സൂര്യപാർവണം: ഭാഗം 20

surya parvanam

രചന: നിള നിരഞ്ജൻ

കാശ്ശിയോടും പണിക്കാരോടും ഒപ്പം കൂടി പാടത്തു പണി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് മഹിയെ ആരോ വിളിക്കുന്നത്.. തിരിഞ്ഞു നോക്കിയതും മഹിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.. മഹിയുടെ പേര് വിളിക്കുന്നത് കേട്ടു തിരിഞ്ഞു നോക്കിയ കാശിയുടെ മുഖവും കനത്തു.. " നീയെന്തിനാ ഇങ്ങോട്ട് വന്നത്?നിന്നെ ഇനി കാണണ്ടയെന്നു അന്നേ പറഞ്ഞതല്ലേ? " കാശിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടു വിനു ഒന്നും മിണ്ടാനില്ലാതെ തല കുനിച്ചു നിന്നു. മഹി കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നതിനു ശേഷം വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു.. ആരോ തന്റെ കാല്കീഴില് ഇരിക്കുനത് പോലെ തോന്നിയപ്പോൾ മഹി താഴേക്കു നോക്കി. തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന വിനുവിനെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അവൻ നിന്നു. വിദ്യയേയും കുഞ്ഞിനേയും കൊന്നു കളയും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് വിനുവിനെ കൊണ്ട് സന്ദീപ് അതെല്ലാം ചെയ്യിച്ചത് എന്ന് പാറു പറഞ്ഞത് അവനു ഓർമ വന്നു. അവൻ കാശിയെ നോക്കിയപ്പോൾ വിനുവിന്റെ പ്രവർത്തി കണ്ടു അവനും വല്ലാതായി നിൽക്കുകയാണ്.

കുറച്ചു നേരത്തിനു ശേഷം മഹി തന്നെ വിനുവിനെ തന്റെ കാല്കീഴില് നിന്നു പിടിച്ചെഴുനേൽപ്പിച്ചു.. എന്നിട്ടും കരഞ്ഞു കൊണ്ടിരുന്ന അവനെ അവിടെ ഇരുത്തി അവനോടൊപ്പം ഇരുന്നു.വിനുവിന്റെ അപ്പുറത്തെ വശത്തായി കാശിയും വന്നിരുന്നു. അവൻ ഒന്ന് ശാന്തൻ ആയെന്നു തോന്നിയപ്പോൾ കാശി ചോദിച്ചു.. " ഇത്രയ്ക്കു വിഷമം ഉണ്ടായിരുന്നെങ്കിൽ എന്തിനാടാ ആ നാറിക്ക് വേണ്ടി നീ അങ്ങനൊക്കെ ചെയ്തത്? പാറുവിനു എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. " കാശി പകുതിക്കു നിർത്തിയിട്ടു അർത്ഥം വച്ചു വിനുവിന്റെ അപ്പുറത്ത് ദൂരേക്ക് നോക്കിയിരിക്കുന്ന മഹിയെ നോക്കി. " എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ പറ്റി പോയതാടാ.. ആദ്യമൊക്കെ സന്ദീപ് വന്നു പറഞ്ഞപ്പോൾ ഞാൻ പറ്റില്ലാന്ന് തന്നെയാ ഉറപ്പിച്ചു പറഞ്ഞത്. അന്ന് അവൻ വിദ്യ മോളെ ഗർഭിണി ആണ് എന്ന് പോലും നോക്കാതെ ഒരുപാട് ഉപദ്രവിച്ചു. എന്തിനാ തല്ലു കൊള്ളുന്നത് എന്ന് പോലും അറിയാതെ ആ പാവം അന്ന് ഒരുപാടു സഹിച്ചു. കരഞ്ഞു തളർന്നിരിക്കുന്ന അവളുടെ ഫോട്ടോ അവൻ എനിക്ക് അയച്ചു തന്നു . തകർന്നു പോയി ഞാൻ. പിറ്റേ ദിവസം തന്നെ അവളെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരാൻ ഞാൻ അവന്റെ വീട്ടിൽ ചെന്നു . പക്ഷെ ഞാൻ ചെന്നപ്പോഴേക്ക് അവൻ വിദ്യയെ മറ്റെങ്ങോ മാറ്റിയിരുന്നു.

ഇനിയും ഞാൻ അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവളെയും കുഞ്ഞിനേയും.. മനസുണ്ടായിട്ടല്ല.. എവിടെയോ കിടന്നു തല്ലു കൊള്ളുന്ന ഗർഭിണിയായഅവളെ ഓർത്തപ്പോൾ സ്വാർത്ഥനായി പോയി .. പറ്റുമെങ്കിൽ എന്നോട് ഒന്ന് ക്ഷമിക്കെടാ.. " അതും പറഞ്ഞു വിനു വീണ്ടും പൊട്ടി കരഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോൾ മഹി മെല്ലെ അവന്റെ തോളിലൂടെ കയ്യിട്ടു.. " ഒരു വാക്ക് പറയായിരുന്നില്ലെടാ നിനക്ക്? ആ ചെറ്റ ആദ്യമായി നമ്മുടെ വിദ്യ മോളുടെ ദേഹത്ത് കൈ വച്ചപ്പോൾ തന്നെ എന്നോട് പറയായിരുന്നിലെ? ഞാൻ പറഞ്ഞതല്ലേ അവൻ എന്തെങ്കിലും കുഴപ്പം കാണിച്ചാൽ അതെന്നെ അറിയിക്കണം എന്ന്.. അങ്ങനെ ആണെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നല്ലോ? " " പറ്റിയിലെട.. നീ ഒന്നും അറിയരുതെന്നായിരുന്നു അവന്റെ ഡിമാൻഡ്.. നീ അവനെ എന്തെങ്കിലും ചെയ്‌താൽ അതിനിരട്ടിയായി അവൻ അവള്ക്കു കൊടുക്കും എന്ന് പറഞ്ഞപ്പോൾ.. പറ്റിപ്പോയി." മഹി മെല്ലെ അവന്റെ തോളത്തു തട്ടി. " കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല. വിദ്യ ഇപ്പോൾ എവിടെയുണ്ട് ? " " എന്നെ ഭീഷണിപ്പെടുത്താനായി അവളെ അവൻ അവരുടെ ഒരു ബന്ധു വീട്ടിലേക്കു മാറ്റി ഇരിക്കുകയായിരുന്നു. കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അവൾ നിർബന്ധം പിടിച്ചു ഞങ്ങളുടെ വീട്ടിലേക്കു പോന്നു.

സന്ദീപിന്റെ ചെറ്റത്തരം എല്ലാവരും അറിഞ്ഞത് കൊണ്ട് ഇനി അവളെ ഭീഷണിപ്പെടുത്താൻ സാധിക്കില്ലാന്നു അവർക്കും മനസിലായിട്ടുണ്ട്. അച്ഛനും പറഞ്ഞു ഇനി അവനോടൊപ്പം ഒരു ജീവിതം വേണ്ടായെന്നു. അവൾക്കും അതു തന്നെയാണ് അഭിപ്രായം. " " അതു നന്നായി.. അവളെ നന്നായി നോക്കു. അവളുടെ കൂടെ എല്ലാത്തിനും നിക്ക്.. പാവം ഒരുപാടു അനുഭവിച്ചു.. " " പാറു.. പാറുവിനു ഇപ്പോൾ എങ്ങനെ ഉണ്ട്? " മടിച്ചു മടിച്ചു വിനു മഹിയോട് ചോദിച്ചു.. " കുഴപ്പമില്ല..ഒരു മാസം കൊണ്ട് ഓക്കെ ആവുമെന്നാണ് ഡോക്ടർമാർ പറയുന്നത്.. " പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷവുമാണ് വിനു അവരുടെ അടുത്തുന്നു പിരിഞ്ഞു പോയത്. പോകുമ്പോൾ അവൻ അത്യാവശ്യം നല്ല സന്തോഷത്തിൽ ആയിരുന്നു. " ഡാ... നീയെന്താ ആലോചിക്കുന്നത്? " വിനു പോകുന്നതും നോക്കി മഹി ഒരു ആലോചനയോടെ നിൽക്കുന്നത് കണ്ട കാശി ചോദിച്ചു. " വിനുവിനെ ഒന്ന് സൂക്ഷിക്കണം.. " " എന്ന് വച്ചാൽ അവൻ ഇപ്പോൾ നമ്മുടെ അടുത്തു വന്നു പറഞ്ഞതൊക്കെ കള്ളം ആണെന്നാണോ? "

" അല്ല. അവൻ എല്ലാം ആത്മാർത്ഥമായിട്ടു തന്നെയാണ് പറഞ്ഞത്.. പക്ഷെ അവൻ ഇപ്പോൾ വലിയൊരു അപകടത്തിൽ ആണ്. നമുക്കെതിരെ കൽപകശ്ശേരിക്കാർക്ക് പ്രയോഗിക്കാൻ പറ്റുന്ന ഏറ്റവും വലിയ ആയുധമാണ് ഇപ്പോൾ വിനുവും അവന്റെ കുടുംബവും. ഇപ്പോൾ വിനുവിന് എന്തെങ്കിലും സംഭവിച്ചാൽ ഉറപ്പായും കുറ്റം എന്റെ തലയിൽ വരും.. നമ്മുടെ കമ്മീഷണർ സാറിനും അതൊരു കച്ചിതുരുമ്പാവും. അതു കൊണ്ട് ഇനി ഞാൻ പറയുന്നത് വരെ വിനുവിന്റെയും കുടുംബത്തിന്റെയും മേൽ എപ്പോളും നമ്മുടെ ഒരു കണ്ണ് വേണം.." മഹി പറഞ്ഞപ്പോൾ കാര്യം മനസിലായത്തു പോലെ കാശി തലയാട്ടി. ഇനിയുള്ള കുറച്ചു നാളുകൾ അവർക്കു അത്ര സുഖമുള്ളത് ആവില്ലയെന്നു അവനും അറിയാമായിരുന്നു. രാവിലെ എന്നെ വീട്ടിൽ കൊണ്ടാക്കിട്ടു പോയതാണ് സൂര്യേട്ടൻ. ഇത് വരെ വന്നിട്ടില്ല. അപ്പോൾ സ്നേഹമൊക്കെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മനസ്സിൽ ഓർത്തു കെറുവിച്ചു കൊണ്ട് ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു. എനിക്ക് കാഴ്ചയൊക്കെ കാണാനുള്ള സൗകര്യത്തിനു എന്റെ കട്ടിൽ ജനലിന് അടുത്തേക്ക് ആക്കി ഇട്ടു തന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ജീപ്പ് വന്നു നിൽക്കുന്നതും സൂര്യേട്ടൻ അതിൽ നിന്നിറങ്ങുന്നതും കണ്ടു.

കാശിയേട്ടൻ ജീപ്പുമായി പോയിക്കഴിഞ്ഞതും ഗേറ്റിന്റെ അടുത്തു നിൽക്കുന്ന സൂര്യേട്ടന്റെ കണ്ണുകൾ ഞാൻ കിടക്കുന്ന മുറിയിലേക്ക് നീണ്ടു. പുറത്തേക്കു നോക്കി ഇരിക്കുന്ന എന്നെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അതു കണ്ടപ്പോൾ അതു വരെ എനിക്ക് ഏട്ടനോട് തോന്നിയിരുന്ന കുഞ്ഞു പരിഭവം എവിടെയോ പോയി മറഞ്ഞു. സൂര്യേട്ടൻ വീട്ടിലേക്കു കയറി കാളിയമ്മയോടു എന്തൊക്കെയോ സംസാരിച്ചു കൊണ്ട് എന്റെ മുറിയിലേക്ക് വന്നു. " പാറുക്കുട്ടി ആരെയോ കാത്തു പുറത്തേക്കു നോക്കി ഇരിക്കുകയായിരെന്നു തോന്നുന്നല്ലോ? " കുസൃതി ചിരിയോടെ ഏട്ടൻ അതു ചോദിച്ചപ്പോൾ എന്റെ മുഖം ചുവന്നു.. " ഞാൻ ആരെയും കാത്തൊന്നും ഇരുന്നതല്ല. വെറുതെ പുറത്തെ കാഴ്ചയും കണ്ടു കൊണ്ട് കിടന്നതാണ്.. " സൂര്യേട്ടൻ എന്റെ അടുത്തു വന്നിരുന്നു കൊണ്ട് എന്റെ കവിളിലൂടെ ചൂണ്ടു വിരൽ മെല്ലെ ഓടിച്ചു.. " നീ പറഞ്ഞില്ലെങ്കിലും നിന്റെ കവിളിലേ ചുവപ്പ് പറയുന്നുണ്ട് നീ എന്നെയും നോക്കി ഇരിക്കുകയായിരുന്നു എന്ന്.. " ഞാൻ മുഖം കുനിച്ചപ്പോൾ ഏട്ടൻ എന്റെ മുഖം പിടിച്ചുയർത്തി.. "എന്നെ കാത്തിരിക്കയായിരുന്നു എന്ന് പറയാൻ എന്തിനാണ് പെണ്ണെ ഈ മടി? " ആ കണ്ണുകളിൽ എനിക്കായി കരുതി വച്ചിട്ടുള്ള പ്രണയം കണടപ്പോൾ അതിൽ മുങ്ങി പോകുമെന്ന് ഒരു നിമിഷം ഞാൻ ഭയന്നു.

വീണ്ടും എന്റെ കവിളിലേക്ക് ചുവപ്പ് രാശികൾ ഇരച്ചു കയറിയപ്പോഴേക്കും ആ മുഖം എന്നിലേക്ക്‌ ചാഞ്ഞിരുന്നു. സൂര്യേട്ടൻ അന്ന് രാത്രി കിടക്കാൻ കാശിയേട്ടന്റെ വീട്ടിലേക്കു പോയില്ല. പക്ഷെ എന്നോടൊപ്പം എന്റെ മുറിയിലും കിടന്നില്ല. സൂര്യേട്ടന്റെ മുറിയിൽ കിടന്നു. എനിക്ക് കൂട്ടായി കാളിയമ്മ ഉണ്ടായിരുന്നു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അതു തന്നെ തുടർന്നു. ശരീരത്തിന്റെ അസ്വസ്ഥതകൾ ഒഴിച്ചാൽ എന്റെ ജീവിതത്തിലെ നല്ല ദിവസങ്ങൾ ആയിരുന്നു അതു.സൂര്യേട്ടന്റെ സ്നേഹത്തിൽ മതി മറന്ന ദിനങ്ങൾ. അതിനിടക്ക് ഒരു ദിവസം വിനുവേട്ടനും വിദ്യയും കൂടി എന്നെ കാണാൻ വന്നു. വിനുവേട്ടൻ വന്നു ഏട്ടനോട് മാപ്പ് ചോദിച്ചതും അവർ പ്രശ്നങ്ങൾ പറഞ്ഞു തീർത്തതും എനിക്കും സന്തോഷം ആയിരുന്നു. വിദ്യ ഞാൻ കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ക്ഷീണിച്ചു അവളുടെ മുഖത്തേ പ്രസാദമൊക്കെ മാഞ്ഞു പോയിരുന്നു. അതു കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. അതുപോലെ സന്ദീപിനെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്റെ വിധി ഓർത്തപ്പോൾ ഭയവും. വിനുവേട്ടൻ എന്നോട് മാപ്പ് പറഞ്ഞപ്പോൾ ഞാനും എന്നെ കൊണ്ടാവുന്നത് പോലെ സമാധാനിപ്പിച്ചു വിട്ടു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലെ പ്ലാസ്റ്റർ അഴിച്ചു. ഞാൻ നടക്കാനും തുടങ്ങിയിരുന്നു .

ശരീരത്തിലെ മുറിവുകൾക്കൊപ്പം സന്ദീപ് നൽകിയ മനസ്സിലെ മുറിവുകളും ഉണങ്ങി തുടങ്ങിയിരുന്നു. പ്ലാസ്റ്റർ എടുക്കാൻ ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്ന വഴിക്കു ഞങ്ങൾ രണ്ടു പേരും മൗനം ആയിരുന്നു. ഞങ്ങളുടെ ജീവിതം മാറി തുടങ്ങുകയാണെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാമായിരുന്നു ഇത്രയും ദിവസം എനിക്ക് വയ്യാത്തത് കൊണ്ട് ഞങ്ങൾ രണ്ടായി കഴിഞ്ഞു. പക്ഷെ ഇനി ഞങ്ങൾ ഒരു തീരുമാനം എടുക്കാൻ സമയം ആയിരിക്കുന്നു. സൂര്യേട്ടനോടൊപ്പം ഒരു ജീവിതം ഞാനും കൊതിച്ചു തുടങ്ങിയിരിക്കുന്നു. ഏട്ടനും അങ്ങനെ തന്നെ ആണെന്നാണ് എന്റെ വിശ്വാസം. പലപ്പോഴും ഞങ്ങൾ മാത്രമുള്ളപ്പോൾ എന്നിലേക്ക്‌ നീളുന്ന പ്രണയാർദ്രമായ മിഴികളിൽ ഞാൻ അതു കണ്ടിട്ടും ഉണ്ട്.. പക്ഷെ...അതു ചിന്തിക്കുമ്പോഴൊക്കെ വല്ലാത്തൊരു ഭയം ഉള്ളിലേക്ക് വരുന്നു. അതു സൂര്യേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചു ഞാൻ ഇരുന്നു. അതേ സമയം മഹിയുടെ ഉള്ളിലും വല്ലാത്ത ഒരു പിടിവലി നടക്കുകയായിരുന്നു. പാറുവിനോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നുള്ളത്. ഇനിയും അവളിൽ നിന്നു അകന്നു താമസിക്കാൻ കഴിയില്ല എന്നുള്ളത് മനസിലായ കാര്യം ആണ്.

പക്ഷെ അവൾക്കും അങ്ങനെ ആണോ എന്നതാണ് അറിയേണ്ട കാര്യം. അതോ ഇനിയും തന്നെ ഉൾകൊള്ളാനും പൂർണമായും തന്നോടൊപ്പം ഒരു കുടുംബജീവിതം നയിക്കാനും അവൾക്കു സമയം വേണോ? അവൻ തിരിഞ്ഞു അവളെ നോക്കുമ്പോൾ പാറു എന്തോ കാര്യമായ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു. അവളുടെ മുഖഭാവത്തിൽ നിന്നു അവൾ ചിന്തിക്കുന്ന കാര്യം അവളെ അസ്വസ്ഥ ആകുകയാണെന്നു അവനു തോന്നി. ഇനി അവളും ഞാൻ ആലോചിക്കുന്നത് തന്നെയാണോ ആലോചിക്കുന്നത്? അതിന്റെ പേരിലായിരിക്കുമോ അവൾ അസ്വസ്ഥ ആയിരിക്കുന്നത്? പക്ഷെ കുറച്ചു നാളായി ഉള്ള അവളുടെ പെരുമാറ്റത്തിൽ നിന്നു തന്നെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് കരുതിയതു.. ഇനി എന്റെ പ്രതീക്ഷകൾ തെറ്റായിരുന്നോ? ഞാനായിട്ട് അവളോട്‌ പെട്ടെന്ന് ഒരുമിച്ചുള്ള ജീവിതത്തെ പറ്റി പറഞ്ഞാൽ അവൾക്കു ബുദ്ധിമുട്ടാകുമോ? വേണ്ട.. അവളായി തന്നെ ഇങ്ങോട്ട് പറയട്ടെ.. മഹി തന്റെ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു.. വീടിന്റെ മുന്നിൽ മാണിക്യമംഗലം എന്നെഴുതിയ ഓപ്പൺ ജീപ്പ് കണ്ടപ്പോൾ കാശിയേട്ടൻ അകത്തുണ്ടെന്നു മനസിലായി. അതും പ്രതീക്ഷിച്ചു അകത്തേക്ക് കയറിയ ഞങ്ങൾ അവിടുത്തെ ആൾക്കൂട്ടം കണ്ടു ഒന്ന് ഞെട്ടി.

.മണിയണ്ണൻ, കാളിയമ്മ, വിഷ്ണുവേട്ടൻ, ഗായത്രി ചേച്ചി, അമ്പാടി, കാശിയേട്ടൻ, കാവ്യ, അമ്മ അങ്ങനെ എല്ലാവരും ഹാളിൽ കൂടി ഇരിപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയങ്കര സീരിയസ്നെസ്സ്. . എന്തായിരിക്കും കാരണം എന്നാലോചിച്ചിട്ടു ഒന്നും മനസ്സിലാവുന്നും ഇല്ല. ഞാൻ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി കൊണ്ട് കാളിയമ്മയുടെ അടുത്തു വന്നു നിന്നു. സൂര്യേട്ടനും ഒന്നും മനസിലാവുന്നില്ലയെന്നു തോനുന്നു. കാശിയേട്ടനെ നോക്കി എന്താണെന് ചോദിച്ചു കൊണ്ട് അവിടെ പോയി ഇരിക്കുന്നുണ്ട്.. കാശിയേട്ടനാണെങ്കിൽ തിരിച്ചു നോക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ മുഖമൊക്കെ ഗൗരവത്തിൽ വച്ചു ഇരിക്കുകയാണ്.. " എന്താ.. എന്ത് പറ്റി? എല്ലാവരും എന്താ ഇത്ര ഗൗരവത്തിൽ ഇരിക്കുനത്? " സൂര്യേട്ടൻ എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. മറുപടി പറഞ്ഞത് വിഷ്ണുവേട്ടൻ ആണ്. " ഞങ്ങൾ എല്ലാവരും കൂടി ഇവിടെ കൂടിയത് ഒരു വളരെ പ്രധാനപെട്ട കാര്യത്തിൽ തീരുമാനം എടുക്കാനാണ്.. അതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. " " എന്ത് കാര്യത്തിൽ? " " നിങ്ങളുടെ കാര്യത്തിൽ.. " എന്നെയും സൂര്യേട്ടനെയും ചൂണ്ടി കൊണ്ട് വിഷ്ണുവേട്ടൻ പറഞ്ഞു. " ഞങ്ങളുടെ കാര്യമോ? ഞങ്ങളുടെ എന്ത് കാര്യത്തിൽ? " " നിങ്ങളെ പറ്റി ഇവിടെ എല്ലാവർക്കും ഭയങ്കര പരാതിയാണ്. നിങ്ങളുടെ പോക്ക് ഒന്നും അത്ര ശരിയല്ലന്ന എല്ലാവരും പറയുന്നത് " "ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾ എന്ത് ചെയ്‌തെന്ന? "

"ഇത് വരെ ഒന്നും ചെയ്തില്ല.. പക്ഷെ ഇനി ചെയ്യണം.. അതു പറയാനാ ഞങ്ങൾ വന്നത്.. " " ഞങ്ങൾ എന്ത് ചെയ്യണം എന്ന്..? " " നിങ്ങളുടെ കല്യാണം ഉടനെ തന്നെ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.. " വിഷ്ണുവേട്ടൻ അതു പറയുമ്പോൾ ആ മുഖത്ത് ചിരി ആയിരുന്നു. വിഷ്ണുവേട്ടന്റെ മാത്രമല്ല എല്ലാവരുടെയും. സൂര്യേട്ടൻ അന്തം വിട്ടു എല്ലാവരെയും മാറി മാറി നോക്കുനുണ്ട്.. "അതിനു ഞങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ? ഇനിയെന്താ? " " അതു അങ്ങനെ കല്യാണം എന്ന് പറയാൻ ഒന്നും പറ്റില്ലല്ലോ.. നീ ഇവളെ നിർബന്ധിച്ചു പിടിച്ചു കൊണ്ടോയി താലി കെട്ടിയതല്ലേ?തന്നെയുമല്ല നിയമപരമായും നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലല്ലോ? അതെങ്ങനെ കല്യാണം ആവും. കല്യാണം കഴിക്കാതെ ഇങ്ങനെ ഇണകുരുവികളെ പോലെ തട്ടിം മുട്ടീം നടക്കുന്നത് ശരിയാണോ? അതുകൊണ്ട് നാടും നാട്ടുകാരും ഒകെ അറിഞ്ഞു ആഘോഷപൂർവം നിങ്ങളുടെ വിവാഹം നടത്താനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.. " വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അലയടിക്കാൻ തുടങ്ങി. സൂര്യേട്ടനെ നോക്കുമ്പോൾ അപ്പോളും സംശയത്തിൽ തന്നെയാണ്.. " അല്ല.. ഏട്ടാ.. ഇനി അതിന്റെ ഒക്കെ ആവശ്യമുണ്ടോ? ലീഗൽ ആകണമെങ്കിൽ ഒന്ന് രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടാൽ പോരെ? "

"പോരാ.. ഞങ്ങളുടെ എല്ലാം അനുഗ്രഹത്തോടെ അർഭാടത്തോടെ ചാമുണ്ഡേശ്വരിയുടെ നടയിൽ നിങ്ങളുടെ വിവാഹം നടക്കുന്നത് ഞങ്ങൾക്ക് കാണണം.. അതു ഞങ്ങളുടെ ആഗ്രഹമാണ്.. അതു പോലെ അവകാശവും.. നീ ഇനി എതിർത്തൊന്നും പറയാൻ നിൽക്കണ്ട മഹി. അതു പോലെ പാറുവും. " ഇത്തവണ മണിയണ്ണന്റെ വകയാണ് അന്ത്യശാസനം. സൂര്യേട്ടൻ തോൽവി സമ്മതിക്കുന്നത് ആ മുഖഭാവം എന്നോട് വിളിച്ചോതുനുണ്ടായിരുന്നു. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു എന്ത് വേണമെന്ന മട്ടിൽ നോക്കിയപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നതേ ഉള്ളു. എന്റെ മുഖ ഭാവം കണ്ടിട്ടാവണം സൂര്യേട്ടന്റെ നെറ്റി ചെറുതായി ചുളിയുന്നത് ഞാൻ കണ്ടു. ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ പിന്നെ എല്ലാവരും അതു ഞങ്ങളുടെ സമ്മതമായി എടുത്തു. " അപ്പോൾ പിന്നെ എല്ലാം പറഞ്ഞ പോലെ.. മണിയണ്ണൻ തന്നെ അടുത്തു തന്നെ നല്ലൊരു ദിവസം നോക്കണം. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് അറേഞ്ച് ചെയ്യാം.. " വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ പിന്നെ എല്ലാവരും അതിനോട് ജോജിച്ചു . വന്ന കാര്യം വിജയകരമായി പൂർത്തിയാക്കി എല്ലാവരും പോകാനായി ഇറങ്ങി.. " ആ പിന്നെ ഒരു കാര്യം കൂടി ഉണ്ട്.. " കാശിയേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി..

" ഡാ.. മഹി.. ഇന്ന് മുതൽ പണ്ടത്തെ പോലെ നീ കിടക്കാൻ അങ്ങോട്ട്‌ തന്നെ പോരെ കേട്ടോ.. കല്യാണം ഉറപ്പിച്ച ചെക്കനും പെണ്ണും ഒരു വീട്ടിൽ കിടക്കുന്നത് നമ്മുടെ നാട്ടു നടപ്പിന് ചേർന്നതല്ല.. അതു കൊണ്ട് നിന്റെ ഭാവി കെട്ടിയോളോട് യാത്ര ഒക്കെ പറഞ്ഞിട്ട് കുറച്ചു ദിവസത്തേക്കുള്ള തുണിയും മറ്റും പെറുക്കി മക്കൾ അങ്ങ് വന്നേക്കു..? " എല്ലാവരും കാശിയേട്ടന്റെ വർത്തമാനം കേട്ടു ചിരിയടക്കി പിടിച്ചു നിന്നപ്പോൾ സൂര്യേട്ടൻ കാശ്യേട്ടനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ എല്ലാവരും പിരിഞ്ഞു പോയി. കാളിയമ്മയും മണിയണ്ണനും നാളെ ജ്യോതിഷിയെ കാണാൻ പോകേണ്ടുന്ന ചർച്ച തുടങ്ങിയപ്പോൾ ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് വലിഞ്ഞു. നേരെ ചെന്നു കട്ടിലിൽ കാൽമുട്ടിൽ തലയും വച്ചു അങ്ങനെ ഇരുന്നു. തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ മെല്ലെ മുഖം ഉയതി നോക്കി. സൂര്യട്ടനാണ്.. എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് നിൽക്കുകയാണ്.. " എന്താ മോളെ? എന്ത് പറ്റി? ഈ കല്യണം നിനക്ക് ഇഷ്ടമില്ലെന്നുണ്ടോ? എന്നെ അറിയാനും എന്നോടൊപ്പം ഒരു ജീവിതം തുടങ്ങാനും ഇനിയും സമയം വേണമെന്നുണ്ടോ നിനക്ക്? അങ്ങനെയാണെങ്കിൽ ധൈര്യമായി പറഞ്ഞോളൂ.. നിന്റെ ഇഷ്ടമില്ലെതെ ഒന്നിനും ആരും നിർബന്ധിക്കില്ല.. പ്രത്യേകിച്ച് ഞാൻ.. പറ മോളെ.. " സൂര്യേട്ടനോട് എന്റെ മനസ്സിലുള്ളത് എങ്ങനെ പറയണം എന്നോർത്ത് ഞാൻ ഇരുന്നപ്പോൾ ഏട്ടൻ എന്റെ മറുപടിക്കായി എന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരുന്നു.......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story