സുറുമി: ഭാഗം 44

surumi

എഴുത്തുകാരി: അവന്തിക

സുറുമിയെ ഒന്ന് നോക്കി മഷൂദ് ന് പുറകെ നിഹാലും പുറത്തിറങ്ങി.. പുറത്തെ കസേരയിൽ കൈവെള്ളയിൽ മുഖം താങ്ങി ഇരിക്കുകയായിരുന്നു മഷൂദ്... അരികിലായി ഇരുന്ന് കൊണ്ട് അവന്റെ തോളിലായി കൈ വെച്ചു നിഹാൽ.. തല ചെരിച്ച് അവനെയൊന്ന് നോക്കി തിരികെ പുഞ്ചിരിക്കാൻ ശ്രമിച്ചു അവൻ.. കലങ്ങിയ കണ്ണുകളോടെ. "എന്താടാ പറ്റിയെ.. എന്തിനാ അവളെങ്ങനെ...?" സങ്കോചത്തോടെയാണ് നിഹാൽ ചോദിച്ചത്... നീണ്ട ഒരു ദീർഘ ശ്വാസം എടുത്ത് കൊണ്ടാണവൻ സംസാരിച്ച് തുടങ്ങിയത്.. "നീ ഊഹിച്ചത് ശരിയായിരുന്നു.... ഇന്നലെ അവൾ എന്നേം നിന്നേം സൽമാനേം വിളിച്ചതെല്ലാം ഹോസ്പിറ്റലിൽ ബില്ല് പേ ചെയ്യാനുള്ള ക്യാഷ് കയ്യിലില്ലാത്തത് കൊണ്ടായിരിന്നു,.... രാവിലെ അവൾ എന്നെ വിളിച്ചിരുന്നു.. വെറുതെ വിളിച്ചതാവുമെന്ന ചിന്തയിൽ അവളെ കേൾക്കാൻ പോലും നിൽക്കാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു... അപ്പോഴത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നു.... ഒരു ചെവിയിൽ ഫോൺ വെച്ച് തിരക്കിട്ടു ഇറങ്ങുന്ന നേരം...ഫോൺ കട്ട്‌ ചെയ്ത് അലസമായി ഞാനത് എവിടെയോ വെച്ചു ...

അതെടുക്കാതെയാണ് പിന്നെ ഓഫീസിലേക്ക് പോയതും .. പത്തിലേറെ തവണ അവൾ അതിലേക്ക് വിളിച്ചിട്ടുമുണ്ട്.. പിന്നെയാണ് നിന്നേം സൽമാനേം വിളിച്ചത്... അതൊട്ട് കിട്ടിയതുമില്ല...."നേരെയിരുന്ന് നിറഞ്ഞു വരുന്ന കണ്ണുകളും മുഖവും അമർത്തി തുടച്ചു കൊണ്ട് പുറത്തേക് വന്ന തേങ്ങൽ നിഹാലിൽ നിന്ന് മറച്ചു വെക്കാൻ ശ്രമം നടത്തിയവൻ... "പിന്നെയവൾ ഗോൾഡ് വിറ്റിട്ടാണ് ക്യാഷ് സംഘടിപ്പിച്ചത്....അവളുടെ ഹാൻഡ്‌ബാഗിൽ ക്യാഷും ബില്ലുമെല്ലാം ഉണ്ടായിരുന്നു.മുമ്പും മനഃപൂർവം അല്ലെങ്കിലും അവളുടെ കാൾ അറ്റൻഡ് ചെയ്യാതെ ഇരിന്നിട്ടുണ്ട്... തിരക്ക് കൊണ്ടോ അവിടെയുള്ള സാഹചര്യം കൊണ്ടോ ഒക്കെ.... ഇന്നലെ ഫോൺ എടുക്കാതെ ഇരിന്നപ്പോഴും അവൾ വിചാരിച്ചു കാണും മനഃപൂർവ്വമാണെന്ന്.....എന്നെയൊന്നു കേൾക്കാൻ പോലും കൂട്ടാക്കാതെ അവൾ പറഞ്ഞില്ലേ.. വെറുപ്പാണെന്ന്.... എന്നെ കാണേണ്ടന്ന് ... ഇനിയെന്തിനാഡാ ഞാൻ......."

അവന്റെ ശബ്ദം ഇടറി.. "തെറ്റ് നിന്റെ ഭാഗത്തുമുണ്ടല്ലോ മഷൂ... മനഃപൂർവം അല്ലെങ്കിലും നീ എടുക്കാതെയിരുന്ന അവളുടെ കാളുകൾ, അതാണ്‌ ഇന്നലെയും നിനക്ക് വിന ആയത്...എത്ര തിരക്ക് ആണെങ്കിലും കിട്ടുന്ന ടൈമിൽ അവൾക്ക് വിളിച്ച് അവളുടെ കാര്യങ്ങൾ കേട്ട് അവളെ നീ പരിഗണിച്ചിരുന്നു എങ്കിൽ ഇന്നലെ നീ കാൾ എടുക്കാതെ ഇരുന്നാലും ഒന്നും സംഭവിക്കില്ലായിരുന്നു... അവൾ നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുമായിരിന്നു...." "ഞാൻ.... ഞാൻ എങ്ങനെയെങ്കിലും നാട്ടിൽ ഒന്ന് സെറ്റൽഡ് ആകാനുള്ള നെട്ടോട്ടത്തിൽ അല്ലായിരുന്നോ .. എല്ലാം അവൾക്ക് വേണ്ടിയല്ലേ..." തളർച്ചയോടെ മഷൂദ് ചോദിച്ചു.. "ഒക്കെ ശരിയായിരിക്കാം.....നീ കൂടെ ഇല്ലാതിരിന്നപ്പോൾ അവൾ എത്ര കൊതിച്ചു കാണും നീയൊന്ന് സ്നേഹത്തോടെ മിണ്ടാൻ... ഒന്ന് സംസാരിക്കാൻ... നമ്മളൊന്നിച്ച് ട്രിപ്പ്‌ പോയ അന്നും അത്രയും പേർക്കിടയിൽ വെച്ച് അവൾ വിമർശിച്ചതും നിന്റെ മനസ്സ് തുറക്കാത്ത സ്വഭാവ ദൂശ്യത്തെയാണ്.... പ്രകടിപ്പിക്കാതെ നീ ഒളുപ്പിക്കുന്ന നിന്റെ ഉള്ളിലെ സ്നേഹത്തെയാണ്... അപ്പോഴെങ്കിലും നീ മനസ്സിലാക്കണമായിരുന്നു അവളെപ്പോഴും നിന്റെ സാന്നിധ്യവും നിന്റെ പ്രകടിപ്പിക്കുന്ന സ്നേഹവും പരിഗണനയും മാത്രമാണ് കൊതിക്കുന്നത് എന്ന്...

നീ അവിടെ കഷ്ട്ടപെടുമ്പോ മറന്നൊരു കാര്യമുണ്ട്... അവളിലെ പ്രണയിനിയെ...നിന്റെ ഭാര്യയായി എന്ന് വെച്ചോ നിന്റെ മോന്റെ ഉമ്മയായി എന്ന് വെച്ചോ അവൾ നിന്റെ കാമുകി അല്ലാതെയാവുന്നില്ല.....നീ ഓരോ തവണയും അവളുടെ സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ച് തിരക്കിലേക്ക് ഊളിയിട്ടപ്പോൾ അവളിലെ പ്രണയിനി എത്ര കണ്ട് നിരാശ പെട്ട് കാണും... രണ്ട് മൂന്ന് മാസം മുമ്പ് സൽമാൻ എന്നെ കാണാൻ വന്നിരുന്നു... അവനന്ന് വേദനയോടെ ഒരു കാര്യം എന്നോട് പറഞ്ഞു... അവൻ മറിയു മോളെ കൊഞ്ചിക്കുമ്പോഴും സഫയെ കെയർ ചെയ്യുമ്പോഴും അവരെ നോക്കി നിൽക്കുന്ന സുറുമിയെ കുറിച്ച്,.. ജീവിച്ച് തുടങ്ങുമ്പോ ജോലിയും തിരക്കുമായാൽ എല്ലാവരും അവരുടേത് മാത്രമായ കുഞ്ഞു ലോകത്തേക്ക് മാത്രമായി ചുരുങ്ങും.....അതാണ്‌ അവനും സംഭവിച്ചത്...സുറുമിക്ക് വേണ്ടി...ആദൂ ന് വേണ്ടി നമ്മുടെ റിട്ടയ്ൽ ബിസിനസിലേക്ക് ചെറുതല്ലാത്തൊരു തുക അന്ന് അവനെന്നെ ഏൽപ്പിച്ചു .....'.ഇനിയെങ്കിലും അവനോട് നാട്ടിൽ തുടരാൻ പറയണം,നീ പറഞ്ഞാൽ അവൻ കേൾക്കും.. " എന്ന് പറഞ്ഞിട്ടാണ് അന്നവൻ പോയത് ... നിനക്കിഷ്ടപ്പെടില്ല എന്ന് അറിഞ്ഞിട്ടും ഞാനത് വാങ്ങിയത് സുറുമിയെ ഓർത്തിട്ടാണ്...

അപ്പോ എന്റെ മുമ്പിൽ മറിയു മോളെ കൊഞ്ചിക്കുമ്പോ സഫയെ സൽമാൻ കെയർ ചെയ്യുമ്പോഴൊക്കെ ഉള്ളിലെ നോവിനെ അടക്കി നിർത്തി കൊണ്ട് നീറുന്ന മനസ്സോടെ അവരെ നോക്കുന്ന സുറുമിയുടെ മുഖമാണ് ഉണ്ടായിരുന്നത് ..എത്ര ആഗ്രഹിച്ചു കാണും അത് പോലെ നീ എപ്പോഴും കൂടെ ഉണ്ടാകാൻ.. മോനെ കൊഞ്ചിക്കുന്നത് നിറഞ്ഞ മനസ്സോടെ കാണാൻ... അവയെല്ലാം അടക്കി നിർത്തുന്നത് നിന്നെയോർത്തായിരിക്കും...അപ്പോഴൊക്കെ അവൾ ആഗ്രഹിച്ചു കാണില്ലേ.. മതിവരോളം നിന്നോടൊന്ന് മിണ്ടണം ന്ന് ... അപ്പോഴൊക്കെ അവൾ നിന്നെ വിളിച്ചു കാണില്ലേ നിന്നെ..." പതിഞ്ഞതാണെങ്കിലും അവന്റെ ശബ്ദത്തിലെ നീരസം പ്രകടമായിരുന്നു... ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മഷ്‌ക്കനോടാണെന്നും എനിക്കൊന്നും വേണ്ടാ താൻ കൂടെ ഉണ്ടായാൽ മാത്രം മതിയെന്നും എത്രയൊ തവണ അവൾ പറഞ്ഞിരിക്കുന്നു... അത് കേട്ട് എത്ര അഹങ്കരിച്ചിരിക്കുന്നു താൻ.... അപ്പോഴെല്ലാം ജയിച്ചവനെ പോലെ തിരികെ ഒരു വാക്ക് പോലും പറയാതെ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചു...അഭിമാനിച്ചു.... സന്തോഷിച്ചു...

ആ വാക്കുകൾ ആസ്വദിച്ചു.. അവളില്ലായ്‍മയിൽ എല്ലാം അവ ഓർത്ത് പുഞ്ചിരി തൂകി...എന്നിട്ടൊടുവിൽ ആ നാവ് കൊണ്ട് തന്നെ തന്നെ വെറുപ്പാണെന്ന് പറഞ്ഞു... അല്ല തന്റെ ചെയ്തികൾ അവളെ കൊണ്ട് പറയിച്ചു.... അവൾക്കോർക്കാൻ താനെന്തെങ്കിലും കൊടുത്തിട്ടോ.. "മഷൂ..." നിഹാൽ വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് മുക്തയായത്... "എടാ.. ഞാൻ തിരികെ പോകുന്നു.. വയ്യ.. സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ വെറുപ്പ് കാണാൻ വയ്യടാ..." "ആഹ്.. ബെസ്റ്റ്... പോ . വേഗം പോയിക്കോ.. ഇപ്പൊ വെറുപ്പല്ലേ ഒള്ളൂ.. നീ പോവാണേൽ അതിനി ഡിവോഴ്സ് നോട്ടീസ് ആകും.." "ഡാ.. നവി.. ഞാൻ സീരിയസ് ആയി പറഞ്ഞതാണ്..." "ആണോ എന്നാൽ ആ ഡിവോഴ്സ് നോട്ടീസ് ഞാൻ എന്റെ കൈ കൊണ്ട് തന്നെ നിനക്ക് തരും... എടാ.. പൊട്ടാ... നിന്റെ ഭാഗത്തു നിന്നൊരു വീഴ്ച വന്നു. മനുഷ്യരല്ലേ... തെറ്റുകൾ സ്വഭാവികമാണ്... പ്രതേകിച്ച് ഭാര്യഭർത്താക്കന്മാർക്ക് ഇടയിൽ...നിന്നിൽ നിന്ന് വന്ന വീഴ്ചയെ ബുദ്ധിയും വിവേകവും കൊണ്ടും സ്നേഹവും കേറിങ്ങും കൊടുത്തും മായ്ച്ചു കളയേണ്ടത് നീ തന്നെയാണ്...... നിങ്ങൾക്കിടയിലുള്ള പ്രശ്നം നിങ്ങൾക്കിടയിൽ തന്നെ തീർക്കണം... അല്ലാതെ അയ്യേ... എന്തേലും പറയുമ്പോഴേക്ക് നാട് വിട്ട് പോകാനും ഒളിച്ചോടാനും ഇത് കഥയല്ല...

ജീവിതമാണ്...ദാ നോക്ക്.. ആ വരുന്നത് സുറുമിയെ നോക്കുന്ന ഡോക്ടറാണ് ഖലീൽ അഹ്‌മദ്‌ .. നീ ചെന്ന് കാര്യങ്ങൾ ഒക്കെ ചോദിച്ചറിയ്‌... അവൾക്കല്ലേ വെറുപ്പും ദേഷ്യവും ഒള്ളൂ.... നിനക്കില്ലല്ലോ.. "നിഹാൽ പറഞ്ഞത് കേട്ട് എതിരെ വരുന്ന ആളെ മഷൂദ് നോക്കി... മുഖഭംഗി കൊണ്ടും ശരീരപ്രകൃതം കൊണ്ടും ആരും ഒന്ന് നോക്കി പോകുന്ന സുന്ദരനായ ഒരു യുവാവ്....അധികം ആരിലും കണ്ടട്ടില്ലാത്ത ബ്ലാക്ക് ഫ്രെയിം ചെയ്ത കണ്ണടയും ക്യാഷ്വൽ ആയ വസ്ത്രധാരണവും അയാളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു...ഹാൻഡ്സം ഗായ് രണ്ട് രണ്ട് വാക്കിൽ വിശേഷിപ്പിക്കാം... രണ്ട് ഭാഗത്തായി ബഹുമാനത്തോടെ ദൃതപുളങ്കിതരായി വരുന്ന നഴ്സുമാരും തോളിന് ഇരു വശങ്ങളിലേക്കായി ഇട്ട സ്തെതസ്ക്കോപ്പും അയാൾക്ക് ഒരു ഡോക്ടറുടെ പട്ടം ചാർത്തി കൊടുത്തു... അയാൾ അടുത്തേക്ക് വരുകയും നിഹാലുമായി ചുരുക്കം വാക്കുകളിൽ കുശലം ചോദിക്കുകയും ചെയ്തു.. സുറുമിയുടെ ഹസ്ബൻഡ് എന്ന് പറഞ്ഞു കൊണ്ട് മഷൂദ്നെ നിഹാൽ പരിചയപെടുത്തിയപ്പോൾ ആ കണ്ണുകളിൽ കേട്ടറിഞ്ഞ ആളെ ആദ്യമായി കാണുന്ന ഭാവമായിരുന്നു... എപ്പോഴെത്തി എന്ന് പരിചിതരെ പോലെ ചോദിച്ചപ്പോൾ മറുപടി പറഞ്ഞു കൊണ്ട് തിരികെ പ്രയാസപ്പെട്ടൊരു നനഞ്ഞ പുഞ്ചിരി അവനും നൽകി..

ഡോക്ടർക്കൊപ്പം ഐസിയുലേക്ക് കയറുമ്പോ നേരത്തെ അവളിൽ നിന്നുതർന്ന വാക്കുകളും ആ മുഖത്ത് പ്രകടമായ വെറുപ്പും അവളെ വീണ്ടും അഭിമുഖീരികരിക്കുന്നതിൽ നിന്നും അവനെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു... ചെറുപുഞ്ചിരിയോടെ സംസാരിച്ചിരുന്ന സൗമ്യ പ്രകൃതിക്കാരനായ ഒരു യുവാവിൽ നിന്ന് കാര്യപ്രാപ്തിയുള്ള ഒരു ഡോക്ടർ ആയി ഖലീൽ അഹ്‌മദ്‌ എന്ന ആ യുവ ഡോക്ടർ മാറുന്നത് മഷൂദ് നോക്കി നിന്നു.. സ്കാനിംഗ് റിപ്പോർട്ടുകളും മറ്റും അയാൾ ഗൗരവത്തോടെ നോക്കുന്നത് കണ്ടപ്പോൾ മുറികിയ ഹൃദയമിടിപ്പ് നിമിഷങ്ങൾക്കിപ്പുറം മുഖത്ത് വിരിഞ്ഞ പുഞ്ചിരിയോടെ പേടിക്കാൻ ഒന്നുമില്ല എന്ന് അറിയിച്ചപ്പോഴാണ് നേരെയായത്.. ആശ്വാസത്തോടെ സുറുമിയെ നോക്കിയപ്പോൾ മുകളിലേക്ക് മിഴി നട്ട് കിടക്കുകയായിരുന്നു അവൾ.. ഡോക്ടറുടെ നിർദേശാനുസരണം നേഴ്സ്മാരുടെ സഹായത്തോടെ സുറുമി ബെഡിൽ എഴുനേറ്റിരിന്നു.. നെറ്റിയെയും മറച്ചു കൊണ്ട് തലക്ക് പുറകിലായി മുറിയിൽ കെട്ടിയ തുണി അഴിച്ച് മാറ്റിയപ്പോൾ ഡോക്ടർ മുറിവിൽ പരിശോധിക്കുകയും വീണ്ടും മരുന്ന് പുരട്ടി കോട്ടൺ വെച്ച് വൃത്തിയായി മുറിവ് ഡ്രസ്സ് ചെയ്യുകയും ചെയ്തു...ഇടയ്ക്കല്ലാം ഡോക്ടർ ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം നൽകിയെങ്കിലും അറിയാതെ പോലും ഒരു നോട്ടം തന്റെ മേൽ വരുന്നില്ലല്ലോ എന്ന് മഷൂദ് വേദനയോടെ ഓർത്തു... "സുറുമിക്ക് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു...??"

ഡോക്ടർ അത് ചോദിക്കുമ്പോൾ അയാളിൽ പരിചിത ഭാവമാണെങ്കിൽ അയാളെ ആദ്യമായി കാണുന്ന പോലെയായിരുന്നു സുറുമിയുടെ ഭാവം... "ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധമുണ്ട് ട്ടോ മഷൂദ്... നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും സംസാരിച്ചിട്ടുണ്ട്... മഷൂദ് ഓർക്കുണ്ടോ...?" മശൂദ്നോടായി അയാൾ ചോദിച്ചപ്പോൾ മഷൂദിലും അതിശയ ഭാവമായിരുന്നു... "ഒരുപക്ഷെ പറഞ്ഞാൽ ഓർമ കാണും രണ്ട് പേർക്കും... സുറുമിയെ ഞാൻ വീട്ടിലോട്ട് കാണാൻ വന്നിട്ടുണ്ട്... ഞാൻ മാത്രമല്ല എന്റെ രണ്ട് കൂട്ടുകാരും ഉപ്പിച്ചിയും ഉണ്ടായിരുന്നു... ഓർക്കുന്നുണ്ടോ.." ചിരിയോടെ എന്നാൽ ചെറിയൊരു ചമ്മലോടെയാണ് അയാളത് പറഞ്ഞത് ..., സുറുമി ആദ്യമൊന്ന് അമ്പരന്നെങ്കിലും അന്ന് കാണാൻ വന്ന ആളെണെന്ന ഓർമയിൽ അവളുടെ മുഖവും വിളറി...പണിപ്പെട്ടൊന്ന് ആളെ നോക്കി പുഞ്ചിരിച്ചു.. അപ്പോഴും മഷൂദ്മായിട്ട് എങ്ങനെ എന്ന സംശയമായിരുന്നു ഉള്ളിൽ.. മഷൂദ്ന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... ആകെ കൂടെ ഒരു പരവേശം.. ഇപ്പോഴത്തെ അവസ്ഥയിൽ സുറുമി ഒന്നും ചോദിക്കില്ലായിരിക്കും..

ഇവനായി ഒന്നും പറയല്ലേ എന്ന് മനസ്സിലോർത്തതും ഡോക്ടർ പറഞ്ഞു തുടങ്ങി... സുറുമിയെ കാണാൻ വന്ന ദിവസം കണ്ടിഷ്ട്ടമായി എന്ന് വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ഉമ്മയും പെങ്ങന്മാരും കൂടെ പെൺകുട്ടിയെ കാണാൻ പോകാനുള്ള ചർച്ചകൾ പുരോഗമിക്കെ അന്ന് രാത്രി അപ്രതീക്ഷിതമായി ഫോണിലേക്ക് വന്ന നെറ്റ് കാളും വിളിച്ചയാൾ തന്റെ പേര് മഷൂദ് ആണെന്നും ഇപ്പോൾ അബ്രോഡ് ആണ് ഉള്ളതെന്നും സുറുമിയും താനും ഇഷ്ടത്തിലാണെന്നും ഈ കല്യാണത്തിന് സമ്മതിക്കരുതെന്നും അപേക്ഷയോടെ പറഞ്ഞതും ഫോണിലൂടെ കേട്ട ശബ്ദത്തിലെ തളർച്ചയും നിസ്സഹായവസ്ഥയും കേട്ട് അലിവ് തോന്നിയതും അന്ന് രാത്രി തന്നെ ബ്രോക്കറോട് കല്യാണത്തിന് താൽപ്പര്യം ഇല്ല എന്നറിയിച്ചതും...എല്ലാം ഡോക്ടർ ചെറു ചിരിയോടെ പറഞ്ഞു.... അമ്പരപ്പായിരുന്നു സുറുമിയിൽ ആദ്യം... അവന്റെ മുഖത്തെ ഭാവമെന്ത് എന്നറിയണമെന്നുണ്ടായിരുന്നെങ്കിലും അതിന് മെനക്കെടാതെ ഡോക്ടറെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി..ആ സംഭവം നടന്നതിന്റെ പിറ്റേന്ന് ഉപ്പ ചെക്കന് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞതറിയിച്ചു കൊണ്ട് രോഷം പ്രകടിപ്പിച്ചതോർത്തു അവൾ.... "പറഞ്ഞിട്ടില്ലേ ഇയാളോട്.."മശൂദ്നോടായി ചോദിച്ചപ്പോൾ ''ഇല്ലെന്ന്'' ചിരിയോടെ തലയാട്ടി അവൻ..

"ഇത് വരെ അത് പറഞ്ഞിട്ടില്ലേ ... എന്ത് പറ്റി... ഇയാളൊട്ട് അന്വേഷിക്കാനും പോയില്ലേ അന്നെന്തേ ആ ആലോചന മുടങ്ങിയതെന്ന്.." "ഞാൻ അവൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളും സാക്രിഫെസുമെല്ലാം പറഞ്ഞറിയണ്ടെന്ന് വെച്ചു... ഇത് പോലെ ഓരോ അവസരങ്ങളിലായി പുറത്തേക്ക് വരുമ്പോ അവൾ അറിയട്ടെ..അതല്ലേ നല്ലത്..." ചെറു ചിരിയോടെയാണ് അവൻ പറഞ്ഞതെങ്കിലും അതിൽ ഒളിഞ്ഞു കിടക്കുന്ന നോവ് അവളറിയുന്നുണ്ടായിരുന്നു ....എങ്കിലും കൃത്രമായ ഒരു പുഞ്ചിരി എടുത്തഞ്ഞ് ഇരുന്നതെയൊള്ളൂ അവൾ.. "ഗുഡ്... അന്നേ തോന്നിയിരുന്നു...ഇയാളുടെ പ്രണയം സത്യമാണെന്ന്.. എപ്പോഴൊക്കെയോ പ്രാർത്ഥിച്ചിരുന്നു എല്ലാ തടസ്സങ്ങളും നീങ്ങി നിങ്ങളെ ഒന്നിപ്പിക്കണേ ന്ന്.... ഇപ്പോഴും അതിയാളുടെ മുഖത്ത് പ്രകടമാണ്.... അന്ന് തളർന്ന ശബ്ദമാണ് ഞാൻ കേട്ടതെങ്കിലും ഇന്നത് ബാധിച്ചിരിക്കുന്നത് ഇയാളുടെ മുഖത്തെയാണ്... പേടിക്കാൻ ഒന്നുമില്ല... ഞാൻ പറഞ്ഞില്ലേ...ഇപ്പൊ അവൾ ഓക്കേയാണ്.. Any way കണ്ടതിൽ ഒരുപാട് സന്തോഷം...." മശൂദ്നോടായി ഡോക്ടർ പറഞ്ഞു...പുഞ്ചിരിയോടെ നിന്നതേയുള്ളൂ മഷൂദ്... " അന്ന് കണ്ണ് നിറച്ച് എന്റെ മുമ്പിൽ വന്ന് നിന്നപ്പോൾ വെപ്രാളം കൊണ്ടായിരിക്കും എന്നാട്ടോ ഞാൻ കരുതിയെ...അതാണ് അന്ന് ഒന്ന് സംസാരിക്ക പോലും ചെയ്യാതെ വീട്ടിൽ സമ്മതം പറഞ്ഞതും..

പിന്നെ ഇയാള് വിളിച്ച് പറഞ്ഞപ്പോഴാണ് കാരണം പിടിക്കിട്ടിയത്...ഇടയ്ക്കോർമ്മയിൽ വരുമ്പോഴൊക്കെ വിചാരിക്കും ഒന്നൂടെ കാണാൻ പറ്റിയിരുനെങ്കിൽ എന്ന്...അതിങ്ങനെ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതുമില്ല..." സുറുമിയെ നോക്കിയാണ് അയാളത് പറഞ്ഞത്...അത് കേൾക്കെ മുമ്പില്ലാത്ത വണ്ണം മനസ്സ് ആസ്വസ്തമാകുന്നത് മഷൂദ് അറിഞ്ഞു... "ബിപി ഇപ്പോഴും ലോ ആണ് ..." ഡോക്ടർ സുറുമിയുടെ ബിപി പരിശോധിക്കുകയായിരുന്നു.. "ബ്ലഡ്‌ ഈ ബോട്ടിൽ കൂടെ കഴിഞ്ഞിട്ട് എച്ച് ബി നോക്കിയിട്ട് ഇനിയും വേണം എന്നുണ്ടേൽ കയറ്റാം...റൂമിലേക്ക് മാറ്റുകയും ചെയ്യാം...." അവളുടെ രണ്ട് കണ്ണുകളും നോക്കി കയറി കൊണ്ടിരിക്കുന്ന ബ്ലഡ്‌ ബാഗും അവളുടെ കാന്വല കുത്തിയ പുറം കയ്യുമെല്ലാം അയാൾ പരിശോധിച്ചു... "നോക്കൂ മഷൂദ്...,ആക്ച്വലി... തലക്ക് പുറകിൽ ബോധം മറയാൻ മാത്രമുള്ള മുറിവ് ഒന്നുമില്ല... മലർന്നടിച്ച് വീണതാണെങ്കിൽ പോലും ആദ്യത്തെ മരവിപ്പിന് ശേഷം എഴുനേറ്റിരിക്കാവുന്ന മുറിവേ ഒള്ളൂ.. ഉള്ളിലേക്ക് ബ്ലഡ്‌ ക്ലോട്ട് ചെയ്യുകയോ മറ്റോ ഉണ്ടോന്ന് അറിയാനാണ് ഞാൻ സ്കാനിംങ്‌ ന് എഴുതിയത്... ഒന്നുമില്ല...

പ്രശ്നം എവിടേന്ന് വെച്ചാൽ കൊണ്ടുവരുമ്പോ ഇയാളുടെ ബോഡി നല്ല വീക്ക്‌ ആയിരുന്നു... ബിപിയും ലോ... അതായിരിക്കും വീണതും ബോധം മറഞ്ഞത്, പിന്നെ ഉച്ച ടൈം ആയത് കൊണ്ട് ബ്ലഡും ആവിശ്യത്തിലധികം ലോസ് ആയി..ഏതായാലും ബ്രദറും ഫ്രണ്ടും കൃത്യ സമയത്ത് എത്തിയത് കൊണ്ട് കാര്യങ്ങൾ കൈവിട്ട് പോയില്ല...ഇന്നലെ ഭക്ഷണം ഒന്നും കഴിച്ചില്ലായിരുന്നോ... രാത്രിയോടെയാണ് മരുന്നിനോട് പോലും ബോഡി പ്രതികരിച്ചു തുടങ്ങിയത്..." "മോൻ ഹോസ്പിറ്റലിൽ ആയപ്പോ...ആകെ കൂടെ..."സുറുമി വാക്കുകൾക്കായി പ്രയാസപ്പെട്ടു... "അതാണ് കാര്യം..മോൻ ബ്രെസ്റ്റ് മിൽക്ക് കുടിക്കുന്നില്ലേ..." "മ്മ്.." അവൾ വെറുതെ മൂളി.. "പിന്നെ കഴിക്കാതെ ഇരുന്നാൽ ആദ്യം അത് എഫക്ട് ചെയ്യുക കുഞ്ഞുങ്ങൾക്കല്ലേ... മോന് സുഖമില്ലെങ്കിൽ അമ്മമാരല്ലേ നല്ല ഫുഡ്‌ കഴിക്കേണ്ടത്.. നിങ്ങളുടെ ബ്രെസ്റ്റ് മിൽക്ക് അല്ലെ മക്കൾക്ക് കൊടുക്കുന്നത്... അമ്മയും കുഞ്ഞുങ്ങളെ പോലെ ആയാലോ... ഇനി ഇയാൾക്ക് വേണ്ടത് നല്ല ഭക്ഷണമാണ് ... ഭക്ഷണം കഴിച്ചാൽ തന്നെ ആള് ഉഷാറായിക്കോളും..മുറിവ് രണ്ടൂസം മരുന്ന് കുടിച്ചാൽ ബേധമാകാവുന്നതേയുള്ളൂ..." പുഞ്ചിരിയോടെ അത്രയും അടുത്തറിയാവുന്ന ആളുകളോടെന്ന പോലെയുള്ള അയാളുടെ പെരുമാറ്റം ഒരേസമയം മഷൂദിൽ ആശ്വാസവും അസ്വസ്ഥതയും ഉണ്ടാക്കി..

പുഞ്ചിരിയോടെ അയാൾക്കുള്ള മറുപടി കൊടുക്കുമ്പോഴും മശൂദിന്റെ നോട്ടം ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ മറ്റെങ്ങോ കണ്ണ് നട്ട് ബെഡിൽ ചാരിയിരിക്കുന്ന സുറുമിയിലേക്ക് നീണ്ടു... " ഡോക്ടർ...എനിക്ക് മോനെ കാണാൻ പറ്റോ.." ഡോക്ടർ മശൂദ്നോട് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോഴാണ് സുറുമി ചോദിച്ചത്... "ഞാൻ പീഡിയാട്രിക്കുമായി ഒന്ന് സംസാരിക്കട്ടെ... ഇൻഫെക്ഷൻ വരാനുള്ള ചാൻസ് ഉള്ളത് കൊണ്ട് മോനെ അടുപ്പിക്കാതിരിക്കുന്നതാ നല്ലത്.. അവന്റെ കണ്ടീഷൻ അനുസരിച്ച് നമുക്ക് നോക്കാം...." സ്തെതസ്കോപ്പ് എടുത്ത് കഴുത്തിലൂടെ ഇട്ട് കൊണ്ട് അയാൾ പറഞ്ഞു ... "സർ പ്ലീസ്.... ഇന്നലെ അത്രയും ടയർഡ് ആയിട്ടാ ഞാനവനെ കണ്ടത്... എനിക്കൊന്ന് കാണണം....."യാചനയുടെ സ്വരത്തിൽ സുറുമി പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിയോടെ നോക്കാമെന്നു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.. അയാൾ പോയതും ദീർഘമായി ഒന്ന് നിശ്വസിച്ചു മഷൂദ് ..അവിടെ നിൽക്കുന്ന ഓരോ നിമിഷവും അയാൾക്ക് മുമ്പിൽ നീറുന്ന മനസ്സും നിറയുന്ന കണ്ണുകളും മറച്ചു വെച്ച് കൊണ്ട് സന്തോഷം അഭിനയിക്കുകയിരുന്നു പുഞ്ചിരി എടുത്തണിഞ്ഞാണ് സംസാരിച്ചതും മറുപടി കൊടുത്തതും .....

ഡോക്ടർക്ക് പുറകെ അവനും ഐസിയുവിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോ പ്രതീക്ഷയോടെ മഷൂദ് സുറുമിയെ നോക്കി.. താനറിയാതെ തന്നെ നോക്കുന്നുണ്ടെങ്കിലോ.... പക്ഷെ അത് വെറും പ്രതീക്ഷ മാത്രമായിരുന്നു .. അപ്പോഴേക്കും അവൾ കണ്ണുകളടച്ച് കിടന്നിരുന്നു..തന്നെ ഒഴിവാക്കാനാണ്... അവൻ വേദനയോടെ ഒന്ന് നിശ്വസിച്ചു.. അവളുടെ അവഗണന തന്നെ പൊള്ളിക്കുന്നു... ആയിരം മുള്ള് കൊണ്ട് വരഞ്ഞ പോലെ ഉള്ളം നോവുന്നു..അറിഞ്ഞോ അറിയാതെയോ അവളെ അവഗണിച്ചപ്പോൾ അറിഞ്ഞില്ല ..തന്റെ ചെയ്തികൾ അവളെ എത്ര മാത്രം വേദനിപ്പിച്ചു കാണുമെന്ന്..അവഗണിക്കുന്നവർക്ക് കൊടുക്കാൻ പറ്റിയെ ഏറ്റവും വലിയ ശിക്ഷ തിരികെയുള്ള അവഗണന തന്നെയാണല്ലേ ....അവൻ വേദനയോടെ ഓർത്തു.. വൈകാതെ തന്നെ സുറുമിയെ റൂമിലേക്ക് മാറ്റി... ഉമ്മയും സഫയുമെല്ലാം മോന്റെ അടുത്തായിരുന്നു... വൈകീട്ട് വരാമെന്ന് പറഞ്ഞു നിഹാൽ വീട്ടിലേക്ക് പോവുകയും ചെയ്തു...കഴിക്കാൻ എന്തെങ്കിലും കൊടുക്കാൻ നേഴ്സ് പറഞ്ഞതനുസരിച്ച് മഷൂദ് കാന്റീൻ പോയി.. അവൾക്കിഷ്ടപ്പെട്ടതൊന്നും കണ്ടില്ല.. കാറും ബൈക്കും ഒന്നുമില്ലാത്തത് കൊണ്ട് ഒരു ഓട്ടോ എടുത്ത് അടുത്തുള്ള ഹോട്ടലിൽ എല്ലാം കയറി..ബ്രേക്ക്‌ഫാസ്റ്റ് ന്റെ സമയം കഴിഞ്ഞുട്ടുമുണ്ട്.. എന്നാൽ ഊണിന് നേരം ആയിട്ടില്ലതാനും..

മൂന്നാല് ഹോട്ടലിൽ കയറി ഇറങ്ങിയിട്ടാണ് ഭക്ഷണം കിട്ടിയത്.. അതുമായി മുറിയിലേക്ക് ഓടുകയായിരുന്നു മഷൂദ്...അവിടെ എത്തിയപ്പോൾ വലിയേടത്ത് നിന്ന് എല്ലാവരും വന്നിട്ടുണ്ട്.. അവർ കൊണ്ട് വന്ന ഭക്ഷണം സമീറ സുറുമിക്ക് വാരി കൊടുക്കുന്നുമുണ്ട്... അവനെ കണ്ടതും ഉമ്മയും വാപ്പച്ചിയുമെല്ലാം സന്തോഷത്തോടെ അടുത്തേക്ക് വന്ന് വിശേഷങ്ങൾ ആരാഞ്ഞു... ഭക്ഷണം മേശപ്പുറത്ത് വെച്ച് ബൈസ്റ്റാൻഡേഴ്സിനുള്ള കട്ടിലിൽ വാപ്പച്ചിക്ക് അരികിലായി ഇരുന്നു.. വാപ്പച്ചിയുടെ സുഖന്വേഷണങ്ങൾക്ക് മറുപടി കൊടുക്കുമ്പോഴും പ്രതീക്ഷയോടെ കണ്ണുകൾ അവളെ തേടി.. മുമ്പായിരുന്നെങ്കിൽ കഴിപ്പ് നിർത്തി താൻ കൊണ്ട് വന്ന ഭക്ഷണം കഴിക്കാൻ വാശി പിടിക്കുമായിരുന്നു...തന്റെ കൈ കൊണ്ട് വേണമെന്ന് കുസൃതിയോടെ പറയുമായിരുന്നു... ഓർത്തപ്പോൾ നെഞ്ചകം വിങ്ങി.. സമീറയിൽ നിന്ന് കൊതിയോടെ ഭക്ഷണം വാങ്ങി കഴിക്കുമ്പോഴും ഉമ്മയുടെ സ്നേഹപരിപാലനം ഏറ്റ് വാങ്ങി എന്തൊക്കെയോ സംസാരിക്കുകയും സമീറ അടക്കി പറയുന്ന കാര്യങ്ങൾക്കെല്ലാം ചിരിക്കുന്ന സുറുമിയെ മഷൂദ് വേദനയോടെ നോക്കി.. ആദൂനെയും കൊണ്ടാണ് സൽമാൻ മുറിയിലേക്ക് വന്നത്,പുറകെ സഫയും ഉമ്മയുമുണ്ട്..സുറുമിയെ കണ്ടതും ആദൂ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞ് കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു...

സുറുമിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. മോനെ കണ്ടതും വാത്സല്യത്തോടെ ഉമ്മാടെ ആദൂ എവിടേ എന്ന് ചോദിക്കുന്നതും ആദൂ അവളെടുത്തേക്ക് പോകാൻ വേണ്ടി സൽമാന്റെ കയ്യിൽ നിന്നും ചാടുന്നതും അതേറ്റു പിടിച്ച് മറ്റുള്ളവർ അവനെ കളിപ്പിക്കുന്നതുമെല്ലാം മഷൂദ് നോക്കി നിന്നു... അവന് പിന്നെ പനി ഉണ്ടായിട്ടില്ല.... സുറുമി മോനെ കാണാൻ വാശി പിടിച്ചപ്പോൾ സൽമാൻ ഡോക്ടറെ കണ്ട് പെർമിഷൻ വാങ്ങിയതാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മഷൂദ് ഗ്രഹിച്ചെടുത്തു.. കാന്വല കുത്തിയത് കൊണ്ട് രണ്ട് കയ്യിന്റെയും പുറം ഭാഗം വീങ്ങിയിട്ടുണ്ട്..അത് കൊണ്ട് തന്നെ സൽമാൻ ആദൂനെ അവളുടെ മടിയിലായി ഇരുത്തി... ഇരുത്തിയതും അവളെ രണ്ട് കയ്യാലും താങ്ങി പിടിച്ചു കൊണ്ട് അവൻ എഴുനേറ്റു...സന്തോഷത്തോടെ അവളുടെ മാറോട് ചേർന്നു.. മുഖത്തും കവിളിലുമെല്ലാം അവന്റെ കൈ കൊണ്ടും വായ വെച്ചും ചുണ്ട് വെച്ചും ഉമ്മ വെച്ചും കടിച്ചും സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിന്നു... സുറുമിയും അവൾക്കാവുന്ന പോലെ കൈകൾ കൊണ്ട് അവനെ പുണർന്ന് കവിളിലും ചുണ്ടിലും നെറ്റിയിലുമെല്ലാം ചുണ്ടുകൾ ചേർത്ത് അവനെ കൊഞ്ചിച്ചു... കണ്ണുകൾ നീറുന്നത് മഷൂദ് അറിയുന്നുണ്ടയായിരുന്നു...അവരുടെ ലോകത്ത് താനില്ല..

തന്റെ ജീവനും പാതിയുമാണ്... അവർക്ക് താനോ... ആരുമല്ലേ...ആദൂന് പരിചയമില്ലായിട്ടായിരിക്കാം... പക്ഷേ സുറുമി....ഇത്ര പെട്ടന്ന് അവൾ തന്നെ വെറുക്കാൻ കഴിയോ... ഓരോ തവണയും അവളെ തേടുമ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു,..അവളെന്നെ പറ്റിക്കുകയാണെന്ന്... ചിരി കടിച്ച് പിടിച്ച് പരിഭവം നടിച്ച് മുഖം കനപ്പിക്കാൻ പാടുപെടുന്ന സുറുമിയെ ഇപ്പോ കാണാമെന്ന്... എല്ലാം മനസ്സിന്റെ തോന്നലായിരുന്നു .... എല്ലാം ആശയായിരുന്നു... പ്രതീക്ഷയായിരുന്നു... നിയാസും ഷെറിയും ഉച്ചത്തേക്കുള്ള ഭക്ഷണവുമായിട്ടാണ് കയറി വന്നത്.. .. അവർ തിരികെ പോകുന്നത് വരെ എല്ലാവരും സംസാരിച്ചിരുന്നു... സംസാരിച്ചും ചിരിച്ചും സുറുമിയും അവർക്കൊപ്പം കൂടി... തന്റെ മേൽ പാറി വീഴുന്ന അവന്റെ നോട്ടം സുറുമി മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.. നിയാസിനും ഷെറിക്കുമൊപ്പം ഉമ്മയും വെങ്ങാട്ടിലേക്ക് പോയി.. എല്ലാവരും കൂടെ നിൽക്കേണ്ട ആവിശ്യമില്ലല്ലോ.. മാറിയുടുക്കാൻ ഡ്രസ്സ് പോലും എടുക്കാതെ വിവരം അറിഞ്ഞപ്പോൾ ഓടി വന്നതാണ് സഫ.... അത് കൊണ്ട് സൽമാനൊപ്പം മോളെയും കൊണ്ട് അവർ വലിയേടത്തേക്ക് പോയി..... സമീറയും ഉമ്മയും വാപ്പച്ചിയും ബാക്കിയായി.. അവരെല്ലാം ഓരോ വിശേഷങ്ങളിലേക്കും സംസാരങ്ങളിലേക്കും കടന്നു....

താനെന്ന ഒരാളുണ്ടെന്ന് പോലും ഓർക്കാതെ അവരിൽ ഒരാളായി സുറുമിയും തന്നോടുള്ള വാശി തീർക്കുകയാണെന്ന് തോന്നി മശൂദ്ന്.... അവിടെ ഒരധികപറ്റാണ് താൻ എന്ന് തോന്നിയതും മഷൂദ് പതിയെ പുറത്തേക്കിറങ്ങി...മേശപുറത്ത് കൊണ്ട് വെച്ച ഭക്ഷണം തന്നെ നോക്കി പുച്ഛിക്കുന്ന പോലെ തോന്നി അവന്....ഇറങ്ങാൻ നേരവും കണ്ണുകൾ അവളെ തേടി.. പ്രതീക്ഷയായിരുന്നോ .... അതോ പരിഭവമോ... ഇങ്ങനെ നോക്കാതെ മിണ്ടാതെ....തന്നെ ശിക്ഷിക്കുന്നതിന്.. അറിഞ്ഞോ അറിയാതെയോ തിരക്കെന്ന പേരും പറഞ്ഞ് അവൾ മറുവശം ഫോണിൽ ഉണ്ടായിരിക്കെ തന്നെ കൂട്ടുക്കാരോടും സ്റ്റാഫിസിനോടും സംസാരിച്ച് അവളെ അവഗണിച്ചിരുന്നു..ചിലപ്പോഴൊക്കെ തന്റെ സംസാരം കേട്ട് നിൽക്കും... പ്രതീക്ഷയായിരിക്കും.. തന്റെ സംസാരം കഴിഞ്ഞാൽ അവളോട് മിണ്ടുമെന്ന്... ചിലപ്പോൾ ക്ഷമ കെട്ട് ഫോൺ കട്ടാക്കി പോകുന്നതും അറിയാറുണ്ട്.... അന്ന് ഞാൻ ചെയ്യുന്ന പ്രവർത്തി അവളിൽ ഉണ്ടാകുന്ന നോവിന്റെ ആഴം ചിന്തിച്ചിരുന്നില്ല... ഇപ്പോ... ഇപ്പോ... അത് ആവോളം അറിയുന്നുണ്ട്... മനസ്സിലാവുന്നുമുണ്ട്...സുറുമീ...സഹിക്കാൻ പറ്റുന്നില്ല. എനിക്ക്... പറ്റുന്നില്ല എനിക്ക്... പെണ്ണേ... മാപ്പ്...!!.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story