സുറുമി: ഭാഗം 9

surumi

എഴുത്തുകാരി: അവന്തിക

 സുറുമിയെയും മശൂദ്നെയും വീക്ഷിച്ചു കൊണ്ട് നിഹാലും അവിടെ നിലയുറപ്പിച്ചു.. പകച്ചു നിൽക്കുകയാണ് മഷൂദ്.. ഒന്നും രണ്ടുമല്ല..രണ്ട് വശത്തായി സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്ന അമ്പതോളം സീറ്റുകളിൽ ഒരു ഭാഗം മുഴുവൻ സുറുമിയുടെ സമപ്രായക്കാരാണെന്ന് തോന്നിക്കുന്നവരാണ് .. ഒരു ഭാഗത്തു മുഴുവനും അടുത്ത ബന്ധുക്കളും.. ചിരിയും സംസാരവും വിശേഷങ്ങളുമൊക്കെയായി ആകെ ബഹളം.. പടച്ചോനേ ഇതിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കും അവളെ... ആ തെണ്ടി സീറ്റ് എങ്കിലും പറഞ്ഞു തന്നെങ്കിൽ അവിടെ നോക്കായിരുന്നു... ഇതിപ്പോ... എവിടാ.... ഈ സമയം എളിയിൽ കയ്യ് കൊടുത്ത് മഷൂദ്നെ നോക്കി പല്ലിറുമ്പുകയാണ് നിഹാൽ... ന്റെ റബ്ബേ.... ഇതിനൊക്കെ.. എന്നെ പറഞ്ഞാൽ മതി.. അവിടെ പോയി അന്തോം കുന്തോം ഇല്ലാതെ നിൽക്കുന്നവനെ ആണല്ലോ നീ കാമുകനാക്കിയെ.... അവൻ ആരോടെന്നില്ലാതെ പിറുപിറുത്തു ... നിസ്സഹായയായ മഷൂദ് സഹായത്തിനായി നിഹാലിനെ നോക്കിയ നിമിഷം തന്നെ അവിടെ ഇരിക്കുന്നവരിൽ ഒരു സ്ത്രീ

''മോനെ ഇവിടേക്ക് കുറച്ച് ചോറ് ''എന്ന് പറഞ്ഞത്.. മഷൂദ് അങ്ങോട്ട്‌ നോക്കിയ സമയം മോനെ എന്ന വിളിയിൽ ഓപ്പോസിറ്റ് സൈഡിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സുറുമി തലയുയർത്തി നോക്കി..അടുത്ത് രണ്ടു കയ്യിലും മുട്ടോളം മൈലാഞ്ചി ഇട്ട് നിവർത്തി പിടിച്ച കയ്യുമായി ഹനയും.... സുറുമിയാണ് ഹനക്ക് വാരി കൊടുക്കുന്നത്.. മഷൂദ് നെ കണ്ട അവളുടെ മിഴികൾ ആഗ്രഹിച്ചതെന്തോ കണ്ടത് പോലെ വിടരുന്നതും ഒരു പുഞ്ചിരിയോടെ അവനെ തന്നെ നോക്കുന്നതും അടക്കാനാവാത്ത സന്തോഷത്തോടെയാണ് നിഹാൽ കണ്ടത്... അപ്പൊ സുറുമി.... അവൾക്കും... അവളുടെ കണ്ണുകളിൽ കണ്ട തിളക്കം.... അവനെ കണ്ടപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരി.. സത്യാണോ.... അവൻ ഒന്നൂടെ നോക്കി.. അപ്പോഴും അവൾ ഒരിളം കുസൃതി ചിരിയാലെ അവനെ നോക്കി കൊണ്ടിരിക്കയാണ്.... ഹന വാതോരാതെ സംസാരിച്ച് കൊണ്ട് തോള് കൊണ്ട് ഒന്ന് തട്ടി അടുത്ത ഉരുളക്കായി വായ നീട്ടിയപ്പോഴാണ് സുറുമി സ്വബോധത്തിലേക്ക് വന്നത്.. വേഗം ദൃഷ്ട്ടികളെ മാറ്റി ചുറ്റുഭാഗവും ഒന്ന് കണ്ണോടിച്ചു..

എന്തോ കള്ളം ചെയ്ത പോലെ അവൾ ഒരു കണ്ണടച്ച് നാവൊന്ന് കടിച്ചു കൊണ്ട് തല നിഷേധം ഭാവത്തിൽ കുടഞ്ഞു .. അപ്പൊ കാര്യങ്ങൾ എളുപ്പമായി... ആരുമറിയാതെയാണ് രണ്ട് പേരുടെയും കളി ... കള്ള പ്രണയിതാക്കൾ... ഇതിനൊരു തീരുമാനം ഞാൻ കണ്ടിരിക്കും.. ദാ വരുന്നു പൊട്ടൻ... തല ചൊറിഞ്ഞു കൊണ്ട് വളിച്ച ചിരിയുമായി വരുന്ന മഷൂദ് നെ കണ്ടു നിഹാൽ പിറുപിറുത്തു.... എന്തെ കണ്ടില്ലേ...?? " ഒരു കയ്യ് കൊണ്ട് അവനെ വലിച്ചു ഓരോരം ചേർന്ന് നിർത്തി.. ഒരു പുരികം പൊക്കി കൊണ്ട് തന്നെ ചോദിച്ചു.. "എടാ.. ഒന്നും രണ്ടുമല്ല... പത്തിരുപതു പേരുണ്ട്..ഇതിലേറെ എളുപ്പം കോളേജ് ഗേറ്റ് തന്നെയായിരുന്നു.. ഇതൊരു മാതിരി ലേഡീസ് ഹോസ്റ്റലിൽ ചെന്ന പോലെ..." "ഞാൻ വിചാരിച്ചു വലിയ കാമുകൻ അല്ലെ.. ഈ സിനിമയിലും നോവലിലൊമൊക്കെ കാമുകൻ ചെല്ലുന്നു.. കാമുകിയുടെ ചന്ദനത്തിന്റെയും സോപ്പിന്റെയും മണമടിച്ച് കാമുകൻ കണ്ടുപിടിക്കുന്നു.. അല്ലെങ്കിൽ കാമുകി അടുത്തെവിടെയുണ്ടെങ്കിലും കാമുകന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു.. കൊട്ടുന്നു...

നിനക്ക് ഈ പറഞ്ഞ ഫീൽ ഒന്നൂല്ല്യെ..?? " "എടാ.. പോടാ.. കളിയാക്കാതെ... അതിന് ഇപ്പൊ അവളുടെ മണം ന്ന് പറയാൻ ഞാൻ അവളെ അത്ര അടുത്ത് നിന്ന് കണ്ടിട്ടൊന്നുമില്ലല്ലോ.. പിന്നെ അന്ന് അറിയാതെ ഒരു ഇടി.. അതിപ്പോ അന്ന്.. അപ്പൊ... " ആഹ്.. ആഹ്.. പരുങ്ങണ്ടാ... ഇനി ഞാൻ ഒരു കാര്യം പറയാം.. പറയുമ്പോ.. അങ്ങോട്ട്‌ നോക്കരുത്... ഇവടെ നിന്ന് വലത് ഭാഗത്തു മൂന്നാമത്തെ ടേബിളിൽ ഇങ്ങോട്ട് തിരിഞ്ഞിരിക്കുന്നതിൽ നടുവിലാണ് അവളുള്ളത്.. ബ്ലാക്ക് ഷാൾ..... പിന്നെ ഒരു കാര്യം കൂടി.. മൂത്തുമ്മ നിന്നെ മോനെ ന്ന് ചോറ് വിളമ്പാൻ വിളിച്ച അതെ സ്പോട്ടിൽ അവള് നിന്നെ കണ്ട്... ഇമ ചിമ്മാതെ കണ്ണിലൊളിപ്പിച്ച പ്രണയവുമായി അവള് നിന്നെ നോക്കുകയും ചെയ്ത്... " നിഹാൽ അക്കമിട്ട് എണ്ണി എണ്ണി പറഞ്ഞു "പോടാ.. ആളെ കളിയാക്കാതെ.. നിനക്കുള്ളതാ.. ടെൻഷൻ അടിച്ചിരിക്കുമ്പോ അസ്ഥാനത്തുള്ള കോമഡി... " "എന്നാ നീ വിശ്വസിക്കണ്ട... എനിക്കുറപ്പായിരുന്നു വിശ്വസിക്കൂലാന്ന്... എന്നാ നീ ഒരു കാര്യം ചെയ്യ് ... നീ ചോറ് മാറ്റി ഈ കറിയും കൊണ്ട് പോകുന്നു....

അവളുടെ അടുത്ത ടേബിളിൽ എത്താറാവുമ്പോ ഞാൻ ഇവിടുന്ന് മഷൂ ന്ന് വിളിക്കുന്നു... നീ ഇങ്ങോട്ട് നോക്കുന്ന അതെ നിമിഷം അവളേം കൂടെ നോക്കുന്നു ... യാദർശികമായി വേണം നോക്കാൻ... അവളുടെ മുഖത്ത് നോക്കി നിൽക്കരുത്.. ജസ്റ്റ്‌... ദേ... ഇങ്ങനെ... തല തിരിക്കുന്നു... ആ തിരിയുന്ന ടൈമിൽ ഒന്ന് കണ്ണോടിക്കുന്നു... "നിഹാൽ പറയുന്നതിനോടൊപ്പം കാണിച്ചു കൊടുക്കുകയും ചെയ്തു... "എടാ...എനിക്ക്.. ആകെ കൂടെ... അവള് ഇപ്പൊ എന്നെ നോക്കുന്നുണ്ടാകോ.... ഞാൻ ആദ്യം ഒന്ന് കണ്ടിട്ട് നീ വിളിച്ചാൽ മതി.. അല്ലെൽ തിരിയുമ്പോ കണ്ണ് അവിടെ സ്റ്റക്ക് ആകാൻ ചാൻസ് ഉണ്ട്.. " "ഹ്മ്മ്.. ഹ്മ്മ്... നീ പോയിവാ... അതൊക്കെ ഞാൻ ഏറ്റു.. " മഷൂദ് മുടിയൊക്കെ ഒന്ന് കയ്യ് കൊണ്ട് മാടി ഒതുക്കി ടീഷർട് പിടിച്ചു ഒന്ന് നേരെയാക്കി.. നിഹാലിന്റ കയ്യിലുള്ള കറി പാത്രവുമായി അങ്ങോട്ട്‌ കടന്നു.. അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കി... ഹനയോട് സംസാരിച്ചു കൊണ്ടാണ് തിന്നുന്നത്.. കൂടെ ഹനക്ക് വെള്ളം വായേലേക്ക് വെച്ച് കൊടുക്കുന്നുമുണ്ട്... ഒരു നിമിഷം ഹൃദയം പോലും മൗനമായ പോലെ......

വയറിലൂടെ ഒരു ആളൽ അത് പഴയതിലേറെ സുഖത്തിൽ ഇടനെഞ്ചിൽ പോയി നിന്നു.... കുറച്ചൂടെ മുമ്പിലേക്ക് അവൻ നടക്കുകയും അവളിൽ നിന്ന് പണിപ്പെട്ട് കണ്ണെടുക്കുകയും ചെയ്തു... മഷൂ....നിഹാൽ എന്തോ ആവിശ്യത്തിനെന്ന പോലെ വിളിച്ചപ്പോൾ നിഹാൽ പറഞ്ഞു പഠിപ്പിച്ച അതേ ഭാവത്തിൽ മഷൂദ് തിരിഞ്ഞു.. നോട്ടം അവളിൽ നിന്ന് മാറി അടുത്ത് ഇരിക്കുന്നവരിലേക്കും പോയി.. ഇപ്പൊ അവള് മാത്രമല്ല.. എല്ലാവരും തന്നെയാണ് നോക്കുന്നത്.. കാരണം പത്തമ്പത് പെണ്ണുങ്ങൾക്ക് നടുവിലായി കവുങ്ങ് പോലെ നിൽപ്പല്ലേ... തിരിഞ്ഞ് നിന്ന് നിഹാലിനെ കണ്ണ് കാണിച്ചപ്പോഴേക്കും അവൻ കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കി ആരോടോ ദാ വരുന്നു... എന്ന് കയ്യ് കൊണ്ട് കാണിച്ച് ഇടം കണ്ണ് കൊണ്ട് മഷൂദ് നെ നോക്കി ദൃതിയിൽ നടന്നുതുടങ്ങിയിരുന്നു .. പല്ലിറുമ്പി കൊണ്ട് മഷൂദ്‌ കൂടെയും.. "നീ ഇപ്പൊ മഷൂ..ന്ന് വിളിച്ചപ്പോൾ എല്ലാവരും നോക്കിയ പോലെ അവര് മോനെ ന്ന് വിളിച്ചപ്പോ എല്ലാവരും ഇല്ലേലും അടുത്ത് ഇരിക്കുന്നവർ എങ്കിലും നോക്കി കാണും.. നീ സുറുമിയെ മാത്രം നോക്കിയപ്പോൾ അവള് നോക്കുന്നതായി തോന്നി..." അവിടെന്ന് മുങ്ങിയ നിഹാലിനെ കയ്യോടെ പൊക്കി കൊണ്ട് വന്ന്‌ തന്റെ പരിഭവും ചമ്മലും തീർക്കുകയാണ് മഷൂദ്....

"അല്ലേടാ.. ഞാൻ.. കണ്ട.. താ... ഇനിയിപ്പോ.. "മഷൂദ് പറഞ്ഞപ്പോൾ നിഹാലിനും സംശയം... അവൻ നെറ്റിയിൽ ഒന്ന് കോറി കൊണ്ട് മഷൂദ്‌ പറയുന്നതൊക്കെ കേട്ടു കൊണ്ടിരിന്നു.. ഇനിയിപ്പോ സുറുമി നോക്കിയ പോലെ അടുത്തുള്ളവരും നോക്കി കാണോ..ഞാൻ അവളെ മാത്രം നോക്കിയതോണ്ട് കണ്ടതാണോ. പക്ഷെ അവളുടെ കണ്ണുകളിലെ തിളക്കം.... മുഖത്ത് വിരിഞ്ഞ ചിരി.. അവനോട് അധികം തർക്കിച്ചിട്ട് കാര്യമില്ല.. കണ്ടറിയണം.... സുറുമി ക്ക് തിരിച്ചും ഒരിഷ്ടം ഉണ്ടെന്ന് പറഞ്ഞിട്ട്... കുറച്ച് നേരത്തേക്കണേലും..അവൻ ആശിച്ചു കാണും.. അതിന്റെ പരിഭവം ആണ്... വരട്ടെ.. സമയം ഉണ്ടല്ലോ... "ഇനി നീ അതേ കുറിച്ച് ആലോചിക്കണ്ട.... ഞാനും... നല്ലൊരു ദിവസായിട്ട് ഒരു പെണ്ണിന്റെ പേര് പറഞ്ഞ് അത് കോളമാക്കണ്ട... നാളെ നിക്കാഹാണ്... നല്ലോം പ്രാർത്ഥിച്ചു കിടന്നുറങ്ങാൻ നോക്ക്... നീ പൊക്കോ... ഉറക്കം കളയണ്ട... ഇവടെ ഒന്ന് ഒതുക്കി ഞാൻ കിടക്കാൻ വന്നേക്കാം.. നാളെ ഇവടെ സെറ്റ് ആക്കിയിട്ടേ ഞാൻ വീട്ടിൽ പോകുന്നുള്ളൂ... "മഷൂദ് നിർബന്ധം പിടിച്ചപ്പോൾ നിഹാൽ കിടക്കാനായി പോയി.ഏകദേശം എല്ലാവരും പോയിരിന്നു... അവിടേം ഇവിടേം ജോലിക്കാർ വൃത്തിയാക്കുന്നുണ്ട്..

നാളെ ഫുഡ്‌ വീട്ടിൽ വെച്ച് ഉണ്ടാക്കുകയാണെങ്കിലും വിളമ്പാനും മറ്റും ആളുകളെ ഏൽപ്പിച്ചിട്ടുണ്ട്.. മഷൂദ്‌ അവർക്കൊപ്പം ടേബിൾ പിടിച്ചിടാനും മറ്റും കൂടെ കൂടി.. ഇതേസമയം അകത്തു സുറുമി സൽമാനെ വിളിച്ചിട്ട് കിട്ടാതെ വെപ്രാളപെട്ട് ഇരിക്കുകയാണ്.. എല്ലാം കഴിഞ്ഞ് വിളിച്ചാൽ മതി വന്നോളാം എന്ന് പറഞ്ഞതാണ്.. ഇപ്പോ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. ഹന സമയം കളയാതെ നിഹാലിനെ വിളിച്ചു കൊണ്ട് വന്നു.. പാവാണ്‌ ഇക്കാക്ക... ഉച്ച മുതൽ ഒരേയിരിപ്പ് ഇരുന്ന് ക്ഷീണിച്ചു .. അവളെ കൊണ്ട് വിടാം.. ഞാനും വരാ.. അധികം ഒന്നില്ല്യല്ലോ.. വേഗം വാ.. ഹന വന്നു വിളിച്ചപ്പോ ആദ്യം കുറച്ച് ജാഡ ഇട്ടെങ്കിലും മഷൂദ് നെ മുന്നിൽ കണ്ട് വേഗം അവനൊരുങ്ങി.. സുറുമി എല്ലാവരോടും യാത്ര പറഞ്ഞ് മുറ്റത്തേക്കു ഇറങ്ങിയപ്പോൾ കണ്ടത് മശൂദ്നെയാണ്.. അവിടെവിടെയായി കിടക്കുന്ന വേസ്റ്റ് പേപ്പറും മറ്റും കവറിലാക്കികൊണ്ടിരിക്കുകയാണ്.. മുറ്റത്ത് വെച്ചാണ് നാളെ നിക്കാഹ്.. രാവിലേക്ക് കുറച്ച് മാറ്റം വരുത്തണം.. കാർപെറ്റ് ഒക്കെ വിരിച്ച് സെറ്റ് ആക്കണം.. അങ്ങനെയുള്ള അറേഞ്ച്മെന്റ് ഒക്കെ മഷൂദ് ആണ് ഏറ്റെടുത്തിരിക്കുന്നത്.. മഷൂദ് അവന്റെ പണി തുടർന്നോണ്ടിരിക്കുകയാണ്..

എന്നാൽ നിഹാൽ നോക്കിയത് ഹനക്ക് അപ്പുറം നിൽക്കുന്ന സുറുമിയെ ആണ്.. അവന്റെ ജോലികളെ കൗതുകപൂർവ്വം വീക്ഷിക്കുകയാണ്.. മുഖത്ത് നിറഞ്ഞ ചിരിയോടെ.. "മഷൂ.... " അവളെ നോക്കി കൊണ്ട് തന്നെ നിഹാൽ വിളിച്ചു.. വിളികേട്ട നിമിഷം തന്നെ അവള് ദൃഷ്ട്ടി മാറ്റി.. "ആഹ് ... നീ... കിടന്നില്ലേ.. "അവൻ ചോദിച്ചു കൊണ്ട് തിരിഞ്ഞപ്പോഴാണ് സുറുമിയെയും ഹനയെയും കണ്ടത്.. "ഇല്ലെടാ.. ഈ കുട്ടിയെ ഒന്ന് വീട് വരേ ആക്കണം.. ഹനയുടെ ഫ്രണ്ടാ.. "നിഹാൽ സുറുമിയെ നോക്കാൻ മഷൂദ് നോട്‌ കണ്ണ് കാണിച്ചു.. മഷൂച്ചക്ക് ഓർമ്മയുണ്ടോ.. കഴിഞ്ഞ പ്രാവിശ്യം കോഫി ഷോപ്പിൽ വെച്ച്.. സഫയുടെ കൂടെ മഷൂച്ച വന്നില്ലേ .. അന്നിവൾ ഉണ്ടായിരുന്നു.. ഞാൻ പരിചയപെടുത്തിയത് ഓർക്കുന്നുണ്ടോ...? "ഹന ചോദിച്ചപ്പോൾ സുറുമിയുടെ മുഖത്തേക്ക് തന്നെ നോട്ടം ഊന്നി കൊണ്ടവൻ "ആഹ്.. കണ്ട ഒരോർമയുണ്ട്.. "എന്ന് മറുപടി കൊടുത്തു.. അത് കേട്ടപ്പോൾ നിരാശയോടെ അതിലുപരി പരിഭവത്തോടെയാണ് സുറുമി അവന്റെ മുഖത്തേക്ക് നോക്കിയത്... അവനും അവളെ തന്നെ നോക്കുകയായിരുന്നു...അവളുടെ പരൽ മീനുകളെ പോലെ പിടയുന്ന കണ്ണുകൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന പോലെ..

സുറുമിയും അവന്റെ മുഖഭാവം ഒപ്പിയെടുക്കുകയായിരുന്നു.. അവന്റെ കണ്ണുകൾ തന്റെ കണ്ണുകളിൽ എന്തോ തേടുന്ന പോലെ.... ആ മുഖത്തപ്പോൾ പരിചയമില്ലായമായല്ല.. മറിച്ച് കൺനിറയെ തന്നെ കാണുന്ന പോലെയാണ് അവൾക്ക് തോന്നിയത്....അന്ന് കണ്ട അത് പോലെ....കണ്ണുകളിൽ കുസൃതി ഒളുപ്പിച്ച്.. ഒന്ന് രണ്ട് നിമിഷം... അവൻ വേഗം നോട്ടം മാറ്റി.. ഇനിയും നോക്കിയാൽ അവൾക്ക് മനസ്സിലാകും.. അവളുടെ മുഖത്ത് കണ്ട പരിഭവം.. കണ്ണുകളിൽ കലർന്ന ദുഃഖം... അതെല്ലാം നിഹാലിന്റെ കണ്ടുപിടിത്തങ്ങളെ ശരിവെക്കുന്നവയാണ്... അവന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരിന്നു... നിഹാലിന്റെ മുറുകെ കെട്ടിപിടിച്ച് അവന്റെ സന്തോഷം പ്രകടിപ്പിക്കണം എന്ന് തോന്നി മഷൂദ് ന്.. "ന്നാ കീ.. നീ ഡ്രൈവ് ചെയ്തോ.. ഞാനും വരാ... "നിഹാൽ കയ്യിലുള്ള ചാവി അവന് നേരെ എറിഞ്ഞു... ചാവി ക്യാച്ച് ചെയ്ത് നടക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ഗേറ്റ് ന്ന് അപ്പുറം സൽമാന്റെ ബൈക്ക് ഹോണടിച്ചിരിന്നു... "സലുക്ക വന്ന്‌..."അവൾ മഷൂദ് നെ നോക്കികൊണ്ടാണ് പറഞ്ഞത്. പൊടുന്നനെ അവന്റെ മുഖം മങ്ങുന്നത് അവൾ കണ്ടു.. സുറുമി നിഹാലിനോടും ഹനയോടും യാത്ര പറഞ്ഞു നടക്കാൻ ഒരുങ്ങി...

അറിയാതെ തന്നെ കണ്ണുകൾ അവനെ തേടി പോവുകയും കണ്ണുകൾ കൊണ്ട് അവൾ യാത്രപറയുകയും ചെയ്തു... അറിയാതെ തന്നെ അവനും കണ്ണുകൾ കൊണ്ട് പോകാൻ അനുവാദം കൊടുത്തു.. രണ്ട് പേരും പരസ്പരം അറിയാതെയുള്ള പ്രണയത്തിന്റെ മാത്രം ഭാഷയിൽ... ചിലപ്പോൾ ഒരു മൗനത്തിനോ കണ്ണുകകൾക്കോ അതുമല്ലെങ്കിൽ നിശ്വാസത്തിന് പോലും പ്രിയപെട്ടവരോട് സംസാരിക്കാൻ പറ്റുമല്ലോ.... ഹന അകത്തേക്ക് കയറിയതും മഷൂദ് സന്തോഷം കൊണ്ട് നിഹാലിന്റെ കയ്യ് മുറുകെ പിടിച്ച് ഇറക്കിയിരുന്നു.. ഞാൻ പറഞ്ഞില്ലെ.. ഇതിലേറെ വ്യക്തമായി ഞാൻ കണ്ടതാ...അവളുടെ കണ്ണുകളിലെ സന്തോഷവും തിളക്കവും ... നിഹാൽ തിരിച്ചും അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. "പക്ഷെ നീ ഇപ്പൊ കണ്ടതൊക്കെ അവളറിയാതെ സംഭവിക്കുന്നതാണ് .... അതായത് പ്രണയത്തിന്റെ മാത്രം ഭാഷയിൽ.. മനസിൽ ഒരിഷ്ടം തോന്നിയിട്ടുണ്ടാകും.. ബുദ്ധി അരുതെന്ന് പറയുന്നുമുണ്ടാകും.. ചിലപ്പോഴൊക്കെ ബുദ്ധി പറയുന്നത് മനസ്സ് അംഗീകരിക്കില്ല.. പെട്ടന്നൊന്നും മനസ്സ് പറയുന്ന പോലെ അവളെ പോലൊരു കുട്ടി അംഗീകരിക്കില്ല... അതിന് ഇനിയും സമയം വേണ്ടി വരും..

അടുത്തറിയുകയും അവളുടെ ലൈഫിലേക്ക് നീ വന്നാൽ അവൾ സന്തോഷവതിയായിരിക്കുമെന്നുമുള്ള തോന്നലുമുണ്ടാകണം..... ........നിന്റെ ഇഷ്ട്ടം ആത്മാർത്ഥമാണെങ്കിൽ അതിനൊരു വഴി കാണാതിരിക്കില്ല.." നിഹാലിന്റെ ഓരോ വാക്കുകളും മഷൂദ്ന്റെ മനസ്സിൽ പ്രതീക്ഷകളുടെ പുതിയ നാമ്പുകൾ വിതക്കുന്നവയായിരുന്നു.... പിറ്റേന്ന് ഭംഗിയായിട്ട് തന്നെ നിഹാലിന്റെയും ഹനയുടേയും നിക്കാഹ് കഴിഞ്ഞു.. നിഹാൽ ഹിബയുടെ ഉപ്പാടെ കയ്യ് പിടിച്ചു വചനങ്ങൾ ഏറ്റു പറഞ്ഞ് അവളെ തന്റെ ജീവന്റെയും ജീവിതത്തിന്റെയും പാതി ആക്കിയപ്പോൾ നദീൻ ഹനയുടെ വാപ്പച്ചിയുടെ കയ്യ് പിടിച്ച് അവളെ അവന്റെ പാതിയാക്കി.... വിളമ്പാനും മറ്റും ഒരു കാറ്ററിംഗ് ഗ്രൂപ്പിനെ ഏൽപ്പിച്ചത് കൊണ്ട് മഷൂദ്ന് ആ വക പണിയില്ലായിരുന്നു... കണ്ണുകൾ ഗേറ്റിലേക്കും സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കും ഇടവില്ലാതെ അവളെ തേടിക്കൊണ്ടിരിന്നു... "ആരെയാ നോക്കണേ.. "നിഹാൽ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.. "ഞാൻ ആരെ...നോക്കാൻ.. നിനക്ക് വെറുതെ തോന്നുന്നതാ.. ഞാൻ.. ഫുഡ്‌ കഴിക്കാൻ വരുന്നോർക്ക് സീറ്റ് ഒക്ക റെഡി ആണോ ന്ന് ഇങ്ങനെ.."

അവൻക്ക് മുഖം കൊടുക്കാതെ തന്നെ പറഞ്ഞു "ഉരുളണ്ട....... നീ ഇവടെ ആയപ്പോ കയറിപോയിട്ടില്ലല്ലോ.. " "ഈഹ്.. മനസിലായല്ലേ... ഇല്ലെടാ.. ഇനിയിപ്പോ നിയാസും ഉമ്മയും അവരൊക്കെ വന്നപ്പോ ഞാൻ ഒന്ന് മാറിയിരുന്നു.. അപ്പോ എങ്ങാനും.. "മഷൂദ് വീണ്ടും ഗേറ്റ്ലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു.. "ഹനാ... . "നിഹാൽ വിളിച്ച സ്ഥലത്തേക്ക് മഷൂദ് നോക്കിയപ്പോൾ ഹന രണ്ട് മൂന്ന് പേരുമായി സംസാരിച്ച് കൊണ്ട് പോവുകയാണ്.. നിഹാലിന്റെ വിളി കേട്ട് അവരോട് ഭക്ഷണം കഴിക്കാൻ പോകാൻ പറഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു.. ഇവനിപ്പോ ഇത് കൊളമാക്കോ എന്ന ആശങ്കയിൽ മഷൂദും.. "എന്തായെടി.. നിന്റെ ചെക്കനെ കണ്ടോ.. " "എവടെ..കാണാൻ വന്നപ്പോഴേക്കും പെൺപടയെല്ലാം വളഞ്ഞിട്ട് എന്നെ മറഞ്ഞു നിന്നു.. നാളെ അങ്ങോട്ട്‌ വരും അപ്പൊ കാണാം.. ഇപ്പൊ അളിയൻ പോകാൻ നോക്കിക്കോളൂ ന്നൊക്കെ പറഞ്ഞപ്പോ പുള്ളി വേഗം സ്ഥലം വിട്ടു...." "പറഞ്ഞ പോലെ നാളെ പോകാനുള്ളതല്ലേ...ഇപ്പൊ തന്നെ കണ്ട് ആ സസ്പെൻസ് പൊളിക്കണ്ട ല്ലെ... മഷൂ .. "

"എന്ത് .... ആഹ്.. ശരിയാ.. "മഷൂദ് ന്റെ മറുപടിയിൽ തന്നെ വെപ്രാളം ആവോളം ഉണ്ടായിരുന്നു.. നിഹാൽ എങ്ങാനും ഹനയോട് പറഞ്ഞാൽ ഓൺ ദി സ്പോട് അവളറിയും...ഇപ്പോ അറിയാതെ വീണു പോകുന്ന നോട്ടം പോലും ഇല്ലാതാവും.. "എടാ.. മഷൂ..നീ കേട്ടോ.. ഇതിന്റെ കൂടെ അവളുടെ കല്യാണ കാര്യം കൂടെ എടുത്തിട്ടപ്പോ ഒരേയൊരു കാര്യാ ഇവള് പറഞ്ഞത്... എന്റെ കല്യാണത്തിന് പയ്യന്റെ പെങ്ങൾ എന്ന റോൾ... അത് അതിന്റെ ഭംഗിയിൽ വേണെമെന്ന്... ഈ ദിവസം തന്നെ അവളും അണിഞ്ഞൊരുങ്ങി അതിന്റെ ത്രിൽ കളയാൻ വയ്യെന്ന്... ഒരേയൊരു പെങ്ങൾ.. എന്റെ ഒരേയൊരു കല്യാണം.. അവളുടെ ഒരേയൊരു ആഗ്രഹം...നടത്തി കൊടുക്കാതിരിക്കാൻ പറ്റോ....? "അവളെ തോളിലൂടെ ചേർത്ത് പിടിച്ചു "ഇല്ലില്ല... പറ്റില്ല... " നിഹാലിന്റെ സംസാരം എങ്ങോട്ടാണെന്ന് ആലോചിക്കുകയായിരുന്നു മഷൂദ് അപ്പോൾ.. "എടി.. നിന്റെ മൈലാഞ്ചി നല്ലോം ചുമന്നിട്ടുണ്ടല്ലോ... "നിഹാൽ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു.. അത് കേട്ടപ്പോൾ തന്നെ ഡ്രെസ്സിന്റെ സ്ലീവ് അൽപ്പം കൂടെ കയറ്റി കയ്യിന്റെ രണ്ട് ഭാഗവും അവൾ ഉയർത്തി കാണിച്ചു കൊടുത്തു... "എന്ത് ഭംഗി ല്ലേ.... ഇതൊരു കഴിവ് തന്നെയാ ല്ലേ... "

കയ്യിന്റെ ഭംഗിയും ചുവപ്പും ആസ്വദിച്ച് കൊണ്ടവൾ പറഞ്ഞു.. "നല്ലോം ചുമന്നിട്ടുണ്ടല്ലോ.. " നിഹാലും ശരിവെച്ചു.. അപ്പോഴും മഷൂദ് അതിന്റെ ഭംഗിയിലേക്കും വരയിലേക്കും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു... എന്തൊരു വഴക്കത്തോടെയാണ് ഓരോന്നും വരച്ചചേർത്തിരിക്കുന്നത്..... "മുഴുവനും ആ കുട്ടി ഇട്ടതാണോ... "മഷൂദ് അവളുടെ കയ്യിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.. "ഹാ..എനിക്ക് മാത്രമല്ല.. നമ്മുടെ ചോട്ടു ന്ന് മുതൽ അസ്നിത്തക്ക് വരേ അവളാ ഇട്ട് കൊടുത്തെ...... മെഹന്ദി ഫെസ്റ്റ് ഒക്കെ ഉണ്ടാകുമ്പോ അവൾക്കാ എപ്പഴും ഫസ്റ്റ് കിട്ടാറ്‌.. അത്രക്കും പെർഫെക്ട് ആണവളുടെ വർക്ക്‌....."ഹന അപ്പോഴും കയ്യ് ഇരുഭാഗവും തിരിച്ചും മറിച്ചും നോക്കികൊണ്ടിരിക്കുകയായിരുന്നു. "രാത്രി വരേ കുത്തിയിരുന്ന് നിങ്ങളുടെ ഒക്കെ കയ്യ് ഇങ്ങനെ ഭംഗിയിലാക്കിയിട്ടും അവളോട് ഇന്നത്തെ ഫങ്ക്ഷന് വരാൻ പറഞ്ഞില്ലേ..? " "പറയാതെ പിന്നെ.... നേരത്തെ വരും എന്നൊക്കെ പറഞ്ഞായിരുന്നു.. പക്ഷെ രാവിലെ വിളിച്ചപ്പോ അവള് പറഞ്ഞ് ഇന്നലെ ഒരേ ഇരിപ്പ് ഇരുന്നിട്ട് കഴുത്തും പുറവും ഒക്കെ വേദനയാ.. ന്ന്.. ഇന്നൂടെ വന്ന്‌ പൈൻ വല്ലോം കൂടിയാ നാളെ പിന്നെ വരാൻ പറ്റില്ലല്ലോ.. അപ്പൊ ഇന്ന് റസ്റ്റ്‌ എടുത്തിട്ട് നാളെ നേരത്തെ എത്തിയേക്കാമെന്ന് പറഞ്ഞു...

പാവം.. അധികം നിർബന്ധിച്ചില്ല... ഇന്നലെ അത്രേം കഷ്ടപ്പെട്ടതല്ലേ പാവം..." ഹന നെടുവീർപ്പോടെ പറഞ്ഞു നിർത്തി.... സുറുമിക്ക് വരാൻ പറ്റാത്തത്തിലുള്ള സങ്കടം ഹനയുടെ വാക്കുകളിൽ പ്രകടമായിരുന്നു.. നിഹാൽ ഇടം കണ്ണിട്ട് മഷൂദ്‌ നെ നോക്കിയപ്പോൾ ആളിവിടെ ഒന്നുമല്ലന്ന് മനസ്സിലായി... ഹനയോട് ഭക്ഷണം കഴിക്കാൻ പോകാൻ പറഞ്ഞു കൊണ്ട് മഷൂദ് നെ ഒന്ന് തട്ടി നിഹാൽ "എവടാ... വലിയേടത്ത് എത്തിയോ.. " "ഹേയ്... ഞാൻ ഇങ്ങനെ.. ഓരോന്ന്.. ഇന്നലെ കണ്ടപ്പോ അവളാകെ ക്ഷീണിച്ചിരുന്നു എന്ന തോന്നാ... കണ്ട എക്സൈറ്റ്മെന്റിൽ അപ്പൊ അത് ശ്രദ്ധിച്ചതുമില്ല.. " "മണിക്കൂറുകൾ സ്‌ട്രെയിൻ കൊടുത്ത് ഇരുന്നല്ലേ അതൊക്കെ വരച്ചു കൂട്ടിയത്.. അതായിരിക്കും... ഒരൂസം റസ്റ്റ്‌ എടുക്കുമ്പോ മാറും..നോക്കിക്കോ നാളെ അവള് വരും.. "നിഹാൽ രണ്ട് കണ്ണും അടച്ച് കൊണ്ട് അവന്റെ തോളിൽ തട്ടി.... നിഹാലിനെയും ഹിബയയെയും പരസ്പരം മധുരം കൊടുപിച്ചും പാല് കുടിപ്പിച്ചും കൈകൊട്ടി പാട്ടും മേളവുമായി അന്നേ ദിവസം പെൺപടകളും, നേതൃത്വം നൽകി കൊണ്ട് ഹനയും കല്യാണം ഗംഭീരമാക്കി ... .ചെറിയ ചെറിയ പണിഷ്മെന്റ് കൊടുത്തു കൊണ്ട് ഹിബയെയും നിഹാലിനെയും അവർ അറ കൂട്ടി ...

അറയിലേക്ക് പോകാൻ നേരം തന്റെ ഏതൊരു കാര്യത്തിനും ഒരു വാക്കിലൂടെയോ ഒരു നോട്ടം കൊണ്ടോ ധൈര്യം തന്നിരുന്ന നിഹാലിൽ നിന്ന് പേടിയും പരിഭ്രമവുമുള്ള പുയ്യാപ്ല ചെക്കനായി അവൻ മാറുന്നത് മഷൂദ് നിറഞ്ഞ ചിരിയോടെ കണ്ടു.. ഹിബയുടെ മുമ്പിൽ ഇപ്പോഴുള്ള വില പോവാതിരിക്കാൻ പെൺപടകളുടെ നിർദേശങ്ങളും കല്പനകളും കണ്ണുരുട്ടിയും പല്ലിറുമ്പിയുമാണെങ്കിലും അവൻ അനുസരിക്കുന്നുമുണ്ട്.. പിറ്റേന്ന് പതിവിലും ഉന്മേഷവാനായി തലേന്നത്തെ ക്ഷീണം പൂർണ്ണമായും വിട്ടൊഴിഞ്ഞാണ് മഷൂദ് എഴുന്നേറ്റത്..പതിവ് പ്രാർത്ഥനകളിൽ മുഴുവൻ നിറഞ്ഞു നിന്നത് സുറുമിയും അവൾക്കൊപ്പമുള്ള ജീവിതവുമായിരുന്നു... സഫയും ഹനയും കോളേജ് ഫ്രണ്ട്സ് ആയത് കൊണ്ട് റിസപ്ഷന് സഫക്ക് പ്രതേക ക്ഷണം ഉണ്ടായിരുന്നു.

ഉമ്മനോടും ഷെറിയോടും കൂടെ വരാൻ നിഹാൽ നിർബന്ധിച്ചിരുന്നെങ്കിലും മുട്ട് വേദനയും നടുവേദനയും ചൊല്ലി ഉമ്മയും ഉമ്മാക്ക് കൂട്ടിന് എന്ന് പറഞ്ഞ് ഷെറിനും ഒഴിവായി.. സഫയും മഷൂദും കൂടെയാണ് ഓഡിറ്റോറിയത്തിലേക്ക് പോയത്.. ഇന്ന് നല്ല ലുക്ക്‌ ആയിട്ടുണ്ടല്ലോ എന്ന സഫയുടെ പ്രശംസ ആവോളം ആസ്വദിച്ചു കൊണ്ട് മൂളിപാട്ടോടെ സ്റ്റിയറിങ്ങിൽ താളമിട്ട് ഡ്രൈവ് ചെയ്യുന്ന മഷൂദ്നെ സഫ അത്ഭുതത്തോടെയാണ് നോക്കികണ്ടത് ..... സ്‌നേഹം, സങ്കടം, ദേഷ്യം, സന്തോഷം ഈ വക വികാരങ്ങൾ ഒന്നും അധികം മുഖത്ത് കാണിക്കാത്ത പ്രോത്സാഹനങ്ങൾ ഇഷ്ടമല്ലാത്ത ഒരാളാണ്.. ഒരു പുഞ്ചിരിയോടെയുള്ള മറുപടിയിൽ ഒതുക്കി കളയേണ്ട തന്റെ വാക്കുകൾ കേട്ട് സന്തോഷിക്കുന്ന പുതിയൊരു മഷൂദ് നെ കാണുകയായിരുന്നു അവളപ്പോൾ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story