സൂര്യപാർവണം: ഭാഗം 10

surya parvanam

രചന: നിള നിരഞ്ജൻ

രണ്ടു ദിവസം കഴിഞ്ഞു ഇന്നാണ് വിഷ്ണുവേട്ടൻ എന്നോട് ജോലിക്ക് കയറാൻ പറഞ്ഞ ദിവസം. രാവിലേ ഒരു എട്ടു മണിയാകുമ്പോൾ സൂര്യമഹാദേവൻ എന്നെ കൊണ്ട് പോകാൻ വരുമെന്ന് കാളിയമ്മയെ പറഞ്ഞു ഏല്പിച്ചിട്ടയുണ്ടായിരുന്നു. ഇനി അങ്ങേരുടെ കളിയാക്കലോ വഴക്കോ ഒന്നും കേൾക്കാൻ വയ്യാത്തത് കൊണ്ടു പറഞ്ഞ സമയത്തു തന്നെ ഞാൻ ഒരുങ്ങി വന്നു. ആദ്യമായി ജോലിക്ക് പോകുന്നതിന്റെ ടെൻഷൻ എനിക്ക് നന്നായി ഉണ്ടായിരുന്നു. ഇന്നലെ രാത്രി പലപ്രാവശ്യം ഞാൻ ഈ ജോലി വേണ്ടാന്ന് വിഷ്ണുവേട്ടനോട് പറഞ്ഞാലോ എന്ന് ആലോചിച്ചു. പക്ഷെ ഞാൻ അങ്ങനെ പറഞ്ഞാൽ എനിക്ക് കഴിവില്ലായെന്നു സൂര്യമഹാദേവൻ പറഞ്ഞത് സത്യമാവുമല്ലോ എന്നോർത്ത് മാത്രം ഞാൻ വേണ്ടാന്ന് വച്ചു.

എന്തായാലും ഗായത്രി ചേച്ചി പറഞ്ഞത് പോലെ കുറച്ചു ദിവസം പോയി നോക്കാം.. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്. കൃത്യ സമയത്തു തന്നെ സൂര്യമഹാദേവൻ ഹാജരായി. പോകാൻ ഇറങ്ങുന്നേരം ഞാൻ കാളിയമ്മയുടെയും മണിയണ്ണന്റെയും കാലിൽ വീണു അനുഗ്രം വാങ്ങിയപ്പോൾ അവരുടെ രണ്ടു പേരുടെയും മിഴികൾ നിറഞ്ഞിരുന്നു.ഒരു നിമിഷം എന്റെ അച്ഛനെയും ഞാൻ ഓർത്തു പോയി. സന്ദീപേട്ടന്റെ വീട്ടിൽ കൊണ്ട് വയ്ക്കാൻ ഞാൻ കൊണ്ട് വന്ന അച്ഛന്റെ ഫ്രെയിം ചെയ്തphoto ഈ നാളുകൾക്കുള്ളിൽ സൂര്യമഹാദേവന്റെ ഹാളിലെ ഭിത്തിയിൽ സ്ഥാനം പിടിച്ചിരുന്നു. അതിന്റെ മുന്നിൽ പോയി കണ്ണടച്ച് കുറച്ചു നേരം പ്രാർത്ഥിച്ചു. ജോലിയുടെ ആദ്യദിവസമയത് കൊണ്ട് ചാമുണ്ഡേശ്വരിയുടെ അടുത്തു പോയി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങണമെന്ന് കാളിയമ്മ പ്രത്യേകം പറഞ്ഞേല്പിച്ചിരുന്നു.

അതനുസരിച്ചു ആദ്യം ഞങ്ങൾ ആദ്യം ക്ഷേത്രത്തിലേക്ക് തന്നെയാണ് പോയത്. അകത്തു കയറി പ്രാര്ഥിക്കാതെ നടയിൽ നിന്നു ചാമുണ്ഡേശ്വരിയെ ഒന്ന് കണ്ടു പ്രാർത്ഥിച്ചു വരാം എന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു. ഞാൻ നടക്കലേക്കു നടന്നപ്പോൾ സൂര്യമഹാദേവനും എന്റെ പിറകെ വന്നു. ചാമുണ്ഡേശ്വരിയുടെ നടയ്ക്കൽ നിന്നു പ്രാർത്ഥിച്ചു തിരികെ പോകാൻ തുടങ്ങുമ്പോഴാണ് എന്റെ ശ്രദ്ധ ആ രുദ്രാക്ഷ മരത്തിന്റെ ചുവട്ടിലേക്ക് പോയത്. ഉത്സവത്തിന് വന്നപ്പോഴെല്ലാം ഞാൻ വെറുതെ എന്നും നോക്കുമായിരുന്നു സൂര്യമഹാദേവൻ എന്നെ ഇവിടെ കൊണ്ട് വന്നു താലി കെട്ടിയ ദിവസം ഞാൻ ആ മരച്ചുവട്ടിൽ കണ്ട കാഷായ വസ്ത്രം ധരിച്ച സ്ത്രീയെ.. പക്ഷെ ആ ദിവസങ്ങളിൽ ഒരിക്കൽ പോലും അവരെ അവിടെ കണ്ടതേ ഇല്ല.. പക്ഷെ ഇന്ന് അവർ അവിടെ തന്നെ ഉണ്ടായിരുന്നു, എന്ന് മാത്രമല്ല അവർ ഞങ്ങളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

ഞാൻ അവരെ നോക്കുകയാണെന്നു മനസിലായപ്പോൾ അവരുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.. പിന്നെ അത് വന്നത് പോലെ തന്നെ മാഞ്ഞു പോവുകയും ചെയ്തു. എന്ത് കൊണ്ടെന്നറിയില്ല അവരോടു ഒരു അടുപ്പം തോന്നുകയായിരുന്നു എനിക്ക്..ഇവരെ എനിക്ക് എങ്ങനെയോ പരിചയം ഉണ്ടെന്നു ഒരു തോന്നൽ. അത് കൊണ്ട് ഒന്ന് ചെറുതായി തിരിച്ചു അവരെ നോക്കി ഒന്ന് ചിരിച്ചു ഞാൻ സൂര്യമഹാദേവന്റെ പിന്നാലെ പുറത്തേക്കു നടന്നു. കമ്പനിയിലേക്ക് പോകാൻ വണ്ടിയിൽ ഇരിക്കുമ്പോൾ എനിക്ക് വീണ്ടും ടെൻഷൻ ഉണ്ടായിരുന്നു.ആദ്യമായി ജോലിക്ക് പോവുകയാണ്. എന്താവുമെന്ന് ഒന്നും അറിയില്ല. എങ്ങനെയുള്ളവർ ആയിരിക്കും കൂടെയുള്ളത്.. പക്ഷെ അയാൾ ഒപ്പം ഉള്ളത് കൊണ്ട് അത് പുറത്തു കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. " താൻ ഇങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല.എല്ലാം ഓക്കേ ആയിരിക്കും. പിന്നെ അവിടെ ഉള്ളവരും വളരെ നല്ലവർ ആണ്..പണി ഒക്കെ ഒന്ന് പരിചയം ആവുന്നത് വരെ എല്ലാവരും കൂടെ ഉണ്ടാവും.. "

എന്റെ മനസ്സറിഞ്ഞത് പോലെയുള്ള അയാളുടെ സംസാരം കേട്ടു ഞെട്ടി ഞാൻ നോക്കുമ്പോൾ എന്നെ നോക്കി ഒന്ന് സമാധാനിപ്പിക്കുന്ന മട്ടിൽ ചിരിച്ചു. എനിക്ക് ഒന്നും മനസിലായില്ല. കഴിഞ്ഞ ദിവസം എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യാൻ കൊള്ളില്ല എന്ന് പറഞ്ഞു കളിയാക്കിയ ആൾ ഇന്ന് എന്നെ സമാധാനിപ്പിക്കുന്നു.. ഇയാൾക്കെന്താ വല്ല മൾട്ടിപ്പിൾ പഴ്സണലിറ്റി ഡിസോർഡർ വല്ലതും ആണോ? എന്താണ് പോലും ഇയാളുടെ ഉദ്ദേശം? അതേ സമയം അവളുടെ മനസിലെ ചിന്തകൾ ഊഹിച്ചു കൊണ്ട് സൂര്യമഹാദേവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നി മാഞ്ഞു.. ജീപ്പ് ചെന്നു നിന്നത് ഒരു വലിയ ഫാക്ടറി പോലെ ഒന്നിന്റെ മുന്നിലാണ്.. ഈ ജീപ്പ് കണ്ടപ്പോൾ തന്നെ അവിടെയുള്ളവർക്ക് മനസിലായെന്നു തോന്നി.ജോലിക്കാരൊക്കെ കൈ പൊക്കി കാണിക്കുന്നും ചിരിക്കൂന്നും ഒക്കെ ഉണ്ട്. വണ്ടി നിന്നപ്പോൾ ഞാൻ പതുക്കെ പുറത്തിറങ്ങി..

" എന്താ വാസുവേട്ട.. സുഖല്ലേ? ശാരദ ചേച്ചി എന്ത് പറയുന്നു? " ഫാക്ടറിയുടെ വാതിൽക്കൽ നിന്ന സെക്യൂരിറ്റിയുടെ തോളത്തു പതിയെ തട്ടി കൊണ്ട് സൂര്യമഹാദേവൻ ചോദിച്ചു.. " എല്ലാർക്കും സുഖമാണ് മോനെ.. നിന്നെ രണ്ടു ദിവസം ഇങ്ങോട്ട് കണ്ടതേ ഇല്ലല്ലോ? " " രണ്ടു ദിവസമായിട്ടു നല്ല തിരക്കായിരുന്നു വാസുവേട്ട..പാടത്തു നിന്നു പോരാൻ പറ്റിയില്ല" " സുഖമല്ലേ മോളെ? " വളരെ കാലമായി പരിചയമുള്ള ഒരാളോട് ചോദിക്കുന്ന പോലെ അയാൾ എന്നോട് ചോദിച്ചു.. ഞാൻ ചിരിച്ചു കൊണ്ട് ആണെന്ന് തലയാട്ടി. സൂര്യമഹാദേവൻ അകത്തേക്ക് കയറിയപ്പോൾ പിറകെ ഞാനും കയറി. പിന്നീട് കണ്ട എല്ലാവരുടെയും അടുത്തു ഇത് തന്നെയായിരുന്നു അവസ്ഥ. സൂര്യമഹാദേവൻ എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു. എല്ലാവരും അയാളോട് സ്വന്തം ആളെന്ന മട്ടിൽ കാര്യങ്ങൾ ചോദിക്കുന്നു പറയുന്നു.. കൂട്ടത്തിൽ എന്നോടും.

അയാൾ ഇവിടെ സ്ഥിരം വരാറുണ്ടെന്നു അതൊക്കെ കണ്ടപ്പോൾ എനിക്ക് മനസിലായി. ഇനിയിപ്പോൾ ഗുണ്ടായിസത്തിനു പോകാത്തപ്പോൾ ഇയാൾ ഇവിടെ ആയിരിക്കുമോ ജോലി ചെയ്യുന്നത്.. ഈശ്വര.. ഞാനും സൂര്യമഹാദേവനും ഒരേ ഫാക്ടറിയിൽ ജോലി ചെയ്യുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഇയാളെ എന്നും കാണേണ്ടി വരുന്ന ഒരു അവസ്ഥ.. ഇതറിഞ്ഞിരുന്നെങ്കിൽ ഈ ജോലിക്ക് വരാമെന്നു ഒരിക്കലും സമ്മതിക്കില്ലായിരുന്നു. ഓരോന്നും ആലോചിച്ചു ഞാൻ അയാൾക്കൊപ്പം ആ ഫാക്ടറിക്കുളിലൂടെ നടന്നു. അതിനകത്തു ഒരു അത്യാവശ്യം വലിയ ഓഫീസ് മുറി ഉണ്ടായിരുന്നു. അങ്ങോട്ടേക്കാണ് അയാൾ എന്നെ കൊണ്ട് പോയത്.. " മഹി..ശങ്കരേട്ടൻ നിങ്ങളെയും കാത്തിരിക്കുകയാണ്. വാ.. " ഓഫീസിനു മുന്നിൽ എത്തിയപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്ന്കൊണ്ട് ഒരു നാല്പത് വയസോളം പ്രായം വരുന്ന ഒരു മനുഷ്യൻ പറഞ്ഞു. " എല്ലാവരോടും വിശേഷം ഒക്കെ ചോദിച്ചു കയറി വന്നപ്പോൾ കുറച്ചു താമസിച്ചതാ തോമസേട്ടാ.. "

സൂര്യമഹാദേവൻ എന്നെയും കൊണ്ട് ഓഫീസിനുള്ളിലേക്ക് കയറി. ഞങ്ങളെ കണ്ടപ്പോൾ അറുപതു വയസുള്ള കണ്ണട വച്ച ഒരു മനുഷ്യൻ ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.. " ഇതാണല്ലേ പാർവണ ? " മഹിയെ നോക്കി ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു. അയാൾ അതെയെന്ന് തലയാട്ടി.. " ഇതാണ് ശങ്കരേട്ടൻ.. മാണിക്യമംഗലത്തു കാരുടെ എല്ലാ സ്ഥാപനങ്ങളുടെയും കണക്കു നോക്കുന്നത് ശങ്കരേട്ടനാണ്.. ശങ്കരേട്ടന്റെ കൂടെയാണ് നിനക്കും ജോലി ചെയ്യേണ്ടത്.. " സൂര്യമഹാദേവൻ പറഞ്ഞപ്പോൾ ഞാൻ ശങ്കരേട്ടനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. "ഇനിയിപ്പോ നിങ്ങൾ നോക്കിക്കൊളൂല്ലേ? ഞാൻ എന്നാൽ അങ്ങോട്ടേക്ക് ഇറങ്ങട്ടെ ശങ്കരേട്ടാ.. " " നീ ധൈര്യായിട്ടു ചെല്ല് മഹി.. ഇനി മോളെ ഞങ്ങൾ നോക്കിക്കൊള്ളാം.. " " വൈകിട്ട് തനിയെ പൊയ്ക്കോളൂല്ലേ? കയ്യിൽ പൈസ ഉണ്ടോ നിന്റെ? " വാതില്കലെത്തി തിരിഞ്ഞു നോക്കി കൊണ്ട് അയാൾ ചോദിച്ചു..

" മണിയണ്ണൻ തന്നിട്ടുണ്ട്.ഞാൻ തനിയെ പൊയ്ക്കൊള്ളാം" സൂര്യമഹാദേവന്റെ കൂടെ പോകാൻ എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പോകാൻ നേരം അയാൾ എന്നെ ഒന്ന് കൂടി തിരിഞ്ഞു നോക്കി.. " ഓൾ ദി ബെസ്റ്റ്.. " അതും പറഞ്ഞു എന്നെയൊന്നു കണ്ണിറുക്കി കാണിച്ചു അയാൾ പുറത്തേക്കു നടന്നു. " വാ മോളെ.. " അയാൾ പോയിക്കഴിഞ്ഞപ്പോൾ ശങ്കരേട്ടൻ എന്നെയും വിളിച്ചു അകത്തേക്ക് പോയി. ആദ്യം എനിക്ക് ഫാക്ടറി ഒക്കെ കാണിച്ചു തന്നു. മാണിക്യമംഗലത്തു കാരുടെ കീഴിലുള്ള നെല്ല് അരിയാക്കി മാറ്റുന്ന ഒരു വലിയ ഫാക്ടറി ആയിരുന്നു അത്. അതിന്റെ പ്രവർത്തനവും സ്ഥിരം ജോലിക്കാരെയും ഒക്കെ ശങ്കരേട്ടൻ എനിക്ക് പറഞ്ഞു തന്നു. എല്ലാവരും വളരെ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയത്.. സൂര്യമഹാദേവനോടുള്ള അവരുടെ ഇഷ്ടമാണ് എനിക്കും കിട്ടുന്നതെന്നു എനിക്ക് മനസിലായി..

പക്ഷെ വെട്ടുകാളയെ പോലെ നടക്കുന്ന അയാളോട് എല്ലാവർക്കും എന്താ ഇത്ര ഇഷ്ടം എന്ന് എനിക്ക് മനസിലായില്ല. എന്തായാലും ആദ്യ ദിവസം പരിചയപ്പെടലും അത്യാവശ്യം ജോലി പഠിക്കലും ഒക്കെയായി അങ്ങ് പോയി. നാളെ മുതൽ ചെറിയ ഓരോ വർക്കുകൾ തന്നു തുടങ്ങാമെന്നു ശങ്കരേട്ടൻ പറഞ്ഞു. ഫാക്ടറിയുടെ തൊട്ടു മാറി തന്നെ ബസ് സ്റ്റോപ്പ്‌ ഉണ്ട്. അവിടുന്ന് കയറിയാൽ രണ്ടു സ്റ്റോപ്പേ ഉള്ളു ഞങ്ങളുടെ വീട്ടിലേക്കു . സൂര്യമഹാദേവന്റെ വീടിപ്പോൾ എന്റെ കൂടെ വീടായി മാറിയിരിക്കുന്നു എന്ന് ഞാൻ അതിശയത്തോടെ ഓർത്തു. ഒരിക്കലും ആ വീടിനെയും വീട്ടുകാരെയും നാട്ടുകാരെയും അംഗീകരിക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ഞാൻ ഇപ്പോൾ അതിനെയൊക്കെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ അംഗീകരിക്കാൻ ബാക്കി ഉള്ളത് എന്റെ കഴുത്തിൽ താലി ചാർത്തിയവനെയാണ്.. അത് അത്ര പെട്ടെന്ന് നടക്കുമെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നില്ല.

വീട്ടിലെത്തി കാളിയമ്മയോടും മണിയണ്ണനോടും കാവ്യാ വന്നപ്പോൾ അവളോടും അന്നത്തെ ജോലിയുടെ വിശേഷം ഒക്കെ പറഞ്ഞു..അതൊക്കെ പറഞ്ഞപ്പോൾ ഞാൻ സന്തോഷമായിട്ടിരിക്കുന്നതിൽ അവർക്കും നല്ല സന്തോഷം ആണെന്ന് തോന്നി. ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നു പോയി. ഞാൻ ജോലിക്ക് പോയി തുടങ്ങിയിട്ട് ഇപ്പോൾ മൂന്നു ആഴ്ചയോളം ആയി. പണിയൊക്കെ അത്യാവശ്യം പഠിച്ചു കഴിഞ്ഞു. ശങ്കരേട്ടനും എന്റെ വർക്കിൽ സന്തോഷവാൻ ആയിരുന്നു. സൂര്യമഹാദേവനെ ഇടയ്ക്കിടയ്ക്ക് അവിടെ കാണാറുണ്ട്. ചിലപ്പോൾ ലോഡ് കൊണ്ട് പോകുന്ന വണ്ടിയുടെ ഡ്രൈവർ ആയി, ചിലപ്പോൾ അരിച്ചാക്കു ചുമക്കുന്ന തൊഴിലാളിയായി, ചിലപ്പോൾ അവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുന്ന മാനേജർ ആയി അങ്ങനെ പല പല വേഷങ്ങളിൽ..ശരിക്കും ഇയാൾക്ക് ഇവിടെ എന്താണ് ജോലി എന്ന് ഞാൻ തോമസേട്ടനോട് ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചിട്ട് അവൻ ഇവിടെ ചെയ്യാത്ത ജോലി ഏതാണെന്നു ചോദിക്കുന്നതാവും എളുപ്പം എന്നൊരു മറുപടിയാണ് എനിക്ക് കിട്ടിയത്. ഇതൊന്നും ഞാൻ അയാളിൽ നിന്നു പ്രതീക്ഷിച്ചതെ അല്ലായിരുന്നു എന്നതാണ് സത്യം.

ഈ മൂന്നു ആഴ്ച കൊണ്ട് ഞാൻ മാണിക്യമംഗലത്തെ വിഷ്ണു ദത്തനെയും സൂര്യമഹാദേവനെയും പറ്റി കുറെ കാര്യങ്ങൾ മനസിലാക്കി. ഈ റൈസ് ഫാക്ടറി മാത്രം അല്ല.. മാണിക്യമംഗലത്തുകാർക്ക് കൃഷ്ണപുരത്തു അനവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.. അതിൽ സ്കൂളുകളും ആശുപത്രികളും തുണി കടകളും എല്ലാം പെടും. ഏക്കറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ വേറെയും.. അതിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച കാര്യം എന്തെന്നാൽ ഇത് ഒന്നും തന്നെ അവർ ലാഭത്തിനു വേണ്ടി നടത്തുന്നത് ആയിരുന്നില്ല.. ഈ സ്ഥാപനങ്ങളിൽ എല്ലാം തന്നെ പാവപെട്ടവർക്കായി പ്രത്യേകം പണം കുറഞ്ഞതോ സൗജന്യമായോ സേവനങ്ങൾ ലഭ്യമാണ്. മാണിക്യമംഗലത്തുകാരുടെ എല്ലാ സ്ഥാപനങ്ങളിലും കൃഷ്ണപുരത്തുള്ളവർക്ക് ആണ് ജോലിക്ക് ആദ്യം മുൻഗണന. ആ നാട്ടിലുള്ളവർക്ക് അധികം പുറത്തൊന്നും പോകാതെ വീടിനടുത്തു തന്നെ സാമാന്യം നല്ല ശമ്പളത്തിൽ ജോലി ചെയ്യാനുള്ള അവസരം.

മാണിക്യമംഗലത്തെ തറവാടിന് മുന്നിൽ ന്യായമായ ആവശ്യങ്ങളുമായി വരുന്ന ഒരാൾക്കും വെറും കയ്യോടെ മടങ്ങി പോകേണ്ടി വന്നിട്ടില്ല.കൃഷ്ണപുരത്തു കാർക്ക് ഒരു തലവനെ പോലെ നിന്നു അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അത് ഒന്നുകിൽ തന്നെ കൊണ്ട് പറ്റുന്നത് പോലെയോ അല്ലെങ്കിൽ അത് അവിടുത്തെ സർക്കാരുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി അവര് വഴിയോ അത് നിറവേറ്റി കൊടുക്കുന്ന ഒരാൾ. വിഷ്ണുദത്തനെ പൂവിട്ടു പൂജിക്കാൻ കൃഷ്ണപുരത്തു കാർക്ക് ഇതൊക്കെ തന്നെ ധാരാളം ആയിരുന്നു. കൃഷ്ണപുരത്തുകാരുടെ തലവനായ വിഷ്ണുദത്തന്റെ ആശ്യങ്ങളും ആജ്ഞകളും അവിടെ നടപ്പാക്കുന്നത് സൂര്യമഹാദേവൻ ആണ്. വാക്ക് വിഷ്ണുദത്തന്റെയും പ്രവർത്തി സൂര്യമഹാദേവന്റെയും.

ബുദ്ധിയിലും ശക്തിയിലും അയാളൊരു രാക്ഷസൻ തന്നെയാണെന്ന് ആ നാട്ടിലുള്ളവർ പറയുന്നത്.മഹിയെ ഒരു കാര്യം ഏല്പിച്ചാൽ അതിൽ പിന്നെ ഒരു കോട്ടവും വരില്ലെന്ന വിശ്വാസമാണ് അവർക്കു. ന്യായത്തിന് വേണ്ടി ഏതറ്റം വരെയും പോവുകയും അന്യായം കണ്ടാൽ അത് വച്ചു പൊറുപ്പിക്കുകയും ചെയ്യാത്ത അവരുടെ സ്വന്തം മഹി.. ആ നാട്ടിലെ ഓരോരുത്തർക്കും വേണ്ടി അവരുടെ മകനായും ആങ്ങളയായും ചേട്ടനായും അനിയനായും ഒക്കെ വേഷം കെട്ടുന്നവൻ . വിഷ്ണു ദത്തന് വേണ്ടി മരിക്കാൻ പോലും മടിയില്ലാത്ത അയാളുടെ വിശ്വസ്തൻ.. കൃഷ്ണപുരത്തു കാർക്ക് വിഷ്ണു ദത്തനെ പോലെ തന്നെ പ്രിയങ്കരൻ.. ഇതൊക്കെ കേൾക്കുമ്പോളും എന്റെ കാര്യത്തിൽ മാത്രം അവർ രണ്ടാളും ന്യായം നോക്കിയില്ല എന്നൊരു തോന്നൽ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോളാണ് ശങ്കരേട്ടൻ എന്നെ വിളിക്കുന്നത്.

പിറ്റേ ദിവസം ഫാക്ടറിയിലേക്ക് വരണ്ടായെന്നും മാണിക്യമംഗലത്തു കാരുടെ ഹോസ്പിറ്റലിൽ പോയി അവിടുത്തെ ചില കണക്കുകളുടെ പ്രശ്നമുള്ളത് തീർക്കാൻ അങ്ങോട്ടേക്ക് പോയാൽ മതിയെന്നും പറഞ്ഞു. ഞാൻ നാളെ ചെല്ലുന്ന കാര്യം അവിടെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ശങ്കരേട്ടൻ പറഞ്ഞത് പോലെ പിറ്റേ ദിവസം ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ പോയി. ഞാൻ അന്ന് ബിപി കൂടിയപ്പോൾ കിടന്ന ഹോസ്പിറ്റൽ ആയതു കൊണ്ട് എനിക്ക് പരിചയം ഉണ്ടായിരുന്നു. ഞാൻ ചെല്ലുമെന്നു വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അവരും എന്നെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു. ഉച്ച വരെയുള്ള സമയം ജോലി ഒക്കെയായി പോയി. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഞാൻ കാന്റീനിലേക്ക് പോയി. സാധാരണ ഫാക്ടറിയിൽ ആയിരിക്കുമ്പോൾ ഞാൻ വീട്ടിൽ നിന്നു ഭക്ഷണം കൊണ്ട് പോകാറുണ്ട്. ഇന്ന് ഇവിടെ ആയതു കൊണ്ട് ഒന്നും കൊണ്ട് വന്നിട്ടുണ്ടായിരുന്നില്ല.

ക്യാന്റീനിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ഒരു ചോറും വാങ്ങി ഒഴിഞ്ഞ ഒരു ടേബിളിൽ വന്നിരുന്നു. കഴിച്ചു കഴിറായപ്പോഴാണ് എന്റെ പിറകിൽ നിന്നു" ചേച്ചി " എന്നൊരു വിളി കേട്ടത്.. ഇതാരാ എന്നെ ഇവിടെ വന്നു ചേച്ചിന്നു വിളിക്കാൻ എന്നോർത്ത് ഞാൻ തിരിഞ്ഞു നോക്കി. നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന വിദ്യയേയും അവളുടെ അമ്മയെയും അനിയത്തിയേയും കണ്ടപ്പോൾ സന്ദീപേട്ടനുമായുള്ള എന്റെ കല്യാണ ദിവസം എന്റെ ഓർമകളിൽ തെളിഞ്ഞു വന്നു. എല്ലാവരുടെയും മുന്നിൽ എന്നെ വെറും വിഢിയാക്കി സന്ദീപേട്ടന്റെ താലിയും ഏന്തി പോയവൾ.. അവളുടെ താലിയിലേക്കും സിന്ദൂരത്തിലേക്കും നോക്കവേ അറിയാതെ ഒരു പുച്ഛം എന്റെ മുഖത്ത് വിരിഞ്ഞു.

ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ ഞാൻ തിരിഞ്ഞിരുന്ന മുന്നിലുള്ള ചോറിലേക്ക് തല താഴ്ത്തവെ അവൾ എന്റെ തൊട്ടു മുന്നിലുള്ള കസേരയിൽ വന്നു ഇരിക്കുനത് ഞാൻ കണ്ടു.എന്നിട്ടും അവളെ കാണാത്ത ഭാവത്തിൽ തന്നെ ഞാൻ ഇരുന്നു.. " ചേച്ചി.. ചേച്ചിക്ക് എന്നോട് തീർത്താൽ തീരാത്ത ദേഷ്യം ആണെന്ന് എനിക്കറിയാം..ചേച്ചിയുടെ ദേഷ്യം തീർത്തും ന്യായവും ആണ്. എന്നോട് സംസാരിക്കാൻ ചേച്ചിക്ക് ഒട്ടും താല്പര്യം ഉണ്ടാവില്ല. പക്ഷെ ചേച്ചിയോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.. " " എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല.. " എടുത്തടിച്ചതു പോലെ തന്നെ ഞാനും പറഞ്ഞു.. " അങ്ങനെ പറയരുത് ചേച്ചി.. കുറച്ചു നേരം.. എനിക്ക് പറയാനുള്ളത് ചേച്ചി ഒന്ന് കേൾക്കാനുള്ള മനസ്സ് കാണിക്കണം.. " " എനിക്ക് ഒന്നും കേൾക്കണ്ട.. പ്ലീസ് ഒന്നു പോയിതരാമോ ഇവിടുന്നു.. " ഞാൻ അവളോട്‌ കൈ കൂപ്പി കൊണ്ട് ചോദിച്ചു .

" ചേച്ചിയെ ശല്യപെടുത്താൻ ആഗ്രഹം ഉണ്ടായിട്ടല്ല.. എന്നാലും എല്ലാ കാര്യങ്ങളും ചേച്ചിയോട് പറയണം എന്ന് മനസ്സ് പറയുന്നു അത് കൊണ്ടാണ്.. " ദയനീയതയോടെ അവൾ പറഞ്ഞു. " എന്ത് പറയാനാണ് നിനക്ക് എന്നോട്.. എന്ത് കാര്യങ്ങളാണ് നിനക്ക് പറയാനുള്ളതു.. എന്റെ ജീവിതം തകർത്തതിന്റെ ന്യായീകരണങ്ങൾ അല്ലേ? എല്ലാം കഴിഞ്ഞിട്ട്.. എല്ലാം നശിപ്പിച്ചിട്ടു ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യമാണ്? " ചോദിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു. " കാര്യമുണ്ട് ചേച്ചി.. ചേച്ചി എല്ലാം അറിയണം. എങ്കിലേ ചേച്ചിയുടെയും മഹിയേട്ടന്റെയും ജീവിതം നന്നാവൂ.. " എന്റെയും സൂര്യമഹാദേവന്റെയും ജീവിതം.. നല്ല കാര്യമായി.. അവൾക്കു പറയാനുള്ളത് എന്ത് തന്നെ ആയാലും അതൊന്നും കൊണ്ട് എനിക്ക് സൂര്യമഹാദേവനോടുള്ള കാഴ്ചപാട് മാറാൻ പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. " പറ.. നിനക്ക് എന്താ എന്നോട് പറയാൻ ഉള്ളത്? "

" ചേച്ചിക്ക് എന്നോട് തോന്നുന്ന ദേഷ്യം ന്യായം തന്നെയാണ്. ഒരു പെൺകുട്ടി എത്രത്തോളം പ്രതീക്ഷയോടെയാണ് വധുവായി ഒരുങ്ങി കല്യാണമണ്ഡപത്തിലേക്കു വരുന്നതെന്ന് എനിക്കറിയാം. അതെല്ലാം തകർതെറിഞ്ഞു ചേച്ചിക്ക് കിട്ടേണ്ടിയിരുന്ന നല്ലൊരു ജീവിതം തട്ടി എടുത്തവളായാണ് ചേച്ചി എന്നെ കാണുന്നതെന്നും എനിക്കറിയാം.. പക്ഷെ അതിനൊക്കെ പിറകിൽ ചേച്ചിക്ക് അറിയാത്ത ചില സത്യങ്ങൾ കൂടെ ഉണ്ട്.. " " എന്ത് സത്യങ്ങൾ? " ഞാൻ സംശയത്തോട് കൂടി അവളോട്‌ ചോദിച്ചു.. " ചേച്ചി ഒരുപാടു വിശ്വസിച്ച സന്ദീപ് എന്ന മാന്യൻ സത്യത്തിൽ മുഖം മൂടി അണിഞ്ഞ ഒരു ചെന്നായ ആണെന്ന സത്യം.. " ഞെട്ടലോടെ ഞാനവളെ നോക്കി.. ഉത്സവത്തിന് സന്ദീപേട്ടനെ കണ്ട ദിവസം സൂര്യമഹാദേവൻ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.

" നിനക്ക് അറിയാൻപാടില്ലാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്.. " ഇനി ആ കാര്യങ്ങൾ ആയിരിക്കുമോ ഇവൾ പറയാൻ ഉദ്ദേശിക്കുന്നത്. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. " എന്റെ അച്ഛൻ ഈ നാട്ടിൽ അത്യാവശ്യം നല്ല വിലയുള്ള ഒരു സ്കൂൾ മാഷാണ്.. പണം കുറവാണെങ്കിലും അഭിമാനത്തിന് ഒരിക്കലും ഒരു കുറവും ഉണ്ടായിട്ടില്ല. അച്ഛനും അമ്മയും ചേട്ടനും ഞാനും അനിയത്തിയും ഉള്ള ഒരു സന്തുഷ്ട കുടുംബം ആയിരുന്നു എന്റേത്.. അതിനിടക്കാണ് ഡിഗ്രി കഴിഞ്ഞ സമയത്തു ശിവപുരത്തെ ഒരു ബ്രോക്കർ വഴി എനിക്ക് സന്ദീപേട്ടന്റെ ആലോചന വരുന്നത്. സുന്ദരനായ സന്ദീപേട്ടനെ എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. കല്പകശ്ശേരി പോലൊരു വലിയ തറവാട്ടിലെ ബന്ധുവായ സന്ദീപേട്ടൻ ഞങ്ങളെ പോലുള്ള പാവങ്ങളുടെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചത് എല്ലാവർക്കും അതിശയം ആയിരുന്നു.

എന്നാൽ സന്ദീപേട്ടന്റെ അച്ഛൻ പെണ്ണിനെ മാത്രം മതി പൊന്നൊന്നും വേണ്ട എന്ന് തന്നെ പറഞ്ഞു.. അതോടെ എന്റെ ഭാഗ്യം എന്ന നിലയിൽ എന്റെ വീട്ടിൽ ഈ കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു" സന്ദീപേട്ടനും അച്ഛനും അമ്മയും ചെറിയമ്മയുടെ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിച്ച സംഭവങ്ങൾ ആണ് അവൾ അത് പറയുമ്പോൾ എനിക്ക് ഓർമ വന്നത്. " എന്റെ ചേട്ടൻ വിനു മഹിയേട്ടന്റെയും കാശിയേട്ടന്റെയും അടുത്ത സുഹൃത്താണ്.. അവരുമായി ഈ കല്യാണകാര്യം സംസാരിച്ചപ്പോഴാണ് സന്ദീപേട്ടന്റെ സ്വഭാവം അത്ര ശരിയല്ല എന്നൊരു കേട്ടു കേൾവി ഉണ്ടെന്നു ഒരു സംശയം പറഞ്ഞത്. അത് അനുസരിച്ചു ശിവപുരത്തേക്ക് വരുന്നതിനു മുന്നേ അവർ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തു പോയി അന്വേഷിച്ചപ്പോൾ അത് സത്യമാണെന്നു അറിയാൻ കഴിഞ്ഞു. ചില പെണ്ണുങ്ങളുമായി ഉണ്ടായിരുന്ന അരുതാത്ത ബന്ധങ്ങളും അതിന്റെ പ്രശ്നങ്ങളും കാരണം ആണത്രേ അവർ ഇരുദേശപുരത്തേക്കു താമസം മാറി വന്നത്.

അതോടെ എന്റെ അച്ഛൻ ഈ കല്യാണം വേണ്ടായെന്നു വച്ചു. സന്ദീപേട്ടന്റെ അച്ഛൻ പിന്നെയും വന്നു സംസാരിച്ചെങ്കിലും കാര്യം ഉണ്ടായില്ല. പക്ഷെ എന്റെ മനസ്സ് അപ്പോഴും പണമുള്ള സുന്ദരനായ ആ ചെറുപ്പക്കാരനിൽ തങ്ങി നിൽക്കുകയായിരുന്നു " വിദ്യ ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു. " ഞങ്ങളുടെ കല്യാണം മുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു പലയിടത്തും സന്ദീപേട്ടൻ എന്റെ പിറകെ വരാൻ തുടങ്ങി. ആദ്യമൊക്കെ ഒഴിഞ്ഞു മാറി എങ്കിലും എന്നെ മറക്കാൻ പറ്റുന്നില്ലെന്നും, എന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ ഇനി ഭാര്യയായി സങ്കൽപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ എന്റെ മനസ്സും അലിഞ്ഞു തുടങ്ങി.സന്ദീപേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കാശിയേട്ടനും മഹിയെട്ടനും സന്ദീപേട്ടനോടുള്ള അസൂയ കാരണം സന്ദീപേട്ടനെ പറ്റി അനാവശ്യം പറഞ്ഞു ഉണ്ടാക്കുന്നതാണെന്നും എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഞാനും അത് കേൾക്കാനാണ് ആഗ്രഹിച്ചിരുന്നത്.. അതു കൊണ്ട് അയാൾ പറഞ്ഞതൊക്കെ ഞാൻ വെള്ളം തൊടാതെ വിഴുങ്ങി. എന്റെ വീട്ടുക്കാരെ എതിർത്തു എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ തൃശൂർ ഒരു ജോലി ശരിയായിട്ടുണ്ടെന്നും അവിടെ ഉള്ള ഒരു ബന്ധു വീട്ടിലേക്കു പോവുകയാണെന്നും ഒന്ന് സെറ്റിൽ ആയാൽ ഉടനെ തന്നെ എന്റെ വീട്ടിൽ വന്നു വീൺടും സംസാരിച്ചു തെറ്റിദ്ധാരണകൾ എല്ലാം തീർത്തു എന്നെ കല്യാണം കഴിച്ചോളാം എന്നും വാക്ക് തന്നു.. അങ്ങനെ സന്ദീപേട്ടൻ തൃശ്ശൂരെക്കു പോയി.. " ഒരു മരവിപ്പോടെ അവളുടെ വാക്കുകൾ ഞാൻ കേട്ടു കൊണ്ടിരുന്നു. ഒരു പെൺകുട്ടിക്ക് വാക്കും മോഹവും കൊടുത്തിട്ടാണ് സന്ദീപേട്ടൻ തൃശൂർ വന്നു എന്നോട് പ്രണയം അഭിനയിച്ചതെന്നു വിശ്വസിക്കാൻ പറ്റുന്നില്ല. "എല്ലാ ദിവസവും സന്ദീപേട്ടൻ വിളിക്കുമായിരുന്നു. രണ്ടു ആഴ്ച കൂടുമ്പോൾ സന്ദീപേട്ടൻ ശനിയും ഞായറും ഇങ്ങോട്ടേക്കു വരും..

ആ രണ്ടു ദിവസവും ഞങ്ങളുടെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരിക്കും.. ആരുമറിയാതെ എവിടെയെങ്കിലും വച്ചു ഞങ്ങൾ കണ്ടു മുട്ടും. ഒരു ദിവസം ഞങ്ങളെ ഒരുമിച്ച കണ്ട മഹിയേട്ടൻ ഞങ്ങളുടെ ഈ കള്ള കളി കയ്യോടെ പിടിച്ചു. സന്ദീപേട്ടനെ ഇനി മേലാൽ എന്റെ കൂടെ കണ്ടു പോകരുത് എന്ന് പറഞ്ഞു കുറെ ഭീഷണിപ്പെടുത്തി. സന്ദീപേട്ടൻ പോയി കഴിഞ്ഞപ്പോൾ അവൻ ചീത്ത ആണെന്നും അവനുമായി ഒരു ബന്ധവും പാടില്ലെന്നും എന്റെ ഭാവി കളയരുതെന്നും ഒക്കെ പറഞ്ഞു ഒരുപാടു ഉപദേശിച്ചു വിട്ടു. പക്ഷെ അപ്പോഴേക്കും എന്റെ കണ്ണുകളെ പ്രണയം മൂടി കെട്ടിയിരുന്നു. അതിൽ മത്തു പിടിച്ച എനിക്ക് ഞാൻ കുഞ്ഞിലേ മുതലേ കാണുന്ന മഹിയേട്ടൻ വരെ അസൂയാലുവും കള്ളനും ഒക്കെയായി തോന്നി. ആ സമയത്തു എന്റെ കണ്ണിൽ സന്ദീപേട്ടൻ മാത്രമായിരുന്നു ശരി. അത് കൊണ്ട് മഹിയെട്ടന്റെ വാക്കുകൾക്ക് പുല്ലു വില കൊടുത്തു ഞാൻ ആ ബന്ധം തുടർന്ന് കൊണ്ടിരുന്നു.

എനിക്ക് വേണ്ടി അച്ഛനും ചേട്ടനും കൊണ്ട് വരുന്ന ആലോചനകൾ എല്ലാം ഓരോ കള്ളങ്ങൾ പറഞ്ഞു ഞാൻ മുടക്കി വിട്ടു. അങ്ങനെ ചുറ്റും ഉള്ളതൊന്നും അറിയാതെ സന്ദീപേട്ടനെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന കാലത്താണ് ആ വാർത്ത എന്റെ ചെവിയിൽ എത്തുന്നത്.. തൃശൂർ ഉള്ള ഒരു പെൺകുട്ടിയുമായി സന്ദീപേട്ടന്റെ കല്യാണം ഉറപ്പിച്ചു എന്ന്.. ആദ്യം ഞാൻ ഒന്നും വിശ്വസിച്ചില്ല.. പക്ഷെ സന്ദീപേട്ടനോട് ചോദിച്ചപ്പോൾ അച്ഛന്റെ നിർബന്ധം കൊണ്ടാണ് ഈ കല്യാണം കഴിക്കുന്നത് എന്ന് പറഞ്ഞു. എന്റെ കാര്യം വീട്ടിൽ പറഞ്ഞു നോക്കിയെന്നും സന്ദീപേട്ടന്റെ അച്ഛൻ സമ്മതിക്കുന്നില്ലായെന്നും പറഞ്ഞു. പിന്നെ എന്റെ ഫോൺ എടുക്കാതെയും മെസ്സേജിന് മറുപടി അയക്കാതെയും ആയപ്പോൾ മനസിലായി ഞാൻ ചതിക്കപെടുകയായിരുന്നു എന്ന്..

എന്ത് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു ചേച്ചി.. കുറെ കരഞ്ഞു.. പിന്നെ പതിയെ എല്ലാം മറക്കാം എന്ന് തീരുമാനിച്ചു.. എന്നെ വേണ്ടായെന്നു തീരുമായിച്ചിരിക്കുന്ന ഒരാളുടെ പിറകെ പോവുന്നതിൽ അർത്ഥമില്ലല്ലോ? അത് പോലെ കൽപകശ്ശേരിക്കാരുമായി വഴക്കിനു പോകാനുള്ള ആവതും ഞങ്ങൾക്കില്ലായിരുന്നു. പക്ഷെ വിധി അതല്ലായിരുന്നു.. നിങ്ങളുടെ കല്യാണതിന് രണ്ടു ദിവസം മുന്നേ ആണ് ഞാൻ സന്ദീപേട്ടന്റെ കുഞ്ഞിനെ ഗർഭിണി ആണ് എന്ന സത്യം ഞാൻ മനസിലാക്കുന്നത്.. " കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ ഞാൻ അവളെയും നോക്കി ഇരുന്നു.. അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. " സത്യമാണ് ചേച്ചി.. സന്ദീപേട്ടൻ എന്നെ കാണാൻ വന്ന ഏതോ ഒരു അവധി ദിവസം..

വീട്ടിൽ ആരുമില്ലാത്തിരുന്ന മഴ പെയ്ത ഒരു ദിവസം.. കാമുകന്റെ നിർബന്ധത്തിനും പിണക്കത്തിനും ഒടുവിൽ പല പെണ്ണുങ്ങളെയും പോലെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ എന്നോർത്ത് ഒരു കീഴടങ്ങൽ.. അതിൽ സംഭവിച്ചതാണ് ഈ അബദ്ധം.. പക്ഷെ അറിയാൻ ഒരുപാടു വൈകിപ്പോയി.. സന്ദീപേട്ടനെ ഒരുപാടു തവണ വിളിച്ചു. മെസ്സേജ് അയച്ചു. ഒന്നിനും ഒരു മറുപടിയും ഉണ്ടായില്ല. അവസാനം നിൽക്കാക്കള്ളിയില്ല എന്ന് വന്നപ്പോൾ അവസാനം അമ്മയോട് പറയേണ്ടി വന്നു. സൽപ്പേര് മാത്രം സമ്പാദിച്ചു വച്ച അച്ഛൻ അതറിഞ്ഞപ്പോൾ തളർന്നു പോയി. എല്ലാവരും കൂടി രാത്രിയിലെ ഭക്ഷണത്തിൽ വിഷം ചേർത്തു കഴിച്ചു ജീവൻ ഒടുക്കാം എന്ന് കരുതി തന്നെ എല്ലാം ഒരുക്കി അവസാനത്തെ അത്താഴത്തിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്തോ ആവശ്യത്തിന് വിനുവേട്ടനെ അന്വേഷിച്ചു മഹിയെട്ടനും കാശിയേട്ടനും വീട്ടിലേക്കു വന്നത്.

മറ്റുള്ളവരുടെ ദുഃഖം പറയാതെ തന്നെ മനസിലാക്കാൻ മഹിയെട്ടന് വല്ലാത്ത ഒരു കഴിവാണ്.. ഒരുപാടു ചോദിച്ചു കഴിഞ്ഞപ്പോഴാണ് പൊട്ടികരഞ്ഞു കൊണ്ട് വിനുവേട്ടൻ എല്ലാ കാര്യങ്ങളും മഹിയെട്ടനോട് പറഞ്ഞത്. " അവൾ ഒന്ന് നിർത്തി എന്റെ മുന്നിലിരുന്ന വെള്ളം എടുത്തു കുടിച്ചു. " എല്ലാം അറിഞ്ഞപ്പോൾ മഹിയേട്ടൻ ആരോടും ഒന്നും പറയാതെ ഇത്രയും വലിയ കടുംകൈ ചെയ്യാൻ ഒരുങ്ങിയതിനു ഞങ്ങളെ എല്ലാവരെയും ഒരുപാടു ചീത്ത പറഞ്ഞു. എല്ലാം ശരിയാക്കാം സമാധാനമായി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അന്ന് രാത്രി മുഴുവൻ ഞങ്ങൾക്ക് ആ മനുഷ്യൻ കാവലിരുന്നു. ഒരിക്കൽ പോലും നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന കുറ്റപ്പെടുത്തൽ ഞാൻ പ്രതീക്ഷിച്ചെങ്കിലും അത് പോലും ഉണ്ടായില്ല. രാവിലെ ആയപ്പോൾ ഞങ്ങളോട് എല്ലാം ഒരുങ്ങി ഇറങ്ങിക്കോലാണ് പറഞ്ഞു. പിന്നെ നടന്നതൊക്കെ ചേച്ചിക്കും അറിയാവുന്ന കാര്യങ്ങളാണ്.. "

അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ആ മരവിപ്പിൽ തന്നെ ആയിരുന്നു. അവളെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത ഒരു അവസ്ഥ. ഞാൻ ജീവന് തുല്യം സ്നേഹിച്ച സന്ദീപേട്ടൻ ഇങ്ങനെ ഒരു ചതിയൻ ആയിരുന്നു എന്ന് മനസ്സ് സമ്മതിക്കുന്നില്ല..ഒരു പെണ്ണിനെ ചതിച്ചിട്ടാണ് ഒരു കൂസലും ഇല്ലാതെ അയാൾ അന്ന് എന്നെ താലി ചാർത്താൻ കല്യാണ മണ്ഡപത്തിൽ വന്നിരുന്നത്. പക്ഷെ സൂര്യമഹാദേവൻ.. അയാളെ പറ്റി ഞാൻ കരുതിയിരുന്നതൊക്കെ.. എനിക്ക് ആകെ തല കറങ്ങുന്ന പോലെ ഒക്കെ തോന്നാൻ തുടങ്ങി....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story