സൂര്യപാർവണം: ഭാഗം 1

surya parvanam

രചന: നിള നിരഞ്ജൻ

 " ണിം ണിം " മണിയൊച്ചയോടെ പാലക്കാടെക്കുള്ള KSRTC ബസ് യാത്ര തുടങ്ങി. അതിന്റെ ഒരു സൈഡ് സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടു ഞാനും. കയ്യിലുള്ള ബാഗ് തുറന്നു നോക്കി.. ഇന്നലെ യാത്ര പറഞ്ഞു പോകാൻ നേരം നീലാംബരി അമ്മ തന്ന ഫോൺ നമ്പർ കയ്യിൽ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി അതോടൊപ്പം കയ്യിൽ ഇന്നലെ അവർ തന്ന കുറച്ചു പൈസയും. സമയം രാവിലെ അഞ്ചര ആയതേ ഉള്ളു.. ഈ സമയത്തു പാലക്കാടേക്ക്‌ വണ്ടി ഉണ്ടെന്നു ഇന്നലെ കാവിലെ തിരുമേനിയായാണ് പറഞ്ഞു തന്നത്. " ടിക്കറ്റ്.. ടിക്കറ്റ്.. " " ഒരു പാലക്കാട്.. " ഇത് വരെ പോയിട്ടില്ല പാലക്കാടേക്ക്‌..ഇത്രയും ദൂരത്തേക്കുള്ള യാത്രയും ആദ്യമായാണ്.. അതും ഒറ്റയ്ക്ക്. അതോർത്തപ്പോൾ എനിക്ക് ചിരി വന്നു.. ഇനിയെന്നും ഒറ്റയ്ക്ക് തന്നെ ആണല്ലോ. എല്ലാ ബന്ധങ്ങളും അറുത്തെറിഞ്ഞു ഇന്നലെ തന്നെ എല്ലാവരും എന്നെ ഇട്ടിട്ടു പോയതല്ലേ. പാലക്കാട് എത്തിയാലും പിന്നെയും ഒരു ബസ് കൂടി കയറണം അതിർത്തി ഗ്രാമമായ ഇരുദേശപുരത്തേക്കു..

ഇന്നലെ കല്യാണം കഴിഞ്ഞു സന്ദീപേട്ടന്റെ കൈ പിടിച്ചു അദ്ദേഹത്തോടൊപ്പം ചെന്നു കയറണം എന്ന് കരുതിയ നാടാണ്. ഇന്നലെ മുതൽ എന്റേതും കൂടി ആകുമെന്ന് ഞാൻ കരുതിയ നാട്.. അവിടേക്കാണ് കല്യാണം മുടങ്ങി പിറ്റേ ദിവസം ഞാൻ ഒറ്റയ്ക്ക് ചെല്ലുന്നത്. അതും എന്റെ കല്യാണം മുടക്കിയ ആ അസുരനെ.. സൂര്യമഹാദേവനെ കാണാൻ.. അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തിനാണ് എന്റെ ജീവിതത്തിൽ ഇങ്ങനെ അനർത്ഥങ്ങൾ മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മാത്രം എനിക്ക് മനസിലായില്ല. ഇനി ചെറിയമ്മ പറയുന്നത് പോലെ ശരിക്കും ശാപം പിടിച്ച ജന്മം ആയിരിക്കുമോ എന്റേത്? ചെറിയമ്മ അങ്ങനെ പറയുമ്പോഴൊക്കെ ഞാൻ ഒരു രാജകുമാരി ആണെന്ന് അച്ഛൻ പറഞ്ഞു സമാധാനിപ്പിക്കാറുള്ളത് ഓർമ വന്നു.. ആ ഓർമയിൽ അറിയാതെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുരത്തേക്കു ചാടി. ഒരു ബസ് ആണെന്നുള്ള ചിന്തയിൽ ഞാൻ പെട്ടെന്ന് എന്റെ കരച്ചിൽ ഉള്ളിലേക്ക് തന്നെ ഒതുക്കി. ഭാഗ്യത്തിണ് ബസിൽ തിരക്കും കുറവായിരുന്നു.

എന്റെ സീറ്റിൽ കൂടെ ആരും ഉണ്ടായിരുന്നും ഇല്ല. പാലക്കാടേക്ക്‌ യാത്ര ഇനിയും ഒരുപാടു ദൂരം ബാക്കി ആണ്. പതിയെ സീറ്റിലേക്ക് ചാരി ഞാൻ കണ്ണുകൾ അടച്ചു.. ഇന്നലെ വരെയുള്ള എന്റെ ജീവിതം കണ്ണിനു മുന്നിൽ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. ഞാൻ പാർവണ ലക്ഷ്മി.. അച്ഛന്റെ പാറു.. സ്കൂൾ മാഷായിരുന്ന രാഘവന്റെയും ഭാര്യ നന്ദിനിയുടെയും ഏക മകൾ. എനിക്ക് വെറും നാല് മാസം പ്രായം ഉള്ളപ്പോഴാണ് സന്തോഷത്തോടെ പോയിരുന്ന കുടുംബ ജീവിതം ഉപേക്ഷിച്ചു എന്റെ അമ്മ മറ്റൊരാളുടെ ഒപ്പം ഇറങ്ങി പോയത്.. പിന്നീട് അമ്മയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു. അതോടെ നാട്ടുകാരുടെ ഒക്കെ മുന്നിൽ സമയദോഷമുള്ളവളും ശാപം കിട്ടിയവളും ഒക്കെയായി മാറി. അച്ഛന്റെ കണ്ണിൽ ഒഴിച്ച്.. അമ്മ അച്ഛന്റെ കയ്യിൽ കൊടുത്തിട്ടു പോയ ഒരു നിധി ആയയാണ് അച്ഛൻ എന്നെ കണ്ടത്.

പക്ഷെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കളിയാക്കലുകളും കുത്തുവാക്കുകളും കേട്ടു മടുത്തപ്പോൾ അച്ഛൻ അവിടെയുള്ള വീടും സ്ഥലവും ഒക്കെ വിറ്റു എന്നെയും കൊണ്ട് മറ്റൊരു നാട്ടിലേക്കു പോന്നു . അവിടെ പുതിയ ജോലിയും നാട്ടുകാരും ആൾക്കാരും ചെറിയൊരു വീടുമായി ഞങ്ങൾ പുതിയ ഒരു ജീവിതം തുടങ്ങി. അമ്മയുടെ കുറവ് ഉണ്ടെങ്കിലും സന്തോഷ പൂർണമായിരുന്നു ഞാനും അച്ഛനും മാത്രം ഉള്ള ഞങ്ങളുടെ ജീവിതം.ഞാൻ കുറച്ചു കൂടെ വലുതായപ്പോൾ ആണ് അച്ഛന്റെ കൂട്ടുകാരും പരിചയക്കാരും ഒക്കെ അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയത്.. ഒരു പെൺകുട്ടിക്ക് അമ്മ അനിവാര്യമാണെന്ന് എല്ലാവരും പറഞ്ഞു.. അച്ഛൻ എവിടെയെങ്കിലും പോവുമ്പോൾ ഞാൻ ഒറ്റക്കാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും ചെയ്യാം. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഒരു പാവപെട്ട വീട്ടിലെ പെണ്ണായ സുഭദ്രയെ എന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു ഞങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്നു.ചെറിയമ്മയുടെ നാട് തൃശൂർ ആയിരുന്നു.

ചെറിയമ്മയുടെ ആങ്ങള സുധി മാമനെ പറ്റി ആ നാട്ടിൽ നല്ല അഭിപ്രായം ആയിരുന്നില്ല. എന്റെ അച്ഛൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു അതെന്നു അധികം വൈകാതെ ഞങ്ങൾ രണ്ടാളും മനസിലാക്കുകയും ചെയ്തു. സുഭദ്ര ചെറിയമ്മക്ക് വന്നു കയറിയ നാൾ മുതൽ ഞാൻ ശത്രു ആയിരുന്നു. എരിതീയിൽ എണ്ണ ഒഴിച്ച് കൊടുക്കാൻ സുധി മാമനും ഭാര്യ മഹിമ അമ്മായിയും. പക്ഷെ അവരുടെ ഏഷണികൾക്കും കുബുദ്ധികൾക്കും ഒക്കെ നടുവിലും ഒരു പാറ പോലെ അച്ഛൻ എനിക്കൊപ്പം നിന്നു. അത് അവർക്കു എന്നോടുള്ള ദേഷ്യം കൂട്ടിയതേ ഉള്ളു. പക്ഷെ അച്ഛൻ എനിക്കൊപ്പം ഉള്ളത് കാരണം അതൊന്നും എന്നെ അലട്ടിയില്ല. അതിനിടയിൽ എനിക്കൊരു അനിയത്തി ജനിച്ചു.. പ്രാർത്ഥന എന്ന തനു. അവൾ എങ്കിലും എന്നെ സ്നേഹിക്കുമെന്നു കരുതി എങ്കിലും അവൾ ചെറിയമ്മയുടെ വഴി തന്നെ ആയിരുന്നു.. അവൾക്കും ഞാൻ ശത്രു തന്നെ ആയിരുന്നു. അച്ഛൻ എന്നെ അവളെക്കാളേറെ സ്നേഹിക്കുന്നു എന്ന തോന്നലും കൂടി ആയപ്പോൾ എല്ലാം പൂർത്തി ആയി. എന്നാലും കാര്യങ്ങൾ ഒന്നും വലിയ കുഴപ്പമില്ലാതെ തന്നെയാണ് നടന്നു പൊയ്ക്കൊണ്ടിരുന്നത്..

ഞാൻ നന്നായി പഠിക്കുമായിരുന്നു. ഡിഗ്രിക്ക് നല്ല മാർക്കും ഉണ്ടായിരുന്നു. എന്റെ ഡിഗ്രി കഴിഞ്ഞതോടെ എന്നെ ഇനി പഠിപ്പിച്ചു കാശ് കളയേണ്ട എന്നായി ചെറിയമ്മയുടെ നിർബന്ധം. എന്നാൽ ഇനിയും പഠിക്കണം എന്ന തീരുമാനത്തിൽ ഞാനും ഉറച്ചു നിന്നു. എന്റെ ഇഷ്ടം നോക്കാറുള്ള അച്ഛൻ ഈ കാര്യത്തിലും എന്റെ ഭാഗത്തു നിന്നു.. പക്ഷെ ചെറിയമ്മയും വാശിയിൽ തന്നെ ആയിരുന്നു. അങ്ങനെ സ്ഥിരം വഴക്കായപ്പോൾ എന്നെ തത്കാലം വീട്ടിൽ നിർത്തണ്ട കുറച്ചു ദൂരെ എവിടെയെങ്കിലും മാറ്റി നിർത്തി പഠിപ്പിക്കാം എന്ന ചിന്ത അച്ഛന് ഉണ്ടായി.. എറണാകുളത്തുള്ള കോളേജിൽ എന്റെ പിജി ക്കുള്ള അഡ്മിഷൻ ശരിയാക്കി. എന്റെ ഹോസ്റ്റലിന്റെ കാര്യങ്ങൾ ശരിയാക്കാനായി പോയ അച്ഛൻ ഒരു അപകടത്തിൽ കൊല്ലപ്പെട്ടതോടെ എന്റെ ജീവിതവും മാറി മറിഞ്ഞു.. അച്ഛന്റെ മരണത്തോടെ ഞാൻ ആകെ തകർന്നു പോയി. ചെറിയമ്മയ്ക്കും തനുവിനും ഒക്കെ സമാധാനിപ്പിക്കാനും മറ്റും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉള്ളപ്പോഴും എന്നെ ഒരു വാക്ക് കൊണ്ട് പോലും ആശ്വസിപ്പിക്കാൻ ആരും ഉണ്ടായില്ല. ശരിക്കും ഒറ്റപ്പെടലിന്റെ വേദന ഞാൻ അറിഞ്ഞു തുടങ്ങിയത് അന്നായിരുന്നു.

അച്ഛന്റെ വിയോഗത്തിന്റെ ഷോക്കിൽ നിന്നു കര കയറുന്നതിനു മുന്നേ തന്നെ എല്ലാ കാര്യങ്ങളെല്ലാം ചെറിയമ്മയുടെ നിയന്ത്രണത്തിൽ വന്നു. മൂന്നു പെണ്ണുങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്നത് ശരിയാവില്ല എന്ന് പറഞ്ഞു ചെറിയമ്മ തനുവിനെയും എന്നെയും കൂട്ടി തൃശ്ശൂരുള്ള അവരുടെ വീട്ടിലേക്കു പോയി. അവിടെയായിരുന്നു സുധി മാമനും മഹിമ അമ്മായിയും അവരുടെ മകൾ നിത്യയും ഉള്ളത്. അച്ഛനു സുധി മാമനെ ഇഷ്ടമല്ലാത്തത് കൊണ്ട് അവരെ അടുപ്പിക്കാറെ ഇല്ലായിരുന്നു. കൂടെ പോവുക അല്ലാതെ അപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഇവിടുത്തെ ഞങ്ങളുടെ വീട് വാടകക്ക് കൊടുത്തു ആ വാടക വാങ്ങാൻ തുടങ്ങി. അതോടെ ഞാൻ തൃശ്ശൂർ അവരുടെ വീട്ടിലെ വേലക്കാരിയായി.. എന്നെ തുടർന്ന് പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ തന്നെ അവർ ഉറച്ചു നിൽക്കുകയും ചെയ്തു. ഞാൻ എത്ര കരഞ്ഞു പറഞ്ഞു നോക്കിയിട്ടും അവരുടെ മനസ്സ് മാറിയില്ല. ആ വീട്ടിൽ നിന്നു ഒന്ന് പുറത്തിറങ്ങാനോ ആരെയെങ്കിലും കാണണോ പോലും ഉള്ള അനുവാദം എനിക്ക് ഉണ്ടായിരുന്നില്ല.

ആകെ തൊട്ടടുത്തുള്ള കാവിൽ പോകാൻ മാത്രമാണ് സമ്മതിച്ചിരുന്നത്. എത്രയും പെട്ടെന്ന് എന്നെ ആരുടെയെങ്കിലും കൂടെ പറഞ്ഞയച്ചു അച്ഛന്റെ സ്വത്തുക്കളും കിട്ടാനുള്ള പണവും തട്ടിയെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.. പക്ഷെ അവരുടെ ഉദ്ദേശം അച്ഛൻ നേരത്തെ മനസിലാക്കി വച്ചിരുന്നു എന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്ക് മനസിലായി. അച്ഛന്റെ മരണ സർട്ടിഫിക്കറ്റും കൊണ്ട് വീടും പരിസരവും തന്റെ പേരിലേക്ക് മാറ്റാൻ പോയ ചെറിയമ്മ ഇളിഭ്യയായി തിരികെ വന്നു.. അച്ഛൻ അതെല്ലാം എന്റെയും തനുവിന്റെയും പേരിൽ തുല്യ അവകാശത്തോടെ എഴുതി വച്ചിരുന്നു. അച്ഛന്റെ രണ്ടു മക്കളും അച്ഛന് തുല്യരാണെന്നു പറയാതെ പറയുകയായിരുന്നു അച്ഛൻ അപ്പോൾ. അതോടെ ഒന്നും കൊടുക്കാതെ എന്നെ ആ വീട്ടിൽ നിന്നു പറഞ്ഞു വിടാം എന്നുള്ള ചെറിയമ്മയുടെയും കൂട്ടരുടെയും പദ്ധതി വെള്ളത്തിൽ ആയി.പക്ഷെ അച്ഛന്റെ ജോലിയിൽ നിന്നു കിട്ടാനുള്ള പൈസ ഒക്കെ ചെറിയമ്മ ഒരു ചില്ലി കാശ് പോലും എനിക്ക് താരത്തെ മൊത്തമായും മേടിച്ചെടുത്തു.ചോദിച്ചപ്പോൾ അത് എനിക്ക് ചിലവിനു തരുന്നതിന്റെ കണക്കിൽ കൂട്ടിയാൽ മതി എന്ന് മറുപടിയും കിട്ടി. വീട് അവർക്കു മാത്രമായി കിട്ടാത്തതിലുള്ള അവരുടെ പദ്ധതികൾ നടക്കാത്തതിൽ ഉള്ള ദേഷ്യം കൂടുതൽ പണികളുടെ രൂപത്തിൽ എനിക്ക് കിട്ടി കൊണ്ടിരുന്നു..

ആ വീട് എനിക്ക് ഒരു നരകമായി എന്ന് തന്നെ പറയാം. അങ്ങനെ ഇരിക്കുമ്പോഴാണ് സ്ഥിരമായി കാവിൽ വച്ചു സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി തുടങ്ങിയത്.. ഞാൻ നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുകയും ഒക്കെ ചെയ്യും. അയാൾ കാവിൽ വരാറുള്ള കാറും ബൈക്കും ഒക്കെ കണ്ടപ്പോൾ തന്നെ അയാൾ ഒരു നല്ല കാശുള്ള വീട്ടിലെയാണെന്നു എനിക്ക് മനസിലായി.പണക്കാരൻ പയ്യന്മാർക്കു ഇങ്ങനത്തെ പല സൂക്കേടുകളും ഉണ്ടാവും.അത് കൊണ്ട് ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത പോലെ തന്നെ കാവിൽ പോയി വന്നു. ഒരു ദിവസം കാവിൽ തൊഴുതു ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി അയാൾ എന്റെ മുന്നിൽ വന്നു.. " എന്റെ പേര് സന്ദീപ്.. പാലക്കാടിന്റെ അതിർത്തി പ്രദേശമായ ഇരുദേശപുരം ആണ് എന്റെ നാട്.. ഇവിടെ ഒരു ബന്ധു വീട്ടിൽ വന്നതാണ്.. അങ്ങനെയാണ് തന്നെ കാണുന്നത്.. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തന്നെ ഇഷ്ടമായി.. ഞാൻ ഇയാളെ കല്യാണം കഴിച്ചോട്ടെ? "

ആ ചോദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്.. എന്തറിഞ്ഞിട്ടാണ് ഈ മനുഷ്യൻ ഈ ചോദിയ്ക്കുന്നത്.. " എന്നെ പറ്റി എന്തറിഞ്ഞിട്ടാണ് നിങ്ങൾ എന്നെ കല്യാണം കഴിക്കണം എന്ന് പറയുന്നത്.. ആദ്യം എന്നെ പറ്റിയും എന്റെ കുടുംബത്തെ പറ്റിയും ഒക്കെ അന്വേഷിച്ചിട്ടു വരൂ.. എന്നിട്ടു പിന്നെയും എന്നെ കല്യാണം കഴിക്കണം എന്നാണെങ്കിൽ നിങ്ങൾ നിങ്ങളുടെ വീട്ടുകാരെയും കൊണ്ട് എന്റെ വീട്ടിലേക്കു വരൂ.. " അതും പറഞ്ഞു ഞാൻ അവിടുന്ന് നടന്നകന്നു. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് സന്ദീപേട്ടൻ എന്റെ പിറകെ വന്നു കൊണ്ടേ ഇരുന്നു. പതിയെ പതിയെ എന്റെ മനസ്സിലും ആ മനുഷ്യനോടുള്ള ഇഷ്ടം മുള പൊട്ടി തുടങ്ങി. ഒരു പക്ഷെ അച്ഛന്റെ മരണശേഷം എന്നോട് ആദ്യമായി സ്നേഹത്തോടെ സംസാരിക്കുന്നത് സന്ദീപേട്ടൻ ആയതു കൊണ്ടായിരിക്കാം. എന്തായാലും അധികം വൈകാതെ സന്ദീപേട്ടൻ അച്ഛനെയും അമ്മയുടെയും കൂട്ടി എന്നെ പെണ്ണ് ചോദിക്കാൻ സുധി മാമന്റെ വീട്ടിൽ എത്തി. നല്ല വീട്ടിലെ ചെറുക്കനെ കയ്യും കാണാനും കാണിച്ചു വശീകരിച്ചു എന്ന ചീത്ത കേൾക്കേണ്ടി വരും എന്ന് കരുതിയെങ്കിലും ചെറിയമ്മയുടെയും സുധി മാമന്റെയും ഭാഗത്തു നിന്നു വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല.

സന്ദീപേട്ടനെയും വീട്ടുകാരെയും കുറിച്ചു സുധി മാമൻ അന്വേഷിച്ചപ്പോൾ വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്.. അവർ ആ നാട്ടിലെ അത്യാവശ്യം നല്ല തറവാട്ടുകാർ ആയിരുന്നു. എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞതിന് ശേഷവും അവർ കല്യാണത്തിന് സമ്മതം തന്നെ ആണെന്ന് പറഞ്ഞു. അവസാനം സന്ദീപേട്ടനുമായുള്ള കല്യാണം നടത്തി തരാൻ ചെറിയമ്മ സമ്മതിച്ചു.. പകരം രണ്ടു ഡിമാന്റുകൾ വച്ചു.. കല്യാണച്ചിലവുകൾക്കായി അവർ മുടക്കുന്ന തുകക്ക് പകരമായി വീട്ടിൽ എന്റെ പേരിൽ ഉണ്ടായിരുന്ന വീടിന്റെ ഷെയർ കൂടി തനുവിന്റെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞു.പിന്നെ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഞാൻ ഒരിക്കലും അവരുടെ അടുത്തേക്ക് അവർക്കൊരു ഭാരമായി തിരികെ വരാൻ പാടില്ല.ആദ്യമൊന്നും വീടിന്റെ ഷെയർ എഴുതി കൊടുക്കാൻ ഞാൻ തയ്യാറായില്ലെങ്കിലും ആരോരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ഒരുപാട് പരിമിതികൾ ഉണ്ട്.. കുത്തുവാക്കുകളും ശാപവാക്കുകളും കഴിക്കുന്ന ചോറിനു വരെ കണക്കും കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവർ പറഞ്ഞതിന് സമ്മതിച്ചു.

അവർ പറഞ്ഞ കാര്യങ്ങൾ സന്ദീപേട്ടനോട് പറഞ്ഞപ്പോൾ ഇനിയുള്ള ജീവിതകാലം മുഴുവൻ എന്നോടൊപ്പം സന്ദീപേട്ടൻ ഉണ്ടാവും എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. സന്ദീപേട്ടന്റെ സ്നേഹം എനിക്ക് ഫോണിലൂടെ ആവോളം കിട്ടുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ സന്ദീപേട്ടനോടൊത്തുള്ള ഒരു ജീവിതം ഞാനും സ്വപ്നം കണ്ടു തുടങ്ങി.. കല്യാണത്തിന് ഒരാഴ്ച മുന്നേ എന്റെ പേരിലുള്ള വീടിന്റെ ഷെയർ തനുവിന്റെ പേരിലേക്ക് മാറ്റി.. അതോടെ എന്റെ അച്ഛൻ വാങ്ങിയ വീട്ടിൽ എനിക്ക് ഒരു അവകാശവും ഇല്ലാതായി.പേരിനു ഒരു സാരിയും കുറച്ചു ഡ്രെസ്സുകളും എടുത്തു. സന്ദീപേട്ടന്റെ സ്‌നേഹപൂർണമായ സംസാരത്തിനിടയിലും എനിക്ക് മനസ്സിൽ അകാരണമായ ഒരു ഭയമായിരുന്നു. അതെന്തിന് വേണ്ടിയാണെന്ന് എനിക്ക് മനസിലായെ ഇല്ല.. സമയം ആർക്കും കാത്തു നിലക്കാത്തതു കൊണ്ട് ആ ദിവസവും വന്നെത്തി.. എന്റെ കല്യാണദിനം... രാവിലെ എണീറ്റു കുളിച്ചു കാവിൽ പോയി തൊഴുതു. ഈ കാവിൽ വച്ചാണ് സന്ദീപേട്ടനെ കാണുന്നതും ഇഷ്ടപ്പെടുന്നതും.അത് കൊണ്ട് തന്നെ ഈ കാവിലമ്മയാണ് സന്ദീപേട്ടനെ എനിക്ക് തന്നതെന്നു ഞാൻ വിശ്വസിച്ചു. അതിനു ദേവിയോട് നന്ദി പറഞ്ഞു.

ഏട്ടനും വീട്ടുകാരും വീട്ടുകാർ സ്വർണമൊന്നും വേണ്ടായെന്നു പറഞ്ഞിരുന്നു.. അത് കൊണ്ട് ഇത്രയും നാൾ എന്റെ കഴുത്തിൽ കിടന്നിരുന്ന ഒരു കുഞ്ഞു മാലയും പിന്നെ എന്റെ അമ്മയുടെ ആയിരുന്ന ഒരു പാലക്കാ മാലയും ഒരു മുല്ല മൊട്ടു മാലയും ആണ് ആകെ ഉള്ളത്. രണ്ടു കയ്യിലും കൂടെയായി നാല് വളകൾ.. അതും എന്റെ അമ്മയുടെ ആയിരുന്നു.. ഒരു ചെറിയ കമ്മൽ.. ഇതാണ് ആകെയുള്ള സ്വർണം. അധികം വിലയില്ലാത്ത ഒരു കല്യാണസാരിയും കുറച്ചു മുല്ലപ്പൂവും..കല്യാണപ്പെണ്ണിന്റെ ഒരുക്കം അത്ര തന്നെ. എന്നെ കല്യാണസാരി ഉടുപ്പിക്കാൻ പോലും ആരും വന്നില്ല എന്നുള്ളതാണ് സത്യം. തനു എങ്കിലും വന്നു ഒന്ന് എത്തി നോക്കിട്ടു പോകും എന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഈ വീട്ടിൽ മറ്റാർക്കും ഇല്ലെങ്കിലും ഒരേ അച്ഛന്റെ മക്കൾ എന്ന രക്തബന്ധം അവൾക്കു ഉണ്ടല്ലോ എന്നോട്.. കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങാൻ സമയമായി എന്ന് തനു വന്നു പറഞ്ഞു.ഞാൻ അവളെ ഒന്ന് നോക്കി. നന്നായി ഒരുങ്ങി സുന്ദരി ആയിട്ടുണ്ട്‌ അവൾ.

ഞാൻ ഉടുത്തിരിക്കുന്ന സാരിയേക്കാൾ വിലയുണ്ട് അവൾ ഇട്ടിരിക്കുന്ന ചുരിദാറിനു. അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ തൊഴുതു അനുഗ്രഹം വാങ്ങി ആ വീടിനോടും അവിടെയുള്ളവരോടും മനസ്സ് കൊണ്ട് വിട പറഞ്ഞു ഞാൻ ഇറങ്ങി. ഇനി ഇവിടേയ്ക്ക് ഒരു വരവ് ഉണ്ടാവില്ല എന്നത് അപ്പോൾ എനിക്ക് അത്രയ്ക്ക് വിഷമവും ഉണ്ടാക്കിയില്ല. സത്യത്തിൽ അവിടെ നിന്നൊരു മോചനം ഞാനും ആഗ്രഹിച്ചിരുന്നു. അവിടെ എത്തിയപ്പോൾ താലമേന്തിയ രണ്ടു പെൺകുട്ടികൾക്കു പിറകെ എന്നോടും ചെല്ലാൻ പറഞ്ഞു . അവരുടെ പിറകെ ഞാനും നടന്നു.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്റെ കൈ പിടിച്ചു കൊണ്ട് പോയേനെ.. ആ ഓർമയിൽ അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.. ഞാനും സന്ദീപേട്ടനും തമ്മിൽ കണ്ടിഷ്ടപ്പെട്ട ആ ചെറിയ കാവിൽ വച്ചാണ് താലികെട്ടും ചടങ്ങുകളുമൊക്കെ.. വളരെ തിരക്ക് കുറഞ്ഞ ഒരു കാവ് ആണ് അത്..കല്യാണം കൂടാൻ എത്തിയവരും തിരുമേനിയും അല്ലാതെ ഒന്നോ രണ്ടോ പേരെ അവിടെ അപ്പോൾ ഉണ്ടായിരുന്നുള്ളു. അവരുടെ നാട്ടിൽ നല്ല നിലയും വിലയും ഉള്ള സന്ദീപേട്ടന്റെ വീട്ടുകാർ കല്യാണം ഇത്രയും ചെറിയ രീതിയിൽ നടത്താൻ സമ്മതിച്ചത് എന്നെ അതിശയിപ്പിച്ചിരുന്നു.

അമ്പലനടയിൽ ചെറിയ മണ്ഡപത്തിൽ അലങ്കാരങ്ങൾ എന്ന് പറയാൻ ഒന്നുമില്ല.കുറച്ചു പൂക്കൾ അവിടെയും ഇവിടെയും ഒക്കെയായി വച്ചിട്ടുണ്ട് കല്യാണച്ചിലവെന്നു പറഞ്ഞു എന്റെ ഷെയർ എഴുതി വാങ്ങിയതിന്റെ ഒന്നും കാണുന്നില്ല എന്ന് ഞാൻ ഓർത്തു.അല്ലെങ്കിലും അത് എന്റെ സ്വത്തെഴുതി വാങ്ങാനുള്ള ഒരു അടവ് ആണെന്ന് എനിക്കു അറിയാമായിരുന്നു.. മണ്ഡപത്തിനു അടുത്തെത്തിയപ്പോൾ ഞാൻ അതിലേക്കു നോക്കി. ക്രീം ഷർട്ടും കസവു മുണ്ടും ധരിച്ചു നല്ല സുന്ദരനായി തന്നെ സന്ദീപേട്ടൻ അവിടെ ഇരിക്കുന്നുണ്ട്.. എന്നെ കണ്ടപ്പോൾ ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു. അത് കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സമാധാനം.ഇത് ചെറിയമ്മയുടെ നാടായതു കൊണ്ട് എനിക്ക് വേണ്ടപ്പെട്ടവർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ നാട്ടിൽ നിന്നു അച്ഛന്റെ കുറച്ചു സുഹൃത്തുക്കളെ വിളിക്കണം എന്ന് ഞാൻ പറഞ്ഞെങ്കിലും ചെലവ് കൂടുമെന്നു പറഞ്ഞു അതും സമ്മതിച്ചില്ല. സന്ദീപേട്ടന്റെ വീട്ടിൽ നിന്നു അൻപതോളം ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. അവരുടെയെല്ലാം വസ്ത്രങ്ങളിൽ നിന്നു തന്നെ സന്ദീപേട്ടന്റെ വീട്ടുകാർ അത്യാവശ്യം നല്ല കാശുള്ള കൂട്ടത്തിൽ ആണെന്ന് സുധി മാമൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി. എന്നെ പോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ അവർ സമ്മതിച്ചത് എന്നിൽ വീണ്ടും അത്ഭുദം സൃഷ്ടിച്ചു. "

ഒരു വട്ടം മണ്ഡപത്തിനു വലം വച്ചു തൊഴുതു അങ്ങോട്ട്‌ ഇരുന്നോളു മോളെ. " സന്ദീപേട്ടന്റെ അടുത്തേക്ക് ചൂണ്ടിക്കാട്ടി വളരെ പ്രൗഢയായ ഒരു സ്ത്രീ എന്നോട് പറഞ്ഞു.. സന്ദീപേട്ടന്റെ അമ്മയെ ഞാൻ കണ്ടിട്ടുള്ളത് കൊണ്ട് അത് അമ്മയല്ല എന്ന് എനിക്ക് മനസിലായി.. പക്ഷെ അവരുടെ വില കൂടിയ നീല പട്ടു സാരിയും നെറ്റിയിലെ വലിയ ചുവന്ന വട്ട പൊട്ടും അവരുടെ അവിടുത്തെ സ്ഥാനവും കണ്ടു അവർ പ്രധാനപെട്ട ആരോ ആണെന്ന് എനിക്ക് മനസിലായി. അവർക്കു ഏകദേശം അന്പതിനു വയസ്സിനു മുകളിൽ പ്രായം പറയുന്നുണ്ട്. അപ്പോൾ സന്ദീപേട്ടന്റെ അച്ഛന്റെയോ അമ്മയുടേയോ സഹോദരിയോ മറ്റോ ആയിരിക്കും.പെണ്ണ് കാനനയം കല്യാണം ഉറപ്പിക്കാനും ഒക്കെയായി സന്ദീപേട്ടന്റെ അച്ഛനും അമ്മയും മാത്രമേ വന്നിരുനുള്ളു.അത് കൊണ്ട് തന്നെ സന്ദീപേട്ടന്റെ ബന്ധുക്കളെ ഒന്നും ഞാൻ അറിയില്ലായിരുന്നു. ഞാൻ നോക്കിയപ്പോൾ അവർ എന്നെ നോക്കി പുഞ്ചിരിച്ചു... മുഖം വളരെ പ്രസന്നമാണെങ്കിലും അവരുടെ കണ്ണുകളിൽ ഒരു തീക്ഷണത എന്തുകൊണ്ടോ എനിക്ക് അനുഭവപെട്ടു..

അവർ പറഞ്ഞത് പോലെ മണ്ഡപത്തിനു ഒന്ന് വലം വച്ചു ഞാൻ സന്ദീപേട്ടന്റെ അടുത്ത് ചെന്നിരുന്നു. വീണ്ടും എന്റെ മനസ്സിനെ ശാന്തമാക്കുന്ന ആ പുഞ്ചിരി എന്നെ തേടി എത്തി.ഞങ്ങൾ സന്ദീപേട്ടന്റെ അച്ഛനും അമ്മയ്ക്കും ചെറിയമ്മക്കും ദക്ഷിണ കൊടുത്തു. മനസ്സ് ഒരു നിമിഷം അച്ഛനിലേക്കും എവിടെയോ ഉള്ള അമ്മയിലേക്കും പോയി. നിറയാൻ തുടങ്ങുന്ന കണ്ണുകളെ പിടിച്ചു വച്ചു കൊണ്ട് ഞാൻ സന്ദീപേട്ടന്റെ അടുത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ താലി കെട്ടാൻ സമയമായി എന്ന് തിരുമേനി പറയുന്നത് ഞാൻ കേട്ടു.. മഞ്ഞ ചരടിൽ കോർത്ത താലി സന്ദീപേട്ടന്റെകയ്യിലേക്ക് കൊടുത്തതും ഞാൻ കണ്ണുകളടച്ചു നല്ലൊരു ജീവിതത്തിനായി പ്രാർത്ഥിച്ചു തുടങ്ങി. അച്ഛനെയും ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് സന്ദീപേട്ടന്റെ താലി സ്വീകരിക്കാൻ തയ്യാറായി ഞാൻ ആ നടയിൽ ഇരുന്നു. താലിയുമായി സന്ദീപേട്ടന്റെ കൈകൾ എന്റെ കഴുത്തിനു നേരെ നീണ്ടതും... " നിർത്തു " ഘനഗംഭീര ശബ്ദത്തിൽ ഉള്ള ഒരു ആണിന്റെ അലർച്ച ആ അമ്പലനടയാകെ മുഴങ്ങി.

ഞാൻ ഞെട്ടി കണ്ണ് തുറന്നു മുന്നിലേക്ക്‌ നോക്കി.. താലികെട്ട് കാണാനായി കൂടി നിന്നിരുന്ന ആളുകളൊക്കെ രണ്ടു വശത്തേക്കായി നീങ്ങിയിരുന്നു. അതിനിടയിലൂടെ ഒരു കരയുന്ന പെൺകുട്ടിയുടെ കയ്യും പിടിച്ചു നടന്നു വരുന്ന ആറടി പൊക്കവും അതിനൊത്ത ശരീരവും ഉള്ള സുന്ദരനെങ്കിലും പരുക്കനായ ഒരു ചെറുപ്പക്കാരൻ. ഒരുപാട് വെളുത്തത് അല്ലെങ്കിലും അയാൾക്ക്‌ ഒരു ആണിന് വേണ്ട ആ ഗാംഭീര്യം ആവോളം ഉണ്ടായിരുന്നു. നല്ല കട്ടിയുള്ള കറുത്ത തലമുടി നെറ്റിയിലേക്ക് കുറച്ചു പാറിക്കിടന്നിരുന്നു. കട്ടി മീശയും താടിയും പുരികവും.. കണ്ണുകളിൽ വല്ലാത്ത രൗദ്രത.. അയാൾക്കും ആ പെൺകുട്ടിക്കും പിറകെ അവർക്കു കാവൽ എന്ന രീതിയിൽ മൂന്നാല് ചെറുപ്പക്കാർ കൂടി ഉണ്ടായിരുന്നു. മുന്നിൽ വരുന്ന അയാളുടെ അത്രയും വരില്ലെങ്കിലും അവരും അത്യാവശ്യം നല്ല തണ്ടും തടിയും ഉള്ളവരായിരുന്നു. അവർക്കു പുറമെ എന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ പ്രായം വരുന്ന ഒരു മനുഷ്യനും സ്ത്രീയും.. പിന്നെ എന്നേക്കാൾ കുറച്ചു പ്രായം കുറവ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും.. മറ്റേ പെൺകുട്ടിയെ പോലെ അവർ മൂന്നു പേരും വല്ലാതെ കരഞ്ഞ പോലെ ഒക്കെയാണ് തോന്നുന്നത്.

അവരെ കണ്ടാൽ സാധുക്കളാണെന്നു തോന്നുമായിരുന്നു. എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ ഞാൻ സന്ദീപേട്ടനെ നോക്കിയപ്പോൾ ആ മുഖത്ത് നേരത്തെ കണ്ട ചിരിയൊക്കെ മാഞ്ഞു പോയിരുന്നു. പകരം ഇരുട്ടത്ത് ഒറ്റയ്ക്ക് ഒരു ചെകുത്താന്റെ മുന്നിൽ അകപ്പെട്ട ഒരാളുടെ ഭാവം ആയിരുന്നു.അത് കണ്ടപ്പോൾ ഈ വരുന്നവർ സന്ദീപേട്ടന് അറിയാവുന്ന ആരൊക്കെയോ ആണെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും അയാളും കൂട്ടരും നടന്നു ഞങ്ങൾ ഇരിക്കുന്നതിന്റെ തൊട്ടടുത്തു എത്തിയിരുന്നു.. മുന്നിൽ നടന്നു വന്ന ഗാംഭീര്യമുള്ള ചെറുപ്പക്കാരൻ സന്ദീപേട്ടന്റെ മുന്നിൽ വന്നു നിന്നു " എല്ലാവരെയും പറ്റിച്ചിട്ടു ഇത്രയും ദൂരെ വന്നു കല്യാണവും കഴിച്ചു സുഖമായി ജീവിക്കാം എന്ന് കരുതിയോട? " അയാൾ സന്ദീപേട്ടനെ നോക്കി ചോദിച്ചു.. "ഞാൻ ആരെയും പറ്റിച്ചിട്ടില്ല.. പിന്നെ ഞാൻ ആരെ കല്യാണം കഴിക്കണം എവിടുന്നു കല്യാണം കഴിക്കണം എന്നൊക്കെ ഉള്ളതു എന്റെ തീരുമാനമാണ്.. അതിൽ ഇടപെടാൻ ആരും വരണ്ട.. "

" അതെങ്ങനെ ശരിയാവും സന്ദീപേ? നീ കല്യാണം കഴിക്കാമെന്നു വാക്ക് കൊടുത്തു വഞ്ചിച്ച പെൺകുട്ടി ഇവിടെയുള്ളപ്പോൾ എങ്ങനെ നീ മറ്റൊരാളെ വിവാഹം കഴിക്കും? " താൻ കയ്യിൽ പിടിച്ചു കൊണ്ട് വന്ന പെൺകുട്ടിയെ സന്ദീപേട്ടന്റെ മുന്നിലേക്ക്‌ നീക്കി നിർത്തി കൊണ്ട് അയാൾ ചോദിച്ചു .എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.. ഈശ്വര.. സന്ദീപേട്ടൻ സ്നേഹിച്ചു വഞ്ചിച്ചെന്നോ അതും ഈ പെൺകുട്ടിയെ. ഒരു ഉപാധികളും ഇല്ലാതെ എന്നെ സ്നേഹിച്ച സന്ദീപേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടലോടെ ഞാൻ സന്ദീപേട്ടന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ആ മുഖത്ത് മുഴുവൻ അയാളോടുള്ള ദേഷ്യവും പുച്ഛവും ആയിരുന്നു. " കാൽകാശിനു വകയില്ലാത്ത വെറുമൊരു അധ്യാപകന്റെ മകളായ ഇവളെ ഞാൻ കല്യാണം കഴിക്കാമെന്നു വാക്ക് കൊടുത്തെന്നോ? ഞാൻ ആരാണെന്നു നിനക്ക് അറിയാൻ പാടില്ലേ? കല്പകശ്ശേരിയിലെ ബന്ധുവാണ്.. നല്ല ചെറുക്കൻമാരെ കിട്ടാത്തത് കൊണ്ട് അപ്പനും മകളും കൂടി ഓരോ കള്ളകഥകളുമായി ഇറങ്ങിയിരിക്കുകയാണ്..

അല്ലെങ്കിൽ പിന്നെ വേറെ ആരുടെയെങ്കിലും വലയിൽ പെട്ടിട്ടു മനപൂര്വ്വം എന്നെ കുടുക്കാൻ നോക്കുന്നതാണ്.. നല്ല ഒരു വീട്ടിൽ കയറി കൂടാനുള്ള ഇവരുടെ ഓരോ അടവാണ്.. " എന്നെയും മാറ്റിയുള്ളവരെയും നോക്കിക്കൊണ്ട് സന്ദീപേട്ടൻ പറഞ്ഞു..സന്ദീപേട്ടൻ പറഞ്ഞു തീർന്നതും അയാൾ ഏട്ടന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടായിരുന്നു. നിലത്തേക്ക് മലർന്നു വീണു പോയ സന്ദീപേട്ടന്റെ നെഞ്ചിൽ ഒരു കാലു കൊണ്ട് ചവിട്ടി നിന്നു കൊണ്ട് അയാൾ ആക്രോശിച്ചു.. " ഭാ.. പരട്ടെ..ഒരു പെണ്ണിനെ വാക്കും നോക്കും കൊണ്ട് ആശ കൊടുത്തു ചതിച്ചതും പോരാ.. ഇപ്പോൾ അവളെ പറ്റി തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വച്ചു അപവാദം പറയുന്നോടാ? നീ ഇവളെ വാക്ക് കൊടുത്തു ചതിച്ചിട്ടുണ്ടെങ്കിൽ നീ ഇവളെ തന്നെയേ കല്യാണം കഴിക്കൂ.. പറയുന്നത് മാണിക്യമംഗലത്തെ സൂര്യമഹാദേവൻ ആണ്." തുടരും..

Share this story