സൂര്യപാർവണം: ഭാഗം 16

surya parvanam

രചന: നിള നിരഞ്ജൻ

 മഹി.. " പതിഞ്ഞ സ്വരത്തിലുള്ള ഒരു വിളി കേട്ടപ്പോൾ അവർ മൂവരും തിരിഞ്ഞു നോക്കി.. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ രുദ്രാക്ഷമരത്തിന്റെ കീഴിൽ കാണാറുള്ള സന്യാസിനിയെ അവിടെ കണ്ടു അവൻ അതിശയിച്ചു. അമ്പലത്തിന്റെ പരിസരത്ത് അല്ലാതെ ഒരിക്കൽ പോലും അവരെ ഗ്രാമത്തിൽ ഇറങ്ങി അവൻ കണ്ടിട്ടേ ഇല്ല. തന്നെയുമല്ല ഇന്ന് വരെ അവർ ആരോടെങ്കിലും സംസാരിക്കുന്നത് അവർ ആരും കണ്ടിട്ടും ഇല്ല. അവർക്ക് തന്റെ പേര് അറിയാം എന്നത് തന്നെ അവനു അതിശയം ആയിരുന്നു. കാഷായ നിറത്തിലുള്ള സാരീ വൃത്തിയായി ഉടുക്കാറുള്ള അവർ ഇന്ന് സാരീ വലിച്ചു വാരി ഉടുത്തിരുന്നു...അതുപോലെ അവരുടെ മുഖത്തെ പരിഭ്രമവും ഭയവും അവനു വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.. എന്താണ് പ്രശ്നമെന്നു ചോദിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ അവർ വന്നു അവന്റെ കയ്യിൽ പിടിച്ചു കഴിഞ്ഞിരുന്നു.

" മഹി.. പാറു.. പാർവണ.. അവളെ രക്ഷിക്കണം.. " അവന്റെ മുഖത്തെ അമ്പരപ്പ് ഒരു നിമിഷം കൊണ്ട് സംശയത്തിന് വഴിമാറി. വിഷ്ണുവും കാശിയും മുഖാമുഖം നോക്കി. ഇവർ എന്തൊക്കെയാണ് പറയുന്നത്..പാറുവിനെ രക്ഷിക്കണമെന്നോ? പാറുവിനു എന്ത് സംഭവിച്ചു.. " പാറുവിനു എന്താ? അവൾക്കെന്തു പറ്റി? " " അമ്പലത്തിന്റെ പിറകിലെ പുഴക്കരയിൽ നിന്നു ആ കുട്ടിയെ ആരൊക്കെയോ ചേർന്ന് ഒരു കാറിൽ കയറ്റി കൊണ്ട് പോയി.. കണ്ടിട്ട് എന്തോ അപകടം പോലെയാണ് എനിക്ക് തോന്നിയത്.. ആ കുട്ടിയെ രണ്ടാളുകൾ ചേർന്ന് കാറിലേക്ക് നിർബന്ധിച്ചു വലിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു " അവൻ ഒന്നും മനസിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി. പാറുവിനെ ആര് കാറിൽ കയറ്റി കൊണ്ട് പോയി എന്നാണ്.. അതും പുഴക്കരയിൽ നിന്നു.. അവനു അപ്പോഴും ആവിശ്വസനീയതും സംശയവും ആയിരുന്നു.

പക്ഷെ വിഷ്ണു ദത്തന്റെ മുഖത്തെ ഭാവം മാറി തുടങ്ങിയിരുന്നു. " നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്? പാറുവിനെ ആരാണ്..? " അവന്റെ ആ ചോദ്യം കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഭാവം അവരുടെ കണ്ണുകളിൽ മിന്നി മറഞ്ഞു. " അവർ ആരാണെന്നു എനിക്കറിയില്ല മോനെ.. ഈ നാട്ടിൽ ഉള്ളവർ അല്ലായെന്നു തോന്നുന്നു.. അവരെ ഞാൻ ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ല.. " ഈ നാട്ടിൽ ഉള്ളവർ അല്ലാതെ ആരായിരിക്കും പാറുവിനെ പിടിച്ചു കൊണ്ട് പോകാൻ.. അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.. "അത് പാറു തന്നെയാണെന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ? ഇനി അവളെ പോലെ മറ്റേതെങ്കിലും പെൺകുട്ടി ആണെങ്കിലോ? നിങ്ങൾ ശരിക്കും കണ്ടിരുന്നോ? " ഇത്തവണ ചോദിച്ചത് വിഷ്ണു ദത്തൻ ആണ്.അയാളുടെ വാക്കുകളിലും അപ്പോൾ പരിഭ്രമം കലർന്നിരുന്നു. " അത് സൂര്യമഹാദേവന്റെ ഭാര്യ പാർവണ തന്നെയായിരുന്നു എന്നെനിക്കു ഉറപ്പുണ്ട്.

മഹി അന്ന് നിർബന്ധിച്ചു അവളെ വലിച്ചു കൊണ്ട് വന്നു താലി കെട്ടിയ അന്ന് മുതൽ കാണുന്നതാണ് ഞാൻ ആ കുട്ടിയെ . അത് അവൾ തന്നെയാണ്.. " അവരുടെ വാക്കുകൾക്ക് അത്രയും ദൃഡതയും മൂർച്ചയായും ഉണ്ടായിരുന്നതു കാരണം പിന്നെ ആരും അവരോടു എതിർത്തു പറയാൻ ധൈര്യം കാണിച്ചില്ല. മഹിയുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയിരുന്നു. അവർ പറയുന്നത് സത്യമാണെങ്കിൽ തന്റെ പാറുവിനു എന്തോ ആപത്തു സംഭവിച്ചിരിക്കുന്നു . ഒരു സന്യാസിനി ആയ ഇവർ എന്തിനു തന്നോട് കള്ളം പറയണം. പക്ഷെ ഇവർ പറഞ്ഞത് വച്ചാണെങ്കിൽ അവളെ അമ്പലത്തിനു പിറകിൽ വച്ചാണ് അവർ തട്ടി കൊണ്ട് പോയിരിക്കുന്നത്.. ആദ്യം അവൾ അമ്പലത്തിൽ പോയിരുന്നോ എന്നറിയണം..

" ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ.. കാശി.. നീ കാളിയമ്മയെ വിളിച്ചു അവൾ അമ്പലത്തിൽ പോയോന്നു ഒന്ന് ചോദിക്ക്.. " മഹി അവന്റെ ഫോൺ എടുത്തു കൊണ്ട് പറഞ്ഞു. കാശി തലക്കടി കിട്ടിയത് പോലെ നിന്നു. ഈ തീപിടിത്തതിന്റെ തിരക്കിൽ അവൻ പാറുവിന്റെ സർപ്രൈസിനെ പറ്റി മറന്നേ പോയിരുന്നു. " മഹി.. " അവന്റെ തോളിൽ കൈ വച്ചു കൊണ്ട് കാശി വിളിച്ചു. പാറുവിനെ ഡയൽ ചെയ്യാൻ തുടങ്ങിയ മഹി അവനെ നോക്കി.. കാശിയുടെ മുഖം ഭൂതത്തെ കണ്ട പോലെ ഇരിക്കുകയായിരുന്നു. അത് കണ്ടപ്പോൾ മഹിയുടെ ഉള്ളിലെ ഭയം കൂടി.. " ഡാ.. അവൾ അമ്പലത്തിലേക്ക് പോയിരിക്കുകയായിരുന്നു. നീ അമ്പലത്തിൽ ചെല്ലുമ്പോൾ നിനക്ക് സർപ്രൈസ് തരാൻ അവൾ അവിടെ നിന്നെ കാത്തു നിൽക്കുകയായിരുന്നു. അമ്പലത്തിലേക്ക് ഇറങ്ങി എന്ന് പറഞ്ഞു അവൾ രാവിലെ കാവ്യയെ വിളിക്കുകയും ചെയ്തിരുന്നു. പാടത്തു തീ പിടിച്ചതിന്റെ ടെൻഷനിൽ ഈ കാര്യങ്ങൾ എല്ലാം ഞാൻ മറന്നേ പോയി.. "

മഹിക്ക് തലയ്ക്കു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അപ്പോൾ അവൾ അമ്പലത്തിൽ പോയിരുന്നു. ഇവർ പറഞ്ഞത് സത്യം ആയിരിക്കും . പക്ഷെ ആരായിരിക്കും അവളെ? അതിനുത്തരം എന്ന വണ്ണം അവന്റെ മുന്നിൽ തെളിഞ്ഞത് ഒരേ ഒരു മുഖമാണ്.. സന്ദീപ് എന്ന ചെന്നായയുടെ.. അവന്റെ മുഖം വലിഞ്ഞു മുറുകി.. "പാറുവിനെ തട്ടി കൊണ്ട് പോയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ അവൻ തന്നെ ആയിരിക്കും.. ആ സന്ദീപ്.. അവന്റെ കൂട്ടിനു ആ കല്പകശ്ശേരിക്കാരും ഉണ്ടാവും.. എന്റെ പെണ്ണിന്റെ മേലെ കൈ വച്ചു കളിക്കാൻ അവൻ തയ്യാറായിട്ടുണ്ടെങ്കിൽ ഇനി അവൻ ഈ ഭൂമുഖത്ത് വേണ്ട.. അവൻ മാത്രമല്ല ആ കുടുംബത്തിൽ ഉള്ള ഒരുത്തനും വേണ്ട.. " മഹി മുന്നോട്ടു നടക്കാൻ തുടങ്ങിയതും വിഷ്ണു അവന്റെ തോളിൽ പിടുത്തമിട്ടു.. " മഹി..നിൽക്കു.. സന്ദീപും കല്പകശ്ശേരിക്കാരും ആണ് ഇതിന്റെ പിറകിൽ എന്ന നിന്റെ സംശയം ശരി തന്നെ ആയിരിക്കും.

പക്ഷെ അവളെ കാണാതായാൽ നീ അവരെ തന്നെയേ സംശയിക്കൂ എന്ന് അവർക്കും അറിയാം " " അതിനു? എനിക്ക് അതൊന്നും അറിയേണ്ട.. എനിക്ക് എന്റെ പെണ്ണിനെ വേണം. " ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ കണ്ണ് കാണാതെ നിൽക്കുകയായിരുന്നു മഹി അപ്പോൾ. അത് മനസിലാക്കിയതു പോലെ വിഷ്ണു അവന്റെ മുന്നിൽ വന്നു നിന്നു.. " മഹി.. ഇപ്പോൾ ദേഷ്യം അല്ല വേണ്ടത്.. ബുദ്ധിയും ആത്മസംയമനവും ആണ്.. നീ ഇപ്പോൾ അങ്ങ് ചെന്നാൽ കല്പകശ്ശേരിക്കാർ നിന്നെ നേരിടാൻ തയ്യാറായി നിൽക്കുകയാവും. അത് കൊണ്ട് മുന്നും പിന്നും നോക്കാതെ എടുത്തു ചാടിയാൽ നിനക്കും പാറുവിനും അപകടം മാത്രമേ ഉണ്ടാവുകയുള്ളൂ. " വിഷ്ണു പറയുന്നത് സത്യമാണെന്നു അറിയാമെങ്കിലും അവന്റെ മനസ്സ് അപ്പോൾ അതൊന്നും അംഗീകരിക്കാൻ തയ്യാറാവുന്നുണ്ടായിരുന്നില്ല.

തന്റെ പെണ്ണ് ഇപ്പോൾ ഒരു അപകടത്തിലാണ് അവളെ എത്രയും പെട്ടെന്ന് രക്ഷിക്കണം എന്ന് മാത്രമേ അവനു അപ്പോൾ ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളു. താൻ വൈകി പോയിട്ട് അവൾക്കെന്തെങ്കിലും സംഭവിച്ചാൽ.. അത് ഓർക്കാൻ പോലും കഴിയുന്നില്ല. "ഏട്ടാ.. പക്ഷെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ? " മഹി തളർച്ചയോടെ അവിടെ തന്നെ ഇരുന്നു. " ഒന്നും സംഭവിക്കില്ല.. അതിനു മുന്നേ അവളെ നമ്മൾ കണ്ടെത്തും..കാശി നീയാദ്യം കാവ്യയെ വിളിച്ചു പാറു അവളെ വിളിക്കുകയോ മറ്റോ ചെയ്തോ എന്ന് ഒന്ന് അന്വേഷിക്കു.. " കാശി കാവ്യയെ വിളിച്ചു. രണ്ടു മിനിറ്റിനു ശേഷം മഹി പാടത്തേക്ക് പോയ കാര്യം പറയാൻ കാവ്യ കുറച്ചു നേരമായി പാറുവിനെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നും അവൾ ഫോൺ എടുക്കുന്നില്ലായെന്നും അവൻ വന്നു പറഞ്ഞു. മഹിയുടെ ഭയം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. "കാശി.. നമ്മുടെ ശിവപുരത്തെ പിള്ളേരെ വിളിച്ചു ഒന്ന് അന്വേഷിക്കാൻ പറ ആ സന്ദീപിനെയോ അവന്റെ കൂട്ടുകാരെയോ മറ്റോ കണ്ടോയെന്നു. പെട്ടെന്ന് വേണം . "

കാശി ഫോണുമായി അപ്പുറത്തേക്ക് മാറി.. വിഷ്ണു ദത്തൻ ഇത്രയും നേരം തങ്ങളെ ആധിയോടെ നോക്കി നിൽക്കുന്ന ആ സ്ത്രീയുടെ നേരെ തിരിഞ്ഞു. " പാറുവിനെ കൊണ്ട് പോയ ആ കാറിൽ ഉള്ള ആരെയെങ്കിലും നിങ്ങള്ക്ക് കണ്ടു പരിചയം ഉണ്ടോ? എന്തെങ്കിലും.. ഒരു ചെറിയ കാര്യം ആയാലും മതി.. അവരെ പറ്റി ഞങ്ങൾക്ക് പറഞ്ഞു തരാൻ സാധിക്കുമോ? " അവൻ അവരോടു ചോദിച്ചപ്പോൾ അവർ ആലോചനയിൽ മുഴുകി. പെട്ടെന്ന് അവരുടെ മുഖത്ത് എന്തോ ഓർമ വന്നത് പോലെ ഒരു ഭാവം തെളിഞ്ഞു.. " ആ കാറിൽ ഉണ്ടായിരുന്നവരെ എനിക്ക് പരിചയം ഇല്ല.. പക്ഷെ പാറുവിനെ അവരുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയ ആളെ ഞാൻ കണ്ടിട്ടുണ്ട്.. അവൻ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉള്ള ഒരാളാണ്... " പൂട്ടി ഇട്ടിരിക്കുന്ന മുറിയുടെ വാതിൽ തുറക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ മുഖം ഉയർത്തി നോക്കിയത്. എന്റെ ഊഹം തെറ്റിയിട്ടുണ്ടായിരുന്നില്ല.

ഇതിനെല്ലാം പിന്നിൽ സന്ദീപ് തന്നെ. ഇവനെ ഒരു കാലത്ത് സ്നേഹിച്ചിരുന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അകത്തേക്ക് കയറി വന്ന അവൻ എന്നെയൊന്നു അടിമുടി നോക്കി.. അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടരുന്നത് അറപ്പോടെ ഞാൻ നോക്കി കൊണ്ടിരുന്നു.. " ഭർത്താവിന്റെ പിറന്നാൾ പ്രമാണിച്ചു പെണ്ണ് ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ..? പക്ഷെ പറഞ്ഞിട്ടെന്താ... ഈ സൗന്ദര്യം ആസ്വാദിക്കാനുള്ള യോഗം ഇന്ന് അവനല്ല.. എനിക്കാണ്.. " അവൻ അത് പറഞ്ഞപ്പോൾ ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു.. " നീ എന്താടി വിചാരിച്ചതു നിന്റെ കെട്ടിയവന്റെ പേരും പറഞ്ഞു ഭീഷണിപ്പെടുത്തി ഫോണും കട്ട്‌ ചെയ്തു എന്റെ നമ്പറും ബ്ലോക്ക്‌ ചെയ്തിട്ട് പോയാൽ ഞാൻ അങ്ങ് പേടിച്ചു ഒതുങ്ങി പോവുമെന്നോ? അന്ന് തൊട്ടു നിന്നെ എന്റെ അടുത്തു കൊണ്ട് വരാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു ഞാൻ.. "

അവൻ ഒതുങ്ങി പോയെന്നു ഞാൻ വിചാരിച്ചതു തെറ്റായിരുന്നു. ഇവൻ വിളിച്ച അന്ന് തന്നെ ഞാൻ സൂര്യേട്ടനോട് പറയേണ്ടതായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലലോ? ഇനി എന്ത് ചെയ്യും എന്ന ആലോചനയോടെ ഞാൻ ഇരുന്നു. " എന്താടി ആലോചിക്കുന്നത്? ഇവിടുന്നു എങ്ങനെ രക്ഷപെടാം എന്നാണോ? ആണെങ്കിൽ വെറുതെ ആലോചിച്ചു തല പുകയ്‌ക്കേണ്ട.. ഇവിടുന്നു നിന്നെ രക്ഷിക്കാൻ ആരും വരില്ല.. " അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനെ തറപ്പിച്ചു ഒന്ന് നോക്കുക മാത്രം ചെയ്തു.. " എന്താടി തുറിച്ചു നോക്കുന്നത്? നിന്റെ കെട്ടിയവൻ വരുമെന്ന് കരുതിയിട്ടാണോ? എന്നാൽ കേട്ടോ.. അവൻ വരാൻ പോകുന്നില്ല. നിന്നെ കാണാനില്ല എന്ന് അവൻ അറിയാൻ തന്നെ ഒരുപാടു സമയം എടുക്കും.. കുറച്ചധികം നേരത്തേക്ക് അവൻ ബിസി ആവാൻ നല്ലയൊരു പണി ഉണ്ടാക്കി കൊടുത്തിട്ടല്ലേ ഞാൻ വന്നിരിക്കുന്നത്?

" ഞാൻ മനസിലാവാത്ത പോലെ അവനെ നോക്കി.. " മനസിലായില്ലേ? വിഷ്ണു ദത്തൻ മുതലാളിയുടെ കൊയ്യാറായി നിന്ന തെക്കെപ്പാടം എന്റെ ചെക്കന്മാർ അങ്ങ് തീയിട്ടു.. ഇപ്പോൾ അവിടെ കിടന്ന് തീയണയ്ക്കാൻ പാട് പെടുകയായിരിക്കും നിന്റെ കെട്ടിയവൻ. നാട്ടുകാർക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിന്നെ അവനു കണ്ണും മൂക്കും ഒന്നുമില്ലല്ലോ.. " എന്റെ മനസ്സ് ഇടിഞ്ഞു പോയി. സന്ദീപ് പറഞ്ഞത് സത്യമാണെങ്കിൽ സൂര്യേട്ടൻ ഉറപ്പായും ഇപ്പോൾ അവിടെ ആയിരിക്കും. ഇനി ആ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു ആർക്കും അപകടം ഒന്നും ഇല്ല എന്നറിഞ്ഞാലേ സൂര്യേട്ടൻ ഇനി വിശ്രമിക്കൂ.. അത് കഴിഞ്ഞേ എന്നെ ഓർമ പോലും വരികയുള്ളു.. ഈശ്വര എനിക്ക് ഈ കാലന്റെ കയ്യിൽ നിന്നു രക്ഷ ഇല്ലേ? " എന്താടി ഇപ്പോൾ നിനക്ക് പേടി തോന്നുണ്ടോ? " ഒന്നും മിണ്ടാതെ മുഖം തിരിച്ചു ഞാൻ ഇരുന്നു. " ഹാ.. ഇങ്ങനെ മുഖം തിരിക്കല്ലേ മോളെ. നിന്റെ കെട്ടിയവൻ അന്വേഷിച്ചു വരുന്നത് വരെയേ നമുക്ക് സമയം ഉള്ളു..

അതിനു മുന്നേ കാര്യം ഒക്കെ കഴിഞ്ഞു നമുക്ക് ഇവിടുന്നു പോണം..നിന്നെയും കാത്തു ആളുകൾ വെയ്റ്റിംഗ് ആണ് .. " ഞാൻ ഞെട്ടലോടെ അവനെ നോക്കി.. ഇവിടുന്നു പോകണം എന്നോ? എങ്ങോട്ട് പോകണം എന്ന്? ആരാണ് എന്നെ കാത്തു നിൽക്കുന്നത്? എന്റെ കണ്ണിലെ ഭയവും ചോദ്യങ്ങളും അവനും കണ്ടു എന്ന് തോന്നുന്നു. " നിനക്കൊന്നും മനസിലാവുന്നില്ല അല്ലേ? എന്തായാലും കാര്യങ്ങളൊക്കെ പറഞ്ഞു തരാൻ സമയം ഉണ്ടെന്നു തോന്നുന്നു. അത് കൊണ്ട് വിശദമായി തന്നെ പറഞ്ഞു തരാം. ഇന്ന് എന്റെ ആവശ്യം കഴിഞ്ഞാൽ നിന്നെ നാട് കടത്താൻ പോവുകയാണ്.. എങ്ങോട്ടാണെന്ന് അറിയാമോ? ബോംബെയിലെ ചുവന്ന തെരുവുകളിലേക്ക്.. നിന്നെ കൊണ്ട് പോകാനുള്ള ഏജന്റുമാരും വണ്ടിയും ഒക്കെ റെഡി.. ഇനി നിന്നെ അവർക്കു കൊടുക്കുക, കാശ്ശെണ്ണി വാങ്ങുക.. അത്രേയുള്ളൂ.. " വർധിച്ചു വന്ന ദേഷ്യത്തോടെയും അറപ്പോടെയും ഞാൻ അവനെ നോക്കി.

ഇവൻ ഇത്രയ്ക്കു ദുഷ്ടൻ ആയിരുന്നോ? വിദ്യ പറഞ്ഞപ്പോൾ അവൻ ഒരു വൃത്തികെട്ടവൻ ആണെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. പക്ഷെ പെണ്ണിന്റെ ശരീരം വിറ്റു കാശ് വാങ്ങുന്നവൻ.. ഛെ.. അത് ഞാൻ കരുതിയിരുന്നതിലും ഒരുപാടു മേലെയായിരുന്നു. എങ്ങനെയെങ്കിലും ഇവന്റെ കയ്യിൽ നിന്നു രക്ഷപെട്ടേ പറ്റൂ.. അല്ലെങ്കിൽ ചിലപ്പോൾ... എന്റെ പേടിയും കൺഫ്യൂഷനും ഒക്കെ അവൻ ആസ്വദിക്കുകയാണ് എന്ന് എനിക്ക് തോന്നി അപ്പോൾ.അവൻ എന്റെ അടുത്തേക്ക് വന്നു എന്റെ മുന്നിലായി ഇരുന്നു.മദ്യത്തിന്റെയോ മറ്റെന്തിന്റെയോ ഒക്കെ രൂക്ഷ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. അവൻ അടുത്തേക്ക് വരും തോറും ഞാൻ നീങ്ങി പൊയ്ക്കൊണ്ടിരുന്നു.. അവസാനം ഞാൻ എങ്ങോട്ടും പോകാൻ ഇല്ലാതെ ഭിത്തിയിൽ തട്ടി ഇരുന്നു. സന്ദീപിന്റെ മുഖത്ത് ഇരയെ ചതിയിലൂടെ കീഴടക്കിയ ഒരാളുടെ ക്രൂരമായ ചിരി ആയിരുന്നു..

" നിന്റെ സുധി മാമൻ നിന്റെ ഫോട്ടോ എനിക്ക് ആദ്യമായി കാണിച്ചു തന്നപ്പോൾ തന്നെ ആശിച്ചതാണ് നിന്നെ ഒരു ദിവസം ഇങ്ങനെ എനിക്ക് കിട്ടണമെന്ന്..ഈ സന്ദീപ് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നടത്തി എടുത്തിരിക്കും.. അതിനി ഏതു മഹാദേവൻ തടസ്സം നിന്നാലും.. " അവൻ അഹങ്കാരത്തോടെ പറഞ്ഞപ്പോൾ ഞാൻ ഒരുപാടു ചോദ്യങ്ങളുമായി അവനെ നോക്കുകയായിരുന്നു. സുധി മാമൻ എന്റെ ഫോട്ടോ ഇവനെ കാണിച്ചു കൊടുത്തെന്നോ? എപ്പോൾ? ഞാൻ അറിയാത്ത ഇനിയും എന്തൊക്കെയോ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നു എനിക്ക് മനസിലായി. അത് എന്ത് തന്നെ ആയാലും ഒന്നും നല്ലതിനാവില്ല എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ ഉള്ളിലെ അപയമണികൾ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. " വീണ്ടും ഒന്നും മനസിലാവുന്നില്ല അല്ലേ? നീ എന്താടി വിചാരിച്ചതു?

ഞാൻ നിന്റെ സൗന്ദര്യത്തിലും സ്വഭാവത്തിലും മയങ്ങി നിന്നോടുള്ള ആത്മാർത്ഥ പ്രണയം കാരണം നിന്റെ പിറകെ വന്നത് ആണെന്നോ? ഈ സന്ദീപ് അന്നും ഇന്നും പെണ്ണുങ്ങളിൽ കാണുന്നത് ഒന്നേ ഉള്ളു.. അവളുടെ ശരീരം..ദൈവം സഹായിച്ചു പെണ്ണുങ്ങളെ വീഴ്ത്താൻ പറ്റിയ നല്ല ഒരു ശരീരവും ശബ്ദവും പിന്നെ അതിനുള്ള ഒരു കഴിവും എനിക്ക് ജന്മനാ കിട്ടിയിട്ടുണ്ട്.. ആദ്യം ഞാൻ എനിക്ക് പറ്റിയ നല്ല ഒരു ഇരയെ കണ്ടു പിടിക്കും.. അവൾ എന്റെ വലയിൽ വീണു എന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ ആദ്യം അവളെ ഞാൻ ഉപയോഗിക്കും.. എന്റെ ഉപയോഗം കഴിയുമ്പോൾ അവരെ വിലയ്ക്ക് വാങ്ങാൻ നിൽക്കുന്ന ഏതെങ്കിലും ഒരുത്തനു നല്ല വിലയ്ക്ക് വിൽക്കും.. ഇതിൽ നിന്നു നല്ല ഒരു ലാഭം ഒക്കെ കിട്ടി അങ്ങനെ നല്ല നിലയിൽ ജീവിച്ചു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അങ്ങനെ വിറ്റ ഒരുത്തി ഏജന്റിന്റെ കയ്യിൽ നിന്നു രക്ഷപെടാൻ വണ്ടിയിൽ നിന്നു എടുത്തു ചാടുന്നതും അവൾ മരിക്കുന്നതും.

അവളുടെ മരണം അന്വേഷിക്കാൻ വന്നതോ ഒരു സത്യസന്ധനായ പോലീസുകാരനും. കുടുങ്ങുമെന്ന് ഏകദേശം ഉറപ്പായപ്പോഴാണ് മുകളിൽ ഒക്കെ സ്വാധീനം ചെലുത്തി കുറെ പൈസയും കൊടുത്തു അച്ഛൻ ആ കേസിൽ നിന്നു എന്നെ ഊരി എടുത്തത്. പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി മാറിയിരുന്നു. അതു കൊണ്ട് അവിടെ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞങ്ങൾ ഇവിടെ എന്റെ അച്ഛന്റെ പെങ്ങളുടെ അടുത്തേക്ക് സ്ഥലം മാറി വന്നു. ഇവിടെ വന്നു അച്ഛൻ എന്റെ കല്യാണം ആ സ്കൂൾ മാഷിന്റെ മകൾ വിദ്യയുമായി ഉറപ്പിച്ചു. എനിക്കിഷ്ടം ഇല്ലായിരുന്നെങ്കിലും അച്ഛൻ കേസിൽ നിന്നു ഊരാൻ എനിക്ക് വേണ്ടി പൈസ മുടക്കിയത് കൊണ്ട് അനുസരിക്കാതെ നിവർത്തി ഇല്ലായിരുന്നു. പിന്നെ ഞാനും കരുതി എന്തായാലും ഒരുത്തിയെ കെട്ടണം .അത് ഇവളെ പോലെ ഒരു നാട്ടിൻപുറത്തുകാരി പാവം ആയാൽ അത്രയും നല്ലതല്ലേ? ഞാൻ എന്ത് ചെയ്താലും ചോദിക്കാനും പറയാനും വരില്ലല്ലോ?

പക്ഷെ ഞാൻ ഈ നാട്ടിൽ കാലുകുത്തിയത് മുതൽ എന്റെ സ്വഭാവത്തിൽ സംശയം ഉണ്ടായിരുന്ന മഹി എന്നെ പറ്റിയുള്ള ഡീറ്റെയിൽസ് ഒക്കെ അന്വേഷിച്ചു കണ്ടെത്തിയിരുന്നു. അതിന്റെ പേരും പറഞ്ഞു ആ കല്യാണം മുടക്കി. പിന്നെ എനിക്കൊരു വാശി ആയിരുന്നു. അവളേ എങ്ങനെയും നേടിയെടുക്കും എന്ന വാശി . അവളെക്കാൾ സൗന്ദര്യവും പണവും ഉള്ള എന്നോട് ആദ്യമേ അവൾക്കൊരു സോഫ്റ്റ്‌ കോർണർ ഉണ്ടായിരുന്നു. അത് ഞാൻ നന്നായി മുതലാക്കി. അവളുടെ ചേട്ടന്റെ കൂട്ടുകാരെ കള്ളനമാരാക്കി ഞാൻ അവളുടെ മുന്നിൽ നല്ലവനായി. അവൾ അതൊക്കെ വിശ്വസിച്ചു എന്നെ ആത്മാർത്ഥമായി പ്രണയിച്ചു. പക്ഷെ അതും നിന്റെ നാട്ടിൽ മുഴുവനും കണ്ണും കാതും ഉള്ള കെട്ടിയവൻ കണ്ടു പിടിച്ചു..അവൻ അവന്റെ കൂട്ടുകാരെയും വിളിച്ചു കൊണ്ട് എന്റെ വീട്ടിൽ വന്നു എന്നെയും എന്റെ വീട്ടുകാരെയും ഭീഷണിപ്പെടുത്തി.

മര്യാദക്ക് ഈ നാട്ടിൽ നിന്നു പോയ്കൊള്ളണം അല്ലെങ്കിൽ എന്റെ ഭൂതകാലം മുഴുവൻ ഈ നാട്ടിലും പറയും എന്ന് അവൻ പറഞ്ഞു. അങ്ങനെയാണ് അച്ഛൻ പറഞ്ഞിട്ട് ഞാൻ എന്റെ തൃശ്ശൂരുള്ള എന്റെ ബന്ധു വീട്ടിലേക്കു ഒന്ന് മാറി നിൽക്കാൻ തീരുമാനിച്ചത് . " ഏതോ ഒരു ലഹരിയുടെ പുറത്തു താൻ ചെയ്ത നീചമായ പ്രവർത്തികളെല്ലാം ഏതോ വലിയ കാര്യം പറയുന്ന പോലെ വീമ്പു പറയുന്ന സന്ദീപിനെ ഞാൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്നു. ഇനി അവൻ പറയാൻ പോകുന്നത് എന്നെയും കൂടി സംബന്ധിക്കുന്ന കാര്യങ്ങൾ ആണെന്നെനിക്ക് ഊഹം ഉണ്ടായിരുന്നു. " എന്റെ അച്ഛന്റെ കാശിൽ ജീവിച്ചാൽ എന്റെ ഇഷ്ടം പോലെ നടക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി തുടങ്ങിയിരുന്നു. അത് കൊണ്ട് എങ്ങനെയെങ്കിലും കുറച്ചു പൈസ ഉണ്ടാക്കാൻ വഴി നോക്കി നടക്കുമ്പോഴാണ് നാട്ടിൽ അത്യാവശ്യം ചെറിയ പെണ്ണ് ബിസിനെസ്സ് ഒക്കെയായി നടക്കുന്ന നിന്റെ മാമനെ പരിചയപെടുന്നത്. അത്യാവശ്യം നല്ല സൗന്ദര്യം ഒക്കെയുള്ള ഒരു കൊച്ചു പെണ്ണിനെ ഒപ്പിച്ചു കൊടുത്താൽ നല്ല കാശു കിട്ടുമെന്ന് പറഞ്ഞപ്പോൾ അങ്ങേരാണ് നിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നത്.

സത്യം പറയാമല്ലോ ഒറ്റ നോട്ടത്തിൽ തന്നെ നിന്നെ എനിക്കങ്ങു പിടിച്ചു പോയിരുന്നു. എനിക്ക് മാത്രമല്ല നിന്നെ വാങ്ങാൻ വന്നവർക്കും. പക്ഷെ ആരും ഇല്ലാത്തവൾ ആണെങ്കിലും നീ ഭയങ്കര ബുദ്ധിമതിയും തന്റെടിയും മിടുക്കിയും ആണെന്നും നിന്നെ അങ്ങനെ എളുപ്പത്തിൽ ഞങ്ങളുടെ വഴിക്കു കൊണ്ട് വരാൻ സാധിക്കില്ലായെന്നും അയാൾ പറഞ്ഞു. അത് പോലെ നിനക്ക് ഞങ്ങളുടെ ഉദ്ദേശത്തെ പറ്റി എന്തെന്കിലും വിവരം കിട്ടിയാൽ നീ സമ്മതിക്കില്ലായെന്നു മാത്രമല്ല നീ നാട്ടുകാരെയും പോലീസിനെയും ഒക്കെ അറിയിച്ചു വലിയ പ്രശ്നം ഉണ്ടാക്കാനും സാധ്യത ഉണ്ടെന്നു പറഞ്ഞു. എന്റെ അച്ഛന്റെ മുന്നിൽ ഞാൻ നന്നാവാൻ തീരുമാനിച്ചു എന്ന് കാണിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. അത് പോലെ നാട്ടുകാരുടെയും മറ്റുള്ളവരുടെയും മുന്നിൽ ഇനി നിനക്ക് എന്തെങ്കിലും സംഭവിച്ചാലും അതൊന്നും അവരുടെ തെറ്റല്ല എന്ന് കാണിക്കേണ്ടത് നിന്റെ മാമന്റെയും ചെറിയമ്മയുടെയും ആവശ്യവും ആയിരുന്നു.

അപ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഒരു പ്ലാൻ തയ്യാറാക്കി.ഞാൻ നിന്നെ കണ്ടു ഇഷ്ടപ്പെട്ടു വന്നതാണെന്ന് പറഞ്ഞു നിന്നെ വളയ്ക്കുക. നിന്റെ മാമൻ നീ മിടുക്കിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു തള്ളിയെങ്കിലും നിന്നെ വളയ്ക്കാൻ ഇറങ്ങിയപ്പോൾ അത് സത്യമാണെന്നു ഞാൻ തിരിച്ചറിയുക ആയിരുന്നു. ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് വളച്ച പെണ്ണ് നീയാണ്. അതിനു ശേഷം എന്റെ അച്ഛനെയും അമ്മയെയും ഞാൻ നന്നായെന്നും ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞു ബോധ്യപ്പെടുത്തി. ഞാൻ നന്നാവാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നടന്നിരുന്ന എന്റെ അച്ഛനും അമ്മയും ഉടനെ തന്നെ സമ്മതിച്ചു. ഉടനെ തന്നെ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കുകയും ചെയ്തു. നിന്റെ ചെറിയമ്മയും മാമനും കൂടി കല്യാണച്ചിലവിന്റെ പേരും പറഞ്ഞു നിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അവരുടെ പേരിലേക്ക് മാറ്റി നിന്നെ എനിക്ക് കെട്ടിച്ചു തന്നു ബാധ്യത ഒഴിപ്പിക്കും.

പിന്നീട് നിനക്ക് എന്തെങ്കിലും സംഭവിച്ചാലും എന്നെ നീയായി കണ്ടുപിടിച്ചത് ആയതു കൊണ്ട് അവരോടു ആരും ഒന്നും ചോദിക്കാനും പറയാനും വരില്ലല്ലോ? നിന്നെ കെട്ടി കുറച്ചു നാൾ എന്റെ കൂടെ പൊറുപ്പിച്ചിട്ടു എനിക്ക് ബോംബയിൽ ഒരു ജോലി ശരിയായി എന്ന് പറഞ്ഞു ഞാൻ നിന്നെയും കൊണ്ട് ബോംബെക്ക് പോകും. അവിടെ വച്ചു നിന്നെ ഏജന്റിന് കൈമാറി ഞാൻ തിരിച്ചു വരും. നീ എവിടെയെന്നു എന്നോട് ചോദിക്കുന്ന അച്ഛനോടും അമ്മയോടും അവിടെ കണ്ട ഒരാളോടൊപ്പം നീ പോയി എന്ന് പറഞ്ഞു ഞാൻ വിശ്വസിപ്പിക്കും. പിന്നെ നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് നിനക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാനും ആരും വരില്ല.. ഇതൊക്കെയായിരുന്നു ഞങ്ങളുടെ പ്ലാൻ.. പക്ഷെ.. " ഞാൻ അകപ്പെടാനിരുന്ന ചതിയുടെ വലുപ്പം ഞാൻ തിരിച്ചറിയുക ആയിരുന്നു . പക്ഷെ അപ്പോൾ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഇതെല്ലാം ചെറിയമ്മയും തനുവും കൂടി അറിഞ്ഞു കൊണ്ടായിരുന്നു എന്നതായിരുന്നു.

എന്റെ പേരിലുള്ള കുറച്ചു സ്വത്തിനു വേണ്ടി അവൻ എന്നോട് ഇത്രയും വലിയ ഒരു ക്രൂരത ചെയ്തല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകാൻ തുടങ്ങി.. സന്ദീപിന്റെ കണ്ണുകളും അപ്പോൾ ദേഷ്യം കൊണ്ട് ചുവന്നു ഇരിക്കുകയായിരുന്നു. " പക്ഷെ ഞങ്ങളുടെ എല്ലാ പ്ലാനും തകർത്തു കൊണ്ട് അന്ന് ആ മഹി അവിടെ വന്നു കല്യാണം മുടക്കി. എന്നെ കൊണ്ട് നിർബന്ധിച്ചു വിദ്യയുടെ കഴുത്തിൽ താലി കെട്ടിച്ചു . നിന്റെ മാമൻ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ എന്റെ കയ്യിൽ നിന്നു കുറച്ചു പണം അഡ്വാൻസ് ആയി വാങ്ങിയിരുന്നു. അത് കല്യാണത്തിന്റെ അന്ന് അയാൾ എനിക്ക് തിരിച്ചു തന്നിരുന്നു. " ഞങ്ങളുടെ കല്യാണം മുടങ്ങിയ അന്ന് സന്ദീപും സുധി മാമനും മാറി നിന്നു സംസാരിക്കുന്നതും സുധി മാമൻ സന്ദീപിന് ഒരു പൊതി കൊടുത്തതും എല്ലാം എനിക്ക് ഓർമ വന്നു.. അത് തനിക്കു വില പറഞ്ഞു വാങ്ങിയ കാശായിരുന്നു.. "

പക്ഷെ എന്നാലും ഞങ്ങളുടെ ഏജന്റിനോട് ഇനി എന്ത് പറയും എന്ന ടെൻഷൻ ആയിരുന്നു എനിക്ക്. എന്നാൽ നിന്റെ സുധി മാമൻ പറഞ്ഞു അവർ നിന്നെ ഇനി വീട്ടിൽ കയറ്റാതെ പുറത്തു ഉപേക്ഷിക്കാൻ പോവുകയാണെന്നും സഹായിക്കാൻ ആരുമില്ലാതെ, അന്തിയുറങ്ങാൻ ഒരു സ്ഥലം കിട്ടാതെ, ഒരു നിവർത്തിയില്ലാതെ നീ തിരികെ അവരുടെ കാലു പിടിക്കാൻ അങ്ങോട്ട്‌ തന്നെ ചെല്ലുമെന്നു അവർ പ്രതീക്ഷിച്ചു. അപ്പോൾ എന്തെങ്കിലും പറഞ്ഞു നിന്നെ ഏജന്റിന്റെ അടുത്തു തന്നെ എത്തിക്കാം എന്നായിരുന്നു അയാൾ പറഞ്ഞത്. പക്ഷെ നീ അന്ന് രാത്രി എവിടെയോ കഴിച്ചു കൂട്ടി.. പിറ്റേ ദിവസം രാവിലെ ആയപ്പോൾ ഇങ്ങോട്ടേക്കു വന്നു. നീ എങ്ങോട്ടാണ് പോയതെന്ന് അവർക്കു ഒരു അറിവും ഉണ്ടായിരുന്നില്ല. ഇവിടെ വന്ന നിന്നെ സൂര്യമഹാദേവൻ താലി കെട്ടി അവന്റെ സംരക്ഷണയിൽ ആക്കി.. അതോടെ നീ ഞങ്ങൾക്കൊന്നും തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നും ഞാൻ തീരുമാനിച്ചിരുന്നു

ഒരിക്കലെങ്കിലും നിന്നെ ഒന്ന് അറിയണമെന്നു. കുറച്ചു ദിവസം ഒന്ന് ഒതുങ്ങി നടന്നിട്ട് ഞാൻ ഉല്സവത്തിന്റെ അന്ന് പിന്നെയും ഒരു പാവമായി അഭിനയിച്ചു കൊണ്ട് നിന്നെ തേടി വന്നു. മഹിയോട് അപ്പോഴും നീ പൂർണമായും പൊരുത്തപ്പെട്ടിട്ടില്ല എന്നെനിക്കു അന്ന് മനസ്സിലായിരുന്നു. അത് നന്നായി ഒന്ന് മുതലാക്കാൻ തുടങ്ങിയതാ.. പക്ഷെ അപ്പോഴും എനിക്ക് തടസ്സമായി അവൻ വീണ്ടും വന്നു. ഇടക്കിടയ്ക്ക് നിന്റെ ഫോണിലേക്കു ഞാൻ നിന്നെ വിളിച്ചു നോക്കാറുണ്ടായിരുന്നു.പക്ഷെ എപ്പോഴും അത് സ്വിച്ച് ഓഫ്‌ എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ ഒരു ദിവസം രാത്രി വിളിച്ചപ്പോൾ നിന്നെ കിട്ടി.. പക്ഷെ അപ്പോഴേക്കും എന്റെ സ്വഭാവത്തെ പറ്റി നിനക്ക് അറിവ് കിട്ടിയിരുന്നു.. ഇനി നിന്നെ സങ്കടം പറഞ്ഞു എന്റെ വരുതിക്കു കൊണ്ട് വരാൻ പറ്റില്ല എന്നെനിക്കു മനസിലായി. അപ്പോൾ ഞാൻ വേറെ വഴി നോക്കി. മഹി എന്തായാലും നീ അറിയാതെ നിനക്ക് ഒരു സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ടാവും എന്നെനിക്കു അറിയാമായിരുന്നു.

അത് ഭേദിക്കണമെങ്കിൽ അവന്റെ കൂടെ ഉള്ള ഒരാളെ തന്നെ എനിക്ക് വേണമായിരുന്നു. " " വിനുവേട്ടൻ... "എന്റെ മനസ്സ് മന്ത്രിച്ചു.. " അതേ.. വിനു തന്നെ.. മഹിയുടെ കൂട്ടുകാരൻ.. മഹിക്ക് ബുദ്ധിയുണ്ട്.. അതിനൊത്ത ശക്തിയും ഉണ്ട്. പക്ഷെ അവനൊരു കുഴപ്പമുണ്ട്.. ആളുകളെ കണ്ണുമടച്ചു വിശ്വസിക്കും എന്ന ഒരു കുഴപ്പം. അവന്റെ കൂട്ടുകാരെ സ്വന്തം പ്രാണനോളം വിശ്വാസം ആണ് അവനു.. അവന്റെ കൂടെ ഉള്ളവൻ അങ്ങനെ ഇങ്ങനെ ഒന്നും എന്റെ വഴിക്കു വരില്ലായിരുന്നു. പക്ഷെ വിനുവിന് എതിരെ ഉള്ള ആയുധം മഹിയായിട്ടു തന്നെ എനിക്ക് ഇട്ടു തന്നിട്ടുണ്ടായിരുന്നു. " വിദ്യയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞും "......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story