സുറുമി: ഭാഗം 35

surumi

എഴുത്തുകാരി: അവന്തിക

കയ്യും കാലും വിറച്ച് കുഴയുന്ന പോലെ... ധൈര്യം വീണ്ടെടുത്ത് അവൾ കുറച്ചുറകെ വിളിച്ചു.... "ഉമ്മാ...." ഇല്ല ശബ്ദം പുറത്തേക് വരുന്നില്ലാ.. "മ്മാ...." വിറച്ച ശബ്ദത്തോടെ അവൾ ഒന്നൂടെ വിളിച്ചു... "സുറുമീ... ഇത് ഞാനാ...ഉമ്മയാ... തുറക്ക്.." മറുവശത്ത് നിന്ന് മറുപടി കേട്ടതും ദീർഘമായി ഒന്ന് നിശ്വസിച്ചു അവൾ ... സമാധാനത്തോടെ... "ന്റെ ഉമ്മാ.... ന്റെ നല്ല ജീവനങ് പോയി....." മറുപടി കൊടുത്തു കൊണ്ടവൾ കഴുത്തിലൂടെ അലസമായി കിടക്കുന്ന തട്ടം തലയിലൂടെ ഇട്ടു... "എന്തെ ഈ നേരത്ത് വെയ്യേ ..?" ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ഉമ്മക്ക് വല്ല വെയ്യായികയും ഉണ്ടോ എന്ന ആവലാതിയോടെ അവൾ ചോദിക്കുകയും സാക്ഷ അഴിച്ച് ദൃതിയിൽ കതക് തുറക്കുകയും ചെയ്തു.. ആവലാതിയോടെ ഉമ്മയെ തേടിയ കണ്ണുകൾ ഉടക്കിയത് പുഞ്ചിരിയോടെ നിൽക്കുന്ന അവനിലാണ്.. അവളെ കണ്ടതും ആ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. കാണാൻ കൊതിച്ചതെന്തോ കണ്ടത് പോലെ അവന്റെ മിഴികൾ തിളങ്ങി. ഒരു നിമിഷം ശ്വാസം പോലും എടുക്കാതെ സ്തംഭിച്ചു പോയി സുറുമി...

ഉള്ളിലെ ഞെട്ടൽ ഉറക്കിന്റെ ആലസ്യമുള്ള അവളുടെ മിഴിച്ച് നിൽക്കുന്ന കണ്ണുകളിലും അൽപ്പം തുറന്ന് വെച്ച വായയാലും അവളുടെ മുഖത്ത് പ്രകടമായി.. സത്യമോ മിഥ്യയോ എന്നറിയാതെ അന്തിച്ച് നിൽക്കുന്ന അവളെ കാണെ ചിരിയോടെ സലാം ചൊല്ലി സുഖല്ലേ എന്നൊരു ചോദ്യവും എറിഞ്ഞു കൊണ്ട് അവളെ മറികടന്നുകൊണ്ടവൻ മുറിയിലേക്ക് കയറി.. "പേറെടുത്ത പെണ്ണാട്ടോ ...പെണ്ണിനെ പേടിപ്പിക്കല്ലേ....." ഗാഡ്ഡമായ ഉറങ്ങുന്ന സഫയെ ലക്ഷ്യമാക്കി അവൻ നടന്നപ്പോ ചിരിയോടെ ഉമ്മ പറയുന്നത് ഒരു മായ ജാലത്തിലെന്ന പോലെ സുറുമി കേട്ടു.. കാരണം ഒട്ടും ഒട്ടും... മനസ്സിന്റെ ഒരു കോണിലും എവിടെയും യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഒരു കാര്യമാണ് മുമ്പിൽ കാണുന്നത്... സ്വപ്നമാണോ അല്ല... എന്ന സത്യമാണെന്നു വിശ്വസിക്കാൻ മനസ്സ് തയാറായിട്ടുമില്ല..... ഒരു തരം അന്താളിപ്പ് മാത്രം.. പുഞ്ചിരിയോടെ സഫക്ക് അരികിൽ ഇരുന്ന് വത്സല്യത്തോടെ അവളുടെ മുടിയിലും നെറ്റിയിലും തഴുകി അതേ പുഞ്ചിരിയോടെ തന്നെ കണ്ണുകൾ അവളുടെ വീർത്തുന്തിയ വയറിലേക്ക് നീളുന്നതും കണ്മുമ്പിൽ കാണുന്ന കാഴ്ചയുടെ അന്താളിപ്പിൽ സുറുമി കണ്ടു.. അവന്റെ മിഴികൾ തന്നിലേക്ക് നീളുമെന്ന് തോന്നിയതും പൊടുന്നനെ അവൾ അവനിൽ നിന്നുള്ള നോട്ടം മാറ്റി.. എന്തിനോ..,..ഒരു പരിഭവം പോലെ....

സുറുമി പ്രതീക്ഷിച്ച പോലെ തന്നെ അവന്റെ നോട്ടം അവളിലേക്കും ഏറെ നാൾക്ക് ശേഷം തന്റെ മകനെ കണ്ട നിറവിൽ നിൽക്കുന്ന ഉമ്മയിലേക്കും നീണ്ടു.. പതിയെ സഫയെ വിളിച്ചുണർത്താൻ നോക്കിയെങ്കിലും പുള്ളിക്കാരി വാ ഒക്കെ തുറന്ന് വെച്ച് നല്ല ഉറക്കിലായിരുന്നു. ഒടുവിൽ നെറുകെ തലോടി അരുമയോടെയുള്ള വിളിയൊക്കെ കളഞ്ഞ് കുറച്ചുറക്കെ കുലുക്കി കുലുക്കി തന്നെ അവളെ വിളിച്ചുണർത്തേണ്ടി വന്നു.. തന്റെ സുഖനിദ്രക്ക് കോട്ടം വരുത്തിയത്തിന്റെ ബാക്കിയെന്ന പോലെ മുഖം ചുളിച്ച് കൊണ്ടവൾ ചെരിഞ്ഞ് മുട്ട് കൈയിൽ താങ്ങി മറു കയ്യാലേ അവനെ പിടിച്ചു കൊണ്ട് എഴുനേറ്റിരിന്നു.. എഴുനേറ്റിരിന്നതിന് ശേഷമാണ് അവൾ തന്നെ താങ്ങി ഇരുത്തിയ ആളെ കണ്ടത്.... അവനെ കണ്ട അവളുടെ കണ്ണുകൾ മിഴിച്ച് വരുന്നതും വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മി തിരുമ്മി നോക്കുന്നതും പിന്നീട് വിശ്വാസം വരാതെ ഉമ്മയെയും സുറുമിയെയും നോക്കി അന്തം വിട്ട് നിൽക്കുന്നതും സുറുമി ഒരു ചിരി വരുത്തി കൊണ്ട് കണ്ടു നിന്നു.... ഞെട്ടൽ കൊണ്ടാണോ അതല്ല മുമ്പിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ പറ്റായിട്ടാണോ...

അതല്ല അവനെ കാണെ അവനോടുള്ള പരിഭവം മൂക്കുന്നത് കൊണ്ടാണോ അറിയില്ല ചിരിയൊന്നും വരുന്നില്ല.. അത് കൊണ്ട് തന്നെ നോക്കുന്ന സഫക്കായി വിളർച്ചയോടെ ചിരിക്കാനെ അവൾക്ക് ആയോള്ളൂ... വിശ്വാസം വരാതെയുള്ള സഫയുടെ നോട്ടം സുറുമിയിലേക്കാണെന്ന് കണ്ടതും അവന്റെ കണ്ണുകളും അവളിലേക്ക് നീണ്ടു... അവളുടെ മുഖത്തെ ഭാവം എന്തെന്ന് ചികയുകയായിരിക്കാം....പക്ഷെ അവൻ നോക്കുന്നത് അറിഞ്ഞതും അവളുടെ കൃത്രിമ ചിരി പെട്ടന്ന് മായുകയും കണ്ണുകൾ മറ്റെങ്ങോട്ടോ വെട്ടിക്കുകയും ചെയ്തു അവൾ.. ആദ്യത്തെ അന്താളിപ്പിന് ശേഷം ആങ്ങളയും പെങ്ങളുമായുള്ള സ്നേഹ പ്രകടനങ്ങളായി... വിശേഷം ചോദിക്കലും വീർത്തുന്തിയ അവളുടെ വയറിൽ കൈ വെച്ച് കുഞ്ഞിനോട് കൊഞ്ചലും വന്ന വിശേഷം പറയലും അങ്ങനെ അങ്ങനെ... എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചിട്ടാണ് വന്നത്... ടിക്കറ്റ് എടുത്തിട്ട് കുറച്ചൂസായി .. ഒരു സർപ്രൈസ് ആയിക്കോട്ടേ ന്ന് വെച്ചു എന്നെല്ലാം അവൻ പറയുന്നുണ്ടായിരുന്നു .... അവരുടെ സ്നേഹപ്രകടനങ്ങൾ കാണെ ഉള്ളിന്റെ ഉള്ളിൽ മുള പൊട്ടിയത് കുശുമ്പ് ആണോ... തന്നെ പരിഗണിക്കാതെ തന്നോടൊന്ന് മിണ്ടുക പോലും ചെയ്യാത്തത്തിലുള്ള പരിഭവം ആണോ.... ഇപ്പൊ ആള് വേണേൽ വേറെ ആളായിട്ടുണ്ടാകും....

അതായത് മുമ്പത്തെ പോലെ പഞ്ചാരയും ഒലിപ്പീരും ഒന്നുമുണ്ടാവില്ല .... അല്ലെങ്കിലും ഇവിടെ നിന്ന് പോയതിന് ശേഷം തന്നോടൊന്ന് പ്രണയത്തോടെ സംസാരിച്ചിട്ടുണ്ടോ.....അയ്യേ അതൊക്കെ ഒരു തരം പൈങ്കിളി ഏർപ്പാടാണെന്ന് പറഞ്ഞാലും ചിലപ്പോ ഒരുപാട് നേരം പ്രണയാർദ്രമായി സംസാരിക്കാനും ഒന്ന് കൊഞ്ചാനും കൊഞ്ചിക്കപ്പെടാനും താനും എപ്പോഴൊക്കെയോ ആഗ്രഹിച്ചുരുന്നില്ലേ.. കാണാതെ ഇരുന്നപ്പോൾ അതൊക്കെ താനും ആഗ്രഹിച്ചിരുന്നു.... ഇനിയിപ്പോ അതൊന്നും ഉണ്ടാകാനും പോണില്ല... ഇനി ഇത്രയൊക്കെ കാണൂ... അങ്ങനെ ഒരു ചിന്ത വന്നതും ഒരു ചെറു നോവ് മൂടുന്നത് പോലെ... പക്ഷെ തനിക്കിപ്പോഴും അവൻ.... പ്രാണനാണല്ലോ.... ജീവന്റെ തുടിപ്പാണല്ലോ... ഓരോ നിമിഷവും അവനെ ഓർത്തു കൊണ്ടാണല്ലോ... തന്റെ നീണ്ട കാത്തിരിപ്പിനും പ്രതീക്ഷക്കും നോവിനും എല്ലാം തല്ക്കാലം അന്ത്യം കുറിച്ച് കൊണ്ട് അവൻ വന്നതല്ലേ...ഇങ്ങനെയൊക്കെ ചിന്തത്തെക്കേണ്ടതുണ്ടോ...ഇപ്പോ സന്തോഷിക്കുകയല്ലേ വേണ്ടേ... ഉണ്ട്....സന്തോഷമുണ്ട്... മനസ്സ് കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടുന്നുണ്ട്.. അതൊന്നും പ്രകടിപ്പിക്കാതെ അവനെ നോക്കാനും തിരിച്ചൊന്ന് പുഞ്ചിരിക്കാനും കഴിയാതെ അവനോട് പരിഭവം കാണിക്കാനാണ് തോന്നുന്നേ...

''നല്ല വിശപ്പുണ്ട്.. എന്തേലും കഴിക്കാനുണ്ടോ..ഞാനൊന്ന് ഫ്രഷ് ആയിട്ട് വന്നാലോ ...." വിശേഷങ്ങൾക്കൊടുവിലുള്ള അവന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്... ഉമ്മ സ്നേഹത്തോടെ മറുപടി കൊടുക്കുന്നതും ദൃതിയോടെ അടുക്കളയിലേക്ക് പോകുന്നതിനോടൊപ്പം അവനെ താങ്ങി സഫയും കൈ കുത്തി എഴുനേറ്റു.. ഉമ്മക്ക് പുറകെ പോകാൻ ആഞ്ഞതും വെറുതെ കണ്ണുകൾ അവനെ തേടി.. ഒരു കൈ കൊണ്ട് സഫയെ പിടിക്കുന്നുണ്ടെങ്കിലും കണ്ണുകൾ തന്റെ മേലാണ്... കണ്ണുകളിൽ പഴയ കുസൃതി ഒളുപ്പിച്ച് ചുണ്ടിൽ ആ കള്ള ചിരിയുമായി അവൻ ... അവൾ നോക്കുന്നത് കണ്ടതും കണ്ണുകൾ കൊണ്ട് കുസൃതിയോടെ.. വഷളചിരിയോടെ മേലേക്ക് വരാൻ കാണിച്ചു..... അത് കണ്ടതും തരിപ്പോടെ ഒരാളൽ വയറിലൂടെ കടന്ന് പോയി... കൂടെ മനസ്സിൽ പേരറിയാത്ത സുഖമുള്ള ഒരു വിറയലും... പൊടുന്നനെ കണ്ണുകൾ അവനിൽ നിന്നും മാറ്റി ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു... അറിയാതെ പോലും ഒരു ചെറു ചിരി ആ ചുണ്ടിൽ വിരിഞ്ഞു...അവൻക്കായി.. അടുക്കളയിൽ എത്തിയപ്പോ ഉമ്മ ഫ്രഡ്ജ് തുറന്ന് എന്ത് കൊടുക്കും എന്ന ആലോചനയിലാണ്.... "കോഴി കറി ഇരിപ്പുണ്ട്.. ഇതിലേക്ക് ഇനിയിപ്പോ എന്താ കൊടുക്കാ... പാവം വിശന്നു വരുവാണ്..."

അവളെ കണ്ടതും ഉമ്മ വാത്സല്യത്തോടെ അതിൽ കലർന്ന ആകുലതയോടെ തിരക്കി...സത്യം പറഞ്ഞാൽ വിശപ്പുണ്ട് എന്ന് പറഞ്ഞത് കേട്ടപ്പോ തന്നെ താനും ആകെ കൺഫ്യൂസ്ഡ് ആയിരുന്നു.. എന്ത് കൊടുക്കും..തലേന്നത്തെ ചിക്കൻ കറി ഇരിപ്പുണ്ട്.. ബാക്കി വന്നപ്പോ രാവിലെ പുട്ട് ഉണ്ടാക്കി അതിലേക്ക് എടുക്കാം എന്ന് വെച്ച് മാറ്റി വെച്ചതാ... പെട്ടന്നാണ് നെയ്‌ച്ചോർ വെച്ചാലോ എന്ന് തോന്നിയത്..നെയ്ച്ചോറും ചിക്കൻ കറിയും....നെയ്‌ച്ചോറിന്റെ അരിയും ഇരുപ്പുണ്ട് ....ഉമ്മ ഉണ്ടാക്കി കൊടുക്കുമ്പോഴൊക്കെ ആള് അത് ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടുമുണ്ട്.. അതാകുമ്പോ വേഗം ഉണ്ട് താനും... ഉമ്മയോട് പറഞ്ഞപ്പോ ഉമ്മക്കും സമ്മതം ... കുക്കർ എടുത്ത് ഗ്യാസ് സ്റ്റോവിൽ വെച്ച് നെയ്യും ഓയിലും ഒഴിച്ച് സവാളയും ഏലക്കയും പട്ടയും ഗ്രാമ്പൂ ഒക്കെ ഇട്ട് മൂപ്പിച്ചപ്പോഴേക്കും ഉമ്മ അരി കഴുകി എടുത്തിരിന്നു.. അരിയുടെ അളവിൽ ഇരട്ടി വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും കഴുകി വെച്ച അരിയും ഇട്ട് ലേശം ചെറുനാരങ്ങയുടെ നീരും ഒഴിച്ച് കുക്കർ അടച്ച് അവിടെ എല്ലാം ഒന്ന് ക്ലീൻ ചെയ്തപ്പോഴേക്കും സഫയും ഉമ്മയും ചേർന്ന് സവാളയും കക്കരിയും ക്യാരറ്റും അരിഞ്ഞ് വിനാഗറും ഉപ്പും കുരുമുളകും ചേർത്തുള്ള സാലഡ് ഉണ്ടാക്കാനുള്ള തയാറാടുപ്പിലായിരുന്നു...

സ്വന്തമായിട്ടും ആദ്യമായിട്ടും അവന് അവളുടെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഡിഷ്‌ ആണിത്... അതിന്റെ ഒരു വെപ്രാളവും അവൻ എന്ത് പറയുമെന്നൊരു ആകാംഷയും അവളുടെ ചെയ്തികളിൽ ആവോളം ഉണ്ടായിരുന്നു.. സഫയും ഉമ്മയും സാലഡ് ഉണ്ടാക്കുന്ന നേരം കൊണ്ട് കറി നല്ല പോലെ ചൂടാക്കി ഇത്തിരി ചപ്പ് അരിഞ്ഞത് കൂടെ ചേർത്ത് ബൗളിൽ ആക്കി ടേബിളിൽ കൊണ്ട് വെക്കുകയും ചായക്ക് വേണ്ടി വെള്ളം വെക്കുകയും ചെയ്തു.. കുക്കർ വിസിൽ വന്ന് ആവി കളഞ്ഞ് തുറന്ന് ഇത്തിരി നെയ്യും തൂകി ഇളക്കി എടുത്തപ്പോഴേക്കും ആള് കുളിയൊക്കെ കഴിഞ്ഞ് വന്നിരുന്നു.. വേഗം പോയി ഒരു പ്ലേറ്റും ഗ്ലാസും മുമ്പിലേക്ക് വെച്ച് കൊടുത്തു.. ചൂടോടെ ചോറ് വിളമ്പി കറിയും ഒഴിച്ച് കൊടുത്തു.. അവളുടെ ചെയ്തികൾ സസൂക്ഷ്മമം വീക്ഷിക്കുന്നതും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ പ്ലേറ്റിലേക്ക് വിളമ്പി കൊടുക്കുന്ന തന്റെ മുഖമാകെ ഓടി നടക്കുന്നതും അവൾ അറിയുന്നുണ്ടെങ്കിലും വഴി തെറ്റി പോലും തിരികെ ഒരു നോട്ടം കൊടുക്കാതിരിക്കാൻ അവളും ശ്രദ്ധിച്ചു .. എന്തോ ഒരു കുഞ്ഞു വാശി പോലെ... ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നത് അവളോടുള്ള അടങ്ങാത്ത സ്നേഹമാണെന്ന് അവൾക്കറിയാം...... പക്ഷെ ഇത്രേം നാൾ അതൊക്കെ ഒരു വാക്കിലൂടെ പോലും പ്രകടിപ്പിക്കാതെ നടക്കുകയല്ലായിരുന്നു..

ഇപ്പൊ അടുത്ത് കണ്ടപ്പോഴാണോ സ്നേഹം കരകവിഞ്ഞൊഴുകുന്നത്... കഷ്ട്ടം....അവളൊന്ന് കുശുമ്പോടെ സ്വയം ആത്മാഘാതം ചെയ്തു.. വിളമ്പി വെച്ച ചോറിൽ നിന്നും ചുടുആവി പറക്കുന്നത് കണ്ടതും ഓടി പോയി ഫാൻ ഇട്ടു.. അപ്പോഴേക്ക് ചായക്ക് വെച്ച വെള്ളം തിളച്ചു തുടങ്ങിയിരിന്നു... ഏലക്കയും പാൽ പൊടിയും തേയിലയും ചേർത്ത് നല്ലൊരു ചായയും ഉണ്ടാക്കി അവന് മുമ്പിൽ കൊണ്ട് വെച്ച് അവന് പുറകിൽ ചുമരിൽ ചാരി നിന്നു... ഇപ്പൊ അവൾക്ക് അവനെ നന്നായി കാണാം... അവൻക്കു അവളെ കാണണമെങ്കിൽ തിരിഞ്ഞ് തന്നെ നോക്കുകയും വേണം .... പാവം.. ഒരുപാട് മെലിഞ്ഞു.. മുഖത്ത് ക്ഷീണം ഉണ്ടെങ്കിലും കുളിച്ചതിന്റെ ഒരു ഫ്രഷ്‌നെസ്സ് തോന്നുന്നുണ്ട്.. ലുങ്കിയും ടീഷർട്ടുമാണ് ധരിച്ചിരിക്കുന്നത്... അവന്റെ നീണ്ട മുടി കുളികഴിഞ്ഞതിനാൽ കോലനായി നെറ്റിയിലേക്കു തൂങ്ങി കിടപ്പുണ്ട് ..ഇവിടുന്ന് പോയപ്പോ ഇതിലേറെ മുടി ഉണ്ടായിരുന്നു എന്ന് തോന്നി അവൾക്ക്.. ചൂട് കാരണം പൊഴിഞ്ഞതായിരിക്കും.... പാവം.. ആവിപറക്കുന്ന ചൂട് ചോറ് കൈ ഇട്ട് ഇളക്കി കറിയും കൂട്ടി വായേലേക്ക് വെക്കുന്നതും രുചി നാവിലേക്ക് തട്ടിയതും അറിയാതെ തന്നെ അവന്റെ പുരികവും കണ്ണുകളും ഉയർന്നു താഴുന്നതും അവൾ കണ്ടു... "ഉമ്മാടെ നെയ്‌ച്ചോറിന്റെ ടേസ്റ്റ് ഇതല്ലല്ലോ..."

അവളാണ് ഉണ്ടാക്കിയത് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവന്റെ ചോദ്യം... അത് കേട്ടതും അവൾ അവനെ പാളി നോക്കി... എന്ത് പറയും എന്ന ആകാംഷയിൽ.. ഏറെ നാളായി ഈ ഒരു ദിവസം സ്വപ്നം കണ്ടിരുന്നതാണ്... വരുന്നതും കഴിഞ്ഞ തവണ പെരുന്നാൾക്ക് എടുത്ത പുതിയ ഡ്രെസ്സും അണിഞ്ഞ് ആൾക്ക് ഇഷ്ട്ടമുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി.... അങ്ങനെ അങ്ങനെ... എന്തൊക്കെയോ പകൽ കിനാവ് കണ്ടിരുന്നു..പക്ഷെ ആ പകൽ കിനാവിൽ വെറുതെ പോലും അവൻ ഇങ്ങനെ സർപ്രൈസ് ആയി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ... " നിന്റെ പെണ്ണുങ്ങള് ഉണ്ടാക്കിയത് തന്ന്യാ... " അവന്റെ ചോദ്യത്തിൽ ഒളിഞ്ഞു കിടക്കുന്ന കുസൃതി അറിഞ്ഞ പോലെ ചിരിയോടെ ഉമ്മ മറുപടി കൊടുത്തു.. അത് കേട്ടതും ഉള്ളിൽ നുരഞ്ഞ് പൊങ്ങുന്ന ആകാംഷയെ അടക്കി നിർത്തി അവന്റെ മറുപടിക്കായി അവൾ കാതോർത്തു... "വെറുതെ അല്ല.. ഉമ്മ ഉണ്ടാക്കുന്ന ആ ഒരു ഒരു.. . കൈ പുണ്ണ്യം അതിങ്ങോട്ട് കിട്ടുന്നില്ല..." അവന്റെ മറുപടിക്കായി കാതോർക്കുന്ന അവളെ കുസൃതിയോടെ ഇടം കണ്ണിട്ട് നോക്കി കൊണ്ടവൻ പറഞ്ഞു... മറുപടി കേട്ടപ്പോൾ മുമ്പിലുള്ള ചെയർ കാലു കൊണ്ട് തട്ടി എറിഞ്ഞ് മറുപടി കൊടുക്കാനാ തോന്നിയത്.. പക്ഷെ ഉമ്മ നിൽപ്പുണ്ടായത് കൊണ്ട് അവൾ മൗനമായി നിന്നു.. "കറിയോ ... കറി എങ്ങനെയുണ്ട്...?" സഫയാണ്.. "കറി പിന്നെ പറയാനുണ്ടോ.. സൂപ്പർ.... എല്ലാ പ്രാവിശ്യത്തെയും പോലെ അല്ല. അതിലും സൂപ്പർ..."

കറി ഒഴിച്ച ഒരുരുള വായേലേക്ക് വെക്കുന്നതിനിടെ അവൻ പറഞ്ഞു.. "എന്നാലേ അതും നിങ്ങള്ടെ പെണ്ണുമ്പിള്ള ഉണ്ടാക്കിയതാ.." സഫയുടെ മറുപടി കേട്ടതും അവൻ കണ്ണ് മിഴിച്ച് തിരഞ്ഞവളെ നോക്കി.. അപ്പോഴും കണ്ണുകളിൽ ആ കുസൃതിയും.. ചുണ്ടിൽ ആ ചിരിയും..അത് കണ്ടതും അവൾ കുറുമ്പോടെ മുഖം വെട്ടിച്ച് മെറ്റെവിടെയോ നോക്കി.... ആഹാ.. ആളെ നോക്കി ഇങ്ങനെയൊന്ന് പ്രതിഷേധിച്ചപ്പോ വല്ലാത്തൊരു മനഃസുഖം..... "ഇപ്പൊ പണ്ടത്തെ പോലെയല്ല... എനിക്ക് അങ്ങനെ ചെയ്യാനോ ഇങ്ങനെ പക്വതയോടെ പെരുമാറാനോ ഒന്നും അറിയില്ല എന്ന് പറഞ്ഞിരുന്ന പൊട്ടി സുറുമി അല്ല....അടുക്കള മുതൽ മുറ്റം വരെ നിങ്ങള്ടെ വൈഫിന്റെ കൺട്രോളിൽ ആണ്.. രാവിലെ ആയിട്ട് പുറത്തൂടെ ഒക്കെ ഒന്ന് നടന്ന് നോക്ക്... മുമ്പിൽ നല്ലൊരു ഗാർഡനും പുറകില് ഒരു തോട്ടവും അങ്ങനെ മൊത്തം മാറ്റിയിട്ടുണ്ട് ആള് ..." സഫ അത് പറഞ്ഞത് കേൾക്കെ സുറുമിക്കു സ്വയം ഒരു അഭിമാനം ഒക്കെ തോന്നി.. നാലാളുടെ മുമ്പിൽ നമ്മളെ ഒന്ന് പൊക്കി പറയുന്നത് കേട്ടാൽ ഒരു പ്രതേക അനുഭൂതിയോടെ.... എന്നാൽ പുറത്തേക്ക് വലിയ ഭാവങ്ങൾ ഒന്നും ഇല്ലാതെ നമ്മൾ ഒരു നിൽപ്പ് നിൽക്കാറില്ലേ... ആ ഒരു അനുഭൂതിയിലും ആ നിൽപ്പിലുമൊക്കെ ആയിരുന്നു സുറുമിയും...

സഫ ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും ഉമ്മയുടെയും മഷ്ക്കാടെയും മുമ്പിൽ വെച്ച് പറഞ്ഞപ്പോ ഒരു കുളിര്... ഒരു മനഃസുഖം....തെല്ലൊരു അഹങ്കാരത്തോടെ തന്നെ ആളെ നോക്കിയപ്പോൾ അവിടെ കാണുന്ന ചിരിയിലും അവൾ പറഞ്ഞത് ആസ്വദിച്ച പോലെ ഉണ്ട്...കണ്ണുകളിൽ ഒരഭിമാന തിളക്കമുണ്ടോ.... അതോ തോന്നിയതോ ....? അതേ ചിരിയോടെ മഷൂദ് അവളെ തിരിഞ്ഞോന്ന് നോക്കി.... അവന്റെ പ്രതികരണം എന്താണെന്നറിയാൻ ആകാംഷയോടെ അവനെ തേടുന്ന അവളെ നോക്കിയവൻ പുരികം പൊക്കി ചുണ്ട് വളച്ച് കാണിച്ചു....ഇതൊക്കെ എന്ത് ഭാവത്തോടെ... അതും കണ്ടപ്പോൾ തിരിച്ചവളും അവനെ ഒന്ന് നോക്കി മുഖം വെട്ടിച്ചു.. ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്ന ഭാവത്തോടെ... "കുറെ ആയി മേലെ മുറിയൊക്കെ ഒന്ന് തൂത്ത് തുടച്ചിട്ട്... മഷൂച്ച പോയതിൽ പിന്നെ സുറുമിയും താഴെ തന്ന്യാ കിടപ്പൊക്കെ... ഞാൻ അവിടെ ഒന്ന് ക്ലീൻ ചെയ്തിട്ട് വരാ..." അവരുടെ ചെയ്തികളൊക്കെ കണ്ടു ചിരിയോടെ നിന്നിരുന്ന സഫ പെട്ടന്ന് ഓർത്തത് പോലെ ഇതും പറഞ്ഞു കൊണ്ട് പതിയെ എഴുനേറ്റു... "നീ ഈ വയറും വെച്ചോ..? അതൊന്നും വേണ്ടാ... നാളെ അതൊക്കെ നോക്കാം.. ഒരൂസം അങ്ങനെ കിടന്നെന്ന് വെച്ച് ഒന്നും പറ്റാനില്ല... " മഷൂദ് ആണ് "പെറടുത്ത പെണ്ണുങ്ങൾക്ക് മേലനങ്ങി തൂക്കുന്നതും തുടക്കുന്നതും നല്ലതാ മഷൂ ... നീ പോയി ക്ലീൻ ചെയ്തിട് സഫാ.. അവനങ്ങനെ പലതും പറയും... ഇപ്പൊ തന്നെ പെണ്ണിന് മടിയാ.... ഒന്നും ചെയ്യിപ്പിക്കാതെ താങ്ങാൻ സുറുമിയും...

ആ ബെഡ്ഷീറ്റ് ഒക്കെ മാറ്റി നല്ലതൊന്ന് വിരിക്കുകയേം വേണം..." ഉമ്മ പറഞ്ഞപ്പോൾ സുറുമിയെയും മഷൂദ്നെയും നോക്കി സഫയോന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ചൂലും തുടക്കാൻ തുണിയും ഒക്കെ കയ്യിലെടുത്തു കൊണ്ട് അകത്തേക്ക് കയറിപ്പോയി.. ഉമ്മാടേം മോന്റേം നാട്ടുവിശേഷം തുടർന്ന് കൊണ്ടിരുന്നു.. മഷൂദ് ഉമ്മയോട് ചോദിക്കുന്നതും പറയുന്നതുമെല്ലാം കാതോർത്തു കൊണ്ട് സുറുമി നിന്നെങ്കിലും പുറമേക്ക് അവനവിടെ ഉണ്ടെന്നുള്ള ഭാവം പോലും കാണിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.. ഇടയ്ക്കിടെ അവന്റെ മേൽ അവളുടെ നോട്ടം പാറി വീണെങ്കിൽ പോലും..... കുറച്ച് കഴിഞ്ഞതും സഫയുടെ വിളികേട്ടു... നല്ല ബെഡ്ഷീറ്റ് ഒന്നും അവിടെ കാണാനില്ല.. താഴേന്നു ഒന്ന് കൊണ്ട് വരാൻ... അവൾക്കുള്ള മറുപടിയും കൊടുത്ത് അതെടുത്തു കൊടുക്കാൻ വേണ്ടി ഉമ്മ പോയതും മഷൂദ് ഒരു കൈ പുറകിലേക്ക് നീട്ടി സുറുമിയുടെ കൈയിൽ പിടിച്ചു വലിച്ചു.. പ്രതീക്ഷിക്കാത്ത നീക്കാമായത് കൊണ്ട് അവന്റെ വലിയിൽ അവൾ അവന്റെ മുമ്പിലേക്ക് എത്തി.. എന്താണെന്ന് സംശയത്തോടെ പുരികം ചുളിച്ച് നോക്കിയതും അവൻ കാൽ കൊണ്ട് അടുത്ത് കിടന്ന ചെയർ നീക്കി അതിലേക്ക് ഇരിക്കാൻ കണ്ണ് കാണിച്ചു.. അത് വക വെക്കാതെ മറ്റെങ്ങോട്ടോ നോട്ടമെറിഞ്ഞു കൊണ്ട് അവളും..

മെല്ലെ ഇടം കണ്ണിട്ട് അവനെ നോക്കിയപ്പോൾ ചെറുച്ചിരി ചുണ്ടിൽ ഒളുപ്പിച്ച് കൂർപ്പിച്ച് കൊണ്ട് അവളെ തന്നെ നോക്കുകയാണ് അവൻ...അത് കാണെ അനുസരിക്കാതിരിക്കാൻ അവൾക്കും ആയില്ല... അവളുടെ മഷ്‌ക്കയല്ലേ... നീ ഇരുന്നില്ലെങ്കിൽ ഞാൻ ഇരുത്തും എന്ന ഭാവമല്ലേ ആ കുസൃതി ഒളുപ്പിച്ച കണ്ണുകളിൽ... ചെയറിൽ ഇരുന്നിട്ടും സുറുമി അവനെ ഒന്ന് നോക്കാൻ പോലും മെനക്കടാതെ...മിഴികൾ മറ്റെങ്ങോ നട്ടും മുഖത്ത് ചെറിയൊരു നറുപുഞ്ചിരിയുടെ ലാഞ്ചനയാലും പരിഭവിച്ച് തന്നെ നിന്നു... മനം അവന്റെ ചെറു അനക്കം പോലും ഒപ്പിയെടുത്തു കൊണ്ടും .... കുഴച്ചെടുത്ത ഒരുരുള ചോറ് അവൻ അവൾക്കായി നീട്ടിപിടിച്ചപ്പോൾ ഗൗരവം വെടിയാതെ അവൾ അവനെയൊന്ന് നോക്കി... വേണ്ടെന്ന് കാണിച്ചപ്പോൾ കണ്ണുകൾ കൊണ്ടവൻ അത് വാങ്ങാൻ ശാഠ്യം പിടിച്ചു ... വാ തുറന്ന് അത് വാങ്ങാൻ മെനക്കടാതെ അവൾ കനപ്പിച്ച മുഖം ഒരു വശത്തേക്ക് തിരിച്ചു വെച്ചു... പരിഭവത്തോടെ... ഇടം കണ്ണിട്ട് അവനെ നോക്കിയപ്പോൾ അവിടെ ആ പഴയ കുസൃതിയാണ് കണ്ണുകളിൽ... ഒപ്പം വാങ്ങുവോളം താനിങ്ങനെ നിനക്കായി നീട്ടിപിടിക്കുമെന്ന ഭാവവും ... അത് കാണെ കണ്ണുകൾ കൂർപ്പിച്ച് അവനെ നോക്കി കൊണ്ട് തന്നെ അവൾ വാ തുറന്നു... ആ നിമിഷം ആ ചുണ്ടിൽ ഒരു കള്ള ചിരി മിന്നിമറഞ്ഞോ ...?

പെട്ടന്ന് തോന്നിയ തോന്നലിൽ അവൾ കൈ ഉയർത്തി ചൂണ്ടുവിരലിനാൽ ആ ഉരുളയിൽ കുത്തി.. അവന്റെ കൈയിൽ കിടന്ന് അവ പൊടിഞ്ഞപ്പോ അവൾ കണ്ടു,നെയ്‌ച്ചോറിലെ പട്ടയും ഗ്രാമ്പൂവും ഏലക്കയും വേണ്ട സലാഡിൽ പൊടിപൊടിയായി അരിഞ്ഞിട്ട മുളക് പോലും ആ ഉരുളക്കുള്ളിൽ അവൻ ചേർത്തിട്ടുണ്ട്.... ഇത് പോലെ മീൻ മുള്ള് വെച്ചതും മുളക് വെച്ചതും അറിയാതെ, അവൻ നീട്ടിപിടിച്ച ഉരുള സന്തോഷത്തോടെ വാങ്ങി കഴിച്ചിട്ടുണ്ടവൾ...അമളി പറ്റിയതറിഞ്ഞ് ചുണ്ട് മലർത്തി അവൾ അവനെ നോക്കുമ്പോൾ കണ്ണിറുക്കി കുസൃതിയോടെ ചിരിക്കും അവൻ.... ഇപ്പോ, അവന്റെ കള്ളം കയ്യോടെ പിടിച്ചപ്പോഴും ആ ചിരിയും കണ്ണുകളിൽ അവളോടുള്ള നിറഞ്ഞ സ്നേഹവും മാത്രമാണ്....അത് കാണെ മനം നിറഞ്ഞു... അറിയാതെ വന്ന ഒരു ചെറു പുഞ്ചിരി അവൾ ചുണ്ടുകൾക്കിടയിൽ കടിച്ചമർത്തി..... വീണ്ടും ഒരുരുള അവൾക്കായി നീട്ടിയപ്പോൾ അവൾ കണ്ണുകൾ കുറുക്കി തന്നെ അവനെ നോക്കി... "ഇങ്ങനെ നോക്കല്ലേ പെണ്ണേ... ഇത് ഞാൻ സ്നേഹം നിറച്ച് എന്റെ ഭാര്യക്ക് വേണ്ടി നീട്ടിയ ഉരുളയാണ് .... കഴിക്കെടോ.." അവൻ പറഞ്ഞത് കേട്ടപ്പോൾ കൂർപ്പിച്ച് അവനെ നോക്കി കൊണ്ടാണെങ്കിലും വാ തുറക്കാതിരിക്കാൻ അവൾക്കായില്ല...

അതിന്റെ രുചി നാവിലേക്ക് എത്തി പല്ലുകളിക്കിടയിൽ വെച്ച് അവയെ ചവച്ചരക്കുമ്പോ അവൾ അറിഞ്ഞു നല്ല മൃദുവായ കോഴി കഷ്ണങ്ങളുടെ രുചി...❣️ പാത്രങ്ങളൊക്കെ കഴുകി എല്ലാം ഒതുക്കി വെച്ച് ലൈറ്റും അണച്ച് സുറുമി ഹാളിലേക്ക് വന്നപ്പോ ഉമ്മ കിടന്നിരുന്നു.. സഫയുടെ മുറിയിലേക്ക് എത്തി നോക്കിയപ്പോൾ അവൾ കിടക്കാനുള്ള തയാറെടുപ്പിലാണ്.... തേടിയ ആളെ അവിടെ എങ്ങും കാണാത്തപ്പോ അവൻ മുകളിലേക്ക് പോയിക്കാണുമെന്ന് അവൾ ഊഹിച്ചു..... ഹാളിലെ ലൈറ്റ് അണച്ച് സ്റ്റൈർ കയറാൻ നിന്നപ്പോ സഫയുടെ ആക്കിയുള്ള ചുമ കേട്ടു... "എന്താടി.. നിനക്ക് ചുമക്കുന്നോ... " ഗൗരവത്തിൽ തന്നെ ചോദിച്ചു... "ഓഹ്.. ഇല്ലേ... ഇത് വരെ നമ്മളൊക്കെ തന്നെ ഒള്ളായിരുന്നു.. ഇപ്പൊ ഒരാളിങ്ങ് വന്നപ്പോഴേക്ക് കണ്ണും കാതും മനസ്സും അങ്ങോട്ട് അർപ്പിച്ച് വെച്ചിരിക്കാ....ഹാ.. ഇനി ഇപ്പൊ നമ്മളെയൊക്കെ കണ്ണിൽ പിടിക്കോ എന്തോ..." കളിയാക്കി കൊണ്ട് സഫ പറഞ്ഞപ്പോ സുറുമിക്ക് ചിരി പൊട്ടി... " രണ്ടോ മൂന്നോ ദിവസം കൂടുമ്പോ ചിലവർ വന്നാൽ ചിലവരുടെ ഭാവവും ഇങ്ങനെയൊക്കെ തന്നെയാ......" സുറുമിയുടെ മറുപടിയും വന്നു... "ഹാ.. ഇനിയിപ്പോ അതൊക്കെ പറഞ്ഞ് മുഖം രക്ഷിക്കാം ... പോയാട്ടെ... പോയാട്ടെ...." "ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്താ ന്ന് പറയുന്നത് ഇതാ....

ഇപ്പൊ ഞാനെന്താ വേണ്ടേ.... ഇവിടെ നിന്റെ അടുത്ത് കിടക്കണോ... വേണേൽ കിടക്കാം.." "വോ വേണ്ടാ...നമ്മള് ഇങ്ങനെയൊക്കെയങ് കിടന്നോളാം ...അവിടെ ഒരാൾ നിമിഷങ്ങൾ എണ്ണി എണ്ണി കാത്തിരിക്കുന്നുണ്ടാകും......പോയാട്ടെ..." "എന്നാ നാത്തൂന് പോര് കാണിക്കാതെ വേഗം കണ്ണടച്ച് കിടന്നാട്ടെ.... ഇങ്ങനെ ഉറക്കമുളച്ചാൽ രാവിലെ എഴുനേറ്റ് മുറ്റമടിക്കാനും തൂക്കാനുമൊന്നും പറ്റില്ല...." "ഓഹ്.... ഉത്തരവ് പോലെ... '" അവളുടെ പരിഭവിച്ചുള്ള മറുപടി കേട്ടതും സുറുമി ചിരിയോടെ മുകളിലേക്ക് കയറി... റൂമിന്റെ മുമ്പിൽ എത്തിയതും ആ ചിരി മാഞ്ഞു...ഗൗരവം എടുത്തണിഞ്ഞു...അതേ ഭാവത്തോടെ മുറി തുറന്ന് അകത്തേക്ക് കയറിയതും കണ്ടു, കട്ടിലിൽ ചാരി ഇരിക്കുന്ന മശൂദ്നെ... ടീഷർട് അഴിച് മാറ്റിയിട്ടുണ്ട്.. ലുങ്കി മാത്രമാണ് വേഷം... അവനെ കാണെ എല്ലാം മറന്ന് ഓടി പോയി ആ മാറോടണയാൻ തോന്നി അവൾക്ക്.. ഏറെ നാളെത്തെ സ്വപ്നമാണ് മുമ്പിൽ കാണുന്നത്....കാത്തിരിപ്പിനും പ്രതീക്ഷകൾക്കും നോവുകൾക്കും ഒടുവിൽ പ്രണയപൂർവ്വമുള്ള അവന്റെ നോട്ടങ്ങളാലു തനിക്ക് വേണ്ടി മാത്രം വിരിയുന്ന ആ കുസൃതി ചിരിയാലും പ്രണയത്തോടെ അവൻ തരുന്ന ചുടുചുംബങ്ങളാലും അവന്റെ പ്രണയം തന്നിലേക്ക് മാത്രമായി ഒഴുകുന്ന വരും ദിവസങ്ങൾ എത്രയോ തവണ കിനാവ് കണ്ടിരിക്കുന്നു.....

കതക് തുറന്ന് വരുന്ന അവളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു... "നല്ല ചൂടുണ്ട് ല്ലേ... താഴെ ആകുമ്പോ ഇത്ര തന്നെ തോന്നിയില്ല...." അഴിച്ച് വെച്ച ഷർട്ട്‌ കൈയിലിട്ട് കറക്കി കൊണ്ടാണ് അവൻ പറഞ്ഞത്.. അതിന് മറുപടിയായി മൂളിക്കൊണ്ടവൾ വാഡ്രോബ് തുറന്ന് നൈറ്റിയും തോർത്തും എടുത്ത് തോളിലൂടെ ഇട്ട് കൊണ്ട് പുറത്തേക്ക് പോകാനാഞ്ഞു.... ''എങ്ങോട്ടാ... " അവന്റെ ചോദ്യം കേൾക്കെ അവളൊന്ന് തിരിഞ്ഞു നോക്കി... "കുളിക്കാനാ..? ഈ നട്ട പാതിരയിലോ...?" അവളുടെ നോട്ടം അവളുടെ തോളിലുള്ള തോർത്തിലേക്കും ഡ്രസ്സിലേക്കുമാണെന്ന് കണ്ടതും അവൻ ചോദിച്ചു... "നട്ട പാതിരക്ക് എന്താ കുളിച്ചൂടെ....?" " അതല്ല...കുളിക്കാം.. പക്ഷെ... ഈ നേരത്ത്..." അവനാകെ സംശയിച്ച് നിൽക്കുകയാണ്... "ചൂടല്ലേ...പിന്നെ കുളിക്കാതെ കയറി കിടക്കാൻ ഞാൻ എയർ കണ്ടീഷൻ ചെയ്ത ഓഫീസിൽ വർക്ക്‌ ചെയ്യല്ലല്ലോ.. അടുക്കളയിൽ അല്ലായിരുന്നോ...." ചുണ്ടോന്ന് കോട്ടി കപടഗൗരവത്തോടെ പറഞ്ഞു കൊണ്ടവൾ മുറി വിട്ടറങ്ങി.. ഇവളിത് എന്താ പറയുന്നത് എന്ന മട്ടിലുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോ വല്ലാത്തൊരു മനഃസുഖം... ഓരോന്ന് പറഞ്ഞ് ഉള്ളിലുള്ള പരിഭവം വാക്കുകളായി പുറത്തേക്കുന്തി ജയിച്ചവളെ പോലെ അവൻക്കു മുമ്പിൽ നിൽക്കുമ്പോ എന്തോ വല്ലാത്തൊരു ആനന്ദം..

പരമമായ ആനന്തം... മേലൊക്കെ കഴുകി മുറിയിലേക്ക് കയറിയപ്പോൾ ആൾ വാഡ്രോബിൽ എന്തോ തിരയുകയാണ്... അവൾ വന്ന പെരുമാറ്റം അറിഞ്ഞതും അവൻ മുഖമുയർത്തി അവളെ നോക്കി.. പിങ്ക് കളർ സെൽഫ് പ്രിന്റ് ആയിട്ടുള്ള സ്ലീവ്ലെസ്സ് നൈറ്റിയാണ് അവൾ ധരിച്ചിരിക്കുന്നത് ...തല കുളിച്ചിട്ടില്ല..പാറി പറന്ന അവളുടെ ഇളം കാപ്പി കളറുള്ള മുടി രണ്ട് ഭാഗത്തേക്കും തൂങ്ങി കിടപ്പുണ്ട്.. മുമ്പത്തെക്കാളും മുടി വലുപ്പം വെച്ചിട്ടുണ്ട്... ചെവിക്ക് താഴെ മാത്രം ഉണ്ടായിരുന്നത് ഇപ്പൊ തോള് കഴിഞ്ഞും വളർന്നിട്ടുണ്ട്.. എന്നാൽ നെഞ്ചറ്റം വരെ ഇല്ലതാനും.. ചുരുക്കി പറഞ്ഞാൽ സൽവാർ ഇട്ട് തട്ടം ഇട്ട തനി നാടൻ പെണ്ണല്ല ഇപ്പൊ...... ശരിക്കും ഒരു മോഡേണായിട്ടുള്ള കൊച്ചു സുന്ദരി..... പിങ്ക് കളർ നൈറ്റിയിൽ ഒന്നൂടെ സുന്ദരിയായത് പോലെ.... കൺ നിറയെ തന്നെ കാണുന്ന അവന്റെ കണ്ണുകളിൽ മിന്നിമറയുന്ന ഭാവങ്ങൾ കാണെ അവന് തന്നോടുള്ള സ്നേഹം മുമ്പത്തെക്കാളും കൂടിയിട്ടേ ഒള്ളൂ എന്ന് തോന്നി അവൾക്ക്.. എന്നിരുന്നാലും ഈ സ്നേഹമെല്ലാം ഒരു വാക്കാൽ പോലും പ്രകടിപ്പിക്കാതെ പാലക്കാരണങ്ങളാൽ അറിഞ്ഞോ അറിയാതെയോ തന്നെ അവഗണിച്ചതല്ലേ.. ഇന്ന് അവനെ കാണുന്ന നിമിഷം വരെ അവന്റെ ഓർമയിൽ വെന്തുരുക്കുകയല്ലായിരുന്നോ താൻ.... അപ്പൊ അങ്ങനെങ് തോറ്റു കൊടുക്കാൻ പറ്റോ...?

അവനെ വക വെക്കാതെ തന്നെ കയ്യിലുണ്ടായിരിന്ന തോർത്തു ഹാങ്ങ്‌ ചെയ്തു.. വാഡ്രോബ് ലക്ഷ്യമാക്കി അവൾ വന്ന് അവനവിടെ നിൽപ്പുണ്ടെന്ന് പോലും കണക്കിൽ എടുക്കാതെ വാഡ്രോബ് തുറന്ന് കോമ്പ് എടുത്ത് പാറി പറന്ന അവളുടെ മുടി ഒന്ന് ചീകി ഒതുക്കിയിട്ടു... തിരികെ കോമ്പ് വാഡ്രോബിൽ വെച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ മഷൂദ് അവൾക്ക് പുറകിൽ അവളുടെ തൊട്ടടുത്തായി നിൽക്കുകയാണ്... പ്രണയത്തോടെ... ഇഷ്ടത്തോടെ ആ കണ്ണുകൾ അവളുടെ മേൽ ഓടിനടക്കുകയാണ്... അതറിഞ്ഞിട്ടും കണ്ടഭാവം നടിക്കാതെ പോകാനാഞ്ഞ അവളുടെ വയറിൽ അവൻ കൈ ചുറ്റി പിടിച്ച് അവനിലേക്ക് അടുപ്പിച്ചു... അത് പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ അവന്റെ കൈ തട്ടി എറിഞ്ഞു.... പരിഭവത്തോടെ.... അവളുടെ പ്രവർത്തിയിൽ ആദ്യമൊന്ന് അമ്പരന്ന് കണ്ണാടിയിലൂടെ കാണുന്ന അവളുടെ പ്രതിബിംബത്തെ നോക്കിയെങ്കിലും വീണ്ടും കുസൃതിയോടെ ആ കരങ്ങൾ അവളുടെ അണവയറിൽ മുറുകി..വീണ്ടും പരിഭവത്തോടെ അവൾ അവന്റെ കൈ തട്ടി എറിഞ്ഞെങ്കിലും പിന്മാറാൻ തയാറാല്ലാത്തവനെ പോലെ അവന്റെ കരങ്ങൾ വീണ്ടും മുറുകി.. ഇത്തവണ പിടിത്തം മുറുകിയതായിരുന്നു...

തോൽക്കാൻ തയ്യാറല്ലാത്തവളെ പോലെ അവളും അവന്റെ കൈ തട്ടി മാറ്റിയെങ്കിലും അവളുടെ വയറിൽ മുറികിയ അവന്റെ ബലിഷ്ടമായ കൈ തട്ടി മാറ്റാൻ അവൾക്കായില്ല.. ഉള്ളിന്റെ ഉള്ളിൽ അവന്റെ കുറുമ്പുകളെ ആസ്വധിച്ചെങ്കിലും കാണാത്തപ്പോ ഒരു വാക്കാൽ പോലും സ്നേഹം ചൊരിയാതെ ഇപ്പോ തന്നെ കണ്ടപ്പോൾ മാത്രം കുതിച്ചോഴുകുന്ന അവന്റെ സ്നേഹത്തെ ഒരു ചേർത്ത് പിടിക്കലിലൂടെ എല്ലാം മറന്ന് അവനെ അനുസരിക്കാൻ അവളിലെ പെണ്ണ് സമ്മതിച്ചില്ല .. കണ്ണാടിയിലൂടെ കാണുന്ന അവനെ നോക്കി പരിഭവത്തോടെ... ദേഷ്യത്തോടെ അവൾ അവന്റെ കൈകളെ വേർപെടുത്താൻ നോക്കി കൊണ്ടിരിന്നു.. അപ്പോഴെല്ലാം അവന്റെ കൈ അവളിൽ മുറുകുകയും ശക്തിയായി തന്നെ അവളെ അവൻ അവന്റെ ശരീരത്തോടെ ചേർത്ത് പിടിക്കുകയും അവളുടെ പിൻക്കഴുത്തിലും അവളുടെ കോലൻ മുടിയിഴകളിലും അവൻ മുഖം അമർത്തുകയും ചെയ്തു.. കുതറി കൊണ്ട് തന്റെ വയറിൽ ചുറ്റിയ അവന്റെ കൈകൾക്ക് മുകളിൽ ദേഷ്യത്തോടെ..കുറുമ്പോടെ... പരിഭവത്തോടെ...അവൾ ആഞ്ഞടിച്ച് അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു... അവളുടെ കുറുമ്പ് ആസ്വദിച്ചെന്ന പോലെ കുസൃതിയോടെ ബലമായി അവളെ അവനിലേക്ക് ചേർത്ത് നിർത്തി എന്നല്ലാതെ തന്റെ കൈക്കുള്ളിൽ കിടന്ന് പിടയുന്നവളെ വിട്ടയക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.. "ദേ പെണ്ണേ.... നിനക്ക് വേദനിക്കും എന്നല്ലാതെ ഞാൻ വിടാൻ പോണില്ല കെട്ടോ..

അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് നന്ന്.. ഇല്ലേൽ അടക്കി നിർത്താൻ എനിക്ക് പലതും ചെയ്യേണ്ടി വരും..." പതുകെ അവളുടെ ചെവിയിലായ് അവൻ പറഞ്ഞതും കുറുമ്പോടെ അവൾ അവന്റെ കൈയിൽ പിച്ചി..വേദനകൊണ്ട് അവൻ കൈ കുടഞ്ഞ നിമിഷം കൊണ്ടവൾ കുതറി മാറി... മുഖം ചുളിച്ച് നൊന്ത ഭാഗം മറുകൈ കൊണ്ട് തടവി തന്റെ കൈക്കുള്ളിൽ നിന്ന് വഴുതിയവളെ കുറുമ്പോടെ നോക്കിയവൻ... തന്നെ പിടിക്കാനുള്ള നീക്കമാണ് അവന്റേത് എന്ന് മനസ്സിലായതും അവൾ ഒരൊറ്റ കുതിപ്പിന് കട്ടിലിൽ കയറി.. കുസൃതിയോടെ താടിയിൽ ഒന്നുഴിഞ്ഞു കൊണ്ട് ഒരംഗത്തിന് തയ്യാറായി കൊണ്ടവനും... രക്ഷപെടാനുള്ള പഴുത് തേടികൊണ്ടവളുടെ കണ്ണുകൾ ചുറ്റും പായ്ച്ചതും നിമിഷ നേരം കൊണ്ടവൻ പാഞ്ഞടുത്ത് അവളുടെ കാലിൽ പിടിത്തം ഇട്ടു... കുതറി ഓടാൻ ശ്രമിച്ചപ്പോഴേക്കും കാലിലെ അവന്റെ ബലമായ വലിയിൽ അവൾ അവന്റെ മേലേക്ക് വീണുകഴിഞ്ഞിരുന്നു... അവൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പേ തന്നെ അവളെ വലിച്ചടുപ്പിച്ച് അവളെയും കൊണ്ടവൻ മലക്കം മറിഞ്ഞു കഴിഞ്ഞിരിന്നു.. കഴുത്തിലൂടെ കൈ ചുറ്റി അവൾക്ക് മുകളിലായി അവൻ കിടന്നു... ബലിഷ്ടമായ അവന്റെ മറു കൈ അവളെ ചുറ്റി വരിഞ്ഞും.. കുറുമ്പോടെ...

പരിഭവത്തോടെ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തവളെ പോലെ അവൾ അവിടെ കിടന്നും കുതറി മാറി കൊണ്ടിരിന്നു.. ഒരിക്കലും തനിക്ക് മേലെ കിടക്കുന്നവനിൽ നിന്നും മാറാൻ കഴിയില്ലെന്നറിഞ്ഞിട്ടും.. അവന്റെ കൈകൾ അവളിൽ കൂടുതൽ പിടിമുറുക്കിയതും അവളുടെ പരിഭവം കൈകളിലൂടെ അവന്റെ നഗ്നമായ പുറത്തും തോളിലും അടിച്ചു തൊഴിച്ചും മാന്തിയും അവനെ നോവിച്ചു കൊണ്ടിരുന്നു.. വേദനചിട്ടും കണ്ണുകൾ മുറുക്കി ചിമ്മി അവയെ നേരിട്ടു എന്നല്ലാതെ അവളെ അവനിലേക്ക് ചേർത്ത് നിർത്തി കുസൃതിയോടെ ചിരിച്ചു അവൻ... വേദന കൊണ്ട് മുഖം ചുളിക്കുന്ന അവനെ കണ്ടതും അവൾ ചുണ്ടുകൾ മേലേക്ക് ഉന്തി മിഴികൾ നിറച്ച് അവനെ നോക്കി.. പതിയെ അവളുടെ എതിർപ്പുകൾ ഇല്ലാതായി.. "എന്റെ മനസ്സത്ര നൊന്തു ന്ന് അറിയോ.. ഇപ്പൊ.. ഇപ്പൊ മഷ്‌ക്കക്ക് വേദനിച്ചിലേറെ പതി മടങ്ങ് ഞാൻ വേദന തിന്നു..... എന്റെ ഉള്ളിലെ വേദനയെ അറിയാൻ മഷ്‌ക്ക ശ്രമിച്ചില്ലല്ലോ... സ്നേഹം നിറച്ച വാക്കുകൾക്ക് കാതോർക്കാനായി ഞാൻ കാത്തിരിക്കുമ്പോ തിരക്കിന്റെ പേരും പറഞ്ഞ് എന്നെ അവഗണിച്ചില്ലേ.. എന്നെ മൈൻഡ് പോലും ചെയ്തില്ലലോ...നിങ്ങളെ കാണാതെ നിങ്ങളുടെ സ്നേഹം കിട്ടാതെ എന്റെ മനസ്സ് എത്ര കണ്ട് നൊന്തൂന്ന് അറിയോ....

ഏഹ്.. അറിയോ ന്ന്... ഈ കണ്ണിൽ ഇപ്പൊ കാണുന്ന സ്നേഹമെല്ലാം ഒരു വാക്കാൽ പോലും പ്രകടിപ്പിക്കാതെ എന്നെ അവഗണിച്ചില്ലേ... പൊയ്ക്കോ... എനിക്ക് കാണണ്ട.... ഞാൻ അനുഭവിച്ച വേദന.... ഞാനൊഴുക്കിയ കണ്ണുനീർ... എല്ലാം നിങ്ങൾക്ക് വേണ്ടിയായിരുന്നു.... നിങ്ങളുടെ സ്നേഹത്തിന് വേണ്ടിയായിരുന്നു... നിങ്ങളെ ഒരു നോക്ക് കാണാൻ കൊതിയായിട്ടായിരുന്നു..... ആ എന്നെ നിങ്ങൾ.. പൊയ്ക്കോ...... നിങ്ങൾക്ക് എന്നോട് ഒരു ഇഷ്ടവും ഇല്ലാ ....അപ്പോ എനിക്കും ഇഷ്ട്ടല്ല... ഇതൊക്കെ അഭിനയാ.... വേണ്ടാ... പൊയ്ക്കോ...'' ഓരോന്ന് എണ്ണി പൊറുക്കി അവന്റെ നെഞ്ചിൽ ഉന്തി കൊണ്ടവൾ പറഞ്ഞു കൊണ്ടിരുന്നു.. സ്നേഹത്തോടെ.... പ്രണയത്തോടെ അവളെ അവനിലേക്ക് അടുപ്പിച്ച് കൊണ്ടവനും... "ഒന്നും വേണം ന്ന് വെച്ചിട്ടല്ല സുറുമി... നിന്നെ അറിയായിട്ടല്ല... മനസ്സിലാകായിട്ടല്ല.... എല്ലാം അല്ലെങ്കിലും കുറച്ചൊന്നു ഒതുക്കി ഒരു രണ്ട് മാസം നിനക്കൊപ്പം നിൽക്കാൻ...."പറഞ്ഞ് പൂർത്തിയാക്കാനാകാതെ അവൻ അവളുടെ തോളിലേക്ക് മുഖമർത്തി... അവന്റെ ഏറി വരുന്ന നെഞ്ചിടിപ്പിൽ നിന്നും എന്ത് പറഞ്ഞവളെ മനസ്സിലാക്കുമെന്നറിയാത്ത ഒരുവന്റെ സംഘർഷമായിരുന്നു... എന്തൊക്കെയോ പറഞ്ഞവളെ ആശ്വസിപ്പിക്കണം എന്നുണ്ട്..

പക്ഷെ എല്ലാം ഒരു വിങ്ങലായി തൊണ്ടയിൽ കുരുങ്ങി കിടന്നതേയുള്ളൂ... ഇതേ അവസ്ഥയായിരുന്നല്ലോ ഓരോ തവണയും അവൾ പ്രതീക്ഷയോടെ വിളിക്കുമ്പോഴും അവളുടെ ശബ്ദം കേൾക്കുമ്പോഴും ... എന്തൊക്കെയോ പറഞ്ഞവളെ സമാധാനിപ്പിക്കണം എന്നുണ്ടായിരുന്നു ഓരോ തവണയും.. അവളുടെ ദുഃഖം അറിയായിട്ടല്ല....ക്ഷീണിച്ച് കിടക്കയിലേക്ക് വീഴുന്ന ഓരോ രാത്രിയും അവളിലേറെ അവളുടെ സാമീപ്യത്തിന് കൊതിച്ചത് താനായിരുന്നു.... പുഞ്ചിരിയോടെ നിൽക്കുന്ന അവളെ ഒന്ന് കാണാൻ..സ്നേഹത്തോടെയുള്ള ആ തലോടലിന്... പ്രണയത്തോടെ അവൾ തരുന്ന ചുംബനങ്ങൾക്ക്....അങ്ങനെ എല്ലാത്തിനും കൊതിയായിരുന്നു... അത്യാവശ്യമായി വേണമെന്ന് പറഞ്ഞവരുടെ കടങ്ങൾ എല്ലാം എക്സ്ട്രാ ടൈം ജോലിയെടുത്ത് വീട്ടിയും രണ്ട് മാസം അവളുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ... അവളുടെ മാത്രമായി ജീവിക്കാൻ...ഉള്ളിന്റെ ഉള്ളിലുള്ള അവളോടുള്ള അടങ്ങാത്ത പ്രണയത്തെ അവളിലേക്ക് പകരാൻ .... എന്തൊക്കെയോ പറഞ്ഞു അവളുടെ പരിഭവത്തെ ഇല്ലാതാക്കണം എന്നുണ്ട്.. എല്ലാം അവളുടെ മേൽ മുറുകുന്ന അവന്റെ കൈകളിലൂടെ അവൻ പറഞ്ഞുകൊണ്ടിരുന്നു... "സുറുമി.... ഇഷ്ടമല്ല എന്ന് മാത്രം പറയല്ലേ....എന്റെ ഓരോ ശ്വാസത്തിലും നീയായിരുന്നു സുറുമി...

ഇപ്പോഴും നീയാണ്.. പക്ഷെ അതെങ്ങനെ എക്സ്പ്രസ്സ് ചെയ്യണമെന്ന് എനിക്കറിയില്ല സുറുമീ.... നെട്ടോട്ടത്തിലായിരുന്നു.... നിനക്കൊപ്പം ജീവിക്കാനുള്ള നെട്ടോട്ടത്തിൽ.. എല്ലാം കരക്കടുപ്പിച്ച് നിനക്കൊപ്പം ജീവിക്കണം.. അതിന് തലയിലായ ഭാരങ്ങൾ ഒഴിക്കണം ... അതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു... ഓരോ തവണയും നീയുമായി സംസാരിക്കുമ്പോ കൂടുതലായി നിന്നോടൊന്ന് മിണ്ടിയാൽ എല്ലാം മറന്ന്... എല്ലാം ഇട്ട് .. ആ ജോലി പോലും വേണ്ടെന്ന് വെച്ച് പോരാൻ എനിക്ക് തോന്നും...അങ്ങനെ സംഭവിക്കരുതെന്ന് വിചാരിച്ചാട്ടല്ലേ ഞാൻ..." പതിയെ ആണെങ്കിലും അവൻ അവളുടെ ചെവിയിലായ് പറഞ്ഞു... മിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ ഹൃദയതാളം.. മുറുകി കൊണ്ടിരിക്കുന്ന കരങ്ങൾ.... പിൻകഴുത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ മിഴിനീർ തുള്ളികൾ....ഇവയിൽ നിന്നെല്ലാം അവനെ അവളും മനസ്സിലാക്കിയിരിക്കാം... പതിയെ അവളുടെ കൈകളും അവനെ ചുറ്റി...എല്ലാ പരിഭവവും മറന്ന്.... രാവേറെ പൊഴിയുമ്പോൾ അവളുടെ കുഞ്ഞു പരിഭവത്തെ പോലും മായ്ച്ചുകൊണ്ട് വാക്കാൽ പ്രകടിപ്പിക്കാത്ത അവന്റെ പ്രണയം അത്രമേൽ തീവ്രമായി അവളറിഞ്ഞിരുന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story