സൂര്യപാർവണം: ഭാഗം 17

surya parvanam

രചന: നിള നിരഞ്ജൻ

" അതേ.. വിനു തന്നെ.. മഹിയുടെ കൂട്ടുകാരൻ.. മഹിക്ക് ബുദ്ധിയുണ്ട്.. അതിനൊത്ത ശക്തിയും ഉണ്ട്. പക്ഷെ അവനൊരു കുഴപ്പമുണ്ട്.. ആളുകളെ കണ്ണുമടച്ചു വിശ്വസിക്കും എന്ന ഒരു കുഴപ്പം. അവന്റെ കൂട്ടുകാരെ സ്വന്തം പ്രാണനോളം വിശ്വാസം ആണ് അവനു.. അവന്റെ കൂടെ ഉള്ളവൻ അങ്ങനെ ഇങ്ങനെ ഒന്നും എന്റെ വഴിക്കു വരില്ലായിരുന്നു. പക്ഷെ വിനുവിന് എതിരെ ഉള്ള ആയുധം മഹിയായിട്ടു തന്നെ എനിക്ക് ഇട്ടു തന്നിട്ടുണ്ടായിരുന്നു. " വിദ്യയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞും ". ഞാൻ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ രണ്ടിനെയും കൊന്നിട്ട് അത് ഒരു അപകടം ആക്കി മറ്റുമെന്ന് അവനോടു പറഞ്ഞു. സ്വന്തം അനിയത്തിയോടുള്ള അടങ്ങാത്ത സ്നേഹം കാരണം അവനു ഒട്ടും ഇഷ്ടം ഇല്ലെങ്കിലും അവൻ അത് ചെയ്തു..

മഹിയുടെ പിറന്നാളിന് അവനോടു പറയാതെ നീ അവനെയും കാത്തു അമ്പലത്തിൽ ഉണ്ടാവുമെന്ന് കാശി പറഞ്ഞു അറിഞ്ഞ വിനു അതെന്നെ അറിയിച്ചു. അങ്ങനെ വിനുവിനെ കൊണ്ട് തന്നെ നിന്നെ എന്റെ അടുത്തു എത്തിച്ചു..മഹിയുടെ ശ്രദ്ധ കുറെ നേരത്തേക്ക് ഒന്ന് മാറ്റാൻ വേണ്ടി പാടത്തിനു തീയിട്ടു..ഇനി അവൻ നീ മിസിങ് ആണെന്ന് അറിഞ്ഞു എന്നെ അന്വേഷിച്ചു ശിവപുരത്തേക്ക് പോയാലും അവിടെ അവനെ കാത്തു എന്റെ ആളുകൾ റെഡി ആണ്. പ്രതീക്ഷിക്കാത്ത ആക്രമണം ആയതു കൊണ്ട് മഹിക്ക് അടി തെറ്റും . ഇന്ന് കൊണ്ട് മഹിയുടെ കാര്യം തീരും.. പറ്റുമെങ്കിൽ അവനോടൊപ്പം വിഷ്ണു ദത്തന്റെയും.. എന്റെ ആവശ്യം കഴിഞ്ഞു നിന്നെ ഏജന്റുമാർക്ക് കൊടുത്തു ഞാനും ഇവിടുന്നു മുങ്ങും.

നീ എന്റെ കൂടെ നാട് വിട്ടു എന്ന് പറഞ്ഞു പരത്താൻ ഞാൻ ഇവിടെ എന്റെ ആളുകളെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നിന്നെ എന്റെ ആളുകൾ തട്ടിക്കൊണ്ടു വരുന്നത് ആരും കണ്ടിട്ടില്ല. നിനക്ക് വേണ്ടി സംസാരിക്കാൻ മഹിയും ഇല്ലാതായാൽ പിന്നെ ആരും നിന്നെ തിരക്കി വരാനും പോകുന്നില്ല. " തന്റെ പ്ലാനുകൾ എല്ലാം എന്റെ മുന്നിൽ വിവരിച്ചു ഒരു വിജയചിരിയോടെ സന്ദീപ് ഇരുന്നു. ആ സമയത്തു എന്റെ അവസ്ഥയെക്കാളും എന്നെ ഭയപ്പെടുത്തിയത് സൂര്യേട്ടനും വിഷ്ണുവേട്ടനും അപകടത്തിൽ പെടും എന്ന ചിന്ത ആയിരുന്നു. എങ്ങനെയെങ്കിലും ഇവന്റെ കെണിയിൽ ചെന്നു ചാടാതെ അവരെ രക്ഷിക്കണം എന്ന് മനസ്സിൽ തോന്നുണ്ടായിരുന്നെങ്കിലും ഒന്നിനും സാധിക്കാതെ ഞാൻ അവിടെ നിസ്സഹായതയോടെ അവിടെ ഇരുന്നു കരഞ്ഞു. ലോകം ജയിച്ചവനെ പോലെ സന്ദീപ് നിസഹായയ്യായ എന്റെ കരച്ചിൽ നോക്കി കണ്ടു..

പിന്നെ അവന്റെ മനസ്സിലെ ദുഷിച്ച ചിന്തയോടെ എന്റെ അടുത്തേക്ക് നീങ്ങി. തെക്കേ പാടത്തു മഹിയും വിഷ്ണുവും കാശിയും ഒരുപോലെ തങ്ങളുടെ മുന്നിൽ നിക്കുന്ന സന്യാസിനിയുടെ മുഖത്തേക്ക് നോക്കി. അവരുടെ മൂന്നു പേരുടെയും കണ്ണുകളിൽ ഒരുപോലെ മുന്നിട്ടു നിന്നിരുന്നത് ആവിശ്വസനീയത ആയിരുന്നു . "ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവനോ? " " അതേ.. നിങ്ങളുടെ കൂട്ടുകാരൻ . കുറച്ചു നാൾ മുന്നേ അവന്റെ അനിയത്തിയുടെ കല്യാണമാണ് മഹി, പാർവണയുടെ കല്യാണം മുടക്കി കല്പകശ്ശേരിയിലെ ചെക്കനുമായി നടത്തി കൊടുത്തത്. " മഹി ഞെട്ടലോടെ അവരുടെ അടുത്തു വന്നു നിന്നു. " വിനുവോ ? " അവർ അതെയെന്ന് തലയാട്ടി. മഹി വിഷ്ണുവിനെയും കാശിയെയും തിരിഞ്ഞു നോക്കി. അവന്റെ മുഖത്തെ ഭാവം അപ്പോൾ അവർക്കും വേർതിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവിടെ ദേഷ്യമോ, സങ്കടമോ, ആവിശ്വാസനീയതയോ അങ്ങനെ എന്തൊക്കെയോ മാറി മാറി വരുന്നുണ്ടായിരുന്നു.

വിഷ്ണു മഹിയുടെ തോളിൽ കൈ വച്ചു.. " മഹി.. നീ വാ.. കാശി.. നീ ആരെയാണെന്നു വച്ചാൽ വിളിച്ചു വിനു എവിടെ ഉണ്ടെങ്കിലും അത് കണ്ടെത്തണം.. " മഹി ഇരുന്നിടത്തു നിന്നു എഴുന്നേറ്റു . വിഷ്ണുവിനോടൊപ്പം നടക്കുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വിഷ്ണു ഡ്രൈവിംഗ് സീറ്റിലും മഹി കോ ഡ്രൈവർ സീറ്റിലും കയറി. കുറച്ചു സമയത്തിന് ശേഷം ഫോൺ വിളി അവസാനിപ്പിച്ചു കാശിയും വന്നു പിറകിൽ കയറി. " അവൻ പുഴക്കരയിൽ ഉണ്ട്.. " അവരുടെ ജീപ്പ് പുഴക്കരയിലേക്ക് അടുക്കുമ്പോഴേ അതിന്റെ തീരത്തു ഒറ്റയ്ക്ക് ഇരിക്കുന്ന വിനുവിനെ അവർ കണ്ടു. ജീപ്പിന്റെ ഒച്ച കേട്ടു അവൻ തിരിഞ്ഞു നോക്കി. അതിൽ ആരൊക്കെയാണെന്ന് കണ്ടതും അവൻ ചാടി എഴുനേറ്റു. വിഷ്ണു അവനു അടുത്തായി ജീപ്പ് കൊണ്ട് നിർത്തി.

ജീപ്പ് നിർത്തുന്നതിനു മുന്നേ തന്നെ മഹി അതിൽ നിന്നും ചാടി ഇറങ്ങിയിരുന്നു.. കണ്ണുകളിൽ തന്നെ ദഹിപ്പിക്കാനുള്ള അഗ്നിയുമായി മഹി അടുത്തേക്ക് വരുന്നത് കണ്ടതും വിനു പുറകിലേക്ക് മാറി. ഒരു നിമിഷം ആ പുഴയിലേക്ക് എടുത്തു ചാടിയാലോ എന്ന് വരെ അവൻ ആലോചിച്ചു പോയി. പക്ഷെ എവിടെ പോയാലും തനിക്കു രക്ഷ ഉണ്ടാവില്ലന്ന് അറിയാവുന്നതു കൊണ്ട് അവൻ അവിടെ തന്നെ നിന്നു. തന്റെ മുന്നിൽ നിൽക്കുന്ന വിനുവിന്റെ മുഖഭാവങ്ങൾ മഹിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം അവനും പ്രാർത്ഥിക്കുകയായിരുന്നു കേട്ടതൊന്നും സത്യം ആവല്ലെയെന്നു.. പക്ഷെ ഇപ്പോൾ അവന്റെ മുഖം തന്നെ വിളിച്ചോതുന്നുണ്ട് സത്യം എന്താണെന്ന്.. മനസ്സിൽ ഉയർന്നു വരുന്ന വികാരങ്ങളെ അടക്കി കൊണ്ട് മഹി അവന്റെ മുന്നിൽ ചെന്നു നിന്നു.. അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി.. " എന്തിനു വേണ്ടിയാണെന്ന് ഞാൻ ചോദിക്കുന്നില്ല.. എനിക്കറിയുകയും വേണ്ട.. പക്ഷെ ആരാണെന്നു എനിക്കറിയണം? "

" സ.. സന്ദീപ്.. " " ഇപ്പോൾ ഇവിടെയുണ്ട് അവൻ? " " അത്.. അറിയില്ല.. പക്ഷെ ശിവപുരത്തേക്ക് പോകണ്ട എന്ന് അവൻ ആരോടോ പറയുന്നത് ഞാൻ കേട്ടു.. " ശിവപുരത്തേക്ക് പോയിട്ടില്ല.. അതിനർത്ഥന കൃഷ്ണപുരത്തു തന്നെ ഉണ്ടാവും അവർ.. മഹി തിരിഞ്ഞു കാശിയെ നോക്കി.. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി കാശി ഫോണുമായി മാറി നിന്നു .. മഹി വിനുവിന്റെ മുഖത്തേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കി. വിനു എന്തോ പറയാൻ വരികയാണെന്നു മനസ്സിലായതും അവൻ കയ്യുയർത്തി അത് തടഞ്ഞു.. " വേണ്ട.. നീ ഒന്നും പറയണ്ട.. ഇനി മേലാൽ എന്റെ കണ്മുന്നിൽ വരാതെ കഴിച്ചു കൂട്ടിക്കോണം.. ഇത് ഞാൻ ബഹുമാനിക്കുന്ന ആ മാഷിനെയും രണ്ടു പെൺകുട്ടികളെയും മാത്രം ഓർത്തു മഹി ചെയ്യുന്ന ഒരു ഔദാര്യം ആണ്.

. " മറ്റെന്തോ കൂടി പറയാൻ തുടങ്ങിയതും കാശി അവനെ വിളിച്ചു.. " മഹി.. നമ്മുടെ കമ്പനിയുടെ പിറകിൽ ആ വിജനമായ സ്ഥലത്തുള്ള ഒഴിഞ്ഞ ഇരുനില വീടിനടുത്തായിട്ട് പരിചയമില്ലാത്ത ഒരു കാർ കിടന്നു കറങ്ങുന്നു എന്നൊരു ന്യൂസ്‌ ഉണ്ട്.. അത് പോലെ ആ കാറിന്റെ പിറകിൽ ചെറുതായി കല്പകശ്ശേരി എന്ന് പോലെ എന്തോ എഴുതിയിട്ടിട്ടുണ്ടെന്നും ആരോ കണ്ടുന്നു.. " " വാടാ.. പോകാം.. " പോകാനായി ജീപ്പിനടുത്തേക്ക് രണ്ടടി വച്ചതിനു ശേഷം മഹി തിരിഞ്ഞു. വിനു തല താഴ്ത്തി നിൽക്കുകയായിരുന്നു . " വിദ്യയോട് പറയണം അവളുടെ കെട്ടിയോനെ ഇനി അങ്ങ് മറന്നേക്കാൻ.. അവളെ ഓർത്തു ഒരുപാടു ക്ഷമിച്ചു ഞാൻ.. പക്ഷെ ഇനി ഇല്ല..സന്ദീപിന്റെ ആയുസ്സ് ഇന്ന് തീരുകയാണ്. അവളോട്‌ പറ പറ്റുമെങ്കിൽ എന്നോട് ക്ഷമിക്കാൻ.. " അവസാനത്തെ വാചകം പറഞ്ഞപ്പോൾ മാത്രം അവന്റെ ശബ്ദത്തിൽ ഇത്തിരി അലിവ് വന്നു.

അടുത്ത നിമിഷം അവൻ തിരിഞ്ഞു ജീപ്പിലേക്ക് നടന്നു. ഒരു കാറ്റ് പോലെ ആ ജീപ്പ് പുഴക്കരയിൽ നിന്നു പോകുന്നത് വിനു കണ്ണീരോടെ നോക്കി നിന്നു. സന്ദീപ് എത്ര എന്റെ അടുത്തേക്ക് വന്നോ അത്രയും അകലേക്ക്‌ ഞാൻ മാറി പൊയ്ക്കൊണ്ടിരുന്നു. എന്റെ പേടി അവനു കൂടുതൽ ആവേശം പകരുന്നുണ്ടെന്നു എനിക്ക് തോന്നി. എന്റെ കൈകൾ കൂട്ടി കെട്ടിയിരിക്കുകയായിരുന്നത് രക്ഷപെടാൻ ഒരു ആയുധത്തിന് വേണ്ടി പരതാൻ പോലും എനിക്ക് സാധിച്ചില്ല . രക്ഷപെടാൻ ഒരു വഴിയും ഇല്ലാതെ ഞാൻ പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു. ഞാൻ അപകടത്തിൽ പെട്ടിരിക്കുകയാണെന്നു ഇപ്പോഴെങ്കിലും സൂര്യേട്ടൻ അറിഞ്ഞിട്ടുണ്ടാവുമോ? സന്ദീപ് പറഞ്ഞ പോലെ എന്നെ തിരക്കി ശിവപുരത്തു പോയി സൂര്യേട്ടന് അപകടം വല്ലതും സംഭവിക്കുമോ? തത്കാലം എന്റെ ഉള്ളിലെ പേടിയെ ഞാൻ അവിടെ തന്നെ കുഴിച്ചു മൂടി.

ഒരു കാരണവശാലും സന്ദീപിന്റെ ഇങ്കിതങ്ങൾ നടക്കാൻ പാടില്ല. അതിനു എന്ത് വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. സന്ദീപിന്റെ അടുത്തു നിന്നു മാറി മാറി അവസാനം ഞാൻ ആ മുറിയുടെ മൂലയിൽ എത്തിയിരുന്നു.എന്നെ അനങ്ങാൻ സമ്മതിക്കാതെ സന്ദീപ് എന്റെ ഇരു വശത്തുമായി ഭിത്തിയിലേക്ക് കൈകൾ ചേർത്തു വച്ചു. ഞാൻ എന്നെ കൊണ്ട് പറ്റാവുന്ന പോലെ ഒക്കെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൻ എന്റെ തോളിൽ പിടിച്ചു വലിച്ചു കൊണ്ട് എന്നെ കട്ടിലിലേക്ക് തള്ളി ഇടാൻ ശ്രമിച്ചപ്പോൾ ഞാൻ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആഞ്ഞൊരു അടി എന്റെ കവിളിൽ കിട്ടിയപ്പോൾ എന്റെ കണ്ണിൽ നിന്നു പൊന്നീച്ച പറന്നു . അതിൽ നിന്നും ഞാൻ ഒന്ന് മുക്ത ആവുന്നതിനു മുന്നേ എനിക്ക് അടുത്ത അടിയും കിട്ടി. വായ്ക്കുള്ളിൽ ചോരയുടെ രുചി ഞാൻ അറിയുന്നുണ്ടായിരുന്നു. " മര്യാദക്ക് അടങ്ങി നിന്നോളണം.. ഇല്ലെങ്കിൽ കൊന്നു കളയും.. "

എന്ന് അലറി കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു. ഇങ്ങനെ എതിർക്കുന്നുന്നത് കൊണ്ട് കാര്യമില്ല എന്ന് എനിക്കും ബോധ്യമായിരുന്നു. അവന്റെ മുഖം എന്റെ മുഖത്തേക്ക് കുനിച്ചു എന്നെ ചുംബിക്കാൻ വന്നു . അവന്റെ ചുണ്ടുകൾ എന്നെ സ്പർശിച്ചപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു എന്റെ അവസരത്തിനായി കാത്തു നിന്നു. ഞാൻ എതിർക്കാത്തപ്പോൾ കീഴടങ്ങി എന്ന് അവനു തോന്നി. അത് അവനു കൂടുതൽ ആവേശം പകർന്നു. അവന്റെ കൈ എന്റെ സാരിയുടെ തുമ്പിൽ വലിക്കാൻ തുടങ്ങി. അവന്റെ ശ്രദ്ധ പൂർണമായും മാറി എന്ന് തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് എന്റെ കൈമുട്ടുകൾ കൊണ്ട് എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും ശക്തി എടുത്തു അവന്റെ മർമ്മസ്ഥാനത്തു തന്നെ മൂന്നു തവണ തുടരെ തുടരെ ഇടിച്ചു. അവൻ അലറികരഞ്ഞു കൊണ്ട് എന്നിൽ നിന്നു അകന്നു മാറി. കയറി വന്നപ്പോൾ സന്ദീപ് കതകു കുട്ടിയിട്ടിട്ടില്ല എന്ന കാര്യം ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്നു.

കൂട്ടി കെട്ടിയിരുന്ന കൈകൾ ഉപയോഗിച്ച് കതകു തുറക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. ഞാൻ കതകു തുറന്നു പുറത്തിറങ്ങി. പുറത്തു അവന്റെ ആളുകൾ ഉണ്ടാവും എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷെ പ്രൈവസിക്ക് വേണ്ടി സന്ദീപ് അവരെ പറഞ്ഞു വിട്ടിരുന്നു എന്ന് തോനുന്നു.ആ വീട്ടിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അപ്പോൾ എങ്ങനെയെങ്കിലും സന്ദീപിന്റെ കയ്യിൽ നിന്നു മാത്രം രക്ഷപെട്ടാൽ മതി. ഞാൻ വേഗം പുറത്തേക്കുള്ള വാതിലിന്റെ അടുത്തേക്ക് ഓടി. എന്റെ ദൗർഭാഗ്യത്തിന് പക്ഷെ അത് കുറ്റി ഇട്ടിരിക്കുകയായിരുന്നു. എന്റെ കൂട്ടി കെട്ടിയ കൈകൾ കൊണ്ട് ഞാൻ അത് മാറ്റാൻ നോക്കുമ്പോഴേക്കും പിറകിൽ നിന്നു സന്ദീപിന്റെ അലർച്ച കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. വേദന കൊണ്ടും ദേഷ്യം കൊണ്ടും ചുവന്ന കണ്ണുകളുമായി സന്ദീപ് എന്റെ അടുത്തേക്ക് വരുന്നത് കണ്ടു

ഞാൻ രക്ഷപെടാനായി കണ്ണുകൾ കൊണ്ട് വേറെ വഴി പരതി. അപ്പോഴാണ് ഞാൻ മുകളിലത്തെ നിലയിലേക്കുള്ള പടികൾ കണ്ടത്.. പിന്നെ ഒന്നും നോക്കാതെ ഞാൻ അങ്ങോട്ടേക്ക് ഓടി പടികൾ കയറാൻ തുടങ്ങി. സന്ദീപ് എന്റെ പിറകെ തന്നെ ഉണ്ടെന്നുള്ളത് എന്നെ കൂടുതൽ ഭയത്തിൽ ആഴ്ത്തിക്കൊണ്ടിരുന്നു. മുകളിലത്തെ നിലയിൽ എത്തിയതും ഞാൻ എങ്ങോട്ട് പോകണം എന്ന് വീണ്ടും ചുറ്റും നോക്കി. ഒന്ന് രണ്ടു മുറികളുടെ വാതിൽ ഒക്കെ കാണാനുണ്ട്.. പക്ഷെ ഏതെങ്കിലും ഒരു മുറിയിൽ കയറിയാൾ എനിക്ക് ഈ കൈ കൊണ്ട് കുറ്റിയിടാൻ പറ്റില്ല.. അപ്പോഴേക്കും സന്ദീപ് എന്നെ പിടി കൂടുകയും ചെയ്യും. ഇനി അവന്റെ കയ്യിൽ അകപ്പെട്ടാൽ അവൻ എന്നെ വച്ചേക്കില്ല എന്ന കാര്യം ഉറപ്പാണ്. അപ്പോഴാണ് പുറത്തേക്കു എന്ന് തോന്നിക്കുന്ന ഒരു വാതിൽ കണ്ടത്. വേറൊന്നും നോക്കിയില്ല അങ്ങോട്ടേക്ക് തന്നെ ഓടി. ഊഹം തെറ്റിയില്ല.

ടെറസിലേക്കുള്ള വാതിൽ തന്നെ ആയിരുന്നു അതു . ടെറസിലേക്കിറങ്ങി ഒരു പിടിവള്ളിക്കായി ചുറ്റും നോക്കിയെങ്കിലും അങ്ങനെ ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. എന്റെ പിറകെ ടെറസിലേക്ക് വന്ന സന്ദീപ് എന്നെ നോക്കി ചിരിച്ചു.. എന്നിട്ട് ടെറസിന്റെ വാതിൽ അടച്ചു.. " ഇനി എങ്ങോട്ട് ഓടും നീ? നിന്നോട് ഞാൻ വന്നപ്പോഴേ പറഞ്ഞതല്ലേ ഇന്ന് നിനക്ക് ഒരു രക്ഷ ഇല്ലായെന്ന് .. " ഞാൻ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു കൊണ്ട് ടെറസിന്റെ അറ്റത്തേക്ക് നടന്നു കൊണ്ടിരുന്നു. അവനു അറിയില്ലല്ലോ എന്നെ സംബന്ധിച്ചിടത്തോളം അവന്റെ മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ ഭേദം മരണം ആണെന്ന്. ടെറസിന്റെ ഏറ്റവും അറ്റത്തെത്തി ഞാൻ അവനെ തിരിഞ്ഞു നോക്കി.. അവൻ അടുത്തേക്ക് വന്നു കൊണ്ടിരുന്നു..അവനു ഒരു വിജയച്ചിരി സമ്മാനിച്ചു കണ്ണടച്ച് ഒരു നിമിഷം അച്ഛനെയും സൂര്യേട്ടനെയും മനസ്സിൽ ഓർത്തു.

.കണ്ണിൽ നിന്നു ഒരു നീർമണി അനുസരണയില്ലാതെ പുറത്തേക്കു ഒഴുകി. പിന്നെ ടെറസിൽ നിന്നും താഴത്തേക്ക് എടുത്തു ചാടി.. ഒട്ടും ദൂരമില്ലാത്ത ഒരു യാത്ര ആയിരുന്നു അതു. അതു അവസാനിച്ചു കൊണ്ട് വളരെ പരുപരുത്ത ഒരു നിലത്തേക്ക് ഞാൻ വന്നു പതിച്ചു. എന്റെ തല ശക്തമായി എന്തിലോ ചെന്നിടിക്കുക്കയും നെറ്റിയിലൂടെ ചൂടുള്ള എന്തോ ഒന്ന് ഒഴുകിയിറങ്ങുന്നതും ഞാൻ അറിഞ്ഞു.തലയോടൊപ്പം തന്നെ എന്റെ വലത്തേ കൈമുട്ടും കാൽമുട്ടും കുത്തിയാണ് ഞാൻ വീണത്. അവിടുന്നൊക്കെ ഒരു തരിപ്പ് പടർന്നു കയറിയതും ശരീരമാകെ വല്ലാത്ത ഒരു വേദന പടർന്നു തുടങ്ങിയിരുന്നു. എന്തൊക്കെയോ ശബ്ദങ്ങൾ ഒക്കെ കേൾക്കാനുണ്ട്. എന്താണെന്ന് ഒന്നും വ്യക്തമാകുന്നില്ല. അവിടുന്ന് എഴുനേൽക്കണം എന്നുണ്ടായിരുന്നെങ്കിലും അതിനു സാധിക്കുന്നുണ്ടായിരുന്നില്ല. സന്ദീപ് ഇനിയും എന്നെ ഉപദ്രവിക്കാൻ വരുമോ എന്ന ഭയം ആ അവസ്ഥയിലും എന്നെ കീഴടക്കി.

പതുക്കെ ഞാൻ കണ്ണുകൾ അടച്ചു.. പെട്ടെന്ന് "പാറു " എന്ന ഒരു വിളി എന്റെ തൊട്ടടുത്തു നിന്നു ഞാൻ കേട്ടു.. ഞാൻ കണ്ണുകൾ തുറക്കുമ്പോഴേക്കും സൂര്യേട്ടൻ എന്നെ കയ്യിൽ കോരി എടുത്തിരുന്നു. സൂര്യേട്ടൻ കാശ്ശിയോടും വിഷ്ണുവേട്ടനോടും എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും വ്യക്തമാവുന്നില്ല. കണ്ണുകൾ അടഞ്ഞു പോവുകയാണ്.. തലയിലെയും കയ്യിലേയും കാലിലെയും വേദന കൂടി വരുന്നു. കണ്ണുകൾ വീണ്ടും അടഞ്ഞു പോയി.. " പാറു.. പാറു....മോളെ കണ്ണ് തുറക്ക്..സൂര്യട്ടനാണ് മോളെ വിളിക്കുന്നത്.. കണ്ണ് തുറക്ക്.. " വളരെ അകലെ നിന്നു എന്ന പോലെ ആ വിളി കേട്ടു ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറക്കാൻ നോക്കി. എവിടെയാ എന്താണെന്നൊന്നും മനസിലായില്ലെങ്കിലും ഞാൻ സൂര്യേട്ടന്റെ മടിയിൽ ആണെന്ന് മനസിലായി. അവ്യക്തമെങ്കിലും ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. " സൂ.. സൂര്യേട്ടാ.. "

" ഒന്നുല്ലെടാ.. നിനക്ക് ഒന്നുല്ല.. ഏട്ടനില്ലേ ? ഏട്ടൻ വന്നില്ലേ? നിനക്ക് ഇനി ഒന്നും വരില്ല " സൂര്യേട്ടൻ എന്നെ തോന്നോട് ചേർക്കുന്നതു ഞാൻ അറിഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷെ കഴിയുന്നില്ല. വല്ലാത്ത വേദനയാണ്. സഹിക്കാൻ കഴിയുന്നില്ല.ഇത്തവണ തലയിൽ ഭാരം വന്നുകയറി കണ്ണുകൾ അടഞ്ഞു പോയപ്പോൾ അതൊരു അനുഗ്രഹം ആയാണ് എനിക്ക് തോന്നിയത്. ഞാൻ അവസാനമായി അപ്പോൾ കണ്ടത് സൂര്യേട്ടന്റെ മുഖം ആയിരുന്നു.. " പാറു.. പാറു.. മോളെ.. " താൻ വിളിച്ചിട്ടും പാറു എഴുനേൽക്കുന്നില്ല എന്ന് കണ്ടതും മഹിയുടെ ഉള്ളു കാളി. പിറകിൽ നിന്നു മഹിയുടെ കരച്ചിലിന്റെ വക്കോളാം എത്തിയ സ്വരം കേട്ടതും വിഷ്ണു ജീപ്പിന്റെ വേഗത കൂട്ടി. മഹിയെ ഇത്രയും പതറി ജീവിതത്തിൽ ആദ്യം കാണുകയാണ്. അവനു പാറുവിനോട് എത്ര സ്നേഹം ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അതു. അവൾക്കൊന്നും സംഭവിക്കാൻ പാടില്ല.

കാറ്റിന്റെ വേഗതയിൽ ജീപ്പ് മാണിക്യമംഗലത്തെ ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്നു നിന്നു. നേരത്തെ തന്നെ ഗായത്രിയെ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് സ്ട്രച്ചറുമായി ആൾക്കാരും ഡോക്ടർസും ഒക്കെ റെഡി ആയിരുന്നു. പാറുവിനെ അതിൽ കടത്തി അകത്തേക്ക് തള്ളി കൊണ്ട് പോവുന്നത് നെഞ്ച് പൊള്ളി മഹി നോക്കി നിന്നു. അവസാനം എമർജൻസി ക്യാഷുവാലിറ്റിയുടെ വാതിൽ അവനു മുന്നിൽ അടഞ്ഞപ്പോൾ തളർച്ചയോടെ അവൻ അതിനു മുന്നിലെ കസേരയിലേക്ക് ഇരുന്നു. വിഷ്ണുവേട്ടൻ പതിയെ തോളിൽ കൈ വച്ചപ്പോൾ അവൻ ഒരു ആശ്വാസത്തിനെന്ന വണ്ണം ആ തോളിലേക്ക് ചാഞ്ഞു. വിഷ്ണു പതിയെ അവന്റെ തോളിൽ തട്ടി കൊണ്ടിരുന്നു. പതിയെ പതിയെ അവിടെ ആൾക്കാർ വന്നു നിറഞ്ഞു. കാളിയമ്മ, മണിയണ്ണൻ, കാവ്യ, അമ്മ അങ്ങനെ എല്ലാവരും.. അതൊക്കെ അറിഞ്ഞെങ്കിലും മഹി കണ്ണടച്ച് ഇരുന്നതേ ഉള്ളു.

എല്ലാവരും പാറുവിനു വേണ്ടിയുള്ള പ്രാർത്ഥനയിൽ ആയിരിക്കുമെന്ന് അറിയാമായിരുന്നു. പക്ഷെ ആരുടേയും മുഖത്ത് പോലും നോക്കാൻ സാധിക്കുന്നില്ല. പാറുവിനെ കണ്ടെത്തിയ രംഗം ആലോചിക്കുമ്പോൾ സഹിക്കുന്നില്ല . കാശി പറഞ്ഞ സ്ഥലത്തേക്ക് കുതിക്കുമ്പോൾ വൈകി പോവരുതേ എന്ന് മാത്രം ആയിരുന്നു പ്രാർത്ഥന.. വീടിന്റെ അടുത്തേക്ക് വണ്ടി കയറുമ്പോഴാണ് ടെറസിൽ നിന്നു ചാടാൻ തുടങ്ങുന്ന തന്റെ പ്രാണനെ കണ്ടത്. അരുത് എന്ന് പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ അവൾ ചാടി കഴിഞ്ഞിരുന്നു. ഓടി ചെന്നപ്പോൾ തലയിൽ മുഴുവനും രക്തവുമായി കിടക്കുകയായിരുന്നു. ആകെ ഉള്ള ആശ്വാസം അവൾ വീണത് അത്ര ഉയരത്തിൽ നിന്നല്ല എന്നുള്ളത് മാത്രമാണ്.നിമിഷങ്ങൾക്ക് മണിക്കൂറുകളെക്കാൾ ദൈർഖ്യം തോന്നിയ ആ കുറെ സമയത്തിന് ശേഷം ക്യാഷുവാലിറ്റിയുടെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു.

ഒപ്പം ഗായത്രിയും ഉണ്ടായിരുന്നു. മഹിയും വിഷ്ണുവും അവരുടെ അടുത്തേക്ക് ചെന്നു.. " ചേച്ചി.... പാറു.. " " ചാമുണ്ഡേശ്വരി കാത്തു.. അവൾക്കു ജീവന് കുഴപ്പം ഒന്നുമില്ല.. " ആ ഒരു വാചകത്തിൽ തന്നെ തന്റെ ശ്വാസം നേരെയാവുന്നത് മഹി അറിഞ്ഞു. തനിക്കു ജീവൻ വീണിരിക്കുന്നു. അവളുടെ ജീവന് ആപത്തൊന്നും ഇല്ല. അവളെ തനിക്കു നഷ്ടപ്പെടില്ല. മഹി ആഞ്ഞൊരു ശ്വാസം എടുത്തു വിട്ടു. ഇനിയുള്ളത് എന്ത് തന്നെ ആയാലും അതു തനിക്കു കുഴപ്പമില്ല. അവന്റെ മുഖം വീണ്ടും ഡോക്ടർമാർക്ക് നേരെയായി.. " ഡോക്ടർ.. അവൾക്കു എന്തൊക്കെയാണ്.. കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവുമോ? " ഇത്തവണ മറ്റേ ഡോക്ടർ ആണ് സംസാരിച്ചത്.. "പ്രശ്നങ്ങൾ ഉണ്ട്.. പക്ഷെ സ്ഥിരമായതൊന്നും ഉണ്ടാവില്ല. വീഴ്ച അധികം ഉയരത്തിൽ നിന്നു ആവാത്തതാണ് നമുക്ക് തുണ ആയതു.. ആ കുട്ടിയുടെ തലയിലും വലത്തേ കൈക്കും കാലിനും പരിക്കുണ്ട് . വീഴ്ചയിൽ തല ഒരു കല്ലു പോലെ കൂർത്ത എന്തിലോ ഇടിച്ചിട്ടുണ്ട്.. കുറെ രക്തവും പോയി നാല് സ്റ്റിച്ചുമുണ്ട്..

അതു പോലെ വലത്തേ കയ്യും കാലും ഇടിച്ചാണ് ആ കുറ്റി വീണത്.. കൈ ഒടിഞ്ഞിട്ടുണ്ട്.. അതു പോലെ കാല് മുട്ടിന്റെ ചിരട്ടയും തെന്നി മാറിയിട്ടുണ്ട്.. പിന്നെ ഈ ടെൻഷനിലൊക്കെ ആ കുട്ടിയുടെ ബിപി യും കൂടുതലാണ്. അതു കൊണ്ട് കുറച്ചു നാൾ ഹോസ്പിറ്റലിലും വീട്ടിലും ഒക്കെയായി റസ്റ്റ്‌ വേണ്ടി വരും. ഒരു ഒന്ന് ഒന്നര മാസം എടുക്കും എന്നാലും പാർവണ ഒരു കുഴപ്പവുമില്ലാതെ പഴയ പോലെ തന്നെ ആവും.. " ഡോക്ടർ പറഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും ആശ്വാസത്തോടെ കണ്ണുകൾ അടച്ചു. " താങ്ക് യു ഡോക്ടർ.. താങ്ക് യു സൊ മച്ച് " ഡോക്ടർ മഹിക്കൊരു ചിരി സമ്മാനിച്ചു സിസ്റ്റർമാർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് വീണ്ടും അകത്തേക്ക് തന്നെ കയറി പോയി. ഗായത്രി ചേച്ചി മഹിയുടെ അടുത്തേക്ക് വന്നപ്പോൾ അവൻ ചേച്ചിയുടെ കൈകൾ രണ്ടും നന്ദിപ്പൂർവം കൂട്ടി പിടിച്ചു. ചേച്ചി കണ്ണുകൾ അടച്ചു കൊണ്ട് അവന്റെ തോളിൽ മെല്ലെ തട്ടി.

" ചേച്ചി.. സന്ദീപ്.. അവൻ അവളെ എന്തെങ്കിലും.? അവളോട്‌ എനിക്കുള്ള സ്നേഹത്തിനു അതു എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നത് കൊണ്ടല്ല.. അവനുള്ള ശിക്ഷ വിധിക്കുമ്പോൾ അതും കൂടി കൂട്ടി കൊടുക്കാനാണ്.. " മഹി അതു പറഞ്ഞപ്പോൾ ഗായത്രി ചിരിച്ചു.. " അവൻ അവളെ അടിച്ചതിന്റെ പാടുകൾ കവിളുകളിൽ ഉണ്ട്.. അതല്ലാതെ വേറെ ഒന്നും ഇല്ല.. " " എനിക്കൊന്നു കാണാൻ പറ്റുമോ ചേച്ചി അവളെ? " " അവൾ ഇപ്പോൾ സെടാഷന്റെ മയക്കത്തിലാണ്. എന്തായാലും അവൾ ഉണരാൻ കുറച്ചു സമയം എടുക്കും.. ഉണരുമ്പോൾ നിന്നോട് പറയാൻ ഞാൻ സിസ്റ്റർമാരെ പറഞ്ഞേൽപ്പിക്കാം.. " അതും പറഞ്ഞു വിഷ്ണുവിനെ അർത്ഥം വച്ചു ഒരു നോട്ടം നോക്കി ഗായത്രി പോയി. അവൾ പോയി കഴിഞ്ഞപ്പോൾ മഹി വിഷ്ണുവിനെ നോക്കി. അവൻ തലയാട്ടിയപ്പോൾ മഹി ഫോണെടുത്തു കാശിയെ വിളിച്ചു.. വിളി കാത്തിരുന്നത് പോലെ ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു..

"മഹി.. പാറുവിനു എങ്ങനെ ഉണ്ട്? " " ഇപ്പോൾ കുഴപ്പം ഇല്ല.. കുറച്ചു പരിക്കുകൾ ഉണ്ട്.. പക്ഷെ എല്ലാം ശരിയാവും എന്നാണ് ഡോക്ടർ പറയുന്നത്.. " കാശി ദൈവത്തോട് നന്ദി പറയുന്നത് മഹി കേട്ടു.. മഹിയുടെ മുഖത്ത് ഗൗരവം വന്നു നിറഞ്ഞു. " നമ്മുടെ ഗസ്റ്റുകൾ എന്ത് പറയുന്നു? " മഹിയുടെ ചോദ്യത്തിന് കാശിയുടെ പതിഞ്ഞ ചിരി അവന്റെ കാതുകളിൽ പതിഞ്ഞു.. " സുഖമായിരിക്കുന്നു.. ഞാനും നമ്മുടെ പിള്ളേരും കൂടി ചെറിയ ഒരു സ്വീകരണം കൊടുത്തു.. ബാക്കി നീ വന്നിട്ടാവട്ടെന്ന് വിചാരിച്ചു.. " " എന്നാൽ ഞാൻ വരുവാ.. പിന്നെ എനിക്ക് അധികം സമയം ഇല്ല.. സ്വാഗത പ്രസംഗവും സമ്മാനദാനവും നന്ദി പറച്ചിലും എല്ലാം പെട്ടെന്ന് തീർത്തു പാറു എണീക്കുമ്പോളേക്കും എനിക്ക് തിരികെ എത്തണം.. " " അതൊക്കെ നമുക്ക് പെട്ടെന്ന് ആകാമല്ലോ? നീ ഒന്നിങ്ങു വന്നാൽ മതി.. " ഫോൺ വച്ചു അവൻ വിഷ്ണുവിനെ നോക്കി. " ഏട്ടൻ വരണോ?

എന്തായാലും ഇത് കല്പകശ്ശേരിക്കാർ വലിയ പ്രശ്നം ആക്കും.. അപ്പോൾ ഏട്ടന്റെ പേര് ഇതിൽ ഇല്ലാതിരിക്കുനതല്ലേ നല്ലത്? തന്നെയുമല്ല ഏട്ടനോടുള്ള അവരുടെ പക കൂടാനും ഇനി ഇത് കാരണം ആകും.. ഏട്ടൻ വരണ്ട.. " " മഹി.. ഇത് അങ്ങനെ ആരുടെയെങ്കിലും കാര്യമല്ല.. നീ എന്റെ അനിയനാണ്.. പാറു എന്റെ അനിയത്തിയും.. എന്റെ കുടുംബത്തിൽ ഒരുത്തൻ കയറി കളിച്ചിട്ട് അതു കയ്യും കെട്ടി ഇരുന്നു കാണാൻ ഈ വിഷ്ണു ദത്തനെ കൊണ്ട് പറ്റില്ല.. അതിന്റെ പേരിൽ ഇനി എന്ത് സംഭവിച്ചാലും എനിക്ക് സാരവുമില്ല.. ഇതിനു ഞാനും ഉണ്ട്.. " അവന്റെ വാക്കുകളിലെ ഉറപ്പിൽ നിന്നു ഇനി ഒന്നും പറഞ്ഞു അവനെ പിന്തിരിക്കാൻ ആവില്ലയെന്നു മഹിക്ക് അറിയാമായിരുന്നു. അതു കൊണ്ട് പിന്നെ അവൻ ഒന്നും പറയാൻ പോയില്ല.

ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ പോയി വരുന്നത് വരെ മണിയണ്ണനെ പറഞ്ഞു ഏല്പിച്ചു. തങ്ങൾ വരുന്നതിനു മുന്നേ പാറു ഉണരുകയാണെങ്കിൽ വിളിക്കാനും പറഞ്ഞു വിഷ്ണുവും മഹിയും ഇറങ്ങി. കാശി അവരെ പ്രതീക്ഷിച്ചു ആ കെട്ടിടത്തിന് പുറത്തു തന്നെ ഉണ്ടായിരുന്നു.അവരോടൊപ്പം അവനും അകത്തു കയറി. സന്ദീപിനെയും അവന്റെ നാല് കൂട്ടാളികളെയും വൃത്തിയായി ബന്ധിച്ചു ഓരോരോ കസേരകളിലായി ഇരുത്തിയിട്ടുണ്ട്. ഒന്ന് അത്യാവശ്യം നന്നായി പെരുമാറിയതിന്റെ ലക്ഷണം എല്ലാവരുടെയും മുഖത്തും കാണാനും ഉണ്ട്. മഹിയെയും വിഷ്ണു ദത്തനെയും കണ്ടതോടു കൂടി അവരുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു നിന്നു

പ്രത്യേകിച്ച് സന്ദീപിന്റെ കണ്ണുകളിൽ.. തന്റെ അവസരങ്ങൾ അവസാനിച്ചു എന്നവന് അറിയാമായിരുന്നു. പല കാരണങ്ങൾ കൊണ്ടും ഒരുപാട് അവസരങ്ങൾ അവൻ തനിക്കു തന്നതാണ്. ഇന്നു മഹി തനിക്കു വിധിക്കാൻ പോകുന്ന ശിക്ഷ എന്തായാലും ചെറുതാവില്ല. മഹി സന്ദീപിന്റെ അടുത്തേക്ക് വന്നു അവന്റെ മുടിയിൽ കുത്തി പിടിച്ചു തല ഉയർത്തി.. " ഇനി എന്റെ പെണ്ണിന്റെ മുന്നിൽ നിന്റെ നിഴലും പോലു വരാൻ പാടില്ലയെന്നു നേരത്തെ പറഞ്ഞിരുന്നതല്ലേ? അന്നേ പറഞ്ഞതാണ് ഇനി നിനക്ക് മാപ്പില്ല എന്ന്.. സന്ദീപേ.. ഇന്ന് നീ ഈ സൂര്യമഹാദേവന്റെ കൈ കൊണ്ട് തീരുകയാണ്.. ".....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story