സൂര്യപാർവണം: ഭാഗം 18

surya parvanam

രചന: നിള നിരഞ്ജൻ

ഒരു നീണ്ട ഉറക്കത്തിൽ നിന്നാണ് ഞാൻ കണ്ണ് തുറന്നത് . തലയ്ക്കു വല്ലാത്ത ഭാരവും പോരാത്തതിന് ശരീരം മുഴുവനും വേദനയും. പഴയ കാര്യങ്ങൾ ഒന്നും ഓർത്തെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല. ടെറസിൽ നിന്നു ചാടിയതും സൂര്യേട്ടൻ വന്നു കോരി എടുത്തതും ഓർമ വന്നു. സൂര്യേട്ടൻ വന്നു.. സന്ദീപ് ഒരുക്കിയ കെണിയിൽ സൂര്യേട്ടൻ വീണില്ല.. സൂര്യേട്ടന് കുഴപ്പം ഒന്നുമില്ല.ആ ചിന്ത തന്നെ മനസ്സിൽ വല്ലാത്തൊരു കുളിരു കോരിയിട്ടു.പക്ഷെ അതിനു മുൻപ് സന്ദീപ് പറഞ്ഞ കാര്യങ്ങൾ ഓർമ വന്നപ്പോൾ ആ കുളിരു വീണ്ടും കനലായി മാറി. ചുറ്റും നോക്കിയപ്പോൾ ഇപ്പോൾ ഉള്ളത് ഒരു ആശുപത്രിയിൽ ആണെന്നു മനസിലായി. ഒരു നേഴ്സ് എന്റെ അപ്പുറത്ത് ഒരു കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്.. ഞാൻ അവരെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അവർ കണ്ണ് തുറന്നു എന്നെ നോക്കി.. " ആഹാ.. ഉണർന്നോ? ഇപ്പോൾ എങ്ങനെയുണ്ട്? " കുഴപ്പമില്ല. നല്ല വേദനയുണ്ട്.. "

ഞാൻ പറഞ്ഞപ്പോൾ അവർ സഹതാപപൂർവം ചിരിച്ചു. " സ്റ്റിച്ചും ഓടിവും ഒക്കെ ഇല്ലേ? അതിന്റെയാ.. പിന്നെ ഉണരുമ്പോൾ മഹിയെട്ടനോട് പറയണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ ഓരോ പ്രാവശ്യവും പുറത്തേക്കുന്നു ഇറങ്ങുമ്പോൾ ബോധം വീണോ ബോധം വീണോ എന്ന് ചോദ്യം ആയിരുന്നു. ഞാൻ പോയി വിളിക്കാം" എന്ന് പറഞ്ഞു അവർ പുറത്തേക്കു പോയപ്പോൾ ഞാനും പുറത്തേക്കുള്ള വാതിലിലേക്ക് കണ്ണ് നട്ടു. വാതിൽ തുറന്നു സൂര്യേട്ടൻ കയറി വരുന്നത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു തുടങ്ങി. സൂര്യേട്ടന്റെ കണ്ണുകൾ എന്നിൽ വന്നു തങ്ങി നിന്നു. ആ ചുണ്ടുകളിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിടരുന്നത് ഞാൻ അറിഞ്ഞു. എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു പതിയെ എന്റെ തലയിൽ തലോടി. " ഒത്തിരി വേദനയുണ്ടോ? "

" ഹ്മ്മ് " ഞാൻ മൂളിയപ്പോൾ എന്റെ മുഖത്തേക്ക് ഏട്ടൻ സൂക്ഷിച്ചു നോക്കി. " എന്തിനാ അങ്ങനെ ചാടിയെ? ഒരിത്തിരി നേരം കൂടി കാക്കാൻ പാടില്ലായിരുന്നോ? ഞാൻ വരില്ലായിരുന്നോ? " " സൂര്യേട്ടൻ വരില്ലാന്നു അവൻ പറഞ്ഞു.. ഏതോ പാടത്തു തീയിട്ടുന്നു.. പിന്നെ സൂര്യേട്ടനെ ഉപദ്രവിക്കാൻ ആളെ ആക്കിയിട്ടുണ്ടെന്നും.. " കൊച്ചു കുട്ടികളെ പോലെ വിതുമ്പിക്കൊണ്ട് ഞാൻ അതു പറഞ്ഞപ്പോൾ ഏട്ടൻ എന്റെ നെറ്റിയിൽ പതിയെ ചുംബിച്ചു.. " ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും എന്റെ പെണ്ണിന് ഒരു അപകടം വന്നാൽ ഈ സൂര്യമഹാദേവൻ അവിടെ ഓടി എത്തില്ലേ? ഇത്രയും നാളായിട്ടും അത്രയും പോലും മനസിലായില്ലേ പെണ്ണെ നിനക്ക് എന്നെ? ഇനി ആര് ഇല്ലായെന്ന് പറഞ്ഞാലും വിശ്വസിക്കരുത്.. കേട്ടോ " സൂര്യേട്ടൻ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി.കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ ഞാൻ ഏട്ടനെ തന്നെ നോക്കി ഇരുന്നു. "

എന്താ ഇങ്ങനെ നോക്കുന്നെ? " "ഒന്നുമില്ല.. സമയം എത്രയായി? " പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ടു സൂര്യേട്ടൻ എന്നെ ഒന്ന് നോക്കി.. പിന്നെ വാച്ചിലേക്കു നോക്കി പറഞ്ഞു.. " പതിനൊന്നു കഴിഞ്ഞു.. " " രാത്രിയോ? എത്ര നേരം ഉറങ്ങുകയായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു . സംശയത്തോടെ എന്നെ ഒന്ന് നോക്കി സൂര്യേട്ടൻ അതേയെന്നു തലയാട്ടി. ഞാൻ അനക്കാൻ പറ്റുന്ന കൈ കൊണ്ട് സൂര്യേട്ടനെ അടുത്തേക്ക് വിളിച്ചു.. സൂര്യേട്ടൻ ഒന്നും മനസിലാവാതെ തല എന്റടുത്തേക്ക് കുനിച്ചു.. " ഹാപ്പി ബര്ത്ഡേ സൂര്യേട്ടാ.. " ഞാൻ പറഞ്ഞപ്പോഴാണ് സൂര്യേട്ടനും അതു ഓർത്തതെന്നു തോന്നുന്നു. പിന്നെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. എന്റെ മുഖത്ത് തലോടി കൊണ്ട് എന്റെ മൂക്കിന്റെ തുമ്പിൽ ചുണ്ടമർത്തി.. " താങ്ക് യു പെണ്ണെ.. നിന്റെ സർപ്രൈസ് ഒക്കെ വെള്ളത്തിലായില്ലേ? " അതു പറഞ്ഞപ്പോൾ എനിക്ക് രാവിലത്തെ അമ്പലത്തിലെ കാര്യങ്ങൾ ഒക്കെ ഓർമ വന്നു..

" സൂര്യേട്ടാ.. വിനുവേട്ടൻ.. " ഞാൻ മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ സൂര്യേട്ടൻ എന്റെ ചുണ്ടുകൾക്ക് മീതെ വിരൽ വച്ചു.. " ഇപ്പോൾ ഒന്നും പറയണ്ട.. അതൊക്കെ പറയാൻ ഇനിയും ഒരുപാട് സമയം ഉണ്ട്.. ഇപ്പോൾ തന്നെ നിന്റെ ബിപി കൂടുതൽ ആണ്.. തത്കാലം അതൊന്നും ഓർക്കേണ്ട.. അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.. ഇപ്പോൾ നീ റസ്റ്റ്‌ എടുക്കു.. " ഏട്ടൻ പോകാൻ തുടങ്ങുകയാണ് എന്നെനിക്കു മനസിലായി. വിടാൻ ഇഷ്ടമില്ലാത്ത പോലെ ഞാൻ ഏട്ടനെ നോക്കി.. എന്റെ മനസ്സ് മനസിലാക്കി ഏട്ടൻ പറഞ്ഞു.. "ഞാൻ ദൂരെ എവിടെയും പോകുന്നില്ല.. ഇവിടെ പുറത്തു തന്നെ ഉണ്ട്.. നിന്നെ റൂമിലേക്ക്‌ മാറ്റി കഴിഞ്ഞാൽ പിന്നെ എപ്പോഴും നിന്റെ അടുത്തു തന്നെയുണ്ടാവും.. ". " എന്നാൽ എന്നെ ഇപ്പോൾ തന്നെ റൂമിലേക്ക്‌ മാറ്റാൻ പറ.. " എന്റെ മറുപടി കേട്ടതും ആ ചുണ്ടിൽ പിന്നെയും ഒരു പുഞ്ചിരി മിന്നി മാഞ്ഞു.. "

അതൊക്കെ ഡോക്ടർ പറയുമ്പോലെ മാറ്റികൊള്ളും.. ഇപ്പോൾ നീ അവിടെ അടങ്ങി കിടക്കാൻ നോക്കു.. " ചുണ്ടിലെ ചിരി മാറ്റി ഗൗരവം വരുത്തി അതും പറഞ്ഞു എന്റെ നെറ്റിയിൽ ഒരു കുഞ്ഞുമ്മ തന്നു സൂര്യേട്ടൻ പോകാൻ ഇറങ്ങിയപ്പോൾ ഞാൻ കണ്ണുകളിൽ പരിഭവം നിറച്ചു കിടന്നു. ഡോർ തുറന്നു പുറത്തേക്കു ഇറങ്ങുന്നതിനു മുന്നേ എന്നെ നോക്കി ഒന്ന് കൂടി കണ്ണടച്ചു കാണിക്കാൻ മറന്നില്ല. സൂര്യേട്ടനെ പുറത്താക്കി വാതിൽ അടഞ്ഞപ്പോൾ ഞാൻ കണ്ണടച്ച് കിടന്നു. ഏട്ടനെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലേ കുറെ വേദന മാറി കിട്ടിയ പോലെ. എങ്കിലും അറിഞ്ഞ ചില സത്യങ്ങൾ ഉള്ളു പൊളിയ്ക്കുന്നു. സന്ദീപ് ഇപ്പോൾ എവിടെ ആവും? സൂര്യേട്ടന്റെ കയ്യിൽ പെടാതെ അവൻ രക്ഷപെട്ടിട്ടുണ്ടാവുമോ? ഇതിനെ പറ്റി ഒക്കെ പിന്നീട് സംസാരിക്കാം എന്നല്ലേ ഏട്ടൻ പറഞ്ഞത്? എന്തായാലും പിന്നെ ചോദിച്ചു നോക്കാം.. കാളിയമ്മയും മണിയണ്ണനും ഒക്കെ എന്തിയെ ആവോ?

എന്തായാലും എനിക്കപകടം പറ്റി എന്നറിഞ്ഞാൽ അവർ വരാതെ ഇരിക്കില്ല. അതൊന്നും ചോദിക്കാനും പറ്റിയില്ല.. ഓരോന്നോർത്തു കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ റൂമിലേക്ക്‌ മാറ്റി. അന്ന് എന്നെ എല്ലാവരും കാണാൻ വന്നു. എല്ലാവരെയും കണ്ടപ്പോൾ കുറച്ചൊരു സമാധാനം. സൂര്യേട്ടനും കാളിയമ്മയും എന്നോടൊപ്പം നിന്നു.രാത്രി ഒരാൾ നിന്നാൽ മതി എന്ന് പറഞ്ഞു സൂര്യേട്ടൻ കാളിയമ്മയെയും വീട്ടിലേക്കു പറഞ്ഞു വിട്ടു. വലത്തേ കൈ ഒടിഞ്ഞത് കൊണ്ട് ഭക്ഷണം സ്വയം കഴിക്കാൻ വയ്യാരുന്നു. കഞ്ഞി സൂര്യട്ടനാണ് എനിക്ക് കോരി തന്നത്..കഴിഞ്ഞ രണ്ടു ദിവസമായി മനസ്സിൽ ഉറഞ്ഞു കൂടിയിരുന്ന സംശയങ്ങൾ തീർക്കാനുള്ള സമയം ആയെന്നു എനിക്ക് തോന്നി.. എനിക്ക് കഞ്ഞി തന്നു കഴിഞ്ഞു പത്രം ഒക്കെ കഴുകി വച്ചു ഏട്ടൻ എന്റെ അടുത്തു വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു.. " സൂര്യേട്ടാ..? "

" ഹ്മ്മ്.. " " അന്ന് എന്നെ കാണാനില്ലയെന്നു ഏട്ടൻ എപ്പോളാ മനസിലാക്കിയതു ? ഞാൻ സന്ദീപിന്റെ പിടിയിലാണെന്ന് ഏട്ടൻ എങ്ങനെയാണ് അറിഞ്ഞത്? " " അതു.. അമ്പലത്തിന്റെ രുദ്രാക്ഷമരത്തിന്റെ ചുവട്ടിൽ ഇരിക്കാറുള്ള ആ സന്യാസിനി വന്നു പറഞ്ഞു നിന്നെ ആരൊക്കെയോ ചേർന്ന് കാറിൽ കയറ്റി കൊണ്ട് പോയെന്നു.. " അന്ന് എന്നെയും വിനുവേട്ടനെയും അവർ സംശയത്തോടെ നോക്കുന്നത് കണ്ടു എനിക്ക് മനസ്സിൽ ദേഷ്യം തോന്നിയത് ഞാൻ ഓർത്തു.പക്ഷെ അന്ന് അവർ എന്നെ സംശയിച്ചത് അല്ലായിരുന്നു. എന്നെ അന്ന് അവർ കണ്ടത് കൊണ്ടാണ് സൂര്യേട്ടന് എന്നെ രക്ഷിക്കനായതു..അവരുമായി എന്തോ അടുപ്പമുണ്ടെന്ന തോന്നൽ എന്നിൽ ശക്തമായി. നടക്കാറാവുമ്പോൾ അവരോടു പോയി ഒരു നന്ദി പറയണം എന്ന് ഞാൻ അപ്പോഴേ ഉറപ്പിച്ചു. " എന്നിട്ട്? " "പിന്നെ വിനുവാണ് നിന്നെ അവരുടെ അടുത്തു എത്തിച്ചതെന്നും.. അപ്പോഴേ സംശയം ഉണ്ടായിരുന്നു സന്ദീപിനെ.. പിന്നെ വിനു പറഞ്ഞപ്പോൾ.. " വിനുവേട്ടനെ സൂര്യേട്ടൻ കണ്ടിരുന്നോ? എന്നിട്ട്... "

വിനുവേട്ടനുമായി വഴക്കുണ്ടായി കാണുമോ എന്ന് ഞാൻ ഭയന്നു .. " എന്നിട്ടൊന്നുമില്ല.. ഇനി എനിക്ക് അവനെ കാണണ്ടയെന്നു ഞാൻ പറഞ്ഞു.. " ദേഷ്യത്തോടെയാണ് സൂര്യേട്ടൻ അതു പറഞ്ഞതെങ്കിലും എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു കൂട്ടുകാരന്റെ വഞ്ചന സൂര്യേട്ടനെ വേദനിപ്പിച്ചിട്ടുണ്ടെന്നു.. " വിദ്യയേയും കുഞ്ഞിനേയും കൊന്നു കളഞ്ഞു അതൊരു അപകടം ആക്കിത്തീർക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് വിനുവേട്ടനെ കൊണ്ട് സന്ദീപ് ഇതെല്ലാം ചെയ്യിപ്പിച്ചത്.. വിനുവേട്ടൻ ആദ്യമൊന്നും സമ്മതിച്ചില്ലായിരുന്നു. പിന്നെ വിദ്യയേയും കുഞ്ഞിനേയും ഓർത്തു പേടിച്ചിട്ടാണ് അങ്ങനെ ചെയ്തത്.. സന്ദീപ് എന്നോട് പറഞ്ഞതാണ്. " സൂര്യേട്ടൻ ഒന്നും മിണ്ടിയില്ല. ആ മനസ്സിൽ എന്താണെന്ന് മുഖത്ത് നോക്കി എനിക്ക് അറിയാനും പറ്റുന്നുണ്ടായിരുന്നില്ല. ചോദിച്ചാലും സൂര്യേട്ടൻ എന്നോട് പറയുമെന്ന് എനിക്ക് തോന്നിയില്ല. അതു കൊണ്ട് ഞാൻ ആ വിഷയം മാറ്റി.. " എന്നെ കാണാനില്ലന്ന് സൂര്യേട്ടൻ അറിയാതിരിക്കാൻ ഏട്ടന്റെ ശ്രദ്ധ തിരിക്കാൻ സന്ദീപാണ് തെക്കെപാടത്തിനു തീയിട്ടത്..

" " ഹ്മ്മ് .. " മറുപടിയായി ഒരു മൂളൽ മാത്രം..അതിൽ നിന്നു ആ കാര്യങ്ങളെല്ലാം സൂര്യേട്ടൻ അറിഞ്ഞിട്ടുണ്ടെന്നു എനിക്ക് മനസിലായി.. " ഏട്ടൻ പിന്നെ സന്ദീപിനെ കാണാൻ പോയിരുന്നോ? " കുറച്ചു നേരത്തേക്ക് ഏട്ടൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നു.. പിന്നെ പറഞ്ഞു "ആ.. പോയിരുന്നു... " " എന്നിട്ട്? " " എന്നിട്ടൊന്നുമില്ല.. മര്യാദക്ക് ജീവിക്കാൻ ഒരു നല്ല വാണിംഗ് കൊടുത്തു വിട്ടു.. " ഞാൻ സൂര്യേട്ടന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.. ഏട്ടനാണെങ്കിൽ എന്റെ മുഖത്ത് അല്ലാതെ മറ്റു എല്ലായിടത്തും നോക്കുന്നുണ്ട് .. ഞാൻ എന്റെ ഇടത്തെ കൈ ഏട്ടന് നേരെ നീട്ടിയപ്പോൾ ഏട്ടൻ അതിൽ പിടിച്ചു എന്റെ അടുത്തു കട്ടിലിൽ വന്നിരുന്നു. ഞാൻ ഏട്ടന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. " സ്വന്തം ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ ഗുണദോഷിച്ചു വിടാനും മാത്രം പാവം ഒന്നുമല്ല എന്റെ കെട്ടിയവൻ എന്നെനിക്കു നന്നായി അറിയാം..

അതു കൊണ്ട് മര്യാദക്ക് പറഞ്ഞോ.. അവനു എന്താ പറ്റിയതെന്നു? " " എന്ത് പറ്റാൻ? നന്നായി ഒന്ന് പെരുമാറി വിട്ടു.. ഇനി ഈ നാട്ടിൽ കണ്ടു പോകരുത് എന്നും പറഞ്ഞു.. അതും സമ്മതിച്ചു അവൻ ഇവിടുന്നു പോയി.. അത്ര തന്നെ.. ഇനി ആർക്കും അവനെ കൊണ്ട് ശല്യം ഉണ്ടാവില്ല.. " സൂര്യേട്ടൻ എന്റെ മുഖത്ത് നോക്കിയാണ് അത്രയും പറഞ്ഞത്. എന്നിട്ടും ഏട്ടൻ എന്തൊക്കെയോ മറച്ചു വയ്ക്കുകയാണ് എന്നിട്ടും എനിക്ക് തോന്നി.. " അപ്പോൾ വിദ്യയും കുഞ്ഞും..? " " അവനെ പോലെ ഒരുത്തൻ ഉള്ളതിനേക്കാൾ ഇല്ലാത്തതാണ് അവർക്കു നല്ലതെന്നു എനിക്ക് തോന്നി. അവരെ ഓർത്തു ഒരുപാടു അവസരങ്ങൾ ഞാൻ അവനു കൊടുത്തതാണ്.. പക്ഷെ അവൻ നന്നായില്ല. പിന്നെ എന്താ ചെയ്യാ? " " സന്ദീപ് എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു.. " എന്ത് കാര്യങ്ങൾ എന്ന മട്ടിൽ സൂര്യേട്ടൻ എന്നെ സംശയത്തോടെ നോക്കി. " സന്ദീപും.. സുധിമാമനും ചെറിയമ്മയും.. അവര് എന്നെ...വിൽക്കാൻ വേണ്ടി.. " മുഴുവനും പറയാൻ കഴിയാതെ ഞാൻ വിതുമ്പി .

വിതുമ്പലിലാണ് തുടങ്ങിയതെങ്കിലും പതുക്കെ പതുക്കെ അതു കരച്ചിലിലേക്ക് വഴി മാറി. ഇത് അവന്റെ വായിൽ നിന്നു കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഭാരം ഞാൻ ഒഴുക്കി കളയുക ആയിരുന്നു. അതിനു അനുവദിച്ചു കൊണ്ട് സൂര്യേട്ടൻ എന്നെ ചേർത്തു പിടിച്ചു എന്റെ തലയിൽ മെല്ലെ തലോടികൊണ്ടിരുന്നു. കുറെ അധികം സമയം എടുത്തു അതു പെയ്തു തീരാൻ. അതു വരെയും ഏട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ടും.. എന്റെ ഉള്ളൊന്നു ശാന്തം ആയി എന്ന് തോന്നിയപ്പോൾ ഏട്ടൻ എന്നെ വീണ്ടും തലയിണയിലേക്കു ചാരി ഇരുത്തി.. "സാരമില്ല.. കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ? ഇനി നിന്നെ ആരും ഒന്നും ചെയ്യാൻ വരില്ല.. അതിനു ഞാൻ സമ്മതിക്കില്ല.. ഇതൊക്കെ ഒരു ദുസ്വപ്നം പോലെ മറന്നു കളഞ്ഞാൽ മതി.. " ഞാൻ എന്തോ പറയാൻ തുടങ്ങിയെങ്കിലും അതു പറയാതെ ഞാൻ സൂര്യേട്ടന്റെ മുഖത്തേക്ക് നോക്കി..

സന്ദീപും സുധി മാമനും കൂടി എന്നോട് ചെയ്ത ചതി എന്താണെന്ന് ഞാൻ പറഞ്ഞില്ലായിരുന്നു. പക്ഷെ എല്ലാം അറിയാവുന്ന പോലെയാണ് ഏട്ടൻ സംസാരിക്കുന്നത്.. " സൂര്യേട്ടന് അറിയാമായിരുന്നോ? " " ഹ്മ്മ് " " എങ്ങനെ? " " ഞാൻ നിന്നെ താലി കെട്ടി കഴിഞ്ഞു പിറ്റേ ദിവസം ഞാൻ അവരെ കാണാൻ പോയിരുന്നു എന്ന് പറഞ്ഞില്ലേ? സന്ദീപിന്റെ സ്വഭാവം നേരത്തെ അറിയുന്നത് കൊണ്ട് എന്തായാലും അവനു നിന്നോട് ദിവ്യ പ്രേമം ഒന്നും ആവില്ലയെന്നു എനിക്ക് അറിയാമായിരുന്നു. അതു കൊണ്ട് ഞാൻ എന്റെ ചില സുഹൃത്തുക്കൾ വഴി നിന്റെ മാമനെ പറ്റിയും ഒന്ന് അന്വേഷിച്ചു.. അങ്ങനെ കിട്ടിയ വിവരങ്ങൾ വച്ചു നോക്കിയപ്പോൾ സന്ദീപും അയാളും കൂടി നിനക്ക് കെണി ഒരുക്കിയതാണെന്ന് എനിക്ക് തോന്നിയിരുന്നു. നീ എന്റെ അടുത്തുണ്ടെന്നു ഞാൻ അവരുടെ അടുത്തു ചെന്നു പറഞ്ഞപ്പോഴുള്ള അവരുടെ ഭാവവും കൂടി കണ്ടപ്പോൾ എന്റെ സംശയം ശരിയാണെന്നു എനിക്ക് ഒന്നുടെ ബോധ്യമായി. പിന്നെ... "

സൂര്യേട്ടൻ പറയാതെ ആകുലതയോടെ എന്നെ നോക്കി.. കേൾക്കാൻ പോകുന്നത് നല്ല കാര്യമൊന്നും അല്ല എന്ന് ഉറപ്പുണ്ടായിട്ടും അതും കൂടി കേൾക്കണമെന്ന് മനസ്സ് പറഞ്ഞു. അറിയാനുള്ളതൊക്കെ അറിഞ്ഞിട്ടു വേണം ഇതൊക്കെ ഒന്ന് കുഴിച്ചു മൂടാൻ. " പിന്നെ? " " പിന്നെ ഞാൻ അവരെ കാണാൻ ചെന്നു കുറച്ചു ദിവസത്തിന് ശേഷം ഒരു ദിവസം നിന്റെ സുധി മാമൻ എന്നെ കാണാൻ വന്നിരുന്നു. നിന്നെ അയാൾക്ക്‌ വിട്ടു കൊടുത്താൽ ചോദിക്കുന്ന പൈസ തരാം എന്നൊക്കെ പറഞ്ഞു. അതിനുള്ള മറുപടി അന്നേ അയാൾക്ക്‌ കൊടുത്തു വിടുകയും ചെയ്തു . ഇനി എന്തായാലും അയാൾ നിന്നെ അന്വേഷിച്ചു വരില്ല.. " ഞാൻ ഒന്നും പറഞ്ഞില്ല. സൂര്യേട്ടന് എല്ലാം അറിയാമായിരുന്നു. " എന്നോടെന്താ ഒന്നും പറയാതിരുന്നത്? " " പറയണം എന്നുണ്ടായിരുന്നു. പക്ഷെ ആദ്യമൊന്നും ഞാൻ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ല എന്ന അവസ്ഥ ആയിരുന്നു.

പിന്നീട് അതു മാറി എങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ നീ വിഷമിക്കും എന്ന് അറിയാമായിരുന്നു. അന്ന് ഞാൻ നിന്നോട് നിന്റെ ചെറിയമ്മയും അനിയത്തിയും നിന്നെ വേണ്ട എന്ന് പറഞ്ഞു എന്നറിഞ്ഞപ്പോൾ തന്നെ നിന്റെ വിഷമം ഞാൻ കണ്ടതാണ്. ഇനിയും നിന്നെ വിഷമിപ്പിക്കാൻ എനിക്ക് മനസ്സ് വരുന്നുണ്ടായിരുന്നില്ല.. അതു കൊണ്ടാണ് ഞാൻ.. " സൂര്യേട്ടൻ എന്നെ നോക്കിയപ്പോഴും ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നതേ ഉള്ളു. എന്റെ കണ്ണിൽ നിന്നു കണ്ണുനീർ മാത്രം ഒലിച്ചിറങ്ങി കൊണ്ടിരുന്നു. ഏട്ടൻ എന്റെ മുഖം പതിയെ ഉയർത്തി എന്റെ കണ്ണീർ തുടച്ചു തന്നു.. " നീ ഇങ്ങനെ വിഷമിക്കല്ലേ മോളെ.. നിന്റെ വിഷമം കാണാൻ വയ്യാത്തത് കൊണ്ടല്ലേ ഞാൻ.. എന്തിനാടാ വിഷമിക്കുന്നേ? നിനക്ക് ഞാനില്ലേ? ഇനി എന്നും ഉണ്ടാവും.. കൂടെ തന്നെ.. " സൂര്യേട്ടൻ എന്നെ ചേർത്തു പിടിച്ചു എന്നെ ഉമ്മ വച്ചു കൊണ്ട് അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സും നിറഞ്ഞിരുന്നു.

ഏട്ടനെ എന്റെ അടുത്തു നിന്നും എങ്ങും വിടാൻ ഇഷ്ടമില്ലാത്ത പോലെ ഞാൻ എന്റെ ഇടത്തെ കൈ കൊണ്ട് ഏട്ടന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു. അതു മനസിലായ പോലെ ഏട്ടനും എന്റെ മുറിവുകളിൽ ഒന്നും തട്ടാതെയും മുട്ടാതെയും ഏട്ടനെ കൊണ്ട് പറ്റുന്ന പോലെ എന്നെയും ഒന്ന് കൂടി ചേർത്തു പിടിച്ചു. എത്ര നേരം ഞങ്ങൾ അങ്ങനെ ഇരുന്നുന്നു അറിയില്ല . കുറെ നേരത്തിനു ശേഷം ഏട്ടൻ തന്നെ എന്നെ തന്നിൽ നിന്നു മാറ്റി തലയിണയിലേക്കു കടത്തി.. " ഇനി മതി വർത്തമാനം പറഞ്ഞത്.. ഉറങ്ങാൻ നോക്കു.. " എന്റെ തലയിൽ തലോടി കൊണ്ട് ഏട്ടൻ അതു പറഞ്ഞപ്പോഴും ആ ചൂടിൽ നിന്നു മാറാനുള്ള മടിയിലായിരുന്നു ഞാൻ. " ഞാൻ എങ്ങും പോവില്ല.. നിന്റെ കൂടെ ഇവിടെ തന്നെയുണ്ട്.. നീ സമാധാനമായി ഉറങ്ങിക്കോ " ആ പറഞ്ഞതിലെ ആത്മാർത്ഥതയും സത്യസന്ധതയും അറിയാവുന്നതു കൊണ്ട് ഞാൻ കണ്ണുകൾ അടച്ചു.

അധികം വൈകാതെ ഉറങ്ങി പോവുമ്പോഴും എന്റെ തലയിലൂടെ മെല്ലെ തഴുകുന്ന ആ കൈകളെ ഞാൻ അറിയുന്നുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ആശുപത്രി വാസത്തിന്റെ ദിനങ്ങൾ ആയിരുന്നു. കാളിയമ്മ ഉണ്ടെങ്കിലും ഏട്ടൻ ഉള്ളപ്പോൾ സൂര്യേട്ടൻ തന്നെയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. എനിക്ക് ഭക്ഷണം കഴിക്കാനും നടക്കാനും അടക്കം എല്ലാത്തിനും പരസഹായം വേണ്ട ഒരു അവസ്ഥയായിരുന്നു. ഒരു കുഞ്ഞിനെ നോക്കുന്ന പോലെ ഭക്ഷണം വാരിത്തന്നും ബാത്റൂമിലേക്കു കയ്യിൽ കോരി എടുത്തു കൊണ്ട് പോയും ഏട്ടൻ എന്നെ നോക്കി. കാശിയേട്ടനും കാവ്യയും വിഷ്ണുവേട്ടനുമൊക്കെ അവിടുത്തെ സ്ഥിരം സന്ദർശകർ ആയിരുന്നു. കാവ്യയും കാശിയേട്ടനും എന്നും വരുമായിരുന്നു. കാവ്യയുടെ അമ്മയാണ് ഞങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സ്നേഹിക്കപ്പെടുന്നത് ആദ്യമായിരുന്നു. അതു ഞാൻ ആവോളം ആസ്വദിച്ചു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു..

അന്ന് വിഷ്ണുവേട്ടനും ഗായത്രി ചേച്ചിയും അമ്പാടിയും കൂടി എന്നെ കാണാൻ വന്നിട്ടുണ്ടായിരുന്നു.. അതു കൊണ്ട് തന്നെ മുറിയിൽ നല്ല ബഹളവും ഉണ്ടായിരുന്നു. പെട്ടെന്നാണ് മുറിയുടെ വാതിൽ തുറന്നു കുറച്ചു പോലീസുകാർ അകത്തേക്ക് കയറി വന്നത്.. അവരെ കണ്ടതും എല്ലാവരും അതിശയത്തോടെ എണീക്കുന്നത് കണ്ടു.. സൂര്യേട്ടനും കാശിയേട്ടനും വിഷ്ണുവേട്ടനും അന്യോന്യം നോക്കുന്നതും എന്തൊക്കെയോ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നതും കണ്ടു.. എന്റെ മനസ്സിൽ അപയസൂചനകൾ മുഴങ്ങാൻ തുടങ്ങി. " ആരാണ് സൂര്യമഹാദേവൻ? " വന്ന പോലീസുകാരിൽ ഒരാൾ അവിടെ എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.. " ഞാനാണ് സാർ.. " സൂര്യേട്ടൻ മുന്നിലേക്ക്‌ നീങ്ങി നിന്നു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.. " നിങ്ങളെ പറ്റി ഒരു പരാതി കിട്ടിയിട്ടുണ്ട്.. സന്ദീപ് എന്നൊരു ചെറുപ്പക്കാരൻ കഴിഞ്ഞ ഒരാഴ്ചയായി മിസിങ് ആണ്.

അയാളുടെ വീട്ടുകാർ പറയുന്നത് നിങ്ങളാണ് അതിനു പിന്നിൽ എന്നാണ്.. നിങ്ങൾ അയാളെ ഏതോ രീതിയിൽ അപയപെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്.അവർ കുറെ കാരണങ്ങളും പറയുന്നുണ്ട്.. പലപ്പോഴും സൂര്യൻ സന്ദീപിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും രണ്ടു പ്രാവശ്യം അയാളുടെ കല്യാണം മുടക്കിയെന്നും ഒക്കെയാണ് പറയുന്നത്. ഞങ്ങൾ ഒന്ന് അന്വേഷിച്ചപ്പോൾ അതിൽ കുറച്ചു സത്യം ഉണ്ടെന്നു മനസിലായി. സൂര്യനോട് അതിനെ പറ്റി ഒക്കെ ഒന്ന് സംസാരിക്കണം ആയിരുന്നു. അതു കൊണ്ട് ഞങ്ങളോടൊപ്പം സ്റ്റേഷനിൽ ഒന്ന് വരേണ്ടി വരും.. " സന്ദീപ് ഒരാഴ്ചയായി മിസ്സിംഗ്‌ ആണെന്നോ? സൂര്യേട്ടൻ അയാളെ എന്താവും ചെയ്തിട്ടുണ്ടാവുക.. ഞാൻ പേടിയോടെ അവരെ തന്നെ നോക്കി കിടന്നു.. എന്നാൽ ഇതൊക്കെ കേട്ടിട്ടും സൂര്യേട്ടന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. " ഞാൻ വരാം സാർ.. ഒരു മിനിറ്റ്.. ഞാൻ എന്റെ ഭാര്യയോട് ഒന്ന് പറഞ്ഞിട്ട് വരാം "

സൂര്യേട്ടൻ എന്റെ അടുത്തേക്ക് വന്നു എന്റെ അടുത്തേക്ക് കുനിഞ്ഞു നിന്നു.. " പേടിക്കേണ്ട.. എനിക്കൊരു കുഴപ്പവും ഇല്ല.. ഞാൻ പെട്ടെന്ന് വരും.. അതു വരെ ഭക്ഷണവും മരുന്നുമൊക്കെ കഴിച്ചു റസ്റ്റ്‌ എടുത്തു മിടുക്കി ആയി ഇരിക്കണം.. കേട്ടല്ലോ? " അറിയാതെ ആണെങ്കിലും ഞാൻ തലയാട്ടി പോയി. എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു വിഷ്ണുവേട്ടനെയും കാശിയേട്ടനെയും ഒന്ന് നോക്കി സൂര്യേട്ടൻ അവരോടൊപ്പം പോകുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കി ഇരുന്നു.. " ഇതേതു പോലീസുകാർ ആണ്.. നമ്മുടെ സ്റ്റേഷനിൽ ഉള്ളവർ അല്ലല്ലോ? " അവർ പോയി കഴിഞ്ഞപ്പോൾ കാശിയേട്ടൻ വിഷ്ണുവേട്ടനോട് പറഞ്ഞു.. " അറിയില്ല.. ഞാൻ നമ്മുടെ സ്റ്റേഷനിൽ ദിനേശ് സാറിനെ ഒന്ന് വിളിച്ചു നോക്കട്ടെ.. " വിഷ്ണുവേട്ടൻ ഫോണുമായി പുറത്തേക്കു പോകുന്നത് ഞാൻ കണ്ടു.. എന്തായിരിക്കും സംഭവിക്കുക എന്നറിയാതെ നെഞ്ചിടിപ്പോടെ ഞാൻ അവിടെ ഇരുന്നു.

അപ്പോഴേക്കും സൂര്യേട്ടനെ പോലിസ് കൊണ്ട് പോകുന്നത് കണ്ടു ഹോസ്പിറ്റലിൽ ഉള്ള കുറെ ആളുകൾ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഞങ്ങളുടെ മുറിയിലേക്ക് വരികയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വിളി അവസാനിപ്പിച്ചു വിഷ്ണുവേട്ടൻ മുറിയിലേക്ക് വന്നു.. വിഷ്ണുവേട്ടന്റെ മുഖത്ത് നിന്നു അവിടുന്ന് അറിഞ്ഞതൊന്നും അത്ര നല്ല കാര്യമല്ല എന്ന് എനിക്ക് മനസിലായി.. " ദിനേശ് സാറിന് ഒന്നും അറിയില്ല എന്നാണ് പറയുന്നത്.. ഇവിടുത്തെ സ്റ്റേഷനിൽ മഹിക്കെതിരെ അങ്ങനെ പരാതിയൊന്നും കിട്ടിയിട്ടില്ലായെന്നു. ദിനേശ് സാർ ഒന്ന് അന്വേഷിച്ചിട്ട് പറയാമെന്നു പറഞ്ഞിട്ടുണ്ട്.. " " ഇവിടുത്തെ സ്റ്റേഷനിൽ അല്ലെങ്കിൽ പിന്നെ എവിടെയായിരിക്കും പരാതി കൊടുത്തിട്ടുണ്ടാവുക? " കാശിയേട്ടൻ ചോദിച്ചതും പിറകിൽ നിന്നൊരു ചിരി കേട്ടു.. " അതോ.. അങ്ങ് കമ്മീഷണർ ഓഫീസിലാണ് അവനെ പറ്റിയുള്ള പരാതി പോയിരിക്കുന്നത്..

ഇപ്പോൾ ഇവിടെ വന്നു അവനെയും കൊണ്ട് പോയത് അവിടുത്തെ പോലീസുകാർ ആണ്.. ഇവിടുത്തെ പോലീസുകാർക്ക് പരാതി കൊടുത്താൽ അവർ സൂര്യമഹാദേവനെ ഒന്നും ചെയ്യാൻ പോകുന്നില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ചെയ്തതാണ്. ഇപ്പോഴത്തെ കമ്മീഷണർ ഒരു പുതിയ പയ്യനാണ്.. അവനു ഇവിടുത്തെ കാര്യങ്ങളൊന്നും വലിയ പിടി ഇല്ല.. പക്ഷെ കുറ്റം ചെയ്യുന്നവരെ വച്ചോണ്ടൊരിക്കുകയും ഇല്ല. ഇപ്പോൾ മഹിയാണ് അവന്റെ മുന്നിലെ കുറ്റക്കാരൻ.. " ഞങ്ങളുടെ മുറിയിലേക്ക് ക്രൂരമായ ഒരു ചിരിയുമായി കയറി വന്ന് കൊണ്ട് നീലാംബരി അമ്മ പറഞ്ഞു. കൂടെ അവരുടെ വിശ്വസ്തനായ കാര്യസ്ഥൻ ശേഖരനും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ തന്നെ സൂര്യേട്ടനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചതിനു പിന്നിൽ അവരാണെന്നു ഞങ്ങൾക്ക് മനസിലായി.. നീലാംബരി അമ്മ നേരെ എന്റെ അടുത്തേക്കാണ് വന്നത്.. അവരുടെ മുഖത്ത് നിറയെ എന്നോടുള്ള പുച്ഛവും ദേഷ്യവും എനിക്ക് കാണാമായിരുന്നു. "

മഹിയുടെ ഭാര്യ വയ്യാതെ ആശുപത്രിയിൽ ആണെന്ന് ഞാൻ അറിഞ്ഞിരുന്നു . ഈ സമയത്തു തന്നെ അവനെ ഇങ്ങനെ പോലീസുകാർ വന്നു കൊണ്ട് പോയത് കഷ്ടമായി പോയി..അല്ല ഈ നാട്ടിൽ എല്ലാവരും പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സൂര്യമഹാദേവന്റെ ഭാര്യയോട് ആരാ ഇങ്ങനെയൊക്കെ ചെയ്യാൻ എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.. " ഒന്നും അറിയാത്ത പോലെ താടിക്ക് കയ്യും കൊടുത്തു കൊണ്ട് അവർ പറഞ്ഞു.. " ആരാണെന്നു നിങ്ങളുടെ മരുമകനോട് പോയി ചോദിച്ചാൽ മതി.. അവൻ പറഞ്ഞു തരും വിശദമായിട്ട്.. " ഞാൻ ദേഷ്യത്തോടെ മറുപടി പറഞ്ഞതും അവർ പിന്നെയും ചിരിച്ചു.. " ചോദിക്കാമായിരുന്നു.. പക്ഷെ അവനെ കണ്ടു കിട്ടണ്ടേ? സാരമില്ല.. എന്തായാലും അതിനാണ് ഞങ്ങൾ പോലീസിനെ വിളിച്ചു അന്വേഷിപ്പിക്കുന്നത്.. അവർ അന്വേഷിച്ചു കഴിയുമ്പോൾ അവനു എന്താണ് സംഭവിച്ചതെന്ന് വെളിയിൽ വരും.. അപ്പോൾ അറിയാം.. "

അതും പറഞ്ഞു അവർ തിരികെ നടക്കാനായി തുടങ്ങി വിഷ്ണു ദത്തന്റെ മുന്നിൽ ചെന്നു നിന്നു.. " മഹിക്ക് നല്ല ഒരു കെണി തന്നെയാണ് ഞാൻ ഒരുക്കിയിട്ടുള്ളത്.. സാക്ഷികളും തെളിവുകളും എല്ലാം കൊടുത്തിട്ടുണ്ട്.. അതു പൊട്ടിച്ചു അവൻ അത്ര പെട്ടെന്നൊന്നും വെളിയിൽ വരില്ല..മഹിയുടെ സഹായം ഇല്ലാതെ വിഷ്ണു ദത്തനും അധികം ആയുസ്സില്ലാ.. നീ കരുതി ഇരുന്നോ.. " അതു കേട്ടപ്പോൾ വിഷ്ണുവേട്ടൻ ചിരിക്കുകയാണ് ചെയ്തത്.. " ഒരു കമ്മീഷണറേയും രണ്ടു പോലീസുകാരെയും കൊണ്ട് മഹിയെ അങ്ങ് പൂട്ടി കളയാം എന്ന് നിങ്ങൾ അല്ലാതെ മറ്റാരെങ്കിലും കരുതുമോ എന്റെ നീലാംബരി ദേവി?

നിങ്ങൾ നോക്കിക്കോ.. 24 മണിക്കൂറിനുള്ളിൽ ഒരു പോറൽ പോലും ഏൽക്കാതെ എന്റെ ചെറുക്കൻ ഇവിടെ ഉണ്ടാവും.. ഇത് മാണിക്യമംഗലത്തെ വിഷ്ണു ദത്തന്റെ വാക്കാണ്.. നിങ്ങൾ നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തോളു.. " അവർ വിഷ്ണുവേട്ടനെ വല്ലാത്ത ഒരു നോട്ടം നോക്കി.. " നമുക്ക് കാണാം..മാണിക്യമംഗലത്തെ വിഷ്ണു ദത്താനാണോ കല്പകശ്ശേരിയിലെ മാനവേന്ദ്രൻ ആണോ ജയിക്കുന്നത് എന്ന്.. " അതും പറഞ്ഞു തന്റെ കാര്യസ്ഥനെയും കൂട്ടി അവർ പുറത്തേക്കിറങ്ങി പോയി......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story