സുറുമി: ഭാഗം 45

surumi

എഴുത്തുകാരി: അവന്തിക

ചിന്താ ഭാരത്തോടെ നീണ്ട ഇടനാഴിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ പുറകിലേക്ക് ചാരി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു മഷൂദ്..ഭാരമുള്ള ഒരു കല്ല് കെട്ടി വെച്ചത് പോലെ ഭാരം തോന്നുന്നുണ്ട് മനസ്സിന്... സുറുമി തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഒരു പുഞ്ചിരിയോടെ എല്ലാം നേരിട്ടിട്ടേയൊള്ളൂ ... പക്ഷെ ഇപ്പോ... വല്ലാതെ തകർന്ന് പോകുന്നു.. താൻ അവൾക്കാണ് എല്ലാമെന്ന് അഹങ്കരിച്ചിരുന്നു..താനില്ലാതെ അവൾ അപൂർണമാണെന്നും .. പക്ഷെ തന്റെ ജീവനും ജീവിതവും ശ്വാസവും അവളാണെന്ന് അറിയുകയാണ് ഇപ്പോ... അവൾക്ക് ഞാനല്ല.. അവൾ എനിക്കാണ് താങ്ങായിരുന്നത്.. തണലേകിയിരുന്നത്...അവളുണ്ടായപ്പോഴാണ് താൻ പൂർണമായിരുന്നത്..അവനൊന്ന് നിശ്വസിച്ചു... ലിഫ്റ്റ് ഇറങ്ങി വന്ന റംസാൻ പേര് ചൊല്ലി വിളിച്ചു കൊണ്ട് അടുത്തേക്ക് വരുന്നത് അറിഞ്ഞപ്പോൾ നിറയുന്ന കണ്ണുകൾ മറച്ചു വെച്ച് കൊണ്ട് മഷൂദ് പുഞ്ചിരിയോടെ എഴുനേറ്റു.. ഹസ്തഥാനം കൊടുത്ത് പതിവ് കുശലന്വേഷണം ആരാഞ്ഞു റംസാൻ .."അവളൊന്ന് വീണപ്പോഴേക്ക് നീ പാതിയായി പോയല്ലോ..ഡാ... ." റംസാൻ ചിരിയോടെ പുറം കയ്യാൽ അവനെയൊന്ന് ഇടിച്ചു.. തെളിച്ചമില്ലാത്ത ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കിയതെയൊള്ളൂ മഷൂദ്....

"എന്തേടാ... അവൾ ഓകെ അല്ലെ.. പിന്നെന്താ ഒരു വോൾടേജ് കുറവ്.. ഒന്ന് വീണലെന്താ പെട്ടന്നിങ് വരാനും മോനെ കാണാനും പറ്റിയില്ലേ.. " അവന്റെ തെളിമയില്ലാത്ത പുഞ്ചിരിയിൽ റംസാൻ മുഖം ചുളിച്ചു... കാര്യത്തിന്റെ ഗൗരവം ഒട്ടും അറിയിക്കാതെ ഒരു ചെറിയ സൗന്ദര്യ പിണക്കം എന്ന രീതിയിലാണ് മഷൂദ് റംസാനോട് സംസാരിച്ചത്... മനസ്സിലെ ഭാരം ഇങ്ങനെ എങ്കിലും ഒന്നിറക്കി വെക്കണമെന്ന് തോന്നി മശൂദ്ന്.. "ഓഹോ.. സൗന്ദര്യ പിണക്കം...???" ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.. അതിനും ഒന്ന് ചിരിച്ചെന്ന് വരുത്തി മഷൂദ്... "എന്ത്‌ പറഞ്ഞാലും ചിരിച്ചോളും കള്ളൻ... സൗന്ദര്യ പിണക്കാല്ലേ.. ഇപ്പോ ശരിയാക്കി തരാ..." അതും പറഞ്ഞു കൊണ്ട് റംസാൻ മഷൂദ്നെയും കൊണ്ട് റൂം ലക്ഷ്യമാക്കി നടന്നു.. കൈത്തണ്ടയിൽ പിടിച്ച് കൊണ്ട് പോകുന്ന റംസാനെ നോക്കി മഷൂദ് വേണ്ടെന്ന് പറഞ്ഞ് വെപ്രാളപ്പെടുന്നുണ്ടായിരിന്നു.... "ഓളെയല്ല ഓളെ ഏട്ടത്തിയെ വരെ വീഴ്ത്തിയ അമ്മളോടാ കളി... നീ വാഡ ചെർക്കാ..." മടിച്ചു നിൽക്കുന്ന മശൂദ്നെയും കൊണ്ട് റംസാൻ പിടിച്ച പിടിയാലേ റൂമിലേക്ക് കയറി. മുറിയിലേക്ക് കയറുമ്പോ വാപ്പച്ചിയും ഉമ്മയും ബൈസ്റ്റാൻഡേഴ്സ് നുള്ള ബെഡിൽ ഇരിക്കുകയാണ്..

സുറുമി കട്ടിലിന്റെ മറുവശത്തേക്ക് ഇരുന്ന് കൊണ്ട് മോനെ ഫീഡ് ചെയ്യുകയാണ്. അടുത്തായി സമീറയുണ്ട്...ഇരു കൈയാൽ ആദൂനെ താങ്ങിയിരുക്കന്നത് സമീറയാണ്.... പുറം തിരിഞ്ഞിരിക്കുന്ന സുറുമിയുടെ മടിയിലുള്ള ആദൂന്റെ കുഞ്ഞിക്കാലുകൾ മാത്രം വെളിയിൽ കാണാം... ഒരു ദിവസം പിന്നിട്ടില്ലേ ആ മധുരം നുകർന്നിട്ട്... അതിന്റെ ഇമ്പത്തിൽ കുഞ്ഞി കാലിലെ വിരലുകൾ കൊണ്ട് താളമിടുന്നുണ്ട് ചെക്കൻ... അറിയാതെ ഒരു പുഞ്ചിരി മഷൂദ്ന്റെ ചൊടിയിൽ വിരിഞ്ഞു... മുട്ട് കുത്തി നിന്ന് ആ കാലുകളിൽ ചുണ്ട് ചേർക്കാൻ ഉള്ളം കൊതിച്ചു.. സുറുമീ... ഇപ്പോ എങ്ങനെയുണ്ടെടി.. എന്ന സ്നേഹത്തിൽ പൊതിഞ്ഞ ചോദ്യത്തോടെ റംസാൻ സംസാരത്തിന് തുടക്കമിട്ടു.. വാപ്പച്ചിയും ഉമ്മയും സമീറയും ഉണ്ടായത് കൊണ്ട് സംസാരിക്കാൻ വേണ്ട വിഷയങ്ങൾക്ക് പഞ്ഞം ഒന്നുമില്ലായിരുന്നു..ഒന്നിലും മനസ്സുറക്കാതെ മുക്കിയും മൂളിയും ചിരി വരുത്തിയും കൂടെ മഷൂദും.. "സമീറ..... നമുക്കെന്നാ ഇറങ്ങിയാലോ" എന്ന റംസാൻറെ ചോദ്യം വീണപ്പോഴാണ് മഷൂദ് ന്റെ ശ്വാസം നേരെയായത്... "അപ്പൊ സുറുമീടെ അടുത്ത്" പറഞ്ഞ് മുഴുവപ്പിക്കാതെ നിൽക്കുന്ന സമീറയെ കണ്ട് ഞാൻ വൈകീട്ട് വലിയേടുത്തേക്ക് പോകുന്ന വഴി അവിടെ ഇറക്കിയാൽ പോരെ എന്ന് ചോദിച്ചു വാപ്പച്ചി..

"ഇവിടെ മശൂ ഉണ്ടല്ലോ.. ഇനി വേറൊരാളുടെ ആവിശ്യം എന്തിനാ..?" എന്ന് റംസാൻ ചോദിച്ചപ്പോൾ "ഇന്നോരൂസം അവൾക്കൊപ്പം ഒരാള് വേണം.. മോനെയും അവളേം കൂടെ മശൂന്ന് ഒറ്റക്ക് ബുദ്ധിമുട്ടാകുമെന്ന്" ആവലാതിയോടെ ഉമ്മയും ..... അത് ശരിവെച്ച് കൊണ്ടുള്ള വാപ്പച്ചിയുടെ മറുപടി കൂടിയായപ്പോൾ റംസാൻ സുറുമീടെ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി... പിന്നെ മശൂദ്നെയും.. മോൻ മാത്രേ അവിടെയൊള്ളൂ എന്ന ഭാവമായിരുന്നു സുറുമിക്കെങ്കിൽ ഇതെവിടെ പോയി അവസാനിക്കും എന്ന വെപ്രാളമായിരുന്നു മശൂദ്ന്... "അപ്പൊ ഉമ്മ ഇന്നിവിടെ അവർക്കൊപ്പം സ്റ്റേ ആണോ..." റംസാൻ എന്തോ അത്ഭുതം കെട്ട പോലെയാണ് ചോദിച്ചത്... "ഹാ.. പിന്നെ നിൽക്കാതെ..തലയ്ക്ക് വയ്യ... കയ്യാണേൽ വീങ്ങി കിടപ്പാണ്.... ആദൂ ന് ഭേദം ആകുന്നതല്ലേ ഒള്ളൂ... രാത്രിയൊക്കെ അവൻ കരഞ്ഞാൽ....അവനെ പിടിക്കാനും മറ്റും.." ഉമ്മ പിന്മാറുന്ന ലക്ഷണമില്ല... ഏയ്യ്... ഉമ്മാടെ ആവിശ്യം ഒന്നുമില്ല ഉമ്മാ... മഷൂ ഒന്നൊന്നര വർഷം കൂടീട്ട് വരുവല്ലേ.. അവനും കാണില്ലേ കൊതി.. അവളേം മോനേം നോക്കാനും അവളോടൊന്ന് സംസാരിക്കാനുമൊക്കെ... അവസാന അടവ് പോലെ റംസാൻ പറഞ്ഞപ്പോൾ വാപ്പച്ചി അതിനെ പിന്തുണച്ചു,.. "ന്നാ ഫാത്തിമാ അധികം വൈകണ്ട... നമുക്ക് അങ്ങോട്ട് നടക്കാം..."

ഉമ്മയും സമീറയും മടിച്ചു നിന്നെങ്കിലും വാപ്പച്ചിയുടെ അന്തിമ തീരുമാനം പോലെയുള്ള വാക്ക് കേട്ടതും അവർ മനസ്സില്ലാ മനസ്സോടെ പോകാനൊരുങ്ങി.. അപ്പോഴേക്കും ആദൂ ചെറുതായി ഉറക്കം പിടിച്ചു വന്നിരുന്നു... സമീറയുടെ സഹായത്തോടെ സുറുമി ചെരിഞ്ഞു കിടന്നു കൊണ്ട് കല്ലിച്ച് നീര് വന്ന കൈയാൽ ആദൂനെ ചേർത്ത് പിടിച്ചു.... ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്ന ഭാവമായിരുന്നു അവൾക്ക്... ചെരിഞ്ഞു കിടക്കുന്ന സുറുമിയുടെ കവിളിൽ ചുണ്ട് ചേർത്ത് നാളെ വരാട്ടോ എന്നൊക്കെ സങ്കടത്തോടെ പറഞ്ഞു കൊണ്ട് യാത്രപറയുന്നുണ്ടായിരുന്നു സമീറ ... അവർക്ക് പുറകെ യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോ കണ്ണു കൊണ്ട് ക്യാരി ഓൺ എന്ന് കാണിക്കാൻ റംസാനും മറന്നില്ല... സുറുമിക്ക് അരികിൽ ഒരു ചെയർ ഇട്ട് ഇരുപ്പുറപ്പിച്ചു മഷൂദ്.. ഒരു വിധേനയും തന്നെ കാണാതെ ഇരിക്കാനായിരിക്കും കണ്ണ് തുറന്നാൽ ചുമര് കാണുമാറാണവൾ തിരിഞ്ഞു കിടന്നത് .. മോനെയും ആ ഭാഗത്തേക്കായിട്ടാണ് കിടത്തിയിരിക്കുന്നത് .. വല്ലാത്ത വേദന തോന്നി അവന്.. അനുഭവിച്ചു കൊണ്ടിരുന്ന സൗഭാഗ്യങ്ങളുടെ വില അറിയണമെങ്കിൽ അത് നഷ്ടപ്പെടണം എന്ന് പറയുന്നത് എത്രയോ സത്യമാണ്....

അവൾ തന്നോട് കാണിച്ചിരുന്ന സ്നേഹവും സമീപനവും അവളുടെ കൊഞ്ചലൂടെയുള്ള സംസാരവും എന്തിന്... ആ പുഞ്ചിരി പോലും തന്നിലുണ്ടാക്കിയ മാറ്റങ്ങൾ.... തനിക്കേകിയ ആശ്വാസം... അത് ചെറുതൊന്നുമല്ലായിരുന്നു... ഏതാവസ്ഥയിലും അവളെനിക്ക് താങ്ങായിട്ടേ ഒള്ളൂ.. കൂടെയുണ്ട് എന്ന് പറഞ്ഞിട്ടേ ഒള്ളൂ...തന്റെ ഉള്ളറയിൽ ഒളുപ്പിച്ചു വെച്ച പ്രണയം ഒന്ന് വാക്കാൽ തന്റെ നാവിൽ നിന്ന് വീഴാൻ എത്ര തവണ അവൾ കെഞ്ചിയിരിക്കുന്നു..അന്നൊക്കെ ഒരു ചിരിയോടെ അവളുടെ ആ സ്നേഹം കൊതിക്കുന്ന മനസ്സിനെ കണ്ടില്ലെന്ന് നടിച്ച് ചിരിച്ച് നിസാരവൽക്കരിച്ചപ്പോഴും അവൾ പറഞ്ഞു.. നിങ്ങളുടെ പ്രണയം നിങ്ങളുടെ കണ്ണുകളിലുണ്ടെന്ന്.. നിങ്ങൾ നോക്കുന്ന ഓരോ നോട്ടങ്ങളിലും ഉണ്ടെന്ന്...എല്ലാം അറിഞ്ഞിട്ടും ഇപ്പോ അവളെന്നെ അവഗണിക്കുന്നതിന്റെ കാരണം തന്റെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയല്ലേ.. പക്ഷെ അത് മനൂപ്പൂർവ്വമായിരുന്നോ.. ഫോൺ മുറിയിൽ വെച്ച് മറന്നിട്ടല്ലേ അറിയാതെ പോയത്.. അല്ല.... അവളെന്നെ രാവിലെ വിളിച്ചിരുന്നല്ലോ.... അതോ... വാദിയും പ്രതിയുമായി സ്വന്തം മനസാക്ഷി ഒരുക്കിയ കോടതിക്ക് മുമ്പിൽ നിൽക്കുമ്പോ എത്ര തന്നെ കാരണങ്ങൾ നികത്തിയാലും തന്നിൽ നിന്ന് വന്ന വീഴ്ച....

മനഃപൂർവം അല്ലെങ്കിലും നിസാരമാക്കി കളഞ്ഞ അവളുടെ ഫോൺ കാളുകൾ... അതവളിൽ ഏൽപ്പിച്ച മുറിവ് എത്ര വലുതായിരിക്കും എന്ന കുറ്റബോധമായിരുന്നു ഉള്ളിൽ ...ആ പ്രതികൂട്ടിൽ നിന്ന് ആർത്തു കരയുകയായിരുന്നു അവൻ... തൽഫലമായി അതിന്റെ നീറുകൾ അവന്റെ കവിളിലും ചാലു തീർത്തു... ഒഴുകിയിറങ്ങിയ മിഴിനീർ കണങ്ങൾ ചീകിയൊതുക്കാത്ത താടിയെയും നനച്ച് കൊണ്ട് താഴേക്ക് പതിച്ചു...തുടച്ചു മാറ്റാൻ പോലും മെനക്കെടാതെ പുറകിലേക്ക് ചാരി കണ്ണുകളടച്ച് ഇരുന്നതെയൊള്ളൂ അവൻ.. നേഴ്സ് വന്ന് ഡോറിൽ തട്ടിയപ്പോൾ മുഖം അമർത്തി തുടച്ചു കൊണ്ടവൻ എഴുനേറ്റു.. ഭക്ഷണം കഴിച്ചിട്ട് കൊടുക്കേണ്ട മരുന്നുകൾ നിർദേശിച്ചു കൊണ്ടവർ വേദനക്കുള്ള മരുന്ന് കാന്വല വഴി ഇൻജെക്ഷൻ ചെയ്തു.. എഴുന്നേറ്റയുടനെ ഭക്ഷണം കൊടുക്കണം എന്നവർ പ്രതേകം ഓർമിപ്പിച്ചു..ട്രിപ്പ്‌ ഇട്ട രണ്ട് കൈകളും വീങ്ങിയിരിക്കുന്നത് എന്താണെന്ന അവന്റെ ചോദ്യത്തിന് ബോഡി വീക്ക്‌ ആയത് കൊണ്ട് വെയ്ൻ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടിയതിന്റെയാണെന്ന് അവരും വ്യക്തമാക്കി... അവർ പോയതും വീണ്ടും ആ കസേരയിൽ ഇരിന്ന് തല പുറകിലേക്ക് ചായച്ച് കണ്ണുകളടച്ചു.. ഉറക്കം കൺപോളകളെ തളർത്തിയിരുന്നു....

തലേന്ന് മുതലുള്ള അലച്ചിലും നാട്ടിലേക്കുള്ള മടക്കം പെട്ടന്നായത് കൊണ്ട് ഒന്ന് കിടക്കാൻ പോലും പറ്റാത്ത ക്ഷീണം നല്ല പോലെയുണ്ടായിരുന്നു ...രാത്രി യാത്ര ആയത് കൊണ്ട് ഒട്ടും ഉറങ്ങാനും പറ്റിയിട്ടില്ല. എത്ര നേരം കഴിഞ്ഞു കാണുമെന്ന് അറിയില്ല. ആദൂന്റെ കരച്ചിൽ കേട്ടാണ് ഞെട്ടിയത്.. സുറുമി അപ്പോഴും ഉറക്കമാണെന്ന് തോന്നി.. പതിയെ അവളെ ഉണർത്താതെ അവനെയെടുത്ത് പുറത്തേക്ക് ഇറങ്ങി... കരഞ്ഞു കൊണ്ട് 'മാ' ന്ന് അവ്യക്തമായി വിളിക്കുന്ന അവനെയും കൊണ്ട് നീണ്ട ഇടനാഴിയിലൂടെ മഷൂദ് നടന്നു... ഓരോന്ന് ചൂണ്ടി കാണിച്ചു കൊടുത്തും സംസാരിച്ചും അവന്റെ കരച്ചിലടക്കാൻ നോക്കി മഷൂദ്... അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ കണ്ണുകളടച്ച് വലിയ വായയിൽ കരയുന്ന ആദൂനെ കാണും തോറും ചങ്ക് പിടയുന്നുണ്ടായിരിന്നു മഷൂദ്ന്... "ഒട്ടും അറിയില്ലേ ആദൂ നിനക്ക് എന്നെ... അബിയാ.... നിന്റെ ഉപ്പിച്ചിയാ.... നീ ഇങ്ങനെ കരയല്ലേ.... " കരയുന്ന അവനെ മാറോട് ചേർത്ത് ആ കവിളുകളിലും കൈകളിലും ചുണ്ട് ചേർക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു അവന് ... എന്തൊക്കെ കാണിച്ചിട്ടും തന്നെയൊന്ന് നോക്കാൻ പോലും മെനക്കേടാതെ കരയുന്ന ആദൂനെ നോക്കി മഷൂദ് നിസ്സഹായനായി....

ഉമ്മയെയും സമീറയെയും റംസാൻ നിർബന്ധിച്ച് കൊണ്ട് പോയ ആ നിമിഷത്തെ അവൻ പഴിച്ചു.. കരച്ചിലിന്റെ ശബ്ദം കൂടും തോറും മഷൂദ്ന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. ." നിന്റെ ഉമ്മയെ പോലെ നീയും ഈ അബിയെ വെറുത്തോ..."അവനെ മാറോട് ചേർത്ത് മുറുകെ പിടിച്ച് കൊണ്ട് ചോദിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു അവൻ ... നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പരാജയപ്പെട്ടവനെ പോലെ ആദൂനെയും കൊണ്ട് റൂം ലക്ഷ്യമാക്കി നടന്നു അവൻ .. ഡോർ തുറക്കുന്ന ശബ്ദവും കൂടെ മോന്റെ കരച്ചിലും കെട്ടിട്ടായിരിക്കാം സുറുമി ഉണർന്നു കൊണ്ട് തല ചെരിച്ച് നോക്കി.. കരയുന്ന മോനെ കണ്ടതും കൈ മുട്ടിൽ താങ്ങി എഴുനേൽക്കാൻ നോക്കി... ഒരു കൈയാൽ മോനെ പിടിച്ച് അവളെ താങ്ങാൻ നോക്കിയെങ്കിലും അവനെ വക വെക്കാതെ പ്രയാസപ്പെട്ട് എഴുനേൽക്കാൻ ശ്രമിച്ചു അവൾ.. കാന്വല കുത്തി പ്ലാസ്റ്റർ ഒട്ടിച്ച കൈകൾ അവൾ ബെഡിൽ കുത്തി എഴുനേറ്റിരുന്നു.. വേദനയുണ്ടെന്ന് മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.... പക്ഷെ ആ വേദനക്കും അപ്പുറമാണ് തന്നോടുള്ള അവളുടെ വാശി എന്ന് തോന്നി പോയി മശൂദ്ന്.. ആദൂനെ മടിയിൽ വെച്ച് കൊടുത്തപ്പോൾ അവൾക്കാവും വിധം അവനെയൊന്ന് ചേർത്ത് പിടിച്ചു..

ആദുവും വലിയ വായയിൽ അലമുറയിട്ടിരുന്നത് മാറ്റി കൊണ്ട് ചെറിയ തേങ്ങലോടെയവൻ അവളിലെന്തോ പരതി ... തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെയിരിക്കുകയും കൂടെ തന്നെ ഈർഷ്യത കൊണ്ട് മുറുകുന്ന അവളുടെ മുഖവും നെഞ്ചിലേക്ക് വീണു കിടക്കുന്ന തട്ടം മാറ്റി കൊണ്ടുള്ള ആദൂവിന്റെ പരാക്രമവും കണ്ടപ്പോഴാണ് കാര്യം കത്തിയത്.. അവളുടെ തട്ടം മാറ്റി ഇട്ടിരിക്കുന്ന ഉടുപ്പിന്റെ മുൻവശത്തെ സിപ് അഴിച്ച് കൊടുത്തതും രൂക്ഷമായി അവളൊന്ന് നോക്കി. അവന്റെ കണ്ണുകൾ ഉടക്കിയതോ അവളുടെ വലം കണ്ണിലെ മഷി കലർത്തിയ പോലെയുള്ള കണ്ണിലും.. ദേഷ്യം കൊണ്ടായിരിക്കാം നേർത്ത ചുവപ്പ് രാശി പടർന്നിരുന്നു ആ കണ്ണുകളിൽ ...ഒന്ന് പതറിയെങ്കിലും മോനെ അവളുടെ നെഞ്ചിലേക്ക് ചേർത്തി കിടത്തി കൊടുത്തു... കഴുത്തിന് കുറുകെ ചുരുണ്ട് കിടക്കുന്ന തട്ടം വലിച്ചെടുത്ത് മോനൊപ്പം അവളുടെ മുൻവശവും മറച്ചു പിടിച്ചു അവൾ...ആ പ്രവർത്തിയിൽ പോലും അവനോടുള്ള ദേഷ്യം രേഖപെടുത്തിയിരുന്നു അവൾ... മനസ്സിലായെങ്കിലും അതറിഞ്ഞ ഭാവം നടിക്കാതെ അവനും മോനെ താങ്ങി പിടിച്ചു... തള്ള കോഴി കോഴി കുഞ്ഞുങ്ങളെ അവരുടെ ചിറകിനുള്ളിൽ പൊതിഞ്ഞു പിടിക്കും പോലെ അവളും മോനെ അവളുടെ തട്ടം കൊണ്ട് മറച്ചു...

പൊതിഞ്ഞു പിടിച്ചത് പക്ഷെ അവന്റെ കരങ്ങളായിരുന്നു... തേങ്ങലിന്റെ ചെറിയ ശബ്ദം പോലും ഇല്ലാതാക്കി കൊണ്ടവൻ അമ്മ ചുരത്തിയ പാലിന്റെ മധുരം നുണയുന്നതിന്റെ ഇമ്പം അവന്റെ കുഞ്ഞി കാലുകളിൽ പോലും പ്രകടമായി.... വിശപ്പ് മാറിയപ്പോൾ തന്നെ ആദൂ കളിതുടങ്ങിയിരുന്നു..പതിയെ അവളെ ചുറ്റി പറ്റിയുള്ള നിൽപ്പ് വിട്ട് ബെഡിൽ കട്ടിലിന്റെ രണ്ടറ്റത്തായി ഘടിപ്പിച്ചിരിക്കുന്ന കമ്പിയിൽ പിടിച്ച് നിന്ന് നിൽക്കാനും ചിരിക്കാനും തുടങ്ങിയിരുന്നു.. സുറുമിക്ക് ഭക്ഷണം കൊടുക്കാൻ ഒരുങ്ങുമ്പോഴാണ് നിഹാലും ഹിബയും മോളും കൂടെ വന്നത്. ഞാൻ ചെയ്തോളമെന്ന് പറഞ്ഞു കൊണ്ട് ഹിബ ഭക്ഷണം വിളമ്പലും മറ്റും ആയപ്പോൾ നിഹാൽ മശൂദ്നെയും കൊണ്ട് പുറത്തേക്കിറങ്ങി... റംസാൻ വന്നതും സംസാരിച്ചതും അവർ പോയതുനെല്ലാം പറഞ്ഞപ്പോൾ അതിനെ അനുകൂലിച്ചിട്ടാണ് നിഹാലും സംസാരിച്ചത്.. സുറുമിക്ക് തന്നോടുള്ള മനോഭാവത്തിൽ വിത്യാസമൊന്നുമില്ലെന്ന് പറഞ്ഞപ്പോഴും അതൊക്കെ ശരിയാകും എന്ന മറുപടിയാണ് നിഹാലിന്റെ പക്കലിൽ നിന്നുണ്ടായത്...

നീയുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിലും മറ്റൊരാളുമായിട്ടുള്ള വിവാഹത്തിന് നിർബന്ധിച്ചു എന്നതിന്റെ പേരിലും ദിവസങ്ങളോളം വാപ്പച്ചിയും സൽമാനുമടക്കമുള്ളവരോട് സംസാരിക്കാതെ.. ഒന്ന് നോക്കുക പോലും ചെയ്യാതെ തള്ളി നീക്കിയിട്ടുണ്ട് അവൾ... ഒരുപാട് ക്ഷമിച്ചു അവൾ നിനക്ക് വേണ്ടി..അത് മനസ്സിലാക്കാതെ നിസാരമാക്കി കളഞ്ഞ നിന്നോടും നിന്റെ ആ മനോഭാവത്തോടുമാണ് അവൾ വാശി കാണിക്കുന്നത് .... ക്ഷമയോടെ കൂടെ നിന്ന് അവളുടെ മനസ്സിൽ വന്ന ആ കരട് നീ നീക്കി കളയണം..എന്ന് നിഹാൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ മൗനമായി എല്ലാം കെട്ടിരുന്നതേയൊള്ളൂ അവൻ.. ഹിബ ,മോളെ പിടിക്കാൻ നിഹാലിനെ ഏൽപ്പിക്കുന്നത് വരെ അവന്റെ ഉപദേശം കേട്ട് മനസ്സിനെ മദിച്ചു കൊണ്ടിരിക്കുന്ന ഭാരിച്ച ചിന്തകളിൽ ഉഴറി കിടപ്പായിരുന്നു മഷൂദ് ... പിന്നെ ശ്രദ്ധ നിഹാൽ മോളെ കളിപ്പിക്കുന്നതിലായി.. നടന്ന് പഠിച്ച അവൾ പുറത്തെ ഇടനാഴിയിലൂടെ കുഞ്ഞു സ്‌ക്കർട് ഇട്ട് ഓടുന്നതും അവൾക്ക് പിന്നാലേ അവനും ഓടി അവളെ പൊക്കി കൊണ്ട് വന്ന് വയറിന് ഇക്കിളി കൂട്ടി അവളെ കുടുകുടെ ചിരിപ്പിക്കിന്നുമെല്ലാം ഒരിളം പുഞ്ചിരിയോടെ നോക്കി കണ്ടു മഷൂദ്... ഇടയ്ക്കിടെ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവന്റെ മുഖത്ത് ചുണ്ടുകൾ ചേർക്കുന്നുമുണ്ടവൾ... അവളുടെ കയ്യിലെ ടെഡി ബിയർ കണ്ടപ്പോഴാണ് ആദൂന് എന്തെങ്കിലും വാങ്ങിക്കുന്നതിന്റെ പറ്റി ചിന്തിക്കുന്നത് തന്നെ..

നിഹാലിനോട് പറഞ്ഞ് കുറച്ച് ക്യാഷ് കടം വാങ്ങി.. കൊണ്ട് വന്ന റിയാൽ എല്ലാം അവനെ ഏൽപ്പിച്ചു.. അതെല്ലാം ഇന്ത്യൻ റുപ്പീസ് ആക്കണം... ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയുള്ള ഷോപ്പിലാ കയറിയത്.. ന്യൂ ബോൺ ബേബിസ്നുള്ള സാധനങ്ങൾ ആണ് അധികവും...അവിടെ ഉണ്ടായിരിന്നതിൽ ഇഷ്ട്ടപ്പെട്ട ഒരു ടോയ് കാറും ബസുമെല്ലാം മേടിച്ചു അവൻ... തിരിച്ച് റൂമിലേക്ക് എത്തുമ്പോൾ നിഹാലും ഹിബയും ആദൂനെയും ഐഷുനെയും കളിപ്പിക്കുകയാണ്... സുറുമി എല്ലാം നോക്കി ചെറു ചിരിയോടെ കിടക്കുന്നുമുണ്ട്... അവൻ വന്നതും ആ മുഖത്തെ ചിരി മാഞ്ഞ് അവിടെ അനിഷ്ടം പ്രകടമാകുന്നത് അവനറിഞ്ഞു.. ആ നിമിഷം എങ്ങോട്ടെങ്കിലും ഓടി പോകാനാ തോന്നിയത്.... ഐഷുൻറെ കണ്ണിനും മൂക്കിനുമെല്ലാം തൊട്ട് തലോടി നിഷ്കളങ്കമായി ചിരിക്കുന്ന ആദൂനെ കണ്ടപ്പോൾ കാലുകൾ അറിയാതെ മുന്നോട്ട് ചലിച്ചു ... തന്നെ കണ്ടു ആ കുഞ്ഞു മുഖത്ത് പരിചമില്ലാത്ത ഭാവം വന്നതും മനസ്സ് ഒന്നൂടെ നൊന്തു... കൈയിൽ കരുതിയ ടോയ്‌സ് കാണിച്ചപ്പോൾ ടോയ്‌സിലേക്ക് കൈ നീട്ടി കൊണ്ടവൻ മോണ കാട്ടി ചിരിച്ചു...

ഇത് തരണമെങ്കിൽ വരണം എന്ന് കാണിക്കാൻ ടോയ്‌സ് ഒന്നൂടെ കാണിച്ചു കൊണ്ടവൻ കൈ കാണിച്ചു... ചിരിയോടെ തന്നെ മശൂദ്ന്റെ മേലേക്ക് അവൻ ചാടി....ആ കാർ കയ്യിൽ പിടിപ്പിച്ച് അവനെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മശൂദ്ന് ... കുറച്ച് നേരം ഐഷുവും ആദുവും കളിച്ചിരുന്നു. രണ്ട് പേരും കളി നിർത്തി ചിണുങ്ങി തുടങ്ങിയപ്പോൾ മോളെ നിഹാലിന്റെ കയ്യിൽ കൊടുത്ത് ഫീഡിങ് ബോട്ടിലിൽ കൊണ്ടുവന്ന പാല് നിഹാലിനെ ഏല്പിച്ചു...മോനെ ഫീഡ് ചെയ്യിപ്പിക്കാനുള്ള ഒരുക്കമാണെന്ന് കണ്ടതും ഐഷുമായി നിഹാലിന് പുറകെ മഷൂദും പുറത്തേക്കിറങ്ങി.. മടിയിൽ ഇരുത്തിയും നടന്നും ഐഷുവിനെ നിഹാൽ ഫീഡ് ചെയ്യിപ്പിക്കുന്നത് നോക്കി കാണുകയായിരുന്നു മഷൂദ്.. ഇടയ്ക്ക് തോന്നിയ സംശയമെല്ലാം ചോദിച്ച് ക്ലിയർ ചെയ്തു... മലർത്തി കിടത്തി അവൾ പാല് കുടിക്കുമ്പോ നെറുകെ കയറി തരിപ്പ് പോവില്ലേ എന്നൊക്കെയുള്ള ആവലാതികളായിരുന്നു മശൂദ്ന്.. വാതിൽ അടഞ്ഞു കിടക്കുന്ന മുറിയിൽ നിന്ന് മോന്റെ ശബ്ദം കേട്ടപ്പോഴാണ് തിരികെ റൂമിലേക്ക് കയറിയത് . മശൂദ്നെ കണ്ടതും ആദൂ ചിരിച്ചു കാണിച്ചു... ഉറക്കെ പേര് ചൊല്ലി അബീടെ ആദൂ ന്ന് വിളിച്ച് കൊണ്ടാണ് മഷൂദ് ആദൂന്റെ അടുത്തേക്ക് ചെന്നത്...മടിച്ച് നിൽക്കാതെ ആദൂ മശൂദ്ന്റെ മേലേക്ക് ചാടുകയും ചെയ്തു. അവന്റെ മുഖത്തും കഴുത്തിലുമെല്ലാം ചുംബനങ്ങൾ മൂടുമ്പോൾ മനസ്സിനൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരിന്നു....

കുറച്ച് നേരം കാണാതെ ഇരുന്ന പരിഭവം കൊണ്ടായിരിക്കാം അവനും അവന്റെ മൂക്കിലും കവിളിലുമെല്ലാം ചുണ്ടുകൾ ചേർത്തു... ചുണ്ടുകൾ ചേർത്തു എന്നത് വെറുമൊരു ഭംഗി വാക്കാണ്... വാ തുറന്ന് ചുണ്ട് കൊണ്ടും നാവ് കൊണ്ടും മുഖത്ത് മുദ്ര വെച്ചു എന്ന് പറയാം...അവന്റെ വായ പതിഞ്ഞയിടം ഉമിനീർ തെളിഞ്ഞു കാണാം... മോന്റെ ആ പ്രവർത്തി അവനിൽ ഉണ്ടാക്കിയ സന്തോഷം ചെറുതന്നുമല്ലായിരുന്നു... കണ്ണുകൾ അഭിമാനത്തോടെ സുറുമിയെ തേടി... എന്തോ നേടിയവനെ പോലെ ഉള്ളം അഹങ്കരിക്കുന്നുണ്ടായിരുന്നു... പക്ഷെ അതെല്ലാം തകർത്തെറിയാൻ പാകത്തിലുള്ളതായിരുന്നു സുറുമീടെ മുഖഭാവം.. അവൾ കാണാൻ ആഗ്രഹിച്ച കാഴ്ചയായിട്ടു പോലും അതവളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല അവരെയൊന്ന് നോക്കുക പോലും ചെയ്യാതെ വെറുപ്പ് നിറഞ്ഞ മുഖത്തോടെ മറ്റെങ്ങോ കണ്ണ് നട്ട് കിടക്കുകയായിരുന്നു അവൾ.... വേദനയോടെ അവനൊന്ന് നിഹാലിനെ നോക്കി.,.. നിഹാൽ തിരികെ കണ്ണുകളടച്ച് ഒന്നുമില്ലെന്ന് ആശ്വസിപ്പിച്ചു...ചെറു പുഞ്ചിരിയോടെ ഹിബയും നോക്കുന്നുണ്ട്... പിന്നീട് അങ്ങോട്ട് സമയം പോകാൻ മോന്റെയും ഐഷുന്റെയും കളിചിരികൾ മാത്രം മതിയായിരുന്നു.... ആ നേരം കൊണ്ട് തന്നെ ആദൂ മശൂദ്മായി നന്നായി ഇണങ്ങുകയും ചെയ്തു...

ആദൂന്റെയു ഐഷുന്റെയും കളിചിരികൾ ആസ്വദിച്ചും കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പങ്കിട്ടും സമയം പോയതറിഞ്ഞില്ല.... ഇരുട്ട് വീണു തുടങ്ങിയപ്പോൾ വേണ്ടെന്ന് പറഞ്ഞിട്ടും മശൂദ്നെ നിർബന്ധിച്ച് അവിടെ നിർത്തി രാത്രിയിലേക്കുള്ള ഭക്ഷണം കൊണ്ട് വന്നു നിഹാൽ... കുറച്ച് ക്യാഷ് കയ്യിലും വെച്ച് കൊടുത്തു.... ഡിസ്ചാർജ് ആകുമ്പോഴേക്ക് റിയാൽ എല്ലാം മാറ്റി കൊണ്ട് വരാമെന്ന് ഉറപ്പ് നൽകി.. അവർ യാത്ര പറഞ്ഞ് പോയതിന് പുറകെ ആദു ഉറങ്ങുകയും ചെയ്തു .. പോകുന്നതിന് മുമ്പേ സുറുമിക്ക് ഭക്ഷണവും മോനുള്ള കഞ്ഞിയും ഹിബ കൊടുത്തിരിന്നു.. പൂർണ്ണമായും തന്നെ അവഗണിക്കാനായിരിക്കും അവർ പോയപ്പോഴേക്കും മറുവശം ചെരിഞ്ഞു കിടന്നിരുന്നു അവൾ.. കുറച്ച് നേരം ചെയറിൽ അവളുടെ അടുത്തായി ഇരുന്നു.. തിരിഞ്ഞു കിടന്ന് അവൾ തന്നെ നോക്കുമെന്നും തന്നെ നോക്കി കുസൃതിയോടെ ചിരിക്കുമെന്നും അവൻ പ്രതീക്ഷിച്ചു.. ഒന്നുമുണ്ടായില്ല.. അവളുടെ അരികിലായിട്ടുള്ള കുറഞ്ഞ സ്ഥലത്ത് അവളോട് ചേർന്ന് കിടന്ന് ചെയ്ത് പോയതിന് മാപ്പ് ചോദിക്കണം എന്നുണ്ടായിരുന്നു അവന് ...അവളുടെ പ്രതികരണം എന്താകുമെന്ന ആശങ്ക ഉണ്ടായത് കൊണ്ട് ആ ഉദ്യമം വേണ്ടെന്ന് വെച്ചു അവൻ... കൊണ്ട് വന്ന ഭക്ഷണം ബാക്കിയുള്ളത് കുറച്ചൊന്നു കഴിച്ചെന്നു വരുത്തി..അവൾ വന്നതിന് ശേഷം നാട്ടിൽ ഉണ്ടായ ദിവസങ്ങളിൽ എല്ലാം അവൾക്കൊപ്പമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്... എത്ര വൈകിയാലും തന്നെ കാത്തിരിക്കും....

അടുത്താരുമില്ലെങ്കിൽ ഒരുരുള വായിലേക്ക് വെച്ച് തരും... തന്റെ കയ്യിൽ നിന്നും ഒരുരുള വാങ്ങി കഴിക്കും....ഓരോ ഓർമ്മകൾ തികട്ടി വന്നപ്പോൾ കഴിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... തൊണ്ടയിൽ എന്തോ കുരുങ്ങി കിടക്കുന്ന പോലെ... വിശപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നും കഴിക്കാൻ പറ്റിയില്ല...ഇത് പോലെയായിരിക്കണം ഇന്നലെ അവളുടെയും അവസ്ഥ.... വിശന്നിട്ടും ഒന്നും കഴിക്കാൻ പറ്റി കാണില്ല.. മോന്റെ അവസ്ഥ ഒരു ഭാഗത്തും താൻ ഫോൺ എടുക്കാത്തതിന്റെ അരിശം മറ്റൊരുഭാഗത്തും.. ഭ്രാന്ത് പിടിച്ച് കാണും... ആ അവസ്ഥയിൽ ആയിരിക്കും വീണതും...ഓർത്തപ്പോൾ നെഞ്ചോന്ന് പിടഞ്ഞു.... ബൈസ്റ്റാൻഡേഴ്സിനുള്ള കട്ടിലിൽ നിദ്രയെ കാത്ത് കിടക്കുമ്പോഴും ചിന്തകൾ മനസ്സിന്റെ ഉള്ള സ്വസ്ഥതയെയും കാർന്ന് തിന്നുകയായിരുന്നു.... എപ്പോഴോ ഒന്ന് മയങ്ങിയതും ആദൂന്റെ ചിണുങ്ങിയുള്ള ശബ്ദം കേട്ട് ഉണർന്നു.. ബെഡിൽ മുട്ട് കുത്തിയിരിന്നാണ് കരയുന്നത്... മരുന്നിന്റെ ക്ഷീണം കൊണ്ടായിരിക്കാം അവൾ അതൊന്നും അറിയുന്നു പോലുമില്ലെന്ന് തോന്നി.. ചെന്ന് കൈ കാണിച്ചപ്പോൾ കൈ തട്ടി മാറ്റി അവളുടെ ഉടുപ്പിന്റെ മുൻഭാഗം വലിച്ച് കൊണ്ടിരുന്നു അവൻ.. വിശന്നിട്ടാകുമെന്ന ചിന്ത വന്നത് അപ്പോഴാണ്...

രാത്രി ഉറങ്ങുന്ന നേരത്തും വേണോ ഇതൊക്കെ എന്ന ചിന്തയാണ് ആദ്യം വന്നത്.. അതിനുമാത്രം അതിൽ എന്തിരിക്കുന്നു... ടോയ്‌സ് കാണിച്ച് കൊടുത്ത് കൈ കാണിച്ചെങ്കിലും അതും തട്ടി കളഞ്ഞു അവൻ... വിശപ്പെന്ന വികാരത്തിന് മുകളിൽ ഒന്നുമില്ലല്ലോ... ഇനിയും അമാന്തിച്ച് നിന്നാൽ അവന്റെ തനിസ്വരൂപം കാണുമെന്ന് തോന്നിയതും മഷൂദ് കുനിഞ്ഞുനിന്ന് സുറുമിയുടെ ഉടുപ്പിന്റെ സിപ് അഴിച്ച് കൊടുത്തു... ഇപ്പോ കിട്ടുമെന്ന പ്രതീക്ഷയിൽ ആദൂ നോക്കുന്നത് കണ്ടതും മറ്റൊന്നും നോക്കിയില്ല... തന്റെ പ്രവർത്തി കണ്ടു കൊണ്ട് അവളെഴുനേറ്റാൽ ഉണ്ടാകാവുന്ന പുകിലെല്ലാം മുന്നിൽ കണ്ടു കൊണ്ട് തന്നെ രണ്ടും കൽപ്പിച്ച് മോന് ഫീഡ് ചെയ്യാൻ പാകത്തിൽ ഉടുപ്പ് മാറ്റിയിട്ടു... അവളോട് ചേർത്ത് മോനെ കിടത്തി കൊടുക്കുകയും ചെയ്തു.. വിശപ്പടങ്ങി മോൻ ഉറങ്ങിയെന്നു ഉറപ്പായതിന് ശേഷമാണ് മഷൂദ് പോയി കിടന്നത്... അടുത്ത പള്ളിയിൽ നിന്ന് കേൾക്കുന്ന ബാങ്കിന്റെ ശബ്ദമാണ് പിന്നെ ഉണർത്തിയത്.. എഴുനേറ്റ് ഫ്രഷ് ആയി നിസക്കാരവും പ്രാർത്ഥനയുമെല്ലാം തീർത്തപ്പോഴേക്കും നേഴ്സ് വന്ന് സുറുമിയുടെ ബ്ലഡ്‌ എടുത്ത് കൊണ്ട് പോയി..

ഡോക്ടർ റൗൻസിന് വരുമ്പോഴേക്കും എച്ച് ബിയുടെ റിസൾട്ട്‌ കിട്ടി ഡോക്ടറെ കാണിക്കാനാണ്.. നേഴ്സ് പോയതും വീണ്ടും കിടന്നു... ആദൂ ഉണർന്നതും അവനെ ഫീഡ് ചെയ്യിപ്പിച്ചതുമെല്ലാം ഓർത്തപ്പോൾ ചിരി വന്നു.. അന്നേരം വല്ലാത്തൊരു വെപ്രാളമായിരുന്നു.... മോൻ കരയുന്നത് കാണുമ്പോ വേദനിക്കുന്നത് തന്റെ ഉള്ളിലെ അച്ഛനാണ് .. മറ്റൊന്നും ആ നേരം ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു... പക്ഷെ ഇപ്പോ... അതെങ്ങാനും ആ ഭദ്രകാളി അറിഞ്ഞാലുള്ള കാര്യം ഓർത്തപ്പോൾ നെഞ്ചോന് ആളി ... ഭാര്യയെപേടി.... ആരോ ഉള്ളിൽ നിന്ന് കളിയാക്കി ചിരിക്കുന്നു.. ഭാര്യയെപെടിയല്ല ജീവനപേടിയാണ്..... എല്ലാം ഉള്ളിലിട്ട് നടന്നിരുന്ന തന്നിലും എന്തൊക്കെയോ മാറ്റങ്ങൾ ഈ ഒരു ദിവസം കൊണ്ട് സംഭവിച്ച പോലെ..... എന്ത് വന്നാലും അവളോട് സംസാരിക്കണം.... പറയാതെ ഉള്ളിൽ അടക്കി വെച്ച സ്നേഹമെല്ലാം അവളോട് തുറന്ന് പറയണം... ഉറക്കം കൺപോളകളെ കീഴടക്കുമ്പോഴും പല കണക്ക് കൂട്ടലും നടത്തിയിരുന്നു അവൻ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story