സുറുമി: ഭാഗം 43

surumi

എഴുത്തുകാരി: അവന്തിക

വലിയൊരു ശബ്ദത്തോടെ കതകിന്റെ സാക്ഷ അഴിഞ്ഞു.. പ്ലേ വുഡ് കൊണ്ടുള്ള ആ വാതിൽ മലർക്കേ തുറന്നതും നിഹാൽ കണ്ടു... സ്ഥാനം തെറ്റിയ ചുരിദാർ ടോപ് മാത്രം ധരിച്ചു കൊണ്ട് ഒഴികിയിറങ്ങുന്ന രക്തത്തിൽ മലർന്ന് കിടക്കുന്ന സുറുമിയുടെ ചലനമറ്റ ശരീരം....!!! കാണുന്ന കാഴ്ച്ചയിൽ വിറങ്ങലടിച്ചു പോയിരുന്നു അവൻ... "ഡാ...."കണ്ണുകൾ ഇറുകെ അടച്ച് തല ചെരിച്ചു കൊണ്ടവൻ അലറി... കാണാൻ ത്രാണി ഇല്ലാത്തവനെ പോലെ... ഓടി വന്ന സൽമാനും കാണുന്ന കാഴ്ച്ചയിൽ അവളെ പേര് ചൊല്ലി വിളിച്ചു കൊണ്ട് അലറി.... " സുറുമി..." പരിഭ്രമത്തോടെ സൽമാൻ ബാത്‌റൂമിലേക്ക് ഇറങ്ങി.... നിലത്തെങ്ങും രക്തം പരന്ന് കിടക്കുകയാണ്...കൂടെ രൂക്ഷമായ രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധവും...സൽമാൻ കുനിഞ്ഞിരുന്ന് കവിളുകളിൽ കുലുക്കി കൊണ്ട് അവളെ വിളിച്ചു ... ഒരു കൈയാൽ അവളുടെ തല ഉയർത്തി കൊണ്ട് അവളെ എടുക്കാൻ ഒരു ശ്രമം നടത്തിയവൻ.... അപ്പോഴേക്കും തലയ്ക്കു പുറക് വശത്ത് നിന്നും അവളുടെ മുടിയെയും നനച്ച് കൊണ്ട് ഒഴുകിയിറങ്ങിയ രക്തം അവന്റെ കൈയിലും പടർന്നിരുന്നു..

പരിഭ്രമത്തോടെ അവൻ കൈകളിലേക്ക് നോക്കി... പിന്നീട് ചുറ്റിലും.. എന്തോ വീണ് അരിക് പൊട്ടിയ ടൈലിലെ കൂർത്ത് നിൽക്കുന്ന അൽപ്പം ഉയർന്ന ഭിത്തിയിലാണ് അവളുടെ തല കിടക്കുന്നത്... ബാത്‌റൂമിന്റെ ഒരു കോർണറിലായി സ്ഥാപിച്ച റാക്കിൽ വെച്ച ഹെയർ ഓയിലിന്റെ ബോട്ടിൽ വീണു കിടക്കുന്നതും അതിൽ നിന്നും നിലത്തേക്ക് ചിന്തിയ ഹെയർ ഓയിലും അവന്റെ കണ്ണിൽ തടഞ്ഞു... അപ്പോഴേക്കും നിഹാൽ ബെഡ്‌റൂമിൽ വിരിച്ചിട്ട ബെഡ് ഷീറ്റ് വലിച്ചെടുത്തു കൊണ്ട് അവളുടെ നഗ്നമായ കാലുകളെയും പാതി വെളിവായ തുടകളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് ഉയർത്തി.... രണ്ട് പേരും കൂടെ ചേർന്ന് അവളെ എടുത്തുയർത്തി കൊണ്ട് കാർ ലക്ഷ്യമാക്കി പാഞ്ഞു... 🍁 🍁 🍁 🍁 "നിന്റെ ഫോൺ എവിടാ..??. എത്ര വിളിച്ചു ഞാൻ..." "അത് ഞാൻ രാവിലെ റൂമിൽ മറന്ന് വെച്ച്....ഇന്ന് എഴുനേൽക്കാൻ തന്നെ ലേറ്റ് ആയില്ലേ.. ഒരു വിധം പാഞ്ഞു പിടിച്ചാ ഇവിടെ എത്തിയത്.. അപ്പോ അയാള് പറയാ... കളക്ഷന് പോകാൻ... ഒന്നും പറയണ്ട... ഇന്നത്തെ ദിവസേ സ്വാഹയാ...." "നിനക്കാ ഫോൺ ഒന്ന് എടുത്തൂടെ....

ലഞ്ച് ടൈമിൽ ഞാനെത്ര നോക്കി നിന്നെ... എന്നിട്ട് നീ എവിടെന്നാ ഫുഡ്‌ കഴിച്ചേ..." "അത് പറയാതിരിക്കുന്നതാ ഭേദം... കളക്ഷൻ എല്ലാം കഴിഞ്ഞപ്പോ തന്നെ ഒരു നേരം ആയി... ഇവിടെ വന്നു ഫുഡ്‌ കഴിക്കാന്ന് വെച്ചപ്പോ ഞാൻ വന്നപ്പോഴേക്കും ചോറ് തീർന്ന്... രാവിലെ ആണേൽ ഒരു കട്ടൻ ഇട്ട് കുടിച്ച് ഓടിയതാ...വിശന്ന് പട്ടിയായി ന്ന് പറഞ്ഞാൽ പോരെ..." "ഉപ്പ്മാവ് ഉണ്ടാക്കി വെച്ചിരുന്നല്ലോ ഹമീദ്ക്ക..." "തിന്നാൻ നേരം വേണ്ടേ... പഞ്ചിങ് വൈകിയാൽ നിനക്കറിയാലോ... അയാളുടെ വായേൽ വന്നത് മുഴുവൻ കേൾക്കുകയും വേണം.. സാലറി കട്ടിങ്ങും... എന്തൊരു കഷ്ട്ടാ.. മടുത്തു... എന്നും ഓട്ടം... ഞാൻ റിസൈൻ ലേറ്റർ കൊടുത്ത് പോവാ... എനിക്ക് വെയ്യാ...." മടുപ്പോടെ മഷൂദ് പറഞ്ഞു നിർത്തി... ഓഫീസ് ടൈമിലെ ടീ ബ്രേയ്ക്കിൽ ചായയുമായി മെസ്സിലെ ഒരു ടേബിളിന് ഇരു വശത്തായി ഇരിക്കുകയാണ് മഷൂദും അവന്റെ തന്നെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന കൂട്ടുകാരൻ കിരണും... റൂംമേറ്റ്സ് കൂടെയാണ് അവർ... "ആ മടുപ്പൊക്കെ തോന്നുന്നത് നാട്ടിൽ ബിസിനസ് ഉണ്ടായത് കൊണ്ടാ... എന്റെ പോലെയൊക്കെ ആയിരുന്നേൽ എന്നെ പോലെ നീയും ഈ ജന്മം ഈ മരുഭൂമി വിട്ട് പോകില്ലായിരുന്നു.... ഇതൊരു തടവറായാണ് മഷൂ..ഒരിക്കൽ എത്തിപ്പെട്ടാൽ തിരികേ പോകാൻ പറ്റാത്ത തടവറ.... "

നിരാശ നിഴലിച്ചിരുന്നു കിരണിന്റെ വാക്കുകളിൽ.. "ഏയ്.. അതൊന്നുമില്ല... ഞങ്ങളുടെ ബിസിനസ് ഒന്ന് പച്ച പിടിക്കട്ടെ... നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് വരും.... അവിടെ വർക്കിംഗ്‌ പാർട്ണർ ആയിട്ടാണേലും നീ നാട്ടിൽ കാണും..."മഷൂദ് ചിരിച്ചു.. "ഊവ്വ് ഊവ്വ്... ന്നിട്ട് എന്തായി നിന്റെ പച്ച ബിസിനസ്...." "നീ കളിയാക്കൊന്നും വേണ്ടാ... ഇപ്പൊ രണ്ട് മൂന്ന് മാസമായി പ്രോഫിറ്റ് ഒക്കെ കിട്ടി തുടങ്ങി..... ഇത് വരെ അതൊന്ന് ശരിയാകാൻ ആയിരുന്നു ഇവിടെ കിടന്ന് ഓടിയത്.. പിന്നെ സ്ഥലം ചോദിച്ച് ഒരു കൂട്ടർ വന്നിരുന്നു.. അവർ നമ്മൾ പറഞ്ഞ വിലക്ക് വാങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്... കടം കൊടുത്ത് വീട്ടിയാൽ ധൈര്യമായി നാട്ടിൽ സെറ്റിൽഡ് ആകാലോ.. മോനെ കാണണം... സുറുമീടെ പരിഭവമെല്ലാം തീർക്കണം..... പാവാണ്..... എന്നും ചോദിക്കും എന്നാ വരാ... ന്ന്...അത് പറഞ്ഞപ്പഴാ ഓർത്തെ.. രാവിലെ അവള് വിളിച്ചിരുന്നു... തിരക്കിട്ട് ഇറങ്ങുന്ന നേരമായത് കൊണ്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട്‌ ചെയ്തതാ... ഇന്നൊരു യുദ്ധം തന്നെ നടക്കും.... നീയാ ഫോൺ ഇങ് കൊണ്ടാ... ഹമീദ്ക്ക നൈറ്റ്‌ ഡ്യൂട്ടി ക്ക് പോകുന്ന നേരമായി തുടങ്ങി..

ഇറങ്ങുമ്പോ എന്റെ ഫോൺ എടുക്കാൻ പറയാനാ... " "അല്ലെങ്കിലും നിനെക്കെന്താ ആ പെണ്ണിനോട് ഒന്ന് മര്യാദക്ക് സംസാരിച്ചാൽ...മരണം വരെ ഈ തിരക്ക് കാണും... തിരക്ക് തീർന്ന് സംസാരിക്കാം.. മിണ്ടാം.. സ്നേഹിക്കാം എന്നൊക്കെ കരുതുമ്പോഴായിരിക്കും രണ്ടിൽ ഒരാളെ ദൈവം അങ്ങ് വിളിക്കാ... പിന്നെ ഖേദിച്ചിട്ട് കാര്യണ്ടോ... ഇല്ല്യാ....നമ്മുടെ തിരക്കും പ്രാരാബ്ദവും കടവും എല്ലാം കഴിയുമ്പോഴേക്കും ആയുസ്സിന്റെ മൂക്കാൽ ഭാഗവും തീർന്ന് കാണും... പിന്നെ ഇവിടെ പട്ടിണി കിടന്ന് വിയർപ്പൊഴുക്കിയ പണം കൊണ്ട് മക്കളെ പഠിപ്പിച്ച് വലുതാക്കി അവരുടെ അടുത്തേക്ക് ചെല്ലുമ്പോ അവർ പോലും നമ്മളെ പണം കൊണ്ട് അളക്കും... അപ്പൊ താങ്ങായി നമ്മുടെ ഇണയെ കാണൂ..." മഷൂദ് ന്ന് ഫോൺ എടുത്ത് കൊടുക്കുന്നതിനിടെ കിരൺ പറഞ്ഞു... മറുപടിയായി കണ്ണുകളടച്ച് കാണിച്ചു പുഞ്ചിരിച്ചു കൊണ്ട് മഷൂദ് ഹമീദ്ക്ക ക്ക് ഡയൽ ചെയ്തു ... ഹമീദ്ക്ക അവരുടെ റൂമിലെ മധ്യവയസ്കനായ ഒരു പാവം മനുഷ്യനാണ്... അവിടെയുള്ള തിരക്ക് പിടിച്ച ഒരു ഹോട്ടലിലെ ജോലിക്കാരനാണ് അദ്ദേഹം.... നൈറ്റ്‌ ഡ്യൂട്ടിയാണ് പുള്ളിക്ക്...

ആൾക്ക് വിളിച്ചപ്പോൾ പത്ത് മിനുട്ട് കൊണ്ട് ഇറങ്ങും... അവിടെ എത്താറാകുമ്പോ വിളിക്കാം.. അപ്പോ പുറത്തേക്ക് ഇറങ്ങി നിന്നാൽ മതിയെന്ന് പറഞ്ഞു... "നിനക്കേയ്...ഡെയിലി അഞ്ചാറു വട്ടം 'തിരക്കാണോ മഷ്‌ക്ക 'എന്ന് ചോദിച്ചു കൊണ്ട് വിളിക്കുന്ന ആ പെണ്ണിന്റെ സ്നേഹം മനസ്സിലായിട്ടില്ല...അതാ നിനക്കീ നെവർ മൈൻഡ്..." ഹമീദ്ക്കന്റെ ഫോൺ കട്ട്‌ ചെയ്ത് മഷൂദ് ഫോൺ കിരണിന് തിരികെ ഏൽപ്പിച്ചു... "ഏയ്.. അവള് ചുമ്മാ വിളിക്കുന്നതാ... ദിവസം ഒരു പ്രാവിശ്യങ്കിലും ചോദിക്കും.. എന്നാ വരാന്ന്... അത് മാത്രേ അവൾക്ക് ചോദിക്കാനൊള്ളൂ...." അവളെ ഓർത്തു കൊണ്ടവൻ പറഞ്ഞു.. അപ്പോഴും മായാതെ ഒരു പുഞ്ചിരിയുണ്ട് മുഖത്ത്... "നിനക്കാ ചോദ്യത്തിന്റെ വില അറിയായിട്ടാ... കഴിഞ്ഞ മാസം ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോ രണ്ട് മൂന്ന് മാസം കൊണ്ട് നാട്ടിൽ വരുമെന്ന് പറഞ്ഞപ്പോ അവള് പറയാ... വീടിന്റെ വാർപ്പ് കഴിഞ്ഞിട്ട് വന്നാൽ മതിയെന്ന്... കല്യാണം കഴിഞ്ഞ് ഹണിമൂണും ആഘോഷിച്ച് ഇങ്ങോട്ട് വന്ന് ഒരാഴ്ച തികഞ്ഞില്ല. അപ്പൊ അവള് പറയാ.. അവൾ ഗർഭിണി ആണെന്ന്...രണ്ടാം തവണ കൊച്ചിനെ കാണാൻ പോയി കണ്ട്, രണ്ട് മാസം കൂടെ നിന്ന് ഇവിടെ വന്നപ്പോ അവള് പറയാ .. അവള് പിന്നേം ഗർഭിണി ആണെന്ന്.... മോളെ ഞാൻ കണ്ടിട്ടില്ല....

അത് വേറെ കാര്യം...അതിനടിയിൽ അമ്മയും അവളും തമ്മിലുള്ള പരിഭവങ്ങളും വാക്ക് തർക്കങ്ങളും അറിയായിട്ടല്ല.... അമ്മക്ക് വിളിക്കുമ്പോ വേറെയും അവൾക്ക് വിളിക്കുമ്പോ വേറെയും കേൾക്കായിട്ടല്ല... അവളുടെ രണ്ട് പേറും പുടവേം അവളുടെ ആങ്ങളയുടെ കല്യാണോം ... അതിന്റെ സൽക്കാരോം .. കുഞ്ഞമ്മാടെ അടിയന്തരോം ... അമ്മയുടെ ആങ്ങളയുടെ മോൾടെ കല്യാണം... വീട്ട് ചിലവ്... ഇതെല്ലാം ഇവിടെ പട്ടിണി കിടന്ന് ഉണ്ടാക്കിയ ക്യാഷ് കൊടുത്ത് ഭംഗിയായി നടത്തിയതും പോരാതെ അവൾക്കൊരു സമാധാനം ആയിക്കോട്ടെ ന്ന് വെച്ചാ ഇല്ലാത്ത ക്യാഷും ഉണ്ടാക്കി ബാങ്കിൽ നിന്ന് കടോം വാങ്ങി ഞാനാ വീട് പണി തുടങ്ങിയത്..ഇപ്പൊ അവൾക്ക് വാർത്തിടണം ന്ന്.... ആറേഴ് ലക്ഷം എങ്ങനേ നോക്കിയാലും വേണം...എങ്ങനെ ഒപ്പിക്കും ഞാനതെല്ലാം...." ദേഷ്യവും നിരാശയും കലർന്നിരുന്നു കിരണിന്റെ വാക്കുകളിൽ... "ഇങ്ങനെ വല്ലോം നിനക്കറിയണോ.. എന്തേലും പറഞ്ഞ് അവൾ നിന്നെ ബുദ്ധിമുട്ടിക്കുന്നത് ഞാൻ കണ്ടിട്ടില്ല... മസാമാസം അയച്ചു കൊടുക്കുന്ന ക്യാഷിന് പുറമെ അത്യാവശ്യം വന്നാലല്ലേ അവൾ ചോദിക്കാറൊള്ളൂ....

എന്നിട്ട് നിനക്ക് വിളിക്കാൻ മടി.. സംസാരിക്കാൻ ഇല്ല......"കിരൺ മുഴുവപ്പിക്കാതെ നിർത്തി...അതിനും മഷൂദ് ചിരിച്ചു.... ശരിയാണ്... ഉമ്മയും അവളുമായി കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല... കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എന്തൊക്കെയോ പറയാൻ വിമ്മിഷ്ടപ്പെട്ടിരുന്ന അവളെ കണ്ടിട്ടുണ്ട്... തീർച്ചയായും ഉമ്മാടെ മുഖത്ത് നോക്കിയുള്ള ചോദ്യങ്ങളോ സംസാരങ്ങളോ ആയിരിക്കാം.... അതറിഞ്ഞ് ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു... കഴിഞ്ഞ തവണ അവളുടെ ഉമ്മാനോടുള്ള സമീപനവും പെരുമാറ്റവും ഇടപഴകലും കണ്ടപ്പോൾ അത്ഭുദം തോന്നി...ഉമ്മക്ക് തിരിച്ചും... അവർ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട് ഇപ്പൊ... കിരണിന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് നാട്ടിലെയും അവളുടെയും ഓർമകളിൽ നിന്നുണർന്നത്.... നിമിഷങ്ങൾ കഴിഞ്ഞ് ഹമീദ്ക്കയിൽ നിന്നും ഫോൺ വാങ്ങി വരുമ്പോൾ മഷൂദ്ന്റെ മുഖത്തെ ഇളിച്ചിൽ കണ്ടാണ് കിരൺ കാര്യം തിരക്കിയത്... സുറുമീടെ പത്തു പതിനഞ്ചു മിസ്സ്ഡ് കാൾ ഉണ്ടെന്ന്...ഒരു ഇളിച്ചിലോടെ പറഞ്ഞു കൊണ്ടവൻ ഫോൺ കാതോട് ചേർത്തപ്പോൾ ആ പിണക്കം മാറ്റാൻ നാട്ടിലേക്ക് ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് ആത്മാഗാതം ചെയ്യുന്നുണ്ടായിരിന്നു കിരൺ.. വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...

നവിയുടെ മിസ്സ്ഡ് കാളുമുണ്ടല്ലോ എന്ന് മഷൂദ് പറയുമ്പോ നീ വിളിച്ച് നോക്ക് ഞാൻ ബില്ല് പേ ചെയ്തിട്ട് വരാമെന്ന് പറഞ്ഞു കൊണ്ട് കിരൺ നടന്നു... ബില്ല് പേ ചെയ്യുന്നതിനിടെ അവിചാരിതമായിട്ടാണ് കിരണിന്റെ നോട്ടം ഫോൺ കാതോട് ചേർത്ത് സ്തംഭിച്ചു നിൽക്കുന്ന മഷൂദ് ന്റെ മേൽ എത്തിയത്.. എന്തോ പന്തിക്കേട് തോന്നിയ കിരൺ മഷൂദ് ന്റെ അരികിൽ ചെല്ലുമ്പോ കേൾക്കാൻ പാടില്ലാതെന്തോ കെട്ട പോലെ വിറങ്ങലടിച്ചു നിൽക്കുകയാണ് അവൻ ... ആകുലതയോടെ കാര്യം ആരായുമ്പോൾ തുറിച്ചു നിൽക്കുന്ന അവന്റെ കണ്ണുകളിൽ മിഴിനീർ പൊടിയുണ്ടായിരിന്നു... "എന്താടാ.. എന്താ കാര്യം പറയ്.. നവിക്കാണോ നീ വിളിച്ചേ...??" കിരൺ അക്ഷമയോടെ ചോദിച്ചു.. "ന്റെ സുറുമി.. അവൾ... അവൾക്കന്തോ... അവള് ഐസിയുവിൽ ആണെന്ന്... ന്റെ മോന്.... അവനും വെയ്യന്ന്...." "ഏഹ്...എന്താ പറ്റിയെ....നീ ചോദിച്ചില്ലേ...." "ഡാ...കിരൺ... എനിക്ക് നാട്ടിലേക്ക് പോകണം.. എനിക്ക് അവളെയും എന്റെ മോനേം കാണണം... എന്നെയൊന്നു കൊണ്ട് പോടാ...." ദയനീയമായ ഒരലർച്ചയോടെ കിരണിന്റെ തോളിൽ പിടിച്ചുലച്ച് കൊണ്ട് മഷൂദ് കസേരയിൽ തളർന്നിരുന്നു.... 🍁 🍁 🍁 🍁 എമിഗ്രേഷൻ കഴിഞ്ഞ് മഷൂദ് പുറത്തേക്ക് ഇറങ്ങുമ്പോൽ നിഹാൽ കാത്തു നില്ക്കുന്നുണ്ടായിരിന്നു...

വരണ്ട ഒരു പുഞ്ചിരി പരസ്പരം സമ്മാനിച്ചു കൊണ്ടവർ പുണർന്നു... നിഹാൽ ലഗേജ് കാറിൽ കയറ്റിയപ്പോഴേക്കും മഷൂദ് ഫ്രണ്ട് ഡോർ തുറന്ന് കോഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു... കാർ ഓടി തുടങ്ങിയിട്ടും മുമ്പില്ലാത്ത വണ്ണം മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു...ഇടയ്ക്കിടെ നിഹാൽ മശൂദ്നെ നോക്കിയെങ്കിലും പുറകിലേക്ക് ചാരി കണ്ണടച്ച് കിടക്കുകയായിരുന്നു അവൻ... രാത്രി പത്തരയോടെയുള്ള ഫ്ലൈറ്റ്നാണ് മഷൂദ് പുറപ്പെട്ടത്.. കിരൺ കൂടെയുണ്ടായത് കൊണ്ട് കമ്പനിയിലെ പ്രൊസീജ്യഴ്‌സ് എല്ലാം പൂർത്തിയാക്കി വിവരം അറിഞ്ഞ് മണിക്കൂറുകൾ കൊണ്ട് തന്നെ എമർജൻസി ടിക്കറ്റിൽ അവന് പുറപ്പെടാൻ കഴിഞ്ഞു... മൗനം ഭേദിച്ച് സംസാരത്തിന് തുടക്കമിട്ടത് നിഹാൽ തന്നെയാണ്...തലേ ദിവസത്തെ സംഭവ വികാസങ്ങളെല്ലാം നിഹാൽ മശൂദ്നോട് പറഞ്ഞു... കൂടെ ആദൂന്റെ കാര്യവും... അവന് പനി കുറഞെങ്കിലും സുറുമിയെ കാണായിട്ട് കുറുമ്പും വാശിയും കരച്ചിലും തന്നെയാണ്‌ ..എല്ലാം മഷൂദ് അറിയണമെന്ന് തോന്നി നിഹാലിന്... ഇത് വരെ സുറുമിക്ക് ബോധം തെളിഞ്ഞിട്ടില്ല...

രാത്രിയോടെ ശരീരം മരുന്നുകളുമായി പ്രതികരിക്കുന്നുണ്ട് എന്നത് മാത്രമാണ് കുറച്ചൊരു ആശ്വാസം... "അവൾ ഹിബയെ വിളിച്ചത് എന്തിനാണെന്ന് അറിയില്ല...ആ ഒരു കാൾ ആണ് എന്നെയും സൽമാനെയും ഹോസ്പിറ്റലിൽ എത്തിച്ചതും അവിടെ നിന്ന് വെങ്ങാട്ട് പോയി നോക്കാൻ പ്രേരിപ്പിച്ചതും.... ... അങ്ങനെ ഒരു ഫോൺ കാൾ അവൾ ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷെ,...." സാക്ഷിയാകേണ്ടി വന്ന ദാരുണമായ കാഴ്ചയിൽ ആസ്വസ്ഥാനയിരുന്നു നിഹാൽ... സുറുമി ഹിബയെ വിളിച്ചില്ലായിരുന്നു എങ്കിൽ.. അവൾ വിളിച്ചത് കാര്യമാക്കാതെ ഹിബ അത് പറയാതെ വെച്ചിരുന്നു എങ്കിൽ.. അതവൾ പറഞ്ഞിട്ടും താനതിനെ നിസാരമാക്കി തള്ളിയിരുന്നു എങ്കിൽ.... .ഈ ചിന്തയായിരുന്നു ഉള്ളം മുഴുവൻ.. "ബാത്‌റൂമിൽ എങ്ങനെയാഡാ അത്ര danger ആയി വീഴുക...തലയടിച്ചുള്ള വീഴ്ചയാണെങ്കിൽ പോലും...മുറിവിനും ബോധം മറയാനും മാത്രം..." മഷൂദ് ഒന്ന് നിർത്തി... "ബാത്‌റൂമിന്റെ അരികിലെ കുറച്ച് പൊക്കി കെട്ടിയ ഭിത്തിയിലെ ടൈലിൽ ഭാഗം എന്തോ വീണ് പൊട്ടി അടർന്നു പോയിട്ടുണ്ട് റാക്കിൽ നിന്ന് എണ്ണ ചിന്തിയിട്ടുമുണ്ട്...

ചിലപ്പോൾ എണ്ണയുടെ ബോട്ടിൽ മറിഞ്ഞ് എണ്ണ താഴേക്ക് ചിന്തിയത് അവൾ അറിഞ്ഞു കാണില്ല...കാല് സ്ലിപ് ആയി വീണതായിരിക്കാം..."നിഹാൽ അവന്റെ നിഗമനം പറഞ്ഞു.. മഷൂദ് ന്ന് ഓർമ വന്നത് ആ ദിവസമാണ്..പോകുന്നതിനു മുമ്പേയുള്ള അവളുടെ ലാസ്റ്റ് പീരിയഡ്‌സ് ഡേ.. അന്നവൾ കരഞ്ഞു നിലവിളിച്ചതും ഉള്ള് നുറുങ്ങിയെരിയുന്ന വേദനിയിലും അവൾക്ക് ആശ്വാസമേകാൻ വേണ്ടി എല്ലാം തമാശയായി കണ്ട് ചിരിച്ച് തള്ളിയതും അന്ന് തന്റെ കാല് അവിടെ വെച്ചിടിച്ചതും അതിന്റെ പേരിൽ ആ മുറിവ് ഉണങ്ങുന്നത് വരെ ആ അടർന്നു പോന്ന ഭാഗം നേരായക്കാൻ വേണ്ടി അവൾ വഴക്കടിച്ചതും...എല്ലാം ഇന്നലെയുള്ള പോലെ അവന്റെ ഓർമയിൽ നിറഞ്ഞു...എപ്പോഴും അവൾ പരിഭവിക്കുന്ന പോലെ അന്നും 'ഈ ചെറിയ മുറിവിനോ' എന്ന് പറഞ്ഞു കൊണ്ട് അതിനെ നിസാരമാക്കി കളഞ്ഞു താൻ.... എന്നിട്ടിപ്പോ... " ഞാനും സൽമാനും ഉമ്മയോട് സംസാരിച്ചിരുന്നപ്പോഴും കളിച്ചും ചിരിച്ചും കൊഞ്ചിച്ചും ആദൂന് പാല് കൊടുത്തപ്പോഴും വെങ്ങാട്ട് പോകുന്ന വഴി ഒരു ആക്സിഡന്റ് കണ്ടത് കൊണ്ട് അതവളാണോ എന്ന പേടിയിൽ മെഡിക്കൽ കോളേജിലും മറ്റും വെപ്രാളപ്പെട്ട് അന്വേഷിച്ച് നടന്നപ്പോഴും അതല്ല എന്നറിഞ്ഞ ആശ്വാസത്തോടെ പതിയെ സംസാരിച്ച് വെങ്ങാട്ടിലേക്ക് പോയപ്പോഴും..

ഈ സമയമെല്ലാം അവള് ബോധമില്ലാതെ ചോര വാർന്ന് കൊണ്ട് മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ .... " നിഹാൽ മുഴുവപ്പിക്കാതെ നിർത്തി... നിർവികരമായി കേൾക്കുകയായിരിന്നു മഷൂദ്... തന്റെ പെണ്ണിന് എത്ര വേദനിച്ചു കാണും... വീണപ്പോ അവൾ നിലവിളിച്ചു കാണോ... ഒരു സഹായത്തിനായി..ഒരു താങ്ങിനായി.... തന്നെയോർത്ത് കാണോ... ' ഒരു വേദന വന്നാൽ പടച്ചോനെ കഴിഞ്ഞാൽ ഞാൻ എന്റെ മഷ്ക്കനെയാണ് ഓർക്കുക..... മഷ്‌ക്ക ഉണ്ടെങ്കിൽ എന്ന് എപ്പോഴും ഓർത്തു പോകുമെന്നവൾ പറയാറുള്ള പോലെ ആ വേദനക്കിടയിലും അവളെന്നെ ഓർത്തു കാണോ.. തന്നെ വിളിച്ചു കാണോ....അവന്റെ ഉള്ളൊന്ന് പിടഞ്ഞു... 🍁 🍁 🍁 മഷൂദും നിഹാലും ഐസിയുടെ മുമ്പിൽ എത്തുമ്പോൾ അവിടെ സൽമാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ.. മനസ്സിലെ സംഘർഷം അവന്റെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്...മഷൂദ്നെ കണ്ടതും സൽമാൻ ഇറുകെ പുണർന്നു കൊണ്ടൊന്ന് തേങ്ങി...മഷൂദ് പതിയെ അവന്റെ പുറത്തായി തഴുകി... കണ്ണുകൾ നീറുന്നുണ്ടായിരിന്നു....

പെർമിഷൻ വാങ്ങിയിട്ടുണ്ട് പോയി കാണെന്ന് നിഹാൽ പറഞ്ഞപ്പോൾ സൽമാനിൽ നിന്ന് അടർന്നു മാറി അവനെയൊന്ന് നോക്കി കൊണ്ടവൻ ഐസിയുവിലേക്ക് കയറി.. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങൾക്കിടയിൽ കണ്ണടച്ചു കിടക്കുന്ന തന്റെ സുറുമി....തന്റെ പാതി .....ഉള്ളൊന്ന് പിടഞ്ഞു... ബ്ലഡ്‌ ബാഗിൽ നിന്ന് ട്യൂബ് വഴി രക്തം ശരീരത്തിലേക്ക് കയറ്റി കൊണ്ടിരിക്കുന്നു...മറുകയ്യിലും കാന്വല വഴി മരുന്ന് കയറി കൊണ്ടിരിക്കുന്നു...രണ്ട് കണ്ണുകളും വീർതുന്തിയിരിക്കുന്നു..... എപ്പോഴും തനിക്കായി പുഞ്ചിരി വിരിയുന്ന ആ ചുണ്ടുകൾ വിളറി വെളുത്തിരിക്കുന്നു... തന്റെ സുറുമിയുടെ ഒരു രൂപം മാത്രമാണെന്ന് ഇതെന്ന് തോന്നി പോയി അവന് ... അവളുടെ കൈകയിൽ അവൻ കൈ ചേർത്തു.. വിരലുകളിൽ തഴുകി.... കുനിഞ്ഞു കൊണ്ട് ചുണ്ടുകൾ അവളുടെ നെറ്റിയിലായി അമർത്തി.. കണ്ട് നിൽക്കാൻ പറ്റുന്നില്ലായിരുന്നു അവന്... കാണും തോറും നെഞ്ച് പൊട്ടി പോവുന്ന പോലെ... തന്റെ സാമീപ്യം അറിഞ്ഞു കൊണ്ടവൾ കണ്ണുകൾ തുറക്കുമെന്നും ഒന്നുല്ല്യ മഷ്ക്കാ എന്ന് കണ്ണുകളടച്ചു കാണിക്കുമെന്നവൻ വെറുതെ ആശിച്ചു...

നിറഞ്ഞു തൂവുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു അവൻ.. നിഹാലിനോപ്പമാണ് മോനെ കാണാൻ റൂമിലേക്ക് പോയത്.... മോനെ ആദ്യമായി കാണുന്നതും നിറഞ്ഞ ചിരിയാലെ തന്നെ വരവേൽക്കുന്ന സുറുമിയിൽ നിന്നും അവനെ വാങ്ങി ചുംബനങ്ങൾ കൊണ്ട് മൂടുന്നതും ഒരുപാട് സ്വപ്നം കണ്ടിരുന്നു..ഇങ്ങനെ ഒരവസ്ഥയിൽ തന്റെ മോനെ കാണേണ്ടി വരുമെന്ന് വിചാരിച്ചത് പോലുമില്ല.... തേർഡ് ഫ്ലോറിലേക്ക് കയറുമ്പോൾ തന്നെ കേട്ടു ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ... സംശയത്തോടെ നിഹാലിനെ നോക്കി മഷൂദ്... ''ആദുവാണ്...റൂം നമ്പർ 207'' അവനുള്ള മറുപടി എന്നോണം നിഹാൽ പറഞ്ഞു...കാലുകൾക്ക് വേഗത കൂടുന്നത് മഷൂദ് അറിഞ്ഞു.... റൂം തള്ളി തുറന്നു അകത്തു കയറുമ്പോ കണ്ടു,സഫയുടെ കയ്യിലിരുന്ന് കരയുന്ന തന്റെ മോനെ... ഉമ്മയുമുണ്ട് അടുത്ത്.. രണ്ട് പേരും കൂടെ അവന്റെ കരച്ചിലടക്കാൻ പാടുപെടുകയാണ്...സഫയുടെ മാറിന് കുറുകെ ഇട്ട തട്ടവും ചുരിദാറുമെല്ലാം തട്ടി മാറ്റി പരതുകയാണ് അവൻ.... മശൂദ്നെ കണ്ടതും ഉമ്മയും സഫയുമെല്ലാം സലാം ചൊല്ലി കൊണ്ട് അടുത്തേക്ക് വന്നു..

ഒരു കൈയാൽ വിഷാദം മുറ്റി നിൽക്കുന്ന ഉമ്മയെ ചേർത്ത് പിടിക്കുമ്പോഴും കണ്ണുകൾ കരയുന്ന മോന്റെ മേലായിരുന്നു... കരഞ്ഞു തളർന്ന മുഖം...കണ്ണുകളും മൂക്കിൻ തുമ്പുമെല്ലാം കരഞ്ഞ് ചുവന്നിട്ടുണ്ട്... സുറുമിയുടെ ചുണ്ടുകളും അവളുടെ തുടുത്ത കവിളുകളുമൊക്കെയായി ഒരു കൊച്ചു സുന്ദരൻ....ഫോട്ടോയിൽ കണ്ടപ്പോൾ ഒന്നൂടെ തടി തോന്നിച്ചിരുന്നു... പനിയായതു കൊണ്ടായിരിക്കാം,ഇപ്പൊ ആകെ ക്ഷീണം പിടിച്ചിരിക്കുന്നു... സഫയിൽ നിന്നും അവനെ എടുക്കാൻ നോക്കിയെങ്കിലും അവളിലേക്ക് ഒന്നൂടെ പറ്റി ചേർന്നു എന്നല്ലാതെ ഒന്ന് തൊടാൻ പോലും സമ്മതിച്ചില്ല അവൻ.. പുറകെ നിഹാൽ മുറിയിലേക്ക് വന്നത് കണ്ടതും അവന്റെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞു... നിഹാൽ ചിരിച്ചു കൊണ്ട് കൈ കാണിച്ചപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ വേഗം നിഹാലിന്റെ അടുത്തേക്ക് ചാടി അവന്റെ ചുമലിലായി തല ചായ്ച്ചു കിടന്നു... ഇന്നലെ ഒരു ദിവസം കൊണ്ടാണ് നിഹാലുമായി അവൻ ഇണങ്ങിയതെന്നും രാത്രി ഒരുപാട് നേരം കരഞ്ഞപ്പോൾ ഒടുവിൽ നിഹാൽ വന്ന് റൂമിന് പുറത്തൊക്കെ കൊണ്ട് നടന്നപ്പോഴാണ് ഉറങ്ങിയതെന്നും ഉമ്മ പറഞ്ഞപ്പോൾ അത്ഭുദത്തോടെ മഷൂദ് അവരെ നോക്കി... ....

തോളിലേക്ക് തല ചായ്ച്ചു കിടക്കുന്ന മോന്റെ പുറം മേനിയിൽ പതിയെ തഴുകി കൊണ്ട് നിഹാൽ മുറിയിലൂടെ നടക്കുകയാണ് ..... വെളുപ്പിന് എഴുനേറ്റതാണ്..ഇടയ്ക്ക് കരച്ചിൽ ഒന്നടങ്ങിയെങ്കിലും വീണ്ടും തുടങ്ങി.... സഫ പാല് കൊടുത്തെങ്കിലും കുടിക്കാൻ കൂട്ടാക്കുന്നില്ല..എങ്ങനെയൊക്കെയോ കുറച്ച് ലക്ടജ്ൺ കുടിച്ചു... മോനെ ചുമലിലേറ്റി മുറിയിലൂടെ നടക്കുന്ന നിഹാലിനെയും ആദൂനെയും നോക്കി നിൽക്കേ തന്നെ ഉമ്മ പറയുന്നത് കേട്ടു.. കുറച്ച് കഴിഞ്ഞതും ആള് ഉറക്കത്തിലേക്ക് വഴുതിയിരുന്നു... നിഹാൽ സൂക്ഷമതയോടെ ബെഡിലേക്ക് കിടത്തിയപ്പോൾ പതിയെ അവന്റെ അരികിലായി പോയിരുന്നു.. കൺ നിറയെ ആ കുഞ്ഞു മുഖം കണ്ടു... വല്ലാത്ത വേദന തോന്നി മഷൂദ്ന്..എന്നാ അബീടെ വാവക്ക് അബിയെ മനസ്സിലാവാ.... എന്നാ എന്റെ തോളില് തല ചായ്‌ച്ച് ഉറങ്ങാ....എന്നാ എന്നെ കാണുമ്പോ കരച്ചിലടക്കി ചിരിച്ചു കാണിക്കാ... മഷൂദ് അവന്റെ നെറ്റിയിലും കവിളുകളിലും ചുണ്ടുകൾ ചേർത്തു.... വാത്സല്യത്തോടെ.... കണ്ണുകൾ നീറുന്നുണ്ടായിരുന്നു.. ഡോക്ടർ വന്നോ എന്തേലും പറഞ്ഞോ എന്നൊക്കെ ഉമ്മ നിഹാലിനോട് ചോദിക്കുന്നത് കേട്ടു .. ഡോക്ടർ വരാൻ നേരം ആകുന്നെ ഒള്ളൂ... എന്നവനും മറുപടി കൊടുത്തു.. മരുന്നിന്റെ മയക്കം വിട്ടുണരാൻ ഇത്ര താമസം പിടിക്കോ എന്നൊക്കെ ഉമ്മ പറയുന്നത് കേട്ടപ്പോൾ മഷൂദ് തലയുയർത്തി സഫയെ നോക്കി.. തലയാട്ടി കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല എന്ന് കാണിച്ചു അവൾ..

"പിന്നെ പനിച്ചിരുന്നോ..."മോനെ മുടിയിലായി വിരലോടിച്ചു കൊണ്ടവൻ വിഷയം മാറ്റാനായി ചോദിച്ചു... "... പിന്നെ പനിയൊന്നും ഉണ്ടായില്ല... എന്റേം സഫയുടേം മുഖത്തേക്ക് നോക്കി അവളെ ചോദിച്ച് കരയുവാണ് ..." പറയാൻ മറുപടിയൊന്നും കിട്ടിയില്ല അത് കൊണ്ട് മൗനമായിരുന്നു....ഉണർന്നാലും അവൻ കരയൂലെ.. കരയും.. അവളെ ചോദിക്കും... "മറിയു..??" പെട്ടന്ന് ഓർമ വന്നത് പോലെ അവൻ സഫയോടെന്ന പോലെ ചോദിച്ചു.. രാത്രി ഏറെ വൈകിയും വാപ്പച്ചിയും ഉമ്മയും ഉണ്ടായിരിന്നു .. മോള് ഉറങ്ങിയപ്പോൾ അവളേം കൊണ്ട് പോയി.... അവൾക്ക് വാപ്പച്ചി ആയാൽ മതി..ഇപ്പൊ വരുമായിരിക്കും...." "മ്മ്...." കുറച്ച് നേരം കൂടി അവിടെ ഇരുന്നെങ്കിലും ചിന്തകൾ മനസ്സിനെ തളർത്തുന്നു എന്ന് തോന്നിയതും അവരോട് പറഞ്ഞു കൊണ്ട് നിഹാലിന്റെ കൈയിൽ നിന്ന് കാറിന്റെ കീ വാങ്ങി ഇറങ്ങി...വീടായിരുന്നു ലക്ഷ്യം... നിഹാൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും മോന് ഉണരുമ്പോൾ നീ വേണം എന്ന് പറഞ്ഞേൽപ്പിച്ചു... വീട്ടിലെത്തുമ്പോൾ നിയാസിന്റെ കാർ ഉണ്ടായിരുന്നു മുറ്റത്ത്..എല്ലാവരും കൂടെ ഹോസ്പിറ്റലിൽ നിൽക്കേണ്ടത് ഇല്ലാത്തത് കൊണ്ട് നിയാസും ഷെറിയും വെങ്ങാട്ടിലേക്ക് പോന്നതാണ്. മുറ്റത്ത് ഒരോരത്തായി കാർ നിർത്തി സ്റ്റൈറിങ്ങിൽ തല ചേർത്ത് കിടന്നു...മനസ്സ് ശ്യൂന്യമായിരുന്നു..

അവിടെ ഒരു തരം മരവിപ്പ് മാത്രം....തലയുയർത്തി നോക്കുമ്പോ തന്നെ കണ്ടു അവള് നട്ട് പിടിപ്പിച്ച പേരറിയുന്നതും അറിയാത്തതുമായ ചെടികൾ മുറ്റത്ത് പൂത്ത് നിൽക്കുന്നത് .... മുറ്റത്തെ മാവിന്റെ കൊമ്പിൽ മുല്ല വള്ളി പടർന്നിട്ടുണ്ട്.. അതിൽ നിറയെ മുല്ല പൂവുകളും...എല്ലാം അവളുടെ ഇഷ്ട്ടങ്ങളായിരുന്നു.... ഇതെല്ലാം എന്റെ മഷ്‌ക്ക ഇല്ലാത്തപ്പോ എനിക്കുള്ള നേരം പോക്കാണെന്ന് പറഞ്ഞവളാണ്... നിയാസ് വന്ന് ഡോറിൽ തട്ടിയപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.. കാറിൽ നിന്നിറങ്ങി അവനെ പുണർന്ന് ചുരുക്കം ചില വാക്കുകളിൽ സംസാരിച്ചതും ഉമ്മറത്തു നിൽക്കുന്ന ഷെറിയെയും പുണർന്ന് റൂമിമോളുടെ കാര്യം തിരക്കിയതും നാസ്ത കഴിക്കാമെന്ന് പറഞ്ഞപ്പോൾ ഫ്രഷ് ആയിട്ട് വരാമെന്ന് പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറിയതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു.. ഉമ്മറത്തും ഹാളിലും റൂമിലും അങ്ങനെ ഓരോ ഇടങ്ങളിലും അവളുടെ സാന്നിധ്യം ശ്വാസം മുട്ടിച്ചു കൊണ്ടിരിന്നു... 'എനിക്ക് മഷ്‌ക്ക ഇല്ലാതെ ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞവളെ കളിയാക്കിയതോർത്തു അവൻ...

ശരിയാണ്.. ഒരു നിമിഷം പോലും അവളില്ലാതെ പറ്റുന്നില്ല... ഓരോ നിമിഷവും വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപ്പെടുന്ന പോലെ... അതേ അവൾ പറഞ്ഞ പോലെ തന്നെ.... ചുറ്റിനും ആശ്വാസമേകാനും സമാധാനിപ്പിക്കാനും ആളുകളുണ്ടായിട്ടും അവളില്ലായ്മയിൽ വല്ലാതെ ഒറ്റപ്പെടുന്ന പോലെ... ആരുടെ സാന്നിധ്യം കൊണ്ടും നികത്താൻ കഴിയാത്ത ശ്യൂന്യത തോന്നുന്നു..... സുറുമിക്ക് എന്തെങ്കിലും പറ്റിയാൽ.... ഒന്നുമില്ലെന്ന് സ്വയം സമാധാനം കൊണ്ടിട്ടും ഈ ഒരു ചിന്തയിൽ സ്വയം വെന്തുരുക്കുകയായിരുന്നു അവൻ.... ഭ്രാന്തായി പോകും... അത്രയും തന്റെ ദമയന്തികളിൽ അലിഞ്ഞു ചേർന്നവളാണ്...എങ്ങനെ സഹിക്കും താൻ... ചിന്താ ഭാരം നെഞ്ചിൽ കുമിഞ്ഞു കൂടുന്നത് അവനറിഞ്ഞു...ഒന്നുറക്കെ കരയണം എന്ന് തോന്നി അവന്.... ഉള്ളം ആർത്തു കരയുമ്പോഴും കണ്ണുകൾ കരഞ്ഞില്ല.... ഏറെ നേരം തുടയിൽ കൈമുട്ടുകൾ താങ്ങി കൈവെള്ളയിൽ മുഖമമർത്തി ഒരേ ഇരുപ്പ് ഇരുന്നു.. ലോൻഡ്രി ബാസ്കറ്റിൽ അവളുടെ ഡ്രസ്സ് കണ്ട് കൊണ്ടാണ് മഷൂദ് എഴുനേറ്റ് ചെന്ന് അതെടുത്തത്... അതെടുത്ത് മുഖത്തോട് അടുപ്പിച്ചു.. വിയർപ്പിന്റെയും അടുക്കളയിലെ പുകയുടെയും ഗന്ധം.... തന്റെ പെണ്ണിന്റെ മണം... അവളുടെ വിയർപ്പിന്റെ ഗന്ധം... നിമിഷങ്ങൾ വേണ്ടി വന്നു, ആ ഡ്രസ്സ്‌ മുഖത്ത് നിന്ന് മാറ്റാൻ ..

ഫ്രഷ് ആകാൻ വേണ്ടി വാർഡ്രോബ് തുറന്നപ്പോഴാണ് അവളുടെ ഡ്രെസ്സുകൾക്ക് അടുത്തായി വൃത്തിയായി മടക്കി വെച്ച തന്റെ ടീഷർട് കണ്ടത്...'കാണാൻ കൊതി തോന്നുമ്പോ ആ ഷർട്ട്‌ മുഖത്തോട് അടുപ്പിച്ച് വെച്ച് ആ ഗന്ധം ഞാൻ ആവാഹിച്ചെടുക്കും... എനിക്ക് ഇഷ്ട്ടപ്പെട്ട എന്റെ മഷ്ക്കാടെ ഗന്ധം... 'അവൾ പറഞ്ഞതവൻ ഓർത്തു.. അന്നും അവളെ കളിയാക്കി ചിരിച്ചു..അവന് തന്നോട് തന്നെ പുച്ഛം തോന്നി... അവളുടെ സ്നേഹം കിട്ടി കൊണ്ടിരുന്നപ്പോൾ കണ്ടില്ലെന്ന് നടിച്ച്... തിരക്കെന്ന പേരും പറഞ്ഞ് അറിഞ്ഞോ അറിയാതെയോ അവളെ അവഗണിക്കുകയിരുന്നു താൻ.... ഞാൻ മരിച്ചാൽ മഷ്‌ക്ക ക്ക് എന്റെ വില മനസ്സിലാകും എന്ന് പരിഭവത്തോടെ പറയാറുണ്ടായിരുന്നു അവൾ.... മരിക്കെ.. ഇല്ല...നീ ഇല്ലാതെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റുന്നില്ല ഈ മഷൂദ്ന്.... നിന്റെ പുഞ്ചിരി ഇല്ലാതെ... പല ഭാവങ്ങൾ..പല ശൈലികൾ ചേർത്ത് മഷ്‌ക്ക എന്ന് ഏറ്റവും ഭംഗിയായി വിളിക്കുന്നത് കേൾക്കാതെ കഴിയുന്നില്ല എനിക്ക്... ടീഷർട് തിരികെ വെച്ചപ്പോഴാണ് ഒരു ബോക്സ്‌ കണ്ണിൽ തടഞ്ഞത്...

വാച്ചിന്റെ ബോക്സ്‌ ആണെന്ന് തോന്നിയപ്പോൾ മഷൂദ് അത് കയ്യിലെടുത്തു... അത് തുറന്നതും കണ്ടു,ചെറിയൊരു വെള്ള കടലാസ്സിൽ Thank you for being my husband, my partner, my lover and my best friend, i love you so much എന്ന് സുറുമിയുടെ കൈ പടയിൽ എഴുതിയ വരികൾ... അതെഴുതിയതിന്റെ താഴെയായി "അയച്ചു തരുന്ന പൈസയിൽ നിന്ന് അമ്പതോ നൂറോ സ്വരൂപ്പിച് വാങ്ങിയതാട്ടോ ...'' എന്നും ചേർത്തിട്ടുണ്ട്...അതിനൊപ്പം സ്ട്രാപ്പിന്റെ ഒരു ബ്രാൻഡഡ് വാച്ചും...കൈ തണ്ടയിലേക്ക് വീഴുന്ന കണ്ണുനീർ തുള്ളികൾ കണ്ടപ്പോഴാണ് കരയുകയാണെന്ന് അവന് മനസ്സിലായത്... സ്നേഹിച്ച് സ്നേഹിച്ച് നീ എന്നെ തോൽപിച്ചു കളഞ്ഞല്ലോ സുറുമി..... കണ്ണുകളെ സ്വതന്ത്രമായി ഒഴുകാൻ വിട്ടു കൊണ്ട് മഷൂദ് കുളിക്കാൻ കയറി...ബാത്‌റൂമിലെ രക്തവും ചിന്തിയ എണ്ണയുമെല്ലാം ഷെറി കഴുകി കളഞ്ഞ് വൃത്തിയാക്കിയിട്ടിരിന്നു... തന്റെ പെണ്ണ് മരണത്തോട് മല്ലിട്ട് മണിക്കൂറുകൾ കിടന്ന ഇടമാണ് എന്ന് ഓർക്കും തോറും വല്ലാത്തൊരു വീർപ്പു മുട്ടലായിരുന്നു അവന്.... ഒന്നാർത്ത് വിളിച്ചാൽ പോലും ആരും വിളി കേൾക്കാൻ ഇല്ലെന്നോർത്തപ്പോൾ എത്ര ഭയന്ന് കാണും തന്റെ പെണ്ണ്... കുളിച്ചിറങ്ങി ഡ്രസ്സ് മാറ്റി താഴെ ഇറങ്ങിയപ്പോൾ ഷെറി ചായ എടുത്ത് വെച്ചിരുന്നു.. അവർക്കൊപ്പം ഒന്ന് കഴിച്ചെന്നു വരുത്തി എഴുനേറ്റു ..

ഇറങ്ങാൻ നേരം സുറുമിയുടെ ഹാൻഡ്‌ബാഗ് ആണെന്നും ഇവിടെ ടേബിളിൽ കണ്ടതാണെന്നും അതിൽ ക്യാഷും ഫോണും ഒക്കെയുണ്ടെന്ന് പറഞ്ഞ് കൊണ്ട് ഷെറി അത് അവനെ ഏൽപ്പിച്ചു.. പോകുന്ന വഴി പെട്ടന്ന് തോന്നിയ ഉൾപ്രേരണയിൽ മഷൂദ് കാർ സൈഡാക്കി ആ ഹാൻഡ് ബാഗ് തുറന്ന് നോക്കി.. ഫോൺ കയ്യിൽ തടഞ്ഞപ്പോൾ അതെടുത്ത് ഓൺ ചെയ്തു ... ഇന്നലെ പത്തരയുടെയും പതിനൊന്നരയുടെയും ഇടയിലാണ് തന്റെ ഫോണിലേക്ക് അവൾ വിളിച്ചത്.. പത്തിലേറെ തവണ വിളിച്ചിട്ടുണ്ട് ... പിന്നെ വിളിച്ചത് നിഹാലിനും അതിന് ശേഷം സൽമാനും.. പന്ത്രണ്ടരയോടെ ഉമ്മക്ക് വിളിച്ചിട്ടുണ്ട്.. ഒരു മിനുട്ട് സംസാരിച്ചിട്ടുമുണ്ട്... അതിന് ശേഷമായിരിക്കാം വീണത്.. നിഹാലും സൽമാനും മൂന്ന് മണിയോടെ ആണ് വെങ്ങാട്ട് എത്തുന്നതും അവളെ കാണുന്നതും...രണ്ട് മണിക്കൂറോളം അവൾ വീണു കിടന്നിട്ടുണ്ടാകണം...ആ ഓർമയിൽ അവൻ വേദനയോടെ തലയൊന്ന് കുടഞ്ഞു... പിന്നെ കയ്യിൽ തടഞ്ഞത് അവളുടെ പേഴ്‌സ് ആണ്... അതിൽ ചുരുട്ടിയിട്ട അഞ്ഞൂറിന്റെ ഒറ്റ നോട്ട് മാത്രമാണ് ഉള്ളത്... തീർച്ചയായും പൈസയുടെ ആവിശ്യത്തിനായിരിക്കും അവൾ തന്നെയും നിഹാലിനെയും സൽമാനെയും വിളിച്ചു കാണുക... അപ്പോഴത്തെ അവളുടെ അവസ്ഥ എന്തായിരിക്കും... മോൻ ഹോസ്പിറ്റലിൽ...

മരുന്ന് വാങ്ങാനോ ക്യാഷ് കിട്ടാനോ ഉള്ള എല്ലാ മാർഗവും അടഞ്ഞ ദയനീയമായ അവസ്ഥ... തന്നോട് ദേഷ്യം തോന്നി കാണോ അവൾക്ക്... ഏയ്യ്.. ഉണ്ടേങ്കിലും തന്നെ ഒന്ന് കണ്ടാൽ മാറുന്ന പരിഭവങ്ങളല്ലേ അവൾക്ക് ഒള്ളൂ... പേപ്പറിൽ പൊതിഞ്ഞ നിലയിലുള്ള ആയിരത്തിന്റെ നോട്ടുകൾ കിട്ടിയപ്പോഴാണ് മഷൂദ് ഞെട്ടിയത്.. അതിന്റെ കൂടെ തന്നെ ഒരു പവനിലധികം വരുന്ന ആഭരണം വിറ്റതിന്റെ ബില്ലും... നെഞ്ചോന്ന് പിടഞ്ഞു പോയി... ആയിരം മുള്ള് കൊണ്ട് ഹൃദയം കൊത്തി വലിക്കുന്ന പോലെ തോന്നി അവന് ...സുറുമിയെ കാണണം... മാപ്പ് ചോദിക്കണം.. തന്റെ അനാസ്ഥ മൂലം അവൾ അനുഭവിക്കേണ്ടി വന്ന വേദനയ്ക്ക്...അറിഞ്ഞോ അറിയാതെയോ താൻ കാരണം അവൾ അനുഭവിക്കെണ്ടി വന്ന വിഷമങ്ങൾക്ക്.,. മഷൂദ് ഹോസ്പിറ്റലിൽ എത്തുമ്പോൾ അവനെ കാത്തെന്ന പോലെ നിഹാൽ നിൽപ്പുണ്ടായിരുന്നു.... സുറുമിക്ക് ബോധം തെളിഞ്ഞു.,..ഡോക്ടർ വന്നിരുന്നു... മഷൂദ് നെ കണ്ടതും നിഹാൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.. നാട്ടിലെ സിം ഫോണിലേക്ക് ഇട്ടിട്ടില്ല അത് കൊണ്ട് വിവരം അറിയിക്കാനായി നിയാസിനെ വിളിച്ചപ്പോൾ നീ പുറപ്പെട്ടു എന്ന് പറഞ്ഞു... വാ.. അവളെ കാണേണ്ടേ.... സൽമാൻ പോയി കണ്ടു... അവള് സംസാരിച്ചു ഡാ..

.ഫ്രഷ് ആയി ഡ്രെസ്സൊക്കെ മാറി വരാമെന്ന് പറഞ്ഞു കൊണ്ട് സൽമാൻ വലിയേടുത്തേക്ക് പോയി...ദൃതിയിൽ നടക്കുന്നതിനിടെ അവൻ പറയുന്നുണ്ടായിരുന്നു.. മറുപടിയായി ഒന്ന് ചിരിച്ചെന്ന് വരുത്താൻ പോലും സാധിച്ചില്ല മഷൂദ്ന്... സുറുമിയെ കാണണം....ക്ഷമ ചോദിക്കണം.. ഇനി ഒരിക്കലും നിന്നെയോ നമ്മുടെ മോനെയോ വിട്ട് പോകില്ല എന്ന് വാക്ക് കൊടുക്കണം..ഇതായിരുന്നു ഉള്ളം മുഴുവൻ... "എനിക്കൊന്ന് കാണണം..."ഐസിയുവിന് മുമ്പിൽ എത്തിയതും കിതപ്പോടെ മഷൂദ് പറഞ്ഞു... നിഹാൽ ഡോറിൽ തട്ടിയപ്പോൾ പുറത്തേക്ക് വന്ന നഴ്സിനോട് ചോദിക്കുന്നതും അവർ മറുപടി പറഞ്ഞു കൊണ്ട് ഒരു ലിസ്റ്റ് അവന് കൊടുക്കുന്നതും മഷൂദ് കണ്ടു.. "കയറി കാണ്... ഞാനീ മരുന്ന് വാങ്ങിയിട്ട് വരാം.." നിഹാൽ പറഞ്ഞപ്പോൾ യന്ത്രികമായി തലയാട്ടി കൊണ്ട് മഷൂദ് ഡോർ തുറന്ന് അകത്തേക്ക് കയറി.. കണ്ണ് തുറന്ന് മറ്റെങ്ങോ മിഴിനട്ട് കിടക്കുകയായിരുന്നു അവൾ.... പതിവില്ലാത്ത വിധം നെഞ്ചിടിപ്പിന്റെ വേഗത കൂടുന്നത് അവനറിഞ്ഞു.. "സുറുമീ.. " അവൻ വിളിച്ചെങ്കിലും അവൾ അനങ്ങിയില്ല... കണ്ണുകൾ അപ്പോഴും ഏതോ ഒരു ബിന്ദുവിൽ ഉറച്ചു നിൽക്കുകയായിരിന്നു... "സുറുമി.. ഒന്ന് നോക്ക് എന്നെ... നിന്റെ മഷ്ക്കയാ... എന്നോട് ദേഷ്യാണോ നിനക്ക്..

ഒന്നും മനഃപൂർവ്വമല്ല സുറുമി.... ഞാൻ അറിഞ്ഞില്ല ഒന്നും..." അപ്പോഴും ഒന്ന് നോക്കുക പോലും ചെയ്യാതെ കിടന്നതേയൊള്ളൂ അവൾ.... "സുറുമി.. എന്നെയൊന്നു നോക്കെങ്കിലും ചെയ്യ്... നിന്നെ കാണാൻ... നമ്മുടെ മോനെ കാണാൻ...ഓടി വന്നതാ ഞാൻ....."എന്നിട്ടും ഒന്നും പറയാതെ കിടക്കുന്ന അവളെ കണ്ടതും അവന്റെ ഹൃദയം നൊന്തു... ഉയർന്നു താഴുന്ന അവളുടെ ശ്വാസഗതി ഉള്ളിലെ പിരിമുറക്കത്തിന്റെയാണെന്ന് തോന്നി അവന്... കലങ്ങിയ കണ്ണുകളെ ഒഴുകാൻ സമ്മതിക്കാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തന്നോടുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണെന്ന് അവൻ വേദനയോടെ മനസ്സിലാക്കി... "സുറുമി.. എന്നെ ചീത്തേയെങ്കിലും വിളിക്ക് നീ... ഇങ്ങനെ നോക്കാതെ മിണ്ടാതെ എന്നെ അവഗണിക്കല്ലേ.."ഇത്തവണ അവന്റെ ശബ്ദം നേർന്നു പോയിരിന്നു. "സുറുമീ... എന്നോട് ക്ഷമിച്ചൂടെ..കഴിഞ്ഞ തവണ വാക്ക് തന്ന പോലെ ഇനിയെന്നും ഞാൻ നിന്റെം മോന്റേം കൂടെ ഉണ്ടാകും... എന്നെയൊന്നു നോക്ക് സുറുമി...."ദയനീയമായ സ്വരത്തിൽ പറഞ്ഞു കൊണ്ട് മഷൂദ് കാന്വല കുത്തിയിറക്കിയ അവളുടെ പുറം കയ്യിൽ തൊട്ടു.

അതേ നിമിഷമാണ് നിഹാൽ മരുന്നുമായി വാതിൽ തുറന്ന് കയറിയത്... "ഒന്ന് കൊണ്ട് പോകോ ഇയാളെ.... എനിക്ക് കാണണ്ട... കേൾക്കുകയും വേണ്ടാ.... വെറുപ്പാണ് എനിക്ക്....വെറുപ്പ് മാത്രം ......പോകാൻ പറ നവിക്കാ....." നിഹാലിനെ കണ്ടതും സുറുമി ശബ്ദം ഉയർത്തി... ദേഷ്യം കൊണ്ട് അവളുടെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു... സ്തംഭിച്ചു നിൽക്കുകയായിരുന്നു മഷൂദ് .... നിമിഷങ്ങൾ വേണ്ടി വന്നു അവളിൽ നിന്ന് വീണ വാക്കുകൾ നൽകിയ ഞെട്ടലിൽ നിന്ന് മുക്തയാകാൻ....കലങ്ങിയ കണ്ണുകളോടെ നിഹാലിനെ ഒന്ന് നോക്കി മഷൂദ് ഡോർ തുറന്ന് ഇറങ്ങി പോയി..... എന്താ സംഭവിച്ചതെന്ന് അറിയാതെ, ശക്തമായി ഉയർന്നു താഴുന്ന സുറുമിയുടെ ശ്വാസഗതിയും അവളിൽ നിന്നുതർന്ന വെറുപ്പോടെയുള്ള വാക്കുകളും കേട്ട ഞെട്ടലിലായിരുന്നു നിഹാലും .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story