സൂര്യപാർവണം: ഭാഗം 14

surya parvanam

രചന: നിള നിരഞ്ജൻ

വേണ്ടെങ്കിൽ ഇങ്ങു തന്നേക്കു..അത്രയ്ക്ക് കഷ്ടപ്പെട്ട് ആരും ഇടേണ്ട.. ഞാൻ കാശിയേട്ടന് കൊടുത്തോളാം..അല്ലെങ്കിൽ കളഞ്ഞേക്കാം " ഞാൻ അങ്ങേരുടെ കയ്യിലിരുന്ന കുർത്തയിൽ പിടിച്ചു വലിക്കാൻ നോക്കി. അടുത്ത നിമിഷ സൂര്യേട്ടൻ ശക്തിയായി ആ കുർത്തയുടെ അറ്റത്തു പിടിച്ചു വലിച്ചതും ഞാൻ ആ നെഞ്ചിലേക്ക് ചെന്നു വീണു.സൂര്യേട്ടൻ രണ്ടു കൈകളും കൊണ്ട് എന്നെ മാറി പോകാൻ പറ്റാതെ ചേർത്തു പിടിച്ചു.പെട്ടെന്നുള്ള പ്രവർത്തിയിൽ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഞാൻ ആ പിടിയിൽ നിന്നു കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.. എന്നാൽ സൂര്യേട്ടൻ എന്നെ ഒന്ന് കൂടി ചേർത്തു പിടിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. " എന്നെ വിട്.. " " ഇല്ല.. " " വിട്.. എനിക്ക് പോണം.. " ഇത്തവണ ഞാൻ ആ മുഖത്തേക്ക് നോക്കി. വിടില്ല എന്ന ഭാവത്തിൽ കുസൃതി ചിരിയോടെ എന്നെ തലയാട്ടി കാണിച്ചു. " എന്താ നിങ്ങളീ കാണിക്കുന്നത്.. ആരെങ്കിലും കാണും. എനിക്ക് പോണം. എന്നെ വിട്ടേ.. " ഇത്തവണ ഞാൻ എന്റെ ശബ്ദത്തിൽ കുറച്ചു. ദേഷ്യം വരുത്തി. " വിടാം..പക്ഷെ എന്നെ ഒരു തവണ സൂര്യേട്ടന്ന് വിളിക്കണം" ഇത്തവണ ഞാൻ ഇല്ലായെന്ന ഭാവത്തിൽ തലയാട്ടി. ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

" എങ്കിൽ നമുക്ക് ഇങ്ങനെ തന്നെ നിൽക്കാം.എത്ര നേരം വേണമെങ്കിലും ഇങ്ങനെ നിൽക്കാൻ എനിക്ക് ഒരു മടിയുമില്ല..എന്ന് മാത്രവുമല്ല ഇങ്ങനെ നിൽക്കാൻ എനിക്ക് ഒരുപാട് ഇഷ്ടവുമാണ്.. " അതുറപ്പിക്കാൻ എന്ന പോലെ സൂര്യേട്ടൻ എന്നെ വീണ്ടും ചേർത്തു പിടിച്ചു. ആ ഉറപ്പുള്ള ശരീരത്തോട് ചേർന്ന് നിൽക്കുമ്പോൾ എന്നിലും ഇത് വരെ അറിയാത്ത എന്തൊക്കെയോ വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു. അധിക നേരം ആ നിൽപ്പ് തുടർന്നാൽ പലതും കൈ വിട്ടു പോകും എന്നെനിക്കു ബോധ്യമായി. അങ്ങേരോട് തർക്കിച്ചിട്ടു കാര്യമില്ലായെന്നു എനിക്ക് അറിയാമായിരുന്നു. ഇവിടുന്നു പോണമെങ്കിൽ അങ്ങേരു പറഞ്ഞത് പോലെ ചെയ്തേ മതിയാവൂ.. " സൂര്യേട്ടാ.. " വളരെ പതിയെ ഞാൻ വിളിച്ചു. " എന്തോ ഞാൻ കേട്ടില്ല.. ഇത്രയും പതിയെ വിളിച്ചാൽ എങ്ങനെ കേൾക്കാനാണ്.. കുറച്ചു ഉറക്കെ വിളിക്കെടി..." അങ്ങേരു പറഞ്ഞപ്പോൾ ഞാൻ മുഖം വീർപ്പിച്ചു. എന്നാലും ആവശ്യം എന്റെ ആയി പോയില്ലേ? " സൂര്യേട്ടാ.. " ഞാൻ കുറച്ചു ഉറക്കെ വിളിച്ചു.. ആ ചുണ്ടത്തെ പുഞ്ചിരിക്കു തിളക്കം കൂടി. സൂര്യേട്ടൻ മുഖം കുനിച്ചു എന്റെ മുഖത്തേക്ക് അടുപ്പിച്ചു. ഒരു നിമിഷം ശ്വാസം പോലും വിടാൻ മറന്നു കൊണ്ട് കണ്ണ് വിടർത്തി ഞാൻ ആ കൈക്കുള്ളിൽ നിന്നു. ഏട്ടൻ ഏട്ടന്റെ മൂക്കിന്റെ അറ്റം കൊണ്ട് എന്റെ മൂക്കിൽ മെല്ലെ ഉരസി.. " എന്താടി പാറുക്കുട്ടി.. " ഒരു വിറയൽ എന്നെ പൊതിഞ്ഞിരുന്നു. സംസാരിക്കുമ്പോൾ ശബ്ദത്തിൽ ആ വിറയൽ അറിയില്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

" ഒന്നുല്ല.. ഞാൻ വിളിച്ചില്ലേ. ഇനി എന്നെ വിട്ടേ." സൂര്യേട്ടൻ എന്റെ ചുറ്റിയിരുന്ന കൈകൾ അയച്ചു. എന്നാലും മുഴുവനായും വിട്ടില്ല. ഞാൻ ചോദ്യഭാവത്തിൽ നോക്കി.. " ഞാൻ വിട്ടാൽ ഉടനെ ഓടി പോവാൻ നിൽക്കണ്ട.. ഞാൻ പുറത്തേക്ക് പോവുന്നുണ്ട്.. പോകുന്ന വഴിക്കു വീട്ടിലേക്കു ആക്കി തരാം.. " ഏതോ മായികലോകത്തിൽ എന്ന പോലെ ഞാൻ തലയാട്ടി. സൂര്യേട്ടൻ തന്റെ പഴ്സും വണ്ടിയുടെ കീയും എടുത്തു ഞങ്ങൾ ഒരുമിച്ചു മുറിക്കു പുറത്തിറങ്ങി. ഞങ്ങളെ കണ്ടപ്പോഴേ കാശിയേട്ടനും കാവ്യയും കൂടി ആക്കി ചിരിക്കാൻ തുടങ്ങി. " അമ്മേ.. എനിക്ക് ഒന്ന് പറമ്പിൽ പോകണം. അവിടെ വെള്ളത്തിനു എന്തോ ചെറിയ പ്രോബ്ലം. പോകുന്ന വഴിക്കു ഇവളെ വീട്ടിൽ ഇറക്കിയേക്കാം " സൂര്യേട്ടൻ അവരെ വക വയ്ക്കാതെ അമ്മയോട് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. ഞാനും അവരോടെല്ലാം യാത്ര പറഞ്ഞു പിറകെ ഇറങ്ങി. " നിനക്ക് ഇപ്പോൾ വീട്ടിലേക്കു പോയിട്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? " ജീപ്പിൽ ഇരിക്കുമ്പോൾ സൂര്യേട്ടൻ എന്നോട് ചോദിച്ചു. ഞാൻ കണ്ണ് മിഴിഞ്ഞു സൂര്യേട്ടനെ നോക്കി. " ഇല്ല.. അത്യാവശ്യം ഒന്നുമില്ല.എന്തിനാ? " " നിനക്ക് വിരോധം ഇല്ലെങ്കിൽ നമുക്ക് ഒരു സ്ഥലം വരെ പോകാം. വൈകിട്ട് ആവുമ്പോഴേക്കും തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടേക്കാം.. "

ഞാൻ എന്ത് പറയണം എന്നാലോചിച്ചു അങ്ങനെ ഇരുന്നു. ഒറ്റയ്ക്ക് എങ്ങോട്ടെന്നറിയാതെ ഇയാളോടൊപ്പം പോകാനും മാത്രം ഞാൻ ഇയാളെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്നാണ് എന്റെ മനസ്സ് പറയുന്ന ഉത്തരം എന്ന് മനസിലായപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി. സൂര്യേട്ടനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനും കൂടുതൽ മനസിലാക്കാനും ഞാനും ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി. " പോകാം.. നമ്മൾ എങ്ങോട്ടാണ് പോകുന്നത്? " ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പോകുന്ന വഴിക്കു ഞാൻ സൂര്യേട്ടന്റെ കൂടെ ആണെന്നും വീട്ടിലെത്താൻ കുറച്ചു നേരം കൂടി കഴിയുമെന്നും സൂര്യേട്ടൻ തന്നെ കാളിയമ്മയെ വിളിച്ചു അറിയിച്ചു. എങ്ങോട്ടാക്കേക്കാണ് ഞങ്ങൾ പോകുന്നതെന്നുള്ള ആകാംഷ അടക്കി പിടിച്ചു ഞാൻ ഇരുന്നു . പതിനഞ്ചു മിനിറ്റത്തെ യാത്രക്ക് ശേഷം ഞങ്ങൾ മെയിൻ റോഡിൽ നിന്നു ഒരു ടാറിടാത്ത ഇടവഴിയിലേക്ക് കയറി. അത് ഏതോ ഒരു സ്ഥലത്തേക്കോ കെട്ടിടത്തിലേക്കോ പോകാനായി ഉണ്ടാക്കിയ ഒരു വഴി പോലെയാണ് എനിക്ക് തോന്നിയത്. കുറച്ചു ദൂരം അതിലൂടെ സഞ്ചരിച്ചു ഒരു ഗേറ്റിനു മുന്നിൽ ജീപ്പ് നിർത്തി. എന്നോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട് സൂര്യേട്ടൻ പോയി ഗേറ്റ് തുറന്നിട്ട്‌ വീണ്ടും വണ്ടി എടുത്തു . ആ ചെമ്മൺ പാത ഉള്ളിലേക്കും നീണ്ടിരുന്നു. വഴിക്കു ചുറ്റും വലിയ വലിയ മരങ്ങൾ മാത്രം.. മരങ്ങൾക്കിടയിലൂടെയുള്ള ആ പാത ചെന്നു അവസാനിച്ചത് ഒരു ചെറിയ ഓടിട്ട വീടിനു മുന്നിലാണ്.

ചുറ്റും അത്ഭുദത്തോടെ നോക്കികൊണ്ട്‌ ഞാൻ പുറത്തേക്കിറങ്ങി. പല തരത്തിലുള്ള മരങ്ങളാൽ സമ്പുഷ്ടമായ ഒരു സ്ഥലം. മരങ്ങൾ എന്ന് പറയുമ്പോൾ കായ്ഫലങ്ങൾ തരുന്നത് മാത്രമല്ല. പല തരത്തിലും നിരത്തിലും ഉള്ള പൂമരങ്ങളും അതിൽ സ്ഥാനം പിടിച്ചിരുന്നു. അതിനു ഏകദേശം നടുക്കായി കുറച്ചു സ്ഥലം തെളിച്ചെടുത്തു അവിടെയാണ് ആ ചെറിയ വീട് ഉണ്ടാക്കിയിരിക്കുന്നത്. റോഡിൽ നിന്നൊക്കെ മാറി വളരെ ശാന്തമായ ആ അന്തരീക്ഷത്തിന് ചുറ്റുമുള്ള മരങ്ങൾ ചെറു കാറ്റും തണലും കൊണ്ട് സുഖശീതളിമ ഒരുക്കി.മരത്തിൽ കൂടു കൂട്ടാനും ഫലങ്ങൾ ഭക്ഷിക്കാനും വരുന്ന കിളികളുടെ നാദം ഒരു പാട്ട് പോലെ ചെവിയിൽ കേട്ടു കൊണ്ടേ ഇരുന്നു. വളരെ ശ്രദ്ധിച്ചു നിന്നപ്പോൾ ഇതിനിടക്കും എവിടുന്നോ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നി. ഞങ്ങളുടെ അടുത്തായി നിൽക്കുന്ന വാക മരം ഓരോ ഇളം കാറ്റിനും ഒപ്പം ഞങ്ങളുടെ മേലെ ചെറിയ ചെറിയ വാകപ്പൂക്കൾ ചൊരിഞ്ഞു കൊണ്ടിരുന്നു. " ഇഷ്ടപ്പെട്ടോ? " ഞാൻ കൗതുകത്തോടെ ചുറ്റും നോക്കുന്നത് കണ്ടു സൂര്യേട്ടൻ ചോദിച്ചു.. " ആ.. പിന്നെ.. ഇതേതാ സ്ഥലം? " " ഇത് നമ്മുടെ സ്ഥലമാണ്.. " " നമ്മുടെ സ്ഥലമോ? " "അതേ.. ഞാൻ വാങ്ങിയ സ്ഥലം.. നമ്മുടെ സ്ഥലം.. " ഞാൻ അത്ഭുദത്തോടെ സൂര്യേട്ടനെ നോക്കി. സൂര്യേട്ടന് സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്നു പറയുന്നത് പോലും എനിക്ക് അതിശയം ആയിരുന്നു.

ഇത് പോലെ വേറെയും സ്ഥലങ്ങൾ ഏട്ടനുണ്ടെന്നത് എനിക്ക് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലായിരുന്നു. സൂര്യേട്ടന് സ്വന്തമായി ഒരു ജോലി ഉണ്ടെന്നു പോലും എനിക്ക് തോന്നിയിട്ടില്ല. വിഷ്ണുവേട്ടന്റെ സ്ഥാപനങ്ങളിൽ എല്ലാ കാര്യങ്ങൾക്കും നിൽക്കുന്നത് അല്ലാതെ. അപ്പോൾ പിന്നെ ഇതൊക്കെ വാങ്ങാൻ എവിടെ നിന്നാണ് പണം? അതും ഇത്രയ്ക്കു മനോഹരമായ ഒരിടം. " എന്താടോ വിശ്വാസം വരുന്നില്ലേ? " എന്റെ മുഖഭാവം കണ്ടപ്പോൾ ചിരിയോടെ സൂര്യേട്ടൻ ചോദിച്ചു.. ഞാൻ ഒരു ചമ്മിയ ചിരി മാത്രം തിരിച്ചു ചിരിച്ചു. എങ്കിലും മനസ്സിൽ ചില ചോദ്യങ്ങൾ ബാക്കി നിന്നു. " അകത്തേക്ക് വാ.. " ആ ചെറിയ വീടിനകത്തേക്ക് കയറി കൊണ്ട് സൂര്യേട്ടൻ എന്നെ ക്ഷണിച്ചു. എന്റെ മനസ്സിൽ ഒരു ഭയം ഉടലെടുത്തു. വിജനമായ പ്രദേശം. അവിടെയൊരു വീടും. ഇവിടെയങ്ങാനും വച്ചു ഇയാൾ എന്നെ എന്തെങ്കിലും ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടാവുമോ? സൂര്യേട്ടൻ എന്റെ ഭർത്താവ് ആണെങ്കിലും, പണ്ടത്തെ പോലെ ഇപ്പോൾ എനിക്ക് ആ മനുഷ്യനോട് ദേഷ്യം ഇല്ലെങ്കിലും പൂർണമായും ഞാൻ അയാളെ സ്നേഹിച്ചു തുടങ്ങി എന്നൊന്നും പറയാൻ ഇപ്പോഴും സാധിക്കുമായിരുന്നില്ല. ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ടു സൂര്യേട്ടൻ എന്റെ അടുത്തേക്ക് വന്നു. എന്റെ കൈ എടുത്തു തന്റെ കൈക്കുള്ളിലാക്കി പിടിച്ചു " പാറു.. നിന്റെ പേടി എനിക്ക് മനസിലാവും. ഒരാണിന്റെ കൂടെ ഒറ്റയ്ക്ക് ഇങ്ങനെ ഒരു സ്ഥലത്തു നിൽക്കാനുള്ള നിന്റെ ഭയം. പക്ഷെ നിന്റെ പൂർണ മനസ്സും സമ്മതവും ഇല്ലാതെ ഒരിക്കലും ഞാൻ നിന്നെ എന്റെ സ്വന്തമാക്കാൻ ശ്രമിക്കില്ല. ഇത് മാണിക്യമംഗലത്തെ സൂര്യമഹാദേവന്റെ വാക്കാണ് "

ആ കണ്ണുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും എനിക്ക് കാണാമായിരുന്നു. എന്റെ ഉള്ളിലെ പേടിയെ ശമിപ്പിക്കാൻ അത് തന്നെ ധാരാളം ആയിരുന്നു. എന്റെ മുഖത്തെ ആശങ്ക മാറി പുഞ്ചിരി തെളിഞ്ഞപ്പോൾ എന്റെ കൈ പിടിച്ചു കൊണ്ട് തന്നെ സൂര്യേട്ടൻ അകത്തേക്ക് കയറി. ഹാളും ഒരു ചെറിയ മുറിയും ബാത്റൂമും അടുക്കളയും മാത്രമേ ഉള്ളു ആ വീട്ടിൽ. ഹാളിൽ രണ്ടു മൂന്നു കസേരകളും ഒരു ചെറിയ മേശയും മാത്രമേ ഉള്ളു . ബെഡ്‌റൂമിൽ ഒരാൾക്ക് കിടക്കാൻ പാകത്തിൽ ഒരു ചെറിയ കട്ടിൽ. അടുക്കളയിൽ ഒരു അടുപ്പും അത്യാവശ്യം കുറച്ചു പത്രങ്ങളും സാധനങ്ങളും. ഒന്നോ രണ്ടോ പേർക്ക് വേണമെങ്കിൽ താമസിക്കാവുന്ന രീതിയിലാണ് ആ വീട് ഉണ്ടാക്കിയിരിക്കുന്നത്. " ഇതെന്തിനാ ഇവിടെ ഈ വീട്? " " എന്റെ ആദ്യത്തെ സമ്പാദ്യമാണ് ഈ പറമ്പ്.അതിനുള്ളിൽ എനിക്കായി തന്നെ ഉണ്ടാക്കിയ വീടാണിത്. ഞാൻ ആദ്യം ഈ വീട്ടിലായിരുന്നു താമസം. പിന്നെയാണ് ഞാൻ ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ട എന്ന വിഷ്ണുവേട്ടന്റെ നിർബന്ധം കൊണ്ട് ഇപ്പോൾ നീ താമസിക്കുന്ന വീട് വാങ്ങുന്നതും അങ്ങോട്ടേക്ക് താമസം മാറ്റുന്നതും. ഇപ്പോൾ ഇത് ഇവിടെ പണിക്കു വരുന്ന പണിക്കാർക്ക് ഇടയ്ക്കു വിശ്രമിക്കാനും അത്യാവശ്യo വന്നാൽ ഒരു രാത്രി തങ്ങാനും മറ്റുമാണ് ഉപയോഗിക്കുന്നത്. " " നമുക്ക് ഒരു കട്ടൻ കുടിച്ചാലോ? " സൂര്യേട്ടൻ എന്നോട് ചോദിച്ചു.. " ഇപ്പോളോ? ഇവിടെയോ? "

അതിശയത്തോടെ എന്റെ ചോദ്യം കേട്ടു സൂര്യേട്ടൻ ചിരിച്ചു.. "അത്യാവശ്യം ഒരു കട്ടൻ കുടിക്കാനുള്ള സൗകര്യം ഒക്കെ ഇവിടെയുണ്ട്.. നീ ഇരിക്ക്.. ഞാൻ എടുത്തിട്ട് വരാം.. " പക്ഷെ സൂര്യേട്ടൻ അടുക്കളയിലേക്കു പോയപ്പോൾ ഞാനും പിറകെ ചെന്നു.എത്യൻ ചായ ഉണ്ടാക്കുന്നത് ഞാൻ നോക്കി നിന്നു. അത്യാവശ്യം ഒരു ചായ ഉണ്ടാക്കാനൊക്കെ ആൾക്ക് അറിയാമെന്നു എനിക്ക് മനസിലായി. രണ്ടു ഗ്ലാസിൽ ചായയുമായി ഞങ്ങൾ ഹാളിലെ കസേരയിൽ വന്നിരുന്നു. "ചിലപ്പോഴൊക്കെ മനസ്സ് വല്ലാതെ അസ്വസ്തമാകുമ്പോൾ അതൊന്നു ശരിയാവാൻ ഞാനും ഇവിടെ വരാറുണ്ട്.. ഇവിടെ വന്നിങ്ങനെ ഇരിക്കുമ്പോൾ മനസ്സിലെ വിഷമങ്ങളും പ്രശ്‌നങ്ങളുമൊക്കെ അലിഞ്ഞു ഇല്ലാതാകുന്നത് പോലെ തോന്നും. ഇന്ന് രാവിലെ ഇവിടെ വെള്ളതിന്റെ പൈപ്പ് പൊട്ടിയിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചപ്പോൾ നിന്നെയും കൊണ്ട് ഇവിടെ വന്നു ഇതൊക്കെ ഒന്ന് കാണിക്കണമെന്ന് തോന്നി.. അതാ വിളിച്ചോണ്ട് വന്നത്. " ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സൂര്യേട്ടൻ എന്നോട് പറഞ്ഞു. വീടൊക്കെ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും കൂടി പറമ്പിലേക്കിറങ്ങി. മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഏട്ടൻ എന്റെ ഒരു കൈ തന്റെ കൈക്കുള്ളിൽ കോർത്തു പിടിച്ചിരുന്നു . നിന്റെ ഈ കൈ പോലെ നീയും എന്റെയടുത്തു ഭദ്രമാണെന്ന് പറയാതെ പറയുന്നുണ്ടെന്നു എനിക്ക് തോന്നിപോയി. ഓരോ മരങ്ങളും ചെടികളും ഒക്കെ ഏട്ടൻ എനിക്ക് പറഞ്ഞു തന്നു.

കുറെയൊക്കെ എനിക്കും അറിയാവുന്നവ ആയിരുന്നു. എങ്കിലും സൂര്യേട്ടൻ പറഞ്ഞു തന്നപ്പോൾ ഞാൻ അതെല്ലാം ആദ്യമായി കേൾക്കുന്നത് പോലെ കേട്ടു കൊണ്ട് നടന്നു. ഇപ്പോഴൊക്കെയോ ഏട്ടൻ എന്നെ പാറു എന്ന് വിളിച്ചപ്പോൾ എനിക്ക് അച്ഛനെയും ഓർമ വന്നു.. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ സൂര്യേട്ടൻ മുന്നിലേക്ക്‌ കൈ ചൂണ്ടി.. " ദേ.. അവിടെയാണ് പുഴ.. " അപ്പോൾ നേരത്തെ എനിക്ക് വെള്ളം ഒഴുകുന്ന ഒച്ച പോലെ കേട്ടത് വെറുതെ അല്ല. ഇപ്പോൾ ആ ഒച്ച നന്നായി കേൾക്കാനുണ്ട്. പക്ഷെ ഇത്രയും നേരം സൂര്യേട്ടനോട് സംസാരിച്ചു കൊണ്ട് വന്നപ്പോൾ ഞാൻ ശ്രദ്ധിക്കാഞ്ഞതാവും. സൂര്യേട്ടൻ എന്റെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു. പതിയെ പതിയെ പുഴയും അതിന്റെ തീരവും എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. ഇത്രയും സുന്ദരവും ശാന്തവുമായ ഒരു സ്ഥലം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.എന്റെ കാലുകളുടെ വേഗത കൂടിയപ്പോൾ സൂര്യേട്ടൻ എന്റെ കൈ വിട്ടു. ഞാൻ പച്ചപുൽതകിടിയിലൂടെ നടന്നു പുഴവക്കിൽ എത്തി നിന്നു. ചെരുപ്പ് ഊരി അവിടെ ഇട്ടു ഞാൻ പതിയെ വെള്ളത്തിലേക്കിറങ്ങി.. ആ ഉച്ച സമയത്തും വെള്ളത്തിനു തണുപ്പായിരുന്നു എന്നത് എന്നെ അതിശയിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ജീൻസ് കുറച്ചു കയറ്റി വച്ചു സൂര്യേട്ടനും വന്നു എന്റെ അടുത്തു വെള്ളത്തിൽ ഇറങ്ങി നിന്നു. കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. " ഇവിടുന്നാണ് പറമ്പിലേക്ക് വെള്ളം എടുക്കുന്നത്.

അതിന്റെ പൈപ്പിന് എന്തോ കംപ്ലയിന്റ്.. ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.. നീ വരുന്നോ? " ഞാൻ ഇല്ലെന്നു തലയാട്ടി.. സൂര്യേട്ടൻ പോയി കുറച്ചു നേരം കൂടി ഞാൻ വെള്ളത്തിൽ തന്നെ നിന്നു. പിന്നെ കരയിലേക്ക് കയറി തണൽ ഉള്ള ഒരിടം നോക്കി അവിടെ ഇരുന്നു. തെളിഞ്ഞൊഴുകുന്ന വെള്ളവും ചെറു കാറ്റും ഗ്രാമത്തിന്റെ മനോഹാരിതയും ആസ്വദിച്ചു കുറെ ഓർമകളുമായി ഞാൻ അങ്ങനെ ഇരുന്നു. എത്ര നേരം ഇരുന്നുവെന്നു എനിക്ക് തന്നെ അറിയില്ല.. " ഇങ്ങനെ ഇരുന്നാൽ മതിയോ? ഊണിന്റെ സമയമായി.. നമുക്ക് പോവണ്ടേ? " എന്റെ അടുത്തു വന്നിരുന്നു കൊണ്ട് സൂര്യേട്ടൻ ചോദിച്ചപ്പോളാണ് എന്റെ ചിന്തകൾക്ക് വിരാമം ആയതു. " വേണ്ട.. സൂര്യേട്ടാ... ഇവിടുന്നു പോകാൻ തോന്നുന്നില്ല.. എന്ത് രസമാണ് ഇവിടെ ഇങ്ങനെ ഇരിക്കാൻ? " " ശെരിയാണ്.. ഇവിടെ ഇങ്ങനെ ഇരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല.. പക്ഷെ എനിക്കിപ്പോൾ തിരികെ പോകണം.. വിഷ്ണുവേട്ടന് ടൗണിൽ പോകേണ്ട ആവശ്യമുണ്ട്.. എനിക്കും ഏട്ടന്റെ കൂടെ പോകണം.. നിന്നെ വീട്ടിൽ ആക്കിയിട്ടു വേണം എനിക്ക് പോകാൻ.. ഇനിയൊരു ദിവസം നമുക്ക് വീണ്ടും വരാം.. ഇപ്പോൾ പോകാം." വിഷ്ണുവേട്ടന്റെ ജീവന്റെ കാവലാണ് സൂര്യേട്ടൻ എന്ന് കാളിയമ്മ പറഞ്ഞത് എനിക്ക് ഓർമ വന്നു. അത് കൊണ്ട് അവിടുന്ന് പോകാൻ മനസ് ഇല്ലായിരുന്നെങ്കിലും ഞാൻ പോകാമെന്നു തലയാട്ടി സമ്മതിച്ചു. പക്ഷെ എന്റെ മനസ്സ് മനസിലാക്കിയ പോലെ സൂര്യേട്ടൻ എന്റെ കൈകളിൽ പിടിച്ചു..

" പാറൂ.. ഇന്ന് രാവിലെ ആ കുർത്തയുമായി നീ എന്നെ കാണാൻ വന്നത് മുതലുള്ള നിമിഷങ്ങൾ ഓരോന്നും എനിക്ക് അത്രയും പ്രിയപ്പെട്ടതായി കഴിഞ്ഞിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി കഴിഞ്ഞിരിക്കുന്നു.. പോകാൻ എനിക്കും മനസ്സുണ്ടായിട്ടല്ല.. പക്ഷെ പോയെ പറ്റൂ..ആരോരുമില്ലാത്ത സൂര്യമഹാദേവനെ മഹിയാക്കി മാറ്റിയ ആ വലിയ മനുഷ്യനോടുള്ള കടപ്പാടുണ്ട്.. ആരും ഏല്പിച്ചു തന്നിട്ടെല്ലെങ്കിലും ആ ജീവൻ കാക്കേണ്ടത് എന്റെ ദൗത്യമാണ്.. " ഞാൻ ചിരിച്ചു.. " എനിക്ക് മനസിലാവും.. നമുക്ക് പോവാം.. " സൂര്യേട്ടൻ പതിയെ എന്റെ അടുത്തേക്ക് കുനിഞ്ഞു എന്റെ നെറ്റിയിൽ വളരെ പതിയെ ചുണ്ടുകൾ അമർത്തി.കണ്ണുകളടച്ചു അത് സ്വീകരിക്കുമ്പോൾ എനിക്കും മനസിലായി ഈ മനുഷ്യൻ എന്റെ ആരൊക്കെയോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന്. എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു എന്നെയും കൊണ്ട് എഴുന്നേറ്റു. തിരികെ വണ്ടിയിലേക്ക് നടക്കുമ്പോഴും വണ്ടിയിൽ ഇരിക്കുമ്പോഴും സൂര്യേട്ടൻ എന്റെ കയ്യിൽ പിടിച്ചിരുന്നു. ആ കയ്യുടെ ചൂടും തഴമ്പും ഞാനും ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ജീപ്പ് വീടിന്റെ മുന്നിൽ എത്തിയിട്ടും വിടാൻ മടിച്ചു സൂര്യേട്ടനും ഇറങ്ങാൻ മടിച്ചു ഞാനും ഇരുന്നു. കാളിയമ്മ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ പതിയെ കൈ വലിച്ചു.. " പോട്ടെ.. കാളിയമ്മ വരുന്നുണ്ട്.. " " മ്മ്.. " പക്ഷെ എന്റെ കൈ വിട്ടില്ല

" കൈ വിട്.. എന്നാലെ പോവാൻ പറ്റൂ" വീണ്ടും ഏട്ടൻ മൂളിയെങ്കിലും കൈ വിട്ടില്ല.ഞാൻ മറ്റേ കൈ കൊണ്ട് സൂര്യേട്ടന്റെ കയ്യിൽ ആഞ്ഞു നുള്ളി. എന്നെ കണ്ണ് തുറിച്ചു നോക്കിയെങ്കിലും കൈ വിട്ടില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാളിയമ്മ പുറത്തേക്കു ഇറങ്ങിയെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വരാതെ മുറ്റത്തു തന്നെ നിൽക്കുകയാണ്. പെട്ടെന്ന് സൂര്യേട്ടന്റെ ഫോൺ ബെൽ അടിച്ചു. ഡിസ്പ്ലേയിൽ വിഷ്ണുവേട്ടന്റെ പേര് തെളിഞ്ഞതും സൂര്യേട്ടൻ എന്റെ കൈ വിട്ടു ഫോൺ എടുത്തു ഇപ്പോൾ എത്താം എന്ന് പറയുന്നത് കേട്ടു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. " പാറൂ. ഒന്ന് നിന്നെ.. " " എന്താ..? " സൂര്യേട്ടൻ ഡാഷ്ബോര്ഡിൽ എന്തോ പരതി അതിൽ നിന്നു എന്റെ ഫോണും അതിന്റെ ചാർജറും കൂടി എടുത്തു തന്നു. ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കി.. " ഇനി നീ എന്നെ വിട്ടു എവിടേക്കും ഓടി പോകില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്.. ഫോൺ ചാർജ് ചെയ്തു വച്ചോ.. രാത്രി ഞാൻ വിളിക്കും... ". അതും പറഞ്ഞു കാളിയമ്മയോടു പിന്നെ വരാം എന്ന് ആംഗ്യം കാണിച്ചു സൂര്യേട്ടൻ പോയി. ആ വഴിയേ നോക്കി കുറെ നേരം കൂടി ഞാൻ ആ നിൽപ്പ് തുടർന്നു . വീട്ടിലെത്തി രാത്രിയായി സൂര്യേട്ടൻ വിളിക്കാൻ ഞാൻ കാത്തിരുന്നു. രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞു അടുക്കളയിൽ പാത്രങ്ങൾ എടുത്തു വച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഫോൺ ബെൽ അടിച്ചത്.. അതിനു വേണ്ടി തന്നെ കാത്തിരിക്കുകയായിരുന്നത് കൊണ്ട് ഞാൻ ഓടി പോയി എടുത്തു ചെവിയോട് ചേർത്തു. " ഹലോ.. " " ഉറങ്ങാൻ കിടന്നിരുന്നോ? " സൂര്യേട്ടന്റെ ഗാഭീര്യമുള്ള ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു.. "

ഇല്ല.. കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ എടുത്തു വയ്ക്കുകയായിരുന്നു.. ഏട്ടൻ കഴിച്ചോ? " " ആ..ഇപ്പോൾ കഴിച്ചതേയുള്ളു.. " " എപ്പോഴാ ടൗണിൽ പോയി വന്നത്..? " അങ്ങനെ തുടങ്ങി ആ സംസാരം കുറെ അധികം നേരം നീണ്ടു. ഓരോ വാക്കുകളിലൂടെയും ഞങ്ങൾ അന്യോന്യം കൂടുതൽ അറിയുകയായിരുന്നു. ഞങ്ങൾ പ്രണയിച്ചു തുടങ്ങുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു. ഒരുപാട് അടുത്തു നിന്നല്ലെങ്കിലും കുറച്ചു അകലത്തു നിന്നു കൊണ്ട് ഞങ്ങൾ അത് ആവോളം ആസ്വദിച്ചു . എന്നെ കാണാൻ വേണ്ടി മാത്രം എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി കുറച്ചു നേരത്തേക്കെങ്കിലും സൂര്യേട്ടൻ കമ്പനിയിൽ വരുന്നത് പതിവാക്കി. ആ സമയങ്ങളിൽ ചെറിയൊരു നോട്ടത്തിലൂടെ, ചിരിയിലൂടെ ഇല്ലെങ്കിൽ വളരെ വിരളമായി ആരും കാണില്ല എന്നുറപ്പുള്ളപ്പോൾ നെറ്റിയിൽ ഒരു ചെറിയ ചുംബനത്തിലൂടെയെല്ലാം ഞങ്ങൾ സ്നേഹം കൈമാറി. പണ്ട് ഞാനില്ലാത്തപ്പോൾ മാത്രം വീട്ടിൽ വന്നു സാധനങ്ങൾ എടുത്തു കൊണ്ട് പൊയ്ക്കൊണ്ടിരുന്ന സൂര്യേട്ടൻ ഇപ്പോൾ മനഃപൂർവം ഞാനുള്ളപ്പോൾ മാത്രം വരാൻ തുടങ്ങി. സൂര്യട്ടനിൽ നിന്നു പരമാവധി മാറി നടന്നു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ സൂര്യേട്ടൻ വരുന്നത് നോക്കി ഏട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചു കാത്തിരിക്കാൻ തുടങ്ങി. മിക്കവാറും നാട്ടിൽ അവിടെയിവിടെ ഉണ്ടാകാറുള്ള ഏട്ടന്റെ അടിപിടി പോലും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഞങ്ങളുടെ ഈ ഒളിച്ചു കളി കാളിയമ്മയും കാവ്യയും കാശിയേട്ടനും ഒക്കെ അറിയാമായിരുന്നു.

അവർ ഞങ്ങളെ സന്ദർഭം കിട്ടുമ്പോഴൊക്കെ കളിയാക്കുമെങ്കിലും മനസ്സ് കൊണ്ട് പൂർണ പിന്തുണയും നൽകുമായിരുന്നു. രാത്രിയിൽ എന്നും ഏട്ടന്റെ വിളി എന്നെ തേടി വരും. മനസ്സ് നിറയെ പലതിനെ പറ്റിയും ഞങ്ങക്ക് സംസാരിക്കും. അവസാനം ഉറക്കം വരുമ്പോൾ അന്യോന്യം ഓരോ ചുംബനം നൽകി സംസാരം അവസാനിപ്പിക്കും. ഇത്രയെല്ലാം അടുത്തിട്ടും ഒരുമിച്ചു താമസിക്കാൻ മാത്രം ഞങ്ങൾ രണ്ടാളും മടിച്ചു നിന്നു. അതിനു മാത്രം എന്തോ ഒന്ന് മനസ്സിനെ വിലക്കുന്നത് പോലെ.അതെന്താണെന്നു ഞാൻ തന്നെ എന്റെ മനസ്സിനോട് പലവട്ടം ചോദിച്ചു കൊണ്ടിരുന്നു. എന്റെ വിമുഖത മനസിലാക്കിയാണെന്നു തോന്നുന്നു സൂര്യേട്ടനും എന്നോട് അതിനെ പറ്റി ഒന്നും പറഞ്ഞില്ല. എങ്കിലും മനസ്സിൽ ഞാൻ കുറച്ചു തീരുമാനങ്ങൾ ഒക്കെ എടുത്തിരുന്നു.അത് സൂര്യേട്ടന് മുന്നിൽ അവതരിപ്പിക്കാൻ ഒരു സമയം നോക്കി ഇരിക്കുകയായിരുന്നു ഞാൻ. ഒരു ദിവസം പതിവ് പോലെ രാത്രിയിൽ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഫോൺ അടിക്കുന്നത്. സൂര്യേട്ടൻ വിളിക്കാൻ സമയം ആയില്ലലോ എന്നോർത്ത് കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി. പരിചയം ഇല്ലാത്ത നമ്പർ ആണ്.. ഒന്ന് മടിച്ചിട്ടാണെങ്കിലും ഞാൻ ഫോൺ എടുത്തു.. " ഹലോ.. " " ഹലോ.. എന്താടി ഓർമ്മയുണ്ടോ എന്റെ ഈ ശബ്ദം? ഇപ്പോൾ ഫോണിലൂടെ നീ സ്ഥിരം മറ്റൊരു ശബ്ദമല്ലേ കേൾക്കുന്നത്? അപ്പോൾ എന്റെ ശബ്ദം മറന്നു പോയി കാണും അല്ലേ? " ....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story