സുറുമി: ഭാഗം 6

surumi

എഴുത്തുകാരി: അവന്തിക

സുറുമിയും ഹനയും സഫയും വിമൻസ് കോളേജിൽ അഡ്മിഷൻ എടുത്തു.മൂന്ന് പേർക്കും പോയിവരാനുള്ള ദൂരമായതിനാൽ കോളേജ് ഹോസ്റ്റൽ വേണ്ടെന്ന് വെച്ചു.മഷൂദ് ന്റെ നിർദേശ പ്രകാരം നിഹാലാണ് സഫക്ക് ഹനയുടെ കോളജിൽ അഡ്മിഷൻ എടുത്തത്. പക്ഷെ സുറുമിയും ഹനയും ഒരു ഡിപ്പാർട്മെന്റും സഫയും അവളുടെ കൂടെ തന്നെ പ്ലസ് ടു ഉണ്ടായിരുന്ന ശ്രീലേഖയും വേറെ ഡിപ്പാർട്മെന്റുമായി.. രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴുള്ള മഷൂദ് ന്റെ ഫോൺ കാളുകളിൽ സഫക്ക് സ്കൂളിന്റെയും ഫ്രണ്ട്സിന്റെയും വിശേഷങ്ങൾ തന്നെ ഒരുപാടുണ്ടാകും പറയാൻ.. ഇത് കണക്ക് കൂട്ടികൊണ്ടാണ് നിഹാലിനെ വിളിച്ച് ഹനയുടെ കോളേജിൽ സഫയ്ക്ക് കൂടെ അഡ്മിഷൻ എടുക്കാൻ പറഞ്ഞത്. സുറുമിയും സഫയും ഒരു കോളേജിലും ഒരേ ക്ലാസ്സിലുമായാൽ സഫ വഴി സുറുമിയുടെ പേരെങ്കിലും വല്ലപ്പോഴും കേൾക്കാം എന്നുള്ള മഷൂദ് ന്റെ ഐഡിയ അങ്ങനെ എട്ട് നിലയിൽ പൊട്ടി.. ഡിപ്പാർട്മെന്റ് വേറെ ആയതിനാൽ അവരുടെ കൂടികാഴ്ചകളും എപ്പോഴെങ്കിലുമായി ..

ക്യാന്റീനിൽ വെച്ചോ ബസ്സ്റ്റോപ്പിൽ വെച്ചോ ഒരു നോട്ടത്തിൽ കാണും.. ചിലപ്പോൾ പരിചയത്തിൽ ചാലിച്ച പുഞ്ചിരി അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കുകളിലുള്ള വിശേഷം പങ്കിടൽ.. അത് കൊണ്ട് തന്നെ മഷൂദ്നോട്‌ സുറുമി യെ കുറിച്ച് പറയാനുള്ളതായി സഫക്ക് ഒന്നുമില്ലായിരുന്നു. ദിവസങ്ങൾ മാസങ്ങളായി പൊയ്ക്കൊണ്ടിരുന്നു.. ആദ്യമൊക്കെ സുറുമിക്ക് സഫയെ കാണുമ്പോൾ ഒരു വേദനയായിരുന്നു... മശൂദ്ന്റെ കുസൃതിയോടെയുള്ള നോട്ടവും അവന്റെ ചിരിയുമൊക്കെ മുന്നിൽ കാണും പോലെ.. പിന്നെ പിന്നെ അതവൾ മറക്കാൻ ശ്രമിച്ചു.. ഇനിയും കാണുമോ എന്ന് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി ഹൃദയം താളം പോലും പിഴക്കുന്നത് എന്തിനാണെന്ന് അവൾ സ്വയം ചോദിച്ചു. കാലം മായ്ക്കാത്ത ഓർമ്മകളില്ലല്ലോ.. അല്ലെങ്കിൽ തന്നെ എത്ര ആളുകൾ വീട് മുതൽ സ്കൂൾ വരേ കമന്റ്‌ അടിച്ചും കളിയാക്കിയും സീരിയസ് ആയിട്ടും വായിനോക്കിയിരിക്കുന്നു...എത്ര പ്രാവിശ്യം അവരെ ഒക്കെ ഒരു നോട്ടത്തിലോ അല്ലെങ്കിൽ സലുക്കാടെ കൂടെ ബൈക്കിലോ അഹങ്കാരത്തോടെ ചെന്ന് നോട്ടം കൊണ്ട് നേരിട്ടിരിക്കുന്നു....

പക്ഷെ അവരോടൊന്നും തോന്നാത്ത ഒരടുപ്പം രണ്ട് പ്രാവിശ്യം മാത്രം കണ്ട, ഹനയിലൂടെ മാത്രം അറിഞ്ഞ, സഫയുടെ, ഷെറിന്റെ മഷൂച്ചനോട്‌ തോന്നുന്നുണ്ട്..ഒക്കെ പ്രായത്തിന്റെ ചാപല്യം മാത്രം ആണെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു... വലിയ വിശേഷങ്ങൾ ഒന്നുമില്ലാതെ ആ വർഷം കടന്ന്പോയി. ഇപ്പൊ സഫ യെ കാണുമ്പോഴുള്ള ചെറു നോവ് സുറുമിയെ തേടി എത്താറില്ല. അവൾ ഒരു വിധം മറന്ന് തുടങ്ങിയിരിന്നു..അല്ലെങ്കിൽ മറന്നു എന്ന് സ്വയം വിശ്വസിപ്പിച്ചു.. ഈ ഒരു വർഷത്തിനിടയിൽ അവനെ കുറിച്ച് ഒരു വാർത്ത പോലും ഹനയുടെ പക്കൽ നിന്ന് കേട്ടിട്ടില്ല എന്നുള്ളത് അവൾക്ക് ചെറിയ ഒരു നിരാശയുണ്ടാക്കിയെങ്കിലും അവൾ സ്വയം ശാസിച്ച് അതിനെ ഇല്ലാതാക്കി. എന്നാലും സഫയെ കാണുമ്പോ 'വീട്ടിൽ എല്ലാവർക്കും സുഖല്ലേ' എന്നൊരു കുഞ്ഞു ചോദ്യം അറിയാതെ വീണു പോകും.. ഒക്കെ പ്രായത്തിന്റെ പൊട്ടത്തരങ്ങൾ ആണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചാലും അവനെ കുറിച്ച് അറിയാൻ അവളുടെ ഉള്ളം തുടികൊട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....

എത്ര വേണ്ടെന്ന് വെച്ചാലും ഇല്ലെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഒരു ത്വര... നാട്ടിൽ വന്നു പോയിട്ടില്ല.. ഉണ്ടെങ്കിൽ ഹന പറയാതിരിക്കില്ല. ഓരോ പ്രാവിശ്യവും നിഹാൽ എന്തിന് വന്നു എന്നും എങ്ങനെ പോയി എന്നതടക്കമുള്ള വിശേഷങ്ങൾ ഹന പറയാറുണ്ട്.. മഷൂദ് വന്നാൽ പറയാതിരിക്കില്ല.. അതുമല്ല സഫയെ കാണുമ്പോ അവളും പറയാൻ ഇടയുണ്ട്..ഈയിടെയായി പരിചയത്തിൽ ചാലിച്ച പുഞ്ചിരിയിൽ നിന്ന് അവരുടെ സംസാരം ചുരുങ്ങിയ വാക്കുകളിലുള്ള വിശേഷങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.. ഡിഗ്രി രണ്ടാം വർഷം പകുതി ആയപ്പോഴാണ് ഹനയുടെ ഉപ്പ പ്രവാസ ജീവിതം അവസാനിപ്പിച്ച് വരാണെന്നുള്ള വാർത്ത സന്തോഷത്തോടെ ഹന വന്നു പറഞ്ഞത്.. അവിടെന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ഹനയുടെ ഉപ്പ വരുകയും സുറുമിക്ക് ചെറിയ ഒരു ക്ഷണം ഉണ്ടാവുകയും അവൾ പോവുകയും ചെയ്തു. പ്രേതകതകൾ ഒന്നുമില്ലാതെ കുറച്ച് ദിവസങ്ങൾ കൂടെ അങ്ങനെ കഴിഞ്ഞു പോയി.. നിഹാലിന് നല്ലൊരു കുട്ടിയെ വേണം.. വീട്ടിൽ കാര്യമായി ആലോചന നടക്കുന്നുണ്ട് എന്ന് ഹന വന്നു പറഞ്ഞപ്പോ കോളേജിലുള്ള സകല മൊഞ്ചുള്ള ജൂനിയർസിനെയും സീനിയർസുമായി നിഹാലിന് വേണ്ടി ആലോചിച്ചു സുറുമിയും ഹനയും.

കെട്ടുന്നത് നിഹാൽ ആണേലും ഡിമാൻഡ് കൂടുതൽ ഹനക്കായിരിന്നു.. നല്ല മൊഞ്ചു വേണം. മെലിഞ്ഞട്ടാകണം, വെളുത്തിട്ടാകണം, ചോര തൊട്ടുടുക്കാൻ പറ്റണം... ഇങ്ങനെ... ഇങ്ങനെ... കുറച്ച് ദിവസം കൊണ്ട് തന്നെ നിഹാലിന്റെ കല്യാണം ശരിയായി എന്ന് ഹന വന്നു പറഞ്ഞപ്പോൾ ചിലവ് വേണം ന്ന് സുറുമി പറഞ്ഞത് പ്രകാരം ഹന അവളെയും ക്ലാസ്സിലെ തന്നെ വേറെ കുട്ടികളുമായി ടൗണിലുള്ള കോഫി ഷോപ്പിൽ കയറി.. രണ്ടാമത് മഷൂദ്‌മായിട്ടുള്ള കൂടിക്കാഴ്ചക്ക് വേദിയായ ആ കോഫി ഷോപ്പ് സുറുമിയെ മഷൂദ് ന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. ദൃതി കൂട്ടി അന്ന് മഷൂദ് ഇരുന്ന സ്ഥലം കയ്യേറുമ്പോൾ എന്തെന്നറിയാത്ത ഒരിളം പുഞ്ചിരി അവളുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നു. ഈ കോഫി ഷോപ്പ് മാത്രമല്ല.. അതിന് ശേഷം ഹനയുടെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം അവനെ ആദ്യമായി കണ്ടുമുട്ടിയ മുറ്റവും ഗേറ്റും കാണുമ്പോ, ആ ഗേറ്റ് കടന്ന് പോകുമ്പോൾ അന്നത്തെ പോലെ ഒരുവട്ടം കൂടെ ഒന്ന് വന്നെങ്കിൽ എന്നൊക്കെ ആലോചിച് കൂട്ടാറുണ്ട് എന്നവൾ അത്ഭുതത്തോടെ ഓർത്തു.. എന്തിനാണ് താൻ ദൃതി കൂട്ടി ഈ ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നത് എന്ന് സ്വയം ചോദിക്കുമ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ ഹൃദയം മന്ത്രിച്ചു...

മറക്കാൻ പറ്റണില്ലാ... എവിടെയാണെന്നോ എന്താണെന്നോ അറിയില്ല...ഓർമ്മയുണ്ടോ എന്ന് പോലും അറിയില്ല... ഇനി കാണാൻ പറ്റോ എന്നും അറിയൂല... പക്ഷെ.. മറക്കാൻ പറ്റ്ണില്ലാ... ☘️ ഹനയുടെ വീട്ടിൽ കല്യാണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.. നിശ്ചയം വരുന്ന ഞായർ നടത്താം എന്ന് തീരുമാനായി.. നിക്കാഹും കല്യാണവും ഒരുമിച്ച് നടത്താം എന്ന് ഉപ്പ പറഞ്ഞപ്പോൾ നിക്കാഹ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ട് കല്യാണം മതിയെന്ന് നിഹാലും വാശിപിടിച്ചു. നിക്കാഹ് കഴിഞ്ഞ് പിന്നെ കല്യാണം ന്നൊക്കെ പറയുമ്പോ ചിലവ് കൂടുതൽ ആണ്.. ഇതാകുമ്പോൾ ഒരൂസം കൊണ്ട് പരിവാടി തീരും എന്നൊക്കെ പറഞ്ഞു നോക്കി ഉപ്പ. പക്ഷെ നിഹാൽ സമ്മതിച്ചില്ല.. അതിന് അവൻ കാരണം പറഞ്ഞത് മഷൂദ് കല്യാണത്തിന് വേണം എന്നായിരുന്നു.. നിക്കാഹ് വേണേൽ നേരത്തേ വെക്കാം.. പക്ഷെ കല്യാണം മഷൂദ് നാട്ടിൽ വരുമ്പോ മതിയെന്ന് നിഹാൽ വാശിപിടിച്ചപ്പോൾ അവർക്കും സമ്മതിക്കല്ലാതെ നിർവാഹം ഇല്ലായിരുന്നു. "കല്യാണം മഷൂച്ച വന്നിട്ടാണെന്ന്.." ഹന പറഞ്ഞവസാനിച്ചപ്പോൾ സുറുമിയുടെ മനസ് സന്തോഷം കൊണ്ട് തുടിക്കൊട്ടുകയായിരുന്നു.. ഒന്നര വർഷത്തിന് ശേഷമാണു ആ പേര് പോലും കേൾക്കുന്നത്..

"അതിപ്പോ എന്ന് വരാനാ... അപ്പൊ ഇപ്പോഴൊന്നും ഉണ്ടാവൂലെ.. "എന്ന് വരുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ സുറുമി ചോദിച്ചു.. ''ഏയ്... വേഗം വരുമെന്ന് പറയുന്നത് കേട്ടു... ഷെറിന്റെ കല്യാണം ഉണ്ടാക്കണല്ലോ.. അപ്പൊ രണ്ടും കൂടെ കൂടിയിട്ട് മഷൂച്ച ക്ക് പോകാല്ലോ എന്നൊക്കെ ഇക്കാക്ക ഉമ്മാനോട് പറയുന്നത് കേട്ടു.. മഷൂച്ച ക്ക് വിളിച്ചിട്ട് കിട്ടിയിട്ടില്ല... ആ വിളി വന്നാൽ കല്യാണം എന്നാ ന്ന് ഏകദേശം ഒരു പിടിത്തം കിട്ടും... എടീ കൊതിയാവുന്നു.. ഒന്ന് അടിച്ചു പൊളിക്കാൻ... ചെക്കന്റെ പെങ്ങളാണെന്നും പറഞ്ഞു ഒന്ന് അഹങ്കരിച്ചു നടക്കണം മോളെ... ഞാനന്നൊരു പൊളി പൊളിക്കും.. " ഹനയുടെ സംസാരം മഷൂദ്ൽ നിന്ന് മാറി കല്യാണത്തിൽ എത്തിയെങ്കിലും സുറുമി ആ പേരിന് ചുറ്റുമായിരുന്നു... നിഹാൽ ന്റെ കല്യാണത്തിന് എന്തായാലും പോകേണ്ടി വരും.. അപ്പൊ ഒരു നോക്കെങ്കിലും കാണാം..ബുദ്ധി അരുതെന്ന് പറയുന്നുണ്ടെങ്കിലും മനസ്സിലെ ചിന്തകൾ കടല് കടന്ന് പോയി മഷൂദ്‌ ന്ന് ചുറ്റും വലയം വെക്കുകയായിരുന്നു.... ☘️ ☘️ ☘️ ☘️ ☘️

നിഹാൽ കുളിചിറങ്ങിയപ്പോഴാണ് ബെഡിൽ കിടന്നിരുന്ന വാപ്പച്ചി കൊണ്ട് വന്ന അവന്റെ പുതിയ നോക്കിയ സെറ്റ് റിങ് ചെയ്യുന്നത്... നെറ്റ് കാൾ കണ്ടപ്പോൾ തന്നെ മനസ്സിലായി മഷൂദ് ആയിരിക്കുമെന്ന്.. സന്തോഷത്തോടെ ഫോൺ കാതോട് ചേർത്ത് വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ കല്യാണകാര്യം എങ്ങനെ പറയുമെന്നുള്ള ടെൻഷൻ ആയിരുന്നു നിഹാലിന്. "എന്നാടാ വരുന്നേ.. വർഷം ഒന്നര കഴിഞ്ഞു പോയിട്ട്.. " "വരണം എന്നുണ്ട്.. ഇപ്പൊ കിരൺ ലീവിൽ പോയേക്കുവാണ്.. അവന്റെ കല്യാണം കൂടെയാണ്.. അവൻ എത്തിയാൽ എപ്പോ വേണേലും എനിക്ക് പോരാം.. " "ആണോ... എന്നിട്ട് നീ എന്ത് തീരുമാനിച്ചു..? " "തീരുമാനം ഒന്നുമായില്ല.. വന്നാൽ പോരല്ലോ.. ഷെറിന്റെ കല്യാണം ഉണ്ടാക്കണം.. എന്തേലും കൊടുക്കാതെ എങ്ങനെയാ .. സഫക്കും ഷെറിനെ നിക്കാഹ് കഴിപ്പിച്ച പ്രായം ആയി... അതൊക്കെ ഓർത്തങ്ങനെ.. " "മ്മ്.. ഷെറിന്റെ കാര്യം നോക്കിയാൽ മതിയിപ്പോ.. സഫേടെ ഡിഗ്രി കഴിഞ്ഞോട്ടെ.. എന്നിട്ട് നോക്കാം.." "അത് തന്നെയാ ഞാനും വിചാരിക്കുന്നെ.. " " അതല്ല.. നീ വരുന്നത് എന്നാണെന്നു അറിയണേൽ എന്റെ കല്യാണം അങ്ങ് ഫിക്സ് ചെയ്യായിരുന്നു.. " "നിന്റെ കല്യാണോ...? "

"ആഹ് ടാ.. ന്റെ കല്യാണം..എന്തെ എനിക്ക് കല്യാണം പാടില്ലേ.??? " "എടാ.. നവി... കാര്യം പറയടാ.. നീ സീരിയസ് ആണോ... വാപ്പച്ചി വന്നതും പൂട്ട് വീണോ.. " "മ്മ്... എന്റെ തോന്നുമ്പോഴുള്ള വരവും പൊക്കും ദൂർത്തും ഒക്കെ കണ്ട് വാപ്പച്ചി വന്ന ആഴ്ച തന്നെ കല്യാണം ആലോചിച്ചു തുടങ്ങി.. കഴിഞ്ഞ ആഴ്ച ഒന്ന് പോയി കണ്ടു... ഉമ്മക്കും ഹനക്കും ഒക്കെ ഇഷ്ട്ടായി.. അപ്പോ പിന്നെ... കല്യാണം എന്നൊക്കെ പറഞ്ഞപ്പോ....... നീ വന്നിട്ട് മതിയെന്ന് ഞാനും പറഞ്ഞു.. " "ന്റെ നവി.. നീ ഇപ്പോഴാണോ ഈ വിവരം പറയണേ... എപ്പോ ലാൻഡ് ചെയ്‌തെന്ന് ചോദിച്ചാൽ പോരെ... നിന്റെ കല്യാണം.. അത് കഴിഞ്ഞ് ഷെറിന്റെ കല്യാണവും കൂടിയിട്ടേ പോകൊള്ളൂ.. ഉമ്മക്കും ഹനക്കും മാത്രേ ഇഷ്ട്ടായൊള്ളോ.. നിനക്ക് ഇഷ്ട്ടായില്ലേ.. ഏഹ്... "മഷൂദ് ഒരു പ്രതേക ഈണത്തിൽ ചോദിചു.. "മ്മ്.. ഇഷ്ട്ടം ഒക്കെയായി.. നല്ല ടെൻഷനുണ്ട് . എന്താന്ന് അറിയൂല.. നീ വന്നാൽ കൊറേ ടെൻഷൻ മാറുമെന്ന് തോന്നുന്നു " "ടെൻഷനൊക്കെ അടുത്തറിയുമ്പോ മാറും..ഫ്രണ്ട്‌ലി ആയിട്ട് അങ്ങോട്ട് പെരുമാറിയാൽ മതി...

ആദ്യം കുറച്ച് വിറയലൊക്കെയുണ്ടാകും.. അതൊന്നും പുറത്ത് കാണിക്കേ ചെയ്യരുത്... " "ഭയങ്കര എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ ഈ പറയുന്നത്.. ഒന്ന് പോടാ.. ആഹ് പിന്നേയ് ... ഒന്ന് ആഞ്ഞു പിടിച്ചാൽ ഷെറിന്റെ കല്യാണത്തിന്റെ കൂടെ ചിലവ് ചുരുക്കി കൊണ്ട് നമുക്ക് നിന്റെം നടത്താം... മ്മ്.. എന്താ നിന്റെ അഭിപ്രായം.. " "ഹേയ്.. അത് ശരിയാവൂല.. ഞാ.. എനിക്ക്........ അതൊന്നും ശരിയാവൂല.. ഒന്നാമത് ഷെറിന്റെ കല്യാണം തന്നെ ഒരു വിധത്തിലാ ഞാൻ.. ടൗണിൽ ഉണ്ടായിരുന്ന സ്ഥലം ഒക്കെ കൊടുത്തു... ഇനിയിപ്പോ സഫ.. എല്ലാം വേണ്ടേ.. കൂട്ടിയിട്ട് കൂട്ണില്ല.. അതിന്റെ ഇടയിലൂടെ ഒരു പെണ്ണിനെ കൂടെ... താങ്ങൂല നവി.. കല്യാണം ഒരുമിച്ചാകുമ്പോ ചിലവ് ചുരുങ്ങും.. പക്ഷെ അത് കഴിഞ്ഞ് പിന്നെ ചിലവോട് ചിലവല്ലേ.... അത് വേണ്ടാ.... കുറച്ചൂടെ കഴിയട്ടെ... " "മ്മ്.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും . സാരല്ല.. പടച്ചോൻ എന്തേലും വഴി കണ്ടിട്ടുണ്ടാകും.. നീ അതോർത്തു ടെൻഷൻ ആകണ്ട...അതൊക്കെ അതിന്റെ സമയം ആകുമ്പോ വന്നു ചേരും.. " "മ്മ്...ഞാനറിയുന്നുണ്ട്.. നീ വീട്ടിലോട്ട് പോകുന്നതും ഞാൻ കൊടുത്തുവിട്ടതാന്നും പറഞ്ഞു ഉമ്മാടെ കയ്യിൽ പൈസ കൊടുക്കുന്നതും ഒക്കെ...... എന്നാടാ ആ കടമൊക്കെ ഞാൻ തന്ന് തീർക്കാ..? "

"എന്താടാ മഷൂ... നമ്മൾക്കിടയിൽ എന്നാടാ കടവും കള്ളിയുമൊക്കെ വന്നത്... ? നീ അത് തിരിച്ചു തരാൻ ഉദ്ദേശിക്കുന്ന അന്ന് ഞാൻ മനസ്സിലാക്കും നിനക്ക് ഞാൻ അന്യനാണെന്ന്.....അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട.. " " ഡാ...... " "നീ ഒന്നും പറയണ്ട.... നീ ഡേറ്റ് പറയ്.. ഈ ആഴ്ചയാണ് നിശ്ചയം... " മഷൂദ്‌ നെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ നിഹാൽ ഇടക്ക് കയറി " ഞാൻ നിന്നെ നാളെ വൈകുന്നേരം ആകുമ്പോഴേക്ക് വിളിച്ചു വിവരം തരാം.. കിരൺ എന്നാ വരുന്നതെന്ന് അറിയൂല.. അവൻ ടിക്കറ്റ് എടുത്താൽ തൊട്ടടുത്ത ദിവസം ഞാനും എടുക്കാം.. ഓക്കേ? "ആഹ്... മതിയെടാ.. പിന്നേയ്.... ഹനക്ക് ഒരു കല്യാണം പറയുന്നുണ്ട്... അവള് അറിഞ്ഞിട്ടില്ല... നമ്മടെ ഭാഗത്ത് നിന്നും അന്വേഷണം ഒക്കെ കഴിഞ്ഞതാ.. അവർ ഇന്ന് വിളിച്ച് വിവരം പറയാമെന്നു പറഞ്ഞിട്ടുണ്ട്.. നല്ല പയ്യനും നല്ല കൂട്ടരുമൊക്കെയാണ്.. ബിസിനസ്‌ ആണ് അവർക്ക്...അവനും ഉപ്പാടെ കൂടെ ബിസിനസിൽ ആണ്.. പിന്നെ ആകെയുള്ള പ്രശ്നം... കുറച്ച് ദൂരം ഉണ്ട്...

പയ്യനെയും വീടും വീട്ടുകാരെയും ഒക്കെ വാപ്പച്ചിക്ക് നല്ല ഇഷ്ട്ടായി.. അപ്പൊ പിന്നെ പ്രൊപോസൽ മുന്നോട്ടു കൊണ്ടുപോയി... " "ഹമ്മ്.. പ്രാർത്ഥിക്കാം... അവർക്ക് വേണ്ടി നമ്മൾ തിരെഞ്ഞുടുക്കുന്നത് നല്ലതാവട്ടെ... അതല്ലേ അവർക്ക് നമുക്ക് കൊടുക്കാൻ പറ്റുന്ന വലിയ കാര്യം.... ഹനയൊക്കെ വലിയ പെണ്ണായില്ലേ...നമ്മള് എ എം യു പി യിൽ പഠിക്കുമ്പോഴാണ് നീ നിന്റെ അനിയത്തിയാന്നും പറഞ്ഞു പരിചയപെടുത്തിയത്... അന്ന് അവൾ എത്ര ചെറുതാ... ഇപ്പൊ കെട്ടിക്കാറായി... ല്ലേ... എത്ര പെട്ടന്ന്.. " മഷൂദ് ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.. "ആഹ് ടാ..അതൊക്കെയൊരു കാലം......... അപ്പൊ നീ നാളെ വിളിച്ചു വിവരം താ..ഓക്കേ...?? " "ഒക്കെ.. പിന്നേയ്... ഹന ഇപ്പൊ സെക്കന്റ്‌ ഇയറല്ലേ... അപ്പൊ 19 വയസ്സായി കാണും ല്ലേ... " "അതിപ്പോ നിനക്ക് അറിയുന്നതല്ലേ.. ഞങ്ങൾ ഒരു വർഷം വാപ്പച്ചിടെ അടുത്തേക്ക് പോയത് കൊണ്ട് ഒരു വർഷം ലേറ്റ് ആയ അവളെ ചേർത്തത്.. അപ്പൊ ഇരുപത്.. എന്താപ്പോ ഒരു സംശയം..?? " "അത് പിന്നെ... അതൊന്നുല്ല... ഞാൻ... വെറുതെ.... എനിക്ക്... ഒരു കാര്യം.." "നീ എന്താ ഈ ബബ്ബ പറയുന്നേ.. തെളിയിച്ചു പറയ്.. " "അത് നവി...എനിക്ക്.. ഒരാളെ കുറിച്ച് അറിയാനായിരുന്നു... ഒന്നുല്ല്യ.. ജസ്റ്റ്‌... "

"നീ കാര്യം പറയ്... നിനക്കെന്താ ഒരു ഒളിച്ചു കളി ഏഹ് .? " "അത്.... ഹനയുടെ കൂടെ ഒരു കുട്ടി ഇല്ലേ... അവളുടെ കൂടെ എപ്പഴും ഉണ്ടാവാറുണ്ട്... അന്ന് ഞാൻ വന്ന ദിവസം നീ പറഞ്ഞു.... എന്താപ്പോ പേര്.. " "അതിപ്പോ ആരാ... അങ്ങനെയൊരാൾ... അഭിരാമിയോ? " "ഹേയ്.. അല്ലല്ല.. ഒരു സു..... സുറുമി.. " "ഓഹ്. ഓഹ്... സുറുമി... സുറുമി ഉണ്ട്. .. എന്തെ... " "ആ കുട്ടീടെ...എന്തേലും വിവരം ഉണ്ടോ നിനക്ക്...... നാട്ടിൽ വന്നു പോയ ശേഷം..എന്തോ.. കഴിഞ്ഞ ഒന്നര വർഷായി... അറിയില്ലെടാ പറയാൻ...." "മഷൂ... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നീ ഇത് വരേ ഞാൻ കെട്ടാൻ പോകുന്ന കുട്ടീടെ പേര് പോലും ചോദിച്ചില്ലല്ലോ.... നിന്റെ മനസ്സിൽ അവളുണ്ടെന്ന് നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ..... ഞാൻ..ഇതിന് സമ്മതിക്കില്ലായിരുന്നു... "  .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story