സൂര്യപാർവണം: ഭാഗം 19

surya parvanam

രചന: നിള നിരഞ്ജൻ

മഹിയെ അവർ നേരെ കമ്മീഷണർ ഓഫീസിലേക്കാണ് കൊണ്ട് വന്നത്. ജീപ്പിൽ നിന്നിറങ്ങി മഹി ചുറ്റും നോക്കി. "ആര്യൻ ദേവ്, ഐ പി എസ് സിറ്റി പോലിസ് കമ്മീഷണർ " പുറത്തെ ബോർഡ്‌ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു. എന്തായാലും തന്നെ പിടിച്ചു കൊണ്ട് വന്നത് നമ്മുടെ പരിചയത്തിലുള്ള പോലീസുകാരല്ല എന്ന് അവനു ആദ്യമേ മനസ്സിലായിരുന്നു.. പിന്നെ എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നതു എന്ന് മാത്രമേ സംശയം ഉണ്ടായിരുന്നുള്ളു.. ആ സംശയം ഇപ്പോൾ മാറി കിട്ടി. അപ്പോൾ കമ്മീഷണറെയാണ് കല്പകശ്ശേരിക്കാർ പിടിച്ചിരിക്കുന്നത്.. എന്തായാലും ഇയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് നോക്കാം.. അതു കഴിഞ്ഞു എന്ത് വേണമെന്ന് തീരുമാനിക്കാം.. അവൻ മനസ്സിൽ ഓർത്തു കൊണ്ട് ചുറ്റും നിരീക്ഷിച്ചു കൊണ്ട് അവിടെ നിന്നു. അവനെ അവിടെ കൊണ്ട് വന്ന പോലീസുകാരും അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. മാൻ മിസ്സിംഗ്‌ കേസിൽ അറസ്റ്റ് ചെയ്തു കൊണ്ട് വന്നിട്ടും അവനു ഒരു കൂസലൂം ഇല്ല. ഹോസ്പിറ്റലിൽ ചെന്നു അവനോടു കാര്യം പറഞ്ഞപ്പോഴും എത്ര കൂൾ ആയിട്ടാണ് അവൻ തങ്ങളോടൊപ്പം വന്നത്.. ഇവന്റെ കൂസലില്ലായ്മ ഒക്കെ സാറിനെ കാണുന്നത് വരെയേ ഉണ്ടാവൂ.. അവർ മനസ്സിൽ ഓർത്തു.. നല്ല വിശാലമായ ഒരു ഓഫീസ് ആയിരുന്നു പാലക്കാട്‌ കമ്മീഷണരുടേത്.

കുറെ പോലീസുകാർ പല കാര്യങ്ങൾക്കായി അവിടെയും ഇവിടെയും ഓടി നടക്കുന്നു.തന്നെ ഇവിടെ കൊണ്ട് വന്ന പോലീസുകാർ അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അവരിൽ ഒരാൾ കമ്മീഷണരുടെ മുറിക്കു മുന്നിൽ കാവൽ നിൽക്കുന്ന ആളോട് ചോദിക്കുന്നത് മഹി കേട്ടു.. " കമ്മീഷണർ സാർ അകത്തില്ലേ? " " ഉണ്ട്.. സാറിന്റെ അമ്മ സാറിനെ കാണാൻ വന്നിട്ടുണ്ട്.. അതാ നിങ്ങളെ വിളിക്കാത്തത്. " അയാൾ അതു പറഞ്ഞു അധികം കഴിയുന്നതിനു മുന്നേ തന്നെ കമ്മീഷണറുടെ മുറിയിൽ നിന്നു പ്രായമായ ഒരു സ്ത്രീ ഇറങ്ങി വരുന്നത് അവർ കണ്ടു.. നല്ല ഐശ്വര്യം ഉള്ള ഒരു സ്ത്രീ ആയിരുന്നു അവർ. പോകാനായി തിരിഞ്ഞ അവരുടെ നോട്ടം ഒരു നിമിഷം മഹിയുടെ മുഖത്ത് ഉടക്കി. അവനെ നോക്കി അവർ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചപ്പോൾ അവനും അവരെ നോക്കി ചിരിച്ചു. പിന്നെ ബാക്കി ഉള്ള പോലീസുകാർക്കും ഒരു ചിരി സമ്മാനിച്ചു അവർ അവിടെ നിന്നും നടന്നകന്നു. അവർ പോയ ഉടനെ തന്നെ മഹിയോട് അകത്തേക്ക് ചെല്ലാൻ പോലീസുകാർ പറഞ്ഞു. അവൻ ഡോർ തുറന്നു അകത്തേക്ക് കയറി. അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയതു മേശയുടെ പിറകിൽ കസേരയിൽ ചാരി തന്നെ തന്നെ സൂക്ഷ്മമായി നോക്കി ഇരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനിലേക്ക് ആണ്..

വളരെ ശാന്തനായി തന്റെ ഓരോ നീക്കങ്ങളും ഒപ്പി എടുക്കുന്ന ആ ചെറുപ്പക്കാരനെ നോക്കി മഹി ഒന്ന് ചിരിച്ചു.. "ഗുഡ് ഈവെനിംഗ് സാർ.. " അവന്റെ കൂസലില്ലായ്മയോ മൃദുത്വമോ എന്തോ കമ്മീഷണറിലും ചിരി വിരിയിച്ചു.. " ഗുഡ് ഈവെനിംഗ് സൂര്യമഹാദേവൻ.. ഓ സോറി മഹി..അങ്ങനെയാണല്ലേ എല്ലാവരും വിളിക്കുന്നത്? ഞാൻ എങ്ങനെ വിളിക്കണം? " " സാറിനു ഇഷ്ടമുള്ളത് പോലെ വിളിച്ചോളൂ.. എങ്ങനെ വിളിച്ചാലും എനിക്ക് ഓക്കേ ആണ്." " ഓക്കേ.. മഹി ഇരിക്ക്.. " തന്റെ മുന്നിലത്തെ കസേരയിലേക്ക് ചൂണ്ടി കമ്മീഷണർ അതു പറഞ്ഞപ്പോൾ മഹി അതിലേക്കിരുന്നു.. അപ്പോഴും കണ്ണിമ വെട്ടാതെ അയാൾ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. " മാണിക്യമംഗലത്തെ സൂര്യമഹാദേവൻ.. അതെന്താ നിങ്ങളെ സൂര്യൻ എന്ന് വിളിക്കാതെ എല്ലാവരും മഹി എന്ന് വിളിക്കുന്നത്? " കമ്മീഷണർ അതു ചോദിച്ചപ്പോൾ ഒരു നിമിഷം ഒന്ന് ഞെട്ടി അവൻ അയാളെ നോക്കി. പാറുവും ഈയിടെ തന്നോട് ഇതേ ചോദ്യം ചോദിച്ചു. കാരണം അറിയില്ല. ഇത് വരെ അങ്ങനൊരു ചോദ്യം താൻ തന്നോടു ചോദിച്ചിട്ടും ഇല്ല. ഓർമ വച്ച നാൾ മുതൽ താൻ കൃഷ്ണപുരത്തു കാർക്ക് മഹിയാണ്.. " അറിയില്ല.. എന്നെ അങ്ങനെ ആൾക്കാർ വിളിച്ചാണ് ഞാൻ കേട്ടിരിക്കുന്നത് .. "

" ഈ ആൾക്കാർ എന്ന് പറയുമ്പോൾ നിങ്ങളെ ആദ്യമായി കൃഷ്ണപുരത്തേക്ക് കൂട്ടി കൊണ്ട് വന്ന മാണിക്യമംഗലത്തു ദേവനാരായണൻ അല്ലേ? " തന്റെ ജാതകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടാണ് കമ്മീഷണർ സാർ വിളിപ്പിച്ചിരിക്കുന്നത് എന്നവന് മനസിലായി. എന്തായാലും എത്ര വരെ പോകുമെന്ന് നോക്കാം.. " അതേ സാർ...ദേവച്ചൻ ആണ് എനിക്ക് പേരിട്ടത്.. എന്നെ മഹി എന്ന് വിളിച്ചു തുടങ്ങിയത് പക്ഷെ അദ്ദേഹം അല്ല.. മാണിക്യമംഗലത്തെ വിഷ്ണു ദത്തൻ ആണെന്നാണ് എന്റെ അറിവ്.. " " അതായതു.. ദേവനാരായണന്റെ മകൻ..ഇപ്പോഴത്തെ മാണിക്യമംഗലത്തെ കാരണവർ.. അല്ലേ? " അതേ.. " അയാൾ ഒന്ന് തലയാട്ടി.. പിന്നെ ചോദിച്ചു.. " ഞാൻ മഹിയെ എന്തിനാണ് വിളിപ്പിച്ചത് എന്നറിയാമോ? " " അറിയാം സാർ.. സന്ദീപിനെ കാണാനില്ലെന്നും അതിന്റെ പിന്നിൽ ഞാൻ ആണെന്നും പറഞ്ഞു ഒരു പരാതി കിട്ടിയിട്ടുണ്ട്.. അതു അന്വേഷിക്കാൻ.. " അവന്റെ സംസാരം കേട്ടു അയാൾ കസേരയിൽ കുറച്ചു കൂടി മുന്നോട്ടേക്കു ആഞ്ഞിരുന്നു..എന്നിട്ട് അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.. " എന്നാൽ പറഞ്ഞോളൂ മഹി.. സന്ദീപിന്റെ തിരോധനത്തെ പറ്റി നിങ്ങള്ക്ക് എന്തറിയാം? " " എനിക്കൊന്നും അറിയില്ല സാർ.. അവൻ ആള് ശരിയല്ലായിരുന്നു.. കഴിഞ്ഞ ദിവസം ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഞാൻ അവനുമായി ഉടക്കി ഇനി അവനെ ഈ നാട്ടിൽ കണ്ടു പോകരുത് എന്ന് പറഞ്ഞു വിലക്കി..

ഒരു പക്ഷെ അവൻ എന്നെ പേടിച്ചു നാട് വിട്ടതാവും.. " " നിങ്ങൾ തമ്മിൽ എന്ത് പ്രശനമാണ് ഉണ്ടായതു? " ആദ്യമായി സന്ദീപ് ഇരുദേശപുരത്തേക്ക് വന്നപ്പോൾ മുതൽ അവനുമായി തനിക്കുള്ള പ്രശ്നങ്ങൾ ഒക്കെ മഹി അയാളോട് പറഞ്ഞു.. അയാൾ അതെല്ലാം ക്ഷമയോടെയും ശ്രദ്ധയോടെയും കേട്ടിരുന്നു.. " അപ്പോൾ മഹി പറഞ്ഞു വരുന്നത് മഹിയുടെ ഭാര്യയെ ഉപദ്രവിച്ചു പെൻവാണിഭകാർക്ക് കാഴ്ച വയ്ക്കാൻ ഒരുങ്ങിയ ഒരുത്തനെ താൻ വെറുതെ ഒരു വാണിംഗ് മാത്രം കൊടുത്തു പറഞ്ഞു വിട്ടു എന്നാണോ? സൂര്യമഹാദേവനെ പറ്റി അങ്ങനെയൊന്നും അല്ലല്ലോ കേൾക്കുന്നത്? " " സാർ എന്നെ പറ്റി എന്താണ് കേട്ടിട്ടുള്ളത് എന്നെനിക്കു അറിയില്ല.. പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ്.. സന്ദീപ് എവിടെയാണെന്നോ അവനു എന്താണ് സംഭവിച്ചതെന്നോ എനിക്ക് അറിയില്ല.. " അയാളുടെ മുഖത്ത് നോക്കി ഉറച്ച സ്വരത്തിൽ മഹി പറഞ്ഞു.. ആര്യന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. എത്ര അനായാസമായാണ് അയാൾ സന്ദീപിനെ പറ്റി പറയുന്നത്.സന്ദീപിനെ കാണാതായതിനു പിന്നിൽ അയാളുടെ കൈകളാണെന്നു ഉറപ്പുണ്ടായിട്ടും ഒരു കമ്മീഷണരുടെ മുന്നിൽ എത്ര കൂൾ ആയാണ് അയാൾ ഇരിക്കുന്നത്. മാണിക്യമംഗലത്തെ സൂര്യമഹാദേവന്റെ ചങ്കുറപ്പിനെ പറ്റി കേട്ടിരുന്നു. പക്ഷെ അപ്പോഴൊന്നും ഇത്രയും കരുതിയില്ല. ഇവന്റെ വായിൽ നിന്നു എന്തെങ്കിലും വീണു കിട്ടണം എങ്കിൽ താൻ കുറെ കഷ്ടപ്പെടേണ്ടി വരും എന്ന് ആര്യന് തോന്നി.. "

അങ്ങനെ പറഞ്ഞാൽ ശരിയാവില്ലലോ മഹി? സന്ദീപിന്റെ തിരോധനത്തിൽ നിങ്ങളുടെ കൈകളാണ് ഉള്ളതെന്നതിനു ഞങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ട്.. " " എന്ത് തെളിവുകൾ? " "അതു ഇപ്പോൾ നിങ്ങളോട് പറയേണ്ട കാര്യം എനിക്കില്ല.. " " അങ്ങനെയെങ്കിൽ ഇപ്പോൾ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കും പറയാനില്ല. എനിക്ക് എതിരെ നിങ്ങളുടെ പക്കൽ അങ്ങനെ എന്തെന്കിലും തെളിവുകൾ ഉണ്ടെങ്കിൽ നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തു ലോക്ക് ആപ്പിൽ അടയ്ക്ക്.. ഞാൻ ഒരു വക്കീലിനെ വച്ചു കേസ് വാദിച്ചോളാം. എന്തായാലും ഇത് കോടതിയിൽ എത്തി എന്റെ ഭാഗത്തുള്ള വാദം കേൾക്കാതെ എന്നെ ആരും തൂക്കി കൊല്ലുകയൊന്നും ഇല്ലാലോ സാറേ " അവൻ രണ്ടും കല്പിച്ചാണെന്ന് ആര്യന് മനസിലായി. തനിക്കെതിരെ പോലീസിന്റെ കയ്യിൽ അവർ പറയുന്നത് പോലെയുള്ള ഒരു തെളിവുകളും ഇല്ല എന്ന് മഹിക്കു അറിയാമായിരുന്നു. തെളിവുണ്ടെന്നു പറഞ്ഞു തന്നെ കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് കമ്മീഷണരുടേത്.. അയാൾ അവനോടെന്തോ പറയാൻ തുടങ്ങിയതും പുറത്തു നിന്നൊരു പോലീസുകാരൻ അവരുടെ മുറിയിലേക്ക് കയറി വന്നു.. " സാർ ഇയാളുടെ സഹോദരനും കൂട്ടുകാരനും വന്നിട്ടുണ്ട്..സാറിനെ കാണണം എന്ന് പറയുന്നു " " തന്റെ ആൾക്കാർ നല്ല ഫാസ്റ്റ് ആണല്ലോടോ? " മഹിയെ നോക്കി ആര്യൻ അതു പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. " അവരോടു അകത്തേക്ക് വരാൻ പറയൂ. "

പോലീസുകാരൻ പുറത്തേക്കു പോയി ഉടനെ തന്നെ വിഷ്ണുവും കാശിയും അകത്തേക്ക് കയറി വന്നു. കയറിയ ഉടനെ തന്നെ അവർ മഹിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായോ എന്ന് അവനെ അടിമുടി നോക്കുന്നത് ആര്യൻ കണ്ടു. അവരുടെ നോട്ടത്തിന് മറുപടിയായി മഹി അവരെ ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിക്കുന്നതും. വിഷ്ണുവാണ് പറഞ്ഞു തുടങ്ങിയത്.. " സാർ.. ഞാൻ മഹിയുടെ ബ്രദർ ആണ്.. സാറിന്റെ സംശയങ്ങൾ ഒക്കെ ചോദിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ മഹിയെ കൊണ്ട് പോകാൻ വന്നതാണ്.. അല്ല.. ഇവനെ കസ്റ്റഡിയിൽ എടുക്കാൻ ആണെങ്കിൽ ഞങ്ങൾ വക്കിലിനെ കൊണ്ട് വരാം..ഇവന്റെ പേരിലുള്ള പരാതിയും തെളിവുകളും ഞങ്ങൾക്കും കാണണം " ആര്യൻ ഒന്നും പറയാതെ കുറച്ചു നേരം ആലോചിച്ചു ഇരുന്നു. പിന്നെ പറഞ്ഞു.. " മഹിയോട് ചോദിക്കാനുള്ളതൊക്കെ ഞാൻ ചോദിച്ചു.. മഹിയെ ഇപ്പോൾ തന്നെ വിടാം.. പക്ഷെ അതിനു മുൻപ് എനിക്ക് മഹിയോട് ഒന്ന് രണ്ടു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്.. നിങ്ങൾ ഒരു പത്തു മിനിറ്റ് ഒന്ന് പുറത്തു നിന്നാൽ ഉപകാരം ആയിരുന്നു " വിഷ്ണുവും കാശിയും മഹിയെ ഒന്ന് നോക്കി പുറത്തേക്കു പോയി. ആര്യൻ തന്റെ സീറ്റിൽ നിന്നു എഴുനേറ്റു മഹിയുടെ മുന്നിൽ വന്നു നിന്നു " മഹി.. ഞാൻ ഇവിടെ ചാർജ് എടുത്തിട്ട് ആകെ ഒരാഴ്ച ആയതേ ഉള്ളു.

എനിക്ക് കിട്ടുന്ന ആദ്യത്തെ കേസ് ആണ് സന്ദീപിന്റെ തിരോധാനം.അതിന്റെ പിന്നിൽ താൻ ആണെന്ന് എനിക്ക് ഉറപ്പും ഉണ്ട്. ഇത് വരെ ഏറ്റെടുത്ത ഒരു കേസും ഞാൻ തോറ്റിട്ടില്ല .. ഇനി അങ്ങനെ സംഭവിക്കുകയും ഇല്ല.. നീയായിട്ടു എന്താണ് സംഭവിച്ചതെന്ന് പറഞ്ഞാൽ നമുക്ക് രണ്ടു പേർക്കും വലിയ കഷ്ടപ്പാടില്ലാതെ ഇത് അവസാനിപ്പിക്കാം. നീ പറഞ്ഞത് പോലെ തന്നെ സന്ദീപ് ഒരു നല്ലവൻ ഒന്നുമല്ലയെന്നു എനിക്കും അറിയാം. അതു കൊണ്ട് ശിക്ഷ കിട്ടിയാലും ഒരുപാടു നാളൊന്നും ഉണ്ടാവില്ല. അതല്ല നീ എന്റടുത്തുന്നു മറച്ചു വയ്ക്കാനാണ് പ്ലാൻ എങ്കിൽ ഇതിന്റെ സത്യം അറിയുന്നത് വരെ ഞാൻ നിന്റെ പുറകെ തന്നെ ഉണ്ടാവും.. " മഹി ആര്യന്റെ ആത്മവിശ്വാസം തുളുമ്പുന്ന മുഖത്തേക്ക് നോക്കി.. ശേഷം മെല്ലെ പറഞ്ഞു.. " എന്റെ പേര് സൂര്യമഹാദേവൻ.. നാട് ഇരുദേശപുരത്തെ കൃഷ്ണപുരം.. വീട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ വടക്കു വശത്തായിട്ട് വരും.. ഈ കേസിനു എനിക്കെതിരെ എന്തെങ്കിലും തുമ്പു കിട്ടിയിട്ട് സാറിനു എന്നെ കാണണം എന്ന് തോന്നുമ്പോൾ അങ്ങോട്ട്‌ വന്നാൽ മതി.. ഞാൻ അവിടെ തന്നെ ഉണ്ടാവും . വരട്ടെ സാറേ? " അതും പറഞ്ഞു മഹി പുറത്തേക്കിറങ്ങി പോകുന്നത് ആര്യൻ ദേവ് ഐ പി എസ് കനത്ത മുഖത്തോടെ നോക്കി നിന്നു. " കമ്മീഷണർ എന്താ നിന്നോട് ചോദിച്ചത്? " തിരികെയുള്ള യാത്രക്കിടയിൽ വിഷ്ണു മഹിയോട് ചോദിച്ചു.. " പ്രത്യേകിച്ചൊന്നും ഇല്ല.. സന്ദീപുമായുള്ള വഴക്കിനെ പറ്റിയൊക്കെ ചോദിച്ചു..

ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ അവർക്കു സംശയം ഉണ്ടെന്നല്ലാതെ അവരുടെ പക്കൽ തെളിവുകൾ ഒന്നും ഇല്ല. അതു കൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല. " " കണ്ടിട്ടെങ്ങനെ തോന്നുന്നു.. കുഴപ്പക്കാരനാണോ? ചെറുപ്പക്കാരൻ ആണല്ലോ? " ആര്യനെ ഉദ്ദേശിച്ചാണ് കാശി പറയുന്നതെന്ന് മഹിക്ക് മനസിലായി.. " ഉം .. ചെറുപ്പത്തിന്റെ ഒരു ചോരത്തിളപ്പ് ഉണ്ട്.. പിന്നെ കുഴപ്പക്കാരൻ ആണോന്നു ചോദിച്ചാൽ തീരെ അല്ല എന്ന് പറയാൻ സാധിക്കില്ല.. " " അതെന്താ അങ്ങനെ? " " സന്ദീപ് ഒരു നല്ലവൻ ഒന്നുമല്ലയെന്നു അയാൾക്ക്‌ അറിയാം.. കല്പകശ്ശേരിക്കാരുടെ പണത്തിൽ മയങ്ങിയോ സന്ദീപിനോടുള്ള സ്നേഹം കൊണ്ടോ ഒന്നുമല്ല അയാൾ ഈ കേസ് അന്വേഷിക്കുന്നത്.. . അയാൾ ഈ കേസ് അന്വേഷിക്കുന്നത് അതു അയാളുടെ ഡ്യൂട്ടി ആയതു കൊണ്ടാണ്. അങ്ങനെ ഉള്ള അയാളെ വിലക്കെടുക്കാൻ സാധിക്കും എന്നും തോന്നുന്നില്ല. സത്യസന്ധനായ ഒരു പോലിസ് ഓഫീസറോട് പട വെട്ടുമ്പോൾ നമ്മൾ കുറച്ചധികം കെയർഫുൾ ആയിരിക്കണം..കാരണം അയാളുടെ ഭാഗത്തും ന്യായം ഉണ്ട്. പോരാത്തതിന് അവൻ നമ്മളെ ഒക്കെ പറ്റി അത്യാവശ്യം നന്നായി മനസിലാക്കി വച്ചിട്ട് തന്നെയാണ് വന്നിരിക്കുന്നത്.. " " ആരോടെങ്കിലും വിളിച്ചു പറഞ്ഞു ഈ കേസ് ഇവന്റെ കയ്യിൽ നിന്നു മാറ്റി വേറെ വല്ലവന്മാർക്കും കൊടുത്താലോ? "

"പുതിയ വരുന്നവൻ കല്പകശ്ശേരിക്കാരുടെ ചൊല്പടിക്കു നിൽക്കുന്ന ഒരുത്തൻ ആണെങ്കിലോ? അപ്പോൾ ഇതിലും ബുദ്ധിമുട്ട് അല്ലേ? ഈ കേസ് ആരെ ഏല്പിച്ചാലും ഞാൻ തന്നെയാണ് ആദ്യത്തെ ചോയ്സ്.. പിന്നെ ഇവൻ അങ്ങനെ പോകുമെന്നൊന്നും തോന്നുന്നില്ല.. എന്തായാലും നോക്കാം ആര്യൻ ദേവ് ഐ പി എസ് ഇവിടം വരെ പോകുമെന്ന്. " മഹി അതു പറഞ്ഞപ്പോൾ വിഷ്ണുവും കാശിയും ചിന്തയോടെ തലയാട്ടി. പിന്നെ ഇന്ന് ഹോസ്പിറ്റലിൽ നീലാംബരി അമ്മ വന്നു പറഞ്ഞിട്ട് പോയ കാര്യങ്ങൾ ഒക്കെ കാശി അവനോടു പറഞ്ഞു. അതെല്ലാം കേട്ടു കുറെ അധികം ചിന്തകളോടെ മഹി പുറത്തേക്കു തന്നെ നോക്കി ഇരുന്നു. ഞാൻ വീണ്ടും ക്ലോക്കിലേക്ക് നോക്കി. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു. ഇത് വരെയും സൂര്യേട്ടൻ തിരികെ എത്തിയിട്ടില്ല. കാളിയമ്മ എന്നോടൊപ്പം ഉണ്ട്. അമ്മയും ക്ലോക്കിലേക്കും വാതില്കലേക്കും മാറി മാറി നോക്കി ഇരിക്കുകയാണ്. സൂര്യേട്ടനെ അവർ പിടിച്ചു വയ്ക്കുമോ ഉപദ്രവിക്കുമോ തുടങ്ങി പല പേടികളും എന്നെ ഓരോ നിമിഷവും കീഴടക്കി കൊണ്ടിരുന്നു. ഞാൻ കാരണം ആണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായതു എന്നോർക്കുമ്പോൾ കുറ്റബോധവും തോന്നി. സൂര്യേട്ടനെ കാണാനും കാര്യങ്ങൾ അറിയാനുമായി പോയ വിഷ്ണുവേട്ടനെയും കാശിയേട്ടനെയും കാണാനില്ല. മുറിയുടെ വാതിൽ തുറന്നപ്പോൾ ഞാൻ ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി.

അകത്തേക്ക് കയറി വരുന്ന സൂര്യേട്ടനെയും കാശിയേട്ടനെയും വിഷ്ണുവേട്ടനെയും കണ്ടപ്പോളാണ് ഞങ്ങൾക്ക് രണ്ടാൾക്കും ശ്വാസം നേരെ വീണത്. ഞാൻ സൂര്യേട്ടനെ അടിമുടി നോക്കി കുഴപ്പം ഒന്നുമില്ലയെന്നു ഉറപ്പു വരുത്തി. " എന്താ മോനെ.. അവർ എന്തിനാ നിന്നെ കൊണ്ട് പോയത്? കുഴപ്പം ഒന്നും ഇല്ലല്ലോ? " കാളിയമ്മ ആധിയോട് സൂര്യേട്ടനോട് ചോദിച്ചു. " ഇല്ലമേ.. അവർക്കു കുറച്ചു സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അതു തീർക്കാൻ കൊണ്ട് പോയതാണ്.. ഇനി പ്രശ്നം ഒന്നുമില്ല. " " ഹാവൂ.. ആശ്വാസമായി.. ആ കല്പകശ്ശേരിയിലെ പെണ്ണ് വന്നു എന്തൊക്കെയോ പറഞ്ഞിട്ട് പോയപ്പോൾ മുതൽ ഒരു ആധി ആയിരുന്നു. ദേ ഇവിടെ ഒരാൾ ഈ സമയം വരെ ആ വാതിൽക്കലേക്കു നോക്കി ഇരുന്നതല്ലാതെ ഒരു വറ്റു ചോറ് പോലും കഴിച്ചിട്ടില്ല. അതു കൊണ്ട് മരുന്നും കഴിച്ചില്ല.. " സൂര്യേട്ടന്റെ ദേഷ്യം നിറഞ്ഞ നോട്ടം എന്നിലേക്ക്‌ പതിഞ്ഞപ്പോൾ ഞാൻ മുഖം കുനിച്ചു . " രാത്രി ഇവിടെ ഞാൻ നിന്നോളാം.. കാശി നീ വിഷ്ണുവേട്ടനെ വിടാൻ പോകുമ്പോൾ കാളിയമ്മയെ കൂടെ വീട്ടിലേക്കു ഇറക്കിയെക്ക്..." കാളിയമ്മ എന്നോട് പറഞ്ഞിട്ട് കാശിയേട്ടനോടും വിഷ്ണുവേട്ടനോടും ഒപ്പം പോയി. എല്ലാവരും പൊയ്ക്കഴിയുമ്പോൾ എനിക്ക് വഴക്ക് കിട്ടും എന്ന കാര്യം ഉറപ്പായതു കൊണ്ട് ഞാൻ തല കുനിച്ചു തന്നെ ഇരുന്നു. സൂര്യേട്ടൻ അടുത്തു വരുന്നതും എന്റെ ഇടതു വശത്തു കട്ടിലിൽ വന്നിരിക്കുന്നത് അറിഞ്ഞിട്ടും ഞാൻ മുഖം ഉയർത്തിയില്ല. " ഡീ.. മര്യാദക്ക് മുഖം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കിക്കേ.. "

ഞാൻ കുറ്റവാളിയെ പോലെ സൂര്യേട്ടന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് അപ്പോഴും ദേഷ്യം തന്നെ. "നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാണ് ഇവിടുന്നു പോയത്? " " അതു.. " " എന്തത്..? എന്ത് പറഞ്ഞിട്ടാടി ഞാൻ ഇവിടുന്നു പോയത്? " സൂര്യേട്ടന്റെ ഒച്ച പൊന്തിയപ്പോൾ ഞാൻ ഒന്നുടെ പേടിച്ചു.. " ഭക്ഷണം.. കഴിക്കണം.. മരുന്ന്.. കഴിക്കണം..റസ്റ്റ്‌...എടുക്കണം.. ഏട്ടൻ.. പെട്ടെന്ന് വരാം.. " " ആണല്ലോ? എന്നിട്ട് നീയിതു വല്ലോം ചെയ്തോ? " " ഇ.. ഇല്ല.. " " അപ്പോൾ നിനക്ക് ഞാൻ പറയുന്നതൊന്നും കേൾക്കാൻ വയ്യ.. അപ്പോൾ പിന്നെ ഞാൻ എന്തിനാ ഇവിടെ? നീ നിന്റെ ഇഷ്ടത്തിന് എന്താണെന്ന് വച്ചാൽ ചെയ്തോ.. " അതും പറഞ്ഞു സൂര്യേട്ടൻ എഴുനേൽക്കാൻ തുടങ്ങിയതും ഞാൻ ഏട്ടന്റെ കയ്യിൽ പിടിച്ചു.. " പോകല്ലേ ഏട്ടാ പ്ലീസ്.. " " നിനക്ക് എന്നെ വിലയൊന്നും ഇല്ലാലോ? പിന്നെ ഞാനെന്തിനാ ഇവിടെ? കയ്യെടുക്ക്.. ഞാൻ പുറത്തിരിക്കാം.. " " അങ്ങനെ പറയല്ലേ ഏട്ടാ.. പ്ലീസ്.. സോറി..ആ നീലാംബരി അമ്.. അല്ല നീലാംബരി വന്നു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു പോയി. ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് പിന്നെ ആരാ ഏട്ടാ? അതോണ്ടാ ഞാൻ.. " ഏട്ടന്റെ കൈ എടുത്തു എന്റെ നെറ്റിയിലേക്ക് ചേർത്തു വച്ചു ഞാൻ കരഞ്ഞു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഏട്ടൻ എന്നെ നെഞ്ചോടു ചേർക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ തലയിലൂടെ മെല്ലെ തലോടി ഏട്ടൻ എന്നെ അടർത്തി മാറ്റി.. "

പാറു.. ഒരു കാര്യം നീ എപ്പോഴും ഇനി ഓർക്കണം.. ഞാൻ നിന്നോട് തിരികെ വരും എന്ന് പറഞ്ഞിട്ടാണ് പോകുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചാലും ഞാൻ തിരികെ വരും. എനിക്ക് തിരികെ വരാൻ പറ്റില്ലായെന്നു തോന്നിയാൽ കാത്തിരിക്കണ്ടാന്ന് ഞാൻ പറയും.. അപ്പോൾ നീ കരയുകയോ സത്യാഗ്രഹം ഇരിക്കുകയോ എന്ത് വേണേൽ ആയിക്കോ.. " സൂര്യേട്ടൻ അതു പറഞ്ഞു കഴിഞ്ഞതും ഞാൻ എന്റെ ഒരു കൈ കൊണ്ട് എന്നെ കൊണ്ട് പറ്റാവുന്ന ഇടത്തെല്ലാം ഏട്ടനെ ഇടിക്കാൻ തുടങ്ങി. ഏട്ടൻ തടയാൻ നോക്കിയെങ്കിലും ഞാൻ നിർത്താൻ ഉള്ള ഭാവം ഇല്ലായിരുന്നു. അവസാനം ഏട്ടൻ എന്റെ കൈ പിടിച്ചു വച്ചു.. അപ്പോഴും അങ്ങനെയൊക്കെ പറഞ്ഞതിൽ എന്റെ ദേഷ്യം മാറിയിരുന്നില്ല.. " ഇനി മേലാൽ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞു പോകരുത്.. ചെറുപ്പത്തിൽ അമ്മ മുതൽ ഇങ്ങോട്ട് ഇന്ന് വരെ ജീവിതത്തിൽ എല്ലാവരെയും നഷ്ടപ്പെട്ടിട്ടെ ഉള്ളു. അതിന്റെ വേദന ആവോളം അറിഞ്ഞവളാണ് ഞാൻ.. അച്ഛനെയും അമ്മയെയും നഷ്ടപെട്ടെങ്കിലും എല്ലാവരും ഉണ്ടായതു കൊണ്ടായിരിക്കും സൂര്യേട്ടന് ആ വേദന മനസിലാവാത്തത്. ഇനി ഒരിക്കൽ കൂടി ആ നഷ്ടപ്പെടലിന്റെ വേദന അനുഭവിക്കാൻ എനിക്ക് കഴിയില്ല. കൂടെ കൂട്ടിയിട്ടു ഇടയ്ക്കു വച്ചു ഒറ്റക്കാക്കി പോകാൻ ആണെങ്കിൽ ഇപ്പോഴേ ഉപേക്ഷിച്ചിട്ട് പൊക്കൊളു.. " സൂര്യേട്ടനെ നോക്കി അത്രയും പറഞ്ഞിട്ട് ഞാൻ കണ്ണടച്ച് കിടന്നു.

കുറച്ചു സമയത്തിന് ശേഷം എന്റെ നെറ്റിയിൽ ആ ചുണ്ടമർന്നപ്പോൾ ഞാൻ കണ്ണ് തുറന്നു. എന്റെ ഒരു നിശ്വാസത്തിനപ്പുറത്തു എന്നിലേക്ക്‌ കുനിഞ്ഞു എന്നെ തന്നെ നോക്കി കിടക്കുന്ന സൂര്യേട്ടനെ കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം മിടിക്കാൻ മറന്നു നിന്നു.. അത്രയും അടുത്തു സൂര്യേട്ടനെ ആദ്യമായാണ് ഞാൻ കാണുന്നത്. ഏട്ടന്റെ ചൂട് നിശ്വാസങ്ങൾ എന്റെ മുഖത്തെ തഴുകുന്നുണ്ടായിരുന്നു " അങ്ങനെ ഉപേക്ഷിച്ചിട്ട് പോവനല്ല ഞാൻ നിന്നെ താലി കെട്ടി എന്റെ പാതി ആക്കിയത്. " " അപ്പോൾ പിന്നെ ഇപ്പൊ എന്തിനാ അങ്ങനൊക്കെ പറഞ്ഞത്? " " ചുമ്മാ ഒരു രസത്തിനു.. " കുസൃതിയോടെ ഏട്ടൻ അതു പറഞ്ഞപ്പോൾ ഞാൻ വീണ്ടും മുഖം വീർപ്പിച്ചു കണ്ണടച്ച് കിടന്നു.. വീണ്ടും ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ അമർന്നപ്പോഴും ഞാൻ കണ്ണ് തുറന്നു നോക്കിയില്ല. പതിയെ എന്റെ മൂക്കിന്റെ തുമ്പിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു.. എങ്കിലും ബലം പിടിച്ചു കണ്ണടച്ച് തന്നെ കിടന്നു.. ഒട്ടും പ്രതീക്ഷിക്കാതെ ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തൊട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു പോയി.. എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു സൂര്യേട്ടൻ.. "ഞാൻ അങ്ങനെ പറഞ്ഞത് നിനക്ക് വിഷമം ആയെങ്കിൽ സോറി.. " അതു പറഞ്ഞു തീർന്നതും ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ മൊത്തമായും സ്വന്തമാക്കിയിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഞാനും അതിൽ അലിഞ്ഞു ചേർന്നു

.ഒടുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മാറിയപ്പോൾ സൂര്യേട്ടനെ നോക്കാൻ കഴിയാതെ കണ്ണടച്ച് തന്നെ ഞാൻ കിടന്നു. എന്നാൽ ഏട്ടൻ എന്റെ അടുത്തു നിന്നു മാറി കസേരയിൽ പോയിരിക്കുന്നത് ഞാൻ അറിഞ്ഞു. ആ ചുണ്ടുകൾ എനിക്കായി തീർത്ത മായികലോകത്തിൽ മുഴുകി കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയി. പിന്നീടുള്ള ദിവസങ്ങൾ വലിയ കുഴപ്പം ഒന്നും ഇല്ലാതെ കടന്നു പോയി. നീലാംബരി അമ്മയോ പോലീസോ പിന്നെ പ്രശ്നങ്ങളുമായി വന്നില്ല. പക്ഷെ സന്ദീപിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നു പലരും വഴി ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. അതു എന്റെ മനസ്സിൽ ഭയം ഉളവാക്കിയെങ്കിലും സൂര്യേട്ടനെ അതൊന്നും ബാധിക്കുന്നതായി തോന്നിയില്ല. ഒരാഴ്ചയ്ക്ക് ശേഷം റസ്റ്റ്‌ വേണമെന്ന നിബന്ധനയോടെ ഡോക്ടർ എന്നെ ഡിസ്ചാർജ് ചെയ്തു. അങ്ങനെ ഞങ്ങൾ വീട്ടിലേക്കു പോന്നു. കാറിൽ നിന്നു വീട്ടിലെ റൂമിലേക്ക്‌ സൂര്യേട്ടൻ എന്നെ എടുത്തു കൊണ്ടാണ് പോയത്. ഞാൻ സൂര്യേട്ടന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അന്നത്തെ ഉമ്മക്ക് ശേഷം ഞങ്ങൾക്ക് രണ്ടു പേർക്കും ഇങ്ങനുള്ള സന്ദർഭങ്ങളിൽ ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. തിരികെ ഞങ്ങളുടെ വീടും എന്റെ മുറിയും ഒക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ഏട്ടൻ എന്നെ കട്ടിലിൽ കൊണ്ട് വന്നു കിടത്തി എന്നെ കാളിയമ്മയെ ഏല്പിച്ചു മുറിക്കു പുറത്തേക്കു പോയി. അപ്പോഴാണ് മറ്റൊരു കാര്യം എന്റെ മനസിലേക്ക് വന്നത്.. വീട്ടിലെത്തിയ സ്ഥിതിക്ക് ഇനി പഴയ പോലെ രാത്രിയൊന്നും സൂര്യേട്ടൻ എന്നോടൊപ്പം നിൽക്കില്ല എന്ന്. രാത്രി കിടക്കാൻ സൂര്യേട്ടൻ ഇനി കാശിയേട്ടന്റെ വീട്ടിലേക്കു പോകുമല്ലോ.. അതോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഇനി കാശിയേട്ടന്റെ വീട്ടിൽ പോകണ്ട ഇവിടെ തന്നെ ഏട്ടന്റെ മുറിയിൽ കിടന്നാൽ മതിയെന്നു ഏട്ടനോട് പറയാം എന്ന് ഞാൻ തീരുമാനിച്ചു. പാറുവിനെ വീട്ടിൽ ആക്കി കഴിഞ്ഞപ്പോൾ മഹിക്ക് പകുതി സമാധാനം ആയി.അവളെ കാളിയമ്മയെയും മണിയണ്ണനെയും ഏല്പിച്ചു അവൻ പുറത്തേക്കിറങ്ങി. കമ്പനിയിലെയും പാടത്തിയിലെയും കാര്യങ്ങൾ എല്ലാം കഷ്ടത്തിലായി കിടക്കുകയാണ്. ഹോസ്പിറ്റലിൽ കൂടുതൽ നേരവും അവളോടൊപ്പം നിന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. കാശി ഒറ്റക്കാണ് എല്ലാം നോക്കി കൊണ്ടിരുന്നത്. ഇനി എല്ലാം ഒന്ന് ശരിയാക്കി എടുക്കണം. അവൻ നേരെ കമ്പനിയിലേക്ക് പോയി. അവിടെ പണികളൊക്കെ ആയി വൈകുന്നേരം വരെ പോയി. വൈകിട്ട് ആയപ്പോഴാണ് പാടത്തേക്ക് ഇറങ്ങാൻ സമയം കിട്ടിയത്. കത്തി പോയ തെക്കെപാടത്തു പണി നടക്കുന്നുണ്ട്. കാശി അവിടെയാണ്. മഹിയും അങ്ങോട്ടേക്ക് പോയി. കാശ്ശിയോടും പണിക്കാരോടും ഒപ്പം കൂടി പാടത്തു പണി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അവനെ ആരോ വിളിക്കുന്നത്.. തിരിഞ്ഞു നോക്കിയതും മഹിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story