സൂര്യപാർവണം: ഭാഗം 21

surya parvanam

രചന: നിള നിരഞ്ജൻ

എന്താ മോളെ? എന്ത് പറ്റി? ഈ കല്യണം നിനക്ക് ഇഷ്ടമില്ലെന്നുണ്ടോ? എന്നെ അറിയാനും എന്നോടൊപ്പം ഒരു ജീവിതം തുടങ്ങാനും ഇനിയും സമയം വേണമെന്നുണ്ടോ നിനക്ക്? അങ്ങനെയാണെങ്കിൽ ധൈര്യമായി പറഞ്ഞോളൂ.. നിന്റെ ഇഷ്ടമില്ലെതെ ഒന്നിനും ആരും നിർബന്ധിക്കില്ല.. പ്രത്യേകിച്ച് ഞാൻ.. പറ മോളെ.. " സൂര്യേട്ടനോട് എന്റെ മനസ്സിലുള്ളത് എങ്ങനെ പറയണം എന്നോർത്ത് ഞാൻ ഇരുന്നപ്പോൾ ഏട്ടൻ എന്റെ മറുപടിക്കായി എന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരുന്നു.. ഏട്ടൻ എന്റെ മറുപടിക്ക് കാത്തു നിൽക്കുകയാണെന്ന് അറിഞ്ഞത് കൊണ്ട് ഞാൻ പതിയെ പറഞ്ഞു തുടങ്ങി. " ഇഷ്ടമില്ലാഞ്ഞിട്ടല്ല ഏട്ടാ.. ഒരുപാട് ഇഷ്ടമാണ്.. പക്ഷെ.. " " എന്താ പക്ഷെ? " " കല്യാണം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭയം. രണ്ടു പ്രാവശ്യം അതിനു തയ്യാറായി ഇറങ്ങിയപ്പോഴും ഉണ്ടായ സംഭവങ്ങൾ ഒക്കെ ഓർക്കുമ്പോൾ ഇനിയും അനർത്ഥങ്ങൾ ഉണ്ടാവുമൊന്നു ഒരു പേടി.. " സൂര്യേട്ടന്റെ നെറ്റി ചുളിഞ്ഞു.. " രണ്ടു തവണയോ? എന്ത് രണ്ടു തവണ? " ഞാൻ മുഖം കുനിച്ചു. " അന്ന് സൂര്യേട്ടന്റെ പിറന്നാളിന്റെ അന്ന് ഞാൻ ഒരു സർപ്രൈസും ഒരുക്കി ഏട്ടനെ അമ്പലത്തിൽ കാത്തു നിന്നില്ലേ? അതു അന്ന് ആ നടയിൽ വച്ചു ഏട്ടനെ കൊണ്ട് എന്റെ കഴുത്തിൽ ഒരു താലി കെട്ടിക്കാനായിരുന്നു.. "

കുറച്ചു നേരമായിട്ടും അവിടുന്ന് അനക്കം ഒന്നും ഇല്ലാതായപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി. ഏട്ടൻ വല്ലാത്ത ഒരു ഭാവത്തോടെ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അതു കൊണ്ട് ഞാൻ ബാക്കി പറഞ്ഞു തുടങ്ങി. " വിദ്യയുടെ അടുത്തു നിന്നു സത്യങ്ങൾ ഒക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ തൊട്ടു ഞാൻ ഏട്ടനെ സ്നേഹിച്ചു തുടങ്ങിയതാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങണമെന്ന് ആഗ്രഹിച്ചതുമാണ്. പക്ഷെ മനസ്സിൽ ഒരു കൊതി തോന്നി.. പൂർണമായും സൂര്യേട്ടന്റെതായി ജീവിച്ചു തുടങ്ങുന്നതിനു മുന്നേ ഏട്ടന്റെ കൈ കൊണ്ട് നിറഞ്ഞ മനസ്സോടെ ആ ചാമുണ്ഡേശ്വരിയുടെ നടയിൽ നിന്നു കൊണ്ട് ഒരു താലിയും സിന്ദൂരവും ഏറ്റു വാങ്ങണം എന്ന്. ഇപ്പോൾ എന്റെ കഴുത്തിലുള്ള ഈ താലി ആ രുദ്രാക്ഷ മരത്തിൽ ആരോ ആരെയോ മനസ്സിൽ ഓർത്തു കൊണ്ട് കെട്ടിയ താലി ആണെന്നുള്ള ഒരു തോന്നൽ ഉണ്ട് എനിക്ക്. ഏട്ടന്റെ പിറന്നാൾ ആണെന്ന് കാളിയമ്മ പറഞ്ഞപ്പോൾ ആ ദിവസം തന്നെയാണ് അതിനു ഏറ്റവും പറ്റിയതെന്നു എനിക്ക് തോന്നി. എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി ആരോടും ഒന്നും പറഞ്ഞില്ല. അമ്പലത്തിൽ ചെന്നു ചെറിയൊരു താലി പൂജിക്കാൻ കൊടുത്തു ഏട്ടനെയും കാത്തു നിൽക്കുമ്പോഴാണ് അന്ന് സന്ദീപ്.. " സൂര്യേട്ടൻ അപ്പോഴും ഞെട്ടലിൽ തന്നെയാണെന്ന് തോന്നി. ഇപ്പോഴും വായും പൊളിച്ചു എന്നെ തന്നെ നോക്കി ഇരിക്കയാണ്. " രണ്ടു പ്രാവശ്യവും ഞാൻ മനസ്സ് കൊണ്ട് ഒരു വിവാഹത്തിന് ഒരുങ്ങി ഇറങ്ങിയപ്പോഴും പല അനർത്ഥങ്ങളും നടന്നു

അതു മുടങ്ങി പോയി. ഇപ്പോൾ വീണ്ടും ഒരു കല്യാണത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ വല്ലാത്ത ഒരു ഭയം വന്നു മൂടുകയാണ്. ഒരു പക്ഷെ ഞാൻ ഒരു ഭാഗ്യം ഇല്ലാത്തവൾ ആണെങ്കിലോ?വീണ്ടും എല്ലാം ഒരുക്കി കാത്തിരുന്നിട്ടു അവസാനം ഇതും മുടങ്ങിയാലോ? എന്റെ ദോഷം കാരണം സൂര്യേട്ടന് എന്തെങ്കിലും വന്നാൽ അതു എനിക്ക് സഹിക്കാൻ കഴിയില്ല.. " ഞാൻ അതു പറഞ്ഞു തീർത്തു സൂര്യേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇത്രയും നേരം അന്തം വിട്ടു നോക്കിയിരുന്ന മനുഷ്യൻ ഇപ്പോൾ എന്നെ നോക്കി പേടിപ്പിക്കുകയാണ്.. " ഇതും ഓർത്താണോടി വൃത്തികെട്ടവളെ ഇത്രയും നേരം മുഖവും ഉരുട്ടി കയറ്റി ഇരുന്നോണ്ടിരുന്നത്? ഞാൻ വിചാരിച്ചല്ലോ വേറെ എന്തോ ആണെന്ന്? വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു.. " " പക്ഷെ ഏട്ടാ.. " " ഒരു പക്ഷെയുമില്ല.. എനിക്ക് നിന്നെ രണ്ടാമത് ഒന്ന് കൂടി കെട്ടണമെന്ന് ഒരു ആഗ്രഹവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ചാമുണ്ഡേശ്വരിയുടെ നടയിൽ വച്ചു താലി ചാർത്തിയത് മുതൽ നീ എന്റെ ഭാര്യ ആണ്.. പിന്നെ ഇവരെല്ലാം ഒരു ആഗ്രഹമായി പറഞ്ഞപ്പോൾ ഞാൻ അതങ്ങു സമ്മതിച്ചെന്നെ ഉള്ളു. പക്ഷെ ഇപ്പോൾ നിന്റെ മനസ്സിലെ ഈ മണ്ടൻ പേടികൾ മാറാൻ എന്തായാലും ഞാൻ ഒന്നുകൂടി നിന്നെയങ്ങു കെട്ടാൻ തീരുമാനിച്ചു "

എന്നിട്ടും വിശ്വാസം വാരാതെ ഞാൻ ഏട്ടനെ നോക്കി.. " പാറു.. ഇതൊക്കെ നിന്റെ വെറും തോന്നലാണ് മോളെ.. രണ്ടു പ്രാവശ്യം അങ്ങനെ സംഭവിച്ചതും നിന്റെ കുറ്റം കൊണ്ടല്ലലോ? അതു അങ്ങനെയാണ് വിധിച്ചിരുന്നത്. ദൈവത്തിന്റെ തീരുമാനം ആർക്കും മാറ്റാൻ കഴിയില്ല പാറു.. അതിനു നീ നിന്നെ തന്നെ കുറ്റപ്പെടുത്തുകയും പേടിക്കുകയും ചെയ്യേണ്ട ഒരു കാര്യവും ഇല്ല. എന്തായാലും എല്ലാവരുടെയും ആഗ്രഹം പോലെ ഈ കല്യാണം നടക്കട്ടെ.. അതൊരു കുഴപ്പവും കൂടാതെ നടക്കുമ്പോൾ നിന്റെ മനസിലുള്ള ഈ അനാവശ്യ പേടിക്കളൊക്കെ പൊയ്ക്കോളും. കേട്ടല്ലോ.. അതു കൊണ്ട് എന്റെ പോന്നു മോളു ഈ പേടിയൊക്കെ മാറ്റി വച്ചു എല്ലാവരുടെയും മുന്നിൽ വച്ചു ഒന്ന് കൂടി ഈ സൂര്യമഹാദേവന്റെ സ്വന്തമാവാൻ ഒരുങ്ങിക്കോ.. ഇത്തവണ ഒഫീഷ്യലി കൂടി " കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിൽ മഞ്ഞു വീണത് പോലെ ഒരു കുളിരു അനുഭവപെട്ടു. ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ ഞാൻ സൂര്യേട്ടന്റെ സ്വന്തം ആവാൻ പോവുന്നു. ഞാൻ ഞങ്ങൾ മാത്രം ഉള്ള ഒരു കുഞ്ഞു കല്യാണം സ്വപ്നം കണ്ടപ്പോൾ ദൈവം അതു മുടക്കി എല്ലാവരോടും കൂടിയുള്ള ഒരു ഗംഭീര വിവാഹം തന്നെ ഞങ്ങൾക്കായി ഒരുക്കുന്നു. ചിലപ്പോൾ എല്ലാം നല്ലതിനായിരിക്കും. എന്റെ ഉള്ളിലെ സന്തോഷം മുഖത്തും പ്രതിഫലിച്ചു കാണണം എന്നെ നോക്കിയിരുന്ന ഏട്ടന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു. പതിയെ എന്റടുത്തേക്ക് നീങ്ങാൻ തുടങ്ങിയതും... "

സംസാരിച്ചു കഴിഞ്ഞോ?ഞങ്ങൾ അകത്തേക്ക് വന്നോട്ടെ? " പുറത്തു നിന്നു കാളിയമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ രണ്ടാളും പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. കാളിയമ്മയും മണിയണ്ണനും അകത്തേക്ക് കയറി വന്നു. കാളിയമ്മയുടെ കയ്യിൽ വലിയൊരു ബോക്സും ഉണ്ടായിരുന്നു. അതു കാളിയമ്മ എന്റെ അടുത്തു കൊണ്ട് വന്നു വച്ചു.. " ഇത് മോൾക്ക്‌ വേണ്ടി കൊണ്ട് വന്നതാണ്.. ഇഷ്ടമായോ എന്ന് നോക്കു.. " എന്താണെന്ന ആകാംഷയോടെ അതു തുറന്നു നോക്കിയപ്പോൾ അതു കുറച്ചു ആഭരണങ്ങൾ ആണെന്ന് കണ്ടു. " എന്താ അമ്മേ ഇതൊക്കെ? " " ഞങ്ങളുടെ കല്യാണത്തിന്റെയാണ്.. ഒരു പെണ്കുഞ്ഞു ഉണ്ടാവുകയാണെങ്കിൽ അവൾക്കു കൊടുക്കാൻ വേണ്ടി സൂക്ഷിച്ചു വച്ചതാണ്. ഇപ്പോഴാണ് ദൈവം ഞങ്ങൾക്ക് ഒരു മോളെ തന്നത്.. " എന്റെ നെറുകിൽ തഴുകി കൊണ്ട് മണിയണ്ണൻ അതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ സ്വന്തം എന്ന് കരുതിയവർ എന്റെ കയ്യിൽ ഉള്ള സ്വത്തിനും വേണ്ടി എന്നെ വിൽക്കാൻ വരെ തയ്യാറായപ്പോൾ എന്റെ ആരും അല്ലാത്ത ഒരു അച്ഛനും അമ്മയും അവരുടെ എല്ലാം എനിക്ക് തരുന്നു. ഞാൻ ഒരു കൈ കൊണ്ട് മണിയണ്ണനെയും മറു കൈ കൊണ്ട് കാളിയമ്മയെയും ചേർത്തു പിടിച്ചു. " ഹോ.. അപ്പോൾ മോളെ കിട്ടിയപ്പോൾ പണ്ട് മുതലേ ഉള്ള മോൻ ഔട്ട്‌ ആയി അല്ലേ? " ഞങ്ങൾ കെട്ടി പിടിച്ചു നിൽക്കുന്നത് കണ്ടു പരിഭവം നിറച്ചു സൂര്യേട്ടൻ അതു പറഞ്ഞപ്പോൾ കാളിയമ്മ സ്നേഹത്തോടെ സൂര്യേട്ടനെയും ഞങ്ങളോടൊപ്പം ചേർത്തു പിടിച്ചു.

എന്റെ കൊച്ചു കുടുംബം.. ഞാൻ മനസ്സിൽ ഓർത്തു. കുറച്ചു നേരം അങ്ങനെ നിന്നു ഞങ്ങൾ അകന്നു മാറി. " അതേയ്.. കാശി പറഞ്ഞത് കളിയല്ല കേട്ടല്ലോ.. ഇനി കല്യാണം കഴിയുന്നത് വരെ ഇവിടെ ഇവളെ ചുറ്റി പറ്റിയുള്ള കറക്കം ഒന്നും വേണ്ട.. പറയാനുള്ളത് വല്ലോം ഉണ്ടെങ്കിൽ പറഞ്ഞിട്ട് വേഗം സ്ഥലം വിട്ടോ.. " പുറത്തിറങ്ങി പോകുന്നതിനു മുന്നായി ഉറച്ച ശബ്ദത്തിൽ മണിയണ്ണൻ അതു പറഞ്ഞപ്പോൾ സൂര്യേട്ടന്റെ മുഖം ചുവന്നു.. " പിന്നെ.. ഇതെന്താ ഇപ്പോൾ പുതിയ ഒരു നിയമം.. ഇത്രയും ദിവസം ഇതൊന്നും കണ്ടില്ലലോ? ഇങ്ങനെയാണെങ്കിൽ ഈ കല്യാണം വേണ്ടാന്ന് ഞാൻ അങ്ങ് പറയും.. " " പിന്നെ.. നീ പറഞ്ഞാൽ ഉടനെ ഞങ്ങൾ ഇപ്പോൾ അതങ്ങു വേണ്ടാന്ന് വയ്ക്കുവല്ലേ? കിന്നാരിച്ചു കഴിഞ്ഞെങ്കിൽ എണീറ്റു പോടാ ചെക്കാ... " അവര് പോയിക്കഴിഞ്ഞപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന സൂര്യേട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. " എന്താടി കിളിക്കുന്നെ? " " ഒന്നുമില്ല.. എന്റെ ഭാവി വരന്റെ മുഖഭാവം കണ്ടു ചിരിച്ചതാണ്.. " " ഭാവി വരൻ നിന്റെ.... ഇങ്ങനത്തെ ഡിമാന്റുകൾ ഒക്കെ ഉണ്ടെന്നു അറിഞ്ഞിരുന്നില്ലെങ്കിൽ ഞാൻ ഇതിനു സമ്മതിക്കില്ലായിരുന്നു. " " അതറിയാവുന്ന കൊണ്ടായിരിക്കും അവർ അതു ആദ്യം പറയാതെ അവസാനം പറഞ്ഞത്..

" ഞാൻ പറയുന്നത് കേട്ടപ്പോൾ സൂര്യേട്ടൻ എന്നെ തറപ്പിച്ചു നോക്കി.. " ഇവരുടെ ഈ ഭീഷണിയിൽ ഒന്നും ഞാൻ വീഴുമെന്ന് നീ വിചാരിക്കേണ്ട മോളെ.. എന്റെ പെണ്ണിനെ കാണണം എന്ന് തോന്നുമ്പോഴൊക്കെ ഞാൻ ഇങ്ങു ഓടി വരും.. പിന്നെ നമ്മുടെ കമ്പനിയും പാടങ്ങളും അമ്പലമുറ്റവും പുഴക്കരയും ഒക്കെ ഉണ്ടല്ലോ? നമുക്ക് പ്രേമിക്കാൻ ആണോ സ്ഥലം ഇല്ലാത്തതു? " മീശ പിരിച്ചു കൊണ്ട് എന്നെ നോക്കി സൂര്യേട്ടൻ ചോദിച്ചു.. " അയ്യടാ.. അതിനു പാടവരമ്പത്തും പുഴക്കരയിലും പ്രേമിച്ചു നടക്കാൻ ഞാൻ വന്നിട്ട് വേണ്ടേ? " " നീ വന്നിലെങ്കിൽ ഞാൻ വരുത്തും.. കാണണോ? " എന്റടുത്തേക്ക് നീങ്ങി വന്നു കൊണ്ട് സൂര്യേട്ടൻ ചോദിച്ചപ്പോൾ ഞാൻ വേണ്ടെന്നു തലയാട്ടി. പിന്നെ കുറച്ചു നേരം കൂടി കഴിഞ്ഞിട്ടാണ് സൂര്യേട്ടൻ പോയതു .അതിനു ശേഷം അന്ന് വീട്ടിലേക്കു വന്നില്ല. സ്വന്തമായി വരാത്തതാണോ കാശിയേട്ടൻ വിടഞ്ഞതാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. എങ്കിലും പണ്ടത്തെ പോലെ രാത്രി വിളിച്ചു ഞങ്ങൾ കുറെ നേരം സംസാരിച്ചു. എന്റെ പഴയ ഫോൺ അന്ന് സന്ദീപിന്റെ ആൾക്കാർ എന്നെ പിടിച്ചു കൊണ്ട് പോയപ്പോൾ നഷ്ടപ്പെട്ടു പോയിരുന്നു. അതു കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്തു സൂര്യേട്ടൻ എനിക്ക് പുതിയ ഒരെണ്ണം വാങ്ങി തന്നിരുന്നു. ഇനി കല്യാണം കഴിയുന്നത് വരെ ഈ രാത്രി വിളി പ്രതീക്ഷിക്കാം എന്ന് പറഞ്ഞാണ് ഏട്ടൻ അന്ന് ഫോൺ വച്ചതു. പിറ്റേ ദിവസം രാവിലെ തന്നെ മണിയണ്ണൻ പോയി ഒരു ജ്യോതിഷിയെ കണ്ടു

ഞങ്ങളുടെ കല്യാണത്തിനുള്ള സമയം കുറിപ്പിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഒരു മുഹൂർത്തമാണ് കിട്ടിയത്. എന്റെ അച്ഛനുള്ള സമയത്തു തന്നെ എന്റെ ജാതകം എഴുതിച്ചിരുന്നു. വീട്ടിൽ നിന്നു പോരുമ്പോൾ അതും എടുത്തു കൊണ്ടാണ് ഞാൻ പോന്നത്. മണിയണ്ണൻ പോയപ്പോൾ അതു എന്റെ കയ്യിൽ നിന്നു വാങ്ങിയിട്ട് പോയി. സൂര്യേട്ടന്റെ ജാതകം ഒന്നുമില്ലാതെ എന്റെ ജാതകം മാത്രം എന്തിനാണെന്ന് ഞാൻ ചോദിച്ചെങ്കിലും മണിയണ്ണൻ എന്തൊക്കെയോ തട്ടി കൂട്ട് ന്യായം പറഞ്ഞു ഒഴിഞ്ഞു മാറി. സൂര്യേട്ടനെ പറ്റി മറ്റാർക്കും അറിയാത്ത എന്തൊക്കെയോ കാളിയമ്മയ്ക്കും മണിയണ്ണനും അറിയാം എന്ന എന്റെ സംശയം ബലപെടുകയായിരുന്നു. എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ചുള്ള കാര്യങ്ങൾ എന്നോട് തന്നെ മറച്ചു വയ്ക്കുന്നതെന്തിനാണെന്ന് എനിക്കും മനസിലായില്ല. പക്ഷെ ഞാൻ ചോദിച്ചാൽ അവരോട്ടു പറയുകയും ഇല്ല. എന്തായാലും അതെന്താണെന്നു കണ്ടുപിടിക്കണമെന്ന് എന്റെ മനസ്സും പറഞ്ഞു. അതിനെന്താണ് വഴിയെന്നു ഞാനും തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരുന്നു. തന്റെ കാര്യസ്ഥൻ കൊണ്ട് വന്ന പുതിയ വാർത്ത കേട്ടു കല്പകശ്ശേരി തറവാട്ടിൽ മാനവേന്ദ്രനും നീലാംബരി ദേവിയും അന്യോന്യം നോക്കി.. " സത്യമാണോ ശേഖരാ? നീ കേട്ടത് മാറി പോയിട്ടൊന്നും ഇല്ലല്ലോ? "

"ഇല്ല.. നീലാംബരി അമ്മേ.. ആ ജ്യോതിഷിയുടെ അടുത്തു ആ മണി വന്നു സമയം നോക്കിച്ചിട്ടു പോകുന്നത് ഞാൻ കണ്ടതല്ലേ? സംശയം തോന്നി അവിടുത്തെ ജോലിക്കാരനോട് ചോദിച്ചപ്പോഴാണ് മഹിയുടെയുടെയും പാർവണയുടെയും കല്യാണത്തിന് തീയതി കുറിക്കാനാണ് വന്നതെന്ന് പറഞ്ഞത് " " എന്നിട്ട് എന്നത്തേക്കാണ് തീയതി കുറിച്ചിരിക്കുന്നത്? " വെറ്റിലയിലേക്ക് മുറുക്കാൻ തേച്ചു കൊണ്ട് മാനവേന്ദ്രൻ ചോദിച്ചു.. " വരുന്ന 18 ആം തീയതി.. ചാമുണ്ടെശ്വരിയുടെ നടയിൽ വച്ചു..വലിയ ആർഭാടം ആയി നടത്താനാണ് വിഷ്ണു ദത്തന്റെ തീരുമാനം എന്നാണ് കേട്ടു കേൾവി.. " മാനവേന്ദ്രൻ തന്റെ ഭാര്യയെ ഒന്ന് നോക്കി.. അവർ വലിയ ആലോചനയിൽ ആണ്.. എന്തായാലും നല്ല കാര്യങ്ങൾ ഒന്നുമാവില്ല ആലോചിക്കുന്നത് എന്ന് അയാൾക്ക്‌ അറിയാമായിരുന്നു.. " നീലു.. എന്താ ആലോചന? " " അല്ല ഇന്ദ്രേട്ടാ .. മഹി നമ്മുക്ക് എത്രയോ ഉപകാരങ്ങൾ ചെയ്തു തന്നിട്ടുള്ളവനാണ്... അപ്പോൾ അവന്റെ കല്യാണത്തിന് നമ്മളെ വിളിച്ചില്ലെങ്കിൽ പോലും അവിടേം വരെ പോയി എന്തെങ്കിലും നല്ല ഒരു സമ്മാനം തന്നെ കൊടുക്കണം എന്ന് ഓർത്താണ്.. " അവർ പറയുന്നത് കേട്ടു മാനവേന്ദ്രന്റെ മുഖത്തും കുടിലത നിറഞ്ഞ പുഞ്ചിരി വിടർന്നു. " നീ പറഞ്ഞത് ശരിയാണ് നീലു.. അതെന്തായാലും വേണം.. എന്ത് സമ്മാനം വേണമെന്ന് നീ തന്നെ ആലോചിച്ചോ.. നമുക്ക് കൊടുത്തേക്കാം.. " " അതൊക്കെ ആലോചിച്ചു കഴിഞ്ഞു .. ഒരു കാര്യം ഉറപ്പാണ്..

സൂര്യമഹാദേവനും അവന്റെ ഭാര്യയും ജീവിതകാലത്തിൽ ഒരിക്കലും മറക്കാത്ത ഒരു സമ്മാനം ആയിരിക്കും നമ്മൾ കൊടുക്കുന്നത്." വീട്ടിലെ പൂജമുറിയുടെ മുന്നിൽ നിന്നു ഞാൻ ചുറ്റും നോക്കി ആരും ഇല്ലായെന്ന് ഉറപ്പു വരുത്തി. മണിയണ്ണനും കാളിയമ്മയും അവരുടെ പച്ചക്കറി തോട്ടത്തിൽ ആണ്. ഇന്ന് രാവിലെ മണിയണ്ണൻ പോയി വന്നപ്പോൾ എന്റെ ജാതകം അടങ്ങിയ ഒരു കവർ പൂജാമുറിയിൽ കൊണ്ട് വയ്ക്കുന്നത് ഞാൻ കണ്ടതാണ്. ഇനി സൂര്യേട്ടന്റെ ജാതകം എങ്ങാനും ഉണ്ടെങ്കിൽ അതു അതിനോടൊപ്പം മണിയണ്ണൻ അവിടെ തന്നെയാവും വച്ചിട്ടുണ്ടാവുക. അതു എടുത്തു നോക്കുക എന്നതാണ് എന്റെ ലക്ഷ്യം. പതുക്കെ ശബ്ദമുണ്ടാക്കാതെ ഞാൻ പൂജാമുറിയിൽ കയറി ചുറ്റും നോക്കി. മണിയണ്ണന്റെ കയ്യിൽ ഉണ്ടായിരുന്ന കവർ അവിടെ ഒരു മൂലയിലായി വച്ചിട്ടുണ്ട്. പുറത്തു നിന്നു ശബ്ദമൊന്നും കേൾക്കുന്നില്ല എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തി ഞാൻ അതു എടുത്തു. തെറ്റ് ചെയ്യുന്ന കുട്ടിയെ പോലെ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. കവർ തുറന്ന ഞാൻ ഒരു നിമിഷം അതിലേക്കു തന്നെ നോക്കി നിന്നു. ഞാൻ സംശയിച്ച പോലെ തന്നെ അതിൽ രണ്ടു ജാതകങ്ങൾ കാണാനുണ്ട്. ഒന്ന് എന്റേതാണ്. ഞാൻ മറ്റേതു തുറന്നു നോക്കി.. ആകെ മഷിയൊക്കെ പടർന്നു കിടക്കുകയാണ്.. എങ്കിലും അതിന്റെ ആദ്യത്തെ പേജിൽ ശിവശങ്കരപ്പണിക്കർ എന്ന് എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. ഒരു പക്ഷെ ഇത് എഴുതിയ ആളുടെ പേര് ആവുമോ?

ഞാൻ വേഗം അടുത്ത പേജിലേക്ക് മറിച്ചു . അവിടെ ആദ്യം എന്റെ കണ്ണുടക്കിയത് മഹി എന്ന പേരിലേക്കാണ്.. സൂര്യേട്ടന്റെ ജാതകം.. സൂര്യേട്ടന് ജാതകം ഉണ്ട്.. പക്ഷെ എങ്ങനെ? ജനനത്തീയതിയും സമയവും നാളും അറിയാതെ എങ്ങനെ? സൂര്യേട്ടന്റെ പിറന്നാളിനെ പറ്റി ഞാൻ സംശയം ചോദിച്ചപ്പോൾ കാളിയമ്മയുടെ മുഖം മാറിയത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ജാതകത്തിൽ എന്തായാലും ജനനത്തീയതിയും നാളും ഉണ്ടാവും. ഞാൻ അതു നോക്കാൻ തുടങ്ങിയതും.. " പാറു.. " കാളിയമ്മയുടെ വിളി കേട്ടതും ഞാൻ പെട്ടെന്ന് ജാതകങ്ങൾ രണ്ടും കവറിലേക്ക് തിരിച്ചു വച്ചു അതു ഇരുന്നിരുന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചു വച്ചു. എനിക്ക് കാളിയമ്മ കാണാതെ അവിടുന്ന് ഇറങ്ങി പോവാനുള്ള സമയം ഇല്ലായെന്ന് അറിയാവുന്നതു കൊണ്ട് വൈകിട്ട് വിളക്ക് കത്തിക്കാൻ അതു തെയ്ക്കാൻ എന്ന ഭാവേന ഞാൻ അതുമായി പുറത്തിറങ്ങി. വിളക്കും കൊണ്ട് പൂജമുറിക്കു പുറത്തിറങ്ങി വരുന്ന എന്നെ കണ്ടു കാളിയമ്മ സംശയത്തോടെ നോക്കി. " എന്താ മോളെ നീ ഇവിടെ? " " വിളക്ക് വയ്ക്കാറായില്ലേ അമ്മേ.. നോക്കു വിളക്കെല്ലാം കരി പിടിച്ചു.. ഒന്ന് വൃത്തിയാക്കാം എന്നോർത്താണ്.. " " അതു ശരിയാ.. മോൾ അതുങ്ങു താ.. ഞാൻ വൃത്തിയാക്കാം.. " എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും വിളക്കും വാങ്ങി കാളിയമ്മ പോയി.

ഇനിയും അതിന്റെ ഉള്ളിലേക്ക് തിരികെ പോയാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ എന്റെ മുറിയിലേക്കും പോയി. സൂര്യേട്ടന്റെ ജാതകം ഉണ്ടായിട്ടും പിന്നെ എന്തിനാണ് ഇവർ കള്ളം പറയുന്നത്. മണിയണ്ണനും കാളിയമ്മയും ചീത്ത മനുഷ്യർ ആണെന്ന് തോന്നുന്നില്ല. അവർക്കു സൂര്യേട്ടനോട് ആത്മാർത്ഥ സ്നേഹവുമാണ്. പിന്നെ എന്തായിരിക്കും കാരണം? എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കുറെ നേരത്തിനു ശേഷം വെറുതെ എന്ന വ്യാജേന ഞാൻ ആ പൂജാമുറിയിൽ കയറി നോക്കുമ്പോൾ ആ കവർ ആ മൂലയിൽ നിന്നും അപ്രത്യക്ഷം ആയിരുന്നു. രണ്ടു ദിവസത്തിന് ശേഷം ഞാൻ വീണ്ടും കമ്പനിയിൽ പോയി തുടങ്ങി. കല്യാണത്തിന്റെ ഒരുക്കങ്ങളും തകൃതയായി നടന്നു കൊണ്ടിരുന്നു. സ്വർണവും ഡ്രെസ്സും ഒക്കെ എടുക്കാൻ എല്ലാവരും കൂടി ഞായറാഴ്ച പോകാം എന്ന തീരുമാനത്തിൽ എത്തി. ഞാൻ എനിക്ക് ഇനി സ്വർണമൊന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല. സൂര്യേട്ടൻ പോലും. കാവ്യ ആണെങ്കിൽ ഷോപ്പിംഗ് ചെയ്യാനുള്ള ഉത്സാഹത്തിലാണ്. അവൾക്കു വേണ്ട ഡ്രസ്സ്‌ ഒക്കെ നേരത്തെ സൂര്യേട്ടനോട് പറഞ്ഞു സെറ്റ് ആക്കി വച്ചിട്ടിട്ടുണ്ട്. എല്ലാവരുടെയും സന്തോഷം കാണുമ്പോൾ ഒന്നിനും മുടക്കം പറയാനും എനിക്ക് തോന്നുന്നില്ല.

ജാതകത്തിന്റെ പൊടി പോലും പിന്നെ എനിക്ക് കാണാൻ കിട്ടിയില്ല. ഞാൻ പലയിടത്തും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഇനിയിപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ അറിയുന്നത് എന്നോർത്ത് തല പുകച്ചു കൊണ്ട് ഞാനും നടന്നു. ഇന്ന് രാവിലെ അച്ചടിച്ചു കിട്ടിയ കല്യാണക്കുറികളുമായി മണിയണ്ണൻ വന്നപ്പോൾ ഞാൻ സൂര്യേട്ടനെ വിളിച്ചു ഇന്ന് വൈകിട്ട് എന്റെ കൂടെ ഒരാളെ കല്യാണം വിളിക്കാൻ വരണം എന്ന് ഞാൻ പറഞ്ഞു. ആരെയാണെന്ന് ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല. ഉച്ചയായപ്പോഴേക്ക് ഏട്ടൻ വിളിച്ചിട്ട് എന്നോട് ഒരു മൂന്നു മണിയാവുമ്പോഴേക്ക് മാണിക്യമംഗലത്തു കാരുടെ സ്കൂളിലേക്ക് വരാൻ പറഞ്ഞു. എന്നിട്ട് അവിടുന്ന് എവിടെക്കാ പോകാൻ ഉള്ളതെന്ന് വച്ചാൽ അവിടുന്ന് പോകാം എന്ന് പറഞ്ഞു. ഞാൻ ശങ്കരേട്ടനോട് കാര്യം പറഞ്ഞു കുറച്ചു നേരത്തെ ഇറങ്ങി സ്കൂളിന്റെ അവിടെ ചെന്നു. എന്നെ കണ്ടപ്പോൾ തന്നെ വാച്ച്മാൻ ഇറങ്ങി വന്നു എന്നെ നോക്കി ചിരിച്ചു. സ്കൂൾ കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലേക്ക് ചൂണ്ടി അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു. ഈ സ്കൂളിന്റെ കണക്കുകൾ പലതും ശങ്കരേട്ടനോടൊപ്പം നോക്കിയിട്ടുണ്ടെങ്കിലും ഇവിടെ വരുന്നത് ആദ്യമായാണ്. മാണിക്യമംഗലത്തു കാരുടെ സ്കൂൾ അത്യാവശ്യം വലിയ ഒരു സ്കൂൾ ആയിരുന്നു. മാത്രമല്ല അതു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. സ്കൂളിന്റെ നിലവാരം കാരണം കൃഷ്ണപുരത്തു നിന്നു മാത്രം അല്ല ശിവപുരത്തു നിന്നും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പക്ഷെ സൂര്യേട്ടൻ എന്താണ് ഈ സ്കൂളിൽ ചെയ്യുന്നത്?

ആ എന്തെങ്കിലും പണിയാവും.. അങ്ങേരു എന്ത് പണിയാണ് ചെയ്യാത്തത്? വാച്ച്മാൻ കാണിച്ചു തന്ന ആ ബ്ലോക്കിനടുത്തെത്തി ഞാൻ ചുറ്റും നോക്കി. ക്ലാസ്സ്‌ മുറികൾ ആണ്.. സൂര്യേട്ടൻ ഇവിടെ എവിടെയാണാവോ? " മഹിയെ അന്വേഷിച്ചു വന്നതാണോ? " ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. പ്രഭാകരൻ മാഷ്.. വിദ്യയുടെ അച്ഛൻ.. അന്ന് സന്ദീപുമായുള്ള കല്യാണത്തിന്റെ അന്ന് പന്തലിൽ വച്ചു കണ്ടിരുന്നത് കൊണ്ട് മനസിലായി. ഞാൻ ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി. " 10 ബി യിലേക്ക് ചെന്നോളൂ.. അവൻ അവിടെയാണ്.. " മാഷ് ഏറ്റവും അറ്റത്തുള്ള ഒരു ക്ലാസ്സ്‌മുറിയിലേക്ക് വിരൽ ചൂണ്ടി. ഞാൻ അമ്പരപ്പോടെ അങ്ങോട്ട്‌ നടന്നു. സൂര്യേട്ടൻ പത്താം ക്ലാസ്സിന്റെ ക്ലാസ്സ്‌ മുറിയിൽ എന്താണ് ചെയ്യുന്നത്. അതിനു അടുത്തെത്താറായപ്പോഴേ ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം എന്റെ ചെവികളിലേക്ക് ഒഴുകിയെത്തി. "I wandered lonely as a cloud That floats on high o’er vales and hills, When all at once I saw a crowd, A host, of golden daffodils; Beside the lake, beneath the trees, Fluttering and dancing in the breeze …" വില്യം വേർഡ്സ്‌വേത്തിന്റെ ഡാഫോഡിൽസ് എന്ന കവിത പഠിപ്പിക്കുകയാണ് എന്റെ ഭാവി കെട്ടിയോൻ. അതിന്റെ അർത്ഥമൊക്കെ നല്ല വൃത്തിയായി പിള്ളേർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.ഇയാൾക്ക് ഇതൊക്കെ എങ്ങനെ അറിയാം? പേരിനു പോലും ഒരു ബുക്ക്‌ വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ഞാൻ പതിയെ ആ മുറിയുടെ ജനലിനടുത്തേക്ക് നീങ്ങി നിന്നു.ഒരു കയ്യിൽ ടെക്സ്റ്റ്‌ ബുക്കും മട്ടെ കയ്യിൽ ചോക്കിന്റെ കഷ്ണവുമായി ഡെസ്കിന്റെ അറ്റത്തു കയറി ഇരുന്നാണ് പഠിപ്പിക്കുന്നത്. പിള്ളേരൊക്കെ നല്ല ശ്രദ്ധിച്ചിരിപ്പുണ്ട്. പിള്ളേരെ പഠിപ്പിക്കുന്നതിൽ മുഴുകി നിൽക്കുന്ന സൂര്യേട്ടൻ ഞാൻ വന്നതൊന്നും അറിഞ്ഞതെ ഇല്ല.ഏട്ടനെ അങ്ങനെ നോക്കി കൊണ്ട് നിന്നപ്പോൾ വല്ലാത്ത അഭിമാനം തോന്നി എനിക്ക്. ബെൽ അടിച്ചു ക്ലാസ്സ്‌ വിട്ടു ഇറങ്ങി വന്നപ്പോഴാണ് ഏട്ടൻ എന്നെ കാണുന്നത്.എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു. " നീ എപ്പോൾ വന്നു? " " കുറച്ചു നേരമായി.. ഡാഫോഡിൽസ്? വേർഡ്സ്‌വേർത്... സൂര്യേട്ടൻ ശരിക്കും എന്താ പഠിച്ചത്? " " എം എ ഇംഗ്ലീഷ് " ഞാൻ ഒരു നിമിഷം അന്തം വിട്ടു അങ്ങേരെ തന്നെ നോക്കി നിന്നു പോയി. " ശരിക്കും? " " ശരിക്കും.. " എന്റെ അമ്പരപ്പ് കണ്ടു ചിരിച്ചു കൊണ്ട് സൂര്യേട്ടൻ എന്റെ കൈ പിടിച്ചു. " ബി എഡ് ഉണ്ടോ? " ഏട്ടൻ പിള്ളേരെ പഠിപ്പിക്കുന്നത് ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു. " ഇല്ല.. അതും കൂടി എടുത്തിട്ട് ഇവിടെ കുട്ടികളെ പഠിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.

പക്ഷെ അതിനിടക്കേപ്പോഴോ കൃഷിയൊക്കെ തലയിൽ കയറി. പിന്നെ ബി എഡ് എടുത്തില്ല. എന്നാലും ഇടയ്ക്കു ചില ടീച്ചർമാർ ഒക്കെ ഇല്ലാതെ വരുമ്പോൾ ഇവിടെ വന്നു പഠിപ്പിക്കാറുണ്ട്. പണ്ട് കുട്ടികൾക്ക് ട്യൂഷനും എടുക്കുമായിരുന്നു. " അതൊക്കെ കേട്ടപ്പോൾ നേരത്തെ തോന്നിയ അഭിമാനം ഒന്നുടെ കൂടി. ഞങ്ങൾ കൈ കോർത്തു പിടിച്ചു തന്നെ ജീപ്പിനടുത്തേക്ക് നടന്നു. ഇടയ്ക്കു കണ്ട ടീച്ചേഴ്സിനോക്കെ ഏട്ടൻ എന്നെ പരിചയപ്പെടുത്തി. അവരിൽ ചിലരുടെയൊക്കെ മുഖത്ത് ചെറിയൊരു കുശുമ്പ് ഇല്ലേയെന്നു എനിക്ക് സംശയം തോന്നാതെ ഇരുന്നില്ല. " എങ്ങോട്ടാണെന്ന് ഇനിയെങ്കിലും ഒന്ന് പറയുമോ? " ജീപ്പിനടുത്തു എത്തിയപ്പോൾ ഏട്ടൻ എന്നോട് ചോദിച്ചു.. " ഇല്ലല്ലോ.. ഷേക്സ്പിയർ വണ്ടി എടുത്തോ.. വഴിയൊക്കെ ഞാൻ പറഞ്ഞു തരാം.. " കോ ഡ്രൈവർ സീറ്റിലേക്ക് കയറിക്കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ എന്നെ കൂർപ്പിച്ചു ഒരു നോട്ടം നോക്കി ഏട്ടൻ ഡ്രൈവിംഗ് സീറ്റിലേക്കും കയറി.......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story