സുറുമി: ഭാഗം 8

surumi

എഴുത്തുകാരി: അവന്തിക

മൈലുകൾക്ക് മുകളിൽ നിന്ന് തന്നെ നാടിന്റെ പച്ചപ്പും സൗന്ദര്യവും കണ്ടപ്പോൾ മഷൂദ് ന്റെ മനസ്സ് വീട്ടിൽ എത്താൻ... പ്രിയപ്പെട്ടവരേ കാണാൻ സന്തോഷം കൊണ്ട് തുടികൊട്ടി തുടങ്ങിയിരിന്നു എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ് കാർട്ട് വഹിച്ച് പുറത്തേക്ക് വരുമ്പോൾ പറഞ്ഞുറപ്പിച്ച പോലെ നിഹാൽ കാത്തിരിക്കുന്നുണ്ടായിരുന്നു .. നീണ്ടു നിൽക്കുന്ന ആലിംഗനത്തിനും കുശലാന്വേഷണത്തിനും ശേഷം നിഹാൽ ലഗേജ് എല്ലാം കാറിൽ വെച്ചു.. യാത്രയിൽ ഉടനീളം രണ്ടുപേർക്കും വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു പറയാൻ.. അന്ന് ഹനയിൽ നിന്ന് കിട്ടിയ വിവരങ്ങൾ അല്ലാതെ നിഹാൽ വേറെയും അന്വേഷങ്ങൾ നടത്തിയിരുന്നു സുറുമിയെക്കുറിച്ചും കുടുംബത്തെ കുറിച്ചും... വലിയ തറവാട്ടുക്കാരാണല്ലോ.. നമ്മടെ കുടുംബവുമായി കൂട്ടിയാൽ കൂടോ എന്നുള്ള മഷൂദ് ന്റെ സംശയത്തിന് നിഹാലിന്റ പക്കലും ഉത്തരം ഇല്ലായിരുന്നു.. എന്നിരുന്നാലും അവനെ നിരാശനാക്കിയില്ല നിഹാൽ.. "നീ പേടിക്കണ്ടടാ.. അവൾക്ക് ഇഷ്ട്ടായാൽ ആര് എതിർത്താലും സൽമാൻ നിൽക്കും അവളുടെ കൂടെ..

ഞാൻ അന്വേഷിച്ചെടുത്തോളം അവർ തമ്മിൽ ഒരു ബ്രദർ എന്നതിലേറെ നല്ല ഫ്രണ്ട്സ് കൂടെയാണ്" ...എന്ന് നിഹാൽ പറഞ്ഞപ്പോൾ മഷൂദ്‌ ന് സമാധാനം തോന്നി.. സംസാരിച്ച് വീടെത്താറായത്‌ അറിഞ്ഞില്ലെന്നു വേണം പറയാൻ.. കുടുംബവും നാട്ടുവിശേഷവും കൂട്ടുകാരും രാഷ്ട്രീയം വരേ വിഷയമായി വന്നു അവർക്കിടയിൽ.. വീട്ടിലേക്കുള്ള ഇടവഴിലേക്ക് തിരിഞ്ഞപ്പോൾ മഷൂദ് ന്റെ കണ്ണുകൾ എന്തെന്നില്ലാതെ ഈറനണിഞ്ഞു..നിർത്താതെയുള്ള ഹോണടിയോടെ കാർ മുറ്റത്തേക്ക് കടക്കുമ്പോൾ മഷൂദ് ന്റെ ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.. ഇരുനിലയുള്ള ഒതുങ്ങിയ ഒരു വീടാണ്..കല്യണത്തിന് വേണ്ടി മഷൂദ് ന്റെ നിർദേശപ്രകാരം പെയിന്റ് അടിച്ച് മുറ്റത്ത് കുറെ ചെടികളും സ്ഥാനം പിടിച്ചിരുന്നു.. ബേബി മെറ്റൽ ഇട്ട മുറ്റത്ത് ചെറിയ നിരങ്ങലോടെ കാർ നിർത്തിയപ്പോൾ മഷൂദ്‌ ന്റെ ഉമ്മയും സഫയും ഷെറിനും നിയാസും ഉമ്മറത്തേക്ക് വന്നു കഴിഞ്ഞിരുന്നു ..

ഡോർ തുറന്ന് ഇറങ്ങി വരുന്ന മഷൂദ്‌ നെ കണ്ടപ്പോൾ ഉമ്മയും ഷെറിനും സഫയുമെല്ലാം കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു..ഉമ്മാന്ന് വിളിച്ച് കൊണ്ട് മഷൂദ് അവരെ ഇറുകെ പുണർന്നപ്പോൾ ഇട്ടിരിക്കുന്ന തട്ടം കൊണ്ട് അവർ കണ്ണീരൊപ്പി.... കൈകുമ്പിളിൽ അവന്റെ മുഖമെടുത്ത് ""ഉമ്മന്റെ കുട്ടിക്ക് നല്ലതേ വരൂ.. ന്റെ കുട്ടിയെ കാത്തോളണേ പടച്ചോനേ ന്ന് പറയാത്ത ഒരു ദിവസവും ഈ ഉമ്മന്റെ ജീവിതത്തിലിണ്ടായിട്ടില്യ ന്റെ മോനെ.... "" എന്നു പറഞ്ഞു കൊണ്ട് അവർ നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ മഷൂദ്ന്റെ കണ്ണുകൾ നിറഞ്ഞ് മുന്നിലുള്ള കാഴ്ചകൾ അവ്യക്തമായി.... "ഇതിപ്പോ അവൻ വന്നതല്ലേ.. എന്നിട്ടാണോ ഈ കരായണേ.... ഷെറി... അയ്യേ.. നീ എന്തിനാടീ കരയണേ... നിയാസ് ഷെറിന്റെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചപ്പോൾ ഒലിച്ചിറങ്ങാൻ വെമ്പൽ കൊള്ളുന്ന മിഴിനീർ തുള്ളികളെ മഷൂദ് കയ്യ് കൊണ്ട് ഒപ്പിയെടുത്തു.. "എപ്പോ വന്നൂ.." മുഖത്തു വിരിഞ്ഞ ചിരിയോടെ നിയാസിനെ പുണരുമ്പോൾ ചോദിച്ചു

"ദാ.... പ്പോ.. ഇവള് ഉമ്മന്റെ സ്പെഷ്യൽ ബീഫ് ഫ്രൈ ഉണ്ടെന്ന് പറഞ്ഞു കൊതിപ്പിച്ചപ്പോ ഹാഫ് ഡേ ലീവ് എടുത്ത് ഇങ് പോന്നു.." അവന്റെ കൈകൾ മഷൂദ്‌ നെ വലയം ചെയ്യുന്നതോടപ്പം മറുപടിയും വന്നിരുന്നു .. "ഹാ പുയ്യാപ്ല ഇവടെന്നെ ആണോ.. ഇനിയിപ്പോ അവളെ ആനയിച്ച് കൊണ്ട് പോകാൻ ഒരു ചടങ്ങൊന്നും വേണ്ടല്ലൊ.... നിങ്ങൾ പോകുമ്പോ അവളേം കൊണ്ടുപോയ്ക്കോ...ന്നാ കല്യാണ ചിലവ് ചുരുക്കാം.. " നിഹാൽ കാറിൽ നിന്ന് ലഗ്ഗേജ് എടുക്കുന്നതിനിടെ നിയാസിനെ കളിയാക്കി.. "ഹാ. അത് അസൂയ.... ലൈസൻസ് കിട്ടാത്തതിനുള്ള കുശുമ്പ്.. "നിയാസ് ലഗേജ് ഇറക്കാൻ സഹായിച്ചു കൊണ്ട് പറഞ്ഞു.. "ഉണ്ടെന്ന് കൂട്ടിക്കോ.. ഓൾടെ വാപ്പ കാണാൻ പോയിട്ട് ഫോൺ ചെയ്യാൻ പോലും സമ്മതിക്കിണില്ല്യ .. ഒക്കെ കല്യാണത്തിന് ശേഷം ന്ന് ... പൊരക്കാര് വിളിച്ച് സംസാരിക്കുമ്പോ ഓൾടെ സൗണ്ട് ഒന്ന് ഒളിഞ്ഞു കേൾക്കാനാ ന്റെ വിധി.. "

നിഹാൽ ശബ്ദം താഴ്ത്തി നെടുവീർപ്പോടെ പറഞ്ഞപ്പോൾ നിയാസ് പൊട്ടിച്ചിരിച്ചു.. "എന്താ അവിടെ ചിരിക്കാൻ... ഞങ്ങളും കേൾക്കട്ടെ.. "മഷൂദ് സഫയുടെയും ഷെറിനെയും ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കയറുന്നതിന്റെ ഇടയിൽ ഉറക്കെ വിളിച്ചു ചോദിച്ചു. അവരൊക്കെയുണ്ട്... പറയല്ലേ ന്ന് നിഹാൽ കണ്ണ് കാണിച്ചപ്പോഴേക്കും "ഒന്നുല്ലടാ ... ഞങ്ങളൊന്ന് പരിചയപെട്ടതാ... ല്ലേ... " എന്ന് നിയാസ് കണ്ണിറുക്കി കൊണ്ട് മറുപടിയും പറഞ്ഞു കഴിഞ്ഞിരുന്നു ... ഉച്ച സമയം ആയത് കൊണ്ട് നിഹാലിനെ ഭക്ഷണം കഴിക്കാതെ വിട്ടില്ല.. ഭക്ഷണം കഴിക്കുമ്പോൾ മശൂദ്ന്റെ അടുത്ത് നിന്ന് മാറാതെ വാത്സല്യത്തോടെ തലോടി കൊടുത്തും വിളമ്പി കൊടുത്തുമുള്ള ഉമ്മയുടെ സ്നേഹം മഷൂദ്‌ ന്റെ വയർ മാത്രമല്ല മനസും നിറച്ചു.. ഇറങ്ങാൻ നേരം എല്ലാവരെയും കല്യാണത്തിന് ക്ഷണിക്കാനും മഷൂദ് ന്റെ ചെവിയിലായി ഒരു കൂട്ടം പറയാനും നിഹാൽ മറന്നില്ല.. 🌸 🌸 🌸 🌸

കല്യാണത്തോട്‌ അടുപ്പിച്ച് ഹന അധിക ദിവസവും ലീവിൽ ആയിരുന്നു...അത് കൊണ്ട് തന്നെ മഷൂദ് എത്തിയോ എന്നറിയാൻ സുറുമിക്ക് ഒരു നിർവ്വാഹവും ഇല്ലായിരുന്നു.. ഹന ഉണ്ടെങ്കിൽ മഷൂദ് വന്നത് മാത്രമല്ല... അപ്പുറത്തെ വീട്ടിൽ നാരായണിയുടെ പശു കിടാവ് ചത്ത വിവരം വരേ തന്നിരുന്നു....വിളിച്ചാൽ ആണേൽ അവൾ തിരക്കിലും.. എന്നാലും അവളുമായി ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾ ഓടിച്ചിട്ട് പറയാറുമുണ്ട്.... സുറുമി ക്ലാസ്സിലിരുന്ന് നഖം കടിച്ചു കൊണ്ട് ഓരോന്ന് ചിന്തിച്ചു കൂട്ടി.... എന്താപ്പോ അറിയാനൊരു വഴി.... അവൾ വേഗം സഫയുടെ ഡിപ്പാർമെന്റിൽ ചെന്ന് നോക്കി... എവിടെയും കാണാത്തപ്പോ അവൾ ലീവിൽ ആയിരിക്കുമോ എന്ന് ചിന്തിച്ചിരിന്നപ്പോഴാണ് സഫയുടെ കൂട്ടുകാരി ശ്രീലേഖയേ കണ്ടത്.. ""അവൾടെ ഏട്ടൻ വരുന്ന ദിവസാ ഇന്ന്.. അവൾ ഇന്ന് ലീവ് ആണല്ലോ.. എന്തേലും പറയാൻ ആണോ ....." എന്ന് അവൾ ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു അവൾ ... അപ്പോഴെല്ലാം ബുദ്ധിപറഞ്ഞത് അനുസരിക്കാതെ മനസ്സിന്റെ താളത്തിന് തുള്ളുന്ന തന്റെ മനസ്സിനെ അവൾ തന്നെ ശാസിച്ചു കൊണ്ടിരിന്നു ...

വിവരങ്ങൾ അറിയാതെ വീർപ്പ്മുട്ടി കൊണ്ട് സുറുമിയും നിഹാൽ പറഞ്ഞു തന്ന ഐഡിയ സ്വപ്നം കണ്ടു കൊണ്ട് മശൂദും കാത്തിരിപ്പായിരുന്നു നല്ലൊരു നാളേക്ക് വേണ്ടി ... .. പിറ്റേന്ന് കോളേജ് വിട്ട് ബസ് കാത്ത് നിൽക്കുമ്പോൾ ഇന്നും സഫയെ കാണാൻ പറ്റിയില്ലല്ലോ എന്ന നിരാശ ആയിരുന്നു സുറുമിക്ക്.... കോളേജ് വിട്ട നേരം ആയത് കൊണ്ട് ബസ്റ്റോപ്പിൽ നല്ല തിരക്കുമുണ്ട് .. അവൾക്ക് എതിരെ ശ്രീലേഖയുമായി സംസാരിച്ചു കൊണ്ട് നടന്നു വരുന്ന സഫയെ കണ്ടപ്പോൾ കയ്യ് വീശി കാണിച്ചു സുറുമി... സഫ ശ്രീലേഖയോട് പറഞ്ഞിട്ട് ഓടി വരുന്നത് കണ്ടപ്പോൾ തന്നെ ചോദ്യങ്ങൾ പലഭാവത്തിൽ അവളുടെ മനസ്സിൽ വന്നു നിറഞ്ഞു .. " ഇക്കാക്ക വന്നോ... "അവൾ അടുത്ത് എത്തിയപ്പോഴേക്കും സുറുമി ആകാംഷ കൊണ്ട് ചോദിച്ചു പോയിരുന്നു .... "ഇന്നലെ...... ശ്രീ....ശ്രീയേ കണ്ടപ്പോൾ പറഞ്ഞു... ഇക്കാക്ക വരുന്നത് ആയത് കൊണ്ട് ലീവ് ആണെന്ന്.....വന്ന കോളൊന്നും ഇല്ല്യേ ...?? " ആദ്യത്തെ ചോദ്യത്തിൽ അവൾക്ക് വല്ലതും തോന്നിക്കാണുമോ എന്ന വെപ്രാളത്തിൽ സുറുമിയത് കുശാലനന്വേഷണം പോലെയാക്കി മാറ്റി.. "ഉണ്ടെടി... തരാനാ.. ഓടി വന്നേ... നിൽക്കേ...." സഫ കിതച്ചു കൊണ്ട് തോളിലുള്ള ബേഗ് ഒരു ഭാഗത്തേക്ക് ചെരിച്ചു.

ബാഗ് തുറന്ന് കയ്യിൽ തടഞ്ഞ മിഠായികൾ എടുത്ത് സുറുമിയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു .. കയ്യിലുള്ള മിട്ടായികളെ നോക്കി സുറുമി ഒരു നിമിഷം നിന്നു.. "എടി.. ഞാൻ നിന്നെ കണ്ടപ്പോൾ വെറുതെ..." "അത് ഞാൻ നിനക്ക് കരുതിയതാ.. അള്ളോഹ്... മഷൂച്ചേടെ കാർ.. !!" സഫയുടെ കണ്ണുകൾ പോയ വഴിയേ സുറുമിയും നോട്ടം പായ്പ്പിച്ചു.. കുറച്ചകലെ അവർ നിൽക്കുന്നതിന്റെ എതിരായി വരുന്ന കാർ കണ്ടപ്പോൾ സുറുമി ആകാംഷയോടെ നോക്കി...അപ്പോഴേക്കും അവൾക്ക് കയറാനുള്ള ബസ് അടുത്ത് എത്തിയിരുന്നു.. ബസ് വരുന്നത് കണ്ട കുട്ടികൾ കയറാനായി തിക്കിതിരക്കിയപ്പോൾ സുറുമിയും അതിന്റെ ഇടയിൽ പെട്ടു..പുറകിലേക്ക് വലിയാൻ നോക്കിയെങ്കിലും പിന്നിലുള്ള കുട്ടികളുടെ തള്ളൽ കാരണം അവൾക്ക് അതിന് കഴിഞ്ഞില്ല ..... അപ്പോഴേക്കും " നീ കേറിക്കോ.. ഞാൻ പോവ്വാ ട്ടോ.."

എന്ന് പറഞ്ഞു കൊണ്ട് സഫ കയ്യ് വീശി ദൃതിയിൽ നടന്നു തുടങ്ങിയിരുന്നു... ആകാംഷ ദേഷ്യമായും സങ്കടവുമായി വഴി മാറുന്നത് അവളറിഞ്ഞു.. അവസാന ശ്രമം എന്നോണം ബസിലേക്ക് കയറാൻ നിൽക്കുന്നതിന്റെ തൊട്ടടുത്ത നിമിഷത്തിൽ അവൾ ഒന്ന് ഏന്തി വലിഞ്ഞു നോക്കി..... വണ്ടി ഒതുക്കി നിർത്താൻ പുറകിലുള്ള വാഹനത്തിനോട് കടന്ന് പോകാൻ എന്നവണ്ണം പുറത്തേക്ക് കയ്യ് നീട്ടി ആംഗ്യം കാണിക്കുകയായിരുന്ന മഷൂദ് ന്റെ കയ്യ് ഒരു മിന്നൽ പോലെ സുറുമി കണ്ടു.. ബസിൽ കയറി ഇടത് ഭാഗത്തു നിൽക്കുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തായി ബസിന് എതിരെ ഒതുക്കിയിട്ടിരിക്കുന്ന കാറിലേക്ക് ഒന്നെത്തി നോക്കാമെന്നായിരുന്നു അവളുടെ മനസിൽ... അവളുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കയറുന്ന കുട്ടികളുടെ തിരക്ക് കാരണം പുറകിലുള്ള കുട്ടികൾ മുന്നിലേക്ക് നീങ്ങി നീങ്ങി വന്നു. അവസാനം അവളുടെ നാല് ഭാഗവും കുട്ടികളും ബേഗുകളും നിറഞ്ഞ് കുറച്ച് പോലും പുറത്തേക്ക് കാണാൻ പറ്റാത്ത അവസ്ഥയിലായി.

.ബസ് നീങ്ങി തുടങ്ങിയപ്പോൾ അവളൊന്ന് എത്തി നോക്കിയെങ്കിലും പുറത്ത് നിന്നുള്ള വെളിച്ചം പോലും അകത്തേക്ക് കടക്കാത്ത അവസ്ഥയിൽ ആയിരുന്നു ബസിലെ തിരക്ക്... ഇതേസമയം സഫ കയറിയിരുന്നിട്ടും മഷൂദ്‌ ന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു.. ഒന്നര വർഷമായി എഴുനേൽക്കുമ്പോഴും രാത്രി ഉറങ്ങി വീഴുമ്പോഴും തെളിഞ്ഞു വന്നിരുന്ന മുഖം ഒന്ന് കാണാനായ് അവന്റെ ഉള്ളം തുടികൊട്ടുന്നുണ്ടായിരുന്നു..... "മഷൂച്ചാ... ചോയിച്ചേ കേട്ടില്ലേ...?? " "ഏഹ്... ഇല്ല.. ല്ല... എന്താ.. ന്താ പറഞ്ഞെ..?? " "നല്ല ഗെറ്റപ്പിൽ ആണല്ലോ... എവിടെ പോയി വരാ.. ന്ന്..?? " "ഞാൻ... ഞാൻ.. ഒരാളെ കാണാൻ.. ഇറങ്ങിയതാ... "അവന്റെ കണ്ണുകൾ അപ്പോഴും അവൾക്ക് വേണ്ടി പരതുകയായിരുന്നു.... "ന്നിട്ട്.. കണ്ടോ..?? " "കാണാൻ പറ്റില്ലെന്ന് തോന്നുന്നു... " "എന്ത്.. 😳? "സഫ ഉറക്കെ ചോദിച്ചപ്പോഴാണ് വായയിൽ നിന്ന് വീണുപോയതിനെ കുറിച്ച് അവനോർത്തത് ... "ആഹ്.. കണ്ടൂന്ന്.. നിനക്കിപ്പോ എന്താ വേണ്ടേ..?? " "ആരെയാ ഈ നോക്കുന്നെ..?? "

"ഞാൻ.. ഞാൻ.. ആഹ് ഹന.. ഹന അവളെയാ നോക്കുന്നെ . കാണുമെങ്കിൽ അവളെ വീട്ടിൽ ആക്കി കൊടുക്കാലോ.." " അവൾ ലീവ് ആണെന്ന് തോന്നുന്നു.. കണ്ടില്ല.. ". "ഹാ.. ആ കാര്യം ഞാൻ ഓർത്തില്ല.. നാലൂസം കൂടെയുള്ളല്ലോ.. " "ന്നാ പോവാ ല്ലെ..?? " സഫ ചോദിക്കുമ്പോൾ അലസമായി മൂളി കൊണ്ട് അവൻ വണ്ടി എടുത്ത് കഴിഞ്ഞിരുന്നു.. അപ്പോഴും കോളേജ് ഗേറ്റ് കണ്ണിൽ നിന്ന് മായുന്ന വരേ സൈഡ് മിററിലൂടെ അവന്റെ കണ്ണുകൾ അവളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു.. അന്ന് രാത്രിയിലുള്ള മഷൂദ്‌ ന്റെ ഫോൺ എടുക്കുമ്പോൾ നിഹാൽ ഉറപ്പിച്ചിരുന്നു സുറുമിയെ കാണാൻ പറ്റിയിട്ടുണ്ടാവില്ല എന്ന്..""അവളെ കണ്ടിരുന്നേൽ മൂന്നരക്ക് കോളേജ് വിട്ട് നാല് നാലര ആകുമ്പോഴേക്ക് നിന്റെ കാൾ വന്നേനെ.. ലേറ്റ് ആയപ്പോ ഞാൻ ഉറപ്പിച്ചിരുന്നു കണ്ടിട്ടുണ്ടാവില്ലന്ന്... ""എന്ന് നിഹാൽ പറയുമ്പോൾ നിരാശയിൽ മുങ്ങിയ ഒരു മൂളൽ മാത്രമായിരുന്നു മശൂദ്ന്റെ മറുപടി.. സമാധാനിപ്പിച്ചു കൊണ്ട് സംസാരം അവസാനിപ്പിക്കുമ്പോൾ എത്രയും പെട്ടന്ന് ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് നിഹാലും ഉറപ്പിച്ചിരുന്നു.. പിന്നീടുള്ള മൂന്ന് ദിവസവും കല്യാണത്തിനോട് അനുബന്ധുച്ചുള്ള തിരക്കുമായി മഷൂദ്‌ നിഹാലിന്റെ വീട്ടിൽ ആയിരുന്നു..

ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് കല്യാണം നടത്തുന്നത്.. ശനിയാഴ്ച നിഹാലിന്റെയും ഹനയുടെയും നിക്കാഹ് വീട്ടിൽ വെച്ചും ഞായറാഴ്ച ഹനയുടെ റിസപ്ഷൻ ഹാളിൽ വെച്ചും... ശനിയാഴ്ച നിക്കാഹിന് മൂന്ന് കുടുംബത്തിലെയും മുതിർന്ന ആണുങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നിഹാലിന്റ കൂട്ടുക്കാർക്കും ഫാമിലിക്കുമാണ് ക്ഷണം. അന്ന് തന്നെ ഹിബയെ അഥവാ നിഹാലിന്റെ പെണ്ണിനെ കൂട്ടി കൊണ്ട് വരുന്നുമുണ്ട്. പിറ്റേന്ന് ഹാളിൽ വെച്ച് അടുത്ത ബന്ധുക്കളും അകന്ന ബന്ധുക്കളും ഹനയുടെ ഫ്രണ്ട്സും ഫാമിലിയുമായി ഫങ്ക്ഷൻ.. അത് കഴിഞ്ഞ് ഹനയെ നദീനിന്റെ വീട്ടിൽ കൊണ്ട് വിടുന്ന ചടങ്ങും ... ദൂരം കുറച്ച് ഉണ്ടായത് കൊണ്ട് ഹാളിൽ വെച്ച് നടത്തുന്ന റിസപ്ഷൻ വേഗം തീരും.. വൈകീട്ട് നദീനിന്റെ വീട്ടിൽ വെച്ച് ഹനയുടെ കൂടെ വന്നവർക്ക് വേണ്ടി ചെറിയൊരു സൽക്കാരവും . ഒരു പ്രാവിശ്യം കൂടെ സഫയെ കൂട്ടാൻ പോകാൻ നിഹാൽ പറഞ്ഞെങ്കിലും അവിടെ വെച്ച്, അത്രയും കുട്ടികളുടെ ഇടയിൽ വെച്ച് അവളെ കണ്ടുപിടിക്കുക എന്നത് പ്രയാസമാണെന്ന് പറഞ്ഞു കൊണ്ട് ഒഴിവായി മഷൂദ്... ഞായറാഴ്ച റിസപ്ഷനിൽ വെച്ച് കാണാമെന്ന് അവൻ പറയുകയും ചെയ്തു ... ഇനി അവളെ കണ്ടെന്നു വെക്ക്...

അവൾക്കെന്നെ മനസ്സിലാവോ... ഇനി മനസ്സിലായാൽ തന്നെ അവളൊന്ന് ചിരിക്കാനുള്ള ചാൻസ് പോലും ഞാൻ കാണുന്നില്ല... ഏത് നേരത്താണാവോ കാണാൻ തോന്നിയെ... കണ്ട ശേഷം സമാധാനം എന്താണെന്നു അറിഞ്ഞിട്ടില്ല... കല്യാണം കഴിഞ്ഞു കാണുമോ.. ഉറപ്പിച്ചു കാണുമോ.. വേറെ ഇഷ്ട്ടം ഉണ്ടാവോ.. ഒരു സമാധാനവും ആ പെണ്ണെനിക്ക് തന്നിട്ടില്ല... എന്നാ വേണ്ടന്ന് വെച്ചാലോ... അതിനും പറ്റണില്ലാ... തിരക്കിനിടയിലും മഷൂദ് ന്റെ പരിഭവം കേൾക്കുമ്പോ ഒരേസമയം ചിരിയും സഹതാപവും സന്തോഷവും തോന്നും നിഹാലിന്... പത്തു പതിനാല് വർഷത്തെ കൂട്ടാണ് ...ഈ കാലയളവിൽ മഷൂദ് ന്റെ ഇങ്ങനെയൊരു ഭാവം അവൻ ആദ്യമായി കാണുകയാണ്.. തമാശക്ക് പോലും ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ പഠിച്ചിട്ടും ഒരാളെ പോലും നോക്കി കമന്റ്‌ പറയുന്നതോ ഇത് പോലെ ഒരു പെണ്ണിനെ ആലോചിച്ച് മാത്രം വെറീഡ് ആകുന്നതോ കണ്ടിട്ടില്ല.. ഇനി നിഹാൽ വല്ലതും പറഞ്ഞാൽ ശക്തിയോടെ ആഞ്ഞൊന്ന് പുറത്ത് കൊട്ടും...

ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിഹാലിൽ നിന്നുണ്ടായാൽ മഷൂദ് ന്റെ പ്രതികരണം ആണത്.. വെള്ളിയാഴ്ച ഉച്ച വരേ നിഹാലിനോപ്പം ഓടാൻ മഷൂദ് കൂടെ ഉണ്ടായിരുന്നു..ഒരു വിധം പണികൾ തീർത്തപ്പോൾ നിഹാൽ മഷൂദ് നെ നിർബന്ധിച്ചു പറഞ്ഞു വിട്ടു.. വീടിന്റെ പുറക് വശത്താണ് ഭക്ഷണം ഒരുക്കുന്നത്. നാളെ കാലത്ത് പണിക്കാർ വരുമ്പോൾ കൂടെ വേണം.. അത് കഴിഞ്ഞ് പത്തു മണിക്കാണ് രണ്ട് പേരുടെയും നിക്കാഹ് ..രണ്ട് വീട്ടിലെയും മുതിർന്ന ആണുങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങ്... സ്വീകരിക്കാനും മറ്റും കൂടെ വേണം.. ഉച്ചക്ക് നിഹാലിന്റെ പെണ്ണിനെ കൂട്ടികൊണ്ടുവരലും..നാളെ നിന്ന് തിരിയാൻ സമയം കിട്ടില്ല.. ഇപ്പൊ വീട്ടിൽ പോയി ഒന്നുറങ്ങി ക്ഷീണം ഒക്കെ മാറ്റി രാവിലേ ഇവിടെ എത്തണം എന്ന് പറഞ്ഞു കൊണ്ട് മഷൂദ് നെ ഉന്തിത്തള്ളി വിട്ടു നിഹാൽ.. വീട്ടിൽ എത്തിയ പാടെ കുളിയും കഴിഞ്ഞ് കട്ടിലിലേക്ക് കിടന്നതും ഉറങ്ങി പോയിരുന്നു.. ഉമ്മയുടെ വിളിയാണ് അവനെ ഉണർത്തിയത്.. ചെന്ന് നോക്കുമ്പോൾ ലാൻഡ് ലൈനിൽ നിഹാൽ ആണ്.. അത്യാവശ്യം ഉണ്ട് വേഗം വരണം എന്ന് പറയുമ്പോൾ അര മണിക്കൂർ സമയം പറഞ്ഞു കഴിഞ്ഞിരുന്നു മഷൂദ്.. വേഗം പോയി ഒരു ടീഷർട്ടും പാന്റും എടുത്തിട്ടു..

കല്യാണം നാളെ ആയത് കൊണ്ട് അടുത്ത ബന്ധുക്കളും നാളെ വരാൻ പറ്റാത്ത കുറച്ച് പേരും ഉണ്ടാകുമെന്ന് നിഹാൽ പറഞ്ഞിരുന്നു .. ഇത് മതി.. അവിടെ ഓടി വിയർക്കാനല്ലേ.. അവൻ സ്വയം വിലയിരുത്തി... ഉച്ചക്ക് വന്നപ്പോൾ ടേബിളിൽ വെച്ച ബൈക്കിന്റെ ചാവി എവിടെ എന്ന് അരിശത്തോടെ ചോദിച്ച് ചാവിക്ക് വേണ്ടി പരതുമ്പോൾ "ടേബിളിൽ വെച്ച ചാവി അല്ല.. ടേബിൾ ലക്ഷ്യമാക്കി എറിഞ്ഞ ചാവി" എന്ന് പറഞ്ഞു കൊണ്ട് സഫ അത് അവന് നേരെ നീട്ടി കൊടുത്തു .. " ഇങ്ങളൊക്കെ കെട്ടുന്ന പെണ്ണിനെ സമ്മതിക്കണം... എന്തൊരു മൂരാച്ചിയാ... "കേട്ടിട്ടും കേൾക്കാത്ത പോലെ ദൃതി പിടിച്ച് പോകുന്ന മഷൂദ് നെ നോക്കി അവൾ ആത്മാഘാതം പോലെ പറഞ്ഞു.. "ഇന്നിനി ചിലപ്പോഴെ വരൂ.. നാളെ പത്തു മണിക്കാ നിക്കാഹ്.. ഞാൻ വരുമ്പോഴേക്കും എന്റെ ഡ്രസ്സ് അയേൺ ചെയ്ത് വെക്കണം..ഒരു പതിനൊന്നു ആകുമ്പോഴേക്ക് നിയാസ് ന്റെ കൂടെ എല്ലാവരും വന്നേക്ക് ....അവനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. തിരക്കിനിടയിൽ നിങ്ങളെ വന്നു കൂട്ടാൻ ടൈം കിട്ടീ ന്ന് വരില്ല..ഉമ്മനോടും പറഞ്ഞേക്ക്.. '' ഹന പറഞ്ഞത് കേട്ടിട്ട് ചുണ്ടിൽ ഊറിയ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അടുത്ത ഉത്തരവ് അവൻ ഇറക്കി കഴിഞ്ഞിരുന്നു..

മഷൂദ് കല്യാണ വീട്ടിൽ എത്തിയപ്പോൾ തന്നെ അത്യാവശ്യം വാങ്ങി കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന്റെ കയ്യിൽ കൊടുത്തു നിഹാലിന്റ വാപ്പച്ചി ..ഡെക്കറേഷൻ ഐറ്റംസ് മുതൽ നാളെ ഹിബക്ക് കൊണ്ടുപോകാനുള്ള പൂവ് വരേ ഉണ്ടായിരുന്നു അതിൽ.. എല്ലാം പല ഭാഗങ്ങളിലായായി വാങ്ങി വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.. അടുത്ത ബന്ധുക്കളും അയൽ വാസികളുമായി അത്യാവശ്യം ആളുകൾ വന്നിട്ടുണ്ട് .. മുറ്റത്ത് തല ഉയർത്തി നിൽക്കുന്ന പന്തലിൽ ഒരു ഭാഗത്തായി കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്.. നിരത്തി വെച്ച കസേരകളിൽ കാരണവന്മാർ സംസാരിച്ചും പന്തൽ പണിക്കാരും ഇലെക്ടറിക്ഷൻ പണിക്കാരും അവരുടെ അവസാന മിനുക്ക് പണിയിലുമാണ്.. വീടിന്റെ പുറക് വശത്ത് നിന്നും കേൾക്കുന്ന ചെമ്പിന്റെയും പാത്രങ്ങളുടെയും വേപ്പ്ക്കാരുടെയും കോലാഹലങ്ങൾ,ചെമ്പ് പൊട്ടിക്കുമ്പോ ഉണ്ടാകുന്ന നെയ്‌ച്ചോറിന്റെയും കോഴികറിയുടെയും മണം.. അകത്തളത്തിൽ നിന്നും ഉയരുന്ന പെൺപടകളുടെ സംസാരങ്ങളും ചിരികളും ആകെ കൂടെ കല്യാണ വീട് ഉണർന്നു കഴിഞ്ഞിരുന്നു.. മഷൂദ് ഒരു നിമിഷം അവയെല്ലാം നോക്കി നിന്നു.. ... തന്റെ ജീവിതത്തിലും ഇങ്ങനെ ഒരു ദിവസം. ഉണ്ടാവില്ലേ....

പക്ഷെ അത്.... ഇന്ന് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഇഷ്ടമാണെന്നു മനസ്സ് പറയുന്ന അവളെ ജീവന്റെ പാതി ആക്കുമ്പോഴാവോ..?? ഇനി മറിച്ച് അവളല്ലെങ്കിൽ എനിക്ക് വേറൊരു കുട്ടിയെ അങ്ങനെ കാണാൻ കഴിയോ...?? ഇത് വരേ മറിച്ച് ചിന്തിച്ചിട്ടില്ല.... കൂടുതൽ അതിനെ കുറിച്ച് ചിന്തിക്കാതെ വരുന്നോടത്ത് വെച്ച് കാണാം എന്ന് സ്വയം ആശ്വസിപ്പിച്ച് കൊണ്ട് അവനൊരു ദീർഘശ്വാസം വലിച്ച് വിട്ടു.. നിഹാലിന്റെ ഓഫീസിൽ നിന്ന് കുറച്ച് സ്റ്റാഫ്‌ വന്നിട്ടുണ്ട്.. അവർക്കുള്ള ഭക്ഷണം വിളമ്പാൻ വാപ്പച്ചി ഏൽപ്പിച്ചപ്പോൾ മഷൂദ് ദൃതിയിൽ അവയെല്ലാം തയാറുക്കന്നതിന്റെ ഇടക്കാണ് പുറകിൽ നിന്ന് ടീഷർട്ടിൽ ഒരു പിടിത്തം വീണത്.... തിരിഞ്ഞ് നോക്കും മുമ്പേ അവനെ വലിച്ചു കൊണ്ട് പോയിരുന്നു നിഹാൽ.. തിരക്കൊഴിഞ്ഞ സ്ഥലത്ത് അവനെ കൊണ്ട് നിർത്തി... "എന്താടാ. "രണ്ട് കയ്യും മാറിൽ പിണച്ച് വെച്ച് തന്നെ കൂർപ്പിച്ചു നോക്കുന്ന നിഹാലിനെ നോക്കി മഷൂദ് ചോദിച്ചു... "കാല് മടക്കി ഒരു തൊഴി വെച്ച് തരും ഞാൻ ...

നിന്നോട് പെട്ടന്ന് വരാൻ പറഞ്ഞിട്ട് അര മണിക്കൂർ എന്നും പറഞ്ഞു ഫോൺ വെച്ചതല്ലേ നീ.. ന്നിട്ട് പൊങ്ങുന്നത് ഇപ്പൊ അതും വെപ്പ്കാരുടെ കൂടെ... " "എടാ ഞാൻ വന്നു. വാപ്പച്ചി അപ്പൊ തന്നെ കൊറേ സാധനം എഴുതിയ ലിസ്റ്റ് തന്ന് പറഞ്ഞു വിട്ട്.. അതൊക്കെ വാങ്ങി ഇപ്പൊ വന്നുള്ളൂ... നീ ചൂടാവാതെ കാര്യം പറയ്.... " "എടാ ഇവടെ കിടന്ന് ഓടാനല്ല ഞാൻ വിളിച്ചത്.. ശ്യോ.. ഈ ചെക്കനെ കൊണ്ട് തോറ്റു.. ഇതിലേറെ പഴയ ഡ്രസ്സ്‌ കിട്ടിയില്ലേ നിനക്ക് ഇടാൻ.. അടുത്ത് എത്തുമ്പോ തന്നെ പുകയുടെ മണവും.. " അടിമുടി നോക്കി കൊണ്ട് ഓരോന്ന് പറയുന്ന നിഹാലിനെ മഷൂദ് എളിയിൽ കയ്യ് കുത്തി സംശയത്തോടെ നോക്കി.. "ഇതെന്ത് കൂത്ത്.. ഞാനല്ലല്ലോ പുയ്യാപ്ല.. പിന്നെ ഞാനെന്ത് വേണം കുളിച്ചു മാറ്റി ഇൻ ചെയ്ത് സോഫയിൽ കയറിയിരിക്കണോ.. " "എടാ.. പോത്തേ . അവള് വന്നിട്ടുണ്ട്.. " " ആര്.. 😯" "സുറുമി.. . അല്ലാതെ ആരാ.. " "ന്റെ റബ്ബേ.... " വയറിലൂടെ ആളൽ.. അതങ്ങ് കയറി ഇടനെഞ്ചിൽ പോയി നിന്നു മഷൂദ് ന്ന്.. "അവളെന്തിനാ ഇന്ന്..."

ഒരു കയ്യ് എളിയിലും മറു കയ്യ് കൊണ്ട് ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ട് ഇടനെഞ്ചിൽ ഒന്ന് തടവി.. "മൈലാഞ്ചി അവളാ ഇടുന്നത്.. ഹനക്ക് മാത്രമല്ല... പെൺപടകൾക്ക് എല്ലാം.. ഉച്ചക്കാ വന്നെ... വൈകീട്ട് ഉമ്മ പറഞ്ഞപ്പോഴാ അറിയുന്നേ... എന്തോ ചായയോ വെള്ളോ പലഹാരം ന്നൊക്കെ പറഞ്ഞപ്പോ ആർക്കാ ന്ന് ചോദിച്ചപ്പൊഴാ അറിയുന്നേ.. അപ്പൊ തന്നെ നിന്നെ വിളിച്ചു.. ഓഫീസിൽ സ്റ്റാഫ്‌ വന്നപ്പോ പിന്നെ തിരക്കിലും പെട്ടു.. കൊറേ നേരം ആയി നിന്നെ നോക്കുന്നു.. വന്നവരാണേൽ സിറ്റിംഗ് റൂമിൽ നിന്ന് ഇറങ്ങുന്നുമില്ല.. നിന്നെ ഒന്ന് വിളിച്ച് നോക്കാൻ... അവള് പോയിട്ടില്ല.. പെൺപടകൾ എല്ലാം ആ സ്റ്റൈർ ന്റെ അടുത്തുള്ള റൂമിലുണ്ട്...." "ഇനിയിപ്പോ എന്താ ചെയ്യാ.. " വലം കയ്യിന്റെ പുറം ഭാഗം ഒന്ന് കടിച്ച് കുടഞ്ഞു അവൻ ... "നീ അവിടെ പോയി നോക്ക്.. " "ഹേയ്.. അത് ശരിയാവൂല.. കൊറേ പെണ്ണുങ്ങൾ അതിന്റ ഇടയിൽ ഞാൻ...." അവൻ നിഷേധഭാവത്തിൽ തല അനക്കി.. "എന്നാ നീ കാണണ്ട.. അവിടെ പോയി ചെമ്പിൽ തല താഴത്ത്..

" എടാ.. നീ ഒരു കാര്യം ചെയ്യ്... ആദ്യം ഈ ഡ്രസ്സ്‌ ഒന്ന് മാറിവാ.. ന്റെ റൂമിൽ ഉണ്ടാകും.. അവിടെന്ന് ഏതെങ്കിലും നല്ലത് എടുത്തിട്ട് മുഖം ഒക്കെ കഴുകി മുടി ഒക്കെ ഒന്ന് ചീകി വെച്ച് വാ.. ഇപ്പൊ സമയം എട്ടാവറായി.. ഇനിയിപ്പോ അവള് ഭക്ഷണം കഴിക്കാതെ പോകില്ല... അപ്പൊ കാണാം.. "അവന്റെ ഉള്ളിലെ സംഘർഷം മനസ്സിലാക്കിയ പോലെ നിഹാൽ പറഞ്ഞു.. "അതൊന്നും വേണ്ടാ..ഈ കോലത്തിൽ കണ്ടിട്ട് പറ്റുവാണേൽ മതി... " " ഈ ചെക്കൻ.. എന്നാ അവൾക്ക് ഇഷ്ട്ടാവൂല്യ..... എടാ... ഇപ്പൊ ഉള്ള കുട്ടികൾ ഒക്കെ മിനിമം ഡ്രസ്സ് സെൻസ് എങ്കിലും നോക്കുന്ന കുട്ടികളാ... ഇനി നിന്നെ കാണുവാണേൽ തന്നെ ഒറ്റ നോട്ടത്തിൽ ഒരു വിലയിരുത്തൽ...അത് നല്ലതാവണം.. നമ്മൾ തന്നെ ഒരാളെ കണ്ടാൽ ആദ്യം എന്താ നോക്കാ..... " "ഇഷ്ട്ടായില്ലെങ്കിൽ വേണ്ടാ.. ഞാൻ മാറ്റാൻ പോണില്ല.. ഇത് മതി.. "നിഹാലിനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അവസാന വാക്കും പറഞ്ഞു കൊണ്ട് മഷൂദ് തിരിഞ്ഞ് നടന്നിരുന്നു... "ഇവനെ മെരുക്കാനാ പണി.. നിഹാൽ ആത്മഘാതം പോലെ പറഞ്ഞു കൊണ്ട് അവന്റെ കൂടെയും..

ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ട്രിപ്പ്‌ കഴിഞ്ഞിട്ടും പെൺപടകളെ മാത്രം ഭക്ഷണം കഴിക്കാൻ കണ്ടില്ല.. വന്നവരെല്ലാം പോയിരുന്നു.. ഇനി അടുത്ത കുറച്ച് ബന്ധുക്കൾ മാത്രം.. പെണ്ണുങ്ങൾ ഓരോ ട്രിപ്പ്‌ വന്നു ഇരിക്കുമ്പോഴും ചോറും കറിയും വെള്ളവും കൊണ്ട് കൊടുത്ത് കൊണ്ട് സുറുമിയെ തേടുകയായിരുന്നു നിഹാൽ... പെണ്ണ് അവന്റെയാ ..... കാണേണ്ടതും അവൻക്ക്... എന്നിട്ട് ടെൻഷൻ മുഴുവൻ എനിക്കും... അവനെ ഒക്കെ ഉണ്ടല്ലോ... നിഹാൽ ഓരോ പ്രാവശ്യവും പിറുപിറുത്തു കൊണ്ട് ഓടി നടന്നു.. ഇതേ സമയം മഷൂദ്‌ ന്റെ ഹൃദയവും കണ്ണുകളും അകത്തളത്തിലും പന്തലിലുമായി തേടിക്കൊണ്ടിരിക്കുകയായിരുന്നു അവളെ... എന്നാൽ പോയി നോക്കാൻ ഒരു ചമ്മലും... ഇനി നിഹാൽ പറഞ്ഞ പോലെ ഇഷ്ട്ടാവൂലെ...? ഒരു വിധം തിരക്കൊക്കെ ഒഴിഞ്ഞു... പന്തലും ആളും സംസാരവും ചിരിയും കുറഞ്ഞു... ഇനിയിപ്പോ അവള് പോയി കാണോ... നവിയോട് അങ്ങനെ പറയണ്ടായിരുന്നു.. അവനും ദേഷ്യം വന്നെന്ന് തോന്നുന്നു.... ഇന്ന് ഇനി അവന്റെ സഹായം പ്രതീക്ഷിക്കണ്ട...

ന്റെ സുറുമി.. എന്റെ ഇത്രേം അടുത്ത് നീ ഉണ്ടായിട്ടും ....നമ്മുടെ ആദ്യ കൂടിക്കാഴ്ച്ചക്ക് വേദിയായ ഈ മുറ്റവും സാക്ഷിയായ ഗേറ്റും എല്ലാമുണ്ടായിട്ടും... നിന്നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ ... ഇനി...ഇനി ഒരുമിക്കാൻ നമുക്ക് വിധിയില്ലേ... ആലോചിക്കുമ്പോൾ നെഞ്ച് ഇടുങ്ങുന്നു.. വല്ലാത്ത ഭാരം പോലെ... നിഹാൽ കയ്യിൽ പിടിച്ചപ്പോഴാണ് മഷൂദ് ചിന്തയിൽ നിന്നുണർന്നത് ... "എന്തോർത്ത് നിക്കാ..?ഈ ചോറ് അവിടെ കൊണ്ട് പോയി വിളമ്പി കൊടുക്ക്.. "നിഹാൽ കയ്യിലെ പാത്രം അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് പെണ്ണുങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് കണ്ണ് കാണിച്ചു.. അത് വാങ്ങി അങ്ങോട്ട്‌ പോകുമ്പോ നിഹാലിനെ ഒന്ന് സൂക്ഷിച്ചു നോക്കി മഷൂദ്.. "നോക്കണ്ട.. നീ തേടിപ്പിടിച്ചു ആവൂല.. അവള് അവിടെ ഉണ്ട്.. വാ.... " മഷൂദ് ന് മുമ്പിൽ നിഹാൽ നടന്നു തുടങ്ങിയിരുന്നു കേട്ടപാതി കാലുകൾക്ക് വേഗത കൂടുന്നത് മഷൂദ് അറിഞ്ഞു.... ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ട്... സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അവനോട്‌ നിഹാൽ കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു... സുറുമിയെയും മഷൂദ്‌ നെയും വീക്ഷിച്ചു കൊണ്ട് നിഹാലും അവിടെ നിലയുറപ്പിച്ചു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story