സുറുമി: ഭാഗം 42

surumi

എഴുത്തുകാരി: അവന്തിക

"എന്നിട്ട് നീ തിരിച്ച് വിളിച്ച് കാര്യം ചോദിച്ചില്ലേ..." "ഇല്ല്യ നവിക്കാ... ഒരു കയ്യില് മോളെയും വെച്ച് തിരക്കിട്ട എന്തോ പണിയിലായിരുന്നു ഞാൻ.... ഇപ്പൊ നിങ്ങളെ കണ്ടപ്പഴാ ഓർത്തത് പോലും..." "ഒരൊറ്റ വീക്ക് വെച്ചാലുണ്ടല്ലോ.. അവളെന്നേലും നിനക്ക് വിളിക്കുമ്പോ എന്നെ ചോദിക്കാറുണ്ടോ... ഇല്ലല്ലോ.. പതിവില്ലാതെ ചോദിക്കുമ്പോ തന്നെ ആലോചിച്ചൂടെ എന്തേലും അത്യാവശ്യം ഉണ്ടായിട്ടായിരിക്കുമെന്ന്... മശൂ നാട്ടിലില്ലാത്തതല്ലേ...അതൊന്ന് ഓർക്കണ്ടേ..." "ഞാൻ അത്രക്കൊന്നും ഓർത്തില്ല... എന്തെ ന്ന് ചോദിച്ചപ്പോൾ ഒന്നുല്ല്യ ന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യുകയും ചെയ്തു... പിന്നെ ഞാനും തിരക്കിനിടയിൽ മറന്ന് പോയി..." "ഒന്നുല്ല്യ ന്ന് പറഞ്ഞ് കട്ട്‌ ചെയ്യുമ്പോ തന്നെ മനസിലാക്കാം എന്തോ ആവിശ്യം ഉണ്ടെന്ന്..വെറുതെ വിളിച്ചതാണേൽ കുറച്ചെങ്കിലും സംസാരിച്ചിട്ടല്ലേ കട്ട്‌ ചെയ്യൂ...ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ല.. നീ അവൾക്ക് വിളിച്ച് നോക്ക്... എന്നിട്ട് ചോദിക്ക്... " ഇന്നലെ രാത്രി ലേറ്റ് ആയി വന്ന ലോഡ് റിപാക്ക് ചെയ്ത് നാനാഭാഗത്തേക്കും കൊടുത്തു വിട്ട് പണിക്കാർക്കുള്ള കൂലിയും കൊടുത്ത് കോരി ചൊരിയുന്ന മഴയത്താണ് നിഹാൽ വന്ന് കയറിയത്...

കുളിച്ച് വന്നപ്പോഴേക്കും ഹിബ ഊണ് വിളമ്പി വെച്ചിരുന്നു.. അപ്പോഴാണ് അവൾ സുറുമിയുടെ കാര്യം പറയുന്നതും.. കേട്ടപ്പോൾ അവളുടെ അനാസ്ഥ ഓർത്ത് ദേഷ്യമാണ് ആദ്യം തോന്നിയത്... തന്നെ അന്വേഷിച്ച് സുറുമി വിളിക്കണം എന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാകുമെന്ന് അവന്റെ മനസ്സ് പറഞ്ഞു.. "വിളിച്ചിട്ട് എടുക്കുന്നില്ല..." ഹിബയാണ്.. "നീ ഒന്നൂടെ വിളിച്ച് നോക്ക്...." കഴിച്ച് കഴിഞ്ഞ് എഴുനേൽക്കുന്നതിനിടെ അവൻ പറഞ്ഞു. "രണ്ട് പ്രാവിശ്യം വിളിച്ചു... എടുക്കുന്നില്ല..."പതിഞ്ഞ സ്വരത്തിലാണ് അവൾ പറഞ്ഞത്... ഒന്നുമില്ലെന്ന് പറഞ്ഞ് ദൃതിയിൽ അവൾ ഫോൺ കട്ട്‌ ചെയ്തപ്പോൾ തന്നെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാമായിരുന്നു...തിരക്കിനിടയിൽ അത് ഓർത്തതുമില്ല...നിഹാൽ അങ്ങനെ ഒരു സാധ്യതയേ കുറിച്ച് പറഞ്ഞപ്പോഴാണ് അതേ കുറിച്ച് ചിന്തിച്ചത് പോലും... "സാരല്ല.. നീ വിഷമിക്കേണ്ട.... ഞാൻ സൽമാന് വിളിച്ച് നോക്കട്ടെ...." അവളുടെ മങ്ങിയ മുഖം കണ്ടപ്പോൾ നിഹാൽ പറഞ്ഞു... എന്നിട്ടും ചെറിയൊരു കുറ്റബോധത്തോടെ നിൽക്കുന്ന അവളെ നോക്കിയവൻ പുഞ്ചിരിച്ച് കണ്ണടച്ച് കാണിച്ചു... നേരത്തെ രോഷം പ്രകടിപ്പിച്ചതിന് പകരമായി... നിഹാൽ സൽമാന് വിളിച്ച് സംസാരിക്കുന്നത് കേട്ട് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഹിബ..

അവരുടെ സംസാരത്തിൽ നിന്നും സുറുമി വിളിച്ചെന്നും ആ സമയം സൽമാൻ ഉറക്കമായിരുന്നു എന്നും ഇപ്പൊ സഫയോട് ചോദിച്ചപ്പോഴാണ് അവൾ വിളിച്ച വിവരം സഫ പറഞ്ഞതെന്നും തന്നെ പോലെ അവളും തിരക്കിലായത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല എന്നും ഹിബക്ക് മനസ്സിലായി.. "എന്ത് പറഞ്ഞു സൽമാൻ....?" നിഹാൽ ഫോൺ വെച്ചതും അക്ഷമയോടെ ഹിബ ചോദിച്ചു പോയി . " അവന് പനിയാണ്.. ടാബ്ലറ്റ് കഴിച്ച് കിടന്നതാണെന്ന്.. സഫയോട് ചോദിച്ചപ്പോൾ അവളിപ്പഴാ ആ കാര്യം ഓർക്കുന്നത് പോലും... വെറുതെ വിളിച്ചതാവുമെന്ന് കരുതി അവളാ കാര്യം മറന്ന് പോയിരുന്നു... " "ഇനിയിപ്പോ എന്താ ചെയ്യാ..." "ഉമ്മാക്ക് ഈയിടെ ഒരു സെൽ ഫോൺ വാങ്ങിയിരിന്നു ന്ന്.. അതിലേക്ക് വിളിച്ചിട്ട് അവൻ വിളിക്കാമെന്ന് പറഞ്ഞു....മശൂ ഇല്ലാത്തതല്ലേ.. അതാ എനിക്ക് ടെൻഷൻ.... ഉമ്മയും അവളും കുഞ്ഞും മാത്രല്ലേ ഒള്ളൂ... " ചെറിയൊരു വേവലാതിയോടെയാണ് അവൻ പറഞ്ഞത്... നിമിഷങ്ങൾ കഴിഞ്ഞതും സൽമാൻ തിരികെ വിളിച്ചു...

സൽമാന് മറുപടിയായി മൂളുമ്പോ അവന്റെ മുഖം മങ്ങുന്നത് തെല്ലൊരു ആശങ്കയോടെയാണ് ഹിബ നോക്കി കണ്ടത്... "ഞാൻ പറഞ്ഞില്ലേ എന്തോ ഉണ്ടെന്ന്.. ആദൂ ഹോസ്പിറ്റലിൽ ആണെന്ന്.. പനി വന്ന് അഡ്മിറ്റ് ചെയ്തേക്കുവാ... ഞാനൊന്ന് പോയിട്ട് വരാം..." സൽമാനുമായിട്ടുള്ള സംഭാഷണം അവസാനിപ്പിച്ചതും വിവരം അറിയാനായി തന്നെ നോക്കുന്ന ഹിബയോടായി പറഞ്ഞു കൊണ്ടവൻ ദൃതിയിൽ മുകളിലേക്ക് കയറി... "ഉച്ചയായില്ലേ... ഞാൻ കുറച്ച് ചോറ് തരട്ടെ... അവരെന്തേലും കഴിച്ചൊ ഇല്ലയൊ എന്നൊന്നും അറിയില്ലല്ലോ.. " അവന് പുറകെ പരിഭ്രമത്തോടെ ചെന്നുകൊണ്ടവൾ ചോദിച്ചു.. "ഇപ്പൊ വേണ്ടാ.. അവിടെ പോയി അവസ്ഥ നോക്കിയിട്ട് ഞാൻ വിളിക്കാം.. ആവിശ്യമെങ്കിൽ പറയാം...." "ഹ്മ്മ്.... എങ്ങനെയാ കണ്ട് പിടിക്കാ.. റൂം നമ്പർ വല്ലോം പറഞ്ഞോ...?"അവനുള്ള ഡ്രസ്സ് വാട്‌റോബിൽ നിന്ന് എടുത്ത് കൊടുക്കുന്നതിനിടെ അവൾ ചോദിച്ചു.. " ഹാ...സൽമാൻ അവിടെ എത്തിയേക്കാമെന്ന്... " അവൻ ഇറങ്ങാൻ നേരവും വിവരം അറിഞ്ഞിട്ട് വിളിക്കണേ എന്ന് ആവലാതിയോടെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു ഹിബ.. 🍁 🍁 🍁 🍁

നിഹാൽ അവിടെ എത്തിയപ്പോഴേക്കും സൽമാനും അവിടെ എത്തിയിരിന്നു.. രണ്ട് പേരും കൂടെ ഒരുമിച്ചാണ് 207 നമ്പർ മുറിയിലേക്ക് പോയത്.. അവർ അവിടെ എത്തുമ്പോ ഉമ്മയും ആദുവും മാത്രേ ഒള്ളൂ.. സുറുമി വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ എടുക്കാനും ഉച്ചത്തേക്കുള്ള ഫുഡ്‌ കൊണ്ട് വരാനും കൂടെയായി പോയതാണ് എന്ന് പറഞ്ഞു... എപ്പഴാ അവൾ പോയെ എന്ന സൽമാന്റെ ചോദ്യത്തിന് ആദൂനുള്ള മരുന്ന് വാങ്ങി നേഴ്സ് നെ ഏൽപ്പിച്ച് മോനുള്ള പാൽ കൊടുത്ത് ഉറക്കിയിട്ടാ പോയത്... കുറച്ചേറേ നേരം ആയി എന്ന് പറഞ്ഞു.. ക്ഷീണം കൊണ്ടായിരിക്കാം ആദൂ അപ്പോ ഉറങ്ങിയതാണെന്ന് പറഞ്ഞ് അവന്റെ സൂചി കുത്തിയിറക്കിയ കൈ തണ്ടയിൽ വാത്സല്യത്തോടെ തഴുകുന്നുണ്ടായിരിന്നു അവർ... സുറുമി വന്നിട്ട് തിരിച്ച് പോകാമെന്ന തീരുമാനത്തിൽ കുറച്ചൊരു നേരം ഉമ്മയുമായി സംസാരിച്ചു കൊണ്ട് അവർ അവിടെ ഇരുന്നു... ചിണുങ്ങി കൊണ്ട് ട്രിപ്പ്‌ ഇട്ട കൈ ഇളക്കി കൊണ്ടാണ് ആദൂ എഴുന്നേറ്റത്.. എഴുന്നേറ്റതും ചുറ്റിലും നോക്കി ഉമ്മാന്റെ മാറിലേക്ക് ചാഞ്ഞു കിടന്ന് കരച്ചിലായി....

നിഹാലും സൽമാനുമെല്ലാം പഠിച്ച പണി നോക്കിയിട്ടും ആള് കരച്ചിൽ തന്നെ... നേരം രണ്ട് മണി കഴിഞ്ഞിരിക്കുന്നു.. ഉമ്മ ഇടയ്ക്കിടെ സമയം നോക്കുന്നുണ്ടായിരിന്നു.. ആദൂന്റെ കരച്ചിലടക്കാൻ പാടുപെടുന്ന സൽമാനെ ഒന്ന് നോക്കി പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചു കൊണ്ട് നിഹാൽ പുറത്തിറങ്ങി... ആദൂനെ ഉമ്മാടെ അടുത്ത് നിർത്തി സൽമാൻ നിഹാലിന് പുറകെ പുറത്തേക്ക് നടന്നു... '' വിശന്നിട്ടാണെടാ ആദൂ കരയുന്നത്... അവള് പോയപ്പോ പാല് കൊടുത്ത് പോയതല്ലേ.. ഉമ്മക്കും വിശപ്പുണ്ടെന്ന് തോന്നുന്നു.. നീ സുറുമിക്ക് വിളിച്ച് നോക്ക്.... ഭക്ഷണം ബുദ്ധിമുട്ടി ഉണ്ടാക്കേണ്ട ന്ന് പറയ്.. കാന്റീനിൽ നിന്ന് വാങ്ങാം.... അവളതായിരിക്കും ഇത്ര ലേറ്റ് ആകുന്നത്.." നിഹാൽ പറഞ്ഞത് കേട്ടപ്പോൾ സൽമാൻ ഫോൺ എടുത്ത് സുറുമിക്ക് ഡയൽ ചെയ്തു.. റിങ് ചെയ്യുന്നുണ്ട് എന്നല്ലാതെ എടുക്കുന്നില്ലായിരുന്നു... "ഇവളീ ഏത് അടുപ്പിൽ പോയി കിടക്കുവാ... എപ്പഴും ഇങ്ങനെയാ ഫോൺ വിളിച്ചാൽ എടുക്കില്ല..."രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്ത ദേഷ്യത്തിൽ സൽമാൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

"നീ മോന്റടുത്തേക്ക് ചെല്ല്.. ഞാനിപ്പോ വരാം.... ഞാനുമായി അവൻ ഇണങ്ങുന്നില്ല..." "നീ ഇത് എങ്ങോട്ടാ.." "ഇവിടെ മോൻ ക്ക് കൊടുക്കാൻ ലാക്ടജെനോ മറ്റോ കിട്ടോ ന്ന് നോക്കട്ടെ..." "എടാ അതിന് പനിയല്ലേ...വയറ്റിൽ പിടിക്കോ..." "എടാ മോന് പിന്നെ എന്തേലും കൊടുക്കണ്ടേ... അവള് പതിനൊന്നര മണി ക്ക് പോയതാ... ടൈം നോക്ക് മണി രണ്ട് കഴിഞ്ഞ്..."വാച്ചിലേക്ക് നോക്കി കൊണ്ടാണ് നിഹാൽ പറഞ്ഞത്... "ഏഹ്...?? ഉമ്മ പറഞ്ഞോ പതിനൊന്നര എന്ന്.. ഞാൻ കേട്ടില്ലല്ലോ..." ". അത് ഞാനാ ഫാർമസിയുടെ ബില്ലിൽ കണ്ടതാ..നീ ചെല്ല് ഞാനിപ്പോ വരാ.." സൽമാന്റെ മറുപടിക്ക് നിൽക്കാതെ നിഹാൽ ഓടി.. മോനുള്ള മിൽക്ക് പൌഡറും ഉമ്മക്കുള്ള പൊതി ചോറും വേറെയും അത്യാവശ്യം വേണ്ട സാധനങ്ങളും കൊണ്ടാണ് നിഹാൽ വന്നത്.. സുറുമി ഭക്ഷണവുമായിട്ടാ വരാ... അവൾ കൊണ്ട് വന്നത് പിന്നെ ബാക്കിയാകും എന്ന് ഉമ്മ പറഞ്ഞെങ്കിലും അവൾ കൊണ്ട് വന്നത് ഞങ്ങൾ കഴിച്ചോളാം ... ഇപ്പൊ ഉമ്മ കഴിക്കെന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ അവർ കൈ കഴുകി ഇരുന്നു..

ആ നേരം കൊണ്ട് നിഹാൽ,കൊണ്ട് വന്ന കവറിൽ നിന്ന് ഒരു ബൗൾ എടുത്ത് പുറത്ത് ചൂട് വെള്ളം സ്റ്റോർ ചെയ്തിരിക്കുന്നിടത്ത് നിന്ന് കുറച്ച് തിളപ്പിച്ച വെള്ളം കൊണ്ട് വന്നു... മിൽക്ക് പൌഡർ ഇട്ട് ഇളക്കി ചൂടാറിയ ശേഷം സൽമാന്റെ കയ്യിൽ കൊണ്ട് കൊടുത്തു... നിനക്കിതൊക്കെ അറിയോ എന്ന ഭാവത്തിൽ മിഴിച്ച് നോക്കുണ്ടായിരുന്നു സൽമാൻ.... അത് മനസ്സിലായ പോലെ ഹിബക്ക് വിളിച്ച് ചോദിച്ചു എന്ന് മറുപടി പറഞ്ഞു കൊണ്ട് ഇളിച്ചു കാണിച്ചു നിഹാൽ.. അത് മോന്റെ വയറ്റിലാക്കാനായിരുന്നു പാട്.. പഠിച്ച പണി പതിനെട്ടും എടുത്തു സൽമാൻ.... മോൻ വാ തുറക്കുന്നെ ഇല്ല.... തല രണ്ട് വശത്തേക്കും തിരിച്ച് മുഖത്ത് നോക്കി കരയുകയാണ് പുള്ളി... ഒടുവിൽ നിഹാൽ പോക്കെറ്റിൽ കിടന്ന പേനയും ഫോണും കാണിച്ച് അവനെ കൊണ്ട് ജനലിന്റെ അരികിൽ കൊണ്ട് പോയി നിർത്തി....റോഡിലൂടെ ചീറിപ്പായുന്ന വണ്ടികൾ കണ്ടപ്പോൾ ആള് നിറഞ്ഞു തൂവുന്ന കണ്ണുകളോടെ പുറത്തേക്ക് കണ്ണ് നട്ടു ... പിന്നെ കൈ ജനലഴിയിലൂടെ പുറത്തേക്ക് ഇട്ട് ഓരോന്നിനെയും സന്തോഷത്തോടെ എത്തിപ്പിടിക്കാനോ ചൂണ്ടിക്കാണിക്കുകയോ ഒക്കെ ചെയ്തു കൊണ്ടിരിന്നു..

അതിനനുസരിച്ച് നിഹാൽ ഓരോന്നും കാണിച്ചു കൊണ്ട് വാ തോരാതെ അവന്റെതായ ശൈലിയിൽ അവന്റെ ശ്രദ്ധ റോഡിലേക്കും അവിടെ കാണുന്ന കാഴ്ചയിലേക്കും കൊണ്ട് പോയി... സൽമാൻ പതിയെ സ്പൂണിൽ കോരി വായേലേക്ക് വെച്ചപ്പോൾ അറിയാതെ തന്നെ അവൻ വാ തുറന്ന് പാല് കുടിക്കുകയും ചെയ്തു... ബൗളിൽ എടുത്ത മുഴുവൻ പാലും കുടിച്ച് തീർന്നതോടെ ആദൂ നിഹാലുമായി കൂട്ടായി.. പുറത്ത് ശക്തമായ മഴക്ക് മുന്നോടിയായി വീശിയടിക്കുന്ന കാറ്റിനോപ്പം ആകാശം ഇരുണ്ടു മൂടുകയും ചെയ്തു... സമയം രണ്ടര കഴിഞ്ഞിരിക്കുന്നു.. ഉമ്മ ഇടയ്ക്കിടെ സുറുമിയെ കാണാത്തതിൽ സമയം നോക്കുകയും ആവലാതിപെടുന്നുമുണ്ട്.. മഴയായത് കൊണ്ട് വല്ല ബ്ലോക്കിലോ മറ്റോ പെട്ട് കാണോ അതല്ല വീട്ടിൽ തന്നെയാണോ എന്നറിയാൻ ഒരു വഴിയുമില്ലാതായപ്പോൾ സൽമാൻ വെങ്ങാട്ട് വരെ പോയി നോക്കിയിട്ട് വരാമെന്ന് പറഞ്ഞിറങ്ങി... ആദൂന് വീണ്ടും ചെറിയ തോതിൽ ചൂടും കൂടെ ആസ്വസ്ഥതയും പ്രകടിപ്പിച്ചപ്പോൾ നേഴ്സ് വന്നു ഒരു ഇൻജെക്ഷൻ വെച്ചിട്ട് പോയി... രണ്ട് കട്ടിൽ ഉള്ള മുറിയിൽ ഒന്നിൽ ഉമ്മയും മറ്റൊന്നിൽ മോനെയും കൊണ്ട് നിഹാലും കിടന്നു.. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൻ കണ്ണ് തുറന്നത്... ആദൂനെ നെഞ്ചോട് ചേർത്ത് ഉറക്കിയപ്പോൾ വെറുതെ കണ്ണടച്ച് കിടന്നതാണ്...

കരുതലോടെ ആദൂ ഉണരാതെ തന്നെ അവനെ കട്ടിലിൽ കിടത്തി നിഹാൽ ഫോണുമായി പുറത്തേക്ക് ഇറങ്ങി.. ഉമ്മയും ചെറിയൊരു മയക്കത്തിലാണ്... പുറത്ത് മഴ ശക്തിയാർജ്ജിച്ച് വരുന്നുണ്ട്... മറുവശം പരിഭ്രമത്തോടെ സൽമാൻ പറയുന്നത് ഒരു വിറയലോടെയാണ് നിഹാൽ കേട്ടത്... "ഞാൻ... ഞാൻ... നോക്കാം.... നീ അവിടെ എത്തിയിട്ട് വിളിക്ക്..." സൽമാന് മറുപടിയായി ഇടർച്ചയോടെ നിഹാൽ പറഞ്ഞൊപ്പിച്ചു... റൂം തുറന്ന് നോക്കിയപ്പോൾ ഉമ്മ നല്ല ഉറക്കിലാണ്.. ആദുവും.. നേരം കളയാതെ തന്നെ അവനെയെടുത്ത് ഉമ്മക്ക് അരികിൽ കിടത്തി അരിക് വശത്തായി തലയിണയും വെച്ച് നിഹാൽ ദൃതിയിൽ പുറത്തേക്ക് നടന്നു.. നടക്കുകയല്ലായിരുന്നു അവൻ... ഓടുകയായിരിന്നു... താഴെ എൻക്യുറിയിലും കേഷ്വാലിറ്റിയിലും പരിഭ്രമത്തോടെ ഓടി നടന്ന് അന്വേഷിച്ചു. ഭയന്നതൊന്നും അവിടെ ഇല്ലായിരുന്നു... പിന്നെ വൈകിയില്ല.. കോരി ചൊരിയുന്ന മഴയെ പോലും വകവെക്കാതെ അവൻ കാർ പാർക്കിങ്ങിലേക്ക് ഓടി.. ദൃതിയിൽ നിർത്താതെ ഹോണടിച്ചും മുന്നിലുള്ള വണ്ടികളെയും മറികടന്ന് അവന്റെ കാർ ആ മഴയിലൂടെ കുതിച്ചു..

മഴ കൊണ്ട് മെഡിക്കൽ കോളേജിലേക്ക് കയറുന്ന പോക്കറ്റ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.. വഴിയരികിൽ കിട്ടിയ ഒരിടത്ത് കാർ നിർത്തി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് സൽമാന് ഡയൽ ചെയ്തു കൊണ്ട് നിഹാൽ ഓടുകയായിരുന്നു.. നേരെ ചെന്നത് കേഷ്വാലിറ്റിയിലേക്കാണ്.. കിതപ്പോടെ അവിടെ എത്തി ചുറ്റും പരതുമ്പോൾ കണ്ടു പകുതിയിലേറെ നനഞ്ഞ് കൊണ്ട് സൽമാൻ.. പിടികൂടിയ ഭയവും സംഘർഷവും നിമിഷങ്ങൾ കൊണ്ട് തന്നെ അവനെ തളർത്തിയിരിന്നു... നിഹാലിനെ കണ്ടതും സൽമാൻ ദൃതിയിൽ അവന്റെ അടുത്തേക്ക് നടന്നടുത്തു.... "നീ അവിടെ അന്വേഷിച്ചോ.?". "ഹാ.. നോക്കി . പക്ഷെ അവിടെ അങ്ങനെ ഒരു എക്സിഡന്റ് കേസ് വന്നിട്ടില്ല....വാ ഇവിടെ ആരോടേലും ചോദിക്കാം..." ഇതും പറഞ്ഞു കൊണ്ട് നിഹാൽ ദൃതിയിൽ മുന്നോട്ട് നടന്നു...പുറകെ സൽമാനും..... വെപ്രാളം കൊണ്ടും ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയം കൊണ്ടും എന്ത് ചെയ്യണം... ആരോട് ചോദിക്കണം എന്നറിയാത്ത ഒരവസ്ഥയിൽ ആയിരുന്നു സൽമാൻ... അവർ നേരെ പോയത് കാഷ്വലിറ്റിയിൽ എമർജൻസി കേസുകൾ പരിശോധിക്കുന്ന ഡോക്ടറുടെ അടുത്തേക്കാണ്....

എന്തോ ചോദിക്കാൻ വേണ്ടി വാ തുറന്നതും പരിഭ്രമത്തോടെ ഒരു മധ്യവയസകാനായ ഒരു പുരുഷനും അയാളുടെ ഭാര്യാണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും കടന്ന് വന്നു...അവർ, ഹൈവേയിൽ വെച്ച് ഒരു ഓട്ടോയും ലോറിയും എക്സിഡന്റ് ഉണ്ടായതിനെ കുറിച്ച് ചോദിക്കുന്നതും ഡോക്ടർ അവർക്ക് മറുപടിയായി ... പേഷ്യന്റിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് പറയുന്നതും അവർ തെല്ലൊരു ആശ്വാസത്തോടെ കേട്ടു ... പേഷ്യന്റിന്റെ ആരാണെന്ന് ചോദിച്ചതിന് മറുപടിയായി ഓട്ടോയിൽ ഉണ്ടായിരുന്നത് എന്റെ മോളാണ് സാറെ.. ഇതവളുടെ അമ്മയും.. എന്താ പറ്റിയെ എന്റെ മോൾക്ക് എന്ന് ചോദിച്ചു കൊണ്ട് അയാൾ വിതുമ്പുന്നുണ്ടായിരുന്നു... നിമിഷങ്ങൾ കൊണ്ട് അവരനുഭവിച്ച സംഘർഷത്തിൽ ഒരയവ് വന്നത് പോലെ നിഹാലും സൽമാനും പരസ്പരം നോക്കി നെടുവീർപ്പിട്ടു... ആശ്വാസത്തോടെ... "ന്റെ മോളെ....."ആ സ്ത്രീയുടെ ദയനീയമായ ശബ്ദം കേട്ടപ്പോൾ അവർ ഇരുവരും അവരെ നോക്കി.. സാരി തുമ്പനാൽ മുഖം പൊത്തി കൊണ്ടവർ അവരുടെ ഭർത്താവിന്റെ നെഞ്ചിലേക്ക് വീണ് വിതുമ്പുന്ന കാഴ്ച ഇരുവരേയും ആസ്വസ്ഥയാക്കി... അവർ അനുഭവിച്ച മാനസിക സംഘർഷവും ഭയവും വേവലാതിയുമെല്ലാം നിമിഷങ്ങൾക്ക് മുമ്പ് വരെ തങ്ങൾക്കായിരുന്നു എന്ന ഓർമയിൽ അവർ വേദനയോടെ തിരിഞ്ഞു നടന്നു....

ആ കൊച്ചിന് ആയുസ്സിനെ നീട്ടി കൊടുക്ക് നാഥാ....ഉള്ളാലെ അവർ പ്രാർത്ഥിച്ചു.. "മഴയും കൂടെ ഭയങ്കര ട്രാഫിക്കും... വണ്ടി ഒരടി മുന്നോട്ട് നീങ്ങുന്നില്ല.. പുറത്തേക്കിറങ്ങി കാര്യം അന്വേഷിച്ചപ്പോഴാ ഒരു ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ ഒരു എക്സിഡന്റ് ആണെന്നും ലോറി ഡ്രൈവറെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഓട്ടോ ഡ്രൈവർ തല്ക്ഷണം മരിച്ചു എന്നതും ഓട്ടോയിൽ ഉണ്ടായിരുന്ന കൊച്ചിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്നൊക്കെ അറിഞ്ഞത്..ആ കുട്ടി ബാക്കി ഉണ്ടാവില്ല എന്നൊക്കെ ദൃസാക്ഷികൾ പറയുന്നുണ്ടായിരുന്നു... ഒന്നൂടെ ചോദിച്ചപ്പോഴാണ് ഏറിയാൽ പത്തിരുപ്പത്തഞ്ച് വയസ്സുള്ള ഒരു പെങ്കൊച്ചാണെന്ന് പറഞ്ഞത്..ബാക്കിയൊന്നും ഞാൻ കേട്ടില്ല... ചെവി കൊട്ടിയടിച്ച പോലെയായിരുന്നു... നിന്നോട് അവിടെ അന്വേഷിക്കാൻ പറഞ്ഞ് ഞാനിവിടെ എത്തിയത് എങ്ങനേന്ന് റബ്ബിനേ അറിയൂ..... ഞാൻ വന്നപ്പോ ചെറിയൊരു പനി ഒക്കെ ഉണ്ടായിരുന്നു... അതൊക്കെ അങ്ങ് ആവിയായി പോയി..." അപ്പോഴും സൽമാൻ ആ ഓർമയിൽ കിതയ്ക്കുന്നുണ്ടായിരിന്നു.... അവിടെ നിന്നിറങ്ങി ഒരു വശത്തേക്ക് മാറി നിന്ന് സംസാരിക്കുകയായിരുന്നു അവർ.. "നീ പറഞ്ഞപ്പോ യാ മോനെ.... ഇപ്പഴും ആ വിറയലും ഏറി വന്ന മിടിപ്പും മാറിയിട്ടില്ല...

എന്തായാലും പേടിച്ചത് പോലെ ഒന്നുമില്ലല്ലോ... അതാർക്കായാലും പടച്ചോൻ ആയുസ്സിനെ നീട്ടി കൊടുത്ത് ആ അമ്മയ്ക്കും അച്ഛനും ക്ഷമയും കൊടുക്കട്ടെ.." ഒരു നിശ്വാസത്തോടെ നിഹാൽ പറഞ്ഞു നിർത്തി... "ഇനിയെന്താ... സുറുമി ഹോസ്പിറ്റലിൽ എത്തി കാണോ.." "നീ വിളിച്ച് നോക്ക്... അപ്പൊ അറിയാലോ.." നിഹാൽ പറഞ്ഞപ്പോൾ സൽമാൻ ഫോൺ എടുത്ത് അവൾക്ക് വിളിച്ചെങ്കിലും റിംഗ് ചെയ്ത് നിന്നു എന്നല്ലാതെ അവൾ എടുക്കുന്നുണ്ടായിരുന്നില്ല.... "ഈ പെണ്ണിത് എന്താ ഫോൺ എടുക്കാത്തെ...." "ഉമ്മ പറഞ്ഞത് കേട്ടില്ലേ. ആദൂ ഇന്നലെ അവളെ ഉറങ്ങാനേ സമ്മതിച്ചില്ല എന്ന്... അവിടെ കിടന്നു ഉറങ്ങി പോയി കാണോ..?" നിഹാൽ അവന് തോന്നിയൊരു സംശയം പറഞ്ഞു.. "ആയികൂടായി ഇല്ല... ഉറക്ക ഭ്രാന്തിയാണ്... എന്നാലും മോന് ഹോസ്പിറ്റലിൽ ആണെന്ന ഓർമ കാണില്ലേ... ഇങ്ങനെയും അന്തം വിട്ട് ഉറങ്ങോ..." സൽമാന്റെ വാക്കുകളിൽ അത്രയും അവൾ ഫോൺ എടുക്കാത്തത്തിലുള്ള പരിഭവമായിരുന്നു... നിഹാൽ പറഞ്ഞതനുസരിച്ച് വെങ്ങാട്ട് പോയി നോക്കാമെന്നു തീരുമാനിച്ചു കൊണ്ടവർ അവിടെ നിന്നും പുറപ്പെട്ടു.. നിഹാൽ ആദൂനെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലിൽ കൊണ്ട് പോയി കാർ പാർക്ക്‌ ചെയ്തപ്പോഴേക്കും സൽമാൻ പുറകെ കാറുമായി വന്നിരിന്നു.

രണ്ട് പേരും ഒരുമിച്ചാണ് വെങ്ങാട്ടിലേക്ക് പോയത്.. അപ്പോഴേക്കും ആർത്തിരമ്പി പെയ്ത മഴക്ക് ഒരു ശമനം വന്നിരുന്നു... പതിയെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ടാണവർ പോയത്... പോകുന്ന വഴി നേരത്തെ എക്സിഡന്റ് നടന്ന സ്ഥലം കണ്ടു,.... അറിയാതെ പോലും ഒരു ഒരു നിശ്വാസം അവരിൽ നിന്നുതർന്നു ... അപ്പോഴേക്കും തടസ്സപ്പെട്ട ഗതാഗതം പൂർവ്വസ്ഥിതിലായിരിന്നു.. മുൻ വശം പാകികമായി തകർന്ന ലോറിയും പൂർണ്ണമായും തകർന്ന ഓട്ടോയും അരിക് വശത്തേക്ക് മാറ്റിയിട്ടുണ്ട്... ഒരു കുടുംബത്തിന്റെ നാഥനും ആശ്രയുവുമായിരിക്കാം ആ തകർന്നടിഞ്ഞത്...ഓട്ടോ കണ്ടാൽ അറിയാം എത്രത്തോളം ഭയാനകമായിരിക്കും മെഡിക്കൽ കോളേജിലുള്ള ആ കൊച്ചിന്റെ സ്ഥിതിയെന്ന് .... ഇടയ്ക്ക് ആദൂന്റെ വിവരം അറിയിക്കാൻ മഷൂദ്ന്ന് വിളിച്ചെങ്കിലും അവനും ഫോൺ എടുത്തില്ല.. ചക്കിക്കൊത്ത ചങ്കരൻ എന്ന് നിഹാൽ പറയുന്നുണ്ടായിരുന്നു... വെങ്ങാട്ട് വീട്ടിലെത്തിയപ്പോൾ അടഞ്ഞു കിടക്കുന്ന ഗേറ്റ് ആണ് കണ്ടത്...സുറുമി പോയി കാണോ എന്ന സംശയത്തോടെയാണ് അവർ ഗേറ്റ് തുറന്ന് കാർ പാർക്ക്‌ ചെയ്ത് ഇറങ്ങിയതെങ്കിലും മുൻവശത്ത് തന്നെ അഴിച്ച് വെച്ച സുറുമിയുടെ ചെരിപ്പ് കണ്ടതോടെ അവൾ അവിടെ ഉണ്ടെന്ന് അവർ ഉറപ്പിച്ചു...

തുടരെ തുടരെ ബെൽ മുഴക്കി കൊണ്ട് സുറുമിയെ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. "സുറുമി... " സൽമാൻ കതകിൽ ആഞ്ഞടിച്ചു കൊണ്ട് വിളിച്ചു... "നീ അവളുടെ ഫോണിലേക്ക് വിളിക്ക്..." സിടൗട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഹാളിലെ ജനൽ തുറക്കാൻ ഒരു പാഴ് ശ്രമം നടത്തി നിഹാൽ.... സൽമാൻ ഫോൺ എടുത്ത് ഡയൽ ചെയ്ത് തുടങ്ങിയതും ഹാളിൽ നിന്ന് ചെറിയ ശബ്ദത്തിൽ ഫോൺ ശബ്ദിക്കുന്നത് കേട്ടപ്പോൾ നിഹാൽ സൽമാനെ വിളിച്ച് കേൾപ്പിച്ചു.. ശരിയാണ്.. ചെറിയ ശബ്ദത്തിൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നുണ്ട്... നിഹാലും സൽമാനും ചേർന്ന് ജനലിൽ തട്ടി അവളെ വിളിച്ചെങ്കിലും മറുപടി ഒന്നുമുണ്ടായില്ല. ചെറിയ തോതിൽ അപ്പോഴും ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു....കനത്ത കാറ്റിൽ മുറ്റത്തെ മാവിൽ നിന്ന് ഇലയും ചെറു മരച്ചില്ലകളും മഴ പെയ്ത് നനഞ്ഞു കിടക്കുന്ന ബേബി മെറ്റൽ പാകിയ മുറ്റത്ത് വീണു കിടപ്പുണ്ട്... "നീയാ ലാൻഡ് ഫോണിലേക്ക് വിളിച്ച് നോക്ക്... വർക്ക്‌ ചെയ്യുന്നുണ്ടേൽ അത് ബെൽ അടിക്കുന്നത് കേൾക്കാം...." അകാരണമായി ഉള്ളിൽ ഉടലെടുക്കുന്ന ഭയം മറച്ചു വെച്ചു കൊണ്ട് നിഹാൽ പറഞ്ഞു.. സൽമാൻ ലാൻഡ് ഫോണിലേക്ക് വിളിച്ചതും കുറച്ചുറക്കെ തന്നെ അത് ഉമ്മാടെ റൂമിൽ നിന്ന് ശബ്ദിക്കുന്നത് പുറത്തേക്ക് കേൾക്കാമായിരുന്നു...

ഉമ്മാടെ റൂമിന്റെ ജനൽ പാളി തുറക്കാൻ ശ്രമിക്കുകയും കുറച്ചുറക്കെ തന്നെ ജനലിൽ തട്ടി കൊണ്ട് അവളെ വിളിക്കുകയും ചെയ്തു... കാർ പോർച്ചിനോട് ചേർന്ന് കിടക്കുന്ന മുറിയുടെ ജനലും തട്ടി വിളിച്ചെങ്കിലും അതും അകത്തേക്ക് കൊളുത്തിട്ട നിലയിലായിരുന്നു... ലാൻഡ് ഫോൺ റിങ് ചെയ്യുന്നത് അത്യാവശ്യം ശബ്ദത്തോടെ ആയത് കൊണ്ട് ഉറങ്ങുവാണേൽ അവളുണരും എന്ന് പ്രതീക്ഷയിൽ സൽമാൻ നിർത്താതെ ലാൻഡ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരിന്നു.. തുടർച്ചയായി നാലോ അഞ്ചോ പ്രാവിശ്യം വിളിച്ചിട്ടും നിരാശയായിരുന്നു ഫലം.. "ടാ... എന്താടാ അവള് വാതിൽ തുറക്കാത്തെ..." ഭയം സൽമാനെയും പിടികൂടിയിരുന്നു... "നീ വാ..." നിഹാൽ അവനെ വിളിച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി.. അവിടെയും ജനലുകൾ എല്ലാം അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.. പിൻ വശത്തെ മരം കൊണ്ട് പണിത വാതിൽ രണ്ട് മൂന്ന് തവണ നിഹാൽ ശക്തിയോടെ തള്ളി ... വാക്കുകൾ ഇല്ലാതെ എന്ത് സംഭവിച്ചു എന്നോ എങ്ങനേ അകത്തേക്ക് കടക്കുമെന്നോ അറിയാതെ നിഹാൽ സൽമാനെ നോക്കി....അവനും അമാന്തിപ്പിൽ ആയിരുന്നു...

പരിഭ്രമോ ഭയമോ ആ മുഖത്ത് നിഴലിച്ചിരുന്നു,... പെട്ടന്നാണ് വിറക് പുരയോട് ചാരി ഇരുമ്പിന്റെ കമ്പി പാര നിഹാലിന്റെ കണ്ണിൽ പെട്ടത്... "ടാ...."നിഹാൽ വിളിച്ചപ്പോൾ അവൻ നോക്കുന്നിടത്തേക്ക് സൽമാനും കണ്ണുകൾ പായ്ച്ചു... നിഹാലിനെ ഒന്ന് നോക്കി സൽമാൻ അതെടുത്തു കൊണ്ട് വന്ന് നിഹാലിനെ ഏൽപ്പിച്ചു... ഒന്നിനും സാധിക്കാത്ത വണ്ണം...നിന്ന നിൽപ്പിൽ വീണ് പോകത്തക്ക വണ്ണം ഒരു തളർച്ച സൽമാനെ ബാധിച്ചിരുന്നു.. തുടർച്ചയായി അഞ്ചോ ആറോ പ്രാവിശ്യം പാര വെച്ച് കതകിന് മുകളിലായി ആഞ്ഞടിച്ചപ്പോൾ ഒരു ശബ്ദത്തോടെ സാക്ഷ അഴിഞ്ഞു വീണു കതക് തള്ളി തുറന്നപ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരിന്നു.... വൃത്തിയായി കിടക്കുന്ന അടുക്കളയിലെ തീൻ മേശയിൽ ടിഫിൻ ബോക്സ്‌ അടച്ചു വെച്ചിട്ടുണ്ട്.. അടുത്ത് തന്നെ ഫ്ലാസ്ക്കും അത്യാവശ്യം ഹോസ്പിറ്റലിലേക്ക് വേണ്ട ബൗളും പ്ലേറ്റും ഗ്ലാസും ആദൂന്റെ ഫീഡിങ് ബോട്ടിലും ഒക്കെ അടുത്ത് തന്നെ വെച്ചിട്ടുണ്ട്.. അടുക്കള കടന്ന് ഓരോ കാലടി വെക്കുമ്പോഴും ഹൃദയമിടിപ്പ് പൊട്ടാറാകും വിധം മിടിക്കുന്നുണ്ടായിരുന്നു...ഭയം അതിന്റെ ഉച്ചാസ്ഥിയിൽ എത്തിയിരുന്നു.. ഹാളിലെ ഡെയിനിങ് ടേബിളിൽ സുറുമിയുടെ ഹാൻസ് ബാഗും ചെറുതല്ലാത്തൊരു ബാഗും പാക്ക് ചെയ്ത് എടുത്ത് വെച്ചിരിക്കുന്നത് കണ്ടു..

വൃത്തിയായിട്ടിരിക്കുന്ന താഴത്തെ മുറികളിൽ ആസ്വഭാവികമായി ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. മുകളിലേക്കുള്ള പടികൾ കയറുമ്പോൾ കാലുകൾക്ക് ബലക്ഷയം ബാധിച്ചിരുന്നു.. ഒരു താങ്ങെന്നോണം സൽമാൻ നിഹാലിന്റെ കൈ തണ്ടയിൽ പിടിച്ചു... ചാരിയിട്ട അവളുടെ മുറി തുറക്കുമ്പോ സൽമാന്റെ കൈ വിറയ്ക്കുന്നുണ്ടായിരിന്നു... കട്ടിലിൽ ഒരു ഭാഗത്തായി അവളുടെ ദുപ്പട്ടയും പാന്റും ഉണ്ടെന്നല്ലാതെ മുറിയിൽ ആരും ഇല്ല എന്നത് സൽമാനിൽ ഞെട്ടലുണ്ടാക്കി... "ഡാ... ഡാ... ന്റെ റൂമി... അവളിവിടെ ഇല്ലെടാ...." സൽമാൻറെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു... പക്ഷെ നിഹാലിന്റെ കണ്ണുകൾ പോയത് അടഞ്ഞു കിടക്കുന്ന ഹാളിലെ ബാത്‌റൂമിലേക്കാണ്... ചെറിയ തോതിൽ വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം ബാത്‌റൂമിൽ നിന്ന് കേൾക്കാം.. സൽമാന്റെ കൈ കുടഞ്ഞെറിഞ്ഞ് നിഹാൽ അങ്ങോട്ട് ഓടുകയായിരുന്നു... സർവ്വ ശക്തിയുമെടുത്ത് നിഹാൽ ബാത്‌റൂമിന്റെ വാതിൽ വലതു തോളിനാൽ ആഞ്ഞു തള്ളി... വലിയൊരു ശബ്ദത്തോടെ കതകിന്റെ സാക്ഷ അഴിഞ്ഞു.. പ്ലേ വുഡ് കൊണ്ടുള്ള ആ വാതിൽ മലർക്കേ തുറന്നതും നിഹാൽ കണ്ടു... സ്ഥാനം തെറ്റിയ ചുരിദാർ ടോപ് മാത്രം ധരിച്ചു കൊണ്ട് ഒഴികിയിറങ്ങുന്ന രക്തത്തിൽ മലർന്ന് കിടക്കുന്ന സുറുമിയുടെ ചലനമറ്റ ശരീരം....!!! ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story