സുറുമി: ഭാഗം 46

surumi

എഴുത്തുകാരി: അവന്തിക

ആദൂന്റെ ശബ്ദമാണ് മശൂദ്നെ ഉണർത്തിയത്....ഉറക്കമുണർന്നുണ്ടാ കുന്ന ആലസ്യത്തിന് ശേഷം പിടഞ്ഞെഴുനേറ്റിരിന്ന് സുറുമി കിടക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു, തന്നെ നോക്കി ചിരിക്കുകയും എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്ന ആദൂനെ... ആള് ഉണർന്ന് കിടക്കുന്ന സുറുമിയുടെ വയറിന് മേലെ കൈ വെച്ച് പിടിച്ച് നിൽക്കുകയാണ്... ഇടയ്ക്ക് ബാലൻസ് കിട്ടാതെ ബെഡിലേക്ക് തന്നെ മറിയുന്നുമുണ്ട്... മനം നിറയുന്ന കാഴ്ച.. ചിരിയോടെ കൈകാണിച്ച് ""അബീടെ ശിങ്കു"" ന്ന് വിളിച്ചതും ആള് തുള്ളി പിടഞ്ഞ് അവന്റെ മേലേക്ക് ചാടി വീഴാൻ ഒരുങ്ങി.. ""അബീടെ കുട്ടോ.. '"'എന്ന് വിളിച്ച് കൊണ്ട് തന്നെ എഴുനേറ്റ് ചെന്ന് അവനെ കോരിയെടുത്ത് വയറിന് ഇക്കിളി കൂട്ടി കഴുത്തിലും മുഖത്തുമെല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി... കുടുകുടെ ചിരിക്കുന്ന അവന്റെ ചിരിയിൽ മറ്റെല്ലാം മറന്ന് അവനും പങ്ക് ചേർന്നു.... നിമിഷങ്ങൾ നീണ്ട സ്നേഹപ്രകടനത്തിന് ശേഷമാണ് മറ്റെങ്ങോ നോക്കി കിടക്കുന്ന സുറുമിയെ ശ്രദ്ധിച്ചത് പോലും.......നിർവികരമായ ഭാവമാണ് അവിടെ... തന്നോട് ദേഷ്യം പെടുമ്പോൾ പോലും ചിരി കടിച്ച് പിടിച്ച് നിൽക്കുന്നവളാണ്.. "ഉണർന്നിട്ട് ഒത്തിരി നേരായോ... ഞാൻ ഉറങ്ങി പോയി...

വിളിക്കായിരുന്നില്ലേ...?" മഷൂദ് മോനെ തോളിലിട്ട് മേശപ്പുറത്തുള്ള ഫോൺ എടുത്ത് സമയം നോക്കി... എട്ടര ആകുന്നു സമയം... "ഞാൻ കാന്റീനിൽ പോയിട്ട് എന്തേലും കൊണ്ട് വരാ... മോനിവിടെ ഇരിക്കട്ടെ..." മോനെ അവൾക്കടുത്തായി ഇരുത്തി അവൻ വാതിൽ ലക്ഷ്യമാക്കി നടന്നു... അവളിൽ നിന്നൊരു മറുപടി അവനും പ്രതീക്ഷിച്ചു കാണില്ല.. വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ ആഞ്ഞതും ആദൂന്റെ ചിണുങ്ങിയുള്ള കരച്ചിൽ കേട്ടു... മുഖം ചുളിച്ച് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു,.. തന്നെ നോക്കി കൈ രണ്ടും ഉയർത്തി കാണിച്ച് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന ആദൂനെ ... തനിക്കൊപ്പം പുറത്തേക്കിറങ്ങാൻ വേണ്ടിയുള്ള ചിണുങ്ങൽ ആണ് .. ഇടയ്ക്ക് അവ്യക്തതയോടെ ബാ എന്ന് പറയുന്നുമുണ്ട്... അവന്റെ പുറത്തായി കൈ തട്ടി ആശ്വസിപ്പിക്കുന്നുണ്ട് എന്നല്ലാതെ യാതൊരു ഭാവവ്യത്യാസവും സുറുമിയിൽ ഇല്ല എന്ന് കണ്ടതും മറ്റൊന്നും ചിന്തിച്ചില്ല... അവനെയും എടുത്ത് പുറത്തേക്കിറങ്ങി.. ഏതൊരാളേയും പോലെ ആ നിമിഷം തന്റെ ഉള്ളം അഹങ്കരിക്കുന്നുണ്ടായിരുന്നു... അഭിമാനിക്കുന്നുണ്ടായിരുന്നു..താനും ഒരു ഉപ്പയായിരിക്കുന്നു....താൻ പോകുമ്പോ ചിണുങ്ങി കൊണ്ട് തനിക്കൊപ്പം കൂടാനും തന്നെ കാണുമ്പോ ചിരിയോടെ മേലേക്ക് ചാടാനും മാത്രം തന്റെ കുഞ്ഞ് തന്നെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു...

അപ്പോഴും മനസ്സ് തൊട്ട് ഒന്ന് സന്തോഷിക്കാൻ കഴിയാത്ത വണ്ണം നിസ്സംഗഭാവത്തോടെയുള്ള സുറുമിയുടെ മുഖം ഉള്ളിൽ നോവുണർത്തി.. ഇത് പോലെയായിരിക്കണം ആദൂന്റെ ഓരോ വളർച്ചയിലും സുറുമിയുടെ അവസ്ഥ.... ഒരമ്മയെന്ന നിലയിൽ തന്റെ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മനസ്സ് തൊട്ട് സന്തോഷിക്കാനാവാതെ അവളുടെ ഉള്ളം തന്റെ ആഭാവത്തിൽ വിങ്ങിയിരിക്കണം... ഭക്ഷണം വാങ്ങി തിരികെ റൂമിൽ എത്തുമ്പോൾ സുറുമി ബെഡിൽ ചാരിയിരിക്കുകയാണ് ... മോനെ അവൾക്കടുത്തായി ഇരുത്തി കൊണ്ട് വന്ന ഭക്ഷണം പ്ലേറ്റിൽ സേർവ് ചെയ്ത് അവൾക്കായി നീട്ടി പിടിച്ചു... വെച്ച് നീട്ടിയ ഭക്ഷണത്തോട് അവൾ വാശി കാണിക്കില്ല എന്ന് വിചാരിച്ചെങ്കിലും അവളത് വാങ്ങിയില്ല.. "സുറുമി..ഭക്ഷണത്തോട് നിന്റെ വാശി കാണിക്കല്ലേ.." താക്കീത് പോലെ പറഞ്ഞു കൊണ്ടവൻ പ്ലേറ്റ് അവൾക്കടുത്തായി വെച്ചു.. മോനെ താഴെ ഇറക്കി വെച്ച് അവന് കളിക്കാനായി ടോയ്‌സ് എടുത്ത് കൊടുത്ത് ബാത്‌റൂമിൽ കയറി.. ഫ്രഷ് ആയി ഇറങ്ങുമ്പോഴും ഭക്ഷണം അത് പോലെ ഇരിപ്പുണ്ട്...രണ്ട് പറയാൻ നാവ് തരിച്ചതാണ്... അതിനായി തന്നെയാണ് അവളുടെ അടുത്തേക്ക് നടന്നതും.. എന്തൊക്കെയോ പറഞ്ഞു കൊണ്ട് ആദൂ കാലിൽ പിടിത്തം ഇട്ടതും ഒരു ദീർഘ ശ്വാസമെടുത്ത് വന്ന ദേഷ്യത്തെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർത്തി..

രൂക്ഷമായി അവളെ നോക്കി കൊണ്ട് തന്നെ കാലിൽ പിടിത്തം ഇട്ടിരിക്കുന്ന ആദൂനെ പൊക്കി എടുത്തു... കവിളിൽ ഒരുമ്മയും കൊടുത്ത് അവനെ തോളിലിട്ടു... എന്തോ നനവ് പോലെ തോന്നിയപോഴാണ് രണ്ട് കയ്യാലും ആദൂനെ മാറ്റിപിടിച്ച് നോക്കിയത്...അവന്റെ ഡയപേർ ലീക് ആയതാണ്..കയ്യിലും ഷർട്ടിന്റെ ഒരു ഭാഗത്തുമെല്ലാം നനഞ്ഞിട്ടുണ്ട്... എന്ത് ചെയ്യുമെന്നറിയാതെ സുറുമിയെ നോക്കിയ അതേ നിമിഷമാണ് ഡോർ ആരോ മുട്ടിയത്.. ഷർട്ടിൽ തട്ടാത്ത വിധം അവനെ എടുത്ത് കൊണ്ട് സുറുമിയെ ഒന്ന് നോക്കി കൊണ്ട് തന്നെ കതക് തുറന്നു... കതക് തുറന്നതും പുഞ്ചിരിയോടെ വിശേഷം ചോദിച്ചു കൊണ്ട് സമീറ അകത്തേക് കയറി.. ഷർട്ടിൽ ചെറുതായി നനഞ്ഞ ഭാഗം കാണേ ഡയപേർ ലീക് ആയോ എന്ന് ചോദിച്ചു കൊണ്ടവർ കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ച് മശൂദ്ന്റെ കയ്യിൽ നിന്ന് ആദൂനെ വാങ്ങി.. "നീ കാന്റീനിൽ നിന്ന് ഫുഡ്‌ വാങ്ങിയെന്ന് പറഞ്ഞത് കൊണ്ട് ബ്രേക്ഫാസ്റ് ഒന്നും ഞാനെടുത്തില്ല ട്ടോ.. അതിത്തിരി കഞ്ഞിയും മോനുള്ള കുറുക്കും മറ്റുമാണ്..." മേശപ്പുറത്ത് വെച്ച കവറിലേക്ക് എത്തി നോക്കുന്നത് കാണേ സമീറ ചിരിയോടെ പറഞ്ഞു.. ഇതൊക്കെ എപ്പോ പറഞ്ഞു എന്ന ഭാവത്തോടെ സുറുമിയെ നോക്കി..

അവൾ പാതി തുറന്ന ബാത്‌റൂമിന്റെ കതകിലൂടെ മോനെ നോക്കിയിരിക്കുകയാണ്... സത്യം പറഞ്ഞാൽ മോന്റെ ഡയപർ ലീക് ആകുമെന്നോ ഡ്രസ്സ് മാറി ഫ്രഷ് ആക്കേണ്ടി വരുമെന്നോ എന്നൊന്നും ചിന്തിചിരുന്നില്ല.. രാത്രി എല്ലാം ചെയ്ത് തന്നാണ് ഹിബ പോയത്. ആ നേരം പുറത്ത് ആയത് കൊണ്ട് അതൊന്നും ശ്രദ്ധിക്കാനും പോയില്ല... അവന്റെ മുഷിഞ്ഞ ഡ്രസും ഡയപേറും മാറ്റി അവരുടെ കാലിൽ മോനെ ഇരുത്തി വെള്ളം ഒഴിച്ച് അവനെ കുളിപ്പിക്കുന്നത് നോക്കി കണ്ടു മഷൂദ്.. കുളിപ്പിച്ചു കഴിഞ്ഞതും ബാഗിൽ നിന്ന് ഒരു തോർത്തു എടുത്ത് അവനെ കയ്യിൽ വാങ്ങി.. ഇതെനിക്ക് ചെയ്യാവുന്നതേയൊള്ളൂ എന്ന് സമീറ പറഞ്ഞെങ്കിലും പുഞ്ചിരിയോടെ വേണ്ടെന്ന് പറഞ്ഞ് അവനെ ബൈസ്റ്റാൻഡേഴ്സിനുള്ള കട്ടിലിൽ നിർത്തി .... തല നനച്ചിട്ടില്ലാത്തത് കൊണ്ട് മുഖവും മേലുമെല്ലാം വൃത്തിയായി തുടച്ചു കൊടുത്തു.... തലേന്ന് നിഹാൽ ഐഷുവിന് സ്‌കർട്ടും ഫുൾ സ്ലീവ് ഉള്ള ഒരു ഷർട്ടും ഇട്ടു കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു.. അത് ശ്രദ്ധിച്ചത് കൊണ്ട് ഡൈപ്പർ കെട്ടി ഫുൾ സ്ലീവ് ഉള്ള ഒരു ഫുൾ ബോഡി സ്യുട്ട് ശ്രദ്ധയോടെ ഇട്ടു കൊടുക്കുന്നതിനിടെയാണ് സുറുമി സമീറയോട് ഫ്രഷ് ആകണം എന്ന് പറയുന്നത്....

.തിരിഞ്ഞു നോക്കിയില്ലെങ്കിലും ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തി നിർത്താതെ തന്നെ അവളുടെ സംസാരത്തിന് കാതോർത്തു.. തലക്ക് പുറകിൽ സ്റ്റിച്ച് ഉള്ളത് കൊണ്ട് തല കുളിക്കണ്ട... ഇളക്കം പറ്റിയാൽ ബ്ലഡ്‌ വരുമെന്നൊക്കെ ആവലാതിയോടെ സമീറ പറയുന്നുണ്ട് അവളോട്.... മേലെങ്കിലും കഴുകണം.. ബ്രഷ് ചെയ്യായിട്ടും ഒന്ന് ഫ്രഷ് ആകായിട്ടും ഭയങ്കര അസ്വസ്ഥത .. ഭക്ഷണം കഴിക്കാൻ ഒന്നും തോന്നുന്നില്ല എന്ന് ആസ്വസ്തയോടെ സുറുമി സമീറയോട് പറയുന്നത് കേട്ടു... ഭക്ഷണം കൊടുത്തപ്പോൾ പോലും അവളെന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്ന് വേദനയോടെ ഓർത്തു മഷൂദ് ... അല്ല... താൻ ചോദിച്ചതുമില്ല..... രാവിലെ എഴുന്നേറ്റാൽ ബ്രഷ് ചെയ്യണം...ഒരേ കിടപ്പ് കിടന്ന് മുഷിഞ്ഞു കാണും അത് കൊണ്ട് ഒന്ന് ഫ്രഷ് ആകാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല എന്നൊക്കെ തനിക്കും അറിയാവുന്നതല്ലേ... എന്നിട്ടെന്തേ ഓർത്തില്ല...?? ഒന്ന് പറഞ്ഞിരുന്നെങ്കിൽ താൻ കൊണ്ട് പോകുമായിരുന്നല്ലോ വാഷ്റൂമിലേക്ക്........ അത് പോലും പറയാൻ ഇഷ്ടമില്ലാത്ത വണ്ണം അവളെന്നെ വെറുത്തു പോയോ..അത്രക്കും അന്യനായി പോയോ അവൾക്ക് താൻ... "ഡാ.. എന്താടാ നിന്റെ അഭിപ്രായം...?? അവൾക്ക് മേല് കഴുകണം ന്ന്.." സമീറയാണ്.. "

മുഷിഞ്ഞു കാണും സമിത്ത.... ഒരേ കിടപ്പല്ലേ... ഫ്രഷ് ആയിക്കോട്ടേ... തല ഇളക്കണ്ട.."എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു... സമീറ തന്നെയാണ് അവളെ വാഷ്റൂമിൽ കൊണ്ട് പോയതും മേല് കഴുകനും മറ്റും സഹായിച്ചതും.. ആ നേരം കൊണ്ട് കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും സമീറ കൊണ്ട് വന്ന കുറുക്ക് സ്പൂൺ ബോട്ടിലിൽ ആക്കി മോന് കൊടുത്തു...തലേന്ന് നിഹാലിൽ നിന്ന് കണ്ടിരുന്നല്ലോ... മേല് കഴുകി ഡ്രസ്സൊക്കെ മാറിയപ്പോ തന്നെ സുറുമിയുടെ മുഖത്തെ ക്ഷീണം മാറി തെളിച്ചം വന്നിരുന്നു... സമീറ വാരി കൊടുത്തപ്പോൾ എടുത്ത അപ്പവും കറിയുമെല്ലാം വയറ് നിറച്ചു കഴിച്ചു അവൾ .. സമീറ നിർബന്ധിച്ചത് കൊണ്ട് മാത്രം ഒന്ന് കഴിച്ചെന്നു വരുത്തി എഴുനേറ്റു മഷൂദ്.... ഉച്ചക്ക് റംസാൻ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് എത്തുമ്പോഴേക്കും പോയാൽ മതി..അത് കൊണ്ട് വെങ്ങാട്ട് പോയി ഫ്രഷ് ആയി വരാൻ മശൂദ്നെ നിർബന്ധിച്ചത് സമീറ തന്നെയായിരുന്നു... മേലെല്ലാം അഴുക്കായത് കൊണ്ട് വേഗം വരാമെന്ന് പറഞ്ഞ് മോന്റെ കണ്ണ് വെട്ടിച്ച് ഇറങ്ങി.... ആൾക്ക് റൂമിൽ ഇരുന്ന് മടുത്തിരിക്കുകയാണ്.. പുറത്തേക്ക് പോകാൻ കിട്ടുന്ന അവസരം ഒന്നും പാഴാക്കുന്നില്ല അവൻ... ഓട്ടോയിലാണ് വെങ്ങാട്ട് പോയത്... അവളുടെ സംസാരങ്ങളോ പുഞ്ചിരിയോ കുസൃതിയോ ഇല്ലാത്ത വീട്....

വന്നിട്ട് മൂന്നു വർഷം ആകുന്നതേ ഒള്ളൂ... പക്ഷെ അവളില്ലാത്ത ഓരോ ഇടവും ജീവനില്ലാത്ത പോലെ... കുറഞ്ഞ വാക്കുകളിൽ ഉമ്മയോടും ഷെറിയോടുമുള്ള വിശേഷങ്ങൾ പങ്ക് വെച്ച് വേഗം ഫ്രഷ് ആയി പോകാൻ ഇറങ്ങി..അവിടെ നിൽക്കും തോറും വല്ലാത്തൊരു വീർപ്പമുട്ടൽ.. അപ്പോഴേക്കും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചത്തേക്കുള്ള ഭക്ഷണം ഉമ്മ റെഡി ആക്കിയിരുന്നു.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ കുറച്ച് കഷ്ട്ടപെട്ടെങ്കിലും അതുമായിട്ടാണ് ഹോസ്പിറ്റലിൽ പോയത്.. മുറിയിൽ എത്തുമ്പോ ഡോക്ടർ ഖലീൽ അഹ്‌മദ്‌ സുറുമിയെ പരിശോധിക്കുകയാണ്.. കൂടെ ചിരിയോടെ ഓരോ വിശേഷങ്ങൾ പറയുന്നുമുണ്ട് അയാൾ... അയാൾ സുറുമിയോട് കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നോ... അതോ വെറും തോന്നലോ... ഉള്ളിൽ തോന്നിയ അസ്വസ്ഥത മറച്ചു വെച്ചു കൊണ്ടാണ് മഷൂദ് റൂമിലേക്ക് കയറിയത് ..... ഒരു കൃത്രമ പുഞ്ചിരിയിൽ കാര്യങ്ങൾ ആരാഞ്ഞു.. ബ്ലഡ്‌ കൗണ്ട് എല്ലാം ഒക്കെയാണ്... ഇന്നത്തെ മരുന്ന് കൂടെ കഴിഞ്ഞ് നാളെ ഡിസ്റ്റാർജ് ചെയ്യാമെന്ന് അറിയിച്ചു... യാത്ര പറഞ്ഞു പോകാൻ നേരം സുറുമിയോടായി പ്രതേകം നാളെ കാണാമെന്നു പറഞ്ഞതും മറുപടിയായി തെളിമായർന്ന ചിരിയോടെ സുറുമി മറുപടി പറഞ്ഞതുമെല്ലാം മനസ്സിനെ ആസ്വസ്ഥമാക്കുന്നത് മഷൂദ് അറിഞ്ഞു ...

റംസാൻ ഉച്ചയൂണിന് വരുമെന്നത് കൊണ്ട് അധികം വൈകാതെ യാത്ര പറഞ്ഞു കൊണ്ട് സമീറ ഇറങ്ങി.. സമീറ പോയതും മോനെ ഫീഡ് ചെയ്യാനായി സുറുമി മറുവശം ചെരിഞ്ഞു കിടന്നു ... ദേഷ്യമാണ് ആദ്യം തോന്നിയത്..തന്നെ ഒഴിവക്കാൻ മനഃപൂർവ്വം ചെയ്യുന്നതാ... ഡോക്ടറോട് ചിരിച്ച് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ലായിരുന്നു.. തന്നോടൊന്ന് മിണ്ടാൻ ആണ് പ്രയാസം... അല്ലെങ്കിൽ തന്നെ മണിക്കൂർ വെച്ച് കൊടുക്കാൻ അതിനും മാത്രം എന്താ അതിലുള്ളെ.... സഫയും ഷെറിയുമെന്നും ഇങ്ങനെ ഫീഡ് ചെയ്യുന്നത് കണ്ടിട്ടില്ലല്ലോ....അല്ലാ... കാണാൻ താനിവിടെ ഉണ്ടായിട്ടില്ലല്ലോ ... ഉണ്ടെങ്കിൽ തന്നെ തന്നെ കാണിച്ച് കൊണ്ടല്ലല്ലോ ഫീഡ് ചെയ്ത് കാണുക ....സംസാരിക്കാൻ ഒന്നുമില്ലാതെ 'വേറെന്താ' 'വേറെന്താ' എന്ന് ചോദിച്ചിരുന്ന സമയത്ത് മോന്റെ ഡെയിലി റൊട്ടീനും ഫീഡിങ് ടൈമുമെല്ലാം ചോദിച്ചിരുന്നെകിൽ ഇപ്പൊ ആലോചിച്ച് തല പുണ്ണാക്കേണ്ട ആവിശ്യം ഇല്ലായിരുന്നു...പോയ ബസിനു കൈ കാണിച്ചിട്ട് കാര്യല്ലല്ലോ... ""എന്താണ് അവളുടെ മനസ്സിൽ...ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.....ദേഷ്യപ്പെട്ട് രണ്ട് തെറിയും പറഞ്ഞ് ഒരടിയും തന്നിരുന്നെങ്കിലും ഇത്രക്ക് വേദന തോന്നില്ലായിരുന്നു... ഇതിപ്പോ ഒന്ന് നോക്കാതെ..ഒരു വാക്ക് പോലും മിണ്ടാതെ...

എങ്ങനെ സാധിക്കുന്നു അവൾക്കിങ്ങനെ പെരുമാറാൻ...തന്റെ മുഖം വാടിയാൽ അത് ആദ്യം പ്രതിഫലിക്കുക അവളുടെ മുഖത്തായിരുന്നു.. തന്റെ വിഷമങ്ങൾ പറയുമ്പോഴൊക്കെ ഒരു കുഞ്ഞിനെ പോലെ മാറോടക്കി പിടിച്ച് സമാധാനിപ്പിച്ചിട്ടേ ഒള്ളൂ....തന്നോട് പിണങ്ങി ഇരിക്കുമ്പോ പോലും താനൊന്ന് ചിരിച്ചാൽ എല്ലാ പരിഭവങ്ങളും മറന്ന് തനിക്കൊപ്പം ചിരിക്കുന്നവളാണ്... .... നിന്റെ ഈ മൗനം ഓരോ നിമിഷവും എന്റെ മനസ്സിനെ കുത്തിമുറിവേൽപ്പിക്കുകയാണെന്ന് നീ അറിയുന്നുണ്ടോ സുറുമീ .."" അവനൊന്ന് നിശ്വസിച്ചു... ബെഡിൽ കൈ കുത്തി എഴുനേൽക്കാൻ ശ്രമിക്കുന്നവളെ കണ്ടു അടുത്തേക്ക് ചെന്നപ്പോഴേക്കും അവൾ എഴുനേറ്റിരുന്നിരുന്നു... കൈകളുടെ വീക്കത്തിനു നല്ല മാറ്റമുണ്ട്.. രണ്ട് കയ്യിന്റെ പുറം ഭാഗവും നീലിച്ച് കിടപ്പാണ്.. കൂടെ സൂചി കുത്തിയിറക്കിയതിന്റെ ഉണങ്ങാത്ത പാടുകൾ വേറെയും... ഒരു പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി അവൾക്കടുത്തേക്ക് ചെന്നു... രാവിലെ സമീറയാണ് വാരി കൊടുത്തത്..ഒന്ന് ശങ്കിച്ച് നിന്നപ്പോഴേക്കും കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി കഴിച്ചു തുടങ്ങിയിരുന്നു അവൾ... തന്നെയോ തന്റെ സാന്നിധ്യമോ ഗൗനിക്കാതെ അവൾ കഴിക്കുന്നത് നോക്കിയിരുന്നു മഷൂദ്...ആ നേരമത്രയും എന്ത് സംസാരിക്കും..,എങ്ങനെ തുടങ്ങും...

എന്നതിന്റെ ഒരു പ്രെപ്പറേഷൻ നടത്തുകയായിരിന്നു അവൻ ... ഒരിക്കൽ കൂടെ വെറുപ്പാണെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞാൽ എന്ത് ചെയ്യും...ഇറങ്ങി പോയാലോ.... എന്നെന്നേക്കുമായി...അവളുടെ ജീവിതത്തിൽ നിന്ന് തന്നെ...അപ്പൊ എന്റെ മോൻ... കണ്ടു കൊതി തീർന്നിട്ടില്ലാലോ ... ന്റെ പെണ്ണിനേയും കണ്ടോ ഒരുമിച്ച് ജീവിച്ചോ കൊതി തീർന്നിട്ടില്ല... പിന്നെങ്ങനെ ഇറങ്ങി പോകും...??? കൂട്ടിയും കുറച്ചും ചിന്തിച്ചും അവളോടൊന്ന് സംസാരിക്കാൻ വേണ്ടി കണ്ണടച്ച് ദീർഘ ശ്വാസം എടുത്തപ്പോഴേക്കും അവൾ കഴിപ്പ് നിർത്തി കൈകഴുകാൻ ബാത്‌റൂമിലേക്ക് പോയിരുന്നു... നെറ്റിയിലൊന്ന് തിരുമ്മി കൊണ്ടവനും എഴുനേറ്റു..അവൾ കഴിച്ച് വെച്ച പ്ലേറ്റിൽ ചോറ് വിളമ്പി ആസ്വദിച്ച് ആസ്വദിച്ച് കഴിച്ചു അവൻ.. രണ്ട് ദിവസമായി തളർന്ന് പോകാതിരിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചെന്നു വരുത്താറാണ്... ഇപ്പൊ അവളുടെ പ്ലേറ്റിൽ നിന്ന് അവൾ കഴിച്ച് അവശേഷിക്കുന്നതിൽ തന്നെ വിളമ്പി കഴിക്കുമ്പോ എന്തോ വല്ലാത്തൊരു രുചി...! എന്തൊരു പൈങ്കിളി ല്ലേ... തന്റെ കയ്യിൽ ഒരുരുളക്ക് വാ തുറന്ന് വെക്കുമ്പോ താൻ പറയാറുണ്ടായിരുന്നു... നിന്റെ പ്ലേറ്റിൽ ഉള്ളത് കഴിക്കെടി ന്ന്.. അപ്പൊ അവൾ പറയും ഈ ഉരുളക്ക് ഭയങ്കര രുചിയാണെന്ന്...

നീ എന്തൊരു പൈങ്കിളിയെന്നെന്ന് പറഞ്ഞ് കളിയാകുമ്പോ പ്രണയം ചിലപ്പോ പൈങ്കിളിയാണ് മഷ്ക്കാ എന്ന് നിഷ്കളങ്കമായി പറയുന്നവളെ നോക്കി താൻ ചിരിക്കും... നിനക്ക് വട്ടാ പെണ്ണേ.... ന്ന് മനസ്സ് മൊഴിയും...അതേ അവൾക്ക് വട്ടായിരിന്നു.... താനെന്ന വട്ട്... അത് കണ്ടില്ലെന്നു നടിച്ചത് താനാണ്... ഏതോ ഓർമയിൽ ഒരു ചെറു ചിരി അവന്റെ മുഖത്ത് വിരിഞ്ഞു.. മറുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അവളെ നോക്കി കട്ടിലിന്റെ അടുത്തായി കസേരയിട്ട് ഇരിന്നു മഷൂദ്... ദീർഘമായി ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ടവൻ ഏറി വരുന്ന ഹൃദയ മിടിപ്പിനെ യാഥാസ്ഥിതിയിൽ വരുത്താൻ ശ്രമിച്ച് പരാജയപ്പെട്ടു ... എന്തിന് ഭയപ്പെടണം... തന്റെ പെണ്ണല്ലേ ... അവളുടെ എന്ത് കാര്യത്തിനും തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം തന്നതല്ലേ...സ്വയം പറഞ്ഞ് മനസ്സിനെ പകപ്പെടുത്തി.. "സുറുമീ...എന്താടി നീയെന്നോട് മിണ്ടാത്തെ..എത്ര നാള് കൂടിയിട്ട് വരുവാ ഞാൻ... തീർന്നില്ലേ നിന്റെ പിണക്കം... ഹ്മ്മ്???" ചലനങ്ങളിൽ നിന്നും അവൾ ഉറക്കമല്ല എന്നവന് ഉറപ്പായിരുന്നു... മറുപടിയൊന്നും ഉണ്ടായില്ല... നിരാശ തോന്നിയോ...?? "ഇനിയും ഇങ്ങനെ മിണ്ടാതെ ഇരിക്കുവാണേൽ ഞാൻ പോവുംട്ടോ...." ഉള്ളിലെ നോവിനെ അടക്കി നിർത്തി കുറുമ്പോടെയാണ് പറഞ്ഞത്... "മനഃപൂർവം അല്ലല്ലോ സുറുമീ...

ഓഫിസിലേക്ക് ഫോൺ ഞാൻ കൊണ്ട് പോയിട്ടില്ലായിരുന്നു.. അതാ നീ വിളിച്ചത് അറിയാതെ പോയത്... ഇല്ലേൽ ഉറപ്പായും നീ അത്രയും തവണ വിളിക്കുമ്പോ തന്നെ എടുത്തേനെ ... അതിന് നീ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരുന്നാലോ...അറിഞ്ഞതും ഓടി വന്നില്ലേ ഞാൻ....." ഹൃദയം പറഞ്ഞതല്ല നാവ് കേട്ടത്... "ദേ.. ഞാൻ പൂവാട്ടോ ... നീ മിണ്ടാതെ ഇരുന്നോ.... മിണ്ടാതെ ചിരിക്കാതെ ഇരിന്നിട്ട് എനിക്ക് ബോർ അടിക്കുന്നു..." ചെറുതായി ദേഷ്യം വന്ന് തുടങ്ങിയിരുന്നു അവന്.. അത് മറച്ചു വെച്ച് കൊണ്ട് മയം വീണ്ടെടുത്താണ് സംസാരിച്ചത്.. അതിനും മറുപടി ഇല്ലെന്ന് കണ്ടതും തെല്ലൊരു അരിശത്തോടെ കസേരയിൽ നിന്നെഴുന്നേൽക്കുന്നതിനോടൊപ്പം കസേര പുറകിലേക്ക് തള്ളി അരിശം പ്രകടിപ്പിച്ചു..ഊക്കോടെ തന്നെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി... പെണ്ണായാ ഇത്ര വാശി പാടോ...അരികിലായി ഇട്ടിരിക്കുന്ന ഇരിപ്പിടത്തിൽ തലക്ക് കൈ കൊടുത്ത് കൊണ്ടവൻ ഇരുന്നു... സത്യത്തിൽ ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത്..തന്റെ വീഴ്ച ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കണമെന്നും തന്റെ ജീവനാണെന്നും നീ ഇല്ലാതെ നിന്റെ സാമീപ്യം ഇല്ലാതെ നിന്റെ പുഞ്ചിരിയില്ലാതെ എനിക്ക് ശ്വാസം മുട്ടുന്നു എന്നെല്ലാം പറഞ്ഞ് അർത്തിതിരിമ്പുന്ന കടൽ പോലെ ഉള്ളിൽ അലയടിക്കുന്ന തന്റെ ചിന്താ ഭാരത്തെ...

തന്റെ വിഷമങ്ങളെ അവളുമായി പങ്ക് വെക്കണമെന്നും ആ കരം കവർന്ന്.. ഇറുകെ പുണർന്ന്.. ചുംബനങ്ങൾ കൊണ്ട് മൂടി ക്ഷമ ചോദിക്കണമെന്നും.. അങ്ങനെ എന്തൊക്കെയോ ആയിരുന്നു മനസ്സിൽ... എന്നും മശൂദ്ന് സുറുമി മതിയെന്നും സുറുമിയില്ലാതെ മഷൂദ് അപൂർണ്ണമാണെന്നും പറയണം എന്നുണ്ടായിരിന്നു... ഒന്നും പറയാൻ കഴിഞ്ഞില്ല... ഉള്ളിലെ വേദന താങ്ങാനാവാത്തത് കൊണ്ടാണോ അത് ദേഷ്യമായി പരിണമിച്ചത്... അതല്ല.. സുറുമി പറയുന്ന പോലെ.. നവി ശാസിക്കുന്ന പോലെ തന്റെ ഉള്ളിലെ വികാരം പ്രകടിപ്പിക്കാൻ കഴിയായിട്ടോ.. അതോ ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുമ്പോൾ...ഒന്ന് മിണ്ടാൻ,പിണക്കം മാറ്റാൻ യാചിക്കുമ്പോ അവളുടെ മുമ്പിൽ ചെറുതാകുമെന്ന ഈഗോയോ.. സ്വന്തത്തെ കുറ്റപ്പെടുത്തിയും ശാസിച്ചും ന്യായികരിച്ചും എങ്ങനെയൊക്കെയോ അവിടെ ഇരുന്ന് സമയം തള്ളി നീക്കി.ചിന്തകൾ മല വെള്ള പാച്ചിൽ പോലെ ഉള്ളിൽ കുമിഞ്ഞു കൂടുകയാണ്.. എന്നിട്ടും അകത്തേക്ക് കയറാൻ തോന്നിയില്ല.. വൈകീട്ട് സൽമാനും സഫയും ഉമ്മയും വാപ്പച്ചിയുമെല്ലാം വന്നു... രാത്രിയാണ് അവർ മടങ്ങിയത്... മറിയു മോളുടെ കുസൃതിയും ആദൂന്റെ കുറുമ്പുകളും കത്തി വെക്കലുമൊക്കെയായിരുന്നു പ്രധാന പരിപാടി..

ആ നേരമത്രയും തമ്മിലുള്ള അകൽച്ച മറ്റുള്ളവരെ അറിയിക്കാതെയിരിക്കുന്നതിൽ ഇരുവരും വിജയിച്ചു...... മഷൂദ് വന്നിട്ട് രണ്ട് ദിവസമല്ലേ ആയോള്ളൂ.. ആ കണ്ണുകൊണ്ട് കാണുന്നത് കൊണ്ടായിരിക്കാം അതാരും ശ്രദ്ധിചില്ല.. പോകുന്നതിന് മുമ്പേ ആദൂനെ മേല് കഴുകി ഡ്രസ്സ് ചെയ്ത് സുന്ദരനാക്കിയിരുന്നു സഫ. അത് കൊണ്ട് തന്നെ അവർ പോയതും മോനെയും കൊണ്ട് കിടന്നു സുറുമി.. കുറച്ച് നേരം അവൾക്കടുത്തായി ഇരുന്നു... ദേഷ്യം തോന്നി അവളുടെ ഈ ദുർവാശി ഓർത്ത് ... വേദന തോന്നി അവൾ തന്നെ അവഗണിക്കുന്നത് ഓർത്ത്.. കഴിഞ്ഞ ലീവിന് തന്നോട് പിണങ്ങി കട്ടിലിൽ കിടക്കാതെ താഴെ ബെഡ് ഷീറ്റ് വിരിച്ച് കിടന്ന അവളെ ഓർമ വന്നു.. രാവേറെ കടന്നിട്ടും താഴെ കിടക്കുന്ന അവൾക്കും കട്ടിലിൽ കിടക്കുന്ന താനിക്കും ഉറങ്ങാൻ പറ്റിയില്ല.. ഒന്ന് രണ്ട് തവണ വന്ന് കിടക്കാൻ വിളിച്ചു നോക്കി... വേണ്ടാ എന്ന് കടുപ്പിച്ചുള്ള മറുപടി കിട്ടി... ടെക്സ്റ്റ്‌ മെസേജ് ചെയ്ത് ഒരു വിരിയിൽ താഴേ കിടക്കുന്നവളുടെ പരിഭവം മാറ്റാൻ നോക്കി..അതും ഏശിയില്ല.. ഒടുവിൽ തണുപ്പടിക്കേണ്ട.. അങ്ങോട്ട് നീങ്ങി കിടന്നോ... ഞാൻ തൊടാൻ പോലും വരില്ലെന്ന് പറഞ്ഞപ്പോ അഭിമാനം അടിയറവ് വെച്ച് പെണ്ണ് വന്ന് കിടന്നു...

ചുമരിനോട് ഒട്ടി കിടക്കുന്നവളെ നോക്കി ചിരിയടക്കാൻ പാട് പെട്ടു കൊണ്ട് താൻ മറുവശം ചെരിഞ്ഞതും ഒരു കൈ വന്ന് തന്നെ ചുറ്റി വരിഞ്ഞ് പുണർന്ന് തന്നിലേക്ക് അമർന്നതും ഒരുമിച്ചായിരുന്നു.. തിരിഞ്ഞോന്ന് കിടക്കാൻ പോലും സാധിക്കാത്ത വണ്ണം ഊക്കോടെ തന്നിലേക്ക് ഒട്ടി ചേർന്ന് കിടന്നു കൊണ്ടവൾ പുറത്തും പിൻകഴുത്തിലുമെല്ലാം അവളുടെ ചുണ്ടുകളും പല്ലുകളും കൊണ്ട് മുദ്ര വെച്ചു .. അത്യധികം സ്നേഹത്തോടെ.. പ്രണയത്തോടെ... ആ ഓർമയിൽ അവന്റെ കണ്ണുകൾ ഈറനായി.. 🍁🍁🍁 കാന്റീനിൽ പോയി നാസ്തക്കൊപ്പം മോനുള്ള കഞ്ഞിയും വാങ്ങി മഷൂദ്.. ഡിസ്റ്റാർജ് ഉണ്ടാകുമെന്ന് പറഞ്ഞത് കൊണ്ട് ഇന്നിനി സമീറയോട് കഞ്ഞിയും കുറുക്കും ഒക്കെയായി വരണ്ട എന്ന് ഇന്നലെ തന്നെ വിളിച്ചറിയിച്ചിരുന്നു... റൂമിലേക്ക് എത്തുമ്പോ തന്നെ കേട്ടു ആദൂന്റെ ഉച്ചത്തിലുള്ള കരച്ചിൽ,.. കട്ടിലിൽ ഇരുന്ന് ബാത്‌റൂമിലേക്ക് കൈ നീട്ടി കരയുകയാണ് ആള്.. സുറുമി ബാത്‌റൂമിലാണ് ... വെള്ളം വീഴുന്ന ശബ്ദം കേൾക്കാനുണ്ട്.. അവളെഴുനേറ്റ് പോയതിന് ശേഷമായിരിക്കാം അവൻ ഉണർന്നത്.. മശൂദ്നെ കണ്ടപ്പോൾ കരച്ചിലോടെ അവന് നേരെയായി കൈ നീട്ടൽ .....

പാർസൽ മേശപ്പുറത്ത് വെച്ച് കോരിയെടുത്ത് മാറോടടക്കി പിടിച്ചതും തേങ്ങലോടെ മഷൂദിന്റെ തോളിലേക്ക് ചാഞ്ഞു അവൻ.. ആരെയും കാണാത്തതിന്റെ സങ്കടം ആണവന്..അവനെ തോളിട്ട് സമാധാനിപ്പിക്കുന്നതിനോടൊപ്പം പാർസൽ തുറന്ന് നാസ്ത പ്ലേറ്റിലേക്ക് വിളമ്പി.. ചായയും കഴിക്കാനുള്ള മരുന്നും കാണാവുന്ന രീതിയിൽ വെച്ചു.. ചിണുങ്ങി കരയുന്ന അവനെയും തോളിലിട്ട് മുറിയിലൂടെ നടന്നു.. "അബീടെ ശിങ്കു.. അബീടെ കുട്ടോ.... കരയല്ലേടാ...അബി ദാ വന്നല്ലോ...."ഇങ്ങനെ തുടങ്ങി നാവിൽ വരുന്ന പേരെല്ലാം വിളിച്ച് ആദൂനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് മഷൂദ്... സുറുമി ബാത്‌റൂമിൽ നിന്നിറങ്ങിയതും മോനെ ബെഡിൽ നിർത്തി ഇട്ട ഡ്രെസ്സെല്ലാം ഊരി മാറ്റി.. "നാസ്ത കൊണ്ട് വന്നിട്ടുണ്ട്.. " കേൾക്കേണ്ട ആള് കേട്ടെന്ന് മനസ്സിലായതും ആദൂനെയും കൊണ്ട് ബാത്‌റൂമിൽ കയറി മഷൂദ്... ഇന്നലെ ഒരു തവണ ഡൈപ്പർ മാറ്റി കഴുകി എന്നല്ലാതെ കുളിപ്പിച്ചുള്ള പരിചയം ഒന്നുമില്ല... സമീറ ചെയ്തത് പോലെ കാലിൽ ഇരുത്തി കഴുകാൻ നോക്കിയെങ്കിലും ചെക്കൻ മുട്ട് വളക്കാതെ നിൽപ്പ് തന്നെ ..അപ്പോഴേക്ക് കരച്ചിലൊക്കെ നിർത്തി നിറഞ്ഞു നിൽക്കുന്ന ബക്കറ്റിലെ വെള്ളത്തിൽ കൈ അടിച്ച് ഭയങ്കര കളി തുടങ്ങിയിരുന്നു ചെക്കൻ ...

കുഞ്ഞുങ്ങളുടെ കരച്ചിലും ചിരിയും സങ്കടവും സന്തോഷവും എത്ര പെട്ടന്നാ മാറി മറയുന്നേ.. ഒരു നിലക്കും അവൻ ഇരിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവനെ കൊണ്ട് ബാക്കറ്റിൽ പിടിപ്പിച്ചു..തല കുളിക്കണോ വേണ്ടയോ എന്നറിയാതെ ഒന്ന് ശങ്കിച്ചു നിന്നു... ചോദിക്കാനുള്ളത് വാ തുറക്കാത്ത മൂദേവിനോടല്ലേ.. പിന്നെ രണ്ടും കൽപ്പിച്ച് തലയിലൂടെ വെള്ളം ഒഴിച്ചു.. ഒഴിച്ചതും ചെക്കൻ കുതറി കൊണ്ട് മശൂദ്ന്റെ കാലിൽ മുറുകി പിടിച്ചു.. ഒന്ന് ഞെട്ടിയെങ്കിലും ആള് പിന്നെയും വെള്ളത്തിൽ തല്ലി കളിച്ച് തുടങ്ങിയപ്പോൾ വീണ്ടും ഒരു മഗ് വെള്ളം കൂടെ തല വഴി കമിഴ്ത്തി....ഓരോ പ്രാവിശ്യം വെള്ളം ഒഴിക്കുമ്പോഴും ആള് കുതറി കൊണ്ട് ഇറുക്കി ഒരു പിടിത്തമാണ് കാലിൽ... ഇടയ്ക്ക് വീഴാനും പോകുന്നുണ്ട്..ആൾക്ക് തലയിലൂടെ വെള്ളം ഒഴിക്കുന്നത് പേടിച്ചിട്ടോ എന്തോ മശൂദ്ന്റെ മേലാണ് അവന്റെ പിടിത്തം മുഴവൻ.. മുട്ടിനു താഴെ അപ്പിടി വെള്ളം നനഞ്ഞു കുതിർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.. ഒരു വിധം കുളിപ്പിച്ച് തീർന്നപ്പോഴേക്കും കിതച്ചു പോയിരുന്നു മഷൂദ്... സമീറ ഇന്നലെ ചെയുന്നത് കണ്ടപ്പോൾ അനായാസം ചെയ്യാവുന്നതേ ഒള്ളൂ എന്നാ കരുതിയെ......ചിരിയും കളിയും കുതറി പിടിക്കലും വീഴലുമൊക്കെയായി നല്ല പാടാണ് ചെക്കനെ ഒന്ന് കുളിപ്പിച്ചെടുക്കാൻ ..

ഇതിലേറെ എളുപ്പത്തിൽ ഒരു പശൂനെ അഴിച്ച് കെട്ടാം.. അവനെ തോർത്തി ഡ്രസ്സ് ഇടുവിപ്പിച്ച് കളിക്കാൻ ടോയ്‌സും കൊടുത്ത് മുൻകരുതലിന് വേണ്ടി ഇന്നലെ കയ്യിൽ കരുതിയ ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി.. നാസ്ത കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് വാപ്പച്ചി വിളിക്കുന്നത്.. ഡിസ്റ്റാർജ് ആയി വലിയെടുത്തേക്ക് വരുന്നുണ്ടോ എന്നറിയാൻ ആണ്.. "മഷു വന്നതല്ലേ ന്ന് വെച്ചാ നിർബന്ധിക്കാത്തത്... നിങ്ങളുടെ തീരുമാനം പോലെ ആവട്ടെ.... രണ്ട് പേരും കൂടെ നാളെ തീരുമാനം അറിയിക്ക്.." എന്ന് ഇന്നലെ തന്നെ വാപ്പച്ചി പറഞ്ഞതാണ്... മറുപടിയായി ശരിയെന്ന പോലെ തലകുലുക്കിയതേ ഒള്ളൂ അപ്പോൾ.. ഇപ്പൊ വിളിച്ചിരിക്കുന്നത് തീരുമാനം അറിയാനാണ്.. വരുവാണേൽ ഉച്ചക്ക് സ്‌പെഷ്യൽ ഉണ്ടാക്കാനാണ്.. വാപ്പച്ചിയോട് മറുപടി പറഞ്ഞു കൊണ്ട് തന്നെ കഴിച്ച് തീർത്തു.. അവളോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു കൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത്... വിളിച്ചതും പറഞ്ഞതുമെല്ലാം കെട്ടിരിക്കുമല്ലോ... ഒരുത്തരത്തിനായി അവളെ നോക്കിയപ്പോൾ ഞാനൊന്നും കേട്ടില്ല എന്ന ഭാവമാണ് അവിടെ... വലിയെടുത്ത് കൊണ്ട് പോയി നിങ്ങളുടെ മകളെ നിങ്ങൾ തന്നെ വെച്ചോ... എന്ന് പറയാ വേണ്ടേ... അതിനങ്ങനാ... സ്നേഹിച്ച് പോയില്ലേ...

പ്രാണനായി... കഞ്ഞി എങ്ങനെയെങ്കിലും വയറ്റിലാക്കാൻ സ്പൂൺ ബോട്ടിലിൽ കഞ്ഞി നിറച്ച് ആദൂനെയും കൊണ്ട് പുറത്ത് ഇറങ്ങി മഷൂദ്...മുഖം ഉരുട്ടി കയറ്റി വെച്ചിരിക്കുന്ന അവളെ നോക്കാൻ തന്നെ മെനക്കെട്ടില്ല.. ഇടയ്ക്ക് നിഹാലിന്റെ ഫോൺ വന്നപ്പോൾ അവനുമായി സംസാരിച്ചു..അവൻ ബാങ്കിൽ ആണ്.. എത്ര എമൗണ്ട് എടുക്കണം എന്നറിയാനാണ്.. ബില്ല് കിട്ടാത്തത് കൊണ്ട് ഒരൂഹവും ഇല്ല... ആദൂക്ക് ഇന്നലെ തന്നെ ഡിസ്ചാർജ് എഴുതിയിരുന്നു.. എന്തായാലും ഒരുമിച്ചേ പോകൂ എന്നത് കൊണ്ട് ബിൽ ഒരുമിച്ച് വാങ്ങാമെന്ന് പറഞ്ഞതാണ്‌... സുറുമിയുടെ കാര്യം ചോദിച്ചപ്പോൾ എല്ലാമോന്ന് ചുരുക്കി പറഞ്ഞു.. ഇന്നലെ സംസാരിച്ചതെല്ലാം പറയുമ്പോ സ്വരം ഇടറന്നുണ്ടായിരുന്നു.... അമർത്തിയൊന്ന് മൂളിയെന്നല്ലാതെ മറുപടിയൊന്നും അവനും പറഞ്ഞില്ല.. തിരിച്ച് റൂമിലേക്ക് നടക്കുമ്പോ നിഹാലിനെ കുറിച്ചായിരുന്നു മഷൂദ് ചിന്തിച്ചത് മുഴുവൻ... പതിനാല് കൊല്ലത്തെ സുഹൃത്ത് ബന്ധമാണ് .... അവനോളം തന്നെ സുറുമി പോലും മനസ്സിലാക്കിയിട്ടുണ്ടാകില്ല..ഏത് പ്രശ്നത്തിനും ഒരു വാക്കിനും അപ്പുറം തന്റെ അടുത്തേക്ക് ഓടി വന്ന് അതിന് പരിഹാരം കാണുന്നവനാണ്... ദമാമിൽ ആയിരിക്കുമ്പോഴും മനസ്സ് വല്ലാതെ തളർന്ന് പോകുമ്പോ അവനെയാണ് വിളിക്കുക..

ഒന്നും പറയാനില്ലെങ്കിലും അവന്റെ സംസാരം കേൾക്കുമ്പോ തന്നെ വല്ലാത്തൊരു ഊർജ്ജമാണ് .. മനസ്സ് വല്ലാതെ ആസ്വസ്ഥമാകുന്ന ദിവസങ്ങളിൽ സുറുമിയെയും വിളിക്കും ... ഒന്നും പറയാൻ തോന്നില്ല.. വെറുതെ അവളുടെ സ്വസ്ഥതകെടുത്തണ്ട എന്ന് വിചാരിക്കും.. പക്ഷെ നുള്ളി പൊറുക്കി അവൾ പറയുന്ന വിശേഷങ്ങൾ കേൾക്കും.. അത് തന്നെ മതി മനസ്സ് സ്വസ്ഥമാകാൻ.... ചാരിയിട്ടിരിക്കുന്ന മുറിയുടെ കതക് തുറക്കാൻ ആഞ്ഞതും അവിചാരിതമായിട്ടാണ് അകത്ത് നിന്നുള്ള സംസാരം കേൾക്കാൻ ഇടയായാത്.. "തനിക്കുള്ളതാണെന്ന് വിചാരിച്ചത് കൊണ്ടായിരിക്കാം.. ആദ്യ കൂടിക്കാഴ്ച്ചക്ക് ശേഷം വല്ലാതെ അങ്ങ് മനസ്സിൽ പതിഞ്ഞു പോയത്.. പിന്നെ അത്രയൊക്കെ സംഭവ വികാസങ്ങൾ നടന്നിട്ടും മറക്കാൻ പറ്റിയില്ല.... അതാണ്‌ പിന്നീട് വിവാഹം പോലും വേണ്ടെന്ന് വെച്ചത്...." നിരാശ കലർന്ന സ്വരം.... നിമിഷം പോലും വേണ്ടി വന്നില്ല അതാരാണെന്ന് മനസ്സിലാക്കാൻ... നെഞ്ചിടിപ്പിന്റെ വേഗതയാൽ ഒരു വേള ഹൃദയം നിലച്ച് പോകുമോ എന്ന് പോലും ഭയന്നു മഷൂദ്... മോന്റെ മേലുള്ള പിടിത്തം മുറുക്കി... മോനെ തന്നിലേക്ക് ചേർത്ത് പിടിച്ചു മഷൂദ്.. ഒരു ബലത്തിനെന്ന പോലെ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story