സൂര്യപാർവണം: ഭാഗം 13

surya parvanam

രചന: നിള നിരഞ്ജൻ

വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടു തന്നെയും കാത്തു തന്നെ മണിയണ്ണനും കാളിയമ്മയും ഉണ്ട്.. ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നെങ്കിലും എങ്ങോട്ട് പോവുകയാണെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നില്ല. അത് കൊണ്ട് രണ്ടാളും എന്നെ തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. ഓടി ചെന്നു അവരെ കെട്ടിപിടിച്ചു അവർക്കു വേണ്ടി വാങ്ങിയത് അവരുടെ കൈകളിൽ വച്ചു കൊടുത്തു. " എന്താ മോളെ ഇതൊക്കെ? " " അതോ.. എനിക്ക് ഇന്ന് ശമ്പളം കിട്ടി. അപ്പോൾ നിങ്ങള്ക്ക് വേണ്ടി വാങ്ങിയതാ.. തുറന്നു നോക്കു " തുറന്നു നോക്കിയിട്ട് " എന്തിനാ വെറുതെ പൈസ കളഞ്ഞു ഇതൊക്കെ വാങ്ങിയതെന്നു" ചോദിച്ചു ശാസിച്ചെങ്കിലും അവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീര്തിളക്കം ഞാൻ കണ്ടിരുന്നു. അത് മതിയായിരുന്നു എന്നെയും സന്തോഷിപ്പിക്കാൻ.എനിക്ക് ആദ്യമായി ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിൽ അന്ന് മണിയണ്ണൻ ചിക്കൻ വാങ്ങി വന്നിരുന്നു.

ഞാനും കാളിയമ്മയും മണിയണ്ണനും കൂടി രാത്രി അത് കറി വയ്ക്കാൻ അടുക്കളയിൽ കയറി. നീലാംബരി അമ്മയെ കണ്ടത് മുതൽ എന്റെ മനസ്സിൽ നിറഞ്ഞിരുന്ന ചോദ്യം ചോദിക്കാൻ ഇത് തന്നെയാണ് പറ്റിയ അവസരം എന്നെനിക്കു തോന്നി. " കാളിയമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? " കറിക്കു അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു. " അതിനെന്താ മോളെ.. മോളു ചോദിക്ക്.. " " ഈ മാണിക്യമംഗലത്തുകാരും കല്പകശ്ശേരിക്കാരും തമ്മിൽ എന്താണ് ഇത്ര വൈരാഗ്യം? ഇവര് തമ്മിലുള്ള ഈ ദേഷ്യമൊക്കെ പണ്ട് മുതലേ ഉള്ളതാണോ? " " അതെന്താ മോളെ പെട്ടെന്ന് നീ ഇങ്ങനെ ചോദിക്കാൻ? " മണിയണ്ണൻ സംശയത്തോടെ എന്നെ നോക്കി. " അങ്ങനെയൊന്നും ഇല്ല.. എല്ലാവരും പറയുന്നത് കേൾക്കുന്നുണ്ട് ഓരോരോ പ്രശ്നങ്ങളെ പറ്റിയൊക്കെ ..

അപ്പോൾ പിന്നെ അറിയണമെന്ന് തോന്നി. " എങ്ങും തൊടാതെ ഞാൻ പറഞ്ഞു. നീലാംബരി അമ്മയുടെ കാര്യമൊന്നും അവരോടു പറയാൻ എനിക്ക് തോന്നിയില്ല. നീലാംബരി അമ്മയുടെ വാക്ക് കേട്ടു സൂര്യേട്ടനെതിരെ തന്ത്രവുമായാണ് ഞാൻ ആദ്യം ഇവിടെ വന്നതെന്ന് പറഞ്ഞാൽ ഇവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ഇപ്പോഴും അറിയില്ലായിരുന്നു. കാര്യങ്ങളുടെ കിടപ്പു വച്ചു നോക്കുമ്പോൾ നീലാംബരി അമ്മ ഇവരുടെ ഒക്കെ ശത്രുവാണ്. അത് കേൾക്കുമ്പോൾ ഇവർക്കെല്ലാം എന്നോട് ദേഷ്യമായാലോ എന്ന് എനിക്ക് പേടിയും ഉണ്ടായിരുന്നു. " മോൾ വിചാരിക്കുന്നത് പോലെ മാണിക്യമംഗലത്തുകാരും കല്പകശ്ശേരിക്കാരും പണ്ട് മുതലേ തന്നെ വൈരാഗ്യത്തിൽ ഒന്നും അല്ലായിരുന്നു. ഈ ദേഷ്യവും വാശിയും ഒക്കെ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. അതിനൊക്കെ മുന്നേ രണ്ടു കുടുംബക്കാരും തമ്മിൽ വളരെ അധികം സ്നേഹത്തിൽ ആയിരുന്നു.

അന്നൊക്കെ ഓരോ രണ്ടു വർഷം കൂടുമ്പോഴും രണ്ടു കുടുംബക്കാരും മാറി മാറിയാണ് പഞ്ചാത്തിന്റെ അധ്യക്ഷൻ സ്ഥാനം അലങ്കരിച്ചിരുന്നത്. അതിന്റെ പേരിൽ വഴക്കൊന്നും ഉണ്ടായിരുന്നില്ല. മാണിക്യമംഗലത്തെ കാരണവർ വിഷ്ണു ദത്തന്റെ അച്ഛൻ ദേവനാരായണൻ ആയിരുന്ന സമയത്തു കല്പകശ്ശേരിയിലെ കാരണവർ മാനവേന്ദ്രന്റെ മൂത്ത സഹോദരൻ ആയിരുന്ന രാഘവേന്ദ്രൻ ആയിരുന്നു. ഈ രാഘവേന്ദ്രനും ദേവനാരായണയനും വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. രണ്ടു പേരും ഒരു പോലെ കഴിവും നന്മയും ഉള്ളവർ.പക്ഷെ സ്വഭാവം ആണെങ്കിലോ നേരെ എതിരും. ദേവനാരായണൻ ക്ഷിപ്രകോപിയാണെങ്കിൽ രാഘവേന്ദ്രൻ തികഞ്ഞ സാത്വികൻ.അവർ ഉണ്ടായിരുന്ന സമയത്തു സ്ഥാപിച്ചതാണ് കൃഷ്ണപുരത്തെയും ശിവപുരത്തെയും മിക്ക സ്ഥാപനങ്ങളും.ഈ ഗ്രാമം ഇത്രയും പുരോഗതി പ്രാപിച്ചതും ആ സമയത്താണ്. രണ്ടു പേരും മാറി മാറി പഞ്ചായത്ത് ഭരിച്ചു പോന്നു.

ഈ ഗ്രാമവാസികൾ അവരെ രണ്ടാളെയും ഒരുപോലെ സ്നേഹിച്ചു. എല്ലാം അങ്ങനെ സമാധാനമായി നടന്നു പോകുന്ന സമയത്താണ് രാഘവേന്ദ്രന്റെ അനുജനായ മാനവേന്ദ്രൻ കൃഷ്ണപുരത്തെ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാവുന്നതും അവളെ പ്രണയിച്ചു വഞ്ചിക്കുന്നതും. അതോടെ നാട്ടിലാകെ വലിയ പ്രശ്നമായി. പഞ്ചായത്ത് വിളിച്ചു കൂട്ടി. ആ സമയത്തു പഞ്ചായത്തിന്റെ അധ്യക്ഷൻ ദേവനാരായണൻ ആയിരുന്നു . മാനവേന്ദ്രന്റെ ഭാഗത്താണ് തെറ്റെന്നു തെളിഞ്ഞു. തന്റെ സുഹൃത്തിന്റെ അനുജനെ സങ്കടത്തോടെയാണെങ്കിലും ദേവനാരായണന് ശിക്ഷിക്കേണ്ടി വന്നു. അങ്ങനെ മാനവേന്ദ്രൻ ഇനി ഒരിക്കലും കൃഷ്ണപുരത്തു കാലു കുത്താൻ പാടില്ല എന്ന തീരുമാനം വന്നു. അതോടൊപ്പം താൻ വഞ്ചിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കാനും പഞ്ചായത്ത് അയാളോട് പറഞ്ഞു. " അത് കേട്ടപ്പോൾ എനിക്ക് അപ്പോൾ എന്റെയും വിദ്യയുടെയും സന്ദീപേട്ടന്റെയും കാര്യമാണ് ഓർമ വന്നത്. ഇതും അത് പോലെ തന്നെ ഉണ്ടല്ലോ.. " എന്നിട്ടോ മണിയണ്ണാ "

" അതോടെ മാനവേന്ദ്രനും അയാളോടൊപ്പമുള്ള കുറച്ചു ശിവപുരത്തുകാരും ദേവനാരായണന് എതിരായി. എങ്കിലും രാഘവേന്ദ്രനും ദേവനാരായണനും സുഹൃത്തുക്കളായി തന്നെ തുടർന്നു . പക്ഷെ ആ പഞ്ചായത്തിൽ തീരുമാനിച്ച കല്യാണം നടക്കുന്നതിനു മുന്നേ തന്നെ ഒരു അത്യാഹിതം ഉണ്ടായി എല്ലാം തകിടം മറിഞ്ഞു. എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ദേവനാരായനും രാഘവേന്ദ്രനും കൂടി ദൂരെയുള്ള ഒരു അമ്പലത്തിൽ തൊഴാനായി പോകുമായിരുന്നു. ശനിയാഴ്ച രാവിലെ പോയി ഞായറാഴ്ച വൈകിട്ട് തിരികെ വരും. അതായിരുന്നു പതീവ്. അങ്ങനെ ഒരിക്കൽ പോയപ്പോൾ ഉണ്ടായ അപകടത്തിൽ രാഘവേന്ദ്രൻ കൊല്ലപ്പെട്ടു. നിസാരമായ പരിക്കുകളോടെ ദേവനാരായണൻ രക്ഷപെട്ടു. അത് ദേവനാരായണൻ മനഃപൂർവം നടത്തിയ ഒരു അപകടം ആണെന്ന് മാനവേന്ദ്രനും കൂട്ടരും പറഞ്ഞു പരത്തി . എല്ലാവരും ഒന്നും വിശ്വസിച്ചില്ലെങ്കിലും ശിവപുരത്തുള്ള കുറെ ആളുകൾ കൂടി അങ്ങനെ മാനവേന്ദ്രന് ഒപ്പം ആയി.

രാഘവേന്ദ്രന് കുടുംബവും കുട്ടികളും ഒന്നും ഇല്ലാത്തതു കൊണ്ട് അദ്ദേഹത്തിന് ശേഷം കൽപകശ്ശേരിയുടെ അധികാരം മാനവേന്ദ്രന്റെ കൈവശം ആയി. അതോടെ അവന്റെ തനി നിറം മുഴുവനായും പുറത്തു വന്നു. കൃഷ്ണപുരത്തുള്ള ഒരു സാധാരണ പെൺകുട്ടിയെ കല്യാണം കഴിക്കാൻ തനിക്കു മനസ്സില്ല എന്നയാൾ തീർത്തു പറഞ്ഞു. ദേവനാരായണനും പഞ്ചായത്ത് അംഗങ്ങളും ഒരുപാടു പറഞ്ഞു നോക്കിയെങ്കിലും മാനവേന്ദ്രൻ തീരുമാനം മാറ്റിയില്ല. എന്ന് മാത്രമല്ല ആരെയും അറിയിക്കാതെ മറ്റൊരു ഗ്രാമത്തിലേ നല്ലയൊരു തറവാട്ടിൽ നിന്നു നീലാംബരി ദേവി എന്ന പെൺകുട്ടിയെ കല്യാണം കഴിക്കുകയും ചെയ്തു. കുടിലതയുടെയും അധികാരമോഹത്തിന്റെയും കാര്യത്തിൽ മാനവേന്ദ്രനെക്കാട്ടിൽ ഒരു പടി മുകളിൽ നിൽക്കുന്ന ഭാര്യയെ തന്നെയാണ് മാനവേന്ദ്രൻ തനിക്കായി കണ്ടെത്തിയത്. " ഓ..അപ്പോൾ അങ്ങനെയാണ് നീലാംബരി അമ്മ ഇവിടെ എത്തിയിരിക്കുന്നത്. "

അപ്പൊ അയാൾ ചതിച്ച ആ പെൺകുട്ടിയോ? " ഞാൻ ചോദിച്ചു " അപമാനഭാരം താങ്ങാനാവാതെ അവളും അവളുടെ കുടുംബവും ഈ നാട്ടിൽ നിന്നു എങ്ങോട്ടേക്കോ ഓടി പോയി.. പിന്നെ അവരെ പറ്റി ഈ നാട്ടിൽ ആർക്കും ഒരറിവും ഇല്ല " കാളിയമ്മ വിഷമത്തോടെ പറഞ്ഞു. " കല്യാണം നടന്നില്ലെങ്കിലും കൃഷ്ണപുരത്തു കാലു കുത്താൻ പാടില്ല എന്ന നിയമം ഇപ്പോഴും അയാൾക്ക്‌ ബാധകം ആണ്. അതിനു ശേഷം ഒരിക്കലും മാനവേന്ദ്രൻ കൃഷ്ണപുരത്തേക്ക് വന്നിട്ടില്ല. ഒരു വർഷത്തിന് ശേഷം അടുത്ത ആളെ തിരഞ്ഞെടുക്കാൻ സമയം ആയപ്പോൾ പഞ്ചായത്തിന്റെ അധ്യക്ഷൻ സ്ഥാനം ദേവനാരായണൻ ഒഴിഞ്ഞു. അത് വരെയുള്ള നാട്ടുനടപ്പ് വച്ചു അടുത്ത അധ്യക്ഷൻ സ്ഥാനം കല്പകശ്ശേരിയിലെ കാരണവർ ആയ മാനവേന്ദ്രന് അവകാശപ്പെട്ടതായിരുന്നു. എന്നാൽ മാനവേന്ദ്രന്റെ സ്വഭാവം നന്നായി അറിയാവുന്ന ശിവപുരത്തെ പഞ്ചായത്ത് അംഗങ്ങൾ പോലും അയാളെ പിന്തുണയ്ക്കാൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് നടന്നപ്പോൾ ദേവനാരായണന് മാനവേന്ദ്രനെക്കാൾ കൂടുതൽ പിന്തുണ കിട്ടി.

എന്നിട്ടും സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ദേവനാരായണൻ തയ്യാറായിരുന്നു. പക്ഷെ എല്ലാവരും കൂടി അദ്ദേഹത്തോട് തന്നെ ഈ സ്ഥാനത്തു തുടരാൻ അപേക്ഷിച്ചു. മാനവേന്ദ്രന്റെ കയ്യിൽ അധികാരം വന്നാൽ ഈ ഗ്രാമം തന്നെ മുടിക്കുമെന്ന് ഭയന്ന് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ദേവനാരായണൻ തന്നെ അധ്യക്ഷൻ സ്ഥാനത്തേക്ക് വന്നു. മാനവേന്ദ്രൻ കുറെ ബഹളം ഉണ്ടാക്കി നോക്കിയെങ്കിലും അതോടെ കല്പകശ്ശേരിക്കാർ എന്നെന്നേക്കുമായി മാണിക്യമംഗലത്തുകാരുടെ ശത്രുക്കൾ ആയി. പിന്നീടുള്ള എല്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇത് തന്നെ സംഭവിച്ചു. മാനവേന്ദ്രനും ഭാര്യ നീലാംബരിയും എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരിക്കൽ പോലും അവർക്കു അധ്യക്ഷൻ സ്ഥാനത്തേക്ക് വരാൻ സാധിച്ചില്ല. അതിനു വേണ്ടി ഒരുപാടു കള്ളകളികൾ അവർ കളിച്ചു കഴിഞ്ഞു. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു.. " ഞാനും ആ കള്ളകളികളിൽ ഒന്നായിരുന്നു എന്ന് അപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. സൂര്യേട്ടനെ കുറ്റപ്പെടുത്തി വിഷ്ണുവേട്ടനെ പെടുത്താനുള്ള പ്ലാൻ. "

അപ്പോൾ ഈ വിഷ്ണുവേട്ടന്റെ അച്ഛൻ ദേവനാരായണൻ.. അദ്ദേഹത്തിന് എന്ത് പറ്റി? " " മരിച്ചു പോയി.. അദ്ദേഹം മരിക്കുമ്പോൾ വിഷ്ണു കുഞ്ഞിന് 17 വയസ്സേ ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് അദ്ദേഹം മരിച്ചപ്പോൾ എങ്കിലും അധ്യക്ഷൻ സ്ഥാനം തനിക്കു കിട്ടുമെന്ന് മാനവേന്ദ്രൻ വിചാരിച്ചു. എന്നാൽ അവിടെയും അയാൾ തോറ്റു പോയി. ദേവനാരായണന് ശേഷം വിഷ്ണു ദത്തൻ മതി പഞ്ചായത്ത് അധ്യക്ഷനായി എന്ന് എല്ലാവരും കൂടി തീരുമാനിച്ചു പറഞ്ഞു. പിന്നെ പറയണോ പുകില്.. വിഷ്ണു കുഞ്ഞിനോട് അവർക്കു ദേഷ്യം തോന്നാൻ ഇതിലും വലിയ കാരണങ്ങൾ വേണോ? എത്ര പ്രാവശ്യം വിഷ്ണു കുഞ്ഞിന്റെ ജീവൻ എടുക്കാൻ അവർ ശ്രമിച്ചിട്ടുണ്ട് എന്നറിയാമോ? അത് കൊണ്ടാണ് വിഷ്ണു കുഞ്ഞിന്റെ ഒരു നിഴലു പോലെ എപ്പോഴും മഹി കൂടെ നടക്കുന്നത്. മഹിയെ അവർക്കു പേടിയാണ്. അവൻ കൂടെയുള്ളപ്പോൾ വിഷ്ണു കുഞ്ഞിന്റെ രോമത്തിൽ പോലും ആർക്കും തൊടാൻ കഴിയില്ല എന്നവർക്ക് അറിയാം. "

കല്പകശ്ശേരിക്കാർ വിഷ്ണുവേട്ടനെ കൊല്ലാൻ നടക്കുകയാണ് എന്ന കാര്യം ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്. അമ്പലത്തിലെ ഉത്സവത്തിന്റെ ആദ്യ ദിവസം എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. അന്ന് വിഷ്ണുവേട്ടന് നേരെ അപകടം ഉണ്ടായ ദിവസം അതിന്റെ തൊട്ടടുത്തായി കാറിൽ ചാരി ഫോണും പിടിച്ചു നിൽക്കുന്ന നീലാംബരി അമ്മ. കുറച്ചു കഴിഞ്ഞു താൻ ചുറ്റും നോക്കിയപ്പോൾ അവർ അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. ഇനി അന്നും ഇവർ തന്നെ ആയിരിക്കുമോ? ഈശ്വര.. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്? മണിയണ്ണൻ എന്റെ മനസ്സിൽ നടക്കുന്നതൊന്നും അറിയാതെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. " തീരെ ചെറുപ്രായത്തിൽ അധ്യക്ഷൻ സ്ഥാനത്തേക്ക് വന്നത് ആണെങ്കിലും ഞങ്ങളുടെ വിഷ്ണു കുഞ്ഞു തന്റെ അച്ചനോടൊപ്പം തന്നെ അല്ലെങ്കിൽ അച്ഛനെക്കാളും നല്ല രീതിയിൽ ഈ ഗ്രാമത്തിലെ കാര്യങ്ങളെല്ലാം നോക്കി നടത്തി. ഇപ്പോഴും സ്വന്തം ഭാര്യയെയും മകനെയും കാളും ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ആണ് കുഞ്ഞു സ്നേഹിക്കുന്നതെന്നു തോന്നി പോകും. എല്ലാത്തിനും കൂട്ടായി എന്നും മഹിയും ഉണ്ടായിരുന്നു. "

അവരെ രണ്ടാളെയും പറ്റി പറയുമ്പോൾ മണിയണ്ണന്റെ വാത്സല്യവും അഭിമാനവും ആ വാക്കുകളിൽ വ്യക്തം ആയിരുന്നു. " അപ്പോൾ ദേവുവോ? " " വിഷ്ണു കുഞ്ഞിന് പതിമൂന്നു വയസ്സ് ഉള്ളപ്പോഴാണ് ദേവു കുഞ്ഞു ജനിക്കുന്നത്. പ്രസവത്തോടെ അവരുടെ അമ്മ പോയി. പിന്നെ ദേവൂന് നാല് വയസ്സുള്ളപ്പോൾ അച്ഛനും. അതിനു ശേഷം ദേവൂനെ വളർത്തി കൊണ്ട് വന്നത് മുഴുവൻ വിഷ്ണു കുഞ്ഞാണ്. അമ്പാടിയെ പോലെ തന്നെയാണ് വിഷ്ണുന്നു ദേവൂവും. " പിന്നീട് എന്റെ മനസ്സിൽ വന്ന കാര്യം ചോദിക്കണോ വേണ്ടയോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. " അന്ന് ഞാൻ ഈ വീട്ടിലേക്കു വന്ന ദിവസം ദേവു ഇവിടെ വന്നു ബഹളം വച്ചില്ലേ? കാവ്യ എന്നോട് പറഞ്ഞു അവൾക്കു സൂര്യേട്ടനെ ഇഷ്ടം ആയിരുന്നുന്നു.. ". കാളിയമ്മയും മണിയണ്ണനും അന്യോന്യം നോക്കി. എനിക്ക് ഈ കാര്യം അറിയാമെന്നു അവർക്കു അറിയില്ലായിരുന്നു എന്ന് തോന്നുന്നു. " ദേവൂട്ടിക്ക് അങ്ങനെ ഒരു ഇഷ്ടം മഹിയോട് ഉണ്ടായിരുന്നു. പക്ഷെ മഹിക്ക് അവൾ എന്നും അവന്റെ കുഞ്ഞി പെങ്ങൾ തന്നെ ആയിരുന്നു.

ഒരിക്കലും അവനു അവളെ മറ്റൊരു രീതിയിൽ കാണാൻ സാധിക്കില്ലായിരുന്നു. അവനും വിഷ്ണുവും അത് ദേവൂനെ പറഞ്ഞു മനസിലാക്കാൻ കുറെ നോക്കിയതാണ്. പക്ഷെ ഈ പ്രായത്തിൽ ഉള്ള കുട്ടികളുടെ മനസ്സല്ലേ? പോരാത്തതിന് ദേവൂട്ടി നല്ല വാശിയും ഉള്ള കൂട്ടത്തിലാണ്. " സൂര്യേട്ടനെ മറ്റൊരു പെൺകുട്ടി ആഗ്രഹിക്കുന്നു എന്ന തോന്നൽ അന്ന് ആദ്യമായി എന്റെ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കി. അത് കൊണ്ട് പെട്ടെന്ന് തന്നെ ഞാൻ വിഷയം മാറ്റി. " പിന്നെ അന്ന് ഞാൻ പഞ്ചായത്തിൽ വന്നപ്പോൾ നീലാംബരി അമ്.. അല്ല നീലാംബരിയുടെ മകന്റെ എന്തോ കാര്യം അവർ പറയുന്നുണ്ടായിരുന്നല്ലോ? അവനെ സൂര്യേട്ടൻ തല്ലിയെന്നോ മറ്റോ? " ഞാൻ ചോദിച്ചു.. " അതോ.. അവർക്കു ആകെ കൂടെയുള്ളത് ആ ഒരു ചെറുക്കൻ ആണ്. ആ മാനവേന്ദ്രന്റെ സ്വഭാവം തന്നെയാണ് മോളെ ആ ചെക്കനും കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ഉത്സവത്തിന്റെ സമയത്തു ഇവിടെ വന്നു നമ്മുടെ കാവ്യ മോളോട് എന്തൊക്കെയോ വൃത്തികേട് പറയുകയും അവളുടെ കയ്യിൽ കയറി പിടിക്കുകയും മറ്റും ചെയ്തു.

അത് കേട്ടാൽ പിന്നെ മഹിയും കാശിയും ഒക്കെ വെറുതെ ഇരിക്കുമോ? അന്ന് കണക്കിന് അവൻ വാങ്ങി കൂട്ടീന്ന് പറഞ്ഞാൽ മതിയല്ലോ? അതിനു മുന്നേയും അവന്റെ സ്വഭാവത്തെ പറ്റി പരാതികൾ ഉണ്ടായിരുന്നു.എല്ലാം കൂടി കൂട്ടി മേലാൽ അവനെ ഇവിടെ കണ്ടു പോകരുതെന്ന് വിഷ്ണു ഉത്തരവിറക്കി. അതായിരിക്കും അന്ന് പറഞ്ഞത്. ". അത് തന്നെയായിരിക്കും അന്ന് പറഞ്ഞതെന്ന് എനിക്ക് തോന്നി. പിന്നെയും കുറച്ചു നേരം മറ്റെന്തൊക്കെയോ കൂടി സംസാരിച്ചു കൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ മനസ് ആകെ പ്രക്ഷുബ്ദം ആയിരുന്നു. ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. നീലാംബരി അമ്മക്ക് വിഷ്ണുവേട്ടനോടും സൂര്യേട്ടനോടും ഉള്ള ദേഷ്യത്തിന്റെ കാരണം. അവർക്കെതിരെയുള്ള ഒരു ആയുധമായാണ് നീലാംബരി അമ്മ എന്നെ കണ്ടത്. സന്ദീപിന്റെ സ്വഭാവത്തെ പറ്റിയും അവന്റെ ചതിയെ പറ്റിയും ഒക്കെ ഇവർക്ക് നേരത്തെ അറിവുണ്ടായിരുന്നിരിക്കണം.

എന്നെ ചെറിയമ്മയും കൂട്ടരും കൂടെ കൂട്ടാതെ അവിടെ ഉപേക്ഷിച്ചു പോകുന്നത് കണ്ടപ്പോൾ നിരാലംബയായ ഒരു പെണ്ണിന്റെ അവസ്ഥ വച്ചു സൂര്യേട്ടനെ കുടുക്കാമെന്നു അവർ കണക്കു കൂട്ടി കാണും. അതിനായി സന്ദീപേട്ടനെ നല്ലവനാക്കി കാണിച്ചു എന്നെ വിഷ്ണുവേട്ടനെയും സൂര്യേട്ടനും എതിരെ തിരിച്ചു. വിഷ്ണുവേട്ടൻ അറിയാതെയാവും സൂര്യേട്ടൻ വന്നതെന്ന് അവർ ഊഹിച്ചിട്ടുണ്ടാവും. ഞാൻ ഇവിടെ വന്നു എന്റെ അവസ്ഥ എല്ലാം പറയുമ്പോൾ സ്വഭാവികമായും വിഷ്ണുവേട്ടന് സൂര്യേട്ടനെ തള്ളി പറയാതിരിക്കാൻ ആവില്ല. സൂര്യേട്ടൻ വിഷ്ണുവേട്ടന്റെ അടുത്തു നിന്നു മാറി കഴിഞ്ഞാൽ പിന്നെ വിഷ്ണുവേട്ടനെ അപകടപ്പെടുത്താൻ എളുപ്പമായിരിക്കും എന്ന് വിചാരിച്ചിട്ടുണ്ടാവും. പക്ഷെ ആരോടും ഒന്നും ചോദിക്കാതെയും പറയാതെയും സൂര്യേട്ടൻ എന്നെ കല്യാണം കഴിക്കുമെന്ന് അവർ തീരെ പ്രതീക്ഷിച്ചു കാണില്ല.

താൻ ചെയ്ത തെറ്റിന് താനായി തന്നെ സൂര്യേട്ടൻ പ്രായശ്ചിത്തം ചെയ്തപ്പോൾ പിന്നെ അവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. അതായിരിക്കും ഒരു പക്ഷെ പിന്നെയും വിഷ്ണുവേട്ടനെ അപകടപ്പെടുത്താൻ നോക്കിയത്. അതും നടക്കാതെ വന്നപ്പോൾ പിന്നെയും എന്റെ മനസ്സിൽ ഇവരോടുണ്ടായിരുന്ന ദേഷ്യം ആളികത്തിച്ചു സൂര്യേട്ടനെയും വിഷ്ണുവേട്ടനെയും തമ്മിൽ പിരിക്കാനുള്ള വഴിയുമായി എന്റെ അടുത്തു വന്നതാവും ഇന്ന്. പക്ഷെ അതിനു മുന്നേ വിദ്യ വന്നു എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞത് നന്നായി. അല്ലെങ്കിൽ ഒരുപക്ഷെ അവർ പറയുന്നതൊക്കെ വിശ്വസിച്ചു ഞാൻ.. അതാലോചിച്ചപ്പോൾ തന്നെ എനിക്ക് വല്ലായ്മ തോന്നി. ഇനിയിപ്പോൾ എന്താണ് ചെയ്യുക? എല്ലാ കാര്യങ്ങളും സൂര്യേട്ടനോട് പറഞ്ഞാലോ? സൂര്യേട്ടൻ എന്തായാലും അവരുടെ അടുത്തു പോയി വഴക്കുണ്ടാക്കും. പിന്നെ അത് എന്തെന്കിലും പ്രശ്നം ആവാനും സാധ്യത ഉണ്ട്.

പക്ഷെ ഉത്സവത്തിന്റെ സമയത്തു വിഷ്ണുവേട്ടന്റെ ജീവന് വരെ ആപത്തുണ്ടായതു ആരോടും പറയാതിരിക്കുന്നതും ശരിയല്ല എന്നെനിക്കു തോന്നി. അവർ ഇതറിഞ്ഞാലേ ഒന്ന് കൂടി ശ്രദ്ധിക്കൂ. കുറെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി പോയി. എന്നാലും നീലാംബരി അമ്മ വെറുതെ ഇരിക്കാൻ പോകുന്നില്ല എന്ന തോന്നൽ എന്റെ ഉള്ളിന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. പിറ്റേ ദിവസം ഞായർ ആയിരുന്നു. അത് കൊണ്ട് എനിക്ക് കമ്പനിയിൽ പോകണ്ടായിരുന്നു. രാവിലെ തന്നെ ഞാൻ ചാമുണ്ഡേശ്വരിയുടെ മുന്നിൽ ചെന്നു നിന്നു. കാളിയമ്മയെയും മണിയണ്ണനെയും ആ നാടും ഒക്കെ പോലെ ചാമുണ്ടെശ്വരിയും എനിക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞിരുന്നു. അവിടെ സന്ദീപിന്റെ ചതിയിൽ നിന്നു രക്ഷപ്പെടുത്തിയതിനു നന്ദി പറഞ്ഞു.. പിന്നെ ഈ നാട്ടിൽ ഇത് പോലൊരു വീടും വീട്ടുകാരെയും ഒക്കെ തന്നതിനും.ഇന്നലെ രാത്രിയിൽ മനസ്സിൽ തോന്നിയ ചില തീരുമാനങ്ങൾ ദേവിയോട് പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ഒരു മനസുഖം ഒക്കെ തോന്നി.തൊഴുതു ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ രുദ്രാക്ഷമരത്തിലേക്കു പോയി.

രുദ്രാക്ഷമര ചുവട്ടിൽ അന്നും അവരുണ്ടായിരുന്നു. ഞാൻ മരത്തിനടുത്തേക്ക് നടന്നു. അവർക്കടുത്തു ചെന്നപ്പോൾ എന്നെ നോക്കി വാത്സല്യത്തോടെ അവർ പുഞ്ചിരിച്ചു. ഈ ചിരി എനിക്ക് പരിചിതമാണ്, എനിക്ക് ഇത് കണ്ടു നല്ല പരിചയമുണ്ട് എന്നൊക്കെ മനസ്സ് പറഞ്ഞെങ്കിലും എവിടെയാണ് ആ പരിചയം എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലേക്ക് വന്നതേ ഇല്ല. തിരികെ നടക്കുമ്പോഴും അത് തന്നെയായിരുന്നു മനസ്സിൽ. എന്ത് കൊണ്ടാണ് എനിക്ക് അവരോടു ഇത്രയും പരിചയം തോന്നുന്നത്. ഇവർ ആരായിരിക്കും? കഴിഞ്ഞ ദിവസം കാളിയമ്മയോടു ചോദിക്കണം എന്ന് കരുതിയതാണ്.. പക്ഷെ മറന്നു പോയി. ആരുമില്ലാതെ ഭിക്ഷാടനത്തിന് വന്നു ഇരിക്കുന്നതായിരിക്കുമോ? പക്ഷെ ഇതുവരെ വരെ അവർ ആരോടും ഭിക്ഷ യാചിക്കുന്നതോ ആരെങ്കിലും അവർക്കു എന്തെങ്കിലും കൊടുക്കുന്നതോ കണ്ടിട്ടില്ല. പിന്നെ ഇനി ഇവർ വല്ലോ സ്വാമിനിയും ആയിരിക്കുമോ? കാളിയമ്മയോടു എന്തായാലും ഇവരെ പറ്റി അന്വേഷിക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ നടന്നു.

അധികം വലുതല്ലാത്ത എന്നാൽ നല്ല ഭംഗിയുള്ള ഒരു ഒരുനില വീടിനു മുന്നിൽ ഞാൻ നിന്നു. കാശിയേട്ടന്റെയും കാവ്യയുടെയും വീട്. സൂര്യേട്ടൻ ഇപ്പോൾ താമസിക്കുന്ന വീട്. അതോർത്തപ്പോൾ തന്നെ എന്റെ നെഞ്ചിൽ ഒരു കുളിരും പരിഭ്രമവും ഒക്കെ അനുഭവപെട്ടു. കാവ്യയുമായി ഇത്രയും അടുപ്പം ഉണ്ടെങ്കിലും ഒരിക്കലും ഞാൻ അവളുടെ വീട്ടിൽ പോയിട്ടില്ല.അവൾ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും സൂര്യേട്ടൻ ഉള്ളത് കാരണം ഞാൻ അതിനു മുതിർന്നിട്ടില്ല. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഞാൻ കയ്യിലുള്ള കവറുകൾ മുറുക്കെ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു കാത്തു നിന്നു. കുറച്ചു സമയത്തിന് ശേഷം അവളുടെ അമ്മ വന്നു വാതിൽ തുറന്നു. എന്നെ കണ്ടതും അമ്മയുടെ മുഖത്ത് ആശ്ചര്യവും സന്തോഷവും വിടരുന്നത് ഞാൻ കണ്ടു. " അയ്യോ.. ഇതാരാ പാറുവോ.. ഇതെന്താ മോളെ രാവിലെ തന്നെ ആരോടും പറയാതെ?

മോൾ അകത്തേക്ക് വാ.. കാവ്യെ.. ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ? " ഞാൻ അകത്തേക്ക് കയറിയപ്പോഴേക്കും കാവ്യ അമ്മയുടെ വിളി കേട്ടു പുറത്തേക്ക് വന്നു . എന്നെ കണ്ടതും അവളും അത്ഭുദപെട്ടെങ്കിലും ഓടി വന്നു കെട്ടിപിടിച്ചു. " ചേച്ചി.. എന്താ പറയാതെ വന്നതു? " " ഇത് തരാൻ... " ഞാൻ എന്റെ കയ്യിൽ നിന്നു ഒരു കവർ അവൾക്കും ഒന്ന് അമ്മയ്ക്കും കൊടുത്തു. അത് തുറന്നു നോക്കി കാളിയമ്മയെ പോലെ അതൊക്കെ വാങ്ങിയതിനു അമ്മ വഴക്ക് പറഞ്ഞെങ്കിലും അവർക്കും സന്തോഷമായിരുന്നു എന്ന് എനിക്ക് മനസിലായി. " നിന്റെ ചേട്ടന്മാർ എവിടെ? കാണാനില്ലലോ? " ഞാൻ കാവ്യയോട് ചോദിച്ചു.. " ചേട്ടന്മാരെ രണ്ടു പേരെയും കാണണോ? ....അതോ ഒരു ചേട്ടനെ മാത്രം കണ്ടാൽ മതിയോ ? " കാവ്യ എന്നെ കാളിയക്കി പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. " കാവ്യെ? " അമ്മ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ദേഷ്യപ്പെട്ടപ്പോൾ അവൾ വായടച്ചു . " അവന്മാർ മുറിയിലുണ്ട് മോളെ.. ഉറക്കം ആണ്..

ഇന്ന് ഞായർ അല്ലേ? എഴുനേറ്റു വരുമ്പോൾ ഒരു സമയം ആവും.. മോൾ വല്ലതും കഴിച്ചതാണോ? " " ഇല്ല അമ്മേ.. ഞാൻ അമ്പലത്തിൽ പോയി വന്നതാണ്.. " " എന്നാൽ കഴിച്ചിട്ട് പോയാൽ മതി. ഞാൻ എന്തെങ്കിലും ഉണ്ടാക്കാം.. അപ്പോഴേക്കും അവന്മാരും എഴുനേറ്റു വരും.. " ഞാനും കാവ്യയും അമ്മയും കൂടെ ഇഡലിയും സാമ്പാറും ഉണ്ടാക്കി. എല്ലാം റെഡി ആയി കഴിഞ്ഞപ്പോഴും അവർ ഉറക്കം തന്നെ ആയിരുന്നു. അമ്മ കാവ്യയോട് അവരെ പോയി വിളിക്കാൻ പറഞ്ഞു. അവൾ പോകാൻ തുടങ്ങിയപ്പോൾ പെട്ടെന്നുള്ള തോന്നലിൽ ഞാൻ പോയി വിളിച്ചോളാം എന്ന് പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് എന്റെ പിറകിൽ വന്നു മാറി നിന്നു.. ഞാൻ ചെന്നു വാതിലിൽ പതിയെ മുട്ടാൻ തുടങ്ങി " ഇങ്ങനെയൊന്നും മുട്ടിയിട്ടു കാര്യമില്ല. നല്ല ശക്തിയിൽ ഇടിക്കു.. " അവൾ പറഞ്ഞപ്പോൾ ഞാൻ കുറച്ചു ശക്തിയായി ഇടിക്കാൻ തുടങ്ങി. ആദ്യമൊന്നും പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും പിന്നീട് എന്റെ മുട്ട് തുടർന്നപ്പോൾ അകത്തു നിന്നെന്തൊക്കെയോ ഒച്ച ഒക്കെ കേൾക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.ഷർട്ട്‌ ഇടാതെ ലുങ്കി മാത്രം ഉടുത്തു കണ്ണും തിരുമ്മി കൊണ്ട് മുന്നിൽ കാശിയേട്ടൻ " എന്തോന്നാടി രാവിലേ തന്നെ തട്ടും മുട്ടുമൊക്കെ? ഞായറാഴ്ചയായിട്ടു മനുഷ്യനെ ഒന്ന് സമാധാനമായിട്ട് ഉറങ്ങാനും.. " അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് മുന്നിലുള്ളത് കാവ്യ അല്ല ഞാൻ ആണെന്ന് പുള്ളി കാണുന്നത്. ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തനായതും കാശിയേട്ടൻ വാതിനുലിനു പിറകിലേക്ക് കുറച്ചു മാറി നിന്നു.. " നീയോ.. നീയെന്താ ഇവിടെ? " " ഞാൻ വെറുതെ വീട് കാണാൻ വന്നതാ.പിന്നെ അമ്മ കഴിക്കാൻ വരാൻ പറഞ്ഞു.. രണ്ടാളോടും " ഞാൻ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. " വന്നേക്കാം.. നീ പൊക്കോ." അകത്തേക്ക് ഒന്ന് കൂടി കണ്ണോടിച്ചതിന് ശേഷം ഞാൻ ഹാളിലേക്ക് പോയി. വാതിൽ അടച്ചു കുറ്റിയിട്ടു കാശി കട്ടിലിലേക്ക് നോക്കി. പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുകയാണ് മഹി. ഫ്രഷ് ആവാനായി ബാത്റൂമിലേക്കു പോകുന്ന വഴി അവൻ മഹിയെ രണ്ടു തവണ ശക്തിയായി കുലുക്കി.. " ഡാ.. പോത്തേ.. എണീക്കേടാ.. "

കാശി പല്ലുതേപ്പും കുളിയും കഴിഞ്ഞു വന്നപ്പോഴും അവൻ അതേ കിടപ്പു തന്നെയാണെന്ന് കണ്ടതും പിന്നെ ഒന്നും നോക്കിയില്ല. അവന്റെ നടുവ് നോക്കി നല്ല ഒരു ചവിട്ടു വച്ചു കൊടുത്തു. " അമ്മേ.. " എന്ന് അലറിവിളിച്ചു കൊണ്ട് മഹി ചാടി എഴുനേറ്റു കട്ടിലിൽ ഇരുന്നു . " എന്താടാ പട്ടി? രാവിലെ തന്നെ മനുഷ്യനെ കൊല്ലാൻ ഇറങ്ങിയിരിക്കയാണോ നീ.. ഉറങ്ങാനും സമ്മതിക്കില്ല.. ? " " രാവിലെ തന്നെ ഉറങ്ങാൻ സമ്മതിക്കാതെ ഇറങ്ങിയിരിക്കുന്നത് ഞാനല്ല നിന്റെ കെട്ടിയോളാ.. ദേണ്ടെ അവിടെ പുറത്തു വന്നിരുപ്പുണ്ട്.. ഭകഷണം കഴിക്കാൻ നിന്നെയും കാത്തു... " " ങേ.. പാറുവോ? " " അതല്ലാതെ വേറെ കെട്ടിയവൾ ഉണ്ടോ നിനക്ക്? വേഗം പോയി പല്ല് തേച്ചു കുളിച്ചിട്ടു വാ.. " അതും പറഞ്ഞു കാശി ഷർട്ടിന്റെ കയ്യും മടക്കികൊണ്ട് പുറത്തേക്ക് പോയി. മഹി മനസ്സിൽ തികട്ടി വന്ന സന്തോഷത്തോടെ ബാത്‌റൂമിലേക്കും. കാശ്യേട്ടനോടും കാവ്യയോടും ഹാളിലിരുന്നു കത്തി വച്ചു കൊണ്ടിരുന്നപ്പോഴാണ് സൂര്യേട്ടൻ കുളിച്ചു വന്നത്. എന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു ജാള്യത തോന്നി എനിക്ക്.

എന്നാലും അത് മറച്ചു വച്ചു ആ മുഖത്തേക്ക് നോക്കി ചിരിച്ചപ്പോൾ എനിക്കും തിരിച്ചു കിട്ടി ഒരു നിറഞ്ഞ പുഞ്ചിരി. സൂര്യേട്ടനും കൂടി വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കാവ്യ എന്നെ നിർബന്ധിച്ചു സൂര്യേട്ടന്റെ അടുത്തു തന്നെ പിടിച്ചിരുത്തി. അങ്ങനെ കല്യാണം കഴിഞ്ഞു ഏകദേശം നാല് മാസങ്ങൾക്കിപ്പുറം ഞാൻ ആദ്യമായി എന്റെ ഭർത്താവിനോടൊപ്പം ഇരുന്നു ഒരു ഭക്ഷണം കഴിച്ചു . ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ഒരു കാൾ വന്നപ്പോൾ അതും എടുത്തു കൊണ്ട് സൂര്യേട്ടൻ മുറിയിലേക്ക് പോയി. ഞങ്ങൾ വീണ്ടും ഹാളിൽ തന്നെ ഇരുന്നു. " ദേ ഇത് കണ്ടോ.. ചേച്ചി ശമ്പളം കിട്ടിയപ്പോൾ എനിക്കും അമ്മയ്ക്കും വാങ്ങി തന്നതാ.. " ഞാൻ കൊടുത്ത ഡ്രെസ്സുകൾ കാശിയേട്ടനെ കാണിച്ചു കൊണ്ട് കാവ്യ പറഞ്ഞു. " ങേ.. അതെന്താ അവര്ക്ക് മാത്രം? അപ്പൊ ഞങ്ങൾക്ക് ഒന്നുമില്ലേ? " " ഉണ്ട്.. " ഞാൻ ബാക്കി ഉള്ള രണ്ടു കവറിൽ നിന്നു ഒരെണ്ണം കാശിയേട്ടന്റെ കയ്യിലേക്ക് കൊടുത്തു. ഏട്ടൻ ഞാൻ കൊടുത്ത ഷർട്ട് എടുത്തു നോക്കി നന്നായിട്ടുണ്ടെന്നു പറഞ്ഞു.

" പിന്നെ ഇത്...അവിടെ.. " എന്ന് പറഞ്ഞു സൂര്യേട്ടൻ പോയ മുറിയിലേക്ക് നോക്കികൊണ്ട്‌ ലാസ്റ്റ് കവർ ഞാൻ കാശിയേട്ടന്റെ നേരെ തന്നെ നീട്ടി.. " അവൻ മുറിയിലുണ്ട്.. നീ തന്നെ നേരിട്ടു പോയി കൊടുത്തോ.. " കാശിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ കവറുമായി മുറിയിലേക്ക് ചെന്നു. സൂര്യേട്ടൻ അപ്പോളും ഫോണിൽ തന്നെ ആയിരുന്നു. എന്തൊക്കെയോ പറമ്പിന്റെയോ വെള്ളത്തിന്റെയോ ഒക്കെ കാര്യമാണ് പറയുന്നത്. എന്നെ മുറിയിൽ കണ്ടപ്പോൾ കണ്ണുകൾ വിടർത്തി ഒന്ന് നോക്കി. എന്നിട്ട് കട്ടിലിലേക്ക് ഇരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. ഞാൻ ബെഡിലേക്കിരുന്നു. അത്യാവശ്യം വലുപ്പം ഉള്ള ഒരു മുറി ആയിരുന്നു അത്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ മനസിലായി ബാച്‌ലർ പയ്യന്മാരുടെ ടിപ്പിക്കൽ ബെഡ്‌റൂം ആയിരുന്നു അത്. എല്ലാം വാരി വലിച്ചു അവിടെയും ഇവിടെയും ഇട്ടിരിക്കുന്നു. അമ്മയോ കാവ്യായോ ആണെന്ന് തോന്നുന്നു നിലമൊക്കെ തുടച്ചു വൃത്തിയായി കിടപ്പുണ്ട്. ഭിത്തിയിലൊക്കെ ഏതൊക്കമേയോ സിനിമ നടന്മാരുടെയും ക്രിക്കറ്റ്‌ കളിക്കാരുടെയും ഒക്കെ പടം ഒട്ടിച്ചിട്ടുണ്ട്.

കാശിയേട്ടന്റെ പണ്ടത്തെ പണി ആവും. മുറിക്കു അറ്റാച്ഡ് ആയി ഒരു ബാത്രൂം കൂടി ഉണ്ട്. റൂം ഒക്കെ കണ്ടു കഴിഞ്ഞു സൂര്യേട്ടനെ നോക്കിയപ്പോൾ ആള് ഫോൺ വിളി ഒക്കെ കഴിഞ്ഞു കയ്യും കെട്ടി എന്നെയും നോക്കി ജനലിൽ ചാരി നിൽക്കുകയാണ്. ആ നോട്ടത്തിന്റെ തീക്ഷണത അറിഞ്ഞപ്പോൾ അനുവാദമില്ലാതെ എന്റെ കവിളിലേക്ക് ചുവപ്പ് രാശികൾ പടർന്നു കയറി. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. ഇനിയും ഇങ്ങേരുടെ കൂടെ ഇങ്ങനെ ഒരു മുറിയിൽ ഒറ്റക്കിരുന്നാൽ ശരിയാവില്ല എന്ന് മനസിലായത് കൊണ്ട് ഞാൻ പെട്ടെന്നു എന്റെ കയ്യിലിരുന്ന കവർ അങ്ങേർക്കു നേരെ നീട്ടി. " എന്താ ഇത്? " അതിലേക്കു നോക്കി സംശയത്തോടെ എന്നോട് ചോദിച്ചു.. " അത് ഇന്നലെ എനിക്ക് ശമ്പളം കിട്ടിയപ്പോൾ വാങ്ങിയതാ.. " " എനിക്കോ? " " അല്ല.. അപ്പുറത്തെ വീട്ടിലെ ദിവാകരൻ ചേട്ടന്.. " ഞാൻ പിറുപിറുത്തു .. " എന്താ പറഞ്ഞെ? " " ഒന്നുല്ല.. അത് ഇയാൾക്ക് വാങ്ങിയതാണെന്ന് പറഞ്ഞതാ.. " " ഇയാളോ.. കഴിഞ്ഞ ദിവസം നീ എന്നെ വേറെ എന്തോ വിളിക്കാം എന്നല്ലേ പറഞ്ഞത്?

" ഓ .. അതൊക്കെ ഓർത്തു വച്ചിരിക്കുകയാണല്ലേ? മനസ്സിൽ ഇപ്പോൾ അങ്ങനെയാണ് വിളിക്കുന്നതെങ്കിലും നേരിട്ടു മുഖത്ത് നോക്കി വിളിക്കാൻ ഒരു മടി. " ഇന്നാ.. ഇത് വാങ്ങിക്കു.. എനിക്ക് പോണം.. കാളിയമ്മ അന്വേഷിക്കുന്നുണ്ടാവും.. " ഞാൻ കവർ നീട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അങ്ങേരു പതിയെ എന്റടുത്തേക്ക് വന്നു കയ്യിൽ നിന്നു കവർ വാങ്ങി. വാങ്ങുമ്പോൾ ആ വിരലുകൾ മെല്ലെ എന്റെ വിരലുകൾ സ്പർശിച്ചത് അറിയാതെയാണോ എന്ന് എനിക്ക് സംശയം തോന്നി. കവർ തുറന്നു ഞാൻ വാങ്ങിയ ചുവപ്പും കറുപ്പും നിറത്തിലുള്ള കുർത്ത എടുത്തു നോക്കി. മുഖത്തെ ഭാവം അറിയാനായി ഞാൻ ആ കണ്ണുകളിലേക്കു സാകൂതം നോക്കിയെങ്കിലും ഒരു ഭാവവും കാണാൻ ഇല്ലായിരുന്നു. " എങ്ങനുണ്ട്? "

" ആ കൊള്ളാം തരക്കേടില്ല... നീ എന്തിനാ ഇതൊക്കെ വാങ്ങി വെറുതെ പൈസ കളഞ്ഞത്? " എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. കാര്യമായിട്ട് വാങ്ങി കൊണ്ട് കൊടുത്തപ്പോൾ എന്താ ജാഡ. തരക്കേടില്ല പോലും. പിന്നെ ഒരു ഉപദേശവും. " വേണ്ടെങ്കിൽ ഇങ്ങു തന്നേക്കു..അത്രയ്ക്ക് കഷ്ടപ്പെട്ട് ആരും ഇടേണ്ട.. ഞാൻ കാശിയേട്ടന് കൊടുത്തോളാം..അല്ലെങ്കിൽ കളഞ്ഞേക്കാം " ഞാൻ അങ്ങേരുടെ കയ്യിലിരുന്ന കുർത്തയിൽ പിടിച്ചു വലിക്കാൻ നോക്കി. അടുത്ത നിമിഷ സൂര്യേട്ടൻ ശക്തിയായി ആ കുർത്തയുടെ അറ്റത്തു പിടിച്ചു വലിച്ചതും ഞാൻ ആ നെഞ്ചിലേക്ക് ചെന്നു വീണു....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story