സൂര്യപാർവണം: ഭാഗം 11

surya parvanam

രചന: നിള നിരഞ്ജൻ

ഞാൻ ജീവന് തുല്യം സ്നേഹിച്ച സന്ദീപേട്ടൻ ഇങ്ങനെ ഒരു ചതിയൻ ആയിരുന്നു എന്ന് മനസ്സ് സമ്മതിക്കുന്നില്ല..ഒരു പെണ്ണിനെ ചതിച്ചിട്ടാണ് ഒരു കൂസലും ഇല്ലാതെ അയാൾ അന്ന് എന്നെ താലി ചാർത്താൻ കല്യാണ മണ്ഡപത്തിൽ വന്നിരുന്നത്. പക്ഷെ സൂര്യമഹാദേവൻ.. അയാളെ പറ്റി ഞാൻ കരുതിയിരുന്നതൊക്കെ.. എനിക്ക് ആകെ തല കറങ്ങുന്ന പോലെ ഒക്കെ തോന്നാൻ തുടങ്ങി " നിങ്ങളുടെ കല്യാണം മുടക്കാൻ വരുന്ന കാര്യം വിഷ്ണു വേട്ടനോട് പോലും മഹിയേട്ടൻ പറഞ്ഞില്ല. മാണിക്യമംഗലത്തെ വിഷ്ണു ദത്തന്റെ വിശ്വസ്തൻ കല്പകശ്ശേരിയിലെ കല്യാണം മുടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെ ഇവിടെ ഉണ്ടാക്കും എന്ന് മഹിയെട്ടന് ആദ്യമേ അറിയാമായിരുന്നു. വിഷ്ണുവേട്ടന് ഒരു പ്രശ്നവും വരുരുത് എന്ന് കരുതി മാറ്റി നിർത്തിയതാണ് .

ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും അത് ഞാൻ തന്നെ സഹിച്ചോളാം എന്ന് പറഞ്ഞു കാശിയേട്ടനെയും വിനുവേട്ടനെയും പോലും ഇതിൽ നിന്നും അകറ്റി നിർത്തി.. മഹിയേട്ടൻ നമ്മൾ ഒക്കെ വിചാരിക്കുന്നതിലും ഒരുപാടു മുകളിലാണ്. സ്വന്തം കാര്യം നോക്കാതെ എപ്പോഴും മറ്റുള്ളവരുടെ മാത്രം നന്മ നോക്കുന്ന ഒരു മനുഷ്യൻ.. അന്ന് എന്റെയും സന്ദീപേട്ടന്റെയും കല്യാണം കഴിഞ്ഞു വന്നപ്പോൾ മുതൽ മഹിയേട്ടൻ വല്ലാതെ അസ്വസ്ഥനായിരുന്നു.. ചേച്ചിയുടെ കാര്യം ഓർത്തു.. " അത് കേട്ടതും അതിശയത്തോടെ ഞാൻ അവളെ നോക്കി.. " എന്റെ കാര്യം ഓർത്തോ? " " അതേ ചേച്ചി.. മഹിയേട്ടൻ കാരണം ഒരു പെൺകുട്ടി വിഷമിക്കാൻ ഇടയായല്ലോ എന്ന് വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്നടങ്ങി കുറച്ചു നാൾ കഴിയുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു ചേച്ചിയെയും വീട്ടുകാരെയും കണ്ടു മാപ്പ് പറയണം എന്ന് അന്നേ പറഞ്ഞിരുന്നു.

പക്ഷെ ചേച്ചിയുടെ വീട്ടിലെ അവസ്ഥയൊന്നും ഞങ്ങൾക്കും അറിയില്ലായിരുന്നു. ഇങ്ങനൊന്നും ആവുമെന്ന് ഒരിക്കലും മഹിയെട്ടനും കരുതിയതല്ല.. കല്യാണം നടന്നു പിറ്റേ ദിവസത്തെ പഞ്ചായത്തിൽ എന്തായാലും കല്പകശ്ശേരിക്കാരുടെ വക ഒരു ബഹളം ഉണ്ടാവുമെന്ന് അറിയാമായിരുന്നു. പക്ഷെ ചേച്ചി അന്നങ്ങനെ അവിടെ കയറി വരുമെന്ന് ഒരിക്കലും മഹിയേട്ടൻ പ്രതീക്ഷിച്ചിരുന്നില്ല.. " അറിയാതെ എന്റെ മനസ്സും ആ ദിവസത്തെ സംഭവങ്ങളിലേക്ക് പോയി. " അന്നവിടെ സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു കേട്ട അറിവ് മാത്രമേ എനിക്കുള്ളൂ. പക്ഷെ ഒരിക്കലും ഒരു ചീത്തയായ ഉദ്ദേശത്തോടെ ആയിരിക്കില്ല മഹിയേട്ടൻ ചേച്ചിയെ താലി കെട്ടിയതു എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ചേച്ചിക്ക് ദോഷം വരുന്നതൊന്നും തന്നെ മഹിയേട്ടൻ ചെയ്യുകയില്ല. മഹിയേട്ടനെ പോലെ ഒരാളെ ഒക്കെ ജീവിത്തിൽ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം.

ഒരു തരത്തിൽ സന്ദീപ് എന്ന ചതിയനിൽ നിന്നു ചേച്ചിയെ രക്ഷിക്കുകയാണ് മഹിയേട്ടൻ ചെയ്തത്. എന്നെ കണ്ടില്ലേ ചേച്ചി.. ഇന്ന് ഇവിടെ ഗായത്രി ഡോക്ടറുടെ അടുത്തു എന്റെ ചെക്ക് അപ്പ്‌ ആയിരുന്നു. ഒന്ന് കൂടെ വരാൻ പോലും അയാൾക്ക്‌ മനസില്ല. എന്നെ ഉപദ്രവിക്കാതെ കൂടെ താമസിപ്പിക്കുന്നത് തന്നെ മഹിയേട്ടനോടുള്ള പേടി കൊണ്ടാണ്..പിന്നെ എല്ലാം എന്റെ തെറ്റ് കൊണ്ടാണെന്ന് അറിയാവുന്നതു കൊണ്ട് ആരോടും പരാതിയും ഇല്ല. ഞാൻ ഇങ്ങനെ ജീവിക്കുന്നത് ഈ കുഞ്ഞിനെ ഓർത്തു മാത്രം ആണ്.. " അവൾ വിഷമത്തോടെ പറഞ്ഞു നിർത്തി. " അപ്പൊ.. ഇതൊന്നും എന്താ അന്ന് പഞ്ചായത്തിൽ ചോദിച്ചപ്പോൾ അയാൾ പറയാതെ ഇരുന്നത്? " ഞാൻ സംശയത്തോടെ ചോദിച്ചു.. " ഇത് പോലെ വളരെ സാധാരണക്കാർ കൂടുതലായും ഉള്ള ഒരു നാട്ടിൻപുറത്തു ഒരു പെൺകുട്ടി കല്യാണം കഴിയുന്നതിനു മുന്നേ ഗർഭിണി ആയി എന്ന് എല്ലാവരും അറിഞ്ഞാൽ ഉള്ള അവസ്ഥ വളരെ മോശമാണ് ചേച്ചി.

ആ കളങ്കം ഒരിക്കലും മാഞ്ഞു പോകില്ല. എന്റെ അച്ഛന് പിന്നെ ഒരിക്കലും ഈ നാട്ടിൽ തല ഉയർത്തി നടക്കാൻ സാധിക്കില്ല. എന്റെ അനിയത്തിയുടെ ഭാവി.. എന്റെയും എന്റെ കുടുംബത്തിന്റെയും മാനം രക്ഷിക്കാൻ വേണ്ടിയാണ് അന്ന് ആരുടെ മുന്നിലും മഹിയേട്ടൻ ഒന്നും പറയാതെ ഇരുന്നത്. ഇതിപ്പോ എന്തായാലും ഞങ്ങളുടെ കല്യാണം കഴിഞ്ഞല്ലോ? " എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. വിദ്യ പറയുന്നത് വിശ്വസിക്കണമോ എന്നും അറിയില്ല. ഇവളെ ഇങ്ങനൊക്കെ പറയാൻ സൂര്യമഹാദേവൻ പറഞ്ഞു വിട്ടതല്ല എന്ന് എന്താണ് ഉറപ്പു? പക്ഷെ എന്തോ അവളുടെ കണ്ണുകളിലെ ആത്മാർഥത തള്ളി കളയാനും ആവുന്നില്ല. മനസ്സ് നിറയെ ചോദ്യങ്ങളും സംശയങ്ങളും ആയി ഞാൻ ഇരുന്നു. " ഞങ്ങളാരും അറിഞ്ഞു കൊണ്ട് ചേച്ചിയെ ഉപദ്രവിക്കാൻ ഒന്നും ചെയ്തതല്ല..

എല്ലാം അങ്ങനെ സംഭവിച്ചു പോയതാണ്.. ഞാൻ കാരണം ചേച്ചിക്ക് ഉണ്ടായ എല്ലാ വിഷമങ്ങൾക്കും മാപ്പ് ചോദിക്കുന്നു.. പോട്ടെ ചേച്ചി.. " അതും പറഞ്ഞു എന്റെ കയ്യിൽ ഒന്ന് പിടിച്ചു അപ്പുറത്തെ ടേബിളിൽ ഇരുന്ന അവളുടെ അമ്മയെയും അനിയത്തിയേയും കൂട്ടി അവൾ നടന്നകന്നു. കുറേനേരം കൂടി ആ ഇരുപ്പു ഞാൻ തുടർന്നു.മനസ്സിൽ സംശയങ്ങളുടെ കടൽ ഇരമ്പുനുണ്ടായിരുന്നു.ഇതിന്റെ സത്യം അറിഞ്ഞില്ലെങ്കിൽ ഒരിക്കലും സമാധാനം ഉണ്ടാവില്ലയെന്നു എനിക്കു തോന്നി.കുറച്ചു നേരത്തിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചോറ് മതിയാക്കി കൈ കഴുകി ഞാൻ ഗൈനക്കോളജി സെക്ഷനിലേക്ക് നടന്നു. അവിടുത്തെ ഒരു നഴ്സിനോട് ചോദിച്ചു ഗായത്രി ചേച്ചിയുടെ മുറി മനസിലാക്കി. ഞാൻ കയറി ചെല്ലുമ്പോൾ ഭാഗ്യത്തിന് ചേച്ചിക്ക് പേഷ്യന്റ്സ് ഇല്ലായിരുന്നു. എന്നെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ ചേച്ചി ഒന്ന് അമ്പരന്നു..

" എന്താ പാറു.. നീയെന്താ ഇവിടെ? " " എനിക്ക് ഇന്ന് ഇവിടെയായിരുന്നു ചേച്ചി ജോലി.. ഇവിടുത്തെ കണക്കുകൾ നോക്കാൻ ശങ്കരേട്ടൻ പറഞ്ഞിട്ട് വന്നതാണ് " ചേച്ചി പറയാതെ തന്നെ ഞാൻ ചേച്ചിയുടെ മുന്നിൽ കണ്ട കസേരയിലേക്ക് ഇരുന്നു.. " പാറൂ? " എന്റെ മുഖഭാവം ഒക്കെ കണ്ടു ഗായത്രി ചേച്ചി ആശങ്കയോടെ വിളിച്ചു " ചേച്ചി.. ഞാൻ ഇപ്പോൾ ക്യാന്റീനിൽ വച്ചു വിദ്യയെ കണ്ടിരുന്നു. അന്ന് സന്ദീപേട്ടൻ കല്യാണം കഴിച്ച.. അവൾ എന്നോട് പറഞ്ഞു സന്ദീപേട്ടൻ അവളെ കല്യാണം കഴിക്കുന്ന സമയത്തു തന്നെ അവൾ ഗർഭിണി ആയിരുന്നു എന്ന്.. അത് സത്യമാണോ ചേച്ചി? " രണ്ടു നീമിഷത്തേക്ക് ചേച്ചി മൗനമായിരുന്നു. പിന്നെ.. " അത് സത്യമാണ്.. അവൾ ഇപ്പോൾ ഏകദേശം നാല് മാസത്തിനടുത്തു ഗർഭിണി ആണ്." ചേച്ചി എന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു.

ഞാൻ പിറകിലേക്ക് ആലോചിച്ചു. അവരുടെ കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിയുന്നത്തെ ഉള്ളു.. അപ്പോൾ അവൾ പറഞ്ഞത് സത്യം തന്നെ ആയിരിക്കും. ഇനി ചേച്ചിയും എന്നോട് കള്ളം പറയുന്നത് ആയിരിക്കുമോ? "ഉറപ്പാണോ ചേച്ചി? " സംശയത്തോടെ ഉള്ള എന്റെ ചോദ്യം കേട്ടു ഗായത്രി ചേച്ചി വിഷമത്തോടെ ചിരിച്ചു. " ഞങ്ങൾ എല്ലാം കള്ളം പറയുകയാണെന്നു നിനക്ക് സംശയം ആണോ പാറൂ. നിനക്ക് അത്രയ്ക്ക് വിശ്വാസം ഇല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്തതു ആണ് എങ്കിലും ഞാൻ ഒരു കാര്യം ചെയ്യാം. ..ഞാൻ വിദ്യയുടെ ഫയലിലെ ഡേറ്റ് മാത്രം നിനക്ക് കാണിച്ചു തരാം.. " എനിക്ക് അറിയാൻ ഉള്ളത് അറിഞ്ഞു കഴിഞ്ഞിരുന്നു. ചേച്ചിയോട് പെട്ടെന്ന് ഒരു നന്ദി മാത്രം പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി. ഇന്നിനി ഞാൻ അവിടെ ഇരുന്നാലും ഒരു പണിയും നടക്കില്ല എന്നെനിക്കു അറിയാമായിരുന്നു. അത് കൊണ്ട് വല്ലാത്ത തലവേദനയാണ് ബാക്കി കണക്കുകൾ നാളെ വന്നു നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ഞാൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി.

ശങ്കരേട്ടനെയും വിളിച്ചു തലവേദനയാണ് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞു. ഒരു ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്കു പോയി. പതിവിലും നേരത്തെ വീട്ടിലെത്തിയ എന്റെ മുഖം കണ്ടപ്പോഴേ കാളിയമ്മക്ക് എന്തോ പ്രശ്നമുണ്ടെന്നു മനസിലായി. അവരോടു പറഞ്ഞ അതേ തലവേദനയുടെ കള്ളം കാളിയമ്മയോടും പറഞ്ഞു ഡ്രസ്സ്‌ പോലും മാറാതെ ബെഡിലേക്ക് കയറി കടന്നു. കാളിയമ്മ ഒന്ന് രണ്ടു പ്രാവശ്യം എന്നോട് വന്നു എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു അവിടെ തന്നെ കിടന്നു. സന്ദീപേട്ടനും സൂര്യമഹാദേവനും.. രണ്ടു പേരും ഞാൻ കരുതിയത് പോലെ ആയിരുന്നില്ലല്ലോ? വിദ്യ എന്നോട് പറഞ്ഞ കാര്യങ്ങൾ സൂര്യമഹാദേവനും കാശിയേട്ടനും ഗായത്രി ചേച്ചിക്കും അല്ലാതെ ഇനിയും ആർക്കൊക്കെ അറിയാം.. പല മുഖങ്ങളും കൺമുന്നിൽ തെളിഞ്ഞു. എല്ലാം അറിഞ്ഞു വച്ചു കൊണ്ട് എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നോ? ഓരോന്ന് ആലോചിച്ചും കരഞ്ഞും കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി പോയി. കാവ്യ വന്നു വിളിച്ചപ്പോഴാണ് ഞാൻ പിന്നെ കണ്ണ് തുറന്നത്..

" ഇപ്പൊ തലവേദന എങ്ങനുണ്ട് ചേച്ചി? " അവൾ എന്റെ നെറ്റിയിലൂടെ കയ്യോടിച്ചു കൊണ്ട് ചോദിച്ചു.. " കുറവുണ്ട്..നീ ഇരിക്ക്.. ഞാനൊന്നു പോയി മുഖവും കണ്ണുമൊക്കെ കഴുകി വരാം" അതും പറഞ്ഞു ഞാൻ ബാത്റൂമിലേക്കു പോയി. " എന്താ ചേച്ചി.. എന്തെങ്കിലും പ്രശ്നമുണ്ടോ? " ഹാളിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ എന്നോട് ചോദിച്ചു. അവളോട്‌ എന്ത് പറയണമെന്ന് ആലോചിച്ചു. ഈ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അവൾ എനിക്ക് അനിയത്തി മാത്രമല്ല നല്ലൊരു സുഹൃതും ആയി തീർന്നിരുന്നു. എന്റെ മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കിട്ടിയില്ലെങ്കിൽ ഇനിയും എനിക്ക് അവളോട്‌ പഴയ പോലെ പെരുമാറാൻ കഴിയില്ല എന്നെനിക്കു തോന്നി. " നീ വിദ്യയെ അറിയുമോ? " കുറച്ചു നേരത്തെ ആലോചനക്കൊടുവിൽ ഞാൻ അവളോട്‌ ചോദിച്ചു.

ഞാൻ ഏതു വിദ്യയെ പറ്റിയാണ് ചോദിക്കുന്നത് എന്നവൾക്ക് മനസിലായി എന്ന് അവളുടെ മുഖഭാവം വിളിച്ചോതുനുണ്ടായിരുന്നു. അവൾ വല്ലാത്ത ഒരു ഭാവത്തോടെ കാളിയമ്മയുടെ നേരെ നോക്കുന്നതും ഞാൻ കൺകോണിലൂടെ കണ്ടു. എന്റെ മനസ്സിലെ സംശയങ്ങൾ ശരിയായിരുന്നു. " അറിയാം.. വിദ്യ ചേച്ചിയുടെ അനിയത്തി വീണയും ഞാനും ഒരുമിച്ചു പഠിച്ചതാണ്.. പിന്നെ അവരുടെ അച്ഛൻ പ്രഭാകരൻ മാഷ് എന്നെ പഠിപ്പിച്ചിട്ടുമുണ്ട്.. " അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കിയാണ് അടുത്ത ചോദ്യം ചോദിച്ചത്.. " ഹ്മ്മ്.. നിനക്കറിയാമായിരുന്നോ വിദ്യയും സന്ദീപേട്ടനും തമ്മിലുള്ള ബന്ധം? .. പിന്നെ അവളുടെ ഇപ്പോഴത്തെ അവസ്ഥ? അത് കൊണ്ടാണ് സൂര്യ..

മഹാദേവൻ അന്ന് അങ്ങനെ ചെയ്തതെന്ന്? " അവൾ തല കുനിച്ചു.. പിന്നെ പറഞ്ഞു. " നിങ്ങളുടെ കല്യാണം കഴിഞ്ഞു ചേച്ചി ബിപി കൂടി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്തു ഞങ്ങള് കുറച്ചു പേരോട് മാത്രം മഹിയേട്ടൻ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു.. " പ്രതീക്ഷിച്ചിരുന്ന ഉത്തരം ആണെങ്കിലും അത് കേട്ടപ്പോൾ എനിക്ക് വേദനിച്ചു. " ഞങ്ങൾ കുറച്ചു പേരോട്.. "ആ കുറച്ചു പേര് ആരൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ സാധിക്കുമായിരുന്നു. കാളിയമ്മ, മണിയണ്ണൻ, വിഷ്ണുവേട്ടൻ, ഗായത്രി ചേച്ചി, കാശിയേട്ടൻ, കാവ്യാ, അവരുടെ അമ്മ.. എന്റെ ആരൊക്കെയോ ആണെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്ന അതേ ആളുകൾ തന്നെ.. എല്ലാവരും എല്ലാം അറിഞ്ഞു വച്ചു എന്നെ വിഢിയാക്കുകയായിരുന്നു. ആ ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു

" ചേച്ചി.. " ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ പേടിയോടെ കാവ്യ വിളിച്ചു.. അവളോട്‌ എനിക്ക് വല്ലാത്ത പരിഭവം തോന്നി. തനുവിന് കൊടുക്കാൻ കഴിയാത്ത സ്നേഹം ഞാൻ കൊടുത്തു കൊണ്ടിരുന്നവൾ എന്നെ പറ്റിക്കുകയായിരുന്നു എന്ന തോന്നൽ എന്നിൽ വല്ലാത്ത വിഷമമാണ് ഉണ്ടാക്കിയത്. അവളോട്‌ പിന്നെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഒന്നും എനിക്ക് അപ്പോൾ തോന്നിയില്ല. " എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണം.. നീ ഇപ്പോൾ പൊയ്ക്കോ. " അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.. " ചേച്ചി.. ഞങ്ങൾ ആരും മനഃപൂർവമല്ലാ.. " അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ എന്റെ മുറിയിലേക്ക് കയറി പോയി വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ അങ്ങനെ ചെയ്തത് അവൾക്കു വിഷമം ആയി കാണും എന്നെനിക്കു അറിയാമായിരുന്നു. പക്ഷെ കലങ്ങി മറിഞ്ഞു കിടക്കുന്ന എന്റെ മനസ്സും ചിന്തകളും അപ്പോൾ ആരുടെയും മനസ്സു കാണാൻ എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

മനസ്സ് നിറയെ എന്റെ ചുറ്റും ഉള്ളവരോടുള്ള ദേഷ്യവുമായി ഞാൻ വീണ്ടും ആ കട്ടിലിലേക്ക് കയറി കിടന്നു. കാശ്ശിയോടൊപ്പം അവന്റെ വീട്ടിന്റെ തിണ്ണയിൽ വിശേഷങ്ങളും പറഞ്ഞു ഇരിക്കുകയായിരുന്നു മഹി. പാർവണ തന്റെ വീട്ടിൽ താമസം ആക്കിയതിൽ പിന്നെ മഹി കാശിയുടെ കൂടെയാണ് താമസം. അച്ഛൻ നേരത്തെ മരിച്ചു പോയി രണ്ടു മക്കളെ ഒറ്റയ്ക് വളർത്തി കൊണ്ട് വന്ന കാശിയുടെ അമ്മ മഹിക്കും അമ്മയെ പോലെ തന്നെയാണ്. അമ്മ കൊണ്ട് കൊടുത്ത ചായയും പലഹാരങ്ങളും കഴിച്ചു കൊണ്ട് അന്നത്തെ വിശേഷങ്ങളും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പാർവണയെ കാണാനായി പോയ കാവ്യ കയറി വരുന്നത്. " വന്നോ.. തമ്പുരാട്ടി..ഇന്ന് നേരത്തെ ഇങ്ങു പോന്നല്ലോ? ഇന്ന് എന്തൊക്കെയാ നിന്റെ പാറു ചേച്ചിയുടെ വിശേഷങ്ങൾ? " പാറുവിന്റെ ഓരോ ദിവസത്തെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൃത്യമായി മഹിയെ അറിയിക്കുന്നത് അവളാണ്.

പക്ഷെ ഇന്നവന്റെ ചോദ്യത്തിന് തെളിച്ചമില്ലാത്ത ഒരു ചിരി മാത്രമേ മറുപടി ഉണ്ടായുള്ളൂ.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ കാശിക്കും മഹിക്കും എന്തോ പന്തി കേടു തോന്നി. കാശിയെയും മഹിയെയും കണ്ടാൽ എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടാക്കാതെ ഇരിക്കില്ല കാവ്യ. അത് പോലെ പാറുവിന്റെ പേരും പറഞ്ഞു മഹിയെ കളിയാക്കുന്നതും അവളുടെ ഹോബി ആണ്. ഇന്ന് മങ്ങിയ മുഖവുമായി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോകാൻ തുടങ്ങുന്ന അവളുടെ കയ്യിൽ കാശിയാണ് ആദ്യം പിടിത്തമിട്ടത്.. " എന്താടി എന്ത് പറ്റി? " " ഒന്നുല്ല ഏട്ടാ.. " " പിന്നെ എന്താ.. പാറു എന്തെങ്കിലും പറഞ്ഞോ നിന്നെ? " മഹി അവളോട്‌ ചോദിച്ചു.. " ഇല്ല മഹിയേട്ടാ .. ചേച്ചി എന്നെ ഒന്നും പറഞ്ഞില്ല.. " പിന്നെ അവൾ പതിയെ അവരോടൊപ്പം തിണ്ണയിലേക്കിരുന്നു. മഹിയോട് എല്ലാം പറയണം എന്നവൾക്ക് തോന്നി. എന്നിട്ട് അവിടെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു..

"പാറു ചേച്ചി വിദ്യയുടെ കാര്യങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്.. അത് നമ്മളെല്ലാം കൂടി ചേച്ചിയുടെ അടുത്തുന്നു മറച്ചു വച്ചതു ചേച്ചിക്ക് സങ്കടവും ദേഷ്യവും ഒക്കെ ആയി എന്ന് തോനുന്നു.. അല്ലെങ്കിൽ ഒരിക്കലും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല." കാവ്യ വിഷമത്തോടെ പറഞ്ഞു. മഹി അവളുടെ തോളിൽ മെല്ലെ തട്ടി. " സാരമില്ല.. നീ വിഷമിക്കണ്ട.. ഇന്നല്ലെങ്കിൽ നാളെ എല്ലാ കാര്യങ്ങളും അവൾ അറിയേണ്ടത് തന്നെയല്ലേ? ഇത് എല്ലാം കൂടി പെട്ടെന്ന് കേട്ടത്തിന്റെയാണ്. അവളുടെ ഇപ്പോഴുള്ള ദേഷ്യം പതിയെ മാറിക്കൊള്ളും.. നമ്മൾ കുറച്ചു സമയം കൊടുക്കണം എന്ന് മാത്രം.. " മഹി പറഞ്ഞപ്പോൾ കാവ്യാ തലയാട്ടി സമ്മതിച്ചു. കുറച്ചു നേരം കൂടി അവരോടു സംസാരിച്ചിരുന്നിട്ട് കാവ്യ അകത്തേക്ക് കയറി പോയി. അവൾ അകത്തേക്ക് പോയി കഴിഞ്ഞപ്പോൾ കാശി മഹിയുടെ നേരെ തിരിഞ്ഞു " ഡാ.. കുഴപ്പമാവുമോ? " " എന്ത് കുഴപ്പം? "

" ഇല്ല.. ഇനിയിപ്പോ എന്തായിരിക്കും അവളുടെ പ്രതികരണം ? സന്ദീപിന്റെ അടുത്തു പോയി അവൾ വല്ല പ്രശ്നവും ഉണ്ടാക്കുമോ? " " ഏയ്.. അതിനൊന്നും സാധ്യത ഇല്ല.. " ആലോചനയോടെ മഹി പറഞ്ഞു.. " ഒരു കണക്കിന് അവൾ എല്ലാം അറിഞ്ഞത് നന്നായി.. നിന്നെ പറ്റിയുള്ള അവളുടെ ഗുണ്ട ഇമേജിനു മാറ്റം അവരുമല്ലോ? " മഹി അവനെ നോക്കി ഒന്ന് ചിരിച്ചു.. " അതിനു അവളിപ്പോഴും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടില്ലല്ലോ.. അവള് അറിയാൻ ഇനിയും കാര്യങ്ങൾ ബാക്കി അല്ലേ കാശി.. " " ഹ്മ്മ.. അവള് വിദ്യയുടെ കാര്യം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്താ നിന്റെ ഉദ്ദേശം? " " ഇന്നൊരു രാത്രി അവൾ എല്ലാ കാര്യങ്ങളും മനസ്സ് കൊണ്ട് ഒന്ന് അംഗീകരിക്കട്ടെ.. നാളെ എന്തായാലും അവളെ കണ്ടു ഒന്ന് സംസാരിക്കണം..തത്കാലം ഞാൻ കാളിയമ്മയെ ഒന്ന് വിളിച്ചു നോക്കാം "

മഹി ആലോചനയോടെ പറഞ്ഞു. കാവ്യയോട് വഴക്കുണ്ടാക്കി വന്നിരുന്നിട്ടു രാത്രി ആയപ്പോഴാണ് മനസ്സ് ഒന്ന് ശാന്തമായതു. എന്നിട്ടും ഞാൻ മുറിക്കകത്തു തന്നെ ഇരുന്നതേ ഉള്ളു. ആരോ കതകിൽ വന്നു മുട്ടിയപ്പോഴാണ് ഞാൻ ചെന്നു തുറന്നതു. മുന്നിൽ നിൽക്കുന്ന കാളിയമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു. " ചോറെടുക്കട്ടെ മോളെ? " കാളിയമ്മ എന്നോട് ചോദിച്ചു " എനിക്ക് വേണ്ട.. വിശക്കുന്നില്ല.. " ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും അമ്മ എന്റെ കയ്യിൽ പിടുത്തം ഇട്ടിരുന്നു. " വിദ്യയുടെ കാര്യം മറച്ചു വച്ചതിനു നിനക്ക് ഞങ്ങളോട് ദേഷ്യമാണെന്ന് മനസിലായി .. പക്ഷെ അതിന്റെ പേരിൽ പട്ടിണി കിടക്കാതെ ഭക്ഷണം വന്നു കഴിക്കു മോളെ.. " സ്നേഹത്തോടെയും അതിലേറെ വിഷമത്തോടെയും ഉള്ള കാളിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവരോടുള്ള എന്റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു .

" എന്തിനാ കാളിയമ്മേ.. എന്തിനാ എന്നോട് എല്ലാം മറച്ചു വച്ചതു? " " ഞങ്ങൾ എല്ലാം പറഞ്ഞിരുന്നെങ്കിലും മോളു അതൊക്കെ വിശ്വസിക്കുമായിരുന്നോ? " കാളിയമ്മ ചോദിച്ചപ്പോൾ അതിശയത്തോടെ ഞാൻ അവരെ നോക്കി. കാളിയമ്മ എന്റെ കൈ പിടിച്ചു ഹാളിലെ സോഫയിൽ കൊണ്ടിരുത്തി. അവരും എന്നോടൊപ്പം ഇരുന്നു. " മഹി ഇതൊന്നും മനഃപൂർവം ചെയ്തതല്ല.. അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചു പോയതാണെന്ന് പറഞ്ഞിരുന്നെങ്കിൽ മോളു വിശ്വസിക്കുമായിരുന്നോ? ഞങ്ങളെല്ലാം മഹിക്ക് വേണ്ടി കള്ളം പറയുക ആണെന്നല്ലേ നീ കരുതുകയുള്ളു? " എനിക്ക് ഞാൻ ഈ വീട്ടിൽ വന്നു പിറ്റേ ദിവസം രാവിലെ കാളിയമ്മയുമായി നടത്തിയ സംഭാഷണം ഓർമ വന്നു. അന്ന് കാളിയമ്മ മഹി നല്ലൊരു കർഷകനാണ് എന്ന് പറഞ്ഞപ്പോൾ അത് പോലും അംഗീകരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഇവർ പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നോ? "

മോളെ.. ആ സമയത്തു നിന്റെ മനസ്സിൽ മഹി ഏറ്റവും ദുഷ്ടനും നീചനും ആയ ഒരു ആൾ ആയിരുന്നു. അവനെ പറ്റി ഒരു നല്ല ചിന്ത പോലും നിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനോടു ഞങ്ങൾ ചോദിച്ചതാണ് നിന്നോട് എല്ലാം പറഞ്ഞാലോ എന്ന്? അപ്പോൾ അവൻ തന്നെയാണ് അങ്ങനെ അവന്റെ ഭാഗം നിർബന്ധിച്ചു പറഞ്ഞു അറിയുന്നതിലും നല്ലത് എല്ലാം നീ നിന്റേതായ വഴിയിൽ തനിയെ മനസിലാക്കുന്നതാണ് എന്ന്.. സൂര്യമഹാദേവൻ ആരാണെന്നും എന്താണെന്നും നീ സ്വയം മനസിലാക്കുന്നതാണെന്നു.. അത് കൊണ്ടാണ് മോളെ ഞങ്ങൾ ഒന്നും പറയാതെ ഇരുന്നത്.. അല്ലാതെ നിന്നെ വിഢിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുമോ? ഞങ്ങളുടെ മോളല്ലേ നീയും? " എന്നെ ചേർത്തു പിടിച്ചു കൊണ്ട് കാളിയമ്മ അത് ചോദിച്ചപ്പോൾ ഞാൻ അവരുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു. കാളിയമ്മ പറഞ്ഞതിൽ സത്യം ഉണ്ടെന്നു എനിക്കും അറിയാമായിരുന്നു.

നീലാംബരി അമ്മ സൂര്യമഹാദേവനെയും വിഷ്ണു ദത്തനെയും പറ്റി പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിൽ വച്ചു കൊണ്ടാണ് ഞാൻ ഈ നാട്ടിലേക്കു വന്നത്. പിന്നെ എന്റെ സമ്മതമില്ലാതെ അയാൾ എന്നെ നിർബന്ധിച്ചു പിടിച്ചു കൊണ്ട് പോയി താലി കെട്ടുകയും കൂടി ചെയ്തത്തോടെ അയാളെ പറ്റി മോശമായ ഒരു ചിത്രം ഞാൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വിദ്യയെ ആകസ്മികമായി കണ്ടു ഇന്നീ കാര്യങ്ങൾ അറിയുന്നത് വരെയും എന്റെ മനസ്സിൽ അയാളെ പറ്റി മോശം അഭിപ്രായം ആയിരുന്നു. ഈ നാട്ടിലുള്ള എല്ലാവരും അയാളെ പറ്റി നല്ലത് പറഞ്ഞിട്ട് പോലും ഞാൻ അയാളിലെ നന്മ അംഗീകരിക്കാൻ ഒരുക്കമല്ലായിരുന്നു. " ഇപ്പോഴും ദേഷ്യമാണോ മോളെ? " ഞാൻ പിന്നെയും ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ കാളിയമ്മ ചോദിച്ചു.. " ഇല്ല കാളിയമ്മേ.. ഇപ്പൊ ദേഷ്യം ഒന്നുമില്ല.. എന്നാലും എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് പെട്ടെന്ന്..

പിന്നെ നിങ്ങൾക്കെല്ലാം എല്ലാം അറിയാമായിരുന്നു എന്ന് കൂടി കേട്ടപ്പോൾ.. സോറി കാളിയമ്മ.. " കാളിയമ്മ എന്റെ നിറുകയിൽ ചുംബിച്ചു. " അതൊന്നും സാരമില്ല.. വാ നമുക്ക് ചോറുണ്ണാം. " " സൂര്യമഹാദേവൻ ശരിക്കും ആരാണ്? അയാളുടെ അച്ഛനും അമ്മയ്ക്കും ഒക്കെ എന്താ സംഭവിച്ചത്? " ചോറൂണ് കഴിഞ്ഞു രാത്രി കിടക്കാൻ ചെന്നപ്പോൾ ഞാൻ കാളിയമ്മയോടു ചോദിച്ചു. കുറച്ചു നാളുകളായി ഈ ചോദ്യം എന്റെ മനസ്സിൽ ഉണ്ടെങ്കിലും ഇത് വരെ അത് ചോദിക്കണമെന്ന് തോന്നിയിരുന്നില്ല.. എന്റെ ചോദ്യം കേട്ടു തെല്ലൊരു അതിശയത്തോടെ കാളിയമ്മ എന്നെ നോക്കി. " അവന്റെ അച്ഛനും അമ്മയും ഒന്നും ആരാണെന്നു ആർക്കും അറിയില്ല മോളെ.. അവൻ ഒരു അനാഥൻ ആണ്.. " മഹി ചെറുപ്പത്തിലേ വിഷ്ണു ദത്തന്റെ കൂടെ വന്നു പെട്ടതാണെന്ന് നീലാംബരി അമ്മ പണ്ട് പറഞ്ഞത് ഞാൻ ഓർത്തു. " അപ്പോൾ അയാൾ ഈ നാട്ടുകാരൻ അല്ലേ? ".

" അല്ല.. ഒരിക്കൽ വിഷ്ണു ദത്തന്റെ അച്ഛൻ ദേവനാരായണൻ ഒരു തീർത്ഥാടനത്തിനു പോയി വന്നപ്പോൾ അദ്ദേഹത്തോടൊപ്പം കൊണ്ട് വന്നതാണ് അമ്പലമുറ്റത്തു നിന്നു ആരോരുമില്ലാതെ അദ്ദേഹത്തിന് കിട്ടിയ ഈ അഞ്ചു വയസ്സുകാരനെ. അന്ന് മുതൽ അവൻ മാണിക്യമംഗലത്തു ഉണ്ട്.. വിഷ്ണു ദത്തന്റെ കൂട്ടുകാരനും വിശ്വസ്ഥനും ഒക്കെയായി.. ഞങ്ങളുടെ മകനായി..ഈ നാട്ടുകാരിൽ ഒരാളായി " "ഏതു നാട്ടിൽ തീർത്താടനത്തിന് പോയപ്പോഴാണ് അദ്ദേഹത്തിന് സൂര്യമഹാദേവനെ കിട്ടിയത്? " എന്റെ ആ ചോദ്യം കേട്ടപ്പോൾ കാളിയമ്മ എന്നെ ഒന്ന് വല്ലാത്ത രീതിയിൽ നോക്കി. " അതൊന്നും അറിയില്ല.. പണ്ടത്തെ കാര്യമല്ലേ.. അത്ര ഓർമയില്ല. സമയം ഒരുപാടായി.. മോളു കിടക്കാൻ നോക്കു.. നാളെ ഓഫീസ് ഉള്ളതല്ലേ? " ഉറങ്ങാൻ കിടന്നപ്പോഴും എന്റെ മനസ്സ് സൂര്യമഹാദേവനിൽ ചുറ്റി പറ്റി തന്നെ നിൽക്കുകയായിരുന്നു.

ഇതെല്ലാം അറിഞ്ഞതിനു ശേഷം ഇനി എന്ത് വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഒരു കാര്യം അറിയാം.. എന്നെ ചതിക്കാനോ എന്നോടുള്ള ദേഷ്യം കൊണ്ടോ ഒന്നും അല്ല അയാൾ എന്നെ കല്യാണം കഴിച്ചത്..എന്റെ ജീവിതം തകർത്തത്തിൽ ഉള്ള കുറ്റബോധം കൊണ്ടാണ്. അത് കൊണ്ടാണ് ഇത് വരെയും ഭർത്താവിന്റെ അധികാരം സ്ഥാപിക്കാനോ എന്നെ ഉപദ്രവിക്കാനോ വരാഞ്ഞത്.. പിന്നെ മറ്റൊരു കാര്യം ഇന്ന് മനസിലായത് അയാളും എന്നെ പോലെ തന്നെ അനാഥൻ ആണ്. പക്ഷെ ഈ നാട്ടിലുള്ളവരെ മുഴുവൻ സ്വന്തമായി കണ്ടു കൊണ്ട് അയാൾ അതൊക്കെ മാറ്റി എടുക്കുന്നു. തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതെ ഇരുന്നിട്ടും എത്ര കാര്യമായാണ് അയാളെ വിഷ്ണുവേട്ടനും കാളിയമ്മയും മണിയണ്ണനും കാശിയേട്ടനും എല്ലാം സ്നേഹിക്കുന്നത്.. എന്റെ കാര്യമോ.. തനു എന്റെ അനിയത്തിയായിട്ടു പോലും ഒരിക്കലും എന്നെ സ്വന്തമായി കണ്ടിട്ടില്ല..

അങ്ങനെ നോക്കുമ്പോൾ സൂര്യമഹാദേവൻ ഒരുപാടു ഭാഗ്യവാനാണ്.. ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു.. പിന്നെയും ഓരോന്ന് ആലോചിച്ചു ഞാൻ അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങി പോയി. പിറ്റേ ദിവസം വൈകിട്ട് ഞാൻ ഹോസ്പിറ്റലിൽ എന്റെ ജോലിയും കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് പുറത്തു കിടക്കുന്ന ഓപ്പൺ ജീപ്പിൽ ചാരി നിൽക്കുന്ന സൂര്യമഹാദേവനെ കണ്ടത്. എന്നെ കാണാനായിരിക്കും വന്നതെന്ന് എനിക്ക് കണ്ടപ്പോഴേ തോന്നി. എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ ചെറുതായി വിടരുന്നതും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തെളിയുന്നതും ഞാൻ കണ്ടു. " എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു." ഞാൻ തലയാട്ടി.. " ശെരി.. " വണ്ടിയിൽ ഇരിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. ജീപ്പ് ചെന്നു നിന്നത് ചാമുണ്ഡേശ്വരിയുടെ മുറ്റത്തു തന്നെയാണ്. ഞാൻ ജീപ്പിൽ നിന്നിറങ്ങി അവിടുത്തെ ഒഴിഞ്ഞ ഒരു മരചുവട്ടിൽ ചെന്നിരുന്നു.

വണ്ടി പാർക്ക്‌ ചെയ്തു ഒരു കൈ അകലത്തിൽ അയാളും വന്നിരുന്നു. അവിടെ അങ്ങനെ കാറ്റും കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത ഒരു ശാന്തത അനുഭവപ്പെടുന്നുണ്ടായിരുന്നു. " എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്?" കുറച്ചു നേരം കഴിഞ്ഞും അവിടുന്ന് ഒന്നും പറയാത്തപ്പോൾ ഞാൻ ചോദിച്ചു. എന്റെ നേരെ നോക്കി ഏതോ സ്വപ്നലോകതെന്ന പോലെ ഇരുന്ന സൂര്യമഹാദേവൻ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി.. " ങേ.. എന്താ പറഞ്ഞത്? ആ.. പറയാൻ ഉണ്ടെന്നു പറഞ്ഞത്.. അത്.. ഇന്നലെ വിദ്യയെ കണ്ടിരുന്നു അല്ലേ? " ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.. സൂര്യമഹാദേവൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എനിക്ക് എനിക്കെന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോട്ടെ എന്ന് കരുതി ആണെന്ന് തോന്നുന്നു. പക്ഷെ ഞാൻ ഒന്നുമേ മിണ്ടിയില്ല. " സോറി.. " ഞാൻ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ പറഞ്ഞു. " എന്തിനു? "

" എല്ലാത്തിനും" വീണ്ടും ഞങ്ങൾക്കിടയിലേക്ക് മൗനം കടന്നു വന്നു. " പാർവണയ്ക്ക് ഇപ്പോഴും ദേഷ്യമാണോ എന്നോട്? " " ദേഷ്യമുണ്ടോന്നു ചോദിച്ചാൽ കുറച്ചൊക്കെ ദേഷ്യം ഇപ്പോഴും ബാക്കി ഉണ്ട്.. പക്ഷെ പണ്ടത്തെ അത്രയും ദേഷ്യം ഒന്നുമില്ല. ഈ കുറച്ചു നാളുകളായി നിങ്ങളെ കണ്ടു നിങ്ങളെ പറ്റി ആളുകളൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ പോലും അറിയാതെ കുറച്ചു ദേഷ്യം കുറഞ്ഞിരുന്നു. ഇന്നലെ വിദ്യ പറഞ്ഞതും കൂടി കേട്ടപ്പോൾ കുറെ ദേഷ്യം മാറി.പണ്ട് എനിക്ക് നിങ്ങളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ". " പിന്നെന്താ കൊല്ലാഞ്ഞത്? " " അത് എനിക്ക് നിങ്ങളെ പേടിയായത് കൊണ്ട്.. " എന്റെ മറുപടി കേട്ടപ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞത് ഞാൻ കണ്ടു. " എന്നോട് ദേഷ്യം തോന്നിയോ അന്ന് പഞ്ചായത്തിൽ വന്നു അങ്ങനൊക്കെ പറഞ്ഞതിൽ? " ഇത്തവണ ഞാനാണ് ചോദിച്ചത്. ചോദിച്ചു കഴിഞ്ഞപ്പോൾ അത് ചോദിക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.

ഇനി ഞാൻ അന്ന് എങ്ങനെയാണ് ഇവിടെ വന്നത് എന്നൊക്കെ ചോദിച്ചാൽ നീലാംബരി അമ്മയുടെ കാര്യമൊക്കെ പറയേണ്ടി വരും. അതൊക്കെ അറിഞ്ഞാൽ ഇങ്ങേരു അവിടെ പോയി ബഹളം വല്ലോം ഉണ്ടാക്കിയാലോ? വഴക്കുണ്ടാക്കാൻ കാരണം നോക്കി നടക്കുന്ന ടീം ആണ്.. " എന്തിനു? നീ പറഞ്ഞതൊക്കെ സത്യമായ കാര്യങ്ങൾ അല്ലേ? പിന്നെ നിന്റെ അവസ്ഥയും അതായിരുന്നല്ലോ.. ദേഷ്യം ഒന്നും തോന്നിയില്ല. ഞാൻ കാരണം ഒരു പെൺകുട്ടിക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടായതിൽ വിഷമവും കുറ്റബോധവും മാത്രേ തോന്നിയുള്ളു. " എന്തുകൊണ്ടാണ് അന്നങ്ങനെ എന്റെ കഴുത്തിൽ താലി കെട്ടിയതു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അത് ഞാൻ വേണ്ടായെന്നു വച്ചു. പകരം മറ്റൊരു ചോദ്യം ചോദിച്ചു. " അന്ന് എന്റെ വീട്ടിൽ പോയി, ചെറിയമ്മയെ കണ്ടു എന്നൊക്കെ ഹോസ്പിറ്റലിൽ വച്ചു പറഞ്ഞത് സത്യമാണോ? "

" ഹ്മ്മ് .. സത്യമാണ്.. ഞാൻ പോയിരുന്നു നിന്റെ വീട്ടുകാരെ കാണാൻ തൃശ്ശൂരിൽ .. " എന്റെ കണ്ണുകളിൽ അത്ഭുദം നിറഞ്ഞു. അത് സത്യമാണെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. " എന്നിട്ട്? " " എന്നിട്ടെന്താ? അവരോടു പറഞ്ഞു ഞാൻ നിന്നെ കെട്ടി എന്റെ കൂടെ പൊറുപ്പിക്കാൻ പോവാണെന്നു.. " അത് പറഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ആ കണ്ണുകളിലേക്കു നോക്കി പോയി. പിന്നെ പെട്ടെന്ന് നോട്ടം മാറ്റി.. " എന്നിട്ട്? " " നീ ആരുടെ കൂടെ എവിടെ എങ്ങനെ ജീവിച്ചാലും അവർക്കൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞു. ഇനി അവർക്കൊരു ശല്യമാക്കാൻ അങ്ങോട്ടു ചെല്ലാതിരുന്നാൽ മതി എന്നാണ് നിന്റെ ചെറിയമ്മയും അനിയത്തിയും പറഞ്ഞത്. " ചെറിയമ്മയുടെയും തനുവിന്റെയും സ്വഭാവം അറിയാമെങ്കിലും അത് കേട്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു വേദന തോന്നി. അത്രക്കും വേണ്ടാത്തവൾ ആയിരുന്നോ ഞാൻ അവർക്കൊക്കെ? വേണ്ടാന്ന് വച്ചിട്ടും അനുസരണക്കേട് കാട്ടി കൊണ്ട് മിഴികൾ നിറഞ്ഞു തൂവി.

എന്റെ കയ്യിനു മീതെ മറ്റൊരു കൈ പതിഞ്ഞപ്പോൾ ഞാൻ അങ്ങോട്ട്‌ നോക്കിയില്ലെങ്കിലും കൈ വലിച്ചില്ല.. " വിഷമിപ്പിക്കാൻ വേണ്ടിയല്ല ചോദിച്ചപ്പോൾ പറഞ്ഞെന്നെ ഉള്ളു.. " പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞപ്പോൾ ഞാൻ അയാളെ നോക്കാതെ തന്നെ തലയാട്ടി. പിന്നെ കണ്ണ് മെല്ലെ ചിമ്മി തുറന്നു. കുറച്ചു നേരത്തിനു ശേഷം ഞാൻ ഓക്കേ ആണെന്ന് തോന്നിയപ്പോൾ സൂര്യമഹാദേവൻ പതിയെ എന്റെ കൈകൾക്കു മീതെന്നു അയാളുടെ കൈ എടുത്തു മാറ്റി. " അല്ല.. എന്നോട് പറയാൻ ഉണ്ടെന്നു പറഞ്ഞ കാര്യം പറഞ്ഞില്ലല്ലോ? " ഞാൻ ചോദിച്ചു.. " അതങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.. വിദ്യ പറഞ്ഞതൊക്കെ കേട്ടിട്ട് താൻ ഓക്കേ ആണോന്നു അറിയാനായിരുന്നു.. പിന്നെ.... " " പിന്നെ? " " കാവ്യയോട് ഇതിന്റെ പേരിൽ വഴക്ക് വേണ്ട.. അവൾ ഒന്നും മനപ്പൂർവം മറച്ചു വച്ചതല്ല.. അവൾ മാത്രമല്ല.. എല്ലാവരും.. എല്ലാം അറിയാനും മനസിലാക്കാനും നിന്റെ മനസ്സ് പാകപ്പെടുമ്പോൾ അറിഞ്ഞോട്ടെന്ന് കരുതിയാണ്..

ഇന്നലെ നീ അവളോട്‌ പിണങ്ങി എന്ന് പറഞ്ഞു ഭയങ്കര വിഷമമായിരുന്നു അവൾക്കു . നിന്നെ ഒരുപാടു ഇഷ്ടമാണ്" അവസാനത്തെ വാചകം കേട്ടപ്പോൾ ഞാൻ പെട്ടെന്ന് അയാളുടെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടം കണ്ടപ്പോൾ അയാൾക്കും പെട്ടെന്ന് എന്താണ് പറഞ്ഞതെന്ന് ബോധം വന്നു.. " ഞാൻ കാവ്യയുടെ കാര്യമാണ് പറഞ്ഞത്.. ഇഷ്ടമാണെന്നു.. " ഞാൻ അറിയാതെ ചിരിച്ചു പോയി. " അവളോട്‌ ദേഷ്യപ്പെടണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. ഇന്നലെ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ.. എല്ലാവർക്കും എല്ലാം അറിയാമായിരുന്നു എന്ന് ഓർത്തപ്പോൾ..പെട്ടെന്ന് നിയന്ത്രിക്കാനായില്ല. അത്രേയുള്ളൂ. അതല്ലാതെ എനിക്ക് അവളോട്‌ വഴക്കൊന്നും ഇല്ല.. " അത് കേട്ടപ്പോൾ സൂര്യമഹാദേവനും സമാധാനം ആയെന്നു തോന്നുന്നു. " എന്നാൽ പിന്നെ നമുക്കു പോയാലോ? " ഞാൻ ചോദിച്ചപ്പോൾ സമ്മതം എന്നോണം അയാൾ എഴുനേറ്റു ചാമുണ്ഡേശ്വരിയുടെ നടയിലേക്ക് നോക്കി ഒന്ന് തൊഴുത്തതിന് ശേഷം ഞങ്ങൾ തിരികെ പോന്നു.

" നിങ്ങളുടെ സ്വന്തം അച്ഛനെയും അമ്മയെയും കണ്ടു പിടിക്കണം എന്ന് ഇത് വരെ തോന്നിയിട്ടില്ലേ? " തിരികെയുള്ള യാത്രയിൽ എന്റെ പെട്ടെന്നുള്ള ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു എന്ന് തോനുന്നു. ആ ഞെട്ടൽ മുഖത്ത് വ്യക്തമായിരുന്നു . ആ ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുമെന്ന് കരുതിയില്ല എന്ന് തോനുന്നു. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു " അങ്ങനെ തോന്നാത്തിരുന്നിട്ടില്ല.. ഇടയ്ക്കിടെ ഓർക്കാറുണ്ട്.. ആരാണെന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എന്ന്.. പക്ഷെ എവിടെ പോയി അന്വേഷിക്കാനാണ്? ആരാണെന്നു വച്ചാണ്? അപ്പോൾ തോന്നും എന്റെ സ്വന്തമായിട്ടും എന്നെ വേണ്ടാതെ ഉപേക്ഷിച്ചു പോയവരേക്കാൾ, എന്റെ ആരുമല്ലാതെ ഇരുന്നിട്ടും എന്നെ സ്വന്തമായി സ്നേഹിക്കുന്ന ഇവരൊക്കെ മതിയെന്ന്.." പിന്നെ രണ്ടു നിമിഷങ്ങൾക്ക് ശേഷം ചോദിച്ചു.. "ആരാ പറഞ്ഞത്? കാളിയമ്മയാണോ? " " അതേ.. " പിന്നെയും വീണ്ടും കുറച്ചു നേരം മൗനം.. " ഇയാളുടെ പേര് സൂര്യമഹാദേവൻ എന്നല്ലേ? പിന്നെന്താ എല്ലാവരും മഹിയെന്നു വിളിക്കുന്നത്? സാധാരണ സൂര്യൻ എന്നല്ലേ വിളിക്കേണ്ടത്? "...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story