സുറുമി: ഭാഗം 38

surumi

എഴുത്തുകാരി: അവന്തിക

വൈകീട്ട് നല്ലൊരു ചായയൊക്കെയായി എല്ലാവരും പുറത്തെ മരത്തടിയിൽ തീർത്ത ഇരിപടങ്ങളിൽ ഒത്തു കൂടി... എല്ലാവരും ചെറിയൊരു മയക്കം ഒക്കെ കഴിഞ്ഞ് വരുന്ന വരവാണ്....പെൺപടകളുടെ ഇട്ടിരിക്കുന്ന ഡ്രെസ്സിന് മുകളിൽ സ്വെറ്റർ കൂടെ വന്നിട്ടുണ്ട്.. പൂളിൽ തിമിർത്ത് കഴിഞ്ഞ് മൂടി പുതച്ച് ഉറങ്ങിയിട്ടും ആ തണുപ്പ് ഉടൽ വിട്ട് പോയിട്ടില്ല.. ഉച്ചക്ക് വന്ന പോലെയല്ല വൈകീട്ട് ആയപ്പോഴേക്കും ഇടയ്ക്കിടെ കുളിർ കാറ്റും തണുപ്പുള്ള അന്തരീക്ഷവുമൊക്കെയാണ് . ഒരഞ്ചു മിനുട്ട് നടന്നാൽ നല്ലൊരു വ്യൂ പോയിന്റ് ഉണ്ട്. ചായ ഒക്കെ കഴിഞ്ഞ് എല്ലാവരും കൂടെ അങ്ങോട്ട് വെച്ച് പിടിച്ചു... രണ്ട് ഭാഗത്തും ഇലപൊഴിക്കുന്ന വൃക്ഷങ്ങളാൽ തണൽ തീർത്ത റോഡിലൂടെ വേണം പോകാൻ... ആ വഴിയാകെ ഇലകളും പേരറിയാത്ത ചുവന്ന പൂക്കളാലും മൂടി കിടപ്പാണ്.. ആ റോഡിന്റെ അവസാനം നാല് തൂണിൽ പടുത്തുയർത്ത ഒരു ചെറിയ കെട്ടിടമാണ്.. മേലേക്ക് കയറാൻ പാകത്തിൽ പടികളും ഉണ്ട്.. പടികൾ കയറിയാൽ അങ്ങകലെ മഞ്ഞിനാൽ മൂടപ്പെട്ട മലനിരകൾ കാണാം.. താഴേക്ക് അറ്റം കാണാത്ത താഴ്ചയാണ്..

പടി പടിയായിട്ടാണ് താഴ്ച... ചുറ്റു മതിലും വേലിയും വലിയ മരങ്ങളും ഒക്കെയുണ്ട്. അതിനാൽ അപകടം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല.. അത് പോലെ തന്നെയാണ് മുമ്പോട്ടുള്ള കാഴ്ചയും... ഒരറ്റം മുതൽ മറ്റൊരു അറ്റം വരെ പരന്ന് കിടക്കുന്ന മലനിരകൾ... പകുതിയും മഞ്ഞിനാൽ മൂടപ്പെട്ടിട്ടാണ് ഉള്ളത്.... ചില മലനിരകളുടെ അഗ്ര ഭാഗം സൂക്ഷിച്ചു നോക്കിയാൽ മാത്രമേ കാണാൻ പറ്റൂ.. അത്രക്കും അവ്യക്തമാണ് കാഴ്ച... ചുരുക്കത്തിൽ മനസ്സും കണ്ണും നിറയുന്ന കാഴ്ച... പ്രകൃതി ഭംഗി.. അതിനോളം മനസ്സിന് സന്തോഷവും സംതൃപ്തിയും തരുന്ന മറ്റൊന്ന് ഭൂമിയിൽ ഉണ്ടോ..? കൂടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൂടെയാകുമ്പോ എല്ലാത്തിലും ഇരട്ടി മാധുര്യം... ഇരട്ടി ഭംഗി...ചിലപ്പോ... നോക്കി കാണുന്നവരുടെ മനസ്സിന്റെ സന്തോഷവും സംതൃപ്തിയും കൊണ്ടൊക്കെ ആയിരിക്കും ..... മഷൂദ്ന്റെ കൈയിൽ ചുറ്റി തല അവന്റെ തോളിലേക്ക് ചായച്ച് അവനോട് ചേർന്ന് നിൽക്കുമ്പോ സുറുമിയുടെ ചിന്തയും അതായിരുന്നു ... മനസ്സ് നിറഞ്ഞ് ഓരോന്നും കാണാൻ പറ്റുന്നത് കൂടെ പ്രിയപ്പെട്ടവൻ ഉണ്ടായത് കൊണ്ട് മാത്രമാണ് ...

തൊട്ടടുത്ത് അവൻ ഉണ്ടായത് കൊണ്ടാണ് കടന്ന് പോകുന്ന ഓരോ നിമിഷവും പ്രണയത്തിന്റെ.. സംതൃപ്തിയുടെ... മൂർദ്ധാവസ്ഥയിൽ നിന്ന് നോക്കി കാണാൻ പറ്റുന്നത്... തെളിവെള്ളം പോലെ ശാന്തമാണ് മനസ്സിപ്പോൾ.. എത്ര പെട്ടന്നാണ് അവസ്ഥകൾ മാറി മറഞ്ഞത് .. മഷ്‌ക്ക വരുന്നത് വരെ മനസ്സത്ര ആസ്വസ്ഥയായിരുന്നു... ഓരോ ദിവസവും ഓരോ യുഗം പോലെയായിരുന്നു... പക്ഷെ ഇപ്പൊ ഓരോ നിമിഷവും ആ സാന്നിധ്യത്താൽ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്.. ഓരോ അണുവിലും മഷ്ക്കാനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുകയാണ്.... അവന്റെ തോളിലേക്ക് ചായ്ച്ച തല ഉയർത്തി അവൾ അവനെ നോക്കി... കൈകൾ പാന്റ്സ്ന്റെ പോക്കറ്റിൽ ഇട്ടിട്ടാണ് ഉള്ളത്.. കണ്ണുകൾ മുമ്പിലെ മനോഹരമായ കാഴ്ച ഒപ്പിയെടുക്കുകയാണ്... ചുണ്ടിൽ മായാതെ ആ പുഞ്ചിരിയുണ്ട്.. ഈ മൂരാച്ചി അറിയുന്നുണ്ടോ ഈ പെണ്ണൊരുത്തിയുടെ മനസ്സ് ഇയാളോടുള്ള സ്നേഹത്താൽ നിറഞ്ഞിരിക്കുകയാണെന്ന്... എവടെ..... ഇനിയിപ്പോ പറഞ്ഞാലും മുഖത്തേക്ക് നോക്ക് ചിരിയോടെ കെട്ടിരിക്കും എന്നല്ലാതെ തിരു വാ തുറന്ന് ഒരക്ഷരം പറയൂല ....

പക്ഷെ തന്നെ നോക്കി കാണുന്ന ആ കണ്ണുകൾ പറയുന്നതുണ്ടാകും എന്തൊക്കെയോ..... അവൾ തലയുയർത്തി മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാകണം അവനും അവളെ നോക്കി പുരികം പൊക്കി എന്താ ന്ന് ചോദിച്ചു... ചുമൽ കോച്ചി അവൾ ഒന്നുമില്ലെന്ന് കാണിച്ചപ്പോൾ അവൻ ഇരുക്കണ്ണുകളുമടച്ച് കാണിച്ച് പുഞ്ചിരിച്ചു... കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ട് കൊണ്ട് അവളെ അവന്റെ മാറോട് അണച്ചു.. അവളുടെ ചിന്തകൾ മനസ്സിലാക്കിയ പോലെ അതിനുള്ള മറുപടി എന്നോണം അവന്റെ ആധരം അവളുടെ നെറ്റിയിൽ അമർന്നു ..പ്രണയത്തോടെ.... അവർ മാത്രമല്ല ഓരോരുത്തരും അവരുടെ പ്രിയപ്പെട്ടവർക്കൊപ്പം കൈ കോർത്തു പിടിച്ചും ചേർന്ന് നിന്നും കൺമുമ്പിൽ കാണുന്ന കാഴ്ചയും അതിന്റെ ഭംഗിയും നോക്കി കാണുകയായിരുന്നു.... മതിവരുവോളം... ◻️◻️◻️ ഗേൾസ് എല്ലാം പുറത്തെ ഇരിപ്പിടത്തിൽ ഒത്തു കൂടി കത്തി വെപ്പും മക്കളെ കളിപ്പിക്കലും ഒക്കെയാണ്.. ബോയ്സ് ഷോർട്സും തോർത്തും ഒക്കെ എടുത്ത് പൂളിലേക്ക് പോയിരിക്കുവാന്... നേരം ഇരുട്ടി തുടങ്ങിയതിൽ പിന്നെ ഗേൾസ്ന്റെ സ്വെറ്ററിനോപ്പം തോളിലൂടെ ഒരു കമ്പിളി പുതപ്പ് കൂടെ വന്നിട്ടുണ്ട്....

മക്കൾക്കെല്ലാം വൂളെൻ ജാക്കറ്റും മങ്കി ക്യാപ്പും ഇട്ടുകൊടുത്തിട്ടുണ്ട്.. നല്ല തണുപ്പാണ്... കൂടെ അതിന് ആക്കം കൂട്ടാൻ എന്നവണ്ണം ഇടയ്ക്കിടെ നല്ല കുളിർ കാറ്റും... ഇതൊക്കെ ആണെങ്കിലും വീടിന്റെ അകത്തേക്ക് പോയി ഇരിക്കാൻ ആർക്കും വയ്യതാനും.. പുറത്തെ ആ ഇരിപ്പടവും അതിന് ചുറ്റുമുള്ള അര മതിലും മതിലിന്റെ ഓരോ അറ്റത്തായി കത്തി കൊണ്ടിരിക്കുന്ന ലേറ്റും ആ അന്തരീക്ഷവും തണുത്ത കാറ്റും എല്ലാമെല്ലാം തരുന്ന ഒരു ഫീൽ അകത്തിരിക്കുമ്പോ കിട്ടുന്നില്ല.. അവരെല്ലാം കത്തി വെച്ചിരിക്കുമ്പോ തന്നെയാണ് പുരുഷ കേസരികൾ എല്ലാം ഒന്നൊന്നര മണിക്കൂർ നീണ്ട നീരാട്ട് കഴിഞ്ഞ് വന്നത്.. എല്ലാവരും ഷോർട്സും തോളിലൂടെ ഒരു തോർത്തും മാത്രം ഇട്ട് വിരിച്ച് വെച്ച നെഞ്ചുമായി നടന്നു വരുവാണ്.. " ഇവറ്റകൾക്കൊന്നും തണുപ്പെന്ന വികാരം ഇല്ലാവോ.. ഉച്ചക്ക് ഒന്ന് നനഞ്ഞതിന്റെ കുളിരും വിറയലും ഇപ്പഴും മേലെന്ന് പോയിട്ടില്ല..ഡ്രസ്സും സ്വറ്ററും അതിന് മേലെ പുതപ്പും ഇട്ടിട്ടും ഇടക്ക് വീശുന്ന കാറ്റിൽ വിറച്ച് പൂവാ... കുളിച്ച് കേറി ഡ്രസ്സ് മാറ്റി കൂനി പിടിച്ച് റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു..

മൂന്ന് പുതപ്പിന്റെ ഉള്ളിൽ നൂഴ്ന്ന് കേറി ഒന്നുറങ്ങി എഴുനേറ്റ് ഒരു ചുടു ചായയും കുടിച്ചിട്ടാണ് ആ വിറയല് മാറിയത്..... " ഹനയുടെ വകയാണ് കമന്റ്‌.... അത് കേട്ടപാടെ സഫയത് ഉറക്കെ വിളിച്ച് ചോദിക്കുകയും ചെയ്തു... " ഞങ്ങൾ പുരുഷന്മാർക്ക് പടച്ചോൻ എല്ലാത്തിനും ഒരു പ്രതേക ശക്തി തന്നിട്ടുണ്ട്.. കുശുമ്പും അസൂയയും പരദൂഷണവും കൊണ്ട് നടക്കുന്ന നിങ്ങളെയൊക്കെ സഹിക്കാൻ പറ്റുന്നില്ലേ.. പിന്നെയാണോ ഈ തണുപ്പ്... ചീള് കേസ്.. " തെല്ലൊരു അഹങ്കാരത്തോടെയുള്ള നിഹാലിന്റെ കമന്റും വന്നു.. അത് കേട്ടപ്പോൾ പെൺപടകൾ എല്ലാം ചുണ്ട് മലർത്തി കാണിച്ചു... എന്തൊരു പ്രഹസനം.... ഡ്രസ്സ് ഒക്കെ മാറി അവർ വന്നപ്പോഴേക്കും ഡിന്നർ റെഡി ആയിരുന്നു.. ചപ്പാത്തിയും ചിക്കൻ കറിയും...ഒരുമിച്ചിരുന്ന് വർത്തമാനം പറയലും കളിയാക്കലുമൊക്കെയായി ആസ്വദിച്ച് കഴിച്ച് തീർത്തപ്പോഴേക്കും ക്യാമ്പ് ഫയർ സെറ്റ് ആണെന്ന് മെയ്ഡ് വന്ന് അറിയിച്ചതിന് അനുസരിച്ച് എല്ലാവരും അങ്ങോട്ട് നീങ്ങി.. ആദ്യം എല്ലാരും കൂടെ പാട്ടൊക്കെ പാടി ക്യാമ്പ് ഫയർ ന്ന് ചുറ്റും ഓടി നടന്നു.. വൈകാതെ തന്നെ എല്ലാരും കൂടെ രണ്ട് ഭാഗത്തായി സിമെന്റ് കൊണ്ട് പണിത ഇരിപ്പിടത്തിൽ ഇരുന്നു.

കാഞ്ഞുകൊണ്ടിരിക്കുന്ന തീയിൽ കൈകൾ ചൂടാക്കി കൂടെ കൂടെ മുഖത്ത് അമർത്തി വെച്ച് തണുപ്പിനെ അകറ്റി കൊണ്ടിരിന്നു.. രണ്ട് ഗ്രൂപ്പ്‌ ആയി ഡംസ്‌മാഷ് കളിക്കാമെന്ന അഭിപ്രായം ഉയർന്നപ്പോൾ എല്ലാരും അതിനെ കൈ കോട്ടി പാസാക്കി.... ഗേൾസ് ബോയ്സ് രണ്ട് ഗ്രൂപ്പ്കളായി രണ്ട് ഭാഗത്തായി ഇരുന്നു.. ബോയ്സ് ഗേൾസ്ന്റെ ഗ്രൂപ്പിൽ നിന്ന് ഒരാളെ വിളിച്ച് ചെവിയിലായി ഫിലിമിന്റെ പേര് പറയുന്നു.. ആ കക്ഷി അത് സ്വന്തം ടീമിന് ആക്ഷനിലൂടെ കാണിച്ച് കൊടുക്കുന്നു... ഇടക്ക് പൊട്ടി ചിരിപ്പിച്ചും വഴക്ക് കൂടിയും ഇരു ടീമും തകർത്ത് മത്സരിച്ചു ... കേട്ട് കേൾവി പോലുമില്ലാത്ത പഴയ സിനിമകൾ പറഞ്ഞ് ആൺപടകൾ പെൺപടകളെ കുരുക്കിയപ്പോൾ ഓരോ അക്ഷരങ്ങൾ വീതം അംഗ്യ ഭാഷയിലൂടെ പറഞ്ഞ് കൊണ്ട് പെൺപട ആൺപടകളെ പോലും ഞെട്ടിച്ചു... മക്കളൊക്കെ ഉറക്കം പിടിച്ച് കരയാൻ തുടങ്ങിയപ്പോൾ അര മണിക്കൂറിനുള്ളിൽ മക്കളെയൊക്കെ ഉറക്കി അകത്തെ ഹാളിൽ എല്ലാവരും എത്തിയിരിക്കണം എന്ന ഉത്തരവ് അനുസരിച്ച് സുറുമി ഒഴിച്ച് ബാക്കിയുള്ളവർ മക്കളെ ഉറക്കാൻ പോയി...

അവർ വരുമ്പോഴേക്കും നല്ലൊരു ഗെയിം പ്ലാൻ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് ആൺ പടകൾ അകത്തേക്കും.. അവർ ഗെയിം ഉണ്ടാകുന്ന നേരം കൊണ്ട് റൂമിൽ പോയി ഒരു ചെറിയ മയക്കം പാസാക്കാം എന്നോർത്ത് അവർക്ക് പുറകെ സുറുമിയും നടന്നു... ചെറിയൊരു നിലാ വെളിച്ചത്തിൽ ആകാശത്ത് അങ്ങിങ്ങായി കാണുന്ന നക്ഷത്രങ്ങളും വീശിയടിക്കുന്ന ഇളം കാറ്റിൽ ഉലഞ്ഞു കൊണ്ട് നൃത്തം ചെയ്യുന്ന വൃക്ഷങ്ങളുടെ ഇലകളൊക്കെ നോക്കി കൈകൾ പുതപ്പിന്റെ ഉള്ളിൽ മാറോട് പിണച്ചു വെച്ചെങ്ങനെ അകത്തേക്ക് കയറാനൊരുങ്ങിയപ്പോഴാണ് ഇരുകണ്ണുകളുമടച്ച് കുസൃതിയോടെ ചിരിച്ചു കൊണ്ട് മഷൂദ് മുമ്പിൽ വന്ന് നിന്നത്... ഇരുകണ്ണുകളുമടച്ചുള്ള ആ ചിരി അതവൻ അവന്റെ പെണ്ണിനായി മാത്രം നൽകുന്നതാണ്... അത് കണ്ടാൽ അവൾക്കറിയാം എന്തോ കുസൃതി ഒപ്പിക്കാനുള്ള ഭാവമാണ് എന്ന്.... സംശയത്തോടെ കണ്ണുകൾ കുറുക്കി നോക്കുന്ന അവളെയും കൊണ്ട് അവൻ തിരികെ പുറത്തേക്ക് തന്നെ നടന്നു.. "മഷ്ക്കാ...അയ്യേ.. അവരൊക്കെ അകത്തേക്ക് കയറിയപ്പോ നമ്മള് പുറത്തേക്ക്... അവരൊക്കെ കളിയാക്കുമേ....." പുറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടവൾ അവനൊപ്പം ചെല്ലാൻ മടിച്ചു നിന്നു .. "കളിയാക്കട്ടെ..... " അതും പറഞ്ഞ് അവളുടെ തോളിലൂടെ കൈ ഇട്ട് കൊണ്ടവൻ മുന്നോട്ട് നടന്നു..

നേരത്തെ ഇരുന്ന സ്ഥലത്തേക്കാണ് അവൻ അവളെ കൊണ്ട് പോയത് .... വിറക് കൂട്ടി വെച്ച് കാഞ്ഞു കൊണ്ടിരുന്ന തീ കത്തി തീർന്ന് കനലെരിഞ്ഞ് തുടങ്ങിയിരുന്നു.. സുറുമിയുടെ തോളിലൂടെ ഇട്ട പുതപ്പിന്റെ ഒരറ്റം എടുത്ത് അതവൻ അവന്റെ തോളിലൂടെ ഇട്ട് കൊണ്ട് അവൾക്കരികിലേക്ക് നീങ്ങിയിരിന്നു... കോട മഞ്ഞും വനാര്യന്തങ്ങളിൽ നിന്ന് ഇടയ്ക്കിടെ വീശിക്കൊണ്ടിരിക്കുന്ന കുളിർ കാറ്റും തണുപ്പേകിയപ്പോൾ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ അവൻ അവനിലേക്ക് ചേർത്തമർത്തി.... അവന്റെ ഉദരത്തിന് ചുറ്റും വട്ടം പിടിച്ച് കൊണ്ട് ആ നെഞ്ചിലേക്ക് തല ചായ്ച്ചു കൊണ്ടവളും.... ഉള്ളം മുഴുവൻ അവനോടുള്ള അടങ്ങാത്ത പ്രണയമാണ്...... സ്നേഹം തിങ്ങി നിറഞ്ഞ് വാക്കുകൾ അന്യമാകുന്ന ഒരവസ്ഥ.. അല്ലെങ്കിലും ഒന്നോ രണ്ടോ വാക്കിലൂടെ പറഞ്ഞാൽ തീരോ അവനോടുള്ള തന്റെ ഇഷ്ട്ടം...വട്ടം പിടിച്ച കൈകൾ മുറുക്കി കൊണ്ടവൾ അവനിലേക്ക് അമർന്നു... എപ്പോഴൊക്കെയോ അവനെയും ചേർത്ത് താൻ നെയ്ത കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ലേ വലുതല്ലാത്തൊരു യാത്ര പോകണമെന്നും കൈ കോർത്തു പിടിച്ച് ഓരോന്നും നോക്കി കാണണമെന്നും ഇങ്ങനെ അവനൊപ്പം ആ നെഞ്ചോട് ചേർന്ന് ഇരുന്ന് കഥകൾ പറയണമെന്നും രാവേറെ കഴിയുമ്പോ അവന്റെ പ്രണയമേറ്റ് അവനോട് ചേർന്ന് നിദ്രയെ പുൽകണമെന്നും.... ഉണ്ടായിരുന്നു...

ഓരോ രാത്രിയും കണ്ണടച്ച് പകൽ കിനാവെന്ന പോലെ അവനെ ചേർത്ത് നെയ്ത സ്വപ്നങ്ങളിൽ ഇതും ഉണ്ടായിരുന്നു.... "മഷ്ക്കാ..." അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൾ വിളിച്ചു... "മ്മ്..." "എന്താ ആലോചിക്കുന്നെ...?" "നാളെ അമേരിക്ക ഒരു മിസേൽ പരീക്ഷിക്കുന്നുണ്ട്.. അതെവിടെ പോയിട്ടാവോ വീഴുന്നത്...." "മഷ്ക്കാ...." ചിണുങ്ങി വിളിച്ചു കൊണ്ടവൾ അവന്റെ വയറിന് പിച്ചി... "അല്ലാതെ പിന്നെ..." അവളുടെ പ്രവർത്തിയിൽ ഒന്ന് കുതറി കൊണ്ടവൻ ചിരിച്ചു.... "ഈ മഷ്‌ക്ക ഇത് എന്തൊരു മൂരാച്ചിയാ... ഇങ്ങനെ ഇരിക്കുമ്പോ ഒന്നും തോന്നുന്നില്ലേ മഷ്‌ക്ക ക്ക്..." "എനിക്കെന്ത് തോന്നാൻ.... നിനക്കെന്താ തോന്നുന്നേ...." "മഷ്‌ക്ക ഇല്ലാത്തപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ആഗ്രഹിച്ചിരുന്നു... മഷ്‌ക്ക ക്ക് കഴിയുന്ന ഒരിടത്തേക്ക് ഒരു ട്രിപ്പ്‌ പോകണമെന്നും ഇങ്ങനെ മഷ്‌ക്കക്ക് ഒപ്പം ചേർന്ന് ഇരിക്കണമെന്നും... അങ്ങനെ എന്തൊക്കെയോ..." ഉള്ളിലെ അവനോടുള്ള അടങ്ങാത്ത സ്നേഹം വാക്കാൽ അവനോട് പറയാൻ വിമ്മിഷ്ട്ട പെടുകയായിരുന്നു അവൾ... " ആണോ... ന്നിട്ട് ... " "ന്നിട്ടെന്താ.. കൊറേ വർത്തമാനം പറയണം ഇടയിക്കിടക്ക് ഇങ്ങനെ ഉമ്മ വെക്കണം..." അവൾ പറയുന്നതിനോടൊപ്പം അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു... മറുപടിയായി അവനൊന്നു ചിരിച്ചു...

"ചിരിച്ചോ... ഒക്കെ കേട്ട് ചിരിക്കാൻ മാത്രേ അറിയൂ... എന്തേലുമൊക്കെ എന്നോട് പറഞ്ഞൂടെ... ഒരുപാടിഷ്ടമാണെന്നോ... ജീവനാണെന്നോ... അങ്ങനെ എന്തേലും...." "ആണല്ലോ.. പിന്നെന്തിനാ പറയണേ..." "എന്നാലും കേൾക്കാനുള്ള കൊതി എനിക്കുമുണ്ടാവില്ലേ....." കെറുവോടെ അവൾ ചോദിച്ചു... "എടി... ഈ വാക്കിലല്ല കാര്യം.. പ്രവർത്തിയിലാ... ഇന്ന് ഉച്ചക്ക് കുളത്തിൽ വെച്ചെന്തായിരുന്നു.... മ്മ്.. ഇനി റൂമിലെത്തട്ടെ... അപ്പൊ ഒന്നൂടെ പ്രവർത്തിച്ച് കാണിച്ച് തരാം..." കുസൃതിയോടെ ഈണത്തിലായി പറയുന്നതിനോടൊപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ കുസൃതി കാണിച്ചു.... "ശ്യേ... വഷളൻ... ഈ ഒരു ചിന്ത മാത്രേ ഒള്ളൂ..." കുതറി കൊണ്ടവൾ കുസൃതി കാണിക്കുന്ന അവന്റെ കൈകളിൽ പിടിച്ചു... ഒപ്പം മറു കൈ കൊണ്ട് അവന്റെ നെഞ്ചിന് പതുക്കെ ഒരു കുത്തും കൊടുത്തു.. "നിങ്ങളെ വാ കൊണ്ട് എന്തേലും കേൾക്കാനുള്ള കൊതി കൊണ്ടാ... സത്യം പറഞ്ഞാൽ ഇങ്ങനെ ഇരിക്കുമ്പോ ന്റെ ഹൃദയം മുഴുവൻ മഷ്ക്കാനോടുള്ള ഇഷ്ട്ടം നിറഞ്ഞു തുളുമ്പാ....എനിക്കെന്തൊരു ഇഷ്ടമാണെന്നോ.... ന്റെ ജീവനാ....."

അവന്റെ നെഞ്ചിലേക്ക് അമർന്നു കൊണ്ട് പ്രതീക്ഷയോടെ അവനിൽ നിന്ന് പ്രണാതുരമായി ഒരു വാക്ക് കേൾക്കാനുള്ള കൊതിയിൽ അവളൊന്ന് തലയുയർത്തി അവനെ നോക്കി.. മറുപടിയായി അവൻ ദൃതി പിടിച്ച് അവളുടെ മാറിന് കുറുകെ വീണു കിടക്കുന്ന തട്ടം മാറ്റി കഴുത്തിന് ചുറ്റുമുള്ള ടോപിന്റെ തുണി വലിച്ചു കൊണ്ട് എത്തി നോക്കി.. "അയ്യേ...ന്താ കാണിക്കുന്നേ ....??" അവൻ വലിച്ച് പിടിച്ച ഭാഗം തട്ടം കൊണ്ട് മറച്ചു പിടിച്ചു കൊണ്ടവൾ കണ്ണുകൾ കുറുക്കി അവനെ നോക്കി... "ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന ആ ഇഷ്ട്ടം ഒന്ന് കാണാൻ പറ്റോ ന്ന് നോക്കിയതാ...." കുസൃതിയോടെ അടക്കി പിടിച്ച ചിരിയാലെ അവൻ പറഞ്ഞപ്പോൾ അവൾ രണ്ട് കൈ കൊണ്ടും അവന്റെ പുറത്തും കൈയിലുമായി അടിച്ചു....ദേഷ്യം വന്നിരുന്നു അവൾക്ക്... കാര്യമായി പറയുമ്പോ കളിയാക്കുന്നു... പൊട്ടി ചിരിച്ചു കൊണ്ട് അവളുടെ അടികൾ തടുത്തു മാറ്റി കൊണ്ടവൻ അവളെ ചുറ്റി പിടിച്ച് അവനിലേക്ക് ചേർത്തമർത്തി.... എന്നിട്ടും ചുണ്ട് കോർപ്പിച്ച് പരിഭവിച്ചു നിൽക്കുന്ന അവളുടെ ഇടുപ്പിലും പുറത്തും അവന്റെ കൈകൾ ഇക്കിളി കൂട്ടിയും വേദനിപ്പിച്ചും ഓടി നടന്നു....

അവളുടെ മുഖത്തെ പരിഭവം മാറി അവിടെ ചിരി വിരിയുന്നത് വരെ അവന്റെ പ്രവർത്തി തുടർന്നു.. അവന്റെ കുസൃതിയോടെയുള്ള പ്രവൃത്തിയും നോട്ടവും താങ്ങാനാവാതെ നിമിഷങ്ങൾ മാത്രം നീണ്ട പിണക്കം മറന്ന് അവൾ കിലുങ്ങനെ ചിരിച്ചു... ഗെയിം റെഡി ആയി മക്കളെ ഉറക്കാൻ പോയവർ ഓരോരുത്തരായി വന്ന് കൊണ്ടിരുന്നപ്പോൾ കുറുകാൻ പോയ ഇണക്കുരുവികളെ വിളിച്ചോണ്ട് വരാമെന്ന് പറഞ്ഞ് നിഹാൽ പുറത്തേക്ക് ഇറങ്ങി.. കുറച്ചകലെ നിന്ന് തന്നെ കണ്ടു,ക്യാമ്പ് ഫയർ സെറ്റ് ചെയ്ത സ്ഥലത്തെ ഇരിപ്പിടത്തിൽ എന്തിനോ വേണ്ടി മശൂദ്നെ തല്ലി കൊണ്ടിരിക്കുന്ന സുറുമിയെ ... ദേഷ്യം കൊണ്ട് ആള് പുറത്തും തോളിനുമെല്ലാം വലുതല്ലാത്ത രീതിയിൽ അടി കൊടുക്കുന്നുണ്ട്.... ചിരിയോടെ ആണെങ്കിലും കൈ വെച്ച് ഓരോ തല്ലും തടുത്ത് മാറ്റുന്നുണ്ട് മഷൂദ്.. കുറച്ചുറക്കെ കൈ കൊട്ടി കൊണ്ട് അവരുടെ ശ്രദ്ധ ആകർഷിപ്പിച്ചു നിഹാൽ... അവർ അവനെ കണ്ടതും കൈ കൊണ്ട് വരാൻ അംഗ്യം കാണിച്ചു.. ചിരിയോടെ തന്നെ മഷൂദ് എഴുനേറ്റ് അവന്റെ അടുത്തേക്ക് നടന്നപ്പോൾ കെറുവെച്ച് മശൂദ്നെ നോക്കി കൊണ്ട് സുറുമിയും അവന് പുറകെ തന്നെ ഉണ്ടായിരുന്നു.. "കൊക്കുരുമുന്ന ഇണകുരുവികളെ ആണ് പ്രതീക്ഷിച്ചത്... അര മണിക്കൂർ കൊണ്ട് തല്ലി പിരിഞ്ഞോ രണ്ട് പേരും...???"

അവർ അടുത്തെത്തിയതും അവർക്ക് മുമ്പിലായി നടക്കുന്നതിനിടെ ചിരിയോടെ നിഹാൽ ചോദിച്ചു.... "ഏയ്... ഇവള് ചുമ്മാ..." മഷൂദ് ആണ്.... "ഞാനല്ല... മഷ്‌ക്കയാ...." അവന് പുറകെ ഇത്തിരി കടുപ്പിച്ചുള്ള സുറുമിയുടെ മറുപടിയും വന്നു...അത് കേട്ടതും തല ചെരിച്ച് മഷൂദ് സുറുമിയെ നോക്കി ചുണ്ട് കൊണ്ട് ഫ്ലയിങ് കിസ്സ് കൊടുത്തു കൊണ്ട് കണ്ണടച്ച് കാണിച്ചു.. ചുണ്ട് കോട്ടി പരിഭവം നടിച്ചു കൊണ്ടവളും... "ന്താണ്ടയെ.. ഇത്രക്ക് ദേഷ്യം വരാൻ......?" അടക്കി പിടിച്ച ചിരിയാലെ നിഹാൽ ചോദിച്ചു... "അതുണ്ടല്ലോ.. ഈ മഷ്‌ക്ക വെറുതെ.. എന്നെ ഇട്ട് ഇങ്ങനെ കളിപ്പിക്കാ ... ഒരു കാര്യം സീരിയസ് ആയി പറഞ്ഞാൽ എല്ലാം മഷ്‌ക്കക്ക് തമാശയാ.... മഷ്‌ക്ക ഇവിടെ ഇല്ലാതിരിന്ന ദിവസങ്ങളിൽ ചിലപ്പോ ശ്വാസം മുട്ടുന്ന പോലെ തോന്നും എന്ന് ഞാൻ പറഞ്ഞപ്പോ മഷ്‌ക്ക ചോദിക്ക്യാ ... ഏത് ഡോക്ടറെയാ കാണിച്ചേ ശ്വാസം മുട്ടലിന് ന്ന്...പിന്നെയുണ്ടല്ലോ ... ഇന്ന് ഉച്ചക്ക് ഒന്നുറക്കം പിടിച്ച് വന്നപ്പോഴേക്കും ചായ കുടിക്കാൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് മഷ്‌ക്ക വന്ന് വിളിച്ചു...അപ്പൊ ഉറക്കം കൊണ്ട് കണ്ണ് പൊങ്ങുന്നുണ്ടായില്ല എന്ന് പറഞ്ഞപ്പോ ഈ മഷ്‌ക്ക പറയാ നാട്ടിൽ നിന്നൊരു ക്രൈൻ കൊണ്ട് വരാമായിരുന്നു എന്റെ കണ്ണ് പൊക്കാൻ ന്ന്..." ഇടയ്ക്കിടെ കടുപ്പിച്ചോന്ന് മശൂദ്നെ നോക്കികൊണ്ടാണ് സുറുമി പറഞ്ഞു നിർത്തിയത്...

അവളുടെ പരിഭവിച്ചുള്ള സംസാരം കേൾക്കെ ചിരി പൊട്ടുണ്ടയിരുന്നു മഷൂദ് ന്ന്... "ന്റെ മഷൂ... തമാശ പറയുമ്പോ കുറച്ച് സ്റ്റാൻഡേർഡ് ആയിട്ടുള്ളത് പറയ്... " " സ്റ്റാൻഡേർഡ് ഇല്ലേലും സഹിക്കാം.... പക്ഷെ ഈ കാര്യം പറയുമ്പോ ആളെ കൊരങ്ങു കളിപ്പിക്കുന്ന ഈ പരിപാടി ഉണ്ടല്ലോ... അതാ എനിക്ക് പിടിക്കാത്തെ.. അത് നല്ലതല്ല ന്ന് പറഞ്ഞു കൊട് ചങ്ങാതിക്ക്.... " ഇതും പറഞ്ഞ് ചുണ്ട് കോട്ടി കൊണ്ടവൾ നിഹാലിനെ കടന്ന് അകത്തേക്ക് കയറി പോയി... " ഇങ്ങനെയൊക്കെ സംസാരിക്കോ അവള്.... അധികം ഇൻവോൾവ് ആകാതെ എല്ലാത്തിനും പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നതെ കണ്ടിട്ടുള്ളൂ.. " നിഹാലിന്റെ വാക്കുകളിൽ തെല്ലൊരു അത്ഭുദമുണ്ടായിരുന്നു.. "അവളുടെ ഈ മുഖം,അതെനിക്ക് മാത്രം പരിചയമുള്ളതാ.. അതെനിക്ക് ഒരുപാട് ഇഷ്ട്ടമാണെടാ... അതെല്ലേ അതിനെ ഇട്ട് വട്ട് കളിപ്പിക്കുന്നെ..." "എന്തായാലും ശ്രദ്ധിച്ചോ..., ആള് നല്ല ചൂടിലാ....നമ്മുടെ ഭാരിച്ച ചിന്തകൾ ഒക്കെ വെച്ച് നോക്കുമ്പോ അവർ പറയുന്നത് നിസാരമായിരിക്കും..

എന്നാലും അവരെ കേൾക്കാൻ ആളുണ്ടെന്ന് തോന്നുന്ന പോലെ ചുമ്മാ കെട്ടിരിന്നാൽ തന്നെ അവർ ഹാപ്പി ആണെടാ... നമ്മൾക്ക് ചുറ്റുമല്ലെ അവരുടെ ലോകം...." "അറിയാ... അവളുടെ പിണക്കത്തിനും ഒരു പ്രതെക മൊഞ്ചാണെടാ ... അവളുടെ ദേഷ്യമൊക്കെ എന്റെ ഒരു ചിരിയിൽ ഇല്ലാതാകും... അതാ ന്റെ പെണ്ണ്..." ഇതും പറഞ്ഞു കൊണ്ട് മഷൂദ് ചിരിച്ചു... "എന്നാ നല്ലത്..." അപ്പോഴേക്കും അവർ അകത്തെ ഹാളിൽ എത്തിയിരുന്നു... വന്നവരോടായി റൗണ്ട് ആയി ഇരിക്കാൻ പറയുന്നുണ്ടായിരുന്നു നിയാസ്... വന്നവർ ഓരോത്തരായി തറയിൽ റൗണ്ട് ആയി ഇരിക്കുകയാണ്... മഷൂദ്ന്റെ കണ്ണുകൾ ചുറ്റുമോന്ന് സുറുമിയെ തേടി... തേടിയ ആളെ കണ്ടതും ആ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു... ഇടം കണ്ണിട്ട് ആണെങ്കിലും അവളും അവനെ തന്നെയാണ് നോക്കുന്നത് .. പരസ്പരം കണ്ണുകൾ കോർത്ത നിമിഷം അവന്റെ അടുത്ത് ഇരിക്കാനായി കണ്ണ് കാണിച്ചെങ്കിലും അവന്റെ മേലുള്ള നോട്ടം മാറ്റി ചുണ്ട് കോട്ടി നിന്നു അവൾ... പിന്നീട് എപ്പോഴോ ഓരോരുത്തരായി ഇരുന്ന് വന്നപ്പോഴേക്കും അവന്റെ അടുത്ത് അവളും സ്ഥാനം പിടിച്ചിരുന്നു...

നിയാസ് ആണ് ഗെയിം വിവരിച്ചു കൊടുക്കുന്നത്... ഒരു ബോൾ ഉണ്ട്.. കരോക്കെയിൽ മ്യൂസിക് പ്ലേ ചെയ്യുമ്പോ ബോൾ പാസ്സ് ചെയ്ത് തുടങ്ങണം.. മ്യൂസിക് നിർത്തുന്ന ടൈമിൽ ആരുടെ കയ്യിലാണോ ബോൾ അവർ ഔട്ട്‌... ഇത് കേട്ടതും ആഞ്ചാറു ഘടാഗടിയന്മാരായ ആണുങ്ങൾ അര മണിക്കൂറോളം മെനക്കെട്ടിട്ട് കിട്ടിയ ഗെയിം ഇതാണോ എന്ന് ചോദിച്ചു കൊണ്ട് പെൺപട കൂകി വിളിച്ചു.. കൂവൽ ഒന്ന് അമർന്നതും ഗെയ്മിന്റെ അടുത്ത സ്റ്റെപ് പറഞ്ഞു തുടങ്ങി. അങ്ങനെ ഔട്ട്‌ ആകുന്നവർക്ക് ഒരു ബൗളിൽ മടക്കി ഇട്ടിരിക്കുന്ന എഴുതിവെച്ച പേപ്പർ എടുക്കാം... അതിൽ തന്റെ പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ്... പോസറ്റീവും നെഗറ്റീവുമുണ്ട്... എന്ത് തന്നെ ആയാലും ആ സദസ്സിൽ വെച്ച് സത്യം പോലെ പറയാം... ഇത് കേട്ടതും എല്ലാവരും കൈ അടിച്ച് പാസ്സാക്കി.. ഗെയിം തുടങ്ങി.. ഔട്ട്‌ ആകുന്നവർ ബൗളിൽ ഉള്ള പേപ്പർ കുലുക്കി എടുത്തു.. തന്റെ പങ്കാളിക്ക് ഇഷ്ട്ട കളർ, ഭക്ഷണം, അവർ ദേഷ്യം വരുമ്പോ ഉപയോഗിക്കുന്ന വാക്കുകൾ, അവരോട് അഭിപ്രായ വിത്യാസം തോന്നിയ കാര്യം, അവരുമൊന്നിച്ച് ആദ്യം പോയ സ്ഥലം...

ആദ്യമായി അവരുമായി വഴക്ക് കൂടിയത് എന്തിന് വേണ്ടിയായിരുന്നു.... അവരിൽ ഇഷ്ട്ടപെട്ട കാര്യം...ഇങ്ങനെ വരും ആ ലിസ്റ്റ് .. ഒടുവിൽ സുറുമിയുടെ ഊഴം എത്തി.. ""തന്റെ പങ്കാളിയിൽ ഇല്ലാത്ത ഒരു കാര്യം.... അതായത്... ആ ഒരു കാര്യം തന്റെ പങ്കാളിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്... '"' ഇതായിരുന്നു സുറുമിക്ക് കിട്ടിയത്... പേപ്പറിൽ ഉള്ള കണ്ടന്റ് വായിച്ചതും എല്ലാവരും കയ്യടിച്ചു.. എന്ത് പറയുമെന്ന ആകാംഷയോടെ നോക്കി നിൽക്കുന്ന മഷൂദ് അടക്കുമുള്ളവരെ നോക്കി എഴുനേറ്റ് നിന്ന് കൊണ്ട് ഒരു സങ്കോചവും കൂടാതെ അവൾ പറഞ്ഞു തുടങ്ങി... "മഷ്‌ക്ക ക്ക് എന്നോടുള്ള സ്നേഹത്തിന്റെ ഒരംശമെങ്കിലും വാക്കാൽ പ്രകടിപ്പിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്...".. "എടൊ എടൊ.., അവൻ നിന്നെ പൊന്ന് പോലെ കൊണ്ട് നടക്കുന്നില്ലേ.... അത് സ്നേഹം ഉണ്ടായത് കൊണ്ടല്ലേ..." കൂട്ടത്തിൽ നിന്ന് നദീൻ ചോദിച്ചു .... "ആയിരിക്കാം...പക്ഷെ ചിലപ്പോ കൂടെയുണ്ട് എന്നൊരു വാക്കെങ്കിലും കെട്ടിരുന്നെങ്കിൽ എന്നോർത്തു പോകുന്ന നിമിഷങ്ങൾ ഉണ്ടാകും നമ്മുടെ ലൈഫിൽ.... കൂടെ ഇല്ലാത്തപ്പോ..

അല്ലെങ്കിൽ ഒരുമിച്ചിരിക്കുന്ന സ്വകാര്യ നിമിഷങ്ങളിൽ... അല്ലെങ്കിൽ മനസ്സിൽ ഒരുപാടൊരുപാട് സ്നേഹം തോന്നുന്ന അവസരങ്ങളിൽ... ഇങ്ങനെയൊക്കെയുള്ള അവസരങ്ങളിൽ വാക്കുകൾക്കാണ് സ്ഥാനമെന്നാണ് എന്റെ വിശ്വാസം.." " സ്നേഹം... അത് മനസ്സിൽ അല്ലെ വേണ്ടേ.. എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണ്, i luv u എന്നൊക്കെ പറഞ്ഞു നടക്കുന്നത് കൊണ്ട് മാത്രം കാര്യമുണ്ടോ... " നിഹാലാണ് " ഇതാണ് നിങ്ങൾ ആണുങ്ങളുടെ കൊഴപ്പം... നിങ്ങളീ ഉണ്ടെന്ന് പറയുന്ന സ്നേഹം ഉള്ളിൽ വെച്ച് കൊണ്ട് മാത്രം കാര്യമില്ല.. സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ്... മഷ്‌ക്കനെ ഉദേശിച്ച് മാത്രമല്ല ഞാനീ പറയുന്നത്, ഇങ്ങനെ ചിന്തക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ വേറെയും ഉണ്ടാകാം...അവർക്കും കൂടെ വേണ്ടിയാണ്... അകത്തു സ്നേഹമുണ്ട്. പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.. ശവകുടിരത്തിൽ വന്ന് പൂവിട്ടാൽ അവരുടെ സ്നേഹം ഞാനറിയുമോ... ഇത് എന്റെ വരികൾ അല്ല. മാധവി കുട്ടിയുടേതാണ്... ആരോ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് പ്രകടിപ്പിക്കാത്ത സ്നേഹം പെയ്യാത്ത മഴ പോലെയാണ് എന്ന്..

ഉള്ളിൽ സ്നേഹം മറച്ചു വെച്ച് കൊണ്ട് ചെയ്യുന്ന പ്രകടനങ്ങൾ നിങ്ങളുടെ ആവിശ്യം പൂർത്തീകരിക്കാൻ വേണ്ടി മാത്രമായിട്ട് ഉള്ളതാണെന്ന ചിന്ത ഞങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യത.. നിലവിൽ ഇല്ല... എങ്കിലും , അങ്ങനെ ഒരു ചിന്ത വന്ന് കൂടായിക ഇല്ലാലോ.......ജീവിതം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുമ്പോഴോ ,പ്രതിസന്ധികൾ വരുമ്പോഴോ തന്നെ കേൾക്കാൻ ആളില്ല എന്ന് തോന്നുമ്പോഴോ അങ്ങനെ എപ്പോഴേലും ... സുറുമിയുടെ ഭാഗം കേട്ടപ്പോൾ അവൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന ലെവലിൽ ആയിരുന്നു പെൺപട എങ്കിൽ അതിനെ താഴ്ത്തി കെട്ടി കൊണ്ടായിരുന്നു ആൺപടയുടെ സംസാരം.. ''നിങ്ങൾക്ക് പുരയിൽ ഒരു മൂലയിൽ ഇരുന്ന് സ്നേഹവും പ്രകടനവും ആലോചിച്ചാൽ മതിയല്ലോ... നിങ്ങളുടെ ആഗ്രഹം പോലെ സ്നേഹവും പ്രണയവും പറഞ്ഞോണ്ട് നടന്നാൽ നാലു നേരം വെട്ടി വിഴുങ്ങാനുള്ളവ വീട്ടിലോട്ട് നടന്നു വരോ..? '

' സൽമാൻ ആണ്... "അങ്ങനെ വേണമെന്ന് ഞങ്ങളും പറഞ്ഞില്ലല്ലോ.. നിങ്ങൾ വീട്ടിൽ ഉണ്ടാകുന്ന കുറച്ച് സമയം.. അതിനി ദിവസത്തിൽ ഒരു പത്തോ പതിനഞ്ചോ മിനുട്ട് ആയാലും പരസ്പരം ഒന്ന് ഉള്ള് തുറന്ന് അന്നത്തെ കാര്യങ്ങൾ സംസാരിച്ചിരിക്കുക ... എന്റെ ജോലി കാര്യം നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല എന്ന് പറഞ്ഞ് അവോയ്ഡ് ചെയ്യുന്നതിലേറെ എത്രയോ നല്ലതാണ് ഇന്ന ഇന്ന പ്രോബ്ലം ഉണ്ടെടി... നീ ഒന്ന് പ്രാർത്ഥിക്ക് ഒക്കെയൊന്ന് ശരിയായി കിട്ടാൻ എന്നൊക്കെ പറഞ്ഞ് അവളെയൊന്ന് ചേർത്ത് പിടിക്കുന്നത്...ഇത്ര മാത്രം മതിയാകും ... പിന്നെ ആ പെണ്ണിന്റെ പ്രാർത്ഥനയിൽ ഉടനീളം അവൻ ഉണ്ടാകും .. അവന്റെ പ്രശ്നങ്ങൾ ഉണ്ടാകും..... തന്റെ പങ്കാളിയെ മാറ്റി നിർത്താതെ അവരെയൊന്ന് ചേർത്ത് പിടിക്കുക.. അത് ഏത് സാഹചര്യം ആയാലും..." സഫയാണ്... പിന്നെലയായി ഓരോത്തരും അവരുടെ ഭാഗം ന്യായികരിച്ചു.. "എന്റെ ഇത്രേം വർഷത്തെ ജീവിത പരിജയം വെച്ച് എനിക്ക് ഇരു കൂട്ടരോടുമായി പറയാനുള്ളത് ഇതാണ്..." റംസാൻ പറഞ്ഞു തുടങ്ങി... "കുടുംബ ജീവിതം എന്നല്ല എല്ലാ ജീവിതവും ഒരു അഡ്ജസ്റ്മെന്റ് ആണ് ..

അതിനിപ്പോ ഏത് കൊമ്പത്തുള്ള ആളായാലും അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാകും...നമുക്ക് ചെയ്യാനുള്ളത് ഇതാണ്. നമുക്ക് ചുറ്റുന്നുള്ളവരെ ഉള്ള് തുറന്ന് സ്നേഹിക്കുക... അവരെ ചേർത്ത് പിടിക്കുക... സുറുമി സൂചിപ്പിച്ചത് പോലെ എല്ലാം തീർന്ന് ശ്വാസവും നിലച്ച് പള്ളിക്കാട്ടിൽ പോയി കണ്ണീരോഴുക്കിയിട്ട് കാര്യമില്ലല്ലോ... ഞാനും തറവാട്ടിൽ ആയ സമയത്ത് സമീറയെ വേണ്ട പോലെ പരിഗണിക്കാറില്ലായരുന്നു... അവളെന്തേലും പറയാൻ ശ്രമിച്ചാൽ തന്നെ അതിനെ നിസാരമാക്കി കളയുമായിരുന്നു .. പകലന്തിയോളമുള്ള അലച്ചിൽ കഴിഞ്ഞ് വീട്ടിൽ എത്തുമ്പോ എല്ലാവരെയും പോലെ ഇവളീ എന്ത് മല മറിക്കുന്ന പണിയാ ഇവിടെ എടുക്കുന്നെ എന്നൊരു ചിന്തയായിരുന്നു. പെട്ടന്നൊരു ദിവസം.... അവൾ പോയപ്പോഴാണ് അവൾ ആ വീട്ടിൽ ആരായിരുന്നു എന്ന് മനസ്സിലാകുന്നത്.. ഭക്ഷണം കഴിക്കാൻ എത്തുമ്പോ എനിക്ക് പ്രിയപ്പെട്ട വിഭവങ്ങൾ തീൻ മേശയിൽ ഇല്ലാതായപ്പോ...രാവിലെ ദൃതി പിടിച്ച് ഇറങ്ങുമ്പോ കട്ടിലിൽ അലക്കി തേച്ച് വൃത്തിയായി മടക്കി വെച്ച വസ്ത്രങ്ങൾ കാണാതായപ്പോ...

രാത്രി ഏറെ വൈകി ക്ഷീണിച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോ തനിക്കുള്ള ഭക്ഷണവുമായി ഉറക്കമുളച്ച് പുഞ്ചിരിയോടെ കാത്തിരിക്കുന്ന അവളെ കാണാതായപ്പോ .... അങ്ങനെ നമ്മൾ ആണുങ്ങൾ നിസാരമായി കണ്ട് തള്ളി കളയുന്ന പലതും ഇല്ലാതായപ്പോ ഞാനറിഞ്ഞു അവളെന്നെ ഭാര്യയുടെ വില... ഇപ്പൊ സ്വന്തമായി ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചപ്പോൾ ഞാനും എന്റെതായ മാറ്റങ്ങൾ എന്റെ സ്വഭാവത്തിലും കൊണ്ട് വന്നു... മക്കളെ സ്കൂളിൽ പറഞ്ഞു വിടുന്ന നേരത്തുള്ള തിരിക്ക് പിടിച്ച ഓട്ട പാച്ചിലിൽ ഞാനും എന്നാലാവും വിധം ബുദ്ധിമുട്ടിച്ചിരുന്ന സ്ഥാനത് ഇപ്പൊ ഞാൻ അങ്ങോട്ട്‌ അവളെ സഹായിച്ചു തുടങ്ങി... രാത്രി ലേറ്റ് ആവോ എന്ന ചോദ്യത്തോടെയുള്ള അവളുടെ പതിവ് ഫോൺ കാളുകൾ എടുക്കാതെ നിസാരമാക്കി കളഞ്ഞ സ്ഥാനത്തു ആ കാളുകൾ കാത്തിരിക്കാനും അറ്റൻഡ് ചെയ്യാനും തുടങ്ങി.. രാത്രി വൈകി എത്തുന്ന ദിവസങ്ങളിൽ ഒരു വാക്ക് പോലും മിണ്ടാതെ സംസാരിക്കാതെ അവള് വെച്ച് നീട്ടിയ ഭക്ഷണം കഴിച്ച് എഴുനേറ്റ് പോയിരുന്ന ഞാൻ ഇപ്പൊ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അത് കഴിഞ്ഞുള്ള ക്ലീനിനിങ്ങിനും മറ്റും മുഴുവൻ അല്ലേലും ഇത്തിരി ഇത്തിരിയായി അവൾക്കൊപ്പം കൂടാനും തുടങ്ങി..

കൂടിയില്ലേലും അവൾ ചെയ്യുന്നതും നോക്കി എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാറുള്ള ദിവസങ്ങളുമുണ്ട് .... ദിവസത്തിൽ മക്കൾക്കും അവൾക്കും ഒപ്പം വിശേഷം പങ്ക് വെക്കാനും മക്കളുടെ സ്കൂളിലെ വിശേഷങ്ങളും അവൾക്ക് പറയാനുള്ള കൊച്ചു കൊച്ചു കാര്യങ്ങളും കേൾക്കാനും സമയം കണ്ടെത്തി തുടങ്ങി... ഇപ്പൊ ഞങ്ങളുടെ ചെറിയ വീട്ടിൽ ചെറിയ വരുമാനത്തിൽ ഞങ്ങൾക്ക് ഉള്ളതിൽ ഞങ്ങൾ സന്തുഷ്ടരാണ്... അവളും എന്റെ തിരക്കുകളെ കുറിച്ചും ജോലിയുടെ പ്രഷറും എല്ലാം മനസ്സിലാക്കി പെരുമാറാനും അവളാൽ കഴിയുന്ന പോലെ ബാക്കി കാര്യങ്ങൾക്ക് എന്നെ ബുദ്ധിമുട്ടിക്കാതെ ഉത്തരവാദിത്തോടെ ചെയ്യാനും തുടങ്ങി... ഇപ്പൊ കുറച്ച് മുമ്പ് അവളെന്നോട് ഒരു കാര്യം പറയാനിടയായി.. തറവാട്ടിൽ വെച്ച് ഞാൻ വൈകി വരുന്ന ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ എനിക്കൊപ്പം കഴിക്കാൻ വേണ്ടി അവളെന്നെ കാത്തിരിക്കാറുണ്ടായിരുന്നു എന്ന്... നീ കഴിച്ചൊ എന്ന് പോലും ചോദിക്കാതെ എഴുനേറ്റ് പോകുന്ന എന്നോട് പരിഭവവും ദേഷ്യവും തോന്നിയിട്ടുണ്ടെന്ന്... പോകെ പോകെ ആ കാത്തിരിപ്പ് ഭക്ഷണം കഴിച്ചിട്ടായി... എന്നാലും ഞാൻ ഓർക്കാ.... ഇത്ര കണ്ട് നമ്മളെ സ്നേഹിക്കാൻ പറ്റുന്ന രണ്ടേ രണ്ട് സ്ത്രീകളെ നമുക്ക് ഒള്ളൂ... ഒന്ന് ഉമ്മയാണ്..

മറ്റേത് ഭാര്യയും... ജീവിച്ചിരിക്കുന്ന കാലം സന്തോഷത്തോടെ ജീവിക്കുക...ഉള്ള് തുറന്ന് സ്നേഹിക്കുക... അവരെ എന്നും ചേർത്ത് പിടിക്കുക.. ഒന്ന് വീണ് പോയാൽ.... കാലൊന്ന് ഇടറിയാൽ.. നമുക്ക് അവരെ കാണൂ..." റംസാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു... നീണ്ട ഒരു നിശ്വാസത്തോടെ എല്ലാവരും മൗനമായിരുന്നു... ഇങ്ങനെ ഒരു ടോപ്പിക്ക് കടന്ന് വരാൻ കാരണം സുറുമിയാണല്ലോ.. ഇത്രയും ആയ സ്ഥിതിക്ക് അവളോടായി രണ്ട് വാക്ക് പ്രണയത്തോടെ മഷൂദ് പറയണം എന്ന് പറഞ്ഞു കൊണ്ട് എല്ലാവർക്കുമിടയിലുള്ള മൗനം ഭേദിച്ചത് നിയാസാണ്... സുറുമിക്ക് അങ്ങനെയൊരു കാര്യം മഷൂദിൽ ഉണ്ടാകാൻ ആഗ്രഹമുണ്ടെങ്കിൽ അത് നടത്തി കൊടുക്കുമെന്ന് മറ്റുള്ളവരും... കുറച്ചേറേ കഷ്ട്ടപെടേണ്ടി വന്നു മശൂദ്നെ ഒന്ന് മെരുക്കി എടുക്കാൻ.. ഒടുവിൽ സൽമാനും നിഹാലും ചേർന്ന് അവനെ തൂക്കിയെടുത്ത് എല്ലാവർക്കും കാണത്തക്ക രീതിയിൽ അവനെ നിർത്തി.. നാണിച്ച് പരവശയായ സുറുമിയെയും അവൻക്ക് മുമ്പിൽ ക്ക് കൊണ്ട് നിർത്തി.. കളിയാക്കലും കല്പനയും ഭീഷണിയും എല്ലാം ചേർന്നപ്പോൾ വേറെ നിവർത്തി ഇല്ലാതെ സുറുമിയെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്ന് പിറുപിറുത്തു കൊണ്ട് മഷൂദ് മുട്ട് കുത്തി നിന്ന് അവളുടെ കൈയിൽ പിടിച്ചു..

"എനിക്കു നിന്നെ ഇഷ്ട്ടമാണ്..." എന്ന് വാക്കാൽ മഷൂദ് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നായി... ഒടുവിൽ നിയാസ് പറയേണ്ട വരികൾ പറഞ്ഞു കൊടുത്തു.. " കാണുന്ന സമയത്തൻ കണ്ണിലും... കാണാത്ത നേരത്തെൻ ഖൽബിലും.. അലിഞ്ഞു ചേരുന്ന നീയാണെൻ പ്രണയം.. " "അയ്യേ... ഒലുപ്പിക്കൽ....നിയാസ് മാഷിന്റെ വരികൾ ആണോ...? എല്ലാവരുടെയും കൂക്കലിനൊപ്പം സഫ ഉറക്കെ വിളിച്ചു ചോദിച്ചു.. "ഈഹ്... അല്ല... എവിടെയോ വായിച്ചതാ..." ഇളിയോടെ നിയാസ് പറഞ്ഞു. "ഇവന്റെയൊക്കെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേരുടെ വിധിയേ..." നദീന്റെ ഡയലോഗ് എല്ലാവരിലും വീണ്ടും ചിരിയുണർത്തി... നിയാസിനെ മാക്സിമം കളിയാക്കി വിട്ടപ്പോൾ വീണ്ടും ഇര മഷൂദ് ആയി. ഒടുവിൽ ആർപ്പും വിളിയും ഭീഷണി മുഴക്കി കൊണ്ടുള്ള ഉത്തരവ് കൂടെ ആയപ്പോ മഷൂദ് പറഞ്ഞു തുടങ്ങി.. "സുറുമീ... നീ പറയുന്ന പോലെ വാക്കാൽ എനിക്കു നിന്നോടുള്ള എന്റെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല... പക്ഷെ... എന്റെ ഉള്ളം നിറയെ നീയാണ്.... നിന്നോടുള്ള സ്നേഹമാണ്... പ്രണയമാണ്.... അടങ്ങാത്ത ഇഷ്ട്ടമാണ്.. എനിക്ക് ഇത്രേ പറയാനറിയൂ... ഇങ്ങനെയേ എനിക്കു പ്രകടിപ്പിക്കാൻ അറിയൂ... എങ്കിലും ഞാൻ പറയുന്നു.. ജീവൻ നിലനിർത്താൻ വായൂ എന്ന പോലെ ജീവിക്കാൻ എനിക്കു നീ വേണം.... Still i love you surumi...."

ആർദ്രമായിരുന്നു അവന്റെ സ്വരം... മറ്റുള്ളവർ ഒരു ചലഞ്ച് അവൻ ഏറ്റെടുത്ത് അത് പൂർത്തിയാക്കിയ പോലെ ഉഗ്രനെന്ന് പറഞ്ഞു കൊണ്ട് കയ്യടിക്കുകയും ബഹളം വെക്കുകയും ചെയ്തപ്പോൾ അവന്റെ പ്രണയം മാത്രം നിറഞ്ഞ ആ കണ്ണുകളിലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണെങ്കിലും അവൻ പറഞ്ഞ വാക്കുകളിലും കുടുങ്ങി കിടപ്പായിരുന്നു സുറുമിയുടെ മനസ്സ്...... ബഹളവും സംസാരവും ഒന്നടങ്ങിയപ്പോൾ നേരം ഒരുപാടായേന്ന് പറഞ്ഞു കൊണ്ട് പിരിഞ്ഞു പോകാൻ തീരുമാനമായി... സുറുമിയും പതുക്കെ പതുക്കെ അവന്റെ വാക്കുകളിലൂടെ ഒന്നൂടെ ഓട്ടപ്രതിക്ഷണം നടത്തി കൊണ്ട് മേലേക്കുള്ള പടികൾ കയറി തുടങ്ങി ... ഒരപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുകയായിരുന്നു അവളുടെ മനസ്സപ്പോൾ.. ഓർക്കും തോറും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.... അവനെയൊന്ന് കാണണം എന്ന് തോന്നിയതും അവൾ തിരിഞ്ഞോന്ന് നോക്കി.. "ഹ്മ്മ്.. ആരെയാ നോക്കുന്നെ... എന്നെയാണോ..." പുറകിൽ... തൊട്ടു പുറകിൽ അവൻ.. കണ്ണിൽ കുസൃതിയാണ്... ചുണ്ടിൽ ആ കള്ള ചിരിയും ...

വിലങ്ങനെ തലയാട്ടി കൊണ്ടവൾ പടികൾ വേഗത്തിൽ കയറി... "വേഗം ചെല്ല്... വാക്കാൽ മാത്രമല്ല എനിക്കു പ്രകടിപ്പിക്കാനുള്ളത്...." റൂമിന്റെ മുമ്പിൽ എത്തി കതകിന്റെ ഹാൻഡ്‌ൽ പിടിച്ചതും പുറകിൽ നിന്നവന്റെ ശബ്ദം കേട്ടു... വയറിലൂടെ ഒരാളൽ .....അത് പോയി നിന്നതോ അവളുടെ ഇടനെഞ്ചിലും... ചൂളി പോയിരുന്നു അവൾ... കണ്ണുകൾ ഇറുകെ അടച്ച് ആ നിൽപ്പ് നിന്നതും പെട്ടന്നാണ് വായുവിലൂടെ അവളൊന്ന് ഉയർന്നു പൊങ്ങിയത്.. എന്താ സംഭവിക്കുന്നതെന്ന് മനസ്സിലായിട്ടും കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് തന്നെ അവന്റെ കൈക്കുള്ളിൽ ഒരു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു... ഇരു കയ്യാലും അവളെയുമേന്തി കൊണ്ടവൻ മുന്നോട്ട് നടന്നു.. ഉൾകാടുകളും മലനിരകളും താണ്ടി വരുന്ന തണുത്ത വയനാടൻ കാറ്റ് അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്ന് കുളിരു കാറ്റായി വീശിയടിച്ച് ഭൂമിയെ തണുപ്പിച്ചപ്പോൾ അവനും തടസ്സങ്ങളൊന്നുമില്ലാതെ അവന്റെ പ്രണയം അവളിലേക്ക് ഒഴുക്കി വിട്ടു കൊണ്ട് അവളിലേക്ക് മാത്രമായി അലിഞ്ഞു ചേർന്നു... ◻️ ◻️ ◻️

പിറ്റേന്ന് രാവിലെ പത്തു മണിയായി എല്ലാവരും ഉറങ്ങി എഴുനേറ്റ് ഫ്രഷ് ആയി വന്നപ്പോൾ... നാസ്ത കഴിച്ച് ലഗേജ് എല്ലാം പാക്ക് ചെയ്ത ശേഷം അവർ യാത്ര തിരിച്ചു.. പൂക്കോട് ലൈക്കിലും ബാനസുര ഡാമിലും കയറി വൈകീട്ടാണ് അവർ നാട്ടിലേക്ക് തിരിച്ചത്.. ഏതൊരു നല്ല മൂഹുർത്തങ്ങളും കൊഴിഞ്ഞു പോകും... ഓർമ്മിക്കാൻ ഉതുകുന്ന നല്ലൊരു ഓർമ ആ മുഹൂർത്തങ്ങളും സമ്മാനിക്കും... അത് പോലെയായിരുന്നു ഏവർക്കും ഈ യാത്രയും... ഒരുപാട് ചിരിപ്പിക്കുകയും അത് പോലെ സന്തോഷിപ്പിക്കുകയും ചെയ്തൊരു യാത്രയെന്ന ഓർമയിൽ എല്ലാവരുടെയും മനസ്സിൽ ഈ യാത്രയും നിറഞ്ഞു നിന്നു... ഇനിയുമൊരുപാട് യാത്രയിൽ ഇത് പോലെ.. അല്ല.. ഇതിലും മനോഹരമായി നമുക്ക് ഒരുമിക്കണം... എന്ന ഉറപ്പിൽ എല്ലാവരും പിരിഞ്ഞു ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story