സൂര്യപാർവണം: ഭാഗം 15

surya parvanam

രചന: നിള നിരഞ്ജൻ

 " ഹലോ.. " " ഹലോ.. എന്താടി ഓർമ്മയുണ്ടോ എന്റെ ഈ ശബ്ദം? ഇപ്പോൾ ഫോണിലൂടെ നീ സ്ഥിരം മറ്റൊരു ശബ്ദമല്ലേ കേൾക്കുന്നത്? അപ്പോൾ എന്റെ ശബ്ദം മറന്നു പോയി കാണും അല്ലേ? " എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ശബ്ദമായിരുന്നു അത്. ഇനി ഒരിക്കലും കേൾക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ച ശബ്ദം. സന്ദീപിന്റെ ശബ്ദം.. " പാറുക്കുട്ടി എന്താ ഒന്നും മിണ്ടാത്തത്? എന്നെ ഇതുവരെയും മനസിലായില്ലേ? ഞാൻ നിന്റെ പഴയ കാമുകൻ ആണ് " ഒരു വഷളൻ ചിരിയോടെ അയാളുടെ ശബ്ദം വീണ്ടും എന്റെ കാതുകളിൽ വന്നു പതിച്ചു. എനിക്ക് വല്ലാത്ത അറപ്പു അനുഭവപെട്ടു. " നിങ്ങൾ എന്തിനാണ് എന്നെ വിളിക്കുന്നത്? എനിക്ക് നിങ്ങളോട് സംസാരിക്കാൻ തീരെ താല്പര്യമില്ല.. ഇനി മേലാൽ എന്നെ വിളിച്ചു പോകരുത്. അങ്ങനെ ഉണ്ടായാൽ നിന്നെ കാണാൻ ആരാണ് വരാൻ പോകുന്നതെന്ന് നിനക്ക് ഊഹിക്കാമല്ലോ.. വെറുതെ സ്വന്തം തടി കേടാക്കാൻ നിൽക്കണ്ട. " എന്റെ മനസ്സിൽ അയാളോടുള്ള മുഴുവൻ ദേഷ്യവും വെറുപ്പും ശബ്ദത്തിൽ വരുത്തി അത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. അയാൾ പിന്നെയും വിളിക്കുമെന്ന് തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ഞാൻ ആ നമ്പർ ബ്ലോക്ക്‌ ചെയ്തു.

സന്ദീപ് എന്നെ അങ്ങനെ വിടാൻ ഉദ്ദേശമില്ലാന്നു മനസിലായി. എന്താണ് ചെയ്യേണ്ടത്? സൂര്യേട്ടനെ വിളിച്ചു പറഞ്ഞാലോ? പക്ഷെ സൂര്യേട്ടന്റെ പ്രതികരണം ഒട്ടും സൗമ്യം ആവില്ലയെന്നു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ മനസ്സിൽ വിദ്യയുടെ ദയനീയമായ മുഖം തെളിഞ്ഞു വന്നു. എത്രയൊക്കെ പറഞ്ഞാലും അവളുടെ ഭർത്താവല്ലേ സന്ദീപ്? പോരാത്തതിന് എങ്ങനെയെങ്കിലും സൂര്യേട്ടനെ ഈ നാട്ടിൽ നിന്നു ഓടിക്കാൻ നടക്കുന്ന നീലാംബരി അമ്മയും കല്പകശ്ശേരിക്കാരും. സൂര്യേട്ടന്റെ ഭാഗത്തു നിന്നു എന്തെങ്കിലും ഒരു പിഴവ് ഉണ്ടാവാൻ നോക്കിയിരിക്കുകയാണ് അവർ. ഇനി ഞാൻ സന്ദീപിനെ കാണാതെയും സംസാരിക്കാതെയും ഇരിക്കാൻ ശ്രമിച്ചാൽ പോരെ? വെറുതെ സൂര്യേട്ടനെ ഇതിലേക്കു വലിച്ചിടണോ ? അവസാനം തത്കാലം സൂര്യേട്ടനോട് ഒന്നും പറയേണ്ട എന്ന തീരുമാനത്തിൽ തന്നെ ഞാൻ എത്തിച്ചേർന്നു. ഇനിയും ഏതെങ്കിലും രീതിയിൽ അയാൾ പ്രശ്നങ്ങളുമായി വന്നാൽ അപ്പോൾ എന്തായാലും നോക്കാം.. അന്ന് രാത്രി സൂര്യേട്ടൻ വിളിച്ചപ്പോൾ ഞാൻ എന്തോ തെറ്റ് ചെയ്യുന്നു എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. എന്റെ ശബ്ദത്തിലെ തെളിച്ചമില്ലായ്മ മനസിലാക്കി പലതവണ എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു ഏട്ടൻ ചോദിച്ചെങ്കിലും തലവേദനയാണ് എന്ന് മാത്രം പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. എനിക്ക് വയ്യാത്തത് കൊണ്ട് ഏട്ടൻ അന്ന് അധിക നേരം സംസാരിക്കാതെ ഫോൺ വയ്ക്കുകയും ചെയ്തു.

അന്ന് കിടക്കുമ്പോഴും സൂര്യേട്ടന് ഒന്നും വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഒന്നും പറയാതെ ഇരിക്കുന്നത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാലും ഉള്ളിന്റെ ഉള്ളിൽ എനിക്കെന്തൊക്കെയോ അപായസൂചനകൾ മുഴങ്ങി കൊണ്ടേ ഇരുന്നു. രാത്രി മുഴുവനുമുള്ള ആലോചനയുടെ ഭാഗമായി ഞാൻ ഒരു തീരുമാനം എടുത്തിരുന്നു. പിറ്റേ ദിവസം അതിനായി രാവിലെ കുറച്ചു നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി. അത് ചെയ്തു കഴിഞ്ഞപ്പോൾ എന്റെ മനസ്സിലെ ഭാരം കുറെ ഒഴിഞ്ഞത് പോലെ എനിക്ക് തോന്നി. വരും ദിനങ്ങളിൽ സന്ദീപിന്റെ ഭാഗത്തു നിന്നു പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത് എനിക്ക് ആശ്വാസമായി. നീലാംബരി അമ്മയെയും പിന്നെ കാണാനുള്ള സാഹചര്യം ഉണ്ടായില്ല.സന്ദീപ് മറ്റു നമ്പറിൽ നിന്നൊന്നും എന്നെ വിളിക്കാനും ശ്രമിച്ചില്ല.സൂര്യേട്ടനെ ഭയന്നിട്ടാവുമെന്ന് ഞാൻ ഓർത്തു. പതിയെ പതിയെ എന്റെ ഭയങ്ങളും മനസ്സിന്റെ ഉൽത്തട്ടിലേക്കു മാഞ്ഞു തുടങ്ങി. സൂര്യേട്ടനും ഞാനും കണ്ണുകളും ഫോൺ വിളികളും കൊണ്ട് പ്രണയിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം കമ്പനിയിൽ നിന്നു വന്നപ്പോഴാണ് കാളിയമ്മ എന്നോട് ആ കാര്യം പറയുന്നത്.. " അടുത്ത ആഴ്ച ഒരു വിശേഷമുണ്ട്.. എന്താന്നറിയോ പാറുവിനു? " " ഇല്ലല്ലോ.. എന്താ കാളിയമ്മേ? " "അടുത്ത ശനിയാഴ്ച നമ്മുടെ മഹിയുടെ പിറന്നാളാണ്.. മോൾ വന്നിട്ടുള്ള അവന്റെ ആദ്യത്തെ പിറന്നാൾ അല്ലേ? നമുക്ക് അത് നന്നായി ആഘോഷിക്കണം..

എല്ലാവരെയും വിളിക്കാം.. കാശിയെയും കാവ്യയെയും പിന്നെ വിഷ്ണുവിനെയും ഗായത്രിയെയും കൂടി.. സദ്യ തന്നെ ഒരുക്കാം" സന്തോഷത്തോടെ കാളിയമ്മ അത് പറഞ്ഞപ്പോൾ ഞാൻ അതിശയത്തോടെ അവരെ നോക്കി.. " സൂര്യേട്ടന്റെ പിറന്നാളോ ? അതെന്നാണ് എന്ന് എല്ലാവർക്കും എങ്ങനെ അറിയാം? " ഒരു നിമിഷം എന്തോ അബദ്ധം പിണഞ്ഞ പോലെ കാളിയമ്മ എന്നെ നോക്കി.. പിന്നെ പെട്ടെന്ന് തന്നെ എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു.. " അത്.. അവനെ സ്കൂളിൽ ചേർക്കാൻ കൊണ്ട് പോയപ്പോൾ ഒരു ജനനത്തീയതി വേണമായിരുന്നു. അപ്പോൾ അവനു പേരിട്ട കൂട്ടത്തിൽ ഒരു ജനനത്തീയതിയും ദേവനാരായണൻ അദ്ദേഹം തന്നെ കൊടുത്തു. അന്ന് അദ്ദേഹം പറഞ്ഞ ആ നാളാണ് ഇന്നും മഹിയുടെ പിറന്നാളായി ഞങ്ങൾ ആഘോഷിക്കുന്നത്.. " " ഓഹോ.. " ഞാൻ അപ്പോൾ കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും കാളിയമ്മയുടെ മുഖഭാവത്തിൽ എനിക്ക് എന്തൊക്കെയോ സംശയം തോന്നുന്നുണ്ടായിരുന്നു. അത്രയും ഉത്സാഹത്തോടെ കാളിയമ്മ പറഞ്ഞു തുടങ്ങിയ സൂര്യേട്ടന്റെ പിറന്നാളിനെ പറ്റി കാളിയമ്മ പിന്നെ ഒന്നും പറയാത്തതും എന്റെ സംശയത്തെ ആളികത്തിച്ചു .. പക്ഷെ ഞാൻ എത്ര ചോദിച്ചാലും കാളിയമ്മ ഒന്നും പറയില്ലാന്നു എനിക്ക് അറിയാമായിരുന്നു.

പറയാൻ ആയിരുന്നെങ്കിൽ പണ്ടേ പറഞ്ഞേനെ.. അതുകൊണ്ട് ഞാൻ ഒന്നും പറയാൻ നിന്നില്ല. മൂന്നു ദിവസങ്ങൾക്കു ശേഷം സൂര്യേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാനായിട്ട് പിന്നെയും എടുത്തിട്ടു. ഈ മൂന്നു ദിവസങ്ങൾ കൊണ്ട് ഞാൻ കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഈ പിറന്നാൾ സൂര്യേട്ടന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത പിറന്നാൾ ആക്കണം എന്നായിരുന്നു എന്റെ തീരുമാനം. ഞാൻ പിന്നെ വേറെ കാര്യങ്ങളൊന്നും ചോദിക്കാത്തത് കാളിയമ്മക്കും ആശ്വാസമായെന്നു തോന്നുന്നു. കാളിയമ്മ സന്തോഷത്തോടെ എന്നോടൊപ്പം എല്ലാത്തിനും കൂടാമെന്നും ഞങ്ങളെല്ലാം കൂടി ഈ പിറന്നാൾ ആഘോഷമാക്കുന്ന കാര്യം സൂര്യേട്ടനോട് പറയേണ്ടെന്നും തീരുമാനിച്ചു. പിന്നീടുള്ള ദിവസങ്ങൾ അതിന്റെ ഒരുക്കത്തിലായിരുന്നു.കാവ്യയോടും കാശിയേട്ടനോടും കാര്യങ്ങൾ സൂചിപ്പിച്ചു . പക്ഷെ എന്റെ പ്ലാനിന്റെ മൊത്തം ഭാഗം ഞാൻ ആരോടും പറഞ്ഞില്ല. അത് അവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് ഞാൻ വിചാരിച്ചു. കമ്പനിയിൽ വച്ചു കാണുമ്പോഴോ ഫോണിൽ സംസാരിക്കുമ്പോഴോ അറിയാതെ പോലും സൂര്യേട്ടനോട് ഒന്നും പറയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വെള്ളിയാഴ്ച ആവുമ്പോഴേക്കും എന്റെ തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരുന്നു.പിറ്റേ ദിവസത്തെ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ അന്ന് ഞാൻ ഉറങ്ങി പോയി.

പക്ഷെ എപ്പോഴും ഒരുപാടു സന്തോഷം തോന്നുമ്പോൾ ഉണ്ടാകാറുള്ള പോലത്തെ ഒരു ഭയം എന്റെ ഉള്ളിലും ഉണ്ടായിരുന്നു. സൂര്യേട്ടന്റെ പിറന്നാൾ ദിവസം ഞാൻ രാവിലെ തന്നെ ഉണർന്നു.ഇന്ന് ഞാൻ ലീവ് ആണെന്ന് നേരത്തെ തന്നെ ശങ്കരേട്ടനെ അറിയിച്ചിരുന്നു. കുളിയൊക്കെ കഴിച്ചു അടുക്കളയിൽ കയറി കാളിയമ്മയോടൊപ്പം കുറച്ചു നേരം കരിക്കറിയാനും മറ്റും കൂടി. ഇന്നുച്ചയ്ക്കത്തെ സദ്യക്കു കുറച്ചു ആളുകളെ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ ഒരുക്കമാണ്. കുറച്ചു നേരം കാളിയമ്മയെ സഹായിച്ചു ബാക്കി ഉള്ള കാര്യം മണിയണ്ണനെ പറഞ്ഞേല്പിച്ചു ഞാൻ അകത്തേക്ക് പോയി. ശമ്പളം കിട്ടിയപ്പോൾ എല്ലാവർക്കും ഡ്രസ്സ്‌ എടുത്ത കൂട്ടത്തിൽ ഞാൻ എനിക്കായി ഒരു സെറ്റ് സാരീ എടുത്തിരുന്നു. അത് തന്നെയാണ് ഇന്നത്തെ ദിവസത്തിനായി ഞാൻ തിരഞ്ഞെടുത്തത്. മുടി കുറച്ചെടുത്തു പിന്നിയിട്ടു കണ്ണെഴുതി പൊട്ടു തൊട്ടു . അന്ന് ഉത്സവത്തിന് സൂര്യേട്ടൻ വാങ്ങി തന്ന കുപ്പിവളകൾ എടുത്തു അണിഞ്ഞു. പിന്നെ ഇന്നത്തെ എന്റെ പ്രധാന സർപ്രൈസിനായി ഒരുക്കിയിരുന്ന സാധനങ്ങൾ എടുത്തു ഞാൻ മുറിക്കു പുറത്തിറങ്ങി. പതിവിന് വിപരീതമായി നന്നായി ഒരുങ്ങി ഇറങ്ങിയ എന്നെ കണ്ടു മണിയണ്ണനും കാളിയമ്മയും ഒന്ന് അമ്പരന്നു. അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കാളിയമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി. പോകുന്ന വഴിക്കു കാവ്യയെ വിളിച്ചു ഞാൻ വീട്ടിൽ നിന്നു ഇറങ്ങിയെന്നു അറിയിച്ചു.

എല്ലാ പിറന്നാളിന്റെ അന്നും സൂര്യേട്ടൻ ചാമുണ്ഡേശ്വരിയുടെ അമ്പലത്തിൽ പോയി തൊഴാറുണ്ടെന്നു കാളിയമ്മ എന്നോട് പറഞ്ഞിരുന്നു. ഞാനും ഇപ്പോൾ അങ്ങോട്ടാണ് പോയ്കൊണ്ടിരിക്കുന്നത്. സൂര്യേട്ടൻ എത്തുന്നതിനു മുന്നേ അങ്ങ് എത്തണം എന്നുള്ളതു കൊണ്ട് ഞാൻ നേരത്തെയാണ് ഇറങ്ങിയത്. അവിടെ ചെന്നു സൂര്യേട്ടൻ വരുന്നതിനു മുന്നേ എനിക്ക് കുറച്ചു പരിപാടി ഉണ്ടായിരുന്നു. സൂര്യേട്ടൻ വീട്ടിൽ നിന്നു ഇറങ്ങുമ്പോഴേക്കും എന്നോട് വിളിച്ചു പറയാൻ കാവ്യയെ ഏല്പിച്ചിട്ടുണ്ടായിരുന്നു. സൂര്യേട്ടൻ വരുമ്പോൾ അവിടെ ഏട്ടനെയും കാത്തു നിൽക്കുന്ന എന്നെ കാണുമ്പോൾ ഞെട്ടണം.. പിന്നെ ഞാൻ പ്ലാൻ ചെയ്തിരിക്കുന്ന സർപ്രൈസ് കൂടി അറിയുമ്പോൾ..ഞാൻ നടത്തതിന് വേഗത കൂട്ടി. അമ്പലത്തിൽ എത്തുമ്പോൾ അധികം ആരും ഉണ്ടായിരുന്നില്ല.ഞാൻ അകത്തേക്ക് കയറി തൊഴാൻ നിന്നില്ല. സൂര്യേട്ടൻ വന്നിട്ട് ഒരുമിച്ചു തൊഴാം. എന്റെ പരിപാടികളൊക്കെ പെട്ടെന്ന് കഴിച്ചു, വഴിപാടിന് ചീട്ടെടുത്തിട്ടും കാവ്യയുടെ വിളി വന്നില്ല. ഞാൻ രുദ്രാക്ഷമരത്തിന്റെ അങ്ങോട്ട്‌ മാറി നിൽക്കാൻ തീരുമാനിച്ചു. അവിടെ നിന്നാൽ സൂര്യേട്ടൻ വരുന്നത് എനിക്ക് കൃത്യമായി കാണാൻ സാധിക്കും.അന്ന് ആ മരച്ചുവട്ടിൽ കാഷായ വസ്ത്രധാരിയായ സ്ത്രീയെ കാണാനില്ലായിരുന്നു. അവരെ പറ്റി കാളിയമ്മയോടു ചോദിക്കണം എന്നോർത്തിട്ട് ഇത് വരെയും ചോദിച്ചില്ലലോ എന്ന് ഞാൻ ഓർത്തു. ഇന്ന് എന്തായാലും ചോദിക്കണം.

താലിയോടെയുള്ള യുള്ള മഞ്ഞ ചരടുകൾ തൂക്കി ഇട്ടിരിക്കുന്ന ആ മരച്ചുവട്ടിൽ എന്റെ പ്രാണനെയും കാത്തു മിടിക്കുന്ന ഹൃദയത്തോടെ ഞാൻ നിന്നു. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞും കാവ്യയുടെ വിളി കാണാതായപ്പോൾ എന്റെ ക്ഷമ നശിച്ചു തുടങ്ങി. അവളെ അങ്ങോട്ട്‌ വിളിച്ചു എന്തായി എന്നന്വേഷിക്കാം എന്നോർത്ത് ഫോൺ എടുക്കാൻ തുടങ്ങുമ്പോഴാണ് "പാർവണ" എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നേരെ നടന്നു വരുന്ന സൂര്യേട്ടന്റെ കൂട്ടുകാരനും വിദ്യയുടെ ഏട്ടനുമായ വിനുവേട്ടനെ കണ്ടത്. സൂര്യേട്ടന്റെ കൂടെ പലതവണ വഴിയിലൊക്കെ വച്ചു കണ്ടിട്ടുണ്ടെങ്കിലും എന്നെ കാണുമ്പോൾ മാറി നിൽക്കുകയോ, അല്ലെങ്കിൽ അവിടുന്ന് പോവുകയോ ഒക്കെയാണ് വിനുവേട്ടൻ ചെയ്യാറ്. സ്വന്തം അനിയത്തിക്ക് വേണ്ടിയാണെങ്കിൽ പോലും എന്നോട് ചെയ്തതിന്റെ കുറ്റബോധമാണ് വിനുവേട്ടന് എന്നാണ് സൂര്യേട്ടൻ അതിന്റെ കാരണമായി എന്നോട് പറഞ്ഞത്. അത് കൊണ്ട് തന്നെ വിനുവേട്ടൻ എന്നോട് ഇങ്ങോട്ട് വന്നു സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിശയമായി. വിനുവേട്ടനെ കണ്ടപ്പോൾ ഞാൻ ചിരിച്ചു. പക്ഷെ വിനുവേട്ടൻ എന്റെ അടുത്തു വന്നു വിനുവേട്ടന്റെ മുഖം കണ്ടപ്പോൾ ഇപ്പോളും ആ കുറ്റബോധം മാറിയിട്ടില്ലന്ന് തോന്നി.

ഇഷ്ടമില്ലാത്തതെന്തോ ചെയ്യാൻ പോകുന്ന ഒരാളുടെ ഭാവമായിരുന്നു വിനുവേട്ടന് അപ്പോൾ. " പാർവണ.. എന്താ ഇവിടെ? " " ഞാൻ... ഇന്ന് സൂര്യേട്ടന്റെ പിറന്നാൾ അല്ലേ? ഏട്ടൻ ഇവിടെ തൊഴാൻ വരില്ലേ?.. ഞാൻ ഏട്ടനെയും കാത്തു നിൽക്കുകയാണ്.. " " അത് കൊള്ളാം.. നീ അവനെയും കാത്തു നിൽക്കുകയാണോ? അവനും കാശിയും അമ്പലത്തിന്റെ പുറകിൽ പുഴകരയിൽ ആ കാറിൽ ഉണ്ടല്ലോ? ഞാൻ ഇങ്ങോട്ട് വരുന്ന വഴി ഇപ്പോൾ കണ്ടതേ ഉള്ളു. ആരെയോ കാണണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. " ഒരു നിമിഷം ഞാൻ ഞെട്ടലോടെ വിനുവേട്ടനെ നോക്കി. " അല്ല.. പക്ഷെ.. കാവ്യ.. " എനിക്കെന്തു പറയണം എന്നറിയില്ലായിരുന്നു. സൂര്യേട്ടൻ വന്നു എങ്കിൽ പിന്നെ എന്ത് കൊണ്ട് കാവ്യ പറഞ്ഞ പോലെ എന്നെ വിളിച്ചു പറഞ്ഞില്ല? ഇനിയിപ്പോൾ ഇത് സൂര്യേട്ടൻ എന്നെ പറ്റിക്കാനുള്ള വല്ല പണിയും ആയിരിക്കുമോ? അതാവാനാണ് സാധ്യത. ആ വൃത്തികെട്ട കാവ്യയും കാശിയേട്ടനും എന്റെ പ്ലാനിങ് ഒക്കെ സൂര്യേട്ടന്റെ അടുത്തു വിളമ്പിയിട്ടുണ്ടാവും.. എന്നിട്ടിപ്പോൾ എന്നെ ഞെട്ടിക്കാനുള്ള വഴിയുമായി വന്നതായിരിക്കും രണ്ടാളും കൂടി.. എന്റെ പ്ലാനിങ് മുഴുവനും പൊളിച്ചതിനു ഇന്ന് കാവ്യയെയും കാശിയേട്ടനെയും ശരിയാക്കണം എന്ന് തന്നെ ഞാൻ ഉറപ്പിച്ചു.

" അവർ എവിടെയാ വിനുവേട്ട? " " ദേ .. അവിടെ.. വാ ഞാൻ കാണിച്ചു തരാം. " രുദ്രാക്ഷമരത്തിനു അപ്പുറത്തൂടെ അമ്പലത്തിന്റെ പുറകിലേക്ക് നീണ്ടു കിടക്കുന്ന വഴിയിലേക്ക് ചൂണ്ടി വിനുവേട്ടൻ പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും വിനുവേട്ടന്റെ മുഖം വല്ലാതെ ആണ് ഇരിക്കുന്നതെന്നു എനിക്ക് തോന്നി. "ഇങ്ങേർക്ക് ഇത് വരെ കുറ്റബോധം മാറിയില്ലേ? " എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ വിനുവേട്ടന്റെ പിറകെ നടന്നു. അങ്ങോട്ട്‌ നടക്കുമ്പോൾ ഞങ്ങളെ നോക്കികൊണ്ട് ഞങ്ങൾക്ക് എതിരെ വരുന്ന കാഷായവസ്ത്രതാരിയായ ആ സ്ത്രീയെ ഞാൻ കണ്ടു.. അവരുടെ ഈറൻ ഇറ്റുന്ന മുടിയിൽ നിന്നു അവർ കുളി കഴിഞ്ഞു വരുന്ന വഴിയാണ് എന്ന് എനിക്ക് മനസിലായി. ചിലപ്പോൾ ഈ പുറകിലുള്ള പുഴയിൽ ആയിരിക്കും ഇവർ കുളിക്കുന്നത്. ഞാൻ അവരെ നോക്കി ചിരിച്ചു കാണിച്ചെങ്കിലും അവർ എന്നെയും വിനുവേട്ടനെയും സംശയം നിറഞ്ഞ കണ്ണുകളോടെ നോക്കിയതേ ഉള്ളു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി. ചില നേരത്തു ഇത്രയുമേ ഉള്ളു മനുഷ്യരുടെ ചിന്താഗതി. ഒരു പെണ്ണിനേയും ആണിനെയും ഒരുമിച്ചു കണ്ടാൽ അപ്പോൾ അനാവശ്യ ചിന്തകൾ തുടങ്ങിക്കോളും.. പുഴക്കരയിൽ എത്തിയപ്പോൾ അവിടെ മരച്ചുവട്ടിൽ മാറ്റി ഇട്ടിരിക്കുന്ന കാറിലേക്ക് വിനുവേട്ടൻ വിരൽ ചൂണ്ടി. "മഹിയും കാശിയും കാറിലുണ്ട്.. നീ പോയി സംസാരിച്ചിട്ട് വാ.. ഞാൻ ഇപ്പോൾ വരാം.. "

ഞാൻ നോക്കിയപ്പോൾ കാറിൽ രണ്ടു ആളുകൾ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. പക്ഷെ മുഖം വ്യക്തം അല്ലായിരുന്നു. വിനുവേട്ടൻ സൂര്യേട്ടന്റെ അത്രയും അടുത്ത കൂട്ടുകാരൻ ആയതു കൊണ്ട് ഞാൻ പ്രത്യേകിച്ച് അതിനെ പറ്റി ഒന്നും ചിന്തിക്കാൻ പോയില്ല. കാറിന്റെ അടുത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഇപ്പോഴും ആ സ്ത്രീ എന്നെയും വിനുവേട്ടനെയും വല്ലാത്ത ഒരു ഭാവത്തോടെ നോക്കി നിൽക്കുകയായിരുന്നു. പക്ഷെ ഞാൻ അവരെ നോക്കുന്നത് കണ്ടപ്പോൾ അവർ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. " പാർവണ പോകുന്നില്ലേ? " ഞാൻ പോകാതെ നിൽക്കുന്നത് കണ്ടു വിനുവേട്ടൻ ചോദിച്ചു.. ഞാൻ പോകുവാണെന്ന് പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് നടന്നു. സൂര്യേട്ടനെ കാണാനുള്ള ആവേശത്തിൽ കാറിനടുത്തേക്ക് നടക്കുമ്പോൾ അതിന്റെ പിറകിൽ ചെറുതായി കല്പകശ്ശേരി എന്നെഴുതിയിരിക്കുന്നത് ഞാൻ കണ്ടില്ല. രാവിലെ എഴുനേറ്റു കുളിച്ചു കൊണ്ട് നിൽക്കുമ്പോൾ സൂര്യമഹാദേവന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും ഉണ്ടായിരുന്നു. ഇന്ന് അവന്റെ പിറന്നാൾ ആണ് എന്ന സന്തോഷത്തിൽ ഉപരി പാറു തന്റെ ജീവിതത്തിൽ ഉള്ളതായിരുന്നു അവനെ അപ്പോൾ ഏറ്റവും സന്തോഷിപ്പിച്ചത്. ഇപ്പോൾ അവന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളെ ഓർത്തു കൊണ്ടാണ്. ഒരു ദിവസം അവളെ കാണാതിരുന്നാൽ കരക്ക്‌ പിടിച്ചിട്ട മീനിനെ പോലെ മനസ്സ് കിടന്നു പിടയ്ക്കും.

കാശി അതും പറഞ്ഞു എപ്പോഴും കളിയാക്കലാണ് . എത്ര പെട്ടെന്നാണ് അവൾ തന്റെ ജീവിതത്തിൽ ഇത്രയും പ്രിയപ്പെട്ടതായി തീർന്നത്.. അവിളില്ലാതെ ജീവിക്കാൻ കഴിയില്ല എന്നായിരിക്കുന്നു. ഇന്നത്തെ തന്റെ പിറന്നാളിനും അവൾ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. ഇത് വരെ ഒരു വാക്ക് പോലും തന്നോട് പറഞ്ഞിട്ടില്ല. പക്ഷെ അവളുടെ സർപ്രൈസ്സിൽ തനിക്കു വേണ്ടപ്പെട്ടവർ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്ന്നു തോന്നുന്നു.. കാവ്യയും കാശിയും എന്തൊക്കെയോ തന്റെ പിറകിൽ കിടന്നു കുശുകുശുക്കുന്ന പോലെ തോന്നിയിട്ട് രണ്ടു ദിവസമായി. അത് പോലെ വിഷ്ണുവേട്ടനും പറഞ്ഞു ഇന്ന് അങ്ങോട്ടേക്ക് കണ്ടേക്കരുതെന്നു. ഇന്ന് മുഴുവൻ സമയവും പാറുവിന്റെ കൂടെ ചിവഴിക്കണമെന്നാണ് അവിടുത്തെ ഉത്തരവ്. എന്തായാലും എല്ലാവരും കൂടി എന്താ പ്ലാൻ ചെയ്തിരിക്കുന്നതെന്നു നോക്കാം.. കുളി കഴിഞ്ഞു വന്നു അവൾ ആദ്യത്തെ ശമ്പളത്തിന് വാങ്ങി തന്ന ആ കുർത്ത തന്നെ എടുത്തിട്ടു. അതിനു മാച്ചിങ്ങായ ഒരു മുണ്ടും ഉടുത്തു ഇറങ്ങി. പിറന്നാളിന്റെ അന്ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പോയി തൊഴുന്ന ശീലം ഒരിക്കലും മഹി തെറ്റിക്കാറില്ല. അവൻ ഹാളിലേക്ക് വന്നപ്പോൾ അത്രയും നേരം എന്തൊക്കെയോ കുശുകുശുക്കുകയായിരുന്ന കാവ്യയും കാശിയും പെട്ടെന്ന് തന്നെ സംസാരം നിർത്തി . അത് ശ്രദ്ധിച്ചെങ്കിലും മഹി ഒന്നും പറയാൻ പോയില്ല.

അവരുടെ സർപ്രൈസ് വെറുതെ പൊളിക്കണ്ട.കാവ്യ ഓടി വന്നു അവനെ കെട്ടിപിടിച്ചു അവനെ വിഷ് ചെയ്തു.. പുറകെ കാശിയും വന്നു അവനെ കെട്ടിപിടിച്ചു കൊണ്ട് വിഷ് ചെയ്തു. അവനെ കണ്ട ഉടനെ അമ്മ വന്നു അവനെ കെട്ടിപിടിച്ചു നിറുകിൽ ഉമ്മ വച്ചു, അവന്റെ കയ്യിൽ ഒരു കവറും വച്ചു കൊടുത്തു. " ഒരായിരം ജന്മദിനാശംസകൾ മോനെ.. " അതെന്താണെന്നു നോക്കാതെ തന്നെ അവനു അറിയാമായിരുന്നു മുണ്ടും ഷർട്ടും ആണെന്ന്. എല്ലാ പിറന്നാളിനും പതിവുള്ളതാണ് ഇത്. ഈ കുടുംബത്തെ പറ്റി ഓർക്കുമ്പോൾ അത്രക്കും സ്നേഹമാണ് മഹിക്ക്..കാരണം അവർക്കു അവൻ എന്നും സ്വന്തം തന്നെയായിരുന്നു. ഇനി മണിയണ്ണന്റെ വകയും, വിഷ്ണുവേട്ടന്റെ വകയും ഉണ്ടാവും എന്തെങ്കിലും സമ്മാനങ്ങൾ. അവൻ ചിരിച്ചു കൊണ്ട് അമ്മയെ തിരിച്ചും കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. " താങ്ക് യു അമ്മേ.. " " ഡാ.. എന്നാൽ നമുക്ക് ഇറങ്ങിയാലോ? " കാശിയെ നോക്കികൊണ്ട്‌ മഹി ചോദിച്ചു.. " ഇല്ലെടാ.. ഇന്ന് ഞാൻ വരുന്നില്ല.. നീ പോയിട്ട് വാ അമ്പലത്തിൽ.. ". മഹി അതിശയത്തോടെ അവനെ നോക്കി. സാധാരണ അവനും വരാറുണ്ട് തന്നോടൊപ്പം. " അതെന്താ ഇന്ന് മാത്രം അങ്ങനെ?" " ഇന്ന് അങ്ങനെയാ.. അത്രേയുള്ളൂ.. " അവൻ ചോദിച്ച രീതിയിൽ തന്നെ കാശി മറുപടി പറയുന്നത് കേട്ടു മഹി തല കുടഞ്ഞു. ഈ പിള്ളേർ എല്ലാം കൂടി എന്താണാവോ പ്ലാൻ ചെയ്യുന്നത്.. മഹി ജീപ്പിന്റെ കീയുമെടുത്തു പുറത്തേക്കിറങ്ങി.. അവൻ ജീപ്പിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും വീടിന്റെ ഗേറ്റ് തുറന്നു " മഹി.." എന്ന് ഉറക്കെ വിളിച്ചു കൊണ്ട് രണ്ടു പേര് അകത്തേക്ക് ഓടികിതച്ചു കയറി വന്നതും ഒരുമിച്ചായിരുന്നു.

" എന്താ.. രവിയേട്ട.. എന്ത് പറ്റി? " കരച്ചിലിന്റെ വാക്കോളമെത്തി തന്റെ അടുത്തേക്ക് ഓടി വരുന്ന മനുഷ്യരിൽ ഒരാളോട് മഹി ചോദിച്ചു.. അപ്പോഴേക്കും പുറത്തു നിന്നുള്ള ഒച്ച കേട്ടു കാശിയും കാവ്യയും അമ്മയും പുറത്തേക്കു ഇറങ്ങി വന്നിരുന്നു. "മോനെ.. മഹി.. നമ്മുടെ തെക്കേപാടം മുഴുവൻ ആരോ തീയിട്ടു നശിപ്പിച്ചു മോനെ.. " മഹിയുടെ കണ്ണുകളിൽ തീയാളി.. കാശി ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു നിന്നു... " തീയിട്ടെന്നോ? ആര്? " " അതൊന്നും അറിയില്ല.. ആരോ മനഃപൂർവം കത്തിച്ചതാണെന്ന കണ്ടിട്ട് തോന്നുന്നത്.. രാവിലെ അത് വഴി പോയ ആൾക്കാർ കണ്ടു വിവരം അറിയിച്ചപ്പോഴാണ് ഞങ്ങൾ അറിയുന്നത്.. കുറെ ആൾക്കാർ അങ്ങോട്ടേക്ക് പോയിട്ടുണ്ട്. കൊയ്യാറായി നിന്നിരുന്ന പാടം ആയിരുന്നു.. " രവിയുടെ കൂടെ വന്നയാൽ വിതുമ്പി കൊണ്ട് പറഞ്ഞു.. മഹി കാശിയെ ഒന്ന് നോക്കി.കാശി അവനെ നോക്കി തലയാട്ടി കൊണ്ട് അവൻ ജീപ്പിന്റെ മുന്നിലേക്ക്‌ കയറി. " രവിയേട്ട... ദിവാകരേട്ടാ.. നിങ്ങൾ കയറു.. " അതും പറഞ്ഞു മഹി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. അവരുടെ ജീപ്പ് തെക്കെപാടത്തേക്ക് കുതിക്കുമ്പോൾ അവന്റെ പിറന്നാൾ അടക്കം മറ്റെല്ലാം അവന്റെ മനസ്സിൽ നിന്നു മാഞ്ഞു പോയിരുന്നു.

അതേ സമയം കല്പകശ്ശേരി എന്ന് പിറകിൽ ചെറിയ അക്ഷരത്തിൽ എഴുതിയ ആ കാറും ഏതൊക്കെയോ ഇടവഴികളിൽ കൂടി മുന്നോട്ടു കുതിക്കുകയായിരുന്നു. അതിന്റെ പിറകിലത്തെ സീറ്റിൽ വായും കയ്യും മൂടികെട്ടിയ അവസ്ഥയിൽ രണ്ടു ആജാനുബാഹുക്കളായ മനുഷ്യരുടെ നടുവിൽ നിസ്സഹായതയോടെ ഞാൻ ഇരുന്നു. സൂര്യേട്ടനെ കാണാനുള്ള ആകാംക്ഷയിൽ ആ കാറിലേക്ക് നടക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ഒരു ആപത്തിലേക്കാണ് ചെന്നു ചാടുന്നതെന്നു. കാറിന്റെ അടുത്തെത്തിയതും ഈ രണ്ടാളുകൾ ചേർന്ന് എന്റെ വായ പൊത്തി എന്നെ കാറിന്റെ പിൻസീറ്റിലേക്കു വലിച്ചു കയറ്റിയിരുന്നു. അതിന്റെ മുന്നിലത്തെ സീറ്റിൽ ഡ്രൈവറിനെ കൂടാതെ ഒരാളും കൂടെ ഉണ്ടായിരുന്നു. അകത്തു കയറിയ ഉടനെ എന്റെ കൈകളും ബന്ധിച്ചു വായും മൂടികെട്ടി.. എന്റെ കയ്യിലെ ഫോൺ ഇതിനിടക്ക്‌ അവിടെയെവിടെയോ വീണു പോവുകയും ചെയ്തു . കാവ്യയെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ വിനുവേട്ടന്റെ വാക്കും കേട്ടു ആ കാറിനടുത്തേക്ക് പോകാൻ തുടങ്ങിയ നിമിഷത്തെ ഞാൻ ഇതിനോടകം ഒരായിരം തവണ പഴിച്ചു കഴിഞ്ഞിരുന്നു. എന്നാലും വിനുവേട്ടൻ..എന്നോട് അടുപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും.സൂര്യേട്ടൻ വിനുവേട്ടന്റെ കൂട്ടുകാരൻ അല്ലേ? തനിക്കു കുഴപ്പം വരും എന്ന് ഉറപ്പുണ്ടായിട്ടും വിനുവേട്ടന്റെ പെങ്ങൾക്ക് ഒരാവശ്യം വന്നപ്പോൾ ഒന്നും നോക്കാതെ കൂടെ ചെന്നതല്ലേ സൂര്യേട്ടൻ? ആ കൂട്ടുകാരന്റെ ഭാര്യയോട് തന്നെ ഇങ്ങനെ ചെയ്യാൻ വിനുവേട്ടന് എങ്ങനെ തോന്നി? എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.

ആർക്കു വേണ്ടിയായിരിക്കും വിനുവേട്ടൻ ഇങ്ങനെ ഒക്കെ ചെയ്തത്? സന്ദീപിന്റെയും നീലാംബരിയുടെയും മുഖം മാറി മാറി എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ഞാൻ ഇങ്ങനെ ഒരു ആപത്തിൽ പെട്ടിരിക്കുകയായെന്നു ആൾക്കാർ അറിയാൻ എത്ര നേരം എടുക്കുമായിരിക്കും? കാളിയമ്മ എന്തായാലും കുറച്ചു നേരത്തേക്ക് എന്നെ കണ്ടില്ലെങ്കിലും ഒന്നും കരുതില്ല. ഞാൻ സൂര്യേട്ടനോട് ഒപ്പം ആണെന്നെ കരുതൂ.. സൂര്യേട്ടൻ വീട്ടിൽ നിന്നിറങ്ങി എന്ന് പറയാൻ കാവ്യ എന്നെ വിളിച്ചിട്ട് കിട്ടാതിരിക്കുമ്പോൾ അവൾ അന്വേഷിക്കുമോ? അതോ ഞാൻ കാൾ കാണാത്തതു ആണെന്ന് വിചാരിച്ചു അത് കാര്യമാക്കാതെ ഇരിക്കുമോ? ഞാൻ ഇന്ന് അമ്പലത്തിൽ സൂര്യേട്ടനെ കാത്തു നിൽക്കുമെന്ന് ഏട്ടന് അറിയില്ല. ഞാൻ വീട്ടിൽ കാളിയമ്മയോടു ഒപ്പം ആണെന്നെ ഏട്ടൻ കരുതൂ.. എന്തായാലും കുറച്ചു നേരത്തേക്ക് ഞാൻ മിസ്സിംഗ്‌ ആണെന്ന് ആരും മനസിലാക്കാനുള്ള സാധ്യത കുറവാണെന്നു എനിക്ക് മനസിലായി. കുറച്ചു നേരം കഴിഞ്ഞപ്പോൾ കാർ നിന്നു. എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നവർ എന്നെയും വലിച്ചു കൊണ്ട് ഒരു വീടിനകത്തേക്കാണ് പോകുന്നതെന്ന് എനിക്ക് മനസിലായി. ചുറ്റും ആൾതാമസം ഒന്നുമില്ലാത്ത വിജനമായ ഒരു സ്ഥലം ആണ് അത്.ആ വീട്ടിലും ആരും ഉണ്ടാവില്ലയെന്നു ഞാൻ ഊഹിച്ചു. വീടിനുള്ളിൽ കയറി ഒരു മുറിയിലേക്ക് എന്നെ തള്ളിയിട്ടു അവർ അത് പുറത്തു നിന്നു പൂട്ടി. ഞാൻ ആ മുറി ചുറ്റും നോക്കി .

അവിടെ കിടക്കുന്ന കട്ടിലിൽ നിന്നു അതൊരു ബെഡ്‌റൂം ആണെന്ന് എനിക്ക് മനസിലായി. ഒന്ന് നിലവിളിക്കാൻ പോലും ആകാതെ ഞാൻ അതിനുള്ളിൽ കിടന്നു.. എങ്ങനെയെങ്കിലും ഇതിൽ നിന്നു ഒന്ന് രക്ഷപെടുത്താൻ ഞാൻ ചാമുണ്ടെശ്വരിയോട് കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. തെക്കേപാടത്തിനു അടുത്തു ജീപ്പ് എത്തിയപ്പോഴേ ആളുകളുടെ ബഹളവും അന്തരീക്ഷത്തിലെ പുകച്ചുരുളുകളും അവർ കണ്ടു കഴിഞ്ഞിരുന്നു. ആളുകൾ തീയനാക്കാനുള്ള ശ്രമത്തിലാണ്. വണ്ടിയിൽ നിന്നിറങ്ങിയതേ മഹിയും കാശിയും അവരോടൊപ്പം കൂടി. ആദ്യം ജീവനും സ്വത്തും സംരക്ഷിക്കാം.. അതിനു ശേഷമാവാം കുറ്റക്കാർക്ക് വേണ്ടിയുള്ള അന്വേഷണവും ശിക്ഷ വിധിക്കലും. മഹി അത് മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞിരുന്നു . ഒരുപാടു മനുഷ്യരുടെ ഒരുപാടു നാളത്തെ അധ്വാനവും ഇനി വരാനുള്ള നാലുകളിലെ അന്നവുമാണ് നശിച്ചു പോയത്. ഇത് എന്തായാലും വെറുതെ വിടാൻ സാധിക്കില്ല. അവർ വന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിവരം അറിഞ്ഞു വിഷ്ണു ദത്തനും സ്ഥലത്തെത്തി.ഒന്നും പറയാതെ വിഷ്ണുവും അവരോടൊപ്പം കൂടിയെങ്കിലും അവന്റെയും മുഖം കനത്തു തന്നെ ഇരുന്നു. വിഷ്ണു ദത്തൻ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഫയർ ഫോഴ്സിന്റെ ആൾക്കാരും അവിടെ എത്തിയിരുന്നു.

എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കുറച്ചു നേരത്തിനുള്ളിൽ അവർക്കു തീ ഏകദേശം അണക്കാൻ സാധിച്ചു. ഭാഗ്യത്തിന് പാടത്തു ആൾക്കാർ പണിക്കെത്തുന്നതിനു മുന്നേ ആയിരുന്നു സംഭവം.. അത് കൊണ്ട് തന്നെ ആളപായം ഒന്നും ഉണ്ടായില്ല. ഇനി ഇത് ഫയർ ഫോഴ്സിനും ബാക്കി ഉള്ളവർക്കും കൈകാര്യം ചെയ്യാവുന്നതേയുള്ളു എന്ന് മനസിലായപ്പോൾ വിഷ്ണുവും മഹിയും കാശിയും കൂടി തീ കത്തുന്നത് ആദ്യം കണ്ട ആൾക്കാരുടെ അടുത്തേക്ക് ചെന്നു. അവർ വന്നപ്പോൾ തീ കാത്തുന്നതാണ് കണ്ടത് അല്ലാതെ അവർ ആരും സംശയാസ്പദമായി ഒന്നും കണ്ടിരുന്നില്ല. അവരോടു സംസാരിച്ചതിന് ശേഷം ഇനി എന്ത് വേണമെന്ന് അവർ മൂന്നു പേരും കൂടി സംസാരിച്ചു കൊണ്ട് നിന്നാപ്പോഴാണ് " മഹി.. " പതിഞ്ഞ സ്വരത്തിലുള്ള ഒരു വിളി കേട്ടപ്പോൾ അവർ മൂവരും തിരിഞ്ഞു നോക്കി......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story