്കേറ്റവും ഇഷ്ടപ്പെട്ടതും..." അവന്റെ ഉള്ളിലെ നീറ്റൽ അറിഞ്ഞ പോലെ അവൾ പറയുകയും അവന്റെ പുറത്ത് അവളുടെ കൈകൾ ആശ്വസിപ്പിക്കാനെന്ന പോലെ പതിയെ തട്ടി കൊണ്ടിരിക്കുകയും ചെയ്തു.... മനസ്സറിഞ്ഞു കൊണ്ട് അവൾ പറയുന്ന ആ വാക്കുകൾ കേൾക്കെ അവന്റെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.. അതവന്റെ കണ്ണുകളെയും ഈറനണിയിച്ചു.. ◽️ ◽️ ◽️ ◽️ " നീ മാത്രം ഒന്നും പറഞ്ഞില്ല....? " തന്റെ ഇടനെഞ്ചിലായ് തല വെച്ച് വയറിലൂടെ ചുറ്റി പിടിച്ച് കിടക്കുന്ന സുറുമിയോടായി മഷൂദ് ചോദിച്ചു... പെണ്ണിന്റെ നീണ്ട നിശ്വാസം കാതോർക്കേ അവൻ തുടർന്നു.. നവിയും വാപ്പച്ചിയും സൽമാനും ഉമ്മയും സഫയടക്കം ചോദിച്ചു എന്തിനാ ഇത്ര പെട്ടന്നൊരു പോക്കെന്ന്... അവരെ പറഞ്ഞിട്ട് കാര്യമില്ല..

കല്യാണം കഴിഞ്ഞ് വളരെ കുറഞ്ഞ ദിവസം മാത്രല്ലേ ആയൊള്ളൂ ... നവി നല്ല വഴക്കായിരുന്നു.. ഉമ്മയും എന്തൊക്കെയോ പറഞ്ഞു.... സൽമാൻ നേരിട്ട് പറഞ്ഞില്ലേലും സഫയോട് പറഞ്ഞു കാണും.. അതാണല്ലോ സഫ വിളിച്ച് പരിഭവം പറയണേ... അവരൊക്കെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുദം ഒന്നും തോന്നിയില്ല... പക്ഷെ നീയ് ഒരു വാക്ക് പോലും ചോദിക്കാതിരിന്നപ്പോഴാ.... നിനക്ക് സങ്കടം ഒന്നൂല്ല്യേ പെണ്ണെ.....? " അവളെ ചുറ്റി പിടിച്ചു കൊണ്ടവൻ ചോദിച്ചു.. "എന്തിന്.... എനിക്കങ്ങനെ ഒന്നുല്ല്യ..." ഇതൊക്കെ എന്ത് എന്ന ഭാവത്തോടെയുള്ള അവളുടെ മറുപടി കേട്ടതും കുറുമ്പോടെയവൻ വയറിലായ് ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈ തട്ടി മാറ്റി.. നെഞ്ചിലായ് കിടക്കുന്ന അവളെ തള്ളി ബെഡിലേക്ക് ഇട്ട് കൊണ്ട് മറുവശം ചെരിഞ്ഞു കിടന്നു... അവന്റെ കുറുമ്പോടെയുള്ള പ്രവർത്തിയിൽ അവളൊന്ന് കുണുങ്ങി ചിരിച്ചു കൊണ്ട് ചെരിഞ്ഞ് കിടക്കുന്ന അവന്റെ കൈക്കിടയിലൂടെ അവളുടെ കൈ കടത്തി വയറിലായ് ചുറ്റി പിടിച്ച് അവന്റെ പുറത്ത് തല ചേർത്ത് വെച്ചു.. "ഇങ്ങനെ അല്ലെ എന്നോട് എപ്പോഴും ചെയ്യാറ് ...

നല്ല ഡ്രസ്സ് ഇട്ടാലും എന്ത് ഫുഡ്‌ ഉണ്ടാക്കി തന്നാലും എല്ലായപ്പോഴും ഇങ്ങനെ അല്ലെ.... ഇതൊക്കെ എന്ത് എന്നാ പുച്ഛ ഭാവം ..." "അങ്ങനെ ഉള്ള കാര്യാണോ ഇത്...വേണ്ടാ....നീ നിന്റെ മനസ്സിലുള്ളേ ല്ലേ പറഞ്ഞെ.... എനിക്ക് മനസ്സിലായി.. കുറച്ചു ദിവസം കൊണ്ടെന്നെ മടുത്തു അല്ലെ...." കുറുമ്പോടെ തന്നെയാണവൻ.. " ദേ മഷ്ക്കാ തമാശക്ക് പോലും ഇങ്ങനെ പറയല്ലേ... കണ്ട് പോലും കൊതി തീർന്നില്ല്യാ..... " പരിഭവത്തോടെ പറഞ്ഞു കൊണ്ടവൾ അവന്റെ പുറത്ത് പല്ലുകൾ ആഴ്ത്തി.. "ഹൗ.. വേദനിക്കുന്നു.. നീ എന്തൊരു ഉപദ്രവക്കാരിയാ.... കല്യാണം കഴിഞ്ഞ് പത്തിരുപതിഞ്ച് ദിവസം ആയപ്പഴേക്കും പിച്ചിയും മാന്തിയും കടിച്ചും എന്നെ ഒരു വഴിക്കാക്കി..ഇക്കണക്കിനു പോയാൽ ഞാൻ നാട്ടിലുള്ള ആളാണെങ്കിൽ എന്നെ നീ കൊല്ലോലോ..." അവളുടെ ശക്തിയിലല്ലാത്ത കടിയിൽ അവനൊന്ന് കുതറി കൊണ്ട് പറഞ്ഞു.... "വേദനിക്കട്ടെ.... അങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ..." "പിന്നെ പറയാതെ... നിനക്ക് എന്നെ ഇഷ്ടല്ലാത്തോണ്ടല്ലേ..."

"മഷ്ക്കാ..." അവൾ ചിണുങ്ങി കൊണ്ട് അവനോട് ഒന്നൂടെ ചേർന്ന് കിടന്നു... "എനിക്ക് സങ്കടം ഇല്ലാണ്ടിരിക്കോ... സങ്കടോം വിഷമോം ഒക്കെയുണ്ട്.. പക്ഷെ..." അവൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മഷൂദ്ന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു...എന്നാലും അത് പുറത്ത് കാണിക്കാതെ കപടതയോടെ തന്നെ കിടന്നു.. കാതുകൾ അവളുടെ വാക്കുകൾക്കായി കാതോർത്ത് കൊണ്ടും ... "ഒരു നോട്ട് പാടും പിടിച്ച് വല്ലാതെ ചിന്തയിലാണ്ട് കൂട്ടിയും ഇണക്കിയും അസ്വസ്തമാകുന്ന മഷ്ക്കാനെ ഞാൻ ഇടക്ക് കാണാറുണ്ട്.... കഴിഞ്ഞുസം കീ എടുക്കാൻ വേണ്ടി എന്നെ പറഞ്ഞ് വിട്ടില്ലേ..അന്ന് ആ ഡ്രോയറിൽ ഉണ്ടായിരുന്നു ആ നോട്ട് പാട്...ഇടക്ക് നിങ്ങള്ടെ കയ്യിൽ കാണാറുള്ളതിന്റെ ഒരു കൗതുകം.. വെറുതെ തുറന്ന് നോക്കി... അതിലുണ്ടായിരിന്നു ന്റെ മഷ്ക്കാക്ക് ഈ കല്യാണത്തിന് വേണ്ടി ചിലവായതും സഫക്ക് വേണ്ടി ചിലവായതും റൂമിമോൾടെ ഏഴിന്റെ ഫങ്ക്ഷനും മറ്റുമെല്ലാം ചേർത്ത് കൊടുത്ത് വീട്ടാനുള്ള കടത്തിന്റെ കണക്ക്..."

അവൾ പറഞ്ഞു തീർന്നതും മഷൂദ് ഒരു നിമിഷം മൗനമായി.. പതിയെ, തന്നെ ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈ എടുത്ത് മാറ്റി എഴുനേറ്റ് ഇരുന്നു. ഒരു കാൽ കുത്തി വെച്ച് അതിലേക്ക് കൈ ഊന്നി കൊണ്ട് നെറ്റിയിൽ കൈ താങ്ങി... മുഖം ചുളിച്ച് ഒരാശങ്കയോടെ അവളും എഴുന്നേറ്റിരുന്നു...തള്ള വിരലും ചൂണ്ട് വിരലും കൊടുത്ത് നെറ്റിയിൽ താങ്ങി ഇരിക്കുന്ന അവനെ കാണെ സുറുമിയുടെ ഉള്ളൊന്ന് നീറി... അവന്റെ മനസ്സ് എത്രത്തോളം ആസ്വസ്ഥമാണെന്ന് ചിന്തയിലാണ്ട് ഇരിക്കുന്ന അവന്റെ മുഖഭാവത്തിൽ നിന്നും അവന്റെ ഇരുപ്പിൽ നിന്നും അവൾ വായിച്ചെടുത്തു.... "മഷ്ക്കാ...എന്തിനാ എല്ലാം ഇങ്ങനെ ഒറ്റക്ക് ഉള്ളിലിട്ടോണ്ട് നടക്കണേ .. എന്നോട് പറഞ്ഞൂടെ മഷ്ക്കക്ക്... പരസ്പരം ഷെയർ ചെയ്താലല്ലേ കുറച്ചൊരു ആശ്വാസം തോന്നൂ,.. ഒരു റിലേഷൻ ആകുമ്പോ അവർ പരസ്പരം സന്തോഷത്തിലും ദുഖത്തിലും പ്രയാസങ്ങളിലും ഒരുമിച്ച് വേണം ന്നല്ലേ.... എന്നിട്ടെന്താ എന്നോട് ഒരു വാക്ക് പറയാത്തെ...." അവന്റെ മുമ്പിലേക്കായി ഇരുന്ന് കൊണ്ടവൾ ചോദിച്ചു... "അതല്ല എന്നെ അങ്ങനെ ഒരു എല്ലാം ഷെയർ ചെയ്യാൻ പറ്റിയ പാർട്ണർ ആയി മഷ്ക്കാ കണ്ടിട്ടില്ല എന്നാണോ ...

ഫിസിക്കലി മാത്രേ എന്നെ വേണ്ടോള്ളൂ എന്നുണ്ടോ...? " അവന്റെ ഭാഗത്തു നിന്ന് മറുപടി കേൾക്കാത്തപ്പോൾ അവൾ വീണ്ടും ചോദിച്ചു.. ഇത്തവണ ഇച്ചിരി പരിഭവം നിറഞ്ഞിരുന്നു അവളുടെ വാക്കുകളിൽ.. "ഹേയ്... എന്താ സുറുമി ഇങ്ങനെയൊക്കെ പറയണേ... നിന്നെ ഞാൻ എന്റെതായല്ലേ കണ്ടിട്ടുള്ളേ.. " "പിന്നെന്തിനാ ഇത്രേം വലിയൊരു ഭാരം സ്വയം കൊണ്ട് നടക്കണേ ... എന്നും രാത്രി പുറത്തും തലയിലുമെല്ലാം മസാജ് ചെയ്ത് തന്ന് കൊണ്ട് അന്നത്തെ വിശേഷങ്ങൾ ഓരോന്നും ഞാൻ പറയുമ്പോ എല്ലാം മൂളി കേൾക്കാറുണ്ടല്ലോ.... ഇനി ഇന്നത്തെ മഷ്ക്കാടെ സ്പെഷ്യൽ വിശേഷങ്ങൾ എന്തേലും ഉണ്ടേൽ പറയ് ന്ന് ഞാൻ എല്ലാ ദിവസോം പറയാറില്ലേ.. അപ്പൊ ഒന്നുല്ല്യ വേഗം കിടന്ന് ഉറങ്ങിക്കോ ന്നും പറഞ്ഞ് കിടക്കാറല്ലെ പതിവ് .. " '"അതിന് ന്റെ സുറുമി... ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല.. നീ ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന ആളാണ്.... ഞാനെന്റെ കടകെണിയും പ്രായസോം പറഞ്ഞ് വിഷമിപ്പിക്കണ്ടാന്ന് വെച്ചിട്ടാ... അല്ലാതെ നീ പറയും പോലെ ഒന്നുമല്ല...

വെറുതെ നിന്നോട് കൂടെ പറഞ്ഞ് നീ വിഷമിക്കാ എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലാലോ .... അതല്ലേ... " പരിഭവിച്ച് ഇരിക്കുന്ന അവളെ കാണെ വത്സല്യത്തോടെയാവൻ അവളുടെ രണ്ട് തൊളിലും കൈ വെച്ചു.. "എനിക്കൊന്നും ചെയ്യാൻ പറ്റില്ലായിരിക്കാം.. പക്ഷെ എനിക്ക് നെഞ്ചുരുകി പ്രാർത്ഥിക്കാലോ.. ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ മഷ്ക്കാടെ കടം ഒക്കെ വീടാനും പ്രയാസങ്ങൾ മാറാനും എല്ലാം തീർന്ന് നാട്ടിൽ സെറ്റൽഡ് ആകാനും എന്നും എനിക്ക് കാണാൻ പറ്റുന്ന രീതിയിൽ മഷ്ക്കക്ക് നല്ലൊരു ജോബ് ഇവിടെ തന്നെ ശരിയാകാനുമൊക്കെ ...." "നീ നെഞ്ചുരുകി കഴിയേണ്ടന്ന് വെച്ചല്ലേ ഞാൻ പറയാതെ ഇരുന്നേ..." പറഞ്ഞിട്ടും മതി വരാതെ പരിഭവത്തോടെ ഇരിക്കുന്ന അവളുടെ താടിയിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു.. "വേണ്ടാ ന്നോട് മിണ്ടണ്ട...അതൊന്നുമല്ല.. ഞാൻ സലുക്കാടെ അടുത്തും വാപ്പച്ചീടെ അടുത്തും പറയും ന്നൊക്കെ വിചാരിച്ചല്ലേ..." "ഞാനെന്തിനാ അങ്ങനെ വിചാരിക്കുന്നെ... എനിക്കങ്ങനെയുള്ള പേടി ഒന്നുമില്ല.." അവനും ചുണ്ട് കോട്ടി "ഇല്ല്യേ...? " അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടവൾ ചോദിച്ചു...

"ഇല്ല്യ ..." മറ്റെവിടെയോ നോക്കി കൊണ്ട് അവനും... "ഹാ ന്റെ മുഖത്തേക്ക് നോക്ക് ന്നട്ട് പറയ്..." അവൾ അവന്റെ മുഖം പിടിച്ച് അവൾക്ക് നേരയാക്കി.. വേറെ മാർഗം ഇല്ലാത്തപ്പോൾ അവൻ നോക്കി,പുരികം ചുളിച്ച് തന്റെ കണ്ണുകളിൽ ഒളിപ്പിച്ച കാര്യം പോലും ചികഞ്ഞെടുക്കുന്ന അവളുടെ മുഖത്തേക്ക്.... ഒന്ന് രണ്ട് നിമിഷം,.,.,.... പിന്നെ രണ്ട് പേരും ഒരുപോലെ ചിരിച്ചു... കള്ളം പിടിക്കപ്പെടുമെന്നാകുമ്പോഴാണ് അവൻ ചിരിച്ച് മുഖം ഒളിക്കാൻ ശ്രമിക്കാറെന്ന് അവൾക്കും തന്റെ കള്ളം മറച്ച് വെക്കാനാണ് ഈ ചിരിയെന്ന് അവൻക്കും അറിയാം.. കള്ളം ഒളുപ്പിച്ചു കൊണ്ടവൻ ചിരിച്ച് കൊണ്ട് അവളെ നോക്കി കണ്ണിറുക്കി.... "ഇളിക്കണ്ട... സമ്മതിക്കണം.. ഇത്രയൊക്കെ ചിന്തകളും ടെൻഷനും ഉണ്ടായിട്ടും ഇങ്ങനെ ആളെ കളിയാക്കി ചിരിക്കാൻ നിങ്ങൾക്ക് തന്നെ കഴിയുള്ളൂ..." "ഇതാ ഞാൻ പറഞ്ഞെ.. ന്റെ സുറുമിക്ക് ഇതൊന്നും താങ്ങൂലാന്ന്... ഇപ്പോ തന്നെ നീ ടെൻഷൻ അടിച്ചു തുടങ്ങി...

ഉപ്പ പോയതിന് ശേഷം കയറികൂടിയതാ ഓരോരോ ഭാരങ്ങൾ ന്റെ ഉള്ളിൽ.. ഒന്നെല്ലെങ്കിൽ ഒന്ന് എപ്പഴും ഉണ്ടാവും ....ന്നിട്ട് ഞാൻ പുറത്ത് കാണിക്കാറുണ്ടോ.. ഇല്ലല്ലോ നല്ല കൂൾ ആയല്ലേ നടക്കാറ്..." "അത് നിങ്ങള് ആണുങ്ങളുടെ അത്ര മനക്കട്ടി ഞങ്ങൾ ലേഡീസ് ന്ന് ഉണ്ടാവൂല്ലല്ലോ അത് കൊണ്ടിട്ടാ..." "ആണോ... അശ്ശോടാ... പാവം ലേഡീ..." അവൻ രണ്ട് ഭാഗത്തേക്കായി തൂങ്ങി കിടക്കുന്ന അവളുടെ കഷ്ടിച്ച് തോളറ്റം വരെയുള്ള മിനിസമുള്ള മുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് അവളുടെ നെറ്റിയുമായ്‌ അവന്റെ നെറ്റി മുട്ടിച്ചു..... "അതേയ്... ഞാനൊരു കാര്യം പറയട്ടെ...?" "പറഞ്ഞോ.. ഒന്നല്ല എത്ര വേണേലും പറഞ്ഞോ....രണ്ടൂസം കഴിഞ്ഞാ പൂവല്ലേ ഞാൻ.. പിന്നെ പറയാൻ പറ്റില്ലാലോ... അതോണ്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞോ..." "ദേഷ്യാവോ..." "ഇത് വരെ ദേഷ്യപ്പെട്ടിട്ടില്ലല്ലോ...." "ച്ചും..." അവൾ ഇല്ലെന്ന് ചുമൽ കോച്ചി "ന്നാ പറയ്...'' "അതേയ്.. അതുണ്ടല്ലോ...."

"അതുണ്ട്... ചിണുങ്ങാതെ പറയ് പെണ്ണേ ..." "വാപ്പച്ചി എനിക്ക് വേണ്ടി കുറച്ച് ക്യാഷ് എടുത്തു വെച്ചിട്ടുണ്ട്.. ഗോൾഡ് വാങ്ങാൻ വേണ്ടിയായിരുന്നു.. പക്ഷെ നിങ്ങളന്ന് എനിക്ക് ഉപയോഗിക്കാൻ ഉള്ളത് മാത്രം വാങ്ങിയാൽ മതിയെന്ന് ചട്ടം കെട്ടിയപ്പോൾ അവിടെ ക്യാഷ് ആക്കി തന്നെ വെച്ചേക്കുവാണ്... കഴിഞ്ഞുസം ഉമ്മ വിളിച്ചപ്പോ ചോദിച്ചു എനിക്ക് എവിടേലും അത് ഡെപ്പോസിറ്റ് ചെയ്ത് മന്ത്ലി ഒരു എമൗണ്ട് കയ്യിൽ കിട്ടുന്ന രീതിയിൽ ആക്കട്ടെ ന്ന്...ഞാൻ ചോദിച്ചിട്ട് പറയാമെന്നാ പറഞ്ഞെ.. പക്ഷെ ഇപ്പൊ എനിക്കൊരു സജെക്ഷൻ.. ആ ക്യാഷ് വാങ്ങി നമ്മടെ കടം വീട്ടിയാലോ " അവന്റെ കഴുത്തിലൂടെ കൈ ചുറ്റി പുറം കഴുത്തിൽ അവളുടെ കൈ കോർത്തു കൊണ്ടാണ് അവൾ ചോദിച്ചത്... അത് കേട്ടതും രൂക്ഷമായി അവളെയൊന്ന് നോക്കി അവൻ ..അവന്റെ വലിഞ്ഞു മുറുകിയ മുഖത്തെ പേശികൾ കാണെ അവളൊന്ന് പതറി.. അവളുടെ കൈക്കുള്ളിൽ നിന്ന് മാറാൻ നോക്കിയെങ്കിലും അവൾ ബലമായി തന്നെ അവനെ പിടിച്ചു...

"ദേഷ്യം പിടിക്കല്ലേ.... ഞാനൊരു ഒപ്പീനിയൻ പറഞ്ഞതാ...." അവൻ ക്ക് ദേഷ്യം വന്നു എന്നായപ്പോൾ അവൾ മുഖം ചുളിച്ച് അവനെ നോക്കി പറഞ്ഞു ... "പ്ലീസ്,....ദേഷ്യപ്പെടല്ലേ...." രൂക്ഷമായി അവളെ നോക്കുന്ന അവനെ നോക്കി അവൾ കെഞ്ചി,.. "നിന്റെ സജെക്ഷൻ ....എന്നെ കൊണ്ട് പറയിപ്പിക്കണ്ട,.. ഉമ്മാനോടോ സൽമാനോടോ വീട്ടിൽ ആരോടെങ്കിലും പറഞ്ഞോ ഞാൻ കടം കയറി നിൽക്കാന്ന്....? ഏഹ്..?"തന്നെ ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈ കുടഞ്ഞെറിഞ്ഞു അവൻ ... "ച്ചും " അവൾ ചുമൽ കോച്ചി. "മുഖത്തേക്ക് നോക്ക് സുറുമി.... ന്നട്ട് വായ തുറക്ക്..." അവന്റെ ശബ്ദം ഉയർന്നു.. "ഇല്ല്യാ.... ഞാൻ ആരോടും പറഞ്ഞിട്ടില്ല...ദേഷ്യപ്പെടൂലാ ന്ന് വാക്ക് പറഞ്ഞതല്ലേ ന്നോട് .... ന്നിട്ട് ന്തിനാ ചാടി കടിക്കാൻ വരണേ ... വാക്കിനു വിലയില്ലാത്ത ...." തന്നെ രൂക്ഷമായി നോക്കുന്ന അവന്റെ കണ്ണുകളിലേക് നോക്കി മുഴുവപ്പിക്കാതെയവൾ ചുണ്ട് കോട്ടി... അത് കാണെ അവന് ചിരി വന്നു ..

കുശുമ്പ് കയറി ചുണ്ട് മേലേക്ക് ഉന്തി നിൽക്കുമ്പോ പോലും പെണ്ണിനെ കാണാൻ വല്ലാത്ത മൊഞ്ചാ .... ശരിക്കും ഒരു ക്യൂട്ട് ബാർബി ഗേൾ... പക്ഷെ അത് പറഞ്ഞാൽ പെണ്ണ് ഇവിടെ നിൽക്കൂല... പൊങ്ങി പൊങ്ങി ആകാശം മുട്ടും.... "ന്റെ സുറുമീ... ഞാൻ ഒരായിരം വട്ടം ശബദം ചെയ്തതാ ഞാൻ മഹർ കെട്ടുന്ന പെണ്ണിന്റെ വീട്ടുക്കാരുടെ കൈയിൽ നിന്ന് ഒരു തരി പൊന്നോ പുടവയോ വാങ്ങിക്കില്ലന്ന്.... സൽമാനോടും വാപ്പച്ചിയോടും ഞാൻ അത് വ്യക്തമാക്കിയിട്ടുണ്ട്... നിന്റെ സ്വത്തോ വീടോ തറവാടോ കണ്ടല്ല ഇച്ചിരി ത്യാഗം സഹിച്ചാണെങ്കിലും ഞാൻ നിന്നെ കെട്ടിയെ..." കുറച്ചൊരു സൗമ്യത കൈ വരിച്ചിരുന്നു അവൻ... "അതെനിക്ക് അറിയാലോ മഷ്ക്കാ... പക്ഷെ ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നത് കൊണ്ടല്ലേ... അത്രയും വലിയൊരു എമൗണ്ട് മഷ്ക്ക ഒറ്റക്ക് എങ്ങനെ കൊടുത്ത് വീട്ടനാ.... എത്ര കൊല്ലം വെച്ചാ അതൊക്കെ കൊടുത്ത് വീട്ടാ... അതിനിടയിൽ തന്ന ക്യാഷ് തിരിച്ച് വേണമെന്ന് പറഞ്ഞോണ്ട് ആരേലും വന്നാൽ.... അതൊക്കെ ഓർക്കണ്ടേ....?" ആശങ്കയോടെയവൾ അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് വാത്സല്യത്തോടെ ചോദിച്ചു..

"ന്റെ സുറുമീ..... ഒന്നും കാണാതെ ഞാൻ അത്ര വലിയ എമൗണ്ട് ഒന്നും കടം വാങ്ങൂല..... എനിക്കൊരു ചിട്ടി കിട്ടാനുണ്ട്... മാസം നല്ലൊരു എമൗണ്ട് ചിട്ടിക്ക് വേണമെങ്കിലും കിട്ടുമ്പോ രണ്ട് ലക്ഷത്തോളം ഉണ്ടാകും.. അത് കിട്ടിയാൽ അത്യാവശ്യക്കാരുടെ കടം കൊടുത്ത് വീട്ടാം.. പിന്നെ സഫക്ക് ന്ന് പറഞ്ഞു കൊണ്ട് ഉപ്പ ഒരു പ്ലോട്ട് പറഞ്ഞിരുന്നു . വാങ്ങിയതല്ല.. ഉപ്പൂപ്പാടെ മരണ ശേഷം വീതം വെച്ച് കിട്ടിയതാ... ഉപ്പ നാട്ടിൽ വരുമ്പോഴൊക്കെ എന്തേലും കൃഷി ഒക്കെ ചെയ്തിരിന്നു അതിൽ... അത് വിറ്റിട്ട് സഫക്ക് ആവിശ്യമുള്ള ഗോൾഡ് വാങ്ങാം എന്നായിരുന്നു പ്ലാൻ... ഉമ്മയോട് ഞാനതേ പറ്റി പറയുകയും ഉമ്മ അനുവാദം തരുകയും ചെയ്തു.. പക്ഷെ വിൽക്കാൻ വേണ്ടി നോക്കിയപ്പോഴാ അതിന്റെ വില്പത്രത്തിന് എന്തൊക്കെയോ പ്രശ്നങ്ങൾ.. കുറച്ചു പപ്പേഴ്സ് റെഡി ആക്കാൻ ഉണ്ട്.. ഉപ്പൂപ്പ വാങ്ങിയ പ്ലോട്ട് അല്ലെ.. ഇപ്പോഴത്തെ പോലെ സ്ട്രീട് റൂൾ ഇല്ലല്ലോ അന്ന്..

അത് റെഡി ആക്കാൻ ഒരുപാട് ഓടി നടക്കണം.. രെജിസ്റ്റർ ചെയ്യാൻ തന്നെ നല്ലൊരു എമൗണ്ട് വേണം.. കല്യാണം പെട്ടന്ന് ആയപ്പോൾ അതിനൊന്നുമുള്ള ടൈം കിട്ടിയില്ല... അതൊക്കെ കുറച്ചു മുമ്പേ നോക്കി വെക്കണമായിരുന്നു... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ല... അപ്പൊ ഞാൻ പറഞ്ഞു വന്നത്... അത് റെഡി ആയി, വിറ്റ് കിട്ടിയാൽ ഇപ്പോഴത്തെ വിലക്ക് അനുസരിച്ച് നമ്മടെ കടങ്ങളെല്ലാം വീടും.. ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞത് ഇതൊന്നും വലിയ കാര്യമല്ല എന്ന് പറയാനാണ്.... അതോണ്ട് നീ ഇതോർത്ത് ടെൻഷൻ ആകണ്ട ... പിന്നെ ആവിശ്യക്കാർ ചോദിക്കുമ്പോഴുള്ള കാര്യം.. ഒക്കെ എന്റെ അവസ്ഥ അറിയുന്ന നല്ല ആളുകളാണ്.. അവർ തന്നപ്പോൾ തന്നെ ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട് പതുക്കെ മതിയെന്ന്.... ഇപ്പൊ സമാധാനം ആയോ ന്റെ വൈഫിന്... " പറഞ്ഞു കൊണ്ടവൻ തന്റെ മുഖം കയ്യിലെടുത്ത അവളുടെ കൈക്ക് മേലെ കൈ വെച്ചു.. "സത്യാണോ മഷ്ക്കാ...? "

" സത്യം.... ദേ നോക്കിയേ.. ഞാൻ നിന്റെ കണ്ണിലേക്കു നോക്കിയല്ലേ പറയണേ... അപ്പൊ സത്യല്ലേ. ? " അവൻ ചിരിയോടെ ചോദിച്ചപ്പോൾ അവൾ ആശങ്കയോടെ ആണെങ്കിലും തലയാട്ടി,.. "സത്യം പറഞ്ഞാൽ ഇങ്ങനെ കടം വാങ്ങി കല്യാണം നടത്തേണ്ടി വരുമെന്ന് വിചാരിച്ചിട്ട് പോലും ഇല്ലായിരുന്നു...." ഒരു നിശ്വാസത്തോടെയവൻ പറഞ്ഞു തുടങ്ങി... " പ്ലോട്ട് വിൽക്കാൻ പറ്റാത്തത് തന്നെ നല്ലൊരു അടിയായി.. പിന്നെ ഗോൾടിന്ന് ഇപ്പോ ഇരുപതിനാലായിരം കടന്നു.... പിന്നെ പ്രതീക്ഷിക്കാത്ത ചിലവുകൾ വേറെയും.. റൂമി മോൾടെ ഫങ്ക്ഷന് അത്ര വലുതാകുമെന്ന് വിചാരിച്ചതേ ഇല്ല ... അവിടെ ആദ്യത്തെ കുട്ടിയല്ലേ റൂമി... പരിപാടി ചെറുതാക്കിയാൽ പറഞ്ഞില്ലേലും അത് ചിലപ്പോ നിയാസിന് കുറിച്ചിലാകും.... അവന്റെ ഉമ്മയും മൂത്തുമ്മയുമൊക്കെ നാട്ടുനടപ്പിൽ നല്ല നിഷ്ട്ടയുള്ളവരാ,.... ഷെറി ക്ക് ഇനിയും അങ്ങോട്ട് പോകേണ്ടതല്ലേ . അപ്പൊ അത് കുറക്കണ്ട ന്ന് വെച്ചു...

പിന്നെ ഷെറിയുടെ ഹോസ്പിറ്റൽ ബില്ലും മെയ്ഡ്നുള്ളതുമൊക്കെ കൊടുക്കുന്നത് നിയാസ് ആണേലും കുഞ്ഞി പെണ്ണിന് ഉപ്പൂപാടെ സ്ഥാനത് നിന്നും മാമാടെ സ്ഥാനത് നിന്നും എന്തേലും കൊടുക്കാൻ ഞാനല്ലേ ഒള്ളൂ.. എല്ലാം കൂടെ ആയപ്പോൾ....വീട്ടിലെ ചിലവും എല്ലാം കൂടെ ഇത്തിരി ടൈറ്റ് ആയി " ഉള്ളിൽ കനലെരിയുമ്പോഴും അവൻ പുഞ്ചിരിച്ചു മനോഹരമായി... "ഈ നാട്ടുനടപ്പ് എന്നത് ഭയങ്കര ബോറൻ പരിപാടി ആണല്ലേ മഷ്ക്കാ.. എന്തൊക്കെ ആചാരങ്ങളാ,... കല്യാണം.... അതിന് തന്നെ ഒരായിരം ചിലവ്.. പിന്നെ അങ്ങോട്ട് ഒരു പെണ്ണ് വിളി.. ഇങ്ങോട്ടൊരു വിളി... വയറ്റിൽ ഉണ്ടായാൽ പിന്നെ നോക്കണ്ട.. എല്ലാർക്കും കാണാൻ പാകത്തിൽ ഉന്തി നിൽക്കുന്ന വയർ കാണാൻ പ്രതേകം ഒരു ചിലവ്.. അങ്ങോട്ട് ഒന്ന് ഇങ്ങോട്ടൊന്ന്.. പിന്നെ പ്രസവം,... വീട്ടുക്കാരെ മാത്രം വിളിച്ച് സിംപിളായി നടത്തേണ്ട പരിപാടി നൂറാളേ കൊണ്ട് വന്ന് പെണ്ണിന്റെ പോരക്കാർക്ക് പണിയുണ്ടാക്കുന്നു....

പിന്നെ ഏഴിന് ഒരു പൊന്ന് കെട്ടൽ..... നാല്പത്തിന് വേറൊന്ന്.. പിന്നെ ഇച്ചിരി പോന്ന ആ കുഞ്ഞിനെ കൊണ്ട് പോകാൻ മൂന്നാം മാസം എല്ലാരും കൂടെ വീണ്ടും പെണ്ണിന്റെ വീട്ടിലോട്ട്,.. അങ്ങനെ എന്തൊക്കെ തരം ചിലവാ ഈ പെണ്ണ് വീട്ടുകാർക്ക്..."പരിഭവത്തോടെ ഒരു നീണ്ട നിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.. "ഇങ്ങനെ പരിപാടികൾ ഉണ്ടാകുമ്പോ വലിഞ്ഞു കേറി പോയി മൂക്ക് മുട്ടെ തിന്നുമ്പോ ഇങ്ങനെയുള്ള വൈക്ല്ഭ്യം ഒന്നും കാണാറില്ലല്ലോ ന്റെ സുറുമി ക്ക്..." അവൻ ചോദിച്ചപ്പോൾ അവൾ നാവ് പുറത്തേക്കിട്ട് കോക്രി കാണിച്ചു... അത് കാണെ അവനും ചിരിച്ചു.. പതിയെ അവൾ അവന്റെ നെഞ്ചോരം തല ചായ്ച്ചു ... കുറച്ചേറെ നേരം അവന്റെ ഹൃദയം താളം പോലും കാതോർത്തവൾ നിന്നു.. പ്രിയപ്പെട്ടവന്റെ സാമീപ്യത്തിൽ ഉണ്ടാകുന്ന മൗനത്തിനു പോലും പ്രതേക അനുഭൂതിയാണ്.. "സുറുമീ..." "ഓയ്..." "സങ്കടം ഉണ്ടോ..." "ച്ചും.. " "പക്ഷെ എനിക്ക് നല്ലോം...."

"വേണ്ടാ.. പറയണ്ട... പിന്നെ എനിക്കത് വിഷമാവും..."അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പ് അവൾ അവന്റെ വായക്ക് കുറുകെ കൈ വെച്ചു.... "എനിക്ക് ഇവിടം വിട്ട് പോകുന്നതിനല്ല വിഷമം... കാരണം, വരുമ്പോ തന്നെ തിരികെ പോകാൻ ഉള്ളതാണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.. എന്റെ വിഷമം നിന്നെ നല്ലൊരു ട്രിപ്പിന് കൊണ്ട് പൂവാൻ പോലും പറ്റിയില്ലല്ലോ എന്നോർത്താ... ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ നടന്നില്ല.. എന്റെ കഴിവ് കേട് അല്ലാതെന്താ...." തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ ഒന്നൂടെ ചേർത്ത് നിർത്തി കൊണ്ടവൻ പറഞ്ഞു.. "അങ്ങനെ ഒന്നും പറയണ്ട.... അല്ലെങ്കിൽ തന്നെ ഫങ്ക്ഷനും അത് കഴിഞ്ഞ് ഓരോ വീട്ടിലുമുള്ള വിരുന്നുമൊക്കെയായി എന്നും തിരക്കല്ലായിരുന്നോ... അത് തീർന്നപ്പോഴേക്കും പോകാനും ആയില്ലേ .. അടുത്ത പ്രാവിശ്യം വരുമ്പോ ആക്കാം... ഓക്കേ?" "ഇതൊക്കെ നീ ഇപ്പൊ എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് പറയുന്നതാണോ പെണ്ണെ ..? കുറച്ചു കഴിഞ്ഞാൽ എനിക്ക് ഈ വീടും ഇയാളേം തീരെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ന്ന് വല്ലതും പറഞ്ഞു കളയോ...?"

പാതി കാര്യമായും പാതി തമാശയായും അവൻ പറഞ്ഞപ്പോൾ അവൾ ഊക്കോടെ അവന്റെ വയറിനിട്ട് നുള്ളി... വേദന കൊണ്ടവൻ പിടഞ്ഞപ്പോഴേക്കും അവന്റെ നെഞ്ചിലും അവളുടെ ദന്തങ്ങൾ ആഴ്ന്നിരുന്നു...അവനൊന്നു കുതറി അവളെ മാറ്റാൻ നോക്കിയെങ്കിലും പുറത്തൂടെ കൈ ചുറ്റി പിടിച്ച് അവനിൽ നിന്ന് മാറാൻ ആഗ്രഹിക്കാത്തവണ്ണം തല അവന്റെ നെഞ്ചിൽ വെച്ച് അവനോട് ചേർന്ന് തന്നെ അവളും നിന്നു.. "ന്റെ പെണ്ണെ.. ഞാൻ വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.. നീ വളർന്ന സാഹചര്യം..." "തുടങ്ങി വളർന്ന സാഹചര്യം...വീട്.... തേങ്ങ മാങ്ങാന്ന് പറയാൻ.. എനിക്ക് കൊഴപ്പല്ല.. ഇനി എന്നെ കുറച്ച് കഴിയുമ്പോ വേണ്ടാന്നു ആകും എന്നാണെകിൽ ഞാൻ പോയി തരാം..." അവനെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.. പരിഭവത്തോടെ.... "ഞാനെല്ലാം സഹിച്ചോളാ... ഒക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്യാം.. ഏതൊരു കുടുംബ ജീവിതത്തിലും അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ്മെന്റിങ് ഒക്കെ വേണ്ടി വരും...

അതിനി എവിടെ ആയാലും ആരായാലും... അതോണ്ട് അത് വിട്ടേക്ക്...പക്ഷെ... മഷ്ക്കക്ക് എന്നോട് സ്നേഹം ഇല്ലാന്ന് തോന്നിയാൽ പിന്നെ..ഞാൻ വിട്ടിട്ട് പോകുന്നുമില്ല... പക്ഷെ സുറുമീടെ വേറൊരു മുഖം മഷ്ക്ക കാണും... അത്രേ ഒള്ളൂ.." കുസൃതിയോടെ അവൾ പറഞ്ഞു.. "അങ്ങനെ ഒന്ന് ഉണ്ടാവില്ല.... സത്യം... പിന്നേയ്.." "ഹാ..." "ഉമ്മ....... ഉമ്മ പാവാണ്‌.. ഇടക്ക് ഏതൊരു ഉമ്മയെയും പോലെ ആൾക്ക് കുറച്ചൊന്നു ദേഷ്യം ഒക്കെ വരും.. അത് നിന്നോട് മാത്രല്ല. എന്നോടും സഫയോടും ഷെറിയോടും ഒക്കെ ഉമ്മ ദേഷ്യപ്പെടാറുണ്ട്.. അത് മക്കളായത് കൊണ്ടല്ലേ.. അത് പോലെ നിന്നോടും എന്തേലും പറഞ്ഞാൽ ആ സെൻസിൽ എടുത്താൽ മതി ട്ടോ....നിന്നെ വലിയേടത്ത് ഉമ്മ വഴക്ക് പറയാറില്ലേ.. അത് പോലെ ആണെന്ന് വിചാരിച്ചാൽ മതി.." "മ്മ്.." "പാവമാണ്... ഉപ്പ അവിടെ ആയപ്പോൾ ഒരുപാട് സ്ട്രഗ്ഗൾ ചെയ്താണ് ഞങ്ങളെ വളർത്തിയത്... ഞാൻ നല്ല കുസൃതി കളിച്ച് നടക്കുന്ന പ്രായത്തിലാ ഷെറി ഉണ്ടാവുന്നത്..

അത് കഴിഞ്ഞ് ഒന്നര വർഷത്തെ വ്യത്യാസത്തിൽ സഫയും... ഉപ്പ ഇത് പോലെ രണ്ടോ മൂന്നോ മാസം നാട്ടിൽ വന്ന് പോകും.. ഇങ്ങോട്ട് താമസം മാറിയ ഉടനെ ഒക്കെ പേടിയായിരുന്നു ന്ന് പറയും ഉമ്മ... മാനസികമായും ശരീരകമായും ഒരുപാട് സ്ട്രസ്സ് അനുഭവിച്ചിട്ടാണ് ഉമ്മ ഞങ്ങളെ വളർത്തിയത്... സ്കൂൾ വിട്ട് ഞങ്ങൾ നേരത്ത് വീട്ടിൽ എത്തിയില്ലെങ്കിലൊക്കെ ഉമ്മ നല്ല വഴക്ക് പറയും.. പ്രതേകിച്ച് സഫയും ഷെറിയുമൊക്കെ... പ്രായപൂർത്തിയായ പെൺകുട്ടികൾ അല്ലെ എന്തേലും ഇടാകൂടത്തിൽ ചെന്ന് ചാടോ എന്നൊക്കെയുള്ള ഭയമായിരുന്നു ഉമ്മാക്ക്....അവസാനം പഴി കേൾക്കാ ഉമ്മമാർ ആയിരിക്കുമല്ലോ ..ഉമ്മയുടെ പേടി ദേഷ്യമായിട്ടായിരുന്നു പുറത്തേക്ക് വന്നിരുന്നത്... ഉള്ളിൽ ഒന്നുമുണ്ടാവില്ല..അത് കൊണ്ട് നീ അതൊക്ക ആ സെൻസിൽ എടുക്കണം... എടുക്കൂലേ...?" "ഹ്മ്മ്..അറിയാം.. ഉമ്മ എന്നോട് പറഞ്ഞു തരാറുള്ള കാര്യത്തിലൊക്കെ ന്റെ ന്തേലും അബദ്ധങ്ങൾ ഉണ്ടാകും..

ഓരോന്നും ഉമ്മ ഉണർത്തി തരുമ്പോ അതെന്റെ കുറവുകളെ തിരുത്തി നെക്സ്റ്റ് ടൈം എനിക്ക് ഒന്നൂടെ ബെറ്റർ ആയിട്ട് ചെയ്യാനുള്ള ഒരു ട്രെയിനിഗ് കൂടെയാണ്.... ഞാനങ്ങനെയേ എടുത്തിട്ടൊള്ളൂ...അത് കൊണ്ടിട്ടു മഷ്ക്ക ആ കാര്യത്തിൽ ടെൻസ്ഡ് ആകണ്ട... ഓക്കെ?" "മ്മ്.." "മഷ്ക്കാ...." "ഹാ... പിന്നെ ഒരു കാര്യം കൂടെ.. വലിയേടത്ത് ആരോടും പറയരുത് കടകണക്കൊന്നും... ഇവിടെ ഉമ്മാനോട് പോലും... സഫക്ക് കുറച്ചൊക്കെ അറിയാം.. ഉമ്മ നേരത്തെ ടാബ്ലറ്റ് കഴിച്ച് കിടക്കുന്നത് കൊണ്ട് ഞാൻ കടം വാങ്ങിയ പൈസയുമായി രാത്രി വരുമ്പോ സഫയാണ് ഡോർ തുറക്കാ... അപ്പൊ ചിലപ്പോഴൊക്കെ അവളോടും പറയേണ്ടി വന്നിട്ടുണ്ട്... ഇനി അവൾ ചോദിക്കുകയാണേൽ ഒക്കെ ശരിയാകുമെന്ന് മാത്രം പറഞ്ഞാൽ മതി.. അവളെങ്ങാനും സൽമാനോടോ മറ്റോ അബദ്ധം വശാൽ പറഞ്ഞാൽ പിന്നെ അത് മതി....." എന്തോ ഓർത്തെത് പോലെ അവൻ പറഞ്ഞവസാനിപ്പിച്ചു. "മ്മ്..." അവന്റെ നെഞ്ചോട് ചേർന്ന് തന്നെ അവൾ മൂളി., "മഷ്ക്കാ ..." "ഹാ.. പറയ്..." "മഷ്ക്ക നേരത്തെ പറഞ്ഞില്ലേ... ഉപ്പ നാട്ടിലാകെ രണ്ടോ മൂന്നോ മാസേ നിൽക്കാറുള്ളൂ ന്ന്... അപ്പൊ മഷ്‌ക്കയും അങ്ങനെ ആവോ....

" നിമിഷ നേരത്തെ ചിന്തകൾകൊടുവിൽ അവൾ തുടർന്നു.. " അങ്ങനെ വേണ്ടാട്ടോ.. ഈ കടമൊക്കെ തീർന്നിട്ട് ഇവിടെ നല്ലൊരു ജോലി നോക്കണേ.. ന്നാ എനിക്കെന്നും കാണാലോ.....പിന്നെ.... എന്നും ഈ നെഞ്ചോട് ചേർന്ന് ഉറങ്ങാലോ... " മറുപടി ഒന്നും ഇല്ലാതാവുകയും തല ചായച്ച് കിടക്കുന്ന നെഞ്ചിന്റെ മിടിപ്പ് മുറുകുകയും ചെയ്തപ്പോൾ അവൾ നെഞ്ചോട് ചേർന്ന് തന്നെ കയ്യെത്തിച്ച് അവന്റെ മൂക്കിലും കവിളിലും ഒടുവിൽ ആ കൺതടങ്ങളിലും വിരലോടിച്ചു... നനവ് പടർന്നിരിക്കുന്ന പീലികളിൽ വിരൽ ഉടക്കിയതും അവളുടെ നെഞ്ചോന്ന് പിടഞ്ഞു... "ന്തിനാ ഇത്രേം സങ്കടം... ഞാൻ അങ്ങനെ ചോദിച്ചിട്ടാണോ ..." "ങും ങും.." അവൻ അല്ലെന്ന് മൂളി... "പിന്നെ...?" " ഒന്നുല്ല്യ.... പോകുന്നത് ആലോചിച്ചപ്പോൾ... അതും കണ്ട് പോലും കൊതി തീരാതെ.... ഇനി എന്നാ നാട്ടിലേക്ക..... വന്നാലും വീണ്ടും മടങ്ങണം.. അതൊക്കെ ഓർത്തപ്പോൾ... " അവന്റെ മറുപടിയിൽ അവളുടെ കണ്ണുകളും നീറി..

തൊണ്ട വരെ എത്തിയ തേങ്ങൽ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ അടക്കി നിർത്തി.... കണ്ണുകൾ പെയ്ത് കവിളുകളെ നനച്ചപ്പോൾ അവൻ അവളെ ഇറുകെ പുണർന്നു.... കൈകൾ അവളുടെ ശാരീരത്തിൽ മുറുകി ....അധരങ്ങൾ അവളുടെ നെറുകയിൽ പതിഞ്ഞു... ഒരിക്കലും പിരിയാൻ ആഗ്രഹിമില്ലാത്തത് പോലെ..... 🍁 🍁 🍁 🍁 🍁 🍁 🍁 രാവിലെ തന്നെ സുറുമി തിരക്കിലാണ്.. ഉമ്മയുടെ കൂടെ കൂടി പത്തിരി പ്രെസ്സ് ചെയ്യാനും ചുട്ടെടുത്ത് കാസ്രോളിൽ ആക്കി വെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്....ചിക്കൻ നല്ല വറുത്തരച്ച കറിയും ഫ്രൈയുമൊക്കെയുണ്ട്.. തന്നാൽ ആകും വിധം അവൾ അവരെ സഹായിക്കുന്നുണ്ട്.... പക്ഷെ പതിവ് പോലെ അടുക്കള ഉമ്മയുടെയും സുറുമിയുടെയും കൊച്ചു കൊച്ചു വാർത്തമാനങ്ങൾ കൊണ്ട് നിറഞ്ഞിട്ടില്ല... വല്ലാത്തൊരു മൗനം അവരെ ബാധിച്ചിരുന്നു... വലിയേടത്ത് നിന്ന് എല്ലാവരും എത്തിയതോടെ കുളിപ്പിച്ച് കൊണ്ട് വന്ന റൂമി മോൾക്ക് ഡയപേർ ഒക്കെ കെട്ടി നല്ല ഡ്രസ്സ് ഒക്കെ ഇടുവിപ്പിച്ച് സുന്ദരിയാക്കി.... അവരെ കൂടാതെ നിയാസും നിഹാലും വന്നിരുന്നു...

പിന്നീട് അങ്ങോട്ടുള്ള കുഞ്ഞു കുഞ്ഞു ജോലികളും വിശേഷങ്ങൾ ചോദിക്കലും പറയലുമൊക്കെ ഒരു കയ്യിൽ റൂമിയെ എടുത്ത് കൊണ്ടായി... ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും പതിവ് വിശേഷങ്ങളോ സംസാരങ്ങളോ ഒന്നുമില്ലായിരുന്നു.... ഭക്ഷണം കഴിഞ്ഞ പാടെ നിയാസും സൽമാനും ചേർന്ന് കൊണ്ട് പോകാനുള്ള ലഗേജ് എല്ലാം പുറത്തേക്ക് വെച്ചു.. ക്യാഷ്വൽ ആയി ഡ്രസ്സ് ചെയ്ത് അവനിറങ്ങിയപ്പോ ഭക്ഷണം കഴിച്ച പാത്രങ്ങൾ എല്ലാം അടുക്കളയിലേക്ക് കൊണ്ട് വെക്കുന്നതിന്റെ തിരക്കഭിനയിക്കുകയായിരുന്നു അവൾ..... ഒടുവിൽ അവൻ പോകാനിറങ്ങാന്ന് പറഞ്ഞപ്പോ റൂമി മോളെ കയ്യിൽ വാങ്ങി സിറ്റിങ് റൂമിന്റെ വാതിലിൽ ചാരി പോയി നിന്നു അവൾ .. ഉമ്മയെ കെട്ടിപിടിച്ച് യാത്ര പറയുമ്പോ ഉമ്മയുടെ വിതുമ്പൽ അവൾ കേൾക്കുന്നുണ്ടായിരുന്നു.. സഫയെയും ഷെറിയെയും ചേർത്ത് നിർത്തി നെറ്റിയിലായ് നുകർന്നു അവൻ...വാപ്പച്ചിയോടും ഉമ്മയോടും സമീറയോടും അങ്ങനെ ഓരോത്തരോടും അവൻ ഒരു ഇളം പുഞ്ചിരിയോടെ യാത്ര പറഞ്ഞു....

ഒടുവിൽ ആ കണ്ണുകൾ അവളുടെ മേലേക്ക് വന്നതും അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അടുത്തേക്ക് വന്ന് തന്റെ കയ്യിൽ കിടന്നു നല്ല ഉറക്കമുറങ്ങുന്ന റൂമിമോൾടെ നെറ്റിയിലും കവിളിലുമായ് ആ ആദരങ്ങൾ മുദ്ര വെച്ച് പിൻവാങ്ങുമ്പോ അവളറിഞ്ഞു തന്റെ കയ്യിലേക്കായി ഇറ്റ് വീഴുന്ന അവന്റെ കണ്ണുനീർ തുള്ളികളെ... മിഴികൾ കോർത്തു കൊണ്ടവൻ യാത്ര ചോദിക്കുമ്പോൾ നിർജീവമായി ഒന്ന് പുഞ്ചിരിച്ച് യാത്രയെക്കാനേ അവൾക്കായോള്ളൂ.. ഒടുവിൽ പണിപെട്ട് തന്നിൽ നിന്ന് കണ്ണുകളെ പിൻവലിച്ച് ബാക്കിയുള്ളവരോടും യാത്ര ചോദിച്ച് ഇറങ്ങുമ്പോ പ്രതീക്ഷിച്ചത് പോലെ ആ കണ്ണുകൾ വീണ്ടും അവളെ തേടി... കാർ ഗേറ്റ് കടന്ന് പോകുമ്പോ മുന്നിലുള്ള കാഴ്ചകളെ അവ്യക്തമാക്കി കൊണ്ട് മിഴിനീർ തുള്ളികൾ അവളുടെ കണ്ണുകളിൽ തളം കെട്ടി നിന്നു. അപ്പോ, ഇന്നലെ ഭ്രാന്തമായി തന്നെ ചുംബിച്ച അവന്റെ ആദരങ്ങളുടെ ചൂട് ഇപ്പോഴും തന്റെ മുഖത്തുണ്ടെന്ന് തോന്നി അവൾക്ക്... കൂടെ, അകന്നകന്ന് പോകുന്ന ആ വാഹനത്തിൽ തന്റെ പ്രാണൻ കൂടെ പറിഞ്ഞു പോകുന്ന പോലെയും ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story