സൂര്യപാർവണം: ഭാഗം 2

surya parvanam

രചന: നിള നിരഞ്ജൻ

ഭാ.. പരട്ടെ..ഒരു പെണ്ണിനെ വാക്കും നോക്കും കൊണ്ട് ആശ കൊടുത്തു ചതിച്ചതും പോരാ.. ഇപ്പോൾ അവളെ പറ്റി തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വച്ചു അപവാദം പറയുന്നോടാ? നീ ഇവളെ വാക്ക് കൊടുത്തു ചതിച്ചിട്ടുണ്ടെങ്കിൽ നീ ഇവളെ തന്നെയേ കല്യാണം കഴിക്കൂ.. പറയുന്നത് മാണിക്യമംഗലത്തെ സൂര്യമഹാദേവൻ ആണ്." അതും പറഞ്ഞു അയാൾ തന്റെ കൂട്ടാളികളെ ഒന്ന് നോക്കി.. അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പോലെ അവർ മണ്ഡപത്തിന്റെ അരികെ ഉണ്ടായിരുന്നവരെ ഒഴികെ ബാക്കി എല്ലാവരെയും അവിടുന്ന് പറഞ്ഞു വിട്ടു..എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ പതിയെ തിരിഞ്ഞു നോക്കി കൊണ്ട് ഓരോരുത്തരായി അവിടുന്ന് മാറി പോയി. അയാളുടെ വാക്കും പ്രവർത്തിയും കണ്ട് ഞെട്ടി നിൽക്കുകയാണ് ഞാനും മറ്റുള്ളവരും..സന്ദീപേട്ടന്റെ അച്ഛനും അമ്മയും പേടിച്ചു നിൽക്കുകയാണ്..

അപ്പോഴും സന്ദീപേട്ടന്റെ നെഞ്ചിൽ കാലു കുത്തി തന്നെ നിൽക്കുകയാണ് സൂര്യമഹാദേവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ അസുരൻ. ദേവന്റെ പേരും അസുരന്റെ സ്വഭാവവും ആണല്ലോ ഇയാൾക്ക് എന്ന് ഞാൻ ഓർത്തു. പെട്ടെന്നാണ് ഇത്രയും നേരം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ ഇരുന്ന സുധി മാമൻ പെട്ടെന്ന് ബോധം വന്ന പോലെ അയാളുടെ മുന്നിൽ ചാടി വീണു " ഡാ.. നീ ആരാഡാ? എന്താടാ ഈ കാണിക്കുന്നത്? മര്യാദയ്ക്ക് ഒച്ചയും ബഹളവും ഒന്ന് വയ്ക്കാതെ ഇവിടുന്നു പൊയ്ക്കോണം..ഇല്ലെങ്കിൽ നീ ഇവിടുന്നു രണ്ടു കാലിൽ പോവില്ല.. " അയാൾ സുധി മാമനെ ഒന്ന് നോക്കി.. " ഞാൻ സൂര്യമഹാദേവൻ.. ഇരുദേശപുരത്തു നിന്നാണ് വരുന്നത്.. വന്നത് ഈ കിടക്കുന്നവന്റെയും പിന്നെ അവൻ വഞ്ചിച്ച ഈ പെൺകുട്ടിയുടെയും കല്യാണം നടത്തി കൊടുക്കാൻ..

ഇനിയെന്താ അമ്മാവന് അറിയേണ്ടത്? അയാളുടെ അമ്മാവൻ എന്നുള്ള വിളി കൂടി കേട്ടതോടെ സുധി മാമന്റെ ദേഷ്യം ഇരട്ടിച്ചു. . " നീയെന്താടാ ഞങ്ങടെ സ്ഥലത്തു വന്നു ഞങ്ങളെ തന്നെ കളിയാക്കുന്നോ? മര്യാദക്ക് വന്നത് പോലെ നിന്റെ ആളുകളെയും വിളിച്ചു കൊണ്ട് ഇവിടുന്നു പൊയ്ക്കോ.. വല്ലോ അഞ്ചോ പത്തോ വേണമെങ്കിൽ പറഞ്ഞാൽ മതി അത് തന്നേക്കാം.. " " അങ്ങനെ അഞ്ചോ പത്തോ വാങ്ങിയിട്ട് പോകാൻ ഞങ്ങൾക്ക് സൗകര്യം ഇല്ലെങ്കിലോ? " " ഡാ... " എന്ന് അലറി വിളിച്ചു കൊണ്ട് സുധി മാമൻ അങ്ങേരുടെ അടുത്തേക്ക് ചെന്നതും അയാൾ ഒരു കൈ കൊണ്ട് സുധി മാമന്റെ കഴുത്തിൽ കുത്തി ഒരു പിടിത്തം പിടിച്ചു.. സുധി മാമന്റെ കണ്ണുകളൊക്കെ പുറത്തേക്കു തള്ളി വന്നു. " അയ്യോ ഏട്ടാ.. "

എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് മഹിമ അമ്മായിയും ചെറിയമ്മയും സുധി മാമന്റെ അടുത്തെത്തി അയാളുടെ കയ്യിലും കാലിലും ഒക്കെ പിടിച്ചു വലിക്കാൻ തുടങ്ങി. അയാൾക്കു അതൊന്നും ഒരു പ്രശ്നമായി തോന്നി ഇല്ലെങ്കിലും കുറച്ചു സമയത്തിന് ശേഷം ആയാൽ സുധി മാമന്റെ കഴുത്തിൽ നിന്നു കയ്യെടുത്തു. മാമൻ ചുമച്ചു കൊണ്ട് കഴുത്തും തടവി നിലത്തിരുന്നു പോയി. " ഇനിയുണ്ടോടാ ആരെങ്കിലും തടയാനോ തല്ലാനോ വരാൻ? " അപ്പോഴേക്കും എല്ലാവരും പേടിച്ചു വിറച്ചിരുന്നു.. അത് കൊണ്ട് ആരും മിണ്ടിയില്ല.. എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ ഇരുന്നപ്പോഴാണ് നേരത്തെ എന്നോട് മണ്ഡപത്തിലേക്ക് കയറി ഇരിക്കാൻ പറഞ്ഞ നീല പട്ടുസാരി ഉടുത്ത ആ സ്ത്രീ ഇടപെട്ടത്.. " മഹി.. നീ എന്താ ഈ കാണിക്കുന്നത്? നിനക്ക് തോന്ന്യാസം കാണിക്കാൻ ഇത് കൃഷ്ണപുരം അല്ല.. മര്യാദക്ക് അവന്റെ ദേഹത്തുന്നു കാലെടുക്കു..

നിന്റെ അഹങ്കാരവും ഗുണ്ടായിസവും ഒക്കെ അങ്ങ് കൃഷ്ണപുരത്തു മതി..ഇവിടെ വന്നു ഈ കല്യണം തടസപ്പെടുത്താൻ നീ ആരാ? ആരാണ് നിനക്ക് ഇതിനൊക്കെ അധികാരം തന്നത്? " അവർ അവനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.. അയാൾ അവരെ ഒന്ന് നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു.. പക്ഷെ സന്ദീപേട്ടന്റെ നെഞ്ചിലെ കാലു അപ്പോഴും മാറ്റിയിരുന്നില്ല.. "എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ സൂര്യമഹാദേവൻ ആരുടെയും അനുവാദം ചോദിക്കാറില്ല.. ഞാൻ ഈ മാഷിനും അദേഹത്തിന്റെ കുടുംബത്തിനും വാക്ക് കൊടുത്തതാണ് ഇവനുമായുള്ള ഇവളുടെ വിവാഹം നടത്തി കൊടുക്കാമെന്നു.. അതിനു മാറ്റം വരണമെങ്കിൽ ഞാൻ മരിക്കണം.." അയാൾ പട്ടു സാരിയുടുത്ത സ്ത്രീയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.. "

എന്റെ മരണം.. അത് അത്ര പെട്ടെന്നൊന്നും നടക്കില്ലായെന്നു നീലാംബരി ദേവിക്ക് അറിയാവുന്നതല്ലേ? " എന്തോ അർത്ഥം വച്ചുള്ള മട്ടിൽ അയാൾ ചോദിച്ചു.അയാളുടെ ആ സംസാരം കേട്ടപ്പോൾ തന്നെ ഇവരൊക്കെ തമ്മിൽ നേരത്തെ പരിചയം ഉള്ളവരാണെന്നു എനിക്ക് മനസിലായി. ആ സ്ത്രീയുടെ കണ്ണുകളിൽ കോപം വന്നു നിറഞ്ഞു.. ഒന്നും മനസിലാവാതെ ഒരു പാവയെ പോലെ ഞാൻ അവിടെ ഇരുന്നു. അവിടുന്ന് എഴുനേറ്റു മാറണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിയിലും അതിനു പോലും ഞാൻ അപ്പോൾ അശക്ത ആയിരുന്നു എന്ന് വേണം പറയാൻ. ഈശ്വര.. എന്റെ ഈ സന്തോഷവും നീ തല്ലി കെടുത്താൻ പോവുകയാണോ? കല്യാണം കൂടാൻ വന്നവർ പൂജാരി അടക്കം ഇനിയെന്ത് സംഭവിക്കും എന്ന ആകാംക്ഷയിൽ ആണ്.. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. . " മഹി.. നീ ഇപ്പോൾ ബഹളം ഉണ്ടാക്കരുത്.. സന്ദീപ് അങ്ങനെ ഒന്നും ചെയ്തിട്ടില്ല..

തത്കാലം ഈ കല്യാണം നടക്കട്ടെ.. വേറെ എന്തെങ്കിലും ഉണ്ടെങ്കിലും അതിനു ശേഷം നമുക്ക് സംസാരിക്കാം.. " സ്വന്തം മകന്റെ പ്രായമുള്ള ഒരു പയ്യന്റെ കാലു പിടിക്കാൻ തയ്യാറായി സന്ദീപേട്ടന്റെ അച്ഛൻ പറഞ്ഞു.. പക്ഷെ അയാളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല.. ഇല്ല.. ഒന്നും നടക്കില്ല.. ഇവൻ ഇപ്പോൾ ഈ മണ്ഡപത്തിൽ വച്ചു ഞാൻ പറഞ്ഞത് പോലെ ഇവളുടെ കഴുത്തിൽ താലി കെട്ടും.. ഇനി അതല്ല എന്നുണ്ടെങ്കിൽ...അറിയാമല്ലോ എന്നെ.. പിന്നെ നിങ്ങള്ക്ക് ഈ മകൻ ഉണ്ടാവില്ല.. ഇവന്റെ അടിയന്തിരം നടത്താൻ നിങ്ങൾ ഒരുങ്ങിക്കോ.. " ഒരാൾ ഇങ്ങനെ പരസ്യമായി കയറി വന്നു മറ്റൊരാളെ കൊല്ലും എന്ന് വരെ പറഞ്ഞിട്ടും ആരും അനങ്ങാത്തതു എന്നെ വല്ലാതെ അതിശയപ്പെടുത്തി.. അത് പോലെ വല്ലാത്ത ദേഷ്യവും വന്നു.. മുതിർന്നവരെയോ എന്തിനു..

ദൈവത്തിനെ പോലും വിലയില്ലാത്ത മനുഷ്യൻ.. ഞാൻ ഇരുന്നിടത്തു നിന്നു എഴുനേറ്റു അയാളുടെ നേരെ തിരിഞ്ഞു.. " നിങ്ങൾ എന്തൊക്കെയാ ഈ കാണിക്കുന്നത്.. മര്യാദക്ക് സന്ദീപേട്ടന്റെ ദേഹത്തുന്നു കാലെടുക്കു.. ഇതൊരു അമ്പലനടയാനെന്നു പോലും ഉള്ള ബോധം ഇല്ലേ നിങ്ങള്ക്ക്? " എന്റെ ഉച്ചത്തിലുള്ള ചോദ്യം അയാളെ ഞെട്ടിച്ചു എന്ന് തോന്നുന്നു.. അയാളുടെ കണ്ണുകൾ എന്റെ നേർക്കായി.ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ പേരറിയാത്ത എന്തോ ഒരു ഭാവം ഒരു നിമിഷം ആ രൗദ്രതയേറിയ കണ്ണുകളിലൂടെ മിന്നി മാഞ്ഞു. ആ കണ്ണുകളിൽ കണ്ട ഭാവം എന്താണെന്ന് വേർതിരിച്ചു അറിയാൻ സാധിക്കാത്ത ഒന്നായിരുന്നു. വന്നത് പോലെ തന്നെ ക്ഷണനേരം കൊണ്ട് ആ ഭാവം അപ്രത്യക്ഷമാവുകയും അവിടെ രൗദ്രത വീണ്ടും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

പക്ഷെ അയാളുടെ കണ്ണുകളിൽ കണ്ട അതെ രൗദ്രതയോടെ ഞാനും ആ നോട്ടത്തെ നേരിട്ടു . കുറച്ചു നേരത്തിനു ശേഷം സൂര്യമഹാദേവൻ തന്നെ തന്റെ നോട്ടം പിൻവലിച്ചു.അതോടൊപ്പം എന്ത് കൊണ്ടോ അയാൾ സന്ദീപേട്ടന്റെ നെഞ്ചിൽ നിന്നും കാലെടുത്തു.. സന്ദീപേട്ടൻ പതിയെ എണീറ്റിരുന്നു.. ഏട്ടന്റെ നെഞ്ചത്ത് അയാളുടെ ചെരുപ്പിന്റെ പാട് വ്യക്തമായി കാണാമായിരുന്നു.. " ഞങ്ങൾ ഇവിടെ ചുമ്മാ വഴക്കുണ്ടാക്കാൻ വന്നതല്ല..ഇവൻ ഒരു പാവം പെണ്ണിനെ പറഞ്ഞു പറ്റിച്ചത് കൊണ്ടാണ്.. " അയാളെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഞാൻ അയാൾക്ക്‌ നേരെ എന്റെ കൈകൾ ഉയർത്തി.. " കുറെ നേരമായല്ലോ നിങ്ങൾ സന്ദീപേട്ടൻ ഈ പെണ്ണിനെ പറഞ്ഞു പറ്റിച്ച കാര്യം പറഞ്ഞു ബഹളം വയ്ക്കാൻ തുടങ്ങിയിട്ട്.. ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്റെയും സന്ദീപേട്ടന്റെയും കല്യാണം ഉറപ്പിച്ചിട്ടു ഇപ്പോൾ മാസം ഒന്നായി.. ഇത്രയും നാൾ ഈ പെണ്ണ് എന്താണ് ഒന്നും പറഞ്ഞു വരാതിരുന്നത്?

കല്യാണത്തിന്റെ അന്ന് വരെ കാത്തു നിന്നത് എന്തിനാണ്? സന്ദീപേട്ടന്റെ വീട്ടിൽ പറഞ്ഞില്ലെങ്കിൽ വേണ്ട.. എന്നോടോ എന്റെ വീട്ടുകാരോടോ പറയാമായിരുന്നില്ലേ? ഞങ്ങൾ മാറി തന്നേനെല്ലോ.. ഇതിപ്പോ നാട്ടുകാരെയും വിളിച്ചു എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു താലി കെട്ടാൻ തുടങ്ങുമ്പോൾ കയറി വരുന്നത് എന്ത് മര്യാദയാണ്? " എന്റെ ആ ചോദ്യത്തിന് മുന്നിൽ ഇത്രയും നേരം വിജയിച്ചു നിന്നിരുന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ ഒരു പതർച്ച ഞാൻ കണ്ടു.. അയാൾ ദേഷ്യത്തോടെ തന്നോടൊപ്പം വന്ന പെൺകുട്ടിയെ നോക്കി.. അവൾ കള്ളം ചെയ്ത കുട്ടിയെ പോലെ തല കുനിച്ചു നിന്നു.. അത് മതിയായിരുന്നു അവർ എന്തൊക്കെയോ കള്ളത്തരം ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ..അല്ലെങ്കിൽ തന്നെ ഇങ്ങനെ ഉള്ള ഒരാളാണ് സന്ദീപേട്ടൻ എങ്കിൽ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് എന്റെ വീട്ടിൽ വന്നു പെണ്ണാലോചിച്ചു എന്നെ കല്യാണം കഴിച്ചത്..

എന്നെയും വല്ല പ്രേമകുടുക്കിലും വീഴ്ത്തിയാൽ പോരായിരുന്നോ? അവർ കള്ളം പറയുന്നതാണെന്നു മനസ്സിൽ ഉറപ്പിച്ചു തന്നെ ഞാൻ അവരെ നോക്കി.. പക്ഷെ അതെ സമയം ഒക്കെയും ഒരു ഗൂഢസ്മിതത്തോടെ എന്നെ നോക്കുന്ന നീല പട്ടു സാരിക്കാരിയെ ഞാൻ കണ്ടില്ല.. " ചുമ്മാ കയറി വന്നു കൊല്ലും തല്ലും എന്നൊക്കെ പറഞ്ഞാൽ ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലായെന്ന് കരുതിയോ? ഇവിടെ പോലീസും നിയമവും ഒക്കെ ഉണ്ട്.. ഞാൻ പോലീസിനെ വിളിക്കുകയാണ്.. " സൂര്യമഹാദേവൻ ഒന്ന് പതറിയ സന്തോഷത്തോടെ ഞാൻ പറഞ്ഞു.. പക്ഷെ ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് പതറിയ ആ കണ്ണുകളിൽ വീണ്ടും ആത്മവിശ്വാസം തെളിഞ്ഞു വന്നു.. " എന്നാൽ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ.. പോലീസ് വരട്ടെ.. എന്നെ വിലങ്ങു വച്ചു കൊണ്ട് പോകട്ടെ..

പക്ഷെ പോകുന്നതിനു മുന്നേ ഒന്നുകിൽ ഇവനെ കൊണ്ട് ഇവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിക്കും.. അല്ലെങ്കിൽ ഇവനെ ഞാൻ തീർക്കും.അതിലേതു വേണമെന്ന് ഇവന് തീരുമാനിക്കാം.. നീയേതായാലും പോലീസിനെ വിളിക്കെടി.." അയാൾ എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞു.. വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കയാണ് എന്ന് മനസ്സിൽ ഓർത്തു ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി ഞാൻ എന്റെ ഫോൺ എടുക്കാൻ തിരിഞ്ഞു.. പെട്ടെന്നാണ് സന്ദീപേട്ടന്റെ അച്ഛൻ എന്റെ മുന്നിലേക്ക്‌ കയറി നിന്നത്.. " വേണ്ട മോളെ.. പോലീസ് ഒന്നും വേണ്ട.. ആരെയും വിളിക്കണ്ട.. " ഞാൻ അതിശയത്തോടെ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.. തോൽവി സമ്മതിച്ച ഒരു ഭാവമായിരുന്നു അദ്ദേഹത്തിനു.. " പക്ഷെ അച്ഛാ... ഇയാൾ.. " " എനിക്കറിയാം മോളെ.. നിന്നോട് ചെയ്യുന്നത് തെറ്റാണെന്നു.. പക്ഷെ ഇപ്പോൾ ഞങ്ങൾക്കും വേറെ വഴിയില്ല..

ഇവൻ ഞങ്ങളുടെ ഒരേ ഒരു മകൻ ആണ് .. ഇവൻ അല്ലാതെ ഞങ്ങൾക്ക് മറ്റാരും ഇല്ല.. ഇപ്പോൾ ഇവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ എന്നെന്നേക്കുമായി.. മോളു ഞങ്ങളോട് പൊറുക്കണം.. " അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാൻ എനിക്ക് കുറച്ചു സമയം എടുത്തു.. അത് മനസിലായപ്പോൾ ഞാൻ സന്ദീപേട്ടന്റെ അമ്മയെ നോക്കി.. അവർ നിറഞ്ഞ കണ്ണുകളോടെ എന്റെ നേരെ കൈ കൂപ്പി.. സന്ദീപേട്ടനെ നോക്കുമ്പോൾ ആൾ തല കുനിച്ചു ഇരിക്കുന്നെ ഉള്ളു.. " സന്ദീപേട്ടാ .. " ദയനീയമായി ഞാൻ വിളിച്ചെങ്കിലും അവിടുന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. പിന്നെയുള്ള ഓരോ മുഖങ്ങളിലേക്കും നോക്കിയെങ്കിലും എവിടെ നിന്നും എനിക്ക് അനുകൂലമായ ഒരു നോട്ടം പോലും കിട്ടിയില്ല.. ഈ നിമിഷം ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.. "

അപ്പോൾ പിന്നെ പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു തീരുമാനിക്കാനുള്ളതൊക്കെ തീരുമാനിച്ചില്ല.. ഇനി നമുക്ക് കല്യാണം നടത്താലോ അല്ലെ? " സൂര്യമഹാദേവൻ ചോദിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല.. " നീയിനി എന്ത് നോക്കി നിൽക്കുവാ.. അങ്ങോട്ട്‌ കയറി ഇരിക്കെടി .. " അയാൾ തന്റെ കൂടെയുള്ള പെൺകുട്ടിയോട് പറഞ്ഞു.. അവൾ അവിടെയുള്ള എല്ലാവരെയും ഒന്ന് നോക്കിയ ശേഷം പതിയെ മണ്ഡപത്തിൽ ഞാൻ നേരത്തെ ഇരുന്നിടത്തു വന്നിരുന്നു.. ഇരിക്കുന്നതിന് മുന്നേ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. അവളോട്‌ ക്ഷമിക്കണം എന്ന് ആ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു.. അവൾ ഇരുന്നു കഴിഞ്ഞപ്പോൾ അയാൾ സന്ദീപേട്ടനെയും അവളുടെ അടുത്ത് പിടിച്ചിരുത്തി.. " പെണ്ണും ചെക്കനും റെഡി..

എന്നാൽ ഇനി ചടങ്ങുകൾ തുടങ്ങിയാട്ടെ.. " അയാൾ തിരുമേനിയെ നോക്കി പറഞ്ഞു.. നിസ്സഹായതയോടെ അദ്ദേഹം വീണ്ടും മന്ത്രങ്ങൾ ചൊല്ലാൻ ആരംഭിച്ചു.. പിന്നീട് അവിടെ നടന്നതൊക്കെ മരവിച്ച മനസ്സുമായാണ് ഞാൻ കണ്ടു കൊണ്ട് നിന്നത്.. സന്ദീപേട്ടന്റെ അവളുടെ കഴുത്തിൽ താലി കെട്ടിയപ്പോഴും അവളുടെ സിന്ദൂരം രേഖയിൽ സിന്ദൂരം തൊട്ടപ്പോഴും ആ മരവിച്ച അവസ്ഥയിലും എന്റെ കണ്ണിൽ കണ്ണീർ പൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. അവസാനം സന്ദീപേട്ടൻ അവളുടെ കൈ പിടിച്ചു അഗ്നിക്ക് മൂന്നു വട്ടം വലം വച്ചു അവർ ഭാര്യ ഭർത്താക്കന്മാർ ആയി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ കണ്ടു കൊണ്ടിരുന്ന സ്വപ്നമാണ് എന്റെ കണ്മുന്നിൽ വീണുടഞ്ഞു കൊണ്ടിരിക്കുന്നത്.. " എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ? പറഞ്ഞ സമയത്തിന് മുന്നേ ചെക്കന്റെ വീട്ടിൽ കയറേണ്ടതല്ലേ? " ചടങ്ങുകൾ കഴിഞ്ഞപ്പോൾ സൂര്യമഹാദേവൻ ചോദിച്ചു..

വൈകാതെ സന്ദീപേട്ടനും അച്ഛനും അമ്മയും സൂര്യമഹാദേവന്റെയും കൂട്ടരുടെയും ഒപ്പം പോകാനായി ഇറങ്ങി .അവിടെ നിന്നും ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി സൂര്യമഹാദേവന്റെ കണ്ണുകൾ എന്നെ തേടി വന്നു.. ഒരു നിമിഷത്തേക്ക് ആ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കിയപ്പോൾ കുറ്റബോധമോ സഹതാപമോ എന്തൊക്കെയോ അതിൽ ഞാൻ കണ്ടു.. പക്ഷെ എന്റെ ഉള്ളിൽ ഒരു നെരിപ്പോട് എരിയുകയായിരുന്നു. പോകുന്നതിനു മുന്നേ സന്ദീപേട്ടനും സുധി മാമനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സുധി മാമൻ ഒരു പൊതി സന്ദീപേട്ടനെ ഏല്പിക്കുന്നതും കണ്ടു..അതെന്താണെന്നു ചിന്തിക്കാനോ ചോദിക്കണോ ഒന്നും ഉള്ള മാനസികാവസ്ഥ അപ്പോൾ എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം.. പതിയെ പതിയെ അമ്പലവും അതിന്റെ പരിസരവും കാലിയാവാൻ തുടങ്ങി.. അമ്പലനടയിലേ ആ മണ്ഡപത്തിൽ എല്ലാം നഷ്ടപെട്ടവളേ പോലെ ഞാൻ ഇരുന്നു.ചെറിയമ്മയോ തനുവോ ഒരു ആശ്വാസവാക്കെങ്കിലും വന്നു പറയും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു എന്ന് ആ ശ്രീകോവിലിനകത്തേക്കു നോക്കി കരഞ്ഞു കൊണ്ട് പലപ്രാവശ്യം ഞാൻ ചോദിച്ചു.. എന്നാൽ ഇനി നടക്കാൻ പോകുന്നതു ഇപ്പോൾ നടന്നതിനേക്കാൾ ഭീകരമാണെന്നു അപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ചെറിയമ്മയും കൂട്ടരും പൂജാരിക്കും സദ്യക്കും മറ്റുമുള്ള പൈസയൊക്കെ കൊടുത്തു ഒതുക്കി വീട്ടിലേക്കു പോകാൻ തുടങ്ങിയപ്പോൾ ഞാനും അവരുടെ പിറകെ ഇറങ്ങി.. " ഉം.. നീ എങ്ങോട്ടാ? " സുധി മാമന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഞെട്ടി മാമനെ നോക്കി.. മാമൻ എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ.. "ഞാൻ വീട്ടിലേക്കു. " " ഏതു വീട്ടിലേക്കു? ആരുടെ വീട്ടിലേക്കു? " ഞാൻ അവരെയെല്ലാം പകച്ചു നോക്കി.. " നമ്മുടെ വീട്ടിലേക്കു.. " " നമ്മുടെ വീടോ? അത് ഞങ്ങളുടെ വീടാണ്.. പറഞ്ഞത് മറന്ന് പോയോ?ഇന്നത്തോടെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചാണ് ഞങ്ങൾ നിന്നെ രാവിലെ പടിയിറക്കിയതു .

ഇനി നീ ഞങ്ങളോടൊപ്പം ആ വീട്ടിലേക്കു വരേണ്ട.. " മഹിമ അമ്മായി പുച്ഛത്തോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ കണ്ണീരോടെ അവരെ നോക്കി. " പക്ഷെ.. ഞാൻ.. അതിനു കല്യാണം നടന്നില്ലല്ലോ അമ്മായി? " " അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല.. നിന്നെ ഇനിയും ചുമക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല.. " " പക്ഷെ അങ്ങോട്ട്‌ വരാതെ ഞാൻ പിന്നെ എങ്ങോട്ട് പോകാനാണ് അമ്മായി? " " അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല.. ശാപം പിടിച്ച പെണ്ണാണ് നീ.. നിന്റെ തലവെട്ടം കണ്ടപ്പപ്പോൾ തന്നെ തള്ള പോയി.. നിന്റെ പഠിപ്പിന്റെ കാര്യം ശരിയാക്കാൻ എന്ന് പറഞ്ഞു പോയപ്പോഴാണ് പാവം ഞങ്ങളുടെ ചേട്ടൻ അപകടത്തിൽ മരണപ്പെട്ടത്.. പിന്നെ ഈ കല്യാണം..ഒരു മുടക്കും കൂടാതെ നടക്കേണ്ടതല്ലായിരുന്നോ? താലി കെട്ടാൻ കയ്യിൽ എടുത്തു കഴിഞ്ഞപ്പോൾ അല്ലെ മുടക്കം വന്നത്? "

" അതൊന്നും എന്റെ തെറ്റല്ലല്ലോ അമ്മായി.. ഈ കല്യാണം ഇങ്ങനെ മുടങ്ങി പോയതിനു ഞാൻ എന്ത് പിഴച്ചു.. " അത്രയും ആയപ്പോഴേക്കും ഒരു നിയന്ത്രണവും ഇല്ലാതെ ഞാൻ കരഞ്ഞു പോയിരുന്നു.. " ആര് പറഞ്ഞു നിന്റെ തെറ്റല്ലെന്ന്.. എല്ലാത്തിനും കാരണം നിന്റെ ജാതകദോഷം ആണ്.. ഇത്രയും ദോഷമുള്ള നിന്നെ ഇനി ഞങ്ങളോടൊപ്പം കൊണ്ട് പോയാൽ അടുത്തത് ഞങ്ങളുടെ ഈ പൊന്നു മോൾക്കായിരിക്കും എന്തെങ്കിലും ആപത്തു വരുന്നതു.. " മഹിമ അമ്മായി തനുവിനെ ചേർത്തു നിർത്തി പറഞ്ഞു.. അവളുടെ മുഖത്ത് വല്ലാത്ത പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രം ആയിരുന്നു. ഒരു ആശ്രയത്തിനു എന്നോണം ഞാൻ അവിടെയുള്ള നാല് മുഖങ്ങളിലേക്കും മാറി മാറി നോക്കി.. ഒരിടത്തു നിന്നും ഒരിറ്റു കനിവ് പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല..

ഇന്നത്തോടെ എന്റെ ശല്യം തീർക്കണം എന്ന് ഉറപ്പിച്ചു തന്നെയാണ് അവർ ഇരുന്നിരുന്നതെന്നു എനിക്കു അതോടെ ഉറപ്പായി.. ആദ്യം കല്യാണം മുടങ്ങി.. ഇപ്പോൾ കയറി കിടക്കാൻ ഒരു ഇടം പോലും ഇല്ലാതെ ആയിരിക്കുന്നു.. ഞാൻ ചുറ്റും നോക്കി...സന്ദീപേട്ടനും അമ്മയും അച്ഛനും അവരോടൊപ്പം പോയെങ്കിലും അവരുടെ കൂടെ വന്നവരൊന്നും പോയിരുന്നില്ല.. ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ കണ്ടു കൊണ്ട് അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പല മുഖങ്ങളിലും എന്നോടുള്ള സഹതാപം വ്യക്തമായിരുന്നു. അവരുടെ ഏറ്റവും മുന്നിലായി ഇവിടെ നടക്കുന്നതൊക്കെ ശ്രദ്ധിച്ചു കൊണ്ട് ആ നീല പട്ടു സാരിക്കാരിയും.. എത്ര പേര് കണ്ടു നിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ എനിക്ക് അത് ചെയ്യാതെ നിവർത്തി ഇല്ലായിരുന്നു.. ഞാൻ പതിയെ ചെറിയമ്മയുടെ കാല്കീഴില് മുട്ട് കുത്തി ഇരുന്നു അവരുടെ നേരെ നോക്കി കൈകൾ കൂപ്പി.. " ചെറിയമ്മേ.. എനിക്ക് പോകാൻ മറ്റൊരിടം ഇല്ല..

ഒരു പെണ്ണായ ഞാൻ ആരുമില്ലാതെ എങ്ങോട്ട് പോകും.. ദൈവത്തെ ഓർത്തു എന്നെ ഇവിടെ ഇങ്ങനെ ഉപേക്ഷിച്ചു പോകരുത്.. കുറച്ചു ദിവസത്തേക്ക് മതി.. ആ സമയം കൊണ്ട് ഞാൻ മറ്റെങ്ങോട്ടെങ്കിലും മാറി കൊള്ളാം.എന്റെ കയ്യിൽ ഇപ്പോൾ ചില്ലി കാശു പോലും ഇല്ല.. " ചെറിയമ്മ എന്ത് ചെയ്യണം എന്നുള്ള മട്ടിൽ സുധി മാമനെയും മഹിമ അമ്മായിയേയും നോക്കി. മഹിമ അമ്മായി ചെറിയമ്മയെ വേണ്ട എന്ന് കണ്ണടച്ച് കാണിച്ചു.. എനിക്കുള്ള മറുപടി പറഞ്ഞതും അവർ തന്നെയാണ്.. "അതൊന്നും പറ്റില്ല.. എന്തായാലും നിന്നെ പോലെ നാശം പിടിച്ചതിനെ ഞങ്ങൾ ഇനി വീട്ടിലേക്കു കൊണ്ട് പോകില്ല. കയ്യിലും കഴുത്തിലും കിടക്കുന്നതൊക്കെ വിറ്റാൽ ജീവിക്കാനുള്ള കാശ് കിട്ടും. അല്ലെങ്കിൽ പിന്നെ നിന്നെ പ്രേമിച്ചിട്ടു ഇന്ന് വേറൊരുത്തിയെ കെട്ടി ഇവിടുന്നു പോയില്ലേ അവനോടും അവന്റെ വീട്ടുകാരോടും തന്നെ പോയി പറ എന്തെങ്കിലും വഴി കാണിച്ചു തരാൻ.. അല്ല പിന്നെ.. "

അമ്മായി പുച്ഛത്തോടെ എന്നോട് പറഞ്ഞു.. ആ നിമിഷം എനിക്ക് മനസിലായി ഞാൻ എന്ത് പറഞ്ഞാലും അവരുടെ മനസ്സ് മാറില്ലെന്ന്.. ഇത്രയൊക്കെ കേട്ട ശേഷം അവരോടൊപ്പം ആ വീട്ടിലേക്കു പോകാൻ എനിക്കും മനസ്സിൽ വന്നില്ല.. വേണമെങ്കിൽ പോലീസിനെയും നാട്ടുകാരെയും ഒക്കെ വിളിച്ചു നിർബന്ധം പിടിച്ചു എനിക്കു അവരോടൊപ്പം പോകാം.. പക്ഷെ അത് കഴിഞ്ഞുള്ള ജീവിതം നരകം ആയിരിക്കും.. സത്യം പറഞ്ഞാൽ ഇനിയെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.. ആരും ഇല്ലാതെ.. ആർക്കും വേണ്ടാതെ..എല്ലാം കൈവിട്ടു പോയി എന്ന് തോന്നുന്ന സമയങ്ങളിൽ മിക്ക ആളുകളുടെയും മനസ്സിൽ വരുന്ന ആ ചിന്ത എന്റെ മനസ്സിലേക്കും വന്നു. ഞാൻ പിന്നെ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവർ വീട്ടിലേക്കു തിരികെ പോയി. അവർ പോകുന്നതും നോക്കി കുറച്ചു നേരം ഞാൻ അവിടെ തന്നെ നിന്നു. പിന്നെ തിരിഞ്ഞു നടക്കലേക്കു നടന്നു..

അവസാനത്തെ യാത്ര പറച്ചിൽ ദേവിയോട് തന്നെ ആയിക്കോട്ടെ.. " നീലാംബരി അമ്മാ.. " തന്റെ വിശ്വസ്തനായ സേവകൻ ശേഖരന്റെ വിളി കേട്ടു നീല പട്ടു സാരി ഉടുത്ത സ്ത്രീ തിരിഞ്ഞു നോക്കി.. " നമുക്കിനി പോയാലോ? എല്ലാവരും കാത്തു നിൽക്കുകയാണ്..ഇപ്പോഴെങ്കിലും പുറപ്പെട്ടില്ലെങ്കിൽ നമ്മൾ അങ്ങെത്തുമ്പോൾ ഒരുപാട് വൈകും. അമ്മ കുറച്ചു നേരം കൂടി ഇവിടെ നിൽക്കാൻ പറഞ്ഞത് കൊണ്ടാണ് എല്ലാവരും നിന്നത്.. കല്യാണം മുടങ്ങി കഴിഞ്ഞും നമ്മൾ പിന്നെയും ഇവിടെ നിൽക്കുന്നത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്? " അവർ അയാളെ നോക്കി ചിരിച്ചു.എണിറ്റു ചോദിച്ചു. " ഗ്രാമത്തിലെ അടുത്ത പഞ്ചായത്ത് ഇനി നാളെയല്ലേ ശേഖരാ കൂടുന്നത്.. " അമ്മ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അയാൾ അതെയെന്ന് മറുപടി നൽകി.

"എത്ര നാളായി ശേഖരാ നമ്മൾ സൂര്യമഹാദേവനെ തോല്പിക്കാൻ ഒരു വഴി തിരക്കി നടക്കുന്നു. ഈ കല്യാണത്തിന് ഇത്ര ദൂരം പോകേണ്ട എന്ന് ഇന്ദ്രേട്ടൻ പറഞ്ഞിട്ടും ഇങ്ങോട്ടേക്കു വരാൻ എന്നെ തോന്നിപ്പിച്ചത് ചാമുണ്ഡേശ്വരി ആണ്.. അത് കൊണ്ടല്ലേ അവനു എതിരെ ഇങ്ങനെ ഒരു ആയുധം എന്റെ മുന്നിൽ വീണു കിട്ടിയത്." അയാൾ ഒന്നും മനസിലാവാതെ നീലാംബരിയെ നോക്കി.. എന്ത് ആയുധം.. " എന്തൊക്കെയാണ് നീലാംബരി അമ്മ പറയുന്നത്? എന്ത് ആയുധം കിട്ടി എന്നാണ്? " അവർ കുടിലത നിറഞ്ഞ ഒരു ചിരിയോടെ അമ്പലനടയിൽ തൊഴുതു ഇറങ്ങി വരുന്ന പെൺകുട്ടിയുടെ നേരെ വിരൽ ചൂണ്ടി.. " ആ പെൺകുട്ടിയോ.. അവൾ എങ്ങിനെ? " " അതൊക്കെ പറയാം ശേഖരാ.. തത്കാലം ബസ്സിൽ വന്ന ബാക്കി എല്ലാവരോടും തിരികെ ഇരുദേശപുരത്തേക്കു തിരിക്കാൻ പറഞ്ഞോളൂ.." " അപ്പോൾ നമ്മളോ? " " നമുക്ക് പോകുന്നതിന് മുൻപ് കുറച്ചു ജോലി കൂടി ബാക്കിയുണ്ട്. " നീലാംബരി അമ്മയുടെ ഉദ്ദേശം എന്താണെന്ന് പിടികിട്ടിയില്ലെങ്കിലും അവർ എന്തൊക്കെയോ കണക്കു കൂട്ടി വച്ചിട്ടുണ്ടെന്നു അയാൾക്ക്‌ മനസിലായി. അത് കൊണ്ട് തന്നെ ഒന്നും പറയാതെ അയാൾ മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story