സൂര്യപാർവണം: ഭാഗം 12

surya parvanam

രചന: നിള നിരഞ്ജൻ

" ഇയാളുടെ പേര് സൂര്യമഹാദേവൻ എന്നല്ലേ? പിന്നെന്താ എല്ലാവരും മഹിയെന്നു വിളിക്കുന്നത്? സാധാരണ സൂര്യൻ എന്നല്ലേ വിളിക്കേണ്ടത്? " ഞാൻ എന്റെ അടുത്ത സംശയം ചോദിച്ചു.. അത് കേട്ടപ്പോൾ അയാൾ എന്നെ ഒന്ന് വല്ലാത്ത രീതിയിൽ ഞെട്ടി ചുളിച്ചു നോക്കി.. "ഇവൾക്കിതെന്തൊക്കെയാ അറിയേണ്ടത്? " എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്കു മനസിലായി. " ആവോ.. എനിക്കറിയില്ല.. ഞാൻ അപ്പോൾ ചെറുതായിരുന്നില്ലേ? വിഷ്ണുവേട്ടന്റെ അച്ചനാണ് എന്നെ സ്കൂളിൽ ചേർത്തപ്പോൾ സൂര്യമഹാദേവൻ എന്ന് പേരിട്ടത്. അത് ചുരുക്കി മഹി എന്ന് വിളിച്ചു തുടങ്ങിയത് ഏട്ടനാണ്.. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു.. എന്ത് കൊണ്ടാണ് സൂര്യൻ എന്ന് വിളിക്കാതെ മഹി എന്ന് വിളിച്ചത് എന്ന് അറിയണമെങ്കിൽ ഏട്ടനോട് തന്നെ ചോദിക്കണം " അപ്പോഴേക്കും ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയിരുന്നു. " കയറുന്നില്ലേ? " വണ്ടിയിൽ തന്നെ ഇരിക്കുനത് കണ്ടപ്പോൾ ഞാൻ ചോദിച്ചു. " ഇല്ല.. എനിക്ക് വേറെ കുറച്ചു പണിയുണ്ട്.. " ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി വീട്ടിലേക്കു രണ്ടു ചുവടു വച്ചു.. പിന്നെ തിരിഞ്ഞു നോക്കി.. " അതേയ്.. വേറെ ആരും വിളിക്കുന്നില്ലെങ്കിലും ഞാൻ അങ്ങനെ വിളിച്ചോട്ടെ? " ജീപ്പ് തിരിക്കാൻ തുടങ്ങുകയായിരുന്ന സൂര്യമഹാദേവൻ എന്നെ അമ്പരപ്പോടെ നോക്കി.. " എന്ത്..? " " സൂര്യൻ... അല്ല.. സൂര്യേട്ടൻ എന്ന്.. " ചോദ്യം ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തന്നെ എന്തോ പോലെ ആയി. ഞാനെന്താ ഇങ്ങനൊക്കെ ചോദിക്കുന്നത്.

പെട്ടെന്ന് എന്തോ അങ്ങനെ ചോദിച്ചു പോയതാണ്. ചെറിയൊരു ചമ്മലോടെ ആ മുഖത്തേക്കു നോക്കിയപ്പോൾ അമ്പരപ്പോ സന്തോഷമോ അങ്ങനെ എന്തെല്ലാമോ കൂടി കലർന്ന ഒരു ഭാവം കണ്ടു. എനിക്കുള്ള ഉത്തരം ആ മുഖത്ത് നിന്നു മനസിലാക്കി ഞാൻ മുറ്റത്തേക്ക് നടന്നു. വീടിന്റെ പടിയിൽ നിന്നു കൊണ്ട് ഞാൻ ഒന്നുടെ തിരിഞ്ഞു നോക്കി. അപ്പോഴും ജീപ്പിലിരുന്നു സൂര്യേട്ടൻ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. മെല്ലെയൊന്നു ചിരിച്ചു കാണിച്ചു കൊണ്ട് ഞാൻ വീടിനകത്തേക്ക് കയറി. "ഉം.. ഉം.. " പ്രത്യേക താളത്തിൽ ഒരു മൂളൽ കേട്ടുകൊണ്ട് ഞാൻ നോക്കുമ്പോൾ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് എന്നെ തന്നെ നോക്കുന്ന കാവ്യയെ ആണ് കണ്ടത്. അവളുടെ ഒപ്പം ഇരിക്കുന്ന കാളിയമ്മയുടെ മുഖത്തും ഉണ്ട് ഒരു വല്ലാത്ത ചിരി.. " എന്താടി? " മുഖത്തെ ചിരി മറച്ചു ദേഷ്യം അഭിനയിച്ചു കൊണ്ട് ഞാൻ ചോദിച്ചു. " ഒന്നുമില്ലേ.. നമ്മളോടൊക്കെ ദേഷ്യവും പിണക്കവും.. പക്ഷെ ഇതിനെല്ലാം കാരണക്കാരൻ ആയവനോട് ചിരിയും ശൃംഗാരവും.. കൊള്ളാം കേട്ടോ... " അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്കാകെ ഒരു ചമ്മൽ തോന്നി. ഞങ്ങൾ തമ്മിൽ ചിരിച്ചു കൊണ്ട് സംസാരിക്കുന്നതൊക്കെ അവൾ കണ്ടു എന്ന് എനിക്ക് മനസിലായി. " വേണ്ട വേണ്ട ചമ്മണ്ട .. ഏതായാലും ഞങ്ങൾക്ക് സന്തോഷമായി.. ടോമും ജെറിയും കോംപ്രമൈസ് ആയല്ലോ? ഇല്ലേ കാളിയമ്മേ? " കാളിയമ്മയും സന്തോഷത്തോടെ ചിരിച്ചു.. ചമ്മിയ ചിരിയോടെ ഞാൻ മുറിയിലേക്ക് കയറി പോയി.

ഒന്ന് മേൽകഴുകി ഡ്രസ്സ്‌ ഒക്കെ മാറി വന്നോപ്പോഴും കാവ്യ അവിടെ തന്നെ ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു. " ഡീ സോറി..ഇന്നലെ ദേഷ്യപ്പെട്ടതിനും അങ്ങനെ ഒക്കെ പെരുമാറിയത്തിനും. നീ എന്നോട് മറച്ചു വച്ചു എന്ന് തോന്നിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അതാ.. " " സോറിയൊന്നും വേണ്ട.. എനിക്ക് മനസിലായി. പിന്നെ എന്റെ ചേച്ചി പെണ്ണും ഏട്ടനും കോംപ്രമൈസ് ആയല്ലോ? ഇതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്? .. " അവൾ എന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എനിക്കും കുറച്ചൊക്കെ സന്തോഷം തോന്നുന്നുണ്ടായിരുന്നു. കുറെ നേരം കൂടി വർത്തമാനം പറഞ്ഞു ഇരുന്നതിനു ശേഷമാണ് അവൾ പോയത്. അതിനു ശേഷവും അന്ന് മുഴുവനും സൂര്യമഹാദേവനോടുള്ള സമീപനത്തിൽ എനിക്കുണ്ടായ മാറ്റമായിരുന്നു എന്റെ മനസ്സ് നിറയെ. പണ്ടൊക്കെ ആ മുഖവും പേരും ഓർക്കുമ്പോൾ തന്നെ ദേഷ്യമായിരുന്നെങ്കിൽ ഇപ്പോൾ ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം ആണ്. ആ മാറ്റം എന്നെ സന്തോഷിപ്പിക്കുന്നു എന്നതു പക്ഷെ എനിക്കും അതിശയമായിരുന്നു. കാശിയുടെ വീടിന്റെ ടെറസ്സിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു മഹി. അവന്റെ മനസ്സ് നല്ല സന്തോഷത്താൽ തുടിക്കുകയായിരുന്നു.

ഒരുപാടു നാളുകൾക്കു ശേഷമാണ് മനസ്സിന് ഇത്രയും സന്തോഷം തോന്നുന്നത്. അതിന്റെ കാരണം പാർവണയും. അവൾ ഇന്ന് തന്നോട് വന്നു സംസാരിച്ച രീതി തന്നെ. വിദ്യയുടെ ഏറ്റുപറച്ചിൽ അവൾക്കു തന്നോടുള്ള കാഴ്ചപാട് മാറ്റിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല. ഇന്ന് അവളെ കാണാൻ പോകുമ്പോൾ താൻ വിചാരിച്ചിരുന്നതു അവോളോട് എല്ലാം മറച്ചു വച്ചതിന് ഇന്നലെ കാവ്യയോട് കാണിച്ച പോലെ തന്നോടും ദേഷ്യം കാണിക്കും എന്ന് തന്നെയാണ്. പക്ഷെ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ദേഷ്യം അല്ലായിരുന്നു എന്നത് അപ്പോഴേ കണ്ടതാണ്. പോരാത്തതിന് അവളോടു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ സാധാരണ പറയാറുള്ള പോലെ എതിർപ്പൊന്നും പറഞ്ഞതും ഇല്ല. വലിയ പ്രശ്നമൊന്നും ഉണ്ടാക്കാതെ കൂടെ വന്നു. ചാമുണ്ഡേശ്വരിയുടെ മുറ്റത്തെ ആലിൻ ചുവട്ടിൽ അവളോടൊപ്പം ഇരിക്കുമ്പോൾ അവളെ തന്നെ ശ്രദ്ധിക്കുകയിരുന്നു. അവൾ സുന്ദരി ആണെന്ന് ഇതിനു മുന്നേയും തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അവൾക്കൊരു പ്രത്യേക സൗന്ദര്യമായിരുന്നു. അവളുടെ കയ്യെടുത്തു പിടിക്കാനും തന്നോട് ചേർത്തിരുത്താനും തോന്നിയ വികാരത്തെ കഷ്ടപ്പെട്ട് നിയന്ത്രിക്കുകയായിരുന്നു. ഒരു നിമിഷം അവളെ സ്വന്തം ആക്കണം എന്ന് വരെ തോന്നി പോയി.

ചെറിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറന്നു തന്റെ മുഖത്തേക്ക് വീഴുനുണ്ടായിരുന്നു. മെല്ലെ കൈ കൊണ്ട് അതെടുത്തു അവളുടെ ചെവിയുടെ പിറകിലായി ഒതുക്കി വയ്ക്കാൻ തോന്നി. അവളെ നോക്കി ഇരിക്കുമ്പോൾ അവളുടെ ചോദ്യം പോലും ഏതോ സ്വപ്നലോകത്തു എന്ന പോലെയാണ് കേട്ടത്. പിന്നീടുള്ള സംസാരം മുഴുവനും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അവൾക്കു തന്നെ പറ്റി അറിയേണ്ടിയിരുന്ന കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ വല്ലാത്ത അമ്പരപ്പായിരുന്നു. ഒരിക്കൽ പോലും താൻ കണ്ടിട്ടില്ലാത്ത മാതാപിതാക്കളെ പറ്റി, തന്റെ പേരിനെ പറ്റി.. ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ തന്നെ സൂര്യേട്ടാ എന്ന് വിളിച്ചോട്ടെയെന്നുള്ള അവളുടെ ചോദ്യം ഓർമ വന്നപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രണയം എന്ന വികാരം ആദ്യമായി തന്നെ കീഴടക്കുന്നത് അവൻ മനസിലാക്കുന്നുണ്ടായിരുന്നില്ല. " സൂര്യേട്ടൻ.. സൂര്യേട്ടാ.. " അവൻ സ്വയം ഒന്ന് പറഞ്ഞു നോക്കി " എന്താടാ തനിയെ ഇരുന്നു പിറുപിറുക്കുവേം ചിരിക്കുകയും ഒക്കെ ചെയ്യുന്നത്? " തൊട്ടു പിറകിൽ കാശിയുടെ ഒച്ച കേട്ടപ്പോൾ അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. " ഇവിടെ മാത്രമല്ല കാശിയേട്ടാ.. അങ്ങ് മഹിയേട്ടന്റെ വീട്ടിലും ഒരാൾ തനിയെ ചിരിക്കുന്നു, നാണിക്കുന്നു.... ഹാ.. പിള്ളേരൊക്കെ കൈ വിട്ടു പോയിന്ന തോന്നുന്നേ.. "

കാശിയുടെ പിറകെ അങ്ങോട്ടേക്ക് വന്നു മഹിയുടെ മുന്നിലായി വന്നിരുന്നു കൊണ്ട് കാവ്യ പറഞ്ഞു. ചേട്ടനും അനിയത്തിയും കൂടെ തന്നെ ആക്കാൻ വന്നിരിക്കുന്നതാണെന്നു മനസിലാക്കി കൊണ്ട് മഹി ബുദ്ധിപൂർവം മൗനം പാലിച്ചു. " എന്താടാ നിന്റെ നാവിറങ്ങി പോയോ? അല്ല.. എന്ത് പറഞ്ഞു നിന്റെ പാറുക്കുട്ടി സംസാരിക്കാൻ പോയിട്ട്.. " താൻ മിണ്ടാതിരുന്നിട്ടു വലിയ കാര്യമൊന്നും ഇല്ലായെന്ന് അറിയാവുന്നതു കൊണ്ട് മഹി കാര്യങ്ങളൊക്കെ അവരോടു പറഞ്ഞു.. " അങ്ങനെ നിന്റെ തോണി ഒരു കരക്കടുക്കാറായെന്നു തോന്നുന്നു.. നമ്മളുടേതൊക്കെ ഇനി എന്നാണാവോ? " കാശി ആകാശത്തേക്ക് നോക്കി ആലോചനയോടെ പറഞ്ഞു. " അതിനു തോണിയും കൊണ്ട് ചുമ്മാ അതിൽ കയറി ഇരുന്നാൽ അത് കരക്ക്‌ അടുക്കൂല്ല.. തുഴയണം" ഒരു ലോഡ് പുച്ഛം അവനു നേരെ വാരി വിതറി കൊണ്ട് മഹി തിരിച്ചു പറഞ്ഞു. " ചേച്ചി വേറെന്തൊക്കെ പറഞ്ഞു മഹിയേട്ടാ? " അവൾ തന്റെ അചാനെയും അമ്മയെയും പേരിനെയും ഒക്കെ പറ്റി ചോദിച്ചതു അവൻ അവരോടു പറഞ്ഞു. അവൾ സൂര്യേട്ടാന്നു വിളിച്ചോട്ടെ എന്ന് ചോദിച്ച കാര്യം മാത്രം അവൻ മനഃപൂർവം പറഞ്ഞില്ല. അതും കൂടി പറഞ്ഞാൽ പിന്നെ രണ്ടും കൂടി തന്നെ ഇന്ന് ഇവിടെ കൊന്നിടും. അറിയുമ്പോൾ അറിഞ്ഞോട്ടെ..

അത് വരെ അത് തനിക്കും അവൾക്കും ഇടയിൽ ഇരുന്നോട്ടെ.. തങ്ങളുടെ മാത്രം രഹസ്യം. " അവളുടെ നാട്ടിൽ പോയി ചെറിയമ്മയെ ഒക്കെ കണ്ട കാര്യം നീ അവളോട്‌ പറഞ്ഞപ്പോൾ അതിന്റെ ബാക്കി കൂടെ പറഞ്ഞൂടായൊരുന്നോ? അല്ലെങ്കിൽ ഇനി അതൊക്കെ അറിയുമ്പോൾ വീണ്ടും അവളോട്‌ മറച്ചു വച്ചു എന്നൊരു തോന്നൽ വരില്ലേ? " " ഇല്ലെടാ.. ഇനി അവളെ കാണേണ്ട, അവളുടെ കാര്യമൊന്നും അറിയേണ്ട എന്ന് അവർ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞു ആകെ വിഷമം ആയി. അപ്പോൾ പിന്നെ ഞാൻ ബാക്കി കാര്യങ്ങൾ കൂടെ പറഞ്ഞിരുന്നെങ്കിൽ അവൾ ആകെ തകർന്നു പോയേനെ.. എനിക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ലായിരുന്നു ". " ഹ്മ്മ് .. പക്ഷെ അധികം വൈകാതെ എല്ലാം അവളോട്‌ പറയുന്നതായിരിക്കും നല്ലത്.. " " പറയണം.. പറയാം.. " മഹി ആലോചനയോടെ പറഞ്ഞു.. " അല്ല.. അപ്പൊ ഇനി എന്താ നിന്റെ തീരുമാനം?" കാശി ചോദിച്ചപ്പോൾ മഹി അവനെ സംശയത്തോടെ നോക്കി " എന്ത് തീരുമാനം? " " കെട്ടിയവനും കെട്ടിയവളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനിയിപ്പോൾ സ്വന്തം വീട്ടിലേക്ക് തന്നെ താമസം മാറ്റി കൂടെ? എനിക്ക് ശല്യം ഒഴിവാക്കാനായിരുന്നു " കാശി പറഞ്ഞപ്പോൾ മഹി അവനെ കണ്ണുരുട്ടി നോക്കി. "

നിനക്ക് എന്റെ ശല്യം ഒഴിവാക്കണം അല്ലേ? ഇപ്പോൾ തന്നെ ഒഴിവാക്കി തരാം.. മോൻ വാ.. " മഹി കാശിയുടെ കൈ പിടിക്കാൻ വന്നപ്പോൾ അവൻ മഹിയുടെ അടുത്തുന്നു മാറി ഇരുന്നു. " വേണ്ട.. നീ ഇവിടെ തന്നെ നിന്നോ.. എത്ര നാൾ വേണമെങ്കിലും നിന്നോ.. എനിക്ക് ഒരു ശല്യവും ഇല്ല.. " അവരുടെ വഴക്ക് ഒരു ചെറു ചിരിയോടെ കാവ്യ നോക്കി കൊണ്ടിരുന്നു. അന്ന് കമ്പനിയിൽ നിന്നു വളരെ സന്തോഷത്തോടെയാണ് ഞാൻ ഇറങ്ങിയത്. ഇന്ന് എനിക്ക് എന്റെ ആദ്യത്തെ ശമ്പളം കിട്ടിയ ദിവസം ആയിരുന്നു. അത് കൊണ്ട് വീട്ടിൽ എല്ലാവർക്കും എന്തെങ്കിലും വാങ്ങാനായി ഞാൻ ടൗണിലേക്ക് പോയി. അവിടെ ഒരു തുണി കടയിൽ കയറി എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു. പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ഒരു വെള്ള കാർ എന്റെ അടുത്തു കൊണ്ട് നിർത്തിയത്. കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയപ്പോഴാണ് അതിന്റെ ഉള്ളിൽ ഇരിക്കുന്ന നീലാംബരി അമ്മയെ ഞാൻ കണ്ടത്.കണ്ടപ്പോൾ അമ്പരപ്പ് തോന്നിയെങ്കിലും അവർ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒന്ന് ചിരിച്ചു. " പാർവണ.. എന്താ ഇവിടെ? " " ഞാൻ ഒരു കടയിൽ കയറാൻ വന്നതാണ്.. " " മോൾ ഒറ്റക്കെ ഉള്ളോ? " എന്റെ ചുറ്റും നോക്കികൊണ്ട്‌ അവർ ചോദിച്ചു. " ആം.. ഒറ്റക്കെ ഉള്ളു.. " " ഇനിയിപ്പോൾ തിരിച്ചു വീട്ടിലേക്കാണോ? " " അതേ.. " "ഞാനും അങ്ങോട്ടേക്കാണ്.. വരൂ.. ഞാൻ ഇറക്കി തരാം.. " " വേണ്ട.. ഞാൻ ബസിൽ പൊയ്ക്കോളം.. " ഞാൻ ചിരിച്ചു കൊണ്ട് തന്നെ നിരസിച്ചു "

അത് സാരമില്ല.. കുറച്ചു ദിവസനായി ഞാൻ പാർവണയെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു. എനിക്ക് പാർവണയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. നമുക്ക് പോകുന്ന വഴി സംസാരിക്കാം " ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു. പിന്നെ രണ്ടും കല്പിച്ചു അവരോടൊപ്പം പോകാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ കുറച്ചു ദിവസമായി ഞാനും അവരെ കാണാൻ ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു. എനിക്കും അവരോടു കുറച്ചു പറയാൻ ഉണ്ടായിരുന്നു. "ശെരി.. " ഞാൻ പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ കാറിന്റെ ഡോർ തുറന്നു നീങ്ങി ഇരുന്നു. കാറിൽ അവരും അവരുടെ ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. " സുഖമാണോ മോളെ നിനക്ക്? " കാർ നീങ്ങി തുടങ്ങിയപ്പോൾ അവർ എന്നോട് ചോദിച്ചു .. " അതേ.. സുഖമാണ്.. " ചിരിച്ചു കൊണ്ട് തന്നെ ഞാൻ മറുപടി പറഞ്ഞു. ആ മറുപടി അവർ പ്രതീക്ഷിച്ചിരുന്നില്ലായെന്നു തോന്നുന്നു .. അത് കേട്ടതും അവരുടെ മുഖം മങ്ങി. എങ്കിലും അത് മറച്ചു വച്ചു കൊണ്ട് വിദഗ്ധമായി അവർ പുഞ്ചിരിച്ചു.. " ഇനിയിപ്പോൾ കരഞ്ഞും വിളിച്ചും ഇരുന്നിട്ടെന്താ കാര്യം? അന്ന് പഞ്ചായത്തിൽ വച്ചു നടന്നതിനൊക്കെ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. അവൻ അങ്ങനെ കയറി നിന്റെ കഴുത്തിൽ താലി കെട്ടി കളയും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല. എന്ത് ധൈര്യമുണ്ടായിട്ടായിരിക്കണം അവൻ അങ്ങനെയൊക്കെ ചെയ്തത്?

അവൻ എന്ത് ചെയ്താലും അതിനൊക്കെ ചുക്കാൻ പിടിക്കാൻ ആ വിഷ്ണു ദത്തനും പിന്നെ കുറെ സുഹൃത്തുക്കളും..എനിക്കെന്താ പറയേണ്ടത് എന്നറിയില്ല. ഞാനായി നിന്നെ ഇവിടെ വിളിച്ചു വരുത്തിയിട്ടു ഒടുക്കം നിനക്കൊരു ആപത്തിൽ കൂടെ നിൽക്കാൻ പോലും എന്നെ കൊണ്ട് കഴിഞ്ഞില്ല.. എന്നോട് ക്ഷമിക്കണേ മോളെ.." അവർ എന്റെ കൈ കൂട്ടിപ്പിടിച്ചു കൊണ്ട് വളരെ വിഷമത്തോടെ പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല "നീയാണ് തല കറങ്ങി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് നിന്നെ കാണാൻ വരണം എന്നുണ്ടായിരുന്നു. പിന്നെ എന്നെ അവിടെ കണ്ടാൽ അവിടെ ഉള്ളവർ നിന്നെ കൂടുതൽ ബുദ്ധിമുട്ടിക്കുമല്ലോ എന്നോർത്തിട്ടാണ് ഞാൻ വരാതെ ഇരുന്നത്. പിന്നെ കുറെ തവണ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചു.. അപ്പോഴൊക്കെ നിന്റെ ഫോൺ ഓഫ്‌ ആണ് എന്ന് പറഞ്ഞു.. ". " എന്റെ ഫോൺ സൂര്യമഹാദേവന്റെ കയ്യിലാണ്.. " " എനിക്ക് തോന്നി.. നിന്റെ ഫോണും മറ്റും അവന്റെ കയ്യിൽ ആയിരിക്കുമെന്ന്. എനിക്കറിയാം നിനക്ക് ഇപ്പോഴും അവനെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്ന്. ബലമായി പിടിച്ചു താലി കെട്ടുന്നവനെ ഏതു പെണ്ണിനാണ് അംഗീകരിക്കാനാവുക? അത് അവനും നന്നായി അറിയാം. അത് കൊണ്ടാണല്ലോ ഒരു ജോലി ഒക്കെ തന്നു നിന്നെ ഇവിടെ തളച്ചിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം അവന്റെ അടവാണ്. പക്ഷെ നീ അവന്റെ മുന്നിൽ തൊട്ടു പോകരുത് മോളെ. സൂര്യമഹാദേവനോട് പ്രതികാരം ചെയ്യാൻ അവനായി തന്നെ നിനക്കിപ്പോൾ അയൊരു അവസരം തന്നിരിക്കുകയാണ്. ഈ അവസരം നീ പ്രയോജനപ്പെടുത്തണം എന്നെ ഞാൻ പറയൂ" " എങ്ങനെ? "

" നീ അല്ലേ ഇപ്പോൾ അവരുടെ കമ്പനിയിലെ കണക്കുകൾ നോക്കുന്നത്. അവിടെയുള്ളവർക്ക് നിന്നെ അത്യാവശ്യം വിശ്വാസമുണ്ട്.. നീ നിന്റെ പെരുമാറ്റത്തിലൂടെ ആ വിശ്വാസം ഇരട്ടിയാക്കുക.എന്നിട്ട് അവരുടെ കണക്കുകളിലും കമ്പനിയിലും കുറച്ചു തിരിമറികൾ നടത്തുക. എന്താണ് ചെയ്യേണ്ടതെന്നൊക്കെ ഞാൻ നിനക്ക് പറഞ്ഞു തരാം. ..അതൊന്നും ചെയ്യാൻ നിനക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ തന്നെ ഇത് വിഷ്ണു ദത്തന്റെ ശ്രദ്ധയിൽ കൊണ്ട് വരും. ചോദ്യം വരുമ്പോൾ സൂര്യമഹാദേവൻ പറഞ്ഞിട്ടാണ് നീ ഇങ്ങനൊക്കെ ചെയ്തതെന്ന് പറയുക. അതിനുള്ള തെളിവൊക്കെ നമുക്ക് ഉണ്ടാക്കാം. മാണിക്യമംഗലത്തെ പൈസയും അടിച്ചെടുത്തു കുറച്ചു നാളുകൾക്കു ശേഷം ഇവിടുന്നു മുങ്ങാനായിരുന്നു പദ്ധതി എന്ന് പറയുക. വിശ്വാസവഞ്ചന വിഷ്ണു ദത്തൻ വച്ചു പൊറുപ്പിക്കില്ല പ്രത്യേകിച്ച് അവന്റെ ഏറ്റവും വിശ്വസ്തനിൽ നിന്നു. അതോടെ സൂര്യമഹാദേവനുമായി അയാൾ ഉടക്കും. വിഷ്ണു ദത്തന്റെ സപ്പോർട് ഇല്ലെങ്കിൽ പിന്നെ കൃഷ്ണപുരത്തു കാർ ആരും സൂര്യമഹാദേവനെ തിരിഞ്ഞു പോലും നോക്കില്ല. പിന്നെ എല്ലാവര്യും കൂടി അവനെ ഇവിടുന്നു ആട്ടി പായിച്ചോളും.. നീ നോക്കിക്കോ.. " അവർ കുടിലത നിറഞ്ഞ ചിരിയോടെ തന്റെ പ്ലാൻ പറഞ്ഞു നിർത്തി. " പക്ഷെ അപ്പോൾ അയാളോടൊപ്പം എന്നെയും ഈ നാട്ടിൽ നിന്നു പറഞ്ഞു വിടില്ലേ? ഞാനും കൂടിയാണ് ഇതൊക്കെ ചെയ്തത് എന്നല്ലേ വരുന്നത്?

" ഞാൻ എന്റെ സംശയം ചോദിച്ചു.. " ഞാനായിട്ട് ആണല്ലോ നിന്നെ ഇതിൽ കൊണ്ട് വന്നു ആക്കിയത്.. അത് കൊണ്ട് നിന്നെ ഇവിടുന്നു രക്ഷപ്പെടുത്തി കൊണ്ട് പോകാനുള്ള ബാധ്യസ്ഥതയും എനിക്കുണ്ട്.. ഞാൻ അത് ചെയ്യുക തന്നെ ചെയ്യും. നീ അതോർത്തു പേടിക്കേണ്ട.. നിനക്ക് ഒന്നും വരാതെ ഞാൻ നോക്കി കൊള്ളാം.. നീ എന്റെ കൂടെ ഒന്ന് നിന്നു തന്നാൽ മാത്രം മതി.. " അപ്പോഴേക്കും കാർ ഞങ്ങളുടെ വീടിനടുത്തു എത്തിയിരുന്നു. അവരുടെ ഡ്രൈവർ വണ്ടി അവിടെ ഒതുക്കി പാർക്ക്‌ ചെയ്തു. " നീ ഇവിടെ ഇറങ്ങിക്കോ.. വീടിനു മുന്നിൽ തന്നെ കൊണ്ട് വിട്ടാൽ പിന്നെ അവരൊക്കെ കാണും. ഓരോരോ ചോദ്യങ്ങൾ ആവും. നീയും ഞാനും തമ്മിലുള്ള അടുപ്പം തത്കാലം അവർ ആരും അറിയാതിരിക്കുന്നതാണ് നല്ലത്." ഞാൻ ഒരു ചിരിയോടെ തലയാട്ടി. എന്നിട്ട് എന്റെ ബാഗും കവറും എടുത്തു . "അപ്പോൾ എങ്ങനാ.. ഞാൻ പറഞ്ഞ പോലെ അല്ലേ കാര്യങ്ങൾ? " പ്രതീക്ഷയോടെ അവർ എന്നോട് ചോദിച്ചു. അവരുടെ ചോദ്യം കേട്ടപ്പോൾ ഞാൻ നിഷേധാര്ഥത്തില് തലയാട്ടി. " എനിക്കിതു ചെയ്യാൻ സാധിക്കില്ല നീലാംബരി അമ്മേ " ഞാൻ പറഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് അവരുടെ മുഖത്തുണ്ടായ ഞെട്ടൽ ഞാൻ നല്ല വ്യക്തമായി തന്നെ കണ്ടു. " അതെന്താ നീ അങ്ങനെ പറഞ്ഞത്.? " " വിഷ്ണു ദത്തനും സൂര്യമഹാദേവനും ഒന്നും നമ്മൾ വിചാരിക്കുന്ന പോലെ അത്ര മോശം ആൾക്കാർ അല്ല.. അവർ വളരെ നല്ലവർ ആണ്. " " നീ എന്തൊക്കെയാ ഈ പറയുന്നത്? " " സത്യമാണ്.. കഴിഞ്ഞ ദിവസം പ്രഭാകരൻ മാഷിന്റെ മകൾ വിദ്യയെ ഞാൻ കണ്ടിരുന്നു. അവൾ സന്ദീപിന്റെ സ്വഭാവ വിശേഷം മുഴുവൻ എന്നോട് പറഞ്ഞു. നേരത്തെ അവർ താമസിച്ചിരുന്നിടത്തു നിന്നു ഈ നാട്ടിലേക്കു വന്നതിന്റെ കാരണം അടക്കം. നീലാംബരി അമ്മയ്ക്കും അറിയില്ലായിരുന്നോ ഇതൊക്കെ? എന്നിട്ടും മറച്ചു വച്ചതല്ലേ? "

അവരുടെ മുഖത്തെ രക്തമയം വറ്റി പോകുന്നത് ഞാൻ കണ്ടു. " നീ.. എന്ത്.. അവൾ എന്തെങ്കിലും പറഞ്ഞപ്പോൾ അതൊക്കെ നീ അങ്ങ് വിശ്വസിച്ചോ? അവൾ അവളെയും മഹിയെയും ന്യായീകരിക്കാൻ നോക്കും. അവൾ അവന്റെ കൂട്ടുകാരന്റെ അനിയത്തിയാണ് എന്ന കാര്യം നീ മറക്കണ്ട.. " ഞാൻ വീണ്ടും ചിരിച്ചു. " അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു അന്വേഷിച്ചു അറിഞ്ഞതിനു ശേഷമാണ് ഞാൻ വിശ്വസിച്ചത്. ആങ്ങളയുടെ മകന്റെ സ്വഭാവം നീലാംബരി അമ്മക്ക് അറിയാൻ പാടില്ലായിരുന്നു എന്നാണോ നീലാംബരി അമ്മ പറഞ്ഞു വരുന്നത്? അറിഞ്ഞിട്ടും നിങ്ങൾ അത് എന്നോട് മനഃപൂർവം മറച്ചു വച്ചതല്ലേ? സന്ദീപിനെ മനഃപൂർവം എന്റെ മുന്നിൽ നല്ലവനാക്കി കാണിക്കാൻ ശ്രമിച്ചു. എന്റെ മുന്നിൽ സൂര്യമഹാദേവനെ കള്ളനും ഗുണ്ടയും ആയി കാണിച്ചു അയാളോടുള്ള എന്റെ ഉള്ളിലെ ദേഷ്യം ആളികത്തിച്ചു.. ഇതൊക്കെ സത്യമല്ലേ നീലാംബരി അമ്മേ? " ഞാൻ ചോദിച്ചതിന് അവർ മറുപടി തന്നില്ല. " അറിഞ്ഞ കാര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ സന്ദീപിനെ പോലെ വഞ്ചകനും ചതിയനും ആയ ഒരാളുടെ കയ്യിൽ നിന്നു സൂര്യേട്ടൻ എന്നെ രക്ഷിക്കുകയല്ലേ ചെയ്തത്? എന്റെ വീട്ടിലെ പ്രശ്നഗങ്ങൾ ഒന്നും സൂര്യേട്ടന് അറിയില്ലായിരുന്നു. കല്യാണം മുടങ്ങിയാൽ ഞാൻ എന്റെ വീട്ടിലേക്കു പോയ്കൊള്ളും എന്നാണ് സൂര്യേട്ടൻ വിചാരിച്ചിരുന്നത്. " ഞാൻ 'സൂര്യേട്ടൻ' എന്നത് കുറച്ചു ഉറക്കെയും വ്യക്തമായും തന്നെയാണ് പറഞ്ഞത്.

അത് അവർ ശ്രദ്ധിച്ചു എന്നതും വ്യക്തമാണ്. അവരുടെ നെറ്റി ചുളിഞ്ഞു. "സന്ദീപിന്റെ കൂടെ ജീവിക്കുന്നതിലും ഭേദം സൂര്യമഹാദേവന്റെ ഭാര്യയായി ജീവിക്കുന്നത് തന്നെയാണ്. അയാളുടെ ഭാര്യ ആയിട്ട് പോലും, എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഇത് വരെ എന്നെ ഒരു നോട്ടം കൊണ്ട് പോലും ആ മനുഷ്യൻ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നുമില്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ ഒരു വീടുണ്ട്, ബന്ധുക്കളുണ്ട്, ജോലിയുണ്ട്.. ഇതെല്ലാം അയാളുടെ ഭാര്യ എന്ന നിലയിൽ എനിക്ക് കിട്ടിയതാണ്. അത് കൊണ്ട് എനിക്കിപ്പോൾ ആ മനുഷ്യനോട് സ്നേഹം മാത്രമേ ഉള്ളു.. മറ്റൊന്നും ഇല്ല. അത് കൊണ്ട് തന്നെ എന്നെ ഇവിടെ കൊണ്ട് വന്നതിന്റെ പേരിൽ നീലാംബരി അമ്മയോട് എനിക്ക് നന്ദി മാത്രമേ ഉള്ളു .എന്നാൽ ഞാൻ പൊയ്ക്കോട്ടേ " ഞാൻ അവരുടെ കണ്ണുകളിലേക്കു നോക്കി അത്രയും പറഞ്ഞു കൊണ്ട് എന്റെ കവറുകളും എടുത്തു പുറത്തേക്കിറങ്ങി. കാറിൽ നിന്നിറങ്ങി തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു. " ആരെയും ചതിച്ചും വഞ്ചിച്ചും ഒന്നും നേടാൻ എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടില്ല. ഇത് വരെ അങ്ങനെ നോക്കിയിട്ടുമില്ല. അത് കൊണ്ടായിരിക്കും സന്ദീപിനെ പോലെ ഒരാളുടെ കെണിയിൽ വീഴാതെ ഞാൻ അവസാന നിമിഷം രക്ഷപെട്ടത്. അത് കൊണ്ട് ഇനിയും ഇങ്ങനത്തെ ആവശ്യങ്ങൾക്ക് എന്നെ തിരക്കി വരണ്ട.. " അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. എന്നാൽ നീലാംബരി ദേവിയുടെ കാറിൽ വന്നിറങ്ങി അവരോടു ഞാൻ സംസാരിച്ചു കൊണ്ട് പോകുന്നത് സംശയത്തോടെ രണ്ടു കണ്ണുകൾ നോക്കി കാണുന്നുണ്ടായിരുന്നു.

പാർവണ പോകുന്നതും നോക്കി പക എരിയുന്ന കണ്ണുകളോടെ നീലാംബരി ദേവി കാറിൽ ഇരുന്നു. വിഷ്ണു ദത്തനും മഹിക്കും എതിരെ തനിക്കു ഒരു ആയുധം ആവുമെന്ന് കരുതിയാണ് താൻ ഇവളെ ഇവിടെ കൊണ്ട് വന്നതു. പക്ഷെ ഇപ്പോൾ ഇവൾ തനിക്കു എതിരെ ആയിരിക്കുന്നു. താൻ ഇപ്പോളവളോട് പറഞ്ഞ കാര്യങ്ങൾ എങ്ങാനും അവൾ പോയി മഹിയോട് പറഞ്ഞാൽ നാളെ അവൻ തന്റെ വീട്ടുമുറ്റത്തു ഉണ്ടാവും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാൻ പോലും സാധിക്കില്ല. തന്റെ ഉദ്ദേശമൊക്കെ അവൾക്കു മനസിലായിട്ടുണ്ട്.. അത് പോലെ അവളെ പോലെ ശക്തയായ ഒരു പെണ്ണ് അവനോടൊപ്പം കൂടിയാൽ അവന്റെ ശക്തി വർധിക്കുകയെ ഉള്ളു. അതിനുള്ള അവസരം ഉണ്ടാവരുത്. താനായിട്ട് കൊണ്ട് വന്നതാണ്. പക്ഷെ തനിക്കു ഉപകാരം ഉണ്ടാവില്ലെന്നു ഉറപ്പായി കഴിഞ്ഞു. ചിലപ്പോൾ ശല്യം ആകാൻ വഴിയും ഉണ്ട്. ഇനി അവൾ ഇവിടെ വേണ്ട. അവളെ ഒഴിവാക്കണം. അതിനു പറ്റിയ ആള് ആരാണെന്നു അവർക്കറിയാമായിരുന്നു. " പാർവണ... സൂര്യമഹാദേവന്റെ ഭാര്യയായി കൃഷ്ണപുരത്തു വിലാസമെന്നു നീ കരുതേണ്ട.നിനക്കുള്ള കെണി ഈ നീലാംബരി ദേവി മനസ്സിൽ പണിഞ്ഞു കഴിഞ്ഞു.. ഇനി അത് യാഥാർഥ്യമായാൽ മാത്രം മതി.. " അവൾ പോയ വഴിയേ നോക്കി അത് മനസ്സിൽ പറഞ്ഞു കൊണ്ട് അവർ കുടിലതയോടെ ചിരിച്ചു...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story